2014 മേയ് 3, ശനിയാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 27

രാത്രിയില്‍ അത്താഴത്തിനായി ലിയാത്ത് തോട്ടം വിട്ടു വീട്ടിലേയ്ക്കെത്തി. പുറത്ത് ലിയാത്തിന്‍റെ കാല്‍പ്പെരുമാറ്റം കേട്ട നിയ അച്ഛനെ നോക്കി കൈകുടഞ്ഞു. അയാളോട് പെട്ടെന്ന് മറഞ്ഞിരിക്കാന്‍ അടുക്കളയിലേയ്ക്ക് ചൂണ്ടിയിട്ടവള്‍ അതിവേഗം വാതില്‍ക്കലേക്ക് ചെന്നു. നിയ ഭയം കൊണ്ട് അടിമുടി വിയര്‍ത്തിരുന്നു. ലിയാത്ത് ഒന്നും ഉരിയാടാതെ കൈകാല്‍ കഴുകി ഭക്ഷണത്തിനിരുന്നു. നിയ വിറയ്ക്കുന്ന കൈകളോടെ അവനു ഭക്ഷണം വിളമ്പി. അവള്‍ വിരലുകള്‍ അതിവേഗം ഞൊടിച്ചുകൊണ്ടിരുന്നു. ലിയാത്ത് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം ഗബില്‍ അടുക്കളയില്‍ പാത്രങ്ങള്‍ക്കിടയില്‍ മറഞ്ഞിരുന്നു. ഒടുവില്‍ ഭക്ഷണം കഴിഞ്ഞു ലിയാത്ത് മുറ്റത്തെത്തി കൈകഴുകി തിരികെ വന്നു. അല്‍പനേരം അവന്‍ കുഞ്ഞുങ്ങളുടെ അടുത്തിരുന്നു. നിയയുടെ മുഖത്തെ പരിഭ്രാന്തി കണ്ടവന്‍ ചോദിച്ചു...

"എന്ത് പറ്റി നിയാ... നിനക്കിന്നെന്ത് പറ്റി. നീയാകെ വിളറിയിരിക്കുന്നല്ലോ...??

"ഹേയ്... ഒന്നുമില്ല ലിയാത്ത്... ഒന്നുമില്ല.".. അവള്‍ ഉള്ളില്‍ നിറഞ്ഞ ഭയം പുറത്തുകാട്ടാതെ വളരെ ബദ്ധപ്പെട്ട് ഇങ്ങനെ പറഞ്ഞൊപ്പിച്ചു."

എന്നാല്‍ അവളെ അത്രകണ്ട് വിശ്വസിക്കാന്‍ മാത്രമുള്ള ഒരു മാനസികാവസ്ഥയില്‍ ആയിരുന്നില്ല ലിയാത്ത്. ആയതു കൊണ്ട് തന്നെ അവന്‍ ഇരുന്നിടത്ത് നിന്ന് മെല്ലെ എഴുന്നേറ്റു. ലിയാത്ത് മുറിയാകെ കണ്ണോടിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു. നിയയുടെ നെഞ്ചം തകര്‍ക്കുന്ന ചുവടുവയ്പ്പുകളായിരുന്നു അവ. ലിയാത്ത് അടുക്കളയിലേയ്ക്ക് കടന്നു. ഗബില്‍ ഇരുളില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ലിയാത്ത് പ്രത്യേകിച്ച് ഒന്നും കാണാതെ തിരികെ വന്നു. നിയയുടെ ദീര്‍ഘനിശ്വാസം ശക്തിയായി പുറത്തേയ്ക്ക് വന്നു. ലിയാത്ത് കുഞ്ഞുങ്ങളുടെയരുകില്‍ തിരികെ വന്നിരുന്നു. നിയ ഒന്നുമറിയാത്ത പോലെ മുറിയിലും അടുക്കളയിലും ഒക്കെ നടന്നു. ചിത്രം വരച്ചുകൊണ്ടിരുന്ന ദിയയും സഹസ്രയും വര മതിയാക്കി അച്ഛനിരുവശവും വന്നു ചേര്‍ന്ന് നിന്നു. എന്നിട്ട് മെല്ലെ ലിയാത്തിന്‍റെ കാതില്‍ ചൊല്ലി.

"അച്ഛന്‍ ആരെയാ തേടുന്നത്....?? ഇവിടെ ഒളിച്ചിരിക്കുന്ന ആളിനെയാണോ???

