ദേവദാരുവിന്നരികത്ത്.....20
വീട്ടില്‍ എത്തിയിട്ടും അവളുടെ മനസ്സ് ശാന്തമായില്ല. ഉടലാകെ വിറച്ചുകൊണ്ടിരുന്നു. അമറിനെ കിടക്കയില്‍ കിടത്തിയിട്ട്, കൈയില്‍ കത്തുകള്‍ പിടിച്ചിരുന്നുകൊണ്ട് അവള്‍ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ അടുത്തിരുന്ന കൂജയില്‍ നിന്നും തണുത്ത വെള്ളം ഗ്ലാസില്‍ പകര്‍ന്നു കുടിച്ചു. ചുണ്ടില്‍ പറ്റിയ വെള്ളം കൈകൊണ്ടു തുടച്ചുകൊണ്ട് അവള്‍ ഉണ്ടായിരുന്ന നാല് കത്തുകളില്‍ ഒന്നെടുത്ത് പൊട്ടിച്ചു. അതില്‍ രഘു ഇപ്രകാരം അവളോട് ചോദിച്ചിരുന്നു.
"ദേവൂ... നീ രഘുവേട്ടനെ മറന്നോ..??? നിനക്കറിയോ നിന്നെക്കാണാണ്ട്, നിന്നോടൊന്ന് മിണ്ടാണ്ട്, നിന്നെക്കുറിച്ച് ഒന്നും അറിയാണ്ട് നിന്‍റെ രഘുവേട്ടന്‍ എത്ര സങ്കടപ്പെടുന്നൂന്ന്. ഈ കത്തിനെങ്കിലും എനിക്കൊരു മറുപടി തരണേ..?? എന്തുപറ്റി നിനക്കും നമ്മുടെ മോനും എന്നറിയാന്‍ എനിക്ക് അതിയായ ആകാംഷയുണ്ട്. എനിക്കിവിടെ സുഖമാണ് ദേവൂ. ജോലിയെല്ലാം ഭംഗിയായി പോകുന്നു. ചൂടാണ്... സഹിയ്ക്കാന്‍ കഴിയാത്ത ചൂടാണ്....."
പിന്നീടൊന്നും വായിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കണ്ണുകള്‍ എങ്ങിനെ നിറഞ്ഞുവെന്നറിയില്ല. നെഞ്ചകം മിടിക്കുന്നത് അവള്‍ക്ക് കേള്‍ക്കാം. ദേവു ഭ്രാന്ത് പിടിച്ചപോലെ ആ കത്ത് കിടക്കയിലേയ്ക്കിട്ടു അടുത്ത കത്ത് പൊട്ടിച്ചു. കുറച്ചു വായിച്ചുകൊണ്ടവള്‍ അതും കിടക്കയിലേയ്ക്ക് വച്ചു. മൂന്നാമത്തെ കത്തെടുത്ത് പൊട്ടിച്ചുകൊണ്ടവള്‍, നിറഞ്ഞ കണ്ണുകളോടെ ആ കത്ത് നെഞ്ചിലേയ്ക്ക് ചേര്‍ത്തു. ആ കിടക്കയിലേയ്ക്ക് ചേര്‍ന്നവള്‍ മതിയാകും വരെ കരഞ്ഞു. പിന്നീട് ഓരോ കത്തും മുറതെറ്റാതെ വച്ചവള്‍ വായിക്കാന്‍ തുടങ്ങി. അക്ഷരങ്ങള്‍ പെറുക്കി, ശ്വാസമടക്കി, ഏറെ നേരം എടുത്തവള്‍ കത്തുകള്‍ ഓരോന്നും വായിച്ചു തീര്‍ത്തു. പിന്നെ ചില കത്തുകള്‍, ചില വരികള്‍ അവള്‍ വീണ്ടും വീണ്ടും വായിച്ചു. ആ നിമിഷങ്ങളില്‍ അവള്‍ ഉത്സാഹത്തിന്‍റെ ഉയരങ്ങളില്‍ ആയിരുന്നു. സ്നേഹത്തോടെ അമറിനെ എടുത്തവള്‍ മതിവരുവോളം ചുംബിച്ചു. ദേവുവിന് എന്ത് ചെയ്യണം എന്നറിയില്ല. നാലാമത്തെ കത്തില്‍ അവള്‍ക്കായി അവന്‍ അയച്ച അവന്‍റെ വിയര്‍പ്പുകണങ്ങള്‍ ഒരു ഡ്രാഫ്റ്റ് ആയി ഇരിപ്പുണ്ടായിരുന്നു. അവള്‍ കത്തുകള്‍ എല്ലാം ചേര്‍ത്ത് അടുക്കി രഘുവിന്‍റെ ഫോട്ടോയ്ക്ക് പിന്നില്‍ കൊണ്ട് വച്ചു. അമറിന് ഭക്ഷണം കൊടുത്തു അവള്‍ ഭക്ഷണം കഴിക്കുമ്പോഴേയ്ക്കും സമയം വല്ലാതെ നീണ്ടിരുന്നു.
