2014 മേയ് 18, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....8

സത്യദാസ് വരുമെന്ന് രാജേശ്വരി പറഞ്ഞ ദിനങ്ങള്‍ മെല്ലെ പോയ്‌മറഞ്ഞു. ദേവുവിന്‍റെ സംശയത്തിന് രാജേശ്വരി അവളോട്‌ മറുപടി പറഞ്ഞു...

"ഇല്ലേച്ചി... സത്യേട്ടന്‍ വരാന്‍ ഇനീം ഒരു മാസം കൂടി കഴിയുമെന്ന്... കുറച്ചു തിരക്കാത്രേ അവിടെ..."

അങ്ങിനെ എങ്കില്‍പ്പോലും ദിനങ്ങള്‍ മറയുമ്പോള്‍ തന്നെ വല്ലാത്ത മന:ശാന്തി കൈവന്നിരുന്നു രണ്ടാള്‍ക്കും. സത്യദാസിന്‍റെ വരവിനെ ഒരുപക്ഷെ, രാജേശ്വരിയേക്കാള്‍ ആഗ്രഹിച്ചത്‌ രഘുവും ദേവുവും ആയിരുന്നുവെന്ന് തോന്നുന്നു. അത്രത്തോളം സന്തോഷമായിരുന്നു അവര്‍ക്ക്. ആ സന്തോഷത്തിനിടയില്‍ കുഞ്ഞിന് നൂലുകെട്ട് ചടങ്ങ് വന്നു. ദേവുവിന്‍റെ മടിയില്‍ ഇരുത്തി വിജയമ്മ അവന് നൂലുകെട്ടി. നൂലുകെട്ടിനൊടുവില്‍ വിജയമ്മ ദേവുവിനോട് ചോദിച്ചു

"മോളെ മോന്‍റെ പേര് വിളിച്ചൊള്ളൂ.... "

ദേവു വിജയമ്മയെ നോക്കി... അത് കണ്ടു വിജയമ്മ ചോദിച്ചു... ന്താ... മോളെ ഇങ്ങനെ നോക്കണേ... "നോക്കി വച്ചിട്ടില്ലേ..???

ദേവു പെട്ടെന്ന് പറഞ്ഞു... "ഉവ്വ്... അമ്മെ ഉവ്വ്... നോക്കി വച്ചിട്ടുണ്ട്...!!!

"എങ്കില്‍ വിളിച്ചോള്ളൂ മോളെ.... വിജയമ്മ പറഞ്ഞു.

ദേവു രഘുവിനെ നോക്കി. അവന്‍ വിളിച്ചോള്ളൂ എന്ന് പറയുന്ന മുഖഭാവത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

ദേവു കുഞ്ഞിന്‍റെ കാതില്‍ പേര് ചൊല്ലി വിളിച്ചു.... "അമര്‍... അമര്‍....അമര്‍..."

രഘുവിന്‍റെ വീട്ടില്‍ നിന്നും വിജയമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെയും വേണ്ടപ്പെട്ട ബന്ധുക്കളിള്‍ ചിലര്‍ മാത്രം... ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കളില്‍ പലരും കുഞ്ഞിന്‍റെ നൂലുകെട്ടില്‍ സംബന്ധിക്കുന്നതില്‍ ഉപരി ദേവുവിന്‍റെ ബന്ധുവീട്ടില്‍ നിന്നു മറ്റാരും ചടങ്ങില്‍ പങ്കെടുക്കാത്ത കാരണം അന്വേഷിക്കുന്ന തിരക്കിലായിരുന്നു.

ദേവു തന്നെയായിരുന്നു എല്ലാപേരോടും മറുപടി പറഞ്ഞത്.

"രണ്ടാമത്തെ കുഞ്ഞല്ലേ... വലിയ ചടങ്ങ് വേണ്ടാന്ന് ഞങ്ങള് തന്നാ തീരുമാനിച്ചേ... അവിടെ അവര്‍ക്കും ഓരോരോ തിരക്കാണെ...!!! അതാ..."

പക്ഷെ, രഘു ആര്‍ക്കും പിടികൊടുക്കാതെ അവിടെയും ഇവിടെയും ഓടി നടന്നു സമയം കഴിച്ചു. പിന്നീട് അവിടെ ഒരുക്കിയ സദ്യയെല്ലാം കഴിഞ്ഞ്, മെല്ലെ മെല്ലെ വീട്ടില്‍ ആളൊഴിഞ്ഞു. സന്ധ്യ മയങ്ങുമ്പോള്‍ രഘുവും ചില ആവശ്യങ്ങള്‍ക്കായി പുറത്തേയ്ക്ക് പോയി. അതോടെ വീട്ടില്‍ രാജേശ്വരിയും ദേവുവും കുഞ്ഞുങ്ങളും അമ്മ സേതുലക്ഷ്മിയും മാത്രമായി. നൂലുകെട്ടിന് കുഞ്ഞിന് കിട്ടിയ സ്വര്‍ണത്തിന്‍റെ കണക്കുകള്‍ പറയുന്നതിനിടയില്‍ ദേവു പറഞ്ഞു...

