2014 ജൂലൈ 19, ശനിയാഴ്‌ച


നോവല്‍

ദേവദാരുവിന്നരികത്ത്‌.....35

വണ്ടിയുടെ വേഗം കൂടുംതോറും ഫസിയ അമറിന്‍റെ മുഖത്ത് തന്നെ നോക്കിയിരുന്നു. ആ യാത്രയ്ക്കിടയില്‍ അവര്‍ കുറേനേരം പരസ്പരം ഉരിയാടിയിരുന്നില്ല. അമറിന്‍റെ ശ്രദ്ധ ഡ്രൈവിങ്ങിലോ, അതോ മറ്റെന്തെങ്കിലും ചിന്ത അവനെ അലട്ടുന്നുണ്ടോ എന്ന് അവള്‍ക്കു സംശയമായി. അവള്‍ കുറേനേരം കൂടി ആ മൗനം തുടര്‍ന്നുവെങ്കിലും ഒടുവില്‍ വളര്‍ന്നു വന്ന ആകാംക്ഷ അവളെക്കൊണ്ട് അത് പറയാന്‍ തോന്നിപ്പിച്ചു.

"എന്താണ് അമറേട്ടാ... ?? ഒരുപാട് ചിന്തിക്കുന്നുവെന്ന് ആ മനസ്സ് പറയുന്നു... എന്താണ് മനസ്സിനെ വിഷമിപ്പിക്കുന്ന ആ ചിന്ത..??

അവളുടെ ചോദ്യത്തിന് പെട്ടെന്ന് അവന്‍ "ങേ" എന്ന ഒരു ഞെട്ടലോടെയാണ് പ്രതികരിച്ചത്. അതില്‍ നിന്നും ഫസിയ തീര്‍ച്ചപ്പെടുത്തി അമറിന്‍റെ മനസ്സിവിടെ അല്ലെന്ന്. അവള്‍ അടുത്തതായി എന്തോ ചോദിക്കാന്‍ ഭാവിക്കുമ്പോഴെയ്ക്കും അവന്‍ പറഞ്ഞു.

"ഞാന്‍ അമ്മയെക്കുറിച്ച് ഓര്‍ത്തുപോയതാണ്. ദിവസം രണ്ടാവാന്‍ പോകുന്നു. അമ്മ വിഷമിക്കുന്നുണ്ടാകും തീര്‍ച്ച...."

അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല. കുനിഞ്ഞിരിക്കുക മാത്രമാണ് ചെയ്തത്. ഒടുവില്‍ അവരുടെ വാഹനം അവള്‍ പറഞ്ഞ വഴികളിലൂടെ സഞ്ചരിയ്ക്കാന്‍ തുടങ്ങി. ആ പാതയുടെ ഒടുവില്‍ അത് ചെന്ന് നിന്നത് മനോഹരമായ ഒരു വീടിനു മുന്നിലാണ്. അമര്‍ കാര്‍പോര്‍ച്ചിലേയ്ക്ക് വണ്ടി കയറ്റി ഇട്ടു. അവരെ സ്വീകരിക്കാന്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. രണ്ടു പേരും കാറു വിട്ടു പുറത്തിറങ്ങി. സമയം നന്നേ ഇരുണ്ടിരുന്നു. മാനത്ത് കണ്ട മഴക്കാറുകള്‍ പെയ്യാതെ ഉറഞ്ഞുനിന്നിരുന്നു. ഫസിയ വീടിന്‍റെ പടികള്‍ കയറാന്‍ തുടങ്ങി. ഒപ്പം മടിച്ചു മടിച്ചു നിന്ന അമറിനെ അവള്‍ അകത്തേയ്ക്ക് ക്ഷണിച്ചു. അടഞ്ഞ വാതില്‍ തള്ളിതുറന്നവള്‍ അകത്തേയ്ക്ക് കയറി. ഒപ്പം അമറും. അപ്പോഴേയ്ക്കും വീടിന്‍റെ അകത്തളത്തില്‍ എവിടെ നിന്നോ ഒരു വൃദ്ധന്‍ അവിടേയ്ക്ക് ഓടിവന്നു. ഫസിയയെക്കണ്ട അയാള്‍ പെട്ടെന്ന് ചോദിച്ചു.

"എവിടായിരുന്നു ഫസിയക്കുഞ്ഞേ ഇതുവരെ..?? എന്താ തലയിലൊരു മുറിവ്..??

അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അവള്‍ മറുചോദ്യം ചോദിച്ചു.

"ഉമ്മ എവിടെ...??? ഉമ്മ എന്നെ അന്വേഷിച്ചോ??

"ഇല്ല.. ഇന്നലെ പോയതാണ് ഇതുവരെയും വന്നിട്ടില്ല..." അയാളുടെ മറുപടി

അമറിന് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടി. ഫസിയ പറഞ്ഞത് നൂറു ശതമാനം ശരിയെന്നു അവന്‍ മനസ്സിലുറപ്പിച്ചു. ഫസിയയ്ക്ക് പിറകില്‍ ഈവിധ ചിന്തകളുമായി നിശ്ചലനായി നിന്ന അവനെ അവള്‍ മുകളിലേയ്ക്ക് ക്ഷണിച്ചു. അവള്‍ക്കൊപ്പം പടിക്കെട്ടുകള്‍ ഓരോന്നും ചവിട്ടിക്കയറുമ്പോള്‍ മനസ്സില്‍ എവിടെ നിന്നോ ഒരു നോവു പാഞ്ഞെത്തി. ഒടുവില്‍, പടിക്കെട്ടുകള്‍ താണ്ടി അവള്‍ വാതില്‍ ചാരിക്കിടന്ന ഒരു മുറിയുടെ അരുകിലെത്തി ഒന്ന് നിന്നു. പിന്നെ അവള്‍ക്കു പിന്നിലായി നിന്ന അമറിനെ തിരിഞ്ഞു നോക്കി. വരൂ എന്ന് അവളുടെ കണ്ണുകള്‍ അവനോടു പറഞ്ഞു. ഒപ്പം വാതില്‍ അവള്‍ മെല്ലെ തുറന്നു. വാതില്‍ തുറന്നതും ഡെറ്റോളിന്‍റെ ഗന്ധം അവന്‍റെ നാസികകളില്‍ തുളഞ്ഞു കയറി. അമര്‍ അവള്‍ക്കൊപ്പം മെല്ലെ അകത്തേയ്ക്ക് കയറി. കയറുന്ന വേളയില്‍ തന്നെ കിടക്കയില്‍ ഒരു രൂപം അവന്‍ കണ്ടു. അവന്‍റെ കണ്ണുകള്‍ വല്ലാതെ കുറുകി. അവന്‍ കിടക്കയ്ക്കരുകില്‍ എത്തി നില്‍ക്കുമ്പോഴേയ്ക്കും ഫസിയ തിരികെ വാതിലില്‍ തന്നെ എത്തിയിരുന്നു. അവിടെ നിന്നവള്‍ ഉറക്കെ വിളിച്ചു.

"ബാലമ്മാവാ...."

"എന്തോ... ദാ വരുന്നു കുഞ്ഞേ...." അവളുടെ വിളിക്കൊപ്പം മറുവിളി നല്‍കി അയാള്‍ പടിക്കെട്ടുകള്‍ ഓടിക്കയറാന്‍ തുടങ്ങി. ഒടുവില്‍, വാതിലിനരുകില്‍ അവളുടെ മുന്നില്‍ വന്നയാള്‍ ഒച്ചാനിച്ചു നിന്നു.

ഫസിയ അയാളോട് ചിലത് ചോദിച്ചത് വളരെ രൂക്ഷമായ വാക്കുകളോടെ ആയിരുന്നു.

"എന്തിനിങ്ങനെ എന്‍റെ മുന്നില്‍ നിങ്ങള്‍ ഒച്ചാനിച്ചു നില്‍ക്കുന്നു ബാലമ്മാവാ. ഇന്ന് രണ്ടു ദിവസം ആയി. എന്താ ബാപ്പയ്ക്ക് ഷേവ് ചെയ്യാഞ്ഞേ..?? ചായ കൊടുത്തോ? ഒരു നേരത്തെയെങ്കിലും ഭക്ഷണം കൊടുത്തോ..?? പോട്ടെ ഈ മുറി ഒന്ന് ശരിയ്ക്ക് നിങ്ങള് വൃത്തിയാക്കിയോ??

അവളുടെ ചോദ്യത്തില്‍ അയാള്‍ നിന്നു പരുങ്ങി. അവളുടെ ചോദ്യം കേട്ടപ്പോള്‍ അമറിന് സമാധാനമായി. അവന്‍ ചുറ്റും നോക്കി. അവള്‍ പറഞ്ഞത് ശരിയാണ്. അപ്പോഴേയ്ക്കും ഫസിയയുടെ ചോദ്യത്തിന് അയാള്‍ വിക്കിവിക്കി മറുപടി പറഞ്ഞു.

"മോളുടെ ഉമ്മ തന്ന ജോലി പോലും എനിക്കിതുവരെ ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ബാപ്പയ്ക്ക് ഞാന്‍ ഭക്ഷണം കൊടുത്തു. ഷേവ് ചെയ്തുകൊടുക്കാന്‍ ഇതുവരെയും സമയം കിട്ടിയില്ല. അയാള്‍ ദയവു ആഗ്രഹിക്കും പോലെ അവളെ നോക്കി. അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. ഫസിയ തിരികെ ബാപ്പയ്ക്കരുകില്‍ വരുമ്പോള്‍ അമര്‍ കിടക്കയില്‍ അയാള്‍ക്കരുകില്‍ ഇരിക്കുന്നുണ്ടായിരുന്നു. ആ രൂപത്തോട് ഒരു പരിചയവും അവനു തോന്നിയില്ല. ഒരു ആള്‍ രൂപം മാത്രം. ഒട്ടിയ കവിളുകളും വയറും, കുഴിഞ്ഞ കണ്ണുകളും മാത്രമുള്ള ആ രൂപം അവനെങ്ങിനെ തിരിച്ചറിയാന്‍. എങ്കിലും അമറിനെ കണ്ട മാത്രയില്‍ ആ രൂപത്തിന്‍റെ കണ്ണുകള്‍ തിളങ്ങി വന്നതവന്‍ കണ്ടു. വളരെ ശ്രമപ്പെട്ടാണെങ്കിലും അയാളുടെ വലതുകരം അമറിന്‍റെ തുടകളില്‍ മെല്ലെപ്പതിഞ്ഞു. അമര്‍ അത്ഭുതത്തോടെ അയാളെ നോക്കി. അയാളുടെ ചുക്കിച്ചുളിങ്ങിയ വിരലുകള്‍ അമറിന്റെ ശരീരത്തിലൂടെ മെല്ലെ മുകളിലേയ്ക്ക് ചലിയ്ക്കാന്‍ തുടങ്ങി. അമര്‍ അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കി. ആ കണ്ണുകള്‍ അടഞ്ഞുതുറക്കുന്നത് അവന്‍ കണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ കണ്ചാലുകളിലൂടെ കണ്ണുനീര്‍ ധാരയായി പുറത്തേയ്ക്ക് വന്നു. ഫസിയയും അമറും ഒരുപോലെ അതിശയം പൂണ്ടു. ഫസിയ ബാപ്പയുടെ കൈപിടിച്ച് കിടക്കയ്ക്കരുകില്‍ മുട്ടുകുത്തി ഇരുന്നു. അയാളുടെ ചെവിയുടെ അടുത്തായി അവള്‍ ചുണ്ടുകള്‍ കൊണ്ടുവന്നു പിന്നെ മെല്ലെ ചോദിച്ചു.

"ബാപ്പാ........ അറിയുമോ ഈ ആളെ..??? "

അയാള്‍ മെല്ലെ തലകുലുക്കി. അയാളുടെ ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി. ഒട്ടിയ വയര്‍ താളത്തില്‍ ശ്വാസത്തിനൊപ്പം വിറയ്ക്കാനും തുടങ്ങി. അയാളുടെ തലകുലുക്കലില്‍ അമറിനും ഫസിയയ്ക്കും ഒന്നും മനസ്സിലായില്ല. ഫസിയ വീണ്ടും ചോദിച്ചു.

"അതെങ്ങിനെയാ ബാപ്പാ... എങ്ങിനെയാ ബാപ്പ അറിയുന്നേ..??

അവളുടെ ചോദ്യം കേട്ട അയാള്‍ കണ്ണുകള്‍ മുറുകെയടച്ചു. അമറിന്റെ ശരീരത്തില്‍ പാതിവഴിയില്‍ നിന്നിരുന്ന അയാളുടെ കൈവിരലുകള്‍ മെല്ലെ ചലിയ്ക്കാന്‍ തുടങ്ങി. അതവന്റെ വയറിലൂടെ, നെഞ്ചിലൂടെ കഴുത്തിലൂടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു മുഖം തലോടാന്‍ തുടങ്ങി. അമര്‍ അവന്‍ പോലുമറിയാതെ കരയാന്‍ തുടങ്ങി. അവന്‍റെ ഓര്‍മകളില്‍ എവിടെയോ ആ സ്പര്‍ശനം അറിഞ്ഞപോലെ... അയാളുടെ ചുക്കിച്ചുളിങ്ങിയ കൈയിലേയ്ക്ക് അവന്‍ സ്വന്തം കൈകള്‍ ചേര്‍ത്തുപിടിച്ചു. സ്വപ്നം കാണുന്ന പോലെ അവന്‍ കണ്ണുകള്‍ പൂട്ടി... ഫസിയ നടക്കുന്നതെന്തന്നറിയാതെ വിളറി നിന്നു. അമര്‍ കിടക്കയിലൂടെ ഊര്‍ന്നു താഴേയ്ക്കിറങ്ങി. അയാളുടെ കൈവിരലുകള്‍ അവന്‍ നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചു. പിന്നെ കിടക്കയ്ക്കരുകില്‍ ഇരുന്നവന്‍ അയാളുടെ നെഞ്ചിലേയ്ക്ക് മുഖമമര്‍ത്തി. പിന്നെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ബാപ്പയുടെ കൈയില്‍ നിന്നും കൈവിട്ട്, നിയന്ത്രണം വിട്ടു കരഞ്ഞ അമറിന്‍റെ തോളുകളില്‍ ഫസിയ മെല്ലെപിടിച്ചു. അമര്‍ അവളെ തിരിഞ്ഞു നോക്കിയതേയില്ല. അല്‍പ്പനേരം അങ്ങിനെ കരഞ്ഞവന്‍ തോര്‍ന്ന കണ്ണുനീരുമായി മുഖമുയര്‍ത്തി. എന്നിട്ട് അയാളുടെ മുഖത്തിനരുകില്‍ മുഖം കൊണ്ട് വന്നു അയാളുടെ കവിളുകളില്‍ ഒന്നില്‍ ഉമ്മ വച്ചു. എന്നിട്ട് മെല്ലെ വിളിച്ചു.

"ബാപ്പാ... ന്‍റെ ബഷീര്‍ ബാപ്പാ...."

അമറിന്റെ വിളിയില്‍ ഒരേങ്ങലോടെ ബഷീര്‍ അവനെ കെട്ടിപ്പിടിച്ചു. ഫസിയ അമ്പരന്നു നിന്നു. പൊടുന്നനെ അവളുടെ മനസ്സ് കുട്ടിക്കാലത്തും പിന്നെ വളര്‍ന്നപ്പോഴും ബാപ്പ പറഞ്ഞ കഥകളിലൂടെയൊക്കെയും സഞ്ചരിയ്ക്കാന്‍ തുടങ്ങി. ആ ഓര്‍മ്മകളിള്‍ അവള്‍ ആരെയോ തിരഞ്ഞു. ഒടുവില്‍, പൊടുന്നനെ അവള്‍ അവളുടെ ചിന്തകള്‍ക്ക് വിരാമമിട്ടു. ഫസിയയുടെ ശരീരം മെല്ലെ വിറയ്ക്കാന്‍ തുടങ്ങി. അമറിന്‍റെ തോളില്‍ പിടിച്ചവള്‍ കരയാന്‍ തുടങ്ങി. പിന്നെ കരച്ചിലോടെ അമറിനോട് ചോദിച്ചു.

"അമര്‍.... ഈ അമര്‍ .... രഘു അപ്പാടെ മോനാണോ...??

അമര്‍ അവളെ നോക്കി തലകുലുക്കി.... ഫസിയ വല്ലാത്തൊരു സ്നേഹത്തോടെ, സന്തോഷത്തോടെ ഉറക്കെ കരയാന്‍ തുടങ്ങി. അമര്‍ ബഷീറിനോട്‌ ചോദിച്ചു.

"എന്തിനാ ബാപ്പ ഇത്രേം സഹിച്ചിട്ടും... ഇവിടെ നിന്നെ. അങ്ങട് വരായിരുന്നില്ലേ..?? ഇനി ആരും എന്‍റെ അമ്മാനെ ഒന്നും പറയില്ല. ഞാനുണ്ടായിരുന്നല്ലോ ബാപ്പ എല്ലാത്തിനും.... ഞാനുണ്ടായിരുന്നല്ലോ ബാപ്പ എല്ലാത്തിനും..." അവന്‍ കിടയ്ക്കരുകില്‍ മുഖം ചേര്‍ത്ത് കരഞ്ഞു.

രാവേറെ കടന്നുപോയത് അവര് മൂവരും അറിഞ്ഞതേയില്ല. കൂരിരുളടിഞ്ഞ ആ രാവില്‍ ഇടിമുഴക്കങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. പെട്ടെന്ന് പാഞ്ഞുവന്ന മഴ ജനലിനുവെളിയില്‍ അവരുടെ കണ്മുന്നില്‍ നിന്നാര്‍ത്തുകരഞ്ഞു. വീടിന്‍റ കാര്‍ പോര്‍ച്ചിലേയ്ക്ക് അമറിന്‍റെ കാറിനു പിന്നിലായി പാതി നനഞ്ഞുകൊണ്ടൊരു കാര്‍ വന്നു നിന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

ദേവദാരുവിന്നരികത്ത്‌.....34

അവള്‍ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. എന്നിട്ട് പറഞ്ഞു.

"ഞാനാരെന്ന് അറിയും മുന്‍പ് ഞാന്‍ എന്താണെന്നറിയണം. ഞാന്‍ എന്തിനിങ്ങനെ ആയെന്ന് അറിയണം.. ഇത് പറഞ്ഞുകൊണ്ട് അവള്‍ കിടക്കയില്‍ ഇരുന്ന് ദീര്‍ഘനിശ്വാസമിട്ടു. അവളുടെ ശ്വാസഗതികളുടെ താളം വല്ലാതെ അവനെ അലോസരപ്പെടുത്തി. എങ്കിലും അവളനുഭവിക്കുന്ന മാനസ്സികവ്യഥ എന്താണെന്ന് അറിയാതെ അവളോട്‌ നീരസം തോന്നിയിട്ടെന്ത് കാര്യം എന്നവന്‍ ചിന്തിച്ചു.

അമറങ്ങനെ ചിന്തിക്കെ, അവള്‍ തുടര്‍ന്നു.

"ഈ മോള്‍ക്ക്‌ വേണ്ടി, എല്ലാമെല്ലാമായിരുന്ന ഈ മോള്‍ക്ക്‌ വേണ്ടി കാത്തിരിക്കുന്നൊരു അച്ഛനുണ്ടെനിയ്ക്ക്. സങ്കടങ്ങളുടെ ഇരുളടഞ്ഞ ഒരു മുറിയില്‍, ജരാനര ബാധിച്ച്... ആരോടും പരിഭവമില്ലാതെ..... എന്‍റെ അച്ഛന്‍. പാപിയായ എന്‍റെ അച്ഛന്‍.. എന്‍റെ പെറ്റമ്മയാല്‍ ചതിയ്ക്കപ്പെട്ട എന്‍റെ അച്ഛന്‍....ഒന്നിനും കഴിയാതെ നിസഹായയായ ഞാനും... എന്തിനിങ്ങനെ എനിക്കൊരു ജന്മം...?? ജീവിക്കാന്‍ എനിക്ക് കൊതിയില്ല..."

കിടക്കയ്ക്ക് ഇരുവശവും കൈകളൂന്നി അകലേയ്ക്ക് ദൃഷ്ടി പായിച്ച അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു. അവളുടെ വാക്കുകളുടെ മൂര്‍ച്ച ഒരു അറക്കവാളിന്‍റെ ഇരമ്പലോടെ അവന്‍റെ കര്‍ണ്ണങ്ങളില്‍ വന്നലച്ചു. "എന്‍റെ പെറ്റമ്മയാല്‍ ചതിയ്ക്കപ്പെട്ട എന്‍റെ അച്ഛന്‍". അമറിന് അതൊരു പുതുമയായിരുന്നു. അമ്മയ്ക്ക്, അല്ലെങ്കില്‍ സ്ത്രീയ്ക്ക് ഇങ്ങനെയൊരു പര്യായമോ? ഇങ്ങനെയൊരു മുഖമോ? അത് കൊണ്ട് തന്നെ എത്രയും വേഗം അതറിയാനുള്ള അവന്‍റെ ജിജ്ഞാസ കൂടി. ഉള്ളില്‍ തിളച്ചുമറിയുന്ന ചോദ്യങ്ങള്‍ മറച്ചുവയ്ക്കാതിരിക്കാന്‍ അവനു കഴിഞ്ഞതുമില്ല.

"നിന്‍റെ പെറ്റമ്മ നിന്‍റെ അച്ഛനെ ചതിയ്ക്കുകയോ...? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല... നീലിമ.." അതെന്താണ്..?? നിന്‍റെ അമ്മയുടെ രണ്ടാം വിവാഹത്തിലെ ആളാണോ നിന്‍റെയീ അച്ഛന്‍...?

"അല്ല... അമറേട്ടാ...... അല്ല.... എന്‍റെ കഥ മുഴുവന്‍ കേട്ടോള്ളൂ.... ഒടുവില്‍ തീര്‍ച്ചപ്പെടുത്തിക്കോളൂ ഞാനീ ചെയ്തതൊക്കെയും ശരിയാണോ.. തെറ്റാണോ എന്ന്..."

അവളുടെ ഈ വാക്കുകള്‍ക്കു മറുപടി പറയാന്‍ അവനു ഏറെ നേരം ചിന്തിച്ചിരിക്കേണ്ടി വന്നില്ല. അതുകൊണ്ട് പെട്ടെന്ന് തന്നെ അമര്‍ പറഞ്ഞു.

"നീലിമാ.. നീയെന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ അനുഭവിച്ചാലും ആത്മഹത്യയ്ക്ക് നീ ശ്രമിച്ചത് ശരിയാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല..." അവന്‍ തുടര്‍ന്നു. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. അതിനു കുറുക്കുവഴി തേടുന്നവന്‍ ജീവന്‍റെ വിലയറിയാത്തവന്‍... സ്വന്തം ജീവന്‍റെ വിലയറിയാത്തവന്‍ എങ്ങിനെ സ്വന്തം ജീവിതം ജീവിച്ചു തീര്‍ക്കും... സാധ്യമല്ല... അതൊരിക്കലും സാധ്യമല്ല നീലിമ. അത് തന്നെയാണ് നിനക്കും ഇവിടെ സംഭവിച്ചത്.. അതില്‍ സംശയമേയില്ല"

"ശരിയാണ്. ഞാനും സമ്മതിയ്ക്കുന്നു. ആത്മഹത്യ പാപം തന്നെയാണ്. എങ്കിലും ഞാനൊന്നു ചോദിച്ചോട്ടെ..

"കാഴ്ച നമ്മുക്ക് തരുന്നത് വെറും രൂപങ്ങളല്ലെ അമറേട്ടാ.... ആ രൂപങ്ങളോ ചില ഭംഗികളാണ്. രൂപവും ഭംഗിയും വെറും പുറംമോടികളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവം ആര്‍ക്കാണ് അമറേട്ടാ ആ കഴിവ് കൊടുത്തത്. താന്‍ കാണുന്ന കാഴ്ചകളുടെ ഉള്ളം അറിയാനുള്ള കഴിവ്... ആര്‍ക്കുമില്ല. പുറത്തു നിന്നും കാണുന്ന ചിത്രങ്ങള്‍ കൊണ്ട് ഒരിക്കലും അതാണ്‌ ശരി എന്ന് തീര്‍ച്ചപ്പെടുത്തരുത്. അങ്ങിനെ ചില തീര്‍ച്ചപ്പെടുത്തലുകള്‍ ഞാനും ചെയ്തിരുന്നു. ഞാനും അറിയാതെയെങ്കിലും എന്‍റെ അച്ഛനെ ചതിച്ചു... സ്നേഹിച്ചു വഞ്ചിച്ചു... എനിക്ക് മാപ്പില്ല അമറേട്ടാ.... എനിക്ക് മാപ്പില്ല... നീലിമ തേങ്ങിക്കരയാന്‍ തുടങ്ങി. അമര്‍ അവളെ ആശ്വസ്സിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ കുഴങ്ങി. എങ്കിലും അവന്‍ പറഞ്ഞു.

"നീ നിന്‍റെ സങ്കടത്തിന്‍റെ ആഴങ്ങളിലേയ്ക്ക് പോകും മുമ്പേ ഇങ്ങനെ കരയാന്‍ തുടങ്ങിയാല്‍ എങ്ങിനെ നീയെന്നോട്‌ നിന്‍റെ ജീവിതകഥ പറയും... എനിക്ക് അത് കേള്‍ക്കാന്‍ തിടുക്കമായി. കരയാതെ... കരയാതെ നിനക്കത് പറയുവാന്‍ കഴിയുമോ നീലിമാ..!!!

അമറിന്റെ വാക്കുകള്‍ കേട്ടവള്‍ തുള്ളിതുളുമ്പിനിന്ന കണ്ണുനീര്‍ തുള്ളികള്‍ തുടച്ചെടുത്തു. കൈനീട്ടി മേശമേല്‍ ഇരുന്ന കുപ്പി എടുത്തു. അതിലെ ജലം മതിവരുവോളം കുടിച്ചു. അവളുടെ തൊണ്ടയില്‍ തടഞ്ഞ് അത് താഴേയ്ക്കിറങ്ങുന്ന ചലനങ്ങളും മുഴക്കങ്ങളും നോക്കി അവനിരുന്നു. ഒടുവില്‍, നിലത്തെവിടെയോ ഒരിടത്ത് ദൃഷ്ടികള്‍ അര്‍പ്പിച്ച് അവള്‍ തുടങ്ങി. അമര്‍ ആകാംക്ഷയോടെ അവളുടെ കണ്ണുകളില്‍ നോക്കിയിരുന്നു. അവളുടെ ഓരോ വാക്കുകളും അവന്‍റെ കര്‍ണങ്ങള്‍ സ്നേഹത്തോടെ സ്വീകരിച്ചു. അതോടെ അവന്‍റെ നെഞ്ചകം വിട്ട് മനസ്സ് പാറിപ്പറക്കാന്‍ തുടങ്ങി. കാറ്റിലാടി കഥപറഞ്ഞ്, കഥപറഞ്ഞ് അത് ചെന്ന് നിന്നത് മനോഹരമായ ഒരു വീടിന്‍റെ മുറ്റത്തായിരുന്നു...

