നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 38
"അച്ഛന്‍ മോളുടെ ആഗ്രഹത്തിന് എതിരല്ല. മോള്‍ക്കത് സമാധാനം നല്‍കും എങ്കില്‍ മോള് അങ്ങിനെ തന്നെ ചെയ്തോളൂ. അമ്മ വരുമ്പോള്‍ അമ്മയോട് കൂടി ആലോലിച്ച് എന്‍റെ മോള്‍ ഒരു തീരുമാനം എടുത്തോളൂ...."
കന്യകയോട് ഇത് പറഞ്ഞുകൊണ്ട് ദേവന്‍ മുറ്റത്തേയ്ക്ക് തന്നെയിറങ്ങി.
പാറുവും നന്ദനയും ദേവനന്ദനത്തിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ സന്ധ്യയായിരുന്നു. വരുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞിരുന്നുവെങ്കിലും നന്ദന ദേവനെ അറിയിച്ചിരുന്നില്ല. ദേവന്‍ അതില്‍ പരിഭവപ്പെട്ടു എങ്കിലും നന്ദനയുടെ സമാധാന വാക്കുകള്‍ അയാളെ തൃപ്തനാക്കി.
കിടക്കമുറിയില്‍ പാറുവിന് കൂട്ടായി കന്യകയുണ്ടായിരുന്നു. കന്യകയുടെ മുഖത്തേയ്ക്കു നോക്കുവാന്‍ പോലും അവള്‍ക്കു മടി തോന്നി. കാരണം അവള്‍ ഇന്നൊരു കന്യകയല്ല. ഇനി ഒരു പുരുഷന്‍റെ മുന്നില്‍ കളങ്കിതയായല്ലാതെ നില്‍ക്കാന്‍ തനിയ്ക്ക് കഴിയില്ലല്ലോ എന്ന ചിന്ത അവളെ വല്ലാതെ ആശങ്കാകുലയാക്കി. പക്ഷെ, അത് കണ്ണീരുപടര്‍ത്തി കഴുകിക്കളയാന്‍ മാത്രമേ അവളുടെ മനസ്സിന് കഴിഞ്ഞുള്ളു.
***********
ശരത് വളരെ അസ്വസ്ഥനായിരുന്നു. കാരണം, പനീറിന്‍റെ മരണം, പനീറിന്‍റെ ശരീരത്തില്‍ നിന്നും കിട്ടിയ ചില വിരല്‍ അടയാളങ്ങള്‍, കുളിമുറിയിലെ ബ്ലീച്ചിംഗ് പൌഡറിന്‍റെ സാന്നിധ്യം, അവന്‍റെ വിരലുകളില്‍ ഒന്നില്‍ പറ്റിപ്പിടിച്ചിരുന്ന നീണ്ട മുടി ഒക്കെ ആ കൊലപാതകത്തിലെ പെണ്‍സാന്നിധ്യം അയാള്‍ക്ക് വ്യക്തമായിരുന്നു. ജിയാസ്സിന്‍റെ മരണം, രാഷ്ട്രീയക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിരന്തരസമ്മര്‍ദ്ദം പോലീസിനു മേല്‍ ഉണ്ടായിട്ട് പോലും അത് ചെയ്തവനെ പിടികൂടാന്‍ കഴിയാതെ പോലിസ് വട്ടംചുറ്റിയത് കക്കിചേരിയില്‍ ഒരു കുഞ്ഞിന് പോലും അറിയുന്നതാണ്. ഇവിടെ മരിച്ചതാകട്ടെ, ജിയാസ്സിനെ നശിപ്പിച്ച ആ അന്യദേശക്കാരനും. എന്നിട്ടും പോലീസ് എന്തിനിത്ര ശുഷ്കാന്തി കാട്ടുന്നു എന്നത് കക്കിചേരിയിലും, അതിനോടടുത്ത ആ പട്ടണത്തിലും ജനങ്ങള്‍ മുറുമുറുക്കാന്‍ തുടങ്ങി. വിവരം ഉള്ളവര്‍ ചില മരണങ്ങള്‍ ഇത് പോലെ ഇവിടെ ആവശ്യമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. പൊതുവേദികളില്‍ അവര്‍ പരസ്യമായി പറയുകയും ചെയ്തു. ആളറിയാത്ത പല ഫോണ്‍ കാളുകളും ശരത്തിന്‍റെ ഓഫീസിലേയ്ക്കു വന്നുകൊണ്ടുമിരുന്നു. എന്നിട്ടും കണ്കെട്ടി നിന്ന നീതിദേവതയ്ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ മാത്രം അയാള്‍ തയ്യാറായില്ല.
