നോവല്‍
ദേവദാരുവിന്നരികത്ത്.....3
ദേവുവിന്‍റെ പ്രസവം നടന്നതും അവര്‍ വീട്ടിലേയ്ക്ക് തിരിച്ചെത്തിയതും രഘുനാഥിന്‍റെ അമ്മ വിജയമ്മ അറിഞ്ഞത് തന്നെ നാല് ദിവസം കഴിഞ്ഞാണ്. അറിഞ്ഞപാടെ ചെറുമകള്‍ ശിഖയെയും എടുത്തുകൊണ്ട് അവര്‍ സേതുലക്ഷ്മിയുടെ വീട്ടിലെത്തി. വന്നു കയറി പൊന്നുമോനെയും എടുത്തു മടിയില്‍ വച്ച്കൊണ്ടവര്‍ താഴെ പായയില്‍ ദേവുവിനടുത്ത് ഇരുന്നു. രഘുനാഥിനെ കുറെ ശകാരിക്കുകയും ചെയ്തു.
"ഒന്നുമില്ലേലും നിന്‍റെ അമ്മയല്ലേ ഞാന്‍... ഒന്നറിയിക്കായിരുന്നു... അവര്‍ ഉമ്മറത്ത് അരഭിത്തിയില്‍ ഇരുന്ന രഘുവിനെ നോക്കി പറഞ്ഞു.
"അമ്മെ... അതിനുള്ള സമയമൊന്നും കിട്ടിയില്ല... അല്ലെങ്കില്‍ തന്നെ അങ്ങിനെ ഒരു മാനസികാവസ്ഥയിലും ആയിരുന്നില്ല ഞാന്‍. പിന്നെ വീട്ടില്‍ വന്നിട്ട് സമാധാനത്തോടെ അറിയിക്കാം എന്ന് കരുതി. നടന്നരുകില്‍ ചെന്ന ശിഖയെ എടുത്തു മടിയില്‍ ഇരുത്തി രഘു അമ്മ വിജയമ്മയോട് പറഞ്ഞു.
"അറിയിക്കുക.. എന്നത് കൊണ്ട് അതൊരു കടമയെന്നുമാത്രം നീ കരുതരുത്. ഇതൊക്കെ നാട്ടില്‍ നടപ്പുള്ള കാര്യാ... മരുമകളെ പ്രസവത്തിന് കൊണ്ട് പോകുമ്പോള്‍ അമ്മായിയമ്മ കൂടി പോകുന്നതാണ് നാട്ടില്‍ സമ്പ്രദായം. എല്ലാം എന്‍റെ തെറ്റാ.. ന്‍റെ പൊന്നുമോളെ ഞാന്‍ എങ്ങും വിടേണ്ടിയിരുന്നില്ല. ചെറ്റക്കുടില്‍ ആണേലും, കഞ്ഞി ആണേലും അതും കുടിച്ച് അവളവിടെ കിടന്നേനെ..." അരുകിലിരുന്ന ദേവുവിന്‍റെ കവിളുകളില്‍ വാത്സല്യത്തോടെ തഴുകിക്കൊണ്ട് വിജയമ്മ സങ്കടത്തോടെ പറഞ്ഞു.
അപ്പോഴേയ്ക്കും സേതുലക്ഷ്മി കൈയില്‍ ചൂട് ചായയുമായി വിജയമ്മയുടെ അടുത്തെത്തി. വിജയമ്മ അത് വാങ്ങി അരുകില്‍ നിലത്ത് വച്ചു. കുറച്ചു നേരത്തെ കുശലാന്വേഷണത്തിന് ശേഷം സേതുലക്ഷ്മി അടുക്കളയിലേയ്ക്ക് പോയി. അപ്പോഴേയ്ക്കും വിജയമ്മ ദേവുവിനോട് പറഞ്ഞു.
"ആ പപ്പടം വില്‍ക്കുന്ന കുമാരന്‍ വന്നില്ലായിരുന്നേല്‍ ഞാനിത് ഇപ്പോഴും അറിയാന്‍ പോകുന്നില്ല.... " ഹും.... അവര്‍ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.