"ഫസിയാ.... മോളെ, ഓടരുതേ... നില്‍ക്കുന്നുണ്ടോ കുറുമ്പി നീ......"

അവിടെ മുറ്റത്ത് ബാപ്പയോട് കൊഞ്ചി, ഓടിക്കളിക്കുന്നൊരു പൊന്‍കുരുന്ന്... അക്ഷരങ്ങളുടെ വടിവുകള്‍ കുഞ്ഞുവിരലുകള്‍ കൊണ്ട് വളച്ചൊടിച്ചു ചിത്രം വരയ്ക്കുന്നൊരു പൊന്‍കുരുന്ന്. വെറും അഞ്ചു വയസ്സ് മാത്രം പ്രായമായിരുന്ന ഫസിയ അവന്‍റെ മനസ്സിലെ കാന്‍വാസില്‍ മുന്നിലെ ചിത്രം പോലെ തെളിഞ്ഞുവന്നു.

അവള്‍ തുടര്‍ന്നു.

ഒരു വൈകുന്നേരം. അന്നവിടെ ഒരുല്‍സവമേളമായിരുന്നു. ബാപ്പാ ഗള്‍ഫില്‍ നിന്നും വന്ന ദിവസം. ബാപ്പാ വരുന്നുവെന്നറിഞ്ഞു ഉമ്മയുണ്ടാക്കി വച്ച പലഹാരങ്ങള്‍ ഒരു പാത്രത്തിലാക്കി ഉമ്മ മുറ്റത്തെത്തി. വീട്ടിലെത്തിയ ചില ബന്ധുക്കള്‍ക്ക് അവ വിതരണം ചെയ്ത് ഉമ്മ എന്നോടൊപ്പം കളിക്കാന്‍ തുടങ്ങി. ഒരു സായന്തനം മുഴുവന്‍ എന്നോടൊപ്പം അവര്‍ ആടിത്തിമര്‍ത്ത ദിനം. ഒടുവില്‍, ബാപ്പയുടെ കൈയിലിരുന്നു കണ്ണുകളില്‍ മയക്കം പൂണ്ട ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

രാത്രിയിലെപ്പോഴോ ഞാന്‍ കണ്ണുകള്‍ തുറക്കുമ്പോള്‍....

ഉമ്മയുടെ മടിയില്‍ തലവച്ച് കിടക്കുന്ന ബാപ്പ. ആ കിടപ്പില്‍ ബാപ്പ ഉമ്മയോട് ഒരാഗ്രഹം പറഞ്ഞു.

"എടീ.....മോള്‍ക്ക് അഞ്ചു വയസ്സു കഴിഞ്ഞു. ഒരു കുഞ്ഞു മാത്രം മതിയോ നമ്മുക്ക്...???മോള്‍ക്കൊരു അനുജന്‍ വേണ്ടേ.. അവള്‍ക്കു താലോലിക്കാന്‍, കൊഞ്ചിച്ച് കളിയ്ക്കാന്‍..."

പെട്ടെന്നാണ് ഉമ്മ പ്രതികരിച്ചത്...

"എന്തിന്...??? എന്തിനങ്ങനെ റിസ്ക്‌ എടുക്കണം. ഈ ജീവിതം, ഈ ജോലി ഒരു ശാശ്വതമാണോ...??? ഒന്നിനെ വളര്‍ത്താന്‍ നമ്മള് പാടുപെടുകയല്ലേ..??? മോളായിട്ടും മോനായിട്ടും നമ്മുക്ക് ഇതൊന്ന് മതി ഇക്കാ..."

മനസ്സില്‍ അടക്കിപ്പിടിച്ച എന്‍റെ കുഞ്ഞുമോഹങ്ങളില്‍ ഒന്ന് കൊഴിഞ്ഞുവീണ ദിവസം. പിന്നീടുള്ള എന്‍റെ വളര്‍ച്ചയില്‍, എന്‍റെ കണ്മുന്നില്‍, എന്‍റെ കാഴ്ച്ചകള്‍ക്കുള്ളില്‍ ബാപ്പയുടെ ഓരോ ആവശ്യങ്ങളും വിദഗ്ദമായി ഉമ്മ കൈയൊഴിഞ്ഞുകൊണ്ടിരുന്നു. അതിനെല്ലാം ഉമ്മ പറയുന്ന കാരണങ്ങള്‍ ഓരോന്നും കേള്‍ക്കുമ്പോള്‍, ബാപ്പ ഉമ്മയോട് യോജിക്കും.

ഞാന്‍ വളര്‍ന്നു തുടങ്ങി. എന്‍റെ ആവശ്യങ്ങളും. പലപ്പോഴും ഉമ്മയത് മറക്കാനും തുടങ്ങി. എന്താണെന്നറിയില്ല, ഉമ്മയ്ക്കെന്നോടുള്ള അവജ്ഞ കൂടിക്കൂടി വന്നുകൊണ്ടിരുന്നു. ഉമ്മയും ഞാനും മനസ്സുകൊണ്ടും അകന്നുകൊണ്ടേയിരുന്നു. ഓരോ രണ്ടു വര്‍ഷം നീണ്ട എന്‍റെ സങ്കടക്കാത്തിരിപ്പിനൊടുവില്‍ രണ്ടുമാസം സന്തോഷവും കൊണ്ട് എന്‍റെ ബാപ്പ ഓടിയെത്തും. ജീവിക്കാനായി എന്‍റെ മനസ്സിനെ ആ രണ്ടു മാസം ബാപ്പ പഠിപ്പിക്കും. എന്തിനിങ്ങനെ ഉമ്മയുടെ മുന്നില്‍ താഴുന്നു എന്ന ചോദ്യത്തിന് ബാപ്പ ചിരിച്ചുകൊണ്ട് മറുപടി പറയും.

"മോളെ ഫസിയ... വേണമെങ്കില്‍ ബാപ്പയ്ക്ക് വാശി പിടിയ്ക്കാം. വഴക്കടിക്കാം. അതുകൊണ്ട് എന്ത് പ്രയോജനം. ഈ ജീവിതം, സന്തോഷം എല്ലാം പോകും അത്ര തന്നെ.."

പ്രവാസത്തിന്‍റെ നീണ്ട ഇടവേളകളില്‍ വീണുകിട്ടുന്ന ചെറിയ ഇടവേളകള്‍ നഷ്ടപ്പെടുത്താന്‍, നമ്മളെ സ്നേഹിക്കാതിരിക്കാന്‍ പക്ഷെ ബാപ്പയ്ക്ക് കഴിയുമായിരുന്നില്ല. അമ്മയുടെ ബന്ധുത്വം നാള്‍ക്ക് നാള്‍ കൂടുമ്പോഴേയ്ക്കും ഞാന്‍ മെല്ലെ മെല്ലെ ഏകാന്തതയിലേയ്ക്ക് യാത്രയായി. നിശാക്ലബുകളില്‍ വിലകൂടിയ വസ്ത്രങ്ങളില്‍ അമ്മ തിളങ്ങുമ്പോള്‍ യാത്രിയുടെ യാമങ്ങളില്‍ ഞാന്‍ അനാഥത്വം സ്വീകരിക്കുകയായിരുന്നു. ശരീരത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്താന്‍ ഉമ്മ ഒരുക്കമായിരുന്നില്ല. കൈയിലൊരു മകള്‍ ഉമ്മയുടെ സ്വൈരവിഹാരത്തിന് ഒരു തടസമായിരുന്നു.

ഒടുവില്‍, നിശാക്ലബുകളിലെ സ്ഥിരയാത്രകള്‍ക്കൊടുവില്‍ അമ്മയ്ക്കൊരു കൂട്ടുകാരിയെ കിട്ടി. അവരുടെ സ്വാതന്ത്ര്യം വീടിനകത്തും പിന്നെ എന്‍റെ ജീവിതത്തിലേയ്ക്കും മെല്ലെമെല്ലെ കടക്കാന്‍ തുടങ്ങി. എന്‍റെ ജീവിതത്തില്‍, എന്‍റെ ബാപ്പയുടെ ജീവിതത്തില്‍ ആദ്യ ആണിയടിച്ചവര്‍ മടങ്ങുമ്പോള്‍ ആ രാത്രി മുഴുവന്‍ ബാപ്പയോട് ടെലിഫോണിലൂടെ യുദ്ധം ചെയ്യുകയായിരുന്നു എന്‍റെ ഉമ്മ.

"എന്തിന്... ഫസിയാ... എന്തിനാണ് അവരുടെ വാക്കു കേട്ടു ഉമ്മ ബാപ്പയോട് വഴക്ക് കൂടിയത്....??? ആരാണാ സ്ത്രീ...?? എന്താണവര്‍ ഉമ്മയോട് പറഞ്ഞത്..?? അമര്‍ ആകാംക്ഷയോടെ ചോദിച്ചു.

അമറിന്‍റെ ആകാംക്ഷയോടുള്ള ചോദ്യം കേട്ട് അവളൊന്ന് നിശബ്ദയായി. അവനറിയാം അവളുടെ മനസ്സിനെ നൊമ്പരം കാര്‍ന്നു തിന്നാന്‍ തുടങ്ങിയെന്ന്. അവള്‍ അത് പറയാന്‍ തുടങ്ങുമ്പോഴേയ്ക്കും മരുന്നുമായി ഒരു നഴ്സ് ആ മുറിയിലേയ്ക്ക് കടന്നുവന്നു. ഫസിയയ്ക്ക് ഇന്‍ജക്ഷന്‍ എടുക്കാനായി നഴ്സ് അമറിനോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞു. അവന്‍ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. പിന്നീട് നഴ്സ് പുറത്തേയ്ക്ക് പോകുമ്പോള്‍ അവന്‍ തിടുക്കത്തില്‍ അകത്തേയ്ക്ക് കയറി. അവള്‍ക്കരുകിലേയ്ക്ക് വീണ്ടും കസേര വലിച്ചിട്ട് അവനിരുന്നു. ഫസിയ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. അപ്പോഴേയ്ക്കും അമര്‍ വീണ്ടും ചോദിച്ചു.

"എന്തിന്... ഫസിയാ... എന്തിനാണ് അവരുടെ വാക്കു കേട്ടു ഉമ്മ ബാപ്പയോട് വഴക്ക് കൂടിയത്....??? ആരാണാ സ്ത്രീ...?? എന്താണവര്‍ ഉമ്മയോട് പറഞ്ഞത്..??

"എനിക്കറിയില്ല അമറേട്ടാ.... എനിക്കറിയില്ല അവരുടെ പേര്. ഞാനത് അറിയാന്‍ ശ്രമിച്ചിട്ടില്ല. എനിക്കവരെ അത്രയും വെറുപ്പായിരുന്നു. അവരോട്... അത്രയ്ക്കും പകയായിരുന്നു." പറഞ്ഞുകൊണ്ടവള്‍ പല്ലുകള്‍ ഞെരിക്കാന്‍ തുടങ്ങി. അതിന്റെ ശബ്ദം അമറിന് കേള്‍ക്കാമായിരുന്നു.

"അത് പോട്ടെ.... എന്താണവര്‍ പറഞ്ഞത്..??? നിനക്കോര്‍മയുണ്ടോ..?? അവന്‍ വീണ്ടും ആകാംക്ഷാഭരിതനായി.

അവള്‍ മടികൂടാതെ പറഞ്ഞു. "ബാപ്പയ്ക്ക് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്നൊരു അവിഹിതബന്ധം".. അതാണവര്‍ ഉമ്മയോട് പറഞ്ഞത്..."

അപ്പോള്‍ ഇതറിഞ്ഞ് നിന്‍റെ ബാപ്പ ഒരിക്കല്‍ പോലും പ്രതികരിച്ചില്ലേ? അമര്‍ ചോദിച്ചു.

"പ്രതികരിച്ചു. ബാപ്പ പ്രതികരിച്ചു. അവര്‍, ആ സ്ത്രീ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് പ്രതികരിച്ചു. ബാപ്പ വിദേശത്തേയ്ക്ക് പിന്നെ തിരിച്ചു പോയിട്ടില്ല. ആ സ്ത്രീയെക്കാണാന്‍ ബാപ്പ ഒരുപാട് ശ്രമിച്ചു. ആരാണവര്‍ എന്ന് മനസ്സിലാക്കാന്‍ പോലും ബാപ്പയ്ക്ക് ഉമ്മ ഇടനല്‍കിയില്ല. പിന്നീട് കുറച്ചുനാള്‍ അവര്‍ വീട്ടില്‍ വരാറുമില്ലായിരുന്നു."

"പിന്നീട് എന്ത് സംഭവിച്ചു." അമര്‍ ചോദിച്ചു.

"പിന്നീട് എന്നും വഴക്കായിരുന്നു. ബാപ്പയ്ക്കും ഉമ്മയ്ക്കും നടുവില്‍ പ്രതികരിക്കാന്‍ കഴിയാതെ ഞാന്‍... ഞാന്‍ മാത്രം."

ഒടുവില്‍, ഒരു ദിവസം ഞാന്‍ കോളേജില്‍ നിന്നും വരുമ്പോള്‍ ബാപ്പ കിടക്കയില്‍ തളര്‍ന്നുകിടക്കുകയാണ്. ഞാന്‍ എത്ര വിളിച്ചിട്ടും ബാപ്പ വിളി കേള്‍ക്കാഞ്ഞപ്പോള്‍ ഞാനോടി ബാപ്പയ്ക്കരുകില്‍ ചെന്നു. ബാപ്പയുടെ ചുണ്ടുകള്‍ക്കിടയില്‍ നിന്നും വന്ന ചോര കൊണ്ട് കിടക്കയുടെ ഒരു ഭാഗം ചുവന്നിരുന്നു. ഒടുവില്‍, ആശുപത്രിയില്‍ കുറെനാള്‍... ചികില്‍സ്സിക്കാനായി ഉമ്മ മുന്നില്‍ ഉണ്ടായിരുന്നില്ല. ബാപ്പയുടെ പേരിലുള്ള അക്കൗണ്ട്‌ ബുക്കുമായി ഞാന്‍ ബാങ്കില്‍ കയറിയിറങ്ങി. വര്‍ഷങ്ങളുടെ പ്രവാസജീവിതത്തിനിടയില്‍ ബാപ്പ ഒന്നും സമ്പാദിച്ചില്ലെന്നു ഞാന്‍ അന്ന് തിരിച്ചറിഞ്ഞു. ഒടുവില്‍, ആശുപത്രിയുടെ കരുണയിലും, എന്‍റെ സഹപാഠികളുടെ സ്നേഹവും കൊണ്ട് ഞാന്‍ ബാപ്പയെ ചികിത്സിച്ചു.

ഒന്ന് നിര്‍ത്തി, നന്നായി ശ്വാസം എടുത്തു അവള്‍ തുടര്‍ന്നു.

"അമറേട്ടാ... ആ വീടിന്‍റെ കോണിലൊരു മുറിയില്‍ എന്‍റെ ബാപ്പ ഇപ്പോഴുമുണ്ട്.. ചിലപ്പോള്‍ ആരെയോ ഓര്‍ത്ത് ബാപ്പ പൊട്ടിക്കരയും. ചിലപ്പോള്‍ ഒന്നുമില്ലാതെ ചിരിക്കും... ഒന്നെനിയ്ക്കറിയാം. എന്‍റെ ബാപ്പയ്ക്ക് ജീവനുണ്ട്. പിന്നീട് ഞാനെല്ലാം അറിഞ്ഞു. ബാപ്പയുടെ പണം മുഴുവന്‍ ഉമ്മ തട്ടിയെടുക്കുകയായിരുന്നു...ന്ന്...

പറഞ്ഞു തീരുമ്പോഴേയ്ക്കും അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അമര്‍ അവളെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ വലഞ്ഞു. എങ്കിലും ആ സങ്കടത്തിലും അവന്‍ ചോദിച്ചു.

"അപ്പോള്‍ നീ ആത്മഹത്യ ചെയ്‌താല്‍ പിന്നെ ആരുണ്ട്‌... നിന്‍റെ ബാപ്പായ്ക്ക് ആരുണ്ട്‌ ഫസിയാ...??? നീ ജീവിക്കണം. അവിടെ തന്നെ ജീവിക്കണം. ഇന്നുമുതല്‍ ഞാനുണ്ട് നിന്‍റെ കൂടെ ഫസിയ. നിനക്ക് തുണയായി. നിന്‍റെ ബാപ്പയ്ക്ക് ഒരു മകനായി ഞാനുണ്ട് കൂടെ...."

"അവിടെ ഞാനെങ്ങിനെ കഴിയും അമറേട്ടാ.....??? അച്ഛനോളം പ്രായമുള്ളവന്‍ അവന്‍റെ കൈയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത് പലതവണയാ... ഇനി ഒരുപക്ഷെ, എനിക്കതിന് കഴിഞ്ഞില്ലെങ്കിലോ? എന്‍റെ ബാപ്പയുടെ മുന്നില്‍ വച്ച് അവന്‍ എന്നെ... എന്നെ..!!! വേണ്ട അമറേട്ടാ.. വേണ്ട. അങ്ങിനെയെങ്കിലും എനിക്ക് എന്‍റെ ബാപ്പയെ സന്തോഷിപ്പിക്കാന്‍ കഴിയുമല്ലോ?

അവളുടെ വാക്കുകള്‍ അമറിനെ വല്ലാതെ അസ്വസ്ഥനാക്കി. അവന്‍ കസേരയില്‍ ഇരുന്നു ഞെരിപിരികൊണ്ടു. അമര്‍ ചോദിച്ചു.

"ആരാണയാള്‍..??? ആരാണയാള്‍.. ഫാസിയ...??

"അവരുടെ ഭര്‍ത്താവ്... ഉമ്മയുടെ ആ കൂട്ടുകാരിയുടെ ഭര്‍ത്താവ്..!!! "

"ങേ..!! അമര്‍ ഒന്ന് ഞെട്ടി. എങ്കിലും അവന്‍ പറഞ്ഞു.

"ഇല്ല നീ മരിക്കാന്‍ പാടില്ല ഫസിയ. നീ മരിക്കാന്‍ പാടില്ല. നിന്നെ ഞാനവിടെ കൊണ്ടുപോകാം. നിന്‍റെ ബാപ്പയെ ഞാന്‍ കാണാം. നിന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല ഫസിയ. ഈ ഞാനുണ്ട് കൂടെ... ഈ ഞാനുണ്ട് കൂടെ.... നീ ഭയക്കാതിരിക്കൂ...."

അവന്‍റെ വാക്കുകള്‍ ഫസിയയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് സമ്മാനിച്ചപോലെ. അവള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റു. അവന്‍റെ കരം പിടിച്ചു.

"വാ... അമറേട്ടാ... വാ..." അവള്‍ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. അമര്‍ അറിയാതെ അവളോടൊപ്പം നടന്നു. അവര്‍ ആശുപത്രിയുടെ ഇടനാഴി താണ്ടി, താഴേയ്ക്കുള്ള പടിക്കെട്ടുകള്‍ താണ്ടി റിസപ്ഷനില്‍ ചെന്നു. ചെന്നപാടെ അമര്‍ അവിടിരുന്ന പെണ്‍കുട്ടിയോട് പറഞ്ഞു.

"ഡിസ്ചാര്‍ജ് ചെയ്യണം. ഇവളെ ഇപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യണം.."

"ങേ..." അമറിന്‍റെ വാക്കുകള്‍ കേട്ട അവരൊന്ന് ഞെട്ടി. പിന്നെ അവര്‍ ഫസിയയുടെ മുഖത്തേയ്ക്കു നോക്കി. അവളുടെ മുഖഭാവവും കണ്ട അവര്‍ പെട്ടെന്ന് തന്നെ അരുകിലിരുന്ന ഫോണ്‍ കൈയിലെടുത്തു. വെപ്രാളത്തോടെ അവര്‍ ഡോക്ടറെ വിളിച്ചു. മിനുട്ടുകള്‍ക്കുള്ളില്‍ രണ്ടു ഡോക്ടര്‍മാര്‍ അവിടേയ്ക്ക് പാഞ്ഞെത്തി. അമറിനെ അറിയാവുന്ന ഡോക്ടര്‍ അവനോടു ചോദിച്ചു.

"എന്താ അമര്‍ ഇത്...??? ഈ കുട്ടി ശരിക്കും റിക്കവര്‍ ആയിട്ടില്ല. ഇങ്ങനെ ഇവിടുന്ന് പോയാല്‍... ഞങ്ങള്‍ക്ക് യാതൊരുവിധ ഉത്തരവാദിത്വവും ഇല്ല..."

"വേണ്ട ബെന്‍ വേണ്ടാ.... ഇനി മുന്നോട്ടു ചികില്‍സിക്കാന്‍ ഞങ്ങളുടെ കൈയില്‍ പണമില്ല... "

ഒരു സ്വകാര്യആശുപത്രി ആയിരുന്നതിനാല്‍ അതിനപ്പുറം അവര്‍ക്കൊന്നും കേള്‍ക്കാനില്ലായിരുന്നു. പറയാനിവര്‍ക്കും. ആവശ്യം വേണ്ട രേഖകളില്‍ ഒപ്പുവച്ച്, പണം അടച്ച് ഫസിയയുടെ കൈപിടിച്ച് അമര്‍ പുറത്തേയ്ക്കിറങ്ങി. തലയില്‍ ചുറ്റിക്കെട്ടിയ വെള്ളത്തുണിയ്ക്കിടയിലൂടെ അലസമായി കിടന്നിരുന്ന അവളുടെ മുടിയിഴകള്‍ കാറ്റില്‍ പാറിപ്പറന്നു. അമര്‍ കാറിനുള്ളിലേയ്ക്ക് കടന്നിരുന്നു. അവനരുകിലായ് അവളും. അവരെയും പേറി ആ വണ്ടി ആശുപത്രിയില്‍ നിന്നും പുറത്തേയ്ക്ക് കടന്നു. അമര്‍ വാച്ചിലേയ്ക്ക് നോക്കി. സമയം അപ്പോള്‍ നാല് കഴിഞ്ഞിരുന്നു. ഇന്നലയുടെ തുടര്‍ച്ചയെന്നോണം കറുത്തിരുണ്ട് തുടങ്ങിയ വാനില്‍ സ്വര്‍ണനൂലുകള്‍ വന്നുമറഞ്ഞു. കാറിന്‍റെ ഗ്ലാസിന്‍റെ മുന്നിലൊരു മഴവില്ല് തെളിഞ്ഞുവന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂലൈ 16, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....33

മൂവരും തെല്ലുനേരം തുടര്‍ന്ന നിശബ്ദതയ്ക്കൊടുവില്‍, അല്പം നീരസത്തോടെ ഡോക്ടര്‍ നീലിമയോട് പറഞ്ഞു.

"ആത്മഹത്യക്ക് ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ..?? നിങ്ങളെ രക്ഷിച്ചതിന്‍റെ പേരില്‍ ഇയാളെ വീണ്ടും ക്രൂശിലേറ്റാനാണോ നിങ്ങളുടെ ഭാവം..??

നീലിമ അരുകിലെ ചുവരിലേയ്ക്ക് കണ്ണുനട്ട് കിടന്നതല്ലാതെ ഡോക്ടറുടെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.

കുറച്ചുനേരം കൂടി ഇരുന്നിട്ട് ഡോക്ടര്‍ അമറിനോട് യാത്ര പറഞ്ഞു മുറിവിട്ടിറങ്ങി. ഡോക്ടര്‍ പോയിക്കഴിഞ്ഞപ്പോള്‍ അമര്‍ താനിരുന്ന കസേര കിടക്കയ്ക്കരുകിലേയ്ക്ക് ചേര്‍ത്തിട്ടു. എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"നീയാരാണ്‌....??? എന്തിനിങ്ങനെ സ്വയം ഒടുങ്ങാന്‍ ശ്രമിക്കുന്നു....???

നീലിമ ചുവരില്‍ നിന്നു കണ്ണുകള്‍ എടുത്തതേയില്ല. അവന്‍റെ ചോദ്യം അവള്‍ കേള്‍ക്കുന്നതേയില്ലെന്ന് അവനു മനസ്സിലായി. ചിന്തയില്‍ നിന്നുണര്‍ത്തനായി അമര്‍ മെല്ലെ അവളുടെ വലതുകരത്തില്‍ പിടിച്ചു. നീലിമ മെല്ലെ മുഖം തിരിച്ച് അവനെ നോക്കി. അവളുടെ തളര്‍ന്ന കണ്ണുകള്‍ക്ക്‌ ഒരുപാട് കഥകള്‍ പറയാനുണ്ടെന്ന് അവനു തോന്നി. അതുകൊണ്ട് തന്നെ അവനാ ചോദ്യം ആവര്‍ത്തിച്ചു.

"നീയാരാണ്‌....??? എന്തിനിങ്ങനെ സ്വയം ഒടുങ്ങാന്‍ ശ്രമിക്കുന്നു....???

അവന്‍റെ ചോദ്യം കേള്‍ക്കെ, അവന്‍റെ കണ്ണുകളില്‍ നോക്കിയ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അമര്‍ വല്ലാതെയായി. എങ്കിലും വളരെ അസ്വസ്ഥനായ അവന്‍ വീണ്ടും ചോദിച്ചു.

"നീലിമ.... നിനക്കറിയോ..??? ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും ഇറങ്ങിയവനാണ് ഞാന്‍. നീയൊരാള്‍ കാരണം ഞാനനുഭവിക്കുന്ന വിഷമം നിനക്ക് മനസ്സിലാക്കാമല്ലോ..??? ഇന്ന് പുലര്‍ന്നു ഇതുവരെ നേരത്തോടുനേരം കഴിഞ്ഞു. എന്നെ കാത്ത് എന്‍റെ അമ്മ ഇപ്പോള്‍ തീ തിന്നുന്നുണ്ടാകും... എന്‍റെ അമ്മ എന്നെ കാണാതെ, എന്‍റെ വിവരങ്ങള്‍ ഒന്നും അറിയാതെ ഏറെ സങ്കടപ്പെടുന്നുണ്ടാകും. എല്ലാറ്റിനും... എല്ലാറ്റിനും നീയൊരുത്തിയാ കാരണം...

അവന്‍റെ വാക്കുകള്‍ക്ക് ദയനീയമായ ഒരു നോട്ടം മാത്രം അവളില്‍ നിന്നുണ്ടായി. എങ്കിലും സങ്കടത്തോടെ അവളത് പറഞ്ഞു.

"ഉപേക്ഷിക്കാരുന്നില്ലേ.. എന്നെ. അര്‍ദ്ധരാത്രീല് ഊരും പേരും അറിയാത്ത എന്നെ അവിടെ ഉപേക്ഷിച്ച് നിങ്ങള്‍ക്ക് കടന്നു കളയായിരുന്നില്ലേ..??

