2015 മാർച്ച് 19, വ്യാഴാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 41

ഒടുവില്‍, കക്കിചേരിയിലെ ജനങ്ങള്‍ സന്തോഷത്തോടെ, വൃതശുദ്ധിയോടെ കാത്തിരുന്ന ആ ദിനം വന്നു. ഒട്ടുമിക്ക വീടുകളുടെ മുന്നിലും അടുപ്പുകൂട്ടി പാവങ്ങള്‍ക്കായി അന്നവിതരണം  നടക്കുന്നു. കക്കിചേരി വര്‍ഷങ്ങളായി അങ്ങിനെയാണ്. ആരുടേയും സമ്പാദ്യങ്ങള്‍ കക്കിചേരിയിലെ ദേവി സ്വീകരിക്കാറില്ല. അത് അവര്‍ ഓരോരുത്തരും അവര്‍ക്കാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുക. അന്നമായോ, വസ്ത്രമായോ, പണമായോ.. അങ്ങിനെ..!!!

ദേവനന്ദനത്തിലും നന്ദന വളരെയേറെ തിരക്കിലാണ്. മുറ്റം നിറയെ ഓടിനടന്നവള്‍ പാവപ്പെട്ടവര്‍ക്ക് വച്ചുവിളമ്പി. സഹായത്തിന് കൂടെ ദേവനും, പാറുവും, കന്യകയും. തിരക്കൊഴിഞ്ഞപ്പോള്‍, പാറുവും കന്യകയും വീടിനകത്തേയ്ക്ക് കയറി. പിന്നെയവര്‍ അണിഞ്ഞൊരുങ്ങി പുറത്തേയ്ക്ക് വന്നു. കന്യകയ്ക്ക് മനസ്സില്‍ വല്ലാത്ത സന്തോഷവും അതിലേറെ അത്ഭുതവും തോന്നി. കാരണം മാസങ്ങള്‍ക്ക് ശേഷം തന്‍റെ ചേച്ചിയെ ഇത്രയേറെ സന്തോഷവതിയായി അവള്‍ കാണുന്നത് ഇത് ആദ്യമാണ്. എവിടെയും ഒരു ഉത്സവലഹരി തന്നെ. ബുദ്ധിമതിയായ കന്യക സേനനെ അമ്പലമുറ്റത്ത് കണ്ടകാര്യം പാറുവിനോട് പറഞ്ഞതും ഇല്ല. നന്ദനയുടെ ക്ഷണപ്രകാരം ഇന്ദിര ദേവനന്ദനത്തിലേയ്ക്ക് വന്നു. ഏവരും ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചു. കാറ്റിന്‍റെയും കാറിന്‍റെയും തേരേറി സമയം മെല്ലെമെല്ലെ നീങ്ങി.

പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശം മെല്ലെമെല്ലെ മങ്ങാന്‍ തുടങ്ങി. പടിഞ്ഞാറന്‍ ചക്രവാളം മുഷിഞ്ഞവസ്ത്രങ്ങളണിഞ്ഞൊരു ചുമട്ടുകാരിയെപ്പോലെ മുറുക്കിചുവന്ന് നീങ്ങാനും തുടങ്ങി. ഇനി തിടമ്പേറ്റി നീങ്ങുന്ന ഗജവീരന്മാരും, ഭക്തിയില്‍ ആടിമറിയുന്ന വേഷക്കാരും, ബാന്റ്മേളക്കൊഴുപ്പും ഒക്കെ കൊണ്ട് കക്കിചേരി ഉണരുകയായി. അങ്ങിനെ,  ഇനി മുന്നിലുള്ള ഒരു രാവ് മുഴുവന്‍ കക്കിചേരി ഉണര്‍ന്നു തന്നെയിരിക്കും.  ഊരുചുറ്റി തിരിച്ചുവരുന്ന എഴുന്നള്ളത്ത്‌ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ തീവട്ടി തുള്ളി ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് സങ്കല്പം. അതിനു, ഓരോ വീടിന്‍റെയും അനുഗ്രഹങ്ങളായ പെണ്‍കുട്ടികള്‍ തന്നെ വേണം എന്നത് വര്‍ഷങ്ങളായുള്ള സങ്കല്‍പ്പവും. തീവെട്ടി തുള്ളലിനൊടുവില്‍ തളരാതെ നില്‍ക്കുന്ന അവസാനത്തെ പെണ്‍കുട്ടി "ദേവിയുടെ അനുഗ്രഹംകൊണ്ടവള്‍" എന്ന് അടുത്ത ആണ്ടുവരെ കക്കിചേരി പറഞ്ഞുനടക്കും. അടുത്ത ആണ്ടില്‍ മറ്റൊരു പെണ്‍കുട്ടി അങ്ങിനെ അനുഗ്രഹീതയാകുന്നത് വരെ അവള്‍ തന്നെയായിരിക്കും ആ നാടിന്‍റെ ദേവിയും ഐശ്വര്യവും...!!

