2014 ജൂൺ 30, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....26

നിര്‍ത്താതെ തേങ്ങുന്ന ദേവുവിനെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ ബഷീര്‍ കുഴങ്ങി. ഒന്ന് മാത്രമവനറിയാം. ദേവു, അവളിപ്പോള്‍ നില്‍ക്കുന്നത് സങ്കടത്തിന്‍റെ അങ്ങേ അറ്റത്താണ്. ഇനി മുന്നോട്ടൊരു ജീവിതം ഇല്ല എന്ന ചെറിയൊരു തോന്നല്‍ മാത്രം മതി അവള്‍ക്ക് ഈ ജീവിതം ഉപേക്ഷിക്കാന്‍... ഓര്‍ത്തപ്പോള്‍ അവനു ഭീതി തോന്നി..... ജീവിതം എന്തെന്ന് തിരിച്ചറിയുന്നതിന് മുന്‍പേ അതിന് മുന്നില്‍ പകച്ചു നില്‍ക്കേണ്ടിവന്ന ഒരു ഹതഭാഗ്യ... ഇനിയുള്ള പ്രതീക്ഷകളെല്ലാം മുട്ടുകളില്‍ ഇഴയുന്ന ഒരു കുഞ്ഞിലും...

ബഷീര്‍ ആ ഇരുപ്പില്‍ ഒരു കാര്യം തീരുമാനിച്ചു. ഒരു കൂടപ്പിറപ്പ് എന്ന നിലയില്‍ എന്നും താന്‍ ദേവുവിന്റെ കൂടെ ഉണ്ടാകണം. ഇനി അവളുടെ കുടുംബക്കാരും ആയി സംസാരിക്കണം. എല്ലാപേരോടും അവളെ സഹായിക്കണം എന്ന് പറയണം... ചിന്തിച്ചുകൊണ്ടവന്‍ അവിടെനിന്നും എഴുന്നേറ്റു. പുറത്തേയ്ക്ക് വരുമ്പോള്‍ സലീമും നാട്ടിലെ ചില പ്രമാണിമാരും അവിടെ ഉണ്ടായിരുന്നു. കസേരകള്‍ അടുപ്പിച്ചിട്ട് അവര്‍ ഓരോരുത്തരും ചുറ്റി വളഞ്ഞു ഇരിക്കാന്‍ തുടങ്ങി. ഇല്ലാ കഥ മെനയുന്ന കാപാലികര്‍ക്ക് നാടൊട്ടുക്ക് നടന്നുപാടാന്‍ ഒരു അവിഹിതകഥ കൊടുക്കാതെ, അവിടെ രഘുവിന് എന്താണ് സംഭവിച്ചത് എന്ന് അവന്‍ വിശദീകരിച്ചു. ആകാംക്ഷരായി അവര്‍ ഇരുന്നു കഥ കേട്ടു. ഒടുവില്‍ സലീമിന്‍റെയും നാട്ടിലെ ചില ഗുരുക്കന്മാരേയും സാക്ഷി നിര്‍ത്തി രാമുവിനോടും, രവിയോടുമായി ബഷീര്‍ പറഞ്ഞു...

"രഘു പോയി. അതെല്ലാര്‍ക്കും അറിയാം. പരസഹായം ഇല്ലാതെ ഒരു നേരം പോലും ദേവൂനു ഇനി മുന്നോട്ടു ജീവിക്കാന്‍ കഴിയില്ല. ആദ്യം ഈ സങ്കടത്തില്‍ നിന്നും അവളൊന്ന് കരകയറട്ടെ. എന്നിട്ടാകാം അവളോട്‌ ചര്‍ച്ച ചെയ്യുന്നത്. സംസാരിച്ചുകൊണ്ട് അവന്‍ തോളില്‍ കിടന്ന കൈബാഗ് മടിയിലേയ്ക്ക് എടുത്തുവച്ചു. അതിന്‍റെ കുടുക്ക് നീക്കി അവനതു തുറന്നു. അതില്‍ നിന്നും ഒരു കവര്‍ അവന്‍ കൈയിലെടുത്തു. എന്നിട്ട് കൂടിയിരുന്നവരോടായി പറഞ്ഞു.

"ഇത്... ഇത് കുറച്ച് പണമാണ്. കമ്പനി കൊടുത്തതല്ല. മൂന്നു മാസം മാത്രം ജോലി ചെയ്ത ഒരാള്‍ മരിച്ചു. അതിനപ്പുറം അവര്‍ക്കിതില്‍ ഒന്നുമില്ല..ഒരു സഹതാപവും അവരില്‍ നിന്നു പ്രതീക്ഷിക്കാനും കഴിയില്ല. ആയതിനാല്‍ ഇത് ഞങ്ങള്‍, രഘുവിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വരുകൂട്ടിയതാണ്. ഈ മാസം നാട്ടിലയയ്ക്കേണ്ടിയിരുന്നതില്‍ കുറച്ചു മാറ്റി വച്ച് അവര്‍ രഘുവിനും കൊടുത്തു. അതാണീ ഡ്രാഫ്റ്റ്. രാമുവിന്റെയും രവിയുടെയും മുഖം ഒന്ന് തെളിഞ്ഞു. അവരുടെ മുഖം ഒന്ന് നോക്കി തിരിഞ്ഞ ബഷീര്‍ സലീമിനോട് പറഞ്ഞു. ഇത് ദേവൂട്ടിയെ ഏല്‍പ്പിക്കണം എനിക്ക്... അവളുടെ സങ്കടം തീരട്ടെ സലീമിക്കാ... ഞാന്‍ കാത്തിരിക്കാം. അവളെ ഇതേല്‍പ്പിക്കാതെ എനിക്കൊരു സമാധാനവും ഇല്ല....

ബഷീറിന്റെ വാക്കുകള്‍ കേട്ടു രവി എന്തോ പറയാന്‍ തുടങ്ങിയെങ്കിലും പുറത്തേയ്ക്ക് വന്ന വാക്കുകള്‍ അവന്‍ വിഴുങ്ങി.

അപ്പോഴേയ്ക്കും വീടിന്‍റെ പിന്നാമ്പുത്ത് നിന്നു ചില സ്ത്രീകള്‍ മുന്നിലേയ്ക്ക് വന്നു. അവര്‍ കൂടിനില്‍ക്കുന്നവരോടായി പറഞ്ഞു.

"ഈ കസേരയും മേശയും ഒക്കെ ഒന്നടുക്കി ഇട്ടാട്ടെ. കഞ്ഞി റെഡിയായി. ഒരു കവിള്‍ എല്ലാരും കുടിച്ചാട്ടെ....."

അപ്പോഴേയ്ക്കും കൂടി നിന്നവരില്‍ ചിലര് കൂടി അവിടം വിട്ടു. ബാക്കിയുണ്ടായിരുന്നവര്‍ എല്ലാവരും രഘുവിന് വേണ്ടി അവസാനമായി ഒരിറ്റ് കഞ്ഞി കുടിച്ചു ചടങ്ങ് തീര്‍ത്തു. കഞ്ഞി കുടിക്കാന്‍ ദേവുവും, വിജയമ്മയും കൂട്ടാക്കിയില്ല. അവരെ അങ്ങിനെ തന്നെ വിട്ടു മറ്റുള്ളവര്‍ എല്ലാവരും ആഹാരം കഴിച്ചു.. ആഹാരം കഴിച്ചതോടെ മറ്റു ചിലര്‍ കൂടി പിരിഞ്ഞുപോയി.... ഇനി ദേവുവിന്‍റെ കുടിലില്‍ ബാക്കി എന്ന് പറയാന്‍ ഏട്ടന്മാരും, ഏട്ടത്തിമാരും, അമ്മമാരും, രാജേശ്വരിയും സലീമും, നബീസുഉമ്മയും, ഒന്ന് രണ്ടു അയല്‍ക്കാരികളും, ബഷീറും മാത്രമായി......

ഇടയ്ക്ക് സലീമും ബഷീറും അവരുടെ വീട്ടിലേയ്ക്ക് പോയി..... എങ്കിലും ഇടയ്ക്കിടെ അവര്‍ ദേവുവിന്‍റെ കുടിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. അങ്ങിനെ സങ്കടം ചൂടി നിന്ന പതിനഞ്ച് ദിനങ്ങള്‍ കഴിഞ്ഞുപോയി. ദേവുവും വിജയമ്മയും ഒഴികെ മറ്റെല്ലാപേരും സന്തോഷത്തോടെ തന്നെയാണ് ഇരുന്നത്. എന്നിരുന്നാലും ദേവുവും നടന്നത് എന്തെന്ന് മനസ്സിലാക്കാന്‍ സന്നദ്ധയായിരുന്നു. അവള്‍ക്കറിയാം തന്‍റെ എല്ലാമെല്ലാമായ രഘുവേട്ടന്‍ പോയി. തനിക്കെന്ന് പറയാനും, താലോലിക്കാനും ഒരു പൊന്നുമോനെ തന്നിട്ടാണ് രഘുവേട്ടന്‍ പോയത്. മോനെ നോക്കണം. അവനെ പഠിപ്പിക്കണം... അതാണിനി എന്‍റെ ജീവിതം.. അത് മാത്രമാണ് ഇനി എന്‍റെ ലക്‌ഷ്യം... അവള്‍ സ്വയം മനസ്സിന് ശക്തികൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... ഇടയ്ക്കിടെ തേങ്ങിപ്പോയെങ്കിലും.....

ഒടുവില്‍, പതിനാറാം ദിനം വന്നു. ദേവദാരുവിന്റെയരുകില്‍ രഘുവിന്‍റെ ഒത്ത നെഞ്ചത്തായി ഒരു തുളസിച്ചെടി വളരാന്‍ തുടങ്ങി... ചുറ്റും എള്ളിന്‍ചെടികള്‍, കടുക്, ജമന്തി തുടങ്ങിയ ചെടികളൊക്കെ മുളപൊട്ടി നില്‍ക്കാന്‍ തുടങ്ങി. ആദ്യം യാത്ര പറഞ്ഞത് സേതുലക്ഷ്മിയും രാജേശ്വരിയുമാണ്‌. പിന്നെ ഏട്ടന്മാരും ഏട്ടത്തിമാരും... വീട്ടിലേയ്ക്ക് ക്ഷണിച്ച രവിയോട് വിജയമ്മ പറഞ്ഞു...

"ഞാന്‍ വരുന്നില്ല. നിങ്ങള് പൊയ്ക്കോ. എന്‍റെ മോളെ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ വിട്ടേച്ച്‌ ഞാനെങ്ങോട്ടും വരുന്നില്ല. ഇനി എന്‍റെ ജീവിതം ഇവളോട്‌കൂടിയാണ്... എന്‍റെ മരണം വരെ.."

ഇവരും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ അവിടെ സലിമും, ബഷീറും, നബീസു ഉമ്മയും മാത്രമായി. ബഷീര്‍ സലിമിന്‍റെ സാന്നിധ്യത്തില്‍ ദേവുവിന് നേരെ അവന്‍ കൊണ്ടുവന്ന ഡ്രാഫ്റ്റ്‌ വച്ച് നീട്ടി. അവള്‍ എന്തെന്ന ഭാവേന ബഷീറിനെ നോക്കി.

"കുറച്ചു പണമാ ദേവൂട്ടി. അങ്ങിനെ അങ്ങ് തള്ളിക്കളയാന്‍ പറ്റോ എനിക്ക് ന്‍റെ പൊന്നനിയത്തിയെ...."

അവള്‍ മടിച്ചു നിന്നു.

"വാങ്ങിക്കോ മോളെ. മടിക്കണ്ട. ഇതെങ്കിലും അവനെക്കൊണ്ട്‌ കഴിഞ്ഞല്ലോ. സലീമിന്‍റെ വാക്കുകള്‍ കേട്ട ദേവു അതോടെ കരഞ്ഞുകൊണ്ട്‌ കൈനീട്ടി അത് വാങ്ങി. ആ കത്ത് അവളുടെ കൈയില്‍ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. അവളെ സമാധാനിപ്പിച്ചുകൊണ്ട് ബഷീര്‍ പറഞ്ഞു.

"ദേവൂട്ടി പേടിക്കണ്ട. ഇത് ഇവിടം കൊണ്ട് തീരുന്നില്ല. എന്ത് സഹായം വേണമെങ്കിലും നിനക്ക് ചോദിക്കാം.. ഇക്കയെ കൊണ്ട് കഴിയുന്നതാണ് എങ്കില്‍ മരണം വരെ നിന്നെ സഹായിക്കാനും ഞാന്‍ ഒരുക്കമാണ്. രഘുവിന്‍റെ കൂട്ടുകാരന്‍ എന്ന നിലയില്‍ അതെന്‍റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു...... "

അവള്‍ സങ്കടത്തോടെ തല കുലുക്കി. വിജയമ്മ ബഷീറിന്‍റെ മുഖത്ത് നോക്കി. പിന്നെ നിറഞ്ഞ കണ്ണുകളോടെ അവനരുകില്‍ വന്നു. ദയനീയമായി അവന്‍റെ മുഖത്തൊന്ന് നോക്കിയ അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ ഇരുകരങ്ങളും അവന്‍റെ കവിളുകളില്‍ ചേര്‍ത്ത്പിടിച്ചു. ആ അമ്മയുടെ പെട്ടെന്നുണ്ടായ വികാരക്ഷോഭത്തില്‍ അന്തവിട്ട ബഷീര്‍ തേങ്ങിക്കരഞ്ഞുപോയി. വിജയമ്മയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ബഷീര്‍ അവരെ ചേര്‍ത്ത് അണച്ച് പിടിച്ചു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നു അവര്‍ പറഞ്ഞു.

"കൂടപ്പിറപ്പുകള്‍ക്ക് ഉണ്ടായില്ലല്ലോ എന്‍റെ ഈ മോന്‍റെ സ്നേഹം..." അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. "നിനക്ക് നല്ലതേ വരൂ മോനെ... നിനക്ക് നല്ലതേ വരൂ.... "

ബഷീര്‍ വീണ്ടും വീണ്ടും വിജയമ്മയെ ചേര്‍ത്തുപിടിച്ചു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നവര്‍ ആവോളം കരഞ്ഞു. കണ്ടുനിന്ന സലീമും നബീസു ഉമ്മയും പൊട്ടിക്കരയാന്‍ തുടങ്ങി. നബീസു ഉമ്മ ദേവൂനെ അരുകിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. അതോടെ നെഞ്ചില്‍ നിറയെ തീയും കണ്ണില്‍ നിറയെ കണ്ണീരുമായി തേങ്ങിതേങ്ങി ഒരു കൂട്ടമായി അവര് നിന്നു....

ഒടുവില്‍ എല്ലാപേരും യാത്രയായി. അവര്‍ നടന്നകന്ന വീഥികള്‍ മൂകമായി. പതിനാറാം രാവ് മയങ്ങാന്‍ തുടങ്ങുമ്പോള്‍ ആ കൊച്ചു കുടിലില്‍ ദേവുവും, അമ്മയും കുഞ്ഞും സങ്കടത്തോടെ ചുരുണ്ടുകൂടി.....

ഇരുളില്‍ നിലത്ത് വിരിച്ച പായയില്‍, ദേവു വിജയമ്മയെ ചേര്‍ന്ന് കിടന്നു. രാത്രിയുടെ കാഠിന്യം ഏറുമ്പോള്‍ അവര്‍ മെല്ലെ കണ്ണുകള്‍ പൂട്ടി. ഇടയ്ക്കെപ്പോഴോ കേട്ട നേര്‍ത്ത തേങ്ങല്‍ അവരുടെ കണ്ണുകള്‍ തുറപ്പിച്ചു. വിജയമ്മ മങ്ങിയ വെളിച്ചത്തില്‍ ദേവുവിന്‍റെ മുഖത്ത് കൈവിരലുകള്‍ ഓടിച്ചു. ദേവുവിന്റെ കണ്ണുനീര് കൊണ്ട് വിരല്‍ നനഞ്ഞ വിജയമ്മ മെല്ലെ പായയില്‍ എഴുന്നേറ്റിരുന്നു.

"മോളെ... എന്തായിത്... ഇങ്ങനെ സങ്കടപ്പെടല്ലേ...??

അതോടെ ദേവു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു. വിജയമ്മ അവളെ ചേര്‍ത്ത് തഴുകി. അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി.... കൂടെ കരഞ്ഞുകൊണ്ട്‌ വിജയമ്മ അവളുടെ മുതുകില്‍ തഴുകിക്കൊണ്ടിരുന്നു... അമ്മയുടെ മടിയില്‍ മുഖമമര്‍ത്തി അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു...

"കഴിയണില്ല അമ്മെ... കണ്ണടയ്ക്കാന്‍ കഴിയണില്ല.. രഘുവേട്ടന്‍.... ന്‍റെ രഘുവേട്ടന്‍ മുന്നില്‍ വന്നു നില്‍ക്കുവാ... എന്നോട് കുളിക്കാന്‍ പോട്ടെ എന്ന് ചോദിക്കുന്നു... ആഹാരം തരുമോന്ന് ചോദിക്കുന്നു.... എന്‍റെ മുഖം തലോടുന്നു... എന്‍റെ അരുകില്‍ ചേര്‍ന്ന് കിടക്കുന്നു.... എനിക്കിപ്പോള്‍ തോന്നുകാ.. ന്‍റെ രഘുവേട്ടന്‍ എന്നെ വിട്ടു പോയിട്ടില്ലാന്നു.. ദേ ഇവിടെയൊക്കെ നില്‍ക്കുന്നു... ന്‍റെ ദേവൂട്ടി..ന്നു വിളിച്ചു ഇവിടെയൊക്കെ നില്‍ക്കുന്നു അമ്മെ... "

"മോളെ... ന്‍റെ പൊന്നുമോളെ.."

വിജയമ്മ അവളെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു. അവര്‍ നടുവ് കുനിച്ചു അവളുടെ തലയില്‍ കവിള്‍ ചേര്‍ത്തു.... ഒന്നുമറിയാതെ അവര്‍ക്കരുകില്‍ അമര്‍ നിദ്രയിലാണ്ട് കിടന്നു... വിജയമ്മയുടെ കവിളില്‍ നിന്നിറങ്ങിയ കണ്ണുനീര്‍ അവളുടെ മുടിയിഴകള്‍ നനച്ചുകൊണ്ടിരുന്നു. അമ്മയുടെ മടിയില്‍ തലചായ്ച്ച് ദേവു മെല്ലെ കണ്ണുകള്‍ അടച്ചു. മകളെ, നിധിപോലെ കാത്തുകൊണ്ട് മങ്ങിയ ഇരുള്‍വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്ന് വച്ച് ആ അമ്മ കാവലിരുന്നു.....പിറ്റേന്ന് പുലരുവോളം....

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂൺ 27, വെള്ളിയാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....25

ഭയാനകമായ ആ രാവില്‍, അടര്‍ന്നുവീണ നിശ്വാസങ്ങള്‍ മണ്ണിലലിഞ്ഞു ചേര്‍ന്നു.... തെങ്ങിന്‍ തലപ്പില്‍ നിന്നും അരിഞ്ഞുവീഴ്ത്തിയ ഓലകള്‍ വരിവരിയായി നിശബ്ദം നിലത്തേയ്ക്ക് പറന്നിറങ്ങി. ചെവിയോര്‍ത്താല്‍ മണ്ണിന്‍റെ നെഞ്ചിന്‍ കൂട് തകര്‍ത്ത കൈക്കോട്ടിന്‍റെ ശബ്ദം കേള്‍ക്കാം... മുറിയുടെ മൂലയില്‍, സംഭവിച്ചത് ഇപ്പോഴും വിശ്വസിക്കാതെ ദേവു തളര്‍ന്നുകിടപ്പാണ്. അവളുടെ അരുകിലിരിക്കുന്ന കണ്ണുകളില്‍ ഈറനണിയാത്ത ഒന്ന് പോലും ഉണ്ടായിരുന്നില്ല.......

മുറ്റത്തെ മണ്‍തിട്ടയില്‍ സലിം തളര്‍ന്നിരുന്നു. രഘുവിനെ കൊണ്ടുവരാനായി ഒരുകൂട്ടം വിമാനത്താവളത്തിലേയ്ക്ക് പോകാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ചന്ദനത്തിരികളും തീപ്പെട്ടിയും ആരോ ഒരു വെള്ളിപ്പാത്രത്തില്‍ ഇട്ട് മുറ്റത്തേയ്ക്ക് വച്ചു. മുറ്റത്ത്‌ നിറഞ്ഞു നിന്ന പുരുഷപ്രജകള്‍ അന്യോന്യം കഥകള്‍ മെനഞ്ഞു.

"അവന്‍ വിഷം കഴിച്ചതാ..."

"ഈ അടുത്തകാലത്തായി കുടുംബവുമായി അത്ര നല്ല സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല... ന്നാണ് കേട്ടത്..!!!"

"ഇല്ലന്നേ... ആത്മഹത്യ ചെയ്തതാ... ഈ പെണ്ണും ആ അനിയത്തിപെണ്ണിന്‍റെ കെട്ടിയോനുമായി ചില ഒളിച്ചുകളികള്‍ നടന്നൂത്രേ..."

"അല്ലെങ്കിലും ഇവറ്റകളൊക്കെ ഇങ്ങനെ തന്നാ... കെട്ടിയോന്‍ അടുത്തില്ലാത്തതല്ലേ..???"

അവരുടെ കഥകള്‍ ഇങ്ങനെ പൊയ്ക്കൊണ്ടിരുന്നു... രാവിനു നല്ല തണുപ്പ് വച്ചു. അടര്‍ന്നുവീണ ഇലകളില്‍ നനവ്‌ പടര്‍ന്നിരുന്നു. സേതുലക്ഷ്മിയമ്മയുടെ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ നിന്നും പൂവന്‍കോഴി നീട്ടിക്കൂകി. സലിം കൈത്തണ്ടയിലെ വാച്ചിലേയ്ക്ക് നോക്കി. അടുക്കളയിലും തൊടിയിലും നിന്ന സ്ത്രീപ്രജകള്‍ കൈപ്പത്തി താങ്ങാക്കി നിര്‍ത്തി മുഖം കനപ്പിച്ചു നിന്നു. രാവ് പുലരിയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് യാത്ര തുടങ്ങുകയായി. രഘുവിന്‍റെ കൂട്ടുകാര്‍ കാറിനടുത്തേയ്ക്ക് നീങ്ങി. ഇരുളില്‍ അതിന്റെ വാതിലുകള്‍ തുറന്നടഞ്ഞു. അത് മെല്ലെ അകലേയ്ക്ക് യാത്രയായി...

അമര്‍ വിശന്നു കരഞ്ഞു. സേതുലക്ഷ്മിയമ്മ അവനെ തന്നിലേയ്ക്ക് ചേര്‍ത്തണച്ചു. കൂടിനിന്ന സ്ത്രീകളില്‍ ആരോ ഒരാള്‍ അവന് എവിടെനിന്നോ കാച്ചിയ പാല്‍ കൊണ്ടുവന്ന് കൊടുത്തു. അവനത് കുടിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തളര്‍ന്നുകിടക്കുന്ന ദേവുവിനരുകിലേയ്ക്ക് ശ്രീദേവി ഏട്ടത്തി അമറിനെ കൊണ്ട് കിടത്തി. അവന്‍, മുഖം കണ്ണുനീര്‍ വീണു നനഞ്ഞ അമ്മയുടെ മാറിടങ്ങളില്‍ ചേര്‍ത്ത് നിശ്ചലം കിടന്നു. രഘുവിനെ കൊണ്ടുവരാന്‍ പോയവര്‍ പോയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു. ഏവരുടെയും മുഖത്തെ ആകാംക്ഷ, തളര്‍ന്ന മുഖങ്ങള്‍ ഒക്കെയും അകലെ ആ മുറ്റത്ത് വന്നു ചേരാനിരിക്കുന്ന വണ്ടിയില്‍ ആയിരുന്നു. അവരുടെ ആകാംക്ഷ നീളവേ അര്‍ക്കന്‍ കിഴക്കുദിച്ചു. ഭൂമിയില്‍ പരന്നുതുടങ്ങിയ പ്രകാശം വല്ലാത്ത നോവോടെയായിരുന്നു അന്ന് ദേവുവിന്‍റെ മുറ്റത്ത് മുഖം കാണിച്ചത്... രാത്രി മുഴുവന്‍ ദേവദാരുവിന്‍റെ ശിഖരങ്ങളില്‍ തമ്മില്‍ ചേര്‍ന്നിരുന്നുറങ്ങിയിരുന്ന വാഴപ്പൂങ്കിളികള്‍ ഓരോന്നായി വാലാട്ടി ചിലച്ചു പറന്നുതുടങ്ങി.

സലിമിന്‍റെ അരുകിലെത്തി രണ്ടുപേര്‍ വിയര്‍പ്പോടെ നിന്നു. വിയര്‍പ്പിന്‍റെ ഗന്ധം തിരിച്ചറിഞ്ഞ അയാള്‍ അവരെ നോക്കി. അവര്‍ ഭവ്യതയോടെ പറഞ്ഞു.

"കുഴി തീര്‍ന്നു...."

സലിം അവരെ നോക്കി മൂളി. മുറ്റത്ത് കതിരോലകള്‍ കൊണ്ടൊരു പന്തല്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു. വാത്തിയും മണ്ണാനും പൂവൊരുക്കി കാത്തുനിന്നു. വാത്തിയുടെ നിര്‍ദേശപ്രകാരം രണ്ടുപേര്‍ ദേവുവിന്‍റെ കുടിലിനകത്തേയ്ക്ക് കയറി. അവര്‍ കിടക്കയില്‍ ഇരുന്ന സ്ത്രീകളെ എഴുന്നേല്‍പ്പിച്ചു. കിടക്ക പുറത്തേയ്ക്കവര്‍ താങ്ങിയെടുക്കുമ്പോള്‍ ദേവു ഒന്നെഴുന്നെല്‍ക്കാന്‍ ശ്രമിച്ചിരുന്നു. അരുകില്‍ ഇരുന്നവര്‍ അവളെ സാന്ത്വനപ്പെടുത്തി.

"കിടന്നോ ദേവൂ... വന്നിട്ടില്ല... കൊണ്ട് വന്നിട്ടില്ല.."

"ന്‍റെ... രഘുവേട്ടാ... ന്‍റെ എല്ലാമായ രഘുവേട്ടാ.... ദേവൂനിനി ആരുണ്ട്‌ രഘുവേട്ടാ... എന്നെ തനിച്ചാക്കീട്ട് എങ്ങനെ പോവാന്‍ തോന്നി രഘുവേട്ടാ...." അവളങ്ങിനെ നിലവിളിച്ചുകൊണ്ടെയിരുന്നു..... കുലുങ്ങികുലുങ്ങിക്കരഞ്ഞുകൊണ്ടിരുന്ന അവളുടെ ദേഹത്തിന് ചുറ്റും നിരവധി കൈകള്‍ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു. പുറത്ത് പന്തലില്‍ കട്ടിലിട്ട് അലക്കിയ മുണ്ട് വിരിച്ച് ഒരു കൂട്ടം രഘുവിന്‍റെ വരവും കാത്തിരുന്നു. കുറച്ച് സ്ത്രീകള്‍ വീടിന് പുറകില്‍ വലിയ കലത്തിലൊന്നില്‍ കഞ്ഞി വയ്ക്കാന്‍ തുടങ്ങിയിരുന്നു... (മരണമറിഞ്ഞ് എത്തി അടക്കം കഴിഞ്ഞ് പോകുന്നവര്‍ക്ക് ഒരുനേരം ആഹാരം കൊടുക്കുന്നതിനുവേണ്ടി)....

