2014 മേയ് 3, ശനിയാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 26

പ്രഭാതം മെല്ലെ വിടര്‍ന്നു.... കുളി കഴിഞ്ഞു നിയ ലിയാത്തിന്‍റെ കിടക്കയ്ക്കരുകില്‍ വന്നിരുന്നു. ലിയാത്ത് നല്ല ഉറക്കത്തിലാണ്... അവള്‍ അവന്‍റെ നെഞ്ചില്‍ മെല്ലെ കൈവച്ചു. അവന്‍ കണ്ണുകള്‍ തുറന്നു. നിയ അവന്‍റെ മിഴികളില്‍ നോക്കി പറഞ്ഞു.

"ഇത്രേം പുലര്‍ന്നിട്ടും അമ്മയെ ഇതുവരെ കണ്ടില്ലല്ലോ ലിയാത്ത്...??? "

ലിയാത്ത് പൊടുന്നനെ കിടക്കയില്‍ എഴുന്നേറ്റിരുന്നു. പുറത്തെ വെളിച്ചത്തെ ജനലിലൂടെ നോക്കി അവന്‍ നിയയോദ് പറഞ്ഞു...

"നേരാണല്ലോ നിയാ... അമ്മ ഇത്രേം താമസ്സിക്കാറില്ലല്ലോ..?? അല്ലെങ്കില്‍ തന്നെ ഇത്രേം നേരം തോട്ടത്തില്‍ നില്‍ക്കേണ്ട ആവശ്യവും ഇല്ലല്ലോ.. ഈ അമ്മയിത് എന്തെടുക്കുവാ..??? അവളെ നോക്കി സംസാരിച്ച്, പിന്നെ സ്വയം പിറുപിറുത്തുകൊണ്ട്‌ ലിയാത്ത് മുന്നിലേയ്ക്ക് നടന്നു.. പല്ലുതേച്ചു, മുഖം കഴുകി അവന്‍ പെട്ടെന്ന് പുറത്തേയ്ക്ക് വന്നു...

"ലിയാത്ത്... ഞാന്‍... ഞാന്‍ കൂടി വരണോ? നിയ ചോദിച്ചു....

"വേണ്ട... നിയ കുഞ്ഞുങ്ങള്‍ തനിച്ചല്ലേ ഉള്ളൂ.... അവന്‍ മറുപടി പറഞ്ഞുകൊണ്ട് തോട്ടത്തിലേയ്ക്ക് വേഗതയില്‍ നടന്നു... തോട്ടത്തില്‍ എത്തുമ്പോള്‍ അലീന അവിടെ ഉണ്ടായതായുള്ള ഒരു ചലനം പോലും അവന് കാണാന്‍ കഴിഞ്ഞില്ല.. ലിയാത്തിന്‍റെ മനസ്സില്‍ വല്ലാത്ത ഭയം ഉടലിട്ടു. തോട്ടത്തിലേയ്ക്കുള്ള ചെറുസാധനങ്ങള്‍ കൂട്ടിയിടാറുള്ള, അവന്‍ ചാരിയിരുന്ന് വയലിന്‍ വായിക്കാറുള്ള മാവിന്‍റെ ചുവട്ടില്‍ എത്തി ലിയാത്ത് നാലുപാടും നോക്കി. അവിടെ എവിടെയും അലീനയെ കാണാഞ്ഞ് അവന്‍ ഉറക്കെ വിളിച്ചു.

"അമ്മെ.... അമ്മെ എവിടെയാണ്...???

അവന്‍റെ വാക്കുകള്‍ കുടമുല്ലചെടികള്‍ക്കിടയിലൂടെ പാഞ്ഞോടി. ചില്ലകളില്‍ നിന്നു ചില്ലകളിലേയ്ക്ക് അത് കാറ്റായി തഴുകി മറഞ്ഞതല്ലാതെ ആരും വിളികേട്ടില്ല. അതോടെ ലിയാത്ത് കുടമുല്ലചെടികളുടെ ഇടയിലൂടെ തോട്ടത്തില്‍ എല്ലായിടത്തും ഓടിനടന്നു. പക്ഷേ, അലീനയെ മാത്രം അവന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ തോട്ടത്തിന്‍റെ മധ്യഭാഗത്തായി മേല്‍മണ്ണ് അടര്‍ന്നത്പോലെ ഒരിടം അവന്‍ കണ്ടെത്തി... ഓടിക്കിതച്ചവന്‍ അവിടെയെത്തി... അവന്‍റെ മനസ്സില്‍ ഭീതിയുറഞ്ഞു കൂടി. സംശയം അവന്‍റെ മനസ്സിനെ മഥിച്ചു...

