ദേവദാരുവിന്നരികത്ത്.....12
"അമ്മേ...ഇത്.. രഘുവേട്ടന് വേണ്ടി സത്യദാസ് കൊണ്ടുവന്ന വിസയല്ലേ..?? ഒരു നിമിഷത്തെ മൌനം വിട്ടു ദേവു സേതുലക്ഷ്മിയോടു ചോദിച്ചു.
"അതെ... നീയെന്തവരോട് കാണിച്ചാലും.... ഇത് കണ്ടോ നീ...??? അതാണ്. ആദ്യം മനുഷ്യരെ മനസ്സിലാക്കാന്‍ ശ്രമിക്കണം. അല്ലാതെ.....നിന്നെപ്പോലെ കാര്യം എന്തെന്ന് മനസ്സിലാക്കാതെ...!! നിന്നോട് ഒരു കാര്യം ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്. വിവാഹം കഴിഞ്ഞ പെണ്‍കുട്ട്യോള് ചിലതൊക്കെ മനസ്സില്‍ വയ്ക്കണം...... ന്ന്... നീ അത് കേട്ടിരുന്നുവെങ്കില്‍ ഈ കുടുംബത്ത് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകുമായിരുന്നോ...?? സേതുലക്ഷ്മിയമ്മ പറഞ്ഞു.
"എന്ത് ഞാന്‍ മനസ്സില്‍ വയ്ക്കണം എന്നാണു അമ്മ പറയുന്നത്...?? എനിക്ക് മനസ്സിലാവണില്യാ... " ദേവു തിരിച്ചു ചോദിച്ചു.
"രാജേശ്വരി ഓരോന്ന് പറയുമ്പോള്‍ നാണംകെട്ടു എന്‍റെ തൊലിയുരിഞ്ഞുപോയി. അല്ല നീയല്ലേ അവരോട് രഘൂനൊരു വിസ ആവശ്യപ്പെട്ടത്....??? സേതുലക്ഷ്മി തുടര്‍ന്നു ചോദിച്ചു.
"അതെ... അതിനെന്താ... എന്ന് കരുതി അവന്‍ പറയുന്നതെല്ലാം ഞാന്‍ അനുസരിക്കണം എന്നാണോ അമ്മ പറയുന്നത്...!!!! അവന്‍ എന്ത് ചെയ്താലും ഞാന്‍ കൈകെട്ടി നിന്നു സഹകരിക്കണം എന്നാണോ അമ്മ പറയുന്നത്...?? ദേവു ചോദിച്ചു.
"അവന്‍ നിന്നോട് ഇപ്പോള്‍ എന്ത് ചെയ്തുവെന്നാ നീ പറഞ്ഞു വരണേ..?? അന്നെനിക്ക് ഒന്നും മനസ്സിലായില്ല. ആരുടെ ഭാഗത്താണ് തെറ്റെന്നോ ശരിയെന്നോ മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചില്ല. പക്ഷേ, ഇപ്പോള്‍ അങ്ങിനെയല്ല. ഇവിടെ എന്ത് നടന്നൂന്ന് എനിക്കൊരു വ്യക്തതയുണ്ട്." സേതുലക്ഷ്മിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ട് ദേവുവിന് കലശലായ വിഷമവും അതിലുപരി ദേഷ്യവും വന്നു. അതുകൊണ്ട് തന്നെ അവള്‍ സേതുലക്ഷ്മിയോട് തുറന്നടിച്ചു.
"ഇവിടെ എന്ത് നടന്നൂന്നാ... ????? ങേ.. അമ്മയിവിടെ എന്താണ് നടന്നതെന്ന് ശെരിക്കും അറിഞ്ഞിട്ട് തന്നെയാണോ സംസാരിക്കുന്നത്. വിഷമം ഉണ്ടമ്മേ... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്.... അവള്‍ പറഞ്ഞു.