"സ്വര്‍ണ്ണമായിട്ട് ഇത് മാത്രാ അമ്മെ ഇനി ബാക്കിയുള്ളത്.." മോളുടെയും എന്‍റെയും സ്വര്‍ണം എടുത്തല്ലേ ഇവളുടെ വിവാഹം നടത്തിയത്... " പറഞ്ഞിട്ടവള്‍ രാജേശ്വരിയെ നോക്കി. രാജേശ്വരിയ്ക്ക് ദേവുവിന്‍റെ വാക്കുകള്‍ എന്തുകൊണ്ടോ ഒരു വിഷമം ഉണ്ടാക്കിയപോലെ. അതവള്‍ പെട്ടെന്ന് വാക്കുകളായി പ്രകടിപ്പിക്കുകയും ചെയ്തു.

"അതിനെന്താ ദേവൂച്ചീ... അച്ഛന്‍റെ വക വടക്കേലെ പറമ്പ് നിങ്ങള്‍ക്കുള്ളതല്ലേ..??? ".. അത് നിങ്ങള്‍ക്ക് തരാന്ന് അമ്മ പറഞ്ഞതല്ലേ..??? എന്നിട്ടല്ലേ അമ്മ സ്വര്‍ണം വാങ്ങിയത് തന്നെ..."

"ഇല്ല്യാന്ന് ഞാന്‍ പറഞ്ഞില്ലല്ലോ മോളെ... ഞങ്ങള്‍ക്കുള്ളത് തന്നാ.... " അവള്‍ നെടുവീര്‍പ്പിട്ടു.

രാജേശ്വരി അമ്മയെ നോക്കി ചോദിച്ചു...... "അമ്മെ ദേവൂച്ചിയ്ക്ക് ആ ഇടം കൊടുക്കാം... ന്നു അമ്മ വാക്കാല് പറഞ്ഞതല്ലേ..? അപ്പോള്‍ പിന്നെ എന്‍റെ കല്യാണം കഴിഞ്ഞ ഉടനെ അതങ്ങട് എഴുതിക്കൊടുത്തൂടായിരുന്നോ??? അവര്‍ക്കും വേണ്ടേ എന്തേലും...

സേതുലക്ഷ്മിയ്ക്കും അതേക്കുറിച്ച് അപ്പോഴാണ്‌ വീണ്ടുവിചാരം ഉണ്ടായത്. ഇടയ്ക്കിടെ അവരത് ഓര്‍ത്തിരുന്നുവെങ്കിലും മകളല്ലേ അത് പിന്നീടും ആകാം എന്ന ചിന്തയില്‍ അതിങ്ങനെ നീണ്ടുപോയി... എന്നതാണ് വാസ്തവം. അമ്മയും മക്കളും പുരയിടം ദേവുവിന്‍റെ പേര്‍ക്കെഴുതാനുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ പുറത്തേയ്ക്ക് പോയ രഘു വന്നു. എല്ലാപേരും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റു. രഘുവും ദേവുവും കുഞ്ഞുങ്ങളെയും കൊണ്ട് അകത്തേയ്ക്ക് പോയി. അമ്മയും രാജേശ്വരിയും അതോടെ അവിടം വിട്ട് പോകുകയും ചെയ്തു. രഘു വസ്ത്രം മാറിയതോടെ ദേവു അവനു ചായയുമായി അരുകിലെത്തി. അവിടെ നടന്ന സംഭാഷണത്തെക്കുറിച്ച് അവള്‍ അവനോട് പറഞ്ഞു.

"ഓ!!!... ദേവു അതിനിത്ര തിരക്കെന്തിനാ...?? അമ്മയുടെ കാലശേഷം നിങ്ങള് രണ്ടുപേരെ ഉള്ളൂ... എന്തായാലും അത് നിങ്ങള്‍ക്കുള്ളത്‌ തന്നാ..." രഘു പറഞ്ഞു.

