നോവല്‍
ദേവദാരുവിന്നരികത്ത്.....2
ഇടമുറിയാതെ കോരിച്ചൊരിയുന്ന മഴയുടെ മങ്ങിയ നീര്‍പ്പാളികള്‍ക്കിടയിലൂടെ രഘുനാഥ് അവ്യക്തമായി ആ കാഴ്ച കാണുകയായിരുന്നു. അപ്പോഴേയ്ക്കും സേതുലക്ഷ്മിയും അവനെ തിരിച്ചറിഞ്ഞു. അവര്‍ രഘുനാഥിനെ നോക്കി വെപ്രാളത്തോടെ വിളിച്ചു.
"മോനെ... രഘൂ.. ഒന്നോടി വന്നേടാ...!!!
അപ്പോഴേയ്ക്കും രഘുവും അവിടേയ്ക്ക് പാഞ്ഞെത്തിയിരുന്നു. അവന്‍റെ കൈയില്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞുവച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങള്‍, മുറ്റത്ത് നിന്ന് കുത്തൊഴുകി താഴേയ്ക്കൊഴുകുന്ന വെള്ളത്തില്‍ പതിച്ചിരുന്നു. അവര്‍ മൂവരും ചേര്‍ന്ന് വല്ലവിധേനയും ദേവുവിനെ ഉമ്മറത്തേക്ക് എടുത്തുകിടത്തി. അപ്പോഴേയ്ക്കും രാജേശ്വരി അവളുടെ ട്രങ്ക് പെട്ടിയ്ക്കുള്ളില്‍ അലക്കി വച്ചിരുന്ന വെള്ളമുണ്ടില്‍ ഒരെണ്ണം ഓടിയെടുത്തുകൊണ്ട് വന്നു. രഘുനാഥ് ദേവുവിന്‍റെ മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര ആ മുണ്ടിന്‍റെ ഓരം കൊണ്ട് തുടച്ചെടുത്തു. അവന്‍ ദേവു... ദേവു... എന്നു വിളിച്ച് കരം കൊണ്ട് മെല്ലെ അവളുടെ കവിളുകളില്‍ തട്ടി. ആ തട്ടലില്‍ ദേവു ഒന്ന് മൂളി... അവള്‍ കണ്ണുകള്‍ തുറന്നു ചുറ്റുപാടും നോക്കി. മച്ചിലേയ്ക്ക് നോക്കി സേതുലക്ഷ്മി നെഞ്ചില്‍ കൈവച്ചു.
"തമ്പാനേ... നീ കാത്തു." അവര്‍ ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. രഘുനാഥ് അവളെ കൈകളില്‍ താങ്ങി തന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് ഇരുത്താനായി ശ്രമിക്കുമ്പോള്‍ ദേവു മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു...
"കഴിയുന്നില്ല രഘുവേട്ടാ... ഇവിടുന്ന് ഒന്നനങ്ങാന്‍ കൂടി കഴിയുന്നില്ല. " അവള്‍ വേദനകൊണ്ട് മുഖം ചുളിച്ചു. അപ്പോഴാണ് രഘുവിന്‍റെ ശ്രദ്ദയില്‍ അത് പെട്ടത്. ദേവുവിന്‍റെ ഒറ്റമുറി മുണ്ട് മെല്ലെ മെല്ലെ ചുവക്കാന്‍ തുടങ്ങി. അവളുടെ വെളുത്തകാലുകളിലൂടെ ചുവന്നുകറുത്ത രക്തം ഒലിച്ചു നിലത്തേയ്ക്ക് പടരാന്‍ തുടങ്ങി. ആകെ പരിഭ്രാന്തനായെങ്കിലും അവന്‍ പിന്നെ ഒരു നിമിഷം പാഴാക്കിയില്ല. ദേവുവിനെയും കൈകളില്‍ എടുത്ത് അവന്‍ റോഡിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും അമ്മയും രാജേശ്വരിയും കൈയില്‍ കിട്ടിയ അവശ്യംവേണ്ട സാധനങ്ങളും എടുത്ത് അവനൊപ്പം എത്തിയിരുന്നു. ആദ്യം കണ്ട വണ്ടി കൈകാട്ടി ഏറ്റവും അടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ അവരെത്തി. വണ്ടിയില്‍ നിന്നിറങ്ങി ആശുപതിയുടെ നീണ്ട ഇടനാഴിയില്‍ ഓടിയും നടന്നും പ്രസവമുറിയുടെ വാതില്‍ക്കല്‍ ദേവുവിനെയും കൊണ്ട് അവനെത്തി. അവരെക്കണ്ട് അലക്ഷ്യമായി അവനരുകിലേയ്ക്ക് വന്ന വല്ലാതെ തടിച്ച ഒരു നഴ്സ് അവന് നേരെ ശകാരം ചൊരിഞ്ഞു.
