2015, മാർച്ച് 19, വ്യാഴാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 42

ഒരു നിമിഷം ഏവരും ഒന്ന് പകച്ചുവെങ്കിലും, പെട്ടെന്ന് തന്നെ ആള്‍ക്കൂട്ടത്തില്‍ നിന്നും പോലിസ് കന്യകയെ സമീപിച്ചു. തങ്ങളുടെ കണ്‍മുന്നില്‍ നടന്ന ഒരു കൊലപാതകം നീതിപാലകര്‍ എന്ന നിലയില്‍ കണ്ടില്ല എന്ന് നടിയ്ക്കുവാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. എസ്.ഐ. രാജശേഖര്‍ അവളെ സമീപിച്ച് അരുകിലേയ്ക്ക് മുട്ടുകുത്തിയിരുന്നു. പിന്നെ അയാള്‍ ദയനീയമായി ദേവനെ നോക്കി.  ദേവന്‍ യാചനയോടെ രാജശേഖറെയും. പാറുവും ഇന്ദിരയും ഇതെല്ലാം കണ്ട് തളര്‍ന്നുപോയ നന്ദനയെ താങ്ങിപ്പിടിച്ച്‌ പെണ്‍കുട്ടികള്‍ ഒരുങ്ങുന്ന മുറിയ്ക്ക് പുറത്ത് പടിക്കെട്ടിന് അരുകിലായി കൊണ്ടുവന്നിരുന്നു. നന്ദനയില്‍ നിന്നും ഒരു തേങ്ങല്‍ മാത്രം  പുറത്തേയ്ക്ക് വന്നു. ഇടയ്ക്കിടെ അവള്‍ ഒരു വിലാപമെന്നോണം പതിയെ പറഞ്ഞു.

"അമ്മേ..!!! മഹാമായേ..!! ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ ന്‍റെ കുട്ടിയെ വളര്‍ത്തിയത് നിന്‍റെ മുന്നില്‍ ഇങ്ങനെ ജീവിതം ഒടുക്കാനായിരുന്നുവോ..?? നിനക്കായി, നിന്‍റെ സംതൃപ്തിയ്ക്കായി ഞാന്‍ വച്ചൂട്ടിയ ഒരു വയര്‍ പോലും എനിയ്ക്കാകെ പ്രാര്‍ത്ഥിച്ചില്ലല്ലോ..!!! അമ്മേ..!! ദേവീ..." അരുകിലിരുന്ന ഇന്ദിരയോ, പാറുവോ ഒന്നും മിണ്ടാന്‍ കഴിയാതെ തരിച്ചിരുന്നു പോയി.

പുരുഷാരം നിശ്ചലം നിന്നു. ദേവന്‍റെ നെഞ്ചകം താളം തെറ്റി വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ക്ക്‌ തന്‍റെ പാദങ്ങള്‍ മുന്നോട്ടു ഒന്ന് ചലിപ്പിക്കാന്‍ പോലും കഴിയുന്നില്ല. ഇരുകണ്ണുകളിലും നിറഞ്ഞുകവിഞ്ഞ കണ്ണുനീര്‍ അയാളുടെ കവിളിലൂടെ താഴേയ്ക്ക് അടര്‍ന്നുവീണുകൊണ്ടിരുന്നു. നിമിഷങ്ങള്‍ നീങ്ങിയിട്ടും കന്യക കാല്‍മുട്ടുകളില്‍ അങ്ങിനെ തന്നെയിരുന്നു. അവളിലെ നിശ്വാസം പോലും ആര്‍ക്കും കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ആടിത്തളര്‍ന്ന് വിറച്ച അവളുടെ ഇളം ശരീരം അപ്പോഴും ശരീരത്തില്‍ ഒട്ടിപ്പിടിച്ചിരുന്ന അവളുടെ വസ്ത്രങ്ങള്‍ നനച്ചുകൊണ്ടേയിരുന്നു. അരുകില്‍ ചലനമറ്റ് കിടന്ന സേനന് ചുറ്റും ആളുകള്‍ നിരന്ന് നില്‍ക്കാന്‍ തുടങ്ങി. പോലീസുകാരും അതിനരുകില്‍ രാജശേഖറുടെ ഒരു വാക്കിനായി കാത്തുനില്‍പ്പുണ്ടായിരുന്നു.

മിനുട്ടുകള്‍ നീണ്ട മൌനത്തിനൊടുവില്‍, രാജശേഖര്‍ കന്യകയുടെ തളര്‍ന്ന തോളില്‍ മെല്ലെ കൈവച്ചു. എന്നിട്ടും അവളില്‍ ഒരു ചലനവും ഉണ്ടായിരുന്നില്ല. അതോടെ അയാളില്‍ തെല്ലു സംശയമുണര്‍ന്നു. അല്‍പ്പം ശക്തിയോടെ അയാള്‍ അവളെ കുലുക്കിവിളിച്ചു.

"മോളെ...!!! കന്യകേ..."

പക്ഷെ, രാജശേഖറുടെ വിളി കന്യക കേട്ടതേയില്ല. ഒപ്പം അവള്‍ മുഖം മറഞ്ഞ് അഴിഞ്ഞു വീണുകിടന്നിരുന്ന കാര്‍കൂന്തലോട് കൂടി അയാളിലേയ്ക്ക് ചരിഞ്ഞുവീണു. അപ്പോഴും,  അവളുടെ അടഞ്ഞിരുന്ന കണ്ണുകള്‍ തളര്‍ന്നുകിടന്ന ആ മുഖത്തിന്‌ അതീവകാന്തി നല്‍കിയിരുന്നു. നിശ്ചലം തന്‍റെ കൈകളില്‍ കിടക്കുന്ന കന്യകയുടെ മുഖത്തേയ്ക്ക് ഒരു നിമിഷം നോക്കിയിട്ട് എസ്. ഐ. രാജശേഖര്‍ അരുകില്‍ നില്‍ക്കുന്ന പുരുഷന്മാരെ നോക്കി വിളിച്ചുപറഞ്ഞു.

"എന്ത് കാണുവാടാ നിങ്ങളെല്ലാരും..!!! ആരേലും പോയി ഒരു തുള്ളി വെള്ളം കൊണ്ടുവാ...!!!"

അയാളുടെ ഒച്ചത്തിലുള്ള വിളികേട്ട് ചിലര്‍ അപ്പോള്‍ തന്നെ ക്ഷേത്രത്തിലെ ഊട്ടുപുരയുടെ അടുത്തേയ്ക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു പാത്രം നിറയെ വെള്ളവുമായി അവര്‍ തിരികെയെത്തി. രാജശേഖര്‍ ധൃതിയില്‍ അത് വാങ്ങി തന്‍റെ കൈയില്‍ പകര്‍ന്ന് കന്യകയുടെ മുഖത്തേയ്ക്ക് ശക്തിയായി കുടഞ്ഞു. തണുത്ത ജലം മുഖത്തേയ്ക്കു വീണതോടെ അവള്‍ കണ്ണുകള്‍ വെട്ടിതുറന്നു. പിന്നെ അശക്തയെന്നപോലെ തന്‍റെ ചുറ്റും നോക്കി.  രാജശേഖര്‍ വേദനയോടെ ചോദിച്ചു.

"എന്താ... പൊന്നുമോളെ നീയീ കാട്ടിക്കൂട്ടിയത്...???

"ങേ..!! അവളില്‍ ഒരു ഞെട്ടല്‍ ഉണ്ടായി. അതോടൊപ്പം തന്നെ ഒന്നും അറിയാത്തപോലെ അവള്‍ ചോദിച്ചു.

"എന്താ അങ്കിള്‍..??? എന്താ ഉണ്ടായേ..?? ഞാനായിരുന്നില്ലേ അവസാനത്തെ പെണ്‍കുട്ടി..?? ഞാനായിരുന്നില്ലേ അങ്കിള്‍ അവസാനത്തെ പെണ്‍കുട്ടി..???

പിന്നെയവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി വീണ്ടും ചോദിച്ചു.

"എവിടെ അങ്കിള്‍... ന്‍റെ അമ്മയും അച്ഛനും എവിടെ...?? ന്‍റെ പാറൂച്ചി എവിടെ..?? എനിയ്ക്ക് വല്ലാണ്ട് ദാഹിയ്ക്കുന്നു..."

രാജശേഖര്‍ കന്യകയുടെ ചോദ്യങ്ങള്‍ കേട്ട് ഒന്ന് ഞെട്ടി. പിന്നെയയാള്‍ കൈയിലിരുന്ന പാത്രത്തിലെ ജലം അവള്‍ക്ക് കുടിയ്ക്കാന്‍ കൊടുത്തു. കന്യക അത് വാങ്ങുമ്പോള്‍ അയാള്‍ മെല്ലെ അവിടെനിന്നും എഴുന്നേറ്റു. ഏവരും കന്യകയുടെ ചോദ്യം കേട്ടു പകച്ചുനിന്നു. രാജശേഖര്‍ ദേവന് അരുകിലേയ്ക്ക് ചെന്നു. ദേവന്‍ ഉദ്ദ്വേഗത്തോടെ അയാളെ നോക്കി. ദേവന്‍റെ തോളില്‍ കൈവച്ച് ഒരു നിമിഷം മൌനം പൂണ്ട് നിന്ന രാജശേഖറെ നോക്കി പതിയെ ചോദിച്ചു.

"സാര്‍...!! എന്‍റെ മോളെ രക്ഷിയ്ക്കണം. എങ്ങിനെയെങ്കിലും എന്‍റെ മോളെ രക്ഷിയ്ക്കണം..!! ഞങ്ങളുടെ എല്ലാം വിറ്റ് പെറുക്കി ഈ ദേശം വിട്ടു എങ്ങോട്ടെങ്കിലും ഞാന്‍ പോയേക്കാം. എന്നാലും ന്‍റെ പൊന്നുമോള്‍ ഒരു കൊലപാതകിയായി ഈ നാട്ടില്‍ അറിയപ്പെടുന്നത് കാണാന്‍ എന്നെക്കൊണ്ടാവില്ല..."

രാജശേഖര്‍ ദേവനെ നോക്കി നിശ്ചലം നിന്നു. പിന്നെ ആള്‍ക്കൂട്ടത്തില്‍, ഒഴിഞ്ഞ് നിന്നിരുന്ന, ഏതാപത്തിലും ദേവനരുകിലേയ്ക്ക് ഓടിയെത്തുന്ന "അവനെ" ഒന്ന് നോക്കി. അവന്‍ പെട്ടെന്ന് രാജശേഖറുടെ അരുകിലേയ്ക്ക് വന്നു. രാജശേഖര്‍ അവന്‍റെ ചെവികളില്‍ എന്തോ പറഞ്ഞു. അത് കേട്ടുകൊണ്ട് അവന്‍ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് നടന്നു പോയി. ദേവനരുകില്‍ നിന്നും തിരിഞ്ഞ രാജശേഖര്‍ പിന്നെ അവിടെ കൂടിനിന്ന പുരുഷാരത്തെ നോക്കി തെല്ലുച്ചത്തില്‍ പറഞ്ഞു.

"നിങ്ങളെല്ലാപേരും കണ്ടതാണ് ഇവിടെ നടന്നതെല്ലാം. ഈയിരിക്കുന്ന പെണ്‍കുട്ടി ഒരുപക്ഷെ ഇവിടെ കൂടിനില്‍ക്കുന്ന നിങ്ങളില്‍ പലര്‍ക്കും വേണ്ടപ്പെട്ടവള്‍ ആയിരിക്കാം. എന്നാല്‍ ഇപ്പോള്‍ ഇവള്‍ ഒരു കൊലപാതകിയാണ്. ഇവളെ ഇവിടെ നിന്നും ഇതിന്‍റെ പേരില്‍ ഞങ്ങള്‍ അറസ്റ്റ് ചെയ്തു നീക്കുകയാണ്..."

രാജശേഖറിന്‍റെ വാക്കുകള്‍ കേട്ടതോടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു മുറുമുറുപ്പ് ഉണ്ടായി. അപ്പോള്‍ അവര്‍ക്കിടയില്‍ നിന്നും അവന്‍ മുന്നോട്ട് വന്നു. പിന്നെ തെല്ലുറക്കെ തന്നെ അയാളെ നോക്കി പറഞ്ഞു.

"അതൊക്കെ ശരിയായിരിക്കാം സാര്‍. പക്ഷെ, ഈയൊരു കുറ്റം ചാര്‍ത്തി ഈ പെണ്‍കുട്ടിയെ ഇവിടെ നിന്നും അറസ്റ്റ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല..."

"അതെന്താ അങ്ങിനെ...??? എന്തുകൊണ്ട് പറ്റില്ല...??? " രാജശേഖര്‍ ദേഷ്യത്തോടെ ചോദിച്ചു.

"ഇത് ഒരുകൊലപാതകം ആണെന്ന് സാറിനോട് ആരാ പറഞ്ഞേ..?? അതുമല്ല നിങ്ങളെന്താ ഒരു ക്ഷേത്രത്തിനുള്ളില്‍ വന്നു ഇങ്ങനെ സംസാരിയ്ക്കുന്നത്. ഇവിടെ നടന്നത് ഭക്തിനിര്‍ഭരമായ ഒരു ചടങ്ങാണ്. അല്ലെന്ന് ഇവിടെ കൂടിനില്‍ക്കുന്ന ആരെങ്കിലും പറയട്ടെ..??

അവന്‍റെ വാക്കുകള്‍ കൂടി കേട്ടതോടെ പുരുഷാരം തെല്ല് സ്വരത്തോടെ മുറുമുറുക്കാന്‍ തുടങ്ങി. അവരില്‍ പലരും രാജശേഖറോട് വാഗ്വാദങ്ങള്‍ തുടങ്ങി. അവിടം ഒരു സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേയ്ക്ക് നീങ്ങാന്‍ പിന്നെ അധികം സമയം വേണ്ടി വന്നില്ല. ഇതിനോടകം തന്നെ മാധ്യമങ്ങള്‍ തീവെട്ടി തുള്ളലും, സേനന്‍റെ മരണമുള്‍പ്പെടെയുള്ള വീഡിയോയും ഒക്കെ ചൂടപ്പം പോലെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. പട്ടണത്തിലെ തന്‍റെ വീട്ടിലിരുന്ന് ശരത്തും അത് കാണുകയുണ്ടായി. പക്ഷെ, അവന്‍ ഒന്നും മിണ്ടാതെ അമ്മയ്ക്കൊപ്പം അത് കണ്ടിരുന്നതേയുള്ളൂ.

രാജശേഖറിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരും മറ്റും സംഭവസ്ഥലത്തെയ്ക്ക് അതിവേഗം കുതിച്ചു. അപ്പോഴേയ്ക്കും പോലിസ് ഹിന്ദുമതവിശ്വാസികള്‍ക്ക് നേരെ കടന്നുകയറ്റം ചെയ്തുവെന്നും, പരിപാവനമായ ദേവീക്ഷേത്രസന്നിധിയില്‍ മതവികാരത്തെ വൃണപ്പെടുത്തുന്നു എന്നുവരെ മാധ്യമങ്ങള്‍ ലക്ഷ്യമില്ലാതെ തട്ടിവിട്ടു. അന്യദേശങ്ങളില്‍ നിന്നുപോലും മതഭ്രാന്തന്മാര്‍ കക്കിചെരിയിലേയ്ക്ക് കുതിച്ചു.

ഒരു ഗ്രാമം മുഴുവന്‍ കന്യകയ്ക്കായി മുറവിളി കൂട്ടാന്‍ തുടങ്ങി. പോലിസ് ഇതികര്‍ത്തവ്യഥാമൂഢരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലത് കഴിഞ്ഞു. സേനന്റെ ശരീരത്തിലേയ്ക്ക് ചോനനുറുമ്പുകള്‍ നടന്നുകയറാന്‍ തുടങ്ങി. ക്ഷേത്രത്തിലേയ്ക്ക് എത്തിയ പോലീസ് മേലധികാരികളും, ജില്ലാകളക്ടറും  ബഹുജനസമക്ഷം ചര്‍ച്ചയും ആരംഭിച്ചു. കന്യകയെ ക്ഷേത്രാങ്കണത്തില്‍ നിന്നും അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ഇവിടെ ഒരുപക്ഷെ, ഇനിയും ചോരവീഴാന്‍ ഉള്ള സാധ്യത രാജശേഖര്‍ മേലധികാരികളെ അറിയിച്ചു. പെട്ടെന്ന് ഒരു സാഹസത്തിന് മുതിരണ്ട എന്ന് അവരും കല്‍പ്പിച്ചു.

സമയം മെല്ലെ നീങ്ങി. ഒടുവില്‍, അവര്‍ കൂടി ഒരു തീര്‍പ്പ്‌ കല്‍പ്പിച്ചു. എന്തായാലും ഇതിന്‍റെ പേരില്‍ കന്യകയെ അറസ്റ്റ് ചെയ്യില്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്ന പരിഗണന, പിന്നെ ഭക്തിയിലടിമപ്പെട്ട് എപ്പോഴോ അബദ്ധത്തില്‍ സംഭവിച്ചത് എന്നൊക്കെ കലക്ടര്‍ പോലും മാധ്യമങ്ങളിലൂടെ പറയാന്‍ തുടങ്ങി. ഇവിടെ ആരും ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല. ഇനി അങ്ങിനെ ഒട്ടും ചെയ്യുകയും ഇല്ല. ആയതിനാല്‍ ഏവരും ക്ഷേത്രാങ്കണത്തില്‍ നിന്നും പിരിഞ്ഞു പോകണം എന്നും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്തുവാന്‍ പാടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവള്‍ പോലീസിന്‍റെ നിയന്ത്രണത്തില്‍ സ്വന്തം വീട്ടില്‍ തടങ്കലില്‍ ആയിരിക്കും. കേസ് അതിവേഗ കോടതി പരിഗണിയ്ക്കും. അതുവരെ അങ്ങിനെ ചെയ്യുകയേ പോലീസിന് നിര്‍വാഹമുള്ളു എന്നും കക്കിചേരിയിലെ നല്ലവരായ ജനങ്ങള്‍ അതിനു സഹകരിയ്ക്കണം എന്നും കലക്ടര്‍ പറഞ്ഞു.

