2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 32

പ്രപഞ്ചം ഒന്നാകെ തന്‍റെ കാല്‍ച്ചുവട്ടില്‍ കിടന്ന് കറങ്ങുന്നത് പോലെ തോന്നി ഇന്ദിരയ്ക്ക്. അവര്‍ ചിന്തിച്ചു. തന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നില്‍ക്കുന്നത് പതിനേഴ്‌ വയസ്സ് പോലും തികയാത്ത ഒരു പാവം പെണ്‍കുട്ടിയാണ്. ഇനിയും ഒരുപാട് കാലം ജീവിക്കേണ്ടൊരു പെണ്കുരുന്നു. ഈ കാലമത്രയും തന്നാലോ കക്കിചേരിയിലെ സ്ത്രീ ജനങ്ങളാലോ, എന്തിനേറെ തന്‍റെ പ്രിയപ്പെട്ട പുത്രി ജിയാസ്സിനെക്കൊണ്ട് പോലും കഴിയാത്ത ഒരു പ്രവൃത്തി ചെയ്തിട്ടാ അവള്‍ എന്‍റെ മുന്നില്‍ നില്‍ക്കുന്നത്. അവര്‍ അവളെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു.

"മോളെ...!!! കന്യകേ.. മോളീ പറേണത് സത്യാണോ....???

"അതെ അമ്മെ... ഞാന്‍ ചെയ്തു. ജിയാസ്സേച്ചിയെപ്പോലെ ഞാനും അയാളാല്‍ നശിപ്പിക്കപ്പെടും എന്നൊരു ഘട്ടം വന്നപ്പോള്‍ എന്‍റെ മുന്നില്‍ ഇതല്ലാതെ മാര്‍ഗമൊന്നും ഇല്ലായിരുന്നു അമ്മെ.!!... ഞാന്‍ ചെയ്തു അമ്മെ.... ചെയ്തു..."

"അപ്പോള്‍ ഇത് മോള്‍ക്കല്ലാതെ പിന്നാര്‍ക്കറിയാം...?? അവര്‍ ചോദിച്ചു.

"ആര്‍ക്കുമറിയില്ലമ്മേ... ആര്‍ക്കുമറിയില്ല..." പറഞ്ഞുകൊണ്ടവള്‍ തലയുയര്‍ത്തി ഇന്ദിരയുടെ മുഖത്തേയ്ക്കു നോക്കി.

ഇന്ദിര പിന്നെ ഒട്ടും സമയം കളയാതെ കന്യകയെ ചേര്‍ത്ത് പിടിച്ച് അരുകിലെ സോഫയിലേയ്ക്കിരുന്നു. പിന്നെ നടന്നതെന്താണെന്ന് അവര്‍ അവളോട്‌ ചോദിച്ചു. കന്യക അവിടെ നടന്നത് അവരോട് വിശദീകരിക്കാന്‍ തുടങ്ങി.
**********************
അടുക്കളയില്‍ നിന്നും നന്ദന പാറുവിന്‍റെ മുറിയിലേയ്ക്ക് വന്നു. വെറുപ്പോടെ അവള്‍ പാറുവിനോട് ചോദിച്ചു.

"ഉം... കന്യക എവിടെപ്പോയീന്നു നീ കണ്ടോ...??

"ഇല്ലമ്മേ... ഞാന്‍ കണ്ടീല....." അവള്‍ തെല്ലു ഭയത്തോടെ പറഞ്ഞു.

"ഹും.... വേഗം ഭക്ഷണം കഴിച്ച് ഒരുങ്ങിക്കോളണം..." ഇത്രയും പറഞ്ഞുകൊണ്ട്  മുഖം തിരിച്ചവര്‍ നടന്നകന്നു.

