2014 മേയ് 11, ഞായറാഴ്‌ച


നോവല്‍

ദേവദാരുവിന്നരികത്ത്‌.....5

ഉച്ചയൂണ് കഴിഞ്ഞു രഘു ഒന്ന് മയങ്ങി. പിന്നീട് കുളിച്ചവന്‍ പുതിയൊരു ജോലിസംബന്ധമായ കാര്യത്തിന് ആരെയോ കാണാന്‍ പുറത്തേയ്ക്ക് പോയി. ദേവു മുറ്റമെല്ലാം അടിച്ച് കുളിച്ച് വന്നു. വന്നയുടനെ അവള്‍ ശ്രീദേവിയുടെ മുറിയുടെ മുന്നില്‍ ചെന്ന് മെല്ലെ വിളിച്ചു.

"ഏട്ടത്തീ... ശ്രീദേവി ഏട്ടത്തീ...."

ശ്രീദേവി വാതില്‍ക്കല്‍ വന്നു... "ഹും.. എന്താ ദേവു..???

"ശ്രീദേവിയേട്ടത്തീ... ഇന്ന് വിളക്ക് വയ്ക്കണം... ഞാനിന്ന് വെളിയിലാ..." ദേവു പറഞ്ഞു.

"ഹാ... എനിക്കും പറ്റില്ലന്നെ.... നീ സാവിത്രിയോട് ഒന്ന് പറയൂ..." ശ്രീദേവി പറഞ്ഞുകൊണ്ട് കതകു ചാരി അകത്തേയ്ക്ക് പോയി. ദേവുവിനത് അവളുടെ മുഖത്തടിയ്ക്കുന്നത് പോലെ തോന്നി. അതുകൊണ്ട് തന്നെ സാവിത്രിയോട് പറയാതെ അവള്‍ അമ്മയോട് പറഞ്ഞു.

"അമ്മെ... ഏട്ടത്തിമാര്‍ക്ക് കയറിക്കൂടാ... ഇന്ന് അമ്മയൊന്ന് വിളക്ക് വയ്ക്കണം."

വളരെ നാളുകള്‍ക്കുശേഷം വിജയമ്മ അന്ന് വിളക്ക് കൊളുത്തി തൊഴുതു.. തൊഴുത്‌ കഴിഞ്ഞ് ദേവുവിനരുകില്‍ വന്നവര്‍ പറഞ്ഞു...

"മോളെ... അവര്‍ക്ക് "തൊടക്കാകാന്‍" ഇനീം സമയം ഉണ്ടല്ലോ...?? അല്ലെങ്കില്‍ തന്നെ ഒരാളെങ്കിലും കാണുന്നതാണല്ലോ..?? ഇവര്‍ക്കിത് എന്തുപറ്റി..?

അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി നടന്നതെല്ലാം അവള്‍ അമ്മയോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞു വിജയമ്മ അരുകിലെ ചുമരില്‍ ചാരി നിലത്തേയ്ക്കിരുന്നു. അമ്മയ്ക്കരുകിലായി അവളും. രണ്ടു പേരും ഒന്നും ഉരിയാടിയില്ല. പിന്നീട് വിളക്കണച്ചു കഴിഞ്ഞ് അമ്മയ്ക്കവള്‍ ചോറ് കൊടുത്തു. അമ്മ ചോറുണ്ട് കഴിഞ്ഞ് കൈകഴുകി മുറിയിലേയ്ക്ക് കയറുമ്പോഴെയ്ക്കും രഘു എത്തി.

"അമ്മ ചോറുണ്ട് കിടന്നോ ദേവൂ..? അവന്‍ ചോദിച്ചു.

"ഉവ്വ്... രഘുവേട്ടാ.. ദേ.. ഇപ്പോഴങ്ങ് കയറിയതേയുള്ളൂ... എന്താ.... വിളിക്കണോ.. രഘുവേട്ടാ." അവള്‍ ചോദിച്ചു.

"വേണ്ട.. ദേവു... അമ്മ ചോറുണ്ടല്ലോ... ല്ലെ..?? അവന്‍ ഒന്നുകൂടി ചോദിച്ചു..

