2013 ഒക്‌ടോബർ 30, ബുധനാഴ്‌ച


By:Sreeraj Chandran......

സൂര്യകാന്തിപ്പൂവിനു സൂര്യനോടുള്ള പ്രണയം നമുക്കു അറിവുള്ളതാണല്ലോ... ഒരുപാട് വലിയ കലാകാരന്മാര്‍ അവളുടെ പ്രണയത്തെ പറ്റി കവിതകളും, കഥകളും ഒക്കെ എഴുതിയിട്ടുണ്ട്. എന്നാലും ഇന്നും എഴുതുവാന്‍ ഒരുപാട് ഉള്ള ഒരു സങ്കല്പ്പമാണത്. ആ സങ്കല്‍പ്പത്തെ മുന്‍ നിര്‍ത്തി ഞാനും ഇവിടെ എഴുതുകയാണ് ഒരു കവിത.

ദിനവും സൂര്യനെ സ്നേഹിച്ചു തളര്‍ന്നു വീഴുന്ന സൂര്യകാന്തിയോട് ഇഷ്ടം തോന്നിയ വരുണന്‍(( ((അവളോടു ചോദിക്കുകയാണ് ആദ്യഭാഗം....അതിനു സൂര്യകാന്തിയുടെ മറുപടി രണ്ടാം ഭാഗം. ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടം അറിയിക്കുമല്ലോ?


കാലത്തിന്‍ കയ്പ്പുള്ള കദനപ്പടിക്കെട്ടില്‍
എകയായിരുന്നു നീ
മൂകമായ് തേടുന്നതാരെയാണ്?
നിന്‍ മിഴിനീരിനെ കൈവിരല്‍ തുമ്പിനാല്‍
ഒപ്പിയെടുക്കാതെ......
എങ്ങോ മറഞ്ഞ നിന്‍ സൂര്യനെയോ?

പ്രിയമോടെ പ്രണയിച്ചു നീ നില്‍ക്കുമ്പോഴും
നിന്‍ ഇടനെഞ്ചിന്‍ താളം തകരുമ്പോഴും
ഒരു മാത്രപോലും നിന്നരികത്തിരിക്കാതെ
അലയുന്നതെന്താണീ ആദിത്യനിപ്പോഴും.

പുലരുമ്പോള്‍ നീയെത്ര സുന്ദരിയാണെന്നോ?
അതികാലസൂര്യന്‍റെ തേജസ്സ്വിനാലാണോ?
അറിയുന്നുവോ, നിന്നെ ആരോ ഒരാള്‍ കണ്ടു
കൊതിതീരാതെപ്പോഴോ കണ്ണുവച്ചിട്ടുണ്ടാകും

വാടിതളരാനായ് എന്തിനീ പ്രണയം
എന്നാല്‍ വാടിതളരാതെ പ്രണയങ്ങളുമില്ല
ദാഹിച്ചു വീണാലും നീയെന്തേയിങ്ങനെ?
സ്നേഹിച്ചു ഞാനൊന്നു പൊഴിയട്ടെ നിന്നില്‍?

അവള്‍..,.....

കാലങ്ങള്‍ എന്‍ മുന്നില്‍ കാലിടറി വീഴട്ടെ!
കാതരയായ് ഞാനീ ജന്മം തുലച്ചാലും
സ്നേഹിക്കാനായെന്‍റെ നയനങ്ങളെപ്പോഴോ
തേടുന്നതെങ്കില്‍ അതൊരാളെ മാത്രം

ഞാനെന്‍റെ നെഞ്ചിന്‍റെ താളത്തിനിടയില്‍
ആരാരും കാണാതൊളിപ്പിച്ച ചൂടാണ്
ആ ചൂടേറ്റു വാടിക്കരിഞ്ഞു ഞാന്‍ വീണോട്ടെ
എന്നാലും സ്നേഹിക്കയാണെങ്കിലവനെ മാത്രം

ഒന്നു നീയറികയെന്‍ തളരുന്ന നെഞ്ചിലും
ഉണര്‍വേകും ദീപമാണവനുടെ മുഖമിപ്പോഴും
പലകോടി യുഗങ്ങളും തപം ചെയ്തു നേടി ഞാന്‍
കാത്തോളാം ഓരോരോ ജന്മവും ഈ പ്രണയം.....
അവനായി മാത്രമീ സൂര്യകാന്തി........

Sree......Varkala
Posted on 10th May, 2013


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