കളക്ടര്‍ ഇങ്ങനെ ഉത്തരവിട്ടതോട് കൂടി, അദ്ദേഹം പറഞ്ഞതെല്ലാം സമ്മതിച്ച്‌, ജനക്കൂട്ടം മെല്ലെ ശാന്തരാകാന്‍ തുടങ്ങി. സേനന്റെ ശരീരം പോലിസ് ക്ഷേത്രാങ്കണത്തില്‍ നിന്നും എടുത്തുമാറ്റി. കന്യകയെയും കൂട്ടി നന്ദനയും, ദേവനും, പാറുവും, ഇന്ദിരയും ഒപ്പം രാജശേഖറും ദേവനന്ദനത്തിലേയ്ക്ക് നടന്നു.....
************
പിന്നെയും രാവുകളും പകലുകളും മറഞ്ഞുപോയി. ഒടുവില്‍, കന്യകയുടെ കേസ് അതിന്‍റെതായ പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ അതിവേഗകോടതി പരിഗണിയ്ക്കുകയുണ്ടായി. ഒരു ക്രിമിനല്‍ പശ്ചാത്താലവും  ഇല്ലാത്ത ഒരു പാവം പെണ്‍കുട്ടി, കക്കിചേരിയിലെ തന്നെ ഏറ്റവും നല്ല കുടുംബം,  ഏവര്‍ക്കും മാതൃകയായ വ്യക്തിത്വത്തിനുടമയുടെ മകള്‍.. അങ്ങിനെ ഒരുപാട് പരിഗണനകള്‍കൊണ്ടും, ഒരു പാവം പെണ്‍കുട്ടിയുടെ മുന്നോട്ടുള്ള നല്ല ജീവിതം പരിഗണിച്ചും, മരിച്ച വ്യക്തിയുടെ ദുര്‍നടപ്പും, സേനന്‍റെ കൈകൊണ്ട് മരണപ്പെട്ട പനീറിന്‍റെ കൊലപാതകം അന്വേഷിയ്ക്കുന്ന ശരത്തിന്‍റെ "സേനന്‍ ആ കൊലപാതകത്തിലെ പിടികിട്ടാപ്പുള്ളി" എന്ന മൊഴിയും കോടതി പ്രത്യേകം രേഖപ്പെടുത്തി.

കക്കിചേരിയിലെ ദേവിയുടെ മുന്നില്‍ ഇങ്ങനെ ഒരു ആഘോഷം ഇനിമുതല്‍ പാടില്ലെന്നും, കോടതിയുടെ വിധി പൂര്‍ണ്ണമായും അംഗീകരിയ്ക്കുന്നുവെന്ന കക്കിചേരിയിലെ നല്ലവരായ ജനങ്ങളുടെ ഉറപ്പും കണക്കിലെടുത്ത് കന്യകയെ നിരുപാധികം വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയുണ്ടായി.

കന്യക എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിതയായത്തോടെ കക്കിചേരിയില്‍ സന്തോഷം കളിയാടി. പിന്നെ ഒരിക്കല്‍ കൂടി അവസാനതുള്ളല്‍ തുള്ളി തളര്‍ന്ന് നില്‍ക്കുന്നൊരു കന്യകയെ സൃഷ്ടിയ്ക്കാന്‍ കക്കിചേരിയ്ക്കായതുമില്ല. ആയതിനാല്‍ ഇന്നും കക്കിചേരിയുടെ സ്വന്തം ദേവി എന്നറിയപ്പെടാന്‍ അവള്‍ തന്നെ വിധിക്കപ്പെടുകയായിരുന്നു. വര്‍ഷം ഒന്നും കഴിഞ്ഞുപോയപ്പോഴും... കാലവര്‍ഷം ദേവനന്ദനത്തിന്‍റെ മുറ്റത്ത് തുള്ളിതുള്ളിക്കളിയ്ക്കുമ്പോഴും പാദം വരെ ഞാണുകിടക്കുന്ന പാവാടത്തുമ്പ് അല്‍പ്പം മേല്‍പ്പോട്ടുയര്‍ത്തി അവള്‍ മുറ്റത്തേയ്ക്കിറങ്ങും... നന്ദനയുടെ സ്നേഹത്തോടെയുള്ള വിളി ആ തണുത്ത കാറ്റിലും മഴയിലും പാറി അവളുടെ കാതുകളില്‍ വീഴുമ്പോഴും അവള്‍ മുത്തുമണികള്‍ ചിതറും പോലെ ചിരിയ്ക്കും.... ആഘോഷങ്ങള്‍ ഇഷ്ടമില്ലാത്തവളെപ്പോലെ പാറു, കതകിന്‍റെ ഓരം ചേര്‍ന്ന് നിന്ന് കന്യകയുടെ കുസൃതികള്‍ കാണും. ദേവന്‍റെ നെഞ്ചിലേയ്ക്ക് ചാരി നിന്നു നന്ദന സ്വന്തം വയറില്‍ മെല്ലെ തടവിക്കൊണ്ട് ഇപ്പോഴും പറയും...

"ദേവേട്ടാ... ഏട്ടന്‍റെ നന്ദു എത്ര ഭാഗ്യവതിയാ... ഇങ്ങനെ ദേവതയെപ്പോലെ ഒരു മകളെ പേറി നടക്കാനും, പ്രസവിയ്ക്കാനും വളര്‍ത്താനും എനിയ്ക്കായല്ലോ...!!! അപ്പോള്‍ ദേവന്‍ അവളുടെ മുഖം കൈകളില്‍ ചേര്‍ത്ത് പിടിച്ച് ചുംബിക്കും... തന്‍റെ മുന്നില്‍ നിന്നു പരസ്പരം സ്നേഹിയ്ക്കുന്ന അച്ഛനെയും അമ്മയെയും നോക്കി കന്യക അപ്പോഴും പൊട്ടിപ്പൊട്ടിചിരിക്കും.....  അവളുടെ കാറ്റിലലിഞ്ഞ ചിരി കക്കിചേരിയെ താണ്ടിത്താണ്ടി അകലങ്ങളിലേയ്ക്ക് മാഞ്ഞുമാഞ്ഞുപോകും... 

(അവസാനിച്ചു)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 41

ഒടുവില്‍, കക്കിചേരിയിലെ ജനങ്ങള്‍ സന്തോഷത്തോടെ, വൃതശുദ്ധിയോടെ കാത്തിരുന്ന ആ ദിനം വന്നു. ഒട്ടുമിക്ക വീടുകളുടെ മുന്നിലും അടുപ്പുകൂട്ടി പാവങ്ങള്‍ക്കായി അന്നവിതരണം  നടക്കുന്നു. കക്കിചേരി വര്‍ഷങ്ങളായി അങ്ങിനെയാണ്. ആരുടേയും സമ്പാദ്യങ്ങള്‍ കക്കിചേരിയിലെ ദേവി സ്വീകരിക്കാറില്ല. അത് അവര്‍ ഓരോരുത്തരും അവര്‍ക്കാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് നല്‍കുക. അന്നമായോ, വസ്ത്രമായോ, പണമായോ.. അങ്ങിനെ..!!!

ദേവനന്ദനത്തിലും നന്ദന വളരെയേറെ തിരക്കിലാണ്. മുറ്റം നിറയെ ഓടിനടന്നവള്‍ പാവപ്പെട്ടവര്‍ക്ക് വച്ചുവിളമ്പി. സഹായത്തിന് കൂടെ ദേവനും, പാറുവും, കന്യകയും. തിരക്കൊഴിഞ്ഞപ്പോള്‍, പാറുവും കന്യകയും വീടിനകത്തേയ്ക്ക് കയറി. പിന്നെയവര്‍ അണിഞ്ഞൊരുങ്ങി പുറത്തേയ്ക്ക് വന്നു. കന്യകയ്ക്ക് മനസ്സില്‍ വല്ലാത്ത സന്തോഷവും അതിലേറെ അത്ഭുതവും തോന്നി. കാരണം മാസങ്ങള്‍ക്ക് ശേഷം തന്‍റെ ചേച്ചിയെ ഇത്രയേറെ സന്തോഷവതിയായി അവള്‍ കാണുന്നത് ഇത് ആദ്യമാണ്. എവിടെയും ഒരു ഉത്സവലഹരി തന്നെ. ബുദ്ധിമതിയായ കന്യക സേനനെ അമ്പലമുറ്റത്ത് കണ്ടകാര്യം പാറുവിനോട് പറഞ്ഞതും ഇല്ല. നന്ദനയുടെ ക്ഷണപ്രകാരം ഇന്ദിര ദേവനന്ദനത്തിലേയ്ക്ക് വന്നു. ഏവരും ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചു. കാറ്റിന്‍റെയും കാറിന്‍റെയും തേരേറി സമയം മെല്ലെമെല്ലെ നീങ്ങി.

പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശം മെല്ലെമെല്ലെ മങ്ങാന്‍ തുടങ്ങി. പടിഞ്ഞാറന്‍ ചക്രവാളം മുഷിഞ്ഞവസ്ത്രങ്ങളണിഞ്ഞൊരു ചുമട്ടുകാരിയെപ്പോലെ മുറുക്കിചുവന്ന് നീങ്ങാനും തുടങ്ങി. ഇനി തിടമ്പേറ്റി നീങ്ങുന്ന ഗജവീരന്മാരും, ഭക്തിയില്‍ ആടിമറിയുന്ന വേഷക്കാരും, ബാന്റ്മേളക്കൊഴുപ്പും ഒക്കെ കൊണ്ട് കക്കിചേരി ഉണരുകയായി. അങ്ങിനെ,  ഇനി മുന്നിലുള്ള ഒരു രാവ് മുഴുവന്‍ കക്കിചേരി ഉണര്‍ന്നു തന്നെയിരിക്കും.  ഊരുചുറ്റി തിരിച്ചുവരുന്ന എഴുന്നള്ളത്ത്‌ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ തീവട്ടി തുള്ളി ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് സങ്കല്പം. അതിനു, ഓരോ വീടിന്‍റെയും അനുഗ്രഹങ്ങളായ പെണ്‍കുട്ടികള്‍ തന്നെ വേണം എന്നത് വര്‍ഷങ്ങളായുള്ള സങ്കല്‍പ്പവും. തീവെട്ടി തുള്ളലിനൊടുവില്‍ തളരാതെ നില്‍ക്കുന്ന അവസാനത്തെ പെണ്‍കുട്ടി "ദേവിയുടെ അനുഗ്രഹംകൊണ്ടവള്‍" എന്ന് അടുത്ത ആണ്ടുവരെ കക്കിചേരി പറഞ്ഞുനടക്കും. അടുത്ത ആണ്ടില്‍ മറ്റൊരു പെണ്‍കുട്ടി അങ്ങിനെ അനുഗ്രഹീതയാകുന്നത് വരെ അവള്‍ തന്നെയായിരിക്കും ആ നാടിന്‍റെ ദേവിയും ഐശ്വര്യവും...!!

അങ്ങിനെ, നാടിന്‍റെ നാനാഭാഗത്തും നിന്നും വൃതശുദ്ധിയോടെ ക്ഷേത്രത്തില്‍ എത്തി, അവര്‍ക്കായി ക്ഷേത്രാങ്കണത്തില്‍ തന്നെ തീര്‍ത്തിട്ടുള്ള മുറികളില്‍ കയറി അണിഞ്ഞൊരുങ്ങി, നിരനിരയായി, പിന്നെ വട്ടത്തില്‍ ദേവിയുടെ ദൃഷ്ടിയ്ക്ക് മുന്നില്‍ പെണ്‍കുട്ടികള്‍ ഓരോന്നും വന്ന് നില്‍ക്കാന്‍ തുടങ്ങി. വോളണ്ടിയര്‍മാര്‍ അവരെ ക്രമാനുസരണം നിര്‍ത്തുവാനും തുടങ്ങി. അതിമനോഹരമായി ഒരുങ്ങി കന്യകയും ആ നിരയിലേയ്ക്ക് മെല്ലെമെല്ലെ നടന്നുവന്നു. ചുവന്ന വര്‍ണ്ണത്തിലുള്ള പട്ടുചേല ചുറ്റി, കൈകളില്‍ നിറയെ ചുവന്ന വളകളും, നെറ്റിച്ചുട്ടിയും, കണ്പീലികളില്‍ കണ്മഷിയും, മൂക്കുത്തിയും, കാല്‍ചിലങ്കകളും ഒക്കെ അണിഞ്ഞ് അവള്‍ ഒരു മാലാഖയെപ്പോലെ, തെളിഞ്ഞുനിന്ന ആ വെട്ടത്തിലേയ്ക്ക് വന്നുനിന്നു. കന്യകയുടെ കണ്ണുകളിലെ ആകാംഷ കണ്ട് നന്ദന അവള്‍ക്ക് പുറകില്‍ വന്ന് മെല്ലെ ചോദിച്ചു.

"മോളെ..!!! കന്യൂട്ടി എന്തായിത്..?? മോള്‍ക്ക്‌ ഭയം തോന്നുന്നുണ്ടോ..??

"ഇല്ലമ്മേ...!! എന്തിന് ഭയക്കണം...??? നന്ദനയോട് മറുപടിയായി അവളത് പറയുമ്പോഴും ചുറ്റും നില്‍ക്കുന്ന പുരുഷാരത്തില്‍ അവളുടെ കണ്ണുകള്‍ പരതിനടന്നു. അവളേത് രൂപം മനസ്സില്‍ സങ്കല്‍പ്പിച്ചുവോ ആ രൂപം മാത്രം അപ്പോള്‍ അവള്‍ക്കവിടെ കാണുവാന്‍ കഴിഞ്ഞില്ല. പിന്നെയവള്‍ ചുറ്റിനില്‍ക്കുന്ന പെണ്‍കുട്ടികളെ ഓരോരുത്തരെയും വീക്ഷിക്കാന്‍ തുടങ്ങി. പുലരിപോലെ വെട്ടം നിറഞ്ഞുനിന്ന ആ അങ്കണത്തില്‍, അങ്ങ് ദൂരേയ്ക്ക് ആകാംഷരായി, ദേവിയുടെ സാന്നിധ്യം തിരിച്ചുവരുന്നതും കാത്ത് നില്‍ക്കുകയാണ് അവര്‍.

ഒരര്‍ത്ഥത്തില്‍ അവിടം തെല്ലു നിശബ്ദം തന്നെയാണ്. ഇടയ്ക്ക് ചുവടുകള്‍ അനക്കുന്ന പെണ്‍കുട്ടികളുടെ കാല്‍ചിലങ്കകളുടെ ശബ്ദം ഒഴിവാക്കിയാല്‍..!!  നിശ്ചലമായ നിമിഷങ്ങള്‍ നീങ്ങവേ, ആ പുരുഷാരത്തിനിടയിലേയ്ക്ക് ക്ഷേത്രത്തിലെ രണ്ടാം ശാന്തിക്കാരന്‍ ഊട്ട് പുരയില്‍ നിന്നും നടന്നു വന്നുകയറി. അയാള്‍ ഇടത് കൈയില്‍ കരുതിയിരുന്ന കിണ്ടിയില്‍ നിന്നും പനിനീര്‍ അടങ്ങിയ പുണ്യജലം തന്‍റെ വലത് കൈകളിലേയ്ക്ക് എടുത്ത് പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് കുടഞ്ഞെറിഞ്ഞു. പുരുഷന്മാരുടെ ഇടയില്‍ നിന്നും അപ്പോഴേയ്ക്കും ഒരാള്‍ പറഞ്ഞു.

"എത്തി...എത്തി..!!  എഴുന്നള്ളത്ത് തിരിച്ചെത്തി. ഇനി ഏവര്‍ക്കും മുന്നിലേയ്ക്ക് നടക്കാം..."

അയാളുടെ വാക്കുകള്‍ കേട്ട് ചിലര്‍ പടികളിറങ്ങാന്‍ തുടങ്ങി. താഴെയെത്തിയ എഴുന്നള്ളത്തില്‍ നിന്നും ഗജവീരന്മാരെ തിടമ്പുകളിറക്കി ക്ഷേത്രത്തിന്‍റെ പിന്‍ഭാഗത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി. വാദ്യമേളക്കാരും മെല്ലെമെല്ലെ അരങ്ങൊഴിഞ്ഞു. ഇനിയാണ് തീവട്ടി തുള്ളല്‍. ചെമ്പട്ട് കൊണ്ട് പൊതിഞ്ഞ ദേവിയുടെ കല്‍രൂപം കൈകളില്‍ ഏന്തി ഒന്നാം ശാന്തിക്കാരന്‍ മെല്ലെ മുന്നിലേയ്ക്ക് വന്നു. പിന്നെ പടികള്‍ ഓരോന്നും കയറിവന്ന് അയാള്‍ വഴിയൊഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഇടയിലൂടെ ക്ഷേത്രാങ്കണത്തിന് നടുവിലായി നിലയുറപ്പിച്ചു.  അവിടെ നിറഞ്ഞ ദേവിസ്തുതികളും പൂജയും കഴിഞ്ഞ് അയാള്‍ അമ്പലത്തിനുള്ളിലേയ്ക്ക് പോകാനായി തിരിഞ്ഞു ചുവട് വച്ചു. അതോടെ, അതുവരെ ഒരറ്റത്ത് ശാന്തമായി നിന്നിരുന്ന തായമ്പക മേളക്കാരനില്‍ ഒരാള്‍ തന്‍റെ കൈയിലിരുന്ന ചെണ്ടക്കോല്‍  ആഞ്ഞടിച്ചു. നിശബ്ദം നിന്നിരുന്ന പെണ്‍കുട്ടികള്‍ ജാഗരൂകയായി. പിന്നെ അത് നിമിഷങ്ങള്‍ ഇടവേളകൊടുത്ത് താളത്തില്‍ അടിയ്ക്കാന്‍ തുടങ്ങി. മെല്ലെമെല്ലെ അതങ്ങിനെ സുഖകരമായ താളത്തില്‍ ഉച്ചസ്ഥായിയിലാവാന്‍ തുടങ്ങി.  മൈക്കിലൂടെ അറിയിപ്പ് വന്നതോടെ പെണ്‍കുട്ടികളുടെ പിന്നില്‍ നിന്നിരുന്ന ഏവരും പിന്നിലേയ്ക്ക് മാറാന്‍ തുടങ്ങി. ദേവിരൂപം ക്ഷേത്രത്തിന് ഉള്ളില്‍ വച്ച്, പൂജകഴിഞ്ഞ്, പൂജാതട്ടം വൃതക്കാരുടെ മുന്നിലേയ്ക്ക് വന്നു. ഓരോരുത്തരും അതിലെ അഗ്നിയെ തൊട്ടു നമിച്ചു.