"അല്ല പിന്നെ... ആ കുട്ടി അതൊന്ന് ഏട്ടത്തീടെ കൈയില്‍ കൊടുക്കാന്ന് കരുതി മുറിയില്‍ കയറിയതാ... അതിന് അവളുണ്ടാക്കിയ ഓരോ പൊല്ലാപ്പേ...!!! നക്കിപ്പെറുക്കി കിടക്കുന്ന അവളൊന്ന് രക്ഷപ്പെട്ടോട്ടെ എന്ന് കരുതി ചെയ്തതാ അവന്‍... അതിപ്പോള്‍ അവര്‍ക്ക് ശനിയായി. സേതുലക്ഷ്മിയമ്മ ആരോടെന്നില്ലാതെ പിറുപിറുത്തു.
"അമ്മ ശരിയ്ക്കുള്ള കാര്യം അറിഞ്ഞിട്ട് തന്നെയാണോ ഈ സംസാരിക്കുന്നത്...???
ഇങ്ങനെ അമ്മയോട് ചോദിക്കുമ്പോള്‍ ദേഷ്യത്തെക്കാള്‍ ഉപരി അവള്‍ക്കു സങ്കടം ആണ് ഉണ്ടായത്. ദേവു അടുത്തുകണ്ട ചുവരിലേയ്ക്ക് ചാരി നിന്നു. അവളുടെ സങ്കടം കണ്ണുനീരായി കപോലങ്ങളില്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. അവളുടെ കണ്ണീരു കണ്ടുകൊണ്ട് തന്നെ സേതുലക്ഷ്മി തുടര്‍ന്നു.
"ഒന്നുകില് കെട്ടിയോന് കഴിവുണ്ടാകണം. അല്ലെങ്കില്‍ കെട്ടിയോള്‍ക്ക് വകതിരിവുണ്ടാകണം. ഇത് രണ്ടും ഇല്ലെങ്കില്‍ ഉള്ലോരോ കാര്യങ്ങളേ..!!! നയത്തില് നിന്നു അവനോന്‍റെ കാര്യം സാധിക്കണം എന്നല്ലാതെ എടുത്തടിച്ചു ഓരോന്ന് ചെയ്തിട്ട്.... അവര്‍ പറഞ്ഞു നിര്‍ത്തി.
"അമ്മയ്ക്കെങ്ങിനെ എന്നോട് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നു അമ്മെ... അച്ഛന്‍ പോയേപ്പിന്നെ അമ്മ ഞങ്ങളെ അങ്ങിനെയാണോ വളര്‍ത്തിയത്...??? കാര്യസാധ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ അമ്മെ....??? അമ്മ പറയുന്നത് മുഴുവന്‍ ഞാന്‍ കേള്‍ക്കുന്നു. സത്യാ അമ്മ പറയുന്നത്.. എനിക്ക് കഷ്ടപ്പാട് തന്നാ... എന്ന് കരുതി അമ്മ എന്നെ പറഞ്ഞോണം. എന്‍റെ രഘുവേട്ടനെക്കുറിച്ച് പറയാന്‍ അമ്മയ്ക്കെന്തു യോഗ്യതയാ അമ്മെ ഉള്ളത്. അമ്മയീപ്പറയുന്ന സത്യദാസ് അല്ല ഇത്രേം നാളും ഈ വീട് നോക്കിയത്. എന്‍റെ രഘുവേട്ടന്‍ കഷ്ടപ്പെടുന്ന കാശ് കൊണ്ടാ ഇവിടെ എല്ലാവരും കഞ്ഞികുടിച്ച് കഴിഞ്ഞേ. അതൊന്നും മറക്കരുത് അമ്മെ. രാജേശ്വരി ഇവിടെ നിന്നുവെന്ന് പറഞ്ഞ് ഈ കുടുംബത്ത് ഇന്നുവരെ അവളെന്തിനെങ്കിലും ചെലവാക്കിയിട്ടുണ്ടോ അമ്മെ..?? അവള്‍ക്കുണ്ടാകട്ടെ. അവള്‍ക്കിനിയും പണം ഉണ്ടാകട്ടെ. അതില് ദേവൂനു സന്തോഷേ ഉള്ളൂ... എന്ന് കരുതി അവള്‍ പറയുന്ന ഇല്ലാവചനങ്ങള്‍ കേട്ട് അമ്മ എന്നെ തെറ്റിദ്ധരിച്ചല്ലോ അമ്മെ..??? ഇത്രയും പറയുമ്പോള്‍ ദേവു നല്ലതുപോലെ കരഞ്ഞുപോയി. അവളുടെ തേങ്ങല്‍ പുറത്തേയ്ക്ക് ഒഴുകാന്‍ തുടങ്ങി.
