2015 ജനുവരി 28, ബുധനാഴ്‌ച



നോവല്‍
കക്കിചേരിയില്‍ ഒരു കന്യകാവിപ്ലവം... 33

ആ വാര്‍ത്ത കണ്ടു ആദ്യം ശബ്ദിച്ചത് നന്ദന തന്നെയായിരുന്നു. അവളൊരു ചോദ്യത്തോടെയാണ് അത് തുടങ്ങിവച്ചത്. അതും കന്യകയോട്‌ തന്നെ.

"മോളെ..!! ഇതവനല്ലേ...?? ആ തെണ്ടി..???

"ങേ...!! എന്താമ്മേ...?? എന്താമ്മ ചോദിച്ചെ..??

നന്ദനയ്ക്ക് അരിശം വന്നു അവള്‍ പറഞ്ഞു. "നീ പിന്നെ എന്താടീ കണ്ടോണ്ടിരിക്കുന്നെ...?? ഇതവനല്ലേന്ന്... ജിയാസ്സ് മോളെ കൊന്ന ആ പട്ടി...???

പെട്ടെന്ന് കന്യക മറുപടി പറഞ്ഞു. "അതെ അമ്മെ... അവന്‍ തന്നെയാ....!!!

"എന്തായാലും ദൈവം ഒണ്ടെന്നു പറയുന്നത് നേര് തന്നാ മക്കളെ...!! കണ്ടില്ലേ.. ഇന്നല്ലെങ്കില്‍ നാളെ തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടും എന്നത് എത്ര ശെരിയാ ല്ലെ...??? നന്ദന മക്കളോട് ഇത് പറഞ്ഞുകൊണ്ട് നടന്നു സ്വന്തം മുറിയിലേയ്ക്ക് കയറിപ്പോയി. അതോടെ ആധിയോടെ പാറു കന്യകയുടെ അടുത്തേയ്ക്കിരുന്നു. എന്നിട്ടവള്‍ ചോദിച്ചു.

"കന്യേ... എന്താടീ ഇത്...?? ഇത്രേം സമയത്തിനിടെ ഇതെങ്ങിനെ സംഭവിച്ചു... എനിക്കൊന്നും മനസ്സിലാവണില്യ...!!!

"അതാ ചേച്ചി ഞാന്‍ പറഞ്ഞെ.. ഞാനവിടെ ചെന്നിട്ട് അവനെ കണ്ടില്ല്യാന്ന്‍. ഞാന്‍ ചെല്ലുന്നതിനും മുന്നേ ആരോ കൊന്നിട്ടുണ്ടാകും ആ നാശം പിടിച്ചോനെ.." കന്യക പറഞ്ഞു.

അപ്പോള്‍ പാറു അവിശ്വസനീയമായ രീതിയില്‍ അവളെ നോക്കിക്കൊണ്ട്‌ വീണ്ടും പറഞ്ഞു. "ഹോ..!! ഈശ്വരാ വിശ്വസിക്കാന്‍ കഴിയണില്യ. എന്തൊക്കെയാ നടക്കണേ.. ഈ ലോകത്ത്, ല്ലെ കന്യൂട്ടി..."

പാറുവിന്‍റെ വാക്കുകള്‍ കന്യക കേട്ടുവെങ്കിലും അവള്‍ പെട്ടെന്ന് വിഷയം മാറ്റി ചോദിച്ചു. "അതൊക്കെ പോട്ടെ. ഈ കണ്ടോന്‍മാര്‍ ചത്തത് ചിന്തിച്ചിരിക്കാതെ ചേച്ചി പോയ കാര്യം എന്തായി ന്നു പറയ്‌.."

"രണ്ടാഴ്ച കഴിഞ്ഞു ചെല്ലാന്‍ പറഞ്ഞു..." പിന്നെ അവള്‍ മുഖം കുനിച്ചിരുന്നു വീണ്ടും പറഞ്ഞു. "എടുത്തു കളയാനാ...!!!

"അതെന്താ ചേച്ചി മുഖം കുനിച്ചിരിക്കണേ...??? കളയാന്‍ ഇഷ്ടല്ല്യാന്നുണ്ടോ...???

"ഹേയ്..!!! അങ്ങിനെയൊന്നും ഇല്ല്യ കന്യേ...!!! ആദ്യായിട്ട് എന്‍റെ വയറ്റില്‍ പിറന്നതല്ലേ...?? ഒരു വിഷമം. അതൊന്നും സാരമില്ല. എല്ലാം എനിയ്ക്ക് മനസ്സിലാവുന്നുണ്ട് കന്യൂട്ടി. എല്ലാം. ഇത് പോണം. പോയില്ലേല്‍... ഈ സമൂഹത്തില്‍ നമ്മള്‍ ഒറ്റപ്പെടുന്ന ആ ദിവസം, അതും ഞാന്‍ കാണണുണ്ട്..."

