2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 35

പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ നിന്നും തിരക്കിട്ട് വന്ന വണ്ടി കക്കിചേരിയിലെ സ്റ്റേഷന്‍ പരിസരത്തേയ്ക്ക് കയറി നിന്നു. പോലിസ് സ്റ്റേഷന്‍റെ പൂമുഖത്തില്‍ ഗൗരവമായ ചിന്തയോടെ ഉലാത്തുകയായിരുന്ന രാജശേഖര്‍ മുഖമുയര്‍ത്തി നോക്കി. അപ്പോഴേയ്ക്കും ആ വണ്ടിയില്‍ നിന്നും എസ്.ഐ ശരത്തും രണ്ടു പോലീസുകാരും പുറത്തേയ്ക്കിറങ്ങി. രാജശേഖര്‍ സന്തോഷപൂര്‍വ്വം അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. അകത്തു കയറി അല്‍പസമയം ഇരുന്നു കുശലപ്രശ്നങ്ങള്‍ക്ക് ശേഷം ശരത് രാജശേഖറിനോട് ചോദിച്ചു.

"സര്‍... നിങ്ങളറിയുന്ന ആളാണ്‌ എന്നല്ലേ പറഞ്ഞത്...??

"അതെ... ശരത്..!! അതിലെന്തിനാ ഇത്ര സംശയം...??

"അല്ല... ഞാന്‍ ചോദിച്ചു എന്നെ ഉള്ളൂ...!! പിന്നെ അല്‍പ്പം മടിച്ച് മടിച്ചയാള്‍ പറഞ്ഞു. "ആ വീടുമായി താങ്കള്‍ക്കുള്ള ബന്ധം...???

"നല്ല ബന്ധമാ...!!  അയാള്‍ തുടര്‍ന്നു. നിങ്ങളീ വിളിച്ചുവെന്ന് പറയുന്നത് പതിനേഴ്‌ വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെയാ. അവളുടെ അച്ഛന്‍, മിസ്റ്റര്‍ ദേവന്‍ കക്കിചേരിയിലെ അറിയപ്പെടുന്ന ഒരു നല്ല മനുഷ്യനും. ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മദ്യത്തിനെതിരെ പോരാടിയ ഇവിടുത്തെ നാട്ടുകാരുടെ ശക്തി. ഇന്ദിരയെന്ന ഒരു പാവം സ്ത്രീയില്‍ നിന്നു തുടങ്ങി, പിന്നെ കക്കിചേരിയിലെ സ്ത്രീകളിലൂടെ അത് വളര്‍ന്ന്, അവര്‍ക്കൊപ്പം എന്തിനും താങ്ങും തണലുമായി നിന്ന് അത് വിജയിപ്പിച്ച ദേവന്‍... അയാളുടെ മകളാണ് ഈ ഫോണ്‍ നമ്പറിന് ഉടമയായ, നിങ്ങള്‍ സംശയിക്കുന്ന കുട്ടി...!!!

രാജശേഖറിന്‍റെ ഈ വാക്കുകള്‍ ശരത്തിന് അത്ര ഇഷ്ടമായില്ല. അതയാള്‍ ഒട്ടും സങ്കോചം കൂടാതെ തുറന്നു പറയുകയും ചെയ്തു.

"രാജശേഖര്‍ സര്‍... നിങ്ങളീ പറയുന്ന കുട്ടിയുടെ ഫോണിലേയ്ക്ക് പല തവണ ഈ മരണപ്പെട്ടയാളുടെ ഫോണില്‍ നിന്നും വിളി പോയിട്ടുണ്ട്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിയ്ക്ക് അവരോട് സംസാരിച്ചേ മതിയാകൂ. അവര്‍ക്ക് ഈ കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ ഇല്ലയോ എന്നത് പിന്നെയുള്ള കാര്യമല്ലേ..???

"ശരിയായിരിക്കാം മിസ്ടര്‍ ശരത്. പക്ഷെ, താങ്കള്‍ ഒന്ന് മറന്നു. അതൊരു സാധാരണ കുടുംബമാണ്. അമ്മയും അച്ഛനും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍കുട്ടികളും മാത്രമുള്ള വീട്. എന്ത് അന്വേഷണത്തിന്‍റെ പേരിലായാലും അവിടെ അങ്ങിനെ ചെന്നു കയറുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കാണണം. എന്നിട്ട് വേണം പോകുവാന്‍...!!

രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട്  അതെന്തന്ന ഭാവത്തില്‍ ശരത് അയാളെ നോക്കി. അപ്പോള്‍ രാജശേഖര്‍ പറഞ്ഞു.

"ഒരു പക്ഷെ താങ്കള്‍ ഉദ്ദേശിയ്ക്കുന്നത് പോലെ കാര്യങ്ങള്‍ ശരിയായി എന്ന് വരില്ല. കാരണം ഇതിലൊരു പങ്കും അവര്‍ക്കില്ല എങ്കില്‍ ആ കുടുംബത്തിന്‍റെ അഭിമാനത്തിലേയ്ക്ക് താങ്കള്‍ അടിയ്ക്കുന്ന അവസാന ആണിയാകണമിത്."

"മനസ്സിലായില്ല..." ശരത് പറഞ്ഞു.

"ഇതിലെന്ത് മനസ്സിലാക്കാന്‍. ഇനിയൊരു ശല്യപ്പെടുത്തല്‍ ആ കുടുംബത്തിന് മുകളില്‍ ഉണ്ടാകരുത്. അത്ര തന്നെ. നിയമം മാത്രം പഠിച്ചാല്‍ പോരല്ലോ നമ്മളെ പോലെയുള്ള ജനസേവകന്‍മാര്‍. എല്ലാറ്റിനും ഉപരി മാനുഷികപരിഗണന എന്നത് ഒന്ന് കൂടി ഉണ്ട്. താങ്കള്‍ ഈ തൊഴിലില്‍ ഒരു പുതിയ ആളെന്ന നിലയില്‍ അത് പറഞ്ഞു തരേണ്ടത് എന്‍റെ ചുമതലയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഈ കാക്കി എന്‍റെ ശരീരം അണിയാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായി. പോലീസിന്‍റെ ബൂട്ട് പതിഞ്ഞ മണ്ണില്‍, അവന്‍ തെറ്റുകാരന്‍ ആണേലും അല്ലേലും പിന്നൊരു ചീത്തപ്പേര് വരാന്‍ അധികം താമസ്സമുണ്ടാകില്ല. കഥകള്‍ മെനഞ്ഞെടുക്കാന്‍ നമ്മുടെ നാട്ടാരോളം പോന്ന മറ്റൊരു കൂട്ടം ലോകത്തെവിടെയും ഇല്ലെന്നിരിക്കെ, നമ്മുടെയീ യാത്ര ഒരു അപമാനം ആകരുത് ആ കുടുംബത്തിന്. കാരണം ഒരു നിയമപാലകന്‍ എന്ന നിലയില്‍, അതിലുപരി ഒരു പൌരന്‍ എന്ന നിലയില്‍ അതുണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് ശരത്..."

എസ്. ഐ. രാജശേഖറിന്‍റെ വാക്കുകള്‍ കേട്ട് ശരത് അല്‍പസമയം മിണ്ടാതെയിരുന്നു. അവരിരുവരിലും ഉള്ളുകൊണ്ട് ഉയര്‍ന്നുവന്ന വെറുപ്പ് മൗനമായി നിലകൊണ്ടു. ഒടുവില്‍ രണ്ടു ജീപ്പിലായി അവര്‍ ദേവനന്ദനത്തിലേയ്ക്ക് പുറപ്പെട്ടു.
***************
സമയം ഉച്ചയോടടുത്തു. ദേവന്‍ വീട്ടിലേയ്ക്ക് തിരിച്ചു വന്നു. മുറ്റത്ത് നിന്നും കാലുകഴുകി അയാള്‍ ഉമ്മറത്തേയ്ക്ക് എത്തുമ്പോള്‍ നന്ദന പുറത്തേയ്ക്ക് വന്നു. ഒട്ടും സന്തോഷമില്ലാതിരുന്ന അവളുടെ മുഖം കണ്ട ദേവന്‍ ചോദിച്ചു.

"എന്താടീ... നിന്‍റെ മുഖം വല്ലാതിരിക്കുന്നെ...?? മോള്‍ക്ക്‌ വീണ്ടും സുഖമില്ലാതെ ആയോ...???

"ഇല്ലേ ദേവേട്ടാ... ഒന്നുമില്ല. അടുക്കളയിലെ പുകയടിച്ചതാവും..."

