2015 ജനുവരി 28, ബുധനാഴ്‌ച


കഥ
മഴയും.... ഞാനും...!!!

പടിഞ്ഞാറന്‍ കാറ്റിന് അന്ന് വല്ലാത്ത വേഗതയായിരുന്നു. വീട്ടുമുറ്റത്തെ അരളിചെടിയുടെ കൊമ്പിലൊന്ന് ഒടിഞ്ഞു തൂങ്ങി. മുറ്റം നിറയെ മഞ്ഞപ്പൂക്കള്‍ കൊണ്ട് നിറഞ്ഞു നിന്നിരുന്ന ജമന്തി ചെടികള്‍ ആ കാറ്റേറ്റ് ചാഞ്ഞ് നിലത്തേയ്ക്കൊട്ടി കിടന്നു. കിളിമരച്ചില്ലയില്‍ കൂടൊരുക്കി, അതില്‍ മുട്ടയിട്ട് കാത്തിരുന്ന കരിയിലക്കിളി വാലിളക്കി വല്ലാതെ കരയാന്‍ തുടങ്ങി. ഒരു പെരുമഴയുടെ വരവറിയിച്ചുകൊണ്ട് അന്തരീക്ഷം മുഖം മൂടിക്കെട്ടി നിന്നു.വരാന്തയിലെ ഇടറിയ വെളിച്ചത്തില്‍ ഏകനായി അവനിരുന്നു. അവന്‍റെ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു.
*****************
അന്നും, മഴ വരുന്നതറിഞ്ഞ് പുറത്ത് ഉണങ്ങാനിട്ടിരുന്ന തുണികളും, വിറകുമെല്ലാം വീട്ടിനുള്ളിലേയ്ക്ക് സ്വരുകൂട്ടി വയ്ക്കാനായി അവന്‍റെ അമ്മ പുറത്ത് പരക്കം പായുകയായിരുന്നു. ഇടയ്ക്ക് പുറത്തുനിന്ന് അമ്മ വിളിച്ചു പറഞ്ഞു.

"മോനെ...!!! സച്ചൂട്ടി, ഈ വിറകൊക്കെ ഒന്നെടുക്കാന്‍ സഹായിക്കടാ...!!!.. ദേ നീ കണ്ടില്ലേ മഴയിങ്ങെത്തി."

സ്വന്തം ചിന്തകള്‍ അവനെ മഥിച്ചുകൊണ്ടിരുന്നു. അവനാ വിളി കേട്ടില്ല. കാരണം മനസ്സ് നിറയെ അവളായിരുന്നു. അവള്‍ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ പുസ്തകക്കൂട്ടങ്ങള്‍ ആയിരുന്നു. പിന്നെ അവളുടെ മുഖമടച്ച ആട്ടും....

"നാണമില്ലേടോ തനിയ്ക്കൊക്കെ...??? രാവിലെ ഇറങ്ങിക്കോളും ഓരോരുത്തന്മാര്. പ്രേമമാണ് പോലും പ്രേമം. ആദ്യം താന്‍ ചെല്ല്. എന്നിട്ട്, വീട്ടില്‍ അമ്മേം പെങ്ങളും ഒണ്ടേല്‍ അവരെ സ്നേഹിക്കാന്‍ പഠിയ്ക്ക്. സമയമാകുമ്പോള്‍ അവര് തീരുമാനിയ്ക്കും താന്‍ ആരെ സ്നേഹിക്കണോന്ന്‍. അന്ന് ഞാനാണ് തനിയ്ക്ക് വിധിച്ചോങ്കി ഞാന്‍ വരാം തന്ടോടെ. അല്ല പിന്നെ.....!!!

മഴ ആര്‍ത്തുപെയ്യാന്‍ തുടങ്ങി. അവന്‍ എഴുന്നേറ്റ് ജനാലയിലൂടെ കൈയ് പുറത്തേയ്ക്കിട്ടു. തണുപ്പ് കൈകളെ പൊതിയുമ്പോള്‍ അവന്‍ വിഷാദം മറന്നു സ്വയം പറഞ്ഞു.

"എന്ത് സുഖാ ഈ മഴയ്ക്ക്‌...!!!

"മോനെ.... സച്ചൂട്ടി....!!!! വീണ്ടും അമ്മയുടെ വിളി.

"ഹും... എന്താ ഈ അമ്മയ്ക്ക്. പഠിച്ചിട്ട് വന്നതല്ലേ ഉള്ളൂ. ഒന്നിരിക്കാന്‍ കൂടി സമ്മതിയ്ക്കില്ലാന്ന് വച്ചാല്‍..!! മുറുമുറുത്തുകൊണ്ട്, മനസ്സില്ലാമനസ്സോടെ അവന്‍ അവിടെ നിന്നും അടുക്കളയിലേയ്ക്ക് ചെന്നു. കോളേജില്‍ നിന്നും വന്നയുടനെ അവനു കഴിയ്ക്കാനായി അരിമാവില്‍ മധുരം വച്ച് അമ്മയുണ്ടാക്കിയ "ഉണ്ടയപ്പം" അടുക്കളയിലെ സ്ലാബിന്‍റെ മുകളില്‍ അത് പകര്‍ന്നു വച്ച പാത്രത്തില്‍ ചൂട് മാറാതെയിരിപ്പുണ്ടായിരുന്നു. അതിനരുകില്‍ ഒരുപാത്രത്തില്‍ ചായയും. അവന്‍ അതിലെല്ലാം ഒന്ന് നോക്കി വീണ്ടും മുറുമുറുത്തു.

