നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 40
രാജശേഖര്‍ സ്റ്റേഷന്‍ വിട്ട് പുറത്തേയ്ക്കിറങ്ങി. ശരത്തിന് താന്‍ വല്ലാതെ കൊച്ചാകുന്നത് പോലെ തോന്നി. അയാള്‍ ചിന്തിച്ചു. ഈ വിഷമത്തില്‍ നിന്നും ഒന്ന് കരകയറാന്‍ കുറച്ചുനാള്‍ അവധി എടുത്താലോ എന്ന്. ചിന്തകള്‍ക്കൊടുവില്‍ ശരത് അങ്ങിനെ തന്നെ തീര്‍ച്ചപ്പെടുത്തി. ഒടുവില്‍ അയാള്‍ പതിനഞ്ച് നാള്‍ അവധിയിലേയ്ക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.
ദിവസങ്ങള്‍ മെല്ലെ മെല്ലെ കടന്നു പോയി. പനീറിന്‍റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും തന്നെ ഒന്നും പറയാറില്ല. പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും ശരത് അവധിയില്‍ പ്രവേശിച്ചതോടെ ആരും അതിനു വേണ്ടി ഉത്സാഹം കൊണ്ടതും ഇല്ല. കാരണം, ഒരു കൊലപാതകം അന്വേഷിച്ച് കണ്ടെത്തണം എന്നതില്‍ ഉപരി ആരും പനീറിന് വേണ്ടി ഒരു പരാതി പോലും നല്‍കിയിരുന്നില്ല.
പനീറിന്‍റെ മരണം നല്‍കിയ നടുക്കം വിട്ടുമാറിയിരുന്നില്ല എങ്കിലും, തന്നെയാരും സംശയിക്കുന്നില്ലല്ലോ എന്ന തിരിച്ചറിവ് സേനന്‍റെ മനസ്സിലേയ്ക്ക് വീണ്ടും കേരളത്തിലേയ്ക്ക് തന്നെ വണ്ടി കയറുവാനൊരു പൂതി വന്നു നിറച്ചു. അല്ലെങ്കില്‍ തന്നെ അവനില്‍ എപ്പോഴോ അരുതാത്ത ചില വികാരങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയിരുന്നു. രണ്ടു പുരുഷന്മാരാല്‍ ഭോഗിക്കപ്പെട്ട്, ഇനിയൊരു ശ്രേഷ്ഠമായ ജീവിതലക്ഷ്യമില്ലാതെ ജീവിക്കുന്ന പാറു അവന്‍റെ മനസ്സില്‍ ഒരു വികാരമായി വീണ്ടും പിറവിയെടുത്തു. ഇനി അവളെ തന്‍റെ ലക്ഷ്യത്തിലേയ്ക്ക് കൊണ്ടുവരുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമായി അവന്‍റെ മനസ്സില്‍ തോന്നി. കാരണം ഇതുവരെ നടന്നതെല്ലാം ലോകമറിയാതെയിരിക്കാന്‍ അവള്‍ ഇനിയും തന്‍റെ ആഗ്രഹങ്ങള്‍ക്ക് വശംവദയാകും എന്നവന്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു.