ദേവന്‍ അവളുടെ വാക്ക് കേട്ട് അകത്തേയ്ക്ക് കയറി. വണ്ടിയില്‍ ഇരുന്ന സഞ്ചിയും എടുത്തു നന്ദനയും അയാളുടെ പിന്നാലെ  കയറി. മുറിയില്‍ കന്യകയും പാറുവും ഒന്നും ഉരിയാടാതെ ഇരിക്കുകയായിരുന്നു. പുറമേ അവള്‍ ശാന്തമായി കാണപ്പെട്ടു എങ്കിലും അവളുടെ ഉള്ളം പോലീസ് വരുന്നതും ചോദ്യം ചെയ്യുന്നതും ആയ നിമിഷങ്ങള്‍ മനസ്സില്‍ പാകപ്പെടുത്തിക്കൊണ്ടിരുന്നു. സ്വന്തം മുറിയില്‍ നിന്നും ഇട്ടിരുന്ന ഉടുപ്പ് ഊരി മാറ്റി പറമ്പിലേയ്ക്ക് ഇറങ്ങാനുള്ള ഒരു ബനിയനും ധരിച്ചു ദേവന്‍ പുറത്തേയ്ക്ക് വന്നു. നന്ദന വച്ച് നീട്ടിയ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ടയാള്‍ തെല്ല് ഉറക്കെ വിളിച്ചു.

"മോളെ... പാറൂ....!!!

"എന്താച്ഛാ...????

വിളികേട്ട് കൊണ്ട് പാറു ഹാളിലേയ്ക്ക് വന്നു. അപ്പോള്‍ ദേവന്‍ അവളെ തന്‍റെ അരുകിലേയ്ക്ക് മുഖമാട്ടി വിളിച്ചു. പാറു അച്ഛനരുകിലേയ്ക്ക് വന്നു. അയാള്‍ വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു. പാറുവിന്‍റെ ഉള്ളില്‍ സങ്കടം തികട്ടി വന്നു. അപ്പോഴേയ്ക്കും കന്യകയും മെല്ലെ വാതിലിനരുകില്‍ പ്രത്യക്ഷയായി. പരിഭവത്തോടെ നിന്ന അവളെ അപ്പോഴാണ്‌ ദേവന്‍ കണ്ടത്. അയാള്‍ അത്യധികം സന്തോഷത്തോടെ കന്യകയോട് ചോദിച്ചു.

"എന്തായിത്...??? എന്‍റെ പൊന്നുമോളും ഉണ്ടായിരുന്നോ ഇവിടെ...???

"അതെ.. അച്ഛാ... ഞാനിങ്ങ് പോന്നു..." പറഞ്ഞുകൊണ്ടവള്‍ ദേവനരുകിലേയ്ക്ക് വന്നു. ദേവന്‍ കൈയിലിരുന്ന ഗ്ലാസ് നന്ദനയുടെ നേരെ വച്ച് നീട്ടി. നന്ദന അത് വാങ്ങുമ്പോള്‍, തന്‍റെ ഇരുവശത്തേയ്ക്കും മക്കളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് അയാള്‍ അവരുടെ മൂര്‍ദ്ധാവില്‍ മാറിമാറി ചുംബിച്ചു. കന്യകയും പാറുവും എല്ലാം മറന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. കുറച്ചുനേരം അച്ഛന്റെ ചൂടില്‍ അങ്ങിനെ നില്‍ക്കുമ്പോള്‍, അവളുടെ തളര്‍ന്ന മനസ്സും ശരീരവും ഉണരാന്‍ തുടങ്ങി. അവളറിയാതെ തന്നെ അവളിലേയ്ക്കൊരു ധൈര്യം വന്നുചേര്‍ന്നു.
**************
രണ്ട് പോലീസ് ജീപ്പുകള്‍ ഒരുമിച്ച് ആ ഇടറോഡിലേയ്ക്ക് മെല്ലെ തിരിഞ്ഞു. കക്കിചേരിയിലെ നിരത്തിനരുകില്‍ മതിലരുകിലും റോഡിന് സമീപത്തുമായി നിന്നിരുന്ന ചെറുപ്പക്കാരില്‍ ചിലര്‍ സംശയത്തോടെ ആ ജീപ്പിനെ നോക്കി. പിന്നെ എന്തോ പന്തികേട്‌ തോന്നിയ അവര്‍ ആ ജീപ്പിനോപ്പം ഓടിയും നടന്നും അടുക്കാന്‍ തുടങ്ങി. ജീപ്പ് മെല്ലെമെല്ലെ ദേവനന്ദനത്തിലേയ്ക്ക് തിരിഞ്ഞു. അയല്‍വീടുകളില്‍ നിന്നും ആളുകള്‍ ഒളിഞ്ഞും തെളിഞ്ഞും അവിടേയ്ക്ക് നോക്കുവാന്‍ തുടങ്ങി. സ്ത്രീകളില്‍ ചിലര്‍ ചെയ്തുകൊണ്ടിരുന്ന ജോലി പാതിവഴിയില്‍ ഉപേക്ഷിച്ച് ഉടുമുണ്ടില്‍ കൈതുടച്ച് മതിലിനരുകില്‍ എത്തി നിന്നു. ദേവനന്ദനത്തിന്‍റെ മുറ്റത്തേയ്ക്ക് വന്നു നിന്ന ജീപ്പില്‍ നിന്നും പോലീസുകാര്‍ എല്ലാപേരും ഇറങ്ങി. ശരത് ഒന്നില്ലാതെ ചുറ്റുപാടും  നോക്കി. അയാള്‍ക്ക്‌ അത്ഭുതം തോന്നി. ശരത്തിനെ നോക്കാതെ ദേവനന്ദനത്തിലേയ്ക്ക് ചുവട് വച്ച രാജശേഖര്‍ ബെല്ലില്‍ വിരലമര്‍ത്തി. മക്കളെ ചേര്‍ത്ത് നിര്‍ത്തിയ ദേവന്‍ മുഖമുയര്‍ത്തി. അച്ഛന്റെ നെഞ്ചില്‍ ചേര്‍ന്ന് നിന്ന കന്യക അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് നോക്കി. ദേവന്‍ മുഖം ചലിപ്പിച്ചുകൊണ്ട് അവളോട്‌ പറഞ്ഞു. 