"നാശം... ഈ മഴയ്ക്കും കാറ്റിനും വരാന്‍ കണ്ട ഒരു സമയം..."

ഇങ്ങനെ പറഞ്ഞുകൊണ്ട് അരുകിലിരുന്ന പാത്രത്തില്‍ നിന്നും ചൂട് മാറാത്ത ഉണ്ടയപ്പത്തില്‍ ഒന്നവന്‍ കൈയിലെടുത്തു. ഉള്ളംകൈയിലെ ചൂട് സഹിയ്ക്കാന്‍ കഴിയാതെ അതവന്‍ ഇടതും വലതും കൈകളില്‍ ഇട്ട് അമ്മാനമാടി. പിന്നെ വേഗതയില്‍ അതില്‍ ഒരു കഷണം കടിച്ചെടുത്ത് വിഴുങ്ങി. പിന്നെ അവിടെ നിന്ന്, ആ നില്‍പ്പില്‍ തന്നെ മതിവരുവോളം അവനത് കഴിച്ചു. അതിനുശേഷം മെല്ലെ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍പ്പടിയില്‍ വന്നു നിന്നു. മുറ്റത്ത് ചിതറിവീഴുന്ന ഓരോ മഴത്തുള്ളികളിലേയ്ക്കും നോക്കിനില്‍ക്കെ അവനു അത്ഭുതം തോന്നി. അവനറിയാതെ അവയിലേയ്ക്ക് കൈവിരലുകള്‍ നീട്ടി. പിന്നെ മെല്ലെ മെല്ലെ ആ വെള്ളത്തുള്ളികള്‍ കൈവിരലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചു. മനസ്സ് മെല്ലെ ശാന്തമാകാന്‍ തുടങ്ങി. അപ്പോഴാണ്‌ അവന്‍ അമ്മയെക്കുറിച്ച് ഓര്‍ത്തത്. അവന്‍ വിളിച്ചു.

"അമ്മെ....!!! അമ്മെ...!!!

അമ്മ വിളികേള്‍ക്കാതായപ്പോള്‍ സ്വയം പിറുപിറുത്തു. "ഈ അമ്മയ്ക്കിത് സ്ഥിരം ഉള്ളതാ. മഴ കണ്ടാല്‍ പിന്നെ അകത്തേയ്ക്ക് കയറില്ല.... ങാ... എവിടേലും പോട്ടെ...!!!

പറഞ്ഞുകൊണ്ട് അവന്‍ തിരികെ അടുക്കളയിലേയ്ക്ക് തന്നെ കയറി. തണുപ്പ് ബാധിച്ച കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ വീടിന്‍റെ മുന്‍വശത്തേയ്ക്ക് നടന്നു. മുന്‍വാതില്‍ താഴെടുത്ത് മോന്തായത്തിലേയ്ക്കിറങ്ങി. അപ്പോഴും ഇറമ്പില്‍ നിന്നും തടിച്ച മഴത്തുള്ളികള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. റോഡരുകില്‍ നിന്നും രണ്ടുപേര്‍ തന്‍റെ വീട്ടിന്‍റെ പിന്നാമ്പുറത്തെയ്ക്ക് ഓടുന്നത് അപ്പോഴാണ്‌ അവന്‍റെ ശ്രദ്ധയില്‍ പെട്ടത്. അവനും അതുകണ്ട് കൌതുകത്തോടെ വീടിന്‍റെ മുന്‍വശത്തേയ്ക്കിറങ്ങി. വീടിന്‍റെ പുറകിലെ ആള്‍ക്കൂട്ടം അവനെ... അവന്‍റെ കാലുകളെ അതിവേഗം അവിടേയ്ക്ക് ചലിപ്പിച്ചു. പാതിവഴിയില്‍ അവന്‍റെ കാതില്‍ വീണ ശബ്ദം അവനെ അവിടെനിന്നും പിന്നിലേയ്ക്ക് തിരിപ്പിച്ചു.

