നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 39
കന്യക അതിരാവിലെ കുളിച്ചൊരുങ്ങി. മുറ്റത്ത് അവള്‍ നട്ട് വളര്‍ത്തിയ ചെടികളില്‍ നിന്നു പുഷ്പങ്ങളും അടര്‍ത്തെടുത്തുകൊണ്ട് അവള്‍ കക്കിചേരിയിലെ ദേവീക്ഷേത്രത്തിലേയ്ക്ക് നടന്നു. പ്രഭാതത്തിലെ തണുത്ത കാറ്റ് അവളുടെ നനഞ്ഞൊട്ടിയ മുതുകും ഈര്‍പ്പം നിറഞ്ഞ മാറിടവും കുളിരണിയിച്ചുകൊണ്ട് കടന്നുപോയി. ദേവീമന്ത്രങ്ങള്‍ മാത്രം ഉരുവിട്ടുകൊണ്ട് അവള്‍ ക്ഷേത്രാങ്കണത്തില്‍ കടന്നുചെന്നു. ചുവന്ന പട്ടില്‍ ജ്വലിച്ചുനിന്നിരുന്ന ദേവിയും വെളുത്ത വസ്ത്രത്തില്‍ ഐശ്വര്യത്തോടെ നിന്ന കന്യകയും ആ പ്രഭാതത്തില്‍ നന്മയുടെ നിറച്ചാര്‍ത്തുപോലെ അവിടം നിറഞ്ഞുനിന്നു. ക്ഷേത്രത്തിലെ പൂത്തട്ടത്തില്‍ നിന്നുമെടുത്ത ഒരു തുണ്ട് തുളസിക്കതിര്‍ അവള്‍ നനഞ്ഞ മുടിയിഴകളില്‍ തിരുകിവച്ചു. കൈയിലേയ്ക്കെറിഞ്ഞുകിട്ടിയ ഒരിറ്റ് ചന്ദനം അവള്‍ നെറ്റിയില്‍ തൊട്ടു. കണ്ണുകളടച്ച് ദേവിയെ സ്മരിച്ചുകൊണ്ട് കുറച്ചുനേരം അങ്ങിനെ നിന്നിട്ടവള്‍ തിരികെ നടന്നു. ക്ഷേത്രത്തിന് താഴെ പടികളിറങ്ങി വന്ന അവളെ കാത്ത് ആ പുലര്‍ച്ചെ തന്നെ ശരത് നില്‍ക്കുന്നുണ്ടായിരുന്നു. അവനെക്കണ്ട കന്യകയുടെ കണ്ണുകള്‍ ഒന്ന് വിടര്‍ന്നു. ഒരു ചെറുപുഞ്ചിരിയോടെ അവള്‍ അവനടുത്തേയ്ക്ക് ചെന്നു.
അവളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്ന ശരത്, അതുവരെ ചാരി നിന്നിരുന്ന വണ്ടിയെ വിട്ടു തെല്ല് മുന്നോട്ടുവന്നു. മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.
"ഇനിയെത്ര ദിവസമുണ്ട് ഈ വൃതത്തിന്.....????
"തീവെട്ടി തുള്ളുന്ന ദിവസം വരെ....!!! അവള്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
"കയറിക്കോളൂ കന്യൂട്ടി. നിന്നെ ഞാന്‍ കൊണ്ട് വിടാം..." ശരത് പറഞ്ഞു.
"വേണ്ടാ.....!!! അതൊന്നും ഇപ്പോള്‍ വേണ്ട ശരത്തേട്ടാ.....!! ഇനിയും സമയമുണ്ടല്ലോ...അതിനെല്ലാം..!!!
കന്യകയുടെ വാക്കുകള്‍ കേട്ട ശരത് തെല്ലു ഇളിഭ്യനായി. എങ്കിലും അത് മറച്ചുവച്ചുകൊണ്ട് അവന്‍ പറഞ്ഞു.
"സാരമില്ല കന്യൂട്ടി. നിന്‍റെ ഈ ചടുലത..!! അതാണ് എനിയ്ക്കിഷ്ടായത്. പിന്നെ....പിന്നെ...!! അവന്‍ അങ്ങിനെ പറഞ്ഞു നിര്‍ത്തി.
"പിന്നെ...!!! എന്ത് പിന്നെ...!! കന്യകയുടെ പുരികങ്ങള്‍ ചുളിഞ്ഞു.