"ഉം...പോയി നോക്ക് മോളെ ആരാന്ന്....!!!

കന്യക അച്ഛനെ വിട്ട് വേഗം വാതിലിനരുകിലേയ്ക്ക് ചെന്നു. വാതിലിനരുകിലെ ജനലിന്‍റെ കണ്ണാടിച്ചില്ലിലൂടെ പുറത്തെ ആള്‍പ്പെരുമാറ്റം ഒരു നിഴല് പോലെ അവള്‍ കണ്ടു. ഒപ്പം മുറ്റത്ത് ഒരു ഭിത്തിയ്ക്കപ്പുറദൂരം മാത്രം നില്‍ക്കുന്ന പോലീസുകാരില്‍ ഒരാളെയും. അവളുടെ നെഞ്ചിലൂടെ ഒരു വെള്ളിടി വീശി. ഹൃദയം പടപടാ മിടിയ്ക്കാന്‍ തുടങ്ങി. വാതിലിന്‍റെ താഴില്‍ കൈവച്ച അവള്‍ മെല്ലെ തിരിഞ്ഞു ദേവനെ നോക്കി. ദേവന്‍ "എന്തുപറ്റി മോളെ" എന്ന ഭാവത്തില്‍ അവളെ നോക്കി. അത് മനസ്സിലാക്കി കന്യക പറഞ്ഞു.

"അച്ഛാ...പുറത്ത് പോലീസ്..."

ദേവന്‍ പാറുവിനെ വിട്ടു. പാറു അതിവേഗം അവളുടെ മുറിയിലേയ്ക്ക് പാഞ്ഞു. കന്യകയുടെ അരുകിലേയ്ക്ക് നടന്നുകൊണ്ട് അയാള്‍ പറഞ്ഞു. "അതിനെന്താ മോളെ തുറക്ക്. രാജശേഖര്‍ സാര്‍ ആയിരിക്കും. അച്ഛന്റെ വാക്കുകള്‍ വീണ്ടും കന്യകയുടെ നെഞ്ചിലൂടെ ഒരു തണുപ്പായി വീശാന്‍ തുടങ്ങി. അവള്‍ രണ്ടും കല്‍പ്പിച്ച് വാതിലിന്‍റെ താഴെടുത്തു. ആ വാതില്‍ പതിയെ തുറന്നു. മുന്നില്‍ നിന്നിരുന്ന രാജശേഖര്‍ വെളുക്കെ ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ അകത്തേയ്ക്ക് ചുവട് വച്ചു. ഒരു ചുവട് അകത്തേയ്ക്ക് വച്ചിട്ട് അയാള്‍ പിന്നില്‍ മടിച്ചു നിന്ന ശരത്തിനോട് പറഞ്ഞു.