**************
അങ്ങിനെ, കന്യകയുടെ വൃതം ഏഴ് നാള്‍ പിന്നിട്ടു. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കക്കിചേരിയിലെ ഓരോരോ നിരത്തുകളും വര്‍ണ്ണാലംകൃതമാകാന്‍ തുടങ്ങി. പടര്‍ന്നുപന്തലിച്ച ഓരോ വൃക്ഷത്തലപ്പുകളിലും പല നിറങ്ങളിലുള്ള വൈദ്യുതവിളക്കുകള്‍ മിന്നിത്തെളിഞ്ഞു. ഇനി ദേവിയുടെ മുന്നില്‍ സര്‍വവും അര്‍പ്പിച്ച് കന്യകമാര്‍ തുള്ളുന്നതിനു വെറും അഞ്ചു ദിവസം കൂടി ബാക്കി. കഠിനമായ വൃതം നോറ്റിരുന്ന കന്യകയുടെ പ്രാര്‍ത്ഥനകള്‍ കാറ്റിലലിഞ്ഞു. അവ തളരാതെ, ദേശങ്ങള്‍ താണ്ടി ദൂത് പറഞ്ഞു. സേനന്‍റെ കാതുകളിലും അവയെത്തി മൂളിമറഞ്ഞു. അവന്‍റെ മനസ്സിലും വല്ലാത്തൊരു അസ്വസ്ഥത തളം കെട്ടി. എന്തുംവരട്ടെ. അവന്‍ തീരുമാനിച്ചു. അങ്ങിനെ ഒടുവില്‍ സേനന്‍ കക്കിചേരിയിലേയ്ക്ക് വണ്ടി കയറി.
****************
എട്ടാം നാള്‍ രാത്രി കന്യക പാറുവിന്‍റെ അരുകിലേയ്ക്ക് ചേര്‍ന്ന് കിടന്നു. ചേച്ചിയുടെ മെയ്യില്‍ കൈ ചേര്‍ത്ത് പിടിച്ച് കന്യക അവളോട് പറഞ്ഞു.
"പാറൂച്ചി.... !!!
"ഉം..." കന്യകയുടെ വിളി കേട്ട അവള്‍ മൂളി.
"പാറൂച്ചി... ഇത്രയും നാള്‍ ഒരു ലക്ഷ്യവും മുന്നിലില്ലാതെ, ഒന്ന് പോലും മനസ്സില്‍ തെളിയാതെ നമ്മള്‍ രണ്ടാളും ജീവിച്ചു. എവിടെയൊക്കൊയോ രണ്ടാള്‍ക്കും പിഴച്ചു. അര്‍ത്ഥമില്ലാതെ എന്തൊക്കൊയോ നാം രണ്ടുപേരും ചെയ്തുകൂട്ടി. എങ്ങിനെയൊക്കെയോ ജീവിച്ചു. പക്ഷെ, ഇനി...ഇനി എന്‍റെ മുന്നിലൊരു ലക്ഷ്യമുണ്ട് ചേച്ചി..."
കന്യകയുടെ വാക്കുകള്‍ കേട്ട പാറു അവളുടെ നേരെ തിരിഞ്ഞുകിടന്നു. അപ്പോള്‍ ആ മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, പാറു തൊട്ടരുകില്‍ തന്നെത്തന്നെ നോക്കിക്കിടക്കുന്ന കന്യകയെ കണ്ടു. അവളുടെ മിഴികള്‍ അത്ഭുതം കൂറി. അതിനു കാരണവും ഉണ്ട്. കന്യകയുടെ മുഖത്തിന് പറഞ്ഞറിയിക്കാന്‍ വയ്യാത്തൊരു സൗന്ദര്യം. പതിനേഴില്‍ ഇങ്ങനെ ഒരു അഴക് അവള്‍ക്കുണ്ടാകും എന്ന് പാറു ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഇനിയിവളെ മോഹിക്കാത്ത ഒരു ആണ് കക്കിചേരിയില്‍ ഉണ്ടാവില്ല്യ എന്ന് തന്നെ അവള്‍ക്കു തോന്നിപ്പോയി. അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ക്ക് എന്ത് കറുപ്പ്..!!! മുടിയിഴകളില്‍ ചിലത് അലസമായി നെറ്റിത്തടങ്ങളില്‍ തൊട്ടുകിടക്കുന്നു. കണ്പീലികള്‍ ചിലത് കരിമഷിയില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നത് അവളിലെ സൗന്ദര്യം എത്ര പെട്ടെന്നാണ് വര്‍ദ്ധിപ്പിച്ചത്. ഇനിയും അത് കൂടുകയേ ഉള്ളൂ. പാറു കണ്ണുകള്‍ അടയ്ക്കാതെ അനുജത്തിയെ തന്നെ നോക്കി കിടന്നു. തന്‍റെ സൗന്ദര്യത്തില്‍ സ്വയം മതിമറന്ന് തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് പോകുമ്പോള്‍ താന്‍ ഒരിക്കല്‍ പോലും ആരെക്കുറിച്ചും ചിന്തിച്ചില്ല. വരും വരായ്കകളെക്കുറിച്ച് ബോധവതിയും ആയിരുന്നില്ല. എന്നാല്‍ ഇവള്‍.... ഇവള്‍ അങ്ങിനെയല്ല.......!!! പാറു ഒരുനിമിഷം ചിന്തയില്‍ ആണ്ടുപോയി.
