2015 ജനുവരി 29, വ്യാഴാഴ്‌ച

By: Sree Varkala

എവിടെയോ കാലു തട്ടി ഞാന്‍ നിലത്തുവീണു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എന്‍റെ നെറുകയില്‍ ബലമായി ആരോ ചവുട്ടി. ഞാന്‍ മണ്ണിലേയ്ക്കു ആഴ്ന്നു. മണ്ണിരകള്‍ തീര്‍ത്ത വിടവിലൂടെ ഞാന്‍ പുറത്തു വന്നു. വഴിയില്‍ നിന്നൊരു കൂറ്റന്‍ ഭിത്തി എന്‍റെ മുന്നില്‍ നടുപിളര്‍ന്നു താഴെ വീണു. ഞാന്‍ ഭയം കൊണ്ട് മണ്ണിലേയ്ക്കു പുതഞ്ഞു. എന്‍റെ മുതുകിലൂടെ വലിയ യന്ത്രങ്ങള്‍ കയറിയിറങ്ങി. ഞാന്‍ നിലവിളിച്ചു. ശബ്ദം പുറത്തുവന്നില്ല. കാരണം, എന്‍റെ വായ്‌ ആരോ കൈ കൊണ്ട്ശക്തിയായി പൊതിഞ്ഞിരുന്നു. എന്നിട്ട് അയാള്‍ പറഞ്ഞു.

"കരയണ്ട! കാകനാ നിന്റെ പക്ഷി. നിറയെ മരണങ്ങള്‍ കാണണം നീ...... ബലിചോറുണ്ണണം. അതിനു മാത്രം നിന്നെയവര്‍ സ്നേഹത്തോടെ കൈകാട്ടി വിളിക്കും.നിന്നെ മറികടക്കാന്‍ ഒരാള്‍ക്കേ കഴിയൂ....അയാള്‍ പറഞ്ഞു നിര്‍ത്തി. പെട്ടെന്ന് ഞാനൊരു ആള്‍പ്പുലിയായി മാറി. എന്‍റെ ശരീരം നനുനനുത്ത രോമങ്ങള്‍ കൊണ്ട് നിറഞ്ഞു.
അയാള്‍ തുടര്‍ന്നു.

"ഒരിക്കല്‍ നിന്നെ തോല്‍പ്പിക്കാന്‍ അവന്‍ വരും. ഒരു സിംഹരൂപന്‍, ..അവന്‍ വിശാഖം നാളുകാരന്‍ ആയിരിക്കും. പക്ഷെ, നിനക്ക് രക്ഷപ്പെടാം. അതിനു നീ ഉയര്‍ന്ന വൃക്ഷത്തില്‍ കയറണം.

ഞാന്‍ ഒരു കൂവള മരത്തിന്‍റെ മുകളില്‍ കയറി. അതില്‍ നിറയെ നാഗങ്ങള്‍ ആയിരുന്നു. ഞാന്‍ ഭയന്നു വിറച്ചു. ഒടുവില്‍, അവന്‍ വന്നു. നാഗങ്ങളെ ഓരോന്നോരോന്നായി
എടുത്തു കഴുത്തില്‍ അണിഞ്ഞു. പെട്ടെന്ന് എന്നെ കണ്ട അവന്‍റെ കണ്ണുകളില്‍ തീജ്വാലകള്‍ ഉയര്‍ന്നു. ക്രുദ്ധനായി എന്നോട് ചോദിച്ചു.

"നീ എങ്ങനെയിവിടെ?....എന്‍റെ മാത്രമായ കൂവള മരത്തില്‍ നീ എന്തിനു കയറി....??

ഞാന്‍ ചോദിച്ചു...." നീ വിശാഖം നാളുകാരനാണോ?

അവന്‍ എന്‍റെ നേര്‍ക്ക്‌ ശൂലം എടുത്തു. പെട്ടെന്ന് അടുത്തുള്ള ശിവക്ഷേത്രത്തില്‍ നിന്നും മണി മുഴങ്ങി. അവന്‍ അപ്രത്യക്ഷനായി. ഞായറാഴ്ച വ്രതക്കാര്‍ വ്രതം നോറ്റ് വച്ച പൊങ്കലില്‍ തീര്‍ത്ഥം തളിച്ചവന്‍, അത് ഭക്ഷണമാക്കി.
ഞാന്‍ കൂവളമരത്തില്‍ ഇരുന്നു ആത്മഗതം ചെയ്തു...അയാള്‍ വിശാഖം നാളുകാരനല്ല.
അവള്‍ അപ്പോഴും തൊഴുകൈയോടെ നില്‍ക്കുകയായിരുന്നു ഭഗവാന്‍റെ തിരുസന്നിധിയില്‍..,...
വ്രതം നോറ്റ് എന്‍റെ ആയുസ്സിനു വേണ്ടി.......

Sree.....Varkala
" ഞാന്‍ ആഗ്രഹിച്ച നിറമായിരുന്നു അവള്‍ക്ക്. ആ കണ്ണുകള്‍... കറുത്ത മുടിയിഴകള്‍... കൊതിപ്പിക്കുന്ന ചുണ്ടുകള്‍, മൂക്ക്...പിന്നെ ആ നിറഞ്ഞ മാറിടം...!!!!
ഹോ..!! എന്തൊരു പെണ്ണാ ഇത്...??? ഞാനറിയാതെ തന്നെ അവളിലൂടെ എന്‍റെ വിരലുകള്‍ ചലിപ്പിച്ചു. അവള്‍ക്ക് ഒന്ന് ജീവന്‍ വച്ചിരുന്നെങ്കിലോ എന്ന് ഞാന്‍ ആശിച്ചു..... അത്ര ഭംഗിയായിരുന്നു ആ ചിത്രം....!!!
ശ്രീ വര്‍ക്കല
പ്രവാസത്തിലേയ്ക്ക്‌ യാത്ര പറഞ്ഞിറങ്ങിയ അവസാന നിമിഷം. അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് കണ്ണുകളിലേയ്ക്ക് നോക്കി അവൾ പറഞ്ഞു.
" അങ്ങയുടെ കണ്ണീരൊപ്പാൻ, വിയർപ്പൊപ്പാൻ എന്നോളം പോന്ന ഒന്നുമില്ലന്നറിയാം. എങ്കിലും മടങ്ങി വരും വരെ ആ കണ്ണീരൊപ്പാൻ വിയർപ്പൊപ്പാൻ ഈ കൈലേസ്സിനു കഴിയും......"
പ്രവാസത്തിൽ ഇപ്പോഴും അത് നനഞ്ഞയാളുടെ കൈകളിലുണ്ട്... അവളെപ്പോലെ തന്നെ....
ശ്രീ വർക്കല
അലയടങ്ങാത്ത കടലുപോലെ,
തിരകളെ ആവാഹിച്ചെടുക്കുന്ന മണൽതരികളെ പോലെ
തീരങ്ങളിൽ ചേർന്നലിഞ്ഞിറങ്ങുന്ന നീർത്തുള്ളികൾ പോലെ ....
ഉളളിൽ ചൂടുമായി
ഒന്നു തളർന്നാൽ നീറ്റി നീറ്റി വേദനിപ്പിക്കാൻ കടലിലെ ഉപ്പുപോലെ, അവളിലും എന്തോ അലിഞ്ഞു ചേർന്നിരുന്നു ....
അതെന്നെ ഇന്നും നീറ്റുന്നു ...

ശ്രീ വർക്കല
എപ്പോഴാണ് ഞാൻ മഴ മേഘമാവാൻ തുടങ്ങിയത്....????
നീയെന്നിൽ തണുത്തുറയാൻ തുടങ്ങിയപ്പോഴാണോ...???
എങ്കിൽ , ഇനിയീ ജന്മം നനുനനുത്ത മഴത്തുള്ളികളായി പൊഴിഞ്ഞുതീരാം നമ്മുക്ക്...
ശ്രീ വർക്കല
ആദ്യരാത്രിയിൽ നവവധുവിന്റെ പേടി
അവൾ മന്ദം മന്ദം മണിയറയിലേയ്ക്കു പ്രവേശിച്ചു.
അയാൾ അപ്പോഴും തുറന്നു കിടന്ന ജാലകത്തിലൂടെ ആ രാത്രിയെത്തന്നെ നോക്കിനിൽക്കുകയായിരുന്നു.
അകത്തുവന്നു എന്നറിയിക്കാൻ അവൾ ചെറുതായൊന്നു സ്വരമുണർത്തി . അയാൾ ഇരുളിനെ വിട്ട് അവൾക്കു നേരെ മുഖം തിരിച്ചു. പിന്നെ ഒന്നു പുഞ്ചിരിച്ചു. അവളും.
കുറേനേരം ഒന്നും മിണ്ടാതെ അവളും അയാളും കിടക്കയിൽ ഇരുന്നു.
പെട്ടെന്നയാൾ ചോദിച്ചു. "ഇത് നമ്മുടെ ആദ്യരാത്രിയല്ലേ....? ഇങ്ങിനിരുന്നാൽ മതിയോ...?
അവൾ നാണത്തോടെ മൂളി. "പറഞ്ഞോളൂ , ഞാൻ എന്തുവേണം എന്ന് പറഞ്ഞോളൂ ."
പെട്ടെന്നയാൾ പറഞ്ഞു. "ഇതു പിടിക്കൂ." അവൾ അതുകണ്ടൊന്നു ഭയന്നു . കിടക്ക വിട്ടെഴുന്നേറ്റ് മേശയ്ക്കരുകിലെയ്ക്ക് മാറി നിന്നു .
അതുകണ്ട അയാൾ പറഞ്ഞു. "എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഇതൊക്കെ നാട്ടുനടപ്പല്ലേ?
പിന്നീട് അയാൾ വച്ചുനീട്ടിയ കത്തികൊണ്ട് , അവൾ മുറിച്ചു നൽകിയ ആപ്പിൾ കഷണം തിന്നുകൊണ്ടയാൾ പൊട്ടിച്ചിരിച്ചു. അതുകണ്ട് ഭയം മാറി അവളും .
ശ്രീ വർക്കല
കോലങ്ങൾ ആടുന്നു....
ജീർണ്ണ കോലങ്ങൾ ആടുന്നു
അന്തപ്പുരങ്ങളിൽ തെരുവോരങ്ങളിൽ
എങ്ങും എവിടെയും കബന്ധങ്ങളിൽ
നിന്നും നൂൽമാലപോൽ നിണം ഒഴുകി നടക്കുന്നു...
നിമജ്ജന കുടങ്ങൾ പുഴയുടെ മടിത്തട്ടിൽ ഉറങ്ങുന്നു
ആത്മാക്കളുടെ നിലവിളികൾ പുഴ വിഴുങ്ങുന്നു..
ഏഴിലം പാലയിലെ മറുപിള്ള തൂക്കുകളിൽ നാഗമുറങ്ങുന്നു
ശിരസറ്റ പറവകൾ ദിശ തെറ്റി പറക്കുന്നു
പ്രാണൻ കൂടുവിട്ട് കൂടു മാറുന്നു
ജീർണ്ണത നിനക്കുള്ളതാണ്
നാശം നിന്റെതുമാത്രമാണ്
നീ ഹനിച്ചത് നീയെന്ന ജീർണ്ണതയെ മാത്രം
ആത്മാവിപ്പോഴും അട്ടഹസിക്കുന്നു
നിനക്ക് ചുറ്റും
നീയതറിയാൻ ബധിരനല്ലൊ ഇപ്പോഴും...

ശ്രീ വർക്കല
ആകാശം പറക്കുന്നു ഒരു പക്ഷിക്കണ്ണിൽ
ഈ ഭൂലോകം മുഴങ്ങുന്നു ഒരു മുളം തണ്ടിൽ
ചേലില്ലാതൊഴുകും പുഴ തലതല്ലി കരയുന്നു
സ്നേഹത്തിൻ നനവില്ലാ കരിമ്പാറ കൂട്ടങ്ങളിൽ !!!
ശ്രീ വർക്കല
ആരാധനാലയത്തിന് മുന്നില്‍,
ഒരു കുട്ടി വാവിട്ടുകരഞ്ഞത്
നേര്‍ച്ച നടത്താനുള്ള കിഴിക്കെട്ടിനല്ല....!!
പകരം ഒരു പിടി ചോറിനായിരുന്നു....!!
എന്നിട്ടും കിട്ടിയതെണ്ണി അന്നുമവര്‍,
സമയത്തിന് അത് പൂട്ടിയിട്ടു.

ശ്രീ വര്‍ക്കല.....
"നക്ഷത്രങ്ങള്‍ മിന്നിതെളിയുന്നത് രാവിലാണ്. നല്ല അന്ധകാരത്തില്‍...!!!
നമ്മുടെ കണ്ണുകള്‍ക്ക്‌ മുന്നില്‍, ചിന്തകള്‍ക്ക് മുന്നില്‍ മറ്റ് കാഴ്ചകളൊന്നും ഇല്ലാത്ത രാവില്‍...
നല്ല ചിന്തകളിലൂടെ സഞ്ചരിക്കൂ... തീര്‍ച്ചയായും അത് നിങ്ങള്‍ക്ക് മുന്നില്‍ ജീവിതത്തെ തിളക്കി നിര്‍ത്തും.....ആ വര്‍ണ്ണ നക്ഷത്രങ്ങളെപ്പോലെ...!!!"
ശ്രീ വര്‍ക്കല
"മനുഷ്യന്‍".....!!!! ആറടി മണ്ണില്‍ ഒടുങ്ങുന്ന അഹന്ത..."
ശ്രീ വര്‍ക്കല

2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 36

ഒടുവില്‍, പോലിസ് വാഹനങ്ങള്‍ ആ വീടിന്‍റെ മുറ്റം വിട്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ നന്ദന വല്ലാതെ അസ്വസ്ഥയായി. ദേവന്‍ നോക്കി നില്‍ക്കെ അവള്‍ കന്യകയുടെ നേരെ തിരിഞ്ഞു. പിന്നെ അവളുടെ നേരെ കൈയുയര്‍ത്തിക്കൊണ്ട് ചോദിച്ചു.

"അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും എല്ലാം ഒളിക്കാന്‍ നിങ്ങള്‍ രണ്ടുപേരും പഠിച്ചൂ ല്ലേ..??

കന്യക അമ്മയുടെ ഉയര്‍ന്നുവന്ന കൈപ്പത്തിയില്‍ നിന്നും മെല്ലെ ഒഴുകിമാറി. എന്നിട്ടവള്‍ അച്ഛന്‍റെ പുറകിലേയ്ക്ക് മാറിനിന്നുകൊണ്ട് ചോദിച്ചു.

"എന്താ അമ്മെ.. ഞാന്‍ അമ്മയില്‍ നിന്നും ഒളിച്ചത്...??? അവന്‍ വിളിച്ചത് അത്ര വലിയ കാര്യാണോ..?? അവന്‍റെ കാര്യം പറയണ തന്നെ എനിക്കിഷ്ടല്ല്യാ. പിന്നെന്തിനാ ഞാന്‍ അമ്മയോട് പറയണേ...!!!

അപ്പോഴേയ്ക്കും ദേവന്‍ പറഞ്ഞു. "ഹാ... വിട് നന്ദന.. നീ തല്ലാന്‍ മാത്രം തെറ്റൊന്നും എന്‍റെ മക്കള് ചെയ്യില്ല..."

നന്ദന പിന്നീട് ഒന്നും പറഞ്ഞില്ല. പറയാനാണെങ്കില്‍ അവള്‍ക്കു ഒരുപാടുണ്ട്... എന്നിട്ടും ഒന്നും പറയാനാവാതെ അവള്‍ എല്ലാം ഉള്ളിലൊതുക്കി ദേവനെ ഒന്ന് നോക്കുകമാത്രം ചെയ്തു. നന്ദനയുടെ ആ നോട്ടം ദേവന്‍ ഹൃദയം തുളച്ചുകയറി. അവരെ ഇരുവരേയും താണ്ടി അവള്‍ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ ദേവന്‍ കന്യകയോട്‌ പറഞ്ഞു.

"മോളെ.... കന്യൂട്ടി...!!!"

"എന്താച്ഛാ....???

"അമ്മ സങ്കടപ്പെട്ടു പോയത് മോള് കണ്ടോ...!! അച്ഛനോട് പറഞ്ഞില്ലെങ്കിലും എല്ലാ കാര്യങ്ങളും നിങ്ങള്‍ അമ്മയോട് പറയണം. അമ്മയോളം വലുത് നിങ്ങള്‍ക്ക് ആരുമില്ല മക്കളെ... !!!

"അറിയാം അച്ഛാ. ഞാന്‍ ഒന്നും അമ്മയില്‍ നിന്നും ഒളിച്ചിട്ടില്ല. ഇനി ഒന്നും ഒളിക്കുകയും ഇല്ല....!!!

ദേവന്‍ അവളുടെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു. കന്യക സ്വന്തം മുറിയിലേയ്ക്കും. ആ മുറിയില്‍ പാറുവിനരുകില്‍ കുറേനേരം ഇരിക്കുമ്പോള്‍ അവള്‍ക്കു വല്ലാതെ വിഷമം തോന്നി. ആദ്യം അമ്മയോടും ഇപ്പോള്‍ അച്ഛനോടും കളവു പറഞ്ഞു. എങ്ങിനെ തന്‍റെ മനസ്സിലുള്ളതൊക്കെ അമ്മയോട് പറയും. അമ്മ അതെല്ലാം കേള്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുമോ...?? അവള്‍ക്കാകെ ഭയം തോന്നി. ചിന്തകള്‍ അവളെ വേട്ടയാടിയപ്പോള്‍ സങ്കടത്തോടെ അവള്‍ കിടക്കയില്‍ പാറുവിന് അരുകിലായി കിടന്നു.
*************
പനീറിന്‍റെ മരണവും കേസുമായി ശരത് മുന്നോട്ട് തന്നെ പോയി. കന്യകയില്‍ നിന്നും ലഭിച്ച അവഹേളന അവനേറെ വിഷമം നല്‍കുന്നതായിരുന്നു. പോരെങ്കില്‍ തിരികെ പോകുമ്പോള്‍ രാജശേഖര്‍ പറഞ്ഞ വാക്കുകള്‍ അവനെ വല്ലാതുലച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഒരു ദിവസം മെല്ലെ കഴിഞ്ഞുപോയി. സ്റ്റേഷനില്‍ ആകെ വിഷണ്ണനായി ഇരിക്കുമ്പോള്‍ പെട്ടെന്ന് അവന്‍റെ മനസ്സില്‍ ഒരാശയം ഉടലെടുത്തു. അപ്പോഴും കന്യക പറഞ്ഞ വാക്കുകള്‍ അവന്‍റെ മനസ്സില്‍ മാറ്റൊലി കൊണ്ടു. അവന്‍ ചിന്തിച്ചു. അവള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അവളെ വിളിച്ചത് സേനന്‍ ആയിരിക്കുമല്ലോ.. അങ്ങിനെയെങ്കില്‍ അവനെ കണ്ടെത്തുകയാണ് പരമപ്രധാനം. അവന്‍ വിളിച്ചില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഈ കേസുമായി അവള്‍ക്കുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ തനിയ്ക്ക് പ്രയാസമുണ്ടാകില്ല. വേണ്ടിവന്നാല്‍ അവളെ അറസ്റ്റുചെയ്തു ചോദിക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരും. അവന്‍ ഗൂഡമായി സ്മിതം ചെയ്തു. എന്നിട്ട് അരുകില്‍ നിന്ന കോണ്‍സ്റ്റബിളിനെ വിളിച്ച് അവന്‍ പറഞ്ഞു.

"എടോ താന്‍ ആ മൊബൈല്‍ ഇങ്ങെടുത്തെ..."

"ഏതു മൊബൈല്‍ സര്‍...???

"എടോ ആ ചത്തോന്‍റെ മൊബൈല്‍...."

അയാള്‍ അത് ഉള്ളിലെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുവന്നു കൊടുക്കുമ്പോള്‍ അവന്‍ സന്തോഷത്തോടെ അത് സ്വിച്ച് ഓണ്‍ ചെയ്തു. പിന്നെ അതിലെ മാറിമറിയുന്ന വര്‍ണ്ണങ്ങള്‍ നോക്കി അയാളിരുന്നു. ലഹരിമൂത്ത ഒരുവനെപ്പോലെ അവന്‍ സ്വയം ചിരിച്ചു... പിന്നെ മനസ്സില്‍ പറഞ്ഞു.