"ആരെങ്കിലും... ഒന്ന് ഇലക്ട്രിസിറ്റി ബോര്‍ഡിലെ നമ്പര്‍ തരണേ..!!! "

അവന്‍ വീട്ടിലേയ്ക്ക് തന്നെ തിരികെ ഓടിക്കയറി. തീന്‍മുറിയിലെ കലണ്ടറില്‍ അമ്മ എഴുതിയിട്ടിരിക്കുന്ന ഫോണ്‍ നമ്പരുകളിലൂടെ അവന്‍ വേഗത്തില്‍ മിഴികളോടിച്ചു. "ഇല്ലല്ലോ ഇവിടെയൊന്നും കാണുന്നതും ഇല്ലല്ലോ." പെട്ടെന്നാണ് അവനു അതോര്‍മ വന്നത്. അതോടെ ഓടിയവന്‍ തന്‍റെ മുറിയിലേയ്ക്ക് കയറി. പിന്നെ തന്‍റെ ബാഗിനുള്ളില്‍ പെട്ടെന്നവന്‍ തിരയാന്‍ തുടങ്ങി. "ഓ... കിട്ടി..." ആ പേപ്പറും പിടിച്ചവന്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് ഓടിച്ചെന്നു. ഒരു കിതപ്പോടെ അവന്‍ പറഞ്ഞു.

"ദാ..... നമ്പര് കിട്ടി..."

പറഞ്ഞുകൊണ്ട് ഓടിച്ചെന്ന അവനെ അയല്‍വക്കത്തെ പ്രായം ചെന്ന ഒരാള്‍ പിടിച്ചു നിര്‍ത്തി. ആള്‍ക്കൂട്ടത്തിന്‍റെ കാല്‍ച്ചുവടുകള്‍ക്കിടയില്‍ അപ്പോഴാണ്‌ നിലംപറ്റിക്കിടക്കുന്ന അമ്മയെ അവന്‍ കണ്ടത്. അവന്‍റെ കൈയിലെ പേപ്പര്‍ വിറയ്ക്കാന്‍ തുടങ്ങി. അമ്മയുടെ ദേഹത്ത് പറ്റിക്കിടന്ന ഇലക്ട്രിക് കമ്പികളുടെ കഥ ആ പേപ്പറില്‍ ഒരുനാള്‍, ഒരു മാസം മുന്‍പ് അവന്‍ കണ്ടതാണ്. അവന്‍റെ അമ്മയുടെ വടിവൊത്ത കൈയക്ഷരങ്ങളില്‍...

"വീടിനരുകിലെ ഇലക്ട്രിക് പോസ്റ്റ്‌ ഏതു നിമിഷവും നിലത്തേയ്ക്ക് വീഴാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. കുഞ്ഞുങ്ങള്‍ ഉള്ള വീടാണ്. ഈ മഴക്കാലം വരും മുന്നേ ഇതൊന്ന് മാറ്റി സ്ഥാപിക്കാന്‍ അപേക്ഷ."
എന്ന് ഭാരതി.......

"അമ്മെ..... ന്‍റെമ്മേ....!!! അവനെ ചുറ്റിപ്പിടിച്ചിരുന്നവരുടെ കൈകള്‍ക്കുള്ളില്‍ കിടന്ന് അവന്‍ കുതറി. അവന്‍റെ ഹൃദയം നുറുങ്ങിവീണത് അപ്പോഴാണ്‌. ഓരോ ദിവസവും ഓഫീസില്‍ കൊടുക്കാതെ താന്‍ മറന്നുവച്ച ആ പേപ്പര്‍..!!
**************
അവന്‍റെ നാക്കിലപ്പോഴും അമ്മ ഉണ്ടാക്കിതന്ന ആ അപ്പത്തിന്‍റെ മധുരം വിട്ടുമാറിയിരുന്നില്ല. അവന്‍ സ്വയം നുണഞ്ഞിറക്കാന്‍ തുടങ്ങി. അവള്‍ അവനെ ചേര്‍ത്ത് പിടിച്ചു. അവന്‍ ചൂണ്ടുവിരല്‍ കൊണ്ട് മൂക്കിന്‍തുമ്പിലിരുന്ന കണ്ണട മെല്ലെ മുകളിലേയ്ക്ക് തട്ടി വച്ചു. അവള്‍ അവനു സ്നേഹത്തോടെ ഒരു ചുംബനം നല്‍കി. അപ്പോഴും അവന്‍റെ മനസ്സ് പറയുന്നുണ്ടായിരുന്നു.

"സമയമാകുമ്പോള്‍ അവര് തീരുമാനിയ്ക്കും താന്‍ ആരെ സ്നേഹിക്കണോന്ന്‍. അന്ന് ഞാനാണ് തനിയ്ക്ക് വിധിച്ചോങ്കി ഞാന്‍ വരാം തന്ടോടെ. അല്ല പിന്നെ.....!!!

അവനവളെ ചേര്‍ത്ത് പിടിച്ചു. എന്നിട്ട് അവളുടെ മിഴികളില്‍ നോക്കി പറഞ്ഞു.

"വിടില്ല ഞാന്‍ നിന്നെ ഈ മഴയത്ത് എന്‍റെ കണ്മുന്നില്‍ നിന്നും എവിടേയ്ക്കും വിടില്ല ഞാന്‍..."

"മോനെ... സച്ചൂ....."

ഓരോ മഴയത്തും ആ വിളി അവന്‍റെ കാതുകളില്‍ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ആ ഓരോനിമിഷവും അവളവനെ ചേര്‍ത്തുപിടിച്ചുകൊണ്ടുമിരുന്നു.

ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