അത് മനസ്സിലാക്കി തന്നെ ശരത് പറഞ്ഞു. "കന്യേ... ഏറെ താമസിയാതെ നീ എന്‍റെ സ്വന്തമാകും. നിന്നെ പിരിയാന്‍ എനിയ്ക്കിനി കഴിയില്ല. അപ്പോള്‍ പിന്നെ നിന്നെ എല്ലാ ആപത്തില്‍ നിന്നും രക്ഷിയ്ക്കുക എന്നത് ഇനി എന്‍റെ ആവശ്യമാണ്. മനസ്സിലുള്ളതെല്ലാം നിനക്ക് എന്നോട് തുറന്നുപറയാം. എല്ലാം. എന്ത് തന്നെയായാലും അവിടെ എനിയ്ക്ക് ഇനി നിയമം ഒന്നും നോക്കാനും കഴിയില്ല.. ഇന്ന് ഞാന്‍ സ്വപ്നം കാണുന്നതും നീ എനിയ്ക്ക് സ്വന്തമാകുന്ന ആ ദിവസമാണ്. അപ്പോള്‍ എന്‍റെ കന്യ ഒരു കളങ്കവും ഇല്ലാതെ എന്‍റെ മുന്നില്‍ നില്‍ക്കുന്നത് കാണാനാണ് എനിക്കിഷ്ടം..!!
ശരത്തിന്‍റെ മധുരമായ വാക്കുകള്‍ കന്യകയുടെ നെഞ്ചിലേയ്ക്ക് തുളഞ്ഞിറങ്ങിയില്ല. പകരം അവളുടെ ഉള്‍ക്കണ്ണുകള്‍ എവിടെയോ അപകടം കണ്ടു. നിമിഷനേരം കൊണ്ട് അവള്‍ ഒന്നുറപ്പിച്ചു ഇവന്‍റെയുള്ളില്‍ എന്നോട് സ്നേഹമല്ല. മറിച്ച് എന്‍റെ ഉള്ളറിയുവാനുള്ള സമര്‍ത്ഥമായ പുറപ്പാടാണ്. ഇവനെ നേരിടുക തന്നെ അതേ നാണയത്തില്‍. അതോടെ അവള്‍ കൂടുതല്‍ ഉത്സാഹവതിയായി.
"ശരത് സാറിന് എന്താ അറിയേണ്ടത്...?? അതിനിത്രേം വളച്ചുകെട്ടേണ്ട ആവശ്യമുണ്ടോ..?? എന്നിട്ടവള്‍ തെല്ല് ഈര്‍ഷ്യയോടെ തന്നെ പറഞ്ഞു. "എന്നെ എനിയ്ക്കറിയാം... മറ്റൊരാള്‍ക്ക് മുന്നില്‍ ഞാന്‍ ആരെന്ന് സമരത്ഥിക്കേണ്ട ആവശ്യവും എനിയ്ക്കിന്നില്ല. അതുമല്ല ഇന്ന് ഞാന്‍ അതിനുള്ളൊരു അവസ്ഥയിലുമല്ല. പിന്നെ ഇങ്ങനെയൊരു ആവശ്യത്തിന് വേണ്ടി ആ അമ്മയെക്കൂടി ഇതിലേയ്ക്ക് വലിച്ചിഴയ്ക്കണമായിരുന്നോ..?? ഒരുപക്ഷെ, നിങ്ങളുടെ അതിബുദ്ധി തന്നെയാകും അവര്‍ക്കും....!!!
ഒന്ന് നിര്‍ത്തി അവള്‍ വീണ്ടും പറഞ്ഞു.
"എന്നെ ഈ കൊലപാതകത്തിലേയ്ക്ക് വലിച്ചിഴയ്ക്കണം എന്ന് നിങ്ങള്‍ക്കെന്താ ഇത്ര ആവേശം. ഞാനാണ് ഈ കൊല ചെയ്തതെന്ന് വരുത്തിതീര്‍ക്കാന്‍ നിങ്ങള്‍ക്കെന്തോ തിടുക്കം പോലെ...!!! ഒന്നോര്‍ത്തോളൂ... ഈ കൊല ചെയ്തവന്‍ ഇപ്പോള്‍ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും. നിങ്ങളെപ്പോലെ ഒരാളാണല്ലോ ഇത് അന്വേഷിക്കുന്നത് എന്നോര്‍ത്ത് അയാളിപ്പോള്‍ ആര്‍ത്തുചിരിയ്ക്കുന്നുണ്ടാവും...."