ഊട്ടുപുരയുടെ പിന്നിലെ ചമയപ്പുരയ്ക്കുള്ളില്‍ നിന്നും, തുണികൊണ്ട് മുനചുറ്റപ്പെട്ട അഞ്ച് മുനകളുള്ള തീവെട്ടി ഓരോരോ പെണ്‍കുട്ടികളുടെ കൈകളിലും എത്തപ്പെട്ടു. പിന്നെ അതില്‍ ചുറ്റപ്പെട്ടിരുന്ന തുണികള്‍ ഓരോന്നും വിളക്കെണ്ണയാല്‍ നനയ്ക്കപ്പെട്ടു. പുറകെതന്നെ അതിലേയ്ക്ക് ദീപവും കൊളുത്തപ്പെട്ടു. കന്യക തന്‍റെ കൈയിലിരിക്കുന്ന തീവട്ടി തിളങ്ങുന്ന കണ്ണുകളോടെ ഒന്ന് നോക്കി. തായമ്പക പതിയെപ്പതിയെ മുറുകാന്‍ തുടങ്ങി. അതിനൊപ്പം, പുരുഷാരം മെല്ലെമെല്ലെ താളം പിടിച്ചു. പെണ്‍കുട്ടികള്‍ ഭക്തിയുടെ ലഹരിയിലാണ്ട പോലെ മെല്ലെമെല്ലെ ചലിയ്ക്കാന്‍ തുടങ്ങി. പിന്നെയവരുടെ ചലനങ്ങള്‍ വേഗത്തിലായി. മിനുട്ടുകള്‍ അങ്ങിനെ ഒരേ താളത്തില്‍ തുള്ളവേ,  ക്ഷേത്രാങ്കണത്തില്‍ തളര്‍ന്ന അവരുടെ നിശ്വാസം വീഴാന്‍ തുടങ്ങി. തീവെട്ടിയില്‍ നിന്നും ചിതറിത്തെറിച്ച എണ്ണത്തുള്ളികള്‍ വീണ് ചിലര്‍ക്ക് പൊള്ളലേറ്റു. ചില പെണ്‍കുട്ടികള്‍ വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. മറ്റുചിലര്‍ തളര്‍ന്നുവീഴാനും തുടങ്ങി. പെട്ടെന്ന് തന്നെ ക്ഷേത്രഭാരവാഹികളും കുടുംബക്കാരും ഒക്കെ ചേര്‍ന്ന് അവരെ എഴുന്നേല്‍പ്പിച്ചു മാറ്റി. അമ്പതോളം കന്യകമാരില്‍ തുടങ്ങിയ താളം ഇപ്പോള്‍ പത്തോളം പേരില്‍ എത്തി നില്‍ക്കുന്നു. ഇനിയാണ് ശരിയ്ക്കുള്ള തുള്ളല്‍. കാരണം അവസാനം വരെ തുള്ളുന്നവള്‍ ദേവിയുടെ അനുഗ്രഹം കിട്ടിയവള്‍ എന്ന സങ്കല്‍പ്പം ഓരോരുത്തരെയും ആ കൂട്ടത്തില്‍ നിന്നും പിന്മാറാന്‍ മനസ്സവദിച്ചില്ല.

താളത്തില്‍ തുള്ളിവന്ന കന്യകയും വല്ലാതെ കിതയ്ക്കാന്‍ തുടങ്ങി. അവളുടെ കെട്ടിവച്ച മുടിയിഴകള്‍ അഴിഞ്ഞുവീണു. മുഖത്തേയ്ക്ക് ചിതറിവീണ അതിനിടയിലൂടെ, അവളില്‍ നിന്നും ദൂരെമാറി, തന്നെത്തന്നെ വേദനയോടെ, ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന അച്ഛനെയും, അമ്മയെയും, ഇന്ദിരാമ്മയെയും അവള്‍ കണ്ടു. ഒപ്പം എവിടേയ്ക്കോ മിഴികള്‍ അര്‍പ്പിച്ച്, കണ്ണുകളില്‍ അല്‍പ്പം ഭയത്തോടെ നില്‍ക്കുന്ന തന്‍റെ പാറൂച്ചീയേയും. കന്യകയുടെ മനം ഒന്ന് പിടഞ്ഞു. തളര്‍ന്നുകൊണ്ടിരുന്ന അവളില്‍ പെട്ടെന്ന് വീര്യം കൂടിയപോലെ, അവളുടെ പാദചലനങ്ങള്‍ വേഗത്തിലായി. ഒപ്പം വിയര്‍പ്പുകണങ്ങള്‍ ഇറ്റുവീണ മുടിയിഴകള്‍ക്കിടയിലൂടെ അവള്‍ കണ്ടു.. ആ രൂപം. ആള്‍ക്കൂട്ടത്തില്‍ മുന്നില്‍ വന്നു നില്‍ക്കുന്ന സേനനെ. പാറുവിനെത്തന്നെ കൊതിയോടെ നോക്കുന്ന അവന്‍റെ കാമദൃക്ഷ്ടികളെ.!!

സേനന്‍ തന്‍റെ മുന്നില്‍ തുള്ളിവിറയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടതേയില്ല. പലതവണ കന്യക അവനുമുന്നിലൂടെ തുള്ളിമറഞ്ഞിട്ടും ചലനമറ്റ് അവന്‍ നോക്കിനിന്നത് പാറുവിനെയാണ്.  കന്യകയുടെ മനസ്സ് ഒരു നിമിഷം പതറി. അവള്‍ കൈയിലിരുന്ന തീവട്ടി ഒരു അലര്‍ച്ചയോടെ ആള്‍ക്കൂട്ടത്തിലേയ്ക്ക് വീശിമാറി. അതിലെ തീയ് ഒരു പ്രത്യേക "ഭും" കാരത്തോടെ ആളിക്കത്താന്‍ തുടങ്ങി. ഭക്തിയുടെ ലഹരിമൂത്തപോലെ അവള്‍ അലറിവിളിച്ചു. ആള്‍ക്കൂട്ടത്തില്‍ പലരും പിന്നിലേയ്ക്ക് ചലിച്ചു. ക്ഷേത്രത്തിലെ മണി ഒച്ചത്തില്‍ അടിയ്ക്കാന്‍ തുടങ്ങി. അവളുടെ പിന്നില്‍ നിന്ന പെണ്‍കുട്ടികള്‍ തളര്‍ന്നു നിലത്തേയ്ക്ക് മുട്ടുകുത്തിവീണു. അവരുടെ കൈകളിലെ തീവെട്ടി ദൂരേയ്ക്ക് തെറിച്ചുവീണു. ജനക്കൂട്ടവും കന്യകയുടെ ലഹരിയ്ക്കൊപ്പം സഞ്ചരിയ്ക്കാന്‍ തുടങ്ങി. ഇളകിമറിഞ്ഞ ജനക്കൂട്ടവും, കന്യകയുടെ അട്ടഹാസവും ഒന്നും സേനന്‍ കണ്ടതും കേട്ടതുമില്ല. അവനെത്തന്നെ നോക്കുന്തോറും അവള്‍ അറിയാതെ തന്നെ രുദ്രരൂപം പൂണ്ട ദേവിയായി. അവസാനത്തെ ആട്ടക്കാരിയായി അവള്‍ ആര്‍ത്തുചിരിച്ചു. പിന്നെ തന്‍റെ കൈയിലിരുന്ന തീവെട്ടി അവള്‍ സേനന്‍റെ നേര്‍ക്ക്‌ ആഞ്ഞുവീശി. പതിവുപോലെ അതിന്റെ ചലനങ്ങള്‍ക്കൊപ്പം ചരിഞ്ഞുമാറിയ പുരുഷാരത്തിനരുകിലൂടെ അത് സേനന്‍റെ നെഞ്ചില്‍ തറച്ചു. ഹൃദയത്തില്‍ നിറഞ്ഞ അവന്‍റെ ചോരത്തുള്ളികളില്‍ മുങ്ങി ആ തീയ് ഒരു ശബ്ദത്തോടെ   അണഞ്ഞു. സേനന്‍ പ്രാണവേദനയോടെ നിലവിളിച്ചു. കന്യക ശക്തിയോടെ അവന്‍റെ ശരീരത്തില്‍ നിന്നും അത് വലിച്ചെടുത്തു. സേനന്‍ നെഞ്ചിലേയ്ക്ക് ഒന്ന് പൊത്തിപ്പിടിച്ചു. പിന്നെ പിന്നിലേയ്ക്ക് മറിഞ്ഞു. മണ്ണില്‍ നിന്നും അവന്‍റെ ശരീരം ഉയര്‍ന്നു പൊങ്ങി പിടയ്ക്കാന്‍ തുടങ്ങി. പിന്നെയും, കന്യക ഇതൊന്നും അറിയാത്തപോലെ മുടിയഴിച്ച് തുള്ളിക്കൊണ്ടിരുന്നു. ജനക്കൂട്ടം ഭയത്തോടും, അത്ഭുതത്തോടെ അവളെ നോക്കി. നന്ദനയും, ദേവനും, പാറുവും, ഇന്ദിരാമ്മയും ഈ രംഗം കണ്ടു പകച്ചുപോയി. മുന്നില്‍ നടന്നതെന്തെന്ന് അവര്‍ ചിന്തിക്കുമ്പോഴും ദേവിയുടെ മുന്നില്‍ കന്യക തുള്ളുകയായിരുന്നു. അവളുടെ അടുത്തേയ്ക്ക് വരുവാന്‍ ഏവരും ഒന്ന് പകച്ചു. പിന്നെയും തുള്ളിക്കൊണ്ടിരുന്ന അവള്‍ ഒടുവില്‍ ദേവിയുടെ തിരുസന്നിധിയില്‍ മുഖാമുഖം വന്നു. പിന്നെ തളര്‍ന്നു നിന്നു കിതയ്ക്കാന്‍ തുടങ്ങി. കൈയിലിരുന്ന തീവെട്ടി നിലത്തേയ്ക്കിട്ട് അവള്‍ ദേവിയുടെ മുന്നില്‍ മുട്ടുകുത്തി വീണു.  അതോടെ വശങ്ങളില്‍ നിന്നും അവള്‍ക്ക് ചുറ്റും വന്ന് പോലീസും, ജനക്കൂട്ടവും വളഞ്ഞു നിന്നു.   

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 40

രാജശേഖര്‍ സ്റ്റേഷന്‍ വിട്ട് പുറത്തേയ്ക്കിറങ്ങി. ശരത്തിന് താന്‍ വല്ലാതെ കൊച്ചാകുന്നത് പോലെ തോന്നി. അയാള്‍ ചിന്തിച്ചു. ഈ വിഷമത്തില്‍ നിന്നും ഒന്ന് കരകയറാന്‍ കുറച്ചുനാള്‍ അവധി എടുത്താലോ എന്ന്. ചിന്തകള്‍ക്കൊടുവില്‍ ശരത് അങ്ങിനെ തന്നെ തീര്‍ച്ചപ്പെടുത്തി. ഒടുവില്‍ അയാള്‍ പതിനഞ്ച് നാള്‍ അവധിയിലേയ്ക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു.

ദിവസങ്ങള്‍ മെല്ലെ മെല്ലെ കടന്നു പോയി. പനീറിന്‍റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ ആരും തന്നെ ഒന്നും പറയാറില്ല. പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും ശരത് അവധിയില്‍ പ്രവേശിച്ചതോടെ ആരും അതിനു വേണ്ടി ഉത്സാഹം കൊണ്ടതും ഇല്ല. കാരണം, ഒരു കൊലപാതകം അന്വേഷിച്ച് കണ്ടെത്തണം എന്നതില്‍ ഉപരി ആരും പനീറിന് വേണ്ടി ഒരു പരാതി പോലും നല്‍കിയിരുന്നില്ല.

പനീറിന്‍റെ മരണം നല്‍കിയ നടുക്കം വിട്ടുമാറിയിരുന്നില്ല എങ്കിലും,  തന്നെയാരും സംശയിക്കുന്നില്ലല്ലോ എന്ന തിരിച്ചറിവ് സേനന്‍റെ മനസ്സിലേയ്ക്ക് വീണ്ടും കേരളത്തിലേയ്ക്ക് തന്നെ വണ്ടി കയറുവാനൊരു പൂതി വന്നു നിറച്ചു. അല്ലെങ്കില്‍ തന്നെ അവനില്‍ എപ്പോഴോ അരുതാത്ത ചില വികാരങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയിരുന്നു. രണ്ടു പുരുഷന്മാരാല്‍ ഭോഗിക്കപ്പെട്ട്,  ഇനിയൊരു ശ്രേഷ്ഠമായ ജീവിതലക്ഷ്യമില്ലാതെ ജീവിക്കുന്ന പാറു അവന്‍റെ മനസ്സില്‍ ഒരു വികാരമായി വീണ്ടും പിറവിയെടുത്തു. ഇനി അവളെ തന്‍റെ ലക്ഷ്യത്തിലേയ്ക്ക് കൊണ്ടുവരുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമായി അവന്‍റെ മനസ്സില്‍ തോന്നി. കാരണം ഇതുവരെ നടന്നതെല്ലാം ലോകമറിയാതെയിരിക്കാന്‍ അവള്‍ ഇനിയും തന്‍റെ ആഗ്രഹങ്ങള്‍ക്ക് വശംവദയാകും എന്നവന്‍ മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു.
**************
അങ്ങിനെ, കന്യകയുടെ വൃതം ഏഴ് നാള്‍ പിന്നിട്ടു. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കക്കിചേരിയിലെ ഓരോരോ നിരത്തുകളും വര്‍ണ്ണാലംകൃതമാകാന്‍ തുടങ്ങി. പടര്‍ന്നുപന്തലിച്ച ഓരോ വൃക്ഷത്തലപ്പുകളിലും പല നിറങ്ങളിലുള്ള വൈദ്യുതവിളക്കുകള്‍ മിന്നിത്തെളിഞ്ഞു. ഇനി ദേവിയുടെ മുന്നില്‍ സര്‍വവും അര്‍പ്പിച്ച് കന്യകമാര്‍ തുള്ളുന്നതിനു വെറും അഞ്ചു ദിവസം കൂടി ബാക്കി. കഠിനമായ വൃതം നോറ്റിരുന്ന കന്യകയുടെ പ്രാര്‍ത്ഥനകള്‍ കാറ്റിലലിഞ്ഞു. അവ തളരാതെ,  ദേശങ്ങള്‍ താണ്ടി ദൂത് പറഞ്ഞു. സേനന്‍റെ കാതുകളിലും അവയെത്തി മൂളിമറഞ്ഞു. അവന്‍റെ മനസ്സിലും വല്ലാത്തൊരു അസ്വസ്ഥത തളം കെട്ടി. എന്തുംവരട്ടെ. അവന്‍ തീരുമാനിച്ചു. അങ്ങിനെ ഒടുവില്‍ സേനന്‍ കക്കിചേരിയിലേയ്ക്ക് വണ്ടി കയറി.
****************
എട്ടാം നാള്‍ രാത്രി കന്യക പാറുവിന്‍റെ അരുകിലേയ്ക്ക് ചേര്‍ന്ന് കിടന്നു. ചേച്ചിയുടെ മെയ്യില്‍ കൈ ചേര്‍ത്ത് പിടിച്ച് കന്യക അവളോട്‌ പറഞ്ഞു.

"പാറൂച്ചി.... !!!

"ഉം..." കന്യകയുടെ വിളി കേട്ട അവള്‍ മൂളി.

"പാറൂച്ചി... ഇത്രയും നാള്‍ ഒരു ലക്ഷ്യവും മുന്നിലില്ലാതെ, ഒന്ന് പോലും മനസ്സില്‍ തെളിയാതെ നമ്മള്‍ രണ്ടാളും ജീവിച്ചു. എവിടെയൊക്കൊയോ രണ്ടാള്‍ക്കും പിഴച്ചു. അര്‍ത്ഥമില്ലാതെ എന്തൊക്കൊയോ നാം രണ്ടുപേരും ചെയ്തുകൂട്ടി. എങ്ങിനെയൊക്കെയോ ജീവിച്ചു. പക്ഷെ, ഇനി...ഇനി എന്‍റെ മുന്നിലൊരു ലക്ഷ്യമുണ്ട് ചേച്ചി..."

കന്യകയുടെ വാക്കുകള്‍ കേട്ട പാറു അവളുടെ നേരെ തിരിഞ്ഞുകിടന്നു. അപ്പോള്‍ ആ മുറിയിലെ മങ്ങിയ വെളിച്ചത്തില്‍,  പാറു തൊട്ടരുകില്‍  തന്നെത്തന്നെ നോക്കിക്കിടക്കുന്ന കന്യകയെ കണ്ടു. അവളുടെ മിഴികള്‍ അത്ഭുതം കൂറി. അതിനു കാരണവും ഉണ്ട്. കന്യകയുടെ മുഖത്തിന്‌ പറഞ്ഞറിയിക്കാന്‍ വയ്യാത്തൊരു സൗന്ദര്യം. പതിനേഴില്‍ ഇങ്ങനെ ഒരു അഴക്‌ അവള്‍ക്കുണ്ടാകും എന്ന് പാറു ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഇനിയിവളെ മോഹിക്കാത്ത ഒരു ആണ് കക്കിചേരിയില്‍ ഉണ്ടാവില്ല്യ എന്ന് തന്നെ അവള്‍ക്കു തോന്നിപ്പോയി. അവളുടെ കണ്ണിലെ കൃഷ്ണമണികള്‍ക്ക് എന്ത് കറുപ്പ്..!!! മുടിയിഴകളില്‍ ചിലത് അലസമായി നെറ്റിത്തടങ്ങളില്‍ തൊട്ടുകിടക്കുന്നു. കണ്പീലികള്‍ ചിലത് കരിമഷിയില്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നത് അവളിലെ സൗന്ദര്യം എത്ര പെട്ടെന്നാണ് വര്‍ദ്ധിപ്പിച്ചത്. ഇനിയും അത് കൂടുകയേ ഉള്ളൂ. പാറു കണ്ണുകള്‍ അടയ്ക്കാതെ അനുജത്തിയെ തന്നെ നോക്കി കിടന്നു. തന്‍റെ സൗന്ദര്യത്തില്‍ സ്വയം മതിമറന്ന് തെറ്റുകളില്‍ നിന്നും തെറ്റുകളിലേയ്ക്ക് പോകുമ്പോള്‍ താന്‍ ഒരിക്കല്‍ പോലും ആരെക്കുറിച്ചും ചിന്തിച്ചില്ല. വരും വരായ്കകളെക്കുറിച്ച് ബോധവതിയും ആയിരുന്നില്ല. എന്നാല്‍ ഇവള്‍.... ഇവള്‍ അങ്ങിനെയല്ല.......!!! പാറു ഒരുനിമിഷം ചിന്തയില്‍ ആണ്ടുപോയി.