അങ്ങിനെ, നാടിന്‍റെ നാനാഭാഗത്തും നിന്നും വൃതശുദ്ധിയോടെ ക്ഷേത്രത്തില്‍ എത്തി, അവര്‍ക്കായി ക്ഷേത്രാങ്കണത്തില്‍ തന്നെ തീര്‍ത്തിട്ടുള്ള മുറികളില്‍ കയറി അണിഞ്ഞൊരുങ്ങി, നിരനിരയായി, പിന്നെ വട്ടത്തില്‍ ദേവിയുടെ ദൃഷ്ടിയ്ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ ഓരോന്നും വന്ന് നില്‍ക്കാന്‍ തുടങ്ങി. വോളണ്ടിയര്‍മാര്‍ അവരെ ക്രമാനുസരണം നിര്‍ത്തുവാനും തുടങ്ങി. അതിമനോഹരമായി ഒരുങ്ങി കന്യകയും ആ നിരയിലേയ്ക്ക് മെല്ലെമെല്ലെ നടന്നുവന്നു. ചുവന്ന വര്‍ണ്ണത്തിലുള്ള പട്ടുചേല ചുറ്റി, കൈകളില്‍ നിറയെ ചുവന്ന വളകളും, നെറ്റിച്ചുട്ടിയും, കണ്പീലികളില്‍ കണ്മഷിയും, മൂക്കുത്തിയും, കാല്‍ചിലങ്കകളും ഒക്കെ അണിഞ്ഞ് അവള്‍ ഒരു മാലാഖയെപ്പോലെ, തെളിഞ്ഞുനിന്ന ആ വെട്ടത്തിലേയ്ക്ക് വന്നുനിന്നു. കന്യകയുടെ കണ്ണുകളിലെ ആകാംഷ കണ്ട് നന്ദന അവള്‍ക്ക് പുറകില്‍ വന്ന് മെല്ലെ ചോദിച്ചു.

"മോളെ..!!! കന്യൂട്ടി എന്തായിത്..?? മോള്‍ക്ക്‌ ഭയം തോന്നുന്നുണ്ടോ..??

"ഇല്ലമ്മേ...!! എന്തിന് ഭയക്കണം...??? നന്ദനയോട് മറുപടിയായി അവളത് പറയുമ്പോഴും ചുറ്റും നില്‍ക്കുന്ന പുരുഷാരത്തില്‍ അവളുടെ കണ്ണുകള്‍ പരതിനടന്നു. അവളേത് രൂപം മനസ്സില്‍ സങ്കല്‍പ്പിച്ചുവോ ആ രൂപം മാത്രം അപ്പോള്‍ അവള്‍ക്കവിടെ കാണുവാന്‍ കഴിഞ്ഞില്ല. പിന്നെയവള്‍ ചുറ്റിനില്‍ക്കുന്ന പെണ്‍കുട്ടികളെ ഓരോരുത്തരെയും വീക്ഷിക്കാന്‍ തുടങ്ങി. പുലരിപോലെ വെട്ടം നിറഞ്ഞുനിന്ന ആ അങ്കണത്തില്‍, അങ്ങ് ദൂരേയ്ക്ക് ആകാംഷരായി, ദേവിയുടെ സാന്നിധ്യം തിരിച്ചുവരുന്നതും കാത്ത് നില്‍ക്കുകയാണ് അവര്‍.

