നോവല്‍
ദേവദാരുവിന്നരികത്ത്.....
ആമുഖം
"ചിന്നമ്മു അനാഥയാണ്.".., ലിയാത്തിന്‍റെ പെണ്മക്കള്‍ എന്നീ നോവലുകള്‍ക്ക് ശേഷം മുഖപുസ്തകത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങുന്ന എന്‍റെ നോവല്‍ ആണ് "ദേവദാരുവിന്നരികത്ത്..".
തിരക്കേറിയ ജീവിതയാത്രയില്‍...... അത് പലപ്പോഴും ചുട്ടുപൊള്ളുന്ന ഒരു നിരത്തിലാകാം, ചാഞ്ഞുപെയ്യുന്ന ചാറ്റല്‍മഴയുള്ള ഒരു ഗ്രാമത്തിലാകാം, ഉരഞ്ഞുരഞ്ഞു ഉരുക്ക് ഗന്ധം വമിക്കുന്ന ഒരു തീവണ്ടിയ്ക്കുള്ളിലാകാം, ഉയര്‍ന്നുതാണ് മറിയുന്നൊരു കടല്‍ത്തീരത്താകാം, കാറ്റിനോട് ചേര്‍ന്നുറങ്ങുന്നൊരു കായല്‍ത്തിരയിലാകാം.... അതിലുപരി കടലുതാണ്ടി എവിടെയോ ഉരുകിത്തീരുന്ന കുറെ പണിസ്ഥലങ്ങളിലാകാം.... നമ്മുക്ക് കണ്ണുണ്ടായിട്ടും, കാഴ്ച മറയാതിരുന്നിട്ടും കാണാതെ പോകുന്ന ചില കഥകള്‍ ഉണ്ടാകും. ജീവനുള്ള കഥകള്‍.... അതില്‍ ചിലതെല്ലാം ജീവച്ഛവങ്ങള്‍. പാതിയുടഞ്ഞ മണ്‍കലത്തില്‍ മഴപെയ്തു നിറയുന്ന ജലം പോലെ. നിറയാനേറെ ഇടമുണ്ടായിട്ടും ഇടയിലെവിടെയോ ജീവിതം കൈകളില്‍ നിന്നും ചോര്‍ന്ന് പോകുന്നൊരവസ്ഥ. ചുറ്റിക്കൊണ്ടിരിക്കുന്നൊരു വളയത്തില്‍ തുടക്കമേത് ഒടുക്കമേതെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒരു കുഞ്ഞിനെപ്പോലെ ജീവിതപ്പെരുവഴിയില്‍ പകച്ചുപോയ ചില മുഹൂര്‍ത്തങ്ങള്‍...... അതെല്ലാം കോര്‍ത്തിണക്കിക്കൊണ്ട് ഒരു കഥ. അതിങ്ങനെ ജീവനുള്ള ഒരു നോവലായി മാറുമ്പോള്‍, ഒരുപക്ഷെ, നമ്മുടെ ഓരോരുത്തരുടെയും ജീവിത മുഹൂര്‍ത്തങ്ങളോടെല്ലാം സാമ്യമുണ്ടാകും. കാരണം നമ്മളെല്ലാപേരും അതിലൊരാള്‍ തന്നെയാണ് എന്ന സത്യം നാം തിരിച്ചറിയുന്നതുകൊണ്ടാകാം.
നാല് തലമുറകളുടെ ഗന്ധമുണ്ടീ നോവലിന്..... ഉള്ളടക്കത്തിലേയ്ക്ക് കടക്കും മുന്‍പ് നാട്ടുവഴിയിലെ പൂത്തുലഞ്ഞ മരത്തിലെ ചുവന്ന പൂക്കളിലേയ്ക്കു നോക്കൂ. കാണാനേറെ സുഖമുള്ള കാഴ്ച തരുമ്പോഴും സുഗന്ധമില്ലെന്ന് കേഴുന്നൊരു ചുവന്ന പൂവ്.... വീടിന്‍റെ ഉമ്മറക്കോലായില്‍ ഇരുന്നാല്‍ ദേവുവിന് ആ മരം കാണാം. കാരണം അവളുടെ വീട്ടുമുറ്റത്താണ് ആ മരം നില്‍ക്കുന്നത്. പൂത്തുലഞ്ഞു, മഴത്തുള്ളികളുടെ ഭാരവും പേറി കുനിഞ്ഞു നില്‍ക്കുകയാണവളുടെ ശിഖരങ്ങള്‍. പൂക്കളില്‍ നിന്നും അടര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികളിലാണ് ദേവുവിന്‍റെ നോട്ടം മുഴുവന്‍. ശരീരമാകെ തണുപ്പ് അരിച്ചുകയറുമ്പോഴും, പകല്‍ പോലെ വെളിച്ചം പരത്തി വെള്ളിടി വീഴുമ്പോഴും, അടുക്കളയില്‍ നിന്നും ദേഷ്യത്തോടെ അമ്മ സേതുലക്ഷ്മി വിളിച്ചു പറയും....
"ദേവു.. നീയിങ്ങട് കയറി വരുന്നുണ്ടോ?.. അവനെന്താ കൊച്ചുകുഞ്ഞാണോ? അവനിങ്ങ് വരും..." എന്നിട്ടവര്‍ ആരോടെന്നില്ലാതെ പറയും.
"ഇങ്ങനെയും ഉണ്ടോ പെണ്‍പിള്ളേര്‍...."
"വരുന്നു അമ്മെ... ഞാനും കൊച്ചുകുട്ടിയൊന്നും അല്ലല്ലോ?? ദേവു തിരിച്ചടിക്കും.