"കയറി വരൂ ശരത്. ഇത് നമ്മുടെ വീട് തന്നെയാണ്. ശരത് അകത്തേയ്ക്ക് കാലെടുത്ത് വച്ചു. ദേവന്‍ സന്തോഷത്തോടെ അവരെ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴേയ്ക്കും നന്ദനയും അവിടേയ്ക്ക് വന്നു. കന്യക പുഞ്ചിരിയോടെ നിന്നു. ശരത് അറിയാതെയാണെങ്കിലും അവളുടെ കണ്ണുകളില്‍ നോക്കിപ്പോയി. ഒരു നിമിഷം അയാള്‍ സ്വയം മറന്നപോലെ മനസ്സില്‍ ഉരുവിട്ടു. "ദേവതയെപ്പോലെ... ഒരു പെണ്ണ്..."  കന്യക ശരത്തിന്‍റെ കണ്ണുകളെ അതിവേഗം മനസ്സിലാക്കി. അവളിലെ ഭയം പെട്ടെന്ന് പോയി. അവള്‍ മനസ്സുകൊണ്ട് ചിരിച്ചു.

എല്ലാപേരും ഇരിപ്പിടങ്ങളിലേയ്ക്ക് ഉപവിഷ്ടരായപ്പോള്‍ ദേവന്‍ അല്‍പ്പം ഭവ്യതയോടെ ചോദിച്ചു.

"എന്താ സാര്‍ പതിവില്ലാതെ ഈ വഴിയ്ക്ക്. ഒരുപാട് ദിവസായി ല്ലെ നമ്മള് തമ്മില്‍ കണ്ടിട്ട്...?? എന്നിട്ടയാള്‍ നന്ദനയെ നോക്കി. അതോടെ നന്ദന അവര്‍ക്ക് വെള്ളം എടുക്കാനായി അകത്തേയ്ക്ക് പോയി.

അപ്പോള്‍ രാജശേഖര്‍ പറഞ്ഞു. "ദേവാ... വളച്ചുകെട്ടില്ലാതെ ഞാന്‍ കാര്യം പറയാം..."

ദേവന്‍ എന്തെന്നറിയാന്‍ രാജശേഖരനെ തന്നെ ഉറ്റുനോക്കി. ശരത് അപ്പോഴെല്ലാം കന്യകയുടെ മുഖഭാവം വളരെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയായിരുന്നു. അവളില്‍ എന്തെങ്കിലും പതര്‍ച്ച കാണുവാന്‍ അയാള്‍ക്ക്‌ ഒരു തിടുക്കം പോലെ. രാജശേഖര്‍ തുടര്‍ന്നു.

"അറിയാല്ലോ.. ദേവാ പനീറിന്‍റെ മരണം."

ഉവ്വ് എന്ന ഭാവത്തില്‍ എല്ലാവരും ആകാംഷയോടെ അയാളെ നോക്കി. കുടിയ്ക്കാനായി നന്ദന കൊണ്ടുവന്ന വെള്ളം കന്യകയും ചേര്‍ന്ന് എല്ലാര്‍ക്കും പകര്‍ന്നു നല്‍കി.  രാജശേഖര്‍ പറഞ്ഞു. "പനീറിന്‍റെ ഫോണില്‍ നിന്നും അവസാനമായി ചില കോളുകള്‍ ഇവിടുത്തെ കന്യമോളുടെ ഫോണിലേയ്ക്കും വന്നിട്ടുണ്ട്. അപ്പോള്‍ ദേവന്‍ കന്യകയെ നോക്കി. പെട്ടെന്ന് കന്യക ഒന്നുമറിയാത്തപോലെ പോലെ ചോദിച്ചു.

"എന്‍റെ ഫോണിലോ...!! ആര്..??? അയാളോ..?? അയാളെന്തിന് എന്നെ വിളിക്കണം...????

പെട്ടെന്ന് ശരത് പറഞ്ഞു. "അതാ ഞങ്ങള്‍ക്കും അറിയേണ്ടത്...??

അതിനു മറുപടിയായി കന്യകയും പറഞ്ഞു. "സര്‍, എന്താ നിങ്ങളുടെ ഉദ്ദേശ്യം..?? എന്‍റെ ഫോണില്‍ നിങ്ങള്‍ സംശയിക്കുന്നത് പോലെ ഒരു കാള്‍ വന്നിട്ടില്ല. അതെനിയ്ക്കുറപ്പാണ്...!!

