2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 36

ഒടുവില്‍, പോലിസ് വാഹനങ്ങള്‍ ആ വീടിന്‍റെ മുറ്റം വിട്ട് പുറത്തേയ്ക്ക് പോകുമ്പോള്‍ നന്ദന വല്ലാതെ അസ്വസ്ഥയായി. ദേവന്‍ നോക്കി നില്‍ക്കെ അവള്‍ കന്യകയുടെ നേരെ തിരിഞ്ഞു. പിന്നെ അവളുടെ നേരെ കൈയുയര്‍ത്തിക്കൊണ്ട് ചോദിച്ചു.

"അമ്മയില്‍ നിന്നും അച്ഛനില്‍ നിന്നും എല്ലാം ഒളിക്കാന്‍ നിങ്ങള്‍ രണ്ടുപേരും പഠിച്ചൂ ല്ലേ..??

കന്യക അമ്മയുടെ ഉയര്‍ന്നുവന്ന കൈപ്പത്തിയില്‍ നിന്നും മെല്ലെ ഒഴുകിമാറി. എന്നിട്ടവള്‍ അച്ഛന്‍റെ പുറകിലേയ്ക്ക് മാറിനിന്നുകൊണ്ട് ചോദിച്ചു.

"എന്താ അമ്മെ.. ഞാന്‍ അമ്മയില്‍ നിന്നും ഒളിച്ചത്...??? അവന്‍ വിളിച്ചത് അത്ര വലിയ കാര്യാണോ..?? അവന്‍റെ കാര്യം പറയണ തന്നെ എനിക്കിഷ്ടല്ല്യാ. പിന്നെന്തിനാ ഞാന്‍ അമ്മയോട് പറയണേ...!!!

അപ്പോഴേയ്ക്കും ദേവന്‍ പറഞ്ഞു. "ഹാ... വിട് നന്ദന.. നീ തല്ലാന്‍ മാത്രം തെറ്റൊന്നും എന്‍റെ മക്കള് ചെയ്യില്ല..."

നന്ദന പിന്നീട് ഒന്നും പറഞ്ഞില്ല. പറയാനാണെങ്കില്‍ അവള്‍ക്കു ഒരുപാടുണ്ട്... എന്നിട്ടും ഒന്നും പറയാനാവാതെ അവള്‍ എല്ലാം ഉള്ളിലൊതുക്കി ദേവനെ ഒന്ന് നോക്കുകമാത്രം ചെയ്തു. നന്ദനയുടെ ആ നോട്ടം ദേവന്‍ ഹൃദയം തുളച്ചുകയറി. അവരെ ഇരുവരേയും താണ്ടി അവള്‍ അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ ദേവന്‍ കന്യകയോട്‌ പറഞ്ഞു.

"മോളെ.... കന്യൂട്ടി...!!!"

"എന്താച്ഛാ....???

"അമ്മ സങ്കടപ്പെട്ടു പോയത് മോള് കണ്ടോ...!! അച്ഛനോട് പറഞ്ഞില്ലെങ്കിലും എല്ലാ കാര്യങ്ങളും നിങ്ങള്‍ അമ്മയോട് പറയണം. അമ്മയോളം വലുത് നിങ്ങള്‍ക്ക് ആരുമില്ല മക്കളെ... !!!

"അറിയാം അച്ഛാ. ഞാന്‍ ഒന്നും അമ്മയില്‍ നിന്നും ഒളിച്ചിട്ടില്ല. ഇനി ഒന്നും ഒളിക്കുകയും ഇല്ല....!!!