"ഉവ്വ് രഘുവേട്ടാ... ഞാനല്ലേ ഇന്നമ്മയ്ക്ക് ചോറ് കൊടുത്തേ..." അവള്‍ പറഞ്ഞു. പിന്നീട് വൈകിട്ട് നടന്ന കാര്യങ്ങള്‍ അവള്‍ രഘുവിനോട് പറഞ്ഞു. അവന്‍ അവള്‍ പറയുന്നത് കേട്ടു മൂളിക്കൊണ്ട് അടുക്കളയിലേയ്ക്ക് കയറി. അടുപ്പിന്‍റെ മുകളില്‍ വച്ചിരുന്ന ചോറുകലം എടുത്തവന്‍ മുറിയിലേയ്ക്ക് കൊണ്ടുപോയി.

"രഘുവേട്ടാ.... എന്തായിത് രഘുവേട്ടാ... വേണ്ട... അവരങ്ങിനെ ചെയ്തുവെന്നാല്‍ നമ്മളും അങ്ങിനെ ചെയ്യണോ രഘുവേട്ടാ... അപ്പോള്‍ പിന്നെ അവരും നമ്മളും തമ്മില്‍ എന്ത് വ്യത്യാസമാണ് രഘുവേട്ടാ...." അവള്‍ അവന്‍റെ പുറകെ കൂടി കൈയില്‍ പിടിച്ചു കൊണ്ട് ചോദിച്ചു.

"ദേവു.. നീ മാറി നില്‍ക്ക്... നിനക്കൊന്നും അറിയില്ല. നീ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല... മനസ്സിലായോ..? രഘുവിന്‍റെ ശബ്ദം മുറുകിയതിനാല്‍ അവള്‍ പിന്നെ ഒന്നും മിണ്ടിയില്ല. ദേവുവിനെ അകത്തുകയറ്റി അവന്‍ വാതിലടച്ചു. സമയം മെല്ലെ നീങ്ങി. രണ്ടുപേരും ഒന്നും മിണ്ടിയില്ല. ചുവരിലെ ഘടികാരത്തിന്‍റെ സെക്കന്റ്‌സൂചി മിടിക്കുന്നത്‌ അവള്‍ക്കു കേള്‍ക്കാമായിരുന്നു. ഇപ്പോള്‍ തൊട്ടടുത്ത് അടുക്കളയില്‍ ആരോ വന്നിട്ടുണ്ട്. പാത്രങ്ങള്‍ ശക്തിയോടെ വയ്ക്കുന്നതും പരസ്പരം മുറുമുറുക്കുന്നതും കേള്‍ക്കുന്നു. ദേവുവിന്‍റെ നെഞ്ചകം പടപടാ മിടിക്കാന്‍ തുടങ്ങി. അവള്‍ രഘുവിന്‍റെ മുഖത്തേയ്ക്ക് നോക്കി. രഘു ഒരു മാസിക പിടിച്ച് മുഖം മറച്ചിരിക്കുന്നു. അവള്‍ അവനരുകില്‍ കട്ടിലിന്‍റെ ഓരം ചേര്‍ന്ന് വന്നിരുന്നു. അപ്പോഴേയ്ക്കും കതകില്‍ മുട്ട് കേട്ടു...

"രഘൂ...." മൂത്ത ജേഷ്ഠന്‍ രവി ആയിരുന്നു.

വിളി കേള്‍ക്കാതെ രഘു വന്ന് വാതില്‍ തുറന്നു മുറിയുടെ പുറത്തേയ്ക്ക് ചെന്നു.. "ഹും എന്താ ഏട്ടാ..." അവനിങ്ങനെ ചോദിക്കുമ്പോള്‍ രണ്ടാമത്തെ ജേഷ്ഠന്‍ രാമുവും അവനരുകിലേയ്ക്ക് എത്തിയിരുന്നു. സാവിത്രിയും, ശ്രീദേവിയും അവരവരുടെ മുറിയുടെ വാതില്‍ തുറന്ന് അതിനരുകില്‍ ചുവരില്‍ ചാരി നില്‍പ്പായി.