ഇന്നത്തെ പോലെ അന്ന് കാര്യങ്ങള്‍ അറിയാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കാത് കാതോട് അറിയുകയേ നിര്‍വാഹമുള്ളൂ. അല്ലെങ്കില്‍ പിന്നെ ഇവിടുന്ന് ചെന്നറിയിക്കേണ്ടത് രഘുവാണ്. രഘുവാകട്ടെ ദേവുവിനെ ആശുപത്രിയില്‍ കൊണ്ട് പോയത് മുതല്‍ എങ്ങടും തിരിഞ്ഞിട്ടുമില്ല. രഘുവിന്‍റെ കുടുംബവീട്ടില്‍ അത്രകണ്ട് പന്തിയല്ല കാര്യങ്ങള്‍... ജേഷ്ഠന്‍മാര്‍ രണ്ടുപേരും വിവാഹം കഴിഞ്ഞ് വിജയമ്മയോടൊപ്പം തന്നെയുണ്ട്. ഭാര്യമാരും കുഞ്ഞുങ്ങളും ഒക്കെയായി ആ വീട് നിറച്ച് ആളുകളാണ്. വിവാഹം കഴിഞ്ഞ് അടുക്കളയോട് ചേര്‍ന്ന ചായ്പ്പിലായിരുന്നു രഘുവിന്‍റെയും ദേവുവിന്‍റെയും താമസം. ചേട്ടത്തിമാര്‍ക്ക് രഘു വിവാഹം കഴിച്ചതോടെ മാനസികമായ അടുപ്പം കുറച്ച് കുറഞ്ഞു. അതവര്‍ ദേവുവിനോട് പലപ്പോഴായി കാട്ടുകയും ചെയ്തു. തീരെ സഹികെട്ടപ്പോള്‍ ഒരുദിവസം ജോലി കഴിഞ്ഞ് വന്ന് കുളിച്ച് അവളുടെ അരുകില്‍ ഇരുന്ന രഘുവിനോട് അവള്‍ പറഞ്ഞു.
"രഘുവേട്ടാ... എല്ലാറ്റിനും ഒരു പരിധിയുണ്ട്. ഇവരെന്താ രഘുവേട്ടാ.. ഒരു കുടുംബത്തില്‍ നിന്നു വന്നതാണോ???"
രഘു കാര്യം മനസ്സിലാകാതെ പറഞ്ഞു. "എന്താടീ... നീ തെളിച്ചു പറയ്..!!!"
വീട്ടിലുണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ ആണുങ്ങളോട് പറയരുത്. അത് വീട്ടിലുള്ള പെണ്ണുങ്ങള്‍ തന്നെ തീര്‍ക്കുന്നതാണ് നല്ലത്. അതുകൊണ്ട് തന്നെയാണ് ഞാനിതു വരെ ഇതൊന്നും രഘുവേട്ടനോട് പറയാഞ്ഞത്. രഘുവേട്ടന്‍ ജോലിചെയ്തു കൊണ്ടുവരുന്നതില്‍ നിന്നും ഒരോഹരി നമ്മള്‍ അമ്മയ്ക്ക് കൊടുത്തിട്ടാണ് ഇവിടുന്ന് പച്ചവെള്ളം പോലും കുടിക്കുന്നത്. അങ്ങിനെ വരുമ്പോള്‍... ഇവിടെ എനിക്കും സ്വാതന്ത്ര്യമില്ലേ...?
"ശ്ശെടാ.... ടീ വളച്ചുകെട്ടാതെ ഒന്ന് തെളിച്ചു പറയടീ... കണ്ടില്ലേ... പരിഭവം വന്നപ്പോള്‍ അവളുടെ മൂക്കിന്‍റെ ഒരു നീളേ..... "അവന്‍ സ്നേഹത്തോടെ അവളുടെ മൂക്കിന്‍റെ തുമ്പില്‍ പിടിച്ചു വലിച്ചു.