"ന്നാലും ഈ അമ്മയ്ക്കിത് എന്തുപറ്റി...???

സങ്കടത്തിന്‍റെ വക്കോളം എത്തിയ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങി... അതൊരു പൊട്ടിക്കരച്ചിലായി പരിണമിക്കുന്നതിനു മുന്നേ ഒരു വീണ്ടുവിചാരം എന്നപോല്‍ അവന്‍റെ ചിന്തകള്‍ അവനെ വൈഗരനദിക്കരയിലേയ്ക്ക് കൊണ്ടോടി. നദിക്കരയില്‍ എത്തിയവന്‍ നാലുപാടും ആകാംഷയോടെ നോക്കി.. അലസയായി ഒഴുകുന്ന നദിയല്ലാതെ അവിടൊന്നും കാണാന്‍ അവനു കഴിഞ്ഞില്ല. അപ്പോഴേയ്ക്കും അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി... അകാരണമായ ഭയത്തോടെ ലിയാത്ത് തിരികെ വീട്ടിലേയ്ക്ക് ഓടി... മുറ്റത്തെത്തി അവന്‍ വിളിച്ചു...

"നിയാ.... ന്‍റെ നിയാ...." തളര്‍ന്നു വിളിച്ച അവന്‍റെ ശബ്ദം ഇടറിയാണ്‌ പുറത്തേയ്ക്ക് വന്നത്..

ലിയാത്തിന്‍റെ വിളികേട്ടു നിയ ഓടി പുറത്തേയ്ക്ക് വന്നു. മണ്ണില്‍ തളര്‍ന്നിരിക്കുന്ന അവനരുകില്‍ വന്നവള്‍ ഭീതിയോടെ നിന്നു. അവളുടെ മുന്നില്‍ മുട്ടുകുത്തി നിന്ന് അവളുടെ മടിയില്‍ മുഖം അമര്‍ത്തി ലിയാത്ത് അവളെ ശക്തമായി കെട്ടിപ്പിടിച്ചു...അനിയന്ത്രിതമായ വികാരത്തോടെ അലറിക്കരഞ്ഞു. അവന്‍റെ ബലിഷ്ഠമായ ചുമലുകള്‍ തേങ്ങിക്കരച്ചിലില്‍ വല്ലാതെ കുലുങ്ങാന്‍ തുടങ്ങി. നിയ എന്ത് പറയണം എന്നറിയാതെ വിഷമിച്ചു... ലിയാത്തിനോടൊപ്പം അവളും കരയാന്‍ തുടങ്ങി... ലിയാത്തിന്‍റെ കരച്ചില്‍ ഉച്ചത്തിലായി....

"അമ്മെ.. എന്‍റെ അമ്മെ... എന്‍റെ ഒരു കൈപ്പിഴ... എന്‍റെ ഒരു കൈപ്പിഴകൊണ്ട് എന്‍റെ അമ്മയ്ക്കും ഒന്നും സംഭവിക്കരുതേ തമ്പുരാനേ.. എനിക്കെന്‍റെ അമ്മയെ തിരികെ വേണം... എനിക്കെന്‍റെ അമ്മയെ തിരികെ വേണം... നിയാ... എനിക്കെന്‍റെ അമ്മയെ തിരികെ വേണം... ലിയാത്ത് ഒരു ഭ്രാന്തനെപ്പോലെ അലറാന്‍ തുടങ്ങി.. നിയ ഭയന്നു പിന്നിലേയ്ക്ക് മാറി... ലിയാത്ത് കൈപ്പത്തി മണ്ണിലേയ്ക്കു ആഞ്ഞടിച്ചു... അവന്‍റെ ശക്തമായ കരച്ചിലില്‍ അകത്തു പായയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങള്‍ എഴുന്നേറ്റു പുറത്തേയ്ക്ക് വന്നു... കരയുന്ന ലിയാത്തിന്നരുകിലേയ്ക്ക് അവരോടി വന്നു...

"അപ്പേ .. എന്താ അപ്പേ കരയുന്നേ...... ദിയ പിഞ്ചുവിരലുകള്‍ കൊണ്ട് ലിയാത്തിന്‍റെ മുഖം ഉയര്‍ത്തിക്കൊണ്ട് ചോദിച്ചു.