ഒരര്‍ത്ഥത്തില്‍ അവിടം തെല്ലു നിശബ്ദം തന്നെയാണ്. ഇടയ്ക്ക് ചുവടുകള്‍ അനക്കുന്ന പെണ്‍കുട്ടികളുടെ കാല്‍ചിലങ്കകളുടെ ശബ്ദം ഒഴിവാക്കിയാല്‍..!!  നിശ്ചലമായ നിമിഷങ്ങള്‍ നീങ്ങവേ, ആ പുരുഷാരത്തിനിടയിലേയ്ക്ക് ക്ഷേത്രത്തിലെ രണ്ടാം ശാന്തിക്കാരന്‍ ഊട്ട് പുരയില്‍ നിന്നും നടന്നു വന്നുകയറി. അയാള്‍ ഇടത് കൈയില്‍ കരുതിയിരുന്ന കിണ്ടിയില്‍ നിന്നും പനിനീര്‍ അടങ്ങിയ പുണ്യജലം തന്‍റെ വലത് കൈകളിലേയ്ക്ക് എടുത്ത് പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് കുടഞ്ഞെറിഞ്ഞു. പുരുഷന്മാരുടെ ഇടയില്‍ നിന്നും അപ്പോഴേയ്ക്കും ഒരാള്‍ പറഞ്ഞു.

"എത്തി...എത്തി..!!  എഴുന്നള്ളത്ത് തിരിച്ചെത്തി. ഇനി ഏവര്‍ക്കും മുന്നിലേയ്ക്ക് നടക്കാം..."

അയാളുടെ വാക്കുകള്‍ കേട്ട് ചിലര്‍ പടികളിറങ്ങാന്‍ തുടങ്ങി. താഴെയെത്തിയ എഴുന്നള്ളത്തില്‍ നിന്നും ഗജവീരന്മാരെ തിടമ്പുകളിറക്കി ക്ഷേത്രത്തിന്‍റെ പിന്‍ഭാഗത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. വാദ്യമേളക്കാരും മെല്ലെമെല്ലെ അരങ്ങൊഴിഞ്ഞു. ഇനിയാണ് തീവട്ടി തുള്ളല്‍. ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ ദേവിയുടെ കല്‍രൂപം കൈകളില്‍ ഏന്തി ഒന്നാം ശാന്തിക്കാരന്‍ മെല്ലെ മുന്നിലേയ്ക്ക് വന്നു. പിന്നെ പടികള്‍ ഓരോന്നും കയറിവന്ന് അയാള്‍ വഴിയൊഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഇടയിലൂടെ ക്ഷേത്രാങ്കണത്തിന് നടുവിലായി നിലയുറപ്പിച്ചു.  അവിടെ നിറഞ്ഞ ദേവിസ്തുതികളും പൂജയും കഴിഞ്ഞ് അയാള്‍ അമ്പലത്തിനുള്ളിലേയ്ക്ക് പോകാനായി തിരിഞ്ഞു ചുവട് വച്ചു. അതോടെ, അതുവരെ ഒരറ്റത്ത് ശാന്തമായി നിന്നിരുന്ന തായമ്പക മേളക്കാരനില്‍ ഒരാള്‍ തന്‍റെ കൈയിലിരുന്ന ചെണ്ടക്കോല്‍  ആഞ്ഞടിച്ചു. നിശബ്ദം നിന്നിരുന്ന പെണ്‍കുട്ടികള്‍ ജാഗരൂകയായി. പിന്നെ അത് നിമിഷങ്ങള്‍ ഇടവേളകൊടുത്ത് താളത്തില്‍ അടിയ്ക്കാന്‍ തുടങ്ങി. മെല്ലെമെല്ലെ അതങ്ങിനെ സുഖകരമായ താളത്തില്‍ ഉച്ചസ്ഥായിയിലാവാന്‍ തുടങ്ങി.  മൈക്കിലൂടെ അറിയിപ്പ് വന്നതോടെ പെണ്‍കുട്ടികളുടെ പിന്നില്‍ നിന്നിരുന്ന ഏവരും പിന്നിലേയ്ക്ക് മാറാന്‍ തുടങ്ങി. ദേവിരൂപം ക്ഷേത്രത്തിന് ഉള്ളില്‍ വച്ച്, പൂജകഴിഞ്ഞ്, പൂജാതട്ടം വൃതക്കാരുടെ മുന്നിലേയ്ക്ക് വന്നു. ഓരോരുത്തരും അതിലെ അഗ്നിയെ തൊട്ടു നമിച്ചു.