നന്ദന അടുക്കളയില്‍ പാത്രങ്ങള്‍ എടുക്കുകയും വയ്ക്കുകയും ഒക്കെ ചെയ്യുന്ന ശബ്ദം പതിവിനു വിപരീതമായി പാറുവിന് കേള്‍ക്കാമായിരുന്നു. അവള്‍ക്കത് മനസ്സിലാകുമായിരുന്നു. തന്നോടുള്ള വെറുപ്പും ദേഷ്യവും ഒക്കെ അമ്മ കാണിയ്ക്കുന്നത് ആ പാത്രങ്ങളോടാകാം... അവള്‍ സ്വയം ചിന്തിച്ചു. അമ്മയെ എന്തിനു കുറ്റപ്പെടുത്തണം. ഒരു വാക്ക് കൊണ്ടോ ശരീരം കൊണ്ടോ നോവിക്കാത്ത ആ അമ്മ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരുപക്ഷെ ഇവിടെ ഈ മുറിയിലെവിടെയെങ്കിലും ആ പാവം തളര്‍ന്നു വീഴാം. അതുമല്ല ഇതുവല്ലതും അപ്പയറിഞ്ഞാല്‍.... പിന്നെ അമ്മ പതറിപ്പോകും. കാര്യങ്ങള്‍ ഒക്കെ തകിടം മറിയും. അവളുടെ ചിന്തകള്‍ അവളിലെ സ്ഥലകാലബോധത്തെ മെല്ലെ മറയ്ക്കാന്‍ തുടങ്ങി. പാറു പിന്നെ ഒന്നും ചിന്തിച്ചില്ല. ഭ്രാന്തമായ വേഗത്തോടെ അവള്‍ ആ മുറിവിട്ട്‌ പുറത്തേയ്ക്കിറങ്ങി. നേരെ അടുക്കളയിലേയ്ക്ക് നടന്ന അവള്‍ അവള്‍ക്ക് എതിര്‍ദിശയില്‍ നിന്നിരുന്ന നന്ദനയുടെ പുറകില്‍ ചെന്നു. പിന്നെ അമ്മയെ പിടിച്ചുവലിച്ചു തിരിച്ചു. ബലമായി പിടിച്ച നന്ദനയുടെ കൈകള്‍ കൊണ്ട് അവള്‍ അവളെ തന്നെ സ്വയം തലങ്ങും വിലങ്ങും അടിയ്ക്കാന്‍ തുടങ്ങി. എന്നിട്ട് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"എന്നെ ഒന്ന് അടിച്ചൂടെ അമ്മെ.... എന്തേലും ഒന്ന് പറഞ്ഞൂടെ അമ്മെ ങ്ങള്‍ക്ക്...!! ഞാനല്ലേ അമ്മെ തെറ്റ് ചെയ്തേ. നമ്മുടെ കുടുംബത്തിന് പൊറുക്കാന്‍ പറ്റാത്ത തെറ്റല്ലേ അമ്മെ ഞാന്‍ ചെയ്തേ... ഇങ്ങനെ എന്നോട് മിണ്ടാതിരിക്കല്ലേ അമ്മെ.... ഇങ്ങനെ എന്നോട് വെറുപ്പ്‌ കാട്ടല്ലേ അമ്മെ...."

പെട്ടെന്നുള്ള പാറുവിന്‍റെ ഈ പ്രവൃത്തി നന്ദനയെയും, അവിടെയുണ്ടായിരുന്ന പായീമ്മയെയും അത്ഭുതപ്പെടുത്തി. അവളുടെ വാക്കുകളും പ്രവൃത്തിയുമൊക്കെ കണ്ട നന്ദന സ്വയം മറന്നു നിന്നു. പൊടുന്നനെ പായീമ്മ പാറുവിന്‍റെ കൈകളില്‍ കടന്നു പിടിച്ചു. പിന്നെ അവളെ പിടിച്ചു വലിച്ചു മാറ്റി. അതോടെ നന്ദന അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാഞ്ഞു. അവള്‍ നിയന്ത്രണം വിട്ടു കരയാനും തുടങ്ങി. പായീമ്മ ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിന്നു. ഒടുവില്‍ പാറുവിനോട് അവര്‍ ചോദിച്ചു.

"എന്ത് പറ്റീതാ ഭഗവാനെ ഈ വീട്ടില്...??? എത്ര സമാധാനായിട്ട് കഴിഞ്ഞ കുടുംബാ... എന്താ മോളെ ഇവിടെ പറ്റിയേ...!!!