ഒരു ദീര്‍ഘ നിശ്വാസത്തോടെ അവള്‍ പറഞ്ഞ വാക്കുകള്‍ കന്യക ഒന്നും മിണ്ടാതെ കേട്ടിരുന്നു. ടി. വി. യില്‍ അപ്പോഴും പനീറിന്‍റെ മരണം ചാനലുകള്‍ ആഘോഷമാക്കുകയായിരുന്നു. കന്യകയുടെ അരുകില്‍ നിന്നും പാറുവും എഴുന്നേറ്റ് തന്‍റെ മുറിയിലേയ്ക്ക് പോയി. കന്യക തന്‍റെ കൈയിലിരുന്ന ഫോണ്‍ എടുത്തു ഇന്ദിരയെ വിളിച്ചു. അവള്‍ പറഞ്ഞു.

"ഇന്ദിരയമ്മ കണ്ടോ ടി.വീലെ ന്യൂസ്‌..." പിന്നെ ഒരല്‍പ്പനേരം അവള്‍ ഒന്നും മിണ്ടാതെയിരുന്നു.

അതേസമയം ഇന്ദിര കന്യകയുടെ വാക്കുകള്‍ കേട്ടു ടി.വി ഓണ്‍ ചെയ്തു. വാര്‍ത്തകളും, വിശകലനങ്ങളും കേട്ട അവര്‍ തരിച്ചിരുന്നു. പിന്നെ നിശ്ചലമിരുന്ന ഫോണില്‍ അവര്‍ വീണ്ടും സംസാരിച്ചു. "മോളെ... കാര്യങ്ങള്‍ ആകെ കുഴയുകയാണല്ലോ...?? ഇന്നീപ്പോ ആരാ.. എന്താ..??  ഒരു തുമ്പങ്കിലും കിട്ടിയാല്‍ പിന്നെ അവര് വെറുതെയിരിക്കില്ല... മോള്‍ക്ക്‌ പേടി തോന്നണുണ്ടോ..???

"ഇല്ല്യമ്മേ..!! ഞാനെന്തിനാ പേടിക്കണേ..?? കുറച്ച് നാള്‍ മുമ്പല്ലേ ഇവനെ പിടിയ്ക്കാന്‍ ഇതിലും സന്നാഹമായി ഇവരിറങ്ങീത്.. എന്നിട്ടെന്തായി..?? അമ്മ പേടിക്കണ്ടാ. ഒരു തെളിവ് പോലും ഉണ്ടാവില്യ എനിക്കെതിരെ. പിന്നെങ്ങിനെ പിടിക്കാനാ. പിന്നെ ഫോണ്‍ ചെയ്തതല്ലേ..?? വരട്ടെ.. അമ്മെ വരട്ടെ. അതിനും ഞാന്‍ വഴികണ്ടിട്ടുണ്ട്."

"ഞാനെന്ത് പറയാനാ മോളെ...???

ഫോണ്‍ വയ്ക്കുമ്പോള്‍ത്തന്നെ കന്യകയുടെ മനസ്സ് ആകെ മൂകമായിരുന്നു. അവളുടെ ഉള്ളിന്റെയുള്ളില്‍ ഒരു ഭയം തുടികൊട്ടുന്നുണ്ട്. ഭയക്കേണ്ടത് എന്നെയല്ല. ചേച്ചിയെയാണ്. പോലീസുകാര്‍ എന്തെങ്കിലും ചോദിച്ചാല്‍ ചേച്ചി ഭയന്നു എല്ലാം വിളിച്ചു പറയും. അങ്ങിനെ ആലോചിച്ചപ്പോള്‍ തന്നെ അവള്‍ ഇരിപ്പിടം വിട്ട് എഴുന്നേറ്റു. പിന്നെ വേഗത്തില്‍ മുറിയിലേയ്ക്ക് കയറി വാതിലടച്ചു. അപ്പോഴേയ്ക്കും പാറു വസ്ത്രമൊക്കെ മാറി പുതിയവ ധരിച്ചിരുന്നു. കന്യക പെട്ടെന്ന് പാറുവിന്‍റെ കൈപ്പിടിച്ച്‌ കിടക്കയില്‍ കൊണ്ടിരുത്തി. പാറു അവളെത്തന്നെ നോക്കിക്കൊണ്ട് കിടക്കയിലേയ്ക്കിരുന്നു. അപ്പോള്‍ കന്യക പറഞ്ഞു.

