2014 മേയ് 28, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....10

ദേവുവിന് ഉടലാകെ തളരുന്നത് പോലെ തോന്നി. അരികിലേയ്ക്ക് അടുക്കുന്ന രഘുവിന്‍റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുവാനുള്ള ത്രാണിപോലും അവള്‍ക്കുണ്ടായിരുന്നില്ല. സത്യദാസ് അപ്പോള്‍ ഉള്ളുകൊണ്ട് സന്തോഷിക്കുകയായിരുന്നു. രാജേശ്വരിയുടെ കണ്ണുകള്‍ അപ്പോഴും ദേവുവിനരുകിലേയ്ക്ക് നീങ്ങുന്ന രഘുവിലായിരുന്നു. ദേവു ഒരു നിമിഷം കൊണ്ട് എല്ലാവരെയും മാറിമാറി നോക്കി. പ്രത്യേകിച്ച് അമ്മ സേതുലക്ഷ്മിയുടെ മുഖത്ത്... അവളുടെ നോട്ടത്തില്‍ ഒരു യാചനയുടെ ഭാവം ഉണ്ടായിരുന്നു. കഥയൊന്നുമറിയാത്ത അമ്മയാകട്ടെ ഒരു നിസ്സഹായയുടെ അവസ്ഥയിലും. രഘു അടുത്തെത്തിയതും ദേവു മച്ചിലേയ്ക്ക് നോട്ടം പായിച്ച് ഇരു കണ്ണുകളും മുറുകെയടച്ചു. അവളുടെ അടുത്തെത്തി നിന്ന രഘുവിന് അവളുടെ മാറിടങ്ങള്‍ ഭയത്താല്‍ ഉയര്‍ന്നുപൊങ്ങുന്നത് കാണാമായിരുന്നു. ഒരു നിമിഷം അവിടമാകെ പറഞ്ഞറിയിക്കാനാവാത്ത ഒരു നിശബ്ദത പടര്‍ന്നുകയറി.... അതിനെ ഭഞ്ജിച്ചുകൊണ്ട് രഘു ദേവുവിന്റെ ഇടത് തോളില്‍ തന്‍റെ വലതുകൈ അമര്‍ത്തി മെല്ലെ വിളിച്ചു...

"ദേവൂ....."

രഘുവിന്‍റെ വിളികേട്ട് അവള്‍ കണ്ണുകള്‍ തുറന്നില്ല... അതുകൊണ്ട് തന്നെ അവന്‍ വീണ്ടും വിളിച്ചു.

"ദേവൂ...."

ആ വിളിയ്ക്ക് ഒരു അധികാരത്തിന്‍റെയോ... സ്നേഹത്തിന്‍റെയോ അതിലുപരി ഒരു സാന്ത്വനത്തിന്റെയോ രൂപമുണ്ടായിരുന്നിരിക്കാം. ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. അവള്‍ കണ്ണുകള്‍ അവന്‍റെ മുഖത്തിന് നേരെ തിരിച്ചു. അവന്‍റെ തിളങ്ങുന്ന കണ്ണുകള്‍ അവളോട്‌ ഒരായിരം വാക്കുകള്‍ പറയുന്നപോലെ... അവള്‍ക്കു പിന്നീട് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല....

"ന്‍റെ... രഘുവേട്ടാ..."

