2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 34

ഓരോരോ ദിവസവും കടന്നു പോകുമ്പോള്‍ കന്യകയുടെ മനസ്സിലെ ഭയം കൂടിക്കൊണ്ടിരുന്നു. കാരണം കക്കിചേരിയിലെ പോലിസിനെക്കാളും എന്തുകൊണ്ടും ശക്തമായ രീതിയിലായിരുന്നു പട്ടണത്തിലെ പോലിസിന്‍റെ കേസ് അന്വേഷണം. തന്‍റെ അരുകിലേയ്ക്ക് പോലീസ് അടുത്തുകൊണ്ടിരിക്കുന്ന ആ ദിവസം അവള്‍ സ്വപ്നം കാണാനും തുടങ്ങി. സ്കൂളിലേയ്ക്ക് പോകുമ്പോഴും അവളുടെ മനസ്സ് അവളെ വിട്ട് പറക്കുകയാണ്. എല്ലാത്തിലും എന്നപോലെ പഠനത്തിലും അവളുടെ ശ്രദ്ധ കുറഞ്ഞു.

പാറു ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളേജില്‍ പോകാതിരുന്നതോടെ ദേവന്‍ നന്ദനയോട് ചോദിച്ചു.

"എന്താ നന്ദു... പാറൂട്ടീടെ അസുഖമെല്ലാം ഭേദായീല്ലോ...!! എന്തേ അവളിനിയും പഠിയ്ക്കാന്‍ പോകുന്നില്ലേ...???

ദേവന്‍റെ ചോദ്യം തികച്ചും സ്വാഭാവികമായിരുന്നു എങ്കിലും നന്ദനയുടെ ഉള്ളം ഒന്ന് കിടുങ്ങി.  ഒരുതരത്തില്‍ അവള്‍ പറഞ്ഞൊപ്പിച്ചു.

"പോണം... ദേവേട്ടാ... എന്തായാലും ഡോക്ടര്‍ പറഞ്ഞ രണ്ടാഴ്ച കഴിയട്ടെ. ഇനീപ്പോള്‍ രണ്ടു ദിവസം കൂടീല്ലേ ഉള്ളൂ...!!!

നന്ദനയുടെ വാക്കുകള്‍ അതേപോലെ വിശ്വസിച്ച ദേവന്‍ പിന്നെ ഒന്നും മിണ്ടിയില്ല. പതിവ് പോലെ തന്നെ അയാള്‍ പച്ചക്കറിയും കൊണ്ട് ചന്തയിലേയ്ക്ക് പോകാനായി തയാറായി. കന്യകയും അച്ഛനൊപ്പം ബാഗുമായി പുറത്തേയ്ക്കിറങ്ങി. ഇരുവരും വണ്ടിയില്‍ കയറി. വണ്ടി മെല്ലെ പുറത്തേയ്ക്ക് നീങ്ങി. സ്കൂളിലേയ്ക്കുള്ള വഴിയുടെ പകുതിദൂരം താണ്ടിയിരിക്കും അപ്പോഴേയ്ക്കും കന്യകയുടെ ബാഗിനുള്ളില്‍ ഇരുന്നു പാറുവിന്‍റെ മൊബൈല്‍ ശബ്ദിക്കാന്‍ തുടങ്ങി. കന്യക ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ ദേവന്‍ ഡ്രൈവിങ്ങില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെ അവളോട്‌ പറഞ്ഞു.

"ഏതാ മോളെ ഈ ഫോണ്‍...??? എടുക്ക്. ഫോണ്‍ എടുക്ക്. ആരാന്ന് നോക്ക്...!!!"

