2014 മേയ് 28, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....12

"അമ്മേ...ഇത്.. രഘുവേട്ടന് വേണ്ടി സത്യദാസ് കൊണ്ടുവന്ന വിസയല്ലേ..?? ഒരു നിമിഷത്തെ മൌനം വിട്ടു ദേവു സേതുലക്ഷ്മിയോടു ചോദിച്ചു.

"അതെ... നീയെന്തവരോട് കാണിച്ചാലും.... ഇത് കണ്ടോ നീ...??? അതാണ്‌. ആദ്യം മനുഷ്യരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. അല്ലാതെ.....നിന്നെപ്പോലെ കാര്യം എന്തെന്ന് മനസ്സിലാക്കാതെ...!! നിന്നോട് ഒരു കാര്യം ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. വിവാഹം കഴിഞ്ഞ പെണ്‍കുട്ട്യോള് ചിലതൊക്കെ മനസ്സില്‍ വയ്ക്കണം...... ന്ന്... നീ അത് കേട്ടിരുന്നുവെങ്കില്‍ ഈ കുടുംബത്ത് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുമായിരുന്നോ...?? സേതുലക്ഷ്മിയമ്മ പറഞ്ഞു.

"എന്ത് ഞാന്‍ മനസ്സില്‍ വയ്ക്കണം എന്നാണു അമ്മ പറയുന്നത്...?? എനിക്ക് മനസ്സിലാവണില്യാ... " ദേവു തിരിച്ചു ചോദിച്ചു.

"രാജേശ്വരി ഓരോന്ന് പറയുമ്പോള്‍ നാണംകെട്ടു എന്‍റെ തൊലിയുരിഞ്ഞുപോയി. അല്ല നീയല്ലേ അവരോട് രഘൂനൊരു വിസ ആവശ്യപ്പെട്ടത്....??? സേതുലക്ഷ്മി തുടര്‍ന്നു ചോദിച്ചു.

"അതെ... അതിനെന്താ... എന്ന് കരുതി അവന്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കണം എന്നാണോ അമ്മ പറയുന്നത്...!!!! അവന്‍ എന്ത് ചെയ്താലും ഞാന്‍ കൈകെട്ടി നിന്നു സഹകരിക്കണം എന്നാണോ അമ്മ പറയുന്നത്...?? ദേവു ചോദിച്ചു.

"അവന്‍ നിന്നോട് ഇപ്പോള്‍ എന്ത് ചെയ്തുവെന്നാ നീ പറഞ്ഞു വരണേ..?? അന്നെനിക്ക് ഒന്നും മനസ്സിലായില്ല. ആരുടെ ഭാഗത്താണ് തെറ്റെന്നോ ശരിയെന്നോ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍ അങ്ങിനെയല്ല. ഇവിടെ എന്ത് നടന്നൂന്ന് എനിക്കൊരു വ്യക്തതയുണ്ട്." സേതുലക്ഷ്മിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് ദേവുവിന് കലശലായ വിഷമവും അതിലുപരി ദേഷ്യവും വന്നു. അതുകൊണ്ട് തന്നെ അവള്‍ സേതുലക്ഷ്മിയോട് തുറന്നടിച്ചു.

"ഇവിടെ എന്ത് നടന്നൂന്നാ... ????? ങേ.. അമ്മയിവിടെ എന്താണ് നടന്നതെന്ന് ശെരിക്കും അറിഞ്ഞിട്ട് തന്നെയാണോ സംസാരിക്കുന്നത്. വിഷമം ഉണ്ടമ്മേ... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്.... അവള്‍ പറഞ്ഞു.

"അല്ല പിന്നെ... ആ കുട്ടി അതൊന്ന് ഏട്ടത്തീടെ കൈയില്‍ കൊടുക്കാന്ന് കരുതി മുറിയില്‍ കയറിയതാ... അതിന് അവളുണ്ടാക്കിയ ഓരോ പൊല്ലാപ്പേ...!!! നക്കിപ്പെറുക്കി കിടക്കുന്ന അവളൊന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതി ചെയ്തതാ അവന്‍... അതിപ്പോള്‍ അവര്‍ക്ക് ശനിയായി. സേതുലക്ഷ്മിയമ്മ ആരോടെന്നില്ലാതെ പിറുപിറുത്തു.

"അമ്മ ശരിയ്ക്കുള്ള കാര്യം അറിഞ്ഞിട്ട് തന്നെയാണോ ഈ സംസാരിക്കുന്നത്...???

ഇങ്ങനെ അമ്മയോട് ചോദിക്കുമ്പോള്‍ ദേഷ്യത്തെക്കാള്‍ ഉപരി അവള്‍ക്കു സങ്കടം ആണ് ഉണ്ടായത്. ദേവു അടുത്തുകണ്ട ചുവരിലേയ്ക്ക് ചാരി നിന്നു. അവളുടെ സങ്കടം കണ്ണുനീരായി കപോലങ്ങളില്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. അവളുടെ കണ്ണീരു കണ്ടുകൊണ്ട് തന്നെ സേതുലക്ഷ്മി തുടര്‍ന്നു.

"ഒന്നുകില് കെട്ടിയോന് കഴിവുണ്ടാകണം. അല്ലെങ്കില്‍ കെട്ടിയോള്‍ക്ക് വകതിരിവുണ്ടാകണം. ഇത് രണ്ടും ഇല്ലെങ്കില്‍ ഉള്ലോരോ കാര്യങ്ങളേ..!!! നയത്തില് നിന്നു അവനോന്‍റെ കാര്യം സാധിക്കണം എന്നല്ലാതെ എടുത്തടിച്ചു ഓരോന്ന് ചെയ്തിട്ട്.... അവര്‍ പറഞ്ഞു നിര്‍ത്തി.

"അമ്മയ്ക്കെങ്ങിനെ എന്നോട് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നു അമ്മെ... അച്ഛന്‍ പോയേപ്പിന്നെ അമ്മ ഞങ്ങളെ അങ്ങിനെയാണോ വളര്‍ത്തിയത്‌...??? കാര്യസാധ്യത്തിന്‌ വേണ്ടി എന്തും ചെയ്യാന്‍ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ അമ്മെ....??? അമ്മ പറയുന്നത് മുഴുവന്‍ ഞാന്‍ കേള്‍ക്കുന്നു. സത്യാ അമ്മ പറയുന്നത്.. എനിക്ക് കഷ്ടപ്പാട് തന്നാ... എന്ന് കരുതി അമ്മ എന്നെ പറഞ്ഞോണം. എന്‍റെ രഘുവേട്ടനെക്കുറിച്ച് പറയാന്‍ അമ്മയ്ക്കെന്തു യോഗ്യതയാ അമ്മെ ഉള്ളത്. അമ്മയീപ്പറയുന്ന സത്യദാസ് അല്ല ഇത്രേം നാളും ഈ വീട് നോക്കിയത്. എന്‍റെ രഘുവേട്ടന്‍ കഷ്ടപ്പെടുന്ന കാശ് കൊണ്ടാ ഇവിടെ എല്ലാവരും കഞ്ഞികുടിച്ച് കഴിഞ്ഞേ. അതൊന്നും മറക്കരുത് അമ്മെ. രാജേശ്വരി ഇവിടെ നിന്നുവെന്ന് പറഞ്ഞ് ഈ കുടുംബത്ത് ഇന്നുവരെ അവളെന്തിനെങ്കിലും ചെലവാക്കിയിട്ടുണ്ടോ അമ്മെ..?? അവള്‍ക്കുണ്ടാകട്ടെ. അവള്‍ക്കിനിയും പണം ഉണ്ടാകട്ടെ. അതില് ദേവൂനു സന്തോഷേ ഉള്ളൂ... എന്ന് കരുതി അവള്‍ പറയുന്ന ഇല്ലാവചനങ്ങള്‍ കേട്ട് അമ്മ എന്നെ തെറ്റിദ്ധരിച്ചല്ലോ അമ്മെ..??? ഇത്രയും പറയുമ്പോള്‍ ദേവു നല്ലതുപോലെ കരഞ്ഞുപോയി. അവളുടെ തേങ്ങല്‍ പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങി.

"അവളൊരു ഇല്ലാവചനവും പറഞ്ഞിട്ടില്ല. നീയിനി എന്ത് പറഞ്ഞാലും നീ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുപോലെ നിങ്ങള്‍ക്കിനി എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അത് നിങ്ങടെ ഇഷ്ടം. സത്യന്‍ എന്നെ ഇതേല്‍പ്പിച്ചു. നിനക്ക് തരാന്‍ പറഞ്ഞു. ആര്‍ക്കറിയില്ല എങ്കിലും നിന്‍റെ മനസ്സാക്ഷിക്ക് അറിയാല്ലോ ഏത് ശരി ഏതു തെറ്റെന്ന്.. എന്നാലും അവര്‍ രണ്ടുപേരും പറയുന്നതാണ് ശെരി എന്ന് എന്‍റെ മനസ്സ് പറയുന്നു. കാരണം അവര് പറയുന്നതില് ഞാനൊരു ന്യായം കാണുന്നു. സേതുലക്ഷ്മി പറഞ്ഞു.

അതോടെ ദേവു പൊട്ടിത്തെറിച്ചു. മുന്നില്‍ ഇരിക്കുന്നത് അമ്മയാണ് എന്നതൊക്കെ അവള്‍ മറന്നു.

"എന്ത് ന്യായാ അമ്മ കാണുന്നേ...??? എന്ത് ന്യായാ അമ്മ കാണുന്നേന്ന്. എന്‍റെ രഘുവേട്ടന്‍റെ ഒരു വിസയ്ക്കുവേണ്ടി ഞാനെന്താ അവന് പായ വിരിക്കണോ അമ്മെ..? ഞങ്ങളെ വളര്‍ത്താന്‍ അമ്മ അങ്ങിനെയാണോ ചെയ്തത്..?? അതോ ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ..??

അവളുടെ വാക്കുകള്‍ ശരിമാരി പോലെ പെയ്തിറങ്ങുമ്പോള്‍ സേതുലക്ഷ്മിയമ്മ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. അപ്പോള്‍ ദേവു തുടര്‍ന്നു.

"പട്ടിണി കിടന്നു മരിക്കാനാണെങ്കില്‍ അങ്ങിനെ.. എന്നാലും ഒരുത്തന്റേം മുന്നില്‍ ദേവു പോവില്ല. എന്‍റെ രഘുവേട്ടന്‍ ആണത്തം ഉള്ലോനാ... അങ്ങേരുടെ കൂടെ ജീവിക്കുമ്പോള്‍ എനിക്ക് ഒന്നും പേടിയില്ല. പേടിക്കേണ്ട ആവശ്യവും ഇല്ല. എന്‍റെ പാതിവ്രത്യത്തിന് പുല്ലുവില കല്‍പ്പിച്ച അവനെ കാണുന്നത് പോലും എനിക്കിനി ചതുര്‍ഥിയാ... എനിക്ക് ചതുര്‍ഥിയാ..." അവള്‍ നിന്നു വിറക്കാന്‍ തുടങ്ങി.

പരസ്പരം പഴിചാരുന്ന വ്യഗ്രതയില്‍ ഇരുവരും നേരം ഇരുണ്ടതറിഞ്ഞില്ല. ശിഖ ഉറക്കമുണര്‍ന്ന് മുറിയുടെ ഓരം ചേര്‍ന്നിരുന്ന് ഉണര്‍ന്നു കിടന്നിരുന്ന അമറിനോടൊപ്പം ഇരുളിലെ ചെറുവെളിച്ചത്തില്‍ കളിക്കുകയായിരുന്നു. ദേവുവിന്‍റെ വാക്കുകള്‍ കേട്ട സേതുലക്ഷ്മിയമ്മ എന്തൊക്കെയോ ഉച്ചത്തില്‍ പിറുപിറുത്തുകൊണ്ടിരുന്നു. വീട്ടില്‍ അപ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ദേവു ഇതിനിടയില്‍ വിളക്കൊരുക്കിയതും ഇല്ല. അവള്‍ മുറിയില്‍ കയറി ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചു. ഇറയത്ത്‌ തൂക്കിയിട്ടിരുന്ന റാന്തല്‍ തിരി നീട്ടി അതും കത്തിച്ചുവച്ചു. എന്നിട്ടവള്‍ റോഡിലേയ്ക്ക് നോക്കി. അവ്യക്തമായ കാഴ്ചയില്‍ അവള്‍ സൂക്ഷിച്ചു നോക്കി. രഘു വരുന്നുണ്ടായിരുന്നില്ല. അവള്‍ ഇറയത്ത് നിന്ന് കിഴക്കോട്ടെയ്ക്കുള്ള പടിയുടെ അരുകില്‍ വന്നു ഒന്നുകൂടി വഴിയിലേയ്ക്കു നോക്കി. അവിടം അപ്പോഴും വിജനമായിരുന്നു.

ദേവു പറഞ്ഞിട്ട് പോയ വാക്കുകള്‍ സേതുലക്ഷ്മിയുടെ ഉള്ളില്‍ കിടന്നു പൊള്ളാന്‍ തുടങ്ങി. മുറിയില്‍ നിന്നു ദേവു തിരികെ വരുന്നതും കാത്തായിരുന്നു അവരിരുന്നത്. അയതിനാല്‍ തന്നെ രഘു വരുന്നില്ല എന്ന് ഉറപ്പു വരുത്തി അകത്തേയ്ക്ക് തിരിഞ്ഞ അവളെ നോക്കി സേതുലക്ഷ്മി പറഞ്ഞു.

"ഒന്ന് നിന്നേ... നീയ്...!!!

ദേവു അവരുടെ വാക്ക് കേട്ട് നിന്നു. അപ്പോഴും അവളുടെ ഇടതുകൈയില്‍ സേതുലക്ഷ്മി കൊടുത്ത പേപ്പര്‍ ഉണ്ടായിരുന്നു.

"എന്ത് പാതിവ്രത്യം... എന്ത് ആണത്വമാടീ നിന്‍റെ രഘുവിനുള്ളത്. പിള്ളേരെ ഉണ്ടാക്കുന്നത്‌ മാത്രമല്ലടീ ആണത്വം. അവരെ സംരക്ഷിക്കാനും ആ ആണിന് കഴിയണം. സ്വന്തം വീട്ടീന്ന് അടിച്ചിറക്കി പെണ്ടാട്ടി വീട്ടില്‍ വന്നു കിടക്കണ അവനേ ആണാണ് പോലും... ഓ! ഒരാണ് വന്നിരിക്കുന്നു. പുശ്ചത്തോടെ അവര്‍ മുരണ്ടു.

സേതുലക്ഷ്മിയുടെ വാക്കുകള്‍ ചാട്ടുളിപോലെയാണ് അവളുടെ നെഞ്ചില്‍ തുളഞ്ഞുകയറിയത്. ഒപ്പം ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ അവര്‍ എന്തിനും പോന്ന ഭാവത്തിലും ആയിരുന്നു. ഇതുവരെയും സേതുലക്ഷ്മിയുടെ ഇങ്ങനെയൊരു മുഖം അവള്‍ കണ്ടിട്ടും ഇല്ല. ആവശ്യമില്ലാതെ ഈ പ്രശ്നം ഇനി വളര്‍ത്തണ്ട എന്നവള്‍ കരുതി. അതുമല്ല രഘുവേട്ടന്‍ ജോലി കഴിഞ്ഞു വരുന്ന സമയവും ആയി. കയറി വരുമ്പോള്‍ ഇങ്ങനെ വഴക്കും വക്കാണവുമായി ഒരു രംഗം വേണ്ടെന്ന് തന്നെ അവള്‍ തീരുമാനിച്ചു. പക്ഷെ സേതുലക്ഷ്മി ദേവുവിനെ വിടാന്‍ ഭാവമില്ലാത്ത പോലെ മുന്നോട്ടു നീങ്ങിയ ദേവുവിന്‍റെ മുന്നിലേയ്ക്ക് മാറി നിന്നു അവളുടെ മുഖത്തേയ്ക്ക് കോപത്തോടെ നോക്കി കൊണ്ട് പറഞ്ഞു.

"എന്താടീ ഞാന്‍ പറഞ്ഞത് നീ കേട്ടില്ല്യാന്നു ഉണ്ടോ..???

സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ട ദേവു ഒന്നും മിണ്ടിയില്ല. അതോടെ ശൗര്യം കൂടിയ അവര്‍ പറഞ്ഞു.

"ഒന്നോര്‍ത്ത് ജീവിച്ചാല്‍ നിനക്കും നിന്‍റെ കെട്ടിയോനും നല്ലത്." എന്തെന്ന ഭാവത്തോടെ ദേവു സേതുലക്ഷ്മിയെ നോക്കി. അതുകണ്ടവര്‍ വീണ്ടും പറഞ്ഞു. "നീ എന്നെ നോക്കി മുരയ്ക്കണ്ട. നിന്‍റെ കൈയിലിരിക്കുന്ന ഈ വിസ അവന്‍റെ ഔദാര്യാ... അവന്‍റെ മാത്രം ഔദാര്യം. നിന്‍റെ ആണത്വമുള്ള മാപ്പളയ്ക്ക് അവന്‍ കനിഞ്ഞു നല്‍കിയ ഔദാര്യം... "

സേതുലക്ഷ്മിയുടെ ഈ വാക്കുകള്‍ ദേവുവിന് സഹിക്കുന്നതിനും മേലെയായിരുന്നു. തികട്ടി വന്ന കോപം അവള്‍ ആ പേപ്പറില്‍ തീര്‍ത്തു. ചെറിയ കഷണങ്ങള്‍ ആക്കി കീറിയത് അവള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു. അതോടെ ക്രുദ്ധയായ സേതുലക്ഷ്മി ദേവുവിന്‍റെ ചെകിടില്‍ വലിച്ചടിച്ചു. അത് കണ്ടുകൊണ്ടാണ് രഘു മുറ്റത്തെത്തിയത്. അതോടെ അവന്‍ ഓടി അകത്തേയ്ക്ക് കയറി. അവന്‍റെ കൈയിലിരുന്ന പൊതിക്കെട്ട് താഴെവീണു. കുഞ്ഞുങ്ങള്‍ക്കായി അവന്‍ വാങ്ങിക്കൊണ്ടുവന്ന കോഴിമുട്ടകള്‍ നിലത്തുവീണ് പൊട്ടിച്ചിതറി. വിറങ്ങലിച്ചു നില്‍ക്കുകയായിരുന്ന ദേവു രഘുവിനെ കണ്ടതും പൊട്ടിക്കരഞ്ഞു. അവളെ തന്നിലേയ്ക്ക് ചേര്‍ത്ത് രഘു ഒന്നും മിണ്ടാതെ നിന്നു.

സേതുലക്ഷ്മിയമ്മ വേഗം അവരുടെ മുറിയിലേയ്ക്ക് നടന്നു. കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരുന്ന ദേവുവിന്‍റെ മുറിയില്‍ നിന്നും ശിഖയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് രഘുവും ദേവുവും ഞെട്ടിപ്പിടഞ്ഞു. ദേവുവിനെ വിട്ട് രഘുവും രഘുവിന് പിന്നാലെ ദേവുവും ഓടി മുറിയിലേയ്ക്ക് കയറി. അരുകിലിരുന്ന മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞ് ഒരു തീഗോളം പോലെ ശിഖ നിലത്തേയ്ക്ക് വീണു. അരുകിലെ തുണികളിലേയ്ക്കും തീയാളിപ്പടര്‍ന്നു. ദേവു എന്ത് ചെയ്യണം എന്നറിയാതെ അലറിക്കരഞ്ഞു. രഘു ഓടിവന്ന് അമറിനെ വാരിയെടുത്ത് ദേവുവിന്‍റെ കൈയില്‍ നല്‍കി. ഓടിവന്ന് മകളെ വാരിയെടുത്തവന്‍ നിലത്തേയ്ക്ക് വീണു. കൈയില്‍ കിട്ടിയതെല്ലാം എടുത്തു ദേവു തുണികളില്‍ അടിച്ചു. അപ്പോഴേയ്ക്കും അമ്മയും മുറിയിലേയ്ക്ക് വന്നു. വളരെ ശ്രമപ്പെട്ട്‌ അവിടത്തെ തീയവര്‍ അണച്ചു. ശിഖയുടെ ശരീരത്തിലെ തീയ് രഘു അണയ്ക്കുമ്പോഴേയ്ക്കും അവന്‍റെ മേലാകെ കരുവാളിച്ചിരുന്നു. ശിഖയുടെ കുഞ്ഞുമുഖം തൊലിയുരുകി വെളുത്തിരുന്നു. അവളുടെ കണ്പീലികള്‍ കരിഞ്ഞുപോയി. നേര്‍ത്തൊരു മൂളലോടെ രഘുവിന്‍റെ കൈയിലിരുന്നു അവള്‍ ചലിച്ചു. കുഞ്ഞിനേയും മാറത്തണച്ചുകൊണ്ട് അവളെ പെറ്റിട്ട സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കവന്‍ ഓടി. ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അമറിനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ദേവു രഘുവിന് പിന്നാലെ പാഞ്ഞു. കുഞ്ഞിനേയും കൊണ്ട് പാഞ്ഞുവന്ന രഘുവിന്‍റെ കൈയില്‍ നിന്നും ആത്യാഹിത വിഭാഗത്തിന്‍റെ മുന്നില്‍ നിന്നിരുന്ന വാര്‍ഡന്‍ ശിഖയെ വാങ്ങി അതിനുള്ളിലേയ്ക്കോടി.

അതോടെ രഘുവിന്‍റെ പിന്നാലെ ആശുപത്രിയുടെ ഇടനാഴിയിലേയ്ക്ക് പാഞ്ഞെത്തിയ ദേവു ഒരു ഭ്രാന്തിയെപ്പോലെ നിന്നു പിറുപിറുത്തു. അത്യാഹിത വിഭാഗത്തിലെ ഗ്ലാസ് ചുവരിന് വെളിയില്‍ നിന്ന രഘു ശാന്തനായിരുന്നില്ല. ഇടനാഴിയിലെ കല്‍തൂണുകളില്‍ ഓരോന്നിലും കദനം പറഞ്ഞു കരഞ്ഞവന്‍ കാത്തുനിന്നു. അവനെ തഴുകിപ്പോയ കാറ്റിനപ്പോള്‍ വെന്ത മാംസത്തിന്‍റെ ഗന്ധമായിരുന്നു... ശിരസ്സാകെ കൈകൊണ്ട് തെരുപിടിച്ചവന്‍ ഒരു കല്‍ത്തൂണില്‍ മുതുക് ചേര്‍ത്ത് താഴേയ്ക്ക് നിരങ്ങിയിരുന്നു. ദേവു ഇടനാഴിയുടെ അരുകില്‍ തളര്‍ന്നുവീണു....

(തുടരും)
ശ്രീ വര്‍ക്കല
 

ദേവദാരുവിന്നരികത്ത്‌.....11

അവള്‍ കണ്ട കുഞ്ഞു കാഴ്ചകളില്‍ ഇന്നോളം അച്ഛനെ അവള്‍ ഇങ്ങനെ ക്രോധാന്ധനായി കണ്ടിട്ടില്ല. അവളുടെ നക്ഷത്രങ്ങള്‍ പോലെ തിളങ്ങിയിരുന്ന കുഞ്ഞിക്കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിരുന്നു. അത് മനസ്സിലാക്കിയ ദേവു മകളോട് പറഞ്ഞു.

"മോളെന്തിനാ പേടിക്കണേ...!!! അമ്മയോട് അവര് വഴക്കുകൂടിയിട്ടല്ലേ അച്ഛന്‍ അവരോട് ശണ്ഠയിട്ടത്...."

ശിഖ അത് മനസ്സിലാക്കി എന്നോണം ദേവുവിനോട് ചേര്‍ന്ന് കിടക്കയ്ക്കരുകിലേയ്ക്ക് ചെന്നു. അപ്പോഴേയ്ക്കും മകളോടുള്ള ശ്രദ്ധ വിട്ട് രഘു മറ്റെന്തോ ഗഹനമായ ചിന്തയിലാണ്ടു. ശിഖ കട്ടിലിനു മുകളിലിരുന്ന് കളിക്കുമ്പോഴെയ്ക്കും ദേവു രഘുവിനരുകിലേയ്ക്ക് ചെന്നു. തുറന്നു കിടന്ന ജനലിനരുകില്‍ അവനോട് ചേര്‍ന്ന് നിന്ന് അകലെ നക്ഷത്രങ്ങളെ കണ്ണിമ ചിമ്മാതെ അവള്‍ നോക്കി നിന്നു. ഇരുവരും എത്ര നേരം അവിടെ നിന്നുവെന്ന് പറയുക അസാധ്യം. ഒടുവില്‍ ചിന്തയില്‍ നിന്നുണര്‍ന്ന് ദേവു കുഞ്ഞുങ്ങള്‍ക്ക്‌ ആഹാരം നല്‍കി. ഭക്ഷണം കഴിച്ച് കുഞ്ഞുങ്ങള്‍ ഉറങ്ങവേ, രഘുവും ദേവുവും ആഹാരം കഴിച്ചു.

കിടക്കയില്‍ രഘുവിനോട് ചേര്‍ന്ന് കിടന്നുകൊണ്ട് ദേവു പറഞ്ഞു.

"എനിക്കറിയാം രഘുവേട്ടന്‍ ഇപ്പോള്‍ എന്താ ചിന്തിക്കണേന്ന്....!!!! ഇങ്ങനെ പോയാല്‍ ഇവിടുന്നും ഇറങ്ങേണ്ടി വരും എന്നല്ലേ...??

അവളുടെ ചോദ്യത്തിനുള്ള ഉത്തരം അവനൊരു ചെറു മൂളലില്‍ ഒതുക്കി. ദേവു തുടര്‍ന്നു.

"രഘുവേട്ടാ ഇങ്ങനെയൊന്നും ഉണ്ടാകുമെന്ന് ആരും നിരീച്ചില്ല... സത്യദാസിനു മനസ്സില്‍ ഇങ്ങനെയൊരു ചിന്ത ഉണ്ടെന്ന് ഞാനും സ്വപ്നേപി കരുതിയില്ല. അല്ലെങ്കില്‍ ഒരുപക്ഷെ അവനു തോന്നിയിരിക്കും ഗതികെട്ട് കിടക്കയല്ലേ എന്‍റെ രഘുവേട്ടന്‍... രക്ഷപ്പെടാന്‍ ഒരു മാര്‍ഗത്തിന് വേണ്ടി ഒരുപക്ഷെ നമ്മള്‍ അങ്ങേയറ്റം വരെ പോകുംന്നു... ഇനി രഘുവേട്ടന്‍ അതൊന്നും ഓര്‍ത്ത് വിഷമിക്കല്ലേ... ങ്ങള് വിഷമിച്ചാല്‍ പിന്നെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല രഘുവേട്ടാ... "

"എനിക്ക് അതിനെക്കുറിച്ച് വിഷമം ഇല്ല ദേവു. കഴിഞ്ഞത് കഴിഞ്ഞു. പക്ഷെ....." രഘു പറഞ്ഞു.