അമര്‍ അവളെ നോക്കി. അവന്‍ അവളെ പിടിച്ചിരുന്ന കരം മാറ്റിയില്ല. പകരം അവളുടെ വിരലുകള്‍ മെല്ലെ മുറുക്കി. വേദനകൊണ്ടാകാം അവള്‍ കണ്ണുകള്‍ പൂട്ടി. അതോടെ അടരാനായി കാത്തുനിന്ന രണ്ട് നീര്‍ത്തുള്ളികള്‍ കവിളിലൂടെ ഊര്‍ന്നിറങ്ങി.

അമര്‍ അല്‍പ്പം കുനിഞ്ഞ് അവള്‍ക്കു കേള്‍ക്കാന്‍ പാകത്തില്‍ മാത്രം സ്വരം താഴ്ത്തി പറഞ്ഞു.

"ഞാനത് പഠിച്ചിട്ടില്ല.... ആപത്തില്‍ പെടുന്നവരെ സഹായിക്കണം. അതാണ്‌ എന്‍റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്‌... ഉപേക്ഷിച്ചു പോകുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല.."

അതോടെ അവളുടെ കണ്ണുകള്‍ സ്വല്പം വിടര്‍ന്നു. അവന്‍റെ മനസ്സിലേയ്ക്കെന്ന പോലെ അവള്‍ ചോദിച്ചു.

"പറഞ്ഞ കുറച്ചു വാക്കുകള്‍ക്കുള്ളില്‍ തന്നെ പലതവണ "അമ്മ" എന്ന് പറയുന്നുണ്ടല്ലോ..??? അമ്മയെ അത്രയ്ക്കിഷ്ടാണോ...??? ആ ചോദ്യത്തോടെ അവളില്‍ നൊമ്പരം ഉണര്‍ന്നിരുന്നു.

തലയുയര്‍ത്തിപ്പിടിച്ചായിരുന്നു അമര്‍ അതിനുത്തരം നല്‍കിയത്.

"അതെ അമ്മ...അമ്മയാണ് എനിക്കെല്ലാം. എന്‍റെ ജീവന്‍....." ഒന്ന് നിര്‍ത്തി അവന്‍ തുടര്‍ന്നു. "ഞാനൊന്ന് ചോദിച്ചോട്ടെ"

"ഉം.... എന്താണ്..???

"ഇനിയും നീ ആത്മഹത്യയ്ക്ക് ശ്രമിക്കില്ല എങ്കില്‍ ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ"

"ഇല്ല.. ഉം പറഞ്ഞോളൂ..."

"ഞാനിവിടെ ഉണ്ടെന്നുള്ള കാര്യം എന്‍റെ വീട്ടിലും, ഓഫീസിലും ഒന്നറിയിച്ചോട്ടെ.. അവരെങ്കിലും സമാധാനമായി ഇരിക്കുമല്ലോ..!!"

"ഉം.... അവള്‍ തലയാട്ടി.

അമര്‍ അവളുടെ കൈവിരലിലെ പിടിത്തം വിട്ടു. അവിടെ നിന്നും എഴുന്നേറ്റ അവന്‍ വാതിലില്‍ വന്നു നിന്നു. പുറത്തേയ്ക്ക് നോക്കി. ഇടനാഴിയില്‍ എങ്ങും ആരെയും അവന്‍ കണ്ടില്ല. കുറച്ചുസമയം അങ്ങിനെ നില്‍ക്കുമ്പോള്‍ ഒരു നഴ്സ് ആ വഴി വന്നു. അമര്‍ മുന്നോട്ടുചെന്ന് അവരോടെന്തോ പറഞ്ഞു. അമറിന്‍റെ വാക്ക് കേട്ടു അവര്‍ അടുത്തുകണ്ട റൂമിലേയ്ക്ക് കയറി. അമര്‍ തിരിച്ചു വാതിലില്‍ വന്നുനിന്നു. അല്‍പ്പസമയത്തിനുള്ളില്‍ ഒരു അറ്റന്‍ഡര്‍ അവനരുകില്‍ വന്നു. അയാളെ മുറിയില്‍ നിര്‍ത്തി അവന്‍ വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു. അരുകിലെ ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഓഫീസിലേയ്ക്കും, സലിമിന്‍റെ വീട്ടിലേയ്ക്കും വിളിച്ച് അവന്‍ വിവരങ്ങള്‍ പറഞ്ഞു. എന്നിട്ട് അരുകിലെ കാന്റീനില്‍ നിന്നും അവള്‍ക്കായി ഭക്ഷണം ഒരു പൊതിയാക്കി വാങ്ങി, തിരികെ ആശുപത്രി മുറിയില്‍ തന്നെ തിരിച്ചെത്തി. അതോടെ അറ്റന്‍ഡര്‍ മുറിവിട്ട്‌ പുറത്തേയ്ക്കുപോയി.

അമര്‍ കൈയിലിരുന്ന പൊതി മേശമേല്‍ വച്ച് ജനലിനരുകില്‍ ചെന്ന് നിന്നു. രാത്രിയിലെ മഴയുടെ ലക്ഷണങ്ങള്‍ ഒന്നും കാട്ടാതെ പ്രകൃതി തിളങ്ങി നിന്നു. താഴെ നിരത്തില്‍ വാഹനങ്ങള്‍ നിരയായി പോയിക്കൊണ്ടിരുന്നു. കുറച്ചുനേരം അവന്‍റെ നേത്രങ്ങള്‍ പുറത്തെ കാഴ്ചകളിലൂടെ സഞ്ചരിച്ചു. പിന്നെ മെല്ലെ തിരിഞ്ഞ് കിടക്കയ്ക്കരുകില്‍ വന്നിരുന്നു. നീലിമ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് അരുകില്‍ നോക്കി കിടക്കുകയാണ്. അവനു തോന്നി അവള്‍ മയക്കത്തിലേയ്ക്കു വീണ്ടും വീഴുകയാണ് എന്ന്. അമര്‍ മെല്ലെ ചോദിച്ചു.

"നീലിമേ... എന്തെങ്കിലും കഴിയ്ക്ക്... എന്നിട്ട് ഒന്ന് മയങ്ങിക്കോള്ളൂ..." പറഞ്ഞുകൊണ്ട് അവന്‍ കൈനീട്ടി മേശമേല്‍ ഇരുന്ന പൊതി എടുത്തു കട്ടിലിന്‍റെ ഓരം ചേര്‍ത്ത് വച്ചു. അവള്‍ കണ്ണുകള്‍ തുറന്നു അവനെ നോക്കി പറഞ്ഞു.

"വേണ്ട... ഒന്നും വേണ്ടെനിക്ക്. വിശപ്പില്ല..." അത് പറയുമ്പോള്‍ അവളുടെ ചുണ്ടുകള്‍ വരണ്ട് പരസ്പരം ഒട്ടിപ്പിടിച്ചിരുന്നു.

"അല്ല... അങ്ങിനെയല്ല.. എന്തെങ്കിലും കഴിയ്ക്ക്... ഈ മരുന്നും ഡ്രിപ്പ് ഉം ഒക്കെ... ഒടുവില്‍ മറ്റെന്തെങ്കിലും അസുഖം പിടിക്കും... "

അവള്‍ അതിനെതിരായി ഒന്നും പറഞ്ഞില്ല. അമര്‍ എഴുന്നേറ്റ് അവളെ മെല്ലെ പിടിചെഴുന്നേല്‍പ്പിച്ചു. നീലിമ കിടക്കയുടെ ഓരം ചേര്‍ന്നിരുന്നു. അമര്‍ തുറന്നു വച്ച ഭക്ഷണപ്പൊതിയില്‍ നിന്നും പതിയെപ്പതിയെ അവള്‍ ആഹാരം കഴിയ്ക്കാന്‍ തുടങ്ങി. അമര്‍ അവള്‍ കഴിയ്ക്കുന്നതും നോക്കിയിരുന്നു. ഒടുവില്‍, അവളാ പൊതി കാലിയാക്കി. അവനൂഹിച്ചു. വല്ലാതെ വിശപ്പുണ്ടായിരുന്നവള്‍ക്ക്. ഭക്ഷണം കഴിച്ച ഉടനെ അമര്‍ തന്നെ അവളുടെ കൈപിടിച്ച് ആ പൊതിയിലേയ്ക്ക് വച്ച് തന്‍റെ കൈചേര്‍ത്ത്‌ കുറച്ചുവെള്ളം കൊണ്ട് അവളുടെ കൈകഴുകി. കുറച്ചു വെള്ളം കൂടി കുടിപ്പിച്ചിട്ട് അവളെ മെല്ലെ കട്ടിലിലേയ്ക്ക് തന്നെ അവന്‍ കിടത്തി. പിന്നെ കൈയിലിരുന്ന പേപ്പര്‍ നന്നായി മടക്കി മുറിയില്‍ വച്ചിരുന്ന വേസ്റ്റ് ബക്കറ്റില്‍ അവന്‍ കൊണ്ടിട്ടു. പാന്റ്സിന്‍റെ പോക്കറ്റില്‍ നിന്നും തൂവാലയെടുത്ത് കൈ നന്നായി തുടച്ചു. എന്നിട്ടു വീണ്ടും അവളുടെ അരുകില്‍ വന്നിരുന്നു. നീലിമ അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കിയിരുന്നു. അമര്‍ അവളുടെ കണ്ണുകളിലും.

അമറിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിക്കിടന്നുകൊണ്ട് അവള്‍ ചോദിച്ചു.

"ഒന്നും കഴിക്കണില്ലേ..."

ചിന്തയില്‍ നിന്നുണര്‍ന്നപോലെ അമര്‍ പുരികങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു.

"എന്താ.... എന്താ ചോദിച്ചെ.."

"ഒന്നും കഴിക്കണില്ലേ..."

"കഴിയ്ക്കണം... എന്തേലും കഴിയ്ക്കണം. അതിന് മുന്‍പ് ഒന്ന് പല്ലുതേയ്ക്കണം, കുളിയ്ക്കണം... ഒന്ന് ഫ്രഷ്‌ ആകണം. അവന്‍ നിവര്‍ന്നു കൈകള്‍ രണ്ടും മേല്‍പ്പോട്ടാക്കി ഒന്ന് മൂളിക്കൊണ്ട് പറഞ്ഞു. പിന്നെ പതിയെ ശരീരം പൂര്‍വസ്ഥിതിയിലാക്കിക്കൊണ്ട് വീണ്ടും പറഞ്ഞു.

"നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി... ഞാന്‍ എന്താ ചെയ്ക.."

"ഞാനിനി ഒന്നും ചെയ്യില്ല. പൊയ്ക്കോള്ളൂ... പോയി ഫ്രഷ്‌ ആയി വന്നോള്ളൂ..." അവള്‍ പറഞ്ഞു.

"വേണ്ടാ... കുറച്ചുകൂടി കഴിയട്ടെ. ഞാന്‍ വിളിച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും ആരെങ്കിലും വരും... അത് കഴിഞ്ഞിട്ടാകാം..."

അമര്‍ അത് പറയുമ്പോള്‍ അവള്‍ പിന്നീടൊന്നും പറഞ്ഞില്ല. അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കി അവളങ്ങിനെ കിടന്നു . അമര്‍ മേശമേല്‍ താളുകള്‍ പാറി കിടന്നിരുന്ന ഒരു മാസിക കൈയിലെടുത്തു. അതിന്‍റെ ഉള്‍ത്താളുകളിലെ വര്‍ണ്ണങ്ങള്‍ മെല്ലെ മറിച്ചുനോക്കിക്കൊണ്ടിരുന്നു. ആശുപത്രിയിലെ ചുരുക്കം ചില ശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഏറെക്കുറെ ശാന്തമായിരുന്നു അവിടം. ആ നിശബ്ദതയില്‍ നീലിമ മെല്ലെ ഉറക്കത്തിലേയ്ക്കു വഴുതിവീണു. അവളുടെ കൈത്തണ്ട തണ്ടുലഞ്ഞ താമരമൊട്ടുപോല്‍ കട്ടിലിന്‍റെ ഒരു വശത്തായി തളര്‍ന്നു കിടന്നു. കിടപ്പിന്‍റെ വശക്കേട്‌കൊണ്ട് മാത്രം അവളുടെ നിശ്വാസത്തിന്‍റെ ചെറുസ്വരം ആ മുറിയില്‍ കേള്‍ക്കാം. മാസികത്താളുകളിലെ നോട്ടം, ഫാനിന്‍റെ ഒച്ചയില്ലാത്ത കറക്കം.. അമറിന്‍റെ കണ്ണുകളില്‍ മെല്ലെ ഉറക്കം തഴുകി. മാസിക മടിമേല്‍ വച്ച് കട്ടിലിന്‍റെ ഓരത്തായി ഒരു വശം ചരിഞ്ഞവന്‍ കിടന്നു. അപ്പോഴേയ്ക്കും വാതില്‍ തുറന്നു ഒരു നേഴ്സ് അവിടേയ്ക്ക് കടന്നുവന്നു. ശബ്ദമുണ്ടാകാതെ അവര്‍ നീലിമയുടെ കൈയിലെ ഡ്രിപ്പ് സൂചി ഊരിയെടുത്തു. എന്നിട്ട് അതിനുമുകളിലായി ഒരു പഞ്ഞി വച്ച് പ്ലാസ്റ്റര്‍ ഒട്ടിച്ച്, അവളെ നോക്കി ഒന്ന് മന്ദഹസ്സിച്ചുകൊണ്ട് പുറത്തേയ്ക്ക് പോയി. സൂര്യന്‍ നേര്‍മുകളിലായി നിന്ന് കത്തിജ്വലിച്ചു.

ഉറക്കത്തില്‍ നിന്നുണര്‍ന്ന നീലിമ അമറിന്‍റെ കിടത്തം നോക്കി മിണ്ടാതെകിടന്നു. അവള്‍ മനസ്സിലോര്‍ത്തു.

"എനിക്കുവേണ്ടി എന്തെല്ലാം സഹിക്കുന്നു ഈ പാവം മനുഷ്യന്‍. ഓര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ ചെറുതായി നനഞ്ഞു. കൈയുയര്‍ത്തി അവള്‍ അമറിന്‍റെ തലമുടിയില്‍ വിരലോടിച്ചു. അവളുടെ സ്പര്‍ശനം ഏറ്റു അവന്‍ മയക്കം വിട്ടുണര്‍ന്നു. അമര്‍ നീലിമയെ നോക്കി ചോദിച്ചു.

"എന്താ നീലിമ... നീ കരയുകയാണോ?

അവന്‍റെ ചോദ്യത്തില്‍ നൊമ്പരം ഒളിപ്പിച്ച അവളുടെ ഹൃത്തടം ഉരുകാന്‍ തുടങ്ങി. അവളെ തന്നെ ഉറ്റുനോക്കിയിരുന്ന അമറിന്‍റെ കണ്ണുകളെ നോക്കി അവള്‍ പറഞ്ഞു.

"ജീവിക്കണം എന്നെനിയ്ക്കിപ്പോള്‍ കൊതി തോന്നുന്നു.... ആരെന്നറിയാതെ, എന്തെന്നറിയാതെ ഏട്ടനോട് ഞാനൊന്ന് ചോദിച്ചോട്ടെ..."

"എന്നോട് പലത്തവണ വാക്കുകള്‍ക്കിടയില്‍ പറഞ്ഞ ഏട്ടന്‍റെ അമ്മ..... ആ അമ്മയെ എനിക്കൊന്ന് കാണാന്‍ കഴിയുമോ?? ഒരു വാക്ക് മിണ്ടാന്‍ കഴിയുമോ.. ഒന്ന് ചേര്‍ന്ന് നില്‍ക്കാന്‍..?? ആ അമ്മയുടെ തലോടലില്‍ എല്ലാം മറന്നൊന്ന് തേങ്ങാന്‍..."

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ഒന്നമ്പരന്നു. എങ്കിലും സ്വയം നിയന്ത്രിച്ചുകൊണ്ട് തന്നെ അവന്‍ പറഞ്ഞു.

"ആദ്യം നീയാരാണന്നു എന്നോട് പറയ്‌.... ഞാന്‍ ആദ്യം അതൊന്നറിയട്ടെ. നിനക്കെന്നെ അമര്‍ എന്ന് വിളിക്കാം. "

പിന്നെ അവനെക്കുറിച്ച് അവനൊന്ന് ചുരുക്കി പറഞ്ഞു. അത്ഭുതത്തോടെ, അവനെക്കുറിച്ച് പറയുന്നത് കേട്ടു അവളിരുന്നു... ഒടുവില്‍ അവള്‍ സ്വയം അവളുടെ സങ്കടങ്ങളുടെ കെട്ടഴിയ്ക്കാന്‍ തുടങ്ങി. അതോടെ അവളുടെ കണ്ണുകള്‍ക്ക്‌ ചുറ്റും കറുത്തുനീണ്ട കരങ്ങളുടെ നിഴലുകള്‍ പരന്നുതുടങ്ങുന്നത് അവള്‍ കണ്ടു.. മടിച്ചു മടിച്ചെങ്കിലും അവളത് പറഞ്ഞു.

"ഞാന്‍....ഞാന്‍ നീലിമയല്ലേ... എന്നോട് പൊറുക്കണം... " പറഞ്ഞുകൊണ്ട് അവള്‍ അമറിന് നേരെ കൈകള്‍ കൂപ്പി..."

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ഒന്ന് ഞെട്ടി. അവന്‍റെ പുരികക്കൊടികള്‍ വളഞ്ഞുയര്‍ന്നു. പിന്നെ അസ്വസ്ഥതയോടെ അവന്‍ ചോദിച്ചു.

"പിന്നെ... പിന്നെ നീയാരാണ്‌.... എന്തിനിങ്ങനെ വേഷം കെട്ടുന്നു... ?????

അവന്‍റെ തെല്ലു നീരസത്തോടെയുള്ള അറുത്തുമുറിച്ച വാക്കുകള്‍ കേട്ടു അവള്‍ തലകുനിച്ചു.

(തുടരും)
ശ്രീ വര്‍ക്കല


ദേവദാരുവിന്നരികത്ത്‌.....32

ഗ്രാമത്തിലേയ്ക്കുള്ള റോഡിലേയ്ക്ക് വണ്ടി തിരിയുമ്പോള്‍ വീണ്ടും മഴയുടെ ഇരമ്പം കേള്‍ക്കുകയായി. റോഡിനിരുവശവും തിങ്ങിനിറഞ്ഞ തണല്‍ മരങ്ങളാണ്. മഴ ആടിത്തിമര്‍ത്ത ആ രാവില്‍ കൊഴിഞ്ഞുവീണ പുഷ്പങ്ങള്‍ വാഹനങ്ങളുടെ ചക്രങ്ങള്‍ ഞെരിച്ചമര്‍ത്തി റോഡില്‍ പതിച്ചിരിക്കുന്നു. അമര്‍ മുന്നിലുള്ള കാഴ്ചകളില്‍ നിന്നും കണ്ണുകളെടുത്ത് തന്‍റെ ഇടതുവശത്തെ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കി. പെയ്തിറങ്ങിയ മഴത്തുള്ളികള്‍ താഴേയ്ക്ക് വരിവരിയായി ഗ്ലാസ്സിലൂടെ ഒലിച്ചിറങ്ങുന്നു. പെട്ടെന്ന് മഴ ഒന്ന് കുറഞ്ഞു. ഇപ്പോള്‍ കാറിന്‍റെ മുന്നിലെ വെട്ടം നല്‍കുന്നത് ഏറെ ദൂരെയുള്ള കാഴ്ചകളാണ്. വശങ്ങളിലേയ്ക്ക് നോക്കിയിരുന്ന അമറിന്‍റെ വലതു തുടയില്‍ പെട്ടെന്നാണ് ഡ്രൈവര്‍ കൈവച്ചത്. വണ്ടി അപ്പോഴും വേഗത്തില്‍ ഓടിക്കൊണ്ടിരുന്നു. തണുപ്പില്‍ ഒരു ഞെട്ടലോടെ അമര്‍ എന്തെന്ന ഭാവത്തില്‍ ഡ്രൈവറെ നോക്കി. അയാള്‍ പറഞ്ഞു.

"അമറേട്ടാ...... മുന്നിലേയ്ക്ക് ഒന്ന് നോക്കിയേ..."

അവന്‍ കൈചൂടിയ ഭാഗത്തേയ്ക്ക് അമര്‍ നോക്കി. കുറച്ചകലെ ഒരു രൂപം റോഡിന് സമീപത്ത് നില്‍ക്കുന്നു. ഇരുണ്ട നിരത്തില്‍ തൂവെള്ള സാരി വാരിച്ചുറ്റി ഒരാള്‍ രൂപം. വണ്ടി അരുകിലേയ്ക്ക് അടുക്കുംതോറും ആ രൂപം വ്യക്തമായി വന്നു. ഒരു സ്ത്രീ രൂപമാണ്.

"ഇതെന്താ അമര്‍ ഏട്ടാ.... ഇങ്ങനെ ഒരു രൂപം. ഇനി വല്ല പ്രേതവുമാണോ..." ഡ്രൈവര്‍ സംശയം പറഞ്ഞു. ഒരുപാട് പേര്‍ മരിച്ച ഇടമാ ഈ സ്ഥലം. എനിക്കറിയാം. എനിക്കറിയാം അമര്‍ ഏട്ടാ. അവരില്‍ ആരോ, അവരില്‍ ആരോ ഒരാള്‍.....അവന്‍ വാഹനത്തിന്‍റെ വേഗം കൂട്ടി..."

"നീയൊന്ന് ചുമ്മാതിരിക്കണുണ്ടോ..... പ്രേതമാണ്‌ പോലും പ്രേതം..." അമര്‍ അവനോട് അങ്ങിനെ പറഞ്ഞുവെങ്കിലും, ഒറ്റ നിമിഷത്തില്‍ അവനും ചിന്തിച്ചു. ഈ രാവില്‍, ഈ മഴയത്ത്... ഇതാരാവും. അതും ഇങ്ങനെ ഒരു വേഷത്തില്‍. അപ്പോഴേയ്ക്കും ആ രൂപം റോഡിലേയ്ക്ക് കയറാന്‍ തുടങ്ങി. വാഹനത്തിന്‍റെ വേഗവും അതോടെ കൂടി. അമര്‍ ഡ്രൈവറോട് പറഞ്ഞു.

"നീ കുറച്ചുകൂടി വേഗത കുറയ്ക്ക്..."

ഡ്രൈവര്‍ ഭയന്ന പോലെ തോന്നി അമറിന്. അതുകൊണ്ട് തന്നെ അമറിന്‍റെ വാക്കുകള്‍ അവന്‍ ശ്രദ്ധിച്ചത് പോലും ഇല്ല. വണ്ടി ആ രൂപത്തിന് തൊട്ടരുകില്‍ എത്തി. ഇപ്പോള്‍ കാഴ്ച വളരെ വ്യക്തമാണ്. ശരിക്കും ഒരു പെണ്ണ് തന്നെ. എങ്കിലും പായുന്ന വണ്ടിയിലിരുന്ന്, അച്ഛമ്മ പറഞ്ഞുതന്ന പ്രേതക്കഥകളിലൊന്ന് അമര്‍ പെട്ടെന്ന് മനസ്സില്‍ കുറിച്ചിട്ടു. എങ്കിലും പെട്ടെന്നാണ് അത് സംഭവിച്ചത്. അടുത്തേയ്ക്ക് പാഞ്ഞെത്തിയ കാറിന്‍റെ മുന്നിലേയ്ക്കാ രൂപം കയറി നിന്നു. മുന്നിലെ രൂപം കണ്ടു വല്ലാതെ ഭയന്നുവെങ്കിലും ഡ്രൈവര്‍ പെട്ടെന്ന് ബ്രേയ്ക്കില്‍ കാലമര്‍ത്തി. ശക്തമായി വണ്ടി തെന്നി ഉലഞ്ഞുനിന്നുവെങ്കിലും ഇടിയേറ്റ്‌ ആ രൂപം കുറച്ചുമുന്നിലേയ്ക്ക് തെറിച്ചുവീണു. വല്ലാത്തൊരാര്‍ത്തനാദം ആ രൂപത്തില്‍ നിന്നുയര്‍ന്നു. അതൊരു പെണ്‍ശബ്ദമായിരുന്നു.

വാതില്‍ തുറന്ന് അമറും ഡ്രൈവറും ആ രൂപത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു. അത് നിലത്തുകിടന്നു പുളയുന്നുണ്ടായിരുന്നു. അതിനരുകിലെത്തി അമര്‍ കുനിഞ്ഞിരുന്നു. ഒരു വശത്തേയ്ക്ക് ചരിഞ്ഞുകിടന്ന തല അവന്‍ മെല്ലെ തിരിച്ചു. കാറിന്‍റെ വെട്ടത്തില്‍ വ്യക്തമായി അവന്‍ കണ്ടു. ഒരു പെണ്ണ്. ശരിക്കും ഒരു പെണ്ണ്. പെട്ടെന്ന് അവളൊന്ന് ഞരങ്ങി.

"വെള്ളം...വെള്ളം... വെള്ളം.."

അമര്‍ ഡ്രൈവറെ നോക്കി. അവന്‍ ഭയത്തോടെ പറഞ്ഞു. അമര്‍ ഏട്ടാ...വെറുതെ, വേണ്ട വിട്ടേര്. ദേ ആളുകള് കൂടിയാല്‍ പ്രശ്നാ... ഇതിപ്പോ, ഇതിപ്പോ ആരും അറിഞ്ഞിട്ടില്ല.