"ഒന്നൂല്ല... പായീമ്മേ... ഒന്നൂല്ലാ...." പറഞ്ഞുകൊണ്ട് കന്യക അപ്പോള്‍ അതിനകത്തേയ്ക്ക് കയറി വന്നു. പിന്നെ പാറുവിനോട് തിരിഞ്ഞു ചോദിച്ചു.

"എന്താ ചേച്ചീ ഈ കാണിച്ചത്..??? അമ്മ ഒന്ന് വഴക്ക് പറഞ്ഞാല്‍ ഇങ്ങനാണോ ചേച്ചീ അമ്മയോട് പെരുമാറണേ...!!

അവളുടെ വാക്കുകേട്ട് പാറു തലകുനിച്ചു നിന്നു. അതോടെ കന്യക അമ്മയുടെ നേരെ തിരിഞ്ഞു. എന്നിട്ട് പറഞ്ഞു.

"അമ്മ എന്തിനാ അമ്മെ ഇങ്ങനെ വിഷമിക്കണേ...?? ഞാന്‍ പറഞ്ഞില്ലേ അമ്മെ... അപ്പയെ ഓര്‍ത്തെങ്കിലും ഒന്ന് മിണ്ടാതിരിക്കാമോ രണ്ടാള്‍ക്കും..."

പറഞ്ഞുകൊണ്ട് അവള്‍ തലയില്‍ കൈവച്ചു അടുക്കളയിലെ സ്ലാബിലേയ്ക്ക് ചാരി നിന്നു. അപ്പോഴേയ്ക്കും ദേവന്‍ കൈകഴുകി അകത്തേയ്ക്ക് കയറി വന്നു. അയാളുടെ വിളികേട്ട് നന്ദന നിന്നയിടത്ത് നിന്നു ഒന്ന് ചലിച്ചു. പാറു വേഗത്തില്‍ തന്‍റെ മുറിയിലേയ്ക്ക് നടന്നു. കന്യക ഒന്നും മിണ്ടാതെ ഹാളിലേയ്ക്ക് പോയി. വേഗത്തില്‍ നടന്നു പോകുന്ന പാറുവിനെ കണ്ട ദേവന്‍ കന്യകയോട്‌ "എന്താ ഇവള് ഗര്‍വിച്ചു പോകുന്നത് എന്ന് ആംഗ്യഭാക്ഷയില്‍ ചോദിച്ചു. കന്യക അച്ഛനോട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

"ചേച്ചി അമ്മയുമായിട്ട്‌ പിണക്കാ അച്ഛാ......!!!

ദേവന്‍ കന്യകയുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു. "അതെന്താടാ ഇത്രേം വലിയൊരു പിണക്കം..."

അതോടെ കന്യക അടുക്കളയില്‍ നില്‍ക്കുന്ന നന്ദനയും, മുറിയില്‍ നില്‍ക്കുന്ന പാറുവും കേള്‍ക്കെ ദേവനോട് പറഞ്ഞു.

"അല്ലെങ്കില്‍ അപ്പ തന്നെ പറ. ലോകത്തില്‍ ആരും ചര്‍ദ്ദിക്കില്ലേ..?? ഇതിപ്പോ എത്ര തവണയെന്നാ...!!! അമ്മ പറയുകാ ഇനി പറ്റില്യാ ആശുപത്രീല്‍ പോകണോന്ന്. ചേച്ചി പറയുകാ കുഴപ്പമില്ലെന്ന്..."

"അല്ല... മോളെന്തു പറയുന്നു...??? ദേവന്‍ അവളോട്‌ ചോദിച്ചു.