ആ വിളിയില്‍ എല്ലാം ഉണ്ടായിരുന്നു. വിളിയോടൊപ്പം ദേവു രഘുവിന്‍റെ നെഞ്ചിലേയ്ക്ക് തളര്‍ന്നുവീണു. അവളെ തന്നിലേയ്ക്കു ചേര്‍ത്ത്, ഇടതുകരം കൊണ്ട് അമര്‍ത്തിപ്പിടിച്ചു വലതുകരം കൊണ്ടവളുടെ മുതുകില്‍ തട്ടി അവന്‍ സാന്ത്വനിപ്പിച്ചു. ദേവുവിന്‍റെ കരച്ചിലിന്‍റെ ശക്തി വല്ലാതെ കൂടി. അവളെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി ഒരു നിമിഷം രഘു സത്യദാസിനെ തിരിഞ്ഞൊന്നു നോക്കി. രഘുവിന്‍റെ കണ്ണുകള്‍ ശ്രദ്ധിച്ച സത്യദാസിന് അവിടെ നിന്നൊന്ന് പോയാല്‍ മതി എന്ന അവസ്ഥയായിരുന്നു. അയാള്‍ പെട്ടെന്ന് രാജേശ്വരിയോടൊപ്പം അകത്തേയ്ക്ക് പോകാനായി ധൃതികൂട്ടി. രാജേശ്വരി സത്യദാസിന്‍റെ കരം പിടിച്ചു. അതുകണ്ട് രഘു ഉറച്ച ശബ്ദത്തോടെ അവരെ നോക്കിപ്പറഞ്ഞു.

"അവിടെ നില്‍ക്ക്.....രണ്ടാളും പോകാന്‍ വരട്ടെ....."

മുന്നിലേയ്ക്ക് കാലുകള്‍ വച്ച രണ്ടുപേരും പെട്ടെന്ന് നിശ്ചലമായി. സേതുലക്ഷ്മി കൈയിലിരുന്ന സഞ്ചി നിലത്തേയ്ക്ക് വച്ചു. രഘുവിന്‍റെ ശബ്ദം ഉയര്‍ന്നതോടെ ദേവു അവന്‍റെ നെഞ്ചില്‍ നിന്നും തലയുയര്‍ത്തി അവന്‍റെ കണ്ണുകളില്‍ നോക്കി. അപ്പോഴേയ്ക്കും രഘു ദേവുവിന്‍റെ വലതുകൈയില്‍ പിടിച്ചു. പെട്ടെന്നവന്‍ അവളെയും കൊണ്ട് തിരിഞ്ഞു. അവളെ തന്നോടൊപ്പം വലിച്ചുകൊണ്ട് വന്നു സത്യദാസിനു മുന്നില്‍ നിലയുറപ്പിച്ചു. എന്നിട്ട് ദേവുവിനോട് ചോദിച്ചു.

"പറയെടീ.... ന്താ ഇവിടെ ഉണ്ടായതെന്ന് പറയെടി എന്നോട്..."

രഘുവിന്‍റെ കണ്ണുകളിലെ ഭാവം കണ്ട ദേവു നിന്നു വിറച്ചു. സത്യദാസ് അപ്പോഴേയ്ക്കും എന്ത് വന്നാലും നേരിടണം എന്നൊരു തീരുമാനം മനസ്സ്കൊണ്ട് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ രഘുവിന്‍റെ മുന്നില്‍ അവന്‍ ധൈര്യത്തോടെ നിന്നു. ഒപ്പം അവന്‍റെ ആരോഗ്യത്തില്‍, കഴിവില്‍ അവനു ആത്മവിശ്വാസം ഉണ്ടായിരുന്നു. അവന്‍ ചിന്തിച്ചു... ഇനിയിപ്പോള്‍ എന്തുവന്നാലും നേരിടുക തന്നെ.. അല്ലെങ്കില്‍ തന്നെ ഇവനെപ്പോലൊരുവനെ ഞാന്‍ ഭയക്കേണ്ടതുണ്ടോ..?? ഒരിക്കല്‍ ഇവനെ ശക്തികൊണ്ട് തോല്‍പ്പിച്ചാല്‍ പിന്നെ ദേവുവെന്ന ഈ സുന്ദരിക്കുട്ടിയെ പ്രാപിക്കാന്‍ തനിക്ക് വളരെ എളുപ്പമാകും.... എല്ലാവരും എന്ത് സംഭവിക്കും എന്ന് ഭയന്നു നില്‍ക്കുന്ന ഈ അവസ്ഥയിലും അവന്‍റെ ചിന്തകള്‍ സഞ്ചരിച്ചത് ഈ വഴികളിലൂടെയായിരുന്നു.