അമര്‍ അവനെ രൂക്ഷമായി ഒന്ന് നോക്കി. പെട്ടെന്ന് ഡ്രൈവര്‍ റോഡിനരുകിലെ ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ ഓടിമറഞ്ഞു. അമര്‍ എഴുന്നേറ്റ് നിന്നു അവനെ വിളിച്ചു. അമറിന്‍റെ വിളി കേള്‍ക്കാതെ അവന്‍ ദൂരേയ്ക്ക് ഓടിമറയുന്നത് അമര്‍ കണ്ടു. അപ്പോഴേയ്ക്കും ആ പെണ്‍കുട്ടി വല്ലാതെ ഞരങ്ങാന്‍ തുടങ്ങി. റോഡ്‌ തീര്‍ത്തും വിജനമായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ അവന്‍ ഒരു നിമിഷം ഒന്ന് പകച്ചു. പിന്നീട് ധൈര്യം വീണ്ടെടുത്ത് അവനവളെ താങ്ങിയെടുത്തു. കാറിന്‍റെ പിന്‍വാതില്‍ തുറന്നു അവനവളെ അകത്തേയ്ക്ക് കിടത്തി. വാതിലടച്ചു, ഓടിവന്ന് ഡ്രൈവര്‍ സീറ്റിലേയ്ക്ക് അവന്‍ പാഞ്ഞുകയറി. വണ്ടി പെട്ടെന്ന് ഒന്ന് മുന്നോട്ടുനീങ്ങി വശങ്ങളിലേയ്ക്ക് തിരിഞ്ഞു വന്ന വഴിയെ തിരിഞ്ഞുപോകാന്‍ തുടങ്ങി. വല്ലാത്ത വേഗതയോടെ വളഞ്ഞുപുളഞ്ഞ റോഡുകള്‍ താണ്ടി വണ്ടി നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍, നീണ്ട ആശുപത്രി വരാന്തയുടെ മുന്നിലെ കാര്‍പോര്‍ച്ചില്‍ അത് ചെന്ന് നിന്നു. അറ്റന്റര്‍മാര്‍ പാഞ്ഞെത്തി. ചോരയില്‍ കുളിച്ച ആ രൂപത്തെ വണ്ടിയില്‍ നിന്നും പുറത്തെടുത്തു. വരാന്തയിലൂടെ അത്യാഹിത വിഭാഗത്തിനകത്തേയ്ക്ക് സ്ട്രെച്ചറില്‍ അതിവേഗം അത് പാഞ്ഞുകയറി. അമര്‍ വല്ലാത്തൊരവസ്ഥയില്‍ പുറത്തും. അവിടെ, ഒഴിഞ്ഞുകിടന്ന കസേരയിലൊന്നിലിരിക്കുമ്പോള്‍ അവന്‍ വീടിനെക്കുറിച്ചു ഒരു നിമിഷം ചിന്തിച്ചു.

"അമ്മയിപ്പോള്‍ കാത്തിരുന്ന്, തളര്‍ന്നുറങ്ങുകയാവും." അവന്‍ പിന്നിലേയ്ക്ക് തലചായ്ച് കണ്ണുകള്‍ പൂട്ടി. ഇടയില്‍ ആരൊക്കെയോ വന്ന്, അവനില്‍ നിന്നും എന്തോ മൊഴിയെടുത്തു. സമയം മെല്ലെമെല്ലെ കഴിഞ്ഞുപോയി. അങ്ങിനെ അവിടെ, ആ ആശുപത്രി വരാന്തയില്‍ തണുത്തുവിറങ്ങലിച്ച് ആ രാവവന്‍ തള്ളിനീക്കി.

പുലരിയുടെ പൊന്‍വെളിച്ചം മുഖത്തേയ്ക്ക് വീണ് പുലരിയുണര്‍ന്നു. പൂത്തുനിന്ന വൃക്ഷചില്ലകള്‍ക്കിടയിലൂടെ നൂലുപോലെ ഭൂമിയിലേയ്ക്ക് അത് അരിച്ചിറങ്ങാന്‍ തുടങ്ങി. ദേവു എഴുന്നേറ്റു മുടിയൊതുക്കി വാതില്‍ തുറന്നു പുറത്തേയ്ക്ക് വന്നു. വിജയമ്മ നല്ല ഉറക്കത്തിലാണ്. മഴവീണ് നനഞ്ഞ മണ്ണില്‍ മണല്‍തരികള്‍ വെളുത്തുതുടുത്ത് തെല്ലുയര്‍ന്നു നിന്നു. ചൂലെടുത്ത് അവളൊന്ന് ഓടിച്ചു മുറ്റമടിച്ചു. ദേവദാരുവിന്‍റെ ചില്ലകള്‍ അവള്‍ക്ക് മേലെ കുളിര്‍ജലത്തിന്‍റെ കുഞ്ഞുതുള്ളികള്‍ കുടഞ്ഞു. തുളസിച്ചെടി പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികളുടെ ഭാരം താങ്ങാനാകാതെ കുനിഞ്ഞുനിന്നു. ദേവു അതിനരുകില്‍ ചെന്ന് അതിനെ ഒന്ന് തട്ടിക്കുടഞ്ഞു. അവിടെനിന്നും എഴുന്നേല്‍ക്കുമ്പോള്‍, ദേവുവിന്‍റെ കണ്ണുകള്‍ അമറിന്‍റെ കാല്‍പ്പാദങ്ങള്‍ക്കായി തേടി. അവനപ്പോഴും എത്തിയിരുന്നില്ല.

ദേവുവും, അമറും ഒരുപാട് ആശിച്ച് നേടിയതാണ് അവന്റെയീ തൊഴിലെങ്കിലും ദേവുവിന് ഇപ്പോള്‍ അവന്റെയീ ജോലിയോട് തെല്ലു നീരസം തോന്നിതുടങ്ങി. അവള്‍ ചിന്തിച്ചു. വേണ്ടിയിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ഇങ്ങനെ അവനെ കഷ്ടപ്പെടാന്‍ വിടേണ്ടിയിരുന്നില്ല. പിന്നെയവള്‍ ചിന്തിച്ചു. അല്ലെങ്കില്‍ ഇതിനായി പഠിച്ചിട്ട് ഇനിയെന്ത് ചെയ്യാന്‍. ചിന്തകള്‍ രാവിലെ തന്നെ അവളെ വല്ലാതെ കുണ്ഠിതയാക്കി. ദേവു മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറാന്‍ തുടങ്ങുമ്പോള്‍ വിജയമ്മ എഴുന്നേറ്റ് പുറത്തേയ്ക്ക് വന്നു. മേലാകെ ഒരു തുണി ചുറ്റിയവര്‍ പുറത്തെ തിട്ടയില്‍ വന്നിരുന്നു. ദേവു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"എന്നാ മഴയായിരുന്നു ഇല്ലേ മോളെ രാത്രീല്..."

അവരുടെ ചോദ്യത്തിനവള്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. പിന്നെ, അമ്മയുടെ അരുകിലെത്തി അവള്‍ അവരുടെ മുടിയിഴകള്‍ മെല്ലെ തലോടി. എന്നിട്ട് ചോദിച്ചു.

"അമ്മയ്ക്കെന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടോ അമ്മെ... ഇങ്ങനെ തണുത്തിട്ട്..."

"ഇല്ല മോളെ... ഒന്നുമില്ല. ഉണ്ടെങ്കില്‍ തന്നെ പ്രായമായില്ലേ. ഇനി മരിക്കും വരെ ഇങ്ങനെയൊക്കെ തന്നെയാവും. പിന്നെ ഒരു കുഞ്ഞു മൌനം പൂണ്ടിരുന്ന്‍ അവര്‍ വീണ്ടും പറഞ്ഞു.

"ഇവനിത് എവിടെയാ മോളെ... ഈയിടെയായി വീടിനെപ്പറ്റി അവനു യാതൊരു ചിന്തയും ഇല്ല. ഇങ്ങനെ ജോലി ജോലി എന്ന് പറഞ്ഞിരുന്നാല്‍ ശരിയാവില്ല ട്ടോ. ഇനിയവന്‍ നന്നാവണേല്‍, സമയത്ത് വീട്ടിലെത്തണേല്‍ അവനെ എവിടേലും ഒന്ന് പൂട്ടണം..."

അമ്മയുടെ വാക്കുകള്‍ കേട്ട് ദേവു ആകാംക്ഷയോടെ അവരെ നോക്കി. അതോടെ വിജയമ്മ വീണ്ടും പറഞ്ഞു.

"ദേവു... മോളെ നീയിങ്ങനെ കണ്ണു മിഴിക്കാതെ.. ചെക്കനെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന്..."

ദേവു അമ്മയ്ക്കരുകിലേയ്ക്കിരുന്നു. എന്നിട്ടവള്‍ പറഞ്ഞു.

"അമ്മെ.. ഒരു വീടായില്ല. ഞാനും രഘുവേട്ടനും മാത്രമായിരുന്നപ്പോള്‍ ഈ വീട് ഞങ്ങള്‍ക്ക് ധാരാളമായിരുന്നു. അവിടെയും ഇവിടെയും എന്നെ സ്നേഹിക്കാന്‍ രഘുവേട്ടന് ഒരു തടസവും ഉണ്ടായിരുന്നില്ല. ഈ കുടിലിനകത്ത്, ഒരേഒരു മുറിയില്‍ വേണ്ടമ്മേ.. ആദ്യം അവന്‍ കുറച്ച് പണമുണ്ടാക്കി ഒരു കൂര വയ്ക്കട്ടെ. വന്നു കയറുന്നവള്‍ എന്നെപ്പോലെ ആയിരിക്കണം എന്നില്ല. നമ്മുടെ രീതികള്‍, ചിട്ടകള്‍ ഒന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇഷ്ടായീന്നു വരില്ല. അവള്‍ക്കു വേണ്ടി, അമ്മയെ സ്നേഹിക്കുന്ന എന്‍റെ മോന്‍ കണ്ണീരുകുടിക്കാന്‍ തുടങ്ങും... വേണ്ടാ അത് വേണ്ടമ്മേ.. അവരുടെ സ്വാതന്ത്ര്യത്തിന് ജീവിക്കണം. അതാണ്‌ എന്‍റെ ആഗ്രഹം.."

"മോളെ നിനക്കെങ്ങിനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ തോന്നുന്നു. നീയെന്നെ പലപ്പോഴും അതിശയപ്പെടുത്തുന്നു... നിന്നെ അമ്മയായികിട്ടിയത് എന്‍റെ അമറുട്ടിയുടെ ഭാഗ്യം തന്നെ. മോളെ ഈ വീടിനോട് ചേര്‍ന്ന് നമ്മുക്ക് അവനെക്കൊണ്ട്‌ ഒരു മുറി ഉണ്ടാക്കിച്ചാല്‍ പോരെ. വിജയമ്മ പറഞ്ഞു.

"വരട്ടെ അമ്മെ. നമ്മുക്കാലോചിച്ചു തീരുമാനമെടുക്കാം...."

ഇത് പറഞ്ഞുകൊണ്ട് വിജയമ്മ അകത്തേയ്ക്കും ദേവു കിണറ്റിനരുകിലേയ്ക്കും പോയി. കിണറ്റില്‍ നിന്നും ഒരു തൊട്ടി വെള്ളം കോരി അവള്‍ അടുക്കളവശത്തേയ്ക്ക് പോയി. സമയം മെല്ലെ നീങ്ങി.

ആശുപത്രിയില്‍..........

അത്യാഹിത വിഭാഗത്തില്‍ നിന്നും മുറിവുകള്‍ തുന്നികെട്ടി അവളെ മുറിയിലേയ്ക്ക് കൊണ്ടുവന്നു. ഡോക്ടര്‍മാര്‍ അമറിനെ അനുമോദിച്ചു. അവര്‍ പറഞ്ഞു.

"വണ്ടിയിടിച്ച് വഴിയരുകില്‍ കിടന്നിരുന്ന അവളെ ആശുപത്രിയില്‍ ഇത്രവേഗം എത്തിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ജീവന്‍ രക്ഷിക്കാനായത്. മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും, അത് വളരെ ഗുരുതരമായിരുന്നില്ല എങ്കില്‍ പോലും പലപ്പോഴും തക്ക സമയത്ത് ചികിത്സ കിട്ടാതെ രക്തം വാര്‍ന്ന് പലരും റോഡില്‍ തന്നെ കിടന്ന് മരണമടയുകയാണ് പതിവ്."

ഡോക്ടര്‍മാരുടെ അനുമോദനങ്ങള്‍ കേട്ട് അവന്‍ സന്തോഷഭരിതനായി. അവളെ മുറിയിലേയ്ക്ക് കിടത്തി വാതില്‍ ചാരി അറ്റന്‍ഡര്‍മാര്‍ പുറത്തേയ്ക്ക് പോയി. കുറച്ചുസമയം കൂടി മുറിയ്ക്ക് പുറത്ത് ഡോക്ടറോട് സംസാരിച്ചുകൊണ്ട് നിന്ന അമര്‍ അടഞ്ഞുകിടന്ന വാതില്‍ തുറന്ന് മുറിയ്ക്കുള്ളിലേയ്ക്ക്‌ കയറി. അതിനുള്ളില്‍ ഉണ്ടായിരുന്ന ഒരു കസേര വലിച്ചിട്ട് അവന്‍ അതിലേയ്ക്കിരുന്നു. കിടക്കയുടെ കോണില്‍ അതിന്‍റെ കമ്പിയില്‍ കെട്ടിയിട്ടിരുന്ന അഡ്മിറ്റ് ഷീറ്റ് അവന്‍ കൈകൊണ്ടു മെല്ലെ തിരിച്ചുനോക്കി. അതില്‍ അവളുടെ പേരിന്‍റെ സ്ഥാനത്ത് നീലിമ എന്നെഴുതിയിരുന്നു. അവനത് തിരികെ വിട്ടു. മെല്ലെയാടി, കിടക്കയുടെ കമ്പിയില്‍ ഉരസി അത് നിന്നു. അവന്‍ കിടക്കയ്ക്കരുകില്‍ ചേര്‍ന്ന് ഇരുന്നു. മെല്ലെമെല്ലെ ആ നിശബ്ദതയില്‍ കിടക്കയുടെ ഓരം തല വച്ച് അവനൊന്ന് മയങ്ങി.

നീലിമ ഉണരുമ്പോള്‍ അവള്‍ക്കരുകില്‍ ഒരാള്‍ കട്ടിലില്‍ തലചായ്ച്ച് ഉറക്കത്തിലാണ്. ശബ്ദമുണ്ടാകാതെ അവള്‍ മെല്ലെ എഴുന്നേറ്റു. കൈയിലൊട്ടിക്കിടന്നിരുന്ന ട്രിപ്പിന്‍റെ കുഴല്‍ അവള്‍ മെല്ലെയുയര്‍ത്തി. കിടക്കയില്‍ ഇരുന്നുകൊണ്ട് തന്നെ കൈത്തണ്ടയിലെ സൂചി ഒട്ടി വച്ചിരുന്ന പ്ലാസ്റ്റര്‍ അവള്‍ മെല്ലെമെല്ലെ വലിച്ചെടുത്തു. പിന്നീട് സൂചി ഊരിയെടുത്ത് ട്രിപ്പ് കുഴല്‍ കൈവിട്ടു. അതില്‍ നിന്നും ഗ്ലൂക്കോസ് തുള്ളിതുള്ളിയായി നിലത്തേയ്ക്ക് വീണുകൊണ്ടിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അമറിനെ ഒന്ന് നോക്കി അവള്‍ മുറിയിലെ ജനാലയ്ക്കരുകില്‍ ചെന്ന് നിന്നു. അതിലൂടെ അവള്‍ താഴേയ്ക്ക് നോക്കുമ്പോള്‍ അവള്‍ക്കു മനസ്സിലായി അവള്‍ ആ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ ആണെന്ന്.

താഴെ ആശുപത്രിയിലേയ്ക്ക് വന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. നീലിമ മെല്ലെ കണ്ണുകള്‍ പൂട്ടി. ജനലിന്‍റെ അടിപ്പടിയില്‍ അവള്‍ ആയാസപ്പെട്ട്‌ ഒരു കാല്‍ എടുത്തുവച്ചു. ആശുപത്രിയ്ക്ക് വെളിയില്‍, താഴെ ആരോ ചിലര്‍ ചാടാനായി ഒരുങ്ങി നിന്ന നീലിമയെക്കണ്ട് നിലവിളിച്ചു. ചിലര്‍ മുകളിലേയ്ക്ക് കൈചൂണ്ടി മറ്റുള്ളവരെ കാണിച്ചു. വേണ്ട.. വേണ്ടാ എന്ന് അവര്‍ ആക്രോശിച്ചു. അവളതൊന്നും വകവയ്ക്കാതെ മുകളിലേയ്ക്ക് കാലെടുത്തുവച്ചു. ചിലര്‍ ഇതുകണ്ട് മുകളിലേയ്ക്കോടി. ജനാലയ്ക്ക് മുകളിലേയ്ക്ക് കയറുമ്പോള്‍ അവളുടെ കാല്‍ തട്ടി ജനലിനരുകിലിരുന്ന കുഞ്ഞുമേശ ഒന്നനങ്ങി. ചെറുശബ്ദം കേട്ട് അമര്‍ സ്വപ്നത്തിലെന്നപോലെ കണ്ണുകള്‍ തുറന്നു. മുന്നില്‍ കണ്ട കാഴ്ചയില്‍ അവനൊന്നമ്പരന്നു. ഒട്ടും സമയം കളയാതെ അവന്‍ ചാടിയെഴുന്നേറ്റു. പുറത്തേയ്ക്ക് ചാടാന്‍ തുടങ്ങുകയായിരുന്ന അവളെ അമര്‍ പെട്ടെന്ന് പിടിച്ചു. അതോടെ കുതറിയ അവള്‍ വട്ടം ചുറ്റി പിടിച്ചിരുന്ന അമറിന്‍റെ കൈക്കരുത്തില്‍ അവനൊപ്പം അകത്തേയ്ക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ അവളുടെ തലയിലെ മുറിവില്‍ നിന്നും രക്തം കിനിയാന്‍ തുടങ്ങി. അമറിന്‍റെ കൈകളില്‍ കിടന്നവള്‍ പൊട്ടിക്കരഞ്ഞു. അവന്‍റെ പിടിവിട്ട് പിടഞ്ഞെഴുന്നേറ്റ അവള്‍ ചോദിച്ചു.

"നിങ്ങള്‍... നിങ്ങളെന്നെ ഒന്ന് മരിക്കാന്‍ പോലും സമ്മതിയ്ക്കില്ലേ..."

അവള്‍ക്കൊപ്പം ചാടിയെഴുന്നേറ്റ അമര്‍ ഒട്ടും മടികൂടാതെ ചോദിച്ചു.

"നീയെന്തിന് മരിക്കണം... അതും എന്‍റെ കണ്മുന്നില്‍... അത് സാധ്യമല്ല. നീ ആരായിരുന്നാലും അത് സാധ്യമല്ല." അവന്‍ വല്ലാത്തൊരു ഭീതിയോടെ തലകുലുക്കി.

അപ്പോഴേയ്ക്കും താഴത്തെ കാഴ്ചക്കാരില്‍ ചിലരും, ഡോക്ടര്‍മാരും നഴ്സ്മാരും ഒക്കെ ആ മുറിയിലേയ്ക്ക് പാഞ്ഞുകയറി. എല്ലാവരും അന്ധാളിപ്പോടെ അമറിനെയും നീലിമയെയും മാറിമാറി നോക്കി. അമര്‍ അസ്വസ്ഥതയോടെ അരുകിലെ കസേരയിലേയ്ക്കിരുന്നു. അവന്‍ ഇരുകരങ്ങളും കൊണ്ട് മുഖം പൊത്തി. അവന്‍റെ വിറയാര്‍ന്ന തോളുകളില്‍ ഇരുവശവും ഡോക്ടര്‍മാര്‍ പിടിച്ചുനിന്നു. നീലിമ കിടക്കയിലേയ്ക്കിരുന്നു പൊട്ടിക്കരഞ്ഞു. അവിടെ കൂടി നിന്ന ആര്‍ക്കും ഒന്നും മനസ്സിലായില്ല. അവന്‍ ഇരുവരേയും അത്ഭുതത്തോടെ മാറിമാറി നോക്കിനിന്നു. അപ്പോഴേയ്ക്കും ഓടിയെത്തിയ അറ്റന്‍ഡര്‍മാര്‍ കൂടിനിന്ന അപരിചിതരെ എല്ലാം പുറത്തേയ്ക്ക് മാറ്റി. നഴ്സ്മാര്‍ നീലിമയെ കിടക്കയിലേയ്ക്ക് പിടിച്ചുകിടത്തി. അവളുടെ മുറിവ് വൃത്തിയാക്കി മരുന്നുവച്ച് വീണ്ടും കെട്ടി അവര്‍ പുറത്തേയ്ക്ക് പോയി. ഡോക്ടറില്‍ ഒരാള്‍ അമറിന്‍റെ അരുകില്‍ കിടന്ന മറ്റൊരു കസേരില്‍ ഇരുന്നു. നീലിമ മച്ചിലേയ്ക്ക് കണ്ണുനട്ട് കിടന്നു. അമര്‍ അപ്പോഴും മുഖം പൊത്തി കുനിഞ്ഞിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല
 
ദേവദാരുവിന്നരികത്ത്‌.....31

തെക്കേമുറ്റത്തിറങ്ങിയ രാജേശ്വരി അമറിനെ തിരിഞ്ഞു രൂക്ഷമായൊരു നോട്ടം നോക്കി. പിന്നിലേയ്ക്ക് ചലിച്ചുകൊണ്ടിരുന്ന സാരിത്തുമ്പ് എടുത്തവള്‍ മുന്നിലേയ്ക്ക് വച്ചു. "ഹും" എന്നൊരു ശബ്ദത്തോടെ ഇടതുകൈയിലെ ബാഗ് അലക്ഷ്യമായി തോളിലേയ്ക്ക്‌ ഇട്ടവള്‍ അഹന്തയോടെ നടന്നകന്നു.

രാജേശ്വരി പോയിക്കഴിഞ്ഞപ്പോള്‍ സേതുലക്ഷ്മി പറഞ്ഞു.

"വേണ്ടിയിരുന്നില്ല മോളെ, ഇതൊന്നും വേണ്ടിയിരുന്നില്ല. അവള് വരും. കുറെയേറെ പറയും. പിന്നീട് പോയാല്‍ ഒരു മാസത്തേയ്ക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ..???"

സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ടു ദേവു ഒന്നും മിണ്ടിയില്ല. പകരം അവരെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിക്കുക മാത്രമാണ് അവള്‍ ചെയ്തത്.

"അമ്മ... ഈ വയസ്സുകാലത്ത് ഇവിടിങ്ങനെ ഒറ്റയ്ക്ക് കഴിയണ്ട. എന്‍റെ കൂടെ പോന്നോള്ളൂ..."

"അതെ അമ്മൂമ്മേ.... ഇങ്ങനെ ഒറ്റയ്ക്ക് കഴിയണ്ട. അമ്മ പറയുന്നതാ ശരി... " അമര്‍ പറഞ്ഞു.

സേതുലക്ഷ്മി രണ്ടുപേരെയും മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു. "വേണ്ട...മോളെ വേണ്ട..."

മൂവരുടെയും കുറച്ചുനേരത്തെ മൗനത്തിനൊടുവില്‍, പിന്നീടും പല തവണ ദേവു നിര്‍ബന്ധിച്ചുവെങ്കിലും സേതുലക്ഷ്മി വഴങ്ങിയില്ല. അവളുടെ ഓരോ സ്നേഹവാക്കുകളിലും അവര്‍ വളരെ......... ഒരു പുഴുവോളം ചെറുതായതായി തോന്നി അവര്‍ക്ക്. ഒടുവില്‍ ദേവു ചോദിച്ചു.

"അമ്മയുടെ കാലശേഷം അല്ലാതെ എന്തിനീ വീടും ഇടവും അമ്മ അവള്‍ക്കെഴുതിക്കൊടുത്തു. അതും വിലയാധാരം. ഇന്നവള്‍ക്കല്ലേ ഇതിനവകാശം. നാളെ അവള്‍ വന്നു ഇവിടുന്ന് ഇറങ്ങാന്‍ അമ്മയോട് പറഞ്ഞാല്‍......ഇങ്ങനെ ചെയ്യുന്ന അവള്‍ അങ്ങിനെ ചെയ്യില്ല എന്ന് എന്തുറപ്പാ.. അമ്മെ..??"

ദേവുവിന്‍റെ മുഖത്തേയ്ക്കു ഒന്ന് നോക്കിയ ശേഷം സേതുലക്ഷ്മിയമ്മ കുനിഞ്ഞിരുന്നു. ചെയ്ത തെറ്റിനെ ഓര്‍ത്തവര്‍ പശ്ചാത്തപിച്ചു. അവരുടെ മനസ്സില്‍ നിറയെ അപ്പോള്‍ ഇനിയെന്ത് ചെയ്യും എന്ന ചിന്തയായിരുന്നു. മറച്ചുവയ്ക്കാതെ അവര്‍ അവളോട്‌ അത് ചോദിക്കുകയും ചെയ്തു.

"മോളെ... അത് തിരികെ വാങ്ങാന്‍ എന്തെങ്കിലും വഴിയുണ്ടോ..??? മോള് പറഞ്ഞപോലെ എനിക്കാകെ പേടി തോന്നുന്നു. അവള് ചെയ്യും. അവളങ്ങനത്തോളാ..!! അവളുടെ വാക്കും വിശ്വസിച്ചു, ഞാന്‍ മോളോട് ചെയ്ത ക്രൂരതയുടെ ഫലമാ ഇന്നമ്മ അനുഭവിക്കുന്നത്. ഞാന്‍... മരിക്കും വരെയെങ്കിലും ഈ വീട്ടില്‍ കഴിയാന്‍ എനിക്ക് പറ്റുമോ മോളെ...???

ഒന്ന് ചിന്തിച്ചു ദേവു പറഞ്ഞു.

"വിലയാധാരം അല്ലെ അമ്മെ..??? പ്രമാണം വായിക്കണം. കഴിയുമെങ്കില്‍ കൊണ്ടുപോയി അറിയാവുന്നവരെക്കൊണ്ട് വായിപ്പിക്കണം. പിന്നെ എന്തെങ്കിലും ഒരു വഴി ഈശ്വരന്‍ കാട്ടാതിരിക്കില്ല..." ഞാന്‍ സലീംബാപ്പാനോട് ഒന്ന് ചോദിക്കട്ടെ.

കണ്ണിന് ചെറിയ കാഴ്ചക്കുറവും, ചെറിയൊരു കേള്‍വിക്കുറവുമൊക്കെ ബാധിച്ചുവെങ്കിലും സലിം ഇന്നും ആരോഗ്യവാനാണ്. നബീസു ഉമ്മ തീരെ വയ്യാതായിരിക്കുന്നു. ഇളയമകള്‍ ഐഷാബി ബപ്പാനേം ഉമ്മാനേം നോക്കാന്‍ നാട്ടില്‍ വന്നിരുന്നു. ബാപ്പാന്‍റെ കാലശേഷം അറപ്പ്മില്ല് മറ്റാര്‍ക്കും പോകരുത് എന്നൊരു വാശി അവള്‍ക്കും ഭര്‍ത്താവിനും ഉണ്ട്. അല്ലാതെ ബാപ്പായോടുള്ള പ്രത്യേക ഇഷ്ടം കൊണ്ടല്ല. അവരുടെ മരണം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിച്ച് എത്തിയ അവള്‍ ഒടുവില്‍ ഒന്നും വയ്യാത്ത അവസ്ഥയിലായി. അവരിനിയും കുറേക്കാലംകൂടി ജീവിച്ചിരിക്കും എന്നവള്‍ ഉറപ്പിച്ചു. അതുകൊണ്ടുതന്നെ തിരിച്ചുപോകാന്‍ എന്തെങ്കിലും ഒരു തുമ്പിനായി കാത്തിരിക്കുകയായിരുന്നു അവള്‍. രണ്ടുപേരുടെയും കണ്ണടയുംമുന്‍പേ ഒന്നും, ആര്‍ക്കും നല്‍കില്ല എന്ന ഉറച്ച നിലപാടിലാണ് സലിമും നബീസു ഉമ്മയും. ആയതിനാല്‍ തോളത്തിട്ട് താരാട്ടുപാടി ഉറക്കിയ മക്കള്‍ ആറു പേരില്‍ മറ്റുള്ള അഞ്ചുപേരും ഈവഴി വന്നിട്ടും ഇല്ല. മറ്റുള്ളവര്‍ അവരുടെ കാലശേഷം എല്ലാം വീതിച്ചെടുക്കാം എന്ന് കരുതുമ്പോള്‍ ഐഷാബി ഒന്ന് കടന്നു ചിന്തിച്ചു അത്രതന്നെ. അവളുടെ സ്നേഹം ശരിക്കറിഞ്ഞ സലിം നബീസു ഉമ്മയോട് പറയും.