ദേവന്‍ അവളുടെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചുകൊണ്ട് പുറത്തേയ്ക്ക് നടന്നു. കന്യക സ്വന്തം മുറിയിലേയ്ക്കും. ആ മുറിയില്‍ പാറുവിനരുകില്‍ കുറേനേരം ഇരിക്കുമ്പോള്‍ അവള്‍ക്കു വല്ലാതെ വിഷമം തോന്നി. ആദ്യം അമ്മയോടും ഇപ്പോള്‍ അച്ഛനോടും കളവു പറഞ്ഞു. എങ്ങിനെ തന്‍റെ മനസ്സിലുള്ളതൊക്കെ അമ്മയോട് പറയും. അമ്മ അതെല്ലാം കേള്‍ക്കുമ്പോള്‍ ജീവിച്ചിരിക്കുമോ...?? അവള്‍ക്കാകെ ഭയം തോന്നി. ചിന്തകള്‍ അവളെ വേട്ടയാടിയപ്പോള്‍ സങ്കടത്തോടെ അവള്‍ കിടക്കയില്‍ പാറുവിന് അരുകിലായി കിടന്നു.
*************
പനീറിന്‍റെ മരണവും കേസുമായി ശരത് മുന്നോട്ട് തന്നെ പോയി. കന്യകയില്‍ നിന്നും ലഭിച്ച അവഹേളന അവനേറെ വിഷമം നല്‍കുന്നതായിരുന്നു. പോരെങ്കില്‍ തിരികെ പോകുമ്പോള്‍ രാജശേഖര്‍ പറഞ്ഞ വാക്കുകള്‍ അവനെ വല്ലാതുലച്ചുകൊണ്ടിരുന്നു.

അങ്ങിനെ ഒരു ദിവസം മെല്ലെ കഴിഞ്ഞുപോയി. സ്റ്റേഷനില്‍ ആകെ വിഷണ്ണനായി ഇരിക്കുമ്പോള്‍ പെട്ടെന്ന് അവന്‍റെ മനസ്സില്‍ ഒരാശയം ഉടലെടുത്തു. അപ്പോഴും കന്യക പറഞ്ഞ വാക്കുകള്‍ അവന്‍റെ മനസ്സില്‍ മാറ്റൊലി കൊണ്ടു. അവന്‍ ചിന്തിച്ചു. അവള്‍ പറഞ്ഞത് സത്യമാണെങ്കില്‍ അവളെ വിളിച്ചത് സേനന്‍ ആയിരിക്കുമല്ലോ.. അങ്ങിനെയെങ്കില്‍ അവനെ കണ്ടെത്തുകയാണ് പരമപ്രധാനം. അവന്‍ വിളിച്ചില്ല എന്ന് പറഞ്ഞാല്‍ പിന്നെ ഈ കേസുമായി അവള്‍ക്കുള്ള ബന്ധം സ്ഥാപിച്ചെടുക്കാന്‍ തനിയ്ക്ക് പ്രയാസമുണ്ടാകില്ല. വേണ്ടിവന്നാല്‍ അവളെ അറസ്റ്റുചെയ്തു ചോദിക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരും. അവന്‍ ഗൂഡമായി സ്മിതം ചെയ്തു. എന്നിട്ട് അരുകില്‍ നിന്ന കോണ്‍സ്റ്റബിളിനെ വിളിച്ച് അവന്‍ പറഞ്ഞു.

"എടോ താന്‍ ആ മൊബൈല്‍ ഇങ്ങെടുത്തെ..."

"ഏതു മൊബൈല്‍ സര്‍...???

"എടോ ആ ചത്തോന്‍റെ മൊബൈല്‍...."

അയാള്‍ അത് ഉള്ളിലെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുവന്നു കൊടുക്കുമ്പോള്‍ അവന്‍ സന്തോഷത്തോടെ അത് സ്വിച്ച് ഓണ്‍ ചെയ്തു. പിന്നെ അതിലെ മാറിമറിയുന്ന വര്‍ണ്ണങ്ങള്‍ നോക്കി അയാളിരുന്നു. ലഹരിമൂത്ത ഒരുവനെപ്പോലെ അവന്‍ സ്വയം ചിരിച്ചു... പിന്നെ മനസ്സില്‍ പറഞ്ഞു.

"മോളെ...കന്യകേ..!!! നിനക്കിതില്‍ പങ്കുണ്ടെങ്കില്‍ നിന്നെ ഞാന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും... സത്യം..."

പിന്നെ അയാള്‍ തിരിഞ്ഞു പോലിസ്കാരനോട് പറഞ്ഞു. "എടോ... ഈ മൊബൈല്‍ ഇവിടെ എന്‍റെയീ മേശയ്ക്കരുകില്‍ എപ്പോഴും ഉണ്ടാവണം. ഇതില്‍ ആരെങ്കിലും വിളിച്ചാല്‍ എടുക്കണം. സംസാരിക്കണം. അത് അതുപോലെ റെക്കോര്‍ഡ്‌ ചെയ്യണം..."