"ഞാനെന്ത് പറയാനാ അച്ഛാ... പോകണോന്ന് തന്നാ ഞാന്‍ ചേച്ചിയോട് പറയുന്നേ..." ഒന്ന് ആശുപത്രി വരെ പോയാല്‍ തീരാവുന്ന പ്രശ്നെ ഉള്ളൂ ഈ വീട്ടില്... ഇവരും രണ്ടാളും കൂടി ഇങ്ങനെ രണ്ടിടത്ത് നിന്നാല്‍ അപ്പേ കാര്യങ്ങള്‍ വഷളാവുകയേ ഉള്ളൂ... കന്യൂട്ടി പറഞ്ഞേക്കാം..." കന്യക ഇത് പറഞ്ഞു തീരുമ്പോള്‍ തന്നെ ദേവന്‍ പാറുവിനെ വിളിച്ചു കഴിഞ്ഞു.

"പാറുവേ.... മോളെ പാറു...!!!!

"എന്താ..അച്ഛാ..." വിളികേട്ട് കൊണ്ട് അവള്‍ വാതില്‍ക്കലേയ്ക്ക് വന്നു നിന്നു. അപ്പോള്‍ ദേവന്‍ പറഞ്ഞു.

"മോള് വേണ്ടതെന്തെന്ന് വച്ചാല്‍ കഴിച്ചേച്ച് ആശുപത്രീല് പോകണം. അമ്മയെ വേണേല്‍ അമ്മയെ കൂട്ടീട്ട് പോ... അതല്ല കന്യൂട്ടിയെ വേണേല്‍ അങ്ങിനെ. പക്ഷെ മോള് പോണം. ഇതിങ്ങനെ വച്ചോണ്ടിരിക്കാന്‍ പാടില്ല... ട്ടോ.."

പാറു ഉവ്വ് എന്ന് തലകുലുക്കി സമ്മതിച്ചു. അപ്പോള്‍ തന്നെ അയാള്‍ അടുക്കളയിലേയ്ക്ക് നോക്കി നന്ദനയെ വിളിച്ചു.

"നന്ദൂ... നീ കേട്ടോ ഇവിടെ പറഞ്ഞതെല്ലാം....????

"ഉവ്വ്... ഞാന്‍ കേട്ടു. പറഞ്ഞുകൊണ്ട് അവര്‍ വാതില്‍പ്പടിയിലെയ്ക്ക് വന്നു നിന്നു. നന്ദനയുടെ കലങ്ങിയ കണ്ണുകളും ദുഃഖം നിഴലിച്ച മുഖവും കണ്ട ദേവന്‍ മെല്ലെ അവളുടെ അരുകിലേയ്ക്ക് ചെന്നു. പിന്നെ തല കുനിച്ചു നിന്ന നന്ദനയോട് ചോദിച്ചു. "

"നന്ദൂ... ദേ എന്‍റെ മുഖത്തേയ്ക്ക് നോക്ക്..!!

നന്ദന മുഖമുയര്‍ത്തി ദേവനെ നോക്കി. അപ്പോള്‍ ദേവന്‍ തെല്ലു വിഷമത്തോടെ ചോദിച്ചു.

"എന്തുപറ്റി നന്ദു...?? നീ വല്ലാണ്ട് വിഷമിക്കുന്നുണ്ടല്ലോ...??? എന്താ ഇവിടെ നടക്കുന്നേ...??

ദേവന്‍റെ ചോദ്യം കന്യകയുടെയും, പാറുവിന്റെയും നന്ദനയുടെയും നെഞ്ചില്‍ ചാട്ടുളി പോലെ പാഞ്ഞു. കന്യകയ്ക്കറിയാം ഇനി ഒരു തവണ കൂടി അച്ഛന്‍ ചോദിച്ചാല്‍ അമ്മ അച്ഛന്റെ നെഞ്ചില്‍ ആര്‍ത്തലച്ചു വീഴും. എല്ലാം കരഞ്ഞുകൊണ്ട്‌ തുറന്നു പറയും. പിന്നെ അവള്‍ക്കൂഹിക്കാന്‍ പോലും സാധിച്ചില്ല. പെട്ടെന്ന് തന്നെ അവള്‍ അവര്‍ക്കിടയിലേയ്ക്ക് ചെന്നു.