*******************
ബഷീറിന് വല്ലാതെ പ്രയാസം തോന്നി. അവന്‍ പിറുപിറുത്തു.
"എന്തായിത്..?? എന്ത് പറ്റി?? എന്താണിവിടെ ഇങ്ങനെ നിയമങ്ങള്‍..??? അകത്തു കിടക്കുന്ന ആളിനെക്കുറിച്ച് പുറത്തുള്ളവര്‍ക്ക് എന്തെങ്കിലും ഒരു വിവരം നല്‍കാന്‍ പോലും ഇവര്‍ക്ക് ബാധ്യതയില്ലേ..???
മനസ്സില്‍ ഇത്തരം ചോദ്യങ്ങളുമായി അവന്‍ അടുത്ത കണ്ട കാബിനിനരുകില്‍ ചെന്നു. വാതിലിലൂടെ തല അകത്തേയ്ക്കിട്ടു ബഷീര്‍ അപരിചതനെപ്പോലെ അകത്തേയ്ക്ക് നോക്കി. അകത്ത് കമ്പ്യൂട്ടറില്‍ നോക്കിയിരുന്ന സ്ത്രീ ചോദ്യഭാവേന ബഷീറിനെ നോക്കി. തന്നെത്തന്നെ നോക്കുന്ന അവരെ നോക്കി അറിയാവുന്ന അറബിഭാഷയില്‍ അവന്‍ ചോദിച്ചു.
"ഭീ.. യാനി മലയാളീ...നഫര്‍ ഇനാക്..." (ആരെങ്കിലും മലയാളികള്‍ ഇവിടെ ഉണ്ടോ???)
ഇത് കേട്ടുകൊണ്ട് ആ സ്ത്രീ കസേരയില്‍ നിന്നെഴുന്നേറ്റു വാതിലിനരുകില്‍ വന്നു. എന്നിട്ട് ബഷീറിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
"എന്ത് വേണം പറഞ്ഞോളൂ..."
"ഹോ... അള്ളാ..!!! ങ്ങള് മലയാളിയാണല്ലേ..?? ചിരിച്ചുകൊണ്ട് ബഷീര്‍ അവരോട് പറഞ്ഞു. എന്നിട്ട് കാര്യങ്ങള്‍ അവരോട് വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞു അവര്‍ വളരെ ക്ഷമയോടെ പറഞ്ഞു. സാരമില്ല. ഞാന്‍ അന്വേഷിക്കാം. അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നയാളെപ്പറ്റി എല്ലാ പരിശോധനകളും കഴിയാതെ അവര്‍ ഒന്നും പറയില്ല. വിളിക്കും.... അവര്‍ ആവശ്യം വരുമ്പോള്‍ താങ്കളെ വിളിക്കും. ഇപ്പോള്‍ തല്‍ക്കാലം താങ്കള്‍ അവിടെ വിശ്രമിച്ചാട്ടെ. അവര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്ക് വളരെ വിഷമത്തോടെ ഒട്ടും തൃപ്തിയില്ലാതെ അവന്‍ ചെന്നിരുന്നു. ബഷീറിന്‍റെ അസ്വസ്ഥത കണ്ടു അടുത്തിരുന്ന മറ്റൊരാള്‍ അവനോടു ചോദിച്ചു.
"എന്താ മാഷെ... എന്ത് പറ്റി..??? എന്തിനാ ഇത്രേം ബേജാറ്...??? ബഷീര്‍ അയാളോടും കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. കേട്ടുകൊണ്ടിരുന്നിട്ട് അയാള്‍ പറഞ്ഞു.
"വേനല്‍ക്കാലത്ത് ഇതിവിടെ സാധാരണമല്ലെ..??? അതിനിത്രേം വിഷമിക്കേണ്ട. എല്ലാം ശരിയാവും. ഒരു... ഒരു മണിക്കൂറിനുള്ളില്‍ അയാളെയും കൊണ്ട് നിങ്ങള്‍ക്ക് ഒരുപക്ഷെ പോകാമായിരിക്കും. എന്നിട്ടും മനസ്സിന് തൃപ്തിവരാതെ ബഷീര്‍ വിഷമത്തോടെ ഇരുന്നു.