"പറയടീ എന്താ ഇവിടെ ഉണ്ടായത് എന്ന്....????

ദേവുവിനോട് രഘു ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ സത്യദാസ് ചിന്ത വിട്ടുണര്‍ന്നു. ദേവു ഭയന്നുകൊണ്ട് തന്നെ അവിടെ നടന്നതെല്ലാം രഘുവിനോട് പറഞ്ഞു. പറയുമ്പോഴെല്ലാം അവള്‍ വളരെ ശ്രദ്ധാപൂര്‍വ്വം രഘുവിനെ വീക്ഷിച്ചുകൊണ്ടിരുന്നു. അവള്‍ക്കറിയാം ഇതെല്ലാം കേട്ടുകഴിയുമ്പോള്‍ അവന്‍ ചലിയ്ക്കുന്നത് വളരെ പെട്ടെന്നായിരിക്കും.. സേതുലക്ഷ്മിയമ്മ ദേവുവിന്‍റെ വാക്കുകള്‍ കേട്ട് തലകുനിച്ചു. പക്ഷെ, രാജേശ്വരി വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തത് പോലെ രഘുവിന്‍റെ മുന്നിലേയ്ക്ക് കയറി നിന്നു. രഘു അവളെ ശ്രദ്ധിച്ചതേയില്ല. ദേവുവിനെ വിട്ടു രഘു സത്യദാസിനു നേരെ തിരിഞ്ഞു. പിന്നില്‍ നിന്നും ശക്തിയായി ദേവു രഘുവിനെ പിടിച്ചു. അവന്‍റെ പിന്നില്‍ നിന്നവള്‍ പറഞ്ഞു..

"വേണ്ട രഘുവേട്ടാ... വേണ്ടാ... "

അവളുടെ കൈകളില്‍ അവന്‍ നില്‍ക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് അവള്‍ പെട്ടെന്ന് അമ്മയെ നോക്കിപ്പറഞ്ഞു.

"അമ്മെ... വാ അമ്മെ... രഘുവേട്ടനെ പിടിക്കമ്മേ..."

സേതുലക്ഷ്മി ഒന്നറച്ചുവെങ്കിലും പെട്ടെന്ന് ഓടി അവള്‍ക്കരുകിലെത്തി. പിന്നെ രഘുവിനോട് പറഞ്ഞു..

"മോനെ... രഘു വേണ്ടടാ... കുടുംബം തകരാന്‍ കാത്തിരിക്കുവാ... എല്ലാരും... ന്‍റെ പൊന്നുമോന്‍ ഇത്തവണ ഒന്ന് ക്ഷമിക്ക്... നാട്ടുകാര്‍ അറിഞ്ഞാല്‍ പിന്നെ ഈ കഥ മാറും... പിന്നെ ഇതാകില്ല കഥ. കഥയ്ക്ക്‌ നിറം വയ്ക്കും. നമ്മുക്കത് താങ്ങാന്‍ കഴിയില്ലടാ... അങ്ങിനെയെങ്കില്‍ അവന്‍ പോകട്ടെ ഇവിടെ നിന്ന്... അമ്മ നിനക്ക് ഉറപ്പു തരാം. നാളെ പുലരുമ്പോള്‍ തന്നെ രാജേശ്വരിയെയും കൂട്ടി അവനിവിടെ നിന്നു പോകും... അമ്മയല്ലേ പറയുന്നത്... വേണ്ട മോനെ വിട്ടേര്...

അമ്മയ്ക്ക് പിന്നാലെ ദേവുവും അവനോടു യാചിച്ചു. "വേണ്ട രഘുവേട്ടാ... വേണ്ട പോകട്ടെ... ഇനി ഞാന്‍ സൂക്ഷിച്ചോളാം....