"അയ്യേ...!! അമ്മെ എന്തായിത്...?? അമ്മയ്ക്ക് വയ്യ എങ്കില്‍ അമ്മ പറയ്. ഞാനും അച്ഛനും കൂടി ചേച്ചിയെ കൊണ്ട് പോകാം..."

പക്ഷെ കന്യകയുടെ ആ ചോദ്യം നന്ദന ഒരു ഞെട്ടലോടെയാണ് കേട്ടത്. പെട്ടെന്ന് തന്നെ അവള്‍ പറഞ്ഞു.

"നീ പോവ്വേ...!! അത് കൊള്ളാല്ലോ ഞാനിവിടെ ജീവിച്ചിരിക്കുമ്പോഴോ...??? എന്നിട്ടവള്‍ അല്‍പ്പം ക്രുദ്ധയായി കന്യകയെ നോക്കി. ആ നോട്ടത്തില്‍ കന്യകയും ദേവനും ഒപ്പം നന്ദനയും പൊട്ടിപ്പൊട്ടിചിരിച്ചു....
***************
ഭക്ഷണം കഴിഞ്ഞു കന്യക മുറിയിലേയ്ക്ക് കയറി. പെട്ടെന്ന് അവളുടെ ബാഗിലിരുന്ന പാറുവിന്‍റെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി. ധൃതിയില്‍ അവള്‍ ചെന്നു അതെടുത്തു. പിന്നെ അത് ചെവിയിലേയ്ക്ക് ചേര്‍ത്തുവച്ചു. ആ ഫോണിലെ വാക്കുകളുടെ നീളത്തിനൊപ്പം അവളുടെ മുഖത്തും ഭാവഭേദങ്ങള്‍ മാറിമറിഞ്ഞു. ഒടുവില്‍ ആ ഫോണില്‍ അവള്‍ മറുപടി പറഞ്ഞു.

"ഉവ്വ്... വിളിച്ചിരുന്നു അമ്മെ. പലതവണ.... പക്ഷെ, തിരക്കില്‍.... തിരക്കില്‍ ഞാനത് ഓര്‍ത്തില്ലമ്മേ...!! ദൈവമേ.. ആകെ പ്രശ്നമാകുമല്ലോ അമ്മെ...?? ഒടുവില്‍ വിളിച്ച നമ്പരുകളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ അവര്‍ ആദ്യം തേടി വരുന്നത് ഇവിടേയ്ക്കാകും...ഞാനിനി എന്താ അമ്മെ ചെയ്കാ....!! പറഞ്ഞുകൊണ്ട് കന്യക തന്‍റെ തലയില്‍ കൈവച്ചു. പിന്നെ സ്വയം തളരാന്‍ തുടങ്ങി. ഇതെല്ലാം കേട്ടുനിന്ന പാറു അതോടെ അവളുടെ അരുകിലേയ്ക്ക് വന്നു. എന്നിട്ട് കന്യകയ്ക്ക് മാത്രം കേള്‍ക്കും വിധം അവള്‍ ചോദിച്ചു.

"എന്താ... കന്യൂട്ടി..?? നീയിത്ര വിഷമിക്കാന്‍ മാത്രം ഇപ്പോള്‍ എന്താ പറ്റിയേ...??

"ഒന്നൂല്ല്യ ചേച്ചി...!!! ചേച്ചി  ഒന്ന് പോവണുണ്ടോ ന്‍റെ മുന്നീന്ന്... എനിക്കൊത്തിരി സ്വൈര്യം തരൂ ചേച്ചീ..."