ദിവസങ്ങളും ആഴ്ചകളും മെല്ലെമെല്ലെ കടന്നുപോയി. പനീറിന്‍റെ കൊലപാതകം അങ്ങിനെ ജിയാസ്സിന്‍റെ മരണം പോലെ എഴുതിത്തള്ളപ്പെടും എന്ന ഒരവസ്ഥയിലേയ്ക്ക് നീങ്ങാന്‍ തുടങ്ങി. രഹസ്യമായ ശരത്തിന്‍റെ നീക്കങ്ങള്‍ കന്യകയുടെ മേല്‍ നിരന്തരം ഉണ്ടായിരുന്നുതാനും. കന്യകയും ശരത്തിനെ വിലകുറച്ച് കാണാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ പതിവ്പോലെ സ്കൂളില്‍ പോവുകയും വരുകയും ഒക്കെ ചെയ്തുകൊണ്ടേയിരുന്നു.
പതിവ് വര്‍ത്തമാനത്തിനിടയില്‍ എപ്പോഴോ ശരത്തിന്‍റെ ചിന്തകള്‍ പെട്ടെന്ന് പിന്നിലേയ്ക്ക് ചലിച്ചു. അവന്‍ ഒട്ടും സമയം കളയാതെ രാജശേഖറിനെ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്ത രാജശേഖറിനോട് ശരത് ചോദിച്ചു.
"രാജശേഖര്‍ സാര്‍... എനിയ്ക്ക് ഒരു സഹായം വേണം..."
"പറഞ്ഞോളൂ... ശരത്..." അയാള്‍ മറുപടി നല്‍കി.
ശരത് മുഖവുരയില്ലാതെ തന്‍റെ മനസ്സ് തുറന്നു. "സര്‍.. താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ഈ കൊലപാതകത്തിന് പിന്നിലുള്ള ആ സ്ത്രീ സാന്നിധ്യം കന്യകയല്ല എന്നത്...????
"ഞാന്‍ വിശ്വസിക്കുന്നു. കാരണം ആ കുടുംബത്തെ എനിയ്ക്കറിയാം. മാത്രമല്ല, സ്വന്തമല്ല എങ്കിലും അവര്‍ എനിയ്ക്ക് അന്യരല്ല. വളരെ സമാധാനത്തോടെ കഴിയുന്ന ഒരു കുടുംബമാണത്. കക്കിചേരിയില്‍ മദ്യം എന്നെന്നെത്തേയ്ക്കുമായി തുടച്ചുനീക്കിയതില്‍ ആ കുടുംബനാഥന്‍റെ പങ്കു ഒട്ടും ചെറുതല്ല. അങ്ങിനെ സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന അയാളെയും കുടുംബത്തെയും എന്തിനിങ്ങനെ ഉപദ്രവിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഇവിടെ എന്ത് നേടുന്നു ശരത്. സാധാരണക്കാരന്‍റെ വിയര്‍പ്പിന് മുകളില്‍ തെറ്റുകള്‍ക്ക് മുകളില്‍ തെറ്റുകള്‍ ചെയ്ത് സുഖലോലുപരായി ലോഡ്ജ് മുറികളിലും, സുഖവാസകേന്ദ്രങ്ങളിലും മദിച്ചുജീവിയ്ക്കുന്ന ഒരാളെയെങ്കിലും നമ്മുക്ക് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമോ ശരത്...??? അതിനു നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ നിങ്ങളൊരു സമര്‍ഥനായ നീതിപാലകനായി ഞാന്‍ അംഗീകരിയ്ക്കാം. പിന്നെ ഒന്ന് നിര്‍ത്തി അയാള്‍ പിന്നെയും തുടര്‍ന്നു.