"ഒക്കെ ശരി തന്നെ. ന്നാലും കൊണ്ട്വയ്ക്കുന്ന ആഹാരത്തില്‍ പോലും ചെറിയൊരു കണ്ണ് വേണം... നമ്മള് വലുതല്ല നബീസു അവര്‍ക്കാര്‍ക്കും. സ്വത്ത്‌... സ്വത്താണ് വലുത്. അച്ഛനും അമ്മയും മക്കളാണ് സ്വത്തെന്നു ധരിച്ചിരുന്ന കാലോം, മക്കള്‍ തിരിച്ച് ചിന്തിച്ചിരുന്ന കാലോം ഒക്കെ പോയി. എനിക്ക് ഞാനും, നിനക്ക് നീയും. അതിനപ്പുറം ഒന്നുമില്ല. അതോണ്ട് നീ സൂക്ഷിക്കണം..."

കിടക്കയില്‍ കിടന്നുകൊണ്ട് സലീമിന്‍റെ വാക്കുകള്‍ കേട്ടു അവര്‍ കരയും. അവരുടെ കണ്ണുകള്‍ തുടച്ച് സലിം അരുകിലും.

പുറത്തെ കാല്‍പ്പെരുമാറ്റവും ബാപ്പാന്നുള്ള വിളിയും കേട്ടു സലിം പുറത്തേയ്ക്ക് നടന്നു. അയാള്‍ക്കറിയാം അത് ദേവുവാണെന്ന്. കാരണം ഇത്രേ സ്നേഹത്തോടെ ബാപ്പാ എന്ന് അവളല്ലാതെ ആരും ഇവിടെ വിളിക്കാന്‍ ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ട് വര്‍ഷങ്ങള്‍ ആയി. ഒരു നേരമെങ്കിലും അവരെ കാണാതെ, ഒരു നേരത്തെ ഭക്ഷണം കൊടുക്കാതെയുമിരിക്കാന്‍ അവള്‍ക്കായിട്ടില്ല. അവളുടെ ഈ സ്നേഹത്തിനു ഐഷാബി, കുറച്ചുനാള്‍ മുന്‍പ് സ്വല്‍പ്പം നീരസം പ്രകടിപ്പിച്ചുവെങ്കിലും സലിം വഴങ്ങിയില്ല. അയാള്‍ പറഞ്ഞു.

"അവളിവിടെ വരും. ഞാന്‍ മരിക്കുവോളം. ഇഷ്ടായില്ല എങ്കില്‍ നീ പൊയ്ക്കോള്ളൂ... ന്നാലും അവളെനിക്കു പ്രിയപ്പെട്ടവള്‍ തന്നെയാണ്.."

"അപ്പോള്‍... ബാപ്പയ്ക്ക് സ്വന്തം ചോരയില്‍ ജനിച്ച നമ്മളെക്കാളും, എവിടെയോ കിടന്ന അവളെയാണോ പ്രിയം... അതും ഒരു അന്യമതക്കാരി...

ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.

"അല്ല.. ബാപ്പാ ഞാനൊന്നു ചോദിച്ചോട്ടെ... "അവളെന്താ ങ്ങക്ക് പിറന്നതാണോ..??

"ങേ" സലിം ഒന്ന് ഞെട്ടി. ഒപ്പം നബീസുവും. മറിച്ചൊന്ന് ചിന്തിക്കാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. ഉള്ളില്‍ വന്ന ദേഷ്യം അടക്കിപ്പിടിക്കാന്‍ കഴിയാതെ അയാള്‍ പറഞ്ഞു.

"അതേടി... അങ്ങിനെ തന്നെ കൂട്ടിക്കോള്ളൂ... എന്തായാലും നിന്നെക്കാളും ഭേദമാ ന്‍റെ മോള് ദേവു...."

"എങ്കില്‍ പിന്നെ അവള് നോക്കിക്കൊള്ളും... ങ്ങളെ രണ്ടാളേം... പിന്നെയവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"ഞാനപ്പൊഴേ പറഞ്ഞതാ അങ്ങേരോട്... വേണ്ടാ.. എനിക്ക് വയ്യ. ഞാന്‍ പോണില്ലാന്ന്.." എന്നിട്ട് കണ്ണുനീര്‍ തുടച്ചുകൊണ്ട് വീണ്ടും പറഞ്ഞു. "വേണം ഇത് തന്നെ വേണം. ഉമ്മയും ബാപ്പായും അല്ലെ.. വയസ്സുകാലത്ത് ആരുമില്ലല്ലോ എന്നോര്‍ത്ത് വന്നതാ.. എന്നിട്ടിപ്പോള്‍ എവിടെയോ കിടന്നൊരുത്തിയ്ക്ക് വേണ്ടി സ്വന്തം ചോരയില്‍ പിറന്ന എന്നെ തള്ളിപ്പറയുന്നു...ല്ലെ..?? താമസിയാതെ രക്തബന്ധത്തിന്‍റെ വില ങ്ങള് തിരിച്ചറിയും ബാപ്പ... അന്ന് ങ്ങള് വിളിക്ക്.. ഞാന്‍ വരാം. " മനസ്സിലെന്തോ ചിന്തിച്ചുറപ്പിച്ചുകൊണ്ടാണവള്‍ പിന്നീട് അവിടെ കുറച്ചു ദിവസം കൂടി കഴിഞ്ഞത്. രണ്ടു ദിവസം മുന്‍പ് അവള് തിരിച്ചുപോയി...

"ന്‍റെ മോളാ.... ന്താടീ അവിടെത്തന്നെ നിക്കണത്... നിനക്കിങ്ങനെ ഇവിടെ നിന്നു വിളിക്കാണ്ട് അകത്തേയ്ക്ക് വന്നൂടെ..." അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആരാ... ദേവൂട്ടിയാ... വാ മോളെ അകത്തേയ്ക്ക് വാ...." നബീസു ഉമ്മ അകത്തുനിന്നും വിളിച്ചുപറഞ്ഞു.

ദേവു അകത്തേയ്ക്ക് കയറി. അവളുടെ കൈയില്‍ സേതുലക്ഷ്മിയുടെ ഇടത്തിന്‍റെ പ്രമാണത്തിന്‍റെ ഒരു പതിപ്പ് ഉണ്ടായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ച അവള്‍, ആ പേപ്പര്‍ സലീമിന്‍റെ കൈയില്‍ കൊടുത്തു. അത് വായിച്ചു നോക്കാതെ തന്നെ അയാള്‍ ദേവുവിനോട് പറഞ്ഞു.

"മോളെ.. ഇവിടെ എല്ലാത്തിനും നിയമങ്ങള്‍ ഉണ്ട്... നിറയെ നിയമക്കുരുക്കുകളും ഉണ്ട്. ജനങ്ങള്‍ക്ക്‌ അത് അറിയില്ല അത്ര തന്നെ. അമ്മ ജീവിച്ചിരിക്കുമ്പോള്‍ നോക്കിക്കൊള്ളാം എന്ന ഉറപ്പു നല്‍കി എവിടെയെല്ലാം മക്കള് ഇങ്ങനെ ഓരോന്നും എഴുതി വാങ്ങുന്നു.. പിന്നീട് അവരെ നോക്കാണ്ട്, ഉള്ളതെല്ലാം വിറ്റുപെറുക്കി ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ടിട്ടിട്ട് പോകുന്നു. ഇവിടെ അത് സംഭവിച്ചില്ലല്ലോ..?? വഴിയുണ്ട്. എന്നെ നോക്കുന്നില്ല എന്ന് പറഞ്ഞു കേസ് കൊടുത്താല്‍ പിന്നെ ഇക്കാര്യം കോടതി നോക്കിക്കൊള്ളും.. "

"മോളിരിക്ക്... ഞാനൊന്നു നോക്കട്ടെ. അയാള്‍ അരുകില്‍ മേശയില്‍ ഇരുന്ന കണ്ണട എടുത്തു വച്ചു. മെല്ലെയത് വായിച്ചു. വായിച്ചു കഴിഞ്ഞു അയാള്‍ പറഞ്ഞു. അവര് മരിക്കുംവരെ ഇത് വില്‍ക്കാന്‍ അവള്‍ക്കു കഴിയില്ല. അമ്മേടെ മരണം വരെ അവര്‍ക്ക് അതിനകത്ത് ജീവിക്കാനുള്ള അവകാശം ഇതില് പറഞ്ഞിട്ടുണ്ട് മോളെ... നടക്കില്ല, ഒന്നും നടക്കില്ല. അമ്മേടെ ആശ പോലെ മരിക്കും വരെ അവിടെ കഴിയാം. അമ്മ മരിച്ചുകഴിഞ്ഞാല്‍ പിന്നെ മോള്‍ക്ക്‌ ഇതില്‍ യാതൊരു അവകാശോം ഇല്ല. മോള്‍ക്കിതീന്നു ഒന്നും ഇല്ല. അത്രേ ഉള്ളൂ..." അയാള്‍ പറഞ്ഞു. അപ്പോള്‍ ദേവു പറഞ്ഞു.

"എനിക്കൊന്നും വേണ്ട ബാപ്പാ. ഒന്നും. മരിക്കും വരെ അമ്മയ്ക്ക് അവിടെ കിടക്കണം. അത് മതി. അത് മാത്രം മതി ബാപ്പ."

"അതിനു ഒരു തടസ്സോം ഒണ്ടാവില്ല മോളെ... അങ്ങിനെ വിറ്റൊണ്ട്‌ പോകാന്‍ അവള്‍ക്കു കഴിയൂല്ല. അതല്ലേ ഇന്നും ഇതിങ്ങനെ കിടക്കണത്.."

സലീമിന്‍റെ വാക്കുകള്‍ കേട്ടു അവളാശ്വാസത്തോടെ തിരികെപ്പോയി.

ദിവസങ്ങള്‍ മെല്ലെ അടര്‍ന്നുവീണു. അത് മാസങ്ങളായി പരിണമിച്ചു. ജേണലിസം പരീക്ഷ എഴുതിയ റിസള്‍ട്ട്‌ കാത്ത് അമര്‍ വീട്ടിലുണ്ട്. സേതുലക്ഷ്മി സ്വന്തം വീട്ടിലും. ഓരോ മാസവും രാജലക്ഷ്മി വരും... സ്വരം താഴ്ത്തിയാണെങ്കിലും, അമ്മയെ എന്തെങ്കിലും പറയാതെ അവളവിടെ നിന്നും പോകില്ല. ദേവു എല്ലാ ദിവസവും അമ്മയെ കാണാന്‍ പോകാറില്ല. പഴയ കാര്യങ്ങള്‍ മനസ്സില്‍ കിടക്കുന്നത് കൊണ്ടാകാം ഒരു നേരത്തെ ആഹാരം പോലും സേതുലക്ഷ്മിയമ്മ ദേവുവിന്‍റെ കൈയില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല. അമര്‍ അമ്മൂമ്മയെ കാണാന്‍ പോകും. പ്രത്യേകിച്ച് വിശേഷം വല്ലതും ഉണ്ടെങ്കില്‍ അവന്‍ ദേവുവിനോട് പറയും.. ആ രീതിയിലാണ് കാര്യങ്ങള്‍ കുറച്ചു നാള് കൊണ്ട് നടക്കുന്നത്. ഒടുവില്‍ ജേണലിസം പാസ്സായ അമറിന് ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെ പട്ടണത്തിലെ തന്നെ പത്രമോഫീസ്സില്‍ ജോലി തരമായി... അവന്‍ എന്നും പുലര്‍ച്ചെ ജോലിയ്ക്കായി പുറപ്പെടാന്‍ തുടങ്ങി. രാവേറെ ചെല്ലുമ്പോഴാകും തിരിച്ചു വരവ്... എന്നാലും അവന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ ദേവു സന്തോഷവതിയായി. വീട്ടിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു പോന്നു. സേതുലക്ഷ്മിയെ നോക്കുന്നില്ല എങ്കിലും സലിം ബാപ്പയെയും, ഉമ്മയെയും അവള് തന്നെയാണ് നോക്കിയത്. പിരിയാന്‍ വയ്യാത്തൊരടുപ്പം ആ ഉമ്മയും മോളും തമ്മില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതാകും ശരി....

മാസങ്ങള്‍ വര്‍ഷം രണ്ടിന് കൂടി വഴിമാറി... പ്രകൃതിയാകെ മാറി, മഞ്ഞവെളിച്ചം പടര്‍ന്നു നിന്നൊരു സായന്തനം. വിളക്ക് കൊളുത്തി, ദേവദാരുവിനരുകില്‍ ചന്ദനത്തിരി കത്തിച്ച്, രഘുവിന്‍റെ കുഴിമാടത്തില്‍ കുടത്തില്‍ വെള്ളം വച്ച്, ദേവു പെട്ടെന്ന് അയയില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ പെറുക്കിയെടുത്തു. ആര്‍ത്തുപെയ്യാനൊരുങ്ങുന്ന ഒരു മഴയുടെ ലക്ഷണമായിരുന്നു. മെല്ലെ മെല്ലെ ആകാശം ഇരുണ്ടു. സന്ധ്യായാണോ, കാര്‍മേഘമാണോ ഇത്ര പെട്ടെന്ന് ഇരുള്‍ കൊണ്ടുവന്നതെന്ന് അവള്‍ ഒന്ന് ചിന്തിക്കും മുന്‍പേ അകലെ നിന്നും മഴയുടെ ആരവം അവള്‍ കേള്‍ക്കുകയുണ്ടായി. ഒടുവിലത്തെ തുണിയും എടുത്തുകൊണ്ടവള്‍ തിരിയുമ്പോഴേയ്ക്കും, അവളുടെ മേലെ പെയ്തു മഴ മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ദേവു ഓടി അകത്തേയ്ക്ക് കയറി. തുണികള്‍ കിടക്കയിലേയ്ക്കിട്ടു അവള്‍ വീടിനു പുറത്തെ തിട്ടയില്‍ വന്നിരുന്നു. നിര്‍ത്താതെ അന്ന് പെയ്ത ആ മഴ ആ രാവ് മുഴുവന്‍ കുളിര് കോരി നിറച്ചു. രാവില്‍, മണ്ണിന്‍റെ തണുപ്പ് ബാധിച്ചു വിറച്ച അമ്മയെ അവള്‍ തുണികള്‍ കൊണ്ട് പുതപ്പിച്ച്‌ ചേര്‍ത്ത് പിടിച്ചിരുന്നു.

സേതുലക്ഷ്മിയുടെ വീട്ടില്‍, ഇരുളില്‍ ഒറ്റയ്ക്ക് കിടന്നിരുന്ന അവര്‍ തണുപ്പ് ബാധിച്ചു കിടക്കയില്‍ ചുരുണ്ടുകൂടി. രാവേറെയായിട്ടും അമര്‍ തിരിച്ചെത്തിയിരുന്നില്ല. ദേവു വിജയമ്മയെ ചേര്‍ത്ത് പിടിച്ച് ഭിത്തിയില്‍ ചാരി ഉറക്കമായി. തണുപ്പ് കൂടിക്കൂടി വന്നു സേതുലക്ഷ്മിയമ്മയുടെ കാലില്‍ നിന്നും തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങി. അതിങ്ങനെ, എല്ലിനടിയില്‍കൂടി പടര്‍ന്നു ഒരു കരിനാഗം പോലെ അവരെ ചുറ്റാന്‍ തുടങ്ങി. അവരുടെ കൈവിരലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ഒന്ന് തൊട്ടുവിളിക്കാന്‍ അരുകിലാരും ഉണ്ടായിരുന്നില്ല. തണുപ്പ് മെല്ലെമെല്ലെ അവരുടെ വയറിലേയ്ക്ക് വ്യാപിച്ചു. പിന്നീടത്, നെഞ്ചിലായപ്പോള്‍ അവര്‍ക്ക് ശ്വാസം മുട്ടാന്‍ തുടങ്ങി. ദേവു എന്ന് ഉറക്കെ വിളിക്കാന്‍ അവര്‍ ഒരു നിമിഷം കൊതിച്ചു. അപ്പോഴേയ്ക്കും തൊണ്ടയും മരവിച്ചിരുന്നു. തല പെരുത്തുകയറിയതോടെ ചെവികള്‍ പൊത്തിപ്പിടിക്കാനായി കരങ്ങള്‍ ഉയര്‍ത്താന്‍ അവരൊരു വിഫലശ്രമം നടത്തി. കഴിയാതെ, സേതുലക്ഷ്മി കിടക്കയില്‍ ചുരുണ്ടുകൂടി. കണ്ണുകള്‍ മേല്ലെയടച്ച അവരുടെ ശരീരത്തിലൂടെ എവിടെനിന്നോ ഉറുമ്പുകള്‍ ആഹാരം ശേഖരിച്ചുകൊണ്ട് നടന്നുകയറി. അതവര്‍ അറിയുന്നുണ്ടായില്ല.

ദേവു ഒരുള്‍വിളിപോലെ കണ്ണുകള്‍ തുറന്നു. പുറത്ത് മഴയുടെ ശബ്ദം. അവള്‍ ഒരു തുണി ശരീരത്തിലൂടെ മൂടി വിജയമ്മയെ ചേര്‍ന്ന് കിടന്നു. അമര്‍ ഓഫീസിലെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി. ശരീരം തുളഞ്ഞുകയറുന്ന തണുപ്പ്. എങ്ങിനെയെങ്കിലും വീട്ടില്‍ പോകണം. അമ്മയും അച്ഛമ്മയും വിഷമിക്കുന്നുണ്ടാകും. ഓഫീസില്‍ നിന്ന് ഒരു വണ്ടി അവനു വേണ്ടി റെഡിയായി. അമറിനെയും കൊണ്ടത് പത്രമോഫീസിന്‍റെ ഗേറ്റ് കടന്നു പുറത്തേയ്ക്ക് തിരിച്ചു. പൊഴിഞ്ഞുവീഴുന്ന മഴത്തുള്ളികള്‍ കാഴ്ച മറച്ചപ്പോള്‍ ഡ്രൈവര്‍ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചു. അതിങ്ങനെ മെല്ലെ ചെറുശബ്ദത്തോടെ ഗ്ലാസ്സിലുരസ്സിക്കൊണ്ടിരുന്നു. അമര്‍ സീറ്റിലേയ്ക്ക് തല ചായ്ച്ചു മുന്നിലേയ്ക്ക് ദൃഷ്ടി പായിച്ചിരുന്നു. കാര്‍ മന്ദം മന്ദം മുന്നിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

2014 ജൂലൈ 10, വ്യാഴാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....30

വീടണഞ്ഞിട്ടും ദേവുവിന്‍റെ മനസ്സിലെ വിദ്വേഷം അടങ്ങിയില്ല. അവള്‍ കിടക്കയില്‍ വന്നിരുന്നു. അലക്ഷ്യമായ ചിന്തകളില്‍ അവളുടെ മനം ഉഴറിയപോലെ, കണ്ണുകള്‍ മയക്കത്തിലെന്നപോലെ കാണപ്പെട്ടു. അത് കണ്ടു വിജയമ്മ പറഞ്ഞു.

"മോള്.. സങ്കടപ്പെടണ്ട. അമ്മ ചോദിക്കണുണ്ട്. ഇത്രേം അഹന്ത പാടില്ല പെണ്ണുങ്ങള്‍ക്ക്..."

"വേണ്ടമ്മേ... എന്തിനാ..??? അത് കൊണ്ട് എന്ത് പ്രയോജനം...??

"മോളുടെ ഇഷ്ടം പോലെ.. മോള് പറയുന്നതിനപ്പുറം ഈ അമ്മയ്ക്കൊരു വാക്കുമില്ല." ദേവുവിന്‍റെ വാക്കുകള്‍ക്ക് മറുപടിയായി വിജയമ്മ പറഞ്ഞതിങ്ങനെയാണ്. വിജയമ്മയുടെ വാക്കുകള്‍ കേട്ടു ദേവു നെടുവീര്‍പ്പിട്ടു.

ദിനങ്ങള്‍ പിന്നെയും കടന്നുപോയി. ഒടുവില്‍, ഒരിക്കല്‍ക്കൂടി ബഷീര്‍ ആ വീട്ടില്‍ എത്തി. സേതുലക്ഷ്മിയമ്മയുടെ വീടിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍ അവന്‍ ചില പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ബഷീറിനെ കണ്ട സേതുലക്ഷ്മിയും, മകള്‍ രാജേശ്വരിയും ഒന്നും മിണ്ടിയില്ല. ദേവുവിനോടും അമ്മയോടും അവന്‍റെ നിക്കാഹ് പറഞ്ഞ്, അവരെ അതിലേയ്ക്ക് ക്ഷണിച്ചിട്ട് അവന്‍ വേഗം തിരികെപ്പോയി.....

രാത്രികള്‍ പലത് മാഞ്ഞു. പിന്നെയും പകല്‍വെളിച്ചത്തില്‍ പക്ഷികള്‍ കലപിലകൂട്ടി... സന്ധ്യയും സന്ധ്യാമ്പരവും നോവിന്‍റെ നിറം ചാലിച്ച് കടന്നുപോയി. ബഷീര്‍ വിവാഹിതനായി. അവന്‍റെ സ്നേഹചിന്തകള്‍ക്ക് കുടുംബബന്ധങ്ങളുടെ ഭാരം കടിഞ്ഞാണിട്ടു. പലതവണ ഈ ഹരിതാഭ വിട്ട് മണലാരണ്യത്തിന്‍റെ മഞ്ഞവെളിച്ചത്തില്‍ അവന്‍ കുടുംബത്തിനായി തളര്‍ന്നുവീണു. പൂക്കളുടെ സുഗന്ധമില്ലാതെ, പെട്രോളിന്‍റെ മദഗന്ധമുള്ള മണ്ണവന്‍ നെഞ്ചോട്‌ ചേര്‍ത്തു. ദിക്കും ദീനതയുമറിയാതെ ജീവിതത്തിന്‍റെ മരുപച്ച തേടിയവന്‍ അലഞ്ഞുകൊണ്ടേയിരുന്നു. കാലം അവന്‍റെ ഓര്‍മകളില്‍ വിദൂരസ്ഥാനം നല്‍കി രഘുവിനെയും, ദേവുവിനെയും... മാറ്റിനിര്‍ത്തി.

കാലം ദേവുവിന്‍റെ മുന്നിലൂടെ കടന്നുപോയത്, അവളുടെ നൊമ്പരങ്ങളെ വലിച്ചിഴച്ച് കൊണ്ടായിരുന്നു. കണ്ണീര്‍ കണ്‍പോളകള്‍ക്കിടയില്‍ ഒളിപ്പിച്ച് അവള്‍ ജീവിച്ചു. അമര്‍ ഇപ്പോള്‍ യുവാവായിക്കഴിഞ്ഞിരിക്കുന്നു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അവന്‍ ജേര്‍ണലിസം പഠിയ്ക്കുകയാണിപ്പോള്‍. സുമുഖനായ അവനെക്കാണുമ്പോള്‍, രഘുവിനെ കണ്ട ഓര്‍മയുള്ളവര്‍ മൂക്കത്ത് വിരല്‍ വയ്ക്കും. എന്നിട്ട്...

"അച്ഛനെ വാര്‍ത്തുവച്ചപോല്‍ "... എന്നാത്മാഗതം പറഞ്ഞുപോകും.

മകന്‍റെ സ്നേഹത്തിന് മുന്നില്‍ അവള്‍ പലപ്പോഴും അങ്ങിനെ കണ്ണീര്‍ ഒളിപ്പിച്ചു ജീവിക്കാന്‍ സ്വയം വിധിക്കപ്പെടുകയായിരുന്നു. വിജയമ്മ മുത്തശിക്കഥകളിലെ മന്ത്രവാദിനിയമ്മൂമ്മയെപ്പോലെ വെള്ളിവിരിച്ച തലമുടിയും, ചുക്കിച്ചുളിങ്ങി നിറം മങ്ങിയ ശരീരവും കൈയിലൊരു കുഞ്ഞുവടിയുമായി ദേവുവിന്‍റെ സ്നേഹത്തിന്‍റെ സാക്ഷ്യപത്രമായി ആ വീടിനു ചുറ്റും നിറഞ്ഞു നിന്നു. വര്‍ഷങ്ങള്‍ പതിനേഴ്‌ പോയ്‌മറഞ്ഞുവെങ്കിലും സേതുലക്ഷ്മിയമ്മയും ദേവുവും പിന്നീട് സഹകരിച്ചില്ല എങ്കിലും എപ്പോഴോ, അവര്‍ അമറിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. അമ്മൂമ്മയെക്കാണാന്‍ അവന്‍ പോകുമ്പോള്‍ ഒരിക്കല്‍പോലും ദേവു അവനെ വിലക്കിയിട്ടും ഇല്ല. രാജേശ്വരി, രണ്ടു ആണ്മക്കള്‍ക്കൊപ്പം സത്യദാസിന്‍റെ കുടുംബവീട്ടിലാണ്... സ്വന്തമായി ഒരു കൂര സത്യദാസിനു ഒരു സ്വപ്നമായി അവശേഷിച്ചു. രാജേശ്വരിയുടെ ആഡംബരജീവിതം അവരെ അങ്ങിനെ കൊണ്ടെത്തിച്ചു എന്ന് പറയുന്നതാവും ഏറെ ശരി. ഓരോ മാസവും അമ്മയെക്കാണാന്‍ വരുമ്പോള്‍ അവിടെ അവളുടെ ഒച്ച പതിവാണ്. കൊടുക്കുന്ന പണത്തിനപ്പുറം ഒരു രൂപ ചിലവായി എന്ന് കേള്‍ക്കുന്നത് പോലും അവള്‍ക്കു വെറുപ്പാണ്. അമറിനോടവള്‍ മിണ്ടാറില്ല. അവന്‍ മുറ്റത്ത് വരുന്നതും അമ്മൂമ്മയെ കാണുന്നതും ഒന്നും അവള്‍ക്കിഷ്ടമല്ല. അതവള്‍ പലതവണ സേതുലക്ഷ്മിയോട് പറഞ്ഞിട്ടുള്ളതും ആണ്. സേതുലക്ഷ്മി രാജേശ്വരിയുടെ ശാസനകള്‍ സഹിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിരുന്നു. ചിലപ്പോഴൊക്കെ അവള്‍ ഉപദ്രവിക്കുന്നു എന്ന് പോലും കേട്ടുകേള്‍വിയുണ്ട്‌. ഒടുവില്‍ ഒരു ദിവസം വിജയമ്മ ദേവുവിനോട് പറഞ്ഞു.