"ചേച്ചീ... പാറൂച്ചീ... എന്തായിങ്ങനെ സ്വയം മറന്നു കിടക്കണേ...???
കന്യകയുടെ ചോദ്യം അവളെ ഞെട്ടിയുണര്‍ത്തിച്ചു. അവള്‍ കന്യകയുടെ കണ്ണുകളില്‍ തന്നെ നോക്കിക്കിടന്നുവെങ്കിലും ഒന്നും ഉരിയാടിയില്ല. കക്കിചേരി മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. ദേവനന്ദനത്തില്‍ ഒരേ കിടക്കയില്‍ പാറുവും കന്യകയും പിന്നെയും പിന്നെയും എന്തൊക്കെയോ പറഞ്ഞു കിടന്നു. പതിയെപ്പതിയെ അലസമായ നിമിഷങ്ങളില്‍ ചിലതില്‍ കുടുങ്ങി ഇരുവരുടെയും മനസ്സ് തളര്‍ന്നു നിന്നു. ശാന്തമായ ആ രാവിനൊടുവില്‍, അവരും ഉറക്കത്തിലേയ്ക്ക് മെല്ലെവീണു.
**************
കക്കിചേരിയില്‍ വന്നിറങ്ങിയ സേനന്‍ വല്ലാത്ത സന്തോഷത്തിലായിരുന്നു. തനിയ്ക്ക് ചുറ്റും നിറഞ്ഞുകത്തുന്ന വിളക്കുകള്‍ അവനെ ലഹരി പിടിപ്പിച്ചു. കാരണം എത്ര ആണ്ടുകള്‍ ഈ മണ്ണില്‍, ഈ ദേവിയ്ക്കൊപ്പം, ഇതേ ഉത്സവനാളുകളില്‍ താനും കക്കിചേരിയിലെ ഈ ജനങ്ങളുടെ ഭാഗമായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ ഇന്നുവരെ ഈ നാളുകള്‍ തനിയ്ക്കന്യമായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അങ്ങിനെയായിരുന്നില്ല ഇങ്ങനെ ചില നാളുകളുടെ ചിന്തകള്‍ പോലും മനസ്സില്‍ നിന്നും പോയി മറഞ്ഞിരുന്നു. എന്നിട്ടും ആ ഓര്‍മകള്‍ തന്ന് ദേവി തന്നെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നതുപോലെ അവന് തോന്നി. ഈവിധം ചിന്തിച്ചുകൊണ്ട് അവന്‍ വിശാലമായ ആ അമ്പലമുറ്റത്ത് വന്നു നിന്നു. പിന്നെ തന്‍റെ കൈയിലിരുന്ന തോല്‍സഞ്ചി താഴെവച്ച് അവന്‍ അതിനരുകില്‍ ചേര്‍ന്നിരുന്നു.
നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ അവനു വല്ലാത്തൊരു അനുഭൂതി തോന്നി. പിന്നെ ഭൂതകാലഓര്‍മ്മകള്‍ വന്നു നിറയുമ്പോള്‍ അവനറിയാതെ തന്നെ പനീറും ഓര്‍മകളില്‍ വന്നു നിറഞ്ഞു. ഒപ്പം അവന്‍റെ ചില അളന്നുമുറിച്ച വാക്കുകളും.
"സേനാ... നാന്‍ എങ്ക പോയിരുന്താലും ഇന്ത നാളില് ഈയമ്മ മുമ്പ താന്‍ വരുവേം...!! ഉനക്ക് തെരിയുമാടാ ... ചിന്ന പൊണ്ണ്‍ങ്ങള് നമ്മുക്ക് മുന്നാലേ എല്ലാം മറന്ന് ആടുവേന്‍..!! അവര് അന്ത ഭക്തിയില് യാരെയും പാക്കമാട്ടെ. അന്ത തീ വെട്ടത്തില് അവങ്ങടെ നെഞ്ചമെല്ലാം അപ്പടിയേ നമ്മ മുന്നാലെ ആടുവേന്‍...!! ഹോ!!അത് അപ്പടിയേ പാത്തിട്ടിരിക്കാന്‍ എന്നാ സുകം....എന്നാലെ നെനച്ച് കൂട പാക്കമുടിയാത്...."
സേനന്‍ ആലോചിച്ചപ്പോള്‍ അത് ശരിയാണ്. താനും ആരും കാണാതെ ഇത്രയുംകാലം അതൊക്കെതന്നെയല്ലേ കണ്ടിരുന്നത്. പക്ഷെ, അന്നൊന്നും തോന്നാത്ത ഒരു വികാരം ഇന്ന് തന്‍റെ മനസ്സാകെ കീഴടക്കുന്നുവെന്ന് അവനു തോന്നി. അതിന് കാരണം പാറുവെന്ന ആ സുന്ദരി തന്നെയാണ്. ഒരു പെണ്ണിന്‍റെ ഉള്‍ചൂട് എന്ന് താന്‍ അറിഞ്ഞുവോ, ഇനി അതില്ലാതെ ജീവിയ്ക്കാന്‍ പറ്റില്ലെന്നും അവനു തോന്നി. അപ്പോഴും പനീറിന്‍റെ വാക്കുകള്‍ തന്നെ അവന്‍ മനസ്സിലോര്‍ത്തു. പാറുവിനെ തങ്ങളുടെ ഇംഗിതത്തിന് അടിമയാക്കി അനുഭവിച്ച ആ ദിനം, അവള്‍ അവിടെ നിന്നും തകര്‍ന്ന മനസ്സോടെ നടന്നകലുമ്പോള്‍, നിറഞ്ഞ മദ്യക്കുപ്പികള്‍ക്ക് മുന്നില്‍ സ്വയം ജ്വലിച്ചു നിന്ന് പനീര്‍ പറഞ്ഞ ആ വാക്കുകള്‍, അവര്‍ ഇരുവരും സംസാരിച്ചതൊക്കെയും, ആ നിറഞ്ഞു കത്തുന്ന വെളിച്ചത്തില്‍ ഒരു മാറ്റൊലി പോലെ അവന്‍റെ കാതുകളില്‍ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു.
"ഇത്തനനാളും ഊര് തെണ്ടി നാന്‍ എന്ന സമ്പാദിച്ചതെന്ന് എനക്കെ പുരിയിലടാ.. ഇപ്പൊ കടവുളാ കാട്ട്രതാണ്ടാ ഇന്തവഴി... കാലയിലിരുന്ത് സായന്തനം വരേയ്ക്കും വീടോരം നടന്ന നീ എന്ന സമ്പാദിച്ചടാ...??? ഇനി നമ്മ എതുക്ക് യോസിക്കണം. യോസിക്ക തേവയെയില്‍ട്ര... അവള ഇനീം നമ്മ കൂപ്പിടണം... ഇനിമേ നമ്മ നെനയ്ക്കിന്ട്ര മാതിരിയേ അവള് നടക്കണം. അവള് പണം താടാ പണം...."