"ശരത്... ഈ നാട്ടിനും നാട്ടാര്‍ക്കും എന്‍റെയും നിന്റെയും അമ്മയും പെങ്ങളും ഭാര്യയും ഒക്കെ അടങ്ങുന്ന ഒരു പെണ്‍സമൂഹത്തിന് വേണ്ടിയാണ് പനീര്‍ കൊല്ലപ്പെട്ടത്. അവള്‍ക്കതില്‍ ഒരു പങ്കും ഇല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഇനി ഒരുപക്ഷെ, അങ്ങിനെ ഒരു തെറ്റവള്‍ ചെയ്തുവെങ്കില്‍ പോലും അതിലെ നന്മയെ ഓര്‍ത്ത് ഞാനെന്ന പോലീസുകാരനെ ഞാന്‍ എന്‍റെയുള്ളില്‍ തളച്ചിടും. ഇത് സത്യം. കാരണം ഒരേയൊരു മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടം നേരിട്ട് കണ്ടവനാ ഞാന്‍. അതിനു കാരണക്കാരനായ ഇവന്‍റെ മരണം ഞാന്‍ പോലും ആഗ്രഹിച്ചിരുന്നു.... ശരത്..!!!"
രാജശേഖറിന്‍റെ വാക്കുകള്‍ ശരത്തിന്‍റെ ഉള്ളിലെ നന്മയെ എവിടെയൊക്കെയൊ തൊട്ടുണര്‍ത്തി. അയാള്‍ ഒന്നും മിണ്ടാനാവാതെ ഫോണ്‍ വച്ചു. പിന്നെ അലസമായി മുടിയൊതുക്കി തന്‍റെ കസേരയിലേയ്ക്ക് ചാഞ്ഞു. ആ കിടപ്പില്‍ ശരത്തിന്‍റെ മുന്നില്‍ അവളുടെ രൂപം നിറഞ്ഞുവന്നു. അവനറിയാതെ അവളിലൊരു ഇഷ്ടം അവന്‍റെ മനസ്സില്‍ നിറഞ്ഞു. അവന്‍റെ മനസ്സ് പറഞ്ഞു. അവളെ സ്വന്തമാക്കിയാലോ...? അവളിലെ ധൈര്യം, ഉറച്ച മറുപടികള്‍..!! ഹോ എന്തൊരു പെണ്ണാ അവള്...!!!
****************
കക്കിചേരിയിലെ ദേവീക്ഷേത്രത്തിലെ തീവെട്ടി തുള്ളലിന് ഇനി പതിമൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കിയായി. കന്യകയുടെ ഇഷ്ടത്തിന് എതിര് നില്‍ക്കാന്‍ നന്ദനയും ഒരുക്കമായിരുന്നില്ല. കാരണം ആ വീടിനേറ്റ പതനം അവളെപ്പോലെ ശരിയ്ക്കും അറിഞ്ഞവള്‍ തന്‍റെ പൊന്നുമോള്‍ മാത്രമേ ഉള്ളൂ എന്ന് നന്ദനയ്ക്ക് നന്നായി അറിയാം. കന്യകയുടെ ആ മാസമുറയ്ക്ക് അവളെപ്പോലെ തന്നെ നന്ദനയ്ക്കും ആകാംക്ഷയായിരുന്നു. കാരണം ഇനിയും ഒരു ദിവസം കൂടി അത് നീണ്ടാല്‍ പിന്നെ അവള്‍ക്കതിനു കഴിയില്ല. മാത്രവുമല്ല, ഇനിയീ വീട്ടില്‍ കന്യകയായി അവള്‍ മാത്രമേ ഉള്ളൂ. ദേവിയോടുള്ള ഇഷ്ടം മനസ്സില്‍ സങ്കല്‍പ്പിച്ചാല്‍ പിന്നെ അത് നടക്കാതെ വന്നാല്‍ ഈശ്വരഭക്തയായ ഒരു പെണ്ണിന് അത് സഹിയ്ക്കാവുന്നതിലും അപ്പുറമായിരിക്കും. നന്ദനയുടെ പ്രാര്‍ത്ഥന പോലെ തന്നെ കന്യകയെ ദേവി അനുഗ്രഹിച്ചു. അമ്മയോട് അവളത് പറയുമ്പോള്‍ നന്ദന സ്വയമുരുകി പ്രാര്‍ഥിച്ചുപോയി.