"മോളെ...കന്യകേ..!!! നിനക്കിതില്‍ പങ്കുണ്ടെങ്കില്‍ നിന്നെ ഞാന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും... സത്യം..."

പിന്നെ അയാള്‍ തിരിഞ്ഞു പോലിസ്കാരനോട് പറഞ്ഞു. "എടോ... ഈ മൊബൈല്‍ ഇവിടെ എന്‍റെയീ മേശയ്ക്കരുകില്‍ എപ്പോഴും ഉണ്ടാവണം. ഇതില്‍ ആരെങ്കിലും വിളിച്ചാല്‍ എടുക്കണം. സംസാരിക്കണം. അത് അതുപോലെ റെക്കോര്‍ഡ്‌ ചെയ്യണം..."

അയാള്‍ ഉവ്വെന്ന് തലകുലുക്കി.
****************
ദിവസം ഒന്നുകൂടി കഴിഞ്ഞു. രാവിലെ തന്നെ വീട്ടുജോലികള്‍ ഒക്കെ തീര്‍ത്ത് നന്ദന പാറുവിനെയും കൊണ്ട് ആശുപത്രിയില്‍ പോകാനൊരുങ്ങി. അമ്മയും ചേച്ചിയും ഇറങ്ങുമ്പോള്‍ കന്യക ചോദിച്ചു.

"അമ്മെ... ഞാന്‍ കൂടി വരണോ...???

"വേണ്ടാ...!! പിന്നെ അച്ഛന്‍ വരുമ്പോള്‍ ഉച്ചയ്ക്കിവിടെ ആരുണ്ടാവും. പിന്നെയവള്‍ കന്യകയുടെ അരുകിലേയ്ക്ക് വന്നു സ്വരം താഴ്ത്തി പറഞ്ഞു. "അമ്മ വരാന്‍ വൈകുന്നേരമാകും. അതുവരെ അച്ഛനെ സമധാനിപ്പിക്കേണ്ടത് നീയാണ്. ഒരു കാരണവശാലും അച്ഛന്‍ ആശുപത്രിയില്‍ ഞങ്ങളെ തേടിവരരുത്...!! മനസ്സിലായില്ലേ കന്യൂട്ടി അമ്മ പറഞ്ഞത്."

"ഉവ്വ്... ഉവ്വമ്മേ..!!! ഞാന്‍ നോക്കിക്കോളാം. വീട്ടുകാര്യങ്ങള്‍ ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം അമ്മെ..."

കന്യകയുടെ വാക്കുകള്‍ കേട്ടുകൊണ്ട് സമാധാനത്തോടെ നന്ദനയും പാറുവും മുറ്റത്തേയ്ക്കിറങ്ങി. ദേവനന്ദനത്തിന്‍റെ വാതിലില്‍, അവര്‍ കണ്ണില്‍ നിന്നും മറയുന്നതും നോക്കി കന്യക നിന്നു. പിന്നെ ഒരു നെടുവീര്‍പ്പോടെ അവള്‍ അകത്തേയ്ക്ക് കയറി. ഹാളിലെ പതുപതുത്ത സോഫയില്‍ ഇരിക്കുമ്പോള്‍ അവളുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നുപോയി. പ്രധാനമായും ശരത് എന്ന ബുദ്ധിമാനായ പോലീസുകാരന്‍ തന്നെയായിരുന്നു. അവള്‍ക്കറിയാം അയാളെ അറിഞ്ഞുകൊണ്ട് നോവിച്ചതല്ല. പക്ഷെ, ജീവിക്കണം. ഒരാണിനെയും അനാവശ്യമായി ഭയക്കാതെ കക്കിചേരിയിലെ പെണ്‍കുട്ടികള്‍ ജീവിക്കാന്‍ പഠിയ്ക്കുന്നത് വരെയെങ്കിലും താന്‍ പിടിക്കപ്പെടരുത്. ആ ലക്‌ഷ്യം പൂര്‍ത്തിയാക്കിയിട്ട് അയാള്‍ തന്നെ പിടിച്ചുകൊള്ളട്ടെ... അവള്‍ ഒരു നെടുവീര്‍പ്പോടെ ആ സോഫയിലേയ്ക്കു ചാരിയിരുന്നു.
ആ മണിക്കൂറുകള്‍ അവള്‍ ആദ്യമായി ഏകാന്തതയെ പഴിച്ചുകൊണ്ടവിടെ കഴിച്ചുകൂടി. അങ്ങകലെ പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ ശരത് തന്‍റെ കസേരയില്‍ ചിന്താമഗ്നനായി ഇരുന്നു. കക്കിചേരിയ്ക്കകലെ ഒരാശുപത്രിയില്‍ തെളിഞ്ഞ വിളക്കുകള്‍ക്കുമുന്നില്‍ പാറു മയങ്ങിക്കിടന്നു. തിളങ്ങുന്ന കത്രികത്താളുകള്‍ അവളുടെ ഉദരത്തെ ചോരമയമാക്കുമ്പോള്‍ തകര്‍ന്ന ഹൃദയവുമായി നന്ദന പുറത്ത് കാവലിരുന്നു. തന്‍റെ വിയര്‍പ്പില്‍ വിളയിച്ചെടുത്ത പച്ചക്കറികളുമായി ദേവന്‍ ചന്തയ്ക്കുള്ളില്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരിക്കെ മുഖം മൂടിക്കെട്ടിയ സൂര്യന്‍ ഒന്നും കാണാന്‍ ആഗ്രഹിക്കാത്തപോലെ മേഘങ്ങള്‍ക്കുള്ളില്‍ ഒരു നിമിഷം മറഞ്ഞു.

ദിവസവും പനീറിനെ വിളിച്ചിട്ടും, അവന്‍ ഫോണെടുക്കാതെ വന്നപ്പോള്‍ സേനന്‍ ആകെ തളര്‍ന്നു. പനീര്‍ പോലീസിന്‍റെ കൈകളില്‍ അകപ്പെട്ടിട്ടുണ്ടാകും എന്നവന്‍ കരുതി. ഒടുവില്‍, അവസാനമായി തന്‍റെ പോക്കറ്റില്‍ നിന്നും അവന്‍ ഫോണെടുത്തു. പനീറിന്‍റെ നമ്പര്‍ എടുത്ത് അതിലേയ്ക്ക് വിരല്‍ തൊട്ട് സേനന്‍ കാതിലേയ്ക്ക്‌ വച്ചു. മറുതലയ്ക്കല്‍ അത് തേടിച്ചെന്നു തൊട്ടുണര്‍ത്തിയപ്പോള്‍ അവന്‍റെ മുഖം സന്തോഷം കൊണ്ട് തുടുത്തു. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ മുഖം വെളിയിലേയ്ക്കിട്ടു. ചന്തയ്ക്കുള്ളില്‍ തെളിഞ്ഞുവീണ വെളിച്ചത്തില്‍ നോക്കി ഏകദേശം ഒഴിഞ്ഞ ആള്‍ക്കൂട്ടത്തിലേയ്ക്ക് അവസാനവിളിയുമെറിഞ്ഞു ദേവന്‍ ബാക്കിവന്ന പച്ചക്കറികള്‍ ചാക്കിലേയ്ക്ക് വാരിക്കെട്ടി. സ്വരമില്ലാതെ തന്‍റെ മുന്നിലിരുന്ന് വെട്ടിത്തിളങ്ങിയ ഫോണ്‍ ഒന്നില്ലാതെ ശരത്തിന്‍റെ കണ്ണില്‍ പെട്ടു. അയാള്‍ ഉദ്വേഹത്തോടെ ആ ഫോണ്‍ കൈയിലെടുത്ത് വിരല്‍ തൊട്ട് ചെവിയിലേയ്ക്ക് വച്ചു. സേനന്‍ സന്തോഷത്തോടെ വിളിച്ചു.

"പനീര്‍... നീ എങ്കെ ഇരുക്കടാ..."

ശരത്തിന്‍റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. അവന്‍ മറുപടിയായി പറഞ്ഞു.

"സേനന്‍... നീ എപ്പടി ഇരുക്കടാ... ഒനക്ക്‌ സൌക്കിയമാ..."

പാറുവിന്‍റെ അരുകില്‍ നിന്നും ചോരമുക്കിയ പഞ്ഞിക്കെട്ടുകള്‍ കറുകറുത്ത പ്ലാസ്റ്റിക്‌ കൂടുകളിലേയ്ക്ക് മാറ്റപ്പെട്ടു. അരുകിലേയ്ക്ക് നീങ്ങിവന്ന സ്ട്രച്ചറില്‍ അവളെ രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുകിടത്തി. ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകിനീങ്ങിയ അതിന്‍റെ പിന്നാലെ സാരിത്തുമ്പ് മുഖത്തേയ്ക്കു വലിച്ചു ചുറ്റിമൂടിക്കൊണ്ട് വിഷമത്തോടെ നന്ദന നടന്നു. ചന്തയില്‍ നിന്നും പുറത്തിറങ്ങിയ ദേവന്‍ പച്ചക്കറിക്കെട്ടുകള്‍ വണ്ടിയിലേയ്ക്ക് എടുത്തുവച്ചിട്ട് തന്‍റെ ഫോണ്‍ കൈയിലെടുത്തു. ദേവനന്ദനത്തിലെ ഫോണ്‍ തെരുതെരെ ശബ്ദിച്ചപ്പോള്‍ സോഫയില്‍ അല്പം മയങ്ങിയിരുന്ന കന്യക ഞെട്ടിയെഴുന്നേറ്റു. ഫോണ്‍ കൈയിലെടുത്ത അവള്‍ അച്ഛന്റെ സ്വരം കേട്ടു മറുപടി പറഞ്ഞു.

"ഇല്ലച്ഛാ..വന്നിട്ടില്ല..."

അവള്‍ അത്രയും പറഞ്ഞപ്പോള്‍ തന്നെ ദേവന്‍ ഫോണ്‍ കട്ട് ചെയ്തു. കന്യക ആകെ പരിഭ്രാന്തയായി. അവള്‍ അച്ഛന്റെ ഫോണിലേയ്ക്ക് പെട്ടെന്ന് തന്നെ തിരികെ വിളിച്ചു. ദേവന്‍ ഫോണ്‍ എടുക്കുമ്പോള്‍ അവള്‍ പറഞ്ഞു.

"അച്ഛാ... അച്ഛനിങ്ങ് പോന്നോളൂ. അമ്മയും ചേച്ചിയും ഇപ്പോള്‍ വരും..."

"അതിനെന്താ മോളെ...!! കഴിഞ്ഞുവെങ്കില്‍ അച്ഛന്‍ അവരേം കൂട്ടി ഇപ്പോഴങ്ങ് വന്നേയ്ക്കാം..."

പിന്നീട് ദേവന്‍ ഒന്നും പറഞ്ഞില്ല. കന്യക പറഞ്ഞതൊന്നും അയാള്‍ കേട്ടതുമില്ല. അതോടെ, കന്യകയ്ക്ക് ശരീരം ആസകലം തളരുന്നത് പോലെ തോന്നി. അവളുടെ കൃഷ്ണമണികള്‍ക്ക് മുന്നില്‍ കറുത്തരണ്ടു പൊട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ കുഴഞ്ഞ സ്വരത്തില്‍ വിളിച്ചു.

"പായീമ്മേ.... ന്‍റെ പായീമ്മേ..."

അടുക്കളയില്‍ നിന്നും പായീമ്മ ഓടി അവളുടെ അരുകിലേയ്ക്ക് വന്നു. മേശയ്ക്കരുകില്‍ തളര്‍ന്നു നിന്ന അവളെ അവര്‍ വെപ്രാളത്തോടെ താങ്ങിപ്പിടിച്ചു. അരുകിലെ കസേരയില്‍ അവളെ കൊണ്ടവര്‍ ചാരിയിരുത്തി. അവള്‍ ദയനീയമായി അവരോട് ചോദിച്ചു.

"പായീമ്മേ... എനിക്കൊരിറ്റ് വെള്ളം തരുമോ...??

പായീമ്മ അവളെ വിട്ടു അടുക്കളയിലേയ്ക്കോടി. ദേവന്‍റെ വണ്ടി ചന്തയില്‍ നിന്നും തിരിഞ്ഞ് ആശുപത്രിയിലേയ്ക്ക് നീങ്ങി. സേനനുമായി സംസാരിച്ച ശരത് ഫോണ്‍ തിരികെവച്ചിട്ട് തന്‍റെ വിരലുകള്‍ കൂടിചേര്‍ത്ത് തലയ്ക്കു മുകളിലേയ്ക്ക് ഉയര്‍ത്തി. തമ്മില്‍ കൊരുത്തു വളഞ്ഞ അയാളുടെ വിരല്‍ഞെട്ടകള്‍ തെരുതെരെ ശബ്ദിച്ചു. അവന്‍റെ ചുണ്ടുകള്‍ ഒരുവശത്തേയ്ക്ക് ചരിഞ്ഞു മന്ദഹസിച്ചു.... 

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 35

പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും തിരക്കിട്ട് വന്ന വണ്ടി കക്കിചേരിയിലെ സ്റ്റേഷന്‍ പരിസരത്തേയ്ക്ക് കയറി നിന്നു. പോലിസ് സ്റ്റേഷന്‍റെ പൂമുഖത്തില്‍ ഗൗരവമായ ചിന്തയോടെ ഉലാത്തുകയായിരുന്ന രാജശേഖര്‍ മുഖമുയര്‍ത്തി നോക്കി. അപ്പോഴേയ്ക്കും ആ വണ്ടിയില്‍ നിന്നും എസ്.ഐ ശരത്തും രണ്ടു പോലീസുകാരും പുറത്തേയ്ക്കിറങ്ങി. രാജശേഖര്‍ സന്തോഷപൂര്‍വ്വം അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തു കയറി അല്‍പസമയം ഇരുന്നു കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ശരത് രാജശേഖറിനോട് ചോദിച്ചു.

"സര്‍... നിങ്ങളറിയുന്ന ആളാണ്‌ എന്നല്ലേ പറഞ്ഞത്...??

"അതെ... ശരത്..!! അതിലെന്തിനാ ഇത്ര സംശയം...??

"അല്ല... ഞാന്‍ ചോദിച്ചു എന്നെ ഉള്ളൂ...!! പിന്നെ അല്‍പ്പം മടിച്ച് മടിച്ചയാള്‍ പറഞ്ഞു. "ആ വീടുമായി താങ്കള്‍ക്കുള്ള ബന്ധം...???

"നല്ല ബന്ധമാ...!!  അയാള്‍ തുടര്‍ന്നു. നിങ്ങളീ വിളിച്ചുവെന്ന് പറയുന്നത് പതിനേഴ്‌ വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെയാ. അവളുടെ അച്ഛന്‍, മിസ്റ്റര്‍ ദേവന്‍ കക്കിചേരിയിലെ അറിയപ്പെടുന്ന ഒരു നല്ല മനുഷ്യനും. ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മദ്യത്തിനെതിരെ പോരാടിയ ഇവിടുത്തെ നാട്ടുകാരുടെ ശക്തി. ഇന്ദിരയെന്ന ഒരു പാവം സ്ത്രീയില്‍ നിന്നു തുടങ്ങി, പിന്നെ കക്കിചേരിയിലെ സ്ത്രീകളിലൂടെ അത് വളര്‍ന്ന്, അവര്‍ക്കൊപ്പം എന്തിനും താങ്ങും തണലുമായി നിന്ന് അത് വിജയിപ്പിച്ച ദേവന്‍... അയാളുടെ മകളാണ് ഈ ഫോണ്‍ നമ്പറിന് ഉടമയായ, നിങ്ങള്‍ സംശയിക്കുന്ന കുട്ടി...!!!

രാജശേഖറിന്‍റെ ഈ വാക്കുകള്‍ ശരത്തിന് അത്ര ഇഷ്ടമായില്ല. അതയാള്‍ ഒട്ടും സങ്കോചം കൂടാതെ തുറന്നു പറയുകയും ചെയ്തു.

"രാജശേഖര്‍ സര്‍... നിങ്ങളീ പറയുന്ന കുട്ടിയുടെ ഫോണിലേയ്ക്ക് പല തവണ ഈ മരണപ്പെട്ടയാളുടെ ഫോണില്‍ നിന്നും വിളി പോയിട്ടുണ്ട്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിയ്ക്ക് അവരോട് സംസാരിച്ചേ മതിയാകൂ. അവര്‍ക്ക് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നത് പിന്നെയുള്ള കാര്യമല്ലേ..???

"ശരിയായിരിക്കാം മിസ്ടര്‍ ശരത്. പക്ഷെ, താങ്കള്‍ ഒന്ന് മറന്നു. അതൊരു സാധാരണ കുടുംബമാണ്. അമ്മയും അച്ഛനും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും മാത്രമുള്ള വീട്. എന്ത് അന്വേഷണത്തിന്‍റെ പേരിലായാലും അവിടെ അങ്ങിനെ ചെന്നു കയറുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കാണണം. എന്നിട്ട് വേണം പോകുവാന്‍...!!

രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട്  അതെന്തന്ന ഭാവത്തില്‍ ശരത് അയാളെ നോക്കി. അപ്പോള്‍ രാജശേഖര്‍ പറഞ്ഞു.

"ഒരു പക്ഷെ താങ്കള്‍ ഉദ്ദേശിയ്ക്കുന്നത് പോലെ കാര്യങ്ങള്‍ ശരിയായി എന്ന് വരില്ല. കാരണം ഇതിലൊരു പങ്കും അവര്‍ക്കില്ല എങ്കില്‍ ആ കുടുംബത്തിന്‍റെ അഭിമാനത്തിലേയ്ക്ക് താങ്കള്‍ അടിയ്ക്കുന്ന അവസാന ആണിയാകണമിത്."

"മനസ്സിലായില്ല..." ശരത് പറഞ്ഞു.

"ഇതിലെന്ത് മനസ്സിലാക്കാന്‍. ഇനിയൊരു ശല്യപ്പെടുത്തല്‍ ആ കുടുംബത്തിന് മുകളില്‍ ഉണ്ടാകരുത്. അത്ര തന്നെ. നിയമം മാത്രം പഠിച്ചാല്‍ പോരല്ലോ നമ്മളെ പോലെയുള്ള ജനസേവകന്‍മാര്‍. എല്ലാറ്റിനും ഉപരി മാനുഷികപരിഗണന എന്നത് ഒന്ന് കൂടി ഉണ്ട്. താങ്കള്‍ ഈ തൊഴിലില്‍ ഒരു പുതിയ ആളെന്ന നിലയില്‍ അത് പറഞ്ഞു തരേണ്ടത് എന്‍റെ ചുമതലയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഈ കാക്കി എന്‍റെ ശരീരം അണിയാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായി. പോലീസിന്‍റെ ബൂട്ട് പതിഞ്ഞ മണ്ണില്‍, അവന്‍ തെറ്റുകാരന്‍ ആണേലും അല്ലേലും പിന്നൊരു ചീത്തപ്പേര് വരാന്‍ അധികം താമസ്സമുണ്ടാകില്ല. കഥകള്‍ മെനഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടാരോളം പോന്ന മറ്റൊരു കൂട്ടം ലോകത്തെവിടെയും ഇല്ലെന്നിരിക്കെ, നമ്മുടെയീ യാത്ര ഒരു അപമാനം ആകരുത് ആ കുടുംബത്തിന്. കാരണം ഒരു നിയമപാലകന്‍ എന്ന നിലയില്‍, അതിലുപരി ഒരു പൌരന്‍ എന്ന നിലയില്‍ അതുണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് ശരത്..."

എസ്. ഐ. രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട് ശരത് അല്‍പസമയം മിണ്ടാതെയിരുന്നു. അവരിരുവരിലും ഉള്ളുകൊണ്ട് ഉയര്‍ന്നുവന്ന വെറുപ്പ് മൗനമായി നിലകൊണ്ടു. ഒടുവില്‍ രണ്ടു ജീപ്പിലായി അവര്‍ ദേവനന്ദനത്തിലേയ്ക്ക് പുറപ്പെട്ടു.
***************
സമയം ഉച്ചയോടടുത്തു. ദേവന്‍ വീട്ടിലേയ്ക്ക് തിരിച്ചു വന്നു. മുറ്റത്ത് നിന്നും കാലുകഴുകി അയാള്‍ ഉമ്മറത്തേയ്ക്ക് എത്തുമ്പോള്‍ നന്ദന പുറത്തേയ്ക്ക് വന്നു. ഒട്ടും സന്തോഷമില്ലാതിരുന്ന അവളുടെ മുഖം കണ്ട ദേവന്‍ ചോദിച്ചു.