"മോളെ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ അവളനുഭവിക്കുകയാണ്. ഉള്ളുകൊണ്ട് നൊമ്പരപ്പെടുന്നുണ്ടാവാം. ആരും തുണയില്ലാത്ത ആ മനസ്സ് എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കും. എന്‍റെ മോള് കൂടി ഇല്ലായിരുന്നെങ്കില്‍ ഈ അമ്മയുടെ സ്ഥിതിയും അതാകുമായിരുന്നു... അതുകൊണ്ട് എന്‍റെ മോള് വിളിക്കണം. അവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കണം..."

അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു കുനിഞ്ഞിരുന്നു കരയും. ദേഷ്യം കൊണ്ട് പലപ്പോഴും അമ്മയെ ശകാരിച്ചത്‌ അവളോര്‍ത്തു. ഒടുവില്‍, വിജയമ്മയോട് അവള്‍ പറഞ്ഞു.

"എന്നെക്കൊണ്ട് കഴിയുന്നില്ല അമ്മെ.... കഴിയുമെങ്കില്‍ അമ്മ പോയി വിളിച്ചോളൂ..."

വര്‍ഷങ്ങള്‍ക്കൊടുവില്‍, വിജയമ്മ ആ പടി ചവുട്ടി. വിജയമ്മയുടെ സ്നേഹനിര്‍ഭരമായ ക്ഷണത്തില്‍ നിറഞ്ഞ കണ്ണുകളോടെ സേതുലക്ഷ്മി പറഞ്ഞു.

"ഇല്ല.. നാത്തൂനേ... എനിക്കതിനുള്ള യോഗ്യതയില്ല. ഇനിയുള്ള കാലം എന്‍റെ മോളുടെ നല്ലതിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് സേതുലക്ഷ്മി ഇവിടെ കഴിയും. മരണം വരെ. മരിക്കുന്നതും ഈ വീടില്‍, ഈ മണ്ണില്‍ കിടന്നുകൊണ്ടാകണം... ഞാന്‍ വരില്ല. ഞാന്‍ എവിടെയും വരില്ല... എന്നെ നിര്‍ബന്ധിക്കരുത്..."

പിന്നീട് അവരാരും സേതുലക്ഷ്മിയെ നിര്‍ബന്ധിച്ചിട്ടില്ല. സത്യദാസ് പലപ്പോഴും രാജേശ്വരിയ്ക്കൊപ്പം അവിടെ വന്നു പോയിരുന്നു. അരുതാത്ത ഒരു നോട്ടം പോലും അയാള്‍ ദേവുവിന് നേരെ എറിഞ്ഞില്ല.

ഋതുക്കള്‍ മാറി വന്നു. ദേവദാരു പൂവിട്ടു. സുഗന്ധം വാരിപ്പൂശിയ അവളുടെ ചില്ലകള്‍ കാറ്റില്‍ നാണം കുണുങ്ങി നിന്നു. രഘുവിന്‍റെ കുഴിമാടത്തില്‍ ജലം വച്ച് ദേവു അകലേയ്ക്ക് കണ്ണുനട്ടു. എന്നിട്ട് അവള്‍ സ്വയം പറഞ്ഞു.

"ഈ ചെക്കനിത് എവിടെപ്പോയീ...????

ഈയിടെയായി അമര്‍ പഠിത്തം കഴിഞ്ഞ് താമസിച്ചുവരുന്നതില്‍ ദേവു സ്വല്പം കുണ്ഠിതയാണ്. അവന്‍ വരുന്നതും നോക്കി മുറിയുടെ അകംപുറം കയറിയും ഇറങ്ങിയും അവള്‍ തളര്‍ന്നുപോകും. ദേവുവിന്‍റെ ഈ സങ്കടം കാണുമ്പോള്‍ വിജയമ്മ പറയും.

"എന്‍റെ ദേവൂട്ടി അവന്‍ കുഞ്ഞൊന്നുമല്ല ഇപ്പോള്‍. ഇരുപത്തൊന്നു വയസ്സായ വലിയ ചെക്കനാണ്. അവനെവിടേം പോകില്ല. നീ ഇങ്ങനെ സങ്കടപ്പെട്ട് എന്തെങ്കിലും ദീനം വലിച്ചുവരുത്താതെ വന്നിവിടെ ഇരിക്ക്..."

സേതുലക്ഷ്മിയുടെ പടിവാതിലില്‍ എത്തിയാല്‍ അവന്‍ അമ്മൂമ്മയെ നീട്ടി ഒരു വിളിയാണ്. പ്രായം അറുപത്തിരണ്ടായെങ്കിലും അവര്‍ ഇപ്പോഴും ചുറുചുറുക്കോടെയാണ് ഇരിക്കുന്നത്. അമറിന്‍റെ വിളികേട്ടാല്‍ ഓടിവന്ന് അവനെ തഴുകാതെ, ആ തഴുകല്‍ കിട്ടാതെ അവന്‍ പോകുകയും ഇല്ല.
**************
നേരം ഇരുണ്ട് തുടങ്ങിയപ്പോള്‍ അമര്‍ വീടിന്‍റെ പടിവാതിലില്‍ നിന്നും നീട്ടിവിളിച്ചു.

"അമ്മൂമ്മേ.... ഞാനെത്തി."

അമറിന്‍റെ വിളികേട്ട് ദേവു ദേവദാരുവിന്‍റെ ചുവടിലേയ്ക്ക് ഇറങ്ങിനിന്നു. അവളുടെ കാഴ്ചയില്‍ സേതുലക്ഷ്മി നിറയാന്‍ തുടങ്ങി. അമ്മൂമ്മയോട് കുശലം പറഞ്ഞുകൊണ്ട് അവന്‍ കൈവീശി യാത്രപറഞ്ഞ്‌ ദേവുവിനടുത്തേയ്ക്ക് വന്നു. പരിഭവത്തോടെ നിന്ന അവളോട്‌ ചിരിച്ചുകൊണ്ട് അവന്‍ ചോദിച്ചു.

"എന്താ.. അമ്മെ ഇന്നും അച്ഛനോട് പരാതി പറയുകയാണോ..??? പറഞ്ഞുകൊണ്ടവന്‍ തോളത്ത് കിടന്ന സഞ്ചി ദേവുവിന്‍റെ കഴുത്തിലൂടെ ഇട്ടു. അമര്‍ അവളെ ചേര്‍ന്ന് കെട്ടിപ്പിടിച്ചു. അമ്മയുടെ കവിളില്‍ അവന്‍ മുത്തം നല്‍കുമ്പോള്‍ ദേവുവിന്‍റെ പരിഭവം അലിഞ്ഞുപോയി. അവന്‍ അമ്മയെ വിട്ട് അച്ഛമ്മയുടെ അടുത്തേയ്ക്ക് ഓടിചെന്നിരിക്കുമ്പോള്‍ വിജയമ്മ പറയും...

"എന്താടാ ഇത്... എന്‍റെ രഘുമോന് ഒത്തിരിക്കൂടി നേരത്തെ വന്നൂടെ... അമ്മച്ചിയെ ഇങ്ങനെ തീ തീറ്റിക്കണോടാ... എത്ര കാലായീടാ അവളിങ്ങനെ തീ തിന്നു ജീവിക്കുന്നു."

"അമ്മേടെ വിഷമം എല്ലാം മാറും അച്ചമ്മേ... എന്‍റെ പഠിത്തം ഒന്ന് കഴിഞ്ഞോട്ടെ..." പറഞ്ഞുകൊണ്ടവന്‍ ചുക്കിച്ചുളിങ്ങിയ അവരുടെ കവിളില്‍ കവിള് ചേര്‍ത്ത് കെട്ടിപ്പിടിക്കും.

പലതവണ അമ്മയോടും, അച്ഛമ്മയോടും, അമ്മൂമ്മയോടും അമര്‍ ചോദിച്ചിരുന്നു. എന്തിനാ ഇങ്ങനെ പിണങ്ങി ജീവിക്കണേന്ന്.... മറുപടി കൊടുക്കാതെ അവരെല്ലാം ഒഴിഞ്ഞുമാറി... ഈ വര്‍ഷക്കാലമത്രയും.

അങ്ങിനെയിരിക്കെ, ഗള്‍ഫ്‌ മേഖലയിലെ സംഘര്‍ഷം സത്യദാസിനെ നാടെത്തിച്ചു. തിരിച്ചു പോകാന്‍ വിസയില്ലാതെ അവരുടെ ജീവിതം കുറച്ചു സങ്കടകരമായ അവസ്ഥയിലേയ്ക്ക് നീങ്ങി. സേതുലക്ഷ്മിയുടെ വീട്ടിലേയ്ക്ക് പതിവ്പോലെ രാജേശ്വരി എത്തി. പുറത്തെ അടുക്കളയില്‍ നിന്നും ദേവു അവള്‍ വരുന്നത് കണ്ടിരുന്നു. സമയം ഏറെ കടന്നില്ല. വല്ലാത്ത ശകാരവും, ഒച്ചയും കേട്ട് ദേവു അവളുടെ വീടിന് മുന്നിലെത്തി. കാതോര്‍ത്തപ്പോള്‍ അവള്‍ക്ക് ആരുടെയോ നേരിയ കരച്ചില്‍ കേള്‍ക്കാം. ഒന്നുകൂടി ചെവികൂര്‍പ്പിച്ചപ്പോള്‍ അതമ്മയുടെതാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. അപ്പോഴേയ്ക്കും വിജയമ്മയും വീടിനു പുറത്തേയ്ക്ക് വന്നു. ശകാരവും ഒച്ചയും സഹിയ്ക്കവയ്യാതായപ്പോള്‍ വിജയമ്മ ദേവുവിനോട് പറഞ്ഞു.

"ചെല്ല്.. മോളെ എന്തിനാ നീ മടിക്കുന്നത്... ചെല്ല് മോളെ ചെന്ന് എന്താണെന്ന് നോക്ക്..."

അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു അവിടെയ്ക്ക് നടന്നു. മുറ്റം കടന്നപ്പോള്‍ മുതല്‍ അവളുടെ പാദങ്ങള്‍ വിറയ്ക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഈ മണ്ണു ചവിട്ടിയിട്ട്. പടികടന്നവള്‍ ഉമ്മറത്തെത്തുമ്പോള്‍ രാജേശ്വരി സേതുലക്ഷ്മിയെ ക്രൂരമായ ഭാഷയില്‍ ശകാരിക്കുകയാണ്.

"എത്ര കാലായി ഇങ്ങനെ തിന്നു മുടിയ്ക്കുന്നു. കൊടുക്കുന്നവര്‍ക്ക് അവിശിത്യമില്ലെങ്കിലും വാങ്ങുന്നവര്‍ക്ക് അതുണ്ടാവണ്ടേ... അതെങ്ങിനാ..?? അതിനൊക്കെ അഭിമാനം എന്നൊന്ന് വേണ്ടേ. ദേ! തള്ളേ എനിക്കിങ്ങനെ എന്നും ചുമന്നുകൊണ്ടെത്തരാന്‍ പറ്റില്ല. സത്യേട്ടന്‍ കണക്കു ചോദിക്കുമ്പോള്‍ എന്‍റെ തൊലി ഉരിയുകയാ... ഇനീം ഒണ്ടല്ലോ ഒരുത്തി. തള്ളേന്ന് പറഞ്ഞു ഒരു നേരത്തെ ഭക്ഷണം അവള് തന്നിട്ടുണ്ടോ???

രാജേശ്വരിയുടെ വാക്കുകള്‍ കേട്ടു സേതുലക്ഷ്മി വിറയാര്‍ന്ന സ്വരത്തില്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"മോളെ ഇക്കണ്ട കാലം മുഴുവന്‍ ഞാന്‍ ജീവിച്ചത് നിന്‍റെ മാത്രം പണം കൊണ്ടല്ല. എന്‍റെ പുരയിടത്തിലെ തേങ്ങയും കപ്പയും ഒക്കെ വിറ്റിട്ട് കൂടിയാ. നീയെന്നെ ഇനിയുള്ള കാലം നോക്കിക്കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ വീടും പുരയിടോം കൂടി എഴുതിവാങ്ങിയത്...?? എന്നിട്ടിപ്പോള്‍ ഇങ്ങനെ ഒക്കെ പറയുന്നോ എന്നോട്..!! ദൈവം പോലും നിന്നോട് പൊറുക്കില്ല. നോക്കിക്കോ..!!

"പിന്നേ... ദൈവത്തിനു ഇതല്ലേ പണി. ഒന്ന് പോ തള്ളേ. നാശം പിടിക്കാന്‍. പിന്നെ ചെറിയൊരു ഒച്ചയും കേട്ടു. അതോടെ സേതുലക്ഷ്മിയുടെ കരച്ചില്‍ കൂടി. ആ ശബ്ദം ദേവു വ്യക്തമായി കേട്ടു. അവള്‍ മെല്ലെ ഇറയത്ത്‌കൂടി ചുവട് വച്ചു. മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ തന്നെ സേതുലക്ഷ്മി ദേവുവിനെ കണ്ടിരുന്നു. ദേവുവിനെ കണ്ടമാത്രയില്‍ സേതുലക്ഷ്മി കിടന്ന നിലത്ത് നിന്ന് ഉരുണ്ടെഴുന്നേറ്റു. സ്ഥലകാലം മറന്ന അവര്‍ ഓടിവന്നു ദേവുവിന്‍റെ നെഞ്ചിലേയ്ക്ക് വീണു. തളര്‍ന്നു വിറയ്ക്കാന്‍ തുടങ്ങിയ അവരെ ദേവു ചേര്‍ത്തണച്ചു. അതോടെ രാജേശ്വരി മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. ദേവുവിന്‍റെ നേരെ നോക്കി അവള്‍ തെല്ലുച്ചത്തില്‍ പറഞ്ഞു.

"ഹോ..!! അപ്പോള്‍ അതാണ്‌ കാര്യം. തള്ളയ്ക്ക് പുതിയ ബന്ധങ്ങള്‍ ഒക്കെ ഉണ്ടായി.. ല്ലെ..?? ചുമ്മാതല്ല... " എന്നിട്ടവള്‍ ദേവുവിനെ നോക്കി പറഞ്ഞു... "എരണം കെട്ടവള്.."

എന്നാല്‍, ദേവു രാജേശ്വരിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കൂട്ടാക്കാതെ അമ്മയെയും പിടിച്ചുകൊണ്ട് ഉമ്മറപ്പടിയില്‍ എത്തി. അവിടെ ഇരിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും രാജേശ്വരി പാഞ്ഞു പിറകില്‍ വന്നുനിന്നലറി.

"എന്താടീ... നിനക്കിവിടെ കാര്യം... ഇതെന്‍റെ മണ്ണാ... ഇറങ്ങിക്കോണം തള്ളേം.. മോളും... ഇല്ലെങ്കില്‍ ഞാന്‍ ചൂലെടുത്താട്ടും..."

അപ്പോള്‍, പഠിത്തം കഴിഞ്ഞെത്തിയ അമര്‍ കാണുന്നത് അമ്മയെ ശകാരിക്കുന്ന രാജേശ്വരിയെയാണ്. പെട്ടെന്നവന്‍റെ രക്തം തിളച്ചു. കൈയിലെ ബാഗ്‌ അവന്‍ നിലത്തേയ്ക്കെറിഞ്ഞു. ഓടി പടിചവുട്ടി, രാജേശ്വരിയുടെ നേരെ അവന്‍ ചീറിയടുത്തു. അത് കണ്ടു അന്തം വിട്ട ദേവു ഉറക്കെ വിളിച്ചു.

"അമര്‍.... വേണ്ടാ.... വേണ്ടാ..."

പൊടുന്നനെ രാജേശ്വരിയുടെ മുന്നിലവന്‍ ഉറച്ചകാല്‍വയ്പ്പോടെ നിന്നു. നിന്ന നില്‍പ്പില്‍ രാജേശ്വരിയെ അവന്‍ ചരിഞ്ഞൊന്നു നോക്കി. ഒരു നിമിഷം. ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ രാജേശ്വരിയ്ക്ക്. അവളുടെ മനസ്സ് വര്‍ഷങ്ങള്‍ പുറകിലേയ്ക്കോടി... "രഘുവിന്‍റെ അടികൊണ്ട് തളര്‍ന്ന സത്യദാസിന്‍റെ മുഖം അവള്‍ക്കോര്‍മവന്നു... ഭീതികൊണ്ട് താനുരുകിയ ആ രാവും... അവള്‍ മനസ്സില്‍ ഉറപ്പിച്ചു. "രഘു... രഘുവേട്ടന്‍ തന്നെ. ഇവന്‍.." രാജേശ്വരി പെട്ടെന്ന് പിന്നോക്കം പോയി. പിന്നെ അരഭിത്തിയില്‍ ഇരുന്ന ബാഗ് പെട്ടെന്നവള്‍ കൈകൊണ്ടെടുത്തു. തെക്കേവാതിലിലൂടെ അവള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവളുടെ രൂക്ഷമായ നോട്ടം അമറിന്‍റെ മുഖത്തേയ്ക്കായിരുന്നു. അവന്‍ കൂസലന്യേ രാജേശ്വരിയെതന്നെ നോക്കി നിന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

ദേവദാരുവിന്നരികത്ത്‌.....29

ദേവുവിന്‍റെ മനസ്സുപോലെ തന്നെ, വിജയമ്മയുടെ തണലില്‍ അവള്‍ സന്തോഷത്തോടെ, അഭിമാനത്തോടെ ജീവിക്കാന്‍ തുടങ്ങി. അവള്‍ക്കു ജീവിതത്തിലേറ്റ തിരിച്ചടികളുടെ, നഷ്ടങ്ങളുടെ ഓര്‍മ്മകള്‍ കുറേശ്ശെ അവളുടെ മനസ്സില്‍ നിന്നും ചിറകടിച്ച് പറന്നുപോയി..... കാലത്തിനൊപ്പം അമറും വളരാന്‍ തുടങ്ങി. അവനിപ്പോള്‍ വിദ്യാഭ്യാസത്തിന്‍റെ തുടക്കനാളുകളിലാണ്‌......

മൂന്ന് വര്‍ഷം അതിവേഗം കടന്നുപോയി. ദേവുവിന്‍റെ മുറ്റത്ത് ദേവദാരു തഴച്ചുവളര്‍ന്ന് അവളുടെ കുഞ്ഞുവീടിന് തണലായി നിന്നു. സേതുലക്ഷ്മിയും രാജേശ്വരിയും ദേവുവിനെ തിരിഞ്ഞുനോക്കിയിട്ടേയില്ല. സത്യദാസ് ഒരിക്കല്‍ നാട്ടില്‍ വന്നുപോയിരുന്നു. സേതുലക്ഷ്മിയുടെ അടുത്ത്, രാജേശ്വരിയോടൊപ്പം പലദിവസങ്ങള്‍ അവന്‍ കഴിച്ചുകൂട്ടി എങ്കിലും ദേവുവിനെ തേടി ഒരുദിനം പോലും അവന്‍ ദേവുവിന്‍റെ കുഞ്ഞുവീടിന്‍റെ പടികടന്ന് എത്തിയിരുന്നില്ല. ദേവു അതാഗ്രഹിച്ചിരുന്നതും ഇല്ല.

രഘുവിന്‍റെ മരണം കൊണ്ട് മനസ്സ് നന്നേ തളര്‍ന്ന ബഷീര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രവാസത്തിലായിരുന്നു. വിവാഹപ്രായം കഴിഞ്ഞിട്ടും അവനിങ്ങനെ പുര നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയത് ബഷീറിന്‍റെ ഉമ്മയ്ക്കും പെങ്ങള്‍ക്കുമെല്ലാം വളരെയേറെ സങ്കടമായിരുന്നു. ഒടുവില്‍ ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ നിക്കാഹിനായി നാട്ടിലെത്തി. അങ്ങിനെ, ഒരുനാള്‍ അവന്‍ ദേവുവിനെ കാണാന്‍ എത്തി. ഉച്ചതിരിഞ്ഞ സമയം. സേതുലക്ഷ്മിയുടെ വീട്ടുമുറ്റത്ത് ഓട്ടോയില്‍ വന്നിറങ്ങിയ അപരിചിതനായ ആളിനെ സേതുലക്ഷ്മി പെട്ടെന്ന് തിരിച്ചറിഞ്ഞു. പതിവ് ശൈലിയില്‍ അവര്‍ അവനെ ചുഴിഞ്ഞുനോക്കാന്‍ തുടങ്ങി. അതിപ്പോള്‍ അവരുടെ ശീലമായി മാറിയിരിക്കുകയാണ്. ദേവുവിന്‍റെ വീട്ടിലേയ്ക്ക് ആര് ആ മുറ്റത്തുകൂടി കടന്നുപോയാലും സേതുലക്ഷ്മിയുടെ ചില കുത്തുവാക്കുകള്‍ അവര്‍ കേള്‍ക്കേണ്ടിവരും. പലപ്പോഴും ദേവു അതറിയാറുണ്ടെങ്കിലും മാനം ഭയന്ന് അവള്‍ പ്രതികരിക്കാറില്ല. വിജയമ്മയെ അവള്‍ തടയുകയും ചെയ്യും.

"വേണ്ടമ്മേ... വേണ്ട... എത്ര കാലം അവരിങ്ങനെ പറയും അമ്മെ. ഒടുവില്‍, അവര് തന്നെ താനേ അതങ്ങ് നിര്‍ത്തിക്കോളും..."

അവളുടെ വാക്കുകളില്‍ അവര്‍ എല്ലാം ക്ഷമിക്കും. അങ്ങിനെയാണീ മൂന്നു വര്‍ഷവും അവള്‍ കഴിച്ചുകൂട്ടിയത്. ആ മുറ്റത്ത് കൂടി ദേവുവിന്‍റെ വീട്ടിലേയ്ക്ക് നടന്നടുക്കുമ്പോള്‍ അവന്‍റെ നെഞ്ചം വല്ലാതെ വേദനിക്കാന്‍ തുടങ്ങി. പടര്‍ന്ന് പന്തലിച്ചു, അവിടമാകെ തണലേകി ദേവദാരു തലയെടുത്തു നിന്നു. രഘുവിനെ അടക്കം ചെയ്തിടത്ത്, ഒരു തുളസിചെടിയും, കുഞ്ഞുകുംഭവും ഉണ്ടായിരുന്നു. ബഷീര്‍ അതിനു മുന്നില്‍ വന്ന് മൌനമായി ഒരു നിമിഷം നിന്നു. കണ്ണുകള്‍ അടച്ചു നിന്ന ബഷീറിനോട്‌ രഘു കുശലം നടത്തിയതുപോലെ തോന്നിയവന്. അവന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും അപ്പോള്‍ ഉയര്‍ന്നെഴുന്നേറ്റത് അവന്‍ അനുഭവിച്ചറിഞ്ഞു.

ദേവുവിന്‍റെ വീട്ടിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അവന് അവസാനമായി അവിടെ നടന്ന കാര്യങ്ങള്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി മനസ്സില്‍ വന്നണഞ്ഞു. ഇപ്പോഴും മനസ്സ് നിറയെ തളര്‍ന്നുകിടക്കുന്ന ദേവുവിന്‍റെ രൂപമാണ്. അവളുടെ കണ്ണുകളിലെ ദുഃഖമാണ്. പ്രാവസത്തിലേയ്ക്കുള്ള തിരിച്ചുപോക്കില്‍, അവിടുത്തെ ആദ്യമാസങ്ങളിലെ ജീവിതത്തിനിടയില്‍, കുറെയേറെക്കാലം അവന്‍റെ മനസ്സ് നിറയെ ആ കുഞ്ഞുവീടിന്‍റെ ഓര്‍മകളായിരുന്നു. ദേവു അറിയാതെ, പലവട്ടം സലീമിന്‍റെ കൈയിലൂടെ ബഷീര്‍ അവളെ സഹായിക്കുകയും ചെയ്തിരുന്നു. ഒടുവില്‍, അവളുടെ സ്നേഹപൂര്‍ണമായ വാക്കുകളിലൂടെ സലീമിന് അത് നിര്‍ത്തേണ്ടിയും വന്നു.

"സലിം ബാപ്പ ഞാനോ ഇങ്ങനെ നശിച്ചു. ഈ വയസ്സ് കാലത്ത് ആരും തുണയില്ലാത്ത നിങ്ങള്‍, കിട്ടുന്നതില്‍ ഒരുപങ്ക് എനിക്കുകൂടി.... വേണ്ട സലിംബാപ്പ അതിലേറെ സ്നേഹം നിങ്ങളെനിയ്ക്ക് തരുന്നുണ്ട്.. അതുമതി, ദേവൂനു അതുമതി. പണം എന്നും ഒരു ബാധ്യതയാണ് ബാപ്പാ... അത് തരുന്നവര്‍ക്കും അതിലേറെ അത് വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും... ഒരിക്കല്‍ പോലും തിരിച്ചു തരാന്‍ കഴിയാത്ത ഞാന്‍ അത് വാങ്ങാന്‍ യോഗ്യയല്ല..."

അവളുടെ വാക്കുകള്‍, ജീവിതത്തിന്‍റെ കയ്പ്പ് നിറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ അവളെ പഠിപ്പിച്ചതാണ്. അത് മനസ്സിലാക്കാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നു. അവളെ ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ തലോടി സലിം പറയും...

"ശരിയാ മോളെ.... മോള് പറഞ്ഞത് തന്നെയാ ശരി..... പക്ഷെ, ന്‍റെ മോള് ഒന്നുമാത്രം മനസ്സില് വയ്ക്കണം... ബാപ്പാന്‍റെ മരണം വരെ ബാപ്പ ന്‍റെ കൂടെയുണ്ടാവും. ആ മുറ്റത്ത് നിന്ന് നീയൊന്ന് വിളിച്ചാ മതി മോളെ... ഏതു പാതിരാത്രീലും, എത്ര വയ്യായ്കയിലും മോളടുത്ത് ഈ കിളവനും കിളവീം ഓടിയെത്തും..."

അയാളുടെ കണ്ണുകള്‍ നിറയുമ്പോള്‍ അവള്‍ പറയും..... "ബാപ്പ ഇങ്ങനെ സങ്കടപ്പെടല്ലേ..!!! ദേവു ഒന്നും മറന്നിട്ടില്ല ബാപ്പാ... ഒന്നും."