പിറ്റേന്ന് നേരം പുലര്‍ന്നു. ദേവന്‍ പച്ചക്കറികളുമായി പോകാനുള്ള തയ്യാറെടുപ്പുകളോട് കൂടി മുറ്റത്തേയ്ക്കിറങ്ങി. വണ്ടിയ്ക്കുള്ളില്‍ കയറിയിരുന്ന അയാള്‍ കന്യകയുടെ വരവും പ്രതീക്ഷിച്ചിരുന്നു. തന്‍റെ ബാഗുമായി കന്യക പടികടന്ന് പുറത്ത് വന്നിട്ടേയുണ്ടായിരുന്നുള്ളൂ. വണ്ടിയുടെ വാതില്‍ തുറന്നവള്‍ അകത്തേയ്ക്ക് കയറാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ മുറ്റത്തേയ്ക്ക് ഒരു വണ്ടിവന്നു നിന്നു. അതില്‍ നിന്നും ശരത്തും അമ്മയും പുറത്തേയ്ക്കിറങ്ങി. കന്യക തുറന്നുവച്ച വാതില്‍ മെല്ലെയടച്ചു. ദേവനും വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. അതിഥികളായെത്തിയ ഇരുവരേയും കൊണ്ട് അയാള്‍ അകത്തേയ്ക്ക് കയറി. കന്യക മടിച്ചുമടിച്ചു അവര്‍ക്ക് പുറകിലൂടെ നടന്നു. ഇടയ്ക്കെപ്പോഴോ അവള്‍ ശരത്തിനെ നോക്കി. അവന്‍റെ നോട്ടം അവളില്‍ തളര്‍ന്നുവീണത് അവള്‍ കണ്ടു. മനോഹരമായ അവളുടെ മിഴികള്‍ ഒന്നുണര്‍ന്നടഞ്ഞു. അവള്‍ മനസ്സിലോര്‍ത്തു. എവിടെയോ എന്തോ ചില മാറ്റങ്ങള്‍..!! ഈശ്വരന്റെ സാന്നിധ്യം വീണ്ടും ദേവനന്ദനത്തിന്‍റെ പടികടന്നെത്തിയ പോലൊരു തോന്നല്‍...!! എങ്കിലും പെട്ടന്നവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അങ്ങിനെ ഞാന്‍ ഈ പടിയിറങ്ങിയാല്‍, ഈ ഒരു പുരുഷന്‍റെ തണല് തേടിയാല്‍.. എന്‍റെ ചേച്ചിയെ നശിപ്പിച്ചവന്‍... ഈ നാടിന് ശാപമായ അവനെ ഞാന്‍ എങ്ങിനെ തകര്‍ക്കും.... !!! ആലോചിച്ചുകൊണ്ട് അവള്‍ പടിയ്ക്കു പുറത്ത് തന്നെ നിന്നു.
"മോളെ....കന്യൂട്ടി...."നന്ദനയുടെ വിളി.