ആകാംക്ഷയോടെ നിന്നിരുന്ന കണ്ണുകളുടെ തിളക്കം കൂട്ടി സേതുലക്ഷ്മിയുടെ വീടിന് മുന്നില്‍ വിമാനത്താവളത്തിലേയ്ക്ക് പോയ കാര്‍ വന്നു നിന്നു. തിരക്കിട്ട് വാതില്‍ തുറന്നു പുറത്തിറങ്ങിയ ചിലര്‍ പിന്നില്‍ നിന്നും വന്ന ആംബുലന്‍സിന് വീട്ടുവളപ്പിലേയ്ക്ക് കയറാന്‍ വേണ്ടി വഴിയൊരുക്കി. സേതുലക്ഷ്മിയുടെ വീട് മുതല്‍ ദേവുവിന്‍റെ കുടില് വരെ പുരുഷാരം തിങ്ങിനിറഞ്ഞിരുന്നു. ആംബുലന്‍സ് വീട്ടുവളപ്പില്‍ കയറുമ്പോള്‍ ഒരു കടലിരമ്പമായിരുന്നു..... ആരൊക്കെയോ ചിലര്‍ ആ വാഹനത്തിന് പുറകിലൂടെ ഓടി. മെല്ലെമെല്ലെ അത് സൈറന്‍ മുഴക്കി സേതുലക്ഷ്മിയുടെ മുറ്റത്ത് നിന്നു. പിന്‍വാതില്‍ തുറക്കപ്പെട്ടു. അതില്‍ നിന്നും ബഷീര്‍ പുറത്തിറങ്ങി. അവന്‍റെ മുഖം ക്ഷീണം കൊണ്ട് നന്നേ തളര്‍ന്നിരുന്നു. ആളുകളുടെ ഉന്തിലും തള്ളിലും പെട്ട് ഒരുപാട് പേര്‍ ചേര്‍ന്ന് സാധാരണയിലും വലുതായ ആ പെട്ടി മുറ്റത്തെ കുരുത്തോലപന്തലില്‍ ഒരുക്കിയിരുന്ന കിടക്കയില്‍ വച്ചു. അതിനടുത്തേയ്ക്ക് തള്ളിതള്ളി നിന്നിരുന്ന ജനക്കൂട്ടത്തെ നോക്കി പ്രമാണിമാരില്‍ ചിലര്‍ പറഞ്ഞു.

"നിങ്ങളിങ്ങനെ ബഹളം കൂട്ടിയാല്‍ എങ്ങിനെ....??? തുറക്കാം... നിങ്ങളെ എല്ലാരേം കാണിക്കാം...!!! എല്ലാരും ഒന്ന് സഹകരിക്കണം..." അവരത് പറഞ്ഞപ്പോള്‍ കൂട്ടത്തില്‍ ചിലര്‍ ചേര്‍ന്ന് ആളുകളെ നിരനിരയായി നിര്‍ത്താന്‍ തുടങ്ങി. ബഷീര്‍ സലീമിനടുത്തേയ്ക്ക് വന്നു. സലിം നിയന്ത്രണം വിട്ടപോലെ ബഷീറിന്‍റെ നെഞ്ചിലേയ്ക്ക് വീണു... വിതുമ്പലോടെ അയാള്‍ പറഞ്ഞു...

"ന്‍റെ കുട്ടി.....പോയല്ലോ.."

സലിം അവന്‍റെ നെഞ്ചില്‍ നിന്നകലുമ്പോള്‍ ബഷീര്‍ രഘുവിന്‍റെ കൂട്ടുകാരോടായി പറഞ്ഞു...

"അത് തുറക്കുന്നതിന് മുന്‍പ് പെട്ടീടെ രണ്ടറ്റത്തും ചന്ദനത്തിരികള്‍ കത്തിച്ചു വയ്ക്കണം... പിന്നെ തോളത്തുകിടന്ന ചെറിയ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പി അത്തര്‍ എടുത്തവന്‍ അരുകില്‍ നിന്നൊരാളിന്‍റെ കൈയില്‍ കൊടുത്തു..... തുറക്കുമ്പോള്‍ ഇതും ചുറ്റും കുടഞ്ഞോളൂ......" അത്രയും പറയുമ്പോഴേയ്ക്കും അവന്‍ കരഞ്ഞുപോയി... കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് രണ്ടുപേര്‍ പെട്ടിയുടെ മേല്‍ഭാഗത്തെ മൂടി തുറക്കാന്‍ തുടങ്ങി. മറ്റുചിലര്‍ അപ്പോഴേയ്ക്കും ചന്ദനത്തിരികളും കത്തിച്ചുവച്ചു. ഒടുവില്‍ പെട്ടി തുറന്ന് അവര്‍ അതിന്‍റെ മേല്‍മൂടി അതിന്‍റെ തന്നെ വശത്ത് ചേര്‍ത്തുവച്ചു.... ചന്ദനത്തിരിയുടെ അത്തറിന്‍റെയും മനം മടുപ്പിക്കുന്ന ഗന്ധം അവിടെ പരക്കാന്‍ തുടങ്ങി..

കല്ലെറിഞ്ഞ് ഇളകിയ കടന്തലുകളെപ്പോലെ ചെറുമൂളലോടെ പുരുഷാരം രഘുവിനെ ഒരു നോക്ക് കണ്ടു ആ പെട്ടിയെ വലംവച്ച് കടന്നുപോയി.... സ്ത്രീകളും പുരുഷന്മാരും കണ്ണീര് തുടച്ചുകൊണ്ടേയിരുന്നു... അരമണിക്കൂര്‍ പെട്ടെന്ന് കടന്നുപോയി.. പൊതുജനങ്ങള്‍ എല്ലാരും രഘൂനെ അവസാനമായി ഒരു നോക്കു കണ്ടു. ഇനി സ്വന്തബന്ധങ്ങളുടെ വരവാണ്.... കൂടിനിന്നവരില്‍ ചിലര്‍ അവര്‍ക്കായി ഒഴിഞ്ഞ് നിന്നു. ആദ്യം രവിയുടെയും രാമുവിന്‍റെയും ഊഴമായിരുന്നു. രവി ഒരു നിമിഷം നിശ്ചലം നിന്നു... അവന്‍റെ മിഴികളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ രഘുവിനെ കിടത്തിയിരുന്ന പെട്ടിയില്‍ വീണലിഞ്ഞു. ആരോ രവിയെ താങ്ങിക്കൊണ്ടുപോയി... രാമു വാവിട്ടുകരഞ്ഞു. പിന്നില്‍ നിന്നും ആരോ അവനെയും തള്ളിമാറ്റി. പിന്നെ എട്ടത്തിമാര്‍.... അവരെയും കൂടിനിന്നവര്‍ വലിച്ചിഴച്ച് അവിടെ നിന്നും മാറ്റി.......

സേതുലക്ഷ്മിയും രാജേശ്വരിയും മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നടന്നുനീങ്ങി. പിന്നെ അടുത്തബന്ധുക്കളില്‍ ചിലര് കൂടി കടന്നുപോയി.... അതിന് പുറകിലായി നിലവിളിച്ചുകൊണ്ടിരുന്ന വിജയമ്മയെ, അവരുടെ പൊന്നുപുത്രന്‍റെ അരുകിലായി ആരോ ചേര്‍ന്ന് പിടിച്ചുകൊണ്ട് വന്നു. കുഴഞ്ഞു നിലത്തേയ്ക്കിരുന്ന അവര്‍ കൂടിനിന്ന പുരുഷന്മാരെ നോക്കി കരഞ്ഞുകൊണ്ട്‌ കൈകൂപ്പി....

"എനിക്ക് കാണണ്ട എന്‍റെ പൊന്നുമോനെ... എന്നെ ആരും കാണിക്കല്ലേ....!!!! "

അതോടെ കൂടിനിന്നവര്‍ പരസ്പരം നോക്കി... അതില്‍ ഒരാള്‍ കുനിഞ്ഞു അവരുടെ കാതില്‍ ചോദിച്ചു...

"അമ്മയ്ക്ക് കാണണ്ടേ രഘൂനെ... അവസാനാമായി... ഒരു നോക്ക്...."

അവര്‍ അയാള്‍ക്ക്‌ നേരെ ദയനീയമായി നോക്കി... എന്നിട്ട് നിഷേധാര്‍ത്ഥത്തില്‍ തലചലിപ്പിച്ചു. അതോടെ ചിലര്‍ ചേര്‍ന്ന് അവരെ താങ്ങിക്കൊണ്ട് അകത്തേയ്ക്ക് പോയി...

ഒടുവില്‍, രഘുവിന്‍റെ കൂട്ടുകാര്‍ ചേര്‍ന്ന് ദേവുവിനടുത്ത് ചെന്നു.

"ദേവൂച്ചി.... നമ്മുടെ രഘുവേട്ടനെ കാണണ്ടേ ദേവൂച്ചി... രഘുവിന്‍റെ കൂട്ടുകാരില്‍ പ്രായം കുറഞ്ഞ അവന്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചപ്പോള്‍ അവള്‍ ഏങ്ങിക്കരഞ്ഞുകൊണ്ട് ചാടിയെഴുന്നേറ്റു. ഒരാള്‍ അമറിനെ കൈകളില്‍ എടുത്തു. അവന്‍ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളോടെ അയാളുടെ മുഖത്തേയ്ക്കു നോക്കി കരയാന്‍ തുടങ്ങി.... മുഖത്തേയ്ക്കു ചിതറിവീണ മുടിയിഴകളുമായി ദേവു രഘുവിനടുത്തേയ്ക്ക് അവരുടെ കൈകളില്‍ ചേര്‍ന്ന് വന്നു... കൂടിനിന്നവരുടെ കണ്ണുകള്‍ എല്ലാം അവളിലേയ്ക്ക് നീണ്ടു... ഒരു മൂളലോടെ തിക്കിത്തള്ളിക്കൊണ്ടിരുന്ന ജനക്കൂട്ടം ഒരു നിമിഷം ഒന്ന് നിലച്ചപോലെ... ചെറുകാറ്റില്‍ ആടിക്കൊണ്ടിരുന്ന ദേവദാരു പെട്ടെന്ന് നിലച്ചു.... ഭയാനകമായ നിശബ്ദത അവിടെ ഓടിയെത്തി... ദേവു പെട്ടിയ്ക്കരുകില്‍ വന്നു നിന്നു. മുഖം മൂടിക്കിടന്ന മുടിനാരുകള്‍ക്കിടയിലൂടെ അവള് കണ്ടു അവളുടെ രഘുവേട്ടനെ.... അവസാനമായി.. അരുകില്‍ നിന്ന കൂട്ടുകാരില്‍ ഒരാള്‍ അമറിനെ അങ്ങോട്ടേയ്ക്ക് എടുത്ത് കാട്ടി.... ഒന്നും മനസ്സിലാകാതെ അവന്‍ എല്ലാപേരെയും കരഞ്ഞുകൊണ്ട്‌ മാറിമാറി നോക്കി.... പെട്ടെന്നാണ് പിടിച്ചിരുന്നവരുടെ കൈകളില്‍ നിന്നുകൊണ്ട് ദേവു അലറിക്കരഞ്ഞത്... അവളുടെ ഇടതൂര്‍ന്ന മുടിയിഴകള്‍ പെട്ടിക്കകത്തേയ്ക്ക് വീണു. രഘുവിന്‍റെ കരുവാളിച്ച് ഉണങ്ങിയ മുഖത്തിലൂടെ അത് ഉരഞ്ഞുനീങ്ങി... അവള്‍ വലതുകരം പെട്ടിയിലേയ്ക്കിടാന്‍ ഒരു വിഫലശ്രമം നടത്തി.... രഘുവേട്ടാ... ന്നു വിളിച്ചലറിക്കരഞ്ഞ അവളെ ബലമായി പിടിച്ചവര്‍ അവിടെ നിന്നും മാറ്റി.... പോകുന്ന വഴിയില്‍ നിലത്തേയ്ക്ക് വീണവള്‍ അവരുടെ കൈകളില്‍കിടന്ന് കുതറിക്കൊണ്ടിരുന്നു..........

അകത്തെ മുറിയിലേയ്ക്ക് കൊണ്ടുപോയ അവളെ പിന്നെയാരും പുറത്തേയ്ക്ക് കൊണ്ടുവന്നില്ല.... കുടിലിനുള്ളിലെ ഇരുണ്ട പകല്‍വെളിച്ചത്തില്‍ തേങ്ങി തേങ്ങി അവള്‍ കിടന്നു.... കൂടിനിന്ന എല്ലാപേരോടുമായി അനുവാദം ചോദിച്ച് മേല്‍ മൂടിയ ആ പെട്ടി, ചില കര്‍മങ്ങള്‍ നടത്തി കുഴിയിലേയ്ക്ക് എടുത്തു.... കൈക്കോട്ടില്‍ നിന്നും മണ്ണു വീഴുന്ന സ്വരം കൂടിനിന്നവരുടെ നെഞ്ചില്‍ തട്ടിതുടിച്ചുകൊണ്ടിരുന്നു.... ഒടുവില്‍ ഒരു തുടര്‍താളത്തിന്‍റെ ഒടുക്കം പോലെ അതവസാനിച്ചു. രഘുവിന്‍റെ സ്വപ്‌നങ്ങള്‍ മണ്ണിട്ട്‌ മൂടിയ ഒരു കൂമ്പാരമായി ആ ദേവദാരുവിന്‍റെ അരികത്ത് ഉയര്‍ന്നുനിന്നു... ഒടുവില്‍ മണ്ണിലര്‍പ്പിച്ച പുഷ്പചക്രങ്ങള്‍ കൊണ്ട് ആ കൂന മൂടി.....

അതോടെ നല്ലൊരുഭാഗം പുരുഷാരം മുറുമുറുപ്പോടെ നടന്നകന്നു... മിച്ചം നിന്നിരുന്ന ചിലര്‍ തളര്‍ന്നിരുന്ന ബഷീറിന്‍റെ അരുകിലായി വന്നിരുന്നു.... കരഞ്ഞുകലങ്ങിയ അവന്‍റെ മുഖത്ത് നോക്കി അതിലൊരുവന്‍ ചോദിച്ചു...

"ആത്മഹത്യ ചെയ്തതാണോ രഘൂ...."

ചോദിച്ചയാളെ അവനൊന്ന് നോക്കി... ആ നോട്ടത്തില്‍ അയാള്‍ മെല്ലെ എഴുന്നേറ്റു... ബഷീറിന്‍റെ മാനസികാവസ്ഥ കണ്ട സലിം അരുകില്‍ നിന്നവരെ ശാസിച്ചു... അവര്‍ അകലേയ്ക്ക് മാറാന്‍ തുടങ്ങി... ബഷീറിനരുകില്‍ വന്നിരുന്ന സലിം എല്ലാവരോടുമായി പതിയെ പറഞ്ഞു...

"ഇനി ആരും ഇവിടെ കഥയൊന്നും മെനയല്ലേ....!!! അകത്ത് കരളുപൊട്ടി കരയണ ഒരമ്മേം ഒരു പാവം പെണ്ണും ഉണ്ട്.... കഥ കേള്‍ക്കാന്‍ കാത്ത് നിക്കണ നിങ്ങളോരുത്തരും ഒരു നിമിഷം അതൊന്ന് ചിന്തിച്ചോണെ....

സലീമിന്‍റെ വാക്കുകള്‍ നിശബ്ദമായി അവര്‍ അമര്‍ഷം കൊണ്ട് നേരിട്ടു.... സലിം പുശ്ചത്തില്‍ തലതിരിച്ചു... ഒരു നിശ്വാസത്തോടെ ബഷീര്‍ എഴുന്നേറ്റ് ദേവുവിനടുത്തേയ്ക്ക് നീങ്ങി. പോകുന്ന വഴിയില്‍ മുറ്റത്തിരുന്ന ഒരു കൊച്ചു ബാഗ് കൂടി അവന്‍ കൈയിലെടുത്തു.. അകത്തേയ്ക്ക് കയറിയ അവന്‍ രഘുവിന്‍റെ സ്വപ്നങ്ങള്‍ മൂടിയ ആ ബാഗ് ദേവുവിന്‍റെ അരുകിലായി കൊണ്ടുവച്ചു. പ്രവാസത്തിന്‍റെ അത്തറ് മണം അവളുടെ നാസികയെ തൊട്ടു..... തളര്‍ന്ന കണ്ണുകളോടെ അവളുടെ അരുകില്‍ മുട്ടുകുത്തിയിരുന്ന ബഷീറിനെ അവളൊന്ന് തലയുയര്‍ത്തി നോക്കി.. എന്നിട്ട് ദയനീയമായി അവനോടു ചോദിച്ചു...

"ങ്ങള്... കൂട്ടെന്നു പറഞ്ഞു ന്‍റെ രഘുവേട്ടനെ കൂട്ടിക്കൊണ്ടു പോയത് ഇങ്ങനെ കൊണ്ടുതരാനായിരുന്നോ ഇക്കാ...."

കൂടിനിന്നവരുടെ കരളലിയിപ്പിച്ച ആ ചോദ്യം... ബഷീറിന്‍റെ നെഞ്ചില്‍ തട്ടി അവന് നൊന്തു. അവന്‍ ഇടതുകരം കൊണ്ട് അവളുടെ തലമുടി തഴുകി.... ശബ്ദമില്ലാതെ കരഞ്ഞ അവനെ നോക്കി അവള്‍ പറഞ്ഞു...

"ആരും ഇല്ലാത്തോളായില്ലേ ഇക്കാ ഈ ദേവൂ.... നിത്യോം ഞാന്‍ പൂജിക്കണ ഈശ്വരന്‍മാര് എന്നെ ആരും ഇല്ലാത്തോളാക്കീലോ ഇക്കാ.... എന്‍റെ മോള് പോയി... ഇപ്പൊ എന്‍റെ രഘുവേട്ടനും...... ഇങ്ങനെ സങ്കടപ്പെടാന്‍ ഞാന്‍ എന്ത് തെറ്റാ ചെയ്തേ.. ന്‍റെക്കാ...

ബഷീര്‍ അരുകിലായിരുന്ന് കൈക്കൂപ്പിക്കൊണ്ട് അവളോട്‌ പറഞ്ഞു....

"എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ദേവൂ... ന്‍റെ പെങ്ങളൂട്ടി ഇക്കാനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ..."

ബഷീറിന്‍റെ വാക്കുകള്‍ കേട്ട് ഒരു തേങ്ങലോടെ ദേവു ഉയര്‍ന്നിരുന്ന തല ആ മണ്ണിലേയ്ക്ക് ചായ്ച്ചു.

(തുടരും)
ശ്രീ വര്‍ക്കല

2014 ജൂൺ 22, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....24

പിറ്റേന്ന് ജോലിസ്ഥലത്തിന് മുന്നിലുള്ള ബൂത്തില്‍ നിന്നു അവന്‍ സലീമിന് ഫോണ്‍ ചെയ്തു. അങ്ങേത്തലയ്ക്കലെ ഫോണ്‍ ബെല്ലിനൊപ്പമോ അതിലേറെ വേഗതയിലോ അവന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. ഒടുവില്‍ ആരോ വന്നു ഫോണ്‍ എടുത്തു. സ്ത്രീശബ്ദം കേട്ട അവന്‍ ചോദിച്ചു... "സലിം... സലീമദ്ദേഹത്തെ ഒന്ന് കിട്ടുമോ?? നബീസു ഉമ്മാന്റെ വിളി..... ഒരു നിമിഷത്തെ നിശബ്ദതയ്ക്കൊടുവില്‍ ഒരു പുരുഷസ്വരം.... "ഹലോ.. ആരാണ്..???

"ഇക്കാ എന്നെ നിങ്ങള് അറിയണുണ്ടാവില്ല. ഞാന്‍ ബഷീര്‍. സൌദീന്നാ.. രഘുവിന്‍റെ ചങ്ങാതിയാ..... .......ഇരുവരും അഞ്ച് മിനിറ്റ് സംഭാഷം ചെയ്തുകാണും. ഫോണ്‍ താഴേയ്ക്ക് വയ്ക്കുമ്പോള്‍ സലിം തളര്‍ന്നു അരുകിലെ കസേരയിലേയ്ക്കിരുന്നു. അവിടിരുന്നുകൊണ്ട് അയാള്‍ ഉറക്കെവിളിച്ചു..

"നബീസു... ഞമ്മക്ക് ഒത്തിരി വെള്ളം താടീ..."

നബീസു ഉമ്മ പെട്ടെന്ന് തന്നെ വെള്ളവുമായി അയാളുടെ അരുകിലെത്തി. തളര്‍ന്നിരിക്കുന്ന സലീമിന്‍റെ നെഞ്ച് തടവി അവര്‍ ചോദിച്ചു.

"എന്താപ്പാ പറ്റിയെ... ആരാ ഫോണ്‍ വിളിച്ചേ???

"ഒന്നൂല്ലടീ... ഒന്നൂല്ലാ...."
*************
ദേവു മുടങ്ങാതെ അമ്പലത്തില്‍ പൊയ്ക്കൊണ്ടിരുന്നു. ഓരോ ദിവസവും അവള്‍ക്കു പ്രാര്‍ഥിക്കാന്‍ ഒരുപാട് ഉള്ളത് പോലെ. പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചാലും തീരാത്ത പോലെ... അവള്‍ അമ്പലത്തില്‍ നിന്നും മടങ്ങി വരുമ്പോള്‍ സലീം വീട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പതിവില്ലാതെ അയാളെ കണ്ട അവള്‍ ഓടി അരുകില്‍ ചെന്നു. അമറിനെ നിലത്തേയ്ക്ക് നിര്‍ത്തി അവള്‍ ചോദിച്ചു.

"എന്താ സലീംബാപ്പ... ഈ വഴിയ്ക്ക്.. വരൂ.. അകത്തേയ്ക്ക് വരൂ..."

"വേണ്ട മോളെ... ഞാനിവിടെ നിന്നോളാം...."

ദേവു മടിച്ചുമടിച്ചു നിന്നു... "എങ്കില്‍ ഞാന്‍... ഞാന്‍ ബാപ്പയ്ക്ക് ഒരു ചായയെടുക്കട്ടെ..."

"വേണ്ട മോളെ... വേണ്ടാ..... ഞാനൊന്നു സേതുലക്ഷ്മിയെ കണ്ടിട്ട് വരട്ടെ.. "

സലിം ദേവുവിന്റെ കുടുംബവീട്ടിലേയ്ക്ക് നടന്നു. മുറ്റത്ത്‌ നിന്നയാള്‍ നീട്ടി വിളിച്ചു. വിളികേട്ട് ഇറയത്തേയ്ക്ക് വന്ന സേതുലക്ഷ്മിയമ്മ വളരെ സന്തോഷത്തോടെ അദ്ദേഹത്തെ അകത്തേയ്ക്ക് ക്ഷണിച്ചു. അവരുടെ ക്ഷണം സ്വീകരിച്ചു അകത്തേയ്ക്ക് കയറി അയാള്‍ അരഭിത്തിയില്‍ ഇരുന്നു. എങ്ങിനെ തുടങ്ങണം എന്നറിയാതെ അയാള്‍ ഒന്ന് കുഴങ്ങി... അപ്പോഴേയ്ക്കും വിജയമ്മയും രഘുവിന്‍റെ ഏട്ടന്മാരും ഏട്ടത്തിമാരും ഒക്കെ വീടിന്‍റെ മുന്‍വശത്തെ റോഡിലെത്തി. മുറ്റത്ത് വന്നു നിന്ന എല്ലാവരെയും സലിം അകത്തേയ്ക്ക് വിളിച്ചു. എല്ലാവരും അകത്തേയ്ക്ക് കയറി നിന്നു. ഏവരുടെയും മുഖത്ത് എന്താണെന്നറിയാനുള്ള ആകാംഷ പ്രകടമായിരുന്നു. ഒപ്പം ഇവരെല്ലാവരും കൂടി ഇവിടേയ്ക്ക് പെട്ടെന്ന് വന്നതിന്റെ പൊരുള്‍ അറിയാതെ സേതുലക്ഷ്മിയും മകള്‍ രാജേശ്വരിയും അന്തവിട്ടുനിന്നു. ഒടുവില്‍, രഘുവിന്‍റെ ഏട്ടന്‍ രാമു പറഞ്ഞു.

"സലിം ഇക്കാ... ങ്ങളീ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന ഒരാളായോണ്ടാ ങ്ങള് വിളിച്ചപ്പോള്‍ ഞങ്ങളെല്ലാരും കൂടി ഇവിടെ വന്നത്. ഇനി ങ്ങള് പറയാന്‍ പോകുന്നത് അവനെ പറ്റിയാണ് എങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും കേള്‍ക്കണ്ട.. എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള് വരുന്നുണ്ടല്ലോ..??? അത് തീരുമ്പോള്‍ ഞങ്ങള് പോകും.. ഇനി അവനുമായി അത്രേം സഹകരണം മതി ഞങ്ങള്‍ക്ക്...!!!

വിജയമ്മ ഒന്നും മിണ്ടിയില്ല. രാമുവിന്‍റെ വാക്കുകള്‍ക്ക്, എനിക്കും അത് തന്നെയാ പറയാനുള്ളത് എന്ന മട്ടില്‍ രവിയും നിന്നു. ഇവരുടെ വാക്കുകള്‍ കേട്ട സലിം ഒരു നിമിഷം കുനിഞ്ഞിരുന്നു. എന്നിട്ട് മുഖം ഉയര്‍ത്തി എല്ലാവരോടുമായി പറഞ്ഞു.

"മതി... എനിക്കത് മതി. നിങ്ങള് എല്ലാ കാര്യത്തിനും എങ്ങനെ അവനോടു സഹകരിക്കുന്നോ അതുപോലെ മതി ഇനിയും... അതേ വേണ്ടൂ...." എന്നിട്ട് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റിട്ട് പറഞ്ഞു. നിങ്ങള് പെണ്ണുങ്ങള് ഇവിടെ നിക്കീം... നിങ്ങള് രണ്ടുപേരും എന്റെകൂടെ വന്നാട്ടെ. പറഞ്ഞുകൊണ്ട് സലിം പുറത്തേയ്ക്കിറങ്ങി. സ്ത്രീകള്‍ പരസ്പരം കുശുകുശുത്തുകൊണ്ട് ഇറയത്ത്‌ തന്നെ നിന്നു. മുറ്റത്തെ ചുവന്നപൂക്കള്‍ നിറഞ്ഞ മരത്തിനരുകിലേയ്ക്ക് അവരെ കൊണ്ടുപോയി സലിം പറഞ്ഞു.

"നിങ്ങള്‍ക്കവനോട് ഇനി വിരോധം വേണ്ടാ... ഇനി വിരോധം വയ്ക്കണ്ട.. അവനുവേണ്ടി നിങ്ങളാരും ഇനി പിണങ്ങേം വേണ്ട."

എന്തെന്ന ഭാവത്തില്‍ നിന്ന അവരോട് സലിം പറഞ്ഞു.

"ഞാന്‍ നിങ്ങളോട് ഒന്നും മറച്ചുവയ്ക്കണില്ല. എങ്കി നിങ്ങള് കേട്ടോള്ളീം. രഘു പോയി... പടച്ചോന്‍ വിളിച്ചടത്തോട്ടു അവന്‍ പോയി.... അവനു വേണ്ടി തമ്മിലടിച്ച്‌ നിങ്ങളാരും ഇനി നിങ്ങളുടെ അഭിമാനം കളയണ്ട. നിങ്ങളാ... നിങ്ങളോരുത്തരുമാ ആ പാവം ചെക്കനെ കൊന്നെ." പറഞ്ഞു തീരുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ വിറച്ചു. രാമുവും രവിയും സ്തബ്ധരായി നിന്നു. എന്ത് പറയണം എന്നറിയാതെ അവര്‍ കുഴങ്ങി. ഉടന്‍ തന്നെ സലിം പറഞ്ഞു.