ലിയാത്ത് മക്കളെ ചേര്‍ത്തണച്ച് പൊട്ടിക്കരഞ്ഞു. നിയ തേങ്ങിക്കൊണ്ട്‌ അരുകിലെ പടിക്കെട്ടിലേയ്ക്കിരുന്നു. ലിയാത്തിനെ എങ്ങിനെ സമാധാനിപ്പിക്കും.. കൈവിരലുകള്‍ കൊണ്ടവള്‍ മുഖം പൊത്തിക്കരഞ്ഞു. പെട്ടെന്ന് ലിയാത്ത് എഴുന്നേറ്റു വൈഗരയുടെ തീരത്തേയ്ക്ക് നടന്നു. നിയയുടെ ഉള്ള് ഉലഞ്ഞുതുടങ്ങി.. അവള്‍ വേഗം അവന്‍റെ പിന്നാലെ കൂടി.. കുഞ്ഞുങ്ങളും പരിഭ്രാന്തരായി നദിക്കരയിലേയ്ക്ക് നടന്നു. വൈഗര അപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു... അവിടെ, വെള്ളാരംമണലില്‍ ചടഞ്ഞിരുന്ന് ലിയാത്ത് നദിയിലെ ഓളങ്ങളില്‍ നോക്കിയിരുന്നു... നിയ അവനരുകിലും. ഇടയ്ക്ക് കുഞ്ഞുങ്ങള്‍ക്ക്‌ എന്തെങ്കിലും കൊടുക്കാന്‍ വേണ്ടി അവള്‍ വീട്ടിലേയ്ക്ക് പോകും. പിന്നെ തിരികെ ലിയാത്തിന്‍റെ അരുകിലെത്തി അവനെ ചേര്‍ന്നിരിക്കും. അച്ഛമ്മയ്ക്ക് എന്താണ് സംഭവിച്ചുവെന്നറിയാതെ കുഞ്ഞുങ്ങള്‍ മണലില്‍ ഓടിനടന്നു.... പക്ഷെ, ലിയാത്തും നിയയും തെളിഞ്ഞൊഴുകുന്ന ഓളങ്ങളില്‍ തന്നെ നോക്കിയിരുന്നതല്ലാതെ പരസ്പരം ഒന്നും ഉരിയാടിയില്ല.
*************
ദിനകരന്‍ പടിഞ്ഞാറേ മാനത്ത് എത്തി തിരികെ നോക്കി.. അവന്‍റെ മിഴികളിലെ ചെന്നിറം വൈഗരയില്‍ പരന്നൊഴുകി. മെല്ലെ മെല്ലെ അവ ആ ഓളങ്ങളില്‍ അലിഞ്ഞലിഞ്ഞില്ലാതായി. അന്ന് ഇന്ദു വാനില്‍ ഉദിച്ചതേയില്ല. ഭൂവ് ഇരുളാന്‍ തുടങ്ങി.. വിശാലമായ മണല്‍പ്പരപ്പിലും ഇരുള് വീഴാന്‍ തുടങ്ങി. അതോടെ നിയ ലിയാത്തിനരുകിലേയ്ക്ക് ചേര്‍ന്നിരുന്ന് മൃദുവായി ചോദിച്ചു.

"ലിയാത്ത്... ഇവിടെ ഇങ്ങനെ ഇരുന്നാല്ലോ..?? ഇന്ന് ഒന്നും കഴിച്ചിട്ട്കൂടിയില്ല. ഒരു തുള്ളി വെള്ളമെങ്കിലും.....!!!! നമ്മുക്ക് വീട്ടിലേയ്ക്ക് പോകാം...ലിയാത്ത്...

"നീ പൊയ്ക്കോള്ളൂ നിയാ... കുഞ്ഞുങ്ങളെ കൊണ്ട് നീ പൊയ്ക്കോള്ളൂ..." അവന്‍ പറഞ്ഞു. അവന്‍റെ മാനസികാവസ്ഥ അവള്‍ക്കറിയാമായിരുന്നു. നിയ പിന്നെ ഒന്നും ചോദിക്കാന്‍ കൂട്ടാക്കിയില്ല. അവള്‍ കുഞ്ഞുങ്ങളെയും കൊണ്ട് വീട്ടിലേയ്ക്ക് നടന്നു. കുഞ്ഞുങ്ങള്‍ ഉറങ്ങിയത് ശേഷം അവള്‍ തിരികെ എത്തി അവനരുകില്‍ തന്നെ ഇരുന്നു.