"ചേച്ചീ... പാറൂച്ചീ... എന്തായിങ്ങനെ സ്വയം മറന്നു കിടക്കണേ...???

കന്യകയുടെ ചോദ്യം അവളെ ഞെട്ടിയുണര്‍ത്തിച്ചു.  അവള്‍ കന്യകയുടെ കണ്ണുകളില്‍ തന്നെ നോക്കിക്കിടന്നുവെങ്കിലും ഒന്നും ഉരിയാടിയില്ല. കക്കിചേരി മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതിവീണു. ദേവനന്ദനത്തില്‍ ഒരേ കിടക്കയില്‍ പാറുവും കന്യകയും പിന്നെയും പിന്നെയും എന്തൊക്കെയോ പറഞ്ഞു കിടന്നു. പതിയെപ്പതിയെ അലസമായ നിമിഷങ്ങളില്‍ ചിലതില്‍ കുടുങ്ങി ഇരുവരുടെയും മനസ്സ് തളര്‍ന്നു നിന്നു. ശാന്തമായ ആ രാവിനൊടുവില്‍, അവരും ഉറക്കത്തിലേയ്ക്ക് മെല്ലെവീണു.
**************
കക്കിചേരിയില്‍ വന്നിറങ്ങിയ സേനന്‍ വല്ലാത്ത സന്തോഷത്തിലായിരുന്നു. തനിയ്ക്ക് ചുറ്റും നിറഞ്ഞുകത്തുന്ന വിളക്കുകള്‍ അവനെ ലഹരി പിടിപ്പിച്ചു. കാരണം എത്ര ആണ്ടുകള്‍ ഈ മണ്ണില്‍,  ഈ ദേവിയ്ക്കൊപ്പം, ഇതേ ഉത്സവനാളുകളില്‍ താനും കക്കിചേരിയിലെ ഈ ജനങ്ങളുടെ ഭാഗമായിരുന്നു. ഇതുവരെയുള്ള ജീവിതത്തില്‍ ഇന്നുവരെ ഈ നാളുകള്‍ തനിയ്ക്കന്യമായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അങ്ങിനെയായിരുന്നില്ല ഇങ്ങനെ ചില നാളുകളുടെ ചിന്തകള്‍ പോലും മനസ്സില്‍ നിന്നും പോയി മറഞ്ഞിരുന്നു. എന്നിട്ടും ആ ഓര്‍മകള്‍ തന്ന് ദേവി തന്നെ ഇവിടേയ്ക്ക് കൂട്ടിക്കൊണ്ട് വന്നതുപോലെ അവന് തോന്നി. ഈവിധം ചിന്തിച്ചുകൊണ്ട്‌ അവന്‍ വിശാലമായ ആ അമ്പലമുറ്റത്ത് വന്നു നിന്നു. പിന്നെ തന്‍റെ കൈയിലിരുന്ന തോല്‍സഞ്ചി താഴെവച്ച് അവന്‍ അതിനരുകില്‍ ചേര്‍ന്നിരുന്നു.

നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ അവനു വല്ലാത്തൊരു അനുഭൂതി തോന്നി. പിന്നെ ഭൂതകാലഓര്‍മ്മകള്‍ വന്നു നിറയുമ്പോള്‍ അവനറിയാതെ തന്നെ പനീറും ഓര്‍മകളില്‍ വന്നു നിറഞ്ഞു. ഒപ്പം അവന്‍റെ ചില അളന്നുമുറിച്ച വാക്കുകളും.

"സേനാ... നാന്‍ എങ്ക പോയിരുന്താലും ഇന്ത നാളില് ഈയമ്മ മുമ്പ താന്‍ വരുവേം...!! ഉനക്ക് തെരിയുമാടാ ... ചിന്ന പൊണ്ണ്‍ങ്ങള് നമ്മുക്ക് മുന്നാലേ എല്ലാം മറന്ന് ആടുവേന്‍..!! അവര് അന്ത ഭക്തിയില് യാരെയും പാക്കമാട്ടെ. അന്ത തീ വെട്ടത്തില് അവങ്ങടെ നെഞ്ചമെല്ലാം അപ്പടിയേ നമ്മ മുന്നാലെ ആടുവേന്‍...!! ഹോ!!അത് അപ്പടിയേ പാത്തിട്ടിരിക്കാന്‍ എന്നാ സുകം....എന്നാലെ നെനച്ച് കൂട പാക്കമുടിയാത്...."

സേനന്‍ ആലോചിച്ചപ്പോള്‍ അത് ശരിയാണ്. താനും ആരും കാണാതെ ഇത്രയുംകാലം അതൊക്കെതന്നെയല്ലേ കണ്ടിരുന്നത്. പക്ഷെ, അന്നൊന്നും തോന്നാത്ത ഒരു വികാരം ഇന്ന് തന്‍റെ മനസ്സാകെ കീഴടക്കുന്നുവെന്ന് അവനു തോന്നി. അതിന് കാരണം പാറുവെന്ന ആ സുന്ദരി തന്നെയാണ്. ഒരു പെണ്ണിന്‍റെ ഉള്‍ചൂട് എന്ന് താന്‍ അറിഞ്ഞുവോ, ഇനി അതില്ലാതെ ജീവിയ്ക്കാന്‍ പറ്റില്ലെന്നും അവനു തോന്നി. അപ്പോഴും പനീറിന്‍റെ വാക്കുകള്‍ തന്നെ അവന്‍ മനസ്സിലോര്‍ത്തു. പാറുവിനെ തങ്ങളുടെ ഇംഗിതത്തിന് അടിമയാക്കി അനുഭവിച്ച ആ ദിനം, അവള്‍ അവിടെ നിന്നും തകര്‍ന്ന മനസ്സോടെ നടന്നകലുമ്പോള്‍, നിറഞ്ഞ മദ്യക്കുപ്പികള്‍ക്ക് മുന്നില്‍ സ്വയം ജ്വലിച്ചു നിന്ന് പനീര്‍ പറഞ്ഞ ആ വാക്കുകള്‍, അവര്‍ ഇരുവരും സംസാരിച്ചതൊക്കെയും,  ആ നിറഞ്ഞു കത്തുന്ന വെളിച്ചത്തില്‍ ഒരു മാറ്റൊലി പോലെ അവന്‍റെ കാതുകളില്‍ മുഴങ്ങിക്കേട്ടുകൊണ്ടേയിരുന്നു.

"ഇത്തനനാളും ഊര് തെണ്ടി നാന്‍ എന്ന സമ്പാദിച്ചതെന്ന് എനക്കെ പുരിയിലടാ.. ഇപ്പൊ കടവുളാ കാട്ട്രതാണ്ടാ ഇന്തവഴി... കാലയിലിരുന്ത് സായന്തനം വരേയ്ക്കും വീടോരം നടന്ന നീ എന്ന സമ്പാദിച്ചടാ...??? ഇനി നമ്മ എതുക്ക് യോസിക്കണം. യോസിക്ക തേവയെയില്‍ട്ര... അവള ഇനീം നമ്മ കൂപ്പിടണം... ഇനിമേ നമ്മ നെനയ്ക്കിന്ട്ര മാതിരിയേ അവള് നടക്കണം. അവള് പണം താടാ പണം...."

"നീ നെനയ്ക്കിന്ട്ര മാതിരി അത് നടക്കുമാന്നു എനക്ക് തെരിയിലടാ. അവളപ്പടിപ്പെട്ട ഒരു പെണ്ണ് കെടയാത്...." അവന്‍ അവന്‍റെ വാക്കുകളും ഓര്‍ത്തെടുത്തു.

"ഏടാ...സെന്റിമെന്ടാ.....അവളമ്മ പോട്ട ശാപ്പാട് സെന്ടിമെന്ടാ...." പനീര്‍ ലഹരിയിലാണ്ട് പറഞ്ഞ വാക്കുകള്‍...!! ഇല്ല അങ്ങിനെ ഒന്ന് തന്‍റെ മനസ്സില്‍ ഉണ്ടായിരുന്നോ..? അവന്‍ സ്വയമതിന് ഉത്തരവും കണ്ടെത്തി. "ഇല്ല. ഉണ്ടായിരുന്നില്ല."

"ഹേയ്..! ഒണ്ണ്‍മാകാത് ... യാര്‍ക്കിട്ടേടാ..?? യാര്‍ക്കിട്ട സൊല്ലൂടാ അന്ത പൊണ്ണ്‍... യാര്‍ക്കിട്ടേം സൊല്ലാത്. ഒനക്ക്‌ പെണ്ണെപ്പറ്റി തെരിയാത്... അതാം നീയിപ്പടി കവലപ്പെടറെ.... "കൂപ്പിടണം... അവള ഇനീം കൂപ്പിടണം...അവളവച്ച് എനക്ക് സമ്പാദിക്കണം... നെറെ സമ്പാദിക്കണം.."

ഇന്നിത് പറയാന്‍ പനീര്‍ തന്‍റെ മുന്നിലില്ല. സേനന് ഇത്രേം ആലോചിച്ചപ്പോള്‍ തന്നെ ചെറിയ ഉള്‍ഭയവും തോന്നി. അവന്‍റെ മരണത്തെക്കുറിച്ച് ആ ഒരു നിമിഷം അവന്‍ ഒന്ന് ഓര്‍ത്തു. "എങ്ങിനെ...??? എങ്ങിനെ അവന്‍ മരണപ്പെട്ടു...??? ആരു കൊന്നു...??? അവള്‍... അവള്‍ ..പാറൂ...!!! ഹേയ്.. ഒരു പാവം പെണ്ണിനെക്കൊണ്ട് അവനെ കൊല്ലാന്‍ സാധിക്കുമോ..?? ഇല്ല. ഒരിക്കലും ഇല്ല. അപ്പോള്‍ പിന്നെ ആര്..??? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കൊടുവില്‍ അവന്‍റെ മനസ്സിലൂടെ കന്യകയെന്ന സുന്ദരിയും കയറിക്കൂടി. ഇനി അവള്‍...??? ഹേയ്...!! അതെങ്ങിനെ..??? ഒരിക്കലും സംഭവിക്കില്ല... ഒരിക്കലും...!! ചിന്തിച്ചുകൊണ്ട്‌ അവന്‍ ആ സഞ്ചിയിലേയ്ക്ക് തലചായ്ച്ചു. നിലാവ് മെല്ലെമെല്ലെ പടിഞ്ഞാറേക്ക്‌ നീങ്ങി. തന്‍റെ സഞ്ചിമേല്‍ തലവച്ച് സേനന്‍ മെല്ലെമെല്ലെയുറക്കത്തിലേയ്ക്ക് വഴുതിവീണു.
**************
പുലരിവെട്ടം കക്കിചേരിയെ തൊട്ടുണര്‍ത്തി. കന്യക കുളിച്ചീറനടുത്ത് അമ്പലത്തിലേയ്ക്ക് നടന്നു. അവളുടെ തുമ്പ് കെട്ടിയിട്ട മുടിയിഴകളില്‍ നിന്നും ഉതിര്‍ന്നു വീണുകൊണ്ടിരുന്ന നീര്‍ത്തുള്ളികള്‍ കരിപ്പച്ചനിറത്തിലുള്ള അവളുടെ ഉടുപ്പിന്‍റെ പിന്‍ഭാഗം നനച്ച് കറുപ്പ്നിറത്തിലേയ്ക്ക് മാറ്റി. പ്രഭാതത്തിലെ കുളിര്,  നനഞ്ഞ അവളുടെ ശരീരം തണുപ്പിക്കുമ്പോഴും, നിറഞ്ഞു നിന്ന അവളുടെ മാറിനുള്ളിലെ ചൂട് അവളെ അപ്പോഴും  പൊള്ളിച്ചുകൊണ്ടിരുന്നു. അമ്പലമുറ്റത്ത് നിന്ന് പടികള്‍ കയറാന്‍ തുടങ്ങുമ്പോഴാണ് അവള്‍ ആ രൂപം ഒന്നില്ലാതെ കാണുന്നത്. ഒരു സഞ്ചിമേല്‍ തലവച്ചുറങ്ങുന്ന സേനനെ. ഒറ്റ നോട്ടത്തില്‍ തന്നെ കന്യകയ്ക്ക് അവനെ മനസ്സിലായി. അല്ലെങ്കില്‍ തന്നെ ജനിച്ചനാള്‍ മുതല്‍ അവള്‍ കാണുന്നവന്‍ അല്ലെ...?? ഏത് ഇരുട്ടത്തും അവനെ തിരിച്ചറിയുക അവള്‍ക്കു ശ്രമകരമല്ല. അവള്‍ ഒരുമിനിഷം തന്‍റെ വ്രതം മറന്നു. അവളുടെ നെഞ്ചിലെ തീ ഒന്നാളിക്കത്തി. അവന്‍റെ മുന്നിലേയ്ക്ക് അവള്‍ പോലുമറിയാതെ ചുവടുകള്‍ വച്ചു. പെട്ടെന്ന് അമ്പലത്തിനുള്ളിലെ ഭീമാകാരമായ ഓട്ടുമണി ഉച്ചത്തില്‍ മുഴങ്ങി. സേനന്‍ അതുകേട്ട് ഞെട്ടിയുണര്‍ന്നു. തന്‍റെ മുന്നില്‍ ഒരു നിഴലുപോലെ കണ്ട കന്യകയെ അവനും തിരിച്ചറിഞ്ഞു. കന്യകയും തന്‍റെ അരുതാത്ത ചിന്തകളില്‍ നിന്നും പെട്ടെന്ന് മുക്തയായി. തന്‍റെ നേരെ അത്ഭുതത്തോടെ നോക്കുന്ന അവനെ നോക്കി ഉള്ളില്‍ അടക്കിവച്ചിരുന്ന വൈരം മറന്ന് അവള്‍ ഒന്ന് ചിരിച്ചു. എങ്കിലും അവന്‍റെ മറുചിരി കാണാന്‍ കാത്തുനില്‍ക്കാതെ അവള്‍ ഉത്സാഹത്തോടെ ആ അമ്പലത്തിന്‍റെ ചവുട്ട് പടികള്‍ ഓരോന്നും ഓടിക്കയറി...

സേനന്‍ ആ ഇരുപ്പില്‍ തന്നെ അകലേയ്ക്ക് ഓടിമറയുന്ന അവളുടെ പിന്‍ഭാഗം കണ്ട് അന്തിച്ചിരുന്നു. പിന്നെ അവന്‍റെ മനസ്സ് ശാന്തമായി. അവന്‍റെ ചിന്തകള്‍ അവനെത്തന്നെ ഹരം പിടിപ്പിച്ചു.

"പാറു....പാറു മിടുക്കി തന്നെ. ഇതുവരെ അവള്‍ ഒരു കുഞ്ഞിനെപ്പോലും അറിയിച്ചിട്ടില്ല എന്നതിന് തെളിവല്ലേ കന്യകയുടെ ഈ നിറഞ്ഞ ചിരി. അല്ലെങ്കില്‍,  തന്നെ നോക്കി ഇവള്‍ക്കെങ്ങിനെ ഇങ്ങനെ ചിരിയ്ക്കുവാന്‍ കഴിയും..." അവനു വല്ലാത്ത ഉത്സാഹം തോന്നി. അതോടെ, കന്യകയുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് അവനിരുന്നു. കന്യകയ്ക്കും മറിച്ചായിരുന്നില്ല ചിന്തകള്‍. അവളുടെ പ്രാര്‍ത്ഥനകള്‍ ഓരോന്നും ദേവി കേള്‍ക്കുന്നുവല്ലോ എന്ന സന്തോഷത്തിലായിരുന്നു അവള്‍. പതിവ് പോലെ പെട്ടെന്ന് തന്നെയവള്‍ പ്രാര്‍ഥിച്ചു  തിരികെയിറങ്ങി. പിന്നെ മന്ദംമന്ദം സേനന്‍റെ അരുകിലേയ്ക്ക് നടന്നു ചെന്നു. കന്യകയെ കണ്ട അവന്‍ മെല്ലെ എഴുന്നേറ്റു. കന്യക ഒരു പുഞ്ചിരിയോടെ, മുഖവുരയേതുമില്ലാതെ അവനെ നോക്കി പറഞ്ഞു.

"ഞാന്‍ തുള്ളുവാ... ഈ ദേവീടെ മുന്നില്. അത് കാണാന്‍ വരണം. അന്നുവരണം. ആള്‍ക്കൂട്ടത്തില് ഞാന്‍ സേനനെ തേടും...." പിന്നെയവള്‍ അവന്‍റെ മറുപടി കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ നടന്നകന്നു. സേനന്‍ തന്‍റെ മുന്നില്‍ നടന്നതൊന്നും വിശ്വസിക്കാന്‍ കഴിയാതെ തരിച്ചു നിന്നു. ആ നില്‍പ്പില്‍ അങ്ങിനെ നിന്നവന്‍ ചിന്തിച്ചു.