"എന്താ... നിങ്ങളീ കാട്ടണേ... ഒന്നാമത് മഴ... ഈ ഇടനാഴി അപ്പാടേ ചോര വീഴ്ത്തിയല്ലോ നിങ്ങള്...????
ഇതൊന്നും കേള്‍ക്കാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല രഘുനാഥ്. അതുകൊണ്ട് തന്നെ അവന്‍ വിഷമത്തോടെ പറഞ്ഞു.
"സിസ്റ്ററെ... പൂര്‍ണഗര്‍ഭിണിയായിരുന്നു... ഇപ്പോഴീ മഴയത്ത് മിന്നലേറ്റു."
"അയ്യോ... അതിനൊന്നും ഉള്ള സൗകര്യം ഇവിടില്ല. പോരെങ്കില്‍ ഇവിടെ എടോമില്ല.... നിങ്ങള് വല്ല മെഡിക്കല്‍കോളേജിലും കൊണ്ട് പോയീം...."
അതോടെ രഘുനാഥ് കരച്ചിലിന്‍റെ വക്കോളം എത്തി.... അവന്‍ നാലുപാടും നോക്കി വിളിച്ചു........"ആരെങ്കിലും ഒന്ന് വരണേ... ന്‍റെ ദേവൂനെ ഒന്ന് നോക്കണേ..!!!
അവന്‍റെ വിളികേട്ട് അപ്പോഴേയ്ക്കും അരുകിലെ വാര്‍ഡില്‍ നിന്ന് മറ്റൊരു നഴ്സ് അവനരുകിലേയ്ക്ക് ഓടി വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു മാലാഖയെപ്പോലെ തോന്നിച്ച അവര്‍ സ്നേഹത്തോടെ അവനരുകിലെത്തി പറഞ്ഞു. "ഭയപ്പെടാതിരിക്കൂ... ഞാന്‍ നോക്കട്ടെ...!! അവര്‍ അവനോട് ദേവുവിനെ അകത്തേയ്ക്ക് കൊണ്ടുവരാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അകത്തേയ്ക്ക് കയറിയ രഘുനാഥ് ദേവുവിനെ അവിടെക്കണ്ട മേശമേല്‍ കിടത്തി. എന്നിട്ട് അവര്‍ക്ക് നേരെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
"കൈവിടരുത്.... ന്‍റെ ദേവൂനെ രക്ഷിക്കണം.."
അവന്‍റെ കൂപ്പുകൈയില്‍ തെരുപിടിച്ച് അവര്‍ പറഞ്ഞു... "ഇവിടെ ഈ അസമയത്ത് ഡോക്ടര്‍ ഇല്ല. ഇനിയിപ്പോള്‍ അവരെ വിളിച്ചാല്‍ അവര്‍ ഒട്ടു വരുകയുമില്ല. എന്തായാലും നമ്മുക്ക് നോക്കാം... പിന്നെ എല്ലാം ദൈവഹിതം എന്ന് കൂട്ടിക്കോള്ളൂ. സാരമില്ല നിങ്ങള് പോയി ഫയല്‍ എടുത്തു വന്നാട്ടെ. രഘു അതിനായി പുറത്തേയ്ക്ക് ഓടുമ്പോള്‍ അമ്മയെയും അനുജത്തിയെയും പുറത്താക്കി ദേവുവിനെ അവര്‍ പ്രസവമുറിയിലേയ്ക്ക് കയറ്റി. രഘു ഫയലുമായി വരുമ്പോള്‍ തടിച്ച ആ നഴ്സ് രഘുവിനോട് വീണ്ടും കയര്‍ത്തു.