"ലിയാത്ത്... അമ്മയ്ക്കെന്തു പറ്റിയിരിക്കും...??? ഒടുവില്‍ മൃതിയടഞ്ഞ നിശബ്ദതയ്ക്കിടയില്‍ അവള്‍ ചോദിച്ചു.

"ഇനിയെന്ത് പറ്റാന്‍... നിന്‍റെ അച്ഛന്‍ ഗബില്‍ ഇവിടെ വന്നിട്ടുണ്ടാകും...അയാള്‍ കൊന്നിട്ടുണ്ടാകും എന്‍റെ അമ്മയെ.." അവന്‍ പരുഷമായ സ്വരത്തില്‍ പറഞ്ഞു. എന്നാല്‍ അത് കേട്ടിട്ടും ശാന്തതയോടെ നിയ അവനോടു പറഞ്ഞു.

"നമ്മളാരും കണ്ടിട്ടില്ലല്ലോ ലിയാത്ത്.. പിന്നെങ്ങിനെ അതു നമ്മുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും...?

ലിയാത്ത് അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ ചുവന്നിരുന്നു. ലിയാത്ത് ചോദിച്ചു.

"നിയ... നീ എത്ര ലാഘവത്തോടെയാണ് ഇതെല്ലാം ചോദിക്കുന്നത്...?? എനിക്കത്ഭുതം തോന്നുന്നു... നഷ്ടപ്പെട്ടത് എനിക്കാണ്. എന്‍റെ അമ്മയെയാണ്... !!! നീയിപ്പോഴും വിശ്വസ്സിക്കുന്നുണ്ടോ നിയാ നിന്‍റെ അച്ഛന്റെ പക തീര്‍ന്നുവെന്ന്... എന്‍റെ അമ്മയെ അപകടപ്പെടുത്തിയത് നിന്‍റെ അച്ഛന്‍ അല്ലെന്ന്...???

"ലിയാത്ത്... എന്തായിത് ലിയാത്ത്... അച്ഛന്‍ ഇവിടെ വന്നിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു ലിയാത്ത്. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും എനിക്കറിയില്ല. അങ്ങിനെ അച്ഛന് ഉള്ളില്‍ ഒരു പക ബാക്കിയുണ്ടായിരുന്നുവെങ്കില്‍ അച്ഛന്‍ ഈയിടം വിട്ടു പോകില്ല.. ലിയാത്ത്.. അത് ലിയാത്തിനും അറിവുള്ളതല്ലേ...??? നിയ വ്യസനത്തോടെ പറഞ്ഞു.

"ഇല്ല... ഞാനത് വിശ്വസിക്കില്ല. നിന്‍റെ അച്ഛന്‍ എല്ലാം മറന്നുവെന്ന് പറയുമ്പോള്‍, അത് കേട്ടു വിശ്വസ്സിക്കാന്‍ മാത്രം ഒരു മണ്ടനല്ല ഞാന്‍.." എന്നാല്‍, അനിയന്ത്രിതമായ കോപം അടക്കിയാണ് അവനിത് പറഞ്ഞത്. അതോടെ നിയ ഒന്നും മിണ്ടിയില്ല. ഈ അവസ്ഥയില്‍ ലിയാത്തിനോട് സംസാരിക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയ നിയ വീട്ടിലേയ്ക്ക് തിരിച്ചു. ഏറെനേരം ലിയാത്ത് വൈഗരയുടെ തീരത്ത് ഒറ്റയ്ക്കിരുന്നു. നിയ വീട്ടിനുള്ളില്‍ സങ്കടത്തോടെയും.