"എന്ത് പക്ഷെ...രഘുവേട്ടാ....??? അവള്‍ തലയണയില്‍ നിന്നും തല തെല്ലുയര്‍ത്തി, വലതുകരം കൊണ്ടത് താങ്ങി അവന്‍റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു.

അവളുടെ ചോദ്യത്തിന് അവന്‍ മച്ചിലേയ്ക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു.

"ദേവൂ.... എനിക്ക് നിന്നെയറിയാം... ഒരു പക്ഷെ അമ്മയ്ക്ക് കൂടി നിന്‍റെ നിഷ്കളങ്കതയറിയാം.... ന്ന് വച്ചോള്ളൂ... എന്നാലും ആരും ഇല്ലാത്തപ്പോള്‍ ഇനിയൊരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍... രാജേശ്വരിയും അവനോടൊപ്പം നിന്ന് എന്തെങ്കിലും അരുതായ്മകള്‍ ഉണ്ടാക്കിപ്പറഞ്ഞാല്‍..!!! ഈ നാടറിഞ്ഞാല്‍... അറിയിച്ചാല്‍...??? നമ്മളിതുവരെ കാത്തു സൂക്ഷിച്ച നമ്മുടെ അഭിമാനം... നമ്മളെന്ത് ചെയ്യും ദേവൂ...

ഒരു നിമിഷം ഇരുവരും ഉരിയാടിയില്ല. രഘു തന്നെ തുടര്‍ന്നു.

"എനിക്കറിയാം ദേവു... സത്യദാസിന്‍റെ മനസ്സിപ്പോള്‍ ചിന്തിക്കുന്നത്. അവന്‍റെ ഉള്ളു നിറയെ നിന്നോട് പകയായിരിക്കും. അവസരം കാത്തിരിക്കാന്‍ ഒരുപക്ഷെ അവന്‍ ശ്രമിച്ചെന്നിരിക്കും. ഒടുവില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ദിവസം അത് സംഭവിക്കും... "

"എന്നാല്‍ ഞാനവനെ വെട്ടിക്കൊല്ലും.... രഘുവേട്ടാ.. വെട്ടിക്കൊല്ലും ആ പട്ടിയെ..!!! .. അവള്‍ പെട്ടെന്നാണ് ഇത് പറഞ്ഞത്...

"എന്നിട്ട്... എല്ലാം വിട്ടെറിഞ്ഞ്‌... എന്നേം, നമ്മുടെ കുഞ്ഞുങ്ങളേം കളഞ്ഞ്... " അവന്‍ പാതിയില്‍ നിര്‍ത്തി.

ദേവു രഘുവിന്‍റെ നെഞ്ചില്‍ തലചായ്ച്ച് വിങ്ങിപ്പൊട്ടി. എന്നിട്ടവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.... " ഒന്ന് സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ല..." രഘു ഒന്നും മിണ്ടിയില്ല. അവന്‍റെ നിശ്വാസം ചിലപ്പോഴെല്ലാം വല്ലാത്ത ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തേങ്ങി തേങ്ങി ദേവു അവന്‍റെ നെഞ്ചില്‍ ചേര്‍ന്നുറങ്ങി.
**********
നേരം പുലര്‍ന്നു. മുറിയില്‍ വെളിച്ചം വീഴുംവരെ ദേവു ഒന്നുമറിഞ്ഞില്ല. അവള്‍ കണ്ണുതുറക്കുമ്പോള്‍ രഘു കട്ടിലില്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. അവള്‍ പെട്ടെന്ന് എഴുന്നേറ്റു. അഴിഞ്ഞുകിടന്ന മുടി കെട്ടി. കിടക്കവിരി നേരെ വിരിച്ചിട്ടു. കുഞ്ഞുങ്ങള്‍ ഉണര്‍ന്നിട്ടില്ല. അവള്‍ ഒരു തുണിയെടുത്ത് കുഞ്ഞുങ്ങളുടെ മേലെ ചൂടി.

"ഞായറാഴ്ചയായിട്ട് ഈ രഘുവേട്ടന്‍ എഴുന്നേറ്റിത് എവിടെപ്പോയതാ..." സ്വയം പറഞ്ഞുകൊണ്ട് അവള്‍ ചെന്ന് ചാരിയിരുന്ന വാതില്‍ തുറന്ന് പുറത്തേയ്ക്ക് വന്നു. ഇറയത്ത്‌ വരാന്തയില്‍ അമ്മയോടൊപ്പം അവന്‍ ഇരിക്കുന്നുണ്ടായിരുന്നു. അവള്‍ നേരെ അവര്‍ക്കരുകിലേയ്ക്ക് ചെന്നിരുന്നു. ദേവു ചെന്നതോടെ രഘുവും അമ്മയും മൗനമായി. അതുകൊണ്ട് തന്നെ അവള്‍ ചോദിച്ചു.

"എന്താ രഘുവേട്ടാ... എന്താ അമ്മെ..??? എന്തുണ്ടായി..? അവള്‍ ജിജ്ഞാസയോടെ ചോദിച്ചു.

"അവര് പോയി ദേവൂ.... നേരം പുലരുന്നതിന് മുന്നേ അവര് പോയി. ഞാനേറെ പറഞ്ഞു. പക്ഷെ കേട്ടില്ല. അവള്‍ക്കായിരുന്നു വാശി മുഴുവന്‍..." സേതുലക്ഷ്മിയമ്മ പറഞ്ഞു.

"സത്യദാസ് എന്ത് പറഞ്ഞു അമ്മെ...? ദേവു ചോദിച്ചു.

"അവനെന്ത് പറയാനാ... പറഞ്ഞതെല്ലാം അവളായിരുന്നു. ഇനി ഇവിടെ കാലുകുത്തണേല്‍ നീയിവിടെ ഉണ്ടാവാന്‍ പാടില്ലാന്നും അവള് പറഞ്ഞു. എനിക്ക് നിങ്ങള് രണ്ടാളും ഒരുപോലാണെന്ന് ഞാനും പറഞ്ഞു... എങ്കില്‍ അവളേം കെട്ടിപ്പിടിച്ചിവിടെ കിടന്നോളാന്‍ പറഞ്ഞിട്ടാ അവള് പോയെ..."

സേതുലക്ഷ്മിയമ്മ ഇത്രയും പറഞ്ഞതോടെ അവിടെ തീര്‍ത്തും മൗനം തളം കെട്ടി.

"എന്തുവന്നാലും നേരിടുക തന്നെ അല്ലാതെന്ത് ചെയ്യാന്‍.." സേതുലക്ഷ്മിയമ്മ ഒടുവില്‍ ഇത് കൂടി പറയുമ്പോഴേയ്ക്കും ദേവു ഒരു ദീര്‍ഘ നിശ്വാസത്തോടെ അവിടെ നിന്നു എഴുന്നേറ്റു. രഘുവിന് പല്ലുതേയ്ക്കാന്‍ ബ്രഷും എടുത്തു നല്‍കി, അവള്‍ കുളിയ്ക്കാന്‍ പോയി. കുളി കഴിഞ്ഞു തിരികെ വന്നു പതിവ് പോലെ അവള്‍ വീട്ടിലെ തിരക്കുകളില്‍ വ്യാപൃതയായി.
*************
ദിവസങ്ങള്‍ കടന്നു പോയി. രാജേശ്വരി ആ വീട് വിട്ടു പോയിട്ട് ആഴ്ച രണ്ടു കഴിഞ്ഞു. അവളുടെ ഒരു വിവരവും പിന്നീട് ഈ വീട്ടില്‍ അറിഞ്ഞിട്ടില്ല. എന്തു തന്നെയായാലും അവളെ കാണാത്തതില്‍..... മകളോടുള്ള വാത്സല്യത്താല്‍ സേതുലക്ഷ്മിയും കുറേശ്ശെ ഖിന്നയായി തുടങ്ങിയിരുന്നു. ഒടുവില്‍ ഒരു നാള്‍ അവര്‍ ദേവുവിനോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍ കേട്ടു ദേവു പറഞ്ഞു.

"അമ്മ പോണം... അമ്മയ്ക്ക് ഞാനും അവളും എന്നും തുല്യമായിരിക്കണം. ആരെയും വെറുപ്പിക്കണ്ട അമ്മേ... നാളെ ആരുണ്ടാകും അമ്മയ്ക്കൊരു കൂട്ടിന്..എന്നാര്‍ക്കും അറിയില്ല...?? അമ്മ പൊയ്ക്കോള്ളൂ സന്തോഷമായി പൊയ്ക്കൊള്ളൂ..."

അങ്ങിനെ സേതുലക്ഷ്മിയമ്മ രാജേശ്വരിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ചെല്ലുമ്പോള്‍ സത്യദാസ് വീട്ടില്‍ ഉണ്ടായിരുന്നില്ല. രാജേശ്വരി സ്നേഹത്തോടെ അമ്മയെ അകത്തേയ്ക്ക് ക്ഷണിച്ചു. വീട്ടിലെ എല്ലാപേരുമായി കുശലം നടത്തി അവര്‍ രാജേശ്വരിയുടെ മുറിയിലേയ്ക്ക് ചെന്നു. അവിടെ കസേരയില്‍ ഇരിക്കുമ്പോള്‍ അവള്‍ ചായയുമായി വന്നു. അമ്മയുടെ കൈയില്‍ അത് കൊടുത്തിട്ട് അവള്‍ അരുകിലെ മേശമേല്‍ ചാരി നിന്നു. എന്നിട്ട് പറഞ്ഞു.

"അവിടെയുണ്ടായ സംഭവം ഇവിടാരും അറിഞ്ഞിട്ടില്ല്യ അമ്മെ..?? അറിഞ്ഞാല്‍... സത്യേട്ടനെ രഘുവേട്ടന്‍ ഉപദ്രവിച്ചൂന്ന് ഇവിടത്തെ ഏട്ടന്മാര്‍ അറിഞ്ഞാല്‍ പിന്നെ അവര് ചുമ്മാതിരിക്കുമോ...??? "

രാജേശ്വരിയുടെ വാക്കുകള്‍ കേട്ടു സേതുലക്ഷ്മിയമ്മ ഒന്ന് നെടുവീര്‍പ്പിട്ടു. അപ്പോള്‍ രാജേശ്വരി പറഞ്ഞു. അവളെക്കൊണ്ട് എന്‍റെ സത്യേട്ടന് നഷ്ടം മാത്രേ ഉണ്ടായിട്ടുള്ളൂ... അവള് പറഞ്ഞിട്ടാ സത്യേട്ടന്‍ രഘുവേട്ടന് വിസ കൊണ്ട് വന്നത്. അന്ന് അവിടെ വരുമ്പോള്‍ സത്യേട്ടന്‍ അതവിടെ കൊണ്ടുവന്നിരുന്നു. അതവളുടെ കൈയില്‍ തന്നെ കൊടുക്കണം എന്ന് സത്യേട്ടന് നിര്‍ബന്ധമായിരുന്നു. പാവം സത്യേട്ടന്‍ ആ സംഭവത്തിന്‌ ശേഷം ആകെ തളര്‍ന്നിരിക്കാ... പിന്നീട് ഇവിടെ കൊണ്ടുവന്ന് സത്യേട്ടന്‍ അത് എന്‍റെ കൈയില്‍ തിരികെ തന്നു. എന്നിട്ട് പറഞ്ഞു.

"രാജീ... എനിക്ക് ദേവ്വോട്ടത്തിയോട് ഒരു വിരോധവും ഇല്ല, അവരങ്ങിനെ തെറ്റിദ്ധരിച്ചത് അവരുടെ വിവരം. പിന്നെ നിനക്ക് ഇഷ്ടമുണ്ടേല്‍ നീ തന്നെ ഇനി അവര്‍ക്കത്‌ കൊടുത്തോള്ളൂ എന്ന്..!!! അന്നവളുടെ മുറിയില്‍ സത്യേട്ടന്‍ അതു കൊടുക്കാനാ ചെന്നത്.. അതിനവള്‍ ഇത്രേം പ്രശ്നം ഉണ്ടാക്കീല്ലോ അമ്മെ..??? ഇത്രേം നല്ലൊരു മനുഷ്യനോട് ഇനി ഞാനെന്തു പറയാനാ അമ്മെ..??? നിങ്ങള്‍ക്കെല്ലാര്‍ക്കും വേണ്ടീട്ട് ഞാനൊരുപാട് മാപ്പു പറഞ്ഞു ഏട്ടനോട്.. അല്ലാതെ ഞാനെന്തു ചെയ്യാന്‍... എന്‍റെ ജീവിതം ഞാന്‍ നോക്കണ്ടേ അമ്മെ.."

രാജേശ്വരിയുടെ വാക്കുകള്‍ക്കു മറുപടി പറയാന്‍ ഒന്നും സേതുലക്ഷ്മിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും എപ്പോഴോ അവരുടെ ചിന്തകള്‍ ആ വഴിയ്ക്ക് തിരിഞ്ഞു. സേതുലക്ഷ്മി അതിങ്ങനെയാണ് ചിന്തിച്ചത്.... "ശരിയായിരിക്കാം.... ഒരുപക്ഷെ, ആ വിസ ദേവൂന്‍റെ കൈയില്‍ നേരിട്ട് കൊടുക്കാന്‍... അത് കിട്ടുമ്പോള്‍ ഉള്ള അവളുടെ സന്തോഷം കാണാനാണ് ഒരുപക്ഷെ ഇവള്‍ പറയുന്നത് പോലെ സത്യദാസ് ചെന്നതെങ്കിലോ...?? പിന്നെയും അവര്‍ ചിന്തിച്ചു. "അങ്ങിനെ പെട്ടെന്ന് ദേവു പൊട്ടിത്തെറിക്കില്ല. അതുമല്ല ചെറിയ കാര്യങ്ങള്‍ ഒക്കെ അവള്‍ സ്വയം സഹിക്കാറാ പതിവ്... പിന്നെങ്ങിനെ ഇത്... ദേവു പറയുമ്പോലെ സത്യന്‍ അവളെ കടന്നു പിടിച്ചിട്ടുണ്ടെങ്കില്‍ അവളിങ്ങനെയോ അതിനപ്പുറമോ പ്രവര്‍ത്തിക്കും അതുറപ്പാ..." ചിന്തകൊണ്ട് അവരാകെ കുഴഞ്ഞു.

സേതുലക്ഷ്മിയമ്മ അവിടുന്ന് യാത്ര പറഞ്ഞിറങ്ങുന്നതിന് മുന്നേ സത്യദാസ് അവിടെ എത്തിയിരുന്നു. അമ്മയോട് അവന്‍ വല്ലാതെ സ്നേഹം പ്രകടിപ്പിച്ചിരുന്നു. ഒരിക്കലും താന്‍ തെറ്റുകാരന്‍ എന്ന് അമ്മയ്ക്ക് തോന്നരുത്. അവന്‍റെ സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും സേതുലക്ഷ്മിയമ്മ അറിഞ്ഞോ അറിയാതെയെ ദേവുവിനെ സംശയിച്ചുപോയി. ഒടുവില്‍ അവരോടു യാത്ര പറഞ്ഞു സേതുലക്ഷ്മിയമ്മ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഇരുവരും പിന്നാലെ കൂടി. പുറത്തെ റോഡു വരെ അവര്‍ അമ്മയോടൊപ്പം നടന്നു. നടത്തത്തിനിടയില്‍ സത്യദാസ് അമ്മയോട് പറഞ്ഞു.

"വിഷമം ഉണ്ടമ്മേ... എനിക്കൊരുപാട് വിഷമം ഉണ്ട്. എന്‍റെ അമ്മയെ ഒന്ന് കാണാന്‍ വന്നിട്ട് ഒടുവില്‍ അവിടന്ന് ഇങ്ങനെ ഇറങ്ങേണ്ടി വന്നതില്‍... !!! പറഞ്ഞിട്ട് അവന്‍ അരുകിലേയ്ക്ക് ചേര്‍ന്ന് സേതുലക്ഷ്മിയമ്മയുടെ തോളില്‍ കൈയിട്ടു. ബസ് കാത്ത് റോഡിനരുകില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തപോലെ അവന്‍ രാജേശ്വരിയോട് പറഞ്ഞു.

"ടീ... ഇപ്പോഴോ ഞാനത് ഓര്‍ത്തത്‌... രഘുവേട്ടന് കൊണ്ടുവന്ന ആ വിസ നീയിങ്ങെടുത്തുകൊണ്ട് വാ... അതിനി ഇവിടെ വച്ചിട്ട് ഞാന്‍ എന്ത് ചെയ്യാനാ.. അവരെന്നോട് എന്ത് കാട്ടിയാലും എന്‍റെ അമ്മയെ ഓര്‍ത്തു എല്ലാം ക്ഷമിക്കാനെ എനിക്ക് കഴിയൂ.."

സത്യദാസിന്‍റെ വാക്ക് കേട്ട് രാജേശ്വരി ഓടിച്ചെന്നു അതെടുത്ത് കൊണ്ട് വന്നു അമ്മയുടെ കൈയില്‍ കൊടുത്തു. അത് വാങ്ങുമ്പോഴും, ബസില്‍ ഇരിക്കുമ്പോഴും, ബസില്‍ നിന്നിറങ്ങി സ്വന്തം വീട്ടിലേയ്ക്ക് നടക്കുമ്പോഴും സേതുലക്ഷ്മിയമ്മയുടെ മനസ്സില്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ... സത്യദാസിന്‍റെ സ്നേഹം. പിന്നെ അവന്‍റെ ഉദ്ദേശ്യം ദേവു തെറ്റിദ്ധരിച്ചതില്‍ ഉണ്ടായ വിഷമം. അത് മൂലം സത്യദാസിനും രാജേശ്വരിയ്ക്കും ഉണ്ടായ അപമാനം... അതിലുപരി താന്‍ പോലും ഒരു നിമിഷം അറിയാതെ അവരോട് എന്തൊക്കെയോ തെറ്റ് ചെയ്തുവെന്ന വിഷമം അവരെ വല്ലാതെ അലട്ടി. അതെ സമയം അമ്മയെ ബസ് കയറ്റി വിട്ട്, രാജേശ്വരിയുടെ തോളില്‍ കൈയിട്ടു വീട്ടിലേയ്ക്ക് നടന്നു കയറിയ സത്യദാസിന്‍റെ മനസ്സില്‍ എല്ലാം നേടിയെടുത്ത ഒരു യോദ്ധാവിന്‍റെ ഗമയായിരുന്നു. അവന്‍റെ ഉള്ളു സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നിട്ടും രാജേശ്വരിയുടെ കണ്ണുകളിലേയ്ക്ക് നോക്കുമ്പോള്‍ അവള്‍ക്കു കാണാനായി മാത്രം ഓരോ തുള്ളി കണ്ണുനീര്‍ അവന്‍ ഇരുകണ്ണുകളിലും സൂക്ഷിച്ചിരുന്നു.
***********
തളര്‍ന്ന കണ്ണുകളോടെ വീടിന്‍റെ പടി കടന്നെത്തിയ അമ്മയെക്കണ്ട് ദേവു അവര്‍ക്കരുകിലേയ്ക്ക് ഓടിച്ചെന്നു. അവളെ ഒന്ന് നോക്കാതെ ഉമ്മറത്തെ കസേരയില്‍ അവരിരുന്നു. അമ്മയുടെ തളര്‍ച്ച കണ്ട ദേവു അടുക്കളയിലേയ്ക്ക് ഓടി ഒരു കപ്പ് വെള്ളവുമായി എത്തി അവരുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

"ഇതങ്ങട് കുടിക്കമ്മേ... ആ ക്ഷീണം മാറട്ടെ..!!!

സേതുലക്ഷ്മിയമ്മ അത് കൈകൊണ്ടു വാങ്ങാതെ അവളോടത് ഉമ്മറത്തെ അരച്ചുമരില്‍ വയ്ക്കാന്‍ പറഞ്ഞു. അവള്‍ ഒന്നറച്ചുവെങ്കിലും അതവിടെ വച്ചു. അപ്പോഴേയ്ക്കും കൈയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞുവച്ചിരുന്ന വിസ അവര്‍ അവള്‍ക്ക് നേരെ നീട്ടി. ദേവുവിന്‍റെ കണ്ണുകള്‍ വല്ലാതെ കുറുകി. അത് വാങ്ങാതെ തന്നെ അവള്‍ ചോദിച്ചു.

"എന്താ അമ്മെ ഇത്...???

"ആദ്യം നീയിതു വാങ്ങി നോക്ക്... പിന്നീടാകാം മറ്റു സംസാരം." സേതുലക്ഷ്മി പറഞ്ഞു.

ദേവു അമ്മയുടെ കൈയില്‍ നിന്നത് വാങ്ങി നോക്കി. അതിലെ വടിവൊത്ത അറബ് അക്ഷരങ്ങള്‍ കണ്ട അവള്‍ക്കു ഉടനെ ഇത് രഘുവേട്ടനായി സത്യദാസ് കൊണ്ട് വന്ന വിസ തന്നെയാണ് എന്ന് മനസ്സിലായി. അവളുടെ നെഞ്ച് ഒന്ന് വിറച്ചു. എന്ത് ചെയ്യണം... എന്ത് പറയണം എന്നറിയാതെ അവളൊരു നിമിഷം പകച്ചു നിന്നു... അപ്പോഴും ജോലി കഴിഞ്ഞു രഘു വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

(തുടരും)
ശ്രീ വര്‍ക്കല
 

ദേവദാരുവിന്നരികത്ത്‌.....10

ദേവുവിന് ഉടലാകെ തളരുന്നത് പോലെ തോന്നി. അരികിലേയ്ക്ക് അടുക്കുന്ന രഘുവിന്‍റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുവാനുള്ള ത്രാണിപോലും അവള്‍ക്കുണ്ടായിരുന്നില്ല. സത്യദാസ് അപ്പോള്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു. രാജേശ്വരിയുടെ കണ്ണുകള്‍ അപ്പോഴും ദേവുവിനരുകിലേയ്ക്ക് നീങ്ങുന്ന രഘുവിലായിരുന്നു. ദേവു ഒരു നിമിഷം കൊണ്ട് എല്ലാവരെയും മാറിമാറി നോക്കി. പ്രത്യേകിച്ച് അമ്മ സേതുലക്ഷ്മിയുടെ മുഖത്ത്... അവളുടെ നോട്ടത്തില്‍ ഒരു യാചനയുടെ ഭാവം ഉണ്ടായിരുന്നു. കഥയൊന്നുമറിയാത്ത അമ്മയാകട്ടെ ഒരു നിസ്സഹായയുടെ അവസ്ഥയിലും. രഘു അടുത്തെത്തിയതും ദേവു മച്ചിലേയ്ക്ക് നോട്ടം പായിച്ച് ഇരു കണ്ണുകളും മുറുകെയടച്ചു. അവളുടെ അടുത്തെത്തി നിന്ന രഘുവിന് അവളുടെ മാറിടങ്ങള്‍ ഭയത്താല്‍ ഉയര്‍ന്നുപൊങ്ങുന്നത് കാണാമായിരുന്നു. ഒരു നിമിഷം അവിടമാകെ പറഞ്ഞറിയിക്കാനാവാത്ത ഒരു നിശബ്ദത പടര്‍ന്നുകയറി.... അതിനെ ഭഞ്ജിച്ചുകൊണ്ട് രഘു ദേവുവിന്റെ ഇടത് തോളില്‍ തന്‍റെ വലതുകൈ അമര്‍ത്തി മെല്ലെ വിളിച്ചു...

"ദേവൂ....."

രഘുവിന്‍റെ വിളികേട്ട് അവള്‍ കണ്ണുകള്‍ തുറന്നില്ല... അതുകൊണ്ട് തന്നെ അവന്‍ വീണ്ടും വിളിച്ചു.

"ദേവൂ...."

ആ വിളിയ്ക്ക് ഒരു അധികാരത്തിന്‍റെയോ... സ്നേഹത്തിന്‍റെയോ അതിലുപരി ഒരു സാന്ത്വനത്തിന്റെയോ രൂപമുണ്ടായിരുന്നിരിക്കാം. ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. അവള്‍ കണ്ണുകള്‍ അവന്‍റെ മുഖത്തിന് നേരെ തിരിച്ചു. അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ അവളോട്‌ ഒരായിരം വാക്കുകള്‍ പറയുന്നപോലെ... അവള്‍ക്കു പിന്നീട് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല....

"ന്‍റെ... രഘുവേട്ടാ..."

ആ വിളിയില്‍ എല്ലാം ഉണ്ടായിരുന്നു. വിളിയോടൊപ്പം ദേവു രഘുവിന്‍റെ നെഞ്ചിലേയ്ക്ക് തളര്‍ന്നുവീണു. അവളെ തന്നിലേയ്ക്കു ചേര്‍ത്ത്, ഇടതുകരം കൊണ്ട് അമര്‍ത്തിപ്പിടിച്ചു വലതുകരം കൊണ്ടവളുടെ മുതുകില്‍ തട്ടി അവന്‍ സാന്ത്വനിപ്പിച്ചു. ദേവുവിന്‍റെ കരച്ചിലിന്‍റെ ശക്തി വല്ലാതെ കൂടി. അവളെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി ഒരു നിമിഷം രഘു സത്യദാസിനെ തിരിഞ്ഞൊന്നു നോക്കി. രഘുവിന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ച സത്യദാസിന് അവിടെ നിന്നൊന്ന് പോയാല്‍ മതി എന്ന അവസ്ഥയായിരുന്നു. അയാള്‍ പെട്ടെന്ന് രാജേശ്വരിയോടൊപ്പം അകത്തേയ്ക്ക് പോകാനായി ധൃതികൂട്ടി. രാജേശ്വരി സത്യദാസിന്‍റെ കരം പിടിച്ചു. അതുകണ്ട് രഘു ഉറച്ച ശബ്ദത്തോടെ അവരെ നോക്കിപ്പറഞ്ഞു.

"അവിടെ നില്‍ക്ക്.....രണ്ടാളും പോകാന്‍ വരട്ടെ....."

മുന്നിലേയ്ക്ക് കാലുകള്‍ വച്ച രണ്ടുപേരും പെട്ടെന്ന് നിശ്ചലമായി. സേതുലക്ഷ്മി കൈയിലിരുന്ന സഞ്ചി നിലത്തേയ്ക്ക് വച്ചു. രഘുവിന്‍റെ ശബ്ദം ഉയര്‍ന്നതോടെ ദേവു അവന്‍റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി അവന്‍റെ കണ്ണുകളില്‍ നോക്കി. അപ്പോഴേയ്ക്കും രഘു ദേവുവിന്‍റെ വലതുകൈയില്‍ പിടിച്ചു. പെട്ടെന്നവന്‍ അവളെയും കൊണ്ട് തിരിഞ്ഞു. അവളെ തന്നോടൊപ്പം വലിച്ചുകൊണ്ട് വന്നു സത്യദാസിനു മുന്നില്‍ നിലയുറപ്പിച്ചു. എന്നിട്ട് ദേവുവിനോട് ചോദിച്ചു.