"ഓരോന്ന് വന്നോളും... ശല്യങ്ങള്... ഈ നേരത്ത് നിങ്ങള്‍ക്ക് വേറെ വല്ലയിടത്തും കൊണ്ടുപോയ്ക്കൂടായിരുന്നോ? നാശം പിടിക്കാന്‍.... സങ്കടത്തോടെ നിന്ന രഘുവിന്‍റെ മുഖത്ത് അവര്‍ വീണ്ടും വീണ്ടും ശകാരവാക്കുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ദയനീയമായ അവന്‍റെ നോട്ടം കണ്ടു കൊണ്ടാണോ എന്നറിയില്ല... അവര്‍ പറഞ്ഞു...
"എന്തേ ഇത്ര സങ്കടം... അന്നേരം ഇതൊന്നും ഓര്‍ത്തില്ലായിരിക്കും.... ഓരോ ശവങ്ങള്... അവര്‍ മുറുമുറുത്തുകൊണ്ട് ഫയലും വാങ്ങി അകത്തേയ്ക്ക് പോയി.
രഘു മിഴികളും പൂട്ടി മിണ്ടാതെ നിന്നു. അവന്‍റെ ഉള്ളം നീറുകയായിരുന്നു. അര മണിക്കൂര്‍ കഴിയുമ്പോള്‍ അകത്തുനിന്ന് പാതിചാരിയ വാതില്‍ മുഴുവന്‍ തുറന്നു അവന്‍റെ മുന്നില്‍ സ്നേഹസമ്പന്നയായ ആ മാലാഖ വെള്ളത്തുണിയില്‍ പൊതിഞ്ഞ ഓരോമനയുമായി വന്നു നിന്നു.
"ആണ്‍കുഞ്ഞാ....." അവനെ നോക്കി ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
"സിസ്റ്റര്‍... അവള് സുഖായിരിക്കുന്നോ...??? മൂവരും ഒരേ സ്വരത്തിലായിരുന്നു അത് ചോദിച്ചത്..
"ഉം... ഒരു കുഴപ്പോമില്ല...." അവരത് പറയുമ്പോള്‍ അവന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഈശ്വരനാണോ എന്നൊരു നിമിഷം അവനൊന്നു ശങ്കിച്ചു. അതുകൊണ്ട് തന്നെ ആ മാലാഖയെ നോക്കി അവന്‍ തൊഴുകൈയോടെ നിന്നു. പിന്നീട് ദേവുവിനെ വാര്‍ഡിലേയ്ക്ക് കൊണ്ടുവന്ന് കിടത്തുമ്പോള്‍ പുരുഷന്മാര്‍ക്ക് അവിടേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആ രാവില്‍ ആ ആശുപത്രിയുടെ ഇടനാഴിയില്‍, അകലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവനിരുന്നു. സേതുലക്ഷ്മിയും രാജേശ്വരിയും അകത്ത് ദേവുവിന്‍റെ കിടക്കയ്ക്കരുകില്‍ തന്നെ ഉണ്ടായിരുന്നു. രാവിന്‍റെ മധ്യയാമം പിന്നിട്ടപ്പോള്‍ വരാന്തയിലെ കല്‍തൂണില്‍ ചാരിയിരുന്ന് ഒന്ന് മയങ്ങിപ്പോയ അവന്‍ പിന്നില്‍ നിന്നുള്ള വിളി കേട്ട് ഞെട്ടിയുണര്‍ന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ തടിച്ചുരുണ്ട ആ നഴ്സ് ആയിരുന്നു. വെളുത്തൊരു പേപ്പര്‍ അവന്‍റെ മുന്നിലേയ്ക്ക് വച്ച് നീട്ടി അവര്‍ പറഞ്ഞു...
"നിങ്ങളെന്താ... ഇവിടെ സുഖവാസത്തിന് വന്നതാണോ? ദേ ... ഈ മരുന്ന് വേണം...!!! ഹും വേഗം വേണം..."