ബാപ്പയുടെയും, മോളുടെയും സങ്കടം കേട്ട് അവര്‍ക്കരുകിലേയ്ക്ക് എത്തുന്ന നബീസു ഉമ്മയെ ചൂണ്ടി അവള് പറയും.

"അച്ഛനുപേക്ഷിച്ചു പോയ ഞങ്ങളെ, ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ വിശന്ന്കരയുമ്പോള്‍ നെഞ്ചില്‍ ചേര്‍ത്ത്, ഇവിടത്തെ കുട്ട്യോളുടെ കൂട്ടത്തിലിരുത്തി, ഈ ഉമ്മ വാരിത്തന്ന ചോറിന്‍റെ രുചി ഇന്നും ദേവൂന്‍റെ നാവില്‍ നിന്നും പോയിട്ടില്ല ബാപ്പ.... എന്ത് കിട്ടിയാലും ഞങ്ങള്‍ക്ക് കൂടി വച്ച് നീട്ടിയ ബാപ്പാന്‍റെ കൈയ്... ന്‍റെ ബാപ്പാന്‍റെ കൈയ്..." തേങ്ങലോടെ സലീമിന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു ദേവു നില്‍ക്കുമ്പോള്‍ നബീസു ഉമ്മ അവളെ തഴുകി ചേര്‍ന്ന് നില്‍ക്കും....

ഇതാണ് ദേവു... കഴിഞ്ഞുപോയതൊന്നും മറക്കാന്‍ കൂട്ടാക്കാത്ത ദേവു.... അത് അവളെ സ്നേഹിക്കുന്നവരെയായാലും, ദ്രോഹിക്കുന്നവരെ ആയാലും... ഒടുവില്‍, സലിം അവനോട് പറയുന്നത് വരെ അവളെ തേടി ബഷീറിന്‍റെ പണം വന്നിരുന്നു. ഇന്ന്, ഈ നിമിഷം വരെ അവളത് അറിഞ്ഞിട്ട്കൂടിയില്ല. ദേവു അതറിയരുത് എന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. പ്രത്യേകിച്ച് അവളുടെ അമ്മ സേതുലക്ഷ്മി... കാറ്റിന് പോലും ചുണ്ടുകളുള്ള ഇക്കാലത്ത് അവളെക്കുറിച്ചൊരു അവിഹിതകഥ പടരാന്‍ സേതുലക്ഷ്മിയുടെ ചുണ്ടും ഒരു കുഞ്ഞുകാറ്റും മതിയാകും എന്ന് അവന് നന്നായി അറിയാമായിരുന്നു.

ഇങ്ങനെ പലവിധ ചിന്തകളിലൂടെ, പടികടന്ന് നിന്നവന്‍ വിളിച്ചു.

"ദേവൂട്ടിയെ....."

പരിചിതമായൊരു വിളികേട്ട്, പുറത്ത് ചായ്ച്ചു കെട്ടിയിരുന്ന അടുക്കളയില്‍ നിന്നും പുറത്തുകൂടി ബഷീറിന് പിന്നിലേയ്ക്കാണവള്‍ വന്നു നിന്നത്. ബഷീറിനെക്കണ്ടവള്‍ ആഹ്ലാദചിത്തയായി. പിന്നില്‍ നിന്നും ഇക്കാ എന്നുള്ള വിളികേട്ട് അവന്‍ തിരിഞ്ഞുനോക്കി. അവളുടെ ക്ഷണം സ്വീകരിച്ച് ബഷീര്‍ വീടിനകത്തേയ്ക്ക് കയറി. അവന്‍റെ പിന്നിലൂടെ ദേവു വീടിനകത്തേയ്ക്ക് കയറുമ്പോള്‍, സേതുലക്ഷ്മി അവരുടെ മുറ്റത്ത്‌ നിന്നത് ശരിയ്ക്ക് കാണുവാന്‍ പാകത്തില്‍ തലകുനിച്ച് നോക്കുന്നുണ്ടായിരുന്നു. ദേവുവിന്‍റെ ഒരു നോട്ടത്തോടെ അവര്‍ ആ നോട്ടം പിന്‍വലിച്ചു. മുറ്റത്തെ, ഓലകൊണ്ട് കുത്തിയൊടിച്ചുണ്ടാക്കിയ കുളിപ്പുരയില്‍ നിന്നും കുളികഴിഞ്ഞ് അകത്തെത്തിയ വിജയമ്മയും അകത്ത് കിടക്കയിലിരിക്കുന്ന ബഷീറിനെക്കണ്ട് സന്തോഷത്തോടെ ചോദിച്ചു.

"മോന്‍ വന്നിട്ട് ഒരുപാട് നേരായോ..."

"ഇല്ലമ്മേ.. ദേ വന്നതേ ഉള്ളൂ.." പറഞ്ഞുകൊണ്ടവന്‍ ഇരിക്കുന്നിടത്ത് നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് ചെന്നു. അമ്മയെ ചേര്‍ന്ന് നിന്നവന്‍ ചോദിച്ചു.

"അമ്മയ്ക്കു സുഖാണോ അമ്മെ ഇവിടെ..???

"സുഖാ.. മോനെ ഞങ്ങള്‍ക്ക് മൂന്നാള്‍ക്കും സുഖാ..." അപ്പോഴാണ്‌ ബഷീര്‍ അമറിനെക്കുറിച്ച് ചോദിച്ചത്. വിജയമ്മയുടെ മറുപടി കേട്ട അവന്‍ അമര്‍ നഴ്സറിയില്‍ നിന്നും വരുന്നത് വരെ കാത്തിരുന്നു. അമറിന് കളിപ്പാട്ടങ്ങളും, ദേവൂനും അമ്മയ്ക്കും സാരിയും, സോപ്പും, പൌഡറും, അത്തറുമൊക്കെ അവന്‍ വച്ചുനീട്ടിയ കവറിനുള്ളില്‍ ഉണ്ടായിരുന്നു. സ്നേഹത്തോടെ "ഇതൊന്നും വേണ്ടിയിരുന്നില്ല ഇക്കാ... ഇക്കാ ഞങ്ങളെ കാണാന്‍ വന്നല്ലോ.. അതുമാത്രം മതി ഞങ്ങള്‍ക്ക്.. അത് തന്നെ ധാരാളമാ..." എന്ന അവളുടെ വാക്കിന് മുന്നില്‍... "ഇക്കാന്‍റെ കടമയാ ഇതൊക്കെ എന്ന് പറഞ്ഞു അത് അവളുടെ കൈകളില്‍ ചേര്‍ത്ത് വയ്ക്കാന്‍ അവന്‍ മറന്നില്ല...... പിന്നീട് അമറിനെ ഒത്തിരി നേരം കൊഞ്ചിച്ച്, അമ്മയോടും ദേവുവിനോടും യാത്രപറഞ്ഞ്‌ ബഷീര്‍ അവിടെനിന്നും മുറ്റത്തേയ്ക്കിറങ്ങി. അവന്‍ നടന്നുനീങ്ങുന്നതും കണ്ടുകൊണ്ട് ദേവു അകത്തേയ്ക്ക് കയറി. ഒപ്പം അമറിന്റെ കൈപിടിച്ച് അമ്മയും.

ബഷീര്‍ സേതുലക്ഷ്മിയുടെ വീടിന്‍റെ മുറ്റത്തെത്തിയതും അവനെ കാത്തുനിന്നപോലെ സേതുലക്ഷ്മി അവനരുകിലേയ്ക്ക് ധൃതിയില്‍ നടന്നു ചെന്നു. അപ്പോഴും ദേവു അവരെ കാണുന്നുണ്ടോ എന്നവര്‍ സശ്രദ്ധം നോക്കിയിരുന്നു. അവിടെ മുറ്റത്താരെയും കണ്ടില്ലെന്ന് ഉറപ്പു വരുത്തി, സ്വയം ധൈര്യം ആര്‍ജ്ജിച്ചവര്‍ ബഷീറിന്‍റെ പുറകില്‍ ചെന്ന് മെല്ലെ വിളിച്ചു.

"ഒന്ന് നിന്നെ..."

സേതുലക്ഷ്മിയുടെ വിളികേട്ട് ബഷീര്‍ തിരിഞ്ഞു നിന്നു. ചെറുചിരിയോടെയാണ് അവനവരെ നോക്കിയത് എങ്കിലും സേതുലക്ഷ്മിയമ്മയുടെ മുഖത്തെ ഗൗരവം കണ്ടവന്‍റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. പിന്നെയവരുടെ മുഖവുരയേതുമില്ലാത്ത ചോദ്യം കേട്ടവനാകെ തളര്‍ന്നു.

"ഭര്‍ത്താവില്ലാത്തൊരു പെണ്ണിനെ നോക്കാനും, അവളുടെ ക്ഷേമം അന്വേഷിക്കാനും എന്ത് തിടുക്കാ ആള്‍ക്കാര്‍ക്ക്. അവന്‍റെ ശവം കൊണ്ടുവരാന്‍ കൂടെവന്നു അത്രയല്ലേ ഉള്ളൂ നീയും ആ വീടും തമ്മിലുള്ള ബന്ധം. അതിനുള്ള കൂലി ആ കമ്പനീന്ന് നീ വാങ്ങിച്ചെടുത്തിട്ടുണ്ടാവുമല്ലോ...?? അതോടെ കഴിഞ്ഞില്ലേ എല്ലാം.... പിന്നെ ഈ അടിയ്ക്കടിയുള്ള സന്ദര്‍ശനം നിര്‍ത്തുന്നതാ നിനക്ക് നല്ലത്... നിന്‍റെ കുടുംബത്തിനും..."

"അമ്മെ പതുക്കെ... ആരെങ്കിലും കേള്‍ക്കും... ദേവു എന്‍റെ പെങ്ങളാ.. എന്‍റെ പെങ്ങളെപ്പോലെയാ ഞാന്‍ അവളെ കരുതുന്നത്..." അവന്‍ വിഷമത്തോടെ പറഞ്ഞു.

"എന്ത് പെങ്ങള്‍... അവളുടെ അച്ഛനെന്താ ഞാനറിയാതെ ഒരു മേത്തച്ചിയെക്കൂടി എടുത്തിട്ടുണ്ടായിരുന്നോ... ഓ..!!! അത് ഞാനറിഞ്ഞില്ലായിരുന്നു."

അവരുടെ പുശ്ചത്തോടെയുള്ള വാക്കുകള്‍ കേട്ട് അവന്‍റെ മനസ്സാകെ കലുഷിതമായി. അപ്പോഴേയ്ക്കും രാജേശ്വരിയും നിഴലുപോലെ ഉമ്മറത്തേക്ക് എത്തി. വന്നപാടെ അമ്മയ്ക്ക് കൂട്ടെന്നപോലെ അവളും അവിടേയ്ക്ക് ചേര്‍ന്നു. പരസ്പരം കുത്തുവാക്കുകള്‍ കൊണ്ട് അവനെ അവര്‍ വീര്‍പ്പുമുട്ടിച്ചു. ഒടുവില്‍ വല്ല വിധേനയും അവന്‍ പറഞ്ഞൊപ്പിച്ചു.

"ഇനി വരില്ലമ്മേ... ഞാനിവിടെ ഇനി വരില്ല..."

"ആരാടാ നിന്‍റെയമ്മ.... എനിക്കൊരുത്തന്റേം അമ്മയാകാന്‍ കൊതിയില്ല.. "

പറഞ്ഞുകൊണ്ടവര്‍ നിലത്തേയ്ക്ക് നീട്ടിത്തുപ്പി... "ത്ഫൂ..." ഒരു മോന്‍ വന്നിരിക്കുന്നു..

കാര്യങ്ങള്‍ ഇത്രയേറെ ആയപ്പോള്‍ ബഷീര്‍ പറഞ്ഞു.

"അമ്മെ... നിങ്ങള്‍ക്കെന്നോട് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഞാനകത്തേയ്ക്ക് വരാം.. അവിടെ വച്ച് അമ്മ എന്ത് വേണമെങ്കിലും പറഞ്ഞോളൂ. ഇവിടെ, ഇവിടെ വച്ച് ഇങ്ങനെ പറയുന്നത് നിരപരാധിയായ ആ കുട്ടിയ്ക്ക് കൂടി പേരുദോഷം ഉണ്ടാക്കും.."

പറഞ്ഞുകൊണ്ട് അവന്‍ അവരുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ തിടുക്കത്തില്‍ വീട്ടിലേയ്ക്ക് നടന്നു. കൂടെക്കളിക്കാന്‍ ആരും കൂട്ടില്ലാതിരുന്നിട്ടും, മുറ്റത്തിറങ്ങി ശബ്ദമുണ്ടാക്കി കളിച്ചുകൊണ്ടിരുന്ന അമറിനെ പിടികൂടാന്‍ മുറ്റത്തേയ്ക്കിറങ്ങിയ വിജയമ്മയും ദേവുവും കാണുന്നത് തിടുക്കത്തില്‍ അകത്തേയ്ക്ക് കയറുന്ന ബഷീറിനെയും, അവനു പുറകെ അതെ വേഗത്തില്‍ നടന്നടുക്കുന്ന സേതുലക്ഷ്മിയെയും, രാജേശ്വരിയെയുമാണ്. അവിടെനടന്ന വാക്ക്ശരങ്ങള്‍ക്കൊടുവില്‍, കോപം കൊണ്ട് അന്ധയായ അമ്മയും മകളും ദേവുവിന്‍റെ മുറ്റം ശ്രദ്ധിച്ചിരുന്നില്ല. അമ്മയ്ക്കും അച്ഛമ്മയ്ക്കും മുന്നില്‍ തത്തിക്കളിച്ചിരുന്ന കുഞ്ഞിനെയെടുത്ത് ദേവു അമ്മയോട് പറഞ്ഞു.

"അമ്മെ അവിടെ എന്തോ സംസാരം നടന്ന ലക്ഷണം ഉണ്ടല്ലോ...??

"അതെ മോളെ അരുതാത്തതെന്തോ അവിടെ നടന്നിരിക്കും... " പറഞ്ഞുകൊണ്ടവര്‍ വേഗത്തില്‍ മുന്നോട്ടു നടന്നു. ദേവു ഓടിവന്നു വാതില്‍ ചാരി, പിന്നെയവള്‍ വിജയമ്മയോടൊപ്പം അവിടേയ്ക്ക് ഓടി. മുറ്റത്ത് തളര്‍ന്നു നില്‍ക്കാതെ, വിജയമ്മയുടെ മുന്നിലേയ്ക്ക് കയറിയ ദേവു അമറിനെയും ഒക്കത്തുവച്ചുകൊണ്ട് സേതുലക്ഷ്മിയുടെ വീടിന്‍റെ പടി വേഗത്തില്‍ ചവുട്ടിക്കയറി. പിന്നാലെ വിജയമ്മയും. ഉമ്മറത്തേക്ക് കയറുന്ന ദേവുവിനെക്കണ്ട് ബഷീര്‍ ഒന്നമ്പരന്നു. ഒപ്പം രാജേശ്വരിയും. ദേവുവിനെക്കണ്ട രാജേശ്വരി അറിയാതെ അവളുടെ കവിള്‍ത്തടത്തില്‍ കൈവച്ചു.

ചെന്നപാടെ ആരെയും ശ്രദ്ധിക്കാതെ കൂസലന്യേ ദേവു ബഷീറിനോട്‌ ചോദിച്ചു..

"എന്താ... ഇക്കാ, എന്താ ഈ അമ്മേം മോളും ഇക്കയോട് പറഞ്ഞത്... എന്തിനാ ഇക്കാ ഈ വീടിനകത്ത് വന്നത്... എന്തുണ്ടായീന്ന് പറ ഇക്കാ...." തിടുക്കത്തില്‍ അവള്‍ എറിഞ്ഞ വാക്കുകള്‍ക്ക് മുന്നില്‍ ഒന്ന് പകച്ചുവെങ്കിലും ബഷീര്‍ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു.

"ഒന്നൂല്ല... പെങ്ങളുട്ടിയെ.... ഒന്നൂല്ല..."

ബഷീറില്‍ നിന്നും ഒന്നും മനസ്സിലാക്കാന്‍ കഴിയില്ലന്ന് കരുതിയ ദേവു സേതുലക്ഷ്മിയുടെ നേരെ തിരിഞ്ഞു. "എന്താ.... നിങ്ങളെന്താ ബഷീറിക്കാന്‍റെ അടുത്ത് പറഞ്ഞേ... എന്താ പറഞ്ഞേന്ന്... ചോദിക്കുന്നതിനോടൊപ്പം അവള്‍ കുഞ്ഞിനെ നിലത്തേയ്ക്ക് നിര്‍ത്തി. സേതുലക്ഷ്മി അവളുടെ മുന്നില്‍ നിന്നു പരുങ്ങാന്‍ തുടങ്ങി. രാജേശ്വരി ദേവുവില്‍ നിന്നും ഒരകലം പാലിച്ചു നിന്നു. വിജയമ്മ പിന്നില്‍ നിന്നും ദേവൂനെ പിടിച്ചു നിര്‍ത്തി. സങ്കടവും കോപവും സഹിക്ക വയ്യാതെ ദേവു ആ നില്‍പ്പില്‍ സേതുലക്ഷ്മിയുടെയും രാജേശ്വരിയുടെയും നേര്‍ക്ക്‌ വിരല്‍ചൂണ്ടി പറഞ്ഞു.

"ദേ..!!! തള്ളേ... ഞാനൊരു കാര്യം പറഞ്ഞേക്കാം... നിങ്ങളുടെ ഒരു കാര്യത്തിനും ദേവു വരുന്നില്ല. പിന്നെ ആവശ്യമില്ലാണ്ട് എന്‍റെയോ, ദേ ഈ നില്‍ക്കുന്ന എന്‍റെ അമ്മയുടെയോ കാര്യത്തില്‍ തലയിട്ടാലുണ്ടല്ലോ...??? ദേവു ആരാന്ന് നിങ്ങളറിയും...

വേണ്ട മോളെ വാ... മോനെ ബഷീറേ.. വാ മോനെ. അമ്മ മാപ്പു ചോദിക്കുന്നു ഇവര്‍ക്ക് വേണ്ടി. എന്‍റെ മോനെ വിഷമിക്കാതെ പൊയ്ക്കോളൂ..."

വിജയമ്മയുടെ വാക്കുകള്‍ കേട്ടു ബഷീര്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ ദേവുവിന്‍റെ കൈചേര്‍ത്തുപിടിച്ച് വിജയമ്മയും പുറത്തേയ്ക്ക് നടന്നു. പോകുന്നപോക്കില്‍ വിജയമ്മ പറഞ്ഞു.

"വിട്ടേരെ മോളെ... സ്നേഹത്തിന്‍റെയും ബന്ധങ്ങളുടെയും വിലയറിയാത്ത പരിഷകള്... ഇവരോട് തര്‍ക്കിച്ച്‌ നിന്നാല്‍ നമ്മുടെ നാവ് തളരും..."

വിജയിച്ചപോലെ നിന്ന സേതുലക്ഷ്മിയുടെയും, രാജേശ്വരിയുടെയും മുഖം മാറിമാറി നോക്കി ദേവു വിജയമ്മയെ അനുസരിച്ച്‌ അവരോപ്പം നടന്നു നീങ്ങി.... ബഷീര്‍ മുറ്റം കടന്ന് പുറത്തേയ്ക്ക് നടന്നു. പോകുന്ന പോക്കില്‍ അവനൊന്ന് തിരിഞ്ഞ് ദേവൂനെ നോക്കി.... അവളറിയാതെ അവന് നേരെ കൈകള്‍ വീശി... കാറ്റ് വീശിയുലഞ്ഞ അവളുടെ മുടിയിഴകള്‍, വശ്യമായ അവളുടെ മുഖത്തേയ്ക്ക് പാറിവീണ് മുഖം മറച്ച് തഴുകിക്കൊണ്ടിരുന്നു...

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂലൈ 5, ശനിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....28

നടന്ന കാര്യങ്ങള്‍ ഒക്കെ അമ്മയില്‍ നിന്നറിഞ്ഞ ദേവു പറഞ്ഞു.

"വേണ്ടിയിരുന്നില്ല അമ്മെ... ഇങ്ങനെ എടുപിടീന്ന് ഒന്നും വേണ്ടിയിരുന്നില്ല. ഇനീപ്പോ ഏട്ടത്തിമാര്‍ക്കും ഏട്ടന്മാര്‍ക്കും എന്നോടുള്ള വിരോധം കൂടുകയേ ഉള്ളൂ..... അല്ലെങ്കില്‍ തന്നെ സ്വത്താണോ അമ്മെ വലുത്..?? നമ്മുടെ സ്നേഹബന്ധങ്ങള്‍ അല്ലെ നമുക്കേറ്റവും പ്രിയപ്പെട്ടതാകേണ്ടത്..???

"എന്നാരു പറഞ്ഞു മോളെ...?? ഇത് രണ്ടും തുല്യനീതി പുലര്‍ത്തേണ്ട, തുല്യപ്രാധാന്യം ഉള്ള രണ്ടു വസ്തുതകളാണ്.... സ്നേഹം മാത്രം കൊണ്ട് ഇവിടെ ആരു എന്ത് നേടി..??? സമ്പത്ത് മാത്രം കൊണ്ട് ആരും ഒന്നും നേടിയ ചരിത്രവും ഇല്ല.. ഇത് രണ്ടും ഉള്ളവന്‍ ഇവിടെ സുഖായി ജീവിക്കേം ചെയ്യും, ചിലര് എന്നാലും ജീവിക്കില്ല..... അതാണ്‌ ലോകം."

അവര്‍ തുടര്‍ന്നു...

"മോള്‍ക്കിപ്പോള്‍ ഇത് രണ്ടും ആവശ്യമാണ്‌. സ്നേഹിക്കാന്‍ ആരില്ലെങ്കിലും ഈ അമ്മയുണ്ടാകും കൂടെ... പിന്നെ പണം. ഈ വൃദ്ധയെക്കൊണ്ട് ഇതല്ലാതെ ഇനി എന്ത് സാധിക്കാന്‍...!!! മോള് ആരുടേം കാര്യം ഓര്‍ത്തു വിഷമിക്കരുത്.. ഈശ്വരന്‍ നിരീച്ചപോലെയേ ഇവിടെ എല്ലാം നടക്കൂ.. അങ്ങിനെ തന്നെ നടക്കട്ടെ.."
*****************
രവിയും രാമുവും വീട്ടിലെത്തുമ്പോള്‍ ശ്രീദേവിയും സാവിത്രിയും ഒന്നും അറിയാന്‍ കഴിയാത്തതിനാല്‍ വിഷാദരായി ഇരിക്കുകയായിരുന്നു. അകലെ നിന്നും ഭര്‍ത്താക്കന്മാരുടെ തലവെട്ടം കണ്ട അവര്‍ ഇറയത്ത്‌ നിന്നും മുറ്റത്തേയ്ക്കിറങ്ങി. അമ്പരപ്പോടെ ശ്രീദേവി രവിയോട് ചോദിച്ചു.

"രവിയേട്ടാ... എന്താണ്.. എന്താണ് കാര്യം. അമ്മയിങ്ങനെ ഒന്നും പറയാതെ നിങ്ങളെ രണ്ടാളെയും എവിടേയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്."

പറഞ്ഞുകൊണ്ടവള്‍ വീടിലേയ്ക്ക്‌ നടന്നടുക്കുകയായിരുന്ന രവിയുടെ കൈകളില്‍ ചേര്‍ത്ത് പിടിച്ചു. അയാള്‍ അവളെയും കൊണ്ട് ഇറയത്തേയ്ക്ക് കയറി. ഒപ്പം രാമുവും ഭാര്യ സാവിത്രിയും. ഇറയത്ത്‌ കയറിയപാടെ രണ്ടാളും അരഭിത്തിമേല്‍ ഇരുന്നു. എന്നിട്ട് രാമു സാവിത്രിയോട് പറഞ്ഞു.

"നീ ഇച്ചിരി വെള്ളം കൊണ്ടുവന്നേടി... വല്ലാത്ത ദാഹം. തൊണ്ട പൊട്ടുന്നു."

ശ്രീദേവിയാണ് അത് കേട്ടു വെള്ളം എടുത്തുകൊണ്ടു വന്നത്. അത് വാങ്ങി കുടിച്ചു രണ്ടുപേരും ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ രവി നടന്ന കാര്യങ്ങള്‍ പതിയെ പറഞ്ഞു. കാര്യങ്ങള്‍ കേട്ടു കഴിഞ്ഞപ്പോള്‍ ശ്രീദേവിയും സാവിത്രിയും കവിളുകളില്‍ കൈചേര്‍ത്ത്‌ വച്ചു. എന്നിട്ട് സാവിത്രി പറഞ്ഞു.

"ഹോ!!! ഈ തള്ളയ്ക്കു നന്ദിയുണ്ടോ രാമുവേട്ടാ... ഇക്കണ്ട കാലമത്രയും ഈ വീട്ടില്‍ക്കിടന്ന്‍ തിന്നുമുടിച്ച കിളവി ഒടുക്കം ചെയ്ത ചെയ്തു കണ്ടില്ലേ..??? എന്തായാലും നിങ്ങടെ പേരില്‍ എഴുതിത്തന്നത് നന്നായി. ഇനി മക്കളാണെന്നും, ചെറുമക്കളാണെന്നും പറഞ്ഞിങ്ങോട്ട് കെട്ടിയെടുക്കട്ടെ. അപ്പോള്‍ ഞങ്ങള് കാണിച്ചുകൊടുക്കുന്നുണ്ട്...."

"അല്ലെ രവിയേട്ടാ എനിക്കൊരു സംശയം. ആ എരണംകെട്ടവള്‍ക്ക് എഴുതിക്കൊടുത്ത അന്‍പത് സെന്റ്‌ കൂടി പണം കൊടുത്തു ഇങ്ങു വാങ്ങിചേര്‍ത്താല്‍ നാളെ നമ്മുക്ക് അതൊരു മുതലായി കിടക്കും. എന്തായാലും പോയത് പോയി. ഇനി എങ്ങനേലും അതിങ്ങ്‌ കൈക്കലാക്കണം. അവള്‍ക്കാണെങ്കില്‍ ഇപ്പൊ പണത്തിനു വല്ലാത്ത ബുദ്ധിമുട്ടായിരിക്കും. കണ്ടവിലയ്ക്ക് അവര് ആര്‍ക്കെങ്കിലും കൊടുക്കും മുമ്പേ നമ്മുക്ക് തന്നെ അതങ്ങ് സ്വന്തമാക്കണം."

രവി ആലോചിച്ചപ്പോള്‍ അതൊരു നല്ലകാര്യം തന്നെയാണ്.

"എന്തായാലും അങ്ങോട്ടു കയറി ചോദിക്കുമ്പോള്‍ ഡിമാന്‍ഡ് കൂടും... വരട്ടെ. കാത്തിരിക്കാം." അയാള്‍ പറഞ്ഞു.