സമയം വളരെവേഗം കടന്നുപോയി. പുറത്തു ബാധിച്ചുതുടങ്ങിയ ഇരുള് പോലെ ബഷീറിന്‍റെ മനസ്സിലും ഇരുട്ട് ബാധിച്ചു. രഘുവിന്‍റെ വിവരം ഒന്നും അറിയാന്‍ കഴിയാതെ അവന്‍ വളരെയേറെ വിഷണ്ണനായി. ഇരുട്ടിയപ്പോഴേയ്ക്കും ബഷീറിന്റെയും, രഘുവിന്റെയും മറ്റുചില സുഹൃത്തുക്കളും ആശുപത്രിയിലേയ്ക്ക് വന്നു. ഏവരും അക്ഷമയോടെ കാത്തിരുന്നു. പുറത്തെ നിയോണ്‍ ബള്‍ബുകള്‍ രാത്രി പകലാക്കി തീര്‍ത്തിട്ട് പോലും ബഷീറിന്റെയും സുഹൃത്തുക്കളുടെയും മനസ്സിലെ ഇരുട്ട് തീര്‍ക്കാന്‍ അതിനായില്ല. ഒടുവില്‍ സങ്കടം സഹിക്കവയ്യാണ്ട്, തളര്‍ന്ന് അടുത്തു കണ്ട സിമെന്റ് ബഞ്ചിലേയ്ക്കിരുന്നു കൊണ്ട് ആരോടോന്നില്ലാത്ത അവന്‍ പറഞ്ഞു.
"ഒന്ന് കണ്ടാല്‍ മതി... എനിക്കവനെ ഒന്ന് കണ്ടാല്‍ മതി. "
ബഷീറേ നീ ഇങ്ങനെ വിഷമിക്കല്ലേ.. രഘൂന് ഒന്നും പറ്റില്ല. നിനക്കറിയില്ലേ എത്ര പേരെയാ കമ്പനീന്ന് ഇവിടെ കൊണ്ട് വരുന്നേ.. ഇത് ചൂടുകാലമല്ലേ നീ എന്താ ഒന്നും അറിയാത്തത് പോലെ... ഇതൊക്കെ ശരിയാവൂന്നെ.. അതുമല്ല രഘുവിന് ഇതൊന്നും പരിചയമില്ലാത്തതല്ലേ..??
ബഷീറിനെ സമാധാനപ്പെടുത്തിക്കൊണ്ട് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞു. അപ്പോള്‍ ബഷീറു പറഞ്ഞു. "നാളെ പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടതല്ലേ എല്ലാര്‍ക്കും. ജോലിയ്ക്ക് പോണ്ടേ... എന്തായാലും രഘൂനെക്കാണാതെ, അവനു എന്താന്നറിയാതെ ഞാന്‍ വരുന്നില്ല. കഫീലിനോട് ഞാന്‍ പറഞ്ഞോള്ളാം. നിങ്ങള് പോയാട്ടെ."
അവര്‍ അവിടുന്ന് പിരിയുമ്പോള്‍ രാവ് കുറച്ചേറെ പിന്നിട്ടിരുന്നു. ബഷീര്‍ അത്യാഹിതവിഭാഗത്തില്‍ നിന്നു തന്നെയും തേടിവരുന്ന ആ ഒരാളിനെ കാത്തിരിപ്പായി.
*************
ദേവു അമറിനോട് ചേര്‍ന്ന് കിടന്നു. റാന്തലിന്‍റെ തിരിനാളം പ്രകാശം കുറഞ്ഞിരുന്നു കത്തുന്നുണ്ടായിരുന്നു. അമ്മയുടെ നെഞ്ച് ചേര്‍ന്ന് ദേവുവിന്‍റെ മുല വായില്‍ വച്ച് അമര്‍ ഉറങ്ങാന്‍ തുടങ്ങി. അവന്‍റെ കവിളില്‍ കൈവിരല്‍ ചേര്‍ത്ത് അവള്‍ മെല്ലെ വായില്‍ നിന്നും മുലയെടുത്തു വസ്ത്രം നേരെയാക്കി എഴുന്നേറ്റു റാന്തലിനരുകില്‍ വന്നു. തൂക്കിയിട്ടിരുന്ന കൊളുത്തില്‍ നിന്നും അതൂരി താഴേയ്ക്ക് വച്ചു. മുറിയുടെ മൂലയില്‍ മണ്ണ് കൊണ്ട് തീര്‍ത്ത തിട്ടയില്‍ ഇരുന്ന മണ്ണെണ്ണയെടുത്ത് അവള്‍ റാന്തലില്‍ പകര്‍ന്നു. അതോടെ, വീണ്ടും തെളിഞ്ഞു കത്താന്‍ തുടങ്ങിയ അത് പഴയ സ്ഥാനത്ത് തൂക്കിയിട്ടിട്ട് ദേവു രഘുവിന്‍റെ ഫോട്ടോയ്ക്കരുകില്‍ ചെന്ന് അതിന്‍റെ പിന്നിലിരുന്ന കത്തുകള്‍ എടുത്ത് റാന്തലിന്‍റെ വെട്ടത്തില്‍ വീണ്ടും വീണ്ടും വായിച്ചു.