"എന്താടീ... നിന്‍റെ മുഖം വല്ലാതിരിക്കുന്നെ...?? മോള്‍ക്ക്‌ വീണ്ടും സുഖമില്ലാതെ ആയോ...???

"ഇല്ലേ ദേവേട്ടാ... ഒന്നുമില്ല. അടുക്കളയിലെ പുകയടിച്ചതാവും..."

ദേവന്‍ അവളുടെ വാക്ക് കേട്ട് അകത്തേയ്ക്ക് കയറി. വണ്ടിയില്‍ ഇരുന്ന സഞ്ചിയും എടുത്തു നന്ദനയും അയാളുടെ പിന്നാലെ  കയറി. മുറിയില്‍ കന്യകയും പാറുവും ഒന്നും ഉരിയാടാതെ ഇരിക്കുകയായിരുന്നു. പുറമേ അവള്‍ ശാന്തമായി കാണപ്പെട്ടു എങ്കിലും അവളുടെ ഉള്ളം പോലീസ് വരുന്നതും ചോദ്യം ചെയ്യുന്നതും ആയ നിമിഷങ്ങള്‍ മനസ്സില്‍ പാകപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം മുറിയില്‍ നിന്നും ഇട്ടിരുന്ന ഉടുപ്പ് ഊരി മാറ്റി പറമ്പിലേയ്ക്ക് ഇറങ്ങാനുള്ള ഒരു ബനിയനും ധരിച്ചു ദേവന്‍ പുറത്തേയ്ക്ക് വന്നു. നന്ദന വച്ച് നീട്ടിയ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ടയാള്‍ തെല്ല് ഉറക്കെ വിളിച്ചു.

"മോളെ... പാറൂ....!!!

"എന്താച്ഛാ...????

വിളികേട്ട് കൊണ്ട് പാറു ഹാളിലേയ്ക്ക് വന്നു. അപ്പോള്‍ ദേവന്‍ അവളെ തന്‍റെ അരുകിലേയ്ക്ക് മുഖമാട്ടി വിളിച്ചു. പാറു അച്ഛനരുകിലേയ്ക്ക് വന്നു. അയാള്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു. പാറുവിന്‍റെ ഉള്ളില്‍ സങ്കടം തികട്ടി വന്നു. അപ്പോഴേയ്ക്കും കന്യകയും മെല്ലെ വാതിലിനരുകില്‍ പ്രത്യക്ഷയായി. പരിഭവത്തോടെ നിന്ന അവളെ അപ്പോഴാണ്‌ ദേവന്‍ കണ്ടത്. അയാള്‍ അത്യധികം സന്തോഷത്തോടെ കന്യകയോട് ചോദിച്ചു.

"എന്തായിത്...??? എന്‍റെ പൊന്നുമോളും ഉണ്ടായിരുന്നോ ഇവിടെ...???

"അതെ.. അച്ഛാ... ഞാനിങ്ങ് പോന്നു..." പറഞ്ഞുകൊണ്ടവള്‍ ദേവനരുകിലേയ്ക്ക് വന്നു. ദേവന്‍ കൈയിലിരുന്ന ഗ്ലാസ് നന്ദനയുടെ നേരെ വച്ച് നീട്ടി. നന്ദന അത് വാങ്ങുമ്പോള്‍, തന്‍റെ ഇരുവശത്തേയ്ക്കും മക്കളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ അവരുടെ മൂര്‍ദ്ധാവില്‍ മാറിമാറി ചുംബിച്ചു. കന്യകയും പാറുവും എല്ലാം മറന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. കുറച്ചുനേരം അച്ഛന്റെ ചൂടില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍, അവളുടെ തളര്‍ന്ന മനസ്സും ശരീരവും ഉണരാന്‍ തുടങ്ങി. അവളറിയാതെ തന്നെ അവളിലേയ്ക്കൊരു ധൈര്യം വന്നുചേര്‍ന്നു.
**************
രണ്ട് പോലീസ് ജീപ്പുകള്‍ ഒരുമിച്ച് ആ ഇടറോഡിലേയ്ക്ക് മെല്ലെ തിരിഞ്ഞു. കക്കിചേരിയിലെ നിരത്തിനരുകില്‍ മതിലരുകിലും റോഡിന് സമീപത്തുമായി നിന്നിരുന്ന ചെറുപ്പക്കാരില്‍ ചിലര്‍ സംശയത്തോടെ ആ ജീപ്പിനെ നോക്കി. പിന്നെ എന്തോ പന്തികേട്‌ തോന്നിയ അവര്‍ ആ ജീപ്പിനോപ്പം ഓടിയും നടന്നും അടുക്കാന്‍ തുടങ്ങി. ജീപ്പ് മെല്ലെമെല്ലെ ദേവനന്ദനത്തിലേയ്ക്ക് തിരിഞ്ഞു. അയല്‍വീടുകളില്‍ നിന്നും ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും അവിടേയ്ക്ക് നോക്കുവാന്‍ തുടങ്ങി. സ്ത്രീകളില്‍ ചിലര്‍ ചെയ്തുകൊണ്ടിരുന്ന ജോലി പാതിവഴിയില്‍ ഉപേക്ഷിച്ച് ഉടുമുണ്ടില്‍ കൈതുടച്ച് മതിലിനരുകില്‍ എത്തി നിന്നു. ദേവനന്ദനത്തിന്‍റെ മുറ്റത്തേയ്ക്ക് വന്നു നിന്ന ജീപ്പില്‍ നിന്നും പോലീസുകാര്‍ എല്ലാപേരും ഇറങ്ങി. ശരത് ഒന്നില്ലാതെ ചുറ്റുപാടും  നോക്കി. അയാള്‍ക്ക്‌ അത്ഭുതം തോന്നി. ശരത്തിനെ നോക്കാതെ ദേവനന്ദനത്തിലേയ്ക്ക് ചുവട് വച്ച രാജശേഖര്‍ ബെല്ലില്‍ വിരലമര്‍ത്തി. മക്കളെ ചേര്‍ത്ത് നിര്‍ത്തിയ ദേവന്‍ മുഖമുയര്‍ത്തി. അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന കന്യക അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് നോക്കി. ദേവന്‍ മുഖം ചലിപ്പിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു. 

"ഉം...പോയി നോക്ക് മോളെ ആരാന്ന്....!!!

കന്യക അച്ഛനെ വിട്ട് വേഗം വാതിലിനരുകിലേയ്ക്ക് ചെന്നു. വാതിലിനരുകിലെ ജനലിന്‍റെ കണ്ണാടിച്ചില്ലിലൂടെ പുറത്തെ ആള്‍പ്പെരുമാറ്റം ഒരു നിഴല് പോലെ അവള്‍ കണ്ടു. ഒപ്പം മുറ്റത്ത് ഒരു ഭിത്തിയ്ക്കപ്പുറദൂരം മാത്രം നില്‍ക്കുന്ന പോലീസുകാരില്‍ ഒരാളെയും. അവളുടെ നെഞ്ചിലൂടെ ഒരു വെള്ളിടി വീശി. ഹൃദയം പടപടാ മിടിയ്ക്കാന്‍ തുടങ്ങി. വാതിലിന്‍റെ താഴില്‍ കൈവച്ച അവള്‍ മെല്ലെ തിരിഞ്ഞു ദേവനെ നോക്കി. ദേവന്‍ "എന്തുപറ്റി മോളെ" എന്ന ഭാവത്തില്‍ അവളെ നോക്കി. അത് മനസ്സിലാക്കി കന്യക പറഞ്ഞു.

"അച്ഛാ...പുറത്ത് പോലീസ്..."

ദേവന്‍ പാറുവിനെ വിട്ടു. പാറു അതിവേഗം അവളുടെ മുറിയിലേയ്ക്ക് പാഞ്ഞു. കന്യകയുടെ അരുകിലേയ്ക്ക് നടന്നുകൊണ്ട് അയാള്‍ പറഞ്ഞു. "അതിനെന്താ മോളെ തുറക്ക്. രാജശേഖര്‍ സാര്‍ ആയിരിക്കും. അച്ഛന്റെ വാക്കുകള്‍ വീണ്ടും കന്യകയുടെ നെഞ്ചിലൂടെ ഒരു തണുപ്പായി വീശാന്‍ തുടങ്ങി. അവള്‍ രണ്ടും കല്‍പ്പിച്ച് വാതിലിന്‍റെ താഴെടുത്തു. ആ വാതില്‍ പതിയെ തുറന്നു. മുന്നില്‍ നിന്നിരുന്ന രാജശേഖര്‍ വെളുക്കെ ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ അകത്തേയ്ക്ക് ചുവട് വച്ചു. ഒരു ചുവട് അകത്തേയ്ക്ക് വച്ചിട്ട് അയാള്‍ പിന്നില്‍ മടിച്ചു നിന്ന ശരത്തിനോട് പറഞ്ഞു.

"കയറി വരൂ ശരത്. ഇത് നമ്മുടെ വീട് തന്നെയാണ്. ശരത് അകത്തേയ്ക്ക് കാലെടുത്ത് വച്ചു. ദേവന്‍ സന്തോഷത്തോടെ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴേയ്ക്കും നന്ദനയും അവിടേയ്ക്ക് വന്നു. കന്യക പുഞ്ചിരിയോടെ നിന്നു. ശരത് അറിയാതെയാണെങ്കിലും അവളുടെ കണ്ണുകളില്‍ നോക്കിപ്പോയി. ഒരു നിമിഷം അയാള്‍ സ്വയം മറന്നപോലെ മനസ്സില്‍ ഉരുവിട്ടു. "ദേവതയെപ്പോലെ... ഒരു പെണ്ണ്..."  കന്യക ശരത്തിന്‍റെ കണ്ണുകളെ അതിവേഗം മനസ്സിലാക്കി. അവളിലെ ഭയം പെട്ടെന്ന് പോയി. അവള്‍ മനസ്സുകൊണ്ട് ചിരിച്ചു.

എല്ലാപേരും ഇരിപ്പിടങ്ങളിലേയ്ക്ക് ഉപവിഷ്ടരായപ്പോള്‍ ദേവന്‍ അല്‍പ്പം ഭവ്യതയോടെ ചോദിച്ചു.

"എന്താ സാര്‍ പതിവില്ലാതെ ഈ വഴിയ്ക്ക്. ഒരുപാട് ദിവസായി ല്ലെ നമ്മള് തമ്മില്‍ കണ്ടിട്ട്...?? എന്നിട്ടയാള്‍ നന്ദനയെ നോക്കി. അതോടെ നന്ദന അവര്‍ക്ക് വെള്ളം എടുക്കാനായി അകത്തേയ്ക്ക് പോയി.

അപ്പോള്‍ രാജശേഖര്‍ പറഞ്ഞു. "ദേവാ... വളച്ചുകെട്ടില്ലാതെ ഞാന്‍ കാര്യം പറയാം..."

ദേവന്‍ എന്തെന്നറിയാന്‍ രാജശേഖരനെ തന്നെ ഉറ്റുനോക്കി. ശരത് അപ്പോഴെല്ലാം കന്യകയുടെ മുഖഭാവം വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയായിരുന്നു. അവളില്‍ എന്തെങ്കിലും പതര്‍ച്ച കാണുവാന്‍ അയാള്‍ക്ക്‌ ഒരു തിടുക്കം പോലെ. രാജശേഖര്‍ തുടര്‍ന്നു.

"അറിയാല്ലോ.. ദേവാ പനീറിന്‍റെ മരണം."

ഉവ്വ് എന്ന ഭാവത്തില്‍ എല്ലാവരും ആകാംഷയോടെ അയാളെ നോക്കി. കുടിയ്ക്കാനായി നന്ദന കൊണ്ടുവന്ന വെള്ളം കന്യകയും ചേര്‍ന്ന് എല്ലാര്‍ക്കും പകര്‍ന്നു നല്‍കി.  രാജശേഖര്‍ പറഞ്ഞു. "പനീറിന്‍റെ ഫോണില്‍ നിന്നും അവസാനമായി ചില കോളുകള്‍ ഇവിടുത്തെ കന്യമോളുടെ ഫോണിലേയ്ക്കും വന്നിട്ടുണ്ട്. അപ്പോള്‍ ദേവന്‍ കന്യകയെ നോക്കി. പെട്ടെന്ന് കന്യക ഒന്നുമറിയാത്തപോലെ പോലെ ചോദിച്ചു.

"എന്‍റെ ഫോണിലോ...!! ആര്..??? അയാളോ..?? അയാളെന്തിന് എന്നെ വിളിക്കണം...????

പെട്ടെന്ന് ശരത് പറഞ്ഞു. "അതാ ഞങ്ങള്‍ക്കും അറിയേണ്ടത്...??

അതിനു മറുപടിയായി കന്യകയും പറഞ്ഞു. "സര്‍, എന്താ നിങ്ങളുടെ ഉദ്ദേശ്യം..?? എന്‍റെ ഫോണില്‍ നിങ്ങള്‍ സംശയിക്കുന്നത് പോലെ ഒരു കാള്‍ വന്നിട്ടില്ല. അതെനിയ്ക്കുറപ്പാണ്...!!

"അത് നിങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയോ...?? ശരത്തിന് ചെറിയ രോക്ഷം തോന്നി. അയാള്‍ തുടര്‍ന്ന് പറഞ്ഞു. "നിങ്ങളുടെ ആ ഫോണ്‍ ഒന്ന് തരാമോ..???

ശരത്തിന്‍റെ ചോദ്യം ചെയ്യലും കന്യകയുടെ ദൃഡമായ മറുപടിയും കേട്ടു ദേവനും നന്ദനയും ഒന്നും മനസ്സിലാകാതെ അന്തംവിട്ട് നിന്നു. അപ്പോഴേയ്ക്കും ഒരു കൂസലും കൂടാതെ കന്യക തന്‍റെ ഫോണ്‍ എടുത്ത് ശരത്തിന്‍റെ കൈയിലേയ്ക്ക് കൊടുത്തു. അയാള്‍ അതിലെ ഓരോ നമ്പറും മാറി മാറി വിരലുകള്‍ ചലിപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. ആ മുറിയാകെ നിശബ്ദമായി. അല്‍പ്പസമയം അങ്ങിനെ നോക്കിയിരുന്ന് ശരത് ആ നമ്പര്‍ കണ്ടുപിടിച്ചു. ആവേശത്തോടെ അയാള്‍ അവളുടെ നേരെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

"വിളിച്ചില്ല എന്ന് നിങ്ങള്‍ അങ്ങിനെ പറയാന്‍ വരട്ടെ. പിന്നെ ഈ കാള്‍ ആരുടേതാണ്. അയാള്‍ അതിലേയ്ക്ക് വിരല്‍ ചൂണ്ടി. പെട്ടെന്ന് രാജശേഖര്‍ ആ ഫോണ്‍ വാങ്ങി നോക്കി. അയാള്‍ മനസ്സിലോര്‍ത്തു. ശരിയാണ്. ഇതില്‍ ശരത് പറയുമ്പോലെ ആ നമ്പര്‍ ഉണ്ടല്ലോ..!! നോക്കിയിട്ട് അയാള്‍ അത് കന്യകയുടെ കൈയിലേയ്ക്ക് കൊടുത്തു. കന്യക ഒരേ ഒരു നിമിഷം അതിലൊന്ന് നോക്കി. പിന്നെയവള്‍ പൊട്ടിപൊട്ടിച്ചിരിച്ചു. ഏവരും ആകാംഷയോടെ അവളെ തന്നെ നോക്കിയിരുന്നു.

"അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "ന്‍റെ ശരത് സാറേ. ഇത് ഈ ചത്തോന്‍റെ ഫോണ്‍നമ്പര്‍ അല്ല. സേനന്‍റെയാ... സേനന്‍റെ...!! നമ്മുടെ വീട്ടില് തുണിയെല്ലാം തേയ്ക്കാന്‍ വരുന്ന ഒരു തമിഴന്‍റെ. ഇനി കുറച്ചീസത്തേയ്ക്ക് വരാന്‍ കഴിയില്ല നാട്ടില്‍ പോവുവാന്ന് വിളിച്ചു പറയാന്‍ എന്നെ വിളിച്ചായിരുന്നു..."

കന്യകയുടെ വാക്കുകള്‍ ഒരു മഴപെയ്തൊഴിഞ്ഞപോലെ അവിടം നിശബ്ദമാക്കി. ശരത് മെല്ലെ മുഖം കുനിച്ചു. നിശ്ചലം നിന്ന നന്ദനയുടെ നെഞ്ച് മെല്ലെമെല്ലെ മിടിയ്ക്കാന്‍ തുടങ്ങി. രാജശേഖര്‍ ഒരു പകയോടെ ശരത്തിനെ നോക്കി... അയാള്‍ ഇളിഭ്യനെപ്പോലെ തലകുനിച്ചു. കന്യകയുടെ മനസ്സിന് ഇതുവരെ അവളില്‍ ഉണ്ടായിരുന്നതിലും പതിന്‍മടങ്ങ്‌ ശക്തി കൂടി. പാറു ഇതെല്ലാം കേട്ടു ഭയന്ന് കിടക്കയില്‍ കണ്ണുകളും പൂട്ടിക്കിടന്നു.   

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 34

ഓരോരോ ദിവസവും കടന്നു പോകുമ്പോള്‍ കന്യകയുടെ മനസ്സിലെ ഭയം കൂടിക്കൊണ്ടിരുന്നു. കാരണം കക്കിചേരിയിലെ പോലിസിനെക്കാളും എന്തുകൊണ്ടും ശക്തമായ രീതിയിലായിരുന്നു പട്ടണത്തിലെ പോലിസിന്‍റെ കേസ് അന്വേഷണം. തന്‍റെ അരുകിലേയ്ക്ക് പോലീസ് അടുത്തുകൊണ്ടിരിക്കുന്ന ആ ദിവസം അവള്‍ സ്വപ്നം കാണാനും തുടങ്ങി. സ്കൂളിലേയ്ക്ക് പോകുമ്പോഴും അവളുടെ മനസ്സ് അവളെ വിട്ട് പറക്കുകയാണ്. എല്ലാത്തിലും എന്നപോലെ പഠനത്തിലും അവളുടെ ശ്രദ്ധ കുറഞ്ഞു.

പാറു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളേജില്‍ പോകാതിരുന്നതോടെ ദേവന്‍ നന്ദനയോട് ചോദിച്ചു.

"എന്താ നന്ദു... പാറൂട്ടീടെ അസുഖമെല്ലാം ഭേദായീല്ലോ...!! എന്തേ അവളിനിയും പഠിയ്ക്കാന്‍ പോകുന്നില്ലേ...???

ദേവന്‍റെ ചോദ്യം തികച്ചും സ്വാഭാവികമായിരുന്നു എങ്കിലും നന്ദനയുടെ ഉള്ളം ഒന്ന് കിടുങ്ങി.  ഒരുതരത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

"പോണം... ദേവേട്ടാ... എന്തായാലും ഡോക്ടര്‍ പറഞ്ഞ രണ്ടാഴ്ച കഴിയട്ടെ. ഇനീപ്പോള്‍ രണ്ടു ദിവസം കൂടീല്ലേ ഉള്ളൂ...!!!

നന്ദനയുടെ വാക്കുകള്‍ അതേപോലെ വിശ്വസിച്ച ദേവന്‍ പിന്നെ ഒന്നും മിണ്ടിയില്ല. പതിവ് പോലെ തന്നെ അയാള്‍ പച്ചക്കറിയും കൊണ്ട് ചന്തയിലേയ്ക്ക് പോകാനായി തയാറായി. കന്യകയും അച്ഛനൊപ്പം ബാഗുമായി പുറത്തേയ്ക്കിറങ്ങി. ഇരുവരും വണ്ടിയില്‍ കയറി. വണ്ടി മെല്ലെ പുറത്തേയ്ക്ക് നീങ്ങി. സ്കൂളിലേയ്ക്കുള്ള വഴിയുടെ പകുതിദൂരം താണ്ടിയിരിക്കും അപ്പോഴേയ്ക്കും കന്യകയുടെ ബാഗിനുള്ളില്‍ ഇരുന്നു പാറുവിന്‍റെ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. കന്യക ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ദേവന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവളോട്‌ പറഞ്ഞു.