"അവളൊരു ഇല്ലാവചനവും പറഞ്ഞിട്ടില്ല. നീയിനി എന്ത് പറഞ്ഞാലും നീ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുപോലെ നിങ്ങള്‍ക്കിനി എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അത് നിങ്ങടെ ഇഷ്ടം. സത്യന്‍ എന്നെ ഇതേല്‍പ്പിച്ചു. നിനക്ക് തരാന്‍ പറഞ്ഞു. ആര്‍ക്കറിയില്ല എങ്കിലും നിന്‍റെ മനസ്സാക്ഷിക്ക് അറിയാല്ലോ ഏത് ശരി ഏതു തെറ്റെന്ന്.. എന്നാലും അവര്‍ രണ്ടുപേരും പറയുന്നതാണ് ശെരി എന്ന് എന്‍റെ മനസ്സ് പറയുന്നു. കാരണം അവര് പറയുന്നതില് ഞാനൊരു ന്യായം കാണുന്നു. സേതുലക്ഷ്മി പറഞ്ഞു.
അതോടെ ദേവു പൊട്ടിത്തെറിച്ചു. മുന്നില്‍ ഇരിക്കുന്നത് അമ്മയാണ് എന്നതൊക്കെ അവള്‍ മറന്നു.
"എന്ത് ന്യായാ അമ്മ കാണുന്നേ...??? എന്ത് ന്യായാ അമ്മ കാണുന്നേന്ന്. എന്‍റെ രഘുവേട്ടന്‍റെ ഒരു വിസയ്ക്കുവേണ്ടി ഞാനെന്താ അവന് പായ വിരിക്കണോ അമ്മെ..? ഞങ്ങളെ വളര്‍ത്താന്‍ അമ്മ അങ്ങിനെയാണോ ചെയ്തത്..?? അതോ ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ..??
അവളുടെ വാക്കുകള്‍ ശരിമാരി പോലെ പെയ്തിറങ്ങുമ്പോള്‍ സേതുലക്ഷ്മിയമ്മ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. അപ്പോള്‍ ദേവു തുടര്‍ന്നു.
"പട്ടിണി കിടന്നു മരിക്കാനാണെങ്കില്‍ അങ്ങിനെ.. എന്നാലും ഒരുത്തന്റേം മുന്നില്‍ ദേവു പോവില്ല. എന്‍റെ രഘുവേട്ടന്‍ ആണത്തം ഉള്ലോനാ... അങ്ങേരുടെ കൂടെ ജീവിക്കുമ്പോള്‍ എനിക്ക് ഒന്നും പേടിയില്ല. പേടിക്കേണ്ട ആവശ്യവും ഇല്ല. എന്‍റെ പാതിവ്രത്യത്തിന് പുല്ലുവില കല്‍പ്പിച്ച അവനെ കാണുന്നത് പോലും എനിക്കിനി ചതുര്‍ഥിയാ... എനിക്ക് ചതുര്‍ഥിയാ..." അവള്‍ നിന്നു വിറക്കാന്‍ തുടങ്ങി.