അയാള്‍ ഉവ്വെന്ന് തലകുലുക്കി.
****************
ദിവസം ഒന്നുകൂടി കഴിഞ്ഞു. രാവിലെ തന്നെ വീട്ടുജോലികള്‍ ഒക്കെ തീര്‍ത്ത് നന്ദന പാറുവിനെയും കൊണ്ട് ആശുപത്രിയില്‍ പോകാനൊരുങ്ങി. അമ്മയും ചേച്ചിയും ഇറങ്ങുമ്പോള്‍ കന്യക ചോദിച്ചു.

"അമ്മെ... ഞാന്‍ കൂടി വരണോ...???

"വേണ്ടാ...!! പിന്നെ അച്ഛന്‍ വരുമ്പോള്‍ ഉച്ചയ്ക്കിവിടെ ആരുണ്ടാവും. പിന്നെയവള്‍ കന്യകയുടെ അരുകിലേയ്ക്ക് വന്നു സ്വരം താഴ്ത്തി പറഞ്ഞു. "അമ്മ വരാന്‍ വൈകുന്നേരമാകും. അതുവരെ അച്ഛനെ സമധാനിപ്പിക്കേണ്ടത് നീയാണ്. ഒരു കാരണവശാലും അച്ഛന്‍ ആശുപത്രിയില്‍ ഞങ്ങളെ തേടിവരരുത്...!! മനസ്സിലായില്ലേ കന്യൂട്ടി അമ്മ പറഞ്ഞത്."

"ഉവ്വ്... ഉവ്വമ്മേ..!!! ഞാന്‍ നോക്കിക്കോളാം. വീട്ടുകാര്യങ്ങള്‍ ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം അമ്മെ..."

കന്യകയുടെ വാക്കുകള്‍ കേട്ടുകൊണ്ട് സമാധാനത്തോടെ നന്ദനയും പാറുവും മുറ്റത്തേയ്ക്കിറങ്ങി. ദേവനന്ദനത്തിന്‍റെ വാതിലില്‍, അവര്‍ കണ്ണില്‍ നിന്നും മറയുന്നതും നോക്കി കന്യക നിന്നു. പിന്നെ ഒരു നെടുവീര്‍പ്പോടെ അവള്‍ അകത്തേയ്ക്ക് കയറി. ഹാളിലെ പതുപതുത്ത സോഫയില്‍ ഇരിക്കുമ്പോള്‍ അവളുടെ മനസ്സിലൂടെ പലവിധ ചിന്തകള്‍ കടന്നുപോയി. പ്രധാനമായും ശരത് എന്ന ബുദ്ധിമാനായ പോലീസുകാരന്‍ തന്നെയായിരുന്നു. അവള്‍ക്കറിയാം അയാളെ അറിഞ്ഞുകൊണ്ട് നോവിച്ചതല്ല. പക്ഷെ, ജീവിക്കണം. ഒരാണിനെയും അനാവശ്യമായി ഭയക്കാതെ കക്കിചേരിയിലെ പെണ്‍കുട്ടികള്‍ ജീവിക്കാന്‍ പഠിയ്ക്കുന്നത് വരെയെങ്കിലും താന്‍ പിടിക്കപ്പെടരുത്. ആ ലക്‌ഷ്യം പൂര്‍ത്തിയാക്കിയിട്ട് അയാള്‍ തന്നെ പിടിച്ചുകൊള്ളട്ടെ... അവള്‍ ഒരു നെടുവീര്‍പ്പോടെ ആ സോഫയിലേയ്ക്കു ചാരിയിരുന്നു.
ആ മണിക്കൂറുകള്‍ അവള്‍ ആദ്യമായി ഏകാന്തതയെ പഴിച്ചുകൊണ്ടവിടെ കഴിച്ചുകൂടി. അങ്ങകലെ പട്ടണത്തിലെ പോലിസ് സ്റ്റേഷനില്‍ ശരത് തന്‍റെ കസേരയില്‍ ചിന്താമഗ്നനായി ഇരുന്നു. കക്കിചേരിയ്ക്കകലെ ഒരാശുപത്രിയില്‍ തെളിഞ്ഞ വിളക്കുകള്‍ക്കുമുന്നില്‍ പാറു മയങ്ങിക്കിടന്നു. തിളങ്ങുന്ന കത്രികത്താളുകള്‍ അവളുടെ ഉദരത്തെ ചോരമയമാക്കുമ്പോള്‍ തകര്‍ന്ന ഹൃദയവുമായി നന്ദന പുറത്ത് കാവലിരുന്നു. തന്‍റെ വിയര്‍പ്പില്‍ വിളയിച്ചെടുത്ത പച്ചക്കറികളുമായി ദേവന്‍ ചന്തയ്ക്കുള്ളില്‍ ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരിക്കെ മുഖം മൂടിക്കെട്ടിയ സൂര്യന്‍ ഒന്നും കാണാന്‍ ആഗ്രഹിക്കാത്തപോലെ മേഘങ്ങള്‍ക്കുള്ളില്‍ ഒരു നിമിഷം മറഞ്ഞു.