"ചേച്ചീ... ഒരു പ്രശനോണ്ട്....!!"

അതെന്തെന്ന ഭാവത്തില്‍ പാറു അവളെ നോക്കി. അപ്പോള്‍ കന്യക പറഞ്ഞു. "ചേച്ചീ.. ഈ പനീര്‍ നമ്മുടെ ഫോണില് വിളിച്ചിട്ടുണ്ട്. ഒന്നല്ല. പലതവണ. ഇനീപ്പോ അന്വേഷണം നടക്കുമ്പോള്‍ അയാളുടെ ഫോണ്‍ എങ്ങാനും പോലിസ് പരിശോധിച്ചാല്‍ ആദ്യം വരുക ഇവിടേയ്ക്കാകും...!!!

"അയ്യോ..!! കന്യേ.. നമ്മളപ്പോള്‍ എന്ത് ചെയ്യും..." പാറു ആകെ ഭയന്നുകൊണ്ടാണ് അങ്ങിനെ ചോദിച്ചത്. അതോടെ കന്യകയ്ക്കും ആകെ അങ്കലാപ്പായി. അവള്‍ പറഞ്ഞു. എനിക്കറിയാം. ചേച്ചി എല്ലാം കുളാക്കും. അവള്‍ക്കു ദേഷ്യം വന്നു. എന്നിട്ടവള്‍ അല്‍പ്പം നീരസത്തോടെ തന്നെ പറഞ്ഞു.

"ഇതിന്.... ഇതിനെല്ലാം കാരണം ചേച്ചി ഒരാളാ...!!! എന്നിട്ടിപ്പോള്‍ ഈ വല്ലാത്ത ഭയം കാട്ടിയാലുണ്ടല്ലോ. പിന്നെയും നിര്‍ത്താതെ അവള്‍ തുടര്‍ന്നു. ആരും ഇല്ലാണ്ടിരുന്ന സമയത്ത് ഒരുത്തനെ വിളിച്ചിവിടെ കേറ്റാന്‍ ചേച്ചിയ്ക്ക് ഭയം തോന്നിയില്ല. അവനൊപ്പം അവന്‍ വിളിച്ചിടത്തെല്ലാം പോയപ്പോഴും അവന്മാരോടൊപ്പം കിടന്നപ്പോഴും ഒന്നും ചേച്ചിയ്ക്ക് ഭയം തോന്നീല്ല. എന്നിട്ടിപ്പോള്‍..!! ഈ കുടുംബം നശിയ്ക്കുന്നത് കൂടി കാണണോ ഇനി ചേച്ചിയ്ക്ക്...??

കന്യകയുടെ അറുത്തുമുറിച്ച വാക്കുകള്‍ കേട്ട പാറു കരയാന്‍ തുടങ്ങി. കന്യക അവളെ ശ്രദ്ധിക്കാതെ കിടക്കയില്‍ നിന്നും എഴുന്നേറ്റു. എന്നിട്ട് പാറുവിന്‍റെ തോളില്‍ ശക്തിയായി തട്ടിക്കൊണ്ട് പറഞ്ഞു.

"ദേ.. ചേച്ചി ഞാനൊരു കാര്യം പറയാം. പോലീസെങ്ങാനും ഇവിടെ വന്നാല്‍ എനിക്കറിയാം സംസാരിക്കാന്‍. ഇനി അതിനിടയിലാങ്ങണം വന്നേയ്ക്കരുത്. ഞാന്‍ പറഞ്ഞേയ്ക്കാം..."

പറഞ്ഞുകൊണ്ടവള്‍ വേഗതയില്‍ പുറത്തേയ്ക്ക് പോയി. സമയവും മെല്ലെ നീങ്ങുവാന്‍ തുടങ്ങി. പനീറിന്‍റെ ശവശരീരം പോലിസ് അവിടെ നിന്നും മാറ്റി. സന്ധ്യയോടെ ചാനലുകാര്‍ ജിയാസ്സിന്‍റെ വീട് തേടിപ്പിടിച്ച് എത്തി. എത്ര കേണപേക്ഷിച്ചിട്ടും അവര്‍ ഇന്ദിരയെ വെറുതെ വിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്കുത്തരം നല്‍കാനും കഴിഞ്ഞില്ല. ഏറ്റവും ഒടുവിലായി ഒരുവന്‍ ചോദിച്ചു.

"നിങ്ങളോട് ഒന്ന് ചോദിക്കട്ടെ. മകളുടെ മരണത്തിന് കാരണക്കാരനായ ഇയാളുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നിയോ..??