"ഏതാ മോളെ ഈ ഫോണ്‍...??? എടുക്ക്. ഫോണ്‍ എടുക്ക്. ആരാന്ന് നോക്ക്...!!!"

അവള്‍ അച്ഛനെ നോക്കിക്കൊണ്ട്‌ ബാഗ്‌ തുറന്നു ഫോണ്‍ കൈയിലേയ്ക്ക് എടുത്തു. പരിചിതമല്ലാത്ത ഒരു നമ്പര്‍ ആയിരുന്നു അത്. അലസതയോടെ അതിലേയ്ക്ക് നോക്കി അവള്‍ ഇരിക്കുമ്പോഴേയ്ക്കും അത് നിലച്ചു. അവളത് തിരികെ ബാഗിലേയ്ക്ക് തന്നെ വച്ചു. ദേവന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി എന്നിട്ട് ഉത്ക്കണ്ടയോടെ ചോദിച്ചു.

"ഇതെന്താ പാറൂട്ടീടെ ഫോണ്‍ മോളുടെ കൈയില്‍...?? ആരായിരുന്നു മോളെ..??? എന്താ ന്‍റെ മോളുടെ മുഖം വാടിയിരിക്കുന്നെ...??

അച്ഛന്റെ വാക്കുകള്‍ കേട്ടിട്ടും കന്യക മൌനമായിരുന്നു. ദേവന്‍ തുടര്‍ന്നു ചോദിച്ചു.

"എന്ത് പറ്റി മോളെ...??? കുറച്ചീസമായി അച്ഛനും ശ്രദ്ധിക്കുന്നു. നമ്മുടെ വീടിപ്പോള്‍ പഴയപോലെ അല്ല. ആ കളീം ചിരീം ഒന്നും ഇപ്പോള്‍ നമ്മുടെ വീട്ടിലില്ല. ആദ്യമെല്ലാം അച്ഛന്‍ കരുതീത് അച്ഛന് അപകടം പിണഞ്ഞപ്പോള്‍ എന്‍റെ മക്കള്‍ തളര്‍ന്നുന്നാ. പക്ഷെ, അതിലും മേലെ എന്തോ ഒന്ന് നമ്മുടെ വീട്ടില്‍ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍... അല്ലെങ്കില്‍ അച്ഛന്റെ കന്യൂട്ടി ഇങ്ങനെ ഇരിക്കില്ല.  അച്ഛനറിയാം."

ദേവന്‍റെ വാക്കുകള്‍ കേട്ട കന്യക പെട്ടെന്ന് ഉണര്‍ന്നപോലെ പറഞ്ഞു.

"ഹേയ്..!!! എന്ത്..??? അങ്ങിനെ ഒന്നും ഇല്ല്യച്ചാ...!! ഞാനിങ്ങനെ ഓരോന്ന് ഓര്‍ത്ത് ഇരുന്നു പോയതാ. പിന്നെ നമ്മുടെ വീട്ടിലെ കളീം ചിരീം ഒന്നും മാറീട്ടില്ല. എല്ലാം പഴേ പോലെയാകും. അച്ഛന്‍ നോക്കിക്കോളൂ. പിന്നെ ഇപ്പൊ എങ്ങിനാ അച്ഛാ സന്തോഷിക്കണേ. പാറൂച്ചിയ്ക്ക് വയ്യ. അതോലെ അമ്മയ്ക്കും ഒട്ടും സന്തോഷോല്യ... അങ്ങിനെ ഓരോന്നാലോചിച്ച് ഇരുന്നതാ. ഇനി മുതല്‍ അച്ഛന്റെ കന്യൂട്ടി സന്തോഷായിരിക്കും പോരെ അച്ഛന്..?? അവള്‍ ദേവനെ നോക്കി ചിരിച്ചു.

"അത് മതി അച്ഛന്. മോളെ, ഇത് വക്കാണല്ലോ.. ല്ലെ..???

"സത്യാ അച്ഛാ... ഈ പോന്നുമോളാണെ സത്യം..." അവള്‍ക്കു നേരെ ദേവന്‍ നീട്ടിയ കൈവെള്ളയില്‍ അടിച്ചവള്‍ സത്യം ചെയ്തു.

സ്കൂളിന് മുന്നില്‍ അവളെ ഇറക്കിവിട്ട് പതിവ് പോലെ ദേവന്‍ ചന്തയിലേയ്ക്ക് പോയി. കന്യക മെല്ലെ സ്കൂളിലേയ്ക്ക് നടക്കാന്‍ തുടങ്ങി. സ്കൂളിന്‍റെ പ്രധാന ഗേറ്റും താണ്ടി അവള്‍ മുന്നിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും ബാഗിനുള്ളില്‍ ഇരുന്ന് അവളുടെ ഫോണ്‍ വീണ്ടും ചിലയ്ക്കാന്‍ തുടങ്ങി. അവള്‍ അടുത്തുള്ള മരചില്ലയുടെ തണലില്‍ നിന്നു ആ ഫോണ്‍ ബാഗ് തുറന്നെടുത്തു. പിന്നെ രണ്ടാമതും വന്ന ആ പരിചിതമല്ലാത്ത നമ്പര്‍ അവള്‍ അറ്റന്‍ഡ് ചെയ്തു. അതിലെ തുടക്കവാക്കുകള്‍ തന്നെ അവളുടെ കാതിലേയ്ക്ക്‌ ഇടിയും മിന്നലും മുന്നില്‍ നിന്ന ഒരു പേമാരിപോലെ ചറപറാ പെയ്തിറങ്ങാന്‍ തുടങ്ങി.

"ആരുടേതാണ് ഈ ഫോണ്‍...??? ആരാണ് സംസാരിക്കുന്നത്...???

കന്യകയ്ക്ക് ദേഷ്യം വന്നു. അവള്‍ അതുപോലെ തന്നെ തിരിച്ചടിച്ചു.

"എന്‍റെ ഫോണില്‍ വിളിച്ചിട്ട്... ആരുടെ ഫോണാണന്നോ...??? എന്താ നിങ്ങള്‍ക്ക് വേണ്ടേ...??

"ഇത് പോലിസ് സ്റ്റേഷനില്‍ നിന്നാണ്...!!" അതിലെ അടുത്ത വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.

"അയ്യോ..!!! എന്താ സര്‍...??? കന്യക അതോടെ തീര്‍ത്തും ഭവ്യതയോടെ ചോദിച്ചു. പിന്നെ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്താ രാജശേഖര്‍ അങ്കിള്‍ ഇങ്ങനെ സ്വരം മാറ്റി സംസാരിക്കണേ...???

"ഏതു രാജശേഖരന്‍ അങ്കിള്‍...??? പെങ്ങളെ ഇത് പോലിസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത്." അവര്‍ വീണ്ടും പറഞ്ഞു.

അതിനു മറുപടി ആയി കന്യകയും ഇങ്ങനെ പറഞ്ഞു.

"അതറിയാല്ലോ... അതുകൊണ്ടല്ലേ ഞാന്‍ അങ്ങിനെ ചോദിച്ചേ...!! എന്‍റെ എസ്. ഐ. അങ്കിളേ.. എന്താന്ന് വച്ചാല്‍ പറയണുണ്ടോ..!! കന്യമോള്‍ക്ക് ക്ലാസ്സില്‍ കയറാന്‍ സമയായി..."

പിന്നെ മറുവശത്ത് നിന്നും ഒന്നും കേട്ടില്ല. 

കന്യകയുടെ കണ്ണുകള്‍ കുറുകി. അവളുടെ കൈയിലിരുന്നു ആ ഫോണ്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ മരച്ചുവട്ടിലേയ്ക്ക് മാറി മെല്ലെ ആ മരത്തിലേയ്ക്ക്‌ ചാഞ്ഞു. അവളുടെ നെറ്റിത്തടങ്ങള്‍ ആ പ്രഭാതത്തിലും നന്നേ വയര്‍ക്കാന്‍ തുടങ്ങി. മേല്ച്ചുണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ അവളിലെ ഭീതി എത്രത്തോളം എന്ന് വിളിച്ചറിയിക്കാന്‍ പോന്നതായിരുന്നു. ബാഗിനുള്ളില്‍ കൈയിട്ട് അവള്‍ ഒരു കുഞ്ഞുകുപ്പിയില്‍ വച്ചിരുന്ന വെള്ളം ആര്‍ത്തിയോടെ കുടിച്ചു. ആദ്യത്തെ ചോദ്യത്തില്‍ തന്നെ അവള്‍ അത് പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നാണെന്നത് തിരിച്ചറിഞ്ഞിരുന്നു. രാവും പകലും മനസ്സിനെ പറഞ്ഞുപഠിപ്പിച്ച അവള്‍ ആ ആദ്യപാഠം മനോഹരമായി പൂര്‍ത്തിയാക്കി. എങ്കിലും അവളുടെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. ഇനി ഇന്ന് ക്ലാസ്സില്‍ കയറാന്‍ കഴിയില്ല. അവള്‍ ചിന്തിച്ചു. തിരികെ വീട്ടില്‍ പോകുക തന്നെ. ആ ഒരു ചിന്തകൊണ്ട് അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. എതിരെ വന്ന അവളുടെ കൂട്ടുകാരികള്‍ അവളെ കണ്ടുകൊണ്ട് വഴിയില്‍ നിന്നു. അവരുടെ കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അവള്‍ വീര്‍പ്പുമുട്ടി നിന്നു. അതിലൊരാള്‍ ബാഗ് തുറന്ന് കന്യകയുടെ മുന്നിലേയ്ക്ക് കാട്ടി. എന്നിട്ടവള്‍ പറഞ്ഞു.

"ഇനി ഇതിനായി നീ കടേലും വീട്ടിലും ഒന്നും പോണ്ടാ..." അവര്‍ കൂട്ടമായി പൊട്ടിച്ചിരിച്ചു. കന്യക ചിരിച്ചുവെന്നു വരുത്തി... അവരെ വിട്ടു നടന്നകന്നു.
****************
പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും കക്കിചേരിയിലെ സ്റ്റേഷനിലേയ്ക്ക് അതിവേഗം ഒരു വിളി പാഞ്ഞുചെന്നു. എസ്. ഐ. രാജശേഖര്‍ ഗൗരവത്തോടെ ആ ഫോണിന് മുന്നില്‍ ഇരുന്നു. അയാള്‍ പറഞ്ഞു.

"അതിനെന്താ ഇന്ന് തന്നെ അന്വേഷിക്കാം ശരത്. നോ പ്രോബ്ലം...." പിന്നെ അയാള്‍ അരുകില്‍ നിന്ന പോലീസുകാരനെ നോക്കി പറഞ്ഞു.

"എടോ... ഈ ഞാന്‍ പറയുന്ന നമ്പര്‍ ഒന്നെഴുതി എടുത്തേ...!!

രാജശേഖര്‍ പറഞ്ഞ ആ നമ്പര്‍ അയാള്‍ എഴുതിയെടുത്തു. പിന്നെ കുറച്ചുനേരം കൂടി അയാള്‍ ആ ഫോണില്‍ സംസാരിച്ചിരുന്നു. സമയം മെല്ലെ കടന്നുപോയി. കന്യക കക്കിചേരിയില്‍ വന്നു ബസിറങ്ങി. വീട്ടിലേയ്ക്കുള്ള നടവഴിയില്‍ വച്ച് അവളുടെ ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി. അവള്‍ ബാഗ്‌ തുറന്നു അത് വീണ്ടും കൈയിലെടുത്ത് അറ്റന്‍ഡ് ചെയ്തു. ഇത്തവണ അവള്‍ പ്രതീക്ഷിച്ചപോലെ തന്നെ രാജശേഖര്‍ തന്നെയായിരുന്നു. അവള്‍ ചിരിയോടെ സംസാരിക്കാന്‍ തുടങ്ങി.

"ഇതെന്താ അങ്കിളേ... ഇന്ന് കന്യൂട്ടീടെ ഫോണിലേയ്ക്ക് ഇതെത്രാമത്തെ തവണയാ വിളിക്കണേ...!! ദേ ഞാനൊരു കാര്യം പറയാം ട്ടോ. സ്വരം മാറ്റിയാലോന്നും കന്യൂട്ടിയ്ക്ക് തെറ്റില്ല്യ കേട്ടോ...!!!

പാറുവിന്‍റെ ഫോണ്‍ നമ്പര്‍ രാജശേഖറിനു അറിയില്ല എങ്കിലും, രാജശേഖറുടെ നമ്പര്‍ പാറുവിന്‍റെ ഫോണില്‍ ഉണ്ടായിരുന്നതിനാല്‍ കന്യകയ്ക്ക് ആദ്യം മുതലേ മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ രാജശേഖര്‍ അവളുടെ പ്രതികരണത്തില്‍ ഒട്ടും സംശയം വച്ചില്ല. കാരണം ആ വീട് അയാള്‍ക്ക്‌ സ്വന്തം വീട് പോലെയാണ്. ആ മക്കള്‍ സ്വന്തം മക്കളെ പോലെയും. ആയതിനാല്‍ തന്നെ തന്‍റെ ഫോണ്‍ നമ്പര്‍ അവള്‍ക്കറിയാം എന്നത് അയാള്‍ക്ക്‌ ഒരു വലിയ കാര്യം ആയിരുന്നില്ല. പക്ഷെ, ഈ നമ്പര്‍ പട്ടണത്തിലെ പോലീസുകാര്‍ എന്തിന് തന്‍റെ കൈയില്‍ തരണം. കന്യകയും ഈ കൊലപാതകവും ആയി എന്ത് ബന്ധമാണ് ഉള്ളത്..?? അയാളുടെ മനസ്സാകെ നീറാന്‍ തുടങ്ങി. കന്യകയുടെ കൊഞ്ചലും കളിചിരിയും ഒക്കെ പാഠമായിരുന്ന അയാള്‍ക്ക് മനസ്സാകെ മരവിക്കാനും തുടങ്ങി. അല്‍പ്പനേരം ആലോചിച്ചിരുന്ന രാജശേഖര്‍ പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ വിളിച്ച് ഈ നമ്പറും, അതിലെ ആളിനോടുള്ള തന്‍റെ ബന്ധവും ഒക്കെ അവരോട് പറഞ്ഞു. ഒടുവില്‍, രാജശേഖര്‍ ദേവനന്ദനത്തിലേയ്ക്ക് പട്ടണത്തിലെ പോലീസിനൊപ്പം പോകാം എന്ന് സമ്മതിയ്ക്കുകയും ചെയ്തു.

കന്യക വളരെ വേഗം വീട്ടിലേയ്ക്ക് നടന്നുചെന്നു കയറി. പതിവില്ലാതെ മകള്‍ തിരിച്ചുവരുന്നത് കണ്ട് നന്ദന ഹാളിലേയ്ക്ക് വന്നു.

"ഹും... എന്താടീ...?? എന്താ തിരിച്ചു പോന്നത്..?? ഇന്ന് പഠിത്തമില്ലേ...??

"ഉണ്ടമ്മേ... ഉണ്ട്. വല്ലാത്ത തലവേദന...!! ഞാനിങ്ങ് പോന്നു." പറഞ്ഞുകൊണ്ട് കന്യക സ്വന്തം മുറിയിലേയ്ക്ക് കയറി. നന്ദന അവള്‍ക്കൊപ്പം അകത്തേയ്ക്ക് കയറി. കിടക്കയില്‍ ബാഗ്‌ വച്ചുകൊണ്ട് തിരിഞ്ഞ കന്യകയുടെ കണ്ണുകളിലേയ്ക്ക് നന്ദന സൂക്ഷിച്ചു നോക്കി. കന്യക അമ്മയുടെ പകച്ച കണ്ണുകളെ നോക്കിത്തന്നെ നിന്നു. അപ്പോള്‍ നന്ദന വളരെ സ്വരം താഴ്ത്തി പറഞ്ഞു.

"എന്താ... ഇനി നിന്റെം ഭാവം.. കന്യേ..?? ദേ..!! അമ്മയൊരു കാര്യം പറയാം ട്ടോ. ചേച്ചിയെപ്പോലെ നീയും അമ്മയെ തീ തീറ്റിക്കല്ലേ മോളെ...!!!

നന്ദനയുടെ ചോദ്യത്തോടെ ആ മുറി നിശബ്ദമായി. ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം നിശ്ചലം നിന്ന നന്ദന തുടര്‍ന്നു.

"അമ്മേടെ മനസ്സ് നീറുന്നത് ന്‍റെ മോള്‍ക്കറിയാല്ലോ..??? ഇവളിലെ എന്‍റെ പ്രതീക്ഷ തീര്‍ന്നു. അരുകില്‍ നിന്ന പാറുവിനെ ചൂണ്ടിക്കാട്ടിയാണ് നന്ദന അത് പറഞ്ഞത്. ഇനി നീ കൂടി അമ്മയെ വിട്ടാല്‍... പിന്നെ ഒരുനിമിഷം ഈ അമ്മ ജീവിച്ചിരിക്കില്ല. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഈ അമ്മയെ വേണ്ടങ്കില്‍ പിന്നെന്തിനാ ഈ അമ്മ...!! എന്‍റെ ദേവേട്ടന് ഒരിറ്റ് വിഷോം കൊടുത്ത് ഞാനും ചാവും....നിങ്ങടെ മുന്നില്...!!!!

"അമ്മെ... അമ്മ എന്തൊക്കെയാ ഈ പറേണേ..!! ഇങ്ങനെയൊന്നും പറയല്ലേ അമ്മേ...." കന്യക മുന്നിലേയ്ക്ക് വന്നു നന്ദനയെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പാറു തനിക്കരുകിലെ ചുവരിലേയ്ക്ക് നീങ്ങിനിന്നു. മച്ചിലേയ്ക്ക് മിഴികള്‍ പായിച്ചു നിന്ന പാറുവിന്‍റെ മിഴികളില്‍ നിന്നും അടര്‍ന്ന ചുടുകണ്ണീര്‍ നിലത്തേയ്ക്ക് വീണു ചിതറി.  കന്യക അമ്മയെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. അവളുടെ മനസ്സ് വീണ്ടും ദൃഡമായി. അവള്‍ സ്വയം ചുണ്ടിലേയ്ക്കൊഴുകിവന്ന കണ്ണുനീര്‍ കുടിച്ചുകൊണ്ട് അറിയാതെ പിറുപിറുത്തു.

"ഇല്ല... എന്ത് സംഭവിച്ചാലും ഞാന്‍ പിടി കൊടുക്കില്ല... സത്യം.." നന്ദനയുടെ കാതില്‍ വളരെ പതിയെ വീണ ആ ശബ്ദം  കേട്ട് നന്ദന അവളില്‍ നിന്നും പൊടുന്നനെ മുഖമുയര്‍ത്തി. എന്നിട്ട് ചോദിച്ചു.

"എന്താ കന്യൂട്ടി... നീയിപ്പോള്‍ പറഞ്ഞേ...??

"ഒന്നൂല്ല്യമ്മേ... ഒന്നൂല്ല്യാ...." കന്യക പറഞ്ഞു. നന്ദന ഒന്നും മനസ്സിലാകാതെ മക്കളെ മാറിമാറി നോക്കി നിന്നു. 

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 33

ആ വാര്‍ത്ത കണ്ടു ആദ്യം ശബ്ദിച്ചത് നന്ദന തന്നെയായിരുന്നു. അവളൊരു ചോദ്യത്തോടെയാണ് അത് തുടങ്ങിവച്ചത്. അതും കന്യകയോട്‌ തന്നെ.

"മോളെ..!! ഇതവനല്ലേ...?? ആ തെണ്ടി..???

"ങേ...!! എന്താമ്മേ...?? എന്താമ്മ ചോദിച്ചെ..??

നന്ദനയ്ക്ക് അരിശം വന്നു അവള്‍ പറഞ്ഞു. "നീ പിന്നെ എന്താടീ കണ്ടോണ്ടിരിക്കുന്നെ...?? ഇതവനല്ലേന്ന്... ജിയാസ്സ് മോളെ കൊന്ന ആ പട്ടി...???