പരസ്പരം പഴിചാരുന്ന വ്യഗ്രതയില്‍ ഇരുവരും നേരം ഇരുണ്ടതറിഞ്ഞില്ല. ശിഖ ഉറക്കമുണര്‍ന്ന് മുറിയുടെ ഓരം ചേര്‍ന്നിരുന്ന് ഉണര്‍ന്നു കിടന്നിരുന്ന അമറിനോടൊപ്പം ഇരുളിലെ ചെറുവെളിച്ചത്തില്‍ കളിക്കുകയായിരുന്നു. ദേവുവിന്‍റെ വാക്കുകള്‍ കേട്ട സേതുലക്ഷ്മിയമ്മ എന്തൊക്കെയോ ഉച്ചത്തില്‍ പിറുപിറുത്തുകൊണ്ടിരുന്നു. വീട്ടില്‍ അപ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. ദേവു ഇതിനിടയില്‍ വിളക്കൊരുക്കിയതും ഇല്ല. അവള്‍ മുറിയില്‍ കയറി ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ചു. ഇറയത്ത് തൂക്കിയിട്ടിരുന്ന റാന്തല്‍ തിരി നീട്ടി അതും കത്തിച്ചുവച്ചു. എന്നിട്ടവള്‍ റോഡിലേയ്ക്ക് നോക്കി. അവ്യക്തമായ കാഴ്ചയില്‍ അവള്‍ സൂക്ഷിച്ചു നോക്കി. രഘു വരുന്നുണ്ടായിരുന്നില്ല. അവള്‍ ഇറയത്ത് നിന്ന് കിഴക്കോട്ടെയ്ക്കുള്ള പടിയുടെ അരുകില്‍ വന്നു ഒന്നുകൂടി വഴിയിലേയ്ക്കു നോക്കി. അവിടം അപ്പോഴും വിജനമായിരുന്നു.
ദേവു പറഞ്ഞിട്ട് പോയ വാക്കുകള്‍ സേതുലക്ഷ്മിയുടെ ഉള്ളില്‍ കിടന്നു പൊള്ളാന്‍ തുടങ്ങി. മുറിയില്‍ നിന്നു ദേവു തിരികെ വരുന്നതും കാത്തായിരുന്നു അവരിരുന്നത്. അയതിനാല്‍ തന്നെ രഘു വരുന്നില്ല എന്ന് ഉറപ്പു വരുത്തി അകത്തേയ്ക്ക് തിരിഞ്ഞ അവളെ നോക്കി സേതുലക്ഷ്മി പറഞ്ഞു.
"ഒന്ന് നിന്നേ... നീയ്...!!!
ദേവു അവരുടെ വാക്ക് കേട്ട് നിന്നു. അപ്പോഴും അവളുടെ ഇടതുകൈയില്‍ സേതുലക്ഷ്മി കൊടുത്ത പേപ്പര്‍ ഉണ്ടായിരുന്നു.
"എന്ത് പാതിവ്രത്യം... എന്ത് ആണത്വമാടീ നിന്‍റെ രഘുവിനുള്ളത്. പിള്ളേരെ ഉണ്ടാക്കുന്നത് മാത്രമല്ലടീ ആണത്വം. അവരെ സംരക്ഷിക്കാനും ആ ആണിന് കഴിയണം. സ്വന്തം വീട്ടീന്ന് അടിച്ചിറക്കി പെണ്ടാട്ടി വീട്ടില്‍ വന്നു കിടക്കണ അവനേ ആണാണ് പോലും... ഓ! ഒരാണ് വന്നിരിക്കുന്നു. പുശ്ചത്തോടെ അവര്‍ മുരണ്ടു.
സേതുലക്ഷ്മിയുടെ വാക്കുകള്‍ ചാട്ടുളിപോലെയാണ് അവളുടെ നെഞ്ചില്‍ തുളഞ്ഞുകയറിയത്. ഒപ്പം ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ അവര്‍ എന്തിനും പോന്ന ഭാവത്തിലും ആയിരുന്നു. ഇതുവരെയും സേതുലക്ഷ്മിയുടെ ഇങ്ങനെയൊരു മുഖം അവള്‍ കണ്ടിട്ടും ഇല്ല. ആവശ്യമില്ലാതെ ഈ പ്രശ്നം ഇനി വളര്‍ത്തണ്ട എന്നവള്‍ കരുതി. അതുമല്ല രഘുവേട്ടന്‍ ജോലി കഴിഞ്ഞു വരുന്ന സമയവും ആയി. കയറി വരുമ്പോള്‍ ഇങ്ങനെ വഴക്കും വക്കാണവുമായി ഒരു രംഗം വേണ്ടെന്ന് തന്നെ അവള്‍ തീരുമാനിച്ചു. പക്ഷെ സേതുലക്ഷ്മി ദേവുവിനെ വിടാന്‍ ഭാവമില്ലാത്ത പോലെ മുന്നോട്ടു നീങ്ങിയ ദേവുവിന്‍റെ മുന്നിലേയ്ക്ക് മാറി നിന്നു അവളുടെ മുഖത്തേയ്ക്ക് കോപത്തോടെ നോക്കി കൊണ്ട് പറഞ്ഞു.