"ഇത് പരിഭവല്ലാട്ടോ... രഘുവേട്ടാ... അവള്‍ ഒന്നൊന്നായി അവനോടു വിശദീകരിക്കാന്‍ തുടങ്ങി. തുണി അലക്കികൊണ്ട് ചെന്നാല്‍ ഇടാന്‍ ഇടമില്ല. ഇന്ന് ഏട്ടന്‍റെ ചട്ട ഇടാന്‍ ഞാനൊന്ന് അയയില്‍ കിടന്ന തുണിയൊതുക്കി. ശ്രീദേവി ചേട്ടത്തി പറയുവാ... "ഇതേ.. ഞങ്ങള് വാങ്ങിക്കെട്ടിയ കയറാ..ന്ന്. പെണ്ണുങ്ങള്‍ക്ക് ഇത്രേം അഹമ്മതി പാടില്ല... ദേവുവിന് അരിശം കയറി.... അവള്‍ തുടര്‍ന്നു.. "സാവിത്രി ഏട്ടത്തിയും കണക്കാ.... എപ്പോ നോക്കിയാലും രണ്ടും കൂടി കുശുകുശുക്കുന്നതേ കാണാനുള്ളൂ...." അതാ ഞാന്‍ ചോദിച്ചേ.. "രണ്ടും ഒരു കുടുംബത്തീന്നു വന്നതാണോ... ന്ന്..???
"അപ്പോള്‍ അമ്മയോ...? രഘു ആകാംഷയോടെ ചോദിച്ചു.
"അമ്മ പാവാ... രഘുവേട്ടാ... എന്നോട് നല്ല ഇഷ്ടാ... പക്ഷെ, അമ്മ ഒന്നിലും ഇടപെടില്ലാട്ടോ. ഞങ്ങളെ മൂന്നുപെരേം വിളിച്ചു നിര്‍ത്തി പറയും. എന്‍റെ മൂന്ന് ആണ്‍കുട്ട്യോളുടെ ഭാര്യമാരാ നിങ്ങള് മൂന്ന് പേരും... പെണ്‍കുട്ടികള്‍ ഇല്ലാതിരുന്ന എനിക്ക് ഈശ്വരന്‍ തന്ന പെണ്മക്കള്‍... സന്തോഷായി, സമാധാനമായി.. സ്നേഹത്തോടെ കഴിയണം നിങ്ങള് മൂന്നുപേരും....
"എന്നിട്ടെന്താ ഇപ്പോള്‍ സന്തോഷത്തിന് കുറവുണ്ടോ?... രഘു ചിരിച്ചു കൊണ്ട് ചോദിച്ചു.
ദേവു രഘുവിനോട് ചേര്‍ന്നിരുന്നു. അവന്‍റെ നെഞ്ചിലെ രോമങ്ങള്‍ നനുത്ത അവളുടെ വിരലിട്ട് മെല്ലെ വലിച്ചു കൊണ്ടിരുന്നു.... എന്നിട്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്ന്... വിദൂരതയില്‍ ഇരുട്ടിലേയ്ക്ക് നോക്കി.. ഒന്നു നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.
"രഘുവേട്ടാ... പെണ്ണെന്നും പെണ്ണ് തന്നെയാ... ഒന്നല്ലെങ്കില്‍ മറ്റൊന്ന്... അവളെ കരയിക്കാന്‍ എത്ര കാരണങ്ങളാ.... ഈ മണ്ണില്‍...!!!!
"അതിനിപ്പോ.. എന്താ ഉണ്ടായെ.. ഇത്രേം സങ്കടപ്പെടാനും, നെടുവീര്‍പ്പിടാനും...??? നിനക്ക് തുണിയലക്കി ഇടാന്‍ ഒരു അയ വേണം... അത്രേല്ലേ ഉള്ളൂ... നാളെ പുലരട്ടെ... ഞാന്‍ ഏര്‍പ്പാടാക്കാം..." രഘു അവളെ ചേര്‍ത്തണച്ചു കൊണ്ട് പറഞ്ഞു.
"വേണ്ട..... രഘുവേട്ടാ... പിന്നിനി അത് മതി. ഹും അവളുടനെ അവന്‍റെയടുത്തു പറഞ്ഞൂന്ന് ചൊല്ലിയാകും ഇനി നാളെ പുകില്‍... ഇങ്ങനെ തന്നെ പോകട്ടെ.. നമ്മുക്കൊരു കിടപ്പാടം ആകുന്നത് വരെ.... അവള്‍ പതിയെ പറഞ്ഞു....