"സംഭവിച്ചത് സംഭവിച്ചു. ഇനീപ്പോ നിങ്ങള് നിയന്ത്രണം വിടരുത്. സ്ത്രീകള്‍ ആരും തല്‍ക്കാലം ഇതറിയരുത്. നാളെ പുലരുമ്പോള്‍ രഘുവിനെ കൊണ്ട് വരും... അറിയിക്കേണ്ടവരെ അറിയിക്കണം. എങ്കിലും ഇന്ന് രാത്രിയാകാതെ ഇവിടെ ആരും വരരുതെന്ന് ഓരോരുത്തരോടും പ്രത്യേകം പറയണം.... അത് പ്രത്യേകം ഓര്‍മിപ്പിക്കുകയും വേണം... പെണ്ണുങ്ങള്‍ ഒക്കെ ദേവൂനടുത്ത് പോട്ടെ. നിങ്ങള് പിണക്കം മാറാന്‍ വന്നതാണെന്ന് പാവം ഓള് കരുതിക്കോളും.....

ഒക്കെ കേട്ടിട്ടും രാമുവും രവിയും അവിടെ നിന്നും അനങ്ങിയില്ല. സലീമിനറിയാം അവര് രണ്ടുപേരുടെയും നെഞ്ച് വിങ്ങുകയാണ് എന്ന്... പിന്നെ അയാള്‍ ചിന്തിച്ചു. കുറച്ചു മണിക്കൂര്‍ മാത്രം കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു.. ഒടുവില്‍ രണ്ടുപേരെയും കൂട്ടി സലിം വീടിനകത്തേയ്ക്ക് ചെന്നു. ചെന്നപാടെ രാമു സേതുലക്ഷ്മിയമ്മയുടെ മുറിയില്‍ കയറി. ഒപ്പം രവിയും. സ്ത്രീകള്‍ പരസ്പരം നോക്കി. കുറച്ചു നേരം നിന്നിട്ട് സാവിത്രിയും ശ്രീദേവിയും അവര്‍ക്കരുകിലേയ്ക്ക് ചെന്നു. രവിയോട് ശ്രീദേവി ചോദിച്ചു.

"എന്താ രവിയേട്ടാ... എന്താ സലിം ഇക്കാ നിങ്ങളോട് പറഞ്ഞത്...???

രവി അവളെ നോക്കിയില്ല. വിഷമത്തോടെ ഇരുന്ന അവന്‍റെ മുഖം പിടിച്ച് മെല്ലെ തിരിച്ച് അവള് ചോദിച്ചു..

"എന്തിനാ ഇത്രേം വിഷമിക്കണത്..??? അതിനു വേണ്ടി എന്തുണ്ടായി ഇവിടെ..???

അയാളൊന്നും പറഞ്ഞില്ല. രവി പതിയെ അവളുടെ മാറിലേയ്ക്ക് മുഖമമര്‍ത്തി. അപ്പോഴേയ്ക്കും അയാള്‍ പൊട്ടിക്കരഞ്ഞുപോയി. അതോടെ രാമു അയാള്‍ക്കരുകിലേയ്ക്ക് നീങ്ങി നിന്നു. എന്നിട്ട് ദുഖത്തോടെ പറഞ്ഞു.

"രവിയേട്ടാ... എന്തായിത്..??? സലിം ഇക്കാ പറഞ്ഞത് ഓര്‍മയുണ്ടല്ലോ..??? നമ്മള്... നമ്മള് വേണം ക്ഷമിക്കാന്‍... ശ്രീദേവിയുടെ മാറില്‍ നിന്നും മാറി രവി രാമുവിന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി രവി സങ്കടം ഉള്ളിലൊതുക്കാന്‍ നോക്കി. കഴിയുന്നില്ല. നെഞ്ചം തകര്‍ത്തുകൊണ്ട് അത് പുറത്തുചാടിക്കൊണ്ടിരുന്നു. ശ്രീദേവിയും സാവിത്രിയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോഴേയ്ക്കും രാജേശ്വരിയും വിജയമ്മയും സേതുലക്ഷ്മിയമ്മയും ആ മുറിയിലേയ്ക്ക് കടന്നുവന്നു. എന്താണുണ്ടായത് എന്നറിയാതെ അവര്‍ പരസ്പരം നോക്കി. അപ്പോഴേയ്ക്കും രാമുവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.....

അരുകിലെ കിടക്കയിലും കസേരയിലും ഒക്കെയായി അവര്‍ ഇരുന്നു. രാമുവും രവിയും കരയുന്നത് നിര്‍ത്തി എഴുന്നേറ്റു. എന്നിട്ട് എല്ലാവരോടും ആയി രവി പറഞ്ഞു.

"നമ്മള് പിണങ്ങേണ്ടിയിരുന്നില്ല... അവനോട് പിണങ്ങേണ്ടിയിരുന്നില്ല... വന്നാട്ടെ എല്ലാരും വന്നാട്ടെ നമ്മുക്ക് ദേവൂന്‍റെയടുത്തേയ്ക്ക് പോകാം.. ഇനി പിണങ്ങിയിരിക്കാന്‍ എനിക്ക് കഴിയില്ല... അവളോട്‌ മാപ്പു പറയണം നമ്മുക്ക്... അവളോട്‌ മാപ്പ് പറയണം."

തന്‍റെ വീട്ടിലേയ്ക്ക് പ്രതീക്ഷിക്കാതെയുള്ള ഏവരുടെയും വരവ് ദേവുവില്‍ അത്ഭുതമുണര്‍ത്തി. അവള്‍ എഴുന്നേറ്റ് സന്തോഷത്തോടെ അവരെ സ്വീകരിച്ചു. സേതുലക്ഷ്മിയും രാജേശ്വരിയും ഏറ്റവും ഒടുവിലായാണ് നിന്നത്. ദേവുവിന്റെ കുടിലില്‍ അവരെ അത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലവും ഉണ്ടായിരുന്നില്ല. അവള്‍ക്കു ആകെ ഒരു പിടച്ചില്‍ ആയിരുന്നു. ദേവുവിന്‍റെ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാതെ രാമു തലകുനിച്ചു നിന്നു. അതുകണ്ട ദേവു ചോദിച്ചു.

"എന്താ എല്ലാരുടേം മുഖത്ത് വല്ലാത്ത പ്രയാസം പോലെ. എവിടെ സലിംബാപ്പ...??? ദേവു ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ക്കെല്ലാം ഇടയിലൂടെ പുറത്തേയ്ക്ക് നോക്കി. സലിം അപ്പോള്‍ ദേവദാരുവിന്‍റെ അരുകില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടു പുറത്തേയ്ക്ക് വന്ന് അവള്‍ ചോദിച്ചു.

"എന്താ സലിംബാപ്പ എല്ലാരുടേം മുഖത്ത് ഇത്ര സങ്കടം... എന്താ ആരും ഒന്നും പറയാത്തെ..???" ചോദിച്ചുകൊണ്ട് അവള്‍ അയാള്‍ക്കരുകിലേയ്ക്ക് ചെന്നു.

"ഒന്നൂല്ല മോളെ.. എന്തായാലും രഘു പോയി. ഇനീപ്പോ നിങ്ങള്, പരസ്പരം തുണയാകേണ്ട കുടുംബക്കാര്, ഇങ്ങനെ വിരോധപ്പെട്ട് ഇരുന്നാല്ലോ..??? എല്ലാം രഘൂന്റെ ആഗ്രഹം ആയിരുന്നു മോളെ.. പോണതിനു മുന്‍പ് ബാപ്പയോട് അവന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടായിരുന്നു...." പറഞ്ഞുകൊണ്ട് അയാള്‍ മെല്ലെ മുഖം തിരിച്ചു..

"ഓ... അതാണോ കാര്യം. അപ്പോള്‍ സലിംബാപ്പ ഒത്തുതീര്‍ക്കാന്‍ വന്നതാണോ? എനിക്കാരോടും ഒരു വിരോധോം ഇല്ല സലിംബാപ്പ.. എന്തിനാ പിണങ്ങണെ? അതോണ്ട് എന്ത് നേട്ടാ നമ്മള്‍ക്കുണ്ടാവണെ....???

സലിം അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. എത്ര മനോഹരമാണ് അവളുടെ കണ്പീലികള്‍..!!! എത്ര അഴകുണ്ട് അവളുടെ കവിള്‍ത്തടങ്ങള്‍ക്ക്, അവളുടെ കണ്ണുകള്‍ക്ക്‌...!! സലീമിന്‍റെ നെഞ്ച് വേദനിക്കാന്‍ തുടങ്ങി. അവളെ നോക്കാന്‍ തന്നെ അയാള്‍ക്ക്‌ പ്രയാസം തോന്നി. അതുകൊണ്ട് തന്നെ അയാള്‍ പറഞ്ഞു.

"മോള്.. ചെന്നാട്ടെ. അവരെല്ലാം നിന്നെ കാണാനല്ലേ വന്നത്... നിങ്ങള് തമ്മില്‍ എല്ലാം പറഞ്ഞുതീര്‍ത്താട്ടെ...." അവളുടെ മുഖത്തേയ്ക്കു നോക്കാതെ സലിം പറഞ്ഞിട്ട് ദേവദാരുവിന് അരികത്തേയ്ക്ക് മാറി നിന്നു. ദേവു അകത്തേയ്ക്ക് പോയി. സേതുലക്ഷ്മിയമ്മ അകത്തേയ്ക്ക് കയറിയിരുന്നു. അമര്‍ വിജയമ്മയുടെ മടിയിലിരുന്നു കുസൃതികള്‍ കാട്ടി. ആരോടും മിണ്ടാതെ, പരസ്പരം ഒന്നിനെക്കുറിച്ചും ചര്‍ച്ച ചെയ്യാതെ പകല്‍ മെല്ലെമെല്ലെ മാഞ്ഞു. പടിഞ്ഞാറന്‍ ചക്രവാളം ചുവക്കാന്‍ തുടങ്ങി. സന്ധ്യാമാനത്ത് നരിച്ചീറുകള്‍ അതിവേഗം പാറിപ്പറന്നു. സലിം പറഞ്ഞത് പ്രകാരം കുഴിവെട്ടാന്‍ ആളെത്തി. അവര്‍ ദേവദാരുവിന്‍റെയരുകിലായി വന്ന് സ്ഥാനം കണ്ടു. സ്ഥലത്തെ ചില പ്രധാന പൗരന്മാരും അതോടെ അവിടെ എത്തി. അവരുടെ സാന്നിധ്യത്തില്‍, മണ്ണില്‍ ആദ്യത്തെ വെട്ടു വീണു. ശബ്ദം കേട്ട് ദേവു പുറത്തേയ്ക്ക് വന്നു. കൂടി നിന്ന അവരുടെ അടുക്കലേയ്ക്ക് അവള്‍ വന്നു.

"എന്തായിത്.... എന്തിനാ ഇവിടെ വെട്ടുന്നെ...??? " ദേവുവിന്‍റെ കണ്ണുകള്‍ കുറുകി. സലിം അവളുടെ മുഖത്തേയ്ക്കു നോക്കി. ആരും ഒന്നും മിണ്ടിയില്ല. ദേവു വീണ്ടും ചോദിച്ചു. "എന്തുണ്ടായി ഇവിടെ.. എന്തിനാ ഈ സന്ധ്യാസമയത്ത് ഇവിടെ കുഴിക്കുന്നെ..?? ഇങ്ങനെ മണ്ണില് വെട്ടാന്‍ പാടില്ല ബാപ്പാ... അതും ഈ സന്ധ്യാനേരത്ത്..!!! ബാപ്പയ്ക്കറിയോ വിളക്ക് വയ്ക്കണ സമയം ഇങ്ങനെയൊക്കെ ചെയ്യുന്നത് മരണവീട്ടിലാ.... വേണ്ട ഇവിടെ ഇപ്പോള്‍ വെട്ടണ്ടാ...!! ദേവു മുന്നോട്ടു ചെന്ന് വെട്ടുന്നവന്‍റെ തൂമ്പയില്‍ പിടിച്ചു. അതോടെ സലിം അവളെ കടന്നുപിടിച്ചു.

"വേണം... മോളെ ഇതിവിടെ വേണം..." അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

"ങേ..!! " ദേവു തിരിഞ്ഞു സലീമിനെ നോക്കി... എന്നിട്ട് പറഞ്ഞു "അതിന്... അതിനിപ്പോ ആരാ ഇവിടെ മരിച്ചേ...സലിംബാപ്പാ..???

ദേവുവിന്റെ സ്വരം ഉയര്‍ന്നപ്പോള്‍ അകത്തു നിന്നും രാമുവും രവിയും പുറത്തേയ്ക്ക് ഓടിവന്നു. അവര്‍ ദേവൂനെപ്പിടിച്ചു. അവള്‍ അവരുടെ പിടിയില്‍നിന്നും കുതറിമാറി. അപ്പോഴേയ്ക്കും ദേവുവിന്‍റെ കണ്ണുകളില്‍ ഭയം നിഴലിച്ചുതുടങ്ങി..

ചെറുകൂട്ടം കൂടി നിന്നവര്‍ എല്ലാം നിശബ്ദം നിന്നു. ദേവു പെട്ടെന്ന് തിരിഞ്ഞു. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു. ആരാ ഇപ്പോള്‍...ഇവിടെ..??? അവള്‍ ചുറ്റും കണ്ണോടിച്ചു. വിജയമ്മ... സേതുലക്ഷ്മിയമ്മ.... രാജേശ്വരി, ഏട്ടത്തിമാര്‍... ഏട്ടന്‍മാര്‍... പിന്നെ, പിന്നെ ആരാ...??? തിരിഞ്ഞ് സലീമിനോട് ചോദിച്ചുകൊണ്ട് അവള്‍ ഒരു നിമിഷം പകച്ചുനിന്നു... പിന്നെ ഏട്ടന്മാരുടെ മുഖത്തേയ്ക്കു നോക്കി. രാമുവും രവിയും ഒന്നും പറഞ്ഞില്ല... സമനില തെറ്റിയവളെപ്പോലെ അവള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌ ഓരോരുത്തരോടും പറഞ്ഞു.

"ആരെങ്കിലും ഒന്ന് പറയ്‌.... എന്താ ഉണ്ടായേന്ന്‍ ആരെങ്കിലും ഒന്ന് പറയ്‌..." കരഞ്ഞുകൊണ്ട്‌ അവള്‍ നിലത്തേയ്ക്കിരുന്നു. സ്ത്രീകള്‍ അവളുടെ അടുത്തേയ്ക്ക് ഓടിവന്നു. അവരും എന്തെന്നറിയാതെ പരിഭ്രാന്തരായി. എന്നിട്ടും, അവളെ വല്ലവിധേനയും അവര്‍ പിടിച്ചുയര്‍ത്തി. അതോടെ, സലിം അവളുടെ നേരെ പതിയെ നടന്നടുത്തു. പിന്നെ മടിച്ചു മടിച്ചു പറഞ്ഞു...

"മോളെ... നിന്നോടിനി പറയാതിരുന്നിട്ട് കാര്യമില്ല.... നമ്മുടെ രഘൂ... "

അയാളെ പറയാന്‍ മുഴുവിപ്പിക്കാതെ, പിടിച്ചിരുന്നവരുടെ കൈതട്ടി അവള്‍ സലീമിന്‍റെ ഉടുപ്പില്‍ പിടിച്ചു വലിച്ചു.... ഭീതി പൂണ്ട്, നിറഞ്ഞകണ്ണുകളോടെ ഭ്രാന്തിയെപ്പോലെ അവള്‍ പുലമ്പി...

"എന്താ സലിംബാപ്പാ... എന്താ ങ്ങള് പറഞ്ഞത്...???

അവളുടെ പിടിയില്‍ സലിം ഒന്ന് പതറിയെങ്കിലും സംയമനം വിടാതെ കുലുങ്ങിക്കൊണ്ട് നിന്ന് അയാള്‍ പറഞ്ഞു... "പോയീ മോളെ... നമ്മളെ എല്ലാരേം വിട്ടു രഘു പോയീ...."

ഇത് കേട്ടയുടനെ ഒരു തളര്‍ച്ച ദേവുവിന്‍റെ പാദങ്ങളിലൂടെ ക്ഷണനേരം കൊണ്ട് പാഞ്ഞുകയറി. തലയ്ക്കകത്ത് ചുറ്റിത്തിരിഞ്ഞത് അവളെ അത് ചുഴറ്റിയടിച്ചു. നിലത്തേയ്ക്ക് വീണ ദേവു മയക്കത്തില്‍ നിന്നെന്നപോലെ ഒന്നുയര്‍ന്നുപൊങ്ങി. പിന്നെ, കര്‍ണം പൊട്ടുമാറുച്ചത്തില്‍ അവള്‍ നിലവിളിച്ചു....

"ന്‍റെ രഘുവേട്ടാ.....!!!!!! ഞാന്‍ വിശ്വസ്സിക്കൂല്ല.... ഞാന്‍ വിശ്വസ്സിക്കൂല്ല..." പിന്നെ തേങ്ങിക്കൊണ്ട്‌ വീണ്ടും അവള്‍ തളര്‍ന്നു വീണു... സ്തബ്ധരായി നിന്ന വിജയമ്മയും സേതുലക്ഷ്മിയും ഏട്ടത്തിമാരും രാജേശ്വരിയും കരഞ്ഞുകൊണ്ട്‌ അവളുടെ നേരെ പാഞ്ഞടുത്തു. പെട്ടെന്നുള്ള കൂട്ടക്കരച്ചില്‍ കേട്ട് അയല്‍വക്കത്തെ ജനാലകളിലും വാതില്‍പ്പടികളിലും ആകാംഷയോടെ ചില മുഖങ്ങള്‍ അവിടെയ്ക്ക് എത്തിനോക്കി. ഒന്നറച്ചുനിന്ന അവരുടെ പാദങ്ങള്‍ ദേവുവിന്‍റെ കുഞ്ഞുവീടിന്റെ മുറ്റത്തേയ്ക്ക് പാഞ്ഞടുത്തു. കുടിലിനുള്ളില്‍ ഒറ്റയ്ക്കായ അമര്‍ ഭയന്ന് അലറിക്കരഞ്ഞു. കുഞ്ഞിന്‍റെ കരച്ചിലില്‍ ഞെട്ടിയുണര്‍ന്ന ദേവു ചാടിയെഴുന്നേറ്റു. ചുറ്റും പകച്ചു നോക്കിയ അവള്‍ ആരും നിനച്ചിരിക്കാത്ത വേഗത്തില്‍ കുടിനിലുള്ളിലേയ്ക്ക് പാഞ്ഞുകയറി. പിന്നാലെ ഓടി മറ്റുള്ളവര്‍ അരുകിലെത്തും മുന്നേ മുറിയുടെ മൂലയിലായി ഇരുന്ന മണ്ണെണ്ണനിറച്ച കന്നാസ് അവള്‍ കൈയിലെടുത്തു. രാമുവും രവിയും അത് അവള്‍ മേലേയ്ക്കൊഴിയ്ക്കാന്‍ സമ്മതിക്കാതെ പിടിച്ചുവാങ്ങി.... അതോടെ, അവരുടെ കൈകള്‍ക്കിടയിലൂടെ ദേവു മുറിയുടെ മൂലയില്‍ തളര്‍ന്നുവീണു.... നിലത്തിരുന്ന അമര്‍, ഒന്നുമറിയാതെ, ഏവരുടെയും മുഖത്തേയ്ക്ക് മാറിമാറി നോക്കി വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു...

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....23

ഉറക്കത്തിലേയ്ക്ക് വഴുതിവീഴുമ്പോള്‍ അവള്‍ കണ്ട കിനാക്കളില്‍ വര്‍ണ്ണത്തുമ്പികള്‍ ചുറ്റും പറന്നിരുന്നു. നേരം പുലരുന്നതും, സന്ധ്യാമ്പരവും അവള്‍ വ്യക്തമായിക്കണ്ടു. വിറങ്ങലിച്ച മേഘത്തുണ്ടുകളില്‍ മഴവില്ലുകള്‍ മായാവലയം തീര്‍ത്തത് അവള്‍ക്ക് പുത്തന്‍ അനുഭവം പോലെ തോന്നി...... മഴപെയ്തു. മഴക്കാറുകള്‍ പിന്നെയും കൂട്കൂട്ടി. അനിര്‍വചനീയമായ അനുഭൂതിയില്‍, സ്വപ്നത്തിന്‍റെ സുഖത്തില്‍ അവള്‍ കിടക്കയില്‍ ചുരുണ്ടുകൂടി.....
*************
ആശുപത്രിയിലെ കണ്ണാടിക്കൂട്ടില്‍ നിന്നും രഘുവിനെ എടുത്തുമാറ്റി. ബഷീറിന് ഒരു കാര്യം നിര്‍ബന്ധമായിരുന്നു. സൗദിഅറേബ്യയുടെ തണുപ്പ്പുതച്ചുറങ്ങുന്ന മോര്‍ച്ചറി മുറിയില്‍ കിടന്ന് രഘു വിറങ്ങലിക്കാന്‍ പാടില്ല. അവന്‍റെ മുഖം തണുത്ത് കരുവാളിക്കാന്‍ പാടില്ല. എത്രയും പെട്ടെന്ന് രേഖകള്‍ ശരിയാക്കണം. അവനെ കൊണ്ടുപോകണം. അവന്‍റെ ദേവൂന്‍റെ അരുകിലേയ്ക്ക്......

ദേവൂനെ ഓര്‍ത്തപ്പോള്‍ ബഷീറിന് നെഞ്ചം തളരുന്നത് പോലെ തോന്നി. എങ്ങിനെ അവളിത് താങ്ങും. എങ്ങിനെ എനിക്കവളെ അഭിമുഖീകരിക്കുവാന്‍ കഴിയും. പിന്നെയവന്‍ സ്വയം സമാധാനിച്ചു. "വേണം.. എല്ലാം സഹിക്കുക തന്നെ വേണം. നീതി നടപ്പാക്കിയ ദൈവം ഇതൊന്നും ചിന്തിക്കുന്നുണ്ടാവില്ല... ചിന്തിക്കാന്‍ പാടില്ല. നടന്നതിനെ ഓര്‍ത്തിനി പരിതപിച്ചിട്ട്‌ കാര്യവും ഇല്ല. കര്‍ത്തവ്യങ്ങള്‍ നിറവേറ്റുക. രഘുവിനെ ദേവുവിനടുത്ത് എത്തിക്കുക. അതെന്‍റെ കര്‍ത്തവ്യം ആണ്.

ഉറച്ച മനസ്സോടെ ബഷീര്‍ ഡോക്ടറുടെ മുറിയില്‍ കയറി. ബഷീറിനോട്‌ അദ്ദേഹം ഇരിക്കാന്‍ പറഞ്ഞു.

"ബഷീറേ... കാര്യങ്ങള്‍ അറിയാല്ലോ??? ഇവിടുത്തെ കാര്യം.. ഇനീപ്പോ എല്ലാ പേപ്പര്‍സും ശരിയാക്കി ഇവിടുന്ന് ഇത് കൊണ്ടുപോകുമ്പോള്‍ കുറഞ്ഞത് ഒരു മാസം പിടിക്കും. അതും ഇങ്ങനെ അവസാനിച്ചതിനാല്‍...!!! അല്ലെങ്കില്‍ ഞാന്‍ പറയാതെ തന്നെ അറിയാല്ലോ... എന്നാലും ഇതെന്‍റെകൂടി കടമയെന്ന് ഞാന്‍ കരുതുന്നു. എത്രയും വേഗം രഘൂനെ ഇവിടുന്ന് കൊണ്ടുപോകാന്‍ എന്നാലാവത് ഞാന്‍ ചെയ്യാം... ബഷീര്‍ ഡോക്ടര്‍ക്ക്‌ നേരെ കൈകൂപ്പി.

രഘുവിന്‍റെ വേര്‍പാട് കമ്പനിയില്‍ അവന്‍റെ സുഹൃത്തുക്കള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പുലര്‍ച്ചെ, ഓരോരുത്തരും വന്ന് വണ്ടിയില്‍ കയറുമ്പോള്‍ എല്ലാര്‍ക്കും പറയാന്‍ ഒരേയൊരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പലര്‍ക്കും അരുകില്‍ അവന്‍ ചിരിച്ചുകൊണ്ടിരിക്കുന്ന പ്രതീതി. വല്ലാത്തൊരു സമ്മര്‍ദം തന്നെ. ബഷീര്‍ ജോലിയ്ക്ക് പോയില്ല. കഫീലിന് അവന്‍റെ സങ്കടം മനസ്സിലായി എന്ന് തോന്നുന്നു... അവനോട് അയാള്‍ ഒന്നും പറഞ്ഞില്ല..
***********
ദിവസങ്ങള്‍ കടന്നുപോയി. ദേവു രഘുവിന്‍റെ മറുപടിക്കത്തിനായി കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ഒടുവില്‍ കുടുംബവീടിന്‍റെ മുറ്റത്ത് പോസ്റ്റ്‌മാനെക്കണ്ട അവള്‍ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. ദേവുവിനെക്കണ്ട അയാള്‍ ഇല്ല എന്ന് കൈകാട്ടി പറഞ്ഞു. എങ്കിലും അവള്‍ അയാളുടെ അരുകിലായി ചെന്ന് നിന്നു കിതച്ചുകൊണ്ട് സ്വന്തം കൂര ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു.

"അതാണെ... ന്‍റെ വീട്. ഇനി രഘുവേട്ടന്‍റെ കത്ത് വന്നാല്‍ അങ്ങട് തരണേ..." അയാള്‍ തലകുലുക്കിക്കൊണ്ട് തിരിഞ്ഞുപോയി.... ദേവു വീട്ടിലേയ്ക്കും.
************
രഘുവിന്‍റെ മരണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ വ്യാഴാഴ്ച. ജോലി കഴിഞ്ഞ് വന്നവര്‍ മുറിയില്‍ പോലും പോകാതെ ക്യാമ്പ്‌ബോസിന്‍റെ ക്യാബിനില്‍ തിക്കിത്തിരക്കി. ബഷീര്‍ വണ്ടി ഒതുക്കിയിട്ട് അവിടെ വന്നു നിന്നു. അവന്‍ ചിന്തിച്ചു... "ഈ തിരക്കൊന്നു തീരട്ടെ. എന്നിട്ടാകാം.." അപ്പോഴേയ്ക്കും ക്യാമ്പ്‌ബോസ് ഒരു കത്തുമായി അവനരുകില്‍ വന്നു. അയാള്‍ സങ്കടത്തോടെ അവനു നേരെ ഒരു കത്ത് വച്ച് നീട്ടി. ബഷീര്‍ കൈനീട്ടി ആ കത്ത് വാങ്ങി. രഘുവിനുള്ള കത്തായിരുന്നു. ആദ്യമായി ദേവു അവനയച്ച കത്ത്. ബഷീറിന്‍റെ നെഞ്ചിലെ സങ്കടത്തിന് ആക്കം കൂട്ടിക്കൊണ്ട് അത് കൈയിലിരുന്നു വിറച്ചു. അവന്‍ അതുമായി മുറിയിലേയ്ക്ക് നടന്നു. കൈകാലുകള്‍ കഴുകി വൃത്തിയായി മുറിയില്‍ കയറി ആ കത്തിലേയ്ക്ക് നോക്കിക്കിടന്നു. അതിലെഴുതിയിരിക്കുന്ന രഘുവിന്‍റെ പേരിന് ജീവനുള്ളത് പോലെ. അവന്‍റെയുള്ളില്‍ വല്ലാതെ ഭയം തോന്നി. അരുകില്‍ കിടന്ന രഘുവിന്‍റെ കിടക്ക അവന് ആദ്യമായ് മനസ്സില്‍ ഒരു ഞടുക്കം സമ്മാനിച്ചു. അരുകിലെ ചുവരില്‍ എയര്‍കണ്ടിഷന്‍റെ ചെറുകാറ്റില്‍ ചലിച്ചുകൊണ്ടിരുന്ന രഘുവിന്‍റെ വസ്ത്രങ്ങള്‍ അവന്‍റെ ഭീതി ഇരട്ടിയാക്കി. കുറച്ചു ദിവസങ്ങളേ കൂടെയുണ്ടായിരുന്നുള്ളൂ എങ്കിലും ബഷീറിന് അവന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഇതെല്ലാം വല്ലാതെ സങ്കടപ്പെടുത്തി. അതോടെ ക്യാമ്പ്‌ബോസിന്‍റെയും കൂട്ടുകാരുടെയും സഹായത്തോടെ ബഷീര്‍ രഘുവിന്‍റെത് എന്നതെല്ലാം ക്യാമ്പ്‌ സ്റ്റോറിലേയ്ക്ക് മാറ്റിവയ്പ്പിച്ചു. ഇടയ്ക്ക് ആശുപത്രിയില്‍ പോയി അവന്‍ തിരക്കി. അടുത്ത ആഴ്ചയോടെ രഘുവിന്‍റെ ശരീരം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയും എന്ന് ഡോക്ടര്‍ അവനു ഉറപ്പു നല്‍കി.