ഇന്ദിര ഒരു ഭ്രാന്തിയെപ്പോലെ തലയില്‍ കൈവച്ച് പിന്നീട് അവരുടെ നേരെ കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു. "ദയവുചെയ്ത് ജീവിക്കാന്‍ അനുവദിയ്ക്കണം... എനിയ്ക്കാരുടെ മരണത്തിലും സന്തോഷമില്ല. ഇന്നല്ലെങ്കില്‍ നാളെ ഈശ്വരന്‍റെ കൈയില്‍ അവന്‍ അകപ്പെടും എന്നെനിയ്ക്ക് വിശ്വാസമുണ്ടായിരുന്നു. കക്കിചേരിയിലെ ദേവി തന്ന സമ്മാനാ ഇത്... ഇത്രേ എനിയ്ക്ക് പറയാനുള്ളൂ..."

ചാനലുകാര്‍ ഇന്ദിരയുടെ ഈ വാക്കുകള്‍ പലതവണ കാണിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിഞ്ഞ് ഹാളില്‍ അച്ഛനൊപ്പം ഇരിക്കുമ്പോള്‍ കന്യകയും ആ വാര്‍ത്ത കേട്ടു. നിശ്ചലം എല്ലാം കേട്ടിരുന്ന നന്ദനയും, കന്യകയും പാറുവും പരസ്പരമറിയാത്ത ചിന്തകളിലൂടെ യാത്രയായിരുന്നു. പെട്ടെന്നാണ് ദേവന്‍റെ ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങിയത്. ദേവന്‍ ഫോണ്‍ കൈയിലെടുത്ത് കൊണ്ട് പറഞ്ഞു.

"മോളെ... കന്യേ ആ ടീവീടെ സൌണ്ട് ഒന്ന് കുറച്ചേ..."

കന്യക റിമോട്ട് എടുത്ത് ടിവിയുടെ സൌണ്ട് കുറച്ചു. ദേവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ചെവിയില്‍ വച്ചു. കന്യക അച്ഛനെ തന്നെ ശ്രദ്ധിച്ചിരുന്നു. ദേവന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കാനായി അവള്‍ കുറച്ചുകൂടി അയാളുടെ അടുത്തേയ്ക്കിരുന്നു. അപ്പോള്‍ ദേവന്‍ ആശ്ചര്യത്തോടെ ഫോണിലൂടെ ചോദിച്ചു.

"അതെയോ... ഹും കാണുന്നുണ്ട്. ഞങ്ങളും അത് തന്നെയാ കാണുന്നത്. എന്തായാലും അവനിങ്ങനെ ഒടുങ്ങീല്ലോ രാജശേഖരന്‍ സാറെ. ഓഹോ അപ്പോള്‍ അങ്ങിനെയാണോ കാര്യങ്ങള്‍..!!! അത് ശെരി അപ്പോള്‍ നിങ്ങള്‍ക്കല്ലയോ ചാര്‍ജ്. അതെന്താ ആ സ്ഥലം ഈ സ്റ്റേഷന്‍ പരിധിയിലല്ലേ... ഹും. ഓക്കെ. ങാ സുഖായിരിക്കുന്നു. ആരു മോളോ... ഹും അവളും സുഖായിരിക്കുന്നു.... ഓക്കേ കൊടുക്കാം..."

ദേവന്‍ പെട്ടെന്ന് ആ ഫോണ്‍ അവളുടെ കൈയിലേയ്ക്ക് കൊടുത്തു. കന്യകയുടെ നെഞ്ചം ഒന്ന് വിറച്ചു. എങ്കിലും അവള്‍ തന്മയത്വത്തോടെ രാജശേഖരനോട് സംസാരിച്ചു. പിന്നെ നന്ദനയും. പാറു അവസരോചിതമായി അവിടെ നിന്ന് എഴുന്നേറ്റ് മാറുകയും ചെയ്തു. ഒടുവില്‍ നന്ദന ഫോണ്‍ കട്ട് ചെയ്യുമ്പോള്‍ ദേവന്‍ നന്ദനയോട് പറഞ്ഞു.

"അവനൊപ്പം... പരിചയമില്ലാത്ത മറ്റൊരുവനെ അവിടെ ഉള്ളോരു കണ്ടിട്ടുണ്ടെന്ന്. പിന്നെ പട്ടണത്തിലെ പോലിസിനാ ചാര്‍ജ്. ങാ... എന്തായാലും അവനെക്കൊണ്ടുള്ള ശല്യം തീര്‍ന്നു. ആരായാലും അത് ചെയ്തോന് നല്ലത് വരട്ടെ..."