പെട്ടെന്ന് കന്യക മറുപടി പറഞ്ഞു. "അതെ അമ്മെ... അവന്‍ തന്നെയാ....!!!

"എന്തായാലും ദൈവം ഒണ്ടെന്നു പറയുന്നത് നേര് തന്നാ മക്കളെ...!! കണ്ടില്ലേ.. ഇന്നല്ലെങ്കില്‍ നാളെ തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടും എന്നത് എത്ര ശെരിയാ ല്ലെ...??? നന്ദന മക്കളോട് ഇത് പറഞ്ഞുകൊണ്ട് നടന്നു സ്വന്തം മുറിയിലേയ്ക്ക് കയറിപ്പോയി. അതോടെ ആധിയോടെ പാറു കന്യകയുടെ അടുത്തേയ്ക്കിരുന്നു. എന്നിട്ടവള്‍ ചോദിച്ചു.

"കന്യേ... എന്താടീ ഇത്...?? ഇത്രേം സമയത്തിനിടെ ഇതെങ്ങിനെ സംഭവിച്ചു... എനിക്കൊന്നും മനസ്സിലാവണില്യ...!!!

"അതാ ചേച്ചി ഞാന്‍ പറഞ്ഞെ.. ഞാനവിടെ ചെന്നിട്ട് അവനെ കണ്ടില്ല്യാന്ന്‍. ഞാന്‍ ചെല്ലുന്നതിനും മുന്നേ ആരോ കൊന്നിട്ടുണ്ടാകും ആ നാശം പിടിച്ചോനെ.." കന്യക പറഞ്ഞു.

അപ്പോള്‍ പാറു അവിശ്വസനീയമായ രീതിയില്‍ അവളെ നോക്കിക്കൊണ്ട്‌ വീണ്ടും പറഞ്ഞു. "ഹോ..!! ഈശ്വരാ വിശ്വസിക്കാന്‍ കഴിയണില്യ. എന്തൊക്കെയാ നടക്കണേ.. ഈ ലോകത്ത്, ല്ലെ കന്യൂട്ടി..."

പാറുവിന്‍റെ വാക്കുകള്‍ കന്യക കേട്ടുവെങ്കിലും അവള്‍ പെട്ടെന്ന് വിഷയം മാറ്റി ചോദിച്ചു. "അതൊക്കെ പോട്ടെ. ഈ കണ്ടോന്‍മാര്‍ ചത്തത് ചിന്തിച്ചിരിക്കാതെ ചേച്ചി പോയ കാര്യം എന്തായി ന്നു പറയ്‌.."

"രണ്ടാഴ്ച കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു..." പിന്നെ അവള്‍ മുഖം കുനിച്ചിരുന്നു വീണ്ടും പറഞ്ഞു. "എടുത്തു കളയാനാ...!!!

"അതെന്താ ചേച്ചി മുഖം കുനിച്ചിരിക്കണേ...??? കളയാന്‍ ഇഷ്ടല്ല്യാന്നുണ്ടോ...???

"ഹേയ്..!!! അങ്ങിനെയൊന്നും ഇല്ല്യ കന്യേ...!!! ആദ്യായിട്ട് എന്‍റെ വയറ്റില്‍ പിറന്നതല്ലേ...?? ഒരു വിഷമം. അതൊന്നും സാരമില്ല. എല്ലാം എനിയ്ക്ക് മനസ്സിലാവുന്നുണ്ട് കന്യൂട്ടി. എല്ലാം. ഇത് പോണം. പോയില്ലേല്‍... ഈ സമൂഹത്തില്‍ നമ്മള്‍ ഒറ്റപ്പെടുന്ന ആ ദിവസം, അതും ഞാന്‍ കാണണുണ്ട്..."

ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ പറഞ്ഞ വാക്കുകള്‍ കന്യക ഒന്നും മിണ്ടാതെ കേട്ടിരുന്നു. ടി. വി. യില്‍ അപ്പോഴും പനീറിന്‍റെ മരണം ചാനലുകള്‍ ആഘോഷമാക്കുകയായിരുന്നു. കന്യകയുടെ അരുകില്‍ നിന്നും പാറുവും എഴുന്നേറ്റ് തന്‍റെ മുറിയിലേയ്ക്ക് പോയി. കന്യക തന്‍റെ കൈയിലിരുന്ന ഫോണ്‍ എടുത്തു ഇന്ദിരയെ വിളിച്ചു. അവള്‍ പറഞ്ഞു.

"ഇന്ദിരയമ്മ കണ്ടോ ടി.വീലെ ന്യൂസ്‌..." പിന്നെ ഒരല്‍പ്പനേരം അവള്‍ ഒന്നും മിണ്ടാതെയിരുന്നു.

അതേസമയം ഇന്ദിര കന്യകയുടെ വാക്കുകള്‍ കേട്ടു ടി.വി ഓണ്‍ ചെയ്തു. വാര്‍ത്തകളും, വിശകലനങ്ങളും കേട്ട അവര്‍ തരിച്ചിരുന്നു. പിന്നെ നിശ്ചലമിരുന്ന ഫോണില്‍ അവര്‍ വീണ്ടും സംസാരിച്ചു. "മോളെ... കാര്യങ്ങള്‍ ആകെ കുഴയുകയാണല്ലോ...?? ഇന്നീപ്പോ ആരാ.. എന്താ..??  ഒരു തുമ്പങ്കിലും കിട്ടിയാല്‍ പിന്നെ അവര് വെറുതെയിരിക്കില്ല... മോള്‍ക്ക്‌ പേടി തോന്നണുണ്ടോ..???

"ഇല്ല്യമ്മേ..!! ഞാനെന്തിനാ പേടിക്കണേ..?? കുറച്ച് നാള്‍ മുമ്പല്ലേ ഇവനെ പിടിയ്ക്കാന്‍ ഇതിലും സന്നാഹമായി ഇവരിറങ്ങീത്.. എന്നിട്ടെന്തായി..?? അമ്മ പേടിക്കണ്ടാ. ഒരു തെളിവ് പോലും ഉണ്ടാവില്യ എനിക്കെതിരെ. പിന്നെങ്ങിനെ പിടിക്കാനാ. പിന്നെ ഫോണ്‍ ചെയ്തതല്ലേ..?? വരട്ടെ.. അമ്മെ വരട്ടെ. അതിനും ഞാന്‍ വഴികണ്ടിട്ടുണ്ട്."

"ഞാനെന്ത് പറയാനാ മോളെ...???

ഫോണ്‍ വയ്ക്കുമ്പോള്‍ത്തന്നെ കന്യകയുടെ മനസ്സ് ആകെ മൂകമായിരുന്നു. അവളുടെ ഉള്ളിന്റെയുള്ളില്‍ ഒരു ഭയം തുടികൊട്ടുന്നുണ്ട്. ഭയക്കേണ്ടത് എന്നെയല്ല. ചേച്ചിയെയാണ്. പോലീസുകാര്‍ എന്തെങ്കിലും ചോദിച്ചാല്‍ ചേച്ചി ഭയന്നു എല്ലാം വിളിച്ചു പറയും. അങ്ങിനെ ആലോചിച്ചപ്പോള്‍ തന്നെ അവള്‍ ഇരിപ്പിടം വിട്ട് എഴുന്നേറ്റു. പിന്നെ വേഗത്തില്‍ മുറിയിലേയ്ക്ക് കയറി വാതിലടച്ചു. അപ്പോഴേയ്ക്കും പാറു വസ്ത്രമൊക്കെ മാറി പുതിയവ ധരിച്ചിരുന്നു. കന്യക പെട്ടെന്ന് പാറുവിന്‍റെ കൈപ്പിടിച്ച്‌ കിടക്കയില്‍ കൊണ്ടിരുത്തി. പാറു അവളെത്തന്നെ നോക്കിക്കൊണ്ട് കിടക്കയിലേയ്ക്കിരുന്നു. അപ്പോള്‍ കന്യക പറഞ്ഞു.

"ചേച്ചീ... ഒരു പ്രശനോണ്ട്....!!"

അതെന്തെന്ന ഭാവത്തില്‍ പാറു അവളെ നോക്കി. അപ്പോള്‍ കന്യക പറഞ്ഞു. "ചേച്ചീ.. ഈ പനീര്‍ നമ്മുടെ ഫോണില് വിളിച്ചിട്ടുണ്ട്. ഒന്നല്ല. പലതവണ. ഇനീപ്പോ അന്വേഷണം നടക്കുമ്പോള്‍ അയാളുടെ ഫോണ്‍ എങ്ങാനും പോലിസ് പരിശോധിച്ചാല്‍ ആദ്യം വരുക ഇവിടേയ്ക്കാകും...!!!

"അയ്യോ..!! കന്യേ.. നമ്മളപ്പോള്‍ എന്ത് ചെയ്യും..." പാറു ആകെ ഭയന്നുകൊണ്ടാണ് അങ്ങിനെ ചോദിച്ചത്. അതോടെ കന്യകയ്ക്കും ആകെ അങ്കലാപ്പായി. അവള്‍ പറഞ്ഞു. എനിക്കറിയാം. ചേച്ചി എല്ലാം കുളാക്കും. അവള്‍ക്കു ദേഷ്യം വന്നു. എന്നിട്ടവള്‍ അല്‍പ്പം നീരസത്തോടെ തന്നെ പറഞ്ഞു.

"ഇതിന്.... ഇതിനെല്ലാം കാരണം ചേച്ചി ഒരാളാ...!!! എന്നിട്ടിപ്പോള്‍ ഈ വല്ലാത്ത ഭയം കാട്ടിയാലുണ്ടല്ലോ. പിന്നെയും നിര്‍ത്താതെ അവള്‍ തുടര്‍ന്നു. ആരും ഇല്ലാണ്ടിരുന്ന സമയത്ത് ഒരുത്തനെ വിളിച്ചിവിടെ കേറ്റാന്‍ ചേച്ചിയ്ക്ക് ഭയം തോന്നിയില്ല. അവനൊപ്പം അവന്‍ വിളിച്ചിടത്തെല്ലാം പോയപ്പോഴും അവന്മാരോടൊപ്പം കിടന്നപ്പോഴും ഒന്നും ചേച്ചിയ്ക്ക് ഭയം തോന്നീല്ല. എന്നിട്ടിപ്പോള്‍..!! ഈ കുടുംബം നശിയ്ക്കുന്നത് കൂടി കാണണോ ഇനി ചേച്ചിയ്ക്ക്...??

കന്യകയുടെ അറുത്തുമുറിച്ച വാക്കുകള്‍ കേട്ട പാറു കരയാന്‍ തുടങ്ങി. കന്യക അവളെ ശ്രദ്ധിക്കാതെ കിടക്കയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് പാറുവിന്‍റെ തോളില്‍ ശക്തിയായി തട്ടിക്കൊണ്ട് പറഞ്ഞു.

"ദേ.. ചേച്ചി ഞാനൊരു കാര്യം പറയാം. പോലീസെങ്ങാനും ഇവിടെ വന്നാല്‍ എനിക്കറിയാം സംസാരിക്കാന്‍. ഇനി അതിനിടയിലാങ്ങണം വന്നേയ്ക്കരുത്. ഞാന്‍ പറഞ്ഞേയ്ക്കാം..."

പറഞ്ഞുകൊണ്ടവള്‍ വേഗതയില്‍ പുറത്തേയ്ക്ക് പോയി. സമയവും മെല്ലെ നീങ്ങുവാന്‍ തുടങ്ങി. പനീറിന്‍റെ ശവശരീരം പോലിസ് അവിടെ നിന്നും മാറ്റി. സന്ധ്യയോടെ ചാനലുകാര്‍ ജിയാസ്സിന്‍റെ വീട് തേടിപ്പിടിച്ച് എത്തി. എത്ര കേണപേക്ഷിച്ചിട്ടും അവര്‍ ഇന്ദിരയെ വെറുതെ വിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്കുത്തരം നല്‍കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവിലായി ഒരുവന്‍ ചോദിച്ചു.

"നിങ്ങളോട് ഒന്ന് ചോദിക്കട്ടെ. മകളുടെ മരണത്തിന് കാരണക്കാരനായ ഇയാളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നിയോ..??

ഇന്ദിര ഒരു ഭ്രാന്തിയെപ്പോലെ തലയില്‍ കൈവച്ച് പിന്നീട് അവരുടെ നേരെ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു. "ദയവുചെയ്ത് ജീവിക്കാന്‍ അനുവദിയ്ക്കണം... എനിയ്ക്കാരുടെ മരണത്തിലും സന്തോഷമില്ല. ഇന്നല്ലെങ്കില്‍ നാളെ ഈശ്വരന്‍റെ കൈയില്‍ അവന്‍ അകപ്പെടും എന്നെനിയ്ക്ക് വിശ്വാസമുണ്ടായിരുന്നു. കക്കിചേരിയിലെ ദേവി തന്ന സമ്മാനാ ഇത്... ഇത്രേ എനിയ്ക്ക് പറയാനുള്ളൂ..."

ചാനലുകാര്‍ ഇന്ദിരയുടെ ഈ വാക്കുകള്‍ പലതവണ കാണിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിഞ്ഞ് ഹാളില്‍ അച്ഛനൊപ്പം ഇരിക്കുമ്പോള്‍ കന്യകയും ആ വാര്‍ത്ത കേട്ടു. നിശ്ചലം എല്ലാം കേട്ടിരുന്ന നന്ദനയും, കന്യകയും പാറുവും പരസ്പരമറിയാത്ത ചിന്തകളിലൂടെ യാത്രയായിരുന്നു. പെട്ടെന്നാണ് ദേവന്‍റെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങിയത്. ദേവന്‍ ഫോണ്‍ കൈയിലെടുത്ത് കൊണ്ട് പറഞ്ഞു.

"മോളെ... കന്യേ ആ ടീവീടെ സൌണ്ട് ഒന്ന് കുറച്ചേ..."

കന്യക റിമോട്ട് എടുത്ത് ടിവിയുടെ സൌണ്ട് കുറച്ചു. ദേവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ചെവിയില്‍ വച്ചു. കന്യക അച്ഛനെ തന്നെ ശ്രദ്ധിച്ചിരുന്നു. ദേവന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനായി അവള്‍ കുറച്ചുകൂടി അയാളുടെ അടുത്തേയ്ക്കിരുന്നു. അപ്പോള്‍ ദേവന്‍ ആശ്ചര്യത്തോടെ ഫോണിലൂടെ ചോദിച്ചു.

"അതെയോ... ഹും കാണുന്നുണ്ട്. ഞങ്ങളും അത് തന്നെയാ കാണുന്നത്. എന്തായാലും അവനിങ്ങനെ ഒടുങ്ങീല്ലോ രാജശേഖരന്‍ സാറെ. ഓഹോ അപ്പോള്‍ അങ്ങിനെയാണോ കാര്യങ്ങള്‍..!!! അത് ശെരി അപ്പോള്‍ നിങ്ങള്‍ക്കല്ലയോ ചാര്‍ജ്. അതെന്താ ആ സ്ഥലം ഈ സ്റ്റേഷന്‍ പരിധിയിലല്ലേ... ഹും. ഓക്കെ. ങാ സുഖായിരിക്കുന്നു. ആരു മോളോ... ഹും അവളും സുഖായിരിക്കുന്നു.... ഓക്കേ കൊടുക്കാം..."

ദേവന്‍ പെട്ടെന്ന് ആ ഫോണ്‍ അവളുടെ കൈയിലേയ്ക്ക് കൊടുത്തു. കന്യകയുടെ നെഞ്ചം ഒന്ന് വിറച്ചു. എങ്കിലും അവള്‍ തന്മയത്വത്തോടെ രാജശേഖരനോട് സംസാരിച്ചു. പിന്നെ നന്ദനയും. പാറു അവസരോചിതമായി അവിടെ നിന്ന് എഴുന്നേറ്റ് മാറുകയും ചെയ്തു. ഒടുവില്‍ നന്ദന ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ ദേവന്‍ നന്ദനയോട് പറഞ്ഞു.

"അവനൊപ്പം... പരിചയമില്ലാത്ത മറ്റൊരുവനെ അവിടെ ഉള്ളോരു കണ്ടിട്ടുണ്ടെന്ന്. പിന്നെ പട്ടണത്തിലെ പോലിസിനാ ചാര്‍ജ്. ങാ... എന്തായാലും അവനെക്കൊണ്ടുള്ള ശല്യം തീര്‍ന്നു. ആരായാലും അത് ചെയ്തോന് നല്ലത് വരട്ടെ..."

അച്ഛന്‍റെ വാക്കുകള്‍ കന്യകയ്ക്ക് സന്തോഷം നല്‍കി. അവള്‍ ദേവനോട് ചിണുങ്ങാന്‍ തുടങ്ങി. അച്ഛന്റെ അരുകിലേയ്ക്ക് ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ ചോദിച്ചു. "അപ്പോള്‍ അച്ഛന്‍ ചിന്തിക്കുന്നത് ഇവനെ കൊന്നോനെ പോലിസ് പിടിക്കണ്ട എന്നാണോ...???

"അതെ മോളെ... നിയമോം കുന്തോം ഒന്നും നോക്കിയല്ല ഞാന്‍ പറയുന്നേ. സമൂഹത്തിന് നാശം ചെയ്യുന്നോന്‍ നശിയ്ക്കണം. അതേത് വഴിയായാലും..." ദേവന്‍ പറഞ്ഞു.

"അപ്പേ... മോള് ചോദിച്ചേന് ഉത്തരം തന്നില്ലാ...." കന്യക വീണ്ടും പറഞ്ഞു.

" എന്താ... മോളെ..???? ദേവന്‍ ചോദിച്ചു.

"അവനെ കൊന്നോനെ പോലീസ് പിടിയ്ക്കോ...???

"പിടിയ്ക്കും മോളെ. പിടിയ്ക്കും. കാരണം എന്തൊക്കെയായാലും. നിയമം കൈയിലെടുക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പോലീസിന് കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ ആരായാലും പിടിയ്ക്കപ്പെടും മോളെ..."

ദേവന്‍റെ വാക്കുകള്‍ കേട്ടുകൊണ്ട് അവള്‍ അച്ഛന്റെ വലംകൈയിലേയ്ക്ക് ചാഞ്ഞു. അയാളുടെ കൈയില്‍ കെട്ടിപ്പിടിച്ചിരുന്ന അവളുടെ നെഞ്ചിടിപ്പ് ദേവന് കേള്‍ക്കായിരുന്നു. അവളുടെ നിശ്വാസത്തിന്‍റെ ചൂട് ദേവന്‍റെ കൈകളില്‍ തട്ടിപ്പുകഞ്ഞു. അച്ഛന്‍റെ വാക്കുകള്‍ മുറിയ്ക്കുള്ളില്‍ ഇരുന്ന് പാറുവും കേള്‍ക്കുന്നുണ്ടായിരുന്നു. മൂകമായ നിമിഷങ്ങള്‍ മെല്ലെ മെല്ലെ വീണുടഞ്ഞു.

ഒടുവിലെത്തിയ അന്ധകാരം ആ മുറികളില്‍ വ്യാപിച്ചപോലെ കന്യകയുടെ നെഞ്ചിനുള്ളിലും വന്നണഞ്ഞു. ഉറങ്ങാന്‍ ചേച്ചിയ്ക്കൊപ്പം കിടക്കുമ്പോഴും അവളുടെ മനസ്സില്‍ തട്ടി കേട്ടുക്കൊണ്ടിരുന്നത് അച്ഛന്റെ ആ വാക്കുകള്‍ തന്നെയായിരുന്നു.

"പിടിയ്ക്കും മോളെ. പിടിയ്ക്കും. കാരണം എന്തൊക്കെയായാലും. നിയമം കൈയിലെടുക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പോലീസിന് കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ ആരായാലും പിടിയ്ക്കപ്പെടും മോളെ..."