രംഗം ഇത്രയേറെ ആയപ്പോഴേയ്ക്കും രാജേശ്വരി അമ്മയോട് തട്ടിക്കയറി. അവള്‍ രോക്ഷത്തോടെ ചോദിച്ചു.

"ഞങ്ങളെവിടെ പോകാന്‍... ??? എന്നിട്ട് ദേവുവിനെ നോക്കി കൈചൂണ്ടി വീണ്ടും അമ്മയുടെ മുഖത്തേയ്ക്കു നോക്കി അവള്‍ പറഞ്ഞു. " ഈ വീട്ടില്‍ ഇവള്‍ക്കുള്ളത് പോലെ എനിക്കും അധികാരം ഉണ്ട്... അവകാശം ഉണ്ട്. പിന്നെ ഞങ്ങളെന്തിനു പോണം... നിങ്ങളൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും സത്യേട്ടന്‍ ഇവള് പറയുന്നത് പോലെ തെറ്റ് ചെയ്തൂന്ന്... എന്നിട്ടവള്‍ രഘുവിനെ നോക്കിപ്പറഞ്ഞു. "നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയെ എത്രത്തോളം വിശ്വാസമുണ്ടോ അതിലേറെ വിശ്വാസമുണ്ട് എനിക്ക് എന്‍റെ സത്യേട്ടനെ.. അവള്‍ തുടര്‍ന്നു..

"അല്ലെങ്കില്‍ തന്നെ നിങ്ങളുടെ വീട്ടില്‍... നിങ്ങളുടെ ചേട്ടന്മാരെ മയക്കിയത് പോലെ സത്യേട്ടനെയും വരുതിയിലാക്കാം എന്നിവള്‍ കരുതിയിട്ടുണ്ടാകും. എല്ലാ ആണുങ്ങളേം അതിന് കിട്ടൂല്ല. എല്ലാം പുറത്തറിയുമെന്നായപ്പോള്‍ അവള് നല്ല പിള്ള ചമയുകയാ.... എന്നിട്ടവള്‍ സ്വന്തം കൂടപ്പിറപ്പാണ് എന്ന് പോലും നോക്കാതെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു...

"തേവിടിശ്ശി..."

ആരും പ്രതീക്ഷിച്ചില്ല രാജേശ്വരിയുടെ നാവില്‍ നിന്നും ഇങ്ങനെയൊരു പ്രതികരണം. ദേവു ഇരുകരങ്ങളും കൊണ്ട് ചെവിപൊത്തി. സേതുലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞു. ഒരു നിമിഷം അവര്‍ ചിന്തിച്ചു. അച്ഛന്‍ ഉപേക്ഷിച്ചു പോയതില്‍ പിന്നെ ഇതുവരെ തന്‍റെ പെണ്മക്കളെ കുറിച്ച് ആരും തെറ്റായി ഒരു വാക്ക് പോലും മിണ്ടാന്‍ ഇട നല്‍കിയിട്ടില്ല. അതിനുള്ള അവസരം അവരാരും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടിപ്പോള്‍ സ്വന്തം കൂടപ്പിറപ്പ് തന്നെ അവളെ ഇങ്ങനെ പരിഹസിക്കുന്നു... അപമാനിക്കുന്നു. സേതുലക്ഷ്മിയമ്മ ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ നില്‍ക്കെ രഘുവിന്‍റെ മുന്നിലേയ്ക്ക് ദേവു പാഞ്ഞുകയറി. ഒരുനിമിഷം പോലും താമസ്സിക്കാതെ രാജേശ്വരിയുടെ ഇടതുകരണത്തില്‍ ശക്തിയോടെ അവള്‍ അടിച്ചു. പിന്നിലേയ്ക്ക് മലക്കം മറിഞ്ഞ അവളെ സത്യദാസ് കടന്നുപിടിച്ചു. എന്നിട്ടവന്‍ കോപത്തോടെ ദേവുവിന് നേരെ തിരിഞ്ഞു. അവളെ അടിക്കാന്‍ ശക്തിയായി വന്ന അവന്‍റെ വലതുകരം രഘുവിന്‍റെ ഇടതുകരം തട്ടി തെറിച്ചു. ഒപ്പം രഘുവിന്‍റെ വലതുകരം കൊണ്ടുള്ള അടിയേറ്റ് സത്യദാസ് മുന്നിലെ മുറിയിലെ വലിയചുമരിലേയ്ക്കു വേച്ചുവീണു. നിലത്തേയ്ക്ക് വീണ അവന് എഴുന്നേറ്റ് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുന്‍പ് രഘു അവനെ പിടിച്ചുയര്‍ത്തി. രഘുവിന്‍റെ രണ്ടാമത്തെ അടി സത്യദാസ് ചെറുക്കാന്‍ ഒരു വിഫലശ്രമം നടത്തി. പക്ഷെ ആ അടിയും കൊണ്ടതോടെ സത്യദാസിന്‍റെ മുഖം വീര്‍ത്തു. ദേവുവും അമ്മയും രഘുവിന്‍റെ പിന്നില്‍ അവനെ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. രഘു ഇരുവരേയും വലിച്ചുകൊണ്ട് തന്നെ സത്യദാസിനെ മൂന്നാമതും അടിച്ചു. അപ്പോഴേയ്ക്കും നിലത്തേയ്ക്ക് വീണ അവന്‍റെ മൂക്കില്‍ നിന്നും ചോരപൊടിഞ്ഞു. നിലത്ത് വീണ അവന്‍ ശക്തമായി കിതയ്ക്കാന്‍ തുടങ്ങി. അതോടെ രാജേശ്വരി ഓടിവന്ന് രഘുവിന്‍റെ കാലുകളില്‍ പിടിച്ചു.