"പറയെടീ.... ന്താ ഇവിടെ ഉണ്ടായതെന്ന് പറയെടി എന്നോട്..."

രഘുവിന്‍റെ കണ്ണുകളിലെ ഭാവം കണ്ട ദേവു നിന്നു വിറച്ചു. സത്യദാസ് അപ്പോഴേയ്ക്കും എന്ത് വന്നാലും നേരിടണം എന്നൊരു തീരുമാനം മനസ്സ്കൊണ്ട് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ രഘുവിന്‍റെ മുന്നില്‍ അവന്‍ ധൈര്യത്തോടെ നിന്നു. ഒപ്പം അവന്‍റെ ആരോഗ്യത്തില്‍, കഴിവില്‍ അവനു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവന്‍ ചിന്തിച്ചു... ഇനിയിപ്പോള്‍ എന്തുവന്നാലും നേരിടുക തന്നെ.. അല്ലെങ്കില്‍ തന്നെ ഇവനെപ്പോലൊരുവനെ ഞാന്‍ ഭയക്കേണ്ടതുണ്ടോ..?? ഒരിക്കല്‍ ഇവനെ ശക്തികൊണ്ട് തോല്‍പ്പിച്ചാല്‍ പിന്നെ ദേവുവെന്ന ഈ സുന്ദരിക്കുട്ടിയെ പ്രാപിക്കാന്‍ തനിക്ക് വളരെ എളുപ്പമാകും.... എല്ലാവരും എന്ത് സംഭവിക്കും എന്ന് ഭയന്നു നില്‍ക്കുന്ന ഈ അവസ്ഥയിലും അവന്‍റെ ചിന്തകള്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെയായിരുന്നു.

"പറയടീ എന്താ ഇവിടെ ഉണ്ടായത് എന്ന്....????

ദേവുവിനോട് രഘു ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സത്യദാസ് ചിന്ത വിട്ടുണര്‍ന്നു. ദേവു ഭയന്നുകൊണ്ട് തന്നെ അവിടെ നടന്നതെല്ലാം രഘുവിനോട് പറഞ്ഞു. പറയുമ്പോഴെല്ലാം അവള്‍ വളരെ ശ്രദ്ധാപൂര്‍വ്വം രഘുവിനെ വീക്ഷിച്ചുകൊണ്ടിരുന്നു. അവള്‍ക്കറിയാം ഇതെല്ലാം കേട്ടുകഴിയുമ്പോള്‍ അവന്‍ ചലിയ്ക്കുന്നത് വളരെ പെട്ടെന്നായിരിക്കും.. സേതുലക്ഷ്മിയമ്മ ദേവുവിന്‍റെ വാക്കുകള്‍ കേട്ട് തലകുനിച്ചു. പക്ഷെ, രാജേശ്വരി വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് പോലെ രഘുവിന്‍റെ മുന്നിലേയ്ക്ക് കയറി നിന്നു. രഘു അവളെ ശ്രദ്ധിച്ചതേയില്ല. ദേവുവിനെ വിട്ടു രഘു സത്യദാസിനു നേരെ തിരിഞ്ഞു. പിന്നില്‍ നിന്നും ശക്തിയായി ദേവു രഘുവിനെ പിടിച്ചു. അവന്‍റെ പിന്നില്‍ നിന്നവള്‍ പറഞ്ഞു..

"വേണ്ട രഘുവേട്ടാ... വേണ്ടാ... "

അവളുടെ കൈകളില്‍ അവന്‍ നില്‍ക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അവള്‍ പെട്ടെന്ന് അമ്മയെ നോക്കിപ്പറഞ്ഞു.

"അമ്മെ... വാ അമ്മെ... രഘുവേട്ടനെ പിടിക്കമ്മേ..."

സേതുലക്ഷ്മി ഒന്നറച്ചുവെങ്കിലും പെട്ടെന്ന് ഓടി അവള്‍ക്കരുകിലെത്തി. പിന്നെ രഘുവിനോട് പറഞ്ഞു..

"മോനെ... രഘു വേണ്ടടാ... കുടുംബം തകരാന്‍ കാത്തിരിക്കുവാ... എല്ലാരും... ന്‍റെ പൊന്നുമോന്‍ ഇത്തവണ ഒന്ന് ക്ഷമിക്ക്... നാട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ ഈ കഥ മാറും... പിന്നെ ഇതാകില്ല കഥ. കഥയ്ക്ക്‌ നിറം വയ്ക്കും. നമ്മുക്കത് താങ്ങാന്‍ കഴിയില്ലടാ... അങ്ങിനെയെങ്കില്‍ അവന്‍ പോകട്ടെ ഇവിടെ നിന്ന്... അമ്മ നിനക്ക് ഉറപ്പു തരാം. നാളെ പുലരുമ്പോള്‍ തന്നെ രാജേശ്വരിയെയും കൂട്ടി അവനിവിടെ നിന്നു പോകും... അമ്മയല്ലേ പറയുന്നത്... വേണ്ട മോനെ വിട്ടേര്...

അമ്മയ്ക്ക് പിന്നാലെ ദേവുവും അവനോടു യാചിച്ചു. "വേണ്ട രഘുവേട്ടാ... വേണ്ട പോകട്ടെ... ഇനി ഞാന്‍ സൂക്ഷിച്ചോളാം....

രംഗം ഇത്രയേറെ ആയപ്പോഴേയ്ക്കും രാജേശ്വരി അമ്മയോട് തട്ടിക്കയറി. അവള്‍ രോക്ഷത്തോടെ ചോദിച്ചു.

"ഞങ്ങളെവിടെ പോകാന്‍... ??? എന്നിട്ട് ദേവുവിനെ നോക്കി കൈചൂണ്ടി വീണ്ടും അമ്മയുടെ മുഖത്തേയ്ക്കു നോക്കി അവള്‍ പറഞ്ഞു. " ഈ വീട്ടില്‍ ഇവള്‍ക്കുള്ളത് പോലെ എനിക്കും അധികാരം ഉണ്ട്... അവകാശം ഉണ്ട്. പിന്നെ ഞങ്ങളെന്തിനു പോണം... നിങ്ങളൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും സത്യേട്ടന്‍ ഇവള് പറയുന്നത് പോലെ തെറ്റ് ചെയ്തൂന്ന്... എന്നിട്ടവള്‍ രഘുവിനെ നോക്കിപ്പറഞ്ഞു. "നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ എത്രത്തോളം വിശ്വാസമുണ്ടോ അതിലേറെ വിശ്വാസമുണ്ട് എനിക്ക് എന്‍റെ സത്യേട്ടനെ.. അവള്‍ തുടര്‍ന്നു..

"അല്ലെങ്കില്‍ തന്നെ നിങ്ങളുടെ വീട്ടില്‍... നിങ്ങളുടെ ചേട്ടന്മാരെ മയക്കിയത് പോലെ സത്യേട്ടനെയും വരുതിയിലാക്കാം എന്നിവള്‍ കരുതിയിട്ടുണ്ടാകും. എല്ലാ ആണുങ്ങളേം അതിന് കിട്ടൂല്ല. എല്ലാം പുറത്തറിയുമെന്നായപ്പോള്‍ അവള് നല്ല പിള്ള ചമയുകയാ.... എന്നിട്ടവള്‍ സ്വന്തം കൂടപ്പിറപ്പാണ് എന്ന് പോലും നോക്കാതെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു...

"തേവിടിശ്ശി..."

ആരും പ്രതീക്ഷിച്ചില്ല രാജേശ്വരിയുടെ നാവില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം. ദേവു ഇരുകരങ്ങളും കൊണ്ട് ചെവിപൊത്തി. സേതുലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞു. ഒരു നിമിഷം അവര്‍ ചിന്തിച്ചു. അച്ഛന്‍ ഉപേക്ഷിച്ചു പോയതില്‍ പിന്നെ ഇതുവരെ തന്‍റെ പെണ്മക്കളെ കുറിച്ച് ആരും തെറ്റായി ഒരു വാക്ക് പോലും മിണ്ടാന്‍ ഇട നല്‍കിയിട്ടില്ല. അതിനുള്ള അവസരം അവരാരും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടിപ്പോള്‍ സ്വന്തം കൂടപ്പിറപ്പ് തന്നെ അവളെ ഇങ്ങനെ പരിഹസിക്കുന്നു... അപമാനിക്കുന്നു. സേതുലക്ഷ്മിയമ്മ ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ നില്‍ക്കെ രഘുവിന്‍റെ മുന്നിലേയ്ക്ക് ദേവു പാഞ്ഞുകയറി. ഒരുനിമിഷം പോലും താമസ്സിക്കാതെ രാജേശ്വരിയുടെ ഇടതുകരണത്തില്‍ ശക്തിയോടെ അവള്‍ അടിച്ചു. പിന്നിലേയ്ക്ക് മലക്കം മറിഞ്ഞ അവളെ സത്യദാസ് കടന്നുപിടിച്ചു. എന്നിട്ടവന്‍ കോപത്തോടെ ദേവുവിന് നേരെ തിരിഞ്ഞു. അവളെ അടിക്കാന്‍ ശക്തിയായി വന്ന അവന്‍റെ വലതുകരം രഘുവിന്‍റെ ഇടതുകരം തട്ടി തെറിച്ചു. ഒപ്പം രഘുവിന്‍റെ വലതുകരം കൊണ്ടുള്ള അടിയേറ്റ് സത്യദാസ് മുന്നിലെ മുറിയിലെ വലിയചുമരിലേയ്ക്കു വേച്ചുവീണു. നിലത്തേയ്ക്ക് വീണ അവന് എഴുന്നേറ്റ് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പ് രഘു അവനെ പിടിച്ചുയര്‍ത്തി. രഘുവിന്‍റെ രണ്ടാമത്തെ അടി സത്യദാസ് ചെറുക്കാന്‍ ഒരു വിഫലശ്രമം നടത്തി. പക്ഷെ ആ അടിയും കൊണ്ടതോടെ സത്യദാസിന്‍റെ മുഖം വീര്‍ത്തു. ദേവുവും അമ്മയും രഘുവിന്‍റെ പിന്നില്‍ അവനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. രഘു ഇരുവരേയും വലിച്ചുകൊണ്ട് തന്നെ സത്യദാസിനെ മൂന്നാമതും അടിച്ചു. അപ്പോഴേയ്ക്കും നിലത്തേയ്ക്ക് വീണ അവന്‍റെ മൂക്കില്‍ നിന്നും ചോരപൊടിഞ്ഞു. നിലത്ത് വീണ അവന്‍ ശക്തമായി കിതയ്ക്കാന്‍ തുടങ്ങി. അതോടെ രാജേശ്വരി ഓടിവന്ന് രഘുവിന്‍റെ കാലുകളില്‍ പിടിച്ചു.

"രഘുവേട്ടാ.... വേണ്ടാ... സത്യേട്ടനെ ഇന്യൊന്നും ചെയ്യല്ലേ.... ഞങ്ങള് പൊയ്ക്കൊള്ളാം..."

രഘു അവളുടെ കരച്ചില്‍ കേട്ട് ഒന്ന് നിന്നു. അപ്പോഴേയ്ക്കും അവന്‍റെ കാലുകളിലെ പിടിവിട്ട് രാജേശ്വരി ചെന്ന് സത്യദാസിനെ പിടിചെഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റ് അവളുടെ തോളില്‍ കൈയിട്ട് അവന്‍ നിന്നു കിതച്ചു. രാജേശ്വരി അവനെ രഘുവിന്‍റെ മുന്നിലൂടെ മുറിയിലേയ്ക്ക് കൊണ്ടുപോകാന്‍ തുടങ്ങി. രഘുവിന്‍റെ മുന്നില്‍ അവരെത്തിയതും.. രഘു വലതുകൈ അവര്‍ക്ക് വിലങ്ങനെ ഉയര്‍ത്തി. സത്യദാസ് ഇനിയും അടിയ്ക്കാനാകും എന്ന് കരുതി ഭയന്നു നിന്നു. ഒപ്പം രാജേശ്വരിയും. അവളുടെ കണ്ണുകളും ക്രോധം വിട്ട് യാചനയുടെ ഭാവം നേടിയിരുന്നു. സത്യദാസിനെ നോക്കി രഘു പറഞ്ഞു.

"നീ ദേവുവിനോട് ഇത്രേം ഒക്കെ ചെയ്തിട്ടും.... നിന്നെ ഞാന്‍ അടിയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. അതാരേം ഭയന്നല്ല. ഈ അമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത്... ഇനി എന്നെങ്കിലും എന്‍റെ പെണ്ണിന് നേരെ നീ ആവശ്യമില്ലാത്തൊരു നോട്ടം നോക്കിയെന്ന് ഞാനറിയരുത്. എന്നിട്ട് രാജേശ്വരിയോട് പറഞ്ഞു.

"ഇവനോട് നിനക്ക് സ്നേഹം വേണം... നല്ലത് തന്നെ. അത് ഇവനോടൊപ്പം എല്ലാറ്റിനും കൂട്ടുനില്‍ക്കുന്നൊരു സ്നേഹമാകരുത്.... ഒരു നിമിഷം കൊണ്ട് സ്വാര്‍ത്ഥലാഭത്തിന് വേണ്ടി സ്വന്തം കൂടപ്പിറപ്പിനെ അപമാനിച്ചവളാ നീ... ഒന്നോര്‍ത്തോ ദേവൂന്‍റെ അനുജത്തീന്ന് ഒരു പരിഗണന മാത്രം... അതുമാത്രം... ഇല്ലായിരുന്നുവെങ്കില്‍ അവളെ തേവിടിശ്ശി എന്ന് വിളിച്ച നിന്‍റെ നാവു ഞാന്‍ പിഴുതെടുത്തേനെ... ഒന്ന് നിര്‍ത്തി രണ്ടുപേരെയും രൂക്ഷമായി നോക്കിയിട്ടവന്‍ പറഞ്ഞു.

"ഹും... പൊയ്ക്കോ... രണ്ടാളും എന്‍റെ മുന്നീന്ന്..."

എന്നിട്ട് തളര്‍ന്നു നിന്ന അമ്മയോട് പറഞ്ഞു. അമ്മയെന്നോട് പൊറുക്കണം. എന്‍റെ സ്വന്തം ഏട്ടന്മാര്‍ ഇവളുടെ നേരെ കൈയോങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെനിക്ക്.. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നില്‍ക്കുന്നത്. ഇവിടെയും അങ്ങിനെ ഒന്നും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നിട്ടും ഇങ്ങനെ ഒക്കെ നടന്നു. ഇതെല്ലാം വിധിയാണമ്മേ... വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല... സേതുലക്ഷ്മിയമ്മയുടെ മുന്നില്‍ നിന്ന രഘുവിന്‍റെ കണ്ണുകള്‍ അപ്പോഴേയ്ക്കും കോപം വിട്ട് ശാന്തമായിരുന്നു...

രഘുവിന്‍റെ വാക്കുകള്‍ കേട്ടു നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട്, നിലത്തിരുന്ന സഞ്ചിയും എടുത്ത് മാറിലെ തോര്‍ത്തുകൊണ്ട് കണ്ണുകള്‍ തുടച്ചവര്‍ അകത്തേയ്ക്ക് പോയി. ദേവു രഘുവിനെ ചേര്‍ന്ന്കൊണ്ട് മുറിയിലേയ്ക്കും. വാതില്‍ കടന്ന ഇരുവരും കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന ശിഖയെക്കാണാതെ പരിഭ്രമിച്ചു. ദേവു മുറിയില്‍ ചുറ്റും കണ്ണോടിച്ചു. ചുമരിലേയ്ക്കു തുറന്നിരുന്ന കതകിന് മറവില്‍ നിന്നു ഭയപ്പാടോടെ അവളുടെ കുഞ്ഞിക്കണ്ണുകള്‍ അച്ഛനെ തന്നെ നോക്കുന്നുണ്ടായിരുന്നു... താഴെ പായയില്‍ അമര്‍ അപ്പോഴും ഉറക്കത്തിലായിരുന്നു. ദേവു രഘുവിനെ വിട്ട് മകളുടെ അരുകിലെത്തി സ്നേഹത്തോടെ അവളെ വിളിച്ചു. അവള്‍ ദേവുവിന്‍റെ നേരെ മുഖം തിരിച്ചുനിന്നു..