അവള്‍ അച്ഛനെ നോക്കിക്കൊണ്ട്‌ ബാഗ്‌ തുറന്നു ഫോണ്‍ കൈയിലേയ്ക്ക് എടുത്തു. പരിചിതമല്ലാത്ത ഒരു നമ്പര്‍ ആയിരുന്നു അത്. അലസതയോടെ അതിലേയ്ക്ക് നോക്കി അവള്‍ ഇരിക്കുമ്പോഴേയ്ക്കും അത് നിലച്ചു. അവളത് തിരികെ ബാഗിലേയ്ക്ക് തന്നെ വച്ചു. ദേവന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി എന്നിട്ട് ഉത്ക്കണ്ടയോടെ ചോദിച്ചു.

"ഇതെന്താ പാറൂട്ടീടെ ഫോണ്‍ മോളുടെ കൈയില്‍...?? ആരായിരുന്നു മോളെ..??? എന്താ ന്‍റെ മോളുടെ മുഖം വാടിയിരിക്കുന്നെ...??

അച്ഛന്റെ വാക്കുകള്‍ കേട്ടിട്ടും കന്യക മൌനമായിരുന്നു. ദേവന്‍ തുടര്‍ന്നു ചോദിച്ചു.

"എന്ത് പറ്റി മോളെ...??? കുറച്ചീസമായി അച്ഛനും ശ്രദ്ധിക്കുന്നു. നമ്മുടെ വീടിപ്പോള്‍ പഴയപോലെ അല്ല. ആ കളീം ചിരീം ഒന്നും ഇപ്പോള്‍ നമ്മുടെ വീട്ടിലില്ല. ആദ്യമെല്ലാം അച്ഛന്‍ കരുതീത് അച്ഛന് അപകടം പിണഞ്ഞപ്പോള്‍ എന്‍റെ മക്കള്‍ തളര്‍ന്നുന്നാ. പക്ഷെ, അതിലും മേലെ എന്തോ ഒന്ന് നമ്മുടെ വീട്ടില്‍ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍... അല്ലെങ്കില്‍ അച്ഛന്റെ കന്യൂട്ടി ഇങ്ങനെ ഇരിക്കില്ല.  അച്ഛനറിയാം."

ദേവന്‍റെ വാക്കുകള്‍ കേട്ട കന്യക പെട്ടെന്ന് ഉണര്‍ന്നപോലെ പറഞ്ഞു.

"ഹേയ്..!!! എന്ത്..??? അങ്ങിനെ ഒന്നും ഇല്ല്യച്ചാ...!! ഞാനിങ്ങനെ ഓരോന്ന് ഓര്‍ത്ത് ഇരുന്നു പോയതാ. പിന്നെ നമ്മുടെ വീട്ടിലെ കളീം ചിരീം ഒന്നും മാറീട്ടില്ല. എല്ലാം പഴേ പോലെയാകും. അച്ഛന്‍ നോക്കിക്കോളൂ. പിന്നെ ഇപ്പൊ എങ്ങിനാ അച്ഛാ സന്തോഷിക്കണേ. പാറൂച്ചിയ്ക്ക് വയ്യ. അതോലെ അമ്മയ്ക്കും ഒട്ടും സന്തോഷോല്യ... അങ്ങിനെ ഓരോന്നാലോചിച്ച് ഇരുന്നതാ. ഇനി മുതല്‍ അച്ഛന്റെ കന്യൂട്ടി സന്തോഷായിരിക്കും പോരെ അച്ഛന്..?? അവള്‍ ദേവനെ നോക്കി ചിരിച്ചു.

"അത് മതി അച്ഛന്. മോളെ, ഇത് വക്കാണല്ലോ.. ല്ലെ..???

"സത്യാ അച്ഛാ... ഈ പോന്നുമോളാണെ സത്യം..." അവള്‍ക്കു നേരെ ദേവന്‍ നീട്ടിയ കൈവെള്ളയില്‍ അടിച്ചവള്‍ സത്യം ചെയ്തു.