രാവ് മധ്യയാമം പിന്നിട്ടു. അകലെ ചോലപ്പടര്‍പ്പുകള്‍ക്കിടയില്‍ കുറുനരികള്‍ കൂട്ടംകൂടി കടിപിടി കൂട്ടി. ഒരു ദീര്‍ഘനിശ്വാസത്തോടെ ലിയാത്ത് അവിടെ നിന്നും എഴുന്നേറ്റു വീട്ടിലേയ്ക്ക് മടങ്ങി. ലിയാത്തിന് കുറെ ഉറക്കമില്ലാത്ത രാവുകളെ സമ്മാനിച്ചതല്ലാതെ, അലീനയെ തിരിച്ചുകൊടുക്കാന്‍ ആ പ്രകൃതിയ്ക്ക് കഴിഞ്ഞില്ല. അമ്മയെ നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്ക് മെല്ലെയവന്‍റെ മനസ്സ് സഞ്ചരിച്ചു. അവന്‍റെ ചിന്തകളില്‍ ഗബിലിന്‍റെ ചിത്രം മാത്രം നിറഞ്ഞു നിന്നു. അവനൂഹിച്ചു ഇരുളില്‍ പതിയിരുന്ന് ആക്രമിക്കാന്‍ അയാളോളം മിടുക്ക് ഷിനായിയില്‍ ആര്‍ക്കുമില്ല. ഇനി ഒരുപക്ഷെ അമ്മയെ മറ്റാരുടെയെങ്കിലും സഹായത്തോടെ ഇവിടെ നിന്നും നഗരത്തിലേയ്ക്ക് അയാള്‍ കടത്തിയിരിക്കുമോ??? ഒന്നും തീര്‍ച്ചപ്പെടുത്താന്‍ അവന് കഴിഞ്ഞില്ലെങ്കിലും ഒന്നവന് ഉറപ്പായിരുന്നു. ഗബില്‍ ജീവിച്ചിരിപ്പുണ്ട്.
***********
ലിയാത്തിപ്പോള്‍ വളരെ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ. നിയയും ഏറെ ഭയത്തിലാണ്. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസ്സിക്കാന്‍ പറ്റിയ തെളിവുകള്‍ ഒന്നും തന്നെ അവള്‍ക്കില്ല. എങ്കിലും ലിയാത്ത് അതു അവളോട്‌ തീര്‍ച്ചപ്പെടുത്തി പറയുമ്പോള്‍ അവളുടെ ഉള്ളിന്റെയുള്ളില്‍ ഭയം തുടികൊട്ടും. സ്നേഹത്തിന്‍റെ ഭാഷയില്‍ പോലും ലിയാത്തിനോട് മറിച്ച് ഒരു വാക്ക് മൂളാന്‍ അവള്‍ക്കിപ്പോള്‍ ഭയമായി. സത്യം എന്ത് തന്നെയായാലും ലിയാത്തിനു സഹിക്കാവുന്നതിലും അപ്പുറം തന്നെയാണ് അമ്മയുടെ വേര്‍പാട്. അസ്വാരസ്യം നിറഞ്ഞ രാവുകളും പകലുകളും നിയയ്ക്ക് ഏറെ സമ്മാനിച്ചാണ് മാസങ്ങള്‍ കഴിഞ്ഞുപോയത്‌. അലീന നൊമ്പരമുണര്‍ത്തുന്നൊരോര്‍മ്മയായി മാറി. താളം തെറ്റാത്ത ഒരു താരാട്ട് പോലെ വൈഗരയുടെ ഓളങ്ങള്‍ അപ്പോഴും നിറഞ്ഞൊഴുകി മറഞ്ഞുകൊണ്ടിരുന്നു.

ഇപ്പോള്‍ ഇരുളിലും പകലിലും ലിയാത്ത് തന്നെയാണ് കുടമുല്ലത്തോട്ടം നോക്കുന്നത്. അളന്നുമുറിച്ച ഇടവേളകള്‍ വച്ചവന്‍ തോട്ടം നോക്കി. ഒടുവില്‍ ആ ദിവസം വന്നു ചേര്‍ന്നു. മഴമാറിയ ആകാശം പകലില്‍ മുഴുവന്‍ നാഗദംശനം ഏറ്റു വിറങ്ങലിച്ച ഒരു കന്യകയെപ്പോലെ നീലിച്ചു കിടന്നു. ഇരുള്‍ വന്നു രാവ് മൂടാന്‍ അനുവദിക്കാതെ പതിവിലും മുന്നേ ഇന്ദു വാനില്‍ എത്തി. പാല്‍നിലാവ് പരന്നൊഴുകിയിട്ടും ഭൂമി വിയര്‍ത്തു നിന്നു. മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം... ഇരതേടിയിറങ്ങിയൊരു വന്യമൃഗത്തെപ്പോലെ ഗബില്‍ വൈഗരയുടെ തീരം കടന്നു. അപ്പോള്‍, കുഞ്ഞുങ്ങള്‍ക്ക്‌ രാവില്‍ നല്‍കാന്‍ ഭക്ഷണം തയ്യാറാക്കുകയായിരുന്നു നിയ. കുഞ്ഞുങ്ങള്‍ മുറിയില്‍, നിലത്ത് തുറന്നുവച്ച പുസ്തകത്താളുകളില്‍ കിടന്നുകൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ഗബില്‍ വീട്ടിനകത്തേയ്ക്ക് കടന്നു. കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ വന്നയാള്‍ ചമ്രണം പടിഞ്ഞിരുന്നു. കുഞ്ഞുങ്ങളോട് ആരോ സംസാരിക്കുന്നത് പോലെ തോന്നിയ നിയ അടുക്കളയില്‍ നിന്നു മുറിയിലേയ്ക്ക് വന്നു. ഗബിലിനെ കണ്ട അവളുടെ സര്‍വ്വനാഡികളും തളര്‍ന്നു.