"ഇവള്‍ക്കെന്ത് പറ്റി. ഇവളെ ഇതുപോലെ താന്‍ മുന്‍പ് കണ്ടിട്ടേയില്ല. എന്ത് സൗന്ദര്യമാണവളുടെ മുഖത്ത്..!!! ചേച്ചിയെപ്പോലെ ഇവളും എന്‍റെ ഉടലഴകില്‍ മതിമറന്നുവോ..??  അവന്‍ നിന്നയിടത്ത് നിന്നു മെല്ലെ തിരിഞ്ഞ് ക്ഷേത്രത്തിലേയ്ക്ക് നോക്കി കൈകൂപ്പി. എന്നിട്ടവന്‍ ഇങ്ങനെ പറഞ്ഞു.

"ന്‍റെ ദേവീ..!!!  നീയെന്തിനിങ്ങനെ ഞാന്‍ നിനയ്ക്കുന്നതെല്ലാം എനിയ്ക്ക് തരുന്നു..."

കണ്ണുകളടച്ചു നിന്ന അവന്‍റെ ഉള്‍ക്കണ്ണിന്‍ മുന്നില്‍ പക്ഷെ അപ്പോള്‍ കക്കിചേരിയിലെ ദേവിയായിരുന്നില്ല. മറിച്ച്, സൗന്ദര്യത്തിന്‍റെ വശ്യരൂപം പൂണ്ട  കന്യകയായിരുന്നു. ആ സൗന്ദര്യം ഓര്‍ക്കുമ്പോള്‍ അമ്പലമുറ്റം എന്ന് പോലും ഓര്‍ക്കാതെ അവനിലെ പൗരുഷം വലിഞ്ഞുമുറുകി.

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 39

കന്യക അതിരാവിലെ കുളിച്ചൊരുങ്ങി. മുറ്റത്ത് അവള്‍ നട്ട് വളര്‍ത്തിയ ചെടികളില്‍ നിന്നു പുഷ്പങ്ങളും അടര്‍ത്തെടുത്തുകൊണ്ട് അവള്‍ കക്കിചേരിയിലെ ദേവീക്ഷേത്രത്തിലേയ്ക്ക് നടന്നു. പ്രഭാതത്തിലെ തണുത്ത കാറ്റ് അവളുടെ നനഞ്ഞൊട്ടിയ മുതുകും ഈര്‍പ്പം നിറഞ്ഞ മാറിടവും കുളിരണിയിച്ചുകൊണ്ട് കടന്നുപോയി. ദേവീമന്ത്രങ്ങള്‍ മാത്രം ഉരുവിട്ടുകൊണ്ട് അവള്‍ ക്ഷേത്രാങ്കണത്തില്‍ കടന്നുചെന്നു. ചുവന്ന പട്ടില്‍ ജ്വലിച്ചുനിന്നിരുന്ന ദേവിയും വെളുത്ത വസ്ത്രത്തില്‍ ഐശ്വര്യത്തോടെ നിന്ന കന്യകയും ആ പ്രഭാതത്തില്‍ നന്മയുടെ നിറച്ചാര്‍ത്തുപോലെ അവിടം നിറഞ്ഞുനിന്നു. ക്ഷേത്രത്തിലെ പൂത്തട്ടത്തില്‍ നിന്നുമെടുത്ത ഒരു തുണ്ട് തുളസിക്കതിര്‍ അവള്‍  നനഞ്ഞ മുടിയിഴകളില്‍ തിരുകിവച്ചു. കൈയിലേയ്ക്കെറിഞ്ഞുകിട്ടിയ ഒരിറ്റ് ചന്ദനം അവള്‍ നെറ്റിയില്‍ തൊട്ടു. കണ്ണുകളടച്ച് ദേവിയെ സ്മരിച്ചുകൊണ്ട് കുറച്ചുനേരം അങ്ങിനെ നിന്നിട്ടവള്‍ തിരികെ നടന്നു. ക്ഷേത്രത്തിന് താഴെ പടികളിറങ്ങി വന്ന അവളെ കാത്ത് ആ പുലര്‍ച്ചെ തന്നെ ശരത് നില്‍ക്കുന്നുണ്ടായിരുന്നു. അവനെക്കണ്ട കന്യകയുടെ കണ്ണുകള്‍ ഒന്ന് വിടര്‍ന്നു. ഒരു ചെറുപുഞ്ചിരിയോടെ അവള്‍ അവനടുത്തേയ്ക്ക് ചെന്നു.

അവളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്ന ശരത്, അതുവരെ ചാരി നിന്നിരുന്ന വണ്ടിയെ വിട്ടു തെല്ല് മുന്നോട്ടുവന്നു. മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.

"ഇനിയെത്ര ദിവസമുണ്ട് ഈ വൃതത്തിന്.....????

"തീവെട്ടി തുള്ളുന്ന ദിവസം വരെ....!!! അവള്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"കയറിക്കോളൂ കന്യൂട്ടി. നിന്നെ ഞാന്‍ കൊണ്ട് വിടാം..." ശരത് പറഞ്ഞു.

"വേണ്ടാ.....!!! അതൊന്നും ഇപ്പോള്‍ വേണ്ട ശരത്തേട്ടാ.....!! ഇനിയും സമയമുണ്ടല്ലോ...അതിനെല്ലാം..!!!

കന്യകയുടെ വാക്കുകള്‍ കേട്ട ശരത് തെല്ലു ഇളിഭ്യനായി. എങ്കിലും അത് മറച്ചുവച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"സാരമില്ല കന്യൂട്ടി. നിന്‍റെ ഈ ചടുലത..!! അതാണ്‌ എനിയ്ക്കിഷ്ടായത്. പിന്നെ....പിന്നെ...!! അവന്‍ അങ്ങിനെ പറഞ്ഞു നിര്‍ത്തി.

"പിന്നെ...!!! എന്ത് പിന്നെ...!! കന്യകയുടെ പുരികങ്ങള്‍ ചുളിഞ്ഞു.

അത് മനസ്സിലാക്കി തന്നെ ശരത് പറഞ്ഞു. "കന്യേ...  ഏറെ താമസിയാതെ നീ എന്‍റെ സ്വന്തമാകും. നിന്നെ പിരിയാന്‍ എനിയ്ക്കിനി കഴിയില്ല. അപ്പോള്‍ പിന്നെ നിന്നെ എല്ലാ ആപത്തില്‍ നിന്നും രക്ഷിയ്ക്കുക എന്നത് ഇനി എന്‍റെ ആവശ്യമാണ്‌. മനസ്സിലുള്ളതെല്ലാം നിനക്ക് എന്നോട് തുറന്നുപറയാം. എല്ലാം. എന്ത് തന്നെയായാലും അവിടെ എനിയ്ക്ക് ഇനി നിയമം ഒന്നും നോക്കാനും കഴിയില്ല.. ഇന്ന് ഞാന്‍ സ്വപ്നം കാണുന്നതും നീ എനിയ്ക്ക് സ്വന്തമാകുന്ന ആ ദിവസമാണ്. അപ്പോള്‍ എന്‍റെ കന്യ ഒരു കളങ്കവും ഇല്ലാതെ എന്‍റെ മുന്നില്‍ നില്‍ക്കുന്നത് കാണാനാണ് എനിക്കിഷ്ടം..!!

ശരത്തിന്‍റെ മധുരമായ വാക്കുകള്‍ കന്യകയുടെ നെഞ്ചിലേയ്ക്ക് തുളഞ്ഞിറങ്ങിയില്ല. പകരം അവളുടെ ഉള്‍ക്കണ്ണുകള്‍ എവിടെയോ അപകടം കണ്ടു. നിമിഷനേരം കൊണ്ട് അവള്‍ ഒന്നുറപ്പിച്ചു ഇവന്‍റെയുള്ളില്‍ എന്നോട് സ്നേഹമല്ല. മറിച്ച് എന്‍റെ ഉള്ളറിയുവാനുള്ള സമര്‍ത്ഥമായ പുറപ്പാടാണ്. ഇവനെ നേരിടുക തന്നെ അതേ നാണയത്തില്‍. അതോടെ അവള്‍ കൂടുതല്‍ ഉത്സാഹവതിയായി.

"ശരത് സാറിന് എന്താ അറിയേണ്ടത്...?? അതിനിത്രേം വളച്ചുകെട്ടേണ്ട ആവശ്യമുണ്ടോ..?? എന്നിട്ടവള്‍ തെല്ല് ഈര്‍ഷ്യയോടെ തന്നെ പറഞ്ഞു. "എന്നെ എനിയ്ക്കറിയാം... മറ്റൊരാള്‍ക്ക് മുന്നില്‍ ഞാന്‍ ആരെന്ന് സമരത്ഥിക്കേണ്ട ആവശ്യവും എനിയ്ക്കിന്നില്ല. അതുമല്ല ഇന്ന് ഞാന്‍ അതിനുള്ളൊരു അവസ്ഥയിലുമല്ല. പിന്നെ ഇങ്ങനെയൊരു ആവശ്യത്തിന് വേണ്ടി ആ അമ്മയെക്കൂടി ഇതിലേയ്ക്ക് വലിച്ചിഴയ്ക്കണമായിരുന്നോ..?? ഒരുപക്ഷെ, നിങ്ങളുടെ അതിബുദ്ധി തന്നെയാകും അവര്‍ക്കും....!!!

ഒന്ന് നിര്‍ത്തി അവള്‍ വീണ്ടും പറഞ്ഞു.

"എന്നെ ഈ കൊലപാതകത്തിലേയ്ക്ക് വലിച്ചിഴയ്ക്കണം എന്ന് നിങ്ങള്‍ക്കെന്താ ഇത്ര ആവേശം. ഞാനാണ് ഈ കൊല ചെയ്തതെന്ന് വരുത്തിതീര്‍ക്കാന്‍ നിങ്ങള്‍ക്കെന്തോ തിടുക്കം പോലെ...!!! ഒന്നോര്‍ത്തോളൂ... ഈ കൊല ചെയ്തവന്‍ ഇപ്പോള്‍ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവും. നിങ്ങളെപ്പോലെ ഒരാളാണല്ലോ ഇത് അന്വേഷിക്കുന്നത് എന്നോര്‍ത്ത് അയാളിപ്പോള്‍ ആര്‍ത്തുചിരിയ്ക്കുന്നുണ്ടാവും...."

എന്നിട്ടവള്‍ അയാള്‍ക്ക്‌ നേരെ കൈകൂപ്പി നിന്നു കൊണ്ട് പറഞ്ഞു.

"ദയവുചെയ്ത് ഞങ്ങളെ വെറുതെവിടണേ...!!! ഒരു പാവം അച്ഛനും അമ്മയും രണ്ടു പെണ്‍കുട്ട്യോളും ചേര്‍ന്ന സാധു കുടുംബാ എന്‍റെത്. ഇനിയും ആവശ്യമില്ലാത്തൊരു മാനസികപീഡനം നിങ്ങളില്‍ നിന്നും ഞങ്ങള്‍ക്കുണ്ടായാല്‍ അതിനൊരു വഴി ഞങ്ങള്‍ക്ക് തേടേണ്ടിവരും...!!!

കന്യയുടെ നാവില്‍ നിന്നും ഇത്രയും കേട്ടപ്പോഴേയ്ക്കും ശരത് ഒന്ന് ഞെട്ടി. ആ ഞെട്ടല്‍ മറച്ചുവച്ചുകൊണ്ട് അയാള്‍ പറഞ്ഞു.

"എന്‍റെ കന്യൂട്ടി നീ എന്തൊക്കെയാ ഈ പറയുന്നത്. ഞാന്‍ മനസ്സുകൊണ്ട് അറിയാത്തത് പോലും നീയിങ്ങനെ വിളിച്ചുപറഞ്ഞാല്‍..!!!

അവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ അവള്‍ തിരിച്ചുനടന്നു. ശരത് തന്‍റെ മഠയത്തരം ഓര്‍ത്ത് ലജ്ജിച്ചുനിന്നുപോയി. അവള്‍ കണ്ണുകളില്‍ നിന്ന് മറയുന്നത് വരെ അങ്ങിനെ തന്നെ നോക്കി നില്‍ക്കാനേ അവന് കഴിഞ്ഞതും ഉള്ളൂ.
*************
കന്യക അല്‍പ്പം കോപത്തോടെ തന്നെ ദേവനന്ദനത്തിന്‍റെ അകത്തേയ്ക്ക് കയറി. കൈയിലിരുന്ന പ്രസാദം അവള്‍ തീന്‍മേശയിലേയ്ക്ക് ഇട്ടു. അടുക്കളയില്‍ നിന്ന നന്ദന ഇത് കണ്ടു. അവള്‍ക്കു വല്ലാതെ അരിശം തോന്നി. ഹാളിലേയ്ക്ക് ദേഷ്യത്തോടെ വന്ന അവള്‍ ചോദിച്ചു.

"നീ എന്ത് വേണ്ടാതീനമാ ഈ കാണിയ്ക്കുന്നേ..?? എനിയ്ക്കൊന്നും മനസ്സിലാവുന്നില്ല. ഇങ്ങനാണോ വൃതം പിടിയ്ക്കുന്നതും ഈ സമയത്ത് പ്രവര്‍ത്തിയ്ക്കുന്നതും. കണ്ടതും കടിയതും വച്ച് വിളമ്പുന്ന ഈ മേശപ്പുറത്താണോ കന്യകേ ഈ പ്രസാദം നീ വലിച്ചെറിയെണ്ടത്..??? വിശ്വാസമില്ലെങ്കില്‍ ഇതിനൊന്നിനും പോകരുത്. വെറുതെ ശാപം വലിച്ചുവയ്ക്കണോ...???

"അമ്മ... ഒന്ന് മിണ്ടാതിരിയ്ക്കുന്നുണ്ടോ...!!! എനിയ്ക്കാകെ ഭ്രാന്ത് പിടിയ്ക്കുവാ. അല്ല എല്ലാരും കൂടി എന്നെ അങ്ങിനെ ആക്കുവാ..."

നന്ദനയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ക്കു അത്ഭുതവും തോന്നി. കാരണം അവളിങ്ങനെ ക്ഷോഭിക്കാന്‍ തക്കതായ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. പോകുമ്പോഴും അവള്‍ ഉത്സാഹവതിയായിരുന്നു. അപ്പോള്‍ പിന്നെ പോയ ഇടത്തില്‍ എന്തോ സംഭവിച്ചിരിക്കും. പെട്ടെന്ന് തന്നെ നന്ദന ചോദിച്ചു.

"എന്താടീ... ക്ഷേത്രത്തില്‍ വച്ച് എന്താ ഉണ്ടായെ...???

പിന്നെ അവള്‍ ഒന്നും അമ്മയോട് മറച്ചുവച്ചില്ല. കന്യകയുടെ വാക്കുകള്‍ കേട്ട നന്ദനയ്ക്കും ശരത്തിന്‍റെ പ്രവൃത്തി നന്നായി തോന്നിയില്ല. അവള്‍ നേരെ അടുക്കളയുടെ വാതില്‍ക്കലേയ്ക്ക് ചെന്നു. പുറത്തെ തോട്ടത്തില്‍ ചന്തയിലേയ്ക്കുള്ള പച്ചക്കറികള്‍ ശേഖരിയ്ക്കുകയായിരുന്ന ദേവനെ നോക്കി അവള്‍ വിളിച്ചു.

"ദേവേട്ടാ.... ദേ.. ഒന്നിങ്ങ് വന്നേ...!!!

നന്ദനയുടെ പതിവില്ലാത്ത ആ വിളിയില്‍ എന്തോ പന്തികേടു തോന്നിയ അയാള്‍ അപ്പോള്‍ തന്നെ തോട്ടം വിട്ട് അവളുടെ അടുത്തേയ്ക്ക് വന്നു. നന്ദനയില്‍ നിന്നും കാര്യങ്ങള്‍ കേട്ട ദേവന്‍ ഒട്ടും സമയം കളയാതെ രാജശേഖറിനെ വിളിച്ചു. പ്രഭാതഭക്ഷണത്തിന് മുന്നിലിരുന്ന അയാള്‍ ദേവന്‍റെ വാക്കുകള്‍ കേട്ടു വല്ലാതെ വലിഞ്ഞുമുറുകി. അപ്പോള്‍ തന്നെ ഭക്ഷണം നിര്‍ത്തി കൈകഴുകിവന്ന അയാള്‍ ആരെയോ ഫോണില്‍ വിളിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ എവിടെനിന്നോ ഒരു വിളി ശരത്തിന്‍റെ ഫോണിലേയ്ക്ക് വന്നു. ആ വിളിയ്ക്കൊപ്പം സല്യൂട്ടടിച്ച ശരത് ഭവ്യതയോടെ നിന്നു. പിന്നെ പിന്നെ അയാളുടെ മുഖം വിളറാന്‍ തുടങ്ങി. ഒടുവില്‍ ഫോണ്‍ അടുത്ത്കണ്ട തീന്‍ മേശയില്‍ വച്ച് അയാള്‍ അതിനു മുകളില്‍ ഇരുന്ന ജഗ്ഗ് എടുത്ത് അല്പം വെള്ളം കുടിച്ചു. അപ്പോള്‍ അവിടേയ്ക്ക് വന്ന ശരത്തിന്‍റെ അമ്മ അവന്‍റെ മുഖഭാവം കണ്ടു ചോദിച്ചു.

"എന്താടാ... ന്തേ നീയിങ്ങനെ നിന്നു വിയര്‍ക്കുന്നത്..???

"അല്ലമ്മേ... ആ പെണ്ണ്...!!! അവന്‍ വിക്കിവിക്കി പറഞ്ഞു.

"ഏത് പെണ്ണ്...??? അവര്‍ ചോദിച്ചു.

"ആ കന്യക.....!!!