സ്കൂളിന് മുന്നില്‍ അവളെ ഇറക്കിവിട്ട് പതിവ് പോലെ ദേവന്‍ ചന്തയിലേയ്ക്ക് പോയി. കന്യക മെല്ലെ സ്കൂളിലേയ്ക്ക് നടക്കാന്‍ തുടങ്ങി. സ്കൂളിന്‍റെ പ്രധാന ഗേറ്റും താണ്ടി അവള്‍ മുന്നിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും ബാഗിനുള്ളില്‍ ഇരുന്ന് അവളുടെ ഫോണ്‍ വീണ്ടും ചിലയ്ക്കാന്‍ തുടങ്ങി. അവള്‍ അടുത്തുള്ള മരചില്ലയുടെ തണലില്‍ നിന്നു ആ ഫോണ്‍ ബാഗ് തുറന്നെടുത്തു. പിന്നെ രണ്ടാമതും വന്ന ആ പരിചിതമല്ലാത്ത നമ്പര്‍ അവള്‍ അറ്റന്‍ഡ് ചെയ്തു. അതിലെ തുടക്കവാക്കുകള്‍ തന്നെ അവളുടെ കാതിലേയ്ക്ക്‌ ഇടിയും മിന്നലും മുന്നില്‍ നിന്ന ഒരു പേമാരിപോലെ ചറപറാ പെയ്തിറങ്ങാന്‍ തുടങ്ങി.

"ആരുടേതാണ് ഈ ഫോണ്‍...??? ആരാണ് സംസാരിക്കുന്നത്...???

കന്യകയ്ക്ക് ദേഷ്യം വന്നു. അവള്‍ അതുപോലെ തന്നെ തിരിച്ചടിച്ചു.

"എന്‍റെ ഫോണില്‍ വിളിച്ചിട്ട്... ആരുടെ ഫോണാണന്നോ...??? എന്താ നിങ്ങള്‍ക്ക് വേണ്ടേ...??

"ഇത് പോലിസ് സ്റ്റേഷനില്‍ നിന്നാണ്...!!" അതിലെ അടുത്ത വാക്കുകള്‍ ഇപ്രകാരം ആയിരുന്നു.

"അയ്യോ..!!! എന്താ സര്‍...??? കന്യക അതോടെ തീര്‍ത്തും ഭവ്യതയോടെ ചോദിച്ചു. പിന്നെ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്താ രാജശേഖര്‍ അങ്കിള്‍ ഇങ്ങനെ സ്വരം മാറ്റി സംസാരിക്കണേ...???

"ഏതു രാജശേഖരന്‍ അങ്കിള്‍...??? പെങ്ങളെ ഇത് പോലിസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത്." അവര്‍ വീണ്ടും പറഞ്ഞു.

അതിനു മറുപടി ആയി കന്യകയും ഇങ്ങനെ പറഞ്ഞു.

"അതറിയാല്ലോ... അതുകൊണ്ടല്ലേ ഞാന്‍ അങ്ങിനെ ചോദിച്ചേ...!! എന്‍റെ എസ്. ഐ. അങ്കിളേ.. എന്താന്ന് വച്ചാല്‍ പറയണുണ്ടോ..!! കന്യമോള്‍ക്ക് ക്ലാസ്സില്‍ കയറാന്‍ സമയായി..."

പിന്നെ മറുവശത്ത് നിന്നും ഒന്നും കേട്ടില്ല. 