ഊട്ടുപുരയുടെ പിന്നിലെ ചമയപ്പുരയ്ക്കുള്ളില്‍ നിന്നും, തുണികൊണ്ട് മുനചുറ്റപ്പെട്ട അഞ്ച് മുനകളുള്ള തീവെട്ടി ഓരോരോ പെണ്‍കുട്ടികളുടെ കൈകളിലും എത്തപ്പെട്ടു. പിന്നെ അതില്‍ ചുറ്റപ്പെട്ടിരുന്ന തുണികള്‍ ഓരോന്നും വിളക്കെണ്ണയാല്‍ നനയ്ക്കപ്പെട്ടു. പുറകെതന്നെ അതിലേയ്ക്ക് ദീപവും കൊളുത്തപ്പെട്ടു. കന്യക തന്‍റെ കൈയിലിരിക്കുന്ന തീവട്ടി തിളങ്ങുന്ന കണ്ണുകളോടെ ഒന്ന് നോക്കി. തായമ്പക പതിയെപ്പതിയെ മുറുകാന്‍ തുടങ്ങി. അതിനൊപ്പം, പുരുഷാരം മെല്ലെമെല്ലെ താളം പിടിച്ചു. പെണ്‍കുട്ടികള്‍ ഭക്തിയുടെ ലഹരിയിലാണ്ട പോലെ മെല്ലെമെല്ലെ ചലിയ്ക്കാന്‍ തുടങ്ങി. പിന്നെയവരുടെ ചലനങ്ങള്‍ വേഗത്തിലായി. മിനുട്ടുകള്‍ അങ്ങിനെ ഒരേ താളത്തില്‍ തുള്ളവേ,  ക്ഷേത്രാങ്കണത്തില്‍ തളര്‍ന്ന അവരുടെ നിശ്വാസം വീഴാന്‍ തുടങ്ങി. തീവെട്ടിയില്‍ നിന്നും ചിതറിത്തെറിച്ച എണ്ണത്തുള്ളികള്‍ വീണ് ചിലര്‍ക്ക് പൊള്ളലേറ്റു. ചില പെണ്‍കുട്ടികള്‍ വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. മറ്റുചിലര്‍ തളര്‍ന്നുവീഴാനും തുടങ്ങി. പെട്ടെന്ന് തന്നെ ക്ഷേത്രഭാരവാഹികളും കുടുംബക്കാരും ഒക്കെ ചേര്‍ന്ന് അവരെ എഴുന്നേല്‍പ്പിച്ചു മാറ്റി. അമ്പതോളം കന്യകമാരില്‍ തുടങ്ങിയ താളം ഇപ്പോള്‍ പത്തോളം പേരില്‍ എത്തി നില്‍ക്കുന്നു. ഇനിയാണ് ശരിയ്ക്കുള്ള തുള്ളല്‍. കാരണം അവസാനം വരെ തുള്ളുന്നവള്‍ ദേവിയുടെ അനുഗ്രഹം കിട്ടിയവള്‍ എന്ന സങ്കല്‍പ്പം ഓരോരുത്തരെയും ആ കൂട്ടത്തില്‍ നിന്നും പിന്മാറാന്‍ മനസ്സവദിച്ചില്ല.