"ഞാനപ്പോഴേ പറഞ്ഞതല്ലേ.. നിന്‍റെ ഈ വക അഭ്യാസോം കൊണ്ട് അതിന്‍റെ അടുത്ത് ചെല്ലേണ്ട എന്ന്. ഇനി ഞാനെങ്ങിനെ എവിടേലും വച്ച് കണ്ടാല്‍ പോലും അവരുടെ മുഖത്ത് നോക്കും. അവന്‍റെ ഒരു പോലീസ് ബുദ്ധി. അല്ലേലും പണ്ടേ നിനക്കിങ്ങനെ തന്നാ. ഒന്നങ്ങട് മനസ്സില്‍ ചിന്തിക്കും. അതങ്ങട് ഉറപ്പിക്കും. ടാ... ആ കുട്ടി തന്നെ ഇത് ചെയ്തോന്ന് നിനക്കിത്ര ഉറപ്പെന്നാ. ഒന്ന് ചിന്തിച്ചൂടെ നിനക്ക്. സാമാന്യത്തിലും അധികം ആരോഗ്യമുള്ള അവനെ ആ നരുന്ത് പെണ്ണ് കൊന്നെന്ന് നീ മാത്രമേ ഈ ലോകത്ത് വിശ്വസിക്കൂ..."

ഇങ്ങനെ പറഞ്ഞുകൊണ്ട് വളരെയധികം ദേഷ്യപ്പെട്ട് കൊണ്ട് അവര്‍ അകത്തേയ്ക്ക് പോയി. ശരത് കുറച്ചു നേരം അങ്ങിനെ ഇളിഭ്യനായി ഇരുന്നു. പിന്നെ അവന്‍ ജോലിയ്ക്ക് പോകാന്‍ ഒരുങ്ങി വന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ്, പോലീസ് സ്റ്റേഷനില്‍ അവന്‍ എത്തുമ്പോള്‍ രണ്ടുപേര്‍ അവനെ കാത്ത് സ്റ്റേഷനില്‍ ഇരിപ്പുണ്ടായിരുന്നു. രാജശേഖറും കക്കിചേരിയിലെ ഒരു പോലീസ്കാരനും. ശരത് തന്നെ കാത്തിരിക്കുന്ന അവരെ തെല്ല് അമ്പരപ്പോടെയാണ് വീക്ഷിച്ചത്.  ആ അമ്പരപ്പ് പുറത്ത് കാട്ടാതെ തന്നെ അയാള്‍ ചോദിച്ചു.

"എന്താ സാര്‍ അതിരാവിലെ തന്നെ ഇവിടെ...???

"നിങ്ങള്‍ക്കെതിരെ ഒരു പരാതിയുണ്ട് മിസ്റ്റര്‍. ശരത്.."  പറഞ്ഞുകൊണ്ട് രാജശേഖര്‍ തന്‍റെ കൈയിലിരുന്ന പേപ്പര്‍ അവന് നേരെ വച്ച് നീട്ടി. ശരത് കുറുകിയ കണ്ണുകളോടെ അത് കൈയില്‍ വാങ്ങി. അതിലൂടെ മിഴികള്‍ പായിച്ച അയാള്‍ നിന്നു വിയര്‍ക്കാന്‍ തുടങ്ങി. ഇടതുകൈ തന്‍റെ നെറ്റിയില്‍ തടവിക്കൊണ്ട് അയാള്‍ തന്‍റെ സീറ്റിലേയ്ക്കിരുന്നു. അവനെ നോക്കിക്കൊണ്ട്‌ രാജശേഖര്‍ മുന്നിലെ സീറ്റിലും...

ശരത്തിന്‍റെ വിളറിയ മുഖത്തേയ്ക്കു നോക്കി രാജശേഖര്‍ വീണ്ടും ചോദിച്ചു.

"ഹും... എന്ത് വേണം ഞാന്‍..?? കക്കിചേരിയിലെ ഏറ്റവും മാന്യമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെയാ താന്‍ വഴിയില്‍ തടഞ്ഞ് അപമര്യാദയായി പെരുമാറിയത്. അതും പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ. നിങ്ങള്‍ക്കെതിരെ ഞാന്‍ നടപടി എടുത്തില്ലെങ്കില്‍ കക്കിചേരിയിലെ ജനങ്ങള്‍ തന്നെ അത് ഏറ്റെടുക്കും. എന്ത് വേണം എന്ന് ആലോചിച്ച് നിങ്ങള്‍ തന്നെ പറയുക. കാരണം എന്നെപ്പോലെ നിങ്ങളും ഒരു പോലീസുകാരനാണ്..."

രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട ശരത് ഒരു വിറയലോടെ തന്‍റെ മുടികള്‍ തെരുപിടിച്ചു. പിന്നെ ഒന്ന് ചിന്തിച്ചുകൊണ്ട്‌ ആ പരാതിയുടെ താഴെ അയാള്‍ തന്‍റെ വിറയാര്‍ന്ന വിരലുകള്‍ കൊണ്ട് എഴുതാന്‍ തുടങ്ങി.

"പൊറുക്കണം.... ഒരിക്കലും ഞാനിനി ഈ പരാതിക്കാരിയെ ശല്യപ്പെടുത്തില്ല..."
പിന്നെ ആരെയും നോക്കാതെ ഇരുകൈകളും നെറ്റിയില്‍ താങ്ങി ഇരിപ്പിടത്തില്‍ തന്നെ  ചലനമറ്റിരുന്നു.  

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 38

"അച്ഛന്‍ മോളുടെ ആഗ്രഹത്തിന് എതിരല്ല. മോള്‍ക്കത് സമാധാനം നല്‍കും എങ്കില്‍ മോള് അങ്ങിനെ തന്നെ ചെയ്തോളൂ. അമ്മ വരുമ്പോള്‍ അമ്മയോട് കൂടി ആലോലിച്ച് എന്‍റെ മോള്‍ ഒരു തീരുമാനം എടുത്തോളൂ...."

കന്യകയോട്‌ ഇത് പറഞ്ഞുകൊണ്ട് ദേവന്‍ മുറ്റത്തേയ്ക്ക് തന്നെയിറങ്ങി.

പാറുവും നന്ദനയും ദേവനന്ദനത്തിലേയ്ക്ക് തിരിച്ചെത്തുമ്പോള്‍ സന്ധ്യയായിരുന്നു. വരുമ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞിരുന്നുവെങ്കിലും നന്ദന ദേവനെ അറിയിച്ചിരുന്നില്ല. ദേവന്‍ അതില്‍ പരിഭവപ്പെട്ടു എങ്കിലും നന്ദനയുടെ സമാധാന വാക്കുകള്‍ അയാളെ തൃപ്തനാക്കി.

കിടക്കമുറിയില്‍ പാറുവിന് കൂട്ടായി കന്യകയുണ്ടായിരുന്നു. കന്യകയുടെ മുഖത്തേയ്ക്കു നോക്കുവാന്‍ പോലും അവള്‍ക്കു മടി തോന്നി. കാരണം അവള്‍ ഇന്നൊരു കന്യകയല്ല. ഇനി ഒരു പുരുഷന്‍റെ മുന്നില്‍  കളങ്കിതയായല്ലാതെ നില്‍ക്കാന്‍ തനിയ്ക്ക് കഴിയില്ലല്ലോ എന്ന ചിന്ത അവളെ വല്ലാതെ ആശങ്കാകുലയാക്കി. പക്ഷെ, അത് കണ്ണീരുപടര്‍ത്തി കഴുകിക്കളയാന്‍ മാത്രമേ അവളുടെ മനസ്സിന് കഴിഞ്ഞുള്ളു.
***********
ശരത് വളരെ അസ്വസ്ഥനായിരുന്നു. കാരണം,  പനീറിന്‍റെ മരണം, പനീറിന്‍റെ ശരീരത്തില്‍ നിന്നും കിട്ടിയ ചില വിരല്‍ അടയാളങ്ങള്‍, കുളിമുറിയിലെ ബ്ലീച്ചിംഗ് പൌഡറിന്‍റെ സാന്നിധ്യം, അവന്‍റെ വിരലുകളില്‍ ഒന്നില്‍ പറ്റിപ്പിടിച്ചിരുന്ന നീണ്ട മുടി ഒക്കെ ആ കൊലപാതകത്തിലെ പെണ്‍സാന്നിധ്യം അയാള്‍ക്ക്‌ വ്യക്തമായിരുന്നു. ജിയാസ്സിന്‍റെ മരണം, രാഷ്ട്രീയക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിരന്തരസമ്മര്‍ദ്ദം പോലീസിനു മേല്‍ ഉണ്ടായിട്ട് പോലും അത് ചെയ്തവനെ പിടികൂടാന്‍ കഴിയാതെ പോലിസ് വട്ടംചുറ്റിയത് കക്കിചേരിയില്‍ ഒരു കുഞ്ഞിന് പോലും അറിയുന്നതാണ്. ഇവിടെ മരിച്ചതാകട്ടെ, ജിയാസ്സിനെ നശിപ്പിച്ച ആ അന്യദേശക്കാരനും. എന്നിട്ടും പോലീസ് എന്തിനിത്ര ശുഷ്കാന്തി കാട്ടുന്നു എന്നത് കക്കിചേരിയിലും, അതിനോടടുത്ത ആ പട്ടണത്തിലും ജനങ്ങള്‍ മുറുമുറുക്കാന്‍ തുടങ്ങി. വിവരം ഉള്ളവര്‍ ചില മരണങ്ങള്‍ ഇത് പോലെ ഇവിടെ ആവശ്യമാണ്‌ എന്ന നിലപാടാണ് സ്വീകരിച്ചത്. പൊതുവേദികളില്‍ അവര്‍ പരസ്യമായി പറയുകയും ചെയ്തു. ആളറിയാത്ത പല ഫോണ്‍ കാളുകളും ശരത്തിന്‍റെ ഓഫീസിലേയ്ക്കു വന്നുകൊണ്ടുമിരുന്നു. എന്നിട്ടും കണ്കെട്ടി നിന്ന നീതിദേവതയ്ക്ക് മുന്നില്‍ കണ്ണടയ്ക്കാന്‍ മാത്രം അയാള്‍ തയ്യാറായില്ല.

ദിവസങ്ങളും ആഴ്ചകളും മെല്ലെമെല്ലെ കടന്നുപോയി. പനീറിന്‍റെ കൊലപാതകം അങ്ങിനെ ജിയാസ്സിന്‍റെ മരണം പോലെ എഴുതിത്തള്ളപ്പെടും എന്ന ഒരവസ്ഥയിലേയ്ക്ക് നീങ്ങാന്‍ തുടങ്ങി. രഹസ്യമായ ശരത്തിന്‍റെ നീക്കങ്ങള്‍ കന്യകയുടെ മേല്‍ നിരന്തരം ഉണ്ടായിരുന്നുതാനും. കന്യകയും ശരത്തിനെ വിലകുറച്ച് കാണാന്‍ ഒരുക്കമായിരുന്നില്ല. അവള്‍ പതിവ്പോലെ സ്കൂളില്‍ പോവുകയും വരുകയും ഒക്കെ ചെയ്തുകൊണ്ടേയിരുന്നു.

പതിവ് വര്‍ത്തമാനത്തിനിടയില്‍ എപ്പോഴോ ശരത്തിന്‍റെ ചിന്തകള്‍ പെട്ടെന്ന് പിന്നിലേയ്ക്ക് ചലിച്ചു. അവന്‍ ഒട്ടും സമയം കളയാതെ രാജശേഖറിനെ വിളിച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്ത രാജശേഖറിനോട് ശരത് ചോദിച്ചു.

"രാജശേഖര്‍ സാര്‍... എനിയ്ക്ക് ഒരു സഹായം വേണം..."

"പറഞ്ഞോളൂ... ശരത്..." അയാള്‍ മറുപടി നല്‍കി.

ശരത് മുഖവുരയില്ലാതെ തന്‍റെ മനസ്സ് തുറന്നു. "സര്‍.. താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ഈ കൊലപാതകത്തിന് പിന്നിലുള്ള ആ സ്ത്രീ സാന്നിധ്യം കന്യകയല്ല എന്നത്...????

"ഞാന്‍ വിശ്വസിക്കുന്നു. കാരണം ആ കുടുംബത്തെ എനിയ്ക്കറിയാം. മാത്രമല്ല, സ്വന്തമല്ല എങ്കിലും അവര്‍ എനിയ്ക്ക് അന്യരല്ല. വളരെ സമാധാനത്തോടെ കഴിയുന്ന ഒരു കുടുംബമാണത്. കക്കിചേരിയില്‍ മദ്യം എന്നെന്നെത്തേയ്ക്കുമായി തുടച്ചുനീക്കിയതില്‍ ആ കുടുംബനാഥന്‍റെ പങ്കു ഒട്ടും ചെറുതല്ല. അങ്ങിനെ സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന അയാളെയും കുടുംബത്തെയും എന്തിനിങ്ങനെ ഉപദ്രവിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ ഇവിടെ എന്ത് നേടുന്നു ശരത്. സാധാരണക്കാരന്‍റെ വിയര്‍പ്പിന് മുകളില്‍ തെറ്റുകള്‍ക്ക് മുകളില്‍ തെറ്റുകള്‍ ചെയ്ത്  സുഖലോലുപരായി ലോഡ്ജ് മുറികളിലും,  സുഖവാസകേന്ദ്രങ്ങളിലും മദിച്ചുജീവിയ്ക്കുന്ന ഒരാളെയെങ്കിലും നമ്മുക്ക് നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമോ ശരത്...??? അതിനു നിങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ നിങ്ങളൊരു സമര്‍ഥനായ നീതിപാലകനായി ഞാന്‍ അംഗീകരിയ്ക്കാം. പിന്നെ ഒന്ന് നിര്‍ത്തി അയാള്‍ പിന്നെയും തുടര്‍ന്നു.

"ശരത്... ഈ നാട്ടിനും നാട്ടാര്‍ക്കും എന്‍റെയും നിന്റെയും അമ്മയും പെങ്ങളും ഭാര്യയും ഒക്കെ അടങ്ങുന്ന ഒരു പെണ്‍സമൂഹത്തിന് വേണ്ടിയാണ് പനീര്‍ കൊല്ലപ്പെട്ടത്. അവള്‍ക്കതില്‍ ഒരു പങ്കും ഇല്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഇനി ഒരുപക്ഷെ, അങ്ങിനെ ഒരു തെറ്റവള്‍ ചെയ്തുവെങ്കില്‍ പോലും അതിലെ നന്മയെ ഓര്‍ത്ത് ഞാനെന്ന പോലീസുകാരനെ ഞാന്‍ എന്‍റെയുള്ളില്‍ തളച്ചിടും. ഇത് സത്യം. കാരണം ഒരേയൊരു മകള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടം നേരിട്ട് കണ്ടവനാ ഞാന്‍. അതിനു കാരണക്കാരനായ ഇവന്‍റെ മരണം ഞാന്‍ പോലും ആഗ്രഹിച്ചിരുന്നു.... ശരത്..!!!"

രാജശേഖറിന്‍റെ വാക്കുകള്‍ ശരത്തിന്‍റെ ഉള്ളിലെ നന്മയെ എവിടെയൊക്കെയൊ തൊട്ടുണര്‍ത്തി. അയാള്‍ ഒന്നും മിണ്ടാനാവാതെ ഫോണ്‍ വച്ചു. പിന്നെ അലസമായി മുടിയൊതുക്കി തന്‍റെ കസേരയിലേയ്ക്ക് ചാഞ്ഞു. ആ കിടപ്പില്‍ ശരത്തിന്‍റെ മുന്നില്‍ അവളുടെ രൂപം നിറഞ്ഞുവന്നു. അവനറിയാതെ അവളിലൊരു ഇഷ്ടം അവന്‍റെ മനസ്സില്‍ നിറഞ്ഞു. അവന്‍റെ മനസ്സ് പറഞ്ഞു. അവളെ സ്വന്തമാക്കിയാലോ...? അവളിലെ ധൈര്യം, ഉറച്ച മറുപടികള്‍..!! ഹോ എന്തൊരു പെണ്ണാ അവള്...!!!
****************
കക്കിചേരിയിലെ ദേവീക്ഷേത്രത്തിലെ തീവെട്ടി തുള്ളലിന് ഇനി പതിമൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കിയായി. കന്യകയുടെ ഇഷ്ടത്തിന് എതിര് നില്‍ക്കാന്‍ നന്ദനയും ഒരുക്കമായിരുന്നില്ല. കാരണം ആ വീടിനേറ്റ പതനം അവളെപ്പോലെ ശരിയ്ക്കും അറിഞ്ഞവള്‍ തന്‍റെ പൊന്നുമോള്‍ മാത്രമേ ഉള്ളൂ എന്ന് നന്ദനയ്ക്ക് നന്നായി അറിയാം. കന്യകയുടെ ആ മാസമുറയ്ക്ക് അവളെപ്പോലെ തന്നെ നന്ദനയ്ക്കും ആകാംക്ഷയായിരുന്നു. കാരണം ഇനിയും ഒരു ദിവസം കൂടി അത് നീണ്ടാല്‍ പിന്നെ അവള്‍ക്കതിനു കഴിയില്ല. മാത്രവുമല്ല,  ഇനിയീ വീട്ടില്‍ കന്യകയായി അവള്‍ മാത്രമേ ഉള്ളൂ. ദേവിയോടുള്ള ഇഷ്ടം മനസ്സില്‍ സങ്കല്‍പ്പിച്ചാല്‍ പിന്നെ അത് നടക്കാതെ വന്നാല്‍ ഈശ്വരഭക്തയായ ഒരു പെണ്ണിന് അത് സഹിയ്ക്കാവുന്നതിലും അപ്പുറമായിരിക്കും. നന്ദനയുടെ പ്രാര്‍ത്ഥന പോലെ തന്നെ കന്യകയെ ദേവി അനുഗ്രഹിച്ചു. അമ്മയോട് അവളത് പറയുമ്പോള്‍ നന്ദന സ്വയമുരുകി പ്രാര്‍ഥിച്ചുപോയി.