എന്നിട്ടവള്‍ അയാള്‍ക്ക് നേരെ കൈകൂപ്പി നിന്നു കൊണ്ട് പറഞ്ഞു.
"ദയവുചെയ്ത് ഞങ്ങളെ വെറുതെവിടണേ...!!! ഒരു പാവം അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ട്യോളും ചേര്‍ന്ന സാധു കുടുംബാ എന്‍റെത്. ഇനിയും ആവശ്യമില്ലാത്തൊരു മാനസികപീഡനം നിങ്ങളില്‍ നിന്നും ഞങ്ങള്‍ക്കുണ്ടായാല്‍ അതിനൊരു വഴി ഞങ്ങള്‍ക്ക് തേടേണ്ടിവരും...!!!
കന്യയുടെ നാവില്‍ നിന്നും ഇത്രയും കേട്ടപ്പോഴേയ്ക്കും ശരത് ഒന്ന് ഞെട്ടി. ആ ഞെട്ടല്‍ മറച്ചുവച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"എന്‍റെ കന്യൂട്ടി നീ എന്തൊക്കെയാ ഈ പറയുന്നത്. ഞാന്‍ മനസ്സുകൊണ്ട് അറിയാത്തത് പോലും നീയിങ്ങനെ വിളിച്ചുപറഞ്ഞാല്‍..!!!
അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ അവള്‍ തിരിച്ചുനടന്നു. ശരത് തന്‍റെ മഠയത്തരം ഓര്‍ത്ത് ലജ്ജിച്ചുനിന്നുപോയി. അവള്‍ കണ്ണുകളില്‍ നിന്ന് മറയുന്നത് വരെ അങ്ങിനെ തന്നെ നോക്കി നില്‍ക്കാനേ അവന് കഴിഞ്ഞതും ഉള്ളൂ.
*************
കന്യക അല്‍പ്പം കോപത്തോടെ തന്നെ ദേവനന്ദനത്തിന്‍റെ അകത്തേയ്ക്ക് കയറി. കൈയിലിരുന്ന പ്രസാദം അവള്‍ തീന്‍മേശയിലേയ്ക്ക് ഇട്ടു. അടുക്കളയില്‍ നിന്ന നന്ദന ഇത് കണ്ടു. അവള്‍ക്കു വല്ലാതെ അരിശം തോന്നി. ഹാളിലേയ്ക്ക് ദേഷ്യത്തോടെ വന്ന അവള്‍ ചോദിച്ചു.
"നീ എന്ത് വേണ്ടാതീനമാ ഈ കാണിയ്ക്കുന്നേ..?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല. ഇങ്ങനാണോ വൃതം പിടിയ്ക്കുന്നതും ഈ സമയത്ത് പ്രവര്‍ത്തിയ്ക്കുന്നതും. കണ്ടതും കടിയതും വച്ച് വിളമ്പുന്ന ഈ മേശപ്പുറത്താണോ കന്യകേ ഈ പ്രസാദം നീ വലിച്ചെറിയെണ്ടത്..??? വിശ്വാസമില്ലെങ്കില്‍ ഇതിനൊന്നിനും പോകരുത്. വെറുതെ ശാപം വലിച്ചുവയ്ക്കണോ...???
"അമ്മ... ഒന്ന് മിണ്ടാതിരിയ്ക്കുന്നുണ്ടോ...!!! എനിയ്ക്കാകെ ഭ്രാന്ത് പിടിയ്ക്കുവാ. അല്ല എല്ലാരും കൂടി എന്നെ അങ്ങിനെ ആക്കുവാ..."
നന്ദനയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ക്കു അത്ഭുതവും തോന്നി. കാരണം അവളിങ്ങനെ ക്ഷോഭിക്കാന്‍ തക്കതായ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. പോകുമ്പോഴും അവള്‍ ഉത്സാഹവതിയായിരുന്നു. അപ്പോള്‍ പിന്നെ പോയ ഇടത്തില്‍ എന്തോ സംഭവിച്ചിരിക്കും. പെട്ടെന്ന് തന്നെ നന്ദന ചോദിച്ചു.