താളത്തില്‍ തുള്ളിവന്ന കന്യകയും വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. അവളുടെ കെട്ടിവച്ച മുടിയിഴകള്‍ അഴിഞ്ഞുവീണു. മുഖത്തേയ്ക്ക് ചിതറിവീണ അതിനിടയിലൂടെ, അവളില്‍ നിന്നും ദൂരെമാറി, തന്നെത്തന്നെ വേദനയോടെ, ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന അച്ഛനെയും, അമ്മയെയും, ഇന്ദിരാമ്മയെയും അവള്‍ കണ്ടു. ഒപ്പം എവിടേയ്ക്കോ മിഴികള്‍ അര്‍പ്പിച്ച്, കണ്ണുകളില്‍ അല്‍പ്പം ഭയത്തോടെ നില്‍ക്കുന്ന തന്‍റെ പാറൂച്ചീയേയും. കന്യകയുടെ മനം ഒന്ന് പിടഞ്ഞു. തളര്‍ന്നുകൊണ്ടിരുന്ന അവളില്‍ പെട്ടെന്ന് വീര്യം കൂടിയപോലെ, അവളുടെ പാദചലനങ്ങള്‍ വേഗത്തിലായി. ഒപ്പം വിയര്‍പ്പുകണങ്ങള്‍ ഇറ്റുവീണ മുടിയിഴകള്‍ക്കിടയിലൂടെ അവള്‍ കണ്ടു.. ആ രൂപം. ആള്‍ക്കൂട്ടത്തില്‍ മുന്നില്‍ വന്നു നില്‍ക്കുന്ന സേനനെ. പാറുവിനെത്തന്നെ കൊതിയോടെ നോക്കുന്ന അവന്‍റെ കാമദൃക്ഷ്ടികളെ.!!