ലിയാത്ത് അത്ഭുതത്തോടെ കുഞ്ഞുങ്ങളെ നോക്കി. അവന്‍റെ പുരികങ്ങള്‍ വളഞ്ഞുയര്‍ന്നു. കൈകളിലെ ഞരമ്പുകള്‍ ശക്തിയായി പിടച്ചു. അവന്‍ ഇരിപ്പിടം വിട്ടു എഴുന്നേറ്റു. എന്നിട്ട് കുനിഞ്ഞ് മക്കളെ ചേര്‍ത്ത്പിടിച്ചു ചോദിച്ചു...

"എവിടെയാണ് മക്കളെ അയാള്‍ ഒളിഞ്ഞിരിക്കുന്നത്....?????

"ദേ... അവിടെ... ഹ ഹ ഹ ..." അടുക്കളയിലേയ്ക്ക് ചൂണ്ടിക്കാട്ടി... കുഞ്ഞുങ്ങള്‍ കൈകൊട്ടിച്ചിരിച്ചുകൊണ്ട് തുള്ളിച്ചാടി. ലിയാത്ത് പാഞ്ഞു ചെന്ന് മുല്ലപ്പൂക്കള്‍ കൂട്ടിയിടാറുള്ള മൂലയില്‍, പുല്ലുമേഞ്ഞ ചുവരില്‍ ഒളിപ്പിച്ചിരുന്ന വാക്കത്തി വലിച്ചൂരി. അതിന്‍റെ മൂര്‍ച്ചയേറിയ അരിക് മങ്ങിയ റാന്തല്‍ വെട്ടത്തില്‍ പോലും തിളങ്ങി. അപകടം മണത്ത നിയ അവന്‍റെ കാലുകളില്‍ ചുറ്റിപ്പിടിച്ച് വഴിമുടക്കി. അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

"വേണ്ട ലിയാത്ത്... വേണ്ടാ... അരുതാത്തതൊന്നും കാട്ടരുതേ...??

ലിയാത്തിന്‍റെ ദൃഡമായ ചുവടുകള്‍ മുന്നോട്ടുതന്നെ സഞ്ചരിച്ചു. അവന്‍റെ കാല്‍ക്കീഴില്‍ ഉടക്കിയ വിഴുപ്പുതുണി പോലെ നിയ അവന്‍റെ ചലനങ്ങള്‍ക്കൊപ്പം നിലത്തുകൂടി ഇഴഞ്ഞു. ലിയാത്ത് അടുക്കളയില്‍ കടന്നതും അതിശക്തിയായി ലിയാത്തിനെ പിന്നിലേയ്ക്ക് തള്ളി ഗബില്‍ മുറിയിലേയ്ക്കെടുത്തു ചാടി. ഒരുനിമിഷംപോലും അമാന്തിക്കാതെ അയാള്‍ പുറത്തേയ്ക്കോടി. ലിയാത്ത് നിലത്ത് നിന്നും മുടിയില്‍ ചുറ്റിപ്പിടിച്ച് നിയയെ ഉയര്‍ത്തി. അവന്‍റെ കണ്ണുകള്‍ തീനാളങ്ങള്‍ വര്‍ഷിച്ചു. അതിന്‍റെ താപത്തില്‍ നിയയുടെ മുഖം ചുട്ടുപൊള്ളി. ശക്തമായി നിയയെ അവന്‍ മുറിയുടെ ഓരത്തേയ്ക്ക് തള്ളി. ചുവട് പിഴച്ചവള്‍ നിലംപതിയ്ക്കുമ്പോള്‍ ലിയാത്ത് ഒരു പുലിയുടെ വേഗതയില്‍ പുറത്തേയ്ക്ക് ചാടി. അപ്പോഴേയ്ക്കും ഗബില്‍ വൈഗര ലക്ഷ്യമാക്കി ഓടിയിരുന്നു. തീരത്തു നിന്നു നദിയിലേയ്ക്ക് ചാടി ഗബില്‍ മറുകരയിലേയ്ക്കു നീന്താന്‍ തുടങ്ങി. പിന്നാലെ പാഞ്ഞെത്തിയ ലിയാത്ത് ഗബിലിന് പിന്നാലെ വൈഗരയിലേയ്ക്ക് എടുത്തുചാടി. നദിയുടെ മധ്യഭാഗത്ത് വച്ച് നീന്തിക്കൊണ്ടിരുന്ന ഗബിലിന്‍റെ വസ്ത്രത്തില്‍ ലിയാത്ത് പിടിമുറുക്കി. ശക്തമായ ലിയാത്തിന്‍റെ അടിയേറ്റ് ഗബില്‍ അവശനായി. ലിയാത്ത് ഗബിലിനെയും വലിച്ചുകൊണ്ട് വൈഗരയുടെ ഓളങ്ങളിലൂടെ നീന്തി തീരത്തെത്തി. മണല്‍തീരത്തേയ്ക്ക് ഗബിലിനെ വലിച്ചിട്ട ലിയാത്ത് അരയില്‍ കോര്‍ത്തിട്ട വാക്കത്തി കൈകളിലെടുത്തു. ഗബില്‍ ലിയാത്തിന്‍റെ പാദങ്ങളില്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അയാളുടെ ശബ്ദം പതിവില്ലാത്തതിലും താഴ്ന്നിരുന്നു.

"വേണ്ട... ലിയാത്ത് വേണ്ടാ.... എന്നെ വെറുതെ വിട്ടേയ്ക്ക് ലിയാത്ത്... ഞാനാരെയും കൊന്നിട്ടില്ല... നീ മറക്കരുത് ലിയാത്ത് ഞാന്‍ നിന്‍റെ അമ്മാവനാണ്... നിന്‍റെ ഭാര്യയുടെ അച്ഛനാണ്...ലിയാത്ത് വേണ്ട ലിയാത്ത്.... ഗബില്‍ അടികൊണ്ട് ഭയന്ന ഒരു പട്ടിയെപോലെ വിറച്ചുകൊണ്ട് മുറുമുറുക്കാന്‍ തുടങ്ങി.

ലിയാത്ത് മുട്ടുകുത്തി ഗബിലിന്‍റെ മുഖത്ത് അവന്‍റെ മുഖമടുപ്പിച്ചു. എന്നിട്ട് സ്വരം താഴ്ത്തി ചോദിച്ചു.

"പറയ്‌... സത്യം പറയ്‌... എന്‍റെ അമ്മയെവിടെ..?? അവന്‍ തുടര്‍ന്നു... പറഞ്ഞില്ലേല്‍ നീയീ വൈഗരയിലൊഴുകില്ല... തുണ്ടം തുണ്ടമാക്കി നിന്നെ ഞാനീ ഷിനായിയിലെ കുറുനരികള്‍ക്കു ഭക്ഷണമാക്കും.... ലിയാത്ത് ക്രോധം കൊണ്ട് വിറച്ചു.

ഗബില്‍ കൈകള്‍ കൂപ്പി ലിയാത്തിനോട് പറഞ്ഞു.. "ലിയാത്ത് ഒരു കൈയബദ്ധം... ഒരു കൈയബദ്ധം പിണഞ്ഞുപോയെനിക്ക്... നീ എന്നെ വിട്ടാല്‍ ഞാനിനി ഒരുകാലത്തും നിന്നെ ശല്യപ്പെടുത്തില്ല. ഈ വൈഗരയുടെ തീരത്ത് ഞാനൊരിക്കലും വരില്ല ലിയാത്ത്..."

ഗബില്‍ പറഞ്ഞു മുഴുവിപ്പിക്കും മുന്‍പേ ചിന്തിക്കാന്‍ ഒരു നിമിഷം പോലും നല്‍കാതെ ലിയാത്തിന്‍റെ കൈയിലെ വാക്കത്തി ഉയര്‍ന്നുതാണു. ഗബിലിന്‍റെ കഴുത്തില്‍ പകുതിയിലേറെ ചെന്നത് നിന്നു. ലിയാത്തിന്‍റെ മുഖത്തേയ്ക്ക് ചോരതെറിച്ചു വീണു. ഗബില്‍ തറയില്‍ കിടന്നു പിടയാന്‍ തുടങ്ങി. ലിയാത്ത് മെല്ലെ എഴുന്നേറ്റു. അവന്‍ വലതുപാദം ഗബിലിന്‍റെ നെഞ്ചില്‍ ചവുട്ടിപ്പിടിച്ചു. കണ്ണുകള്‍ ഇരുവശങ്ങളിലെയ്ക്കും ചലിപ്പിച്ചു, കൈകാലിട്ടടിച്ച്.. ലിയാത്തിന്‍റെ കാല്‍ച്ചുവട്ടില്‍ ഗബിലിന്‍റെ ശ്വാസം നിലച്ചു. ലിയാത്ത് അയാള്‍ക്കരുകില്‍ കുറേനേരം വിശ്രമിച്ചു. ഒടുവില്‍ ഗബിലിന്‍റെ ശരീരം തോളിലെടുത്തവന്‍ തോട്ടത്തിലേയ്ക്ക് നടന്നു. ഉണങ്ങിയ മുല്ലക്കമ്പുകള്‍ കൂട്ടിയിട്ടിരുന്ന കുഴിയിലേയ്ക്കവന്‍ അത് കിടത്തി. മുകളില്‍ മുല്ലക്കമ്പുകള്‍ വാരിനിറച്ച്‌ ലിയാത്ത് വൈഗരയിലേയ്ക്ക് തിരിഞ്ഞുനടന്നു. വൃത്തിയായി കുളിച്ചു ഈറനോടെ അവന്‍ വീട്ടിലെത്തി. അപ്പോഴും മുറിയുടെ മൂലയില്‍ തളര്‍ന്നുകിടന്ന് കരയുകയായിരുന്നു നിയ. മുറിയിലെ കാല്‍പ്പെരുമാറ്റം കേട്ടവള്‍ മുഖമുയര്‍ത്തി. ലിയാത്ത് കിടക്കയില്‍ വന്നിരുന്നു. കുഞ്ഞുങ്ങള്‍ ഉറക്കം പൂണ്ടിരുന്നു. അവരുടെ മുഖത്തേയ്ക്കു നോക്കിയവന്‍ ഒന്നും മിണ്ടാതെ ഇരുന്നു. നിയ അവനരുകിലേയ്ക്ക് വന്നു. വിറച്ചുകൊണ്ടവള്‍ നിലത്ത് അവന്‍റെ കാലുകളില്‍ ചേര്‍ന്നിരുന്നു. ലിയാത്ത് അവളുടെ മുടിയിഴകളെ തഴുകി. ഉള്ളില്‍ നിറഞ്ഞ പരിഭ്രാന്തിയില്‍ നിയ ലിയാത്തിന്‍റെ മുഖത്തേയ്ക്കു നോക്കി. അവളുടെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ അവന്‍ പറഞ്ഞു.

"കടന്നു കളഞ്ഞു നിയാ... അയാള്‍... എന്‍റെ കണ്ണുവെട്ടിച്ച്‌ കടന്നുകളഞ്ഞു..." ഇനിയയാള്‍ വൈഗരയുടെ തീരത്തു വരില്ല. അത്രത്തോളം ഭയന്നാണ് അയാള്‍ ഇന്നീ തീരം വിട്ടത്. ഞാനും എല്ലാം മറക്കാന്‍ ശ്രമിക്കുകാ നിയാ... എനിക്കയാളോട് പകയില്ല. ഇനി ഞാനെന്തിന് മനസ്സില്‍ പകവയ്ക്കണം..." പറയുമ്പോഴെല്ലാം ലിയാത്ത് അവളുടെ മുടികളിള്‍ തഴുകിക്കൊണ്ടിരുന്നു. നിയയുടെ മനസ്സില്‍ വല്ലാത്ത സമാധാനമായി. അത് മനസ്സിലാക്കിയ ലിയാത്ത് പറഞ്ഞു.

"പൊയ്ക്കോട്ടേ... എങ്ങോട്ടെങ്കിലും പോയയാള്‍ ജീവിക്കട്ടെ... ഇനി എന്‍റെ അരുകില്‍ വരാതിരുന്നാല്‍ മതി.."

നിയ നിലത്ത് നിന്ന് എഴുന്നേറ്റു അവനെ കെട്ടിപ്പിടിച്ചു... ലിയാത്ത് അവളുടെ നെറുകയില്‍ ചുംബിച്ചു. വാതില്‍ താഴിട്ട്, റാന്തല്‍ തിരിതാഴ്ത്തി അവര്‍ കിടക്കയിലേയ്ക്ക് ചാഞ്ഞു. വല്ലാത്തൊരു മനസമാധാനത്തോടെയാണ് അവള്‍ അന്ന് ഉറങ്ങിയത്. അപ്പോഴും ലിയാത്ത് വിടര്‍ന്ന കണ്ണുകളുമായി ഉറങ്ങാതെ കിടന്നു. നിയ ഉറക്കത്തിന്‍റെ ഗാഡതയില്‍ ഊളിയിടുമ്പോള്‍ ലിയാത്ത് മെല്ലെ എഴുന്നേറ്റു. കുടമുല്ലത്തോട്ടത്തിലേയ്ക്ക് നടന്നു. കൂട്ടിയിട്ടിരുന്ന കുടമുല്ലക്കൊടികളില്‍ തീയിട്ട്, അതാളിക്കത്തുമ്പോള്‍, കുഞ്ഞുനാളില്‍ അമ്മയവനെ ചേര്‍ത്തണച്ചുറക്കാറുള്ള മാഞ്ചുവട്ടില്‍ വന്നിരുന്നു. തീനാളം ഗബിലിന്‍റെ ശരീരത്തെ ആര്‍ത്തിയോടെ പുല്‍കുമ്പോള്‍ സന്തോഷത്തിന്‍റെ ഉച്ചിയിലായിരുന്നു ലിയാത്തിന്‍റെ മനസ്. വര്‍ഷങ്ങളായി നീറിക്കൊണ്ടിരുന്ന അവന്‍റെ നെഞ്ചിലെ പച്ചമുറിവ് ഉണങ്ങാന്‍ തുടങ്ങി. മൂന്നു വര്‍ഷങ്ങളായി കൂട്ടിയിട്ടിരുന്ന കുടമുല്ലക്കൊടികളെ ഇടമുറിയാതെ അവന്‍ ആ കുഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഗബിലിന്‍റെ ശരീരത്തിലെ അവസാനകണികയും എരിഞ്ഞടങ്ങിയതോടെ അവന്‍ വൈഗരയിലേയ്ക്ക് നടന്നു. ദീര്‍ഘമായൊരു മുങ്ങിക്കുളി കഴിഞ്ഞ് അവന്‍ കൈയില്‍ ഒരുപിടി കുടമുല്ലപ്പൂക്കളുമായി വീട്ടിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും കിഴക്ക് വെളിച്ചം വീണു തുടങ്ങിയിരുന്നു. നിയ ഉറക്കമുണര്‍ന്നു പ്രഭാതഭക്ഷണം തയ്യാറാക്കുകയായിരുന്നു. വീട്ടിലെത്തിയ ലിയാത്തിന് നേരെ അവന്‍റെ പെണ്മക്കള്‍ ഓടിയണഞ്ഞു. കൈകളില്‍ ഇരുന്ന കുടമുല്ലപ്പൂക്കള്‍ അവര്‍ക്ക് നേരെ നീട്ടി, അവരത് കുഞ്ഞിക്കൈകളില്‍ വാങ്ങുമ്പോഴേയ്ക്കും അതിയായ സ്നേഹത്തോടെ അവന്‍ അവരെ ചേര്‍ത്തണച്ചു. അടുക്കളയില്‍ നിന്നു, ലിയാത്തിന്‍റെ കാല്‍പ്പെരുമാറ്റം കേട്ടവള്‍ അവനരുകിലെത്തുമ്പോള്‍ ലിയാത്ത് നിയയെക്കൂടി കൈകളില്‍ ചേര്‍ത്തുപിടിച്ചു.... അവന്‍റെ പൊട്ടിച്ചിരി ആ മുറിയില്‍ പ്രതിധ്വനിച്ചു......

ദിനങ്ങള്‍ മാസങ്ങള്‍ക്കും, മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറുമ്പോള്‍ മനോഹരമായ ഒരു ജീവിതം നിയയ്ക്ക് സമ്മാനിച്ചുകൊണ്ട് ലിയാത്ത് ആ വീടിനുള്ളില്‍ ജ്വലിച്ചുനിന്നു. അവരുടെ ജീവിതത്തിനിടയില്‍ പിന്നീടൊരിക്കലും ഒരു സ്വൈര്യക്കേടായി ഗബില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രം... വൈഗര അപ്പോഴും ഒഴുകുകയായിരുന്നു... സഹേലും, ലയാനയും, അലീനയും അവളുടെ ഇരുളടഞ്ഞ അടിയൊഴുക്കില്‍ രഹസ്യമായി സംഗമിച്ചിരുന്നുവോ..?? ഉണ്ടാവും. കാരണം.. മഴയൊഴിഞ്ഞ മാനത്ത്, ശക്തമായ നീരൊഴുക്കില്‍ അലീനയുടെ വിളി ലിയാത്തും ഇപ്പോഴും കേള്‍ക്കുന്നുണ്ട്...

"മോനെ... ലിയാത്ത്... നീയെവിടെയാണ്....??? പോകുമ്പോള്‍ നീ സൂക്ഷിക്കണേ...മോനെ!! നടക്കുന്നത് മുന്നോട്ടെങ്കിലും പിന്നിലൊരു കണ്ണുവേണം മോനെ... കാലം അങ്ങിനത്തെയാ..."

അറിയാതെയെങ്കിലും അവനിപ്പോഴും ഇടയ്ക്ക് തിരിഞ്ഞുനോക്കും.

അവസാനിച്ചു.
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