പിറ്റേന്ന് നേരം പുലര്‍ന്നു. ദേവന്‍ പച്ചക്കറികളുമായി പോകാനുള്ള തയ്യാറെടുപ്പുകളോട് കൂടി മുറ്റത്തേയ്ക്കിറങ്ങി. വണ്ടിയ്ക്കുള്ളില്‍ കയറിയിരുന്ന അയാള്‍ കന്യകയുടെ വരവും പ്രതീക്ഷിച്ചിരുന്നു. തന്‍റെ ബാഗുമായി കന്യക പടികടന്ന് പുറത്ത് വന്നിട്ടേയുണ്ടായിരുന്നുള്ളൂ. വണ്ടിയുടെ വാതില്‍ തുറന്നവള്‍ അകത്തേയ്ക്ക് കയറാന്‍ തുടങ്ങുന്നതിന് മുന്‍പ് ആ മുറ്റത്തേയ്ക്ക് ഒരു വണ്ടിവന്നു നിന്നു. അതില്‍ നിന്നും ശരത്തും അമ്മയും പുറത്തേയ്ക്കിറങ്ങി. കന്യക തുറന്നുവച്ച വാതില്‍ മെല്ലെയടച്ചു. ദേവനും വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. അതിഥികളായെത്തിയ ഇരുവരേയും കൊണ്ട് അയാള്‍ അകത്തേയ്ക്ക് കയറി. കന്യക മടിച്ചുമടിച്ചു അവര്‍ക്ക് പുറകിലൂടെ നടന്നു. ഇടയ്ക്കെപ്പോഴോ അവള്‍ ശരത്തിനെ നോക്കി. അവന്‍റെ നോട്ടം അവളില്‍ തളര്‍ന്നുവീണത് അവള്‍ കണ്ടു. മനോഹരമായ അവളുടെ മിഴികള്‍ ഒന്നുണര്‍ന്നടഞ്ഞു. അവള്‍ മനസ്സിലോര്‍ത്തു. എവിടെയോ എന്തോ ചില മാറ്റങ്ങള്‍..!! ഈശ്വരന്റെ സാന്നിധ്യം വീണ്ടും ദേവനന്ദനത്തിന്‍റെ പടികടന്നെത്തിയ പോലൊരു തോന്നല്‍...!! എങ്കിലും പെട്ടന്നവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. അങ്ങിനെ ഞാന്‍ ഈ പടിയിറങ്ങിയാല്‍, ഈ ഒരു പുരുഷന്‍റെ തണല് തേടിയാല്‍.. എന്‍റെ ചേച്ചിയെ നശിപ്പിച്ചവന്‍... ഈ നാടിന് ശാപമായ അവനെ ഞാന്‍ എങ്ങിനെ തകര്‍ക്കും.... !!! ആലോചിച്ചുകൊണ്ട്‌ അവള്‍ പടിയ്ക്കു പുറത്ത് തന്നെ നിന്നു.

"മോളെ....കന്യൂട്ടി...."നന്ദനയുടെ വിളി.

"എന്താ അമ്മെ". വിളികേട്ടുകൊണ്ട് അവള്‍ പടിയിലേയ്ക്ക് കയറി. അപ്പോള്‍ നന്ദന പറഞ്ഞു. "മോളെക്കാണാനാ ശരത്തിന്‍റെ അമ്മ വന്നിരിക്കുന്നത്..."

"എന്തിനാ അമ്മെ..." അവള്‍ ഒന്നും അറിയാത്തപോലെ ചോദിച്ചു. ശരത് ഒന്നും മിണ്ടാതെ അവളുടെ മിഴികളില്‍ തന്നെ നോക്കിയിരുന്നു.

"മോളെ... ഈ അമ്മയ്ക്കിഷ്ടായി എന്ന്. നിന്നെ അവര്‍ക്ക് കൊടുക്കാമോ എന്ന് ചോദിക്കാനാ വന്നത്.." നന്ദന ചിരിച്ചു കൊണ്ട് പറഞ്ഞു.

"എന്താ അമ്മെ ഇത്. ഞാന്‍ കല്യാണം കഴിയ്ക്കേണ്ട പ്രായമായില്ലല്ലോ...?? എനിയ്ക്കിനിയും പഠിയ്ക്കണം..."

"മോള് പഠിച്ചോളൂ... ആരും അതിനു തടസ്സം നിന്നില്ല. അമ്മയ്ക്കറിയാം. മോള്‍ക്കിത് പതിനേഴ്‌ വയസ്സാണ് എന്ന്. അവന്‍ കാത്തിരുന്നോളും ന്‍റെ മോള്‍ക്ക്‌ വേണ്ടി...!! ന്‍റെ മോന് മോള് തന്നെ വേണം എന്ന് നിര്‍ബന്ധാ...!! ആണായും പെണ്ണായും ഇവനൊന്നെ ഉള്ളെനിയ്ക്ക്. ഇനി എന്‍റെ മോളുടെ കുറവ് നികത്തേണ്ടത് ന്‍റെ മോള് തന്നെയാവണം എന്നാ ഈ അമ്മേടേം ആഗ്രഹം..." ശരത്തിന്‍റെ അമ്മയാണ് അത് പറഞ്ഞത്.

കന്യക ഒന്നും മിണ്ടാതെ കുനിഞ്ഞു നിന്നു. അപ്പോള്‍ ശരത്തിന്‍റെ അമ്മ ചോദിച്ചു. "എന്താ മോളെ ന്‍റെ മോനെ മോള്‍ക്കിഷ്ടമല്ല എന്നുണ്ടോ...???

"ഇല്ലമ്മേ... ഹേയ് അങ്ങിനെ ഒന്നും ഇല്ല. . പിന്നെയവള്‍ അകത്തെ വാതില്‍പ്പടിയില്‍ മൂകയായി നില്‍ക്കുന്ന പാറുവിനെ നോക്കി. അപ്പോള്‍ നന്ദനയ്ക്ക് കാര്യം പിടികിട്ടി. അവള്‍ ഒട്ടും സമയം കളയാതെ തന്നെ പറഞ്ഞു.

"അതോര്‍ത്ത് നീ വിഷമിക്കണ്ടാ. പാറുവിന്‍റെ വിവാഹം അച്ഛനും അമ്മയും ഉറപ്പിച്ചുകഴിഞ്ഞു. നീ ഈ വീടിന്‍റെ പടിയിറങ്ങും മുന്‍പ് അവളെ ഞങ്ങള്‍ വിവാഹം കഴിപ്പിച്ചിരിയ്ക്കും..."

പാറു അമ്മയുടെ വാക്കുകള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. പിന്നെ ആരെയും നോക്കാതെ അവള്‍ മുറിയ്ക്കകത്തേയ്ക്ക് തന്നെ പോയി. സംഭാഷണങ്ങള്‍ക്കിടയില്‍ ശരത് ആരും അറിയാതെ പാറുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ ദൈന്യഭാവം അവനില്‍ സംശയം തോന്നിച്ചു. എങ്കിലും അവന്‍ മൗനം പൂണ്ടിരുന്നു.  

 (തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 37

പായീമ്മയുടെ കൈയില്‍ നിന്നും വെള്ളം വാങ്ങി അവള്‍ ആര്‍ത്തിയോടെ കുടിച്ചു. അവള്‍ക്കരുകില്‍ ഉദ്ദ്വേഗത്തോടെ നോക്കി നിന്ന അവരെ നോക്കി അവള്‍ വിക്കിവിക്കി പറഞ്ഞു.

"പായീമ്മേ ..!! ആ ഫോണ്‍ ഒന്നെടുത്തെ..?

പെട്ടെന്ന് അവള്‍ക്കരുകില്‍ നിന്നും തിരിഞ്ഞു പായീമ്മ എടുത്തുകൊടുത്ത ഫോണ്‍ അവള്‍ കൈകളില്‍ വാങ്ങി ധൃതിയില്‍ ദേവന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. പിന്നെ പായീമ്മയുടെ നേരെ അത് വച്ച് നീട്ടി അവള്‍ പറഞ്ഞു.

"പറയ്‌... പായീമ്മാ അച്ഛനോട് എത്രയും വേഗം ഇവിടെ വരാന്‍ പറയ്‌...!! എനിക്ക്.. എനിക്കെന്തോ വല്ലാണ്ട് തോന്നുന്നു..."

പറഞ്ഞിട്ടവള്‍ നെഞ്ചത്ത്‌ അമര്‍ത്തിപ്പിടിച്ചു. കന്യകയുടെ ഭാവം കണ്ട പായീമ്മ പെട്ടെന്ന് തന്നെ ആ ഫോണ്‍ വാങ്ങി ദേവനോട് സംസാരിച്ചു. പായീമ്മയുടെ വാക്കുകള്‍ കാതില്‍ വീണ ഉടനെ ദേവന്‍ വണ്ടി റോഡിന്‍റെ ഓരം ചേര്‍ത്ത് നിര്‍ത്തി. അവര്‍ ആ ഫോണ്‍ കന്യയുടെ കൈയില്‍ കൊടുക്കുമ്പോഴേയ്ക്കും ദേവന്‍ നിരത്തില്‍ നിന്നും വണ്ടി തിരിച്ച് വീട്ടിലേയ്ക്ക് വരാന്‍ തുടങ്ങി. പായീമ്മ കന്യയുടെ അരുകിലേയ്ക്ക് ഇരുന്നു. അവളുടെ തളര്‍ന്ന മുഖം കൈകളില്‍ ചേര്‍ത്ത് പിടിച്ചു അവര്‍ ചോദിച്ചു.

"എന്താ... മോളെ..??? എന്തുപറ്റി എന്‍റെ കുട്ട്യോള്‍ക്ക്..?? പാറുവിനെ പോലെ മോള്‍ക്കും എന്താ പെട്ടെന്നിങ്ങനെ...??

കന്യക സ്നേഹത്തോടെ അവരെ നോക്കി. പിന്നെപ്പറഞ്ഞു. "ഒന്നൂല്യ.. പായീമ്മേ മനസ്സ് വല്ലാണ്ട് തളരുന്നു... പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല കന്യക്ക്..!!!

"എന്താ മോളെ..?? എന്താ അതിനു കാരണം..?? അതല്ലേ അമ്മ ചോദിക്കണേ..???

കന്യക അവരെ നോക്കുക മാത്രം ചെയ്തു. പിന്നെ ഒരു നെടുവീര്‍പ്പോടെ അവള്‍ സോഫയിലേയ്ക്കു ചാരിയിരുന്നു.
*****************
ആശുപത്രിക്കിടക്കയില്‍ പാറുവിനരുകില്‍ നന്ദന തളര്‍ന്നിരുന്നു. മനസ്സില്‍ തുളുമ്പിനില്‍ക്കുന്ന വികാരങ്ങളുടെ വേലിയേറ്റം അവളെ നിമിഷങ്ങള്‍ കഴിയുംതോറും വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ടിരുന്നു. കിടക്കയുടെ ഓരം തലവച്ച് കിടക്കുമ്പോള്‍ അവള്‍ മനസ്സില്‍ ഓര്‍ത്തെടുത്തു. ഇനി ഇവളെ വീട്ടില്‍ ഇങ്ങനെ നിര്‍ത്താന്‍ പാടില്ല. കഴിയുന്നതും വേഗം ഒരു പയ്യനെ കണ്ടെത്തി ഇവളുടെ വിവാഹം നടത്തണം. അല്ലെങ്കില്‍ അവളുടെ മനസ്സില്‍ ഏറ്റ ഈ മുറിവ് ഉണങ്ങില്ല. അത് പടര്‍ന്ന് അവളെയും താണ്ടി, തങ്ങളിലേയ്ക്ക് പടരുന്ന ഒരു ദിനം വരും. മനസ്സിലുള്ളത് ആരോടും പറയാതെ കൊണ്ടുനടക്കുന്ന ഇവള്‍ വീണ്ടും ഇതിന് ഉത്തരവാദി ആരാണോ അവനിലേയ്ക്കു മെല്ലെമെല്ലെ നടന്നുപോയാലോ..??

വിചാരങ്ങള്‍ അവളെ ഭ്രാന്ത് പിടിപ്പിച്ചു. തന്‍റെ ഇരുകരങ്ങളും ചെന്നിയില്‍ ചേര്‍ത്ത് പിടിച്ച് അവള്‍ കരഞ്ഞു. ഒപ്പം എന്തെന്നില്ലാതെ അവള്‍ പിറുപിറുത്തു. "ഈശ്വരാ.. എനിക്ക് ഭ്രാന്ത് പിടിക്കുമോ..?? ഉള്ളില്‍ നിന്നും അലച്ചുവന്ന തേങ്ങല്‍ പുറത്ത് പോകാതെ അവള്‍ അടക്കിപ്പിടിച്ചു. എന്നിട്ടും നിയന്ത്രണം വിട്ടു അതില്‍ ഒന്ന് പുറത്തേയ്ക്ക് വീണു. ആ നേര്‍ത്ത ശബ്ദംകേട്ട് പാറു തളര്‍ച്ചയോടെ കണ്ണുകള്‍ തുറന്നു. ഉണര്‍ന്ന ആദ്യകാഴ്ചയില്‍ തന്നെ അരുകില്‍ ഇരുന്നു കരയുന്ന അമ്മ അവളുടെ നെഞ്ചില്‍ ഒരു നൊമ്പരമായി. കഴിയില്ലെങ്കിലും അവള്‍ വലതുകരം ഉയര്‍ത്തി അമ്മയുടെ കൈകളില്‍ മെല്ലെ തലോടി. നന്ദന നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി. പാറുവിന്‍റെ ദയനീയ മുഖം നന്ദനയുടെ ഉള്ളില്‍ കൊളുത്തിവലിച്ചു. അപ്പോള്‍ അമ്മയെ നോക്കി പരസ്പരം ഒട്ടിനിന്ന ചുണ്ടുകള്‍ മെല്ലെ അനക്കി പാറു ചോദിച്ചു.

"ഒരു തെറ്റ് പറ്റിപ്പോയി അമ്മേ..!! അമ്മ എന്നെ ഇങ്ങനെ വെറുക്കല്ലേ..!! ആദ്യത്തേതും അവസാനത്തേതുമായി ഈ തെറ്റ് അമ്മയ്ക്ക് പൊറുത്തോടെ അമ്മെ..??

പാറുവിന്‍റെ നിറഞ്ഞ കണ്ണുകള്‍ നോക്കി നന്ദന ആവാം എന്ന് തലകുലുക്കി. ഒപ്പം മകളുടെ വരണ്ട കവിളില്‍ തണുത്ത കൈകള്‍ ചേര്‍ത്ത് തലോടി. അമ്മയുടെ കൈയിലേയ്ക്ക് പാറു തന്‍റെ ചുണ്ടുകള്‍ ചേര്‍ത്തു. നന്ദനയ്ക്ക് പിന്നെ മനസ്സ് അടക്കിപ്പിടിക്കാന്‍ കഴിഞ്ഞില്ല. തന്‍റെ കരങ്ങള്‍ ചേര്‍ത്ത് വായപൊത്തി, കിടക്കയിലേയ്ക്ക് തലചായ്ച്ച് അവള്‍ തേങ്ങിക്കരഞ്ഞു. മിഴികള്‍ മച്ചിലേയ്ക്ക് നട്ട് കിടന്ന പാറുവിന്‍റെ കവിളിണകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തലയണയില്‍ മെല്ലെ അലിഞ്ഞുചേര്‍ന്നു.
*************
ദേവന്‍റെ വണ്ടി ദേവനന്ദനത്തില്‍ അതിവേഗം വന്നു നിന്നു. അതിന്റെ വാതില്‍ തുറന്നു പുറത്തേയ്ക്ക് ചാടിയ അയാള്‍ ഒരു കിതപ്പോടെ വീടിനകത്തേയ്ക്ക് പാഞ്ഞുചെന്നു. സോഫയില്‍ തളര്‍ന്നിരിക്കുന്ന കന്യകയുടെ അടുത്തേയ്ക്ക് ചെന്നു മുറിഞ്ഞ വാക്കുകളാല്‍ അയാള്‍ ചോദിച്ചു.

"എന്താ... പൊന്നുമോളെ..?? ന്‍റെ പൊന്നുമോള്‍ക്ക് എന്താ പറ്റിയേ..??

അച്ഛനോട് മറുപടി പറയാന്‍ കന്യകയ്ക്ക് കഴിഞ്ഞില്ല. അച്ഛന്റെ നേരെ എഴുന്നേറ്റു നിന്നവള്‍ പൊട്ടിക്കരഞ്ഞു. ദേവന്‍ മകളെ കെട്ടിപ്പിടിച്ചു. അവളുടെ താടിയില്‍ പിടിച്ചുയര്‍ത്തി അയാള്‍ ചോദിച്ചു. "എന്തുപറ്റി കന്യൂട്ടി...??? എന്താ അച്ഛന്റെ മോളിങ്ങനെ തളര്‍ന്നുപോയത്...??

കന്യക അച്ഛനെ ചേര്‍ത്തുപിടിച്ചു. ദേവന്‍ ഒന്നും മനസ്സിലാകാതെ പായീമ്മയെ നോക്കി. അവര്‍ അച്ഛനെയും മകളെയും നോക്കി അപ്പോഴും ഒന്നും മനസ്സിലാകാതെ അന്തംവിട്ടു നിന്നു. കന്യക അച്ഛനില്‍ നിന്നും മെല്ലെ മാറി. പിന്നെ അവള്‍ പറഞ്ഞു.

"എന്താന്നറിയില്ല്യ...അച്ഛാ... പെട്ടെന്ന് ഞാനങ്ങ് തളര്‍ന്നുപോയി". അവളുടെ വാക്കു കേട്ടു ദേവന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ആ സോഫയിലേയ്ക്ക് തന്നെ ഇരുന്നു. കന്യക അച്ഛന്റെ തോളില്‍ ചാരി ഇരുന്നു. പായീമ്മ അടുക്കളയിലേയ്ക്ക് പോയി. ദേവന്‍ തന്‍റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു നന്ദനയുടെ ഫോണിലേയ്ക്ക് വിളിച്ചു. കൈയിലിരുന്നു ചിമ്മുന്ന ഫോണില്‍ നോക്കി നന്ദന ചുണ്ടുകള്‍ ചലിപ്പിച്ചു.

"ദേവേട്ടന്‍..." പിന്നെയവള്‍ ആലോചിച്ചുകൊണ്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. നന്ദന സ്നേഹത്തോടെ പറഞ്ഞു.