സേനന്‍ തന്‍റെ മുന്നില്‍ തുള്ളിവിറയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടതേയില്ല. പലതവണ കന്യക അവനുമുന്നിലൂടെ തുള്ളിമറഞ്ഞിട്ടും ചലനമറ്റ് അവന്‍ നോക്കിനിന്നത് പാറുവിനെയാണ്.  കന്യകയുടെ മനസ്സ് ഒരു നിമിഷം പതറി. അവള്‍ കൈയിലിരുന്ന തീവട്ടി ഒരു അലര്‍ച്ചയോടെ ആള്‍ക്കൂട്ടത്തിലേയ്ക്ക് വീശിമാറി. അതിലെ തീയ് ഒരു പ്രത്യേക "ഭും" കാരത്തോടെ ആളിക്കത്താന്‍ തുടങ്ങി. ഭക്തിയുടെ ലഹരിമൂത്തപോലെ അവള്‍ അലറിവിളിച്ചു. ആള്‍ക്കൂട്ടത്തില്‍ പലരും പിന്നിലേയ്ക്ക് ചലിച്ചു. ക്ഷേത്രത്തിലെ മണി ഒച്ചത്തില്‍ അടിയ്ക്കാന്‍ തുടങ്ങി. അവളുടെ പിന്നില്‍ നിന്ന പെണ്‍കുട്ടികള്‍ തളര്‍ന്നു നിലത്തേയ്ക്ക് മുട്ടുകുത്തിവീണു. അവരുടെ കൈകളിലെ തീവെട്ടി ദൂരേയ്ക്ക് തെറിച്ചുവീണു. ജനക്കൂട്ടവും കന്യകയുടെ ലഹരിയ്ക്കൊപ്പം സഞ്ചരിയ്ക്കാന്‍ തുടങ്ങി. ഇളകിമറിഞ്ഞ ജനക്കൂട്ടവും, കന്യകയുടെ അട്ടഹാസവും ഒന്നും സേനന്‍ കണ്ടതും കേട്ടതുമില്ല. അവനെത്തന്നെ നോക്കുന്തോറും അവള്‍ അറിയാതെ തന്നെ രുദ്രരൂപം പൂണ്ട ദേവിയായി. അവസാനത്തെ ആട്ടക്കാരിയായി അവള്‍ ആര്‍ത്തുചിരിച്ചു. പിന്നെ തന്‍റെ കൈയിലിരുന്ന തീവെട്ടി അവള്‍ സേനന്‍റെ നേര്‍ക്ക്‌ ആഞ്ഞുവീശി. പതിവുപോലെ അതിന്റെ ചലനങ്ങള്‍ക്കൊപ്പം ചരിഞ്ഞുമാറിയ പുരുഷാരത്തിനരുകിലൂടെ അത് സേനന്‍റെ നെഞ്ചില്‍ തറച്ചു. ഹൃദയത്തില്‍ നിറഞ്ഞ അവന്‍റെ ചോരത്തുള്ളികളില്‍ മുങ്ങി ആ തീയ് ഒരു ശബ്ദത്തോടെ   അണഞ്ഞു. സേനന്‍ പ്രാണവേദനയോടെ നിലവിളിച്ചു. കന്യക ശക്തിയോടെ അവന്‍റെ ശരീരത്തില്‍ നിന്നും അത് വലിച്ചെടുത്തു. സേനന്‍ നെഞ്ചിലേയ്ക്ക് ഒന്ന് പൊത്തിപ്പിടിച്ചു. പിന്നെ പിന്നിലേയ്ക്ക് മറിഞ്ഞു. മണ്ണില്‍ നിന്നും അവന്‍റെ ശരീരം ഉയര്‍ന്നു പൊങ്ങി പിടയ്ക്കാന്‍ തുടങ്ങി. പിന്നെയും, കന്യക ഇതൊന്നും അറിയാത്തപോലെ മുടിയഴിച്ച് തുള്ളിക്കൊണ്ടിരുന്നു. ജനക്കൂട്ടം ഭയത്തോടും, അത്ഭുതത്തോടെ അവളെ നോക്കി. നന്ദനയും, ദേവനും, പാറുവും, ഇന്ദിരാമ്മയും ഈ രംഗം കണ്ടു പകച്ചുപോയി. മുന്നില്‍ നടന്നതെന്തെന്ന് അവര്‍ ചിന്തിക്കുമ്പോഴും ദേവിയുടെ മുന്നില്‍ കന്യക തുള്ളുകയായിരുന്നു. അവളുടെ അടുത്തേയ്ക്ക് വരുവാന്‍ ഏവരും ഒന്ന് പകച്ചു. പിന്നെയും തുള്ളിക്കൊണ്ടിരുന്ന അവള്‍ ഒടുവില്‍ ദേവിയുടെ തിരുസന്നിധിയില്‍ മുഖാമുഖം വന്നു. പിന്നെ തളര്‍ന്നു നിന്നു കിതയ്ക്കാന്‍ തുടങ്ങി. കൈയിലിരുന്ന തീവെട്ടി നിലത്തേയ്ക്കിട്ട് അവള്‍ ദേവിയുടെ മുന്നില്‍ മുട്ടുകുത്തി വീണു.  അതോടെ വശങ്ങളില്‍ നിന്നും അവള്‍ക്ക് ചുറ്റും വന്ന് പോലീസും, ജനക്കൂട്ടവും വളഞ്ഞു നിന്നു.   

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