അച്ഛന്‍റെ വാക്കുകള്‍ കന്യകയ്ക്ക് സന്തോഷം നല്‍കി. അവള്‍ ദേവനോട് ചിണുങ്ങാന്‍ തുടങ്ങി. അച്ഛന്റെ അരുകിലേയ്ക്ക് ചേര്‍ന്നിരുന്നുകൊണ്ട് അവള്‍ ചോദിച്ചു. "അപ്പോള്‍ അച്ഛന്‍ ചിന്തിക്കുന്നത് ഇവനെ കൊന്നോനെ പോലിസ് പിടിക്കണ്ട എന്നാണോ...???

"അതെ മോളെ... നിയമോം കുന്തോം ഒന്നും നോക്കിയല്ല ഞാന്‍ പറയുന്നേ. സമൂഹത്തിന് നാശം ചെയ്യുന്നോന്‍ നശിയ്ക്കണം. അതേത് വഴിയായാലും..." ദേവന്‍ പറഞ്ഞു.

"അപ്പേ... മോള് ചോദിച്ചേന് ഉത്തരം തന്നില്ലാ...." കന്യക വീണ്ടും പറഞ്ഞു.

" എന്താ... മോളെ..???? ദേവന്‍ ചോദിച്ചു.

"അവനെ കൊന്നോനെ പോലീസ് പിടിയ്ക്കോ...???

"പിടിയ്ക്കും മോളെ. പിടിയ്ക്കും. കാരണം എന്തൊക്കെയായാലും. നിയമം കൈയിലെടുക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പോലീസിന് കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ ആരായാലും പിടിയ്ക്കപ്പെടും മോളെ..."

ദേവന്‍റെ വാക്കുകള്‍ കേട്ടുകൊണ്ട് അവള്‍ അച്ഛന്റെ വലംകൈയിലേയ്ക്ക് ചാഞ്ഞു. അയാളുടെ കൈയില്‍ കെട്ടിപ്പിടിച്ചിരുന്ന അവളുടെ നെഞ്ചിടിപ്പ് ദേവന് കേള്‍ക്കായിരുന്നു. അവളുടെ നിശ്വാസത്തിന്‍റെ ചൂട് ദേവന്‍റെ കൈകളില്‍ തട്ടിപ്പുകഞ്ഞു. അച്ഛന്‍റെ വാക്കുകള്‍ മുറിയ്ക്കുള്ളില്‍ ഇരുന്ന് പാറുവും കേള്‍ക്കുന്നുണ്ടായിരുന്നു. മൂകമായ നിമിഷങ്ങള്‍ മെല്ലെ മെല്ലെ വീണുടഞ്ഞു.

ഒടുവിലെത്തിയ അന്ധകാരം ആ മുറികളില്‍ വ്യാപിച്ചപോലെ കന്യകയുടെ നെഞ്ചിനുള്ളിലും വന്നണഞ്ഞു. ഉറങ്ങാന്‍ ചേച്ചിയ്ക്കൊപ്പം കിടക്കുമ്പോഴും അവളുടെ മനസ്സില്‍ തട്ടി കേട്ടുക്കൊണ്ടിരുന്നത് അച്ഛന്റെ ആ വാക്കുകള്‍ തന്നെയായിരുന്നു.

"പിടിയ്ക്കും മോളെ. പിടിയ്ക്കും. കാരണം എന്തൊക്കെയായാലും. നിയമം കൈയിലെടുക്കുന്നത് കണ്ടോണ്ടിരിക്കാന്‍ പോലീസിന് കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ ആരായാലും പിടിയ്ക്കപ്പെടും മോളെ..."

അവള്‍ കണ്ണുകള്‍ മുറുകെയടച്ചു. ഉറക്കം അന്നവളുടെ കണ്ണുകളെ തഴുകിയതേയില്ല. അവള്‍ ചിന്തിച്ചു. അച്ഛന്‍ പറയുന്നത് സത്യായാല്‍ താന്‍ പിടിയ്ക്കപ്പെടും. അങ്ങിനെ വന്നാല്‍ എല്ലാം ഈ ലോകമറിയും... !!! അവള്‍ പോലുമറിയാതെ ഇരുകകൈകളും ഇടനെഞ്ചില്‍ വന്നു ചേര്‍ന്ന് കൂപ്പി. അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

"അമ്മേ... മഹാമായേ..!! കാത്തോളണേ. ഈ കേസില്‍ കന്യക പിടിക്കപ്പെട്ടില്ലെങ്കില്‍ അമ്മേടെ മുന്നില്‍ ഈ കന്യക വൃതം പിടിച്ച് തീവെട്ടിയെടുത്ത് തുള്ളാമേ...."

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