സേതുലക്ഷ്മിയുടെ നാല് മക്കളില്‍ രണ്ടാമത്തേതാണ് ദേവു എന്ന് വിളിക്കുന്ന ദേവിക. ദേവുവിന്‍റെ ഭര്‍ത്താവ് രഘുനാഥ്. കൂലിവേലക്കാരന്‍. ഇവര്‍ക്ക് ഒരു മകള്‍, രണ്ടു വയസ്സുള്ള ശിഖ. അവധിക്കാലം ആയതിനാല്‍ രഘുവിന്‍റെ അമ്മയോടൊപ്പമാണ് ശിഖ. ദേവു ഇപ്പോള്‍ രണ്ടാമതും ഗര്‍ഭിണി. അതും മാസം തികഞ്ഞ നില്‍പ്പ്. ദേവുവിന്‍റെ ജേഷ്ഠന്‍ രാജശേഖര്‍ വിവാഹിതനായി അകലെ ഭാര്യവീട്ടില്‍ താമസം. സേതുലക്ഷ്മിയ്ക്ക് നാല് മക്കളെ കൈകളില്‍ ഏല്‍പ്പിച്ച്, പിന്നീട് അവരെ പിരിഞ്ഞ് ബന്ധുവായ മറ്റൊരു സ്ത്രീയോടൊപ്പമാണ് ഭര്‍ത്താവ് തമ്പിയുടെ ഇപ്പോഴത്തെ ജീവിതം. വല്ലപ്പോഴും മക്കളെ വഴിയില്‍ വച്ചു കണ്ടു കുശലം പറയും എന്നല്ലാതെ തമ്പിയുമായി മറ്റൊരു ബന്ധവും ആ കുടുംബത്തിനു പിന്നീടുണ്ടായിരുന്നില്ല. ദേവുവിന്‍റെ നേരെ ഇളയവള്‍ രാജേശ്വരിയും വിവാഹിതയാണ്. ഭര്‍ത്താവ് വിദേശത്തും. അവര്‍ക്ക് കുഞ്ഞുങ്ങളില്ല. ദേവുവും കുടുംബവും, രാജേശ്വരിയും അമ്മ സേതുലക്ഷ്മിയോടൊപ്പം ഈ കുടുംബവീട്ടിലാണ് താമസം. അപസ്മാര രോഗിയായിരുന്ന നാലാമത്തെയാള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ മരണപ്പെട്ടു.
"ദേവൂച്ചി... കയറി വരണുണ്ടോ...? ഇടമുറിയുടെ വാതില്‍ക്കല്‍ ചേര്‍ന്ന് നിന്നു അത് പറഞ്ഞത് രാജേശ്വരിയായിരുന്നു.
"രഘുവേട്ടന്‍ വരേണ്ട സമയം കഴിഞ്ഞല്ലോ..."
ദേവു അകലെ വഴിയിലേയ്ക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു. പിന്നെയവള്‍ പതിയെ ഇരുന്നിടത്ത് നിന്നും വളരെ ബദ്ധപ്പെട്ട് എഴുന്നേറ്റു നിന്നു. അവള്‍ ഒരു കൈ ഇടുപ്പില്‍ ചേര്‍ത്ത് വയറിന് താങ്ങായി വച്ചിരുന്നു. മഴയുടെ സംഗീതം അപ്പോഴേയ്ക്കും ഉച്ചസ്ഥായിയിലായി. വീടിന് മുന്‍വശത്ത് ഉണക്കാനിട്ടുരുന്ന വസ്ത്രങ്ങള്‍ പെട്ടെന്നുള്ള മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടപ്പുണ്ടായിരുന്നു. മുറ്റത്ത് റോഡരുകില്‍ നിന്നിരുന്ന ചുവന്നപൂക്കള്‍ നിറഞ്ഞ മരത്തിന്‍റെ ചില്ലയൊന്ന് നനഞ്ഞുകുതിര്‍ന്ന വസ്ത്രങ്ങള്‍ക്ക് മേലെ അടര്‍ന്നുവീണത് പെട്ടെന്നായിരുന്നു. അതു കണ്ട് സ്ഥലകാലം മറന്ന ദേവു ഉമ്മറക്കോലായില്‍ നിന്നു മുറ്റത്തേയ്ക്ക് കാലെടുത്ത് വച്ചതും അതിശക്തമായ ഒരു മിന്നല്‍പ്പിണര്‍ ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. ഒരു ഞെട്ടലോടെ അവള്‍ പുറത്ത് വെള്ളത്തിലേയ്ക്ക് തെറിച്ചുവീണു. ഓലമേഞ്ഞ ഇറമ്പില്‍ നിന്നും അവളുടെ ദേഹത്തേയ്ക്ക് വെള്ളത്തുള്ളികള്‍ അതിവേഗം വീണുകൊണ്ടിരുന്നു. സേതുലക്ഷ്മിയും, രാജേശ്വരിയും ഒരു നിലവിളിയോടെ അവളുടെ അരുകിലേയ്ക്ക് ഓടിവന്നു. നനഞ്ഞൊട്ടിയ ദേഹവുമായി കിടന്നു വിറച്ചിരുന്ന അവളുടെ മൂക്കിനുള്ളില്‍ നിന്നും ഒരു തുള്ളി രക്തം പുറത്തേയ്ക്ക് ഒഴുകി നിന്നു. അവ വെള്ളത്തുള്ളികള്‍ അലിയിച്ചിറക്കുമ്പോഴെയ്ക്കും അമ്മയും അനുജത്തിയും അവളെ ഉയര്‍ത്താന്‍ ഒരു പരാജിതപ്രയത്നം നടത്തി. അപ്പോഴേയ്ക്കും നനഞ്ഞൊട്ടിയ വേഷവുമായി രഘുനാഥ് വീടിന്‍റെ പടികടന്നിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