പാറു ഒന്നും മിണ്ടാതെ കുളിപ്പുരയിലെയ്ക്ക് കയറി. പിന്നീട് അവള്‍ കുളിച്ച് ഒരുങ്ങി അമ്മയ്ക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോകുന്നത് വരെ കന്യക ആ കിടക്കയില്‍ തളര്‍ന്നു കിടന്നു. വീട്ടുജോലികള്‍ എല്ലാം കഴിഞ്ഞ് പായീമ്മ അവരുടെ വീട്ടിലേയ്ക്ക് പോയി. ദേവന്‍ തന്‍റെ തോട്ടത്തിലും. അപ്പോള്‍ കന്യക കിടക്ക വിട്ടെഴുന്നേറ്റു. പിന്നെ ആ മുറിയില്‍ ഇടം വലം നടന്നുകൊണ്ടവള്‍ ചിന്തിച്ചു.
*****************
ചാരിയിട്ടിരുന്ന ലോഡ്ജ് മുറിയുടെ വാതിലിന് മുന്നില്‍ അല്‍പ്പം ശങ്കിച്ചു നിന്നയാള്‍. പിന്നെ രണ്ടും കല്‍പ്പിച്ച് ആ കതകില്‍ തട്ടി. പതിവ് പോലെ ആ മുറിയിലേയ്ക്ക് ചായയും കൊണ്ട് വരാറുള്ള അയാള്‍, അകത്തു നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോള്‍ മെല്ലെ ആ കതകു തള്ളിത്തുറന്നു. പിന്നെ മെല്ലെ അതിനകത്തേയ്ക്ക് കയറിയ അയാള്‍ കഴുത്ത് മുറിഞ്ഞു ചോരയില്‍ കുളിച്ചു കിടക്കുന്ന പനീറിന്റെ ശവം കണ്ടു ഭയന്നു പിന്നിലേയ്ക്ക് മാറി. അയാളുടെ കൈയിലിരുന്ന ചായഗ്ലാസ് കൈവിട്ട്  മുറിയില്‍ വീണുടഞ്ഞു.  പിന്നെ ഒരു നിലവിളിയോടെ അയാള്‍ പുറത്തേയ്ക്ക് ഓടി. ലോഡ്ജിന് പുറത്ത് അവിടവിടെ റോഡിലായി നിന്നിരുന്ന ആളുകളോട് ഒരു വിറയലോടെ അയാള്‍ പറഞ്ഞു.

"ആ മുറിയ്ക്കകത്ത് അയാള്‍ ചത്തു കിടക്കുന്നു.... ആ തമിഴന്‍ ചത്തു കിടക്കുന്നു..."

അയാളുടെ വാക്ക് കേട്ടവര്‍ കേട്ടവര്‍ ആ ലോഡ്ജിനുള്ളിലേയ്ക്കും, പിന്നെ ആ മുറിയ്ക്കുള്ളിലേയ്ക്കും കടന്നുകയറി. മിന്നല്‍ വേഗത്തില്‍ ആ വാര്‍ത്ത പരന്നു. പോലീസും മാധ്യമപ്രവര്‍ത്തകരും അവിടേയ്ക്ക് പാഞ്ഞെത്തി. തുരുതുരെ ക്യാമറകള്‍ മിന്നാന്‍ തുടങ്ങി.
*****************
സമയം മെല്ലെ നീങ്ങി...  കന്യകയുടെ ചിന്തകള്‍ അവളെ വല്ലാതെ ആകുലയാക്കി. അവള്‍ വ്യസനത്തോടെ ഹാളിലേയ്ക്ക് മന്ദം മന്ദം വന്നു. പിന്നെ സോഫയിലേയ്ക്ക് ഇരുന്നുകൊണ്ട് ടി.വിയുടെ സ്വിച്ച് ഓണ്‍ ചെയ്തു. അത് മെല്ലെ തെളിഞ്ഞുവരവേ, അതില്‍ തന്നെ നോക്കിയിരുന്ന കന്യകയുടെ കണ്ണുകള്‍ വല്ലാതെ തിളങ്ങി. അതിലെ വാര്‍ത്ത അവളുടെ നെഞ്ചമിടിപ്പ് കൂട്ടി. അവള്‍ അതിലേയ്ക്ക് തന്നെ സാകൂതം നോക്കിയിരുന്നു. അപ്പോഴേയ്ക്കും ആശുപത്രിയില്‍ നിന്നും നന്ദനയും, പാറുവും വീട്ടിലേയ്ക്ക് വന്നു കയറി. അവരും അവള്‍ക്കൊപ്പം ആ വാര്‍ത്ത കേട്ടുകൊണ്ട് സ്തബ്ധരായി നിന്നു...

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