"അതല്ല രഘുവേട്ടാ...!! നമ്മുടെ സ്വര്‍ണം കൊടുത്തതിന് പകരമാ ഇത്. അതെനിക്ക് വേണം. അത് കഴിഞ്ഞുള്ളത്‌ അമ്മയുടെ മരണശേഷം ഞങ്ങള്‍ രണ്ടാള്‍ക്കും ഉള്ളത് തന്നാ.... അല്ലെങ്കില്‍ പിന്നെ എനിക്കെന്താ ഉള്ളത്... ഏട്ടനൊന്നു ചിന്തിച്ചേ... അവള്‍ അവനരുകിലെത്തി അവനോടു ചേര്‍ന്ന് നിന്നു പറഞ്ഞു.

"നോക്ക്.. ദേവൂ... ഞാനതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എല്ലാം നിന്റെയിഷ്ടം പോലെ തന്നെ നടക്കട്ടെ..."

"അതല്ല രഘുവേട്ടാ... അത് നമ്മുക്ക് വേണം... ജീവിതത്തില്‍ ഒരു പിടിവള്ളിയെങ്കിലും വേണ്ടേ... നാളെ നമ്മുക്കൊരു ആപത്ത് വന്നാല്‍ കൂടി ആരും ഉണ്ടായെന്നു വരില്ല. അതുമല്ല ഒരിടം വിട്ട് വന്നു നമ്മള്... നാളെ ഇവിടെ എന്ത് നടക്കുമെന്ന് പറയാന്‍ പറ്റോ നമ്മുക്ക്... അതുകൊണ്ട് വേണം രഘുവേട്ടാ... നമ്മുക്കിത് വേണം...!!! അവള്‍ വ്യക്തമായി തന്നെ പറഞ്ഞു.

"ശെരി... നടന്നോട്ടോ... ദേവൂ... എല്ലാം നിന്‍റെ ഇഷ്ടം പോലെ നടന്നോട്ടെ...!! ആരെയും വിഷമിപ്പിക്കണ്ടാ എന്നേ ഞാന്‍ കരുതിയുള്ളൂ..." രഘുവും അവളോട്‌ പറഞ്ഞു.

അങ്ങിനെ അച്ഛന്‍റെ വക 10 സെന്റ്റ് പുരയിടം ദേവുവിന്‍റെ പേര്‍ക്കെഴുതാന്‍ തീരുമാനമായി. വസ്തു അവളുടെ പേര്‍ക്കെഴുതാനായി അച്ഛന്‍ തമ്പിയും രജിസ്റ്റര്‍ ഓഫീസില്‍ എത്തിയിരുന്നു. ദേവുവിന് കൊടുക്കാന്‍ ഉദ്ദേശിച്ച പുരയിടം അല്ലാതെ ബാക്കിയുണ്ടായിരുന്ന ഇരുപത് സെന്റും വീടും അയാള്‍ സേതുലക്ഷ്മിയുടെ പേര്‍ക്കു ഇഷ്ടദാനം എഴുതി നല്‍കി. രഘു അന്നാദ്യമായ്‌ അമ്മാവനെക്കണ്ടു. തമ്പിയും രഘുവും തമ്മില്‍ കുശലപ്രശ്നം നടത്തുകയും ചെയ്തു. ഒടുവില്‍ ദേവുവിന്‍റെ പേര്‍ക്കെഴുതുന്നതിനായി പത്രങ്ങള്‍ കൈയിലെടുത്ത് വെണ്ടര്‍ ദേവുവിനെയും സേതുലക്ഷ്മിയെയും തമ്പിയെയും വിളിച്ചു. വെണ്ടറുടെ ചില സംശയങ്ങള്‍ക്കൊടുവില്‍ അവള്‍ അച്ഛന്‍ തമ്പിയോട് പറഞ്ഞു..

"അച്ഛാ... എനിക്കിത് അച്ഛന്‍ അമ്മയ്ക്ക് കൊടുത്തത് പോലെ ഇഷ്ടദാനം തരണ്ട... എന്‍റെ സ്വര്‍ണം കൊടുത്ത് രാജേശ്വരിയുടെ വിവാഹം നടത്തിയതിന് അമ്മ പകരം തരാം എന്ന് എന്നോടും രഘുവേട്ടനോടും ഏറ്റതാണിത്. അതുകൊണ്ട് അച്ഛനിതെനിക്ക് വിലയാധാരം തന്നെ തരണം... അതും എന്‍റെ പേര്‍ക്കല്ല... എന്‍റെ രഘുവേട്ടന്‍റെ പേര്‍ക്ക്... തമ്പി അന്തംവിട്ടു നിന്നു. എത്ര കൃത്യമായാണ് തന്‍റെ മകള്‍ സംസാരിക്കുന്നത്. അവളുടെ സംഭാഷണത്തിലെ വ്യക്തത... ദീര്‍ഘവീക്ഷണം ഒക്കെ അയാള്‍ക്ക്‌ നന്നേ ബോധിച്ചു. എന്നിരുന്നാലും അയാള്‍ മെല്ലെ പുറത്തേയ്ക്ക് നോക്കി. രഘു ഓഫീസിന് പുറത്ത് ഒരു മരത്തണലില്‍ അവന്‍റെ പഴയ ഒരു സുഹൃത്തുമായി ദീര്‍ഘമായ സംഭാഷണത്തില്‍ ആണ്. പെട്ടെന്ന് തന്നെ അവളെ നോക്കി അയാള്‍ പറഞ്ഞു..