ദിവസവും പനീറിനെ വിളിച്ചിട്ടും, അവന്‍ ഫോണെടുക്കാതെ വന്നപ്പോള്‍ സേനന്‍ ആകെ തളര്‍ന്നു. പനീര്‍ പോലീസിന്‍റെ കൈകളില്‍ അകപ്പെട്ടിട്ടുണ്ടാകും എന്നവന്‍ കരുതി. ഒടുവില്‍, അവസാനമായി തന്‍റെ പോക്കറ്റില്‍ നിന്നും അവന്‍ ഫോണെടുത്തു. പനീറിന്‍റെ നമ്പര്‍ എടുത്ത് അതിലേയ്ക്ക് വിരല്‍ തൊട്ട് സേനന്‍ കാതിലേയ്ക്ക്‌ വച്ചു. മറുതലയ്ക്കല്‍ അത് തേടിച്ചെന്നു തൊട്ടുണര്‍ത്തിയപ്പോള്‍ അവന്‍റെ മുഖം സന്തോഷം കൊണ്ട് തുടുത്തു. മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ മുഖം വെളിയിലേയ്ക്കിട്ടു. ചന്തയ്ക്കുള്ളില്‍ തെളിഞ്ഞുവീണ വെളിച്ചത്തില്‍ നോക്കി ഏകദേശം ഒഴിഞ്ഞ ആള്‍ക്കൂട്ടത്തിലേയ്ക്ക് അവസാനവിളിയുമെറിഞ്ഞു ദേവന്‍ ബാക്കിവന്ന പച്ചക്കറികള്‍ ചാക്കിലേയ്ക്ക് വാരിക്കെട്ടി. സ്വരമില്ലാതെ തന്‍റെ മുന്നിലിരുന്ന് വെട്ടിത്തിളങ്ങിയ ഫോണ്‍ ഒന്നില്ലാതെ ശരത്തിന്‍റെ കണ്ണില്‍ പെട്ടു. അയാള്‍ ഉദ്വേഹത്തോടെ ആ ഫോണ്‍ കൈയിലെടുത്ത് വിരല്‍ തൊട്ട് ചെവിയിലേയ്ക്ക് വച്ചു. സേനന്‍ സന്തോഷത്തോടെ വിളിച്ചു.

"പനീര്‍... നീ എങ്കെ ഇരുക്കടാ..."

ശരത്തിന്‍റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു. അവന്‍ മറുപടിയായി പറഞ്ഞു.

"സേനന്‍... നീ എപ്പടി ഇരുക്കടാ... ഒനക്ക്‌ സൌക്കിയമാ..."

പാറുവിന്‍റെ അരുകില്‍ നിന്നും ചോരമുക്കിയ പഞ്ഞിക്കെട്ടുകള്‍ കറുകറുത്ത പ്ലാസ്റ്റിക്‌ കൂടുകളിലേയ്ക്ക് മാറ്റപ്പെട്ടു. അരുകിലേയ്ക്ക് നീങ്ങിവന്ന സ്ട്രച്ചറില്‍ അവളെ രണ്ടുപേര്‍ ചേര്‍ന്ന് എടുത്തുകിടത്തി. ഓപ്പറേഷന്‍ തീയേറ്ററില്‍ നിന്നും പുറത്തേയ്ക്ക് ഒഴുകിനീങ്ങിയ അതിന്‍റെ പിന്നാലെ സാരിത്തുമ്പ് മുഖത്തേയ്ക്കു വലിച്ചു ചുറ്റിമൂടിക്കൊണ്ട് വിഷമത്തോടെ നന്ദന നടന്നു. ചന്തയില്‍ നിന്നും പുറത്തിറങ്ങിയ ദേവന്‍ പച്ചക്കറിക്കെട്ടുകള്‍ വണ്ടിയിലേയ്ക്ക് എടുത്തുവച്ചിട്ട് തന്‍റെ ഫോണ്‍ കൈയിലെടുത്തു. ദേവനന്ദനത്തിലെ ഫോണ്‍ തെരുതെരെ ശബ്ദിച്ചപ്പോള്‍ സോഫയില്‍ അല്പം മയങ്ങിയിരുന്ന കന്യക ഞെട്ടിയെഴുന്നേറ്റു. ഫോണ്‍ കൈയിലെടുത്ത അവള്‍ അച്ഛന്റെ സ്വരം കേട്ടു മറുപടി പറഞ്ഞു.