കന്യകയുടെ കണ്ണുകള്‍ കുറുകി. അവളുടെ കൈയിലിരുന്നു ആ ഫോണ്‍ വിറയ്ക്കാന്‍ തുടങ്ങി. അവള്‍ മരച്ചുവട്ടിലേയ്ക്ക് മാറി മെല്ലെ ആ മരത്തിലേയ്ക്ക്‌ ചാഞ്ഞു. അവളുടെ നെറ്റിത്തടങ്ങള്‍ ആ പ്രഭാതത്തിലും നന്നേ വയര്‍ക്കാന്‍ തുടങ്ങി. മേല്ച്ചുണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ അവളിലെ ഭീതി എത്രത്തോളം എന്ന് വിളിച്ചറിയിക്കാന്‍ പോന്നതായിരുന്നു. ബാഗിനുള്ളില്‍ കൈയിട്ട് അവള്‍ ഒരു കുഞ്ഞുകുപ്പിയില്‍ വച്ചിരുന്ന വെള്ളം ആര്‍ത്തിയോടെ കുടിച്ചു. ആദ്യത്തെ ചോദ്യത്തില്‍ തന്നെ അവള്‍ അത് പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നാണെന്നത് തിരിച്ചറിഞ്ഞിരുന്നു. രാവും പകലും മനസ്സിനെ പറഞ്ഞുപഠിപ്പിച്ച അവള്‍ ആ ആദ്യപാഠം മനോഹരമായി പൂര്‍ത്തിയാക്കി. എങ്കിലും അവളുടെ ഹൃദയം വല്ലാതെ മിടിക്കാന്‍ തുടങ്ങി. ഇനി ഇന്ന് ക്ലാസ്സില്‍ കയറാന്‍ കഴിയില്ല. അവള്‍ ചിന്തിച്ചു. തിരികെ വീട്ടില്‍ പോകുക തന്നെ. ആ ഒരു ചിന്തകൊണ്ട് അവള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. എതിരെ വന്ന അവളുടെ കൂട്ടുകാരികള്‍ അവളെ കണ്ടുകൊണ്ട് വഴിയില്‍ നിന്നു. അവരുടെ കുശലാന്വേഷണങ്ങള്‍ക്കിടയില്‍ അവള്‍ വീര്‍പ്പുമുട്ടി നിന്നു. അതിലൊരാള്‍ ബാഗ് തുറന്ന് കന്യകയുടെ മുന്നിലേയ്ക്ക് കാട്ടി. എന്നിട്ടവള്‍ പറഞ്ഞു.

"ഇനി ഇതിനായി നീ കടേലും വീട്ടിലും ഒന്നും പോണ്ടാ..." അവര്‍ കൂട്ടമായി പൊട്ടിച്ചിരിച്ചു. കന്യക ചിരിച്ചുവെന്നു വരുത്തി... അവരെ വിട്ടു നടന്നകന്നു.
****************
പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും കക്കിചേരിയിലെ സ്റ്റേഷനിലേയ്ക്ക് അതിവേഗം ഒരു വിളി പാഞ്ഞുചെന്നു. എസ്. ഐ. രാജശേഖര്‍ ഗൗരവത്തോടെ ആ ഫോണിന് മുന്നില്‍ ഇരുന്നു. അയാള്‍ പറഞ്ഞു.

"അതിനെന്താ ഇന്ന് തന്നെ അന്വേഷിക്കാം ശരത്. നോ പ്രോബ്ലം...." പിന്നെ അയാള്‍ അരുകില്‍ നിന്ന പോലീസുകാരനെ നോക്കി പറഞ്ഞു.

"എടോ... ഈ ഞാന്‍ പറയുന്ന നമ്പര്‍ ഒന്നെഴുതി എടുത്തേ...!!

രാജശേഖര്‍ പറഞ്ഞ ആ നമ്പര്‍ അയാള്‍ എഴുതിയെടുത്തു. പിന്നെ കുറച്ചുനേരം കൂടി അയാള്‍ ആ ഫോണില്‍ സംസാരിച്ചിരുന്നു. സമയം മെല്ലെ കടന്നുപോയി. കന്യക കക്കിചേരിയില്‍ വന്നു ബസിറങ്ങി. വീട്ടിലേയ്ക്കുള്ള നടവഴിയില്‍ വച്ച് അവളുടെ ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി. അവള്‍ ബാഗ്‌ തുറന്നു അത് വീണ്ടും കൈയിലെടുത്ത് അറ്റന്‍ഡ് ചെയ്തു. ഇത്തവണ അവള്‍ പ്രതീക്ഷിച്ചപോലെ തന്നെ രാജശേഖര്‍ തന്നെയായിരുന്നു. അവള്‍ ചിരിയോടെ സംസാരിക്കാന്‍ തുടങ്ങി.