(തുടരും)
ശ്രീ വര്‍ക്കല
 

2014 മേയ് 19, തിങ്കളാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....9
പുറത്ത് രാവ് കറുത്തിരുണ്ടു...... അയല്‍വക്കത്തെ നായ നിര്‍ത്താതെ കുരച്ചുകൊണ്ടു പാഞ്ഞു. കുഞ്ഞിനരുകില്‍ കിടന്നിരുന്ന ദേവു ഉറങ്ങിയിരുന്നില്ല. രഘു മെല്ലെ എഴുന്നേറ്റു. അവന്‍ പാതിചാരിയ ജാലകവാതില്‍ മെല്ലെ തുറന്നു. നിലാവ് നന്നേ ക്ഷയിച്ചിരുന്നു... അതുകൊണ്ട് തന്നെ ദൂരക്കാഴ്ച വളരെ അവ്യക്തമായിരുന്നു. എങ്കിലും ഇരുളില്‍ ഒരു രൂപം മെല്ലെ ആ വീട്ടിനെ ലക്ഷ്യമാക്കി നടന്നു വരുന്നത് അവനു കാണാമായിരുന്നു. അവന്‍ ജാലകത്തിനരുകില്‍ നിന്നു തിരിഞ്ഞ് അയയില്‍ കിടന്നിരുന്ന ഷര്‍ട്ട്‌ എടുത്തിട്ടു. കുഞ്ഞിന്‍റെ അരുകില്‍ നിന്നു ദേവുവും എഴുന്നേറ്റു. രഘു ചെന്ന് മുറിയുടെ വാതില്‍ തുറന്നു. അവന്‍ പുറത്തേയ്ക്ക് ഇറങ്ങും മുന്‍പ് ദേവു അഴിഞ്ഞുവീണ മുടി വാരിക്കെട്ടിക്കൊണ്ട് അവനരുകിലേയ്ക്ക് ചെന്ന് അവന്‍റെ കൈയില്‍ പിടിച്ചുകൊണ്ട് ചോദിച്ചു...
"എവിടെയാ... ഈ രാത്രീല്... വേണ്ട... പോകണ്ട... ആരെങ്കിലും ആയിക്കൊള്ളട്ടെ..."
"അതല്ല ദേവു ആരോ ഒരാള്‍ നമ്മുടെ വീട്ടിലേയ്ക്ക് വരുന്നുണ്ട്..." പറഞ്ഞുകൊണ്ട് രഘു മുറിയുടെ പുറത്തേയ്ക്കിറങ്ങി. അപ്പോഴേയ്ക്കും സേതുലക്ഷ്മിയുടെ മുറിയിലും രാജേശ്വരിയുടെ മുറിയിലും വിളക്ക് തെളിഞ്ഞു. വാതില്‍ മെല്ലെ ചാരി ദേവു രഘുവിന്‍റെ പിന്നാലെ ചെന്നു. അവന്‍ ഉമ്മറപ്പടി വിട്ടു പുറത്തേയ്ക്ക് ഇറങ്ങാന്‍ ഭാവിക്കുമ്പോഴേയ്ക്കും ആ രൂപം മുറ്റത്തെത്തിയിരുന്നു. രഘു ആ രൂപത്തെ അത്ഭുതത്തോടെ നോക്കി വിളിച്ചു....
"സത്യദാസ്.... നീയായിരുന്നോ...????
"അതെ രഘുവേട്ടാ.... ഞാന്‍ തന്നെ.." പറഞ്ഞുകൊണ്ടവന്‍ ഉമ്മറത്തേക്ക് കയറി. അപ്പോഴേയ്ക്കും അമ്മയും രാജേശ്വരിയും മുറിവിട്ട്‌ പുറത്തേയ്ക്ക് എത്തിയിരുന്നു.. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സത്യദാസ് രഘുവിനോട് പറഞ്ഞു....
"വൈകിട്ടാണ് വന്നത് രഘുവേട്ടാ.... പിന്നെ വന്ന് ഇവളെ അങ്ങട് കൂട്ടിക്കൊണ്ട് പോകാന്ന് കരുതി".
"നാളെ പുലര്‍ച്ചെ പോയാല്‍പ്പോരെ എന്ന രഘുവിന്റെയും അമ്മയുടെയും ദേവുവിന്റെയും ചോദ്യത്തെ സ്നേഹത്തോടെ നിരസിച്ചുകൊണ്ട് രാജേശ്വരിയും സത്യദാസും ആ രാത്രി തന്നെ പോയി. വീണ്ടും മുറിയിലേയ്ക്ക് കയറി വാതില്‍ താഴിടുമ്പോള്‍ ദേവു വല്ലാതെ സന്തോഷവതിയായി. അവള്‍ രഘുവിനോട് പറഞ്ഞു...
"രഘുവേട്ടാ... നമ്മുടെ മോന്‍ നമ്മുക്ക് ഭാഗ്യം കൊണ്ട് വരും നോക്കിക്കോ...??? ഒന്നൊന്നായി എല്ലാം നേടിയെടുക്കും എന്‍റെ രഘുവേട്ടന്‍...!!!! അവളത് പറയുമ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കണ്ടവന് ഭയം തോന്നി. അവന്‍ ചിന്തിച്ചു ഒരുപക്ഷെ, ഇവളുടെ പ്രതീക്ഷകള്‍ക്ക് എന്തെങ്കിലും മറിച്ചൊന്ന് സംഭവിച്ചാല്‍... ന്‍റെ ദേവുവിന് അത് സഹിക്കാന്‍ കഴിയുമോ...???? ചിന്തിക്കുംതോറും അവന് മനസ്സിന് വല്ലാത്ത ഭാരം തോന്നി. അവന്‍റെ പെട്ടെന്നുള്ള ചിന്തയും... മൗനവും കണ്ട ദേവു അവനരുകിലേയ്ക്ക് വന്നു... അവനെ കെട്ടിപ്പിടിച്ച് അവന്‍റെ നെഞ്ചിലേയ്ക്ക് മുഖം ചേര്‍ത്ത് നെഞ്ചില്‍ മുത്തമിട്ടുകൊണ്ടവള്‍ പറഞ്ഞു...
"ഒന്നും ചിന്തിക്കണ്ട രഘുവേട്ടാ... നമ്മുക്ക് നല്ലതേ വരൂ... അതെന്‍റെ വിശ്വാസാ... അങ്ങിനെ തന്നെ സംഭവിക്കണേ എന്ന് തന്നെയാ എന്‍റെ പ്രാര്‍ത്ഥനേം.... അവള്‍ അവനെ മുറുകെപ്പിടിച്ചു. രഘു അവളുടെ മുഖം മെല്ലെ ഉയര്‍ത്തി... അവന്‍റെ കണ്ണുകള്‍ അവളോട്‌ എന്തോ ചോദിച്ചു... അവള്‍ നാണത്തോടെ മുഖം കുനിച്ചു...
"ഉം... കുഴപ്പമില്ല രഘുവേട്ടാ... ഞാന്‍ റെഡിയാ...." അവളുടെ വല്ലാത്ത ചിരി രഘുവിനെ തളര്‍ത്തി..... കുറ്റവാളി പോയിമറഞ്ഞ വഴിയിലൂടെ മണത്തു നടന്നൊരു പോലീസ് നായയെപ്പോലെ അവനവളിലൂടെ പാഞ്ഞുനടന്നു....രാക്കോഴികളുടെ കിന്നാരം പോലെ ദേവു എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു. ഇരുള്‍ വീണ രാവിന്‍റെ നിഴലുകളില്‍ പതിയിരുന്ന നിഗൂഡതകള്‍ ഒന്നൊന്നായി അഴിഞ്ഞുവീഴാന്‍ തുടങ്ങി. മേനിയാകെ ചൂട് പിടിച്ച പോലെ അവളില്‍ നിന്നു താപം വമിക്കുവാന്‍ തുടങ്ങി. വിയര്‍പ്പുമണികള്‍ പൊടിഞ്ഞടര്‍ന്നു നിലത്തേയ്ക്ക് വീണു വിരികള്‍ നനഞ്ഞുകുതിര്‍ന്നു. മരച്ചില്ലയില്‍ ആലസ്യത്തിലാണ്ടിരുന്ന ഒരു പക്ഷിയെപ്പോലെ പെട്ടെന്നവള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. അവള്‍ക്കൊപ്പം അവനും... നീലാകാശത്തില്‍ വട്ടമിട്ടു പറന്നവര്‍ താഴേയ്ക്ക്.. താഴേയ്ക്ക്..... ഒടുവില്‍ പച്ചിലക്കാടുകള്‍ക്കിടയില്‍, ഇടതൂര്‍ന്നൊരു ചില്ലയില്‍ ഒരേങ്ങലോടെ വീണവര്‍ തളര്‍ന്നുകിടന്നു....
**********
ദേവു പായ വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ നേരം നന്നേ പുലര്‍ന്നിരുന്നു.....സേതുലക്ഷ്മിയും എഴുന്നേറ്റിരുന്നില്ല. അവള്‍ രഘുവിനെ വിളിച്ചുണര്‍ത്തി.. അവനും എഴുന്നേറ്റു. കുഞ്ഞുങ്ങളും ഉറക്കത്തിലാണ്. അവള്‍ തെക്കേ മുറ്റത്തേയ്ക്കിറങ്ങി.. അടച്ചിട്ടിരുന്ന കോഴിക്കൂട് തുറന്നു. കോഴികള്‍ ഒന്നൊന്നായി നിലത്തേയ്ക്കിറങ്ങി. അവള്‍ വാരിയില്‍ തൂക്കിയിട്ടിരുന്ന ബക്കറ്റ് കൈനീട്ടി എടുത്തു. അതില്‍ നിന്നും കുറച്ചു ഗോതമ്പ് വാരി നിലത്തേയ്ക്കിട്ടു. കോഴികള്‍ അത് കൊത്തിപ്പെറുക്കുമ്പോഴേയ്ക്കും അവള്‍ കുളിറൂമിലേയ്ക്ക് കയറി. അപ്പോഴേയ്ക്കും രഘുവും ഒരു ബ്രഷുമായി പല്ലുതേച്ചുകൊണ്ട് മുറ്റത്തേയ്ക്കിറങ്ങി. കുളികഴിഞ്ഞ് ദേവു അടുക്കളയിലേയ്ക്ക് കയറുമ്പോഴേയ്ക്കും അമ്മ സേതുലക്ഷ്മിയും ഉണര്‍ന്നിരുന്നു. പ്രഭാതഭക്ഷണം ഒരുക്കി രഘുവിന് നല്‍കി അവന്‍ ജോലിയ്ക്ക് പോകുമ്പോഴേയ്ക്കും അവനെ യാത്രയാക്കി അവള്‍ അകത്തേയ്ക്ക് വന്നു. അവളിപ്പോള്‍ വളരെയധികം തിരക്കിലാണ്. കുഞ്ഞുങ്ങള്‍ രണ്ടുപേരുടേയും കാര്യങ്ങള്‍ നോക്കുന്നതിനായി തന്നെ അവള്‍ക്ക് പ്രത്യേകിച്ച് കുറച്ചധികം സമയം വേണ്ടിയിരുന്നു. പിന്നീട് ഉച്ചഭക്ഷണം ഉണ്ടാക്കലും, തുണികഴുകലും ഒക്കെയായി അവള്‍ക്കൊരു ദിവസം മുഴുവന്‍ ജോലിയായിരിക്കും... പിന്നെ വിളക്ക് കൊളുത്തലും നാമം ജപിക്കലും ഒന്നും അവള്‍ ഒഴിവാക്കിയിരുന്നില്ല. ജോലി കഴിഞ്ഞെത്തിയാല്‍ രഘു അവളെ അടിമുടി ഒന്ന് നോക്കും.. അവളുടെ സൗന്ദര്യം ഒന്ന് കുറയുന്നത് പോലും അവനിഷ്ടമുള്ള കാര്യമല്ല... ആയതുകൊണ്ട് തന്നെ അവളിന്നും മനോഹരിയാണ്....
ദിനങ്ങള്‍ ഒന്നൊന്നായി വന്നൊഴിഞ്ഞു. സത്യദാസ് വന്നിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. ദിനം പത്തോളം ആയി എന്ന് രഘു പറഞ്ഞപ്പോള്‍ ആണ് ദേവു എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോകുന്നത് എന്ന് ചിന്തിച്ചത്. രഘുവിന്‍റെ വിസക്കാര്യം ചോദിക്കണം എങ്കില്‍ തന്നെ സത്യദാസിനെ ഒന്ന് കണ്ടാലേ പറ്റൂ.. അതിനായി ഒരു കാത്തിരിപ്പായിരുന്നു. അവളുടെ ശാന്തമായ മനസില്‍ കുറേശ്ശെ അശാന്തി പടര്‍ത്താന്‍ അതിനു കഴിഞ്ഞു.
അങ്ങിനെയിരിക്കെ, ഒരു ശനിയാഴ്ച.... സത്യദാസും രാജേശ്വരിയും അമ്മയെക്കാണാന്‍ വീട്ടിലെത്തി. രഘു അപ്പോഴേയ്ക്കും ജോലിയ്ക്ക് പോയിരുന്നു. വന്നു വസ്ത്രങ്ങള്‍ ഒക്കെ മാറി, കൈയില്‍ ഓരോ കപ്പ്‌ കോഫിയുമായി രാജേശ്വരിയും സത്യദാസും മുറ്റത്തേയ്ക്കിറങ്ങി. അവര്‍ പറമ്പിലാകെ ചുറ്റിനടന്നു. ദേവുവിന്‍റെ മനസ്സില്‍ സത്യദാസിനോട് രഘുവിന്‍റെ വിസയുടെ കാര്യം ചോദിക്കണം എന്ന ആശ ഉടലെടുത്തു.. എങ്കിലും എപ്പോഴും അവരിരുവരും ഒരുമിച്ചുള്ളതിനാല്‍ അവര്‍ ഇരിയ്ക്കുന്നിടത്തേയ്ക്ക് ചെന്ന് ചോദിക്കാന്‍ അവള്‍ക്ക് വിഷമം തോന്നി. അതുകൊണ്ട് തന്നെ സത്യദാസിനെ തനിച്ച് കിട്ടാന്‍ അവള്‍ കാത്തിരുന്നു.
അന്ന്.... ഉച്ചയൂണ് കഴിഞ്ഞു ഒന്ന് മയങ്ങി സത്യദാസ് എഴുന്നേറ്റു ഉമ്മറത്തേക്ക് വന്നു. ഉറക്കത്തിന്‍റെ ആലസ്യത്തില്‍ പെട്ട് കിടന്നിരുന്ന രാജേശ്വരി അപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്നില്ല. ദേവു മുറ്റം അടിയ്ക്കുകയായിരുന്നു. ദേവുവിനെ കണ്ട സത്യദാസ് ഉമ്മറത്തെ പടിക്കെട്ടില്‍ മെല്ലെ ഇരുന്നു. ദേവു ഇതൊന്നും അറിയാതെ മുറ്റമടിച്ചുകൊണ്ടിരുന്നു. കുറേനേരം സത്യദാസ് അവളെത്തന്നെ നോക്കിയിരുന്നു. അവിടെ ഇരിക്കുമ്പോള്‍, ദേവുവിനെത്തന്നെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ എന്തോ അവന്‍റെ മനസ്സില്‍ ഒരു ചിന്തയുണര്‍ന്നു. അരുതാത്തത് എങ്കില്‍ പോലും അവന്‍റെ മനസ്സ് സഞ്ചരിച്ച വഴികള്‍ അവന്‍റെ ചിന്തയെ ചൂടുപിടിപ്പിച്ചു. അവന്‍ ചിന്തിച്ചു...
"എന്ത് സൗന്ദര്യമാ രാജേശ്വരിയുടെ ഈ ദേവൂച്ചിയ്ക്ക്.... !!!.. മനസ്സില്‍ അടക്കിപ്പിടിച്ച ചിന്തകള്‍ ചുണ്ടുകളില്‍ ഈ വാക്കുകളായി പതിയെ പുറത്തുവരുമ്പോഴും അവന്‍റെ കണ്ണുകള്‍ അവളുടെ നിറഞ്ഞ സൗന്ദര്യത്തിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു. വെള്ളിക്കൊലുസ്സുകള്‍ അണിഞ്ഞ അവളുടെ വെളുത്ത പാദങ്ങള്‍ പക്ഷെ പനിനീര്‍ ദളങ്ങള്‍ പോലെ ചുവന്ന് അവന്‍റെ കണ്ണുകളില്‍ പതിഞ്ഞു. കുനിഞ്ഞുനിന്ന്‌ മുറ്റമടിച്ചിരുന്ന അവളുടെ നിതംബം അവന്‍റെ കണ്ണുകള്‍ നിറഞ്ഞു നിന്നു.. ഉറുമ്പരിക്കും പോലെ അവന്‍റെ കണ്ണുകള്‍ ദേവുവിന്റെ മാറിലും മുടിയിലും വരെ ചെന്ന് നിന്നു. അപ്പോഴേയ്ക്കും രാജേശ്വരി മുറിവിട്ട്‌ ഉമ്മറത്തേക്ക് വന്നു. അവള്‍ അവനരുകിലായി വന്നിരുന്നു. എന്നിട്ട് അവനോടു ചോദിച്ചു...
"സത്യേട്ടാ... ഇവിടെ വന്നിരുന്നിട്ട് കുറച്ചേറെ സമയമായോ???
രാജേശ്വരിയുടെ വാക്കുകള്‍ കേട്ട ദേവു പെട്ടെന്ന് മുഖമുയര്‍ത്തി. അപ്പോഴാണവള്‍ അവര്‍ ഇരുവരും ഉമ്മറപ്പടിയില്‍ ഇരിക്കുന്നത് കാണുന്നത്. അവരെ നോക്കി ഒന്ന് ചിരിച്ച് ബാക്കി മുറ്റം പെട്ടെന്നവള്‍ അടിച്ചു തീര്‍ത്തു. പിന്നീട് തെക്കേമുറ്റത്തെത്തി കൈകഴുകി ഉണര്‍ന്നു കിടന്നു കളിയ്ക്കുകയായിരുന്ന അമറിനെ വന്നെടുത്ത് മുലയൂട്ടി, അവനെ അമ്മയുടെ കൈയില്‍ കൊടുത്തിട്ട് അവള്‍ അയയില്‍ നിന്നും കുളിച്ചുമാറേണ്ട വസ്ത്രങ്ങള്‍ എടുത്തു. അപ്പോഴേയ്ക്കും ഉറക്കം വന്നു തളര്‍ന്ന കണ്ണുകളുമായി ശിഖ അവളുടെ കാലുകളില്‍ വന്ന് ചുറ്റിപ്പിടിച്ചു. അവളെ എടുത്തു കട്ടിലില്‍ കിടത്തി തട്ടിയുറക്കി വസ്ത്രങ്ങളുമായി അവള്‍ കുളിമുറിയില്‍ കയറുമ്പോഴെല്ലാം രാജേശ്വരിയും സത്യദാസും ഉമ്മറപ്പടി വിട്ടു എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല.
ദേവു കുളിയ്ക്കുമ്പോഴേയ്ക്കും ഉറക്കം തുടങ്ങിയ അമറിനെ അമ്മ മുറിയില്‍ കൊണ്ട് വന്ന് പായയില്‍ കിടത്തി. കുളി കഴിഞ്ഞെത്തിയ ദേവു തെക്കേമുറ്റത്ത്‌ നിന്ന് അവളുടെ ഇടതൂര്‍ന്ന കാര്‍കൂന്തല്‍ മുന്നിലേയ്ക്കിട്ട് തോര്‍ത്തുകൊണ്ട് തുടച്ചൊതുക്കി കെട്ടിവച്ചിട്ട് മുറ്റം വിട്ടു ഇറയത്തേയ്ക്ക് വന്നു. അപ്പോഴാണ്‌ സത്യദാസും രാജേശ്വരിയും അവിടം വിട്ട് എഴുന്നേറ്റു അവരുടെ മുറിയിലേയ്ക്ക് കയറിയത്.. ഇറയത്ത്‌ നിന്ന് അടുക്കളയില്‍ കയറുമ്പോഴാണ് ദേവു നാളെ ഞായറാഴ്ച ആണല്ലോ എന്ന് ചിന്തിച്ചത്. ഞായര്‍ ജോലിയില്ലാത്തതിനാല്‍ രഘുവേട്ടന്‍ കാപ്പി കുടിക്കാറില്ല. എന്നാലും സത്യദാസ് ഉള്ളതുകൊണ്ട് രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കാനുള്ള അരി തികയില്ല എന്നവള്‍ക്ക് തോന്നിയത്. അവളത് അമ്മയോട് പറഞ്ഞു. അപ്പോള്‍ തന്നെ സേതുലക്ഷ്മി റേഷന്‍കടയിലേയ്ക്ക് സഞ്ചിയും എടുത്ത് കൊണ്ട് പോയി. ദേവു വിളക്ക് വയ്ക്കാനായി കിണ്ടിയില്‍ വെള്ളമെടുത്ത് അകത്തേയ്ക്ക് കയറുമ്പോള്‍ രാജേശ്വരി കുളിയ്ക്കാനായി വസ്ത്രങ്ങളുമായി കുളിപ്പുരയിലേയ്ക്ക് പോയി. വെള്ളം കൊണ്ട് വിളക്ക് തട്ടത്തില്‍ വച്ചിട്ടവള്‍ പെട്ടെന്ന് തന്നെ സത്യദാസിന്‍റെ മുറിയുടെ വാതില്‍ക്കല്‍ ചെന്നു. പാതിചാരിയിട്ടിരുന്ന കതകിന്‍റെ ഒരുമുറി പാളിയില്‍ വിരല്‍ കൊണ്ട് അവളൊന്ന് തട്ടി... അപ്പോഴേയ്ക്കും അകത്തുനിന്ന് സത്യദാസ് പറഞ്ഞു.
"ആരാണ്...??? തുറന്നോള്ളൂ..."
ദേവു കതകിന്‍റെ ഒരുപാളി മെല്ലെത്തുറന്നു. അകത്തേയ്ക്ക് നോക്കി. സത്യദാസ് കട്ടിലില്‍ കിടക്കുകയായിരുന്നു. ദേവുവിനെക്കണ്ട അവന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. എന്നിട്ട് ചോദിച്ചു.
"എന്താ ദേവു ഏട്ടത്തി ... പറഞ്ഞോളൂ...!!!
ദേവു മടിച്ചുമടിച്ച് പറഞ്ഞു... "ഞാന്‍ രാജേശ്വരിയോട് രഘുവേട്ടന്‍റെ വിസയുടെ കാര്യം അനിയനോട് പറയാന്‍ പറഞ്ഞിരുന്നു..."
സത്യദാസ് പുഞ്ചിരിച്ചു... "ഉവ്വ്... അവള്‍ പറഞ്ഞിരുന്നു... ഞാനത് മറന്നില്ല... അതിന്‍റെ കാര്യങ്ങള്‍ക്കായിരുന്നു ഞാന്‍ അവസാനം കുറച്ച് താമസ്സിച്ചത്..
അവന്‍റെ വാക്കുകള്‍ കേട്ട ദേവുവിന്‍റെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. അവള്‍ അവനോടുള്ള സ്നേഹം വാക്കുകള്‍ കൊണ്ട് പറയാനും മറന്നില്ല. അവളുടെ നന്ദി പറച്ചിലിന് മറുപടിയായി അവനിങ്ങനെ പറഞ്ഞു...
"ഓ... അതൊന്നും സാരമില്ല... ഇതിലൊക്കെ എന്തിരിക്കുന്നു.. ദേവു ഏട്ടത്തി പറഞ്ഞൊരു കാര്യം എനിക്കങ്ങട് മറക്കാന്‍ പറ്റുമോ... "
ദേവുവിന് അവനോട് വല്ലാത്ത സ്നേഹം തോന്നി. വിളക്ക് കൊളുത്താനായി അവനോട് യാത്ര പറഞ്ഞവള്‍ അവിടെ നിന്ന് പോയി. വിളക്ക് കൊളുത്തി ദേവു നെറ്റിയില്‍ ചന്ദനം ചാര്‍ത്തി. ചന്ദനത്തിരിയുടെ ഗന്ധം അവിടാകെ പരന്നുതുടങ്ങി. ദേവു സന്ധ്യാനാമം ചൊല്ലി വിളക്കിലെ തിരി മെല്ലെ നീട്ടി, വിരലില്‍ പറ്റിയ എണ്ണ തലയില്‍ തുടച്ചുകൊണ്ട് മുറിയിലേയ്ക്ക് കയറി. വാതില്‍ പാതി ചാരി കസ്സേരയില്‍ കൊണ്ടിട്ടിരുന്ന ഉണങ്ങിയ തുണികള്‍ ഒന്നൊന്നായി മടക്കിവച്ചുകൊണ്ടിരുന്നു.
സത്യദാസ്.. മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അവന്‍റെ മനസ്സ് നിറയെ ദേവുവിന്‍റെ സൗന്ദര്യം നിറഞ്ഞു നിന്നു. അവന്‍ ചിന്തിച്ചു അമ്മ ഇവിടെയില്ല. രാജേശ്വരി തുണിയലക്കി കുളിച്ചു വരുമ്പോള്‍ കുറച്ചുകൂടി സമയം ആകും. നിയന്ത്രിക്കാന്‍ കഴിയാത്ത മനസ്സുമായി അവന്‍ മുറി വിട്ടു പുറത്തേയ്ക്കിറങ്ങി ദേവുവിന്‍റെ മുറിയുടെ അരുകില്‍ചെന്നു മെല്ലെമെല്ലെ വാതില്‍ തുറന്നു. തുണി മടക്കിവയ്ക്കുകയായിരുന്ന ദേവു വാതില്‍ തുറന്ന ചെറുശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അപ്പോഴേയ്ക്കും സത്യദാസ് മടിച്ചുമടിച്ച് മുറിയിലേയ്ക്ക് കയറി വാതില്‍ ചാരി. അവന്‍ വിളറിയ മുഖത്തോടെ ദേവുവിനെ നോക്കി. സത്യദാസിന്‍റെ നോട്ടത്തില്‍ വല്ലായ്ക തോന്നിയ ദേവുവിന്‍റെ മുഖം ചുളിഞ്ഞു. അവള്‍ ചോദിച്ചു..
"എന്താ സത്യാ ഇവിടെ...??
"ദേവു ഏട്ടത്തി അത്........ രഘുവേട്ടന്‍റെ വിസാക്കാര്യം...... ഞാന്‍..." അവന്‍ വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞു സംസാരിക്കാന്‍ തുടങ്ങി. ദേവുവിന്‍റെ നെഞ്ചകം വിറയ്ക്കാന്‍ തുടങ്ങി. അവളുടെ തൊണ്ടയില്‍ തടഞ്ഞു വാക്കുകള്‍ അവിടെ നിന്നു. അപ്പോഴേയ്ക്കും വല്ലാത്തൊരു മുഖഭാവവുമായി സത്യദാസ് അവള്‍ക്കരുകിലേയ്ക്ക് നീങ്ങി. അത് കണ്ടുകൊണ്ടവള്‍ പുറകിലേയ്ക്ക് പാദം വച്ചു. എന്നിട്ട് സര്‍വശക്തിയും സംഭരിച്ചു പറഞ്ഞു...
"വിസാക്കാര്യം ഒക്കെ പറയാന്‍... രഘുവേട്ടന്‍ വരട്ടെ... ഇപ്പോള്‍ അനിയന്‍ പുറത്ത് പോ..."
പക്ഷെ, അവളുടെ വാക്കുകള്‍ അവന്‍ കേട്ടിരുന്നില്ല. പെട്ടെന്ന് മുന്നോട്ടാഞ്ഞ്‌ അവന്‍ ദേവുവിനെ കടന്നുപിടിച്ചു. ദേവു കുതറിമാറാന്‍ ശ്രമിച്ചു. സത്യദാസ് അവളെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...
"ആരും അറിയില്ല... നമ്മള് രണ്ടുപേരും മാത്രേ ഉള്ളൂ ഇവിടെ... നിങ്ങളുടെ സൗന്ദര്യം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു..."
ദേവു സര്‍വശക്തിയും എടുത്ത് കുതറി. സത്യദാസിന്‍റെ പിടിവിട്ട അവള്‍ ഒരു ദുര്‍ഗയെപ്പോലെ അലറിക്കൊണ്ട്‌ അവന്‍റെ നേരെ പാഞ്ഞടുത്തു. അവള്‍ വീശിയടിച്ച വലതു കരം ഒരൊച്ചയോടെ സത്യദാസിന്‍റെ ഇടതുകവിളില്‍ പതിഞ്ഞു തിരിച്ചുവന്നു. സ്ഥലകാലം മറന്നവന്‍ തരിച്ചു നില്‍ക്കെ ദേവു അലറിവിളിച്ചു...
"ഇറങ്ങടാ... നായെ പുറത്ത്...!!!!
ദേവുവിന്‍റെ മുഖഭാവം കണ്ട് ഭയന്നപോലെ സത്യദാസ് പെട്ടെന്ന് പിന്നോക്കം മാറി. അതെ വേഗത്തില്‍ വാതില്‍ തുറന്നു അവന്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ പിന്നാലെ ദേവുവും... അവളുടെ ശരീരം കാറ്റിലാടുന്ന തളിരില പോലെ വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് ജോലി കഴിഞ്ഞ് എത്തിയ രഘു ഉമ്മറപ്പടിയില്‍ ചവുട്ടിക്കയറിയത്. രഘുവിനെ കണ്ട ദേവു തളര്‍ന്നു വാതിലിനരുകിലെ ചുമരിലേയ്ക്കു ചാഞ്ഞു നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഇരുവരുടെയും മുഖഭാവങ്ങള്‍ മാറിമാറി ശ്രദ്ധിച്ചുകൊണ്ട് രഘു പതിയെ അകത്തേയ്ക്ക് കയറി. ദേവുവിന്‍റെ അഴിഞ്ഞ കാര്‍കൂന്തലും... സത്യദാസിന്‍റെ വല്ലാത്ത ഭാവപ്പകര്‍ച്ചയും കണ്ട് രഘുവിന്‍റെ മനസ്സില്‍ അശാന്തി പടര്‍ന്നു. അവന്‍റെ കണ്ണുകളില്‍ വല്ലാതെ ക്രോധം ഇരച്ചുകയറി. സത്യദാസ് എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി നിന്നു. അപ്പോഴേയ്ക്കും ഉമ്മറപ്പടികടന്നു സേതുലക്ഷ്മിയും തെക്കേമുറ്റത്ത്‌ നിന്ന് രാജേശ്വരിയും ഇറയത്തേയ്ക്ക് കയറിവന്നു. ഇവിടെ നടന്നതെന്താണെന്ന് മനസ്സിലാകാതെ ഏവരും പകച്ചു നില്‍ക്കെ... രാജേശ്വരി സത്യദാസിന്‍റെ അരുകിലെത്തി ചോദിച്ചു...
"എന്തുണ്ടായി ഇവിടെ..? സത്യേട്ടാ ഇവിടെ എന്തുണ്ടായീന്ന്....?????
"ഇവളുടെയെല്ലാം ഇടയില്‍ ആണുങ്ങള്‍ക്ക് മാന്യമായി ജീവിക്കാന്‍ കഴിയൂല്ലാന്നു വച്ചാല്‍ എന്താ ചെയ്ക രാജീ..... "
അവന്‍റെ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച രാജേശ്വരി...... അമ്മയെയും, സത്യദാസിനെയും രഘുവിനെയും മാറിമാറി നോക്കി. സേതുലക്ഷ്മിയമ്മ നിസ്സഹായയെപ്പോലെ അവളെ നോക്കി. രഘുവിന്‍റെ മനസ്സ് ചിലങ്കകെട്ടി ആടാന്‍ തുടങ്ങി. അനിയന്ത്രിതമായ കോപത്തോടെ ഉറച്ചപാദങ്ങളോടെ രഘു ദേവുവിനരുകിലേയ്ക്ക് നീങ്ങി. രഘുവിന്‍റെ വരവ് കണ്ട് ദേവു ചുവരില്‍ ചാരി നിന്നു വിറയ്ക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ കപോലങ്ങളിലൂടെ ഒഴുകി പാതിയില്‍ നിന്നടര്‍ന്ന് ഉയര്‍ന്നു നിന്ന അവളുടെ മാറിടങ്ങള്‍ക്ക് മുകളിലെ വസ്ത്രത്തില്‍ വീണു പൊട്ടിത്തെറിച്ചു. അവളുടെ നേര്‍ത്ത തേങ്ങല്‍ മെല്ലെയെത്തിയ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു. ഇറയത്ത്‌ ഓരം ചേര്‍ന്നിരുന്ന് കത്തിയിരുന്ന നിലവിളക്കിലെ തിരി കെട്ടു. കരിന്തിരിയുടെ മണം അവിടമാകെ പടര്‍ന്നുപിടിച്ചു.....
(തുടരും)
വര്‍ക്കല

2014 മേയ് 18, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....8

സത്യദാസ് വരുമെന്ന് രാജേശ്വരി പറഞ്ഞ ദിനങ്ങള്‍ മെല്ലെ പോയ്‌മറഞ്ഞു. ദേവുവിന്‍റെ സംശയത്തിന് രാജേശ്വരി അവളോട്‌ മറുപടി പറഞ്ഞു...

"ഇല്ലേച്ചി... സത്യേട്ടന്‍ വരാന്‍ ഇനീം ഒരു മാസം കൂടി കഴിയുമെന്ന്... കുറച്ചു തിരക്കാത്രേ അവിടെ..."

അങ്ങിനെ എങ്കില്‍പ്പോലും ദിനങ്ങള്‍ മറയുമ്പോള്‍ തന്നെ വല്ലാത്ത മന:ശാന്തി കൈവന്നിരുന്നു രണ്ടാള്‍ക്കും. സത്യദാസിന്‍റെ വരവിനെ ഒരുപക്ഷെ, രാജേശ്വരിയേക്കാള്‍ ആഗ്രഹിച്ചത്‌ രഘുവും ദേവുവും ആയിരുന്നുവെന്ന് തോന്നുന്നു. അത്രത്തോളം സന്തോഷമായിരുന്നു അവര്‍ക്ക്. ആ സന്തോഷത്തിനിടയില്‍ കുഞ്ഞിന് നൂലുകെട്ട് ചടങ്ങ് വന്നു. ദേവുവിന്‍റെ മടിയില്‍ ഇരുത്തി വിജയമ്മ അവന് നൂലുകെട്ടി. നൂലുകെട്ടിനൊടുവില്‍ വിജയമ്മ ദേവുവിനോട് ചോദിച്ചു

"മോളെ മോന്‍റെ പേര് വിളിച്ചൊള്ളൂ.... "

ദേവു വിജയമ്മയെ നോക്കി... അത് കണ്ടു വിജയമ്മ ചോദിച്ചു... ന്താ... മോളെ ഇങ്ങനെ നോക്കണേ... "നോക്കി വച്ചിട്ടില്ലേ..???

ദേവു പെട്ടെന്ന് പറഞ്ഞു... "ഉവ്വ്... അമ്മെ ഉവ്വ്... നോക്കി വച്ചിട്ടുണ്ട്...!!!

"എങ്കില്‍ വിളിച്ചോള്ളൂ മോളെ.... വിജയമ്മ പറഞ്ഞു.

ദേവു രഘുവിനെ നോക്കി. അവന്‍ വിളിച്ചോള്ളൂ എന്ന് പറയുന്ന മുഖഭാവത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

ദേവു കുഞ്ഞിന്‍റെ കാതില്‍ പേര് ചൊല്ലി വിളിച്ചു.... "അമര്‍... അമര്‍....അമര്‍..."

രഘുവിന്‍റെ വീട്ടില്‍ നിന്നും വിജയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെയും വേണ്ടപ്പെട്ട ബന്ധുക്കളിള്‍ ചിലര്‍ മാത്രം... ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളില്‍ പലരും കുഞ്ഞിന്‍റെ നൂലുകെട്ടില്‍ സംബന്ധിക്കുന്നതില്‍ ഉപരി ദേവുവിന്‍റെ ബന്ധുവീട്ടില്‍ നിന്നു മറ്റാരും ചടങ്ങില്‍ പങ്കെടുക്കാത്ത കാരണം അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

ദേവു തന്നെയായിരുന്നു എല്ലാപേരോടും മറുപടി പറഞ്ഞത്.

"രണ്ടാമത്തെ കുഞ്ഞല്ലേ... വലിയ ചടങ്ങ് വേണ്ടാന്ന് ഞങ്ങള് തന്നാ തീരുമാനിച്ചേ... അവിടെ അവര്‍ക്കും ഓരോരോ തിരക്കാണെ...!!! അതാ..."

പക്ഷെ, രഘു ആര്‍ക്കും പിടികൊടുക്കാതെ അവിടെയും ഇവിടെയും ഓടി നടന്നു സമയം കഴിച്ചു. പിന്നീട് അവിടെ ഒരുക്കിയ സദ്യയെല്ലാം കഴിഞ്ഞ്, മെല്ലെ മെല്ലെ വീട്ടില്‍ ആളൊഴിഞ്ഞു. സന്ധ്യ മയങ്ങുമ്പോള്‍ രഘുവും ചില ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്ക് പോയി. അതോടെ വീട്ടില്‍ രാജേശ്വരിയും ദേവുവും കുഞ്ഞുങ്ങളും അമ്മ സേതുലക്ഷ്മിയും മാത്രമായി. നൂലുകെട്ടിന് കുഞ്ഞിന് കിട്ടിയ സ്വര്‍ണത്തിന്‍റെ കണക്കുകള്‍ പറയുന്നതിനിടയില്‍ ദേവു പറഞ്ഞു...