അവള്‍ കണ്ണുകള്‍ മുറുകെയടച്ചു. ഉറക്കം അന്നവളുടെ കണ്ണുകളെ തഴുകിയതേയില്ല. അവള്‍ ചിന്തിച്ചു. അച്ഛന്‍ പറയുന്നത് സത്യായാല്‍ താന്‍ പിടിയ്ക്കപ്പെടും. അങ്ങിനെ വന്നാല്‍ എല്ലാം ഈ ലോകമറിയും... !!! അവള്‍ പോലുമറിയാതെ ഇരുകകൈകളും ഇടനെഞ്ചില്‍ വന്നു ചേര്‍ന്ന് കൂപ്പി. അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

"അമ്മേ... മഹാമായേ..!! കാത്തോളണേ. ഈ കേസില്‍ കന്യക പിടിക്കപ്പെട്ടില്ലെങ്കില്‍ അമ്മേടെ മുന്നില്‍ ഈ കന്യക വൃതം പിടിച്ച് തീവെട്ടിയെടുത്ത് തുള്ളാമേ...."

(തുടരും)
ശ്രീ വര്‍ക്കല


നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 32

പ്രപഞ്ചം ഒന്നാകെ തന്‍റെ കാല്‍ച്ചുവട്ടില്‍ കിടന്ന് കറങ്ങുന്നത് പോലെ തോന്നി ഇന്ദിരയ്ക്ക്. അവര്‍ ചിന്തിച്ചു. തന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍ക്കുന്നത് പതിനേഴ്‌ വയസ്സ് പോലും തികയാത്ത ഒരു പാവം പെണ്‍കുട്ടിയാണ്. ഇനിയും ഒരുപാട് കാലം ജീവിക്കേണ്ടൊരു പെണ്കുരുന്നു. ഈ കാലമത്രയും തന്നാലോ കക്കിചേരിയിലെ സ്ത്രീ ജനങ്ങളാലോ, എന്തിനേറെ തന്‍റെ പ്രിയപ്പെട്ട പുത്രി ജിയാസ്സിനെക്കൊണ്ട് പോലും കഴിയാത്ത ഒരു പ്രവൃത്തി ചെയ്തിട്ടാ അവള്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. അവര്‍ അവളെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു.

"മോളെ...!!! കന്യകേ.. മോളീ പറേണത് സത്യാണോ....???

"അതെ അമ്മെ... ഞാന്‍ ചെയ്തു. ജിയാസ്സേച്ചിയെപ്പോലെ ഞാനും അയാളാല്‍ നശിപ്പിക്കപ്പെടും എന്നൊരു ഘട്ടം വന്നപ്പോള്‍ എന്‍റെ മുന്നില്‍ ഇതല്ലാതെ മാര്‍ഗമൊന്നും ഇല്ലായിരുന്നു അമ്മെ.!!... ഞാന്‍ ചെയ്തു അമ്മെ.... ചെയ്തു..."

"അപ്പോള്‍ ഇത് മോള്‍ക്കല്ലാതെ പിന്നാര്‍ക്കറിയാം...?? അവര്‍ ചോദിച്ചു.

"ആര്‍ക്കുമറിയില്ലമ്മേ... ആര്‍ക്കുമറിയില്ല..." പറഞ്ഞുകൊണ്ടവള്‍ തലയുയര്‍ത്തി ഇന്ദിരയുടെ മുഖത്തേയ്ക്കു നോക്കി.

ഇന്ദിര പിന്നെ ഒട്ടും സമയം കളയാതെ കന്യകയെ ചേര്‍ത്ത് പിടിച്ച് അരുകിലെ സോഫയിലേയ്ക്കിരുന്നു. പിന്നെ നടന്നതെന്താണെന്ന് അവര്‍ അവളോട്‌ ചോദിച്ചു. കന്യക അവിടെ നടന്നത് അവരോട് വിശദീകരിക്കാന്‍ തുടങ്ങി.
**********************
അടുക്കളയില്‍ നിന്നും നന്ദന പാറുവിന്‍റെ മുറിയിലേയ്ക്ക് വന്നു. വെറുപ്പോടെ അവള്‍ പാറുവിനോട് ചോദിച്ചു.

"ഉം... കന്യക എവിടെപ്പോയീന്നു നീ കണ്ടോ...??

"ഇല്ലമ്മേ... ഞാന്‍ കണ്ടീല....." അവള്‍ തെല്ലു ഭയത്തോടെ പറഞ്ഞു.

"ഹും.... വേഗം ഭക്ഷണം കഴിച്ച് ഒരുങ്ങിക്കോളണം..." ഇത്രയും പറഞ്ഞുകൊണ്ട്  മുഖം തിരിച്ചവര്‍ നടന്നകന്നു.

നന്ദന അടുക്കളയില്‍ പാത്രങ്ങള്‍ എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുന്ന ശബ്ദം പതിവിനു വിപരീതമായി പാറുവിന് കേള്‍ക്കാമായിരുന്നു. അവള്‍ക്കത് മനസ്സിലാകുമായിരുന്നു. തന്നോടുള്ള വെറുപ്പും ദേഷ്യവും ഒക്കെ അമ്മ കാണിയ്ക്കുന്നത് ആ പാത്രങ്ങളോടാകാം... അവള്‍ സ്വയം ചിന്തിച്ചു. അമ്മയെ എന്തിനു കുറ്റപ്പെടുത്തണം. ഒരു വാക്ക് കൊണ്ടോ ശരീരം കൊണ്ടോ നോവിക്കാത്ത ആ അമ്മ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ ഇവിടെ ഈ മുറിയിലെവിടെയെങ്കിലും ആ പാവം തളര്‍ന്നു വീഴാം. അതുമല്ല ഇതുവല്ലതും അപ്പയറിഞ്ഞാല്‍.... പിന്നെ അമ്മ പതറിപ്പോകും. കാര്യങ്ങള്‍ ഒക്കെ തകിടം മറിയും. അവളുടെ ചിന്തകള്‍ അവളിലെ സ്ഥലകാലബോധത്തെ മെല്ലെ മറയ്ക്കാന്‍ തുടങ്ങി. പാറു പിന്നെ ഒന്നും ചിന്തിച്ചില്ല. ഭ്രാന്തമായ വേഗത്തോടെ അവള്‍ ആ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. നേരെ അടുക്കളയിലേയ്ക്ക് നടന്ന അവള്‍ അവള്‍ക്ക് എതിര്‍ദിശയില്‍ നിന്നിരുന്ന നന്ദനയുടെ പുറകില്‍ ചെന്നു. പിന്നെ അമ്മയെ പിടിച്ചുവലിച്ചു തിരിച്ചു. ബലമായി പിടിച്ച നന്ദനയുടെ കൈകള്‍ കൊണ്ട് അവള്‍ അവളെ തന്നെ സ്വയം തലങ്ങും വിലങ്ങും അടിയ്ക്കാന്‍ തുടങ്ങി. എന്നിട്ട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"എന്നെ ഒന്ന് അടിച്ചൂടെ അമ്മെ.... എന്തേലും ഒന്ന് പറഞ്ഞൂടെ അമ്മെ ങ്ങള്‍ക്ക്...!! ഞാനല്ലേ അമ്മെ തെറ്റ് ചെയ്തേ. നമ്മുടെ കുടുംബത്തിന് പൊറുക്കാന്‍ പറ്റാത്ത തെറ്റല്ലേ അമ്മെ ഞാന്‍ ചെയ്തേ... ഇങ്ങനെ എന്നോട് മിണ്ടാതിരിക്കല്ലേ അമ്മെ.... ഇങ്ങനെ എന്നോട് വെറുപ്പ്‌ കാട്ടല്ലേ അമ്മെ...."

പെട്ടെന്നുള്ള പാറുവിന്‍റെ ഈ പ്രവൃത്തി നന്ദനയെയും, അവിടെയുണ്ടായിരുന്ന പായീമ്മയെയും അത്ഭുതപ്പെടുത്തി. അവളുടെ വാക്കുകളും പ്രവൃത്തിയുമൊക്കെ കണ്ട നന്ദന സ്വയം മറന്നു നിന്നു. പൊടുന്നനെ പായീമ്മ പാറുവിന്‍റെ കൈകളില്‍ കടന്നു പിടിച്ചു. പിന്നെ അവളെ പിടിച്ചു വലിച്ചു മാറ്റി. അതോടെ നന്ദന അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാഞ്ഞു. അവള്‍ നിയന്ത്രണം വിട്ടു കരയാനും തുടങ്ങി. പായീമ്മ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നു. ഒടുവില്‍ പാറുവിനോട് അവര്‍ ചോദിച്ചു.

"എന്ത് പറ്റീതാ ഭഗവാനെ ഈ വീട്ടില്...??? എത്ര സമാധാനായിട്ട് കഴിഞ്ഞ കുടുംബാ... എന്താ മോളെ ഇവിടെ പറ്റിയേ...!!!

"ഒന്നൂല്ല... പായീമ്മേ... ഒന്നൂല്ലാ...." പറഞ്ഞുകൊണ്ട് കന്യക അപ്പോള്‍ അതിനകത്തേയ്ക്ക് കയറി വന്നു. പിന്നെ പാറുവിനോട് തിരിഞ്ഞു ചോദിച്ചു.

"എന്താ ചേച്ചീ ഈ കാണിച്ചത്..??? അമ്മ ഒന്ന് വഴക്ക് പറഞ്ഞാല്‍ ഇങ്ങനാണോ ചേച്ചീ അമ്മയോട് പെരുമാറണേ...!!

അവളുടെ വാക്കുകേട്ട് പാറു തലകുനിച്ചു നിന്നു. അതോടെ കന്യക അമ്മയുടെ നേരെ തിരിഞ്ഞു. എന്നിട്ട് പറഞ്ഞു.

"അമ്മ എന്തിനാ അമ്മെ ഇങ്ങനെ വിഷമിക്കണേ...?? ഞാന്‍ പറഞ്ഞില്ലേ അമ്മെ... അപ്പയെ ഓര്‍ത്തെങ്കിലും ഒന്ന് മിണ്ടാതിരിക്കാമോ രണ്ടാള്‍ക്കും..."

പറഞ്ഞുകൊണ്ട് അവള്‍ തലയില്‍ കൈവച്ചു അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാരി നിന്നു. അപ്പോഴേയ്ക്കും ദേവന്‍ കൈകഴുകി അകത്തേയ്ക്ക് കയറി വന്നു. അയാളുടെ വിളികേട്ട് നന്ദന നിന്നയിടത്ത് നിന്നു ഒന്ന് ചലിച്ചു. പാറു വേഗത്തില്‍ തന്‍റെ മുറിയിലേയ്ക്ക് നടന്നു. കന്യക ഒന്നും മിണ്ടാതെ ഹാളിലേയ്ക്ക് പോയി. വേഗത്തില്‍ നടന്നു പോകുന്ന പാറുവിനെ കണ്ട ദേവന്‍ കന്യകയോട്‌ "എന്താ ഇവള് ഗര്‍വിച്ചു പോകുന്നത് എന്ന് ആംഗ്യഭാക്ഷയില്‍ ചോദിച്ചു. കന്യക അച്ഛനോട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"ചേച്ചി അമ്മയുമായിട്ട്‌ പിണക്കാ അച്ഛാ......!!!

ദേവന്‍ കന്യകയുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു. "അതെന്താടാ ഇത്രേം വലിയൊരു പിണക്കം..."

അതോടെ കന്യക അടുക്കളയില്‍ നില്‍ക്കുന്ന നന്ദനയും, മുറിയില്‍ നില്‍ക്കുന്ന പാറുവും കേള്‍ക്കെ ദേവനോട് പറഞ്ഞു.

"അല്ലെങ്കില്‍ അപ്പ തന്നെ പറ. ലോകത്തില്‍ ആരും ചര്‍ദ്ദിക്കില്ലേ..?? ഇതിപ്പോ എത്ര തവണയെന്നാ...!!! അമ്മ പറയുകാ ഇനി പറ്റില്യാ ആശുപത്രീല്‍ പോകണോന്ന്. ചേച്ചി പറയുകാ കുഴപ്പമില്ലെന്ന്..."

"അല്ല... മോളെന്തു പറയുന്നു...??? ദേവന്‍ അവളോട്‌ ചോദിച്ചു.

"ഞാനെന്ത് പറയാനാ അച്ഛാ... പോകണോന്ന് തന്നാ ഞാന്‍ ചേച്ചിയോട് പറയുന്നേ..." ഒന്ന് ആശുപത്രി വരെ പോയാല്‍ തീരാവുന്ന പ്രശ്നെ ഉള്ളൂ ഈ വീട്ടില്... ഇവരും രണ്ടാളും കൂടി ഇങ്ങനെ രണ്ടിടത്ത് നിന്നാല്‍ അപ്പേ കാര്യങ്ങള്‍ വഷളാവുകയേ ഉള്ളൂ... കന്യൂട്ടി പറഞ്ഞേക്കാം..." കന്യക ഇത് പറഞ്ഞു തീരുമ്പോള്‍ തന്നെ ദേവന്‍ പാറുവിനെ വിളിച്ചു കഴിഞ്ഞു.

"പാറുവേ.... മോളെ പാറു...!!!!

"എന്താ..അച്ഛാ..." വിളികേട്ട് കൊണ്ട് അവള്‍ വാതില്‍ക്കലേയ്ക്ക് വന്നു നിന്നു. അപ്പോള്‍ ദേവന്‍ പറഞ്ഞു.

"മോള് വേണ്ടതെന്തെന്ന് വച്ചാല്‍ കഴിച്ചേച്ച് ആശുപത്രീല് പോകണം. അമ്മയെ വേണേല്‍ അമ്മയെ കൂട്ടീട്ട് പോ... അതല്ല കന്യൂട്ടിയെ വേണേല്‍ അങ്ങിനെ. പക്ഷെ മോള് പോണം. ഇതിങ്ങനെ വച്ചോണ്ടിരിക്കാന്‍ പാടില്ല... ട്ടോ.."

പാറു ഉവ്വ് എന്ന് തലകുലുക്കി സമ്മതിച്ചു. അപ്പോള്‍ തന്നെ അയാള്‍ അടുക്കളയിലേയ്ക്ക് നോക്കി നന്ദനയെ വിളിച്ചു.

"നന്ദൂ... നീ കേട്ടോ ഇവിടെ പറഞ്ഞതെല്ലാം....????

"ഉവ്വ്... ഞാന്‍ കേട്ടു. പറഞ്ഞുകൊണ്ട് അവര്‍ വാതില്‍പ്പടിയിലെയ്ക്ക് വന്നു നിന്നു. നന്ദനയുടെ കലങ്ങിയ കണ്ണുകളും ദുഃഖം നിഴലിച്ച മുഖവും കണ്ട ദേവന്‍ മെല്ലെ അവളുടെ അരുകിലേയ്ക്ക് ചെന്നു. പിന്നെ തല കുനിച്ചു നിന്ന നന്ദനയോട് ചോദിച്ചു. "

"നന്ദൂ... ദേ എന്‍റെ മുഖത്തേയ്ക്ക് നോക്ക്..!!

നന്ദന മുഖമുയര്‍ത്തി ദേവനെ നോക്കി. അപ്പോള്‍ ദേവന്‍ തെല്ലു വിഷമത്തോടെ ചോദിച്ചു.

"എന്തുപറ്റി നന്ദു...?? നീ വല്ലാണ്ട് വിഷമിക്കുന്നുണ്ടല്ലോ...??? എന്താ ഇവിടെ നടക്കുന്നേ...??

ദേവന്‍റെ ചോദ്യം കന്യകയുടെയും, പാറുവിന്റെയും നന്ദനയുടെയും നെഞ്ചില്‍ ചാട്ടുളി പോലെ പാഞ്ഞു. കന്യകയ്ക്കറിയാം ഇനി ഒരു തവണ കൂടി അച്ഛന്‍ ചോദിച്ചാല്‍ അമ്മ അച്ഛന്റെ നെഞ്ചില്‍ ആര്‍ത്തലച്ചു വീഴും. എല്ലാം കരഞ്ഞുകൊണ്ട്‌ തുറന്നു പറയും. പിന്നെ അവള്‍ക്കൂഹിക്കാന്‍ പോലും സാധിച്ചില്ല. പെട്ടെന്ന് തന്നെ അവള്‍ അവര്‍ക്കിടയിലേയ്ക്ക് ചെന്നു.

"അയ്യേ...!! അമ്മെ എന്തായിത്...?? അമ്മയ്ക്ക് വയ്യ എങ്കില്‍ അമ്മ പറയ്. ഞാനും അച്ഛനും കൂടി ചേച്ചിയെ കൊണ്ട് പോകാം..."

പക്ഷെ കന്യകയുടെ ആ ചോദ്യം നന്ദന ഒരു ഞെട്ടലോടെയാണ് കേട്ടത്. പെട്ടെന്ന് തന്നെ അവള്‍ പറഞ്ഞു.

"നീ പോവ്വേ...!! അത് കൊള്ളാല്ലോ ഞാനിവിടെ ജീവിച്ചിരിക്കുമ്പോഴോ...??? എന്നിട്ടവള്‍ അല്‍പ്പം ക്രുദ്ധയായി കന്യകയെ നോക്കി. ആ നോട്ടത്തില്‍ കന്യകയും ദേവനും ഒപ്പം നന്ദനയും പൊട്ടിപ്പൊട്ടിചിരിച്ചു....
***************
ഭക്ഷണം കഴിഞ്ഞു കന്യക മുറിയിലേയ്ക്ക് കയറി. പെട്ടെന്ന് അവളുടെ ബാഗിലിരുന്ന പാറുവിന്‍റെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി. ധൃതിയില്‍ അവള്‍ ചെന്നു അതെടുത്തു. പിന്നെ അത് ചെവിയിലേയ്ക്ക് ചേര്‍ത്തുവച്ചു. ആ ഫോണിലെ വാക്കുകളുടെ നീളത്തിനൊപ്പം അവളുടെ മുഖത്തും ഭാവഭേദങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ ആ ഫോണില്‍ അവള്‍ മറുപടി പറഞ്ഞു.

"ഉവ്വ്... വിളിച്ചിരുന്നു അമ്മെ. പലതവണ.... പക്ഷെ, തിരക്കില്‍.... തിരക്കില്‍ ഞാനത് ഓര്‍ത്തില്ലമ്മേ...!! ദൈവമേ.. ആകെ പ്രശ്നമാകുമല്ലോ അമ്മെ...?? ഒടുവില്‍ വിളിച്ച നമ്പരുകളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ അവര്‍ ആദ്യം തേടി വരുന്നത് ഇവിടേയ്ക്കാകും...ഞാനിനി എന്താ അമ്മെ ചെയ്കാ....!! പറഞ്ഞുകൊണ്ട് കന്യക തന്‍റെ തലയില്‍ കൈവച്ചു. പിന്നെ സ്വയം തളരാന്‍ തുടങ്ങി. ഇതെല്ലാം കേട്ടുനിന്ന പാറു അതോടെ അവളുടെ അരുകിലേയ്ക്ക് വന്നു. എന്നിട്ട് കന്യകയ്ക്ക് മാത്രം കേള്‍ക്കും വിധം അവള്‍ ചോദിച്ചു.

"എന്താ... കന്യൂട്ടി..?? നീയിത്ര വിഷമിക്കാന്‍ മാത്രം ഇപ്പോള്‍ എന്താ പറ്റിയേ...??

"ഒന്നൂല്ല്യ ചേച്ചി...!!! ചേച്ചി  ഒന്ന് പോവണുണ്ടോ ന്‍റെ മുന്നീന്ന്... എനിക്കൊത്തിരി സ്വൈര്യം തരൂ ചേച്ചീ..."