"നീ നെനയ്ക്കിന്ട്ര മാതിരി അത് നടക്കുമാന്നു എനക്ക് തെരിയിലടാ. അവളപ്പടിപ്പെട്ട ഒരു പെണ്ണ് കെടയാത്...." അവന്‍ അവന്‍റെ വാക്കുകളും ഓര്‍ത്തെടുത്തു.
"ഏടാ...സെന്റിമെന്ടാ.....അവളമ്മ പോട്ട ശാപ്പാട് സെന്ടിമെന്ടാ...." പനീര്‍ ലഹരിയിലാണ്ട് പറഞ്ഞ വാക്കുകള്‍...!! ഇല്ല അങ്ങിനെ ഒന്ന് തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നോ..? അവന്‍ സ്വയമതിന് ഉത്തരവും കണ്ടെത്തി. "ഇല്ല. ഉണ്ടായിരുന്നില്ല."
"ഹേയ്..! ഒണ്ണ്‍മാകാത് ... യാര്‍ക്കിട്ടേടാ..?? യാര്‍ക്കിട്ട സൊല്ലൂടാ അന്ത പൊണ്ണ്‍... യാര്‍ക്കിട്ടേം സൊല്ലാത്. ഒനക്ക് പെണ്ണെപ്പറ്റി തെരിയാത്... അതാം നീയിപ്പടി കവലപ്പെടറെ.... "കൂപ്പിടണം... അവള ഇനീം കൂപ്പിടണം...അവളവച്ച് എനക്ക് സമ്പാദിക്കണം... നെറെ സമ്പാദിക്കണം.."
ഇന്നിത് പറയാന്‍ പനീര്‍ തന്‍റെ മുന്നിലില്ല. സേനന് ഇത്രേം ആലോചിച്ചപ്പോള്‍ തന്നെ ചെറിയ ഉള്‍ഭയവും തോന്നി. അവന്‍റെ മരണത്തെക്കുറിച്ച് ആ ഒരു നിമിഷം അവന്‍ ഒന്ന് ഓര്‍ത്തു. "എങ്ങിനെ...??? എങ്ങിനെ അവന്‍ മരണപ്പെട്ടു...??? ആരു കൊന്നു...??? അവള്‍... അവള്‍ ..പാറൂ...!!! ഹേയ്.. ഒരു പാവം പെണ്ണിനെക്കൊണ്ട് അവനെ കൊല്ലാന്‍ സാധിക്കുമോ..?? ഇല്ല. ഒരിക്കലും ഇല്ല. അപ്പോള്‍ പിന്നെ ആര്..??? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കൊടുവില്‍ അവന്‍റെ മനസ്സിലൂടെ കന്യകയെന്ന സുന്ദരിയും കയറിക്കൂടി. ഇനി അവള്‍...??? ഹേയ്...!! അതെങ്ങിനെ..??? ഒരിക്കലും സംഭവിക്കില്ല... ഒരിക്കലും...!! ചിന്തിച്ചുകൊണ്ട് അവന്‍ ആ സഞ്ചിയിലേയ്ക്ക് തലചായ്ച്ചു. നിലാവ് മെല്ലെമെല്ലെ പടിഞ്ഞാറേക്ക് നീങ്ങി. തന്‍റെ സഞ്ചിമേല്‍ തലവച്ച് സേനന്‍ മെല്ലെമെല്ലെയുറക്കത്തിലേയ്ക്ക് വഴുതിവീണു.