"മോളെ.. മോളുടെ പേര്‍ക്കെഴുതിയാലും അത് രഘുവിന്‍റെകൂടിയല്ലേ...??? നാളെ എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ എന്‍റെ മോള്‍ക്ക്‌ ഒന്നും ഇല്ലാണ്ടാവരുത്.... അയാള്‍ പതിയെപതിയെ പറഞ്ഞുതീര്‍ത്തു.....

"ഹ...ഹ... എന്‍റെ പൊന്നച്ഛാ.... അച്ഛന്‍ എന്താ ഈ പറേണേ...??? രഘുവേട്ടന്‍ എന്നെ ഉപേക്ഷിക്കാനോ..??? നല്ല കഥ....!!

എന്നിട്ട് പെട്ടെന്ന് ചിരി നിര്‍ത്തിയവള്‍ തമ്പിയോട് ചോദിച്ചു... "ന്താ അച്ഛാ... പറക്കമുറ്റാത്ത ഞങ്ങള് രണ്ടുപേരെയും ഇട്ടേച്ച് അച്ഛന്‍ പോയില്ലേ... എന്നിട്ട് അച്ഛന്‍ ഞങ്ങള്‍ക്ക് തരാതെ കൊണ്ടുപോയോ ഇതെല്ലാം.... ഇല്ലല്ലോ..??? അപ്പോള്‍ പിന്നെ ആ വഴി ചിന്തിക്കുന്നതില്‍ അര്‍ത്ഥമൊന്നും ഇല്ലച്ഛാ...??? തമ്പിയ്ക്ക് മകളെയോര്‍ത്ത് വല്ലാതെ അഭിമാനം തോന്നി. അയാള്‍ രഘുവിന്‍റെ പേര്‍ക്ക് ആ വസ്തു വിലയാധാരം എഴുതി നല്‍കി. അത്രേം സമയം അവള്‍ കൈക്കുഞ്ഞുമായി ആ ഓഫീസിന്‍റെ വരാന്തയില്‍ ഇരുന്നു. ഇടയ്ക്ക് രഘു എല്ലാര്‍ക്കും ഭക്ഷണം വാങ്ങിക്കൊടുത്തു. അവിടെനിന്നും എല്ലാപേരും പിരിഞ്ഞുപോകുന്നത് വരെ തമ്പി കൂടെക്കൂടെ സേതുലക്ഷ്മിയെ ഒളികണ്ണിട്ടു നോക്കിയിരുന്നു. അപ്പോഴൊന്നും അവര്‍ തമ്പിയെ നോക്കിയിരുന്നതെ ഇല്ല....

ആ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ തമ്പി രഘുവിന്‍റെ കരം ഗ്രഹിച്ചു. യാത്ര പറയുന്നതിന് മുന്‍പായി അയാള്‍ അവനോട് പറഞ്ഞു...

"മോനെ... അവള്‍ നിന്‍റെ എല്ലാമാണെന്ന് ഈ അച്ഛനറിയാം... അതുപോലെ തന്നെ അവളുടെ എല്ലാമാണ് നീയും... നീ ഭാഗ്യോള്ളോനാ... മോനെ .. ന്‍റെ മോളും.. അവളെ നീ പൊന്നുപോലെ നോക്കണം മരണം വരെയും.... ഇത്രയും പറഞ്ഞുതീരുമ്പോഴേയ്ക്കും അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവന്‍റെ കൈകള്‍ പതിയെ വിട്ടയാള്‍ വേഗതയില്‍ അവിടെനിന്നും നടന്നകന്നു. അപ്പോഴേയ്ക്കും ദേവുവും അമ്മയും കുഞ്ഞുമായി അവനരുകിലേയ്ക്ക് വന്നു. വന്നയുടനെ ദേവു ചോദിച്ചു..... "എന്താ രഘുവേട്ടാ... അച്ഛന് വല്ലാത്ത വിഷമം പോലെ... ഏട്ടനെ പിരിയാന്‍...???