"ഇതെന്താ അങ്കിളേ... ഇന്ന് കന്യൂട്ടീടെ ഫോണിലേയ്ക്ക് ഇതെത്രാമത്തെ തവണയാ വിളിക്കണേ...!! ദേ ഞാനൊരു കാര്യം പറയാം ട്ടോ. സ്വരം മാറ്റിയാലോന്നും കന്യൂട്ടിയ്ക്ക് തെറ്റില്ല്യ കേട്ടോ...!!!

പാറുവിന്‍റെ ഫോണ്‍ നമ്പര്‍ രാജശേഖറിനു അറിയില്ല എങ്കിലും, രാജശേഖറുടെ നമ്പര്‍ പാറുവിന്‍റെ ഫോണില്‍ ഉണ്ടായിരുന്നതിനാല്‍ കന്യകയ്ക്ക് ആദ്യം മുതലേ മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ രാജശേഖര്‍ അവളുടെ പ്രതികരണത്തില്‍ ഒട്ടും സംശയം വച്ചില്ല. കാരണം ആ വീട് അയാള്‍ക്ക്‌ സ്വന്തം വീട് പോലെയാണ്. ആ മക്കള്‍ സ്വന്തം മക്കളെ പോലെയും. ആയതിനാല്‍ തന്നെ തന്‍റെ ഫോണ്‍ നമ്പര്‍ അവള്‍ക്കറിയാം എന്നത് അയാള്‍ക്ക്‌ ഒരു വലിയ കാര്യം ആയിരുന്നില്ല. പക്ഷെ, ഈ നമ്പര്‍ പട്ടണത്തിലെ പോലീസുകാര്‍ എന്തിന് തന്‍റെ കൈയില്‍ തരണം. കന്യകയും ഈ കൊലപാതകവും ആയി എന്ത് ബന്ധമാണ് ഉള്ളത്..?? അയാളുടെ മനസ്സാകെ നീറാന്‍ തുടങ്ങി. കന്യകയുടെ കൊഞ്ചലും കളിചിരിയും ഒക്കെ പാഠമായിരുന്ന അയാള്‍ക്ക് മനസ്സാകെ മരവിക്കാനും തുടങ്ങി. അല്‍പ്പനേരം ആലോചിച്ചിരുന്ന രാജശേഖര്‍ പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ വിളിച്ച് ഈ നമ്പറും, അതിലെ ആളിനോടുള്ള തന്‍റെ ബന്ധവും ഒക്കെ അവരോട് പറഞ്ഞു. ഒടുവില്‍, രാജശേഖര്‍ ദേവനന്ദനത്തിലേയ്ക്ക് പട്ടണത്തിലെ പോലീസിനൊപ്പം പോകാം എന്ന് സമ്മതിയ്ക്കുകയും ചെയ്തു.

കന്യക വളരെ വേഗം വീട്ടിലേയ്ക്ക് നടന്നുചെന്നു കയറി. പതിവില്ലാതെ മകള്‍ തിരിച്ചുവരുന്നത് കണ്ട് നന്ദന ഹാളിലേയ്ക്ക് വന്നു.

"ഹും... എന്താടീ...?? എന്താ തിരിച്ചു പോന്നത്..?? ഇന്ന് പഠിത്തമില്ലേ...??

"ഉണ്ടമ്മേ... ഉണ്ട്. വല്ലാത്ത തലവേദന...!! ഞാനിങ്ങ് പോന്നു." പറഞ്ഞുകൊണ്ട് കന്യക സ്വന്തം മുറിയിലേയ്ക്ക് കയറി. നന്ദന അവള്‍ക്കൊപ്പം അകത്തേയ്ക്ക് കയറി. കിടക്കയില്‍ ബാഗ്‌ വച്ചുകൊണ്ട് തിരിഞ്ഞ കന്യകയുടെ കണ്ണുകളിലേയ്ക്ക് നന്ദന സൂക്ഷിച്ചു നോക്കി. കന്യക അമ്മയുടെ പകച്ച കണ്ണുകളെ നോക്കിത്തന്നെ നിന്നു. അപ്പോള്‍ നന്ദന വളരെ സ്വരം താഴ്ത്തി പറഞ്ഞു.