അന്നും പതിവ് പോലെ ജോലികഴിഞ്ഞ് വന്ന് കുളിച്ച് മുറിയിലേയ്ക്ക് കയറുമ്പോള്‍ ദേവുവിന്‍റെ കത്ത് അവന്‍റെ മേശമേല്‍ കിടക്കുന്നുണ്ടായിരുന്നു. ബഷീറിന്‍റെ ഉള്‍മനസ്സ് ചിന്തിച്ചു. ഇനി ഇത് വായിക്കാന്‍ രഘു ഉണ്ടാകില്ല. ദേവു എന്തെങ്കിലും ഇവിടെനിന്ന് അവനോട് ആവശ്യപ്പെട്ടിരിക്കുമോ?? ഒരു കൂട്ടുകാരന്‍ എന്ന നിലയില്‍ അതെങ്കിലും സാധിക്കാന്‍ കഴിഞ്ഞാല്‍ എന്‍റെ സങ്കടം തീരുമോ??? ബഷീര്‍ ഒരുപാട് ചിന്തിച്ചു. അവനറിയാം ചെയ്യുന്നത് തെറ്റാണെന്ന്. എന്നിട്ടും ഒടുവില്‍ അവനാ കത്ത് പൊട്ടിച്ചു. മടക്കി വച്ചിരുന്ന അതിലെ പേപ്പര്‍ നിവര്‍ത്തുമ്പോള്‍ അവന്‍റെ കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ബഷീറിന്‍റെ കണ്ണുകള്‍ നിറഞ്ഞു. തുളുമ്പി വന്ന നീര്‍ത്തുള്ളി കൈവിരലുകള്‍കൊണ്ട് തുടച്ചുകൊണ്ട് അവനാ കത്ത് വായിച്ചു.

"എന്‍റെ രഘുവേട്ടാ,... എങ്ങിനെ എഴുതണം എന്നെനിക്കറിയില്ല. എന്നാലും എന്തെഴുതിയാലും ന്‍റെ രഘുവേട്ടന്‍ എന്നോട് പിണങ്ങില്ല എന്നെനിക്കറിയാം. കത്തയക്കാന്‍ ഞാന്‍ താമസിച്ചതില്‍ പരിഭവിച്ചിരിക്കുകയാണല്ലേ..??? അതെന്താണ് എന്നറിയണ്ടേ...??? ഏട്ടന്‍റെ കത്തുകള്‍ വന്നിരുന്നു... എന്‍റെ കൈവശം അത് കിട്ടിയിരുന്നില്ല... ഒടുവില്‍.... ............... ഞാനവിടുന്നു അത് വാങ്ങി വീട്ടില്‍ വന്നു. വായന നിര്‍ത്തി ബഷീര്‍ ചിന്തിച്ചിരുന്നു. അവനൊരു കാര്യം മനസ്സിലായി. രഘു പറഞ്ഞത് എത്ര സത്യമാണ്. ദേവൂനു ആരും ഇല്ല. ഹോ..!! ഇനിയുള്ള അവളുടെ ജീവിതം. ചിന്തിച്ചപ്പോള്‍ തന്നെ ആ മുറിയാകെ കീഴ്മേല്‍ മറിയുന്നത് പോലെ തോന്നി ബഷീറിന്. അവന്‍ എഴുന്നേറ്റ് കണ്ണുകള്‍ പൂട്ടി കുറേനേരം ഇരുന്നു. ഒടുവില്‍ ബാക്കിയുള്ളത് വായിക്കാന്‍ തുടങ്ങി.

"അതൊക്കെ പോട്ടെ രഘുവേട്ടാ... എട്ടന് സുഖമല്ലേ? ഈ കത്ത് കിട്ടുമ്പോള്‍ ന്‍റെ രഘുവേട്ടന്‍ എന്ത് ചെയ്യുകയാവും. ഈ ദേവൂട്ടിയെ ഓര്‍ക്കുന്നുണ്ടാവും അല്ലെ??? എനിക്കറിയാം.........എന്നെ ഓര്‍ക്കാന്‍ ഈ കത്ത് രഘുവേട്ടന് ആവശ്യമില്ലെന്ന് എനിക്കറിയാം. എന്നാലും വെറുതെ എഴുതിയെന്നേ ഉള്ളൂ... പിന്നെ നമ്മുടെ മോന്‍ ഇരുന്നു രഘുവേട്ടാ... താമസിയാതെ അവന്‍ നടക്കാന്‍ തുടങ്ങും... ഇനി രഘുവേട്ടന്‍ വരുമ്പോള്‍ മോന് എന്താ കൊണ്ടുവരുക...??? ഒന്നും വേണ്ട രഘുവേട്ടാ.. ആപത്തൊന്നും ഇല്ലാണ്ട് എന്‍റെ ഏട്ടന്‍ തിരിച്ചു വന്നാല്‍ മതി. ദേവൂനറിയാം എന്‍റെ രഘുവേട്ടന് ഒരാപത്തും വരില്ലാന്ന്. എപ്പോഴും സൂക്ഷിക്കണം ട്ടോ.. ജോലി ചെയ്യുമ്പോഴൊന്നും എന്നെ ഓര്‍ക്കരുത്.. ശ്രദ്ധ പോകും... ദേവു കാത്തിരിക്കും. എന്‍റെ രഘുവേട്ടനെ മാത്രം ഓര്‍ത്ത് ദേവു കാത്തിരിക്കും.

രഘുവേട്ടനെ പിരിഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ രഘുവേട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് മനസ്സിലാക്കിയത്... പിന്നെ ഞാനില്ല എന്ന് കരുതി ആഹാരം കഴിക്കാതിരിക്കരുത്. ഓരോ ദിവസവും ഞാനെണ്ണി വയ്ക്കും. അതിലോരോ ഉരുളയും ഞാന്‍ കണക്കുകൂട്ടും.. അതെല്ലാം, അതെല്ലാം ഇവിടെ വന്നു ദേവൂനു വാരിത്തരണം... ഞാന്‍ കാത്തിരിക്കും... എനിക്ക് കഴിയണില്ല രഘുവേട്ടാ ഇനി എഴുതാന്‍. എന്‍റെ കണ്ണെല്ലാം നിറയുന്നു... ഇനി എഴുതുന്നതെല്ലാം നിറകണ്ണുകള്‍ കൊണ്ടാണ് രഘുവേട്ടാ... നമ്മുടെ മോള്‍ നന്നായിരിക്കുന്നു. ഞാനവളെ നന്നായി നോക്കുന്നുണ്ട് രഘുവേട്ടാ... ഒന്നും ഓര്‍ത്തു വിഷമിക്കരുത്.. എല്ലാം ശെരിയാവും. നമ്മുടെ ദുഃഖങ്ങള്‍ എല്ലാം തീരും.. മുറതെറ്റാതെ ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്. രഘുവേട്ടന് വേണ്ടി ഞാന്‍ മൃത്യുജ്ഞയഹോമം നടത്തുന്നുണ്ട്. അതിന്‍റെ ഫലം കിട്ടാതിരിക്കില്ല.... ശരീരം സൂക്ഷിക്കണേ.... ഞാന്‍ എഴുതി നിര്‍ത്തുകയാണ് രഘുവേട്ടാ... മറക്കാതെ, ഒട്ടും താമസിക്കാതെ എനിക്ക് മറുപടി തരണേ... പിന്നെ സലിം ബാപ്പയുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ വയ്ക്കുന്നു... സലിം ബാപ്പയും നബീസുഉമ്മയും അന്വേഷണം പറഞ്ഞിട്ടുണ്ട്... ഒരു മാസത്തില്‍ ഒരു ദിവസം എങ്കിലും വിളിക്കണേ രഘുവേട്ടാ... കഴിയുമെങ്കില്‍!!!!! നിര്‍ത്തട്ടെ. പ്രാര്‍ഥനയോടെ രഘുവേട്ടന്‍റെ സ്വന്തം ദേവു.

അവസാനത്തെ വരിയും വായിച്ചു ബഷീര്‍ ചിന്താമഗ്നനായി ഇരുന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പിയിരുന്നു. ദേവുവിനെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും എന്ന് അവനു ചിന്തിക്കാനേ കഴിഞ്ഞില്ല. ബഷീറിന് തലയെല്ലാം പെരുക്കുന്നത് പോലെ തോന്നി. മുടിയിഴകളിലൂടെ കൈകളോടിച്ചുകൊണ്ട് അവന്‍റെ കിടക്കയിലേയ്ക്ക് ചാഞ്ഞു... ആ രാത്രി മുഴുവന്‍ കത്തിലെ വാക്കുകള്‍ അവന്‍റെ മുന്നില്‍ നിറഞ്ഞു നിന്നു.. എന്ത് ചെയ്യണം.. എങ്ങിനെ ചെയ്യണം... അവനാകെ പരിഭ്രമമായി... ഒടുവില്‍ പുലരിയില്‍ എപ്പോഴോ അവനൊന്ന് മയങ്ങി...

മയക്കത്തില്‍ അവന്‍റെ മനസ്സ് നിറയെ നിറഞ്ഞു നിന്നത് ദേവുവായിരുന്നു.. ഓര്‍ത്തത്‌ മുഴുവന്‍ അവളുടെ കാത്തിരിപ്പായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

ദേവദാരുവിന്നരികത്ത്‌.....19

രഘു ചിന്താമഗ്നനായി ഇരുന്നു. കുറച്ചു നേരം കഴിഞ്ഞ് ഓഫീസ്ബോയി തിരികെ എത്തി. അറബിയ്ക്ക് സുലൈമാനിയും ഗാവയും ഒക്കെ ഉണ്ടാക്കിക്കൊണ്ട് അവന്‍ തിരികെ ഓഫീസിന് അകത്തേയ്ക്ക് തന്നെ പോയി. രഘുവിന്‍റെ മനസ്സിന് കുറച്ചു ധൈര്യം സ്വയം ചിന്തകൊണ്ട് അപ്പോഴേയ്ക്കും ആര്‍ജ്ജിച്ചിരുന്നു. ഓഫീസ്ബോയ്‌ തിരികെ വന്നു രഘുവിനരുകില്‍ നിന്നു. എന്നിട്ട് പറഞ്ഞു...

"ങ്ങള് ഇതൊന്നും കാര്യമാക്കണ്ട.. അയാള് വല്ലപ്പോഴുമേ ഓഫീസില്‍ വരൂ... അല്ലെങ്കില്‍ തന്നെ ഇനി ഇവിടെ മൂപ്പര് വരുമ്പോള്‍ നിങ്ങള്‍ ഉണ്ടാവില്ലല്ലോ...? ഒന്നും ഇപ്പോള്‍ ചിന്തിക്കണ്ട.. ഇത് ഇന്ത്യയല്ല... അറബ് നാടാ... ഇവിടെ ഇവന്മാര് പറയുന്നത് തന്നാ നിയമം...!!!! അവന്‍ തുടര്‍ന്നു. ചിലപ്പോള്‍ ചിന്തിക്കും ഇത് തന്നാ നല്ലതെന്ന്. ചിലപ്പോള്‍ ചിന്തിക്കും എന്തിനിങ്ങനെ വല്ലവന്റേം ആട്ടു കേള്‍ക്കുന്നത് എന്ന്...പിന്നെ അമ്മേം പെങ്ങളേം അച്ഛനേം ഒക്കെ ഓര്‍ക്കുമ്പോള്‍...!!!" അവന്‍ പാതിയില്‍ നിര്‍ത്തി.

രഘു അവനെനോക്കി ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരു മണിക്കൂറിനകത്ത് ഓഫീസിലെ എഴുത്തുകുത്തുകള്‍ ഒക്കെ കഴിഞ്ഞു. രഘു അങ്ങിനെ ആ കമ്പനിയുടെ ഭാഗമായി. രഘുവിനെ സൈറ്റില്‍ എത്തിക്കുന്നതിനായി ആരോ ബഷീറിനെ വിളിച്ചുപറഞ്ഞു. കുറച്ചു കഴിയുമ്പോള്‍ ബഷീര്‍ എത്തി. കമ്പനിയുടെ ആവശ്യപ്രകാരം അവനെ സുലൈമാനിയയിലെ സൈറ്റില്‍ എത്തിച്ചു. നാട്ടില്‍ നിന്നു വിപരീതമായി മുഴുവന്‍ ശരീരവും മറയുന്ന (കവറാള്‍) വസ്ത്രവും ഷൂവും, ഗ്ലൌസ്സും കറുത്തഗ്ലാസ്സും ഒക്കെ ധരിച്ചു വന്ന രഘുവിനെ കണ്ടപ്പോള്‍ ബഷീര്‍ ആദ്യം ഒന്ന് ചിരിച്ചു. സൈറ്റിന് മുന്നിലെ കെട്ടിടത്തിന്‍റെ ഗ്ലാസിലേയ്ക്ക് നോക്കി തന്‍റെ രൂപം കണ്ട രഘുവിന് പോലും ചിരി വന്നു. സൈറ്റില്‍ കൊണ്ട് ചെന്ന് ടൈംകീപ്പറുടെ കൈയില്‍ രഘുവിനെ ഏല്‍പ്പിച്ചു ബഷീര്‍ മറ്റെവിടെയോ പോയി. രഘു സൈറ്റ് ഓഫീസില്‍ ചെന്ന് നിന്നു. സൈറ്റ് ഓഫീസിലെ ഓഫീസ്ബോയ്‌ ഒരു നേപ്പാളിയായിരുന്നു. രഘുവിനെ കണ്ട് അവന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി രഘു "അച്ചാ.." എന്ന വാക്ക് മാത്രം പറഞ്ഞു. ഒടുവില്‍ നേപ്പാളി തന്നെ ചിരിച്ചു പോയി. അവന്‍ രഘുവിനോട് ആ കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഒരു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും സൈറ്റിലെ മേല്‍നോട്ടക്കാരന്‍ (സൂപ്പര്‍വൈസര്‍) ഓഫീസില്‍ എത്തി. നേപ്പാളി അയാള്‍ക്ക്‌ കുടിക്കാന്‍ വെള്ളം കൊണ്ട് മേശമേല്‍ വച്ചിട്ട് അയാളോട് എന്തോ പറഞ്ഞു. രണ്ടുപേരും വല്ലാതെ ചിരിച്ചു.. രഘുവിന് തോന്നി അവര്‍ തന്നെക്കുറിച്ചാണ് പറയുന്നതെന്ന്..!!! അവനിങ്ങനെ ചിന്തിച്ചിരിക്കെ അയാള്‍ രഘുവിനെ കൈകാട്ടി വിളിച്ചു. രഘു ഭവ്യതയോടെ കൈയിലിരുന്ന പേപ്പര്‍ അദ്ദേഹത്തിനെ ഏല്‍പ്പിച്ചിട്ട് മുന്നിലായി നിന്നു. അയാള്‍ പേപ്പറിലൂടെ ഒന്ന് കണ്ണോടിച്ചു. എന്നിട്ട് ഗൗരവത്തോടെ രഘുവിനോട് ചോദിച്ചു.

"മലയാളിയാണല്ലേ...??? ഹും... ഒപ്പം ഇരുത്തംവന്ന ഒരു മൂളലും മൂളി.

"അതെ".. രഘു മറുപടി നല്‍കി. ജോലിയുടെ സ്വഭാവവും, സുരക്ഷാമാനദണ്ഡവും ഒക്കെ പറഞ്ഞുകൊടുത്ത അയാള്‍ സൈറ്റ് ഫോര്‍മാനെ വിളിച്ചു രഘുവിനെ ഏല്‍പ്പിച്ചു... രഘു അയാള്‍ക്കൊപ്പം നടന്നുനീങ്ങി. ആദ്യദിനം അധികം കടുത്ത ജോലിയൊന്നും ആരും രഘുവിന് കൊടുത്തില്ല. എങ്കിലും ആത്മാര്‍ത്ഥതയോടെ, പറഞ്ഞ ജോലികള്‍ എല്ലാം അവന്‍ ചെയ്തു തീര്‍ത്തു. കുറച്ചു നേരത്തെ ജോലികൊണ്ട് തന്നെ സൂപ്പര്‍വൈസര്‍ക്കും, ഫോര്‍മാനും ലീഡിനും ഒക്കെ രഘുവിനെ നന്നേ ബോധിച്ചു.

വൈകുന്നേരം ജോലി കഴിഞ്ഞു റൂമില്‍ ചെന്നപ്പോള്‍ കുളിക്കാനും കക്കൂസില്‍ പോകാനും ഒക്കെയുള്ള തിരക്ക് അവനില്‍ വിഷമം ഉണര്‍ത്തി. ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു അനുഭവം... എങ്കിലും വളരെ ബദ്ധപ്പെട്ട് അവന്‍ കുളിച്ചു. കുളി കഴിഞ്ഞ് റൂമില്‍ എത്തി കട്ടിലില്‍ കയറി ഇരുന്നപ്പോള്‍ അവന്‍ ദേവുവിനെ ഓര്‍ത്തു...

ഓര്‍മകള്‍ക്ക് ചൂട് പിടിച്ചപ്പോള്‍ അവന്‍റെ ശിരസ്സ്‌ അവനറിയാതെ തന്നെ അരുകിലെ ചുവരിലേയ്ക്ക് ചാരി. കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന് അവന്‍റെ ചിന്തകളുടെ നോവുണ്ടായിരുന്നു. അവന്‍റെ ഓര്‍മ്മകള്‍ അവനു നല്‍കിയത് നൊമ്പരം മാത്രമായിരുന്നു. രഘുവിന് തോന്നി ദേവു ഒരു മാലാഖയാണ്... അവളായിരുന്നു എല്ലാം.. ഒന്ന് തുമ്മിയാല്‍, തല വേദനിക്കുന്നു എന്ന് പറഞ്ഞാല്‍ അന്തിയോളം അവനരുകില്‍ സങ്കടത്തോടെ ഇരിക്കുന്ന ദേവു... ആഹാരം കഴിച്ച് തീരും വരെ അവന്‍റെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന അവന്‍റെ ദേവു.. സങ്കടം വന്നാല്‍ നെഞ്ചില്‍ ചേര്‍ന്ന് നിന്നു കുലുങ്ങിക്കരയുന്ന ദേവൂ... അവളടുത്തില്ലാതെ 2 ദിനങ്ങള്‍... ഒരു യുഗം പോലെ തോന്നിയവന്... രഘു കണ്ണുകള്‍ പൂട്ടിയിരുന്നു. അപ്പോഴേയ്ക്കും ബഷീര്‍ റൂമിലേയ്ക്ക് എത്തിനോക്കി വിളിച്ചു.

"രഘു... ന്‍റെ ചങ്ങാതി എങ്ങനെയിരുന്നു ജോലിയെല്ലാം..." ചോദിച്ചു കൊണ്ട് പുറത്തെ ഒരു തടി ബോക്സില്‍ ഇരുന്നുകൊണ്ട് അവന്‍ വര്‍ക്കിംഗ്‌ ഷൂ ഊരി ബോക്സില്‍ വച്ചു. കാലുകഴുകി അകത്തേയ്ക്ക് വന്നു രഘുവിനോട് പറഞ്ഞു.

"ഞാനൊന്നു കുളിച്ച് വന്നു നമ്മുക്ക് പുറത്തേയ്ക്ക് പോകാം... ഞാന്‍ ഭക്ഷണം പുറത്തെ കാന്റീനില്‍ നിന്നാണ്. ഇന്നലെ പിന്നെ നീ വരുന്നത് കൊണ്ട് പുറത്തു നിന്നു വാങ്ങിവച്ചതാ.. ഇന്ന് മുതല്‍ നീയും അവിടെ രജിസ്റ്റര്‍ ചെയ്തോള്ളൂ... അതാവുമ്പോ ഒരീസം ഒത്തിരി തളര്‍ന്നു പോയാലും ഒന്നും പേടിക്കണ്ട. പട്ടിണി കിടക്കേണ്ട. ബഷീര്‍ കുളികഴിഞ്ഞ് വന്ന് ഇരുവരും പുറത്തു പോയി ആഹാരം കഴിച്ച് മുറിയിലേയ്ക്ക് വന്നപ്പോള്‍ രഘുവിന് തോന്നി അവന്‍ ശെരിക്കും ഒരു പ്രവാസിയായെന്ന്. പിന്നെ സ്വയം ഒരഭിമാനവും. അവന്‍ ദൈവത്തോടും മനസ്സുകൊണ്ട് ബഷീറിനോടും നന്ദി പറഞ്ഞു. ചിന്തിച്ചുകൊണ്ട്‌ രഘു കട്ടിലിലേയ്ക്കിരുന്നു. ബഷീര്‍ അവന്‍റെ ഷെല്‍ഫില്‍ എന്തോ തിരയുകയും ചെയ്തു. രഘു ചോദിച്ചു

"എന്താടാ... എന്താ നീയിത്ര ഉത്സാഹത്തോടെ തിരയുന്നത്,..?????

രഘുവിന്‍റെ ചോദ്യം കേട്ട് കൈയില്‍ ഒരു ലെറ്റര്‍പാഡ്മായി ബഷീര്‍ അവനരുകിലേയ്ക്ക് വന്നു. കട്ടിലില്‍ രഘുവിനരുകില്‍ ഇരുന്നുകൊണ്ടവന്‍ അത് രഘുവിന്‍റെ മടിയിലേയ്ക്കു വച്ചു. എന്നിട്ട് അവന്‍റെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു.

"നിനക്ക് ഇവിടുത്തെ വിശേഷങ്ങള്‍ ഒക്കെ നിന്‍റെ ദേവൂനോട് പറയണ്ടേ...??? എഴുതണം. നിന്‍റെ മനസ്സിലുള്ളത് മുഴുവന്‍ ഇതില്‍ എഴുതണം. എന്നിട്ട് ദേ ഈ കവറില്‍ ഇട്ട് താ... ഞാന്‍ നാളെ തന്നെ അത് പോസ്റ്റ്‌ ചെയ്തേക്കാം..."

ഒടുവില്‍ ബഷീര്‍ രഘുവിനോട് യാത്ര പറഞ്ഞ് അറബിയുടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍, കൈയിലിരുന്ന ലെറ്റര്‍പാഡ് രഘു തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ പേജില്‍ മങ്ങിയ വര്‍ണങ്ങളോടെ കൊക്കുരുമ്മി ഇരുന്ന രണ്ടു വെള്ളരിപ്രാവിന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അരുകിലെ കുഞ്ഞുമേശ തന്‍റെ അടുത്തേയ്ക്ക് വലിച്ചിട്ട് ലെറ്റര്‍പാഡ് അതിനു മുകളില്‍ വച്ച് അവന്‍ എഴുതാനായി അതിലേയ്ക്ക് കുനിഞ്ഞു. പേനയുടെ പിന്‍ഭാഗം കടിച്ചുകൊണ്ട് രഘു ആലോചിച്ചു. എന്തെഴുതണം...??? എങ്ങിനെ തുടങ്ങണം...എങ്ങിനെ എഴുതണം... ഒടുവില്‍ മനസ്സിലുറപ്പിച്ച ചില വാക്കുകള്‍ അവന്‍ ആ വര്‍ണ്ണപേപ്പറിലേയ്ക്ക് പകര്‍ന്നു... കുറച്ചു വരികള്‍ എഴുതുമ്പോഴെയ്ക്കും രഘുവിന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. കവിളുകളിലൂടെ ഒഴുകിവന്ന നീര്‍ത്തുള്ളികള്‍ അവന്‍റെ നാസികതുമ്പിലായ്‌ വന്നു നിന്നു. ഒടുവില്‍ മെല്ലെ മെല്ലെ അടര്‍ന്നു അത് ആ കടലാസുതാളില്‍ വീണ് തെറിച്ചു. ഉടുമുണ്ടിന്‍റെ അഗ്രം കൊണ്ടവന്‍ അത് മായ്ക്കുമ്പോള്‍ അവളോട്‌ പറഞ്ഞ ചില വാക്കുകള്‍ മഷിയും കണ്ണുനീരും കൂടിക്കലര്‍ന്നു മാഞ്ഞുപോയി... കുനിഞ്ഞിരുന്നു തളര്‍ന്നപ്പോള്‍ അവന്‍ കട്ടിലിലേയ്ക്ക് കിടന്നു. ഒടുവില്‍ ആ ലെറ്റര്‍പാഡ് നെഞ്ചിലമര്‍ത്തി രഘു ഉറക്കം പൂണ്ടു. രാത്രിയില്‍ മുറിയിലേയ്ക്ക് കയറി വന്ന ബഷീര്‍ രഘുവിന്‍റെ നെഞ്ചില്‍ നിന്നും അതെല്ലാം എടുത്തുമാറ്റി അരുകിലെ മേശമേല്‍ വച്ചു... പിന്നെയവന്‍ തന്‍റെ കിടക്കയില്‍ വന്നിരുന്നു. ഒടുവില്‍, ഒരു ദീര്‍ഘ നിശ്വാസത്തോടെ കിടക്കയിലേയ്ക്ക് ചാഞ്ഞു.
******************
രഘു ദേവുവിനെ വിട്ടുപോയിട്ട് ദിവസങ്ങള്‍ ഇരുപതോളം ആയി. അവനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അവള്‍ കാത്തിരിക്കുകയായിരുന്നു. അവള്‍ക്കുമുണ്ട് രഘുവിനോട് പറയാന്‍ ഒരുപാട് കാര്യങ്ങള്‍. അതില്‍ പ്രധാനം രഘുവിന്‍റെ പൊന്നുമകന്‍ അമര്‍ പിടിച്ചിരുന്നു തുടങ്ങി എന്നത് തന്നെ... വീട്ടുജോലികള്‍ തീര്‍ത്ത്, സമയം പതിനൊന്ന് ആകുമ്പോഴേയ്ക്കും അവള്‍ക്കു പിന്നെ കാത്തിരിപ്പാണ് പ്രധാനജോലി. പോസ്റ്റ്‌ഓഫീസ് കുറച്ചേറെ അകലെയായതിനാല്‍ കുഞ്ഞിനേയും കൊണ്ട് അവിടെപോയി അന്വേഷിക്കുക അവള്‍ക്കത്ര എളുപ്പമായിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോയ്ക്കൊണ്ടിരിക്കെ ഒരു ദിവസം പോസ്റ്റ്മാന്‍ ദേവുവിന്‍റെ കുടുംബവീടിന്‍റെ മുറ്റത്തെത്തി. ദേവു കുഞ്ഞിനേയും കൊണ്ട് പെട്ടെന്ന് എഴുന്നേറ്റു. പിന്നെ വേഗത്തില്‍ അയാളുടെ അരുകിലേയ്ക്ക് നടന്നു. അവള്‍ അടുത്തെത്തുന്നതിന് മുന്‍പേ തന്നെ രാജലക്ഷ്മി വന്നു കത്തുവാങ്ങി അകത്തേയ്ക്ക് കയറിപ്പോയി. ദേവു വിഷമത്തോടെ തിരികെ നടന്നു. പിന്നീടവള്‍ക്ക് വല്ലാത്ത വിഷമമായി. മാസം ഒന്ന് കഴിഞ്ഞിട്ടും രഘുവിന്‍റെ കത്ത് ഒന്നുപോലും ദേവുവിനെ തേടി വന്നില്ല. അവള്‍ സ്വയം ശപിക്കാന്‍ തുടങ്ങി. ഒന്നും വേണ്ടിയിരുന്നില്ല.. ഇങ്ങനെ അങ്ങ് ജീവിച്ചാല്‍ മതിയായിരുന്നു... ഈ ഒരു കുഞ്ഞിനെ മാത്രം വളര്‍ത്താന്‍ എന്‍റെ രഘുവേട്ടനെ എങ്ങും വിടേണ്ടിയിരുന്നില്ല. ചിന്തകള്‍ ദേവുവിനെ നന്നേ തളര്‍ത്തി. രഘുവിന്‍റെ വിവരങ്ങള്‍ ഒന്നും തന്നെ അറിയാന്‍ കഴിയാത്തത് ഒരു നൊമ്പരമായി അവളില്‍ അവശേഷിച്ചു.