പാറു ഒന്നും മിണ്ടാതെ കുളിപ്പുരയിലെയ്ക്ക് കയറി. പിന്നീട് അവള്‍ കുളിച്ച് ഒരുങ്ങി അമ്മയ്ക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോകുന്നത് വരെ കന്യക ആ കിടക്കയില്‍ തളര്‍ന്നു കിടന്നു. വീട്ടുജോലികള്‍ എല്ലാം കഴിഞ്ഞ് പായീമ്മ അവരുടെ വീട്ടിലേയ്ക്ക് പോയി. ദേവന്‍ തന്‍റെ തോട്ടത്തിലും. അപ്പോള്‍ കന്യക കിടക്ക വിട്ടെഴുന്നേറ്റു. പിന്നെ ആ മുറിയില്‍ ഇടം വലം നടന്നുകൊണ്ടവള്‍ ചിന്തിച്ചു.
*****************
ചാരിയിട്ടിരുന്ന ലോഡ്ജ് മുറിയുടെ വാതിലിന് മുന്നില്‍ അല്‍പ്പം ശങ്കിച്ചു നിന്നയാള്‍. പിന്നെ രണ്ടും കല്‍പ്പിച്ച് ആ കതകില്‍ തട്ടി. പതിവ് പോലെ ആ മുറിയിലേയ്ക്ക് ചായയും കൊണ്ട് വരാറുള്ള അയാള്‍, അകത്തു നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോള്‍ മെല്ലെ ആ കതകു തള്ളിത്തുറന്നു. പിന്നെ മെല്ലെ അതിനകത്തേയ്ക്ക് കയറിയ അയാള്‍ കഴുത്ത് മുറിഞ്ഞു ചോരയില്‍ കുളിച്ചു കിടക്കുന്ന പനീറിന്റെ ശവം കണ്ടു ഭയന്നു പിന്നിലേയ്ക്ക് മാറി. അയാളുടെ കൈയിലിരുന്ന ചായഗ്ലാസ് കൈവിട്ട്  മുറിയില്‍ വീണുടഞ്ഞു.  പിന്നെ ഒരു നിലവിളിയോടെ അയാള്‍ പുറത്തേയ്ക്ക് ഓടി. ലോഡ്ജിന് പുറത്ത് അവിടവിടെ റോഡിലായി നിന്നിരുന്ന ആളുകളോട് ഒരു വിറയലോടെ അയാള്‍ പറഞ്ഞു.

"ആ മുറിയ്ക്കകത്ത് അയാള്‍ ചത്തു കിടക്കുന്നു.... ആ തമിഴന്‍ ചത്തു കിടക്കുന്നു..."

അയാളുടെ വാക്ക് കേട്ടവര്‍ കേട്ടവര്‍ ആ ലോഡ്ജിനുള്ളിലേയ്ക്കും, പിന്നെ ആ മുറിയ്ക്കുള്ളിലേയ്ക്കും കടന്നുകയറി. മിന്നല്‍ വേഗത്തില്‍ ആ വാര്‍ത്ത പരന്നു. പോലീസും മാധ്യമപ്രവര്‍ത്തകരും അവിടേയ്ക്ക് പാഞ്ഞെത്തി. തുരുതുരെ ക്യാമറകള്‍ മിന്നാന്‍ തുടങ്ങി.
*****************
സമയം മെല്ലെ നീങ്ങി...  കന്യകയുടെ ചിന്തകള്‍ അവളെ വല്ലാതെ ആകുലയാക്കി. അവള്‍ വ്യസനത്തോടെ ഹാളിലേയ്ക്ക് മന്ദം മന്ദം വന്നു. പിന്നെ സോഫയിലേയ്ക്ക് ഇരുന്നുകൊണ്ട് ടി.വിയുടെ സ്വിച്ച് ഓണ്‍ ചെയ്തു. അത് മെല്ലെ തെളിഞ്ഞുവരവേ, അതില്‍ തന്നെ നോക്കിയിരുന്ന കന്യകയുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങി. അതിലെ വാര്‍ത്ത അവളുടെ നെഞ്ചമിടിപ്പ് കൂട്ടി. അവള്‍ അതിലേയ്ക്ക് തന്നെ സാകൂതം നോക്കിയിരുന്നു. അപ്പോഴേയ്ക്കും ആശുപത്രിയില്‍ നിന്നും നന്ദനയും, പാറുവും വീട്ടിലേയ്ക്ക് വന്നു കയറി. അവരും അവള്‍ക്കൊപ്പം ആ വാര്‍ത്ത കേട്ടുകൊണ്ട് സ്തബ്ധരായി നിന്നു...

(തുടരും)
ശ്രീ വര്‍ക്കല

കഥ
മഴയും.... ഞാനും...!!!

പടിഞ്ഞാറന്‍ കാറ്റിന് അന്ന് വല്ലാത്ത വേഗതയായിരുന്നു. വീട്ടുമുറ്റത്തെ അരളിചെടിയുടെ കൊമ്പിലൊന്ന് ഒടിഞ്ഞു തൂങ്ങി. മുറ്റം നിറയെ മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ജമന്തി ചെടികള്‍ ആ കാറ്റേറ്റ് ചാഞ്ഞ് നിലത്തേയ്ക്കൊട്ടി കിടന്നു. കിളിമരച്ചില്ലയില്‍ കൂടൊരുക്കി, അതില്‍ മുട്ടയിട്ട് കാത്തിരുന്ന കരിയിലക്കിളി വാലിളക്കി വല്ലാതെ കരയാന്‍ തുടങ്ങി. ഒരു പെരുമഴയുടെ വരവറിയിച്ചുകൊണ്ട് അന്തരീക്ഷം മുഖം മൂടിക്കെട്ടി നിന്നു.വരാന്തയിലെ ഇടറിയ വെളിച്ചത്തില്‍ ഏകനായി അവനിരുന്നു. അവന്‍റെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു.
*****************
അന്നും, മഴ വരുന്നതറിഞ്ഞ് പുറത്ത് ഉണങ്ങാനിട്ടിരുന്ന തുണികളും, വിറകുമെല്ലാം വീട്ടിനുള്ളിലേയ്ക്ക് സ്വരുകൂട്ടി വയ്ക്കാനായി അവന്‍റെ അമ്മ പുറത്ത് പരക്കം പായുകയായിരുന്നു. ഇടയ്ക്ക് പുറത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞു.

"മോനെ...!!! സച്ചൂട്ടി, ഈ വിറകൊക്കെ ഒന്നെടുക്കാന്‍ സഹായിക്കടാ...!!!.. ദേ നീ കണ്ടില്ലേ മഴയിങ്ങെത്തി."

സ്വന്തം ചിന്തകള്‍ അവനെ മഥിച്ചുകൊണ്ടിരുന്നു. അവനാ വിളി കേട്ടില്ല. കാരണം മനസ്സ് നിറയെ അവളായിരുന്നു. അവള്‍ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ പുസ്തകക്കൂട്ടങ്ങള്‍ ആയിരുന്നു. പിന്നെ അവളുടെ മുഖമടച്ച ആട്ടും....

"നാണമില്ലേടോ തനിയ്ക്കൊക്കെ...??? രാവിലെ ഇറങ്ങിക്കോളും ഓരോരുത്തന്മാര്. പ്രേമമാണ് പോലും പ്രേമം. ആദ്യം താന്‍ ചെല്ല്. എന്നിട്ട്, വീട്ടില്‍ അമ്മേം പെങ്ങളും ഒണ്ടേല്‍ അവരെ സ്നേഹിക്കാന്‍ പഠിയ്ക്ക്. സമയമാകുമ്പോള്‍ അവര് തീരുമാനിയ്ക്കും താന്‍ ആരെ സ്നേഹിക്കണോന്ന്‍. അന്ന് ഞാനാണ് തനിയ്ക്ക് വിധിച്ചോങ്കി ഞാന്‍ വരാം തന്ടോടെ. അല്ല പിന്നെ.....!!!

മഴ ആര്‍ത്തുപെയ്യാന്‍ തുടങ്ങി. അവന്‍ എഴുന്നേറ്റ് ജനാലയിലൂടെ കൈയ് പുറത്തേയ്ക്കിട്ടു. തണുപ്പ് കൈകളെ പൊതിയുമ്പോള്‍ അവന്‍ വിഷാദം മറന്നു സ്വയം പറഞ്ഞു.

"എന്ത് സുഖാ ഈ മഴയ്ക്ക്‌...!!!

"മോനെ.... സച്ചൂട്ടി....!!!! വീണ്ടും അമ്മയുടെ വിളി.

"ഹും... എന്താ ഈ അമ്മയ്ക്ക്. പഠിച്ചിട്ട് വന്നതല്ലേ ഉള്ളൂ. ഒന്നിരിക്കാന്‍ കൂടി സമ്മതിയ്ക്കില്ലാന്ന് വച്ചാല്‍..!! മുറുമുറുത്തുകൊണ്ട്, മനസ്സില്ലാമനസ്സോടെ അവന്‍ അവിടെ നിന്നും അടുക്കളയിലേയ്ക്ക് ചെന്നു. കോളേജില്‍ നിന്നും വന്നയുടനെ അവനു കഴിയ്ക്കാനായി അരിമാവില്‍ മധുരം വച്ച് അമ്മയുണ്ടാക്കിയ "ഉണ്ടയപ്പം" അടുക്കളയിലെ സ്ലാബിന്‍റെ മുകളില്‍ അത് പകര്‍ന്നു വച്ച പാത്രത്തില്‍ ചൂട് മാറാതെയിരിപ്പുണ്ടായിരുന്നു. അതിനരുകില്‍ ഒരുപാത്രത്തില്‍ ചായയും. അവന്‍ അതിലെല്ലാം ഒന്ന് നോക്കി വീണ്ടും മുറുമുറുത്തു.

"നാശം... ഈ മഴയ്ക്കും കാറ്റിനും വരാന്‍ കണ്ട ഒരു സമയം..."

ഇങ്ങനെ പറഞ്ഞുകൊണ്ട് അരുകിലിരുന്ന പാത്രത്തില്‍ നിന്നും ചൂട് മാറാത്ത ഉണ്ടയപ്പത്തില്‍ ഒന്നവന്‍ കൈയിലെടുത്തു. ഉള്ളംകൈയിലെ ചൂട് സഹിയ്ക്കാന്‍ കഴിയാതെ അതവന്‍ ഇടതും വലതും കൈകളില്‍ ഇട്ട് അമ്മാനമാടി. പിന്നെ വേഗതയില്‍ അതില്‍ ഒരു കഷണം കടിച്ചെടുത്ത് വിഴുങ്ങി. പിന്നെ അവിടെ നിന്ന്, ആ നില്‍പ്പില്‍ തന്നെ മതിവരുവോളം അവനത് കഴിച്ചു. അതിനുശേഷം മെല്ലെ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍പ്പടിയില്‍ വന്നു നിന്നു. മുറ്റത്ത് ചിതറിവീഴുന്ന ഓരോ മഴത്തുള്ളികളിലേയ്ക്കും നോക്കിനില്‍ക്കെ അവനു അത്ഭുതം തോന്നി. അവനറിയാതെ അവയിലേയ്ക്ക് കൈവിരലുകള്‍ നീട്ടി. പിന്നെ മെല്ലെ മെല്ലെ ആ വെള്ളത്തുള്ളികള്‍ കൈവിരലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചു. മനസ്സ് മെല്ലെ ശാന്തമാകാന്‍ തുടങ്ങി. അപ്പോഴാണ്‌ അവന്‍ അമ്മയെക്കുറിച്ച് ഓര്‍ത്തത്. അവന്‍ വിളിച്ചു.

"അമ്മെ....!!! അമ്മെ...!!!

അമ്മ വിളികേള്‍ക്കാതായപ്പോള്‍ സ്വയം പിറുപിറുത്തു. "ഈ അമ്മയ്ക്കിത് സ്ഥിരം ഉള്ളതാ. മഴ കണ്ടാല്‍ പിന്നെ അകത്തേയ്ക്ക് കയറില്ല.... ങാ... എവിടേലും പോട്ടെ...!!!

പറഞ്ഞുകൊണ്ട് അവന്‍ തിരികെ അടുക്കളയിലേയ്ക്ക് തന്നെ കയറി. തണുപ്പ് ബാധിച്ച കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ വീടിന്‍റെ മുന്‍വശത്തേയ്ക്ക് നടന്നു. മുന്‍വാതില്‍ താഴെടുത്ത് മോന്തായത്തിലേയ്ക്കിറങ്ങി. അപ്പോഴും ഇറമ്പില്‍ നിന്നും തടിച്ച മഴത്തുള്ളികള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. റോഡരുകില്‍ നിന്നും രണ്ടുപേര്‍ തന്‍റെ വീട്ടിന്‍റെ പിന്നാമ്പുറത്തെയ്ക്ക് ഓടുന്നത് അപ്പോഴാണ്‌ അവന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവനും അതുകണ്ട് കൌതുകത്തോടെ വീടിന്‍റെ മുന്‍വശത്തേയ്ക്കിറങ്ങി. വീടിന്‍റെ പുറകിലെ ആള്‍ക്കൂട്ടം അവനെ... അവന്‍റെ കാലുകളെ അതിവേഗം അവിടേയ്ക്ക് ചലിപ്പിച്ചു. പാതിവഴിയില്‍ അവന്‍റെ കാതില്‍ വീണ ശബ്ദം അവനെ അവിടെനിന്നും പിന്നിലേയ്ക്ക് തിരിപ്പിച്ചു.

"ആരെങ്കിലും... ഒന്ന് ഇലക്ട്രിസിറ്റി ബോര്‍ഡിലെ നമ്പര്‍ തരണേ..!!! "

അവന്‍ വീട്ടിലേയ്ക്ക് തന്നെ തിരികെ ഓടിക്കയറി. തീന്‍മുറിയിലെ കലണ്ടറില്‍ അമ്മ എഴുതിയിട്ടിരിക്കുന്ന ഫോണ്‍ നമ്പരുകളിലൂടെ അവന്‍ വേഗത്തില്‍ മിഴികളോടിച്ചു. "ഇല്ലല്ലോ ഇവിടെയൊന്നും കാണുന്നതും ഇല്ലല്ലോ." പെട്ടെന്നാണ് അവനു അതോര്‍മ വന്നത്. അതോടെ ഓടിയവന്‍ തന്‍റെ മുറിയിലേയ്ക്ക് കയറി. പിന്നെ തന്‍റെ ബാഗിനുള്ളില്‍ പെട്ടെന്നവന്‍ തിരയാന്‍ തുടങ്ങി. "ഓ... കിട്ടി..." ആ പേപ്പറും പിടിച്ചവന്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് ഓടിച്ചെന്നു. ഒരു കിതപ്പോടെ അവന്‍ പറഞ്ഞു.

"ദാ..... നമ്പര് കിട്ടി..."

പറഞ്ഞുകൊണ്ട് ഓടിച്ചെന്ന അവനെ അയല്‍വക്കത്തെ പ്രായം ചെന്ന ഒരാള്‍ പിടിച്ചു നിര്‍ത്തി. ആള്‍ക്കൂട്ടത്തിന്‍റെ കാല്‍ച്ചുവടുകള്‍ക്കിടയില്‍ അപ്പോഴാണ്‌ നിലംപറ്റിക്കിടക്കുന്ന അമ്മയെ അവന്‍ കണ്ടത്. അവന്‍റെ കൈയിലെ പേപ്പര്‍ വിറയ്ക്കാന്‍ തുടങ്ങി. അമ്മയുടെ ദേഹത്ത് പറ്റിക്കിടന്ന ഇലക്ട്രിക് കമ്പികളുടെ കഥ ആ പേപ്പറില്‍ ഒരുനാള്‍, ഒരു മാസം മുന്‍പ് അവന്‍ കണ്ടതാണ്. അവന്‍റെ അമ്മയുടെ വടിവൊത്ത കൈയക്ഷരങ്ങളില്‍...

"വീടിനരുകിലെ ഇലക്ട്രിക് പോസ്റ്റ്‌ ഏതു നിമിഷവും നിലത്തേയ്ക്ക് വീഴാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. കുഞ്ഞുങ്ങള്‍ ഉള്ള വീടാണ്. ഈ മഴക്കാലം വരും മുന്നേ ഇതൊന്ന് മാറ്റി സ്ഥാപിക്കാന്‍ അപേക്ഷ."
എന്ന് ഭാരതി.......

"അമ്മെ..... ന്‍റെമ്മേ....!!! അവനെ ചുറ്റിപ്പിടിച്ചിരുന്നവരുടെ കൈകള്‍ക്കുള്ളില്‍ കിടന്ന് അവന്‍ കുതറി. അവന്‍റെ ഹൃദയം നുറുങ്ങിവീണത് അപ്പോഴാണ്‌. ഓരോ ദിവസവും ഓഫീസില്‍ കൊടുക്കാതെ താന്‍ മറന്നുവച്ച ആ പേപ്പര്‍..!!
**************
അവന്‍റെ നാക്കിലപ്പോഴും അമ്മ ഉണ്ടാക്കിതന്ന ആ അപ്പത്തിന്‍റെ മധുരം വിട്ടുമാറിയിരുന്നില്ല. അവന്‍ സ്വയം നുണഞ്ഞിറക്കാന്‍ തുടങ്ങി. അവള്‍ അവനെ ചേര്‍ത്ത് പിടിച്ചു. അവന്‍ ചൂണ്ടുവിരല്‍ കൊണ്ട് മൂക്കിന്‍തുമ്പിലിരുന്ന കണ്ണട മെല്ലെ മുകളിലേയ്ക്ക് തട്ടി വച്ചു. അവള്‍ അവനു സ്നേഹത്തോടെ ഒരു ചുംബനം നല്‍കി. അപ്പോഴും അവന്‍റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

"സമയമാകുമ്പോള്‍ അവര് തീരുമാനിയ്ക്കും താന്‍ ആരെ സ്നേഹിക്കണോന്ന്‍. അന്ന് ഞാനാണ് തനിയ്ക്ക് വിധിച്ചോങ്കി ഞാന്‍ വരാം തന്ടോടെ. അല്ല പിന്നെ.....!!!

അവനവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് അവളുടെ മിഴികളില്‍ നോക്കി പറഞ്ഞു.

"വിടില്ല ഞാന്‍ നിന്നെ ഈ മഴയത്ത് എന്‍റെ കണ്മുന്നില്‍ നിന്നും എവിടേയ്ക്കും വിടില്ല ഞാന്‍..."

"മോനെ... സച്ചൂ....."

ഓരോ മഴയത്തും ആ വിളി അവന്‍റെ കാതുകളില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ആ ഓരോനിമിഷവും അവളവനെ ചേര്‍ത്തുപിടിച്ചുകൊണ്ടുമിരുന്നു.

ശ്രീ വര്‍ക്കല
നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 31

കന്യക വീട്ടിലേയ്ക്ക് വന്നു കയറുമ്പോള്‍ തന്നെ സമയം ഉച്ചയോട് അടുത്തിരുന്നു. അവളില്‍ വല്ലാത്തൊരു ഭയവും ഉടലെടുത്തിരുന്നു. എങ്കില്‍ പോലും എല്ലാവരില്‍ നിന്നും അത് മറച്ചുപിടിയ്ക്കണം എന്ന് കരുതി തന്നെയാണ് അവള്‍ വീട്ടിലേയ്ക്ക് ചുവട് വച്ചത്. ഹാളില്‍ അവള്‍ ആരെയും കണ്ടില്ല. തന്‍റെ കിടപ്പുമുറിയിലേയ്ക്ക് കടക്കുമ്പോള്‍ തന്നെ വിഷണ്ണയായി നില്‍ക്കുന്ന പാറുവിനെ അവള്‍ കണ്ടു. പാറു കന്യകയെയും. പാറുവിന്‍റെ വിവര്‍ണ്ണമായ മുഖം കണ്ട കന്യക പെട്ടെന്ന് തന്നെ അവളോട്‌ പറഞ്ഞു.

“പാറൂച്ചി.... ചേച്ചി ഇങ്ങനെ ഭയപ്പെടാതെ കന്യൂട്ടി തിരിച്ചെത്തീലോ. അതും ഒന്നും സംഭവിക്കാതെ...”

അവളുടെ ആ പറച്ചിലിനൊടുവിലും പാറുവില്‍ യാതൊരു വിധ മാറ്റവും ഉണ്ടായില്ല. അതോടെ കന്യകയ്ക്ക് സംശയം ഉടലെടുത്തു. അവള്‍ ചേച്ചിയുടെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് വീണ്ടും ചോദിച്ചു.

“എന്താച്ചീ... മുഖം ഇങ്ങനെ വാടിയിരിക്കണേ...??? എന്തുണ്ടായി., എന്തുണ്ടായി ഇവിടെ..??

പാറു കരഞ്ഞുകൊണ്ട് കന്യകയുടെ നെഞ്ചിലേയ്ക്ക് വീണു. കന്യക അവളെ ചേര്‍ത്തുപിടിച്ചു. ആ കിടപ്പില്‍ കിടന്നുകൊണ്ട് പാറു പറഞ്ഞു.