"അതല്ല ചേട്ടാ അതിന്റെ ശെരി..." ചതിയ്ക്ക് ചതി. ആ തള്ള നിങ്ങളെ ചതിയ്ക്കയല്ലേ ചെയ്തത്... നമ്മുക്ക് പോണം. അവളോട്‌ സ്നേഹം നടിച്ച് നമ്മുക്ക് അവിടെ പോണം. അവിടുത്തെ സ്ഥിതികള്‍ ഒക്കെ സാവധാനം മനസ്സിലാക്കണം. തഞ്ചത്തില്‍ അതിങ്ങ്‌ തട്ടേം വേണം..." ശ്രീദേവിയുടെ വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.

"ശ്രീദേവി ഏട്ടത്തി പറയുന്നതിലും കാര്യമുണ്ട് രവിയേട്ടാ... !! അങ്ങിനെ അങ്ങ് വിട്ടുകൊടുത്താല്‍ പറ്റുമോ..??? നമ്മുക്ക് പോണം. എല്ലാമറിയണം. നമ്മുടെ കൈയില്‍ നിന്നും ആരും ഇത് കൊണ്ടുപോകരുത്. രാമുവും രവിയും ശ്രീദേവിയും സാവിത്രിയുടെ വാക്കുകള്‍ ശരിവച്ചു. അങ്ങിനെ അവര്‍ ഒരുമിച്ചാ തീരുമാനം കൈക്കൊണ്ടു. "ദേവുവിനെ കാണാന്‍ പോകുക."
***************
പതിവില്ലാതെ എട്ടത്തിമാരെയും, ഏട്ടന്മാരെയും കണ്ട ദേവുവിന് അത്ഭുതം തോന്നി. മുറ്റം വൃത്തിയാക്കുകയായിരുന്ന ദേവു അവരെ കണ്ട്, ചൂല് നിലത്തേയ്ക്കിട്ട് വസ്ത്രങ്ങള്‍ ഒന്ന് കൈകൊണ്ടു പിടിച്ചു നേരെയാക്കി. അവരുടെ അടുത്തേയ്ക്ക് നടന്നുകൊണ്ടവള്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന പൊടി തട്ടി തുടച്ചു. സ്നേഹത്തോടെ അവരെ അവള്‍ എതിരേറ്റു. പുറത്തെ ആളനക്കം കേട്ട വിജയമ്മ കുഞ്ഞിന്‍റെ കൈപിടിച്ച് പുറത്തേയ്ക്ക് വന്നു. മുന്നില്‍ നില്‍ക്കുന്ന മക്കളേയും മരുമക്കളെയും കണ്ടു അവര്‍ക്ക് അത്ഭുതമായി. വെളുക്കെ ചിരിച്ചുകൊണ്ട് അകത്തേയ്ക്ക് കയറിയ അവര്‍ നാലുപേരും കിടക്കയിലും കസേരയിലേയ്ക്കുമായി ഇരുന്നു...

ദീര്‍ഘനേരത്തെ സൗഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ ദേവുവിന്‍റെ മനസ്സറിയാന്‍ അവര്‍ പലവട്ടം ശ്രമിച്ചു. രഘുവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ അവള്‍ സങ്കടപ്പെടുമ്പോള്‍ സമാധാനിപ്പിച്ചുകൊണ്ട് ശ്രീദേവി ഏട്ടത്തി പറഞ്ഞു.

"നിനക്കറിയാല്ലോ ദേവൂ... ഞങ്ങള്‍ക്കും രണ്ടു കുട്ടികള് വളര്‍ന്നു വരുന്നുണ്ടേ..?? ഇപ്പോഴത്തെ കാലത്തെ ചിലവുകളൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുകയാ... പിന്നെ തട്ടീം മുട്ടീം അങ്ങട് കഴിഞ്ഞു പോകുന്നു. ഇപ്പോള്‍ പിന്നെ ഒരു സമാധാനം ഉണ്ട്. ഇച്ചിരി മണ്ണു നമ്മുടെ പേരില്‍ കൂടെ ആയല്ലോ...??? നാളെ മക്കള്‍ക്കെങ്കിലും അതുപകരിക്കുമല്ലോ..???

"നീ വിഷമിക്കണ്ട ദേവു... ഞങ്ങളൊക്കെ ഇല്ലേ കൂടെ... ഒന്നിനും വിഷമിക്കണ്ടാ ട്ടോ.. എന്താവശ്യം വന്നാലും നീ പറയാന്‍ മടിക്കരുത് കേട്ടോ.." സാവിത്രിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ദേവുവിന്‍റെ സന്തോഷം മായുകയാണ് ചെയ്തത്. അവള്‍ ഉള്ളില്‍ പറഞ്ഞു. രഘുവേട്ടന്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു നേരത്തെ ചോറ് പോലും തരാതെ ഒളിച്ചുവച്ച ഇവരാണോ എന്നെ സഹായിക്കുന്നത്.??? അതും രഘുവേട്ടന്‍ ഇല്ലാണ്ടായപ്പോള്‍......"

ഒടുവില്‍, യാത്ര പറഞ്ഞവര്‍ മടങ്ങുമ്പോള്‍ വിജയമ്മ ദേവുവിനോട് പറഞ്ഞു.

"മോളെ സൂക്ഷിക്കണം. വാക്കുകളിലും, നോട്ടത്തിലും മാത്രമല്ല. ശ്വാസത്തില്‍ പോലും വിശ്വസിക്കാന്‍ പറ്റാത്തവരാ..."

"എനിക്കറിയാം അമ്മെ... എല്ലാരേം.. എനിക്ക് നന്നായറിയാം. പിന്നെ അമ്മയ്ക്കറിയോ..?? രഘുവേട്ടന്‍ എന്‍റെ കൂടെ ആളായിട്ട് ഇല്ലന്നേ ഉള്ളൂ.. എന്‍റെ മനസ്സ് നിറയെ ന്‍റെ രഘുവേട്ടനാണ്. എനിക്കറിയാം എന്നെ ഒരു കുഴീലും കൊണ്ട് തള്ളില്ല എന്‍റെ രഘുവേട്ടന്‍... അതെനിക്കുറപ്പാ.. കൂടെ നിഴലുപോലെ ഉണ്ട്.. അത് ഞാന്‍ മനസ്സിലാക്കുന്നു അമ്മെ..."

വിജയമ്മ അവളെ നോക്കി ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ ഉള്ളിലുറഞ്ഞ സങ്കടം ഓര്‍ത്തവര്‍ തല കുനിച്ചിരുന്നു.

"ഒരുപാട് സ്നേഹിക്കുന്നവരെ പിരിയ്ക്കാന്‍ അന്നും ഇന്നും ഈശ്വരന്‍ ധൃതി കാട്ടിയിട്ടേയുള്ളൂ... അല്ലെങ്കില്‍ നാട് മുടിച്ചു നടക്കുന്ന നശൂലങ്ങളെ എന്തേ ഈശ്വരന്‍ തിരിഞ്ഞുപോലും നോക്കുന്നില്ല... കൂടുതല്‍ സ്നേഹിക്കുന്നോരെ ഈ ഭൂമീല് വേണ്ടാ... അവരുടെ ലോകം മറ്റെവിടെയോ ആണ്...." വിജയമ്മ ചിന്തിച്ചതൊക്കെയും ഇങ്ങനെയായിരുന്നു..."
***************
മാസങ്ങള്‍ മുന്നോട്ടു പോയി. ബഷീര്‍ കൊണ്ട് തന്ന പണം അമറിന്‍റെ പേരില്‍ ദേവു ബാങ്കില്‍ നിക്ഷേപിച്ചു. ദേവദാരു കുറച്ചേറെ വളര്‍ന്നു. മുറ്റത്ത് തണല് നല്‍കാന്‍ സൂചിപോലെ നീണ്ട അവളുടെ ഇടതൂര്‍ന്ന ഇലകള്‍ക്കായി. ദേവുവിന്‍റെ പേരില്‍ എഴുതിവച്ച പുരയിടം അവളുടെ പേരില്‍ പട്ടയം ചെയ്തു കിട്ടുമ്പോള്‍ വിജയമ്മ വല്ലാത്ത സന്തോഷത്തിലായിരുന്നു. രാത്രിയില്‍ അരുകില്‍ കിടന്ന ദേവുവിനോട് വിജയമ്മ പറഞ്ഞു.

"മോളെ... മോനെ വളര്‍ത്തിയെടുക്കണം. അവനെ പഠിപ്പിക്കണം. കൈയിലിരുന്ന പണം കൊണ്ട് നമ്മള്‍ ഇത്ര ദിവസം കഴിഞ്ഞുകൂടി. ഇനി അങ്ങിനെ പറ്റില്ല. അവനും വളര്‍ന്നു വരികയാണ്. മോള് എവിടേം പാത്രം കഴുകാനും, ചുമടെടുക്കാനും പോകുന്നത് അമ്മയ്ക്കിഷ്ടമല്ല... അതോണ്ടാ അമ്മ പറയുന്നത്. തല്‍ക്കാലം നമ്മുക്ക് ഈ വസ്തു വില്‍ക്കാം... നാളെ എന്‍റെ പൊന്നുമോന്‍ വളരുമ്പോള്‍ അവന്‍ അമ്മയ്ക്കായി എല്ലാം സമ്പാദിക്കും. ഇതൊരു നഷ്ടമായി മോള് കണക്കാക്കണ്ട. അന്ന് മോള്‍ക്ക് ഇതൊരു നഷ്ടായി തോന്നുകേം ഇല്ല.. ഒരുപാട് ജീവിച്ച അനുഭവം അമ്മയ്ക്കുണ്ട്. നമ്മള് രണ്ടു പെണ്ണുങ്ങള് കൂട്ടിയാല്‍ എത്ര കൂടും മോളെ... പിന്നെ അമ്മ ജീവിച്ചിരിക്കുന്നത് വരെ എന്‍റെ മോള് ആരെയും പേടിക്കണ്ട... പിന്നെ അങ്ങോട്ട്‌ ഒറ്റയ്ക്കൊരു പെണ്ണ് എങ്ങിനെ ജീവിക്കും... വല്ലാത്ത പാടാണ് മോളെ. എന്‍റെ മോളുടെ മടിക്കുത്തിലേയ്ക്ക് ഒരു കൈയും നീളാന്‍ പാടില്ല... ഒരു ദിവസം ജീവിച്ചാലും മതി മോളെ.. പക്ഷെ, അഭിമാനത്തോടെ ജീവിച്ചു മരിക്കണം... അതാവണം പെണ്ണ്. അങ്ങിനെയൊരു പെണ്ണിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല..."

"എനിക്കറിയാം അമ്മെ... അങ്ങിനെ തന്നെയേ ദേവു ജീവിക്കൂ... അതിന്നും നാളെയും എന്നല്ല ഞാന്‍ ജീവിച്ചിരിക്കും വരെ....." ദേവു പറഞ്ഞു. എന്നിട്ടവള്‍ തുടര്‍ന്നു.

"പിന്നെ, അമ്മ തന്നതാണിതെല്ലാം... എന്‍റെ രഘുവേട്ടനുള്‍പ്പെടെ... ഈ ജീവിതോം എല്ലാം. എനിക്ക് വേണ്ടി ഒരു കാര്യം അമ്മ ചെയ്യുന്നത് നല്ലതിനാണെന്നുള്ള വിശ്വാസം എനിക്കുണ്ട്. എല്ലാരേം പോലെ അമ്മ എന്നെ ഉപേക്ഷിച്ചുപോയീലല്ലോ....!!! അമ്മ പറയുമ്പോലെ തന്നെ എല്ലാം.... അമ്മ ഒരു തീരുമാനം എടുത്താല്‍ അതെന്‍റെകൂടി തീരുമാനം തന്നെയാവും... ദേവു മരിക്കും വരെ അതിനു മാറ്റം ഉണ്ടാവില്ല..."

ദേവുവിന്‍റെ വാക്കുകള്‍ കേട്ട് ഇരുളില്‍, ചെറുനിലാവെളിച്ചത്തില്‍ വിജയമ്മ അവളുടെ കണ്ണുകളില്‍ നോക്കി. തിളക്കമാര്‍ന്ന അവളുടെ കണ്ണുകളുടെ ആ ദൃഡത അവരെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്‍ ചിന്തിച്ചു. ഇവള്‍ എന്‍റെ മകളായി പിറന്നില്ലല്ലോ... വേണ്ടാ... അവള്‍ പിറക്കാഞ്ഞത് കൊണ്ടല്ലേ ഈ മോളെ എനിക്ക് കിട്ടിയത്.. അവര്‍ അഭിമാനത്തോടെ അവളെ ചേര്‍ത്ത് തഴുകി... വല്ലാത്തൊരു സമാധാനത്തോടെ ദേവു കണ്ണുകള്‍ പൂട്ടി. അവളെ തഴുകിതഴുകി ഉറക്കിയിട്ടേ വിജയമ്മ കണ്ണുകള്‍ അടച്ചുള്ളൂ....

നേരം പുലരുമ്പോള്‍ തന്നെ വിജയമ്മ വസ്തു കച്ചവടം ചെയ്യാനായി ചില ഏര്‍പ്പാടുകള്‍ ചെയ്തു.
*************
വീട്ടുമുറ്റത്ത് അപരിചിതനായ ചിലരെ കണ്ട് ശ്രീദേവി രവിയെ വിളിച്ചുണര്‍ത്തി. രവി ഉണര്‍ന്നു കണ്ണു തിരുമ്മി ഉമ്മറത്തേക്ക് വന്നു. മുറ്റത്ത്‌ കണ്ടവരോട് അവന്‍ കാര്യം തിരക്കി. അവര്‍ വസ്തു വാങ്ങാന്‍ വന്നവര്‍ ആണെന്ന് അവന്‍ തിരിച്ചറിഞ്ഞു. വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭാഗം അവന്‍ അവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. അവര്‍ വീടിന്‍റെ പിന്നാമ്പുറത്തേയ്ക്ക് പോകുമ്പോള്‍ രവി തിടുക്കത്തില്‍ ചെന്ന് രാമുവിനെയും വിളിച്ചുണര്‍ത്തി. അതോടെ വീടിനുള്ളില്‍ നാലുപേരും തിരക്കിട്ട് ചര്‍ച്ചകളായി. രാമു പറഞ്ഞു.

"ഏട്ടാ... ആദ്യം ഇവര് വയ്ക്കുന്ന വില കേള്‍ക്കട്ടെ. എന്തായാലും അതില്‍ നിന്നും ഒരു നൂറു കൂട്ടി നമ്മുക്ക് പറയാം... ഈ സമയത്ത് ഒരു രൂപയെങ്കിലും കൂടുതല്‍ കൊടുക്കുന്നവര്‍ക്കേ അമ്മ ഇത് കൊടുക്കൂ... അതെനിക്കറിയാം..." അവന്‍റെ അതിബുദ്ധിയില്‍ അവനു തന്നെ അഭിമാനം തോന്നി. അവന്‍റെ ചിരിയില്‍ നിന്നും മറ്റുള്ളവര്‍ക്ക് അത് വായിച്ചെടുക്കാവുന്നതേയുള്ളൂ...." രവിയ്ക്കും ശ്രീദേവിയ്ക്കും സാവിത്രിയ്ക്കും ഒക്കെ അവന്‍റെ വാക്കുകള്‍ സ്വീകാര്യമായിരുന്നുതാനും. പുരയിടം ചുറ്റിക്കണ്ടു തിരിച്ചുവന്നവര്‍ മുറ്റത്ത്‌ നിന്നു. രാമുവും രവിയും മുറ്റത്തേയ്ക്കിറങ്ങിച്ചെന്നു.

രവി ചോദിച്ചു... "കണ്ടോ...??? എങ്ങനെ... വസ്തു നിങ്ങള്‍ക്ക് ഇഷ്ടായോ..??

"ആരാ...??? നിങ്ങളാ ഇതിന്‍റെ ഉടമസ്ഥര്‍..!!!" വന്നവരില്‍ ഒരാള്‍ ചോദിച്ചു.

"അതെ... ഞങ്ങള് തന്നാ...." രാമുവും രവിയും ഒരുമിച്ചാണ് അത് പറഞ്ഞത്. എന്നിട്ട് രവി തുടര്‍ന്നു. എത്രയാ നിങ്ങള് വില കണ്ടിരിക്കണേ...???

"അതെങ്ങിനാ സാറേ... നിങ്ങളല്ലേ കൊടുക്കാനുദ്ദേശിക്കുന്ന വില പറയേണ്ടത്... നമ്മുക്ക് മുതലായാല്‍ ഞങ്ങള് വാങ്ങും..." വന്നവര്‍ വീണ്ടും പറഞ്ഞു.

"അങ്ങിനെ ഒരു കടുംപിടുത്തം ഞങ്ങള്‍ക്കില്ലാന്നു തന്നെ കൂട്ടിക്കോള്ളൂ.... നിങ്ങള് ഒരു വില പറയീം... നമ്മുക്ക് മുതലായാല്‍ ഞങ്ങള് തരാം.. ഇല്ലേന്ന് വച്ചാല്‍ വസ്തുവിന് ഇനിയും ആവശ്യക്കാര് വരുമല്ലോ...?? രവി പറഞ്ഞു. പറഞ്ഞിട്ട് രവി ഉമ്മറത്ത്‌ നിന്ന ശ്രീദേവിയെയും സാവിത്രിയെയും മാറി മാറി നോക്കി. ശ്രീദേവി അവനു നേരെ കണ്ണുകള്‍ കൊണ്ട് പറഞ്ഞു... "അങ്ങിനെ തന്നെ അങ്ങിനെ തന്നെ മതി.."

"അപ്പോള്‍ പിന്നെ അമ്പത് സെന്റ്‌ പുരയിടം അല്ലെ..?? ഞങ്ങളൊരു വില അങ്ങോട്ട്‌ പറയാം...സെന്റിന് അയ്യായിരം രൂപ വച്ച് മൊത്തം രണ്ടരലക്ഷം ഉറുപ്പിക അങ്ങോട്ട്‌ തരും... എന്താ ഇടം തരില്ലേ... ഈ ഇടം അത്രയ്ക്കങ്ങട് ഇഷ്ടായി അതാ..."

വില കേട്ട് രാമുവിന്‍റെയും രവിയുടെ കണ്ണു മഞ്ഞളിച്ച് പോയി.. എന്ത് പറയണം എന്നറിയാന്‍ കഴിയാതെ അവര്‍ മരവിച്ച് നിന്നു...

"ആലോചിച്ച് പറഞ്ഞാല്‍ മതി.. നല്ലവണ്ണം ആലോചിച്ചിട്ട് പറഞ്ഞാല്‍ മതി.." വന്നവര്‍ അവരുടെ നേരെ നോക്കി പറഞ്ഞു. രവിയും രാമുവും അറിയാതെ തലകുലുക്കി. വസ്തു നോക്കാന്‍ വന്നവര്‍ തിരികെ പോയി മറയുമ്പോള്‍, ഉമ്മറത്ത്‌ കൂടിയ നാലുപേരും വിഷണ്ണരായി ഇരുന്നു. അപ്പോള്‍ രവി പറഞ്ഞു...

"സെന്‍റിന് ഒരു മൂവായിരം രൂപയിലപ്പുറം ഇവിടെ എവിടെയും വിലയില്ല. പിന്നെ ഇവരെന്തു കണ്ടിട്ടാ ഇത്രേം വില കൊടുക്കണേ...????

അത് കേട്ടു രാമു പറഞ്ഞു. "ഇനീപ്പോ എന്താ ചെയ്ക.." അമ്മയോട് അവരീ വില പറഞ്ഞാല്‍ പിന്നെ നമ്മുക്ക് ഇത് കിട്ടും എന്ന് സ്വപ്നത്തില്‍ പോലും കരുതണ്ടാ.."

"ഇനീപ്പോ... അതും ഇതും ചിന്തിച്ച് തലപുണ്ണാക്കീട്ട് കാര്യോമില്ല.".. ഒരു വഴി കണ്ടെത്തണം..." സാവിത്രി പറഞ്ഞു.

പെട്ടെന്ന് തന്നെ രവി പറഞ്ഞു.. "എനിക്കൊരു ബുദ്ധി തോന്നുന്നു. ഇവരവിടെ ചെന്ന് വില പറയും മുന്‍പേ നമ്മുക്ക് അമ്മയെ ചെന്ന് കാണണം. സെന്‍റിന് ഒരു മൂവായിരം വച്ച് ഞങ്ങള്‍ അങ്ങെടുത്തോളാമെന്ന് പറയണം. സമ്മതിച്ചാല്‍ ഉടനെ അതങ്ങ് എഴുതിച്ചേക്കണം. കഴിയുമെങ്കില്‍ നാളെ തന്നെ."

രവിയുടെ അഭിപ്രായത്തോട് എല്ലാരും യോജിച്ചു. അന്ന് ഉച്ചതിരിഞ്ഞ് തന്നെ രാമുവും, രവിയും കൂടി അമ്മയെ കാണാന്‍ ചെന്നു. വസ്തുവിന്‍റെ വില പറഞ്ഞ് അതങ്ങട് എടുത്തോളാം എന്ന് പറഞ്ഞ രവിയോട് വിജയമ്മ പറഞ്ഞു.

"മൂവായിരത്തിന് എങ്ങനാ മോനെ ശരിയാവുക. അതും ഒരു പാര്‍ട്ടി അയ്യായിരം പറഞ്ഞ സ്ഥിതിയ്ക്ക്... പിന്നെ നിങ്ങളോട് അതില് കൂടുതല്‍ വേണം എന്ന് ഞാന്‍ പറയില്ല. കാരണം ആ വില കിട്ടിയാല്‍ നിങ്ങള്‍ക്ക് തന്നെ തരാന്‍ ഞാന്‍ ഒരുക്കമാണ്. എന്‍റെ മക്കളെ കഴിഞ്ഞിട്ടേ അമ്മയ്ക്കാരും ഉള്ളൂ...."

രാമുവിന്‍റെയും രവിയുടെയും മനസ്സ് ചൂടുപിടിച്ചു. ഇനീപ്പോ തര്‍ക്കിച്ചിട്ട് കാര്യമില്ല. തര്‍ക്കിച്ചാല്‍ അമ്മ പിന്നെ അത് നമ്മുക്ക് തരുകയും ഇല്ല. പറഞ്ഞ പണം കൊടുത്ത് വാങ്ങിച്ചില്ലേല്‍ വീടിനോട് ചേര്‍ന്ന വസ്തു നാട്ടാര് കൊണ്ടുപോകും... വന്നു ചേരുന്നോര് എങ്ങിനെയുള്ള ആളുകളാണെന്ന് അറിയില്ലല്ലോ...!!

ഒടുവില്‍ രാമുവും രവിയും വിജയമ്മ പറഞ്ഞ പണത്തിന് വാക്കുറപ്പിച്ചു.

പിന്നീട്, അവരുടെ പേരില്‍ വസ്തു എഴുതി, കിട്ടിയ പണം ദേവുവിന്‍റെ പേരില്‍ ബാങ്കിലിട്ടു തിരികെ വരുമ്പോള്‍ വിജയമ്മ വല്ലാതെ സന്തോഷവതിയായിരുന്നു. കാരണം രഘു ജീവിച്ചിരിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിന് പോലും സഹായിക്കാത്ത കൂടപ്പിറപ്പുകള്‍ ആണ്... ഇങ്ങനെയെങ്കിലും ഒരു വഴി ഈശ്വരന്‍ കാട്ടിത്തന്നല്ലോ... സമാധാനമായി. വരുന്ന വഴിയില്‍ സലിമിനെ വീട്ടിലേയ്ക്ക് ചെന്ന് കണ്ടു വിജയമ്മ നന്ദി പറഞ്ഞു.

"ഇക്കാ... മറക്കാന്‍ കഴിയില്ല. എന്‍റെ മോള്‍ക്ക്‌ വേണ്ടി നിങ്ങളീ ചെയ്യണ സഹായങ്ങളൊക്കെ..."

"എന്താ വിജയമ്മ... ഇതൊക്കെ...!!! അള്ളാഹു.. വലിയോനാ.. ഞമ്മള് എന്ത് കളിച്ചാലും മൂപ്പര് വിശാരിക്കണം അത് വിജയത്തില്‍ കൊണ്ടെത്തരാന്‍... ഞമ്മള പിള്ളേരാ വസ്തൂന് വിലവച്ചത്. അല്ല വിജയമ്മാ.....നിങ്ങളെന്താ ഇങ്ങനെ പകച്ചു നോക്കണേ... നമ്മുടെ അറുപ്പുമില്ലിലെ പണിക്കാരാ ഓന്മാര്...... ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു.

"മോളെ ... ദേവൂട്ടി ഒള്ളത് പറയാല്ലോ... വിജയമ്മ ഈ ബുദ്ധി ഞമ്മളോട് പറയുമ്പോള്‍ സത്യത്തില്‍ ഞമ്മള് വിശാരിച്ചതേയില്ല... ഇതിങ്ങനെ നല്ലപടി അവസാനിക്കുമെന്ന്..."

മുറ്റത്തെ സംസാരം കേട്ടു പുറത്തേയ്ക്ക് വന്ന നബീസുവുമ്മയും അവരോടൊപ്പം ആ ആഹ്ലാദത്തില്‍ പങ്കെടുത്തു. ദേവുവിന്‍റെ മനസ്സിന് ഒന്ന് കൂടി ധൈര്യം വന്നു... സലിംബാപ്പയോടും നബീസു ഉമ്മയോടും യാത്ര ചൊല്ലി അവളുടെ കുഞ്ഞുവീട്ടിലേയ്ക്ക് നടന്നടുക്കുമ്പോള്‍ അവള്‍ മനസ്സില്‍ ശപഥം ചെയ്തു..

"ജീവിക്കണം.. എനിക്ക്... അഭിമാനത്തോടെ, ധൈര്യത്തോടെ ജീവിക്കണം എനിക്ക്..." അവള്‍ക്കു മുന്നേ കുഞ്ഞിനേയും കൊണ്ട് നടന്നു പോകുന്ന അമ്മയെ നോക്കുമ്പോള്‍ അവളുടെ മനസ്സിലെ ധൈര്യം വീണ്ടും കൂടി. അവള്‍ ചിന്തിച്ചു. ആരുമില്ലാത്തതില്‍ നിന്നും, ഒന്നുമില്ലാത്തവളില്‍ നിന്നും... ജീവിതത്തിലേയ്ക്ക് കൈപിടിച്ചു നടന്നു കയറിയ അമ്മ... "സ്നേഹിക്കണം എന്‍റെ അമ്മയെ ദൈവത്തെപ്പോലെ...." വിജയമ്മയ്ക്ക് പിന്നാലെ നടന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞു നിന്നു.

(തുടരും)
ശ്രീ വര്‍ക്കല