"നീയെന്ത് ഭാവിച്ചാ...??? രവിയാണ് ചോദിച്ചത്...?

"മനസ്സിലായില്ല..." രഘു തിരിച്ചു ചോദിച്ചു... പുറത്തെ സംഭാഷണം കേട്ട് അകത്ത് ദേവു വിറയ്ക്കാന്‍ തുടങ്ങി. എവിടെ നിന്‍റെ പുന്നാരഭാര്യ... ഒരു ദേവസുന്ദരി ഉണ്ടല്ലോ ഇവിടെ.... പുറത്തു വരാന്‍ പറയ്‌ അവളോട്‌... രഘു മിണ്ടിയില്ല. പെട്ടെന്ന് രാമു ഉച്ചത്തില്‍ വിളിച്ചു "ദേവൂ..."

"എന്തോ.." അവള്‍ വിളികേട്ടു ഭയന്നുകൊണ്ട് പുറത്തേയ്ക്ക് വന്നു... രഘുവിന്‍റെ പിന്നില്‍ നിലയുറപ്പിച്ചു.

"നീയാരാന്നാടി നിന്‍റെ വിചാരം...? ദേഷ്യത്തോടെ രാമു ചോദിച്ചു. ദേവു ഭയന്ന കണ്ണുകളോടെ രഘുവിന്‍റെ പിന്നില്‍ തന്നെ
നിലയുറപ്പിച്ചു. അവള്‍ അടിമുടി വിറയ്ക്കാന്‍ തുടങ്ങി.

"വെട്ടത്തേയ്ക്ക് മാറി നില്‍ക്കടീ... നീ വരാണ്ടിരുന്നപ്പോള്‍ ഈ വീട്ടില്‍ ഒരു കലഹവും ഉണ്ടായിട്ടില്ല. ഇവന് ഏട്ടത്തിമാരെന്നാല്‍ ജീവനായിരുന്നു. ഇപ്പോള്‍...??? അവരോട് കയര്‍ക്കാന്‍ മാത്രം ധൈര്യം ഇവനായോ...? നിന്നെ ഏതാണ്ട് പറഞ്ഞൂന്ന് കരുതി ഈ ചേലാണെങ്കില്‍, ഇന്ന് അതൊന്ന് കാണണമല്ലോ...?? പറഞ്ഞുകൊണ്ട് രാമു രഘുവിന്‍റെ പിന്നില്‍ നിന്ന ദേവുവിന്‍റെ കൈയില്‍ പിടിയ്ക്കാന്‍ ആഞ്ഞു. രഘു ജേഷ്ഠന്‍റെ കൈയില്‍ പിടിച്ചു. എന്നിട്ട് പറഞ്ഞു.

"പറച്ചില് മാത്രം മതി ഏട്ടാ... ചെയ്ത്ത് വേണ്ടാ... അതിനു ഞാനിവിടെ ഉണ്ട്..."

"നിന്നെയെന്താടാ ഞങ്ങള്‍ക്ക് പേടിയാകുവോ...?? രവിയും രാമുവും ഒരുമിച്ചു ആയിരുന്നു അത് പറഞ്ഞത്.

"പേടിക്കുകയോ.. പേടിക്കാതിരിക്കുകയോ ചെയ്യ്‌ നിങ്ങള്... അതെനിക്ക് പ്രശ്നമല്ല. ആദ്യം ഏട്ടത്തിമാരോട് ചോദിക്ക്.... ശെരിക്കുള്ള കാര്യം അറിഞ്ഞിട്ട് പോരെ ബാക്കി സംസാരം എല്ലാം...."

"അത് നീ പറയാതെ ഞങ്ങള്‍ക്കറിയാം... ഞങ്ങള്‍ക്കവരെ വിശ്വാസാ...." നിന്‍റെ പെണ്ടാട്ടിയെപ്പോലെ.. ഒന്നുമില്ലാണ്ട് കയറിവന്നതൊന്നും അല്ല അവര്... " ജേഷ്ഠന്‍മാര്‍ രണ്ടുപേരും പുലികളെപ്പോലെ രഘുവിന്‍റെ മുന്നില്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും പുറത്തെ ബഹളം കേട്ടു വിജയമ്മ കതകു തുറന്നു പുറത്തേയ്ക്ക് വന്നു. പെട്ടെന്ന് തന്നെ മൂന്നു ആണ്‍മക്കളുടെയും മധ്യത്തായി വന്നു നിന്നവര്‍ പറഞ്ഞു.