കുറുപ്പടി കൈയില്‍ വാങ്ങി ഒന്ന് അറച്ച ശേഷം അവന്‍ ചോദിച്ചു...
"സിസ്റ്റര്‍.. ഈ അസമയത്ത്... ഞാനിതെവിടെ പോയി വാങ്ങാനാണ്...???
"ദേ..!! ഞാനൊരു കാര്യം പറയാം. എനിക്കിതൊന്നും അറിയണ്ട... വാങ്ങിക്കൊണ്ടു വന്നാല്‍ കൊടുക്കും അത്രതന്നെ... അവര്‍ പുശ്ചത്തില്‍ മുഖം തിരിച്ച് ചവുട്ടി മെതിച്ച് കൊണ്ട് അകത്തേയ്ക്ക് കയറി. പോകുന്ന വഴിയില്‍ ഇടനാഴിയില്‍ നിന്നു തറ വൃത്തിയാക്കുകയായിരുന്ന പാവം സ്ത്രീയെ ശകാരിച്ചുകൊണ്ടാണ് അവര്‍ പോയത്.. രഘുനാഥ് മരുന്നിന്‍റെ തുണ്ടുമായി എല്ലായിടവും നടന്നു. ഒരു കടകളും ആ അസമയത്ത് തുറന്നിരിപ്പുണ്ടായിരുന്നില്ല. തളര്‍ന്നവന്‍ അരുകില്‍ കണ്ട മരത്തിനടുത്തു ചെന്ന് ഒരു കൈ അതില്‍ വച്ച്, തറയിലേയ്ക്ക് കണ്ണുകള്‍ പായിച്ചു നിന്നു. അപ്പോള്‍ അരുകില്‍ വന്ന ഒരു വൃദ്ധന്‍ ചോദിച്ചു...
"മോനെ... മരുന്നിനാണോ.. ഈ കുറിപ്പ്..??
ഉവ്വെന്ന് അവന്‍ തലയാട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു.
"ഇതവരുടെ സ്ഥിരം ഏര്‍പ്പാടാണ് കുഞ്ഞേ... ഇങ്ങനെ ഓരോരുത്തരെയും ഇട്ട് കഷ്ടപ്പെടുത്തുക... ഇവിടത്തെ ഫാര്‍മസിയില്‍ ഇതെല്ലാം ഉണ്ട്... എടുത്തു കളഞ്ഞാലും ഇതൊന്നും ഇവര്‍ ആര്‍ക്കും കൊടുക്കുകേലാ..." അയാള്‍ ദീര്‍ഘനിശ്വാസം കൊണ്ടു. രഘു എന്തോ ചിന്തിച്ചുറച്ചുകൊണ്ട് നഴ്സ് ഇരിക്കുന്ന മുറിയിലേയ്ക്ക് ചെന്നു. അവിടെ ആ തടിച്ച നഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... വാതിലിലെത്തിയ അവനെ നോക്കി അകത്ത് കസേരയില്‍ ഇരുന്നു മാസിക മറിച്ച് നോക്കിക്കൊണ്ടിരുന്ന അവര്‍ ചോദിച്ചു...
"ഉം... എന്ത് വേണം.... കിട്ടിയില്ലേ...?? കിട്ടിയില്ലേല്‍ എവിടന്നെങ്കിലും പോയി കൊണ്ട് വാ....!!!
അവനൊന്ന് ചിന്തിച്ചു. മെല്ലെ അകത്തേയ്ക്ക് കയറി. നാലുപാടും തിരിഞ്ഞു നോക്കി. ആ അസമയത്ത് അവിടെയെവിടെയും ആരും ഉണ്ടായിരുന്നില്ല. രഘുവിനെ കണ്ട അവര്‍ ഒന്നു പരിഭ്രമിച്ചു. അവരുടെ അരികിലെത്തിയ രഘു പിന്നെ താമസിപ്പിച്ചില്ല. ചെകിടടച്ച് ഒന്ന് കൊടുത്തു. ഒരു വിളിയോടെ അവര്‍ കസേരയില്‍ നിന്നു നിലത്തേയ്ക്ക് തെറിച്ചുവീണു. വീണ്ടും നിലവിളിക്കാനാഞ്ഞ അവരെ സ്വന്തം ചൂണ്ടുവിരല്‍ ചുണ്ടില്‍ ചേര്‍ത്ത് പിടിച്ച് അവന്‍ പറഞ്ഞു...