അവിടെ രഘുവിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവനും ചിന്തിച്ചു. ഇവളെന്തേ മാസം രണ്ടായിട്ടും ഒരു മറുപടി പോലും അയയ്ക്കുന്നില്ല. ഇടയ്ക്കെപ്പോഴോ അവന്‍റെ ചിന്തയും കാട് കയറി. പണം കിട്ടിയപ്പോള്‍ എങ്കിലും അവള്‍ക്കൊരു മറുപടി അയയ്ക്കാമായിരുന്നു. ബഷീര്‍ അവനെ സമാധാനിപ്പിച്ചു. ചിലപ്പോഴൊക്കെ അങ്ങിനെ തന്നെയാടാ.. ഈ കത്തൊക്കെ കിട്ടാന്‍ കുറച്ചു താമസിക്കും... രഘു ബഷീറിന്‍റെ വാക്കുകളില്‍ സ്വയം സമാധാനം കണ്ടെത്തി. ഓരോ വ്യാഴാഴ്ചയും ക്യാമ്പ്‌ ബോസിന്‍റെ ഓഫീസിലെ മേശമെലെ തിക്കിത്തിരക്കുന്ന ജോലിക്കാര്‍ക്കിടയില്‍ അവനും തേടും ദേവുവിന്‍റെ ഒരു കത്ത്. അവനെ തേടി അവളുടെ ഒരു കത്ത് പോലും വന്നിരുന്നില്ല. രഘുവിന് ആകെ വെറുപ്പ്‌ തോന്നി. ജോലിയില്‍ അവന്‍റെ ശ്രദ്ധ കുറഞ്ഞുവന്നു.

ഒരുനാള്‍ ഉച്ചയോടടുത്ത നേരം. വിശ്രമത്തിനായി കഷ്ടി മുപ്പതു മിനിറ്റോളം സമയം ബാക്കി നില്‍ക്കെ... രഘുവിന് ശരീരം ആകെ തളരുന്നത് പോലെ തോന്നി. അവന്‍ ചാരത്തില്‍ നിന്നും ശ്രമപ്പെട്ട്‌ താഴെയിറങ്ങി. അരുകിലിരുന്ന സിമെന്റ് കല്ലിന്‍റെ മുകളില്‍ ചെന്നിരുന്നു. മുന്നിലെല്ലാം രണ്ടു കറുപ്പുഗോളം ചുറ്റുന്നത്‌ പോലെ. അവന്‍റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. അരുകില്‍ സിമന്റ്റ്മായി വന്ന ഒരു നേപ്പാളിയുടെ ട്രൌസറില്‍ പിടിക്കാന്‍ കൈനീട്ടി ശ്രമിച്ചുകൊണ്ട് അവന്‍ കുഴഞ്ഞു താഴെവീണു. രഘു വീഴുന്നത് കണ്ടു നേപ്പാളി ഉച്ചത്തില്‍ ഫോര്‍മാനോട് വിളിച്ചു പറഞ്ഞു.

"ജി... ആയിയേ സാബ്.. ഇതര്‍ ദേഖിയേ.... ഇസ്കോ കുച്ച് മുഷ്ഖില്‍ ഹോഗയാ ലഗ്താ ഹേ.... രഘുവിനെ കൈകൊണ്ടു താങ്ങി അവന്‍ വീണ്ടും വിളിച്ചു.. ആയിയേനാ സാബ് ഇസ്ക ഖോഷ് ഭി ചലാഗയാ..."

വിളികേട്ട ഭാഗത്തേയ്ക്ക് ഫോര്‍മാന്‍ ഓടിവന്നു. കുറച്ചുപേര്‍ ചേര്‍ന്ന് രഘുവിനെ സൈറ്റിലെ ഓഫീസ് റൂമിലേയ്ക്ക് കൊണ്ട് കിടത്തി. സൈറ്റ് സുരക്ഷാ ഓഫീസര്‍ മാര്‍ അവനരുകിലേയ്ക്ക് ഓടിയെത്തി. കൂട്ടമായി നിന്നവരോട് അകന്നു നില്‍ക്കാന്‍ പറഞ്ഞിട്ട് അവന്‍ വലത്തേയ്ക്ക് ചരിഞ്ഞുകിടന്ന രഘുവിന്‍റെ തല മെല്ലെ തിരിച്ചു. അവന്‍റെ വായുടെ വലതു കോണില്‍ മഞ്ഞകലര്‍ന്ന കുറച്ചു പത ഒലിച്ചിറങ്ങിയിരുന്നു... രഘുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി സുലൈമാനിയയിലെ കിംഗ്‌ സൌദ്‌ ആശുപത്രിയിലേയ്ക്ക് കൊണ്ട് ചെന്നു. രഘുവിന്‍റെ അസുഖം അറിഞ്ഞ് എല്ലാ ജോലിത്തിരക്കുകളും മാറ്റിവച്ച് ബഷീര്‍ ആശുപത്രിയില്‍ എത്തി. രഘു അപ്പോഴും പ്രത്യേക പരിചരണ വിഭാഗതിനുള്ളില്‍ ആയിരുന്നു. അവിടേയ്ക്കും ആര്‍ക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ആയതിനാല്‍ വരാന്തയില്‍ മണിക്കൂറുകള്‍ അവന്‍ സങ്കടത്തോടെ കാത്തിരുന്നു......
**********************
പതിവില്ലാതെ മഴപെയ്തു. കഴുകിയിട്ടിരുന്ന തുണികള്‍ ഓടിനടന്ന് പെറുക്കുമ്പോഴേയ്ക്കും പെയ്ത മഴയെല്ലാം ദേവു നനഞ്ഞു. പുറത്ത് ഓടുമ്പോഴും അവളുടെ ശ്രദ്ധ വീടിനകത്തെ അമറിലായിരുന്നു. ഇരുന്ന ഇടത്ത് നിന്നും എപ്പോഴാണ് അവന്‍ പിടിച്ചെഴുന്നെല്‍ക്കുക എന്ന് പറയുക അസാധ്യം. അവള്‍ അകത്തേയ്ക്ക് കയറുമ്പോഴെയ്ക്കും മഴ പെയ്തൊഴിഞ്ഞിരുന്നു. ദേവു പിറുപിറുത്തു.

"ഇതെന്തിനാണാവോ ഇപ്പോള്‍ പെയ്തത്...???

ഉണങ്ങിയ തുണികള്‍ കട്ടിലിലേയ്ക്കും മറ്റുള്ളവ വീടിനുള്ളിലെ അയയിലേയ്ക്കും അവള്‍ വിരിച്ചിട്ടു. പിന്നീട് സാരിയുടുത്ത് അമറിനെയും ഒരുക്കി, വാതില്‍ താഴിട്ട് അവള്‍ പോസ്റ്റ്‌ ഓഫീസ് ലക്ഷ്യമാക്കി നടന്നു. സലിംബാപ്പയുടെ കൈയില്‍ നിന്നും വാങ്ങിയ രൂപയുമായി അവള്‍ ബസ്സിലേയ്ക്ക് കയറി. പോസ്റ്റ്‌ ഓഫീസിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ ദേവുവിന്‍റെ മനസ്സ് വിതുമ്പുകയായിരുന്നു. ചെന്ന പാടെ അപരിചിതയെ പോലെ അവള്‍ ചുറ്റും നോക്കി. പുറത്തു നിന്നു കണ്ടിട്ടുള്ളതല്ലാതെ ആദ്യമായാണ്‌ ഇവിടെ വരുന്നത്. പോലീസ്കാരന്‍റെ ഗമയോടെ അടുത്തു നിന്ന പോസ്റ്റ്‌മാനോട് അവള്‍ കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അവളോട്‌ മറുപടി പറയുമ്പോള്‍ ദേവുവിന്‍റെ മുഖം ചുവന്നു തുടുത്തു. അമറിനെയും തോളത്തിട്ട് കൊണ്ട് ഭ്രാന്തമായ വേഗതയില്‍ അവള്‍ പുറത്തേയ്ക്ക് നടന്നു. അപ്പോള്‍ അരുകിലേയ്ക്ക് വന്നു നിന്ന ബസ്സില്‍ കയറി അവള്‍ സേതുലക്ഷ്മിയമ്മയുടെ വീട്ടുപടിക്കല്‍ ഇറങ്ങി വേഗതയില്‍ നടന്നു. ആ വീടിന്‍റെ മുറ്റത്ത്‌ നിന്ന് അവള്‍ ഉറക്കെ വിളിച്ചു.

"അമ്മെ.......!!!!!!!!! ഇവിടെയാരും ഇല്ലേ..???

ദേവുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടു ആദ്യം സേതുലക്ഷ്മിയും അവള്‍ക്കു പിറകിലായി രാജേശ്വരിയും വന്നു നിന്നു. കോപത്തോടെ നിന്ന ദേവുവിനോട് അവര്‍ ചോദിച്ചു.

"ഉം... എന്ത് വേണം... ഈ വീടിന്‍റെ പടിക്കല്‍ വന്നു നീ എന്തിനാ നിന്‍റെ തൊള്ള തുറക്കുന്നത്...."

"രഘുവേട്ടന്‍ എന്‍റെ പേര്‍ക്ക് അയച്ച കത്തുക്കള്‍ ഒക്കെ എവിടെ..??? ചോദിച്ചുകൊണ്ട് അവള്‍ മുറ്റത്ത് നിന്നു ആദ്യത്തെ പടിക്കരുകില്‍ വന്ന് നിന്നു.

"ഹോ... അപ്പോള്‍ അതാണ്‌ കാര്യം..." സേതുലക്ഷ്മിയമ്മ മുകളിലേയ്ക്കും താഴേയ്ക്കും തലയാട്ടിക്കൊണ്ട് പറഞ്ഞു.

"പിന്നെ അതെന്താ കാര്യമല്ലേ..??? ദേവുവും വിട്ടു കൊടുത്തില്ല. ഞാന്‍ പോസ്റ്റ്‌ ഓഫീസില്‍ പോയേച്ചാ വരുന്നതിവിടെ..?? എനിക്ക് വന്ന കത്തുകള്‍ ഒക്കെ ഇവിടെ കൊണ്ട് വന്നു തന്നൂന്നാണല്ലോ അങ്ങേര് പറഞ്ഞത്...???

"ഇതെന്താ നിന്‍റെ രഘൂന്റെ വീടാണോ??? അതോ നീ സമ്പാദിച്ചതാണോ ഇത്.. ഇത്ര അധികാരത്തില്‍ ചോദിക്കാന്‍...!!! എന്നിട്ടവര്‍ തിരിഞ്ഞു രാജേശ്വരിയെ നോക്കി. രാജേശ്വരി അകത്തേയ്ക്ക് പോയി. പെട്ടെന്നവള്‍ കൈയില്‍ കുറെ കത്തുകളുമായി അമ്മയുടെ അരുകില്‍ വന്നു. ഒരു നിമിഷം രൂക്ഷമായി നോക്കിയിട്ട് അവള്‍ ദേവുവിന്‍റെ മുഖത്തേയ്ക്കു അത് വലിച്ചെറിഞ്ഞു. അവ മുറ്റത്ത് ചിതറിവീണു. ദേവുവിന്‍റെ നെഞ്ചം ആളിക്കത്തി. അവള്‍ രൂക്ഷമായി ഇരുവരേയും നോക്കിക്കൊണ്ട്‌ കത്തുകള്‍ ഓരോന്നും പെറുക്കിയെടുത്തു. കത്തുകള്‍ പെറുക്കിയെടുത്ത് അവള്‍ നിവരുമ്പോള്‍ സേതുലക്ഷ്മിയമ്മ പറഞ്ഞു.

"ദേ.. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം... ഇത് നിന്‍റെ അവന്‍റെ അവസാനത്തെ കത്തായിരിക്കണം. ഇനി മേലില്‍ നിനക്കുവേണ്ടിയെന്നു പറഞ്ഞ് ഒരു കത്തുപോലും എന്‍റെ മുറ്റത്ത്‌ വരരുത്. സ്വന്തമായി അഡ്രെസ്സ് ഇല്ലാത്തോര്‍ക്ക് കൊടുക്കാന്‍ സേതുലക്ഷ്മിയമ്മ ഇവിടെ സത്രം നടത്തുന്നില്ല. "

സേതുലക്ഷ്മിയമ്മയുടെ വാക്കുകള്‍ കേട്ടു അവള്‍ അമറിനെ മുറ്റത്തെ മണ്ണില്‍ ഇരുത്തി. പടികടന്ന് മുകളിലേയ്ക്ക് ചെന്നു. സേതുലക്ഷ്മിയമ്മ മെല്ലെ പിന്നിലേയ്ക്ക് ചുവട് വച്ചു. ഒപ്പം രാജേശ്വരിയും. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ദേവു രാജേശ്വരിയുടെ ചെകിടില്‍ വലിച്ചടിച്ചു. അരുകില്‍ നിന്ന സേതുലക്ഷ്മിയമ്മ കണ്ണുകള്‍ മുറുകെയടച്ച്‌ "അയ്യോ" എന്ന് വിളിച്ചു അവരുടെ ചെകിടില്‍ കൈപൊത്തിപിടിച്ചു. അടികൊണ്ട രാജേശ്വരി പിന്നിലേയ്ക്ക് മലക്കം മറിഞ്ഞു. ഒന്നും സംഭവിക്കാത്ത പോലെ ദേവു തിരിഞ്ഞ് പടികടന്ന് മുറ്റത്തെത്തി, അമറിനെയും കൈയിലെടുത്ത് വീട്ടിലേയ്ക്ക് നടന്നു. നടന്നകലുന്ന ദേവുവിനെ നോക്കി സേതുലക്ഷ്മിയമ്മ തലയില്‍ കൈവച്ചു വിളിച്ചു പറഞ്ഞു.

"നീ നശിച്ച് നാറാണക്കല്ല് പറിയുമെടീ... നാശം പിടിച്ചവളെ.... നീ നോക്കിക്കോടി സേതുലക്ഷ്മിയാ പറയുന്നത്.... "

ദേവു തിരിഞ്ഞുപോലും നോക്കാതെ വീട്ടിലേയ്ക്ക് തന്നെ നടന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂൺ 18, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....22

വിജയമ്മ പെട്ടെന്ന് ചിന്തിച്ചു. സമയം രാത്രിയാണ്. രഘുവിനെപ്പറ്റി ഇപ്പോള്‍ ചോദിക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം വേണം. കാരണം ദേവുവിനെ അവര്‍ക്ക് അറിയാവുന്നതാണ്. അവരുടെ പരസ്പര സ്നേഹം, കരുതല്‍ ഒക്കെ. അതുകൊണ്ട് തന്നെ മുന്നില്‍ നിന്നിരുന്ന ദേവൂനെ താണ്ടി അവര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. സങ്കടം അപ്പാടെ ഉള്ളിലൊതുക്കി, കിടക്കയില്‍ ഉറങ്ങിക്കിടന്ന അമറിനരുകില്‍ വന്നിരുന്നു. അതോടെ അവര്‍ക്കൊപ്പം അകത്തേയ്ക്ക് കയറി അവള്‍ വീണ്ടും ചോദിച്ചു.

"എന്താമ്മേ...!! എന്താ ഈ രാത്രീല്... ഇങ്ങനെ വിഷമിച്ച്...???

വിജയമ്മ ദേവുവിനെ അരുകിലേയ്ക്ക് ചേര്‍ത്ത് പിടിച്ചിരുത്തി. എന്നിട്ടവളോട് ചോദിച്ചു.

"രഘൂന്‍റെ കത്തെല്ലാം വരുന്നില്ലേ മോളെ..??

"ഉവ്വ് വന്നിരുന്നു.... " പറഞ്ഞിട്ട് അവള്‍ രഘുവിന്‍റെ വിശേഷങ്ങള്‍ ഒക്കെ അമ്മയോട് പറയാന്‍ തുടങ്ങി.

ദേവു പറയുന്നതൊന്നും വിജയമ്മ ശരിക്കും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവരുടെ മനസ്സില്‍ എങ്ങിനെ ദേവൂനോട് ഇത് ചോദിക്കും എന്നായിരുന്നു. എപ്പോഴായാലും ചോദിച്ചല്ലേ പറ്റൂ. അപ്പോള്‍ പിന്നെ സമയം കളയാതെ ചോദിക്കുക തന്ന. ചിന്തിച്ചിട്ട് രണ്ടും കല്‍പ്പിച്ച് അവര്‍ ചോദിച്ചു.

"മോളെ നാട്ടില്‍ വച്ച് രഘൂനെ എപ്പോഴെങ്കിലും പട്ടി കടിച്ചിട്ടുണ്ടായിരുന്നോ..?

"ഇല്ലമ്മേ... എന്താ അമ്മ ഇപ്പോള്‍ ഇങ്ങനെ ചോദിക്കുന്നത്. അതും ഈ നേരത്ത്...??? എന്‍റെ രഘുവേട്ടന് എന്തുപറ്റി അമ്മെ..? അമ്മയോടിത് ആരു ചോദിച്ചു...!!! ദേവു ആകെ പരിഭ്രമയായത് അവര്‍ തിരിച്ചറിഞ്ഞു. അവള്‍ പെട്ടെന്ന് കിടക്ക വിട്ടു എഴുന്നേറ്റു. അതുകൊണ്ട് തന്നെ പെട്ടെന്നവര്‍ പറഞ്ഞു.

"അയ്യോ... എന്‍റെ പൊന്നുമോളെ, നീയിങ്ങനെ സങ്കടപ്പെടണ്ട. ഉറക്കത്തില്‍.... ഉറക്കത്തില്‍ ഞാന്‍ വല്ലാത്തൊരു സ്വപ്നം കണ്ടു. എന്‍റെ രഘൂനെ പട്ടി കടിക്കുന്നതായി. അവന്‍ വിഷമിക്കുന്നതായി ഒക്കെ...? പിന്നെയെനിക്ക്‌ കണ്ണുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. മനസാകെ നീറുന്നത് പോലെ. അപ്പോള്‍ത്തന്നെ എനിക്കെന്‍റെ മോളെ കാണണം എന്ന് തോന്നി. കിടക്കയില്‍ നിന്നും എഴുന്നേറ്റു ദേവുവിന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു വിജയമ്മ പറഞ്ഞു. പെട്ടെന്ന് ദേവു നെഞ്ചില്‍ കൈവച്ചു. എന്നിട്ട് പറഞ്ഞു.

"ഹോ... അമ്മെ, എന്നെ പേടിപ്പിച്ചുകളഞ്ഞല്ലോ...!!! എന്‍റെ രഘുവേട്ടന് ഒന്നും പറ്റില്ല അമ്മെ. അമ്മ അതോര്‍ത്ത് വിഷമിക്കുകയേ വേണ്ടാ... ദേവു നിത്യോം മുടങ്ങാതെ വിളക്ക് വയ്ക്കുന്നതെന്തിനാ...??? ഈ പ്രാര്‍ത്ഥിക്കണതൊക്കെ ആര്‍ക്കു വേണ്ടിയാ... എന്‍റെ രഘുവേട്ടന് വേണ്ടിയാ അമ്മേ. എനിക്കറിയാം എന്‍റെ ദൈവങ്ങള്‍ എന്നെ കൈവിടില്ല..... " അവള്‍ കണ്ണുകള്‍ അടച്ചു നിന്നു.

വിജയമ്മ വന്നു വാതില്‍ തുറന്നു. നേരം പുലര്‍ന്നു തുടങ്ങി. കിഴക്ക് ദിക്കില്‍ മരച്ചില്ലകളില്‍ നിന്നും കൂട് വിട്ട് പുറത്തിറങ്ങിയ കുഞ്ഞിക്കിളികള്‍ പറക്കുന്നത് കാണാം. അരുകിലേയ്ക്ക് വന്ന ദേവുവിനോടവര്‍ പറഞ്ഞു.

"മോളെ... ഇനീപ്പോ അമ്മ പോട്ടെ. എനിക്കിപ്പോഴാ സമാധാനമായത്. അവിടെ രവീം, രാമൂം ഒന്നും അറിഞ്ഞിട്ടില്ല. പാതിരാത്രീല് ആരോടും പറയാതെ വന്നതല്ലേ. ഞാന്‍ നേരം നന്നേ പുലരും മുന്‍പ് ചെന്ന് വീടെത്തട്ടെ..!!!"

"എന്നാലും, ഇതുവരെ വന്നിട്ട്...??? ഒരു ഗ്ലാസ്‌ വെള്ളം പോലും കുടിക്കാതെ അമ്മ...പോകുകയോ..?? ഒരു മിനിറ്റ് നിന്നാ മതിയമ്മേ... ഞാന്‍ ഇപ്പോള്‍ ചായ ഇട്ടു തരാം..."

പക്ഷെ, സ്നേഹത്തോടെ ദേവുവിന്റെ വാക്കുകള്‍ വിജയമ്മ നിരസിച്ചു. അവളോട്‌ യാത്ര പറഞ്ഞു തിടുക്കത്തില്‍ അവര്‍ അവിടെനിന്നും പോയി.
*********************
ആശുപത്രിയുടെ വരാന്തയില്‍ ബഷീര്‍ തളര്‍ന്നിരുന്നു. ഇടയ്ക്കിടെ അവന്‍ കൈത്തണ്ടയിലെ വാച്ചില്‍ നോക്കി. പിന്നെ ചുവരിലെ ക്ലോക്കിലും. ആദ്യമായ് ആത്മാര്‍ത്ഥമായി അവനാഗ്രഹിച്ചു.

"പടച്ചോനെ ഈ സമയം നീങ്ങരുതേ..."

അപ്പോഴേയ്ക്കും രഘുവിനെ ചികിത്സിക്കുന്ന ഡോക്ടര്‍ വാതില്‍ക്കല്‍ എത്തി. ബഷീര്‍ ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു. അദ്ദേഹം ബഷീറിനോട്‌ ചോദിച്ചു.

"എന്തായി... എന്തെങ്കിലും വിവരം അറിയാന്‍ കഴിഞ്ഞോ..?? എന്‍റെ ഡ്യൂട്ടി കഴിയാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രേ ഉള്ളൂ..."

ബഷീര്‍ ഡോക്ടര്‍ക്ക് നേരെ കൈകൂപ്പി. "ഞാനിപ്പോള്‍... ഞാനിപ്പോള്‍ അറിയിക്കാം ഡോക്ടര്‍.. ഞങ്ങളെ കൈവിടല്ലേ...??? അവന്‍റെ കണ്ണുനീര്‍ ഡോക്ടറിന് പുതുമയായിരുന്നു. സ്വന്തം കാര്യങ്ങള്‍ക്കപ്പുറം, മനസ്സുണ്ടായിരുന്നാല്‍ പോലും കൂടെയുള്ളവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത പ്രവാസ്സികള്‍ക്കിടയില്‍... ഇവന്‍, ഇവനൊരു അത്ഭുതം തന്നെ. ഒന്ന് ചിന്തിച്ചിട്ട് അയാള്‍ ബഷീറിന്‍റെ തോളില്‍ കൈതട്ടി പറഞ്ഞു.

"വിഷമിക്കേണ്ടാ... ഞാന്‍ പോകുന്നതിന് മുന്‍പ് ഒന്നും അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍... ഇന്ന് നിങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ ഈ സ്നേഹത്തിന് വേണ്ടി, ആ ചെറുപ്പക്കാരന്‍റെ ജീവനു വേണ്ടി.. ഞാന്‍.. ഞാനൊരു മണിക്കൂറു കൂടി നില്‍ക്കാം.. നിങ്ങള്‍ സമാധാനമായിരിക്കൂ... അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡോക്ടറുടെ ഫോണിലേയ്ക്ക് ഫോണ്‍ വന്നു. പോക്കെറ്റില്‍ നിന്നും ഫോണെടുത്ത് അതിലെ നമ്പര്‍ ശ്രദ്ധിച്ച അദ്ദേഹം അതാണോ എന്നറിയാന്‍ ബഷീറിന്‍റെ കൈയിലേയ്ക്ക് ഫോണ്‍ കൊടുത്തു. അപ്പോഴേയ്ക്കും അടുത്ത ഡ്യൂട്ടി ചെയ്യാനായി ഈജിപ്ഷ്യന്‍ ഡോക്ടര്‍ അവരുടെ അടുത്തേയ്ക്ക് വന്നു. ഡോക്ടര്‍ അയാളുമായി എന്തോ സംസാരിച്ചു. എന്നിട്ടയാള്‍ അകത്തെ കാബിനില്‍ ചെന്ന് രജിസ്റ്ററില്‍ ഒപ്പ് വച്ചു. ഫോണ്‍ അറ്റന്‍ഡ് ചെയ്തു ബഷീര്‍ ചോദിച്ചു.

"സീനാത്ത........ അമ്മ, രഘൂന്റെ അമ്മ എന്ത് പറഞ്ഞു..." മറുപടി കിട്ടാതെ നിന്ന അവന്‍ വീണ്ടും ചോദിച്ചു.

"അമ്മെ... എന്തായി അമ്മെ കാര്യങ്ങള്‍,...??? ദേവൂട്ടിയെ കണ്ടോ? അവളെന്ത് പറഞ്ഞു..??

വിജയമ്മയുടെ മറുപടി കേട്ട ബഷീര്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. അവന്‍ ഫോണ്‍ കൊണ്ട് ഡോക്ടറുടെ അടുത്തേയ്ക്ക് ചെന്നു. ഡോക്ടറും അത്ഭുതത്തോടെ അവനെ നോക്കി... എന്നിട്ട് ചോദിച്ചു.. "എന്താ പറഞ്ഞെ രഘൂന്റെ വീട്ടുകാര്‍ എന്താ പറഞ്ഞേ...???