"എന്താടീ... ക്ഷേത്രത്തില്‍ വച്ച് എന്താ ഉണ്ടായെ...???
പിന്നെ അവള്‍ ഒന്നും അമ്മയോട് മറച്ചുവച്ചില്ല. കന്യകയുടെ വാക്കുകള്‍ കേട്ട നന്ദനയ്ക്കും ശരത്തിന്‍റെ പ്രവൃത്തി നന്നായി തോന്നിയില്ല. അവള്‍ നേരെ അടുക്കളയുടെ വാതില്‍ക്കലേയ്ക്ക് ചെന്നു. പുറത്തെ തോട്ടത്തില്‍ ചന്തയിലേയ്ക്കുള്ള പച്ചക്കറികള്‍ ശേഖരിയ്ക്കുകയായിരുന്ന ദേവനെ നോക്കി അവള്‍ വിളിച്ചു.
"ദേവേട്ടാ.... ദേ.. ഒന്നിങ്ങ് വന്നേ...!!!
നന്ദനയുടെ പതിവില്ലാത്ത ആ വിളിയില്‍ എന്തോ പന്തികേടു തോന്നിയ അയാള്‍ അപ്പോള്‍ തന്നെ തോട്ടം വിട്ട് അവളുടെ അടുത്തേയ്ക്ക് വന്നു. നന്ദനയില്‍ നിന്നും കാര്യങ്ങള്‍ കേട്ട ദേവന്‍ ഒട്ടും സമയം കളയാതെ രാജശേഖറിനെ വിളിച്ചു. പ്രഭാതഭക്ഷണത്തിന് മുന്നിലിരുന്ന അയാള്‍ ദേവന്‍റെ വാക്കുകള്‍ കേട്ടു വല്ലാതെ വലിഞ്ഞുമുറുകി. അപ്പോള്‍ തന്നെ ഭക്ഷണം നിര്‍ത്തി കൈകഴുകിവന്ന അയാള്‍ ആരെയോ ഫോണില്‍ വിളിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എവിടെനിന്നോ ഒരു വിളി ശരത്തിന്‍റെ ഫോണിലേയ്ക്ക് വന്നു. ആ വിളിയ്ക്കൊപ്പം സല്യൂട്ടടിച്ച ശരത് ഭവ്യതയോടെ നിന്നു. പിന്നെ പിന്നെ അയാളുടെ മുഖം വിളറാന്‍ തുടങ്ങി. ഒടുവില്‍ ഫോണ്‍ അടുത്ത്കണ്ട തീന്‍ മേശയില്‍ വച്ച് അയാള്‍ അതിനു മുകളില്‍ ഇരുന്ന ജഗ്ഗ് എടുത്ത് അല്പം വെള്ളം കുടിച്ചു. അപ്പോള്‍ അവിടേയ്ക്ക് വന്ന ശരത്തിന്‍റെ അമ്മ അവന്‍റെ മുഖഭാവം കണ്ടു ചോദിച്ചു.
"എന്താടാ... ന്തേ നീയിങ്ങനെ നിന്നു വിയര്‍ക്കുന്നത്..???
"അല്ലമ്മേ... ആ പെണ്ണ്...!!! അവന്‍ വിക്കിവിക്കി പറഞ്ഞു.
"ഏത് പെണ്ണ്...??? അവര്‍ ചോദിച്ചു.
"ആ കന്യക.....!!!
"ഞാനപ്പോഴേ പറഞ്ഞതല്ലേ.. നിന്‍റെ ഈ വക അഭ്യാസോം കൊണ്ട് അതിന്‍റെ അടുത്ത് ചെല്ലേണ്ട എന്ന്. ഇനി ഞാനെങ്ങിനെ എവിടേലും വച്ച് കണ്ടാല്‍ പോലും അവരുടെ മുഖത്ത് നോക്കും. അവന്‍റെ ഒരു പോലീസ് ബുദ്ധി. അല്ലേലും പണ്ടേ നിനക്കിങ്ങനെ തന്നാ. ഒന്നങ്ങട് മനസ്സില്‍ ചിന്തിക്കും. അതങ്ങട് ഉറപ്പിക്കും. ടാ... ആ കുട്ടി തന്നെ ഇത് ചെയ്തോന്ന് നിനക്കിത്ര ഉറപ്പെന്നാ. ഒന്ന് ചിന്തിച്ചൂടെ നിനക്ക്. സാമാന്യത്തിലും അധികം ആരോഗ്യമുള്ള അവനെ ആ നരുന്ത് പെണ്ണ് കൊന്നെന്ന് നീ മാത്രമേ ഈ ലോകത്ത് വിശ്വസിക്കൂ..."