"നായിന്‍റെ മോളെ... ഇനിയൊരക്ഷരം നീ മിണ്ടരുത്... നീയെന്താടീ കരുതിയത് നിന്‍റെ മറ്റവന് സ്ത്രീധനം കിട്ടിയതാണോടീ സര്‍ക്കാരാശുപത്രി. അതോടെ അവര്‍ രഘുവിന്‍റെ മുന്നില്‍ നിന്നു വിറച്ചു. കൈയിലിരുന്ന മരുന്നിന്‍റെ കുറുപ്പടി ഒരു ശബ്ദത്തോടെ മേശമേല്‍ അടിച്ചവന്‍ വച്ചു. എന്നിട്ട് പറഞ്ഞു.
"ഇതിലെഴുതിയിരിക്കുന്ന എല്ലാ മരുന്നും നീ കൊണ്ടുവന്ന് തരും... തന്നില്ലേല്‍... നിന്‍റെ കുടുംബത്ത് കയറി ഞാന്‍ നെരങ്ങും... ഒറ്റയെണ്ണത്തിനെ സമാധാനമായി ഉറങ്ങാന്‍ ഞാന്‍ അനുവദിക്കുകേല... താഴുംതോറും തലേല്‍ കയറിയിരുന്നു നിരങ്ങുന്നോടീ.. ??? രഘുവിന്‍റെ ക്രോധം പൂണ്ട കണ്ണുകള്‍ കണ്ട അവള്‍ കൈപ്പത്തി കൊണ്ട് വായ പൊത്തിപ്പിടിച്ചു... ഒരു നീണ്ട മൂളലോടെ രഘു ഇടനാഴിയില്‍ വന്നിരുന്നപ്പോള്‍ അവരോടി ഫാര്‍മസിയില്‍ നിന്നും മരുന്നുമായി വന്നു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ആശുപത്രി വിട്ടവര്‍ വീട്ടിലെത്തുന്നത് വരെ ആരും ഒന്നും അവരോടു ചോദിച്ചതേയില്ല.....
പിന്നീട് വീട്ടില്‍ ദേവുവിന്‍റെ അരുകില്‍ ഇരിക്കുമ്പോള്‍ രഘു ആശുപത്രിയില്‍ നടന്ന കാര്യം അവളോട് പറഞ്ഞു...
"ശ്ശോ....!! ഈ രഘുവേട്ടന്‍റെയൊരു കാര്യം..." അവള്‍ അത്ഭുതത്തോടെ.. അതിലേറെ സന്തോഷത്തോടെ പറഞ്ഞു.
"അതവര്‍ക്കാവശ്യമായിരുന്നു രഘുവേട്ടാ....
പിന്നീട് അമ്മയും രാജേശ്വരിയും പരിസരത്തില്ലെന്ന് ഉറപ്പുവരുത്തി അവള്‍ അവളുടെ ഉടുമുണ്ട് മെല്ലെ ഉയര്‍ത്തി വെളുത്ത അവളുടെ തുട അവനെ കാട്ടി. അതില്‍ രക്തം കല്ലിച്ച് നീലനിറത്തില്‍ അഞ്ചു വിരലുകള്‍ പതിഞ്ഞിരുന്നു.
"വേദന കൊണ്ട് കരഞ്ഞപ്പോള്‍ അവര് അടിച്ചതാ രഘുവേട്ടാ... "
ദേവുവത് പറയുമ്പോള്‍ രഘുവിന്‍റെ കണ്ണുകള്‍ നിറഞ്ഞു. അവളെ നെഞ്ചിലേയ്ക്ക് ചേര്‍ത്ത് അവന്‍ പറഞ്ഞു...
"സാരോല്ല... പോട്ടേ... ഇതോടെ കഴിഞ്ഞൂല്ലോ എല്ലാം...."
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