"ഇല്ലച്ഛാ..വന്നിട്ടില്ല..."

അവള്‍ അത്രയും പറഞ്ഞപ്പോള്‍ തന്നെ ദേവന്‍ ഫോണ്‍ കട്ട് ചെയ്തു. കന്യക ആകെ പരിഭ്രാന്തയായി. അവള്‍ അച്ഛന്റെ ഫോണിലേയ്ക്ക് പെട്ടെന്ന് തന്നെ തിരികെ വിളിച്ചു. ദേവന്‍ ഫോണ്‍ എടുക്കുമ്പോള്‍ അവള്‍ പറഞ്ഞു.

"അച്ഛാ... അച്ഛനിങ്ങ് പോന്നോളൂ. അമ്മയും ചേച്ചിയും ഇപ്പോള്‍ വരും..."

"അതിനെന്താ മോളെ...!! കഴിഞ്ഞുവെങ്കില്‍ അച്ഛന്‍ അവരേം കൂട്ടി ഇപ്പോഴങ്ങ് വന്നേയ്ക്കാം..."

പിന്നീട് ദേവന്‍ ഒന്നും പറഞ്ഞില്ല. കന്യക പറഞ്ഞതൊന്നും അയാള്‍ കേട്ടതുമില്ല. അതോടെ, കന്യകയ്ക്ക് ശരീരം ആസകലം തളരുന്നത് പോലെ തോന്നി. അവളുടെ കൃഷ്ണമണികള്‍ക്ക് മുന്നില്‍ കറുത്തരണ്ടു പൊട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം പോലും പാഴാക്കാതെ അവള്‍ കുഴഞ്ഞ സ്വരത്തില്‍ വിളിച്ചു.

"പായീമ്മേ.... ന്‍റെ പായീമ്മേ..."

അടുക്കളയില്‍ നിന്നും പായീമ്മ ഓടി അവളുടെ അരുകിലേയ്ക്ക് വന്നു. മേശയ്ക്കരുകില്‍ തളര്‍ന്നു നിന്ന അവളെ അവര്‍ വെപ്രാളത്തോടെ താങ്ങിപ്പിടിച്ചു. അരുകിലെ കസേരയില്‍ അവളെ കൊണ്ടവര്‍ ചാരിയിരുത്തി. അവള്‍ ദയനീയമായി അവരോട് ചോദിച്ചു.

"പായീമ്മേ... എനിക്കൊരിറ്റ് വെള്ളം തരുമോ...??

പായീമ്മ അവളെ വിട്ടു അടുക്കളയിലേയ്ക്കോടി. ദേവന്‍റെ വണ്ടി ചന്തയില്‍ നിന്നും തിരിഞ്ഞ് ആശുപത്രിയിലേയ്ക്ക് നീങ്ങി. സേനനുമായി സംസാരിച്ച ശരത് ഫോണ്‍ തിരികെവച്ചിട്ട് തന്‍റെ വിരലുകള്‍ കൂടിചേര്‍ത്ത് തലയ്ക്കു മുകളിലേയ്ക്ക് ഉയര്‍ത്തി. തമ്മില്‍ കൊരുത്തു വളഞ്ഞ അയാളുടെ വിരല്‍ഞെട്ടകള്‍ തെരുതെരെ ശബ്ദിച്ചു. അവന്‍റെ ചുണ്ടുകള്‍ ഒരുവശത്തേയ്ക്ക് ചരിഞ്ഞു മന്ദഹസിച്ചു.... 

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