"ഇല്ല... ഡോക്ടര്‍ അങ്ങിനെ ഒന്നുണ്ടായിട്ടില്ലാന്നാ അവര് പറയണേ...!! ബഷീറും ഡോക്ടറും പരസ്പരം നോക്കി നില്‍ക്കെ അവരുടെ അരുകിലേയ്ക്ക് ഒരു നേഴ്സ് വന്നു. അവള്‍ വച്ച് നീട്ടിയ കുറിപ്പടിയിലൂടെ ഡോക്ടര്‍ കണ്ണുകള്‍ ഓടിച്ചു. അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് മ്ലാനമായി. അദ്ദേഹം ബഷീറിനോട്‌ പറഞ്ഞു.

"ഇല്ല ബഷീര്‍... നിങ്ങള്‍ പറയുമ്പോലെ അല്ല കാര്യങ്ങള്‍...??? രഘൂനെ പട്ടി കടിച്ചിട്ടുണ്ട്‌. അവനിപ്പോള്‍ നമ്മുക്ക് രക്ഷിച്ചെടുക്കാന്‍ പറ്റുന്ന ഒരു അവസ്ഥയിലല്ല. ഡോക്ടറുടെ വാക്കുകള്‍ കേട്ട ബഷീറിന് മനസ്സാകെ തന്‍റെ നിയന്ത്രണം വിട്ടു പോകുന്നത് പോലെ തോന്നി. അവന്‍ ചുറ്റുപാടും കണ്ണോടിച്ചു. അടുത്തു കണ്ട പുരുഷന്മാരുടെ ബാത്ത്റൂമിലേയ്ക്ക് അവന്‍ ഓടിക്കയറി. അവിടെനിന്ന് മതിവരുവോളം കരഞ്ഞു. പിന്നെ മുഖം തുടച്ചു അവന്‍ രഘുവിനെ കിടത്തിയിരിക്കുന്ന കണ്ണാടിക്കൂട്ടിനടുക്കലേയ്ക്ക് ചെന്നു. രഘു അപ്പോഴും മയക്കത്തിലായിരുന്നു. അവന്‍ സങ്കടത്തോടെ ഡോക്ടറുടെ മുറിയിലെ വാതിലിനരുകില്‍ ചെന്ന് നിന്നു. ഡോക്ടര്‍ അവനെ അകത്തേയ്ക്ക് വിളിച്ചു. കുറെ നേരം അവരിരുവരും മൗനം പൂണ്ടിരുന്നു. ഒടുവില്‍ മൗനം മുറിച്ചു ബഷീര്‍ ചോദിച്ചു.

"ഡോക്ടര്‍... ഇവിടുന്ന് നാട്ടില്‍ കൊണ്ടുപോയാല്‍... എന്‍റെ രഘൂനെ രക്ഷിക്കാന്‍ കഴിയോ..?????

അവന്‍റെ നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി ഡോക്ടര്‍ ഇല്ല എന്ന് തലകുലുക്കി. ബഷീര്‍ ഇരുകരങ്ങളും കൊണ്ട് കണ്ണുകള്‍ പൊത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു.

നേരം പുലര്‍ന്നു. ആശുപത്രിയിലെ ഡ്യൂട്ടി മാറി. ചാര്‍ജെടുത്ത പുതിയ ഡോക്ടര്‍ രഘുവിനടുത്തേയ്ക്ക് വന്നു. അവന്‍റെ നാഡിമിടിപ്പ് പരിശോധിച്ച അദ്ദേഹം അടുത്തു നിന്ന സിസ്റ്റര്‍മാരോട് എന്തോ പറഞ്ഞു. അവരിലൊരാള്‍ മരുന്ന് നിറച്ചൊരു സൂചി അദ്ദേഹത്തിന്‍റെ കൈയില്‍ കൊടുത്തു. രഘുവിലേയ്ക്കത് ആഴ്ന്നിറങ്ങുമ്പോള്‍ അവന്‍ ചെറുതായൊന്നു മുഖം ചുളിച്ചു.
***************
വിജയമ്മ വന്നു പോയതില്‍ പിന്നെ ദേവു ഉറങ്ങിയില്ല. പുതുതായി കുഴിച്ച കിണറ്റിനരുകില്‍ മറച്ചുകുത്തിയിരുന്ന രണ്ടു ഓലക്കീറുകളുടെ മറവില്‍ നിന്നവള്‍ കുളിച്ചു കയറി വിളക്ക് കത്തിച്ചു നിന്നു പ്രാര്‍ഥിച്ചു. അവളുടെ അന്നത്തെ പ്രാര്‍ത്ഥനയില്‍ അവള്‍ അവളെയും കുഞ്ഞിനേയും മറന്നു. അവളുടെ മനസ്സ് നിറയെ രഘുവായിരുന്നു. പിന്നെ, അമറിന് തിടുക്കത്തില്‍ പാലു കൊടുത്ത്, അവനെ കുളിപ്പിച്ച് ശുദ്ധിയോടെ അവള്‍ അടുത്തുള്ള ദുര്‍ഗാക്ഷേത്രത്തില്‍ ചെന്നു. രഘുവിന്‍റെ പേരില്‍ പ്രത്യേകം അര്‍ച്ചനയും പൂജയും ഒക്കെ കഴിപ്പിച്ചു അവള്‍ വീട്ടില്‍ തിരികെ എത്തി. പിന്നീട്, വസ്ത്രം മാറി, ഭക്ഷണം കഴിച്ച്, വീടെല്ലാം വൃത്തിയാക്കി, ദേവദാരുവിന്‍റെ ചുവട്ടില്‍ ചന്ദനത്തിരിയില്‍ ഒരെണ്ണം കത്തിച്ചു വച്ചു. എന്നിട്ട് അകത്തേയ്ക്ക് വന്നു രഘുവിന് എഴുതി വച്ചിരുന്ന കത്തെടുത്തു. അതില്‍ സ്നേഹത്തോടെ ഒരു ചുംബനം കൊടുത്ത് അവള്‍ രഘുവിന്‍റെ ഫോട്ടോയ്ക്ക് പുറകില്‍ സൂക്ഷിച്ചിരുന്ന ഡ്രാഫ്റ്റ്‌ എടുത്തു അതും കൈകളില്‍ ഭദ്രമായി വച്ചു. വീണ്ടും വസ്ത്രങ്ങള്‍ ധരിച്ചു, കുഞ്ഞിനേയും ഒരുക്കിയെടുത്ത്, പുറത്തേയ്ക്കിറങ്ങി വാതില്‍ ചാരി അവള്‍ നിരത്തിലേയ്ക്ക് നടന്നു. ബസില്‍ കയറി പോസ്റ്റ്‌ ഓഫീസിന്‍റെ മുന്നില്‍ ഇറങ്ങി ദേവു അതിനകത്തേയ്ക്ക് ചെന്നു. പോസ്റ്റ്‌മാന്‍റെ കൈകളില്‍ അവള്‍ ആ കത്തുകൊടുക്കുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചു. ഒടുവില്‍ ആവശ്യം വേണ്ട സ്റ്റാമ്പ് ഒട്ടിച്ച് പുറത്തിരുന്ന പെട്ടിയിലേയ്ക്കവള്‍ പ്രാര്‍ഥനയോടെ അതിട്ടു. പിന്നീട് ബാങ്കില്‍ പോയി പൈസ മാറി, അവള്‍ രഘുവിന് അവനിഷ്ടപ്പെട്ട കളറിലുള്ള ഒരു ഉടുപ്പും വാങ്ങി വീട്ടിലേയ്ക്ക് തിരിച്ചു. തിരികെ വരുന്ന വഴി രഘുവിനെക്കുറിച്ചും അവന്‍റെ ജോലിയെക്കുറിച്ചും ഒക്കെ ചോദിച്ചവരോടെല്ലാം അവള്‍ സന്തോഷത്തോടെ മറുപടി നല്‍കി. റോഡരുകില്‍ അവള്‍ക്കു നേരെ കൈനീട്ടിയ ഭിക്ഷക്കര്‍ക്കെല്ലാം സന്തോഷത്തോടെ അവള്‍ നാണയത്തുട്ടുകള്‍ സമ്മാനിച്ചു. ഒടുവില്‍, തളര്‍ന്നു വീട്ടിലെത്തുമ്പോള്‍ സമയം ഉച്ചയോടടുത്തിരുന്നു. വന്നപാടെ, തോളില്‍ കിടന്നു ഉറങ്ങുകയായിരുന്ന അമറിനെ അവള്‍ കിടക്കയിലേയ്ക്ക് കിടത്തി. അവന്‍ കാലുകള്‍ അകര്‍ത്തിവച്ച് കിടക്കുന്നതും നോക്കി അവളിരുന്നു... ഇടയ്ക്ക് അവന്‍റെ വെളുത്തുതുടുത്ത കുഞ്ഞുപാദങ്ങളില്‍ മെല്ലെ തടവി അവള്‍ പറഞ്ഞു...

"അച്ഛന്‍.... അച്ഛന്റെ മോന്‍ തന്നെ..." അവന്‍ ഒന്ന് മൂളി കാലുകള്‍ സ്വല്‍പം മാറ്റി വീണ്ടും ഉറക്കത്തിലേയ്ക്കു വീണു. ദേവു കഴുകാനുള്ള തുണികളും എടുത്തു കിണറ്റിന്‍കരയിലേയ്ക്ക് പോയി.
**************
രഘു മെല്ലെ കണ്ണുകള്‍ തുറന്നു. കണ്ണാടിക്കൂട്ടില്‍ കിടന്നവന്‍ ചുറ്റും നോക്കി. പുറത്ത് പുകപോലെ കണ്ട ബഷീറിന് നേരെ അവന്‍ മുഖം ചരിച്ചു. രഘുവിന്‍റെ തളര്‍ന്ന കണ്ണുകള്‍ നോക്കി നില്‍ക്കാന്‍ ബഷീറിന് കഴിഞ്ഞില്ല. അവന്‍ പിന്നിലെ ചുവരിലേയ്ക്ക് ചാഞ്ഞു. ആ നില്‍പ്പില്‍ അവനെ തന്നെ നോക്കി നില്‍ക്കെ രഘുവിന്‍റെ ചലനങ്ങളില്‍ ചെറു മാറ്റം ഉണ്ടായി. അവന്‍റെ പാദങ്ങളിലെ ചെറുവിരല്‍ മെല്ലെ വിറയ്ക്കാന്‍ തുടങ്ങി. ബഷീര്‍ നേഴ്സിനോട് പറഞ്ഞു. അവര്‍ ബഷീറിന് നേരെ കണ്ണുകള്‍ അടച്ചു. അവരുടെ കണ്ണുകളിലെ കണ്ണുനീര്‍ അവന് കാണാമായിരുന്നു. രഘുവിന്‍റെ കാലുകള്‍ ഉച്ചത്തില്‍ വിറയ്ക്കാന്‍ തുടങ്ങി. അവന്‍ വെപ്രാളത്തോടെ കൈകള്‍ എടുത്തു കഴുത്തില്‍ മുറുകെപ്പിടിച്ചു. രഘു കിടക്കവിട്ട് ചാടിയെഴുന്നേറ്റു. വിറച്ച കാലുകളോടെ ബഷീറിനെ ലക്‌ഷ്യം വച്ച അവന്‍ ലക്ഷ്യമില്ലാതെ തളര്‍ന്നുവീണു. അവിടെ, നിലത്ത് കിടന്നു അവന്‍ ബഷീറിന് നേരെ കൈനീട്ടി. രഘുവിന്‍റെ ചുണ്ടുകളില്‍ ബഷീര്‍ നോക്കി നില്‍ക്കെ പത വന്നു നിറഞ്ഞു. അവന്‍ വിറയ്ക്കുന്നതിനൊപ്പം അവന്‍റെ ചുണ്ടില്‍ നിന്നടര്‍ന്നു അവ നിലത്തേയ്ക്ക് പതിക്കാന്‍ തുടങ്ങി. വിരലുകള്‍ കൊണ്ട് അവന്‍ സ്വന്തം നെഞ്ച് കീറിമുറിച്ചു. പിന്നെ, വിറച്ചു വിറച്ചു അല്‍പ്പം ശാന്തനായി നിലത്തേയ്ക്കിരുന്നു.

ശാന്തതയോടെ അവന്‍ കൈകള്‍ കൊണ്ട് ചുണ്ടുകള്‍ തുടച്ചു. പിന്നെ കരഞ്ഞുകൊണ്ട്‌ ബഷീറിന് നേരെ നോക്കി. എന്നിട്ട് കൈകള്‍ കൂപ്പി ബഷീറിനോട്‌ പറഞ്ഞു.

"എന്നെക്കൊണ്ട് പോടാ... ബഷീറേ ഇവിടുന്നെന്നെക്കൊണ്ട് പോടാ..... ന്‍റെ ദേവൂന്‍റെയടുത്ത് എന്നെ ഒന്ന് കൊണ്ടുപോടാ.... അവളെക്കാണണം എനിക്ക്... എനിക്കവളെ കാണണോടാ....." അവന്‍ കരഞ്ഞുകൊണ്ട്‌ നിലത്തേയ്ക്ക് വീണു. രഘുവിന്‍റെ സങ്കടം കാണാന്‍ വയ്യാതെ ബഷീര്‍ ചുവരിലേയ്ക്ക് നോക്കി തിരിഞ്ഞുനിന്നു.
***************
നേരം ഇരുണ്ടു തുടങ്ങി. വിളക്കിനു മുന്നില്‍ ഇരുന്നു ദേവു കൈകള്‍ കൂപ്പി. അവള്‍ ചൊല്ലിയ സന്ധ്യാനാമം കാറ്റിലൂടെ ഒഴുകി നടന്നു. കണ്മറഞ്ഞിരുന്ന ദൈവങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. മുറ്റത്തെ ദേവദാരുവിന്‍റെ ചില്ലകളില്‍ വാഴപ്പൂങ്കിളികള്‍ ചിലച്ചുകൊണ്ട് ചേക്കേറാന്‍ ഇടം തേടി. പകലുറക്കം വിട്ട മൂങ്ങകളില്‍ ഒന്ന്, ദേവുവിന്‍റെ മാടത്തിന് മുകളില്‍ വന്നിരുന്നു മൂളി. അതുകേട്ട് ദേവുവിന്‍റെ ശരീരം അസഹ്യമായൊന്ന് പെരുത്തു. അവള്‍ വായിച്ചുകൊണ്ടിരുന്ന സന്ധ്യാനാമം ചൊല്ലല്‍ നിര്‍ത്തി മെല്ലെയെഴുന്നേറ്റുവന്നു വാതില്‍ തുറന്നു ആ മൂങ്ങയെ കൈവീശിയോടിച്ചു. പിന്നെ വാതില്‍ ചാരി വിളക്കിനു മുന്നില്‍ വന്നിരിക്കുമ്പോള്‍ അവളുടെ മനസില്‍ അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്ന പോലൊരു തോന്നല്‍.... പിന്നെ സ്വയം സമാധാനിച്ചുകൊണ്ടവള്‍ കുഞ്ഞിനരുകിലേയ്ക്ക് വന്നു. അപ്പോഴേയ്ക്കും ഇരുന്ന ഇടത്തില്‍ നിന്നും കട്ടിലിന്‍റെ കാലില്‍ പിടിച്ചു കുഞ്ഞമര്‍ അവള്‍ക്കുനേരെ പിച്ചവച്ച് രണ്ടുചുവട് നടന്നിരുന്നു. പൊന്നുമോനെ സന്തോഷത്തോടെ എടുത്ത് ഉമ്മ വച്ച് കൊണ്ടവള്‍ പറഞ്ഞു.

"ഏണ്‍ണ്ടാ....കണ്ണാ.. നിച്ചിത്.. ഇന്നലെ ആയിക്കൂടായിരുന്നോ..???? അപ്പായ്ക്ക് അമ്മ ഇന്നല്ലേടാ കത്ത് കൊണ്ടിട്ടത്..." അമര്‍ അവളെ നോക്കി ചിരിച്ചു. ദേവു കണ്ണാടിയില്‍ നോക്കി. പതിവിലും കൂടുതല്‍ അവള്‍ അന്ന് സുന്ദരിയായിരുന്നു. കൈകൊണ്ടവള്‍ കവിളില്‍ മെല്ലെ തലോടി. അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ശരീരം ഒന്നാകെ കുളിര്കോരി... കണ്ണാടിയ്ക്ക് മുന്നില്‍ തിരിഞ്ഞും മറിഞ്ഞും നിന്നവള്‍ അവളുടെ മുഖസൗന്ദര്യം സ്വയം ആസ്വദിച്ചു.
*******************
രഘു നിലത്ത് നിന്നു എഴുന്നേറ്റു. അവന്‍റെ തളര്‍ന്ന കണ്ണുകള്‍ ആരെയോ തേടി അലഞ്ഞുകൊണ്ടിരുന്നു. ബഷീര്‍ അവനെകാണാനുള്ള ത്രാണിയില്ലാതെ ചുവരിലേയ്ക്ക് മുഖമമര്‍ത്തി തന്നെ നിന്നു. കണ്ണാടികൂടിനുള്ളില്‍ അതിനു ചുറ്റും രഘു വേച്ചുവേച്ച്‌ നടന്നു. ചുണ്ടില്‍ നിന്നും ഊറിയൊലിച്ച പത അവന്‍റെ നെഞ്ചിലൂടെ ഒലിച്ചിറങ്ങാന്‍ തുടങ്ങി. ഇടയ്ക്കിടെ കാല്‍മുട്ടുകളില്‍ കൈകളൂന്നി അവന്‍ തളര്‍ന്നു നിന്നു. പിന്നീട് നിവര്‍ന്നു നിന്നു ഒച്ചത്തില്‍ ചുമയ്ക്കാന്‍ തുടങ്ങി. ഒടുവില്‍ ഭ്രാന്തമായ വേദനയോടെ അലറിവിളിക്കാനും... അതോടെ ബഷീര്‍ കണ്ണാടികൂട്ടിലെ ഇരുമ്പ് ഗ്രില്‍ വാതിലിലൂടെ സ്വയം മറന്നു കൈകള്‍ അകത്തേയ്ക്കിട്ടു. രഘു അവനരുകിലേയ്ക്ക് ഓടിവന്നു. അവിടെ കൂടിനിന്നവര്‍ ചേര്‍ന്ന് വളരെ ശ്രമപ്പെട്ട് ബഷീറിനെ പിടിച്ചു മാറ്റി. പാഞ്ഞുവന്ന രഘു ആ ഇരുമ്പ് വാതില്‍ പിടിച്ചുലച്ചു. പിന്നെ പതിയെ നിലത്തേയ്ക്ക് വീണു. അവന്‍റെ കാലുകള്‍ നിലത്തടിയ്ക്കാന്‍ തുടങ്ങി. അടികൊണ്ട് വീണ നായയെപ്പോലെ അവന്‍ വട്ടത്തില്‍ ചലിച്ചു വിറയ്ക്കാന്‍ തുടങ്ങി. എപ്പോഴോ അവന്‍റെ പോക്കെറ്റില്‍ നിന്നും ദേവുവിന്‍റെ ചിത്രം പുറത്തേയ്ക്ക് തെറിച്ചു വീണു. ഒടുവില്‍ വിറച്ചുവിറച്ച്, നിലത്ത് വീണ ദേവുവിന്‍റെ ചിത്രത്തിന് മുന്നില്‍ ചുണ്ടുകള്‍ തൊട്ട് രഘു നിശ്ചലനായി. ഒരു പെരുമഴ പെയ്തു തോര്‍ന്നത്‌ പോലെ അവിടം അതോടെ നിശബ്ദമായി....

ഒരുപാട് സ്വപ്‌നങ്ങള്‍ ആ ചില്ലുകൂട്ടില്‍ ഉപേക്ഷിച്ച് രഘു യാത്രയായി. വര്‍ണ്ണപ്പക്ഷികള്‍ ചേക്കേറുന്ന ഹരിതാഭ കാണാന്‍ അവനിനി ഉണ്ടാകില്ല. ബഷീര്‍ നിശബ്ദം നിന്നു കരഞ്ഞു. ജോലി കഴിഞ്ഞ് പോകാനിറങ്ങിയ ഈജിപ്ഷ്യന്‍ ഡോക്ടര്‍ അവനെ സമാധാനിപ്പിച്ചു കടന്നുപോയി. പുതിയ ഡ്യൂട്ടിയിലേയ്ക്ക് പ്രവേശിച്ച ഡോക്ടര്‍ കണ്ണാടിക്കൂട്ടിലെ വാതിലിനരുകില്‍ വന്ന് നിന്നു. ചേതനയറ്റ രഘുവിന്‍റെ ശരീരം എന്തോ അയാള്‍ക്ക്‌ കാണാനുള്ള ശക്തിയുണ്ടായില്ലന്നു തോന്നുന്നു. തിടുക്കത്തില്‍ അയാള്‍ സ്വന്തം മുറിയിലേയ്ക്ക് പോയി.

അന്ധകാരം വന്നു മൂടിയ അകാശവീഥികളില്‍ ലക്ഷ്യമില്ലാതെ പറന്ന പറവക്കൂട്ടം കലപിലകൂട്ടി. പതിവില്ലാതെ, ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചുവരില്‍ തൂക്കിയിരുന്ന രഘുവിന്‍റെ ചിത്രം എടുത്ത് ദേവു അരുകിലെ മേശപ്പുറത്ത് വച്ചു. കിടക്കുമ്പോള്‍ അവള്‍ക്കു കാണാന്‍ പാകത്തില്‍ കിടക്കയിലേയ്ക്ക് അത് തിരിച്ചു വച്ചവള്‍ മെല്ലെ ഉറങ്ങാന്‍ കിടന്നു. അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളെ വിട്ട് ഏഴുകടലും താണ്ടിപ്പോയ, അവളുടെ പ്രിയപ്പെട്ട രഘു വരുന്ന നാളും കാതോര്‍ത്ത്.......

(തുടരും)
ശ്രീ വര്‍ക്കല
 

ദേവദാരുവിന്നരികത്ത്‌.....21

അത്യാഹിത വിഭാഗത്തിലെ വാതില്‍ തുറന്ന് വെള്ളവസ്ത്രങ്ങള്‍ ധരിച്ച് ഒരാള്‍ പുറത്തേയ്ക്ക് വന്നു. കാബിനിനുള്ളില്‍ ഇരുന്ന സ്ത്രീയോട് അയാള്‍ എന്തോ പറഞ്ഞു. അവര്‍ മുന്നിലെ സീറ്റില്‍ തലചായ്ച് മയക്കം തുടങ്ങിയിരുന്ന ബഷീറിന് നേരെ വിരല്‍ ചൂണ്ടി. ബഷീറിനരുകില്‍ വന്ന അയാള്‍ അവന്‍റെ തോളില്‍ കൈവച്ചു. കണ്ണുകള്‍ തുറന്ന ബഷീര്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റു. അതോടെ ബഷീറിനെ നോക്കി അയാള്‍ ചോദിച്ചു.

"ആരാ... രഘുവിന്‍റെ കൂടെവന്ന ആളല്ലേ..?? "

ബഷീര്‍ "അതെ" എന്ന് മറുപടി പറഞ്ഞിട്ട് ചോദിച്ചു.

"എന്താ സര്‍ രഘൂന് ഇപ്പോള്‍ എങ്ങിനെയുണ്ട്...???

അയാള്‍ ബഷീറിന്‍റെ മറുപടി കേട്ടുകൊണ്ട് അവനോടായി പറഞ്ഞു. "വരൂ എന്റെയൊപ്പം വരൂ... ഡോക്ടര്‍ക്ക് നിങ്ങളെ ഒന്ന് കാണണം എന്ന്." അനുസരണയോടെ ബഷീര്‍ അയാള്‍ക്കൊപ്പം നടന്നു. ചില്ലുവാതിലുകള്‍ പലതും അവര്‍ക്ക് മുന്നില്‍ തുറന്നടഞ്ഞു. ഒടുവില്‍ അയാള്‍ ബഷീറിനെയും കൂട്ടി ഡോക്ടറുടെ കാബിനുള്ളില്‍ ചെന്നു. ബഷീറിനോട്‌ ഡോക്ടര്‍ ഇരിക്കാന്‍ പറഞ്ഞു. ഡോക്ടര്‍ മലയാളി എന്നറിഞ്ഞപ്പോള്‍ അവനു വല്ലാതെ ആശ്വാസം തോന്നി. ഡോക്ടറിനു മുന്നിലെ കസേരയില്‍ ഇരുന്ന അവനു നേരെ ഡോക്ടര്‍ ആദ്യമായി ഒരു ചോദ്യം എറിഞ്ഞു.

"രഘുവിന്‍റെ ആരാണ് നിങ്ങള്‍...??

"ഞാന്‍... രഘുവിന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ആണ്. അതിലുപരി ഞങ്ങള്‍ ഒരേ നാട്ടുകാരാണ്. അവനെ സൗദിയിലേയ്ക്ക് കൊണ്ടുവന്നതും ഞാനാണ്." അവന്‍ പറഞ്ഞു.

"ഓക്കേ,... വളരെ നല്ലത്.. ഈ രഘുവിന് കുടുംബം...????

"ഉണ്ട്... സര്‍ ഉണ്ട്... ഭാര്യയും ഒരു കുഞ്ഞും..." അവന്‍ പറഞ്ഞു.

"ഇവിടെ രഘുവിന്‍റെ സ്വന്തം എന്ന് പറയാന്‍ ആരെങ്കിലും ഉണ്ടോ...?? ഡോക്ടറിന്‍റെ ചോദ്യം കേട്ടു ബഷീറിന് ആകെ സംശയമായി... അതുകൊണ്ട് തന്നെ മറച്ചുവയ്ക്കാതെ അവന്‍ ചോദിച്ചു.

"സര്‍... രഘൂന്... രഘൂനെന്തങ്കിലും കൂടുതല്‍ വയ്യായ്ക....???? എനിക്കവനെ ഒന്ന് കാണാന്‍ കഴിയുമോ???

"അതിനെന്താ കാണാല്ലോ...!!! ഡോക്ടര്‍ മറുപടി പറഞ്ഞപ്പോള്‍ അവനു സമാധാനമായി. ഡോക്ടര്‍ ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ബഷീറിനെയും കൂട്ടി അയാള്‍ ചില വാതിലുകള്‍ കടന്നു ചെന്നു. ഡോക്ടര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്ക് ബഷീര്‍ നോക്കി. ചുറ്റും തീര്‍ത്ത കണ്ണാടിച്ചില്ലുകള്‍ക്കിടയിലെ കിടക്കയില്‍ രഘു ശാന്തമായി ഉറങ്ങുകയാണ്. അവന്‍റെ മനസ്സിന് വല്ലാത്ത സമാധാനം തോന്നി. അവന്‍ ഡോക്ടറുടെ മുഖത്തേയ്ക്കു നോക്കി. ഡോക്ടര്‍ അവനെയും കൂട്ടി തിരികെ കാബിനിലേയ്ക്ക് തന്നെ പോയി. ബഷീറിനോട്‌ ഇരിക്കാന്‍ പറഞ്ഞിട്ട് ഡോക്ടര്‍ അവനരുകിലേയ്ക്ക് വന്നു. എന്നിട്ടവന്‍റെ തോളില്‍ കൈവച്ച് ശാന്തമായി പറഞ്ഞു.

"രഘുവിന്‍റെ വീട്ടുകാരെ ഒന്ന് ബന്ധപ്പെടണം. ഉടനെ വേണം. അവരില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉണ്ട്... കഴിയുമോ നിങ്ങള്‍ക്ക്..?? ബഷീര്‍ ഒന്ന് ചിന്തിച്ചു. എന്നിട്ടവന്‍ ഡോക്ടറോട് പറഞ്ഞു.