**************
പുലരിവെട്ടം കക്കിചേരിയെ തൊട്ടുണര്‍ത്തി. കന്യക കുളിച്ചീറനടുത്ത് അമ്പലത്തിലേയ്ക്ക് നടന്നു. അവളുടെ തുമ്പ് കെട്ടിയിട്ട മുടിയിഴകളില്‍ നിന്നും ഉതിര്‍ന്നു വീണുകൊണ്ടിരുന്ന നീര്‍ത്തുള്ളികള്‍ കരിപ്പച്ചനിറത്തിലുള്ള അവളുടെ ഉടുപ്പിന്‍റെ പിന്‍ഭാഗം നനച്ച് കറുപ്പ്നിറത്തിലേയ്ക്ക് മാറ്റി. പ്രഭാതത്തിലെ കുളിര്, നനഞ്ഞ അവളുടെ ശരീരം തണുപ്പിക്കുമ്പോഴും, നിറഞ്ഞു നിന്ന അവളുടെ മാറിനുള്ളിലെ ചൂട് അവളെ അപ്പോഴും പൊള്ളിച്ചുകൊണ്ടിരുന്നു. അമ്പലമുറ്റത്ത് നിന്ന് പടികള്‍ കയറാന്‍ തുടങ്ങുമ്പോഴാണ് അവള്‍ ആ രൂപം ഒന്നില്ലാതെ കാണുന്നത്. ഒരു സഞ്ചിമേല്‍ തലവച്ചുറങ്ങുന്ന സേനനെ. ഒറ്റ നോട്ടത്തില്‍ തന്നെ കന്യകയ്ക്ക് അവനെ മനസ്സിലായി. അല്ലെങ്കില്‍ തന്നെ ജനിച്ചനാള്‍ മുതല്‍ അവള്‍ കാണുന്നവന്‍ അല്ലെ...?? ഏത് ഇരുട്ടത്തും അവനെ തിരിച്ചറിയുക അവള്‍ക്കു ശ്രമകരമല്ല. അവള്‍ ഒരുമിനിഷം തന്‍റെ വ്രതം മറന്നു. അവളുടെ നെഞ്ചിലെ തീ ഒന്നാളിക്കത്തി. അവന്‍റെ മുന്നിലേയ്ക്ക് അവള്‍ പോലുമറിയാതെ ചുവടുകള്‍ വച്ചു. പെട്ടെന്ന് അമ്പലത്തിനുള്ളിലെ ഭീമാകാരമായ ഓട്ടുമണി ഉച്ചത്തില്‍ മുഴങ്ങി. സേനന്‍ അതുകേട്ട് ഞെട്ടിയുണര്‍ന്നു. തന്‍റെ മുന്നില്‍ ഒരു നിഴലുപോലെ കണ്ട കന്യകയെ അവനും തിരിച്ചറിഞ്ഞു. കന്യകയും തന്‍റെ അരുതാത്ത ചിന്തകളില്‍ നിന്നും പെട്ടെന്ന് മുക്തയായി. തന്‍റെ നേരെ അത്ഭുതത്തോടെ നോക്കുന്ന അവനെ നോക്കി ഉള്ളില്‍ അടക്കിവച്ചിരുന്ന വൈരം മറന്ന് അവള്‍ ഒന്ന് ചിരിച്ചു. എങ്കിലും അവന്‍റെ മറുചിരി കാണാന്‍ കാത്തുനില്‍ക്കാതെ അവള്‍ ഉത്സാഹത്തോടെ ആ അമ്പലത്തിന്‍റെ ചവുട്ട് പടികള്‍ ഓരോന്നും ഓടിക്കയറി...
സേനന്‍ ആ ഇരുപ്പില്‍ തന്നെ അകലേയ്ക്ക് ഓടിമറയുന്ന അവളുടെ പിന്‍ഭാഗം കണ്ട് അന്തിച്ചിരുന്നു. പിന്നെ അവന്‍റെ മനസ്സ് ശാന്തമായി. അവന്‍റെ ചിന്തകള്‍ അവനെത്തന്നെ ഹരം പിടിപ്പിച്ചു.