"രഘുവേട്ടാ.... വേണ്ടാ... സത്യേട്ടനെ ഇന്യൊന്നും ചെയ്യല്ലേ.... ഞങ്ങള് പൊയ്ക്കൊള്ളാം..."

രഘു അവളുടെ കരച്ചില്‍ കേട്ട് ഒന്ന് നിന്നു. അപ്പോഴേയ്ക്കും അവന്‍റെ കാലുകളിലെ പിടിവിട്ട് രാജേശ്വരി ചെന്ന് സത്യദാസിനെ പിടിചെഴുന്നേല്‍പ്പിച്ചു. എഴുന്നേറ്റ് അവളുടെ തോളില്‍ കൈയിട്ട് അവന്‍ നിന്നു കിതച്ചു. രാജേശ്വരി അവനെ രഘുവിന്‍റെ മുന്നിലൂടെ മുറിയിലേയ്ക്ക് കൊണ്ടുപോകാന്‍ തുടങ്ങി. രഘുവിന്‍റെ മുന്നില്‍ അവരെത്തിയതും.. രഘു വലതുകൈ അവര്‍ക്ക് വിലങ്ങനെ ഉയര്‍ത്തി. സത്യദാസ് ഇനിയും അടിയ്ക്കാനാകും എന്ന് കരുതി ഭയന്നു നിന്നു. ഒപ്പം രാജേശ്വരിയും. അവളുടെ കണ്ണുകളും ക്രോധം വിട്ട് യാചനയുടെ ഭാവം നേടിയിരുന്നു. സത്യദാസിനെ നോക്കി രഘു പറഞ്ഞു.

"നീ ദേവുവിനോട് ഇത്രേം ഒക്കെ ചെയ്തിട്ടും.... നിന്നെ ഞാന്‍ അടിയ്ക്കാതെ ഒഴിവാക്കുകയായിരുന്നു. അതാരേം ഭയന്നല്ല. ഈ അമ്മ പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത്... ഇനി എന്നെങ്കിലും എന്‍റെ പെണ്ണിന് നേരെ നീ ആവശ്യമില്ലാത്തൊരു നോട്ടം നോക്കിയെന്ന് ഞാനറിയരുത്. എന്നിട്ട് രാജേശ്വരിയോട് പറഞ്ഞു.