"കുറച്ചുസമയം... കുറച്ചുസമയം എനിയ്ക്ക് തരൂ ഡോക്ടര്‍.. ഞാനൊന്നു ശ്രമിക്കട്ടെ...!!! ഡോക്ടറിനോട്‌ പറഞ്ഞു അവന്‍ പുറത്തിറങ്ങി. കൈയിലിരുന്ന പേര്‍സില്‍ തപ്പി. പതിനഞ്ച് റിയാലിന് അപ്പുറം ഉണ്ടാവില്ല എന്നവന് അറിയാമായിരുന്നിട്ടും പര്‍സില്‍ അറകളില്‍ എല്ലാം തിരഞ്ഞവന്‍. റോഡ്‌ മുറിച്ചുകടന്ന് പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍ ചെന്ന് അവന്‍ നാട്ടിലേയ്ക്ക് വിളിച്ചു. ഫോണെടുത്ത അങ്ങേതലയ്ക്കലെ സ്വരം കേട്ടവന്‍ ഉച്ചത്തില്‍ പറഞ്ഞു...

"ഉമ്മ ഇത് ഞാനാണ്.. കായിക്കരയിലെ ബഷീറാണ്. ഇങ്ങ് സൗദിന്ന്.. സീനാത്തയെ ഒന്ന് വിളിക്കാന്‍ കഴിയോ...??? അത്യാവശ്യാ ഉമ്മാ....

(എല്ലാ വീട്ടിലും ഫോണില്ലാത്ത അക്കാലം. മൊബൈല്‍ ഫോണ്‍ തന്നെ ചുരുക്കം ചില പണക്കാര്‍ക്ക് മാത്രം ഉള്ള കാലം. ഉള്ളതാകട്ടെ പേജര്‍ പോലുള്ള സംവിധാനങ്ങള്‍ മാത്രം. ഫോണ്‍ ഉള്ള വീട്ടില്‍ വിളിച്ചിട്ട് അവര് വരുന്നത് വരെ കാത്തിരുന്നു വീണ്ടും വിളിക്കേണ്ടുന്ന കാലം) ബഷീര്‍ വിളിച്ചിട്ട് ബൂത്തിനുള്ളില്‍ കാത്തിരുന്നു. ബൂത്ത് നടത്തുന്ന അറബിചെക്കന്‍ ബഷീറിനെത്തന്നെ നോക്കിയിരിക്കുകയാണ്. ഫോണ്‍ ചെയ്ത പൈസ കൊടുക്കാതെ ഓടിപ്പോവുമോ എന്ന് നോക്കുകയാണ് അവന്‍. അത് മനസ്സിലാക്കിയ ബഷീര്‍ അവനോടു പറഞ്ഞു.

"ഇബ്ക താനീ വാഹത് മറ.. സദീഖ്.. അന മാഫീ റോ സദീഖ്...." (ഒരിക്കല്‍ കൂടി വിളിക്കണം സുഹൃത്തേ... ഞാനെങ്ങും പോകില്ല കൂട്ടുകാരാ)

അറബിപ്പയ്യന്‍ അവനെ നോക്കി ചിരിച്ചു. ബഷീര്‍ വീണ്ടും ഫോണിനടുത്തുചെന്ന് വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ സീനാത്തയുടെ സ്വരം കേട്ട് അവനുല്‍സാഹത്തോടെ ചോദിച്ചു.

"സീനാത്ത ങ്ങള് വേഗം നമ്മുടെ രഘൂന്‍റെ കുടീല് പോണം. അവന്‍റെ അമ്മയെക്കാണണം. രഘൂന് ഇവിടത്തെ ചൂടടിച്ചിട്ടു വയ്യാണ്ടായി. അവരെ എനിക്ക് ഫോണില് വേണം.... അതെ ഇത്താ... ഈ രാത്രി തന്നെ വേണം. ഞാന്‍ ഇവിടെ ഇരിക്കാം. അരമണിക്കൂര്‍ കഴിഞ്ഞു ഞാന്‍ വിളിക്കാംത്താ....."

കാബിനില്‍ നിന്നും ഇറങ്ങി അവന്‍ പുറത്തു കസേരയില്‍ ഇരുന്നു. അറബിപ്പയ്യന്‍ വീണ്ടും അവനെ നോക്കി. ബഷീര്‍ നോക്കുമ്പോള്‍ അവന്‍ ബഷീറിനോട്‌ പറഞ്ഞു.. "ദൂസര തൈം സദീഖ്..."

ബഷീര്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. ഒടുവില്‍ അരമണിക്കൂര്‍ കഴിഞ്ഞു ബഷീര്‍ വീണ്ടും വിളിച്ചു. മറുതലയ്ക്കല്‍ സീനാത്ത ഫോണ്‍ എടുത്ത് രഘുവിന്‍റെ അമ്മയുടെ കൈയിലേയ്ക്ക് കൊടുത്തു. ബഷീര്‍ വിജയമ്മയോട് പറഞ്ഞു. "അമ്മാ രഘൂന് ഇവിടുത്തെ ചൂടടിച്ചു തലചുറ്റി. ഡോക്ടര്‍ക്ക്‌ അമ്മയോട് എന്തോ പറയണം എന്ന്. അമ്മ ഇവിടെ തന്നെ ഉണ്ടാവണം. ഞാന്‍ ആശുപത്രിയില്‍ പോയി ഡോക്ടറെക്കൊണ്ട് ഈ നമ്പറില്‍ വിളിപ്പിക്കാം..." പറഞ്ഞുകൊണ്ട് അവന്‍ ആശുപത്രിയിലേയ്ക്ക് ഓടി. ഡോക്ടറുടെ കൈയില്‍ നമ്പര്‍ കൊടുത്തു. ഡോക്ടര്‍ തന്‍റെ മൊബൈല്‍ഫോണ്‍ എടുത്തു ബഷീര്‍ കൊടുത്ത നമ്പര്‍ ഡയല്‍ ചെയ്തു. മറുതലയ്ക്കല്‍ കേട്ട സ്വരത്തോടു ഡോക്ടര്‍ ചോദിച്ചു.

"രഘുവിന്‍റെ ആരാണ്..??? അമ്മയാണോ???

വിജയമ്മ "അതെ" എന്ന് പറഞ്ഞു.

പിന്നീട് ഡോക്ടര്‍ ഫോണിലൂടെ ചോദിച്ച അടുത്ത ചോദ്യം ബഷീറിന്‍റെ ഹൃദയം തകര്‍ത്തു. അവന്‍ അടുത്തുകണ്ട കസേരയില്‍ ഇരുന്നുപോയി. അപ്പോഴും ഫോണിലൂടെ ഡോക്ടര്‍ പറയുന്നുണ്ടായിരുന്നു. "ഇല്ല അതറിയണം. നേരം പുലരും മുന്നേ എനിക്കറിയണം...."

അങ്ങേ തലയ്ക്കല്‍ ഫോണ്‍ വച്ചിട്ട് വിജയമ്മ പുറത്തേയ്ക്കോടി. പുറകെയോടിചോദിച്ച സീനാത്തയെ നോക്കുകപോലും ചെയ്യാതെ അവര്‍ സ്വന്തം വീട്ടിലേയ്ക്കോടി. വീട്ടിലെത്തിയ വിജയമ്മ രഘുവിന്‍റെ ഏട്ടന്‍ രവി ഉറങ്ങിയിരുന്ന മുറിയുടെ കതകില്‍ മുട്ടി. രവി വന്നു കതകു തുറന്നു. അവര്‍ കിതപ്പോടെ പറഞ്ഞു.

"എടാ മോനെ എനിക്കൊരു വണ്ടി വേണം. എന്‍റെ ദേവുമോളെ കാണണം എനിക്കീ രാത്രീല്."

"അമ്മയ്ക്കെന്താ വട്ടായോ ഈ രാത്രീല്.... ഈ പാതിരാവില്‍ ഞാന്‍ എവിടെ പോകാനാ വണ്ടി വിളിക്കാന്‍... നാളെ നേരം വെളുക്കട്ടെ എന്തായാലും..." ഉറക്കച്ചടവോടെ അവന്‍ കോട്ടുവാ ഇട്ടുകൊണ്ട്‌ പറഞ്ഞു.

"എടാ മോനെ അങ്ങിനെയല്ല...എനിക്കവിടെ പോണം. എന്‍റെ ദേവൂനെ ഒന്ന് കാണണം. രഘൂന് അവിടെ സുഖമില്ല. ചില കാര്യങ്ങള്‍ അവളോട്‌ ചോദിക്കാന്‍...."

അമ്മ പറയുന്നതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ രവി അകത്തേയ്ക്ക് കയറി. എന്നിട്ടവന്‍ വാതിലിന്‍റെ മറവില്‍ നിന്നുകൊണ്ട് പറഞ്ഞു. "അനുഭവിക്കട്ടെ... കൈനിറയെ വാരാം എന്ന് പറഞ്ഞു പോയതല്ലേ..? അനുഭവിക്കട്ടെ.." ഇങ്ങനെ പറഞ്ഞുകൊണ്ട് പുശ്ചത്തോടെ അവന്‍ വാതിലടച്ചു.

വിജയമ്മ സങ്കടത്തോടെ തിരിഞ്ഞ് ഇറയത്തെ അയയില്‍ കിടന്ന പുതിയ തോര്‍ത്ത്‌ ഒരെണ്ണം എടുത്ത് തോളത്തേയ്ക്ക് ഇട്ടു. മുറ്റത്തേയ്ക്ക് ഇറങ്ങിയോടിയ അവര്‍ പെട്ടെന്ന് നിരത്തിലേയ്ക്ക് എത്തി. ഇരുള് ചുറ്റും നിന്നും അലറിവിളിച്ചു. ഓടുന്നതിനിടയില്‍ കവിളുകളില്‍ ഒലിച്ചിറങ്ങിയ കണ്ണീരു തുടച്ചുകൊണ്ടവര്‍ അറിയാവുന്ന ഈശ്വരന്‍മാരെ മുഴുവന്‍ വിളിച്ചു.

"ഞാന്‍ നിത്യോം വിളക്ക് വയ്ക്കണ എന്‍റെ ഭഗവാന്മാരെ...എന്‍റെ പുള്ളയ്ക്കൊരാപത്തും വരുത്തരുതേ...!!!

അവരുടെ വിളികേട്ടപോലെ എതിര്‍ദിശയില്‍ നിന്നൊരു ചാവാലിപ്പട്ടി ആകാശത്തേയ്ക്ക് നോക്കി നീട്ടിമോങ്ങി. അപ്പോള്‍ ഇരുളിലൂടെ പാഞ്ഞുവന്ന ഒരു ഓട്ടോ വിജയമ്മ കൈകാട്ടി നിര്‍ത്തി. അതിലെ സീറ്റിലേയ്ക്ക് കയറിയിരുന്നു അവരൊന്ന് നെടുവീര്‍പ്പിട്ടു. സേതുലക്ഷ്മിയമ്മയുടെ വീട്ടിനു മുന്നിലിറങ്ങി ഓട്ടോയ്ക്ക് പണം കൊടുത്ത് വിജയമ്മ ദേവുവിന്‍റെ കുടിലിലേയ്ക്ക്‌ ഓടി.

കതകിലെ തുടരെയുള്ള തട്ടും .. മോളെ ദേവൂന്നുള്ള വിളിയും കേട്ട് ദേവു കണ്ണുകള്‍ തുറന്നു. കിടക്കയില്‍ നിന്നു ചാടിയെഴുന്നേറ്റ അവള്‍ വാതിലിനരുകില്‍ വന്നൊന്ന് നിന്നു. വീണ്ടും വിളികേട്ട അവള്‍ വിളിക്കുന്നത് അമ്മയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്ന് വാതില്‍ തുറന്നു. മുന്നില്‍ നിന്നു കിതയ്ക്കുന്ന അമ്മയോട് അവള്‍ ചോദിച്ചു.

"എന്താ അമ്മെ... ഈ രാത്രീല്... എന്താണ് കാര്യം...????"

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂൺ 16, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....20

വീട്ടില്‍ എത്തിയിട്ടും അവളുടെ മനസ്സ് ശാന്തമായില്ല. ഉടലാകെ വിറച്ചുകൊണ്ടിരുന്നു. അമറിനെ കിടക്കയില്‍ കിടത്തിയിട്ട്, കൈയില്‍ കത്തുകള്‍ പിടിച്ചിരുന്നുകൊണ്ട് അവള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ അടുത്തിരുന്ന കൂജയില്‍ നിന്നും തണുത്ത വെള്ളം ഗ്ലാസില്‍ പകര്‍ന്നു കുടിച്ചു. ചുണ്ടില്‍ പറ്റിയ വെള്ളം കൈകൊണ്ടു തുടച്ചുകൊണ്ട് അവള്‍ ഉണ്ടായിരുന്ന നാല് കത്തുകളില്‍ ഒന്നെടുത്ത് പൊട്ടിച്ചു. അതില്‍ രഘു ഇപ്രകാരം അവളോട്‌ ചോദിച്ചിരുന്നു.

"ദേവൂ... നീ രഘുവേട്ടനെ മറന്നോ..??? നിനക്കറിയോ നിന്നെക്കാണാണ്ട്, നിന്നോടൊന്ന് മിണ്ടാണ്ട്‌, നിന്നെക്കുറിച്ച് ഒന്നും അറിയാണ്ട് നിന്‍റെ രഘുവേട്ടന്‍ എത്ര സങ്കടപ്പെടുന്നൂന്ന്. ഈ കത്തിനെങ്കിലും എനിക്കൊരു മറുപടി തരണേ..?? എന്തുപറ്റി നിനക്കും നമ്മുടെ മോനും എന്നറിയാന്‍ എനിക്ക് അതിയായ ആകാംഷയുണ്ട്. എനിക്കിവിടെ സുഖമാണ് ദേവൂ. ജോലിയെല്ലാം ഭംഗിയായി പോകുന്നു. ചൂടാണ്... സഹിയ്ക്കാന്‍ കഴിയാത്ത ചൂടാണ്....."

പിന്നീടൊന്നും വായിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കണ്ണുകള്‍ എങ്ങിനെ നിറഞ്ഞുവെന്നറിയില്ല. നെഞ്ചകം മിടിക്കുന്നത് അവള്‍ക്ക് കേള്‍ക്കാം. ദേവു ഭ്രാന്ത് പിടിച്ചപോലെ ആ കത്ത് കിടക്കയിലേയ്ക്കിട്ടു അടുത്ത കത്ത് പൊട്ടിച്ചു. കുറച്ചു വായിച്ചുകൊണ്ടവള്‍ അതും കിടക്കയിലേയ്ക്ക് വച്ചു. മൂന്നാമത്തെ കത്തെടുത്ത് പൊട്ടിച്ചുകൊണ്ടവള്‍, നിറഞ്ഞ കണ്ണുകളോടെ ആ കത്ത് നെഞ്ചിലേയ്ക്ക് ചേര്‍ത്തു. ആ കിടക്കയിലേയ്ക്ക് ചേര്‍ന്നവള്‍ മതിയാകും വരെ കരഞ്ഞു. പിന്നീട് ഓരോ കത്തും മുറതെറ്റാതെ വച്ചവള്‍ വായിക്കാന്‍ തുടങ്ങി. അക്ഷരങ്ങള്‍ പെറുക്കി, ശ്വാസമടക്കി, ഏറെ നേരം എടുത്തവള്‍ കത്തുകള്‍ ഓരോന്നും വായിച്ചു തീര്‍ത്തു. പിന്നെ ചില കത്തുകള്‍, ചില വരികള്‍ അവള്‍ വീണ്ടും വീണ്ടും വായിച്ചു. ആ നിമിഷങ്ങളില്‍ അവള്‍ ഉത്സാഹത്തിന്‍റെ ഉയരങ്ങളില്‍ ആയിരുന്നു. സ്നേഹത്തോടെ അമറിനെ എടുത്തവള്‍ മതിവരുവോളം ചുംബിച്ചു. ദേവുവിന് എന്ത് ചെയ്യണം എന്നറിയില്ല. നാലാമത്തെ കത്തില്‍ അവള്‍ക്കായി അവന്‍ അയച്ച അവന്‍റെ വിയര്‍പ്പുകണങ്ങള്‍ ഒരു ഡ്രാഫ്റ്റ്‌ ആയി ഇരിപ്പുണ്ടായിരുന്നു. അവള്‍ കത്തുകള്‍ എല്ലാം ചേര്‍ത്ത് അടുക്കി രഘുവിന്‍റെ ഫോട്ടോയ്ക്ക് പിന്നില്‍ കൊണ്ട് വച്ചു. അമറിന് ഭക്ഷണം കൊടുത്തു അവള്‍ ഭക്ഷണം കഴിക്കുമ്പോഴേയ്ക്കും സമയം വല്ലാതെ നീണ്ടിരുന്നു.
*******************
ബഷീറിന് വല്ലാതെ പ്രയാസം തോന്നി. അവന്‍ പിറുപിറുത്തു.

"എന്തായിത്..?? എന്ത് പറ്റി?? എന്താണിവിടെ ഇങ്ങനെ നിയമങ്ങള്‍..??? അകത്തു കിടക്കുന്ന ആളിനെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് എന്തെങ്കിലും ഒരു വിവരം നല്‍കാന്‍ പോലും ഇവര്‍ക്ക് ബാധ്യതയില്ലേ..???

മനസ്സില്‍ ഇത്തരം ചോദ്യങ്ങളുമായി അവന്‍ അടുത്ത കണ്ട കാബിനിനരുകില്‍ ചെന്നു. വാതിലിലൂടെ തല അകത്തേയ്ക്കിട്ടു ബഷീര്‍ അപരിചതനെപ്പോലെ അകത്തേയ്ക്ക് നോക്കി. അകത്ത് കമ്പ്യൂട്ടറില്‍ നോക്കിയിരുന്ന സ്ത്രീ ചോദ്യഭാവേന ബഷീറിനെ നോക്കി. തന്നെത്തന്നെ നോക്കുന്ന അവരെ നോക്കി അറിയാവുന്ന അറബിഭാഷയില്‍ അവന്‍ ചോദിച്ചു.

"ഭീ.. യാനി മലയാളീ...നഫര്‍ ഇനാക്..." (ആരെങ്കിലും മലയാളികള്‍ ഇവിടെ ഉണ്ടോ???)

ഇത് കേട്ടുകൊണ്ട് ആ സ്ത്രീ കസേരയില്‍ നിന്നെഴുന്നേറ്റു വാതിലിനരുകില്‍ വന്നു. എന്നിട്ട് ബഷീറിനോട്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്ത് വേണം പറഞ്ഞോളൂ..."

"ഹോ... അള്ളാ..!!! ങ്ങള് മലയാളിയാണല്ലേ..?? ചിരിച്ചുകൊണ്ട് ബഷീര്‍ അവരോട് പറഞ്ഞു. എന്നിട്ട് കാര്യങ്ങള്‍ അവരോട് വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞു അവര്‍ വളരെ ക്ഷമയോടെ പറഞ്ഞു. സാരമില്ല. ഞാന്‍ അന്വേഷിക്കാം. അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നയാളെപ്പറ്റി എല്ലാ പരിശോധനകളും കഴിയാതെ അവര്‍ ഒന്നും പറയില്ല. വിളിക്കും.... അവര്‍ ആവശ്യം വരുമ്പോള്‍ താങ്കളെ വിളിക്കും. ഇപ്പോള്‍ തല്‍ക്കാലം താങ്കള്‍ അവിടെ വിശ്രമിച്ചാട്ടെ. അവര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്ക് വളരെ വിഷമത്തോടെ ഒട്ടും തൃപ്തിയില്ലാതെ അവന്‍ ചെന്നിരുന്നു. ബഷീറിന്‍റെ അസ്വസ്ഥത കണ്ടു അടുത്തിരുന്ന മറ്റൊരാള്‍ അവനോടു ചോദിച്ചു.

"എന്താ മാഷെ... എന്ത് പറ്റി..??? എന്തിനാ ഇത്രേം ബേജാറ്...??? ബഷീര്‍ അയാളോടും കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കേട്ടുകൊണ്ടിരുന്നിട്ട്‌ അയാള്‍ പറഞ്ഞു.

"വേനല്‍ക്കാലത്ത് ഇതിവിടെ സാധാരണമല്ലെ..??? അതിനിത്രേം വിഷമിക്കേണ്ട. എല്ലാം ശരിയാവും. ഒരു... ഒരു മണിക്കൂറിനുള്ളില്‍ അയാളെയും കൊണ്ട് നിങ്ങള്‍ക്ക് ഒരുപക്ഷെ പോകാമായിരിക്കും. എന്നിട്ടും മനസ്സിന് തൃപ്തിവരാതെ ബഷീര്‍ വിഷമത്തോടെ ഇരുന്നു.

സമയം വളരെവേഗം കടന്നുപോയി. പുറത്തു ബാധിച്ചുതുടങ്ങിയ ഇരുള് പോലെ ബഷീറിന്‍റെ മനസ്സിലും ഇരുട്ട് ബാധിച്ചു. രഘുവിന്‍റെ വിവരം ഒന്നും അറിയാന്‍ കഴിയാതെ അവന്‍ വളരെയേറെ വിഷണ്ണനായി. ഇരുട്ടിയപ്പോഴേയ്ക്കും ബഷീറിന്റെയും, രഘുവിന്റെയും മറ്റുചില സുഹൃത്തുക്കളും ആശുപത്രിയിലേയ്ക്ക് വന്നു. ഏവരും അക്ഷമയോടെ കാത്തിരുന്നു. പുറത്തെ നിയോണ്‍ ബള്‍ബുകള്‍ രാത്രി പകലാക്കി തീര്‍ത്തിട്ട് പോലും ബഷീറിന്റെയും സുഹൃത്തുക്കളുടെയും മനസ്സിലെ ഇരുട്ട് തീര്‍ക്കാന്‍ അതിനായില്ല. ഒടുവില്‍ സങ്കടം സഹിക്കവയ്യാണ്ട്, തളര്‍ന്ന് അടുത്തു കണ്ട സിമെന്റ് ബഞ്ചിലേയ്ക്കിരുന്നു കൊണ്ട് ആരോടോന്നില്ലാത്ത അവന്‍ പറഞ്ഞു.

"ഒന്ന് കണ്ടാല്‍ മതി... എനിക്കവനെ ഒന്ന് കണ്ടാല്‍ മതി. "

ബഷീറേ നീ ഇങ്ങനെ വിഷമിക്കല്ലേ.. രഘൂന് ഒന്നും പറ്റില്ല. നിനക്കറിയില്ലേ എത്ര പേരെയാ കമ്പനീന്ന് ഇവിടെ കൊണ്ട് വരുന്നേ.. ഇത് ചൂടുകാലമല്ലേ നീ എന്താ ഒന്നും അറിയാത്തത് പോലെ... ഇതൊക്കെ ശരിയാവൂന്നെ.. അതുമല്ല രഘുവിന് ഇതൊന്നും പരിചയമില്ലാത്തതല്ലേ..??

ബഷീറിനെ സമാധാനപ്പെടുത്തിക്കൊണ്ട് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. അപ്പോള്‍ ബഷീറു പറഞ്ഞു. "നാളെ പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടതല്ലേ എല്ലാര്‍ക്കും. ജോലിയ്ക്ക് പോണ്ടേ... എന്തായാലും രഘൂനെക്കാണാതെ, അവനു എന്താന്നറിയാതെ ഞാന്‍ വരുന്നില്ല. കഫീലിനോട് ഞാന്‍ പറഞ്ഞോള്ളാം. നിങ്ങള് പോയാട്ടെ."

അവര്‍ അവിടുന്ന് പിരിയുമ്പോള്‍ രാവ് കുറച്ചേറെ പിന്നിട്ടിരുന്നു. ബഷീര്‍ അത്യാഹിതവിഭാഗത്തില്‍ നിന്നു തന്നെയും തേടിവരുന്ന ആ ഒരാളിനെ കാത്തിരിപ്പായി.
*************
ദേവു അമറിനോട് ചേര്‍ന്ന് കിടന്നു. റാന്തലിന്‍റെ തിരിനാളം പ്രകാശം കുറഞ്ഞിരുന്നു കത്തുന്നുണ്ടായിരുന്നു. അമ്മയുടെ നെഞ്ച് ചേര്‍ന്ന് ദേവുവിന്‍റെ മുല വായില്‍ വച്ച് അമര്‍ ഉറങ്ങാന്‍ തുടങ്ങി. അവന്‍റെ കവിളില്‍ കൈവിരല്‍ ചേര്‍ത്ത് അവള്‍ മെല്ലെ വായില്‍ നിന്നും മുലയെടുത്തു വസ്ത്രം നേരെയാക്കി എഴുന്നേറ്റു റാന്തലിനരുകില്‍ വന്നു. തൂക്കിയിട്ടിരുന്ന കൊളുത്തില്‍ നിന്നും അതൂരി താഴേയ്ക്ക് വച്ചു. മുറിയുടെ മൂലയില്‍ മണ്ണ് കൊണ്ട് തീര്‍ത്ത തിട്ടയില്‍ ഇരുന്ന മണ്ണെണ്ണയെടുത്ത് അവള്‍ റാന്തലില്‍ പകര്‍ന്നു. അതോടെ, വീണ്ടും തെളിഞ്ഞു കത്താന്‍ തുടങ്ങിയ അത് പഴയ സ്ഥാനത്ത് തൂക്കിയിട്ടിട്ട് ദേവു രഘുവിന്‍റെ ഫോട്ടോയ്ക്കരുകില്‍ ചെന്ന് അതിന്‍റെ പിന്നിലിരുന്ന കത്തുകള്‍ എടുത്ത് റാന്തലിന്‍റെ വെട്ടത്തില്‍ വീണ്ടും വീണ്ടും വായിച്ചു.

പുറത്തു വീശിയടിച്ച കാറ്റ് ദേവുവിന്‍റെ മാടത്തിലെ ഓലക്കീറുകള്‍ക്കിടയിലൂടെ ചൂളമടിച്ചുകൊണ്ട് പാഞ്ഞുപോയി. അവള്‍ കിടക്കയില്‍ ചേര്‍ന്ന് കാലുകള്‍ നീട്ടിവച്ച് മച്ചിലേയ്ക്ക് കണ്ണുംനട്ടിരുന്നു. കുറച്ചുനേരം അങ്ങിനെയിരുന്നവള്‍ അരുകിലെ കുഞ്ഞുമേശയില്‍ വച്ചിരുന്ന വെള്ളപേപ്പറും പേനയും കൈയിലെടുത്തു. താഴേയ്ക്കെടുത്തുവച്ച റാന്തലിന്‍റെ വെട്ടത്തില്‍ കണ്ണീരോടെ അവള്‍ അതില്‍ അക്ഷരങ്ങള്‍ എഴുതിചേര്‍ത്തു. തോരാത്ത മഴപോലെ സങ്കടം വാക്കുകളാക്കി ആ വെളുത്തു തുടുത്ത പേപ്പറില്‍ അവള്‍ പെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ കണ്ണുനീര് വീണു കുതിര്‍ന്ന ആ പേപ്പര്‍ മടക്കി അവള്‍ കവറിലേയ്ക്കിട്ടു. ചോറ്മണികള്‍ തേച്ച് അതൊട്ടിച്ച്‌, രഘുവിന്‍റെ കത്തുകളിലെ വിലാസം നോക്കി വളരെ ശ്രദ്ധയോടെ അവന്‍റെ മേല്‍വിലാസം എഴുതി ഭദ്രമായി അത് മേശപുറത്ത് വച്ചിട്ട്, റാന്തലിന്‍റെ തിരിതാഴ്ത്തി അവള്‍ ഉറങ്ങാന്‍ കിടന്നു. രഘുവിന്‍റെ കൈകളിലേയ്ക്ക് അവളുടെ ഈ കണ്ണീര് പറന്നെത്തുന്ന ദിനം സ്വപ്നം കണ്ടുകൊണ്ട്, മേശമേല്‍ ഇരുന്ന കത്തിലേയ്ക്ക് കണ്ണുകള്‍ നട്ട് ഒടുവില്‍ പതിവില്ലാത്ത ഒരു ശാന്തതയോടെ അവള്‍ കണ്ണുകള്‍ പൂട്ടി. പുറത്ത് വീശിയടിച്ച കാറ്റില്‍ ആറടിയോളം ഉയരത്തില്‍ വളര്‍ന്ന ദേവദാരുവിന്‍റെ ഒരു കുഞ്ഞുശിഖരം ഒടിഞ്ഞു താഴേയ്ക്ക് വീണു. ഉറക്കത്തില്‍ വെള്ളിമണികളോടുകൂടിയ പാദസരങ്ങളും അണിഞ്ഞ് ആരോ ദേവൂന്‍റെ നെഞ്ചിലൂടെ നടന്നുകൊണ്ടിരുന്നു. കര്‍ണങ്ങളില്‍ പടര്‍ന്നിറങ്ങിയ ആ കൊലുസ് മണികളുടെ ശബ്ദം കേട്ട് ഉറക്കത്തില്‍ ദേവു പിറുപിറുത്തു...