"എന്താടീ ഞാന്‍ പറഞ്ഞത് നീ കേട്ടില്ല്യാന്നു ഉണ്ടോ..???
സേതുലക്ഷ്മിയുടെ വാക്കുകള്‍ കേട്ട ദേവു ഒന്നും മിണ്ടിയില്ല. അതോടെ ശൗര്യം കൂടിയ അവര്‍ പറഞ്ഞു.
"ഒന്നോര്‍ത്ത് ജീവിച്ചാല്‍ നിനക്കും നിന്‍റെ കെട്ടിയോനും നല്ലത്." എന്തെന്ന ഭാവത്തോടെ ദേവു സേതുലക്ഷ്മിയെ നോക്കി. അതുകണ്ടവര്‍ വീണ്ടും പറഞ്ഞു. "നീ എന്നെ നോക്കി മുരയ്ക്കണ്ട. നിന്‍റെ കൈയിലിരിക്കുന്ന ഈ വിസ അവന്‍റെ ഔദാര്യാ... അവന്‍റെ മാത്രം ഔദാര്യം. നിന്‍റെ ആണത്വമുള്ള മാപ്പളയ്ക്ക് അവന്‍ കനിഞ്ഞു നല്‍കിയ ഔദാര്യം... "
സേതുലക്ഷ്മിയുടെ ഈ വാക്കുകള്‍ ദേവുവിന് സഹിക്കുന്നതിനും മേലെയായിരുന്നു. തികട്ടി വന്ന കോപം അവള്‍ ആ പേപ്പറില്‍ തീര്‍ത്തു. ചെറിയ കഷണങ്ങള്‍ ആക്കി കീറിയത് അവള്‍ അവരുടെ മുഖത്തേയ്ക്കു വലിച്ചെറിഞ്ഞു. അതോടെ ക്രുദ്ധയായ സേതുലക്ഷ്മി ദേവുവിന്‍റെ ചെകിടില്‍ വലിച്ചടിച്ചു. അത് കണ്ടുകൊണ്ടാണ് രഘു മുറ്റത്തെത്തിയത്. അതോടെ അവന്‍ ഓടി അകത്തേയ്ക്ക് കയറി. അവന്‍റെ കൈയിലിരുന്ന പൊതിക്കെട്ട് താഴെവീണു. കുഞ്ഞുങ്ങള്‍ക്കായി അവന്‍ വാങ്ങിക്കൊണ്ടുവന്ന കോഴിമുട്ടകള്‍ നിലത്തുവീണ് പൊട്ടിച്ചിതറി. വിറങ്ങലിച്ചു നില്‍ക്കുകയായിരുന്ന ദേവു രഘുവിനെ കണ്ടതും പൊട്ടിക്കരഞ്ഞു. അവളെ തന്നിലേയ്ക്ക് ചേര്‍ത്ത് രഘു ഒന്നും മിണ്ടാതെ നിന്നു.
സേതുലക്ഷ്മിയമ്മ വേഗം അവരുടെ മുറിയിലേയ്ക്ക് നടന്നു. കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരുന്ന ദേവുവിന്‍റെ മുറിയില്‍ നിന്നും ശിഖയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് രഘുവും ദേവുവും ഞെട്ടിപ്പിടഞ്ഞു. ദേവുവിനെ വിട്ട് രഘുവും രഘുവിന് പിന്നാലെ ദേവുവും ഓടി മുറിയിലേയ്ക്ക് കയറി. അരുകിലിരുന്ന മണ്ണെണ്ണ വിളക്ക് തട്ടി മറിഞ്ഞ് ഒരു തീഗോളം പോലെ ശിഖ നിലത്തേയ്ക്ക് വീണു. അരുകിലെ തുണികളിലേയ്ക്കും തീയാളിപ്പടര്‍ന്നു. ദേവു എന്ത് ചെയ്യണം എന്നറിയാതെ അലറിക്കരഞ്ഞു. രഘു ഓടിവന്ന് അമറിനെ വാരിയെടുത്ത് ദേവുവിന്‍റെ കൈയില്‍ നല്‍കി. ഓടിവന്ന് മകളെ വാരിയെടുത്തവന്‍ നിലത്തേയ്ക്ക് വീണു. കൈയില്‍ കിട്ടിയതെല്ലാം എടുത്തു ദേവു തുണികളില്‍ അടിച്ചു. അപ്പോഴേയ്ക്കും അമ്മയും മുറിയിലേയ്ക്ക് വന്നു. വളരെ ശ്രമപ്പെട്ട് അവിടത്തെ തീയവര്‍ അണച്ചു. ശിഖയുടെ ശരീരത്തിലെ തീയ് രഘു അണയ്ക്കുമ്പോഴേയ്ക്കും അവന്‍റെ മേലാകെ കരുവാളിച്ചിരുന്നു. ശിഖയുടെ കുഞ്ഞുമുഖം തൊലിയുരുകി വെളുത്തിരുന്നു. അവളുടെ കണ്പീലികള്‍ കരിഞ്ഞുപോയി. നേര്‍ത്തൊരു മൂളലോടെ രഘുവിന്‍റെ കൈയിലിരുന്നു അവള്‍ ചലിച്ചു. കുഞ്ഞിനേയും മാറത്തണച്ചുകൊണ്ട് അവളെ പെറ്റിട്ട സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കവന്‍ ഓടി. ഒരു നിമിഷത്തെ അന്ധാളിപ്പിന് ശേഷം അമറിനെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ദേവു രഘുവിന് പിന്നാലെ പാഞ്ഞു. കുഞ്ഞിനേയും കൊണ്ട് പാഞ്ഞുവന്ന രഘുവിന്‍റെ കൈയില്‍ നിന്നും ആത്യാഹിത വിഭാഗത്തിന്‍റെ മുന്നില്‍ നിന്നിരുന്ന വാര്‍ഡന്‍ ശിഖയെ വാങ്ങി അതിനുള്ളിലേയ്ക്കോടി.
അതോടെ രഘുവിന്‍റെ പിന്നാലെ ആശുപത്രിയുടെ ഇടനാഴിയിലേയ്ക്ക് പാഞ്ഞെത്തിയ ദേവു ഒരു ഭ്രാന്തിയെപ്പോലെ നിന്നു പിറുപിറുത്തു. അത്യാഹിത വിഭാഗത്തിലെ ഗ്ലാസ് ചുവരിന് വെളിയില്‍ നിന്ന രഘു ശാന്തനായിരുന്നില്ല. ഇടനാഴിയിലെ കല്‍തൂണുകളില്‍ ഓരോന്നിലും കദനം പറഞ്ഞു കരഞ്ഞവന്‍ കാത്തുനിന്നു. അവനെ തഴുകിപ്പോയ കാറ്റിനപ്പോള്‍ വെന്ത മാംസത്തിന്‍റെ ഗന്ധമായിരുന്നു... ശിരസ്സാകെ കൈകൊണ്ട് തെരുപിടിച്ചവന്‍ ഒരു കല്‍ത്തൂണില്‍ മുതുക് ചേര്‍ത്ത് താഴേയ്ക്ക് നിരങ്ങിയിരുന്നു. ദേവു ഇടനാഴിയുടെ അരുകില്‍ തളര്‍ന്നുവീണു....
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