"എന്താടാ... മക്കളെ നിങ്ങളിങ്ങനെ...??? ആദ്യായിട്ടാണല്ലോ... ഈശ്വരാ എന്‍റെ മക്കള്‍ ഇങ്ങനെ..? എടീ ശ്രീദേവി.. സാവിത്രി രണ്ടുപേരും ഇവന്മാരെ വിളിച്ചുകൊണ്ട് പോകിനെടീ... മോനെ രഘു നീ റൂമിലേയ്ക്ക് പോടാ... മോളെ ദേവു നീ ഇവനെ വിളിച്ചോണ്ട് പോ..." വിജയമ്മ കരയാന്‍ തുടങ്ങി. അവരുടെ വാക്ക് കേട്ടു ശ്രീദേവിയും സാവിത്രിയും നിന്നിടത്തു നിന്ന് അനങ്ങിയതെ ഇല്ല. എന്നാല്‍ ദേവു ഉടന്‍ തന്നെ രഘുവിന്‍റെ കൈയില്‍ പിടിച്ചു പറഞ്ഞു.

"വാ... രഘുവേട്ടാ... വാ.. ഒന്നും വേണ്ടാ... ആരേം വിഷമിപ്പിക്കേണ്ടാ...??

"അപ്പോള്‍ നീയെന്നും പട്ടിണികിടക്കാനോ..?? രഘു തിരിഞ്ഞു ചോദിച്ചു. ദേവു ഒന്നും മിണ്ടിയില്ല. അപ്പോഴേയ്ക്കും രാമു കുതിച്ചുവന്ന് ദേവുവിന്റെ കൈയില്‍ പിടിച്ചു.

"നീ പോകാന്‍ വരട്ടെ... ഞാന്‍ ചോദിച്ചതിനു സമാധാനം പറഞ്ഞേച്ചു പോയാല്‍ മതി.." അയാള്‍ ഉച്ചത്തില്‍ പറഞ്ഞു. അപ്പോഴേയ്ക്കും പിന്നില്‍ നിന്നും പാഞ്ഞെത്തിയ രവി രഘുവൊന്നു തിരിയുംമുന്‍പേ ദേവുവിന്‍റെ ചെകിടില്‍ ഒരടി അടിച്ചു. അവള്‍ അടികൊണ്ട് ഒരേങ്ങലോടെ നിലത്തേയ്ക്ക് വീണു. രഘു അമ്മയുടെ കൈതട്ടി മാറ്റി ഒരു ഭ്രാന്തനെപ്പോലെ തിരിഞ്ഞു. അവന്‍റെ ഉരുക്ക് മുഷ്ടി ആദ്യം പതിച്ചത് രവിയുടെ മുഖത്തായിരുന്നു. അയാളുടെ പല്ലൊരെണ്ണം ഇളകി നിലത്തുവീണു. അപ്പോഴേയ്ക്കും രാമു രഘുവിനെ ചുറ്റിപ്പിടിച്ചു. രഘു ഒന്ന് കുടഞ്ഞു തിരിഞ്ഞു. അടുത്ത അടിയേറ്റ് രാമു നിലം പതിച്ചു. അടുക്കളയിലേയ്ക്ക് പാഞ്ഞുകയറിയ അവന്‍ അതിവേഗം കൈയില്‍ ഒരു വെട്ടുകത്തിയുമായി തിരികെ വന്നു. അപ്പോഴേയ്ക്കും ഏട്ടത്തിമാരും ഓടിയെത്തിയിരുന്നു. വിജയമ്മ തലയില്‍ കൈരണ്ടും ചേര്‍ത്ത് വീടിന്‍റെ ചുവരില്‍ ചാരി തേങ്ങിക്കരഞ്ഞു. താഴെ വീണുകിടന്ന രവിയുടെ അരുകിലേയ്ക്ക് അവന്‍ പാഞ്ഞു ചെന്നു. അപ്പോഴേയ്ക്കും അയാളുടെ മൂക്കില്‍ നിന്നും ചോര ഒഴുകാന്‍ തുടങ്ങിയിരുന്നു. ശ്രീദേവി രവിയെ വട്ടം ചുറ്റിപ്പിടിച്ചു നിലത്ത് കിടന്നു. രഘു അവളെ തള്ളിമാറ്റി രവിയുടെ വലതു കരം പിടിച്ചുയര്‍ത്തി ഇങ്ങനെ പറഞ്ഞു.