"അത് നിങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയോ...?? ശരത്തിന് ചെറിയ രോക്ഷം തോന്നി. അയാള്‍ തുടര്‍ന്ന് പറഞ്ഞു. "നിങ്ങളുടെ ആ ഫോണ്‍ ഒന്ന് തരാമോ..???

ശരത്തിന്‍റെ ചോദ്യം ചെയ്യലും കന്യകയുടെ ദൃഡമായ മറുപടിയും കേട്ടു ദേവനും നന്ദനയും ഒന്നും മനസ്സിലാകാതെ അന്തംവിട്ട് നിന്നു. അപ്പോഴേയ്ക്കും ഒരു കൂസലും കൂടാതെ കന്യക തന്‍റെ ഫോണ്‍ എടുത്ത് ശരത്തിന്‍റെ കൈയിലേയ്ക്ക് കൊടുത്തു. അയാള്‍ അതിലെ ഓരോ നമ്പറും മാറി മാറി വിരലുകള്‍ ചലിപ്പിച്ചു നോക്കിക്കൊണ്ടിരുന്നു. ആ മുറിയാകെ നിശബ്ദമായി. അല്‍പ്പസമയം അങ്ങിനെ നോക്കിയിരുന്ന് ശരത് ആ നമ്പര്‍ കണ്ടുപിടിച്ചു. ആവേശത്തോടെ അയാള്‍ അവളുടെ നേരെ നോക്കിക്കൊണ്ട്‌ പറഞ്ഞു.

"വിളിച്ചില്ല എന്ന് നിങ്ങള്‍ അങ്ങിനെ പറയാന്‍ വരട്ടെ. പിന്നെ ഈ കാള്‍ ആരുടേതാണ്. അയാള്‍ അതിലേയ്ക്ക് വിരല്‍ ചൂണ്ടി. പെട്ടെന്ന് രാജശേഖര്‍ ആ ഫോണ്‍ വാങ്ങി നോക്കി. അയാള്‍ മനസ്സിലോര്‍ത്തു. ശരിയാണ്. ഇതില്‍ ശരത് പറയുമ്പോലെ ആ നമ്പര്‍ ഉണ്ടല്ലോ..!! നോക്കിയിട്ട് അയാള്‍ അത് കന്യകയുടെ കൈയിലേയ്ക്ക് കൊടുത്തു. കന്യക ഒരേ ഒരു നിമിഷം അതിലൊന്ന് നോക്കി. പിന്നെയവള്‍ പൊട്ടിപൊട്ടിച്ചിരിച്ചു. ഏവരും ആകാംഷയോടെ അവളെ തന്നെ നോക്കിയിരുന്നു.

"അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. "ന്‍റെ ശരത് സാറേ. ഇത് ഈ ചത്തോന്‍റെ ഫോണ്‍നമ്പര്‍ അല്ല. സേനന്‍റെയാ... സേനന്‍റെ...!! നമ്മുടെ വീട്ടില് തുണിയെല്ലാം തേയ്ക്കാന്‍ വരുന്ന ഒരു തമിഴന്‍റെ. ഇനി കുറച്ചീസത്തേയ്ക്ക് വരാന്‍ കഴിയില്ല നാട്ടില്‍ പോവുവാന്ന് വിളിച്ചു പറയാന്‍ എന്നെ വിളിച്ചായിരുന്നു..."

കന്യകയുടെ വാക്കുകള്‍ ഒരു മഴപെയ്തൊഴിഞ്ഞപോലെ അവിടം നിശബ്ദമാക്കി. ശരത് മെല്ലെ മുഖം കുനിച്ചു. നിശ്ചലം നിന്ന നന്ദനയുടെ നെഞ്ച് മെല്ലെമെല്ലെ മിടിയ്ക്കാന്‍ തുടങ്ങി. രാജശേഖര്‍ ഒരു പകയോടെ ശരത്തിനെ നോക്കി... അയാള്‍ ഇളിഭ്യനെപ്പോലെ തലകുനിച്ചു. കന്യകയുടെ മനസ്സിന് ഇതുവരെ അവളില്‍ ഉണ്ടായിരുന്നതിലും പതിന്‍മടങ്ങ്‌ ശക്തി കൂടി. പാറു ഇതെല്ലാം കേട്ടു ഭയന്ന് കിടക്കയില്‍ കണ്ണുകളും പൂട്ടിക്കിടന്നു.   

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