ഭയന്നു മാറി, തുറന്നുകിടന്ന വാതിലിലൂടെ തോട്ടത്തിലെയ്ക്കൊരു ദൃഷ്ടി പായിച്ച നിയ, പരിഭ്രാന്തമായ സ്വരത്തോടെ ഗബിലിനോട് ചോദിച്ചു.

"എന്തിനിവിടെ വന്നു അച്ഛാ... ലിയാത്ത്.. ലിയാത്തിപ്പോള്‍ വരും... അച്ഛനോട് ഒടുങ്ങാത്ത പകയുമായി നടക്കുകയാണ് ലിയാത്ത്. പോകൂ.. എത്രയും വേഗം ഇവിടെ നിന്നു പോകൂ... എന്‍റെ മുന്നില്‍ വച്ച് ലിയാത്ത് അച്ഛന്റെ കഥകഴിക്കുന്നത്‌ കാണാന്‍ എനിക്ക് ത്രാണിയില്ല."

"എന്തിന്.... ഞാനെന്തിന് പോകണം... അതിനുതക്ക കുറ്റം ഞാനെന്ത് ചെയ്തു മോളെ..?? ഗബില്‍ നിയയോടു പറഞ്ഞു.

"ചെയ്തിട്ടില്ലേ...??? അച്ഛന്‍ ഒന്നും ചെയ്തിട്ടില്ലേ..??? അവള്‍ തീക്ഷ്ണമായ നോട്ടത്തോടെ ഗബിലിനെ നോക്കി പറഞ്ഞു. അങ്ങിനെയെങ്കില്‍ ലിയാത്തിന്‍റെ അമ്മയ്ക്കെന്തു സംഭവിച്ചു...?? ഇന്നുവരെ ഒരു ദിവസം പോലും അമ്മയെ പിരിഞ്ഞിരിക്കാത്ത ലിയാത്ത് ഇപ്പോള്‍ മാസങ്ങളായി അമ്മയില്ലാതെ ജീവിക്കുകയാണ്. അച്ഛന്‍ ജീവിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം... അതറിഞ്ഞാല്‍...?? പിന്നെയൊരു ചോദ്യം ലിയാത്തില്‍ നിന്നുണ്ടാകില്ല. അപ്പോഴുണ്ടാകുന്ന ക്രോധത്തില്‍ ഒരുപക്ഷെ ലിയാത്ത് എന്നെത്തന്നെ ഒടുക്കിയെന്നു വരാം. നിയ വിറയ്ക്കാന്‍ തുടങ്ങി.

അലക്ഷ്യമായ നോട്ടത്തോടെ ഗബില്‍ നിയയോടു പറഞ്ഞു... "നിയാ.. മോളെ എനിക്കാരോടും പകയില്ല. അത് ഞാന്‍ എന്നേ നിന്നോട് പറഞ്ഞതാണ്.. പിന്നെ ഞാനെന്തിന് അലീനയെ കൊല്ലണം.. " അയാള്‍ അങ്ങിനെയൊരു തെറ്റും ചെയ്തിട്ടില്ലെന്ന് നിയയ്ക്ക് മുന്നില്‍ ശപഥം ചെയ്തു. അവള്‍ തികഞ്ഞ വിശ്വാസത്തോടെ ഗബിലിനോട് പറഞ്ഞു.

"പിന്നെ... പിന്നെ ... അമ്മയ്ക്കെന്തു സംഭവിച്ചു...???

"എനിക്കൊന്നുമറിയില്ല മോളെ...." ഗബില്‍ ഒന്നുമറിയാത്ത, ഒരു നിഷ്കളങ്കനെ പോലെ കൈമലര്‍ത്തി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