"എന്‍റെ മുന്നില്‍ വച്ച് എന്‍റെ ദേവൂനു നേരെ ഉയര്‍ന്ന ഈ കൈയ് കൊണ്ട് നീയിനി ആരേം അടിക്കില്ല...അവന്‍ ആ വെട്ടുകത്തി ഉയര്‍ത്തുമ്പോഴേയ്ക്കും ദേവു പാഞ്ഞെത്തി. രാമു രഘുവിനെ പിന്നില്‍ നിന്ന് പിടിച്ചു. വിജയമ്മ കാലുകളില്‍ കെട്ടിപ്പിടിച്ചു... രഘുവിന്‍റെ കാതുകളില്‍ നിലവിളികള്‍ ഉയര്‍ന്നുകേട്ടു...

"കൊച്ചച്ചാ... അച്ഛനെ ഒന്നും ചെയ്യല്ലേ കൊച്ചച്ചാ..." ഭയന്നു അരുകില്‍ വരാതെ ഏട്ടന്‍റെ കുഞ്ഞുങ്ങള്‍.....
"മോനെ... നിന്‍റെ പെറ്റമ്മയെ ഓര്‍ത്തെങ്കിലും... വിട്ടു കളയടാ...".. തേങ്ങിക്കരഞ്ഞുകൊണ്ട് അമ്മ....
"രഘു... വേണ്ടടാ... അബദ്ദായിപ്പോയി..." ഏട്ടന്‍ രാമു...
"രഘു.. രവിയേട്ടനെ ഒന്നും ചെയ്യല്ലേടാ... എന്‍റെ കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛനില്ലാണ്ടാക്കല്ലേടാ..." ശ്രീദേവി ഏട്ടത്തി...
"രഘുവേട്ടാ... ഒന്നും വേണ്ടാ... രഘുവേട്ടാ... നമ്മള്‍ക്കാരോടും വഴക്ക് വേണ്ടാ... ഏട്ടന്‍റെ ദേവൂനു ഒരു പരിഭവോം.. ഇല്ല... ആരോടും... പൊട്ടിക്കരഞ്ഞുകൊണ്ട് ദേവു അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിലവിളിച്ചു. ആ സമയം കൊണ്ട് രവി ഇഴഞ്ഞിഴഞ്ഞ് അവിടെ നിന്നും ദൂരേയ്ക്ക് മാറി... ശ്രീദേവിയും സാവിത്രിയും കൂടി അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു മുറിയിലേയ്ക്ക് കൊണ്ട് പോയി. പുറകെ രഘുവിനെ വിട്ട് രാമുവും...

പതിവില്ലാത്ത ബഹളം കേട്ടു... ഇരുളില്‍ അതിര്‍വരമ്പുകളില്‍ അയല്‍ക്കാര്‍ വന്നു നിന്ന്‍ ഒളിഞ്ഞും തെളിഞ്ഞും അവിടേയ്ക്ക് നോക്കി... അപ്പോഴും രഘുവിന്‍റെ നെഞ്ചില്‍ നിന്നും പിടിവിടാതെ ദേവു പൊട്ടിപ്പൊട്ടിക്കരഞ്ഞു. കരഞ്ഞുകരഞ്ഞു വിജയമ്മ ചരിഞ്ഞ് നിലത്തേയ്ക്ക് വീണു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