ഇങ്ങനെ പറഞ്ഞുകൊണ്ട് വളരെയധികം ദേഷ്യപ്പെട്ട് കൊണ്ട് അവര്‍ അകത്തേയ്ക്ക് പോയി. ശരത് കുറച്ചു നേരം അങ്ങിനെ ഇളിഭ്യനായി ഇരുന്നു. പിന്നെ അവന്‍ ജോലിയ്ക്ക് പോകാന്‍ ഒരുങ്ങി വന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ്, പോലീസ് സ്റ്റേഷനില്‍ അവന്‍ എത്തുമ്പോള്‍ രണ്ടുപേര്‍ അവനെ കാത്ത് സ്റ്റേഷനില്‍ ഇരിപ്പുണ്ടായിരുന്നു. രാജശേഖറും കക്കിചേരിയിലെ ഒരു പോലീസ്കാരനും. ശരത് തന്നെ കാത്തിരിക്കുന്ന അവരെ തെല്ല് അമ്പരപ്പോടെയാണ് വീക്ഷിച്ചത്. ആ അമ്പരപ്പ് പുറത്ത് കാട്ടാതെ തന്നെ അയാള്‍ ചോദിച്ചു.
"എന്താ സാര്‍ അതിരാവിലെ തന്നെ ഇവിടെ...???
"നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ട് മിസ്റ്റര്‍. ശരത്.." പറഞ്ഞുകൊണ്ട് രാജശേഖര്‍ തന്‍റെ കൈയിലിരുന്ന പേപ്പര്‍ അവന് നേരെ വച്ച് നീട്ടി. ശരത് കുറുകിയ കണ്ണുകളോടെ അത് കൈയില്‍ വാങ്ങി. അതിലൂടെ മിഴികള്‍ പായിച്ച അയാള്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. ഇടതുകൈ തന്‍റെ നെറ്റിയില്‍ തടവിക്കൊണ്ട് അയാള്‍ തന്‍റെ സീറ്റിലേയ്ക്കിരുന്നു. അവനെ നോക്കിക്കൊണ്ട് രാജശേഖര്‍ മുന്നിലെ സീറ്റിലും...
ശരത്തിന്‍റെ വിളറിയ മുഖത്തേയ്ക്കു നോക്കി രാജശേഖര്‍ വീണ്ടും ചോദിച്ചു.
"ഹും... എന്ത് വേണം ഞാന്‍..?? കക്കിചേരിയിലെ ഏറ്റവും മാന്യമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെയാ താന്‍ വഴിയില്‍ തടഞ്ഞ് അപമര്യാദയായി പെരുമാറിയത്. അതും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ. നിങ്ങള്‍ക്കെതിരെ ഞാന്‍ നടപടി എടുത്തില്ലെങ്കില്‍ കക്കിചേരിയിലെ ജനങ്ങള്‍ തന്നെ അത് ഏറ്റെടുക്കും. എന്ത് വേണം എന്ന് ആലോചിച്ച് നിങ്ങള്‍ തന്നെ പറയുക. കാരണം എന്നെപ്പോലെ നിങ്ങളും ഒരു പോലീസുകാരനാണ്..."
രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട ശരത് ഒരു വിറയലോടെ തന്‍റെ മുടികള്‍ തെരുപിടിച്ചു. പിന്നെ ഒന്ന് ചിന്തിച്ചുകൊണ്ട് ആ പരാതിയുടെ താഴെ അയാള്‍ തന്‍റെ വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് എഴുതാന്‍ തുടങ്ങി.
"പൊറുക്കണം.... ഒരിക്കലും ഞാനിനി ഈ പരാതിക്കാരിയെ ശല്യപ്പെടുത്തില്ല..."
പിന്നെ ആരെയും നോക്കാതെ ഇരുകൈകളും നെറ്റിയില്‍ താങ്ങി ഇരിപ്പിടത്തില്‍ തന്നെ ചലനമറ്റിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