"ഇവനോട് നിനക്ക് സ്നേഹം വേണം... നല്ലത് തന്നെ. അത് ഇവനോടൊപ്പം എല്ലാറ്റിനും കൂട്ടുനില്‍ക്കുന്നൊരു സ്നേഹമാകരുത്.... ഒരു നിമിഷം കൊണ്ട് സ്വാര്‍ത്ഥലാഭത്തിന് വേണ്ടി സ്വന്തം കൂടപ്പിറപ്പിനെ അപമാനിച്ചവളാ നീ... ഒന്നോര്‍ത്തോ ദേവൂന്‍റെ അനുജത്തീന്ന് ഒരു പരിഗണന മാത്രം... അതുമാത്രം... ഇല്ലായിരുന്നുവെങ്കില്‍ അവളെ തേവിടിശ്ശി എന്ന് വിളിച്ച നിന്‍റെ നാവു ഞാന്‍ പിഴുതെടുത്തേനെ... ഒന്ന് നിര്‍ത്തി രണ്ടുപേരെയും രൂക്ഷമായി നോക്കിയിട്ടവന്‍ പറഞ്ഞു.

"ഹും... പൊയ്ക്കോ... രണ്ടാളും എന്‍റെ മുന്നീന്ന്..."

എന്നിട്ട് തളര്‍ന്നു നിന്ന അമ്മയോട് പറഞ്ഞു. അമ്മയെന്നോട് പൊറുക്കണം. എന്‍റെ സ്വന്തം ഏട്ടന്മാര്‍ ഇവളുടെ നേരെ കൈയോങ്ങിയപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെനിക്ക്.. അതുകൊണ്ടാണ് ഇന്ന് ഞാനിവിടെ നില്‍ക്കുന്നത്. ഇവിടെയും അങ്ങിനെ ഒന്നും ഉണ്ടാകരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. എന്നിട്ടും ഇങ്ങനെ ഒക്കെ നടന്നു. ഇതെല്ലാം വിധിയാണമ്മേ... വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്ല... സേതുലക്ഷ്മിയമ്മയുടെ മുന്നില്‍ നിന്ന രഘുവിന്‍റെ കണ്ണുകള്‍ അപ്പോഴേയ്ക്കും കോപം വിട്ട് ശാന്തമായിരുന്നു...

രഘുവിന്‍റെ വാക്കുകള്‍ കേട്ടു നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട്, നിലത്തിരുന്ന സഞ്ചിയും എടുത്ത് മാറിലെ തോര്‍ത്തുകൊണ്ട് കണ്ണുകള്‍ തുടച്ചവര്‍ അകത്തേയ്ക്ക് പോയി. ദേവു രഘുവിനെ ചേര്‍ന്ന്കൊണ്ട് മുറിയിലേയ്ക്കും. വാതില്‍ കടന്ന ഇരുവരും കട്ടിലില്‍ കിടന്നുറങ്ങിയിരുന്ന ശിഖയെക്കാണാതെ പരിഭ്രമിച്ചു. ദേവു മുറിയില്‍ ചുറ്റും കണ്ണോടിച്ചു. ചുമരിലേയ്ക്കു തുറന്നിരുന്ന കതകിന് മറവില്‍ നിന്നു ഭയപ്പാടോടെ അവളുടെ കുഞ്ഞിക്കണ്ണുകള്‍ അച്ഛനെ തന്നെ നോക്കുന്നുണ്ടായിരുന്നു... താഴെ പായയില്‍ അമര്‍ അപ്പോഴും ഉറക്കത്തിലായിരുന്നു. ദേവു രഘുവിനെ വിട്ട് മകളുടെ അരുകിലെത്തി സ്നേഹത്തോടെ അവളെ വിളിച്ചു. അവള്‍ ദേവുവിന്‍റെ നേരെ മുഖം തിരിച്ചുനിന്നു..

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