"സ്വര്‍ണ്ണമായിട്ട് ഇത് മാത്രാ അമ്മെ ഇനി ബാക്കിയുള്ളത്.." മോളുടെയും എന്‍റെയും സ്വര്‍ണം എടുത്തല്ലേ ഇവളുടെ വിവാഹം നടത്തിയത്... " പറഞ്ഞിട്ടവള്‍ രാജേശ്വരിയെ നോക്കി. രാജേശ്വരിയ്ക്ക് ദേവുവിന്‍റെ വാക്കുകള്‍ എന്തുകൊണ്ടോ ഒരു വിഷമം ഉണ്ടാക്കിയപോലെ. അതവള്‍ പെട്ടെന്ന് വാക്കുകളായി പ്രകടിപ്പിക്കുകയും ചെയ്തു.

"അതിനെന്താ ദേവൂച്ചീ... അച്ഛന്‍റെ വക വടക്കേലെ പറമ്പ് നിങ്ങള്‍ക്കുള്ളതല്ലേ..??? ".. അത് നിങ്ങള്‍ക്ക് തരാന്ന് അമ്മ പറഞ്ഞതല്ലേ..??? എന്നിട്ടല്ലേ അമ്മ സ്വര്‍ണം വാങ്ങിയത് തന്നെ..."

"ഇല്ല്യാന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മോളെ... ഞങ്ങള്‍ക്കുള്ളത് തന്നാ.... " അവള്‍ നെടുവീര്‍പ്പിട്ടു.

രാജേശ്വരി അമ്മയെ നോക്കി ചോദിച്ചു...... "അമ്മെ ദേവൂച്ചിയ്ക്ക് ആ ഇടം കൊടുക്കാം... ന്നു അമ്മ വാക്കാല് പറഞ്ഞതല്ലേ..? അപ്പോള്‍ പിന്നെ എന്‍റെ കല്യാണം കഴിഞ്ഞ ഉടനെ അതങ്ങട് എഴുതിക്കൊടുത്തൂടായിരുന്നോ??? അവര്‍ക്കും വേണ്ടേ എന്തേലും...

സേതുലക്ഷ്മിയ്ക്കും അതേക്കുറിച്ച് അപ്പോഴാണ്‌ വീണ്ടുവിചാരം ഉണ്ടായത്. ഇടയ്ക്കിടെ അവരത് ഓര്‍ത്തിരുന്നുവെങ്കിലും മകളല്ലേ അത് പിന്നീടും ആകാം എന്ന ചിന്തയില്‍ അതിങ്ങനെ നീണ്ടുപോയി... എന്നതാണ് വാസ്തവം. അമ്മയും മക്കളും പുരയിടം ദേവുവിന്‍റെ പേര്‍ക്കെഴുതാനുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പുറത്തേയ്ക്ക് പോയ രഘു വന്നു. എല്ലാപേരും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു. രഘുവും ദേവുവും കുഞ്ഞുങ്ങളെയും കൊണ്ട് അകത്തേയ്ക്ക് പോയി. അമ്മയും രാജേശ്വരിയും അതോടെ അവിടം വിട്ട് പോകുകയും ചെയ്തു. രഘു വസ്ത്രം മാറിയതോടെ ദേവു അവനു ചായയുമായി അരുകിലെത്തി. അവിടെ നടന്ന സംഭാഷണത്തെക്കുറിച്ച് അവള്‍ അവനോട് പറഞ്ഞു.

"ഓ!!!... ദേവു അതിനിത്ര തിരക്കെന്തിനാ...?? അമ്മയുടെ കാലശേഷം നിങ്ങള് രണ്ടുപേരെ ഉള്ളൂ... എന്തായാലും അത് നിങ്ങള്‍ക്കുള്ളത്‌ തന്നാ..." രഘു പറഞ്ഞു.

"അതല്ല രഘുവേട്ടാ...!! നമ്മുടെ സ്വര്‍ണം കൊടുത്തതിന് പകരമാ ഇത്. അതെനിക്ക് വേണം. അത് കഴിഞ്ഞുള്ളത്‌ അമ്മയുടെ മരണശേഷം ഞങ്ങള്‍ രണ്ടാള്‍ക്കും ഉള്ളത് തന്നാ.... അല്ലെങ്കില്‍ പിന്നെ എനിക്കെന്താ ഉള്ളത്... ഏട്ടനൊന്നു ചിന്തിച്ചേ... അവള്‍ അവനരുകിലെത്തി അവനോടു ചേര്‍ന്ന് നിന്നു പറഞ്ഞു.

"നോക്ക്.. ദേവൂ... ഞാനതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എല്ലാം നിന്റെയിഷ്ടം പോലെ തന്നെ നടക്കട്ടെ..."

"അതല്ല രഘുവേട്ടാ... അത് നമ്മുക്ക് വേണം... ജീവിതത്തില്‍ ഒരു പിടിവള്ളിയെങ്കിലും വേണ്ടേ... നാളെ നമ്മുക്കൊരു ആപത്ത് വന്നാല്‍ കൂടി ആരും ഉണ്ടായെന്നു വരില്ല. അതുമല്ല ഒരിടം വിട്ട് വന്നു നമ്മള്... നാളെ ഇവിടെ എന്ത് നടക്കുമെന്ന് പറയാന്‍ പറ്റോ നമ്മുക്ക്... അതുകൊണ്ട് വേണം രഘുവേട്ടാ... നമ്മുക്കിത് വേണം...!!! അവള്‍ വ്യക്തമായി തന്നെ പറഞ്ഞു.

"ശെരി... നടന്നോട്ടോ... ദേവൂ... എല്ലാം നിന്‍റെ ഇഷ്ടം പോലെ നടന്നോട്ടെ...!! ആരെയും വിഷമിപ്പിക്കണ്ടാ എന്നേ ഞാന്‍ കരുതിയുള്ളൂ..." രഘുവും അവളോട്‌ പറഞ്ഞു.

അങ്ങിനെ അച്ഛന്‍റെ വക 10 സെന്റ്റ് പുരയിടം ദേവുവിന്‍റെ പേര്‍ക്കെഴുതാന്‍ തീരുമാനമായി. വസ്തു അവളുടെ പേര്‍ക്കെഴുതാനായി അച്ഛന്‍ തമ്പിയും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയിരുന്നു. ദേവുവിന് കൊടുക്കാന്‍ ഉദ്ദേശിച്ച പുരയിടം അല്ലാതെ ബാക്കിയുണ്ടായിരുന്ന ഇരുപത് സെന്റും വീടും അയാള്‍ സേതുലക്ഷ്മിയുടെ പേര്‍ക്കു ഇഷ്ടദാനം എഴുതി നല്‍കി. രഘു അന്നാദ്യമായ്‌ അമ്മാവനെക്കണ്ടു. തമ്പിയും രഘുവും തമ്മില്‍ കുശലപ്രശ്നം നടത്തുകയും ചെയ്തു. ഒടുവില്‍ ദേവുവിന്‍റെ പേര്‍ക്കെഴുതുന്നതിനായി പത്രങ്ങള്‍ കൈയിലെടുത്ത് വെണ്ടര്‍ ദേവുവിനെയും സേതുലക്ഷ്മിയെയും തമ്പിയെയും വിളിച്ചു. വെണ്ടറുടെ ചില സംശയങ്ങള്‍ക്കൊടുവില്‍ അവള്‍ അച്ഛന്‍ തമ്പിയോട് പറഞ്ഞു..

"അച്ഛാ... എനിക്കിത് അച്ഛന്‍ അമ്മയ്ക്ക് കൊടുത്തത് പോലെ ഇഷ്ടദാനം തരണ്ട... എന്‍റെ സ്വര്‍ണം കൊടുത്ത് രാജേശ്വരിയുടെ വിവാഹം നടത്തിയതിന് അമ്മ പകരം തരാം എന്ന് എന്നോടും രഘുവേട്ടനോടും ഏറ്റതാണിത്. അതുകൊണ്ട് അച്ഛനിതെനിക്ക് വിലയാധാരം തന്നെ തരണം... അതും എന്‍റെ പേര്‍ക്കല്ല... എന്‍റെ രഘുവേട്ടന്‍റെ പേര്‍ക്ക്... തമ്പി അന്തംവിട്ടു നിന്നു. എത്ര കൃത്യമായാണ് തന്‍റെ മകള്‍ സംസാരിക്കുന്നത്. അവളുടെ സംഭാഷണത്തിലെ വ്യക്തത... ദീര്‍ഘവീക്ഷണം ഒക്കെ അയാള്‍ക്ക്‌ നന്നേ ബോധിച്ചു. എന്നിരുന്നാലും അയാള്‍ മെല്ലെ പുറത്തേയ്ക്ക് നോക്കി. രഘു ഓഫീസിന് പുറത്ത് ഒരു മരത്തണലില്‍ അവന്‍റെ പഴയ ഒരു സുഹൃത്തുമായി ദീര്‍ഘമായ സംഭാഷണത്തില്‍ ആണ്. പെട്ടെന്ന് തന്നെ അവളെ നോക്കി അയാള്‍ പറഞ്ഞു..

"മോളെ.. മോളുടെ പേര്‍ക്കെഴുതിയാലും അത് രഘുവിന്‍റെകൂടിയല്ലേ...??? നാളെ എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ എന്‍റെ മോള്‍ക്ക്‌ ഒന്നും ഇല്ലാണ്ടാവരുത്.... അയാള്‍ പതിയെപതിയെ പറഞ്ഞുതീര്‍ത്തു.....

"ഹ...ഹ... എന്‍റെ പൊന്നച്ഛാ.... അച്ഛന്‍ എന്താ ഈ പറേണേ...??? രഘുവേട്ടന്‍ എന്നെ ഉപേക്ഷിക്കാനോ..??? നല്ല കഥ....!!

എന്നിട്ട് പെട്ടെന്ന് ചിരി നിര്‍ത്തിയവള്‍ തമ്പിയോട് ചോദിച്ചു... "ന്താ അച്ഛാ... പറക്കമുറ്റാത്ത ഞങ്ങള് രണ്ടുപേരെയും ഇട്ടേച്ച് അച്ഛന്‍ പോയില്ലേ... എന്നിട്ട് അച്ഛന്‍ ഞങ്ങള്‍ക്ക് തരാതെ കൊണ്ടുപോയോ ഇതെല്ലാം.... ഇല്ലല്ലോ..??? അപ്പോള്‍ പിന്നെ ആ വഴി ചിന്തിക്കുന്നതില്‍ അര്‍ത്ഥമൊന്നും ഇല്ലച്ഛാ...??? തമ്പിയ്ക്ക് മകളെയോര്‍ത്ത് വല്ലാതെ അഭിമാനം തോന്നി. അയാള്‍ രഘുവിന്‍റെ പേര്‍ക്ക് ആ വസ്തു വിലയാധാരം എഴുതി നല്‍കി. അത്രേം സമയം അവള്‍ കൈക്കുഞ്ഞുമായി ആ ഓഫീസിന്‍റെ വരാന്തയില്‍ ഇരുന്നു. ഇടയ്ക്ക് രഘു എല്ലാര്‍ക്കും ഭക്ഷണം വാങ്ങിക്കൊടുത്തു. അവിടെനിന്നും എല്ലാപേരും പിരിഞ്ഞുപോകുന്നത് വരെ തമ്പി കൂടെക്കൂടെ സേതുലക്ഷ്മിയെ ഒളികണ്ണിട്ടു നോക്കിയിരുന്നു. അപ്പോഴൊന്നും അവര്‍ തമ്പിയെ നോക്കിയിരുന്നതെ ഇല്ല....

ആ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ തമ്പി രഘുവിന്‍റെ കരം ഗ്രഹിച്ചു. യാത്ര പറയുന്നതിന് മുന്‍പായി അയാള്‍ അവനോട് പറഞ്ഞു...

"മോനെ... അവള്‍ നിന്‍റെ എല്ലാമാണെന്ന് ഈ അച്ഛനറിയാം... അതുപോലെ തന്നെ അവളുടെ എല്ലാമാണ് നീയും... നീ ഭാഗ്യോള്ളോനാ... മോനെ .. ന്‍റെ മോളും.. അവളെ നീ പൊന്നുപോലെ നോക്കണം മരണം വരെയും.... ഇത്രയും പറഞ്ഞുതീരുമ്പോഴേയ്ക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന്‍റെ കൈകള്‍ പതിയെ വിട്ടയാള്‍ വേഗതയില്‍ അവിടെനിന്നും നടന്നകന്നു. അപ്പോഴേയ്ക്കും ദേവുവും അമ്മയും കുഞ്ഞുമായി അവനരുകിലേയ്ക്ക് വന്നു. വന്നയുടനെ ദേവു ചോദിച്ചു..... "എന്താ രഘുവേട്ടാ... അച്ഛന് വല്ലാത്ത വിഷമം പോലെ... ഏട്ടനെ പിരിയാന്‍...???

രഘു അവളെ നോക്കി ചിരിച്ചതെ ഉള്ളൂ.... അവര്‍ വീട്ടിലേയ്ക്ക് യാത്രയായി. പതിനാല് ദിവസങ്ങള്‍ക്കു ശേഷം രഘുവിന്‍റെ പേര്‍ക്ക് വസ്തു റെജിസ്റ്റര്‍ ചെയ്തു പ്രമാണം കൈയിലെത്തി. രാത്രിയില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിയതിനുശേഷം ദേവുവിനോടൊപ്പം ഇരിക്കെ രഘു ആ പ്രമാണം കൈയിലെടുത്തു. കൂട്ടക്ഷരങ്ങള്‍ മെല്ലെ തപ്പിപ്പിടിച്ചവന്‍ വായിക്കാന്‍ ആരംഭിച്ചു... ഇടയിലവന്‍ ഒരു വരി ഒന്നുകൂടി വായിച്ചു..... അവന്‍റെ പേരിലേയ്ക്കാണ് വസ്തു വിലയാധാരം നല്‍കിയത് എന്ന വിവരം അപ്പോഴാണവന്‍ അറിയുന്നത്.. അതുകൊണ്ട് തന്നെ അത്ഭുതത്തോടെയാണ് അവനവളെ നോക്കിയത്... അവളെത്തന്നെ നോക്കിയിരിക്കുന്ന അവനരുകിലേയ്ക്ക് അവള്‍ ഒന്നുകൂടി ചേര്‍ന്നിരുന്നു. എന്നിട്ട് ചോദിച്ചു..

"ന്താ... രഘുവേട്ടാ ഇങ്ങനെ നോക്കുന്നെ... ???

അവനവളുടെ കണ്ണുകളില്‍ നോക്കി... "നിനക്കെന്നെ അത്രയ്ക്കും ഇഷ്ടാണോ ദേവൂ... ന്നെ അത്രെയ്ക്കും വിശ്വാസാണോ നിനക്ക്...???

അവളവനെ മുറുകെപ്പുണര്‍ന്നു... "പിന്നില്ലാതെ... ഞാന്‍ എന്‍റെ ഏട്ടനെ അല്ലാണ്ട് പിന്നാരെയാ സ്നേഹിക്കണേ..!!!! ഒരു കുഞ്ഞുകരച്ചിലിന്‍റെ കുറുകലോടെയാണവള്‍ അത് പറഞ്ഞത്....

"ന്‍റെ... പൊന്നെ.... ന്‍റെ ദേവൂ.... നീ എന്നെ സ്നേഹിച്ചു കൊല്ലുവാണല്ലോ...??? നിനക്ക് തരാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ലാതിരുന്നിട്ടും... നീ എന്നെ... അവന്‍ പാതിയില്‍ നിര്‍ത്തി..

അവള്‍ക്കത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവനെ കെട്ടിപ്പിടിച്ചവള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു... അപ്പോഴേയ്ക്കും താഴെ പായയില്‍ കിടന്നിരുന്ന അമര്‍ ഉണര്‍ന്നു കരഞ്ഞു. മനസ്സില്ലാമനസ്സോടെ രഘുവിനെ വിട്ടവള്‍ കുഞ്ഞിനരുകിലേയ്ക്ക് നിരങ്ങിനീങ്ങി... ഒടുവില്‍ കുഞ്ഞിനരുകില്‍ ചേര്‍ന്ന് കിടന്നവള്‍ ഏങ്ങലടിച്ചു കരഞ്ഞു... ചരിഞ്ഞുകിടന്നു കരഞ്ഞിരുന്ന അവളുടെ മുതുക് തേങ്ങലില്‍ വിറയ്ക്കുന്നത് അവന് കാണാമായിരുന്നു... രഘുവപ്പോഴേയ്ക്കും മച്ചിലേയ്ക്ക് കണ്ണുകള്‍ പായിച്ചു... ചുണ്ടുകള്‍ കടിച്ചുപിടിച്ച അവന്‍റെ കപോലങ്ങളിലൂടെ രണ്ടു കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്നു താഴേയ്ക്ക് പതിച്ചു.....

(തുടരും)
ശ്രീ വര്‍ക്കല
 

2014 മേയ് 16, വെള്ളിയാഴ്‌ച

Album: Public
നോവല്‍

ദേവദാരുവിന്നരികത്ത്‌.....7

ദേവുവിന്‍റെ വീട്ടിലെ താമസം ദേവുവിനെപ്പോലെ തന്നെ രഘുവിനെ സംബന്ധിച്ചും അത്ര ഇഷ്ടമുള്ള കാര്യം ആയിരുന്നില്ല. പിന്നെ ഈയൊരു അവസ്ഥയില്‍ മറ്റു പോംവഴികള്‍ ഒന്നുംതന്നെ അവരുടെ മുന്നില്‍ ഉണ്ടായിരുന്നുമില്ല. ദിവസങ്ങള്‍ കുറെയേറെ കഴിഞ്ഞപ്പോള്‍ ദേവുവില്‍ നിന്നു തന്നെ സേതുലക്ഷ്മി അവിടുണ്ടായ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലാക്കി എടുത്തു. അവര്‍ മോളെ ശകാരിച്ചു.

"നീ പെണ്ണാണ്.... നീ കുറെയൊക്കെ ഉള്ളിലൊതുക്കണമായിരുന്നു. എന്തുതന്നെ ആയാലും നീ രഘുവിനോട് പറഞ്ഞതുകൊണ്ടല്ലേ ഈ പ്രശ്നങ്ങള്‍ക്ക് ഒക്കെ കാരണം... അതങ്ങിനെയേ വരൂ... നിനക്ക് ലോകപരിചയം കുറവാണ് മോളെ. കല്യാണം കഴിഞ്ഞ പുതുമോടിയില്‍ ആണുങ്ങള്‍ ഒക്കെ ഇങ്ങനെ തന്നാ... അല്ലേലും പത്തിരുപത്തേഴ് വര്‍ഷം ജീവിച്ച ആ വീടീന്ന് അവനിറങ്ങിയില്ലേ...??? അതുവരെ സ്നേഹിച്ച അമ്മേനേം.. ഏട്ടന്മാരേം ഒക്കെ ധിക്കരിച്ച് നിന്നെ വിശ്വസിച്ചു.... അതോണ്ടാ ഞാന്‍ പറയണേ.. ഇനി നിന്‍റെ ഉത്തരവാദിത്വങ്ങള് കൂടും. ഇവിടെ അവന് ഒരു വിഷമോം വരാതെ നോക്കേണ്ടത് ഇനി നിന്‍റെ മാത്രം കടമയാണ്.

"ഞാനത് ഓര്‍ത്തു അമ്മെ... പക്ഷെ, രഘുവേട്ടന്‍ എനിക്ക് വേണ്ടി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കും എന്ന് ഞാനും നിരീച്ചില്ല.... ങാ... ഇനി വരുന്നത് പോലെ വരട്ടെ. എല്ലാം സംഭവിചൂല്ലോ..." ദേവു പറഞ്ഞു.

സ്വന്തം വീടുവിട്ട് ഭാര്യവീട്ടില്‍ വന്നു താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാകാര്യങ്ങളിലും രഘു വളരെ ശ്രദ്ധാലുവാണ്. ജോലി കഴിഞ്ഞു ഒന്ന് കുളിക്കാന്‍ കുളിമുറിയില്‍ പോകാന്‍ തന്നെ ദേവുവിനെ വിളിച്ചു അവളോടൊപ്പം ആണ് അവന്‍ പോകാറ്. അവന്‍ കുളികഴിഞ്ഞ് ഇറങ്ങിവരുന്നത് വരെ അവളെ വാതില്‍ക്കല്‍ നിര്‍ത്തിയിരിക്കും. അന്നും പതിവുപോലെ അവന്‍ കുളിമുറിയില്‍ നിന്നു കുളിക്കുമ്പോള്‍ വാതിലില്‍ ചാരി നിന്ന ദേവു അവനെ കളിയാക്കി.....

"എന്ത് ധൈര്യശാലിയായിരുന്നു എന്‍റെ രഘുവേട്ടന്‍.... എന്തെ ആ ധൈര്യമൊക്കെ പോയോ...???? എന്തുപറ്റി എന്‍റെ ഏട്ടന്.... ദേവു കിടക്കുന്നിടം എന്‍റെ രഘുവേട്ടന്‍റെ കൂടിയാണ്... അപ്പോള്‍ പിന്നെ എന്തിനാ ഇത്രേം വിഷമം. ഇവിടെ ഏട്ടനെ ആരും ഒന്നും പറയില്ല...

ഇതുകേട്ട് രഘു ചിരിച്ചുകൊണ്ട് പറയും....

"എടീ മണ്ടീ.... ആരു പറഞ്ഞു എനിക്ക് ഭയമാന്ന്... എനിക്കൊരു ഭയവും ഇല്ല. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ എന്ന് നീ ചോദിച്ചാല്‍ അതിനെനിക്ക് ഒരു ഉത്തരമേ ഉള്ളൂ... ഈ വീട് നമ്മുടേത് എന്ന് നമ്മുക്കുറപ്പിക്കാന്‍ കഴിയില്ല. ഭാര്യവീട്ടിലെ ജീവിതം ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്‍റെ കൂടി പ്രശ്നമാണ്. ഇവിടെ നീ മാത്രമല്ല. അമ്മയുണ്ട്‌.. പിന്നെ നിന്‍റെ അനുജത്തിയുണ്ട്. എപ്പോഴും ഒരു ശ്രദ്ധ നല്ലതല്ലേ...?? ആരെക്കൊണ്ടും ഒന്നും പറയിക്കാതെ, എല്ലാപേരോടും സ്നേഹായിട്ട് തന്നെ നമ്മുക്കിവിടം വിടണം...

ശരീരമാകെ സോപ്പിട്ട് കൊണ്ട് അവന്‍ ദേവുവിന് നേരെ തിരിഞ്ഞു. കണ്ണ്‍ ഒഴികെ മുഖമപ്പാടെ സോപ്പും പുരട്ടി നിന്ന അവന്‍റെ മുഖം കണ്ടവള്‍ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കേട്ടുകൊണ്ട് അവനവളുടെ അരുകിലേയ്ക്ക് ചെന്നു.

"എന്താടീ... ഇത്ര ചിരിക്കാന്‍... നീയെന്താ സോപ്പിടില്ലേ..??? രഘു പതകള്‍ക്കിടയിലൂടെ ചുണ്ടുകള്‍ ചലിപ്പിച്ചു. അതവളെ കൂടുതല്‍ ഹര്‍ഷിതയാക്കി... അവള്‍ മനോഹരമായി ചിരിക്കാന്‍ തുടങ്ങി..

"ആഹാ... അത്രയ്ക്കായോ... " പറഞ്ഞുകൊണ്ട് രഘു ദേവുവിനെ കെട്ടിപ്പിടിച്ചു. അതോടെ അവളുടെ വസ്ത്രം മുഴുവന്‍ സോപ്പ് പത പറ്റി. അതിനിടയില്‍ അവന്‍ അവളുടെ മുഖത്തും മുഖമിട്ടുരസ്സി. പ്രതീക്ഷിക്കാതെയുള്ള രഘുവിന്‍റെ പിടിത്തത്തില്‍ അവളാകെ നനഞ്ഞു. മുഖത്ത് സോപ്പ് പതയുമായി നിന്ന അവളെ കണ്ടു അവനും ചിരിക്കാന്‍ തുടങ്ങി. ദേവു അവനെ ചേര്‍ന്ന് നിന്നു... ഇരു കൈയും ചുരുട്ടി അവന്‍റെ നെഞ്ചില്‍ ഇടിക്കാന്‍ തുടങ്ങി. രഘു അവളുടെ രണ്ടു കൈയും കൂട്ടിപ്പിടിച്ചു ചേര്‍ത്തു നിര്‍ത്തി. ഇടതുകരം കൊണ്ടവളെ പിടിച്ചവന്‍ വലതുകരം കൊണ്ട് അരുകിലിരുന്ന പാത്രത്തിലെ ജലം കോരി അവളുടെ മുഖം കഴുകി. നെറുകയില്‍ ചാര്‍ത്തിയിരുന്ന സിന്ദൂരം അവളുടെ നെറ്റിയിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി. രഘു ഇരുകൈയും കൊണ്ടവളെ പുണര്‍ന്നു. ദേവുവിന്‍റെ മുഖമാകെ രഘുവിന്‍റെ തലമുടിയിലെ നീര്‍ത്തുള്ളികള്‍ വീണു നനയാന്‍ തുടങ്ങി. അവളുടെ അധരങ്ങള്‍ വിറച്ചു. രഘുവിന്‍റെ താടിയിലെ കുറ്റിരോമങ്ങള്‍ അവളുടെ മുഖത്തും മാറിലും ഒക്കെ ഉരഞ്ഞുനടന്നു. അവള്‍ കണ്ണുകള്‍ പൂട്ടി. തളര്‍ന്നു കുളിപ്പുരയുടെ ഭിത്തിയിലേയ്ക്കവള്‍ ചേര്‍ന്നു. രഘു ഇരുകൈകളും കൊണ്ടവളുടെ മുഖം മുഖത്തേയ്ക്കു അടുപ്പിച്ചു. അവളുടെ അധരങ്ങള്‍ അവന്‍റെ ചുണ്ടുകള്‍ക്കുള്ളില്‍ കിടന്നു പിടഞ്ഞു. അവള്‍ മെല്ലെമെല്ലെ ഉന്മാദാവസ്ഥയിലേയ്ക്ക് വീണു. അതിനിടയിലും അവള്‍ അവനോടു പറഞ്ഞു.

"രഘുവേട്ടാ... നമ്മള്‍ കുളിമുറിയിലാണ്... രഘുവേട്ടാ...."