"മോളെ... ന്‍റെ മോളെ... " വിളിച്ചുകൊണ്ടവള്‍ അവള്‍ നടന്നു മാറിയ ദിശയിലേയ്ക്ക് മെല്ലെ കൈകള്‍ രണ്ടും നീട്ടി. കിടക്കയില്‍ നിന്നും താഴേയ്ക്ക് വീഴാന്‍ തുടങ്ങിയ ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. കണ്ടതൊരു സ്വപ്നമെങ്കിലും ദേവുവിന്‍റെ മനസ്സ് ചാഞ്ചല്യപ്പെടാന്‍ അത് ധാരാളമായിരുന്നു. അരുകിലിരുന്ന മേശമേല്‍ അവള്‍ തല ചായ്ക്കുമ്പോള്‍ കണ്ണുകളില്‍ നിന്നിറങ്ങിയ നീര്‍ക്കുമിളകള്‍ അവളുടെ കവിളുകളില്‍ ഒഴുകി സ്ഥാനം പിടിച്ചിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

2014 ജൂൺ 13, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....18

സമയം പോകുന്തോറും രഘുവിന്‍റെ മനസ്സില്‍ പലതരം ചിന്തകള്‍ ഉണര്‍ന്നു. അവനെ കൂട്ടിക്കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ ബഷീര്‍ വരും. അത് മാത്രമാണ് അവന്‍റെ ആകെയുള്ള ആശ്വാസം. തനിക്ക് ഒന്നുമറിയാത്തൊരു നാട്. കേട്ട കേള്‍വികളില്‍ പെട്ട അവന്‍റെ മനസ് ഒന്ന് പിടഞ്ഞു. സ്വയം പ്രാര്‍ഥിച്ചു. അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒരു തെറ്റും എന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാകരുതേ.. ആരോടും, ഒന്നിനോടും വെറുപ്പോ വൈരാഗ്യമോ ഉണര്‍ത്തല്ലെ ഈശ്വരാ... എനിക്ക് ജീവിക്കണം മറ്റുള്ളവരെപ്പോലെ. എന്‍റെ ദേവുവും മകനും ആരുടേയും മുന്നില്‍ തലകുനിയ്ക്കേണ്ടി വരല്ലേ... ഇല്ല ഞാന്‍ ജീവിക്കും. ആരോടും തോല്‍ക്കില്ല... സീറ്റിലേയ്ക്ക് ചേര്‍ന്ന്‍ അവന്‍ കണ്ണുകള്‍ പൂട്ടിയിരുന്നു. പെട്ടെന്ന് വിമാനത്തിനുള്ളില്‍ അറിയിപ്പ് വന്നു. സൗദിയിലെ റിയാദില്‍ വിമാനം ലാന്‍ഡ്‌ ചെയ്യാറായി. എല്ലാരും സീറ്റ് ബെല്‍റ്റ്‌ ധരിക്കണം എന്ന അറിയിപ്പായിരുന്നു വന്നത്. എയര്‍ ഹോസ്റ്റസ്സുമാര്‍ ഓരോ സീറ്റിലേയ്ക്കും വന്നെത്തി നോക്കി. മറ്റുള്ളവര്‍ സീറ്റ് ബെല്‍റ്റ്‌ ഇടുന്നത് എങ്ങിനെ എന്ന് നോക്കി സ്വയം ഇടാന്‍ കഴിയില്ല എന്ന് തോന്നിയ, ഒരു വിവശതയോടെ ഇരുന്ന രഘുവിന് സഹയാത്രികന്‍ സഹായിയായി. രഘുവിന്‍റെ സീറ്റിനരുകില്‍ വന്നു രഘു ചാരിയിരുന്ന സീറ്റ് ഒന്നുകൂടി നിവര്‍ത്തിവച്ചിട്ട് എയര്‍ഹോസ്റ്റസ് പിന്നിലേയ്ക്ക് പോയി.

ഇപ്പോള്‍ അവനു കാണാം... താഴെ ഒരു ആകാശം പോലെ വര്‍ണ്ണപ്രപഞ്ചം. രഘു അടുത്തിരുന്നയാളോട് ചോദിച്ചു.

"നമ്മളെന്താ ഈ നക്ഷത്രങ്ങള്‍ക്കും മേലെയാണോ സഞ്ചരിക്കുന്നത്..."

അടുത്തിരുന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആദ്യായിട്ടാ... അല്ലെ...?

രഘു പുഞ്ചിരിയോടെ തലകുലുക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു.

"താഴെ കാണുന്നതെല്ലാം ഓരോ കെട്ടിടങ്ങളുടെ, പാര്‍ക്കുകളുടെ, തെരുവുകളുടെ ഒക്കെ വിളക്കുകളാണ്."

അയാളുടെ അരുകിലൂടെ വശത്തെ ജനാലയുടെ ഗ്ലാസ്സിലൂടെ രഘു താഴേയ്ക്ക് നോക്കി. അവന്‍ ചോദിച്ച സംശയം കേട്ടയാള്‍ മറുപടി പറഞ്ഞു.

"ആ കാണുന്നതാണോ..?? ആ നേര്‍രേഖയില്‍..???? അത് റോഡിലുള്ള വിളക്കുകളാണ്.. പിന്നെ റോഡിനെ ഓരോരോ ട്രാക്കുകള്‍ ആയി തിരിക്കുന്ന സ്റ്റഡ്കളും....

രഘുവിന് എല്ലാം ഒരത്ഭുതം ആയിരുന്നു. അവന്‍റെ മനസ്സ് പിടയാന്‍ തുടങ്ങി. താനും ഒരു ഗള്‍ഫ്‌കാരന്‍ ആകാന്‍ പോകുന്നു. വിമാനം മെല്ലെ താഴേയ്ക്ക് ചായാന്‍ തുടങ്ങി. അത് ചെറുതായൊന്ന് ഉലഞ്ഞു. ഇപ്പോള്‍ താഴെക്കണ്ടിരുന്ന വിളക്കുകള്‍ അവന്‍റെ കണ്മുന്നില്‍ എന്നപോലെ കാണാന്‍ തുടങ്ങി. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ, പിന്നെ അവയെ പിന്നിലേയ്ക്ക് തള്ളി അവയ്ക്കിടയിലൂടെ താഴേയ്ക്ക്... അതോടെ നിരത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അവന്‍ വ്യക്തമായി കാണാന്‍ തുടങ്ങി. പിന്നെ മണ്ണും. ഭൂവാകെ പരന്ന വെളിച്ചം ഒക്കെ കണ്ട് രഘുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. വിമാനം അതിശക്തമായി കാറ്റിനെ ചെറുക്കാന്‍ തുടങ്ങി. ഭയാനകമായ വേഗതയോടെ ഓടിക്കൊണ്ടിരുന്ന അതിന്‍റെ വേഗം മെല്ലെമെല്ലെ കുറഞ്ഞു.... പിന്നീട് സാവധാനം സഞ്ചരിച്ചു, ഒരു വളവ് നിന്നുതിരിഞ്ഞു വിമാനത്താവളത്തിലെ ഏതോ ഒരു ടെര്‍മിനലില്‍ വന്നു നിന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ച് മാറ്റി സഹയാത്രികരെപ്പോലെ അവനും തയ്യാറായി നിന്നു. പിന്നീട് അവര്‍ക്കൊപ്പം അവര്‍ക്ക് പിന്നാലെ അവന്‍ നടന്നു. അത്തറിന്‍റെ മനം മയക്കുന്ന സുഗന്ധം... പകലിനു പോലും ഇത്രയും വെളിച്ചം അവന്‍ കണ്ടിട്ടില്ല... ഇത് രാത്രിയോ പകലോ...??? അത്ഭുതത്തോടെ അവന്‍ നടന്നു.

വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം കഴിഞ്ഞു രഘു പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവന്‍റെ വാച്ചില്‍ സമയം 9.30 ആയിരുന്നു. ബഷീര്‍ വാഹനവുമായി പുറത്ത് അവനെ കാത്തുനില്‍ക്കുണ്ടായിരുന്നു. രഘുവിനെക്കണ്ട ബഷീര്‍ അവനരുകിലേയ്ക്ക് വന്നു. പിന്നെ അവനെ കെട്ടിപ്പിടിച്ചു. ബാഗുകള്‍ എടുക്കാന്‍ അവന്‍ കൂടി സഹായിച്ചു. പിന്നീട് വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അവന്‍റെ സുഖവിവരങ്ങള്‍, നാട്ടിലെ വിശേഷങ്ങള്‍ ഒക്കെ ബഷീര്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, അവരുടെ യാത്ര അവസാനിച്ചത്‌ ഒരുപാട് ഇടറോഡുകള്‍ താണ്ടിയായിരുന്നു. തൊഴിലാളികളുടെ ക്യാംപിലേയ്ക്ക് പ്രവേശിച്ച് വണ്ടി നിന്നു. രഘുവും ബഷീറും വാഹനത്തില്‍ നിന്നിറങ്ങി. ബഷീറിന്‍റെ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ രഘു അത്ഭുതത്തോടെ ബഷീറിനോട് ചോദിച്ചു.

"എടാ... ഈ റോഡുകള്‍ ഒക്കെ നിനക്കറിയാമോ...??? എനിക്കാകെ ഒരു തലപുകച്ചില്‍ ആയിരുന്നു...

രഘുവിന്‍റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ബഷീര്‍ പറഞ്ഞു.

"ആദ്യമൊക്കെ പാടായിരുന്നു... പിന്നെ ഇപ്പോള്‍ എല്ലായിടവും അറിയാം... പത്തുപന്ത്രണ്ട് കൊല്ലായില്ലേടാ...."

അന്നത്തെ രാത്രി രഘു ബഷീറിന്‍റെ മുറിയിലായിരുന്നു. നാളെ പുലരുമ്പോള്‍ ഓഫീസില്‍ കൊണ്ടുപോകാം ഞാന്‍... പിന്നെ ഈ മുറി തന്നെ നിനക്ക് ഉപയോഗിക്കാം...ഞാന്‍ ബോസിനോട് ഒന്ന് പറഞ്ഞു നോക്കട്ടെ... ഈ കട്ടിലില്‍ ഉണ്ടായിരുന്നവന്‍ ഇവിടുന്ന് പോയി. ഞാന്‍ കഫീലിനോടും പറഞ്ഞിട്ടുണ്ട്... അന്ന് കിടക്കുംവരെ രഘുവിന് സംശയങ്ങള്‍ ആയിരുന്നു. സന്തോഷത്തോടെ ബഷീര്‍ അവന്‍റെ ഓരോ ചോദ്യത്തിനും മറുപടി കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ കുളിച്ച്, ഭക്ഷണം ഒക്കെ കഴിച്ചു കിടക്കാന്‍ നേരം ചുവരില്‍ വച്ചിരുന്ന ഘടികാരത്തില്‍ നോക്കി ബഷീര്‍ പറഞ്ഞു.

"രഘൂ....നീ നിന്‍റെ വാച്ചിലെ സമയം... ദേ ഇത് നോക്കി മാറ്റി വചോള്ളൂ... നാളെ പുലര്‍ച്ചെ എനിക്ക് ആളുകളെ സൈറ്റില്‍ കൊണ്ട് വിട്ടിട്ടു വേണം നിന്നെക്കൊണ്ട് പോയി ഓഫീസില്‍ വിടാന്‍.... അവിടുത്തെ എഴുത്ത്കുത്തൊക്കെ പെട്ടെന്ന് കഴിയും. അവര് ചോദിച്ചാല്‍ സൈറ്റില്‍ പോവണം എന്ന് പറഞ്ഞേര്... കഴിയുമെങ്കില്‍ നാളെ തന്നെ നീ സൈറ്റില്‍ ഇറങ്ങണം. എന്തിനാടാ നാട് വിട്ടു വന്നിട്ട് ഒരു ദിവസം വെറുതെ വേസ്റ്റ് ആക്കുന്നെ...!!!!"

ബഷീറിന്‍റെ വാക്കുകള്‍ക്കെല്ലാം രഘു തലകുലുക്കി. ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ കൈത്തണ്ടയില്‍ നോക്കി... സമയം 11.30. ബഷീര്‍ പറഞ്ഞ സമയം മനസ്സില്‍ കൂട്ടി അവന്‍ പിറുപിറുത്തു. നാട്ടില്‍ ഇപ്പോള്‍ 2.00 മണി.. "ന്‍റെ ദേവു... ന്‍റെ ദേവു ഇപ്പോള്‍ എന്തെടുക്കുകയോ ആവോ..??? അവള്‍ ഉറങ്ങീട്ടുണ്ടാകുമോ..??? അവളുടെ ചിന്തകളില്‍ അസ്വസ്ഥനായ രഘു തിരിഞ്ഞും മറിഞ്ഞും കിടന്നു... ഒടുവില്‍ എപ്പോഴോ അവന്‍ ഉറക്കം പിടിച്ചു.
*****************
രാത്രി പുതച്ചിരുന്ന കരിമ്പടം മാറ്റി വെണ്‍പട്ടുചേലയുടുത്ത്‌ പുലരിയെത്തി. രാത്രിലില്ലികള്‍ കൊഴിഞ്ഞുവീണു. മുറ്റത്തെ കിളിമരത്തില്‍ വര്‍ണ്ണക്കുരുവികള്‍ വാലാട്ടി നൃത്തമാടാന്‍ തുടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ ദേവു വല്ലാത്തൊരു ആലസ്യത്തോടെ വന്നു വാതില്‍ തുറന്നു. കണ്ണുകളില്‍ വീണ വെളിച്ചം അവളുടെ കണ്ണുകളെ കുറുകിയടച്ചു. അവള്‍ മുറ്റത്തേയ്ക്കിറങ്ങി. പ്രകൃതിയ്ക്ക് വല്ലാത്തൊരു സുഗന്ധം പോലെ. അവള്‍ ദേവദാരുവിന്നരികത്ത് വന്നു നിന്നു. പിന്നെ കുടുംബവീട്ടിലേയ്ക്ക് വെറുതെ ഒന്ന് നോക്കി. പെട്ടെന്ന് ദേവുവിന്‍റെ കുഞ്ഞുവീട്ടിലേയ്ക്ക് കണ്ണും നട്ടിരുന്ന സേതുലക്ഷ്മിയമ്മ അവരുടെ മുറിയുടെ ജനാലയ്ക്കല്‍ നിന്നും തല അകത്തേയ്ക്ക് വലിച്ചു. ദേവു അറിയാതെ ചിരിച്ചുപോയി. തലമുടി വാരിക്കെട്ടി വീടിനകത്തേയ്ക്ക് തിരിച്ചു കയറുമ്പോള്‍ ഓലമേഞ്ഞ ചുവരില്‍, അവള്‍ക്കായി ഒടുവില്‍ രഘു ഫ്രെയിം ചെയ്തു വച്ച അവന്‍റെ ഫോട്ടോയിലേയ്ക്ക് അവളൊന്ന് നോക്കി. പിന്നെ മെല്ലെ അതിനരുകിലായി വന്നു നിന്നു. വലതുകരം ഉയര്‍ത്തി കണ്ണുകള്‍ പൂട്ടി ആ ഫോട്ടോയിലൂടെ അവള്‍ വിരലുകള്‍ ഓടിച്ചു. ദേവുവിന്‍റെ മനസ്സ് പിടഞ്ഞു.

"ന്‍റെ.. രഘുവേട്ടന്‍... ന്‍റെ രഘുവേട്ടന്‍ ഇപ്പോള്‍ എന്തെടുക്കുകയാണോ ആവോ..?? ഇങ്ങനെ ചിന്തിച്ചുകൊണ്ടവള്‍ നില്‍ക്കുമ്പോള്‍ പുറത്താരോ അവളുടെ പേരെടുത്തു വിളിച്ചു.

"ദേവൂട്ടിയെ..."

അവള്‍ ആരാണെന്ന് അറിയാതെ വിളികേട്ട് കൊണ്ട് പുറത്തേയ്ക്ക് ചെന്നു. കുറച്ചകലെയുള്ള, അവള്‍ക്കു പരിചയം ഉള്ള ഒരു ജോലിക്കാരന്‍ ആയിരുന്നു. കൂടെ ഒരാളും. പോകുന്നതിന് മുന്‍പ് കിണറു കുഴിക്കാനായി രഘു ഏര്‍പ്പാട് ചെയ്തിരുന്നയാള്‍. മുന്നേ സ്ഥാനം കണ്ടിരുന്ന ഭാഗം കാട്ടിക്കൊടുക്കുക മാത്രമാണ് ദേവു ചെയ്തത്. അവരോടൊപ്പം നിന്ന അവള്‍ അവര്‍ ജോലി തുടങ്ങുമ്പോഴേയ്ക്കും അകത്തേയ്ക്ക് കയറി. പിന്നെ വീട്ടിലേയ്ക്ക് ആവശ്യമുള്ള വെള്ളത്തിനായി രണ്ട് ബക്കറ്റുമെടുത്ത് അയല്‍വാസിയായ ഒരു മുസ്ലിം വീടിന്‍റെ മുറ്റത്ത് ചെന്നു. ആരെയും പുറത്തു കാണാത്തത് കൊണ്ട് അവള്‍ മടിച്ചുമടിച്ച് വീടിനുള്ളിലേയ്ക്ക് നോക്കി. ആരെയെങ്കിലും വിളിക്കാം എന്ന് കരുതിയപ്പോള്‍ പ്രായമുള്ള ഒരാള്‍ പുറത്തേയ്ക്ക് വന്നു.

"ഇതെന്താ പടച്ചോനെ ഞമ്മള് കാണുന്നത്... ന്‍റെ ദേവൂട്ടിയാ... ന്താണ്‍ടീ... ജ്ജ് ഈ വഴിയ്ക്ക്. ഞമ്മളെയൊക്കെ അറിയ്യോ നീയ്..."

"അറിയാഞ്ഞിട്ടല്ല സലിം ബാപ്പ... ന്‍റെ മോള് മരിച്ചേ പിന്നെ ഞാനെങ്ങടും പോയിട്ടില്ല. എന്നിട്ടവള്‍ തുടര്‍ന്നു. അച്ഛന്‍ പോയേപ്പിന്നെ ഇവിടുത്തെ ഉപ്പും ചോറും തിന്നല്ലേ ഈ ദേവൂ വളര്‍ന്നത്.. അങ്ങിനെയങ്ങ് മറക്കാന്‍ പറ്റുമോ എല്ലാം... ഒന്നും മറന്നിട്ടില്ല സലിം ബാപ്പാ.."

ദേവുവിന്‍റെ വാക്കുകള്‍ കേട്ടുകൊണ്ട് അകത്തേയ്ക്ക് നോക്കി സലിം വിളിച്ചു.. "നബീസുവേ... ഒന്നിങ്ങട്‌ വാടീ... ഇതാരാ... മ്മടെ വീട്ടുപടിക്കലെന്നു കാണണുണ്ടോ..ജ്ജ്..."

അകത്ത് മൃദുലമായ ഒരു സ്വരം. പിന്നെ മെല്ലെയത് പുറത്തേയ്ക്ക് വന്നു. വെള്ള മുണ്ട് വാരിച്ചുറ്റി പിന്നെ തലയിലൊരു വെളുത്ത തുണിയിട്ട, വളരെ ഭംഗിയുള്ള ഒരുമ്മ... അറ്റുപോകാറായ കാതിലെ കമ്മല്‍ അവരുടെ ഭംഗിയ്ക്ക് വീണ്ടും പകിട്ടേകി. ദേവുവിനെ കണ്ട അവര്‍ അത്യന്തം സ്നേഹത്തോടെ പടികള്‍ ഇറങ്ങി മെല്ലെ മുറ്റത്തേയ്ക്ക് വന്നു. ദേവു ഉമ്മയെ നോക്കി മനോഹരമായി ചിരിച്ചു. ദേവൂനെ ചേര്‍ത്തണച്ച് അവര്‍ പറഞ്ഞു.

"എത്ര നാളായടാ...ഞമ്മളൊന്നു കണ്ടിട്ട്... എന്നിട്ടവളുടെ മുഖം മെല്ലെ തഴുകി ചോദിച്ചു... "എന്ത് പറ്റിയെടാ... നീയെന്താ വല്ലാണ്ടിരിക്കണത്..??? നന്നായി ക്ഷീണിച്ച് ട്ടാ...നീയ്... അവളെ ചേര്‍ത്ത് പിടിച്ചു അകത്തേയ്ക്ക് നടക്കുമ്പോഴേയ്ക്കും സലിം കൈയില്‍ ഇരുന്ന വടിക്കുടയും കുത്തി പുറത്തേയ്ക്ക് നടന്നു. നടക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു...

"നബീസുവേ... മോക്ക് കഴിക്കാന്‍ വയറു നിറച്ച് കൊടുക്കണേ നീയ്..."

അവര്‍ അയാളെ നോക്കി ചിരിച്ചുകൊണ്ട് ദേവൂനെയും കൂട്ടി അകത്തേയ്ക്ക് പോയി. പടിക്കെട്ടില്‍ ബക്കറ്റ് വച്ചിട്ടാണ് അവള്‍ അകത്തേയ്ക്ക് പോയത്. ഉമ്മയോട് പെട്ടെന്ന് തന്നെ അവള്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഒടുവില്‍, ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച അവരോട് കുഞ്ഞു ഉറങ്ങുന്ന കാര്യം പറഞ്ഞ്, ബക്കറ്റ്കളില്‍ വെള്ളവും നിറച്ച് ദേവു വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. ദേവു മടങ്ങുമ്പോള്‍ അവള്‍ക്കരുകിലായി നിന്ന്‍ രണ്ടു കൈയും മേല്‍പ്പോട്ടുയര്‍ത്തി നബീസു ഉമ്മ പറഞ്ഞു...

"അള്ളാ... കാത്തോളണേന്‍റെ കുട്ടിയെ...!!!
***********
ഓഫിസില്‍ എത്തിയ രഘു കഫീല്‍ വരാനായി കാത്തിരുന്നു. നേരം കുറച്ച് വൈകി.. അവന് തണുക്കാന്‍ തുടങ്ങി. അവനിരുന്ന ഹാളിനു നടുവിലായി ഒരു മേശയിട്ട്, അതിന്‍റെ കസേരയില്‍ ഇരുന്ന മലയാളിയായ ഓഫീസ് ബോയിയോട് അവന്‍ പറഞ്ഞു.

"എനിക്ക് വല്ലാണ്ട് തണുക്കുന്നു... ഈ തണുപ്പൊന്നു കുറയ്ക്കാന്‍ കഴിയ്യോ..."

അപ്പോള്‍ അവന്‍ പറഞ്ഞു..... "അയ്യോ...ഇത് സെന്‍ട്രല്‍ എ.സിയാ... ഇതിപ്പോള്‍ കുറച്ചാല്‍ ആ പോത്തിപ്പോള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങും... അരുകിലെ ഗ്ലാസ് കാബിനില്‍ ഇരുന്ന തടിച്ചുരുണ്ട ഒരു പാലസ്തീനിയെ അവന്‍ ചൂണ്ടിക്കാട്ടി. രഘു പിന്നെയും പഴയസ്ഥാനത്ത് ചെന്നിരുന്നു. അവനെ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. സമയം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു വിറയലോടെ രഘു തളര്‍ന്നുവീണു. അവനരുകിലേയ്ക്ക് ഓടിയെത്തിയ ചിലര്‍ അവനെ താങ്ങിയെടുത്ത് അടുക്കളയിലേയ്ക്ക് കൊണ്ടുവന്നു. അവിടത്തെ കസേരയില്‍ പിടിച്ചിരുത്തി മുഖത്തേയ്ക്ക് വെള്ളം തളിച്ചു. രഘു കണ്ണുകള്‍ തുറന്നു കൂടിനിന്നവരെ നോക്കി. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ആരോ അവന് ഒരു ചൂട് ചായ പകര്‍ന്നു നല്‍കി. അവന്‍ ആശ്വാസത്തോടെ അത് മൊത്തിക്കുടിച്ചു. അപ്പോഴേയ്ക്കും കമ്പനിയുടെ മുതലാളി എത്തി. കൂടി നില്‍ക്കുന്ന ഓഫീസര്‍മാരെക്കണ്ട് അയാള്‍ തെല്ലുച്ചത്തില്‍ വിളിച്ചു ചോദിച്ചു....

"ലേഷ്... ഖുല്ലൂ.. നഫര്‍ ഇനാക്..." (എന്താ എല്ലാവരും കൂടി ഇവിടെ..???)

അതില്‍ കൂടിനിന്ന കുറച്ചു അറബ് അറിയാവുന്ന ഒരാള്‍ പെട്ടെന്ന് പറഞ്ഞു.. "അതാ ജദീദ് നഫര്‍ ഫി മുഷ്കില്‍... ഷോയ്..." (ഈ പുതിയ ആള്‍ക്ക് കുറച്ചു പ്രശ്നം ഉണ്ട്)

"യേള്ളാ... റോ.. ഇബ്ന ഹിലാല്‍.." ( ഓക്കേ.. പെട്ടെന്ന് പോകൂ എല്ലാരും) എന്നിട്ടയാള്‍ അടുക്കള വാതിലില്‍ വന്നു നിന്നു. ആറടി പൊക്കം ഉണ്ടായിരുന്ന അയാളെ കണ്ടു ഭയന്ന് രഘു മെല്ലെ എഴുന്നേറ്റു. രഘുവിനെ ഒന്ന് നോക്കി പിന്നെ ഓഫീസിന് ചുറ്റും നോക്കി അയാള്‍ വിളിച്ചു പറഞ്ഞു...

"അന മായ്ബ്ഗ മസ്ക്കര.... " (എനിക്ക് ഈ അലസത വേണ്ട) എന്നിട്ട് ഓഫീസ് ബോയിയെ നോക്കി പറഞ്ഞു.

"യെള്ളാ താള്‍ ഇനാക് ഹബീബീ..." (വാ ഇങ്ങോട്ട് വാ ..) ഓഫീസ് ബോയി അയാളുടെ പുറകെ ഓടുമ്പോള്‍ രഘു ഒന്നും മനസ്സിലാകാതെ ഭയപ്പാടോടെ ഇരിക്കുകയായിരുന്നു... അവന്‍റെ മനസ്സ് പറഞ്ഞു... "വേണ്ടിയിരുന്നില്ല... ഇതൊന്നും വേണ്ടിയിരുന്നില്ല..."

(തുടരും)
ശ്രീ വര്‍ക്കല