"പാറു....പാറു മിടുക്കി തന്നെ. ഇതുവരെ അവള്‍ ഒരു കുഞ്ഞിനെപ്പോലും അറിയിച്ചിട്ടില്ല എന്നതിന് തെളിവല്ലേ കന്യകയുടെ ഈ നിറഞ്ഞ ചിരി. അല്ലെങ്കില്‍, തന്നെ നോക്കി ഇവള്‍ക്കെങ്ങിനെ ഇങ്ങനെ ചിരിയ്ക്കുവാന്‍ കഴിയും..." അവനു വല്ലാത്ത ഉത്സാഹം തോന്നി. അതോടെ, കന്യകയുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് അവനിരുന്നു. കന്യകയ്ക്കും മറിച്ചായിരുന്നില്ല ചിന്തകള്‍. അവളുടെ പ്രാര്‍ത്ഥനകള്‍ ഓരോന്നും ദേവി കേള്‍ക്കുന്നുവല്ലോ എന്ന സന്തോഷത്തിലായിരുന്നു അവള്‍. പതിവ് പോലെ പെട്ടെന്ന് തന്നെയവള്‍ പ്രാര്‍ഥിച്ചു തിരികെയിറങ്ങി. പിന്നെ മന്ദംമന്ദം സേനന്‍റെ അരുകിലേയ്ക്ക് നടന്നു ചെന്നു. കന്യകയെ കണ്ട അവന്‍ മെല്ലെ എഴുന്നേറ്റു. കന്യക ഒരു പുഞ്ചിരിയോടെ, മുഖവുരയേതുമില്ലാതെ അവനെ നോക്കി പറഞ്ഞു.
"ഞാന്‍ തുള്ളുവാ... ഈ ദേവീടെ മുന്നില്. അത് കാണാന്‍ വരണം. അന്നുവരണം. ആള്‍ക്കൂട്ടത്തില് ഞാന്‍ സേനനെ തേടും...." പിന്നെയവള്‍ അവന്‍റെ മറുപടി കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ നടന്നകന്നു. സേനന്‍ തന്‍റെ മുന്നില്‍ നടന്നതൊന്നും വിശ്വസിക്കാന്‍ കഴിയാതെ തരിച്ചു നിന്നു. ആ നില്‍പ്പില്‍ അങ്ങിനെ നിന്നവന്‍ ചിന്തിച്ചു.
"ഇവള്‍ക്കെന്ത് പറ്റി. ഇവളെ ഇതുപോലെ താന്‍ മുന്‍പ് കണ്ടിട്ടേയില്ല. എന്ത് സൗന്ദര്യമാണവളുടെ മുഖത്ത്..!!! ചേച്ചിയെപ്പോലെ ഇവളും എന്‍റെ ഉടലഴകില്‍ മതിമറന്നുവോ..?? അവന്‍ നിന്നയിടത്ത് നിന്നു മെല്ലെ തിരിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് നോക്കി കൈകൂപ്പി. എന്നിട്ടവന്‍ ഇങ്ങനെ പറഞ്ഞു.
"ന്‍റെ ദേവീ..!!! നീയെന്തിനിങ്ങനെ ഞാന്‍ നിനയ്ക്കുന്നതെല്ലാം എനിയ്ക്ക് തരുന്നു..."
കണ്ണുകളടച്ചു നിന്ന അവന്‍റെ ഉള്‍ക്കണ്ണിന്‍ മുന്നില്‍ പക്ഷെ അപ്പോള്‍ കക്കിചേരിയിലെ ദേവിയായിരുന്നില്ല. മറിച്ച്, സൗന്ദര്യത്തിന്‍റെ വശ്യരൂപം പൂണ്ട കന്യകയായിരുന്നു. ആ സൗന്ദര്യം ഓര്‍ക്കുമ്പോള്‍ അമ്പലമുറ്റം എന്ന് പോലും ഓര്‍ക്കാതെ അവനിലെ പൗരുഷം വലിഞ്ഞുമുറുകി.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