“കന്യൂട്ടി എല്ലാം പോയടീ... എല്ലാം തകര്‍ന്നു…”

“എന്ത് തകര്‍ന്നൂന്നാ.... ചേച്ചീ...??? കന്യക ആകാംഷയോടെ ചോദിച്ചു.

“അമ്മ എല്ലാം അറിഞ്ഞിരിക്കുന്നു....!!! പാറു സങ്കടത്തോടെ പറഞ്ഞു. അതോടെ കന്യകയുടെ ഉള്ളം ഒന്ന് കാളി. അവള്‍ ഒരല്‍പം ഭയത്തോടെ ചോദിച്ചു.

“പാറൂച്ചി... ഒന്ന് തെളിച്ചു പറയ്‌... അമ്മ എന്തറിഞ്ഞൂന്നാ....??? ഞാന്‍ എവിടെ പോയെന്നും എന്തിനു പോയെന്നും അമ്മ അറിഞ്ഞോ..??

“ഇല്ല്യ... കന്യൂട്ടി... ഞാന്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞൂന്നാ... മറ്റൊന്നും അമ്മ അറിഞ്ഞിട്ടില്ല...!! എനിക്കിനി അമ്മയെ നോക്കാന്‍ വയ്യ കന്യൂട്ടി... അമ്മേടെ സങ്കടം കാണുമ്പോള്‍ ഈ ജന്മം അങ്ങട് ഒടുക്കിയാലോ എന്ന് ഞാന്‍ ചിന്തിക്കുവാ....!!!
“ചേച്ചി എന്താച്ചീ ഈ പറേണേ....??? ഇനീപ്പോ അമ്മേ ചേച്ചിയോ ഞാനോ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകണില്ല്യ ഇവിടെ... എല്ലാം സംഭവിച്ചു പോയില്ലേ..? അതുപോട്ടെ, ആരാന്ന് ചോദിച്ചോ അമ്മ..???

“ചോദിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അപ്പോഴേയ്ക്കും അച്ഛനും വന്നു...!!!

“ങേ..!! അച്ഛനും വന്നോ...??? അച്ഛനും അറിഞ്ഞോ പാറൂച്ചി..??

“ഇല്ല കന്യൂട്ടി അച്ഛന്‍ അറിഞ്ഞിട്ടില്ല്യ. ഇനീപ്പോള്‍ അമ്മ പറഞ്ഞ് അറീമ്പോ.... എന്നെക്കൊണ്ട് ഇനി ഇതൊന്നും താങ്ങാന്‍ കഴിയില്ല. എനിക്കിനി തളര്‍ന്നു നില്‍ക്കുന്ന നമ്മുടെ അച്ഛനെ കൂടി കാണാന്‍ കഴിയില്ല്യ കന്യൂട്ടി...!!!

“പിന്നെ എന്ത് ചെയ്യാനാ.. ചേച്ചി..?? ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാരും അറിയും.. അപ്പോള്‍ എന്ത് വന്നാലും ഇനി അത് സഹിയ്ക്കാനുള്ള കരുത്ത് മെല്ലെ നേടിയെടുക്കുക. അതല്ലാതെ, മരണം ഇതിനെല്ലാം ഒരു പോംവഴിയാണോ ചേച്ചീ...?? എന്തായാലും ചേച്ചി ഒന്ന് സമാധാനിക്ക്. ഞാനൊന്നു ചിന്തിക്കട്ടെ...?? എല്ലാം നല്ലതായി തീരും ചേച്ചി... അങ്ങിനെ വിശ്വസ്സിക്ക്. അങ്ങിനെ തന്നെ വിശ്വസ്സിക്ക്...!! കന്യക പറഞ്ഞു.

പാറു മെല്ലെ അവളുടെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി. പിന്നെ സമാധാനത്തോടെ അനുജത്തിയുടെ മിഴികളില്‍ നോക്കി. അങ്ങിനെ ഒരല്‍പനേരം നോക്കി നിന്നിട്ട്, തെല്ല് സ്വരം താഴ്ത്തി ചോദിച്ചു. എന്‍റെ അനുജത്തിയ്ക്കെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല്യാ എന്ന് ഈ ചേച്ചിയ്ക്ക് വിശ്വസ്സിക്കാവോ..??

കന്യക പാറുവിന്‍റെ മിഴികളില്‍ നോക്കി. പിന്നെ പതിയെ പറഞ്ഞു.

“ഒന്നും സംഭവിച്ചില്ല്യ ചേച്ചി...!! ഈശ്വരന്‍റെ തുണ നമ്മളോടൊപ്പമാ...”

“എനിക്ക് ഒന്നും മനസ്സിലാവണില്യ കന്യൂട്ടി...!!!

“അവനവിടെ ഉണ്ടായിരുന്നില്ല ചേച്ചി. ഞാന്‍ ചേച്ചി പറഞ്ഞയിടത്ത്, അതെ റൂമിന് മുന്നില്‍ തന്നെ നിന്നു. ആ കതകേല് പലതവണ തട്ടിവിളിച്ചു. ആരും തുറന്നില്ല്യ. ഇനി പോലീസോ മറ്റോ തേടി വന്നിട്ടുണ്ടാവും. അവരെല്ലാം ഒരിടത്തും സ്ഥിരതാമസ്സക്കാരല്ലല്ലോ ചേച്ചി. എങ്ങോട്ടെങ്കിലും ഓടി പോയിട്ടുണ്ടാകും....
കന്യകയുടെ വാക്കുകള്‍ വിശ്വസിച്ച പോലെ പാറു സമാധാനത്തോടെ നിശ്വാസം ഉതിര്‍ത്തു. അപ്പോഴും കന്യകയുടെ മനസ്സില്‍ ഇക്കാര്യം പുറം ലോകം അറിയുമ്പോള്‍ എന്താവും സ്ഥിതി എന്നതായിരുന്നു. എങ്കിലും തികഞ്ഞ സംയമനം പാലിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. ഒടുവില്‍, പാറുവിന്‍റെ അരുകില്‍ നിന്നും ഒന്നും സംഭവിക്കാത്ത പോലെ അവള്‍ അടുക്കളയിലേയ്ക്ക് ചെന്നു. നന്ദന അവിടെ ഉണ്ടായിരുന്നില്ല. അടുക്കളയില്‍ തിരക്കിട്ട ജോലിയിലായിരുന്ന പായിയമ്മയോട് അവള്‍ അമ്മയെ തിരക്കി. അപ്പോള്‍ അവര്‍ പുറത്തെവിടേലും കാണും മോളെ എന്ന് പറഞ്ഞു. കന്യക അടുക്കള വാതില്‍പ്പടിയില്‍ വന്നു നിന്നു ചുറ്റും വീക്ഷിച്ചു. വീടിനു പുറത്തെ പച്ചക്കറി തോട്ടത്തില്‍ അവള്‍ അച്ഛനെ കണ്ടു. അമ്മയെ കാണാതെ അവളുടെ മനസ്സിലും സങ്കടം നിറഞ്ഞു. അവള്‍ രണ്ടും കല്‍പ്പിച്ച് പുറത്തേയ്ക്കിറങ്ങി.

തന്‍റെ അരുകിലേയ്ക്ക് നടന്നു വരുന്ന കന്യകയെ കണ്ടു ദേവന്‍ ഒന്ന് മന്ദഹസ്സിച്ചു. കന്യക തിരിച്ചും. അവളുടെ മനസ്സ് തികച്ചും ശാന്തമായി. കാരണം ഇക്കാര്യം അച്ഛന്‍ അറിഞ്ഞിട്ടില്ല്യ എന്നതിന് തെളിവല്ലേ ഈ ചിരി. അപ്പോള്‍ പിന്നെ അമ്മ....???? ചിന്തിച്ചുകൊണ്ട്‌ അവള്‍ തോട്ടത്തിന് അരുകില്‍ എത്തി. അപ്പോള്‍ ദേവന്‍ ചോദിച്ചു.

“എന്താ മോളെ.. ഇന്ന് പഠിത്തം ഇത്ര പെട്ടെന്ന് കഴിഞ്ഞോ..?

“എന്താച്ഛാ...??? മറന്നോ അച്ഛന്‍...!! ഞാന്‍ രാവിലെ എന്നതാ അച്ഛനോട് പറഞ്ഞേ...??? അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു.

“അല്ലടാ... എന്താ അച്ഛന്‍റെ പൊന്നുമോള് പറഞ്ഞേ...??? ദേവന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

അപ്പോള്‍ കന്യക ചെറിയ പരിഭവം നടിച്ചു. എന്നിട്ട് പറഞ്ഞു. “ഞാനൊരൂട്ടം ചെയ്യാന്‍ പോകുവാന്ന് പറഞ്ഞില്ലേ അച്ഛനോട്...???

“ഉവ്വല്ലോ...!!! എന്താത്..? പരീക്ഷ ആയിരുന്നോ...?? എന്തായാലും അച്ഛന്‍റെ മോള് ജയിച്ചില്ലയോ..??

കന്യക ചിരിച്ചുകൊണ്ട് തലയാട്ടി. എന്നിട്ട് അതെ വേഗത്തില്‍ തന്നെ ചോദിച്ചു. “എവിടെയാ അച്ഛാ... നന്ദുമ്മാ...”

“അവള്‍ അടുക്കളേല്‍ ഉണ്ടായിരുന്നല്ലോ മോളെ...!!! എന്താ അവിടില്ലേ...???

“ഇല്ല്യച്ഛാ. അവിടെ കണ്ടില്യ...!! അതാ ഞാനിങ്ങട് വന്നേ...!!! കന്യക പറഞ്ഞു. അത് കേട്ടു ദേവന്‍ അലക്ഷ്യമായി പറഞ്ഞു.

“അവളവിടെ എവിടേലും കാണും. എവിടെപ്പോവാനാ അവള്...!! മോള് പാറൂട്ടീടെ അടുത്തു നോക്കിയാ..???

“നോക്കീച്ചാ... ഞാന്‍ അവിടന്നല്ലിയോ വരുന്നത്...!!!

“ഹും... മോള് നോക്ക്. അവളവിടെ എവിടേലും കാണും...” പറഞ്ഞുകൊണ്ട് ദേവന്‍ പച്ചക്കറി തോട്ടത്തിന് ഉള്ളിലേയ്ക്ക് നടന്നു പോയി. കന്യക മന്ദം മന്ദം തിരികെ നടന്നു. അവളുടെ ഉള്ളില്‍ ആകെ പരിഭ്രമമായി. അവളുടെ ചിന്തകള്‍ സീമകളില്ലാതെ തിരിയാന്‍ തുടങ്ങി. മനസ്സ് ഭ്രാന്തമായി. കാരണം ഒരമ്മയുടെ മനസ്സ് എന്തെന്ന് മനസ്സിലാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ..?? അമ്മ ഒരു സാധുവാണ്‌ എന്നവള്‍ക്കറിയാം. മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന ആ സ്ത്രീ എങ്ങിനെ ഇത് സഹിയ്ക്കും. ഇനി അമ്മ വല്ല കടുംകൈയും കാട്ടുമോ...?? ഈശ്വരാ... ന്‍റെ അമ്മയ്ക്ക് അരുതായ്ക ഒന്നും തോന്നിപ്പിക്കരുതേ...!! മനസ്സിന്‍റെ നില വിട്ട അവള്‍ തന്‍റെ ചുറ്റുവട്ടം ശ്രദ്ധിക്കാതെ ഒച്ചയെടുത്ത്‌ വിളിച്ചു.

“അമ്മെ.... അമ്മാ....!!!

അടുക്കളയുടെ പുറകിലെ കിണറ്റിനരുകില്‍ നിന്നും അപ്പോഴാണ്‌ കന്യക ഒരു തേങ്ങല്‍ കേട്ടത്. പിന്നെ ഒന്നും ചിന്തിക്കാതെ അവള്‍ അവിടേയ്ക്ക് ഓടിച്ചെന്നു. കിണറ്റിന്‍റെ കെട്ടിലേയ്ക്ക് ചാരി കണ്ണീരോടെ ഇരിക്കുന്ന നന്ദനയെ കണ്ടു അവളുടെ ഹൃദയം തകര്‍ന്നു. അവള്‍ ഒരു നായ്ക്കുട്ടിയെപോലെ അമ്മയുടെ അരുകിലേയ്ക്ക് ഒതുങ്ങിയിരുന്നു. അതോടെ, നന്ദനയുടെ അടക്കിപ്പിടിച്ച തേങ്ങല്‍ നിയന്ത്രണം വിട്ടു പുറത്തു ചാടാന്‍ തുടങ്ങി. കന്യക ദയനീയമായി അമ്മയെ നോക്കി. പിന്നെ തന്‍റെ കൈപ്പത്തി അമ്മയുടെ ചുണ്ടുകള്‍ക്ക് മീതെ ചേര്‍ത്ത് പിടിച്ചു. അത്യധികം സങ്കടത്തോടെ കന്യകയെ നോക്കിയ നന്ദനയോട് ദയനീയമായ കണ്ണുകളോടെ കന്യക പറഞ്ഞു.

“അമ്മെ... ഇങ്ങനെ കരയല്ലേ അമ്മേ..? ഞാനും അമ്മേം മാത്രല്ലേ ഇതറിഞ്ഞിട്ടുള്ളൂ. മറ്റാരെങ്കിലും ഇതറിയും മുന്‍പ് നമ്മുക്കെന്തേലും ചെയ്തൂടെ അമ്മെ..?? അപ്പ അറിഞ്ഞാല്‍..!! അറിയാല്ലോ അമ്മയ്ക്ക്..???

കന്യകയുടെ വാക്കുകള്‍ നന്ദനയില്‍ തെല്ലു സമാധാനം കൊണ്ട് വരുമ്പോള്‍ കന്യക അമ്മയുടെ താടിയില്‍ പിടിച്ചു മെല്ലെ ചോദിച്ചു.

“അറിയാണ്ട്.. പറ്റീതല്ലേ.. അമ്മെ..??? നമ്മള് വിചാരിച്ചാല്‍ ഇത് ആരും അറിയാതെ തീര്‍ക്കാം. അമ്മ ഇങ്ങനെ തളര്‍ന്നാല്‍ പിന്നെ എന്നെക്കൊണ്ടും ഒന്നിനും കഴിയില്ലമ്മേ..!! അമ്മ സമാധനിയ്ക്ക്. എല്ലാത്തിനും ഈശ്വരന്‍ നമ്മോടൊപ്പം ഉണ്ടെന്ന് കരുതി സമധാനിയ്ക്കമ്മേ.. സമാധാനിയ്ക്ക്...”

കന്യകയുടെ വാക്കുകള്‍ കേട്ടതോടെ നന്ദന മെല്ലെമെല്ലെ കരച്ചില്‍ നിര്‍ത്തി. കന്യക കൈപിടിച്ച് നന്ദനയെ എഴുന്നേല്‍പ്പിച്ചു. കിണറ്റിന്‍ കരയില്‍ നിന്നും മുഖം കഴുകി അമ്മയെ അടുക്കളയില്‍ കൊണ്ട് വന്നിട്ട് മാത്രമേ കന്യക അവിടെ നിന്നും പോയുള്ളൂ. പിന്നെയവള്‍ സ്വന്തം മുറിയില്‍ ചെന്നു പാറുവിനെയും ഉപദേശിച്ചു.

“ദേ..!! പാറൂച്ചി ഞാനൊരൂട്ടം അങ്ങ് പറയാം. എല്ലാരും കൂടി കരഞ്ഞുകരഞ്ഞ് ന്‍റെ അപ്പായെക്കൂടി വിഷമിപ്പിച്ചാല്‍ ഉണ്ടല്ലോ...!! പോയെ, പോയി കുളിച്ചു നല്ല സുന്ദരിയായി വന്നേ.. നമ്മുക്ക് ഒരിടം വരെ പോകാം. അമ്മേം വരണുണ്ട് കൂടെ..

“എന്തിനാ... കന്യേ...???

“അതൊന്നും ഇപ്പോ അറിയണ്ട. ഞാന്‍ പറേണ പോലെയങ്ങട് കേട്ടാല്‍ മതി ചേച്ചി...”

പിന്നെ പാറു മറുത്തു ഒന്നും പറഞ്ഞില്ല. കന്യക തിടുക്കത്തില്‍ മുറിവിട്ട്‌ പുറത്തേയ്ക്ക് പോയി. പിന്നെ ഹാളില്‍ നിന്നും അടുക്കളയിലേയ്ക്ക് നോക്കി നന്ദനയോട് വിളിച്ചു പറഞ്ഞു.

“അമ്മേ... ഞാനിതാ വന്നൂട്ടോ...”

അമ്മയുടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ പുറത്തേയ്ക്കോടി. ദേവനന്ദനത്തിലെ മതിലും താണ്ടി അവള്‍ ഇടവഴിയിലൂടെ ഓടിക്കൊണ്ടിരുന്നു. ഒരു കുടുംബത്തിന്‍റെ ദുഃഖം മുഴുവന്‍ അവളുടെ മനസ്സില്‍ അപ്പോഴും ഭദ്രമായിരുന്നു. നെറ്റിയിലേയ്ക്ക് അടര്‍ന്നു വീണുകൊണ്ടിരുന്ന ആ മുടികളില്‍ പോലും അവളിലെ സൗന്ദര്യം ആവാഹിച്ചത് പോലെ. നെറ്റിയില്‍ നിന്നും വിയര്‍പ്പുകണങ്ങള്‍ അവളുടെ കവിലൂടെ ഊര്‍ന്നിറങ്ങുമ്പോഴും അവളുടെ പാദങ്ങള്‍ നിലച്ചിരുന്നില്ല. ജിയാസിന്‍റെ വീടിന്‍റെ മുറ്റത്തേയ്ക്ക് ഓടിക്കയറുമ്പോഴും, അവിടെ നിന്നും വീടിന്‍റെ അകത്തേയ്ക്ക് കയറുമ്പോഴും അവള്‍ തളര്‍ന്നിരുന്നില്ല. പക്ഷെ, ആ വീടിന്‍റെ ഹാളിനുള്ളില്‍ തളര്‍ന്നിരിക്കുന്ന ഇന്ദിരയെ കണ്ടപ്പോള്‍ അവളുടെ മനസ്സ് തളര്‍ന്നുപോയി. ഓടിവരുന്ന കന്യകയെ കണ്ട് ഇന്ദിര ഇരിപ്പിടത്തില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റു. അതേ നിമിഷം തന്നെ കന്യക ഒരു തേങ്ങലോടെ ഇന്ദിരയുടെ നെഞ്ചിലേയ്ക്ക് വീണു. അന്തംവിട്ട ഇന്ദിര അവളെ ചേര്‍ത്ത് പിടിച്ചു. അവരുടെ നെഞ്ചില്‍ ചേര്‍ന്ന് നിന്നുകൊണ്ട് കന്യക പറഞ്ഞു.

“ഞാന്‍ കൊന്നു ഇന്ദിരേമ്മേ... ഞാന്‍ കൊന്നു ആ പട്ടിയെ.. ന്‍റെ ജിയാസ്സേച്ചിയെ കൊന്ന ആ പട്ടിയെ ഞാന്‍ കൊന്നു...”

“ങേ..!!! എന്താ മോളെ... ന്‍റെ പൊന്നുമോള് എന്തായീ പറേണെ...???

അവര്‍ തളര്‍ന്നു നെഞ്ചിലേയ്ക്ക് കിടന്ന അവളുടെ മുഖം മെല്ലെ പിടിച്ചുയര്‍ത്തി. പിന്നെ വീണ്ടും ചോദിച്ചു.

"ന്താ... ന്‍റെ മോള് പറഞ്ഞേ...?? കൊന്നെന്നോ...ആരെ ???

കന്യക ഇന്ദിരയുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു.

“അതെ ഇന്ദിരേമ്മേ... ഞാന്‍ കൊന്നു അവനെ.. കഴുത്തറുത്തു കൊന്നു...”

ഇന്ദിര എന്ത് ചെയ്യണം എന്നറിയാതെ സ്വയം മറന്നു നിന്നു. കന്യക അതോടെ തേങ്ങിക്കൊണ്ട്‌ വീണ്ടും ആ അമ്മയുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. മെല്ലെ മെല്ലെ കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് ഇന്ദിര അവളെ തന്നിലേയ്ക്കു ചേര്‍ത്ത് പിടിച്ചു.

(തുടരും)
ശ്രീ വര്‍ക്കല