രഘു ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.. അവന്‍റെ കരങ്ങളില്‍ കിടന്നുകൊണ്ടുതന്നെ അവള്‍ മെല്ലെമെല്ലെ കുളിപ്പുരയുടെ നിലത്തേയ്ക്ക് വീണു. ദേവുവിന്‍റെ വസ്ത്രങ്ങള്‍ ഒന്നാകെ അവളുടെ ദേഹത്ത് നനഞ്ഞൊട്ടി.. രഘു കാലുകള്‍കൊണ്ടു കുളിപ്പുരയുടെ വാതില്‍ ചവുട്ടിയടച്ചു.

"രഘുവേട്ടാ.... ന്‍റെ രഘുവേട്ടാ..." ദേവുവില്‍ നിന്നും വാക്കുകള്‍ മുറിഞ്ഞുമുറിഞ്ഞ് വീണുകൊണ്ടിരുന്നു. അവളുടെ ഓരോ വിളിയും അവന്‍ മൂളിമൂളി കേട്ടു. ഒടുവില്‍, തളര്‍ന്നവന്‍ അവളെ പുണര്‍ന്ന്കൊണ്ട് തന്നെ അവളെ ചേര്‍ന്ന് നിലത്തേയ്ക്ക് കിടന്നു. അവള്‍ വസ്ത്രങ്ങള്‍ നേരെയാക്കി അവനെ കെട്ടിപ്പിടിച്ചു. കുറച്ചുനേരം അങ്ങിനെ കിടന്നിട്ട് ദേവു എഴുന്നേറ്റു. രഘുവിനെ കൈകൊടുത്തവള്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റു നിന്നപ്പോള്‍ അവള്‍ അവനോടു സ്വന്തം വസ്ത്രങ്ങള്‍ കാട്ടികൊണ്ട് പറഞ്ഞു.

"രഘുവേട്ടാ... ദേ ഇതുകണ്ടോ...??? ഇവിടുന്ന് ഞാനിനി എങ്ങിനെ പുറത്തിറങ്ങും എന്റീശ്വരാ....!!!

ഇതുകേട്ട് രഘു പറഞ്ഞു. "നീയവിടെ നിന്നോ ദേവൂ... ഞാനൊന്നു കുളിക്കട്ടെ."

ദേവു കുളിപ്പുരയില്‍ രഘു കുളിക്കുന്നതും നോക്കി നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി ഇരുന്നു. കുളികഴിഞ്ഞ് രഘു മുറിയില്‍ പോയി, അവള്‍ക്കു പുതിയ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുവന്നു കൊടുത്തു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചു അവനോടൊപ്പം അവളും മുറിയിലേയ്ക്ക് നടന്നു. മുറിയില്‍ എത്തുമ്പോഴും അവള്‍ കുസൃതി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി മൂളി... "ഹും... കള്ളന്‍.."

രഘു അവളെ നോക്കി ചിരിച്ചു. വസ്ത്രങ്ങള്‍ ധരിച്ചവന്‍ കട്ടിലില്‍ വന്നിരുന്നു. അപ്പോഴേയ്ക്കും ദേവു കൈയില്‍ ചായയുമായി അവനരുകില്‍ എത്തി അവനോടു ചേര്‍ന്നിരുന്നു. അവളുടെ കൈയില്‍ നിന്നും ചായ വാങ്ങിക്കുടിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

ദേവൂ... നീ നോക്കിക്കോ.. നമ്മുടെ വിഷമം എല്ലാം തീരും.. സൗദിയിലെ ഒരു സുഹൃത്ത് അവിടെ ഒരു കമ്പനിയില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്. ഉടനെ അത് ശരിയാവും എന്നാ അവന്‍ പറയുന്നത്... ഞാനോര്‍ത്തു. ഇവിടെ നിന്നിട്ട് എന്താകാനാ... പോണം ദേവൂ.. ഒരുതവണയെങ്കിലും പോണം.... അവന്‍ പറഞ്ഞു.

"നല്ലത് തന്നാ രഘുവേട്ടാ... ന്നാലും ഞാനിവിടെ ഒറ്റയ്ക്ക്... " അവള്‍ പറഞ്ഞു.

"വേണ്ടെടീ... ഇനി നീ ഒറ്റയ്ക്ക് കഴിയണ്ട... ഞാനും വിചാരിക്കായിരുന്നു.. നമ്മുക്കും വേണോന്നെ രണ്ടു കുട്ടികള്... രണ്ടു പെണ്മക്കള്..."

രഘുവിന്‍റെ വാക്കുകള്‍ കേട്ടു ദേവു ഒന്ന് ഞെട്ടി. അവള്‍ പറഞ്ഞു. "അതെന്താ.. രഘുവേട്ടാ.. പെണ്മക്കള്....മാത്രം..!!! ഹും ഹും... എനിക്ക് ഒരു മോനെ വേണം.. അത് നിര്‍ബന്ധാ....

"ഹാ... ഞാനെന്താടീ ചന്തയാണോ? ഇതൊക്കെ നീ പറയുമ്പോലെ അങ്ങട് വാരിത്തരാന്‍... ഹ ഹ.. പെണ്ണെ നമ്മള് വിചാരിക്കുന്നപോലെ ഒക്കെയങ്ങട് നടന്നാല്‍ പിന്നെ ഈശ്വരനെന്താടീ വില... പിന്നെ ഒന്നുനിര്‍ത്തി അവന്‍ തുടര്‍ന്നു.. "പറയാന്‍ പറ്റില്ല ട്ടോ ചിലപ്പോള്‍ നീ വിചാരിച്ചപോലെതന്നെ തരും ഈശ്വരന്‍..!!!

"അമ്മയെവിടെ ദേവൂ... ഉറങ്ങിയോ..? രഘു ചോദിച്ചു.

"ഇല്ല രഘുവേട്ടാ... അമ്മ ഉറങ്ങീട്ടുണ്ടാവില്ല. പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു.

"രഘുവേട്ടാ... ഇന്നമ്മ എന്നെ ഒരുപാട് ശകാരിച്ചു. ഇപ്പോള്‍ തോന്നുന്നു ഒന്നും വേണ്ടിയിരുന്നില്ല എന്ന്..."

"എന്ത്..?".. എന്തിനാ അമ്മ ശകാരിച്ചേ..? അവന്‍ ചോദിച്ചു.

"വീട്ടിലെ പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ ഞാനാ കാരണക്കാരി എന്നമ്മ പറഞ്ഞു. ഓര്‍ത്തപ്പോള്‍ എനിക്കും തോന്നി. അത് സത്യാന്നു. ഏട്ടനോട് ഒന്നും പറയേണ്ടിയിരുന്നില്ല. അല്ലെങ്കില്‍ നമ്മുക്കിപ്പോഴും അവിടെത്തന്നെ കഴിയായിരുന്നു..."

"ഹ ഹ ഹ അതുകൊള്ളാം... ടീ നീ എന്താ കരുതുന്നെ..!! ഒള്ളൊള്ള കാലം മുഴുവന്‍ പട്ടിണി കിടക്കാന്നാ....?? ഒരു തെറ്റും നീ ചെയ്തിട്ടില്ല. ഇതൊക്കെ സംഭവിക്കാനുള്ളതാ ദേവൂ... അത് നീയോ ഞാനോ വിചാരിച്ചാല്‍ മാറ്റാവുന്നതല്ല. രഘു അവളെ സമാധാനിപ്പിച്ചു. പിന്നൊരു കാര്യം ദേവൂ... ഇവിടെ ഒരു പ്രശ്നവും ഉണ്ടാവാതെ വേണം നമ്മുക്ക് പോകാന്‍.. നമ്മളായിട്ട് ഒരു പ്രശ്നവും ഉണ്ടാവാതെ നോക്കണം. അത്രേയുള്ളൂ... രഘുവിന്‍റെ വാക്കുകള്‍ പോലെ തന്നെ ദേവു വളരെ ശ്രദ്ധയോടെ ആ കുടുംബം കൊണ്ടുപോയി.

വര്‍ഷങ്ങള്‍ മെല്ലെ കഴിഞ്ഞു.

രഘുവിനും ദേവുവിനും കൂടി അരുമായൊരു മകള്‍ പിറന്നു. അവള്‍ക്കവര്‍ ശിഖയെന്നു പേരും നല്‍കി. അവള്‍ക്കു ആറുമാസം പ്രായമുള്ളപ്പോള്‍ ദേവുവിന്റെ അനുജത്തി രാജേശ്വരി വിവാഹിതയായി. രഘുവിന് കൂട്ടായി, സേതുലക്ഷ്മിയ്ക്ക് ഇളയ മരുമകനായി, ദേവുവിന് ഒരനുജനായി സത്യദാസ് ആ വീട്ടിലേയ്ക്ക് വന്നെത്തി. സേതുലക്ഷ്മിയ്ക്ക് വളരെയധികം സന്തോഷമായി. ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് രഘുവാണ് കാര്യങ്ങള്‍ ഒക്കെ നടത്തിയത്. ദേവുവിന്‍റെ കൈയിലെയും കാലിലെയും സ്വര്‍ണം അനുജത്തിയുടെ കല്യാണത്തിനായി രഘുവിന്‍റെ സമ്മതത്തോടെ അവള്‍ കൊടുക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ സത്യദാസ് ദുബായിയിലേയ്ക്ക് മടങ്ങിപ്പോയി. പോകുമ്പോള്‍ രാജേശ്വരിയെ സേതുലക്ഷ്മിയുടെ അരുകില്‍ തന്നെയാണ് അവന്‍ കൊണ്ടുവിട്ടത്‌.

ഒരുനാള്‍ കുഞ്ഞിനെ ഉറക്കി തൊട്ടിലില്‍ കിടത്തിയിട്ട് രഘുവിനരുകില്‍ വന്നു ദേവു പറഞ്ഞു.

"രഘുവേട്ടാ... നമ്മുക്കൊരു പെണ്‍കുട്ടിയാണ്. എന്‍റെ കെട്ടുതാലി ഒഴികെ കൈയിലും കാലും ഉണ്ടായിരുന്നതെല്ലാം രാജേശ്വരിയ്ക്ക് കൊടുത്തു. നമ്മള്‍ക്ക് തരാന്‍ ആരുമില്ല. ഏട്ടന്‍ പറഞ്ഞ ആ വിസക്കാര്യം പിന്നീട് എന്തായി....??? ഇപ്പോഴേ നമ്മളെന്തെങ്കിലും കരുതിയാലേ നാളെ നമ്മുക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ. പറഞ്ഞുതീര്‍ന്നതും അവള്‍ ദീര്‍ഘമായി നിശ്വാസം കൊണ്ടു.

"എല്ലാം... ശരിയാവും ദേവൂ... നീ വിഷമിക്കാതെ.. ഈശ്വരന്‍ എന്തെങ്കിലും ഒരു വഴി കാട്ടിത്തരാതിരിക്കില്ല.." രഘു അവളെ സമാധാനിപ്പിച്ചു. അവള്‍ സമാധാനത്തോടെ അവന്‍റെ നെഞ്ചില്‍ തലചായ്ച് മയങ്ങി.

പുലരികള്‍ പലതും ആ മുറ്റത്തെത്തി മറഞ്ഞുപോയി. രാപ്പാടികള്‍ ഇരുന്നു പാടിയ ചില്ലകളില്‍ പലതും വളര്‍ന്ന് പൂവിട്ടു. വീട്ടുമുറ്റത്തെ മരത്തില്‍ നിറയെ ചുവന്ന പൂക്കള്‍ പൂത്തുലഞ്ഞു. മോള്‍ക്ക്‌ വയസ്സ് ഒന്ന് കഴികെ ദേവു വീണ്ടും ഗര്‍ഭിണിയായി. രഘുവിന്‍റെ വിസ ഇതുവരെയും ശരിയായില്ല. ദേവുവിന്‍റെ ചികിത്സയും ശിഖയുടെ ചിലവും ഒക്കെ ദിനതോറും രഘുവിനെ തളര്‍ത്തിയിരുന്നു. ഒരു ദിവസം പോലും മുടങ്ങാതെ അവന്‍ ജോലിയ്ക്കുപോയി... അവന്‍റെ ശരീരം ഓരോനാളും തന്‍റെ കണ്മുന്നില്‍ ക്ഷീണിക്കുന്നത് കണ്ട ദേവു നിസ്സഹായയെപ്പോലെ തേങ്ങി. ഒടുവില്‍ ഒരു ദിവസം അവള്‍ രാജേശ്വരിയോട് പറഞ്ഞു.

"നീ സത്യദാസിനോട് ഒന്ന് പറയണം ... ന്‍റെ രഘുവേട്ടന് ഒരു വിസ ശരിയാക്കിത്തരണം ന്ന്..."

രാജേശ്വരി സത്യദാസിനോട് പറയാം എന്ന് അവള്‍ക്കു വാക്കുകൊടുത്തു. അവന്‍ വരുമ്പോള്‍ വിസ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് ദേവുവും രഘുവും. എങ്കിലും ദേവുവിന്‍റെ പ്രസവം കൂടി കഴിഞ്ഞിട്ടേ സത്യദാസ് വരാവൂ എന്ന് രഘു ഉള്ളുരുകി പ്രാര്‍ഥിച്ചു... ഇപ്പോഴും ആ ചിന്തയിലാണ് രഘുവിന്‍റെ ജീവിതവും..ഒടുവില്‍, ദേവുവിന്‍റെ രണ്ടാമത്തെ പ്രസവവും കഴിഞ്ഞു.
***************
ഉമ്മറത്ത്‌ അരഭിത്തിയില്‍ ഇരുന്നു രഘു നെടുവീര്‍പ്പിട്ടു. ശിഖ അവന്‍റെ മടിയില്‍ ഏതോ കളിപ്പാട്ടം വച്ച് കളിയ്ക്കുകയാണ്. രഘുവിന്‍റെ മനസ്സ് ഇവിടെയല്ലന്നു മനസ്സിലാക്കിയ വിജയമ്മ അവനെ തട്ടിവിളിച്ചു...

"എന്താടാ രഘു... നീ ഞങ്ങളിവിടെ പറഞ്ഞത് വല്ലതും കേട്ടുവോ..???

രഘു ചിന്തയില്‍ നിന്നും ഉണര്‍ന്നു... "ന്താ മ്മേ... ന്താ പറഞ്ഞെ...?? അവന്‍ ആകാംഷയോടെ ചോദിച്ചു. ഞാന്‍ കുറച്ചു നേരം പഴയകാര്യങ്ങളൊക്കെ ഒന്നോര്‍ത്ത്പോയി.

അപ്പോഴേയ്ക്കാണ് അവര്‍ക്കിടയിലേയ്ക്ക് സേതുലക്ഷ്മിയമ്മ വന്നിരുന്നത്. അമ്മ വന്നതോടെ രാജേശ്വരിയും അവര്‍ക്കരുകിലേയ്ക്ക് വന്നു. ദേവുവിനെ നോക്കി രാജേശ്വരി പറഞ്ഞു...

"ദേവൂച്ചീ.... സത്യേട്ടന്‍ വരുന്നു ട്ടോ... ഇന്ന് കത്തുണ്ടായിരുന്നു... ഈയാഴ്ച തന്നെ വരും. രാജേശ്വരിയുടെ മുഖം വല്ലാത്ത സന്തോഷത്തിലായിരുന്നു. ദേവുവിന്‍റെ മുഖവും സന്തോഷം കൊണ്ട് വിടര്‍ന്നു. അവള്‍ രഘുവിനെ നോക്കിച്ചിരിച്ചു. അന്ന് വൈകുമ്പോള്‍ വിജയമ്മ തിരിച്ചു പോയി. രാത്രി കിടക്കയില്‍ രഘുവിനരുകിലായി വന്നു കിടന്ന് ദേവു പറഞ്ഞു.

"രഘുവേട്ടാ... നമ്മുടെ വിഷമങ്ങള്‍ ഒക്കെ തീര്‍ന്നു രഘുവേട്ടാ..... ഏട്ടനുള്ള വിസയും കൊണ്ടാവും സത്യന്‍ വരുന്നേ..."

രഘു അത്ഭുതത്തോടെ അവളെ നോക്കി.... അവള്‍ പറഞ്ഞു. "ഇങ്ങനെ നോക്കണ്ടാ..ഞാന്‍ പറഞ്ഞത്. സത്യാ..." അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ഏട്ടനുള്ള വിസയും കൊണ്ടാ അവന്‍ വരണേന്ന് അവള് പറഞ്ഞു എന്നോട്...

അവളുടെ വാക്ക് കേട്ട് രഘു സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു. അവനവളുടെ നെറുകയില്‍ ഉമ്മ വച്ചു. സ്നേഹത്തോടെ അവള്‍ പറഞ്ഞു.

"വേണ്ട... വേണ്ടാ രഘുവേട്ടാ... പെറ്റിട്ട് ഇന്ന് നാലേ ആയുള്ളൂ കേട്ടോ..."

അവളുടെ വാക്ക് കേട്ട് രഘു പൊട്ടിപ്പൊട്ടിച്ചിരിച്ചു... മകള്‍ ശിഖയെ രഘുവിനരുകില്‍ ചേര്‍ത്ത് കിടത്തി അവള്‍ തറയില്‍ വിരിച്ച പായയില്‍ ചരിഞ്ഞുകിടന്നുറങ്ങുന്ന കുഞ്ഞിന്‍റെ അരുകില്‍ വന്നു ചേര്‍ന്ന് കിടന്നു... അവളുടെ വിടര്‍ന്ന കണ്ണുകള്‍ രഘുവിനെ തന്നെ കുസൃതിയോടെ വീക്ഷിച്ചിരുന്നു. കട്ടിലില്‍ ചരിഞ്ഞുകിടന്നുകൊണ്ട് രഘു അവളെയും....അന്നുറങ്ങുമ്പോള്‍ അവളുടെ മനസ്സ് നിറയെ രഘുവിന്‍റെ വിദേശത്തേയ്ക്കുള്ള യാത്രയെക്കുറിച്ചുള്ള ചിന്തയായിരുന്നു. അത് കൊണ്ട് തന്നെ അന്നവള്‍ കണ്ട സ്വപ്നവും നിറ വര്‍ണ്ണങ്ങളുടേതായിരുന്നു....

(തുടരും)
ശ്രീ വര്‍ക്കല
 
ദേവദാരുവിന്നരികത്ത്‌.....6

രഘുവിന്‍റെ നെഞ്ചില്‍ ആര്‍ത്തലച്ചു കരയുമ്പോഴാണ് ദേവുവിന് പെട്ടെന്ന് അമ്മയുടെ ഓര്‍മ വന്നത്.. അവള്‍ അവന്‍റെ നെഞ്ചില്‍ നിന്നും മുഖമുയര്‍ത്തി നോക്കി. ചുവരില്‍ ചാരി വിജയമ്മ നിലത്തോട്‌ ചേര്‍ന്ന്‍ വീണു കിടക്കുന്നത് അപ്പോഴാണവളുടെ കണ്ണില്‍പ്പെട്ടത്.

"രഘുവേട്ടാ... ദേ അമ്മ....." ദേവു കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

ദേവുവിന്‍റെ മേലുള്ള പിടിവിട്ട് രഘു അമ്മയുടെ അരുകിലേയ്ക്ക് പാഞ്ഞു. വിജയമ്മയെ താങ്ങി അവന്‍ മടിയില്‍ കിടത്തി. പരിഭ്രമത്തോടെ അരുകില്‍ നിന്ന ദേവുവിനോട് തെല്ലുറക്കെപ്പറഞ്ഞു.

"നോക്കി നില്‍ക്കാതെ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വാടീ..."

കേട്ടമാത്രയില്‍ ദേവു അടുക്കളയിലേയ്ക്ക് ഓടി. നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ ഒരു മൊന്ത നിറയെ വെള്ളവുമായി പാഞ്ഞെത്തി. രഘു അത് വാങ്ങി അമ്മയുടെ മുഖത്തേയ്ക്ക് കുറച്ചു തളിച്ചു. വിജയമ്മ കണ്ണു തുറന്നു. അവര്‍ രഘുവിനെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. ദേവു അമ്മയുടെ അരുകിലേയ്ക്കിരുന്നു. സ്നേഹത്തോടെ അമ്മയുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്നു.

"അമ്മ സമാധാനിക്കൂ... അരുതാത്തത് ഒന്നും സംഭവിച്ചില്ലല്ലോ അമ്മെ..." ദേവു പറഞ്ഞു.

വിജയമ്മ രഘുവിന്‍റെ മടിയില്‍ കിടന്നുകൊണ്ട് തല ചരിച്ച് അവളെ നോക്കി. അതോടെ ദേവു രഘുവിനോട് പറഞ്ഞു.

"രഘുവേട്ടാ... അമ്മയെ നമ്മുക്കിന്ന് നമ്മുടെ മുറിയിലേയ്ക്ക് കൊണ്ടുപോകാം..."

രഘു മൂളിക്കേട്ടുകൊണ്ട് അമ്മയെ പതിയെ പിടിചെഴുന്നേല്‍പ്പിച്ചു. എന്നാല്‍ അവരുടെ ക്ഷണം സ്നേഹത്തോടെ വിജയമ്മ നിരസിച്ചു.

"മക്കള് പോയി കിടന്നോ... അമ്മയെ മുറിയില്‍ ആക്കിയാല്‍ മതി.." വിജയമ്മ പറഞ്ഞു.

രഘുവിന്റെയും ദേവുവിന്റെയും സ്നേഹപൂര്‍ണമായ വാക്കുകള്‍ നിരസിച്ച വിജയമ്മയെ അവര്‍ അവരുടെ തന്നെ മുറിയിലേയ്ക്ക് കൊണ്ടുപോയി കിടത്തി. തിരികെ റൂമില്‍ വന്നു കതകടച്ച് കഴിഞ്ഞു ദേവു രഘുവിനോട് പറഞ്ഞു.

"രഘുവേട്ടാ... എനിക്ക് വല്ലാതെ ഭയമാകുന്നു. നാളെ അടുക്കളയില്‍ ഇതിനെതിരെ ഏട്ടത്തിമാര്‍ എന്തെങ്കിലും എന്നോട് കാട്ടാതിരിക്കില്ല.. എങ്ങിനെ ഞാനവരുടെ മുഖത്ത് നോക്കും... എന്താകുമോ എന്തോ...? ദേവു വല്ലാത്ത മാനസികാവസ്ഥയിലായി. കുറച്ചൊക്കെ രഘുവിനും മനസ്സിലായി. പലപ്പോഴും വേണ്ട വേണ്ട എന്ന് കരുതി ഒഴിഞ്ഞ് പോയതേ ഇതുകൊണ്ടാണ്. പണ്ടുമുതലേ ഏട്ടന്മാരും അവനും തമ്മില്‍ കൃത്യമായ ഒരകലം ഉണ്ടായിരുന്നു. ഇതിപ്പോള്‍ വല്ലാത്തൊരു അകല്‍ച്ചയ്ക്ക് വഴിതെളിച്ചു. ദേവുവിന്റെ വേവലാതിയെക്കാള്‍ ഒരു പടി മുന്നിലായിരുന്നുവെങ്കിലും തന്‍റെ തളര്‍ച്ച ദേവുവിനെ ഇതിലും കൂടുതല്‍ തളര്‍ത്തും എന്നും മനസ്സിലായ രഘു അതവളോട്‌ കാട്ടിയതും ഇല്ല.. അതുകൊണ്ട് തന്നെ അവന്‍ അവളോട്‌ പറഞ്ഞു.

"ന്‍റെ.. ദേവു.. ഇവിടെ ഒന്നും സംഭവിക്കാന്‍ പോണില്ല. അല്ലെങ്കില്‍ തന്നെ എന്ത് സംഭവിക്കാനാ...? ഇത് അച്ഛന്‍റെ വകയാ... ഇവിടെ എനിക്കും ഏട്ടന്മാര്‍ക്കും തുല്യപ്രാധാന്യമാണ്. ഇവിടുന്ന് നമ്മോടാരും പറയില്ല ഇറങ്ങിപ്പോകാന്‍... അങ്ങിനെ പറയാന്‍ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അധികാരോം ഇല്ല..."

രഘു കട്ടിലിലേയ്ക്ക് ചാഞ്ഞു. ദേവു അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്ന് കിടന്നു. അവളെ പൊതിഞ്ഞ് അവളുടെ ദേഹത്ത് മെല്ലെമെല്ലെ കൈതട്ടിതട്ടി അവളെ സമാധാനിപ്പിച്ചു കൊണ്ട് രഘു കിടന്നു. അവന്‍റെ തഴുകലില്‍, അവന്‍റെ വാക്കുകളില്‍ വിശ്വസിച്ചു വിശ്വസിച്ചു അവള്‍ മെല്ലെ മയങ്ങി. ഗാഡമായ ഉറക്കത്തില്‍ ഇതുവരെ കാണാത്ത ഭയാനകസ്വപ്നങ്ങള്‍ കണ്ടവള്‍ ഞെളിപിരികൊണ്ടു. അന്ധകാരവും, ആരുടെയോ ആര്‍പ്പുവിളികളും... വാളും ചിലമ്പും.. ഇരച്ചൊഴുകിയെത്തിയ ചോരയും കണ്ടവള്‍ ഞെട്ടിവിറച്ചു. സ്വപ്നത്തിന്‍റെ കാഠിന്യത്തില്‍ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ അവള്‍ രഘുവിന്‍റെ നെഞ്ചില്‍ കിടന്നു വിറയ്ക്കാന്‍ തുടങ്ങി. അവളുടെ ശ്വാസം വല്ലാതെ ഉച്ചത്തിലായപ്പോള്‍ രഘു കണ്ണുതുറന്നു. അവന്‍ പെട്ടെന്നവളെ തട്ടിവിളിച്ചു. ദേവു കണ്ണുകള്‍ തുറന്നു.

"എന്താ എന്തുപറ്റി ദേവു..." കട്ടിലില്‍ എഴുന്നേറ്റിരുന്ന അവന്‍ ചോദിച്ചു.

"രഘുവേട്ടാ... ഞാന്‍ അരുതാത്ത സ്വപ്നങ്ങള്‍ കണ്ടു... ഭയമാകുന്നു.. ദേ. നേരം പുലര്‍ന്നു. പുലര്‍ച്ചെ കാണുന്ന സ്വപ്‌നങ്ങള്‍ ഫലിയ്ക്കുമെന്നാ രഘുവേട്ടാ... എനിക്കാകെ ഭയമാകുന്നു.. " അവള്‍ വാക്കുകള്‍ മുറിച്ചു മുറിച്ചു പറയാന്‍ തുടങ്ങി. രഘു അവളെ സമാധാനിപ്പിച്ചു.

"ദേവു... ഒന്നും സംഭവിക്കില്ല... മോളെ. ഞാനില്ലെ നിന്‍റെ കൂടെ... നീ പേടിക്കാതിരിക്കൂ.."