"നീ ചോറിട്... വിശന്നിട്ട് വയ്യ...." ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ ഒരു ചായ കുടിച്ച് ദേവുവിനോടൊപ്പം തന്നെ കാണും. മറ്റുള്ളവരെപ്പോലെ ജംഗ്ഷന്‍ നിരങ്ങല്‍ അവനുണ്ടായിരുന്നില്ല. പണ്ട് മുതലേ അതവന് ഒരു ശീലമായിരുന്നു. അച്ഛന്‍റെ മരണശേഷം.. എപ്പോഴും അമ്മ തനിച്ചാണ്. ഏട്ടന്മാരൊക്കെ സ്കൂള്‍ വിട്ടു വന്നാല്‍ അടുത്തൊരു പറമ്പില്‍ കളിക്കാന്‍ പോകും. രഘു പക്ഷെ പോകാറില്ല. അമ്മയോടൊപ്പം ഒരു നിഴല് പോലെ അവന്‍ കൂടെക്കാണും...ചോറിടാനായി ദേവു അടുക്കളയിലേയ്ക്ക് പോകുമ്പോള്‍ അവന്‍റെ മനസ്സ് ഭൂതകാലത്തിലേയ്ക്ക് അല്‍പ്പം ഊളിയിട്ടു. ചിന്തയിലാണ്ട് അവനിരിക്കെ ദേവു ചോറുമായി വന്നു. അവള്‍ വിളിച്ചു..
"രഘുവേട്ടാ... ന്താ യിത് പെട്ടെന്നൊരു ചിന്ത...." അവന്‍ അവളുടെ മുഖത്ത് നോക്കി. ഞാന്‍ പറഞ്ഞത് കേട്ട് രഘുവേട്ടന്‍ വിഷമിക്കണ്ട.. എല്ലാ വീട്ടിലും ഉള്ളതാ ഇതൊക്കെ.... ഞാന്‍ വെറുതെ എന്‍റെ വിഷമം പറഞ്ഞൂന്നെ... ള്ള് രഘുവേട്ടാ... എട്ടനോടല്ലാതെ പിന്നാരോടാ ഞാനിതൊക്കെ പറയുക.... പറഞ്ഞുകൊണ്ടവള്‍ കട്ടിലിനരുകില്‍ കിടന്ന ചെറിയ സ്റ്റൂള്‍ അവനരുകിലേയ്ക്ക് വലിച്ചിട്ട് ചോറ് അതില് വച്ചു.
"ഇതെന്താടീ ഇങ്ങനെ തണുത്തുറഞ്ഞിരിക്കുന്നെ...??? പറഞ്ഞുവെങ്കിലും അവന്‍ വാരിക്കഴിച്ചു. അതിനരുകില്‍ ഒരുപിടി ചോറ് അവള്‍ക്കായി ബാക്കിവച്ച് അവന്‍ എഴുന്നേറ്റു കൈകഴുകി വന്നു. അപ്പോഴേയ്ക്കും പാത്രമെടുത്ത് അവള്‍ അടുക്കളയിലേയ്ക്ക് പോയിരുന്നു. അടുക്കളയില്‍ എത്തിയ ദേവു നിന്നുകൊണ്ട് തന്നെ അവന്‍ ബാക്കി വച്ച ആ ഒരുപിടി ഭക്ഷണം കഴിച്ച്... പാത്രം കഴുകി വച്ചു. പിന്നെ അടുക്കളയുടെ വാതിലിനു മറവില്‍ ഭിത്തിയില്‍ ചാരി അല്‍പനേരം നിന്നു. അന്ന് വീട്ടില്‍ അപ്പോഴേയ്ക്കും മറ്റെല്ലാപേരും ഉറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ദേവുവിനടുത്ത് അടുക്കളയില്‍ അല്‍പ്പം സ്വാതന്ത്ര്യത്തോടെ ഇരിക്കാം എന്ന് കരുതി രഘു പതിവില്ലാതെ അടുക്കളയിലേയ്ക്ക് ചെന്നു. കതകിന് മറവില്‍ കണ്ണടച്ച് ചാരി നില്‍ക്കുകയായിരുന്ന ദേവു അത് കണ്ടില്ല. രഘു അവളുടെ മുന്നില്‍ ചെന്നു. അവന്‍റെ പാദചലനം തിരിച്ചറിഞ്ഞ അവള്‍ പെട്ടെന്ന് കണ്ണു തുറന്നു. അവളുടെ തോളില്‍ കൈവച്ച് രഘു ചോദിച്ചു.