"എന്താ അമ്മെ". വിളികേട്ടുകൊണ്ട് അവള്‍ പടിയിലേയ്ക്ക് കയറി. അപ്പോള്‍ നന്ദന പറഞ്ഞു. "മോളെക്കാണാനാ ശരത്തിന്‍റെ അമ്മ വന്നിരിക്കുന്നത്..."
"എന്തിനാ അമ്മെ..." അവള്‍ ഒന്നും അറിയാത്തപോലെ ചോദിച്ചു. ശരത് ഒന്നും മിണ്ടാതെ അവളുടെ മിഴികളില്‍ തന്നെ നോക്കിയിരുന്നു.
"മോളെ... ഈ അമ്മയ്ക്കിഷ്ടായി എന്ന്. നിന്നെ അവര്‍ക്ക് കൊടുക്കാമോ എന്ന് ചോദിക്കാനാ വന്നത്.." നന്ദന ചിരിച്ചു കൊണ്ട് പറഞ്ഞു.
"എന്താ അമ്മെ ഇത്. ഞാന്‍ കല്യാണം കഴിയ്ക്കേണ്ട പ്രായമായില്ലല്ലോ...?? എനിയ്ക്കിനിയും പഠിയ്ക്കണം..."
"മോള് പഠിച്ചോളൂ... ആരും അതിനു തടസ്സം നിന്നില്ല. അമ്മയ്ക്കറിയാം. മോള്‍ക്കിത് പതിനേഴ് വയസ്സാണ് എന്ന്. അവന്‍ കാത്തിരുന്നോളും ന്‍റെ മോള്‍ക്ക് വേണ്ടി...!! ന്‍റെ മോന് മോള് തന്നെ വേണം എന്ന് നിര്‍ബന്ധാ...!! ആണായും പെണ്ണായും ഇവനൊന്നെ ഉള്ളെനിയ്ക്ക്. ഇനി എന്‍റെ മോളുടെ കുറവ് നികത്തേണ്ടത് ന്‍റെ മോള് തന്നെയാവണം എന്നാ ഈ അമ്മേടേം ആഗ്രഹം..." ശരത്തിന്‍റെ അമ്മയാണ് അത് പറഞ്ഞത്.
കന്യക ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു. അപ്പോള്‍ ശരത്തിന്‍റെ അമ്മ ചോദിച്ചു. "എന്താ മോളെ ന്‍റെ മോനെ മോള്‍ക്കിഷ്ടമല്ല എന്നുണ്ടോ...???
"ഇല്ലമ്മേ... ഹേയ് അങ്ങിനെ ഒന്നും ഇല്ല. . പിന്നെയവള്‍ അകത്തെ വാതില്‍പ്പടിയില്‍ മൂകയായി നില്‍ക്കുന്ന പാറുവിനെ നോക്കി. അപ്പോള്‍ നന്ദനയ്ക്ക് കാര്യം പിടികിട്ടി. അവള്‍ ഒട്ടും സമയം കളയാതെ തന്നെ പറഞ്ഞു.
"അതോര്‍ത്ത് നീ വിഷമിക്കണ്ടാ. പാറുവിന്‍റെ വിവാഹം അച്ഛനും അമ്മയും ഉറപ്പിച്ചുകഴിഞ്ഞു. നീ ഈ വീടിന്‍റെ പടിയിറങ്ങും മുന്‍പ് അവളെ ഞങ്ങള്‍ വിവാഹം കഴിപ്പിച്ചിരിയ്ക്കും..."
പാറു അമ്മയുടെ വാക്കുകള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. പിന്നെ ആരെയും നോക്കാതെ അവള്‍ മുറിയ്ക്കകത്തേയ്ക്ക് തന്നെ പോയി. സംഭാഷണങ്ങള്‍ക്കിടയില്‍ ശരത് ആരും അറിയാതെ പാറുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ ദൈന്യഭാവം അവനില്‍ സംശയം തോന്നിച്ചു. എങ്കിലും അവന്‍ മൗനം പൂണ്ടിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