"എന്താ... ഇനി നിന്റെം ഭാവം.. കന്യേ..?? ദേ..!! അമ്മയൊരു കാര്യം പറയാം ട്ടോ. ചേച്ചിയെപ്പോലെ നീയും അമ്മയെ തീ തീറ്റിക്കല്ലേ മോളെ...!!!

നന്ദനയുടെ ചോദ്യത്തോടെ ആ മുറി നിശബ്ദമായി. ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം നിശ്ചലം നിന്ന നന്ദന തുടര്‍ന്നു.

"അമ്മേടെ മനസ്സ് നീറുന്നത് ന്‍റെ മോള്‍ക്കറിയാല്ലോ..??? ഇവളിലെ എന്‍റെ പ്രതീക്ഷ തീര്‍ന്നു. അരുകില്‍ നിന്ന പാറുവിനെ ചൂണ്ടിക്കാട്ടിയാണ് നന്ദന അത് പറഞ്ഞത്. ഇനി നീ കൂടി അമ്മയെ വിട്ടാല്‍... പിന്നെ ഒരുനിമിഷം ഈ അമ്മ ജീവിച്ചിരിക്കില്ല. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ഈ അമ്മയെ വേണ്ടങ്കില്‍ പിന്നെന്തിനാ ഈ അമ്മ...!! എന്‍റെ ദേവേട്ടന് ഒരിറ്റ് വിഷോം കൊടുത്ത് ഞാനും ചാവും....നിങ്ങടെ മുന്നില്...!!!!

"അമ്മെ... അമ്മ എന്തൊക്കെയാ ഈ പറേണേ..!! ഇങ്ങനെയൊന്നും പറയല്ലേ അമ്മേ...." കന്യക മുന്നിലേയ്ക്ക് വന്നു നന്ദനയെ കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പാറു തനിക്കരുകിലെ ചുവരിലേയ്ക്ക് നീങ്ങിനിന്നു. മച്ചിലേയ്ക്ക് മിഴികള്‍ പായിച്ചു നിന്ന പാറുവിന്‍റെ മിഴികളില്‍ നിന്നും അടര്‍ന്ന ചുടുകണ്ണീര്‍ നിലത്തേയ്ക്ക് വീണു ചിതറി.  കന്യക അമ്മയെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു. അവളുടെ മനസ്സ് വീണ്ടും ദൃഡമായി. അവള്‍ സ്വയം ചുണ്ടിലേയ്ക്കൊഴുകിവന്ന കണ്ണുനീര്‍ കുടിച്ചുകൊണ്ട് അറിയാതെ പിറുപിറുത്തു.

"ഇല്ല... എന്ത് സംഭവിച്ചാലും ഞാന്‍ പിടി കൊടുക്കില്ല... സത്യം.." നന്ദനയുടെ കാതില്‍ വളരെ പതിയെ വീണ ആ ശബ്ദം  കേട്ട് നന്ദന അവളില്‍ നിന്നും പൊടുന്നനെ മുഖമുയര്‍ത്തി. എന്നിട്ട് ചോദിച്ചു.

"എന്താ കന്യൂട്ടി... നീയിപ്പോള്‍ പറഞ്ഞേ...??

"ഒന്നൂല്ല്യമ്മേ... ഒന്നൂല്ല്യാ...." കന്യക പറഞ്ഞു. നന്ദന ഒന്നും മനസ്സിലാകാതെ മക്കളെ മാറിമാറി നോക്കി നിന്നു. 

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