"എന്താ നീ ഭക്ഷണം കഴിയ്ക്കുന്നില്ലേ...??
അവള്‍ പോലും അറിയാതെ അവളുടെ കണ്ണു നിറഞ്ഞത് പെട്ടെന്നായിരുന്നു.... അതുകൊണ്ട് തന്നെ രഘു വീണ്ടും ചോദിച്ചു...
"എന്ത് പറ്റി ദേവൂ... നീ ഭക്ഷണം കഴിയ്ക്കുന്നില്ലേ...??? അവന്‍റെ ചോദ്യം കേട്ടിട്ടും അവളൊന്നും പറഞ്ഞില്ല. പറയാന്‍ അവള്‍ക്കു നാവു പൊന്തിയിരുന്നില്ല എന്ന് പറയുന്നതാകും ഉത്തമം... അവളുടെ നേര്‍ത്ത തേങ്ങലില്‍ ഒരു തുള്ളി കണ്ണീര്‍ അടര്‍ന്നു നിലത്ത് പതിച്ചു. രഘു തിരിഞ്ഞ് അടുക്കളയില്‍ അടുപ്പിനടുത്തേയ്ക്ക് നോക്കി. അവിടെയും നിലത്തും ഒന്നും ചോറുകലം അവന്‍ കണ്ടില്ല."
"എന്തായിത്...??? ദേവു.. ചോറുകലം എവിടെ??? നിനക്ക് കഴിക്കാനുള്ള ചോറെവിടെ??? അവന്‍റെ സ്വരം തെല്ലുയര്‍ന്നിരുന്നു. അപ്പോഴേയ്ക്കും ദേവു അവനരുകിലേയ്ക്ക് ചേര്‍ന്ന് അവന്‍റെ വായപൊത്തി. ദയനീയമായി അവന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ പറഞ്ഞു.
"ആരോടും ഒന്നും പറയല്ലേ.... എനിക്കിവിടെ ജീവിക്കണം..."
"എന്നുവച്ച്... നീയിങ്ങനെ പട്ടിണി കിടക്കണോ?... എത്ര നാളായി ഇങ്ങനെ തുടങ്ങിയിട്ട്...?
"ഒരു മാസത്തോളം ആയി.... " അവള്‍ മടിച്ചു മടിച്ചു പറഞ്ഞു.
"അപ്പോള്‍ ഒരു മാസമായി നീ അത്താഴം കഴിക്കാറില്ലേ...???
"ഇല്ല രഘുവേട്ടാ... ഏട്ടന്‍ തരുന്ന ഒരുപിടി ചോറാ എന്‍റെ അത്താഴം... ശ്രീദേവി എട്ടത്തിയാ... നേരത്തേ അമ്മയ്ക്കു ഭക്ഷണം കൊടുത്തിട്ട്... അതെടുത്ത് കൊണ്ട് പോകുന്നത്... രഘുവേട്ടനുള്ള ചോറ് ഞാന്‍ ഉച്ചയ്ക്ക് മാറ്റിവയ്ക്കുന്നതാ...
"ന്‍റെ... ദേവൂ... വിളിച്ചുകൊണ്ടവന്‍ അവളെ അവനിലേയ്ക്കു വലിച്ചടുപ്പിച്ച് കെട്ടിപ്പുണര്‍ന്നു. അവന്‍റെ നിറഞ്ഞ കണ്ണുകള്‍ അവളുടെ മൂര്‍ദ്ധാവില്‍ പെരുമഴ പെയ്യിക്കുമ്പോള്‍ ദേവു അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി വിതുമ്പി. അവളുടെ തേങ്ങല്‍ ആ വാതിലിനപ്പുറം പോകാതിരിക്കാന്‍... അവന്‍റെ നെഞ്ചിലേയ്ക്കവള്‍ വാ തുറന്നു ചേര്‍ത്തു പിടിച്ചു കരഞ്ഞു......
പെരുമഴയുടെ താളമെന്നോണം... അതങ്ങനെ അവന്‍റെ നെഞ്ചില്‍ പെരുമ്പറകൊട്ടി.....
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