അപ്പോഴാണ്‌ രഘുവിന്‍റെ മുറിയ്ക്ക് പുറത്ത് ഉച്ചത്തിലുള്ള സംസാരം കേട്ടത്. അതില്‍ അമ്മയുടെ കരച്ചില്‍ തിരിച്ചറിഞ്ഞ രഘു വേഗം ചെന്ന് കതകു തുറന്നു. ചേട്ടന്മാരും ചേട്ടത്തിമാരും കുഞ്ഞുങ്ങളുടെ കൈപിടിച്ച് കൊണ്ട് വീടുവിട്ട് പോകാനൊരുങ്ങുന്ന കാഴ്ചയാണ് അവന്‍ കണ്ടത്. വിജയമ്മ ആണ്‍മക്കളുടെ കൈപിടിച്ച്.. മരുമക്കളോട് കെഞ്ചുന്ന കാഴ്ച അവനു വ്യസനമുണ്ടാക്കി.

"മക്കളെ അമ്മയെ ഓര്‍ത്തെങ്കിലും നിങ്ങളീ വീടുവിട്ട് പോകരുതേ... നാളെ ഞാനീ നാട്ടാരുടെ മുഖത്ത് എങ്ങിനെ നോക്കും... ഇത്രയും കാലം അമ്മ കാത്തുസൂക്ഷിച്ച അഭിമാനം എന്‍റെ മക്കളായിട്ടു കളയല്ലേ... ഇവര്‍ക്കറിയില്ലെങ്കിലും നിങ്ങള്‍ക്കറിയാല്ലോ... അച്ഛന്‍ പോയെപ്പിന്നെ അമ്മ നിങ്ങളെ എങ്ങിനാ വളര്‍ത്തിയതെന്ന്..??? അമ്മയോട് ഒത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കില്‍ മക്കളെ നിങ്ങള് പോകരുത്.. വിജയമ്മ രവിയുടെ കാലില്‍ പിടിച്ചു കരയാന്‍ തുടങ്ങി. അതോടെ രഘു മുന്നിലേയ്ക്ക് ചെന്നു. ദേവു ഭയന്ന് വാതിലില്‍ തന്നെ നിന്നു കരയാന്‍ തുടങ്ങി. ചേട്ടന്‍റെ കാലില്‍ കെട്ടിപ്പിടിച്ച് കരയുകയായിരുന്ന വിജയമ്മയെ ചെന്ന് പിടിച്ചവന്‍ ചേട്ടന്‍ രവിയുടെ മുഖത്ത് നോക്കി. രഘുവിന്‍റെ മുഖത്ത് ഒന്ന് നോക്കിയിട്ട് രവി അമ്മയോട് പറഞ്ഞു.

"ശരി അമ്മെ... അമ്മ പറയണ പോലെ ഞങ്ങളിവിടെ നില്‍ക്കാം. പക്ഷെ, ഇവനും ഇവന്‍റെ ഭാര്യയും ഈ വീട്ടില്‍ ഉണ്ടാവാന്‍ പാടില്ല. രാമുവും ആ അഭിപ്രായത്തെ ശരിവയ്ക്കുന്നപോലെ നിന്നു. സങ്കടത്തോടെ വിജയമ്മ ഉമ്മറത്തെ അരച്ചുമരിലേയ്ക്കിരുന്നു. അവര്‍ ദയനീയമായി ദേവുവിനെ നോക്കി.. രവി എന്ന അവരുടെ നിര്‍ബന്ധബുദ്ധിക്കാരനായ മകനെ അവര്‍ക്കറിയാം... ഇനിയധികം സംസാരിച്ചിട്ടും കഥയില്ല. എന്നിട്ടും രവിയെയും രാമുവിനെയും നോക്കി വിജയമ്മ ഇങ്ങനെ പറഞ്ഞു.

"മക്കളെ... ഈ അമ്മയ്ക്ക് ഒരു ദിവസത്തെ സമയം തന്നൂടെ നിങ്ങള്‍ക്ക്... ഇങ്ങനെ എടുപിടീന്ന് ഓരോന്ന് പറഞ്ഞു അമ്മയെ നിങ്ങള് വിഷമിപ്പിക്കല്ലേ...?

അതോടെ മുന്നോട്ടു വന്നു രാമു പറഞ്ഞു.. "അമ്മെ ചേട്ടന്‍ പറഞ്ഞ തീരുമാനത്തില്‍ തന്നെയാണ് ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നത്... എന്ത് വേണം എന്ന് അമ്മ തന്നെ തീരുമാനിച്ചാട്ടെ... അതിനിനി ഒരു ദിവസത്തെ സമയം പോയിട്ട് ഒരു നിമിഷം പോലും തരാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ഇന്നവന്‍ ഞങ്ങളോട് ഇത് കാട്ടി. നാളെ ഞങ്ങളുടെ ഭാര്യമാര്‍ക്ക് എന്ത് സുരക്ഷിതത്വമാ ഇവിടെ ഞങ്ങള് കൊടുക്കേണ്ടേ... ഇനിയും ഇവന്‍ ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടാക്കും... നല്ലത് പോലെ ജീവിച്ചിട്ടില്ലാത്ത, അഭിമാനം എന്തെന്നറിയാത്ത ഈ തേവിടിശ്ശിയുടെ വാക്കും കേട്ടു ഇവനിനിയും വരും... അന്നും ഇതുപോലെ അമ്മ കാണുവോ ഞങ്ങള്‍ക്ക്... അതോ ഞങ്ങളെ കൊല്ലാന്‍ ഇതുപോലെ ഇവനോടൊപ്പം കാണുമോ അമ്മ...?? വാ ഏട്ടാ... ഇവരുടെ വാക്ക് കേട്ടു നില്‍ക്കാതെ നമ്മുക്ക് പോകാം. രാമു രവിയോട് പറഞ്ഞു. വിജയമ്മ മക്കളുടെ മുന്നില്‍ നിന്ന് നീറിപ്പുകയാന്‍ തുടങ്ങി. ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഭയാനകമായ ഒരു പ്രശ്നം അവര്‍ അനുഭവിക്കുന്നത്. അതുകൊണ്ട് തന്നെ പ്രയാസം കൊണ്ടവര്‍ നെഞ്ചില്‍ കൈവച്ചു. അവരുടെ ശ്വാസം വല്ലാതെ ചൂട്പിടിച്ചു. ശരീരം വിയര്‍ത്ത് ഉരുകാന്‍ തുടങ്ങി. അതോടെ അമ്മയുടെ വിഷമം കണ്ട രഘു മുന്നോട്ടു വന്നു പറഞ്ഞു.

"അമ്മെ ഞാനും എന്‍റെ ഭാര്യയും ആണ് ഇവര്‍ക്ക് പ്രശ്നം എങ്കില്‍ ഈ വീട് വിട്ടു പോകാന്‍ ഞങ്ങള്‍ ഒരുക്കാ അമ്മെ.... അതിനു വേണ്ടി അമ്മയിങ്ങനെ സങ്കടപ്പെടണ്ട.. ഈ വീട്ടീന്ന് ഇവര് പറഞ്ഞുവിട്ടാല്‍ മാത്രം തീരുന്ന ബന്ധമാണോ നമ്മുടേത്.. അമ്മ സങ്കടപ്പെടാതെ... ഞങ്ങള് പോകാം... ഏട്ടന്മാരും ഏട്ടത്തിമാരും മക്കളും ഒക്കെ അമ്മയെ വിട്ടു പോകുന്നതിനേക്കാള്‍ എത്രയോ ഭേദമാ അമ്മെ ഞങ്ങള് രണ്ടുപേരു മാത്രം പോകുന്നെ...?

"മോനെ... രഘു എന്താടായിത്... ഇത്രയും കാലം നിങ്ങളൊക്കെ അമ്മെ എന്ന് വിളിച്ചു സ്നേഹിച്ചത് ഇതിനായിരുന്നോടാ...? ഞാന്‍ ജീവിച്ചിരിക്കെ എന്‍റെ മക്കളെല്ലാപേരും ഇങ്ങനെ പിരിഞ്ഞുപോകും എന്ന് ഞാന്‍ ഒരിക്കലും നിരീച്ചില്ലെന്റെ ഭഗവാനെ. കരഞ്ഞുകൊണ്ടവര്‍ നിലത്തേക്കിരുന്നു. രഘു അമ്മയുടെ അരുകില്‍ ചേര്‍ന്ന് കുനിഞ്ഞിരുന്നു. എന്നിട്ട് ദേവുവിനെ നോക്കി പറഞ്ഞു.

"ദേവൂ... എന്തെല്ലാന്നു വച്ചാല്‍ എടുത്തോള്ളൂ..."

രഘുവിന്‍റെ വാക്കുകേട്ട് അവള്‍ അകത്തേയ്ക്ക് കയറി. കട്ടിലില്‍ ചെന്നിരുന്ന് അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. അതോടെ രവിയും, രാമുവും ഭാര്യമാരേയും മക്കളേയും കൂട്ടി അവരവരുടെ മുറികളിലേയ്ക്ക് കയറി. രഘു അമ്മയെ പിടിചെഴുന്നേല്‍പ്പിച്ചു. അമ്മയുടെ മുറിയില്‍ കട്ടിലില്‍ അവരെ കിടത്തി അവന്‍ സ്വന്തം മുറിയിലേയ്ക്ക് വന്നു. അപ്പോഴും കട്ടിലില്‍ ഇരുന്നു ദേവു തേങ്ങിക്കരയുന്നുണ്ടായിരുന്നു. അവന്‍ അവള്‍ക്കരുകിലായി ചെന്നിരുന്നു. അതോടെ ദേവു നിറകണ്ണുകളോടെ അവനെ നോക്കി.

"രഘുവേട്ടാ... എന്തായിത്.. രഘുവേട്ടാ... വന്നു കയറിയ കുടുംബം ഇതുപോലെ തകര്‍ത്തെറിഞ്ഞു പോകുന്നതിലും നല്ലത് ഞാന്‍ പട്ടിണികിടക്കായിരുന്നില്ലേ ഇതിലും ഭേദം... എന്‍റെ അമ്മയേക്കാളും ഞാന്‍ സ്നേഹിച്ചത് ഈ അമ്മയെയാണ്.. എന്‍റെ അമ്മയെക്കാളും എനിക്ക് സ്നേഹം തന്നതും ഈ അമ്മയാണ്. അമ്മയോട് തന്നെ ഞാനിത് ചെയ്തല്ലോ രഘുവേട്ടാ...." അവള്‍ പൊട്ടിപ്പൊട്ടിക്കരയാന്‍ തുടങ്ങി. അവളെ സമാധാനിപ്പിച്ചുകൊണ്ട്‌ രഘു പറഞ്ഞു.

"ദേവു... നീയെന്ത് തെറ്റ് ചെയ്തു. തെറ്റ് ചെയ്തവര്‍ അകത്താണിപ്പോഴും. അത് പോട്ടെ. ഇതെല്ലാം ദൈവ വിധിയാണ്. ഇത് സംഭവിച്ചേ മതിയാകൂ.. നീ അങ്ങിനെ സമാധാനിക്ക്. നിന്നോട് അമ്മയ്ക്ക് ഒരു വെറുപ്പും ഉണ്ടാവില്ല.

"ഒക്കെ.. ശരിതന്നെ രഘുവേട്ടാ... ഇവിടുന്ന് ഓടിയിറങ്ങി നമ്മള്‍ എങ്ങോട്ട്പോകും.. ഓര്‍ത്തിട്ടെനിക്ക് ഭയമാകുന്നു. നമ്മുക്ക് ആരുണ്ട്‌ രഘുവേട്ടാ.. ഒന്നന്തിയുറങ്ങാന്‍ നമ്മളാരോട് കെഞ്ചും... എന്‍റെ വീടാണ് ഏട്ടന്‍റെ മനസ്സിലെങ്കില്‍ അതും എനിക്ക് ഭയമാകുന്നു. എന്നെ ആ വീട്ടില്‍ നിന്നൊന്ന് ഇറക്കിവിടാന്‍ അമ്മ പെട്ട പാട് എനിക്ക് മറക്കാന്‍ കഴിയില്ല. അതുമല്ല രഘുവേട്ടനെപ്പോലൊരാള്‍... എന്‍റെ വീട്ടില്‍!! ഒരു ചെറിയ പ്രശ്നം മതി എട്ടനത് താങ്ങാന്‍ കഴിയില്ല. ആരുടെയെങ്കിലും ഒരു വാക്ക് മതി... എല്ലാരേം പിണക്കി നമ്മള്‍ ഒറ്റപ്പെടില്ലേ..?? പോകാണ്ടിരുന്നാല്‍ എല്ലാ ബന്ധങ്ങളും നിലനില്‍ക്കും....

"ദേവൂ... ദേ നോക്ക്... തല്‍ക്കാലം നമ്മുക്ക് തലചായ്ക്കാനൊരിടം. അത്രേ ഞാന്‍ കരുതുന്നുള്ളൂ... നമ്മുക്ക് ഒരു വാടകവീടിലേയ്ക്ക്‌ മാറാം... അതുവരെ അതുവരെ മാത്രം... അവന്‍ പറഞ്ഞു.

"ഏട്ടാ... എന്തെങ്കിലും സംഭവിക്കും എന്നല്ല ഞാന്‍ പറഞ്ഞത്... ഒന്നും സംഭവിക്കില്ലാന്നു ഞാന്‍ അഹങ്കരിച്ച ഇവിടെ ഇപ്പൊ എന്താ ഉണ്ടായെ...? ഇവിടെ സ്നേഹിക്കുന്നോരമ്മയെങ്കിലും ഉണ്ട്... അവിടെ അതല്ല സ്ഥിതി... അതോര്‍ത്ത് ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ രഘുവേട്ട... അവളവന്റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു. പിന്നീട് സാധനങ്ങള്‍ ഒക്കെ അടുക്കിപെറുക്കി യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ഒക്കെ പൂര്‍ത്തിയാക്കി ദേവുവും രഘുവും അമ്മയുടെ അരുകിലേയ്ക്ക് ചെന്നു. അപ്പോഴും കട്ടിലില്‍ തളര്‍ന്നുകിടക്കുകയായിരുന്നു വിജയമ്മ. രഘുവും ദേവുവും അമ്മയുടെ മുഖത്തേയ്ക്ക് മുഖം ചേര്‍ത്ത് കരഞ്ഞു. ഒടുവില്‍ രഘു പറഞ്ഞു.

"ഇനി താമസ്സിക്കുന്നില്ലമ്മേ ഞങ്ങളിറങ്ങുവാ..... അമ്മ സങ്കടപ്പെടണ്ട. കുറച്ചു ദിവസം കഴിയുമ്പോള്‍ അമ്മയുടെ വിഷമം ഒക്കെ മാറും. അല്ലെങ്കില്‍ത്തന്നെ എപ്പോള്‍ വേണമെങ്കിലും അമ്മയ്ക്കങ്ങട് വരാല്ലോ...? രഘുവിന്‍റെ വാക്കുകേട്ട് വിജയമ്മ ഉയര്‍ന്നു അവന്‍റെ കവിളില്‍ ഉമ്മവച്ചു. എന്നിട്ട് ദേവുവിനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞു.

"ന്‍റെ പൊന്നുമോളെ ... പിരിയാന്‍ അമ്മയ്ക്കിഷ്ടമുണ്ടായിട്ടല്ല... ഒന്നോര്‍ത്തപ്പോള്‍ രഘു പറഞ്ഞതാ നല്ലതെന്ന് അമ്മയ്ക്കും തോന്നി. ഇനി നിങ്ങളിവിടെ നില്‍ക്കുന്ന ഓരോ നിമിഷവും അമ്മയ്ക്ക് ഭയമാ... എല്ലാരേം എനിക്ക് നഷ്ടാവില്ലല്ലോ... എന്‍റെ മോള് അമ്മയെ വെറുക്കരുത്... എന്‍റെ മോളെപ്പോലെയാ ഞാന്‍ നിന്നെ സ്നേഹിച്ചത്... ദൈവത്തിന് പോലും കണ്ടൂടാ മോളെ... അതോണ്ടല്ലേ എന്‍റെ മോളെ ഇത്രേം പെട്ടെന്ന് എന്നെ വിട്ടുപിരിച്ചേ...??? ദേവുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിജയമ്മ കരഞ്ഞു. ഒടുവില്‍ അമ്മയോട് യാത്ര പറഞ്ഞു രഘുവും ദേവുവും ആ വീടിന്‍റെ പടിയിറങ്ങി. അവര്‍ അകലുമ്പോള്‍ കണ്ണുകള്‍ പൊത്തി തേങ്ങിക്കരഞ്ഞുകൊണ്ട് വിജയമ്മ ആ മുറിയ്ക്കുള്ളില്‍ തന്നെ കിടന്നു. പക്ഷെ, തുറന്നുകിടന്ന ജനല്‍പ്പാളികളിലൂടെ എട്ടു കണ്ണുകള്‍ പരസ്പരം നോക്കി ഗൂഡമായി അട്ടഹസ്സിച്ചു.....
***********
ഉമ്മറത്ത് വിളക്കുവച്ച് ഒന്ന് നിവര്‍ന്ന സേതുലക്ഷ്മിയമ്മ കണ്ടത് ഇരുള്‍ വീണ വഴിയിലൂടെ മുറ്റത്തേയ്ക്ക് നടന്നടുക്കുന്ന രഘുവിനെയും ദേവുവിനെയുമാണ്. കൈയില്‍ പുരണ്ട എണ്ണ തലമുടിയില്‍ തേച്ചുകൊണ്ട് വിളക്കിന്‍റെ ഓരം മാറി ഉമ്മറപ്പടി കടന്നു അവര്‍ അവള്‍ക്കരുകിലേയ്ക്ക് ഓടിച്ചെന്നു. ദേവുവിന്റെ കരം ഗ്രഹിച്ചുകൊണ്ട് അവര്‍ ചോദിച്ചു. എന്താ മോളെ ഈ സന്ധ്യയില്‍...??? ഒന്നറച്ച രഘുവിനോട് പറഞ്ഞു...

"വാ... മോനെ എന്താ നിന്നുകളഞ്ഞത്... വാ അകത്തേയ്ക്ക് കയറിവാ...."

അവരെയും കൊണ്ട് മുന്നോട്ടു നടന്നു.... ഒടുവില്‍ വീടിന്‍റെ പടികടക്കുമ്പോള്‍ അവര്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു....

"മോളെ രാജേശ്വരി.... ദേ നോക്കിയേ ഇതാരാ വന്നതെന്ന്....??

അടഞ്ഞ മുറിയുടെ വാതില്‍ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങിയ രാജേശ്വരി അടുത്തു വന്നു ചേച്ചിയുടെ കരം പിടിച്ചു.

"എന്താച്ചീ.... എന്തുപറ്റി.. മുഖം വല്ലാണ്ടിരിക്കണല്ലോ...???

"ടീ... അതൊക്കെ പിന്നെ.... ആദ്യം അവരൊന്ന് വിശ്രമിക്കട്ടെ... നീ ആ മുറിയങ്ങട് തുറന്നുകൊടുക്കു.... സേതുലക്ഷ്മിയമ്മ പറഞ്ഞു. രാജേശ്വരി മുറി തുറന്നു ദേവുവിന്‍റെ കൈയിലെ സാധനങ്ങള്‍ ഒക്കെ വാങ്ങിവച്ച് മുറിയില്‍ നിന്നും പുറത്തിറങ്ങി. അകത്തേയ്ക്ക് കടന്ന രഘു വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി. വിയര്‍ത്ത് അവന്‍റെ ഉടുപ്പ് ദേഹത്തൊട്ടാന്‍ തുടങ്ങി. സാധനങ്ങള്‍ മുറിയുടെ മൂലയിലേയ്ക്ക് ഒതുക്കിവച്ച് ദേവു തിരിഞ്ഞ് രഘുവിനരുകിലേയ്ക്ക് വന്നു... അവന്‍റെ മുന്നില്‍ നിന്ന്.. അവന്‍റെ കണ്ണുകളില്‍ നോക്കി അവന്‍റെ ഉടുപ്പിന്‍റെ കുടുക്കുകള്‍ ഓരോന്നായി അവള്‍ അഴിക്കാന്‍ തുടങ്ങി. ഒടുവിലെ ബട്ടന്‍ അഴിക്കുംമുമ്പ് അവന്‍ അവളുടെ കണ്ണുകളില്‍ നോക്കി. അവള്‍ അവന്‍റെയും. രഘു മെല്ലെ അവളെ തന്നിലേയ്ക്കു ചേര്‍ത്തണച്ചു. അവന്‍റെ വിയര്‍പ്പൊഴുകുന്ന നെഞ്ചില്‍ തലചേര്‍ത്ത് ദേവു അവനെ മുറുകെപ്പുണര്‍ന്നു.

(തുടരും)
ശ്രീ വര്‍ക്കല

2014 മേയ് 11, ഞായറാഴ്‌ച


നോവല്‍

ദേവദാരുവിന്നരികത്ത്‌.....5

ഉച്ചയൂണ് കഴിഞ്ഞു രഘു ഒന്ന് മയങ്ങി. പിന്നീട് കുളിച്ചവന്‍ പുതിയൊരു ജോലിസംബന്ധമായ കാര്യത്തിന് ആരെയോ കാണാന്‍ പുറത്തേയ്ക്ക് പോയി. ദേവു മുറ്റമെല്ലാം അടിച്ച് കുളിച്ച് വന്നു. വന്നയുടനെ അവള്‍ ശ്രീദേവിയുടെ മുറിയുടെ മുന്നില്‍ ചെന്ന് മെല്ലെ വിളിച്ചു.

"ഏട്ടത്തീ... ശ്രീദേവി ഏട്ടത്തീ...."

ശ്രീദേവി വാതില്‍ക്കല്‍ വന്നു... "ഹും.. എന്താ ദേവു..???

"ശ്രീദേവിയേട്ടത്തീ... ഇന്ന് വിളക്ക് വയ്ക്കണം... ഞാനിന്ന് വെളിയിലാ..." ദേവു പറഞ്ഞു.

"ഹാ... എനിക്കും പറ്റില്ലന്നെ.... നീ സാവിത്രിയോട് ഒന്ന് പറയൂ..." ശ്രീദേവി പറഞ്ഞുകൊണ്ട് കതകു ചാരി അകത്തേയ്ക്ക് പോയി. ദേവുവിനത് അവളുടെ മുഖത്തടിയ്ക്കുന്നത് പോലെ തോന്നി. അതുകൊണ്ട് തന്നെ സാവിത്രിയോട് പറയാതെ അവള്‍ അമ്മയോട് പറഞ്ഞു.

"അമ്മെ... ഏട്ടത്തിമാര്‍ക്ക് കയറിക്കൂടാ... ഇന്ന് അമ്മയൊന്ന് വിളക്ക് വയ്ക്കണം."

വളരെ നാളുകള്‍ക്കുശേഷം വിജയമ്മ അന്ന് വിളക്ക് കൊളുത്തി തൊഴുതു.. തൊഴുത്‌ കഴിഞ്ഞ് ദേവുവിനരുകില്‍ വന്നവര്‍ പറഞ്ഞു...

"മോളെ... അവര്‍ക്ക് "തൊടക്കാകാന്‍" ഇനീം സമയം ഉണ്ടല്ലോ...?? അല്ലെങ്കില്‍ തന്നെ ഒരാളെങ്കിലും കാണുന്നതാണല്ലോ..?? ഇവര്‍ക്കിത് എന്തുപറ്റി..?

അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി നടന്നതെല്ലാം അവള്‍ അമ്മയോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞു വിജയമ്മ അരുകിലെ ചുമരില്‍ ചാരി നിലത്തേയ്ക്കിരുന്നു. അമ്മയ്ക്കരുകിലായി അവളും. രണ്ടു പേരും ഒന്നും ഉരിയാടിയില്ല. പിന്നീട് വിളക്കണച്ചു കഴിഞ്ഞ് അമ്മയ്ക്കവള്‍ ചോറ് കൊടുത്തു. അമ്മ ചോറുണ്ട് കഴിഞ്ഞ് കൈകഴുകി മുറിയിലേയ്ക്ക് കയറുമ്പോഴെയ്ക്കും രഘു എത്തി.

"അമ്മ ചോറുണ്ട് കിടന്നോ ദേവൂ..? അവന്‍ ചോദിച്ചു.

"ഉവ്വ്... രഘുവേട്ടാ.. ദേ.. ഇപ്പോഴങ്ങ് കയറിയതേയുള്ളൂ... എന്താ.... വിളിക്കണോ.. രഘുവേട്ടാ." അവള്‍ ചോദിച്ചു.

"വേണ്ട.. ദേവു... അമ്മ ചോറുണ്ടല്ലോ... ല്ലെ..?? അവന്‍ ഒന്നുകൂടി ചോദിച്ചു..

"ഉവ്വ് രഘുവേട്ടാ... ഞാനല്ലേ ഇന്നമ്മയ്ക്ക് ചോറ് കൊടുത്തേ..." അവള്‍ പറഞ്ഞു. പിന്നീട് വൈകിട്ട് നടന്ന കാര്യങ്ങള്‍ അവള്‍ രഘുവിനോട് പറഞ്ഞു. അവന്‍ അവള്‍ പറയുന്നത് കേട്ടു മൂളിക്കൊണ്ട് അടുക്കളയിലേയ്ക്ക് കയറി. അടുപ്പിന്‍റെ മുകളില്‍ വച്ചിരുന്ന ചോറുകലം എടുത്തവന്‍ മുറിയിലേയ്ക്ക് കൊണ്ടുപോയി.

"രഘുവേട്ടാ.... എന്തായിത് രഘുവേട്ടാ... വേണ്ട... അവരങ്ങിനെ ചെയ്തുവെന്നാല്‍ നമ്മളും അങ്ങിനെ ചെയ്യണോ രഘുവേട്ടാ... അപ്പോള്‍ പിന്നെ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസമാണ് രഘുവേട്ടാ...." അവള്‍ അവന്‍റെ പുറകെ കൂടി കൈയില്‍ പിടിച്ചു കൊണ്ട് ചോദിച്ചു.

"ദേവു.. നീ മാറി നില്‍ക്ക്... നിനക്കൊന്നും അറിയില്ല. നീ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല... മനസ്സിലായോ..? രഘുവിന്‍റെ ശബ്ദം മുറുകിയതിനാല്‍ അവള്‍ പിന്നെ ഒന്നും മിണ്ടിയില്ല. ദേവുവിനെ അകത്തുകയറ്റി അവന്‍ വാതിലടച്ചു. സമയം മെല്ലെ നീങ്ങി. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ചുവരിലെ ഘടികാരത്തിന്‍റെ സെക്കന്റ്‌സൂചി മിടിക്കുന്നത്‌ അവള്‍ക്കു കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ തൊട്ടടുത്ത് അടുക്കളയില്‍ ആരോ വന്നിട്ടുണ്ട്. പാത്രങ്ങള്‍ ശക്തിയോടെ വയ്ക്കുന്നതും പരസ്പരം മുറുമുറുക്കുന്നതും കേള്‍ക്കുന്നു. ദേവുവിന്‍റെ നെഞ്ചകം പടപടാ മിടിക്കാന്‍ തുടങ്ങി. അവള്‍ രഘുവിന്‍റെ മുഖത്തേയ്ക്ക് നോക്കി. രഘു ഒരു മാസിക പിടിച്ച് മുഖം മറച്ചിരിക്കുന്നു. അവള്‍ അവനരുകില്‍ കട്ടിലിന്‍റെ ഓരം ചേര്‍ന്ന് വന്നിരുന്നു. അപ്പോഴേയ്ക്കും കതകില്‍ മുട്ട് കേട്ടു...