രഘു അവളെ നോക്കി ചിരിച്ചതെ ഉള്ളൂ.... അവര്‍ വീട്ടിലേയ്ക്ക് യാത്രയായി. പതിനാല് ദിവസങ്ങള്‍ക്കു ശേഷം രഘുവിന്‍റെ പേര്‍ക്ക് വസ്തു റെജിസ്റ്റര്‍ ചെയ്തു പ്രമാണം കൈയിലെത്തി. രാത്രിയില്‍ കുഞ്ഞുങ്ങള്‍ ഉറങ്ങിയതിനുശേഷം ദേവുവിനോടൊപ്പം ഇരിക്കെ രഘു ആ പ്രമാണം കൈയിലെടുത്തു. കൂട്ടക്ഷരങ്ങള്‍ മെല്ലെ തപ്പിപ്പിടിച്ചവന്‍ വായിക്കാന്‍ ആരംഭിച്ചു... ഇടയിലവന്‍ ഒരു വരി ഒന്നുകൂടി വായിച്ചു..... അവന്‍റെ പേരിലേയ്ക്കാണ് വസ്തു വിലയാധാരം നല്‍കിയത് എന്ന വിവരം അപ്പോഴാണവന്‍ അറിയുന്നത്.. അതുകൊണ്ട് തന്നെ അത്ഭുതത്തോടെയാണ് അവനവളെ നോക്കിയത്... അവളെത്തന്നെ നോക്കിയിരിക്കുന്ന അവനരുകിലേയ്ക്ക് അവള്‍ ഒന്നുകൂടി ചേര്‍ന്നിരുന്നു. എന്നിട്ട് ചോദിച്ചു..

"ന്താ... രഘുവേട്ടാ ഇങ്ങനെ നോക്കുന്നെ... ???

അവനവളുടെ കണ്ണുകളില്‍ നോക്കി... "നിനക്കെന്നെ അത്രയ്ക്കും ഇഷ്ടാണോ ദേവൂ... ന്നെ അത്രെയ്ക്കും വിശ്വാസാണോ നിനക്ക്...???

അവളവനെ മുറുകെപ്പുണര്‍ന്നു... "പിന്നില്ലാതെ... ഞാന്‍ എന്‍റെ ഏട്ടനെ അല്ലാണ്ട് പിന്നാരെയാ സ്നേഹിക്കണേ..!!!! ഒരു കുഞ്ഞുകരച്ചിലിന്‍റെ കുറുകലോടെയാണവള്‍ അത് പറഞ്ഞത്....

"ന്‍റെ... പൊന്നെ.... ന്‍റെ ദേവൂ.... നീ എന്നെ സ്നേഹിച്ചു കൊല്ലുവാണല്ലോ...??? നിനക്ക് തരാന്‍ എന്‍റെ കൈയില്‍ ഒന്നുമില്ലാതിരുന്നിട്ടും... നീ എന്നെ... അവന്‍ പാതിയില്‍ നിര്‍ത്തി..

അവള്‍ക്കത് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അവനെ കെട്ടിപ്പിടിച്ചവള്‍ പൊട്ടിപ്പൊട്ടിക്കരഞ്ഞു... അപ്പോഴേയ്ക്കും താഴെ പായയില്‍ കിടന്നിരുന്ന അമര്‍ ഉണര്‍ന്നു കരഞ്ഞു. മനസ്സില്ലാമനസ്സോടെ രഘുവിനെ വിട്ടവള്‍ കുഞ്ഞിനരുകിലേയ്ക്ക് നിരങ്ങിനീങ്ങി... ഒടുവില്‍ കുഞ്ഞിനരുകില്‍ ചേര്‍ന്ന് കിടന്നവള്‍ ഏങ്ങലടിച്ചു കരഞ്ഞു... ചരിഞ്ഞുകിടന്നു കരഞ്ഞിരുന്ന അവളുടെ മുതുക് തേങ്ങലില്‍ വിറയ്ക്കുന്നത് അവന് കാണാമായിരുന്നു... രഘുവപ്പോഴേയ്ക്കും മച്ചിലേയ്ക്ക് കണ്ണുകള്‍ പായിച്ചു... ചുണ്ടുകള്‍ കടിച്ചുപിടിച്ച അവന്‍റെ കപോലങ്ങളിലൂടെ രണ്ടു കണ്ണുനീര്‍ തുള്ളികള്‍ അടര്‍ന്നു താഴേയ്ക്ക് പതിച്ചു.....

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