"ഞങ്ങള് വരാം ദേവേട്ടാ...!! മോളുടെ വയര്‍ ഒന്ന് ക്ലീന്‍ ചെയ്തു. ഒത്തിരി ക്ഷീണം ഉണ്ടവള്‍ക്ക്. ഹും.. എന്തേലും ആഹാരത്തില്‍ നിന്നും ഉണ്ടായതാവും. അത് തന്നെയാ ഡോക്ടറും പറയണേ...!! ഇല്ല്യ ദേവേട്ടന്‍ വരണ്ട ഞങ്ങള് അങ്ങ് വന്നേയ്ക്കാം.."

നന്ദനയുടെ വാക്കുകള്‍ക്ക് ദേവന്‍ മറുപടി പറഞ്ഞു. ആശുപത്രിയില്‍ നിന്നും പുറപ്പെടാറാകുമ്പോള്‍ നീ വിളിച്ചോളൂ നന്ദന. ഞാനും കന്യൂട്ടിയും കൂടി വരാം.."

നന്ദന സമ്മതിച്ചുകൊണ്ട് മൂളി. ദേവന്‍ ഫോണ്‍ തന്‍റെ കീശയിലേയ്ക്ക് തന്നെ തിരികെവച്ചു. കന്യക സ്നേഹത്തോടെ വീണ്ടും ദേവനെ കെട്ടിപ്പിടിച്ചു. ദേവന്‍ ഇരിപ്പിടത്തില്‍ നിന്നും പിന്നെ അനങ്ങിയില്ല. മകളുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തിചുംബിച്ചുകൊണ്ട് അയാള്‍ അങ്ങിനെ ഇരുന്നു. സമയം മെല്ലെ നീങ്ങി.
**************
ശരത്തിന്‍റെ വണ്ടി വീണ്ടും  ദേവനന്ദനത്തിന്‍റെ മുറ്റത്ത് വന്നു നിന്നു. അതില്‍ നിന്നും പുറത്തിറങ്ങിയ അയാള്‍ സിറ്റ്ഔട്ടില്‍ കയറി നിന്നുകൊണ്ട് കാള്ളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി. ദേവന്‍ അപ്പോള്‍ തന്‍റെ തോട്ടത്തില്‍ ആയിരുന്നു. പോലിസ് വണ്ടി കണ്ടുകൊണ്ട് അയാള്‍ വീടിന്‍റെ മുറ്റത്തേയ്ക്ക് നടന്നു വന്നു.  സ്വിച്ചില്‍ കൈവച്ച് വാതില്‍ തുറക്കുന്നതും പ്രതീക്ഷിച്ചുകൊണ്ട് നിന്ന അയാളുടെ പിന്നില്‍ നിന്നും ദേവന്‍ ചോദിച്ചു.

"എന്താ ശരത് സാറേ... വീണ്ടും ഈ വഴിയ്ക്ക്...??

പുറകിലെ സ്വരം കേട്ടു അയാള്‍ തിരിഞ്ഞു നോക്കി. ദേവനെക്കണ്ട അയാള്‍ വെളുക്കെചിരിച്ചുകൊണ്ട്‌ പറഞ്ഞു.

"ഒന്നുമില്ല. പനീര്‍ വധക്കേസുമായി ബന്ധപ്പെട്ട് കന്യകയില്‍ നിന്നും ചില വിവരങ്ങള്‍ കൂടി എനിക്ക് കിട്ടാനുണ്ട്..."

അപ്പോഴേയ്ക്കും കന്യക വാതിലിനരുകിലെ ജനാലയിലൂടെ ശരത്തിനെ കണ്ടിരുന്നു. അവളുടെ ഉള്ളം വല്ലാതെ പിടച്ചു. അവള്‍ ചിന്തിച്ചു. "ഇനി എന്താവും ഇയാള്‍ ചോദിക്കുക".   ചിന്തിച്ചുവെങ്കിലും മുറ്റത്തെ ദേവന്‍റെ സാന്നിധ്യം അവള്‍ക്ക് ആശ്വാസം നല്‍കി. മനസ്സില്‍ ധൈര്യം സംഭരിച്ചുകൊണ്ട് അവള്‍ വാതില്‍ തുറന്നു. അതിനരുക് ചേര്‍ന്ന് നിന്ന അവള്‍ക്കരുകിലൂടെ ശരത് വീട്ടിനുള്ളിലേയ്ക്ക് കയറി. ദേവന്‍ മുറ്റത്തെ പൈപ്പിന്‍ ചുവട്ടിലേയ്ക്കു നടന്നു. ഹാളിലെ ഇരിപ്പിടത്തില്‍ ഉപവിഷ്ടനായ ശരത്തിനെ കന്യക ഒന്ന് നോക്കി. അവളുടെ ദീപ്തമായ കണ്ണുകളില്‍ ഒരുനിമിഷം വീണ്ടും അവന്‍റെ കണ്ണുകള്‍ ഉടക്കി നിന്നു. കന്യകയെന്ന ബുദ്ധിമതിയ്ക്ക് അത് തന്നെ ധാരാളമായിരുന്നു. തന്‍റെ മുന്നിലിരിക്കുന്നത് ഉയര്‍ന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ എന്ന ചിന്തപോലും വിട്ടു കുട്ടിത്തം മാറാത്ത അവള്‍, ദേവന്‍ പടിക്കെട്ടുകള്‍ താണ്ടി ഉള്ളില്‍ വരുന്നതിനു മുന്നേ ശരത്തിനോട് ഒരു ചോദ്യം പതിയ സ്വരത്തിലെറിഞ്ഞു.

"എന്താ ശരത്തേട്ടാ... എന്നോടെന്താ ഇനിയും ചോദിക്കാനുള്ളത്...???

അവളുടെ വിളി അയാളില്‍ ഞെട്ടല്‍ ഉണ്ടാക്കി. അവന്‍ എന്തെങ്കിലും പറയും മുന്‍പേ അവള്‍ വീണ്ടും പറഞ്ഞു. രാജശേഖര്‍ അങ്കിളിന്റെ കൂട്ടുകാരന്‍ അല്ലെ അതാ അങ്ങിനെ തന്നെ ഞാന്‍ വിളിച്ചത്...!!

കന്യക ഇത് പറയുമ്പോള്‍ അവന്‍റെ നാവില്‍ വെള്ളം വറ്റി. മടികൂടാതെ അവന്‍ ചോദിച്ചു. "കുടിക്കാന്‍ കുറച്ചു വെള്ളം..." കന്യക ഒട്ടും സമയം കളയാതെ വിളിച്ചു. "പായീമ്മേ..." അടുക്കള പടിയില്‍ വിളികേട്ട് എത്തിയ അവരോട് അവള്‍ ആംഗ്യഭാഷയില്‍ വെള്ളത്തിനായി പറഞ്ഞു. അപ്പോഴേയ്ക്കും ദേവന്‍ കാലുകഴുകി അകത്തേയ്ക്ക് വന്നു. ശരത്തിനരുകില്‍ കസേരയിലേയ്ക്ക് ഇരുന്ന ദേവന്‍ ചോദിച്ചു.

"എന്താ സാറേ... ആരാണ് കൊന്നത് എന്ന് എന്തെങ്കിലും തെളിവ് ലഭിച്ചോ പോലീസിന്..??

"ഇല്ല ദേവന്‍... പക്ഷെ, ഇവിടുത്തെ കന്യക പറഞ്ഞത് പോലുള്ള കാര്യങ്ങള്‍ അല്ല എനിക്ക് സേനനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്...!!! ശരത് പറഞ്ഞു. ദേവന്‍ ഒട്ടും ഭാവമാറ്റമില്ലാതെ ചോദിച്ചു.

"പിന്നെ എന്താ അവന്‍ പറഞ്ഞേ..??

"അവന്‍ കന്യകയെ വിളിച്ചിട്ടില്ല എന്നാ പറയുന്നത്..." ശരത്തിന്‍റെ വാക്കുകള്‍ കേട്ടു ദേവന്‍ മൌനമായിരുന്നു. അപ്പോള്‍ കന്യക ചോദിച്ചു.

"അപ്പോള്‍ സാറ് പറയുന്നത് ഞാനാണ് പനീറിനെ കൊന്നതെന്നാണോ..???

ശരത് മിഴികള്‍ ഉയര്‍ത്തി അവളെ നോക്കി. അപ്പോള്‍ കന്യക വീണ്ടും പറഞ്ഞു.

"എന്‍റെ പൊന്നു ശരത് സാറേ...!! ഇന്നുവരെ കൊന്ന ഒരുത്തനും അത് സമ്മതിച്ചിട്ടില്ല. അല്ലെങ്കില്‍ തന്നെ എന്നെ വിളിച്ചത് സേനന്‍ അല്ലെങ്കിലോ..?? ഈ പനീര്‍ തന്നെയാണെങ്കിലോ..?? പിന്നെ... ഞാനീ പനീറിനെ കണ്ടിട്ടില്ല. എനിയ്ക്കോ എന്‍റെ കുടുംബത്തിനോ ഈ പനീറുമായി ഒരു ബന്ധോമില്ല. ആകെയുള്ളത് ആ സേനന്‍ എന്ന തമിഴനുമായാ.. തമിഴില്‍ പറഞ്ഞപ്പോള്‍ എനിക്ക് തോന്നീത് സേനന്‍ തന്നെയാവും വിളിച്ചത് എന്ന് തന്നെയാ. പോരെങ്കില്‍ അപ്പ ആശുപത്രിയില്‍ ആയേപ്പിന്നെ അയാളിവിടെ തുണി ഇസ്തിരിയിടാന്‍ വന്നിട്ടുമില്ല...!! പിന്നെ ഈ പാവപ്പെട്ട പെണ്‍കുട്ടീടെ പുറകെ ഇതുതന്നെ പറഞ്ഞോണ്ട് നടക്കുന്ന സമയത്ത് ആരാണ് അത് ചെയ്തോന്ന് കണ്ടുപിടിച്ചൂടെ...?? അല്ലെങ്കില്‍ തന്നെ സാറിന് ചിന്തിച്ചൂടെ, മാധ്യമങ്ങള്‍ എല്ലാം പറഞ്ഞതല്ലേ.. സാധാരണയിലും കവിഞ്ഞ തടിമിടുക്കുള്ള അയാളെ ഒറ്റയ്ക്ക് ഒരാണിന് പോലും കൊല്ലാന്‍ കഴിയില്ല്യ എന്ന്... എന്നിട്ടാണോ ഇത്തിരിപ്പോന്ന ഈ എന്നെയിങ്ങനെ സംശയിച്ചു സാറ് വെറുതെ സമയം കളയുന്നത്...!!!

കന്യകയുടെ വാക്കുകള്‍ വീണ്ടും അവനെ തളര്‍ത്തി. ഇരിപ്പിടത്തില്‍ നിന്നും അവന്‍ ചാടിയെഴുന്നേറ്റു. പിന്നെ മനസ്സിന്‍റെ  ധൈര്യം കൈവിടാതെ അവന്‍ അവളോട്‌ പറഞ്ഞു.

"കന്യകേ... മാധ്യമങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു സാധാരണ മരണമല്ല. അവനെ കൊന്നിരിക്കുന്നത് ഒരു പെണ്ണാണ്. ബുദ്ധിമതിയായ ഒരു പെണ്ണ്. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ അവളെ കണ്ടുപിടിച്ചിരിക്കും..."

പറഞ്ഞുകൊണ്ട് അയാള്‍ പായീമ്മ വച്ചുനീട്ടിയ വെള്ളം പോലും വാങ്ങാതെ വാതില്‍പ്പടി കടന്നു വേഗം പുറത്തേയ്ക്ക് നടന്നു. ആ വണ്ടി അവിടെ നിന്നും തിരിഞ്ഞുപോകുന്നതും നോക്കി കന്യക നിന്നു. അവളുടെ മനസ്സ് ശാന്തമായി തന്നെയിരുന്നു. തിരികെ ഹാളിലേയ്ക്ക് വന്നു ചുവരിലെ കലണ്ടറില്‍ നോക്കി, അവളെത്തന്നെ നോക്കിയിരുന്ന ദേവനെ നോക്കി പറഞ്ഞു. 

"അച്ഛാ... ഇനി നാല്‍പ്പത്തഞ്ചു ദിനം കൂടിയേ ഉള്ളൂ. കക്കിചേരിയിലെ ദേവീക്ഷേത്രത്തിലെ തീവട്ടി തുള്ളലിന്. പിന്നെയവള്‍ വിരലുകള്‍ കൊണ്ട് ചില കണക്കുകള്‍ കൂട്ടിപ്പറഞ്ഞു. ഈ വര്‍ഷംഅച്ഛന്റെ മോള് തുള്ളുവാ.. ദേവീടെ മുന്നില്. എനിക്കതിന് കഴിയും..."

(തുടരും)
ശ്രീ വര്‍ക്കല

2015, ജനുവരി 29, വ്യാഴാഴ്‌ച

By: Sree Varkala

എവിടെയോ കാലു തട്ടി ഞാന്‍ നിലത്തുവീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എന്‍റെ നെറുകയില്‍ ബലമായി ആരോ ചവുട്ടി. ഞാന്‍ മണ്ണിലേയ്ക്കു ആഴ്ന്നു. മണ്ണിരകള്‍ തീര്‍ത്ത വിടവിലൂടെ ഞാന്‍ പുറത്തു വന്നു. വഴിയില്‍ നിന്നൊരു കൂറ്റന്‍ ഭിത്തി എന്‍റെ മുന്നില്‍ നടുപിളര്‍ന്നു താഴെ വീണു. ഞാന്‍ ഭയം കൊണ്ട് മണ്ണിലേയ്ക്കു പുതഞ്ഞു. എന്‍റെ മുതുകിലൂടെ വലിയ യന്ത്രങ്ങള്‍ കയറിയിറങ്ങി. ഞാന്‍ നിലവിളിച്ചു. ശബ്ദം പുറത്തുവന്നില്ല. കാരണം, എന്‍റെ വായ്‌ ആരോ കൈ കൊണ്ട്ശക്തിയായി പൊതിഞ്ഞിരുന്നു. എന്നിട്ട് അയാള്‍ പറഞ്ഞു.

"കരയണ്ട! കാകനാ നിന്റെ പക്ഷി. നിറയെ മരണങ്ങള്‍ കാണണം നീ...... ബലിചോറുണ്ണണം. അതിനു മാത്രം നിന്നെയവര്‍ സ്നേഹത്തോടെ കൈകാട്ടി വിളിക്കും.നിന്നെ മറികടക്കാന്‍ ഒരാള്‍ക്കേ കഴിയൂ....അയാള്‍ പറഞ്ഞു നിര്‍ത്തി. പെട്ടെന്ന് ഞാനൊരു ആള്‍പ്പുലിയായി മാറി. എന്‍റെ ശരീരം നനുനനുത്ത രോമങ്ങള്‍ കൊണ്ട് നിറഞ്ഞു.
അയാള്‍ തുടര്‍ന്നു.

"ഒരിക്കല്‍ നിന്നെ തോല്‍പ്പിക്കാന്‍ അവന്‍ വരും. ഒരു സിംഹരൂപന്‍, ..അവന്‍ വിശാഖം നാളുകാരന്‍ ആയിരിക്കും. പക്ഷെ, നിനക്ക് രക്ഷപ്പെടാം. അതിനു നീ ഉയര്‍ന്ന വൃക്ഷത്തില്‍ കയറണം.

ഞാന്‍ ഒരു കൂവള മരത്തിന്‍റെ മുകളില്‍ കയറി. അതില്‍ നിറയെ നാഗങ്ങള്‍ ആയിരുന്നു. ഞാന്‍ ഭയന്നു വിറച്ചു. ഒടുവില്‍, അവന്‍ വന്നു. നാഗങ്ങളെ ഓരോന്നോരോന്നായി
എടുത്തു കഴുത്തില്‍ അണിഞ്ഞു. പെട്ടെന്ന് എന്നെ കണ്ട അവന്‍റെ കണ്ണുകളില്‍ തീജ്വാലകള്‍ ഉയര്‍ന്നു. ക്രുദ്ധനായി എന്നോട് ചോദിച്ചു.

"നീ എങ്ങനെയിവിടെ?....എന്‍റെ മാത്രമായ കൂവള മരത്തില്‍ നീ എന്തിനു കയറി....??

ഞാന്‍ ചോദിച്ചു...." നീ വിശാഖം നാളുകാരനാണോ?

അവന്‍ എന്‍റെ നേര്‍ക്ക്‌ ശൂലം എടുത്തു. പെട്ടെന്ന് അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്നും മണി മുഴങ്ങി. അവന്‍ അപ്രത്യക്ഷനായി. ഞായറാഴ്ച വ്രതക്കാര്‍ വ്രതം നോറ്റ് വച്ച പൊങ്കലില്‍ തീര്‍ത്ഥം തളിച്ചവന്‍, അത് ഭക്ഷണമാക്കി.
ഞാന്‍ കൂവളമരത്തില്‍ ഇരുന്നു ആത്മഗതം ചെയ്തു...അയാള്‍ വിശാഖം നാളുകാരനല്ല.
അവള്‍ അപ്പോഴും തൊഴുകൈയോടെ നില്‍ക്കുകയായിരുന്നു ഭഗവാന്‍റെ തിരുസന്നിധിയില്‍..,...
വ്രതം നോറ്റ് എന്‍റെ ആയുസ്സിനു വേണ്ടി.......

Sree.....Varkala
" ഞാന്‍ ആഗ്രഹിച്ച നിറമായിരുന്നു അവള്‍ക്ക്. ആ കണ്ണുകള്‍... കറുത്ത മുടിയിഴകള്‍... കൊതിപ്പിക്കുന്ന ചുണ്ടുകള്‍, മൂക്ക്...പിന്നെ ആ നിറഞ്ഞ മാറിടം...!!!!
ഹോ..!! എന്തൊരു പെണ്ണാ ഇത്...??? ഞാനറിയാതെ തന്നെ അവളിലൂടെ എന്‍റെ വിരലുകള്‍ ചലിപ്പിച്ചു. അവള്‍ക്ക് ഒന്ന് ജീവന്‍ വച്ചിരുന്നെങ്കിലോ എന്ന് ഞാന്‍ ആശിച്ചു..... അത്ര ഭംഗിയായിരുന്നു ആ ചിത്രം....!!!
ശ്രീ വര്‍ക്കല