"രഘൂ...." മൂത്ത ജേഷ്ഠന്‍ രവി ആയിരുന്നു.

വിളി കേള്‍ക്കാതെ രഘു വന്ന് വാതില്‍ തുറന്നു മുറിയുടെ പുറത്തേയ്ക്ക് ചെന്നു.. "ഹും എന്താ ഏട്ടാ..." അവനിങ്ങനെ ചോദിക്കുമ്പോള്‍ രണ്ടാമത്തെ ജേഷ്ഠന്‍ രാമുവും അവനരുകിലേയ്ക്ക് എത്തിയിരുന്നു. സാവിത്രിയും, ശ്രീദേവിയും അവരവരുടെ മുറിയുടെ വാതില്‍ തുറന്ന് അതിനരുകില്‍ ചുവരില്‍ ചാരി നില്‍പ്പായി.

"നീയെന്ത് ഭാവിച്ചാ...??? രവിയാണ് ചോദിച്ചത്...?

"മനസ്സിലായില്ല..." രഘു തിരിച്ചു ചോദിച്ചു... പുറത്തെ സംഭാഷണം കേട്ട് അകത്ത് ദേവു വിറയ്ക്കാന്‍ തുടങ്ങി. എവിടെ നിന്‍റെ പുന്നാരഭാര്യ... ഒരു ദേവസുന്ദരി ഉണ്ടല്ലോ ഇവിടെ.... പുറത്തു വരാന്‍ പറയ്‌ അവളോട്‌... രഘു മിണ്ടിയില്ല. പെട്ടെന്ന് രാമു ഉച്ചത്തില്‍ വിളിച്ചു "ദേവൂ..."

"എന്തോ.." അവള്‍ വിളികേട്ടു ഭയന്നുകൊണ്ട് പുറത്തേയ്ക്ക് വന്നു... രഘുവിന്‍റെ പിന്നില്‍ നിലയുറപ്പിച്ചു.

"നീയാരാന്നാടി നിന്‍റെ വിചാരം...? ദേഷ്യത്തോടെ രാമു ചോദിച്ചു. ദേവു ഭയന്ന കണ്ണുകളോടെ രഘുവിന്‍റെ പിന്നില്‍ തന്നെ
നിലയുറപ്പിച്ചു. അവള്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

"വെട്ടത്തേയ്ക്ക് മാറി നില്‍ക്കടീ... നീ വരാണ്ടിരുന്നപ്പോള്‍ ഈ വീട്ടില്‍ ഒരു കലഹവും ഉണ്ടായിട്ടില്ല. ഇവന് ഏട്ടത്തിമാരെന്നാല്‍ ജീവനായിരുന്നു. ഇപ്പോള്‍...??? അവരോട് കയര്‍ക്കാന്‍ മാത്രം ധൈര്യം ഇവനായോ...? നിന്നെ ഏതാണ്ട് പറഞ്ഞൂന്ന് കരുതി ഈ ചേലാണെങ്കില്‍, ഇന്ന് അതൊന്ന് കാണണമല്ലോ...?? പറഞ്ഞുകൊണ്ട് രാമു രഘുവിന്‍റെ പിന്നില്‍ നിന്ന ദേവുവിന്‍റെ കൈയില്‍ പിടിയ്ക്കാന്‍ ആഞ്ഞു. രഘു ജേഷ്ഠന്‍റെ കൈയില്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു.

"പറച്ചില് മാത്രം മതി ഏട്ടാ... ചെയ്ത്ത് വേണ്ടാ... അതിനു ഞാനിവിടെ ഉണ്ട്..."

"നിന്നെയെന്താടാ ഞങ്ങള്‍ക്ക് പേടിയാകുവോ...?? രവിയും രാമുവും ഒരുമിച്ചു ആയിരുന്നു അത് പറഞ്ഞത്.

"പേടിക്കുകയോ.. പേടിക്കാതിരിക്കുകയോ ചെയ്യ്‌ നിങ്ങള്... അതെനിക്ക് പ്രശ്നമല്ല. ആദ്യം ഏട്ടത്തിമാരോട് ചോദിക്ക്.... ശെരിക്കുള്ള കാര്യം അറിഞ്ഞിട്ട് പോരെ ബാക്കി സംസാരം എല്ലാം...."

"അത് നീ പറയാതെ ഞങ്ങള്‍ക്കറിയാം... ഞങ്ങള്‍ക്കവരെ വിശ്വാസാ...." നിന്‍റെ പെണ്ടാട്ടിയെപ്പോലെ.. ഒന്നുമില്ലാണ്ട് കയറിവന്നതൊന്നും അല്ല അവര്... " ജേഷ്ഠന്‍മാര്‍ രണ്ടുപേരും പുലികളെപ്പോലെ രഘുവിന്‍റെ മുന്നില്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും പുറത്തെ ബഹളം കേട്ടു വിജയമ്മ കതകു തുറന്നു പുറത്തേയ്ക്ക് വന്നു. പെട്ടെന്ന് തന്നെ മൂന്നു ആണ്‍മക്കളുടെയും മധ്യത്തായി വന്നു നിന്നവര്‍ പറഞ്ഞു.

"എന്താടാ... മക്കളെ നിങ്ങളിങ്ങനെ...??? ആദ്യായിട്ടാണല്ലോ... ഈശ്വരാ എന്‍റെ മക്കള്‍ ഇങ്ങനെ..? എടീ ശ്രീദേവി.. സാവിത്രി രണ്ടുപേരും ഇവന്മാരെ വിളിച്ചുകൊണ്ട് പോകിനെടീ... മോനെ രഘു നീ റൂമിലേയ്ക്ക് പോടാ... മോളെ ദേവു നീ ഇവനെ വിളിച്ചോണ്ട് പോ..." വിജയമ്മ കരയാന്‍ തുടങ്ങി. അവരുടെ വാക്ക് കേട്ടു ശ്രീദേവിയും സാവിത്രിയും നിന്നിടത്തു നിന്ന് അനങ്ങിയതെ ഇല്ല. എന്നാല്‍ ദേവു ഉടന്‍ തന്നെ രഘുവിന്‍റെ കൈയില്‍ പിടിച്ചു പറഞ്ഞു.

"വാ... രഘുവേട്ടാ... വാ.. ഒന്നും വേണ്ടാ... ആരേം വിഷമിപ്പിക്കേണ്ടാ...??

"അപ്പോള്‍ നീയെന്നും പട്ടിണികിടക്കാനോ..?? രഘു തിരിഞ്ഞു ചോദിച്ചു. ദേവു ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും രാമു കുതിച്ചുവന്ന് ദേവുവിന്റെ കൈയില്‍ പിടിച്ചു.

"നീ പോകാന്‍ വരട്ടെ... ഞാന്‍ ചോദിച്ചതിനു സമാധാനം പറഞ്ഞേച്ചു പോയാല്‍ മതി.." അയാള്‍ ഉച്ചത്തില്‍ പറഞ്ഞു. അപ്പോഴേയ്ക്കും പിന്നില്‍ നിന്നും പാഞ്ഞെത്തിയ രവി രഘുവൊന്നു തിരിയുംമുന്‍പേ ദേവുവിന്‍റെ ചെകിടില്‍ ഒരടി അടിച്ചു. അവള്‍ അടികൊണ്ട് ഒരേങ്ങലോടെ നിലത്തേയ്ക്ക് വീണു. രഘു അമ്മയുടെ കൈതട്ടി മാറ്റി ഒരു ഭ്രാന്തനെപ്പോലെ തിരിഞ്ഞു. അവന്‍റെ ഉരുക്ക് മുഷ്ടി ആദ്യം പതിച്ചത് രവിയുടെ മുഖത്തായിരുന്നു. അയാളുടെ പല്ലൊരെണ്ണം ഇളകി നിലത്തുവീണു. അപ്പോഴേയ്ക്കും രാമു രഘുവിനെ ചുറ്റിപ്പിടിച്ചു. രഘു ഒന്ന് കുടഞ്ഞു തിരിഞ്ഞു. അടുത്ത അടിയേറ്റ് രാമു നിലം പതിച്ചു. അടുക്കളയിലേയ്ക്ക് പാഞ്ഞുകയറിയ അവന്‍ അതിവേഗം കൈയില്‍ ഒരു വെട്ടുകത്തിയുമായി തിരികെ വന്നു. അപ്പോഴേയ്ക്കും ഏട്ടത്തിമാരും ഓടിയെത്തിയിരുന്നു. വിജയമ്മ തലയില്‍ കൈരണ്ടും ചേര്‍ത്ത് വീടിന്‍റെ ചുവരില്‍ ചാരി തേങ്ങിക്കരഞ്ഞു. താഴെ വീണുകിടന്ന രവിയുടെ അരുകിലേയ്ക്ക് അവന്‍ പാഞ്ഞു ചെന്നു. അപ്പോഴേയ്ക്കും അയാളുടെ മൂക്കില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങിയിരുന്നു. ശ്രീദേവി രവിയെ വട്ടം ചുറ്റിപ്പിടിച്ചു നിലത്ത് കിടന്നു. രഘു അവളെ തള്ളിമാറ്റി രവിയുടെ വലതു കരം പിടിച്ചുയര്‍ത്തി ഇങ്ങനെ പറഞ്ഞു.

"എന്‍റെ മുന്നില്‍ വച്ച് എന്‍റെ ദേവൂനു നേരെ ഉയര്‍ന്ന ഈ കൈയ് കൊണ്ട് നീയിനി ആരേം അടിക്കില്ല...അവന്‍ ആ വെട്ടുകത്തി ഉയര്‍ത്തുമ്പോഴേയ്ക്കും ദേവു പാഞ്ഞെത്തി. രാമു രഘുവിനെ പിന്നില്‍ നിന്ന് പിടിച്ചു. വിജയമ്മ കാലുകളില്‍ കെട്ടിപ്പിടിച്ചു... രഘുവിന്‍റെ കാതുകളില്‍ നിലവിളികള്‍ ഉയര്‍ന്നുകേട്ടു...

"കൊച്ചച്ചാ... അച്ഛനെ ഒന്നും ചെയ്യല്ലേ കൊച്ചച്ചാ..." ഭയന്നു അരുകില്‍ വരാതെ ഏട്ടന്‍റെ കുഞ്ഞുങ്ങള്‍.....
"മോനെ... നിന്‍റെ പെറ്റമ്മയെ ഓര്‍ത്തെങ്കിലും... വിട്ടു കളയടാ...".. തേങ്ങിക്കരഞ്ഞുകൊണ്ട് അമ്മ....
"രഘു... വേണ്ടടാ... അബദ്ദായിപ്പോയി..." ഏട്ടന്‍ രാമു...
"രഘു.. രവിയേട്ടനെ ഒന്നും ചെയ്യല്ലേടാ... എന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛനില്ലാണ്ടാക്കല്ലേടാ..." ശ്രീദേവി ഏട്ടത്തി...
"രഘുവേട്ടാ... ഒന്നും വേണ്ടാ... രഘുവേട്ടാ... നമ്മള്‍ക്കാരോടും വഴക്ക് വേണ്ടാ... ഏട്ടന്‍റെ ദേവൂനു ഒരു പരിഭവോം.. ഇല്ല... ആരോടും... പൊട്ടിക്കരഞ്ഞുകൊണ്ട് ദേവു അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിലവിളിച്ചു. ആ സമയം കൊണ്ട് രവി ഇഴഞ്ഞിഴഞ്ഞ് അവിടെ നിന്നും ദൂരേയ്ക്ക് മാറി... ശ്രീദേവിയും സാവിത്രിയും കൂടി അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു മുറിയിലേയ്ക്ക് കൊണ്ട് പോയി. പുറകെ രഘുവിനെ വിട്ട് രാമുവും...

പതിവില്ലാത്ത ബഹളം കേട്ടു... ഇരുളില്‍ അതിര്‍വരമ്പുകളില്‍ അയല്‍ക്കാര്‍ വന്നു നിന്ന്‍ ഒളിഞ്ഞും തെളിഞ്ഞും അവിടേയ്ക്ക് നോക്കി... അപ്പോഴും രഘുവിന്‍റെ നെഞ്ചില്‍ നിന്നും പിടിവിടാതെ ദേവു പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരഞ്ഞുകരഞ്ഞു വിജയമ്മ ചരിഞ്ഞ് നിലത്തേയ്ക്ക് വീണു.

(തുടരും)
ശ്രീ വര്‍ക്കല
 

നോവല്‍

ദേവദാരുവിന്നരികത്ത്‌.....4

ആ രാവ് തേങ്ങിമയങ്ങുമ്പോള്‍, ചോര തിളയ്ക്കുന്ന നെഞ്ചിന്‍കൂട്ടിനുള്ളില്‍ മുറിവേറ്റ രണ്ട് മനസ്സുകള്‍ മാത്രം തളര്‍ന്നുകിടന്നു. ഒടുവില്‍, എപ്പോഴോ രഘുവിന്‍റെ നെഞ്ചില്‍ ചാരി ദേവു ഉറക്കമായി. ഇറുക്കിയുടുത്തിരുന്ന മുണ്ടിന് മുകളില്‍ അവളുടെ ഒട്ടിയ വയര്‍ ഇടയ്ക്കിടെ തുടിക്കുന്നത് രഘുവിന് കാണാമായിരുന്നു.... അത് കാണുവാനുള്ള ശക്തിയില്ലാതെ അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ആ മണ്‍ചുവരില്‍ ചാരി, മുഖം മച്ചിലേയ്ക്ക് തിരിച്ചവന്‍ മിണ്ടാതെ കിടന്നു. ഒന്നനങ്ങിയാല്‍ ദേവുവിന്‍റെ ഉറക്കം നഷ്ടമാകും. ആ കിടപ്പില്‍ അവന്‍ ഒരു തീരുമാനം എടുത്തു. എന്തിനും ഏതിനും ഒന്നുമറിയാത്തവനെപ്പോലെ എങ്ങിനെ നടക്കും. അവള്‍ പട്ടിണി കിടക്കുന്നു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ശെരി തന്നെ ഏട്ടത്തിമാരോട് പുലരുമ്പോള്‍ ചോദിക്കുക തന്നെ....

തെക്കേ മുറ്റത്തെ കൂട്ടിനുള്ളില്‍ നിന്ന് ചാവല്‍ക്കോഴി നീട്ടികൂകുമ്പോള്‍ ദേവു ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചയില്‍ എപ്പോഴോ മയങ്ങിയ രഘു അപ്പോഴും നല്ല ഉറക്കമായിരുന്നു. അവള്‍ ആകെ വിഷമിച്ചു. പാതിചാരിയ ജനാലയ്ക്കുള്ളിലൂടെ അകലെ ചെറു മഞ്ഞവെളിച്ചം കാണുമാറായി. അവള്‍ ചിന്തിച്ചു...

"ഏട്ടത്തിമാര്‍ എഴുന്നേറ്റിട്ടുണ്ടാകുമോ എന്തോ....???

എന്നും ദേവു എഴുന്നേറ്റ് കുളിച്ച് അടുപ്പെല്ലാം വൃത്തിയാക്കി പ്രഭാതഭക്ഷണം തയ്യാറാക്കി തുടങ്ങുമ്പോഴാണ് ഏട്ടത്തിമാര്‍ എത്താറുള്ളത്. അവള്‍ ചിന്തിച്ച പോലെ തന്നെ അന്ന് ഏട്ടത്തിമാര്‍ അടുക്കളയില്‍ ഉണ്ടായിരുന്നു... കുളിച്ച് ചെന്ന ദേവുവിനെക്കണ്ട് സന്തോഷത്തോടെ ശ്രീദേവിയേട്ടത്തി ചോദിച്ചു.

"എന്തുപറ്റി ദേവൂ... പതിവില്ലാതെ ഇത്രേം നേരം ഒരു ഉറക്കം..." പറഞ്ഞുകൊണ്ട് അവര്‍ സാവിത്രിയെ നോക്കി...

ദേവു ചിരിച്ചുകൊണ്ട്.. ചായപാത്രം എടുത്ത് വെള്ളം എടുത്ത് അടുപ്പില്‍ വച്ചിട്ട് അതിനരുകില്‍ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. അപ്പോള്‍ സാവിത്രി പറഞ്ഞു

"ഹാ... എന്തായാലും നിനക്ക് കുട്ടികളൊന്നും ആയില്ലല്ലോ...?? എത്ര വേണേലും ഉറങ്ങാല്ലോ..??? ഞങ്ങളുടെ കാര്യം അങ്ങിനല്ലല്ലോ ദേവൂ...

ദേവു അതിനും ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ പെട്ടെന്നാണ് രഘു അടുക്കളയിലേയ്ക്ക് കയറിവന്നത്... അതവന് പതിവുള്ളതല്ല. അവന്‍ അടുപ്പിന്‍റെ തിട്ടയുടെ അരുകില്‍ വന്നിരുന്നു. എന്നിട്ട് പറഞ്ഞു...

"കല്യാണം കഴിച്ചാലും...കഴിച്ചില്ലേലും, കുട്ടികള്‍ ഇല്ലേലും ഉണ്ടായാലും... ഉറങ്ങിയാലും ഉറങ്ങില്ലേലും അവള്‍ ആഹാരം കഴിക്കണോല്ലോ.. അല്ലെ....? ശ്രീദേവിയേട്ടത്തിയേ...???

"അതെന്താടാ നീയിന്ന് ഇങ്ങനെ ഞങ്ങളോട് മുനവച്ച് സംസാരിക്കുന്നത്..." ശ്രീദേവി തിരിച്ചടിച്ചു.

"എന്ത് മുന.... ??? കാര്യം പറയുന്നതാണോ മുന....??? രഘു എന്തിനും തയാറെടുത്തുള്ള പുറപ്പാടാണെന്ന് തോന്നിയ ദേവു... കണ്ണുകള്‍ കൊണ്ടവനോട് യാചിച്ചു...

"രഘുവേട്ടാ... എന്നെയോര്‍ത്തെങ്കിലും....!!!!" അവള്‍ പറയാതെ തന്നെ അവനതു മനസ്സിലായി... അതോടെ അവന്‍ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് പോയി. പിന്നീട് കുളികഴിഞ്ഞ് പറമ്പില്‍ ചുറ്റിനടന്ന് തെക്കേ മുറ്റത്തെത്തുമ്പോള്‍ ദേവു അവനരുകില്‍ ചായയുമായി വന്നു. അവന്‍റെ കൈയില്‍ അത് നല്‍കി അവള്‍ പറഞ്ഞു...

"ഇതാ... രഘുവേട്ടന്‍റെ കുഴപ്പം...?? ഇനിയിപ്പോള്‍ എന്നോടുള്ള അവരുടെ പെരുമാറ്റം എനിക്കൂഹിക്കാന്‍ കൂടി കഴിയുന്നില്ല. ഇപ്പോഴേ ശ്രീദേവി ഏട്ടത്തി മുഖം കറുപ്പിച്ചുതുടങ്ങി. ഒന്നും വേണ്ടിയിരുന്നില്ല രഘുവേട്ടാ... "

"പിന്നെ നീ ഇങ്ങനെ പട്ടിണി കിടക്കുന്നത് ഞാന്‍ കണ്ടുകൊണ്ടിരിക്കണോ? അതും ഞാന്‍ വയറു നിറയെ കഴിച്ചിട്ട്....??? അവന്‍ ആരാഞ്ഞു.

"ന്‍റെ.. രഘുവേട്ടാ... ഇവിടെയെന്നല്ല... ഈ ഞാനെന്നല്ല... ഒട്ടുമിക്ക വീടുകളിലും അങ്ങിനെ തന്നാ.... എന്തിന് ഏട്ടനെ ഇത്രേം വളര്‍ത്തിയ ഏട്ടന്‍റെ അമ്മ പോലും ഇങ്ങനെതന്നെയായിരുന്നിരിക്കും.....!!!! അവള്‍ അവനരികില്‍ ചേര്‍ന്ന് രഹസ്യമായി പറയും പോലെ പറഞ്ഞു...

"ഉവ്വോ..!!! അങ്ങിനെയെങ്കില്‍ എന്തെ നിന്‍റെ ഏട്ടത്തിമാര്‍ രണ്ടും മൂക്ക് മുട്ടെ തിന്നിട്ട് കിടക്കണേ...??? രഘുവും വിട്ടു കൊടുത്തില്ല...

"ഹോ... എന്നെക്കൊണ്ട് വയ്യേ..!!! ഈ രഘുവേട്ടന്‍റെ ഒരു കാര്യം..." അവള്‍ തോല്‍വി സമ്മതിച്ച്‌ അടുക്കളയിലേയ്ക്ക് പോയി.

പിന്നീട് പെട്ടെന്നവള്‍ പ്രഭാതഭക്ഷണം കൊടുത്ത്... അവന് ഉച്ചയ്ക്കുള്ള ചോറ് പൊതിയാനായി വാഴയില വെട്ടി തിരികെ വരുമ്പോള്‍ രഘു പറഞ്ഞു...

"ദേവു.... വേണ്ട... ഇന്ന് ജോലിയ്ക്ക് പോകുന്നില്ല.. ആകെ ഒരസ്വസ്ഥത.. മനസ്സിനും ശരീരത്തിനും....." പിന്നീട് അവളൊന്നും പറഞ്ഞില്ല. എന്നിട്ട്, ദേവുവിനെ അവന്‍ അരുകിലേയ്ക്ക് കൈപിടിച്ച് ഇരുത്തി. അന്നാദ്യമായ്‌ അവനവള്‍ക്ക് വയറു നിറയുവോളം വാരിക്കൊടുത്തു....

"ഹും... മതി രഘുവേട്ടാ... ദേ വയറ് കണ്ടോ...?? പൊട്ടാറായി... ഹും.. "

അവളത് പറയുമ്പോള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്ത് രഘു നെറുകയില്‍ ഉമ്മവച്ചു. അന്ന് ദേവു പതിവിലും കൂടുതല്‍ സന്തോഷവതിയായിരുന്നു. രഘു ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് അമ്മയുടെ അരുകില്‍ ചെന്നിരുന്നു. അമ്മയോട് കുശലം പറഞ്ഞു പറഞ്ഞു ഒടുവില്‍ അമ്മയുടെ മടിയില്‍ തലചായ്ച്ചു അവന്‍ കിടന്നു... വിജയമ്മ അവന്‍റെ നേര്‍ത്ത തലമുടിയില്‍ വിരലോടിച്ച് കൊണ്ടിരുന്നു... ആ സുഖത്തില്‍ മയങ്ങി അവന്‍ മെല്ലെയുറങ്ങി. അടുക്കളയിലെ ജോലിയെല്ലാം തീര്‍ത്ത് ദേവുവും അമ്മയുടെ അരുകില്‍ വന്നിരുന്നു... അതവള്‍ക്കും പതിവില്ലാത്തതാണ്. രഘുവില്ലെങ്കില്‍ അകത്തെ ജോലി കഴിഞ്ഞാല്‍ പിന്നെ അവള്‍ പറമ്പില്‍ നടന്നു അതുമിതും ചെയ്തു കൊണ്ടേയിരിക്കും...

"മോളെ..!! ഇനിയെങ്കിലും ആരെയെങ്കിലും ഒന്ന് പോയിക്കാണണ്ടേ...??? അറിയാല്ലോ.. അമ്മയ്ക്ക് വയസ്സായി. ഏതു നേരത്താ എന്‍റെ കണ്ണടയാന്ന് പറയാന്‍ പറ്റില്ല. മൂത്തവര് രണ്ടുപേരുടേം മക്കളെ ഞാന്‍ കണ്ടു. ഇനിയെനിക്ക് എന്‍റെ രഘുവിന്‍റെ കുട്ടികളെക്കൂടി കണ്ടാല്‍ മതിയായിരുന്നു....വിജയമ്മ നെടുവീര്‍പ്പിട്ടു.

"രണ്ടാള്‍ക്കും ഒരു കുഴപ്പോമില്ലമ്മേ...!! രഘുവേട്ടന് ഒരു നല്ല ജോലി വേണം ന്ന് ആഗ്രഹം..ണ്ട്.. ഒരു വീടും വയ്ക്കണം... അതിനുള്ള കുറച്ച് പണമെങ്കിലും സ്വരൂപിക്കണം എന്നാ ഏട്ടന്‍ പറയണേ... എന്നിട്ടായാലും സമാധാനം ഉണ്ടായിരുന്നു എന്ന്. ചിന്തിക്കുമ്പോള്‍, എനിക്കും തോന്നി അമ്മെ... അതാണ്‌ ശെരി എന്ന്.. എന്‍റെ വീട്ടിലെ സ്ഥിതി അമ്മയ്ക്കറിയാല്ലോ..??? ഞങ്ങള്‍ക്ക് പണം ചോദിക്കാനും അത് തരാനും ആരുമില്ല അമ്മെ... ഞങ്ങളല്ലാതെ... പറഞ്ഞിട്ടവള്‍ ഒരു നിമിഷം മൂകയായി. അപ്പോള്‍ വിജയമ്മ പറഞ്ഞു...

"മക്കളെ... നിങ്ങളിപ്പോള്‍ കുട്ടികളാണ്... ഈ ഓജസ്സും, തേജസ്സും ഉള്ള സമയത്ത് നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ അത് ആരോഗ്യം ഉള്ള കുഞ്ഞായിരിക്കും... എന്നായാലും വേണ്ടേ മോളെ... പിന്നെ അതിപ്പോഴായാല്‍ ഒരു കുഴപ്പോം ഇല്ല. എല്ലാം അതിന്‍റെ വഴിയ്ക്കു നടക്കും മോളെ... "വാ കീറിയ ദൈവം വഴിയും തരുമെന്നാ പ്രമാണം..." അതറിയാല്ലോ..

"ഹും... തരും തരും.. വിജയമ്മേ... വഴിയല്ല... വാഴയ്ക്ക... ഹ ഹ ... " പെട്ടെന്ന് കണ്ണടച്ചു കിടന്ന രഘു പറഞ്ഞു.

"ങേ... എടാ കള്ളാ... നീ ഉറങ്ങിയില്ല അല്ലെ...? വിജയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.

ദേവുവിന് നാണം വന്നു. രഘു പറഞ്ഞു... "എല്ലാം അതിന്റെതായ സമയത്ത് നടക്കും അമ്മെ..."

പിന്നീട് മൂവരും നിശബ്ദരായി. വിയജമ്മ അപ്പോഴും വിരലുകള്‍ അവന്‍റെ മുടിയിഴകളില്‍ ചേര്‍ത്ത് ഓടിച്ചുകൊണ്ടിരുന്നു. ദേവു അമ്മയ്ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല