2014 മേയ് 11, ഞായറാഴ്‌ച


നോവല്‍

ദേവദാരുവിന്നരികത്ത്‌.....4

ആ രാവ് തേങ്ങിമയങ്ങുമ്പോള്‍, ചോര തിളയ്ക്കുന്ന നെഞ്ചിന്‍കൂട്ടിനുള്ളില്‍ മുറിവേറ്റ രണ്ട് മനസ്സുകള്‍ മാത്രം തളര്‍ന്നുകിടന്നു. ഒടുവില്‍, എപ്പോഴോ രഘുവിന്‍റെ നെഞ്ചില്‍ ചാരി ദേവു ഉറക്കമായി. ഇറുക്കിയുടുത്തിരുന്ന മുണ്ടിന് മുകളില്‍ അവളുടെ ഒട്ടിയ വയര്‍ ഇടയ്ക്കിടെ തുടിക്കുന്നത് രഘുവിന് കാണാമായിരുന്നു.... അത് കാണുവാനുള്ള ശക്തിയില്ലാതെ അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ആ മണ്‍ചുവരില്‍ ചാരി, മുഖം മച്ചിലേയ്ക്ക് തിരിച്ചവന്‍ മിണ്ടാതെ കിടന്നു. ഒന്നനങ്ങിയാല്‍ ദേവുവിന്‍റെ ഉറക്കം നഷ്ടമാകും. ആ കിടപ്പില്‍ അവന്‍ ഒരു തീരുമാനം എടുത്തു. എന്തിനും ഏതിനും ഒന്നുമറിയാത്തവനെപ്പോലെ എങ്ങിനെ നടക്കും. അവള്‍ പട്ടിണി കിടക്കുന്നു എന്നുള്ളത് ഒരു ചെറിയ കാര്യമല്ല. എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായാലും ശെരി തന്നെ ഏട്ടത്തിമാരോട് പുലരുമ്പോള്‍ ചോദിക്കുക തന്നെ....

തെക്കേ മുറ്റത്തെ കൂട്ടിനുള്ളില്‍ നിന്ന് ചാവല്‍ക്കോഴി നീട്ടികൂകുമ്പോള്‍ ദേവു ഞെട്ടിയുണര്‍ന്നു. പുലര്‍ച്ചയില്‍ എപ്പോഴോ മയങ്ങിയ രഘു അപ്പോഴും നല്ല ഉറക്കമായിരുന്നു. അവള്‍ ആകെ വിഷമിച്ചു. പാതിചാരിയ ജനാലയ്ക്കുള്ളിലൂടെ അകലെ ചെറു മഞ്ഞവെളിച്ചം കാണുമാറായി. അവള്‍ ചിന്തിച്ചു...

"ഏട്ടത്തിമാര്‍ എഴുന്നേറ്റിട്ടുണ്ടാകുമോ എന്തോ....???

എന്നും ദേവു എഴുന്നേറ്റ് കുളിച്ച് അടുപ്പെല്ലാം വൃത്തിയാക്കി പ്രഭാതഭക്ഷണം തയ്യാറാക്കി തുടങ്ങുമ്പോഴാണ് ഏട്ടത്തിമാര്‍ എത്താറുള്ളത്. അവള്‍ ചിന്തിച്ച പോലെ തന്നെ അന്ന് ഏട്ടത്തിമാര്‍ അടുക്കളയില്‍ ഉണ്ടായിരുന്നു... കുളിച്ച് ചെന്ന ദേവുവിനെക്കണ്ട് സന്തോഷത്തോടെ ശ്രീദേവിയേട്ടത്തി ചോദിച്ചു.

"എന്തുപറ്റി ദേവൂ... പതിവില്ലാതെ ഇത്രേം നേരം ഒരു ഉറക്കം..." പറഞ്ഞുകൊണ്ട് അവര്‍ സാവിത്രിയെ നോക്കി...

ദേവു ചിരിച്ചുകൊണ്ട്.. ചായപാത്രം എടുത്ത് വെള്ളം എടുത്ത് അടുപ്പില്‍ വച്ചിട്ട് അതിനരുകില്‍ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. അപ്പോള്‍ സാവിത്രി പറഞ്ഞു

"ഹാ... എന്തായാലും നിനക്ക് കുട്ടികളൊന്നും ആയില്ലല്ലോ...?? എത്ര വേണേലും ഉറങ്ങാല്ലോ..??? ഞങ്ങളുടെ കാര്യം അങ്ങിനല്ലല്ലോ ദേവൂ...

ദേവു അതിനും ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷെ പെട്ടെന്നാണ് രഘു അടുക്കളയിലേയ്ക്ക് കയറിവന്നത്... അതവന് പതിവുള്ളതല്ല. അവന്‍ അടുപ്പിന്‍റെ തിട്ടയുടെ അരുകില്‍ വന്നിരുന്നു. എന്നിട്ട് പറഞ്ഞു...

"കല്യാണം കഴിച്ചാലും...കഴിച്ചില്ലേലും, കുട്ടികള്‍ ഇല്ലേലും ഉണ്ടായാലും... ഉറങ്ങിയാലും ഉറങ്ങില്ലേലും അവള്‍ ആഹാരം കഴിക്കണോല്ലോ.. അല്ലെ....? ശ്രീദേവിയേട്ടത്തിയേ...???

"അതെന്താടാ നീയിന്ന് ഇങ്ങനെ ഞങ്ങളോട് മുനവച്ച് സംസാരിക്കുന്നത്..." ശ്രീദേവി തിരിച്ചടിച്ചു.

"എന്ത് മുന.... ??? കാര്യം പറയുന്നതാണോ മുന....??? രഘു എന്തിനും തയാറെടുത്തുള്ള പുറപ്പാടാണെന്ന് തോന്നിയ ദേവു... കണ്ണുകള്‍ കൊണ്ടവനോട് യാചിച്ചു...

"രഘുവേട്ടാ... എന്നെയോര്‍ത്തെങ്കിലും....!!!!" അവള്‍ പറയാതെ തന്നെ അവനതു മനസ്സിലായി... അതോടെ അവന്‍ അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് പോയി. പിന്നീട് കുളികഴിഞ്ഞ് പറമ്പില്‍ ചുറ്റിനടന്ന് തെക്കേ മുറ്റത്തെത്തുമ്പോള്‍ ദേവു അവനരുകില്‍ ചായയുമായി വന്നു. അവന്‍റെ കൈയില്‍ അത് നല്‍കി അവള്‍ പറഞ്ഞു...

"ഇതാ... രഘുവേട്ടന്‍റെ കുഴപ്പം...?? ഇനിയിപ്പോള്‍ എന്നോടുള്ള അവരുടെ പെരുമാറ്റം എനിക്കൂഹിക്കാന്‍ കൂടി കഴിയുന്നില്ല. ഇപ്പോഴേ ശ്രീദേവി ഏട്ടത്തി മുഖം കറുപ്പിച്ചുതുടങ്ങി. ഒന്നും വേണ്ടിയിരുന്നില്ല രഘുവേട്ടാ... "

"പിന്നെ നീ ഇങ്ങനെ പട്ടിണി കിടക്കുന്നത് ഞാന്‍ കണ്ടുകൊണ്ടിരിക്കണോ? അതും ഞാന്‍ വയറു നിറയെ കഴിച്ചിട്ട്....??? അവന്‍ ആരാഞ്ഞു.

"ന്‍റെ.. രഘുവേട്ടാ... ഇവിടെയെന്നല്ല... ഈ ഞാനെന്നല്ല... ഒട്ടുമിക്ക വീടുകളിലും അങ്ങിനെ തന്നാ.... എന്തിന് ഏട്ടനെ ഇത്രേം വളര്‍ത്തിയ ഏട്ടന്‍റെ അമ്മ പോലും ഇങ്ങനെതന്നെയായിരുന്നിരിക്കും.....!!!! അവള്‍ അവനരികില്‍ ചേര്‍ന്ന് രഹസ്യമായി പറയും പോലെ പറഞ്ഞു...

"ഉവ്വോ..!!! അങ്ങിനെയെങ്കില്‍ എന്തെ നിന്‍റെ ഏട്ടത്തിമാര്‍ രണ്ടും മൂക്ക് മുട്ടെ തിന്നിട്ട് കിടക്കണേ...??? രഘുവും വിട്ടു കൊടുത്തില്ല...

"ഹോ... എന്നെക്കൊണ്ട് വയ്യേ..!!! ഈ രഘുവേട്ടന്‍റെ ഒരു കാര്യം..." അവള്‍ തോല്‍വി സമ്മതിച്ച്‌ അടുക്കളയിലേയ്ക്ക് പോയി.

പിന്നീട് പെട്ടെന്നവള്‍ പ്രഭാതഭക്ഷണം കൊടുത്ത്... അവന് ഉച്ചയ്ക്കുള്ള ചോറ് പൊതിയാനായി വാഴയില വെട്ടി തിരികെ വരുമ്പോള്‍ രഘു പറഞ്ഞു...

"ദേവു.... വേണ്ട... ഇന്ന് ജോലിയ്ക്ക് പോകുന്നില്ല.. ആകെ ഒരസ്വസ്ഥത.. മനസ്സിനും ശരീരത്തിനും....." പിന്നീട് അവളൊന്നും പറഞ്ഞില്ല. എന്നിട്ട്, ദേവുവിനെ അവന്‍ അരുകിലേയ്ക്ക് കൈപിടിച്ച് ഇരുത്തി. അന്നാദ്യമായ്‌ അവനവള്‍ക്ക് വയറു നിറയുവോളം വാരിക്കൊടുത്തു....

"ഹും... മതി രഘുവേട്ടാ... ദേ വയറ് കണ്ടോ...?? പൊട്ടാറായി... ഹും.. "

അവളത് പറയുമ്പോള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്ത് രഘു നെറുകയില്‍ ഉമ്മവച്ചു. അന്ന് ദേവു പതിവിലും കൂടുതല്‍ സന്തോഷവതിയായിരുന്നു. രഘു ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് അമ്മയുടെ അരുകില്‍ ചെന്നിരുന്നു. അമ്മയോട് കുശലം പറഞ്ഞു പറഞ്ഞു ഒടുവില്‍ അമ്മയുടെ മടിയില്‍ തലചായ്ച്ചു അവന്‍ കിടന്നു... വിജയമ്മ അവന്‍റെ നേര്‍ത്ത തലമുടിയില്‍ വിരലോടിച്ച് കൊണ്ടിരുന്നു... ആ സുഖത്തില്‍ മയങ്ങി അവന്‍ മെല്ലെയുറങ്ങി. അടുക്കളയിലെ ജോലിയെല്ലാം തീര്‍ത്ത് ദേവുവും അമ്മയുടെ അരുകില്‍ വന്നിരുന്നു... അതവള്‍ക്കും പതിവില്ലാത്തതാണ്. രഘുവില്ലെങ്കില്‍ അകത്തെ ജോലി കഴിഞ്ഞാല്‍ പിന്നെ അവള്‍ പറമ്പില്‍ നടന്നു അതുമിതും ചെയ്തു കൊണ്ടേയിരിക്കും...

"മോളെ..!! ഇനിയെങ്കിലും ആരെയെങ്കിലും ഒന്ന് പോയിക്കാണണ്ടേ...??? അറിയാല്ലോ.. അമ്മയ്ക്ക് വയസ്സായി. ഏതു നേരത്താ എന്‍റെ കണ്ണടയാന്ന് പറയാന്‍ പറ്റില്ല. മൂത്തവര് രണ്ടുപേരുടേം മക്കളെ ഞാന്‍ കണ്ടു. ഇനിയെനിക്ക് എന്‍റെ രഘുവിന്‍റെ കുട്ടികളെക്കൂടി കണ്ടാല്‍ മതിയായിരുന്നു....വിജയമ്മ നെടുവീര്‍പ്പിട്ടു.

"രണ്ടാള്‍ക്കും ഒരു കുഴപ്പോമില്ലമ്മേ...!! രഘുവേട്ടന് ഒരു നല്ല ജോലി വേണം ന്ന് ആഗ്രഹം..ണ്ട്.. ഒരു വീടും വയ്ക്കണം... അതിനുള്ള കുറച്ച് പണമെങ്കിലും സ്വരൂപിക്കണം എന്നാ ഏട്ടന്‍ പറയണേ... എന്നിട്ടായാലും സമാധാനം ഉണ്ടായിരുന്നു എന്ന്. ചിന്തിക്കുമ്പോള്‍, എനിക്കും തോന്നി അമ്മെ... അതാണ്‌ ശെരി എന്ന്.. എന്‍റെ വീട്ടിലെ സ്ഥിതി അമ്മയ്ക്കറിയാല്ലോ..??? ഞങ്ങള്‍ക്ക് പണം ചോദിക്കാനും അത് തരാനും ആരുമില്ല അമ്മെ... ഞങ്ങളല്ലാതെ... പറഞ്ഞിട്ടവള്‍ ഒരു നിമിഷം മൂകയായി. അപ്പോള്‍ വിജയമ്മ പറഞ്ഞു...

"മക്കളെ... നിങ്ങളിപ്പോള്‍ കുട്ടികളാണ്... ഈ ഓജസ്സും, തേജസ്സും ഉള്ള സമയത്ത് നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ അത് ആരോഗ്യം ഉള്ള കുഞ്ഞായിരിക്കും... എന്നായാലും വേണ്ടേ മോളെ... പിന്നെ അതിപ്പോഴായാല്‍ ഒരു കുഴപ്പോം ഇല്ല. എല്ലാം അതിന്‍റെ വഴിയ്ക്കു നടക്കും മോളെ... "വാ കീറിയ ദൈവം വഴിയും തരുമെന്നാ പ്രമാണം..." അതറിയാല്ലോ..

"ഹും... തരും തരും.. വിജയമ്മേ... വഴിയല്ല... വാഴയ്ക്ക... ഹ ഹ ... " പെട്ടെന്ന് കണ്ണടച്ചു കിടന്ന രഘു പറഞ്ഞു.

"ങേ... എടാ കള്ളാ... നീ ഉറങ്ങിയില്ല അല്ലെ...? വിജയമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.

ദേവുവിന് നാണം വന്നു. രഘു പറഞ്ഞു... "എല്ലാം അതിന്റെതായ സമയത്ത് നടക്കും അമ്മെ..."

പിന്നീട് മൂവരും നിശബ്ദരായി. വിയജമ്മ അപ്പോഴും വിരലുകള്‍ അവന്‍റെ മുടിയിഴകളില്‍ ചേര്‍ത്ത് ഓടിച്ചുകൊണ്ടിരുന്നു. ദേവു അമ്മയ്ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