പുറത്തു വീശിയടിച്ച കാറ്റ് ദേവുവിന്‍റെ മാടത്തിലെ ഓലക്കീറുകള്‍ക്കിടയിലൂടെ ചൂളമടിച്ചുകൊണ്ട് പാഞ്ഞുപോയി. അവള്‍ കിടക്കയില്‍ ചേര്‍ന്ന് കാലുകള്‍ നീട്ടിവച്ച് മച്ചിലേയ്ക്ക് കണ്ണുംനട്ടിരുന്നു. കുറച്ചുനേരം അങ്ങിനെയിരുന്നവള്‍ അരുകിലെ കുഞ്ഞുമേശയില്‍ വച്ചിരുന്ന വെള്ളപേപ്പറും പേനയും കൈയിലെടുത്തു. താഴേയ്ക്കെടുത്തുവച്ച റാന്തലിന്‍റെ വെട്ടത്തില്‍ കണ്ണീരോടെ അവള്‍ അതില്‍ അക്ഷരങ്ങള്‍ എഴുതിചേര്‍ത്തു. തോരാത്ത മഴപോലെ സങ്കടം വാക്കുകളാക്കി ആ വെളുത്തു തുടുത്ത പേപ്പറില്‍ അവള്‍ പെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ കണ്ണുനീര് വീണു കുതിര്‍ന്ന ആ പേപ്പര്‍ മടക്കി അവള്‍ കവറിലേയ്ക്കിട്ടു. ചോറ്മണികള്‍ തേച്ച് അതൊട്ടിച്ച്, രഘുവിന്‍റെ കത്തുകളിലെ വിലാസം നോക്കി വളരെ ശ്രദ്ധയോടെ അവന്‍റെ മേല്‍വിലാസം എഴുതി ഭദ്രമായി അത് മേശപുറത്ത് വച്ചിട്ട്, റാന്തലിന്‍റെ തിരിതാഴ്ത്തി അവള്‍ ഉറങ്ങാന്‍ കിടന്നു. രഘുവിന്‍റെ കൈകളിലേയ്ക്ക് അവളുടെ ഈ കണ്ണീര് പറന്നെത്തുന്ന ദിനം സ്വപ്നം കണ്ടുകൊണ്ട്, മേശമേല്‍ ഇരുന്ന കത്തിലേയ്ക്ക് കണ്ണുകള്‍ നട്ട് ഒടുവില്‍ പതിവില്ലാത്ത ഒരു ശാന്തതയോടെ അവള്‍ കണ്ണുകള്‍ പൂട്ടി. പുറത്ത് വീശിയടിച്ച കാറ്റില്‍ ആറടിയോളം ഉയരത്തില്‍ വളര്‍ന്ന ദേവദാരുവിന്‍റെ ഒരു കുഞ്ഞുശിഖരം ഒടിഞ്ഞു താഴേയ്ക്ക് വീണു. ഉറക്കത്തില്‍ വെള്ളിമണികളോടുകൂടിയ പാദസരങ്ങളും അണിഞ്ഞ് ആരോ ദേവൂന്‍റെ നെഞ്ചിലൂടെ നടന്നുകൊണ്ടിരുന്നു. കര്‍ണങ്ങളില്‍ പടര്‍ന്നിറങ്ങിയ ആ കൊലുസ് മണികളുടെ ശബ്ദം കേട്ട് ഉറക്കത്തില്‍ ദേവു പിറുപിറുത്തു...
"മോളെ... ന്‍റെ മോളെ... " വിളിച്ചുകൊണ്ടവള്‍ അവള്‍ നടന്നു മാറിയ ദിശയിലേയ്ക്ക് മെല്ലെ കൈകള്‍ രണ്ടും നീട്ടി. കിടക്കയില്‍ നിന്നും താഴേയ്ക്ക് വീഴാന്‍ തുടങ്ങിയ ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. കണ്ടതൊരു സ്വപ്നമെങ്കിലും ദേവുവിന്‍റെ മനസ്സ് ചാഞ്ചല്യപ്പെടാന്‍ അത് ധാരാളമായിരുന്നു. അരുകിലിരുന്ന മേശമേല്‍ അവള്‍ തല ചായ്ക്കുമ്പോള്‍ കണ്ണുകളില്‍ നിന്നിറങ്ങിയ നീര്‍ക്കുമിളകള്‍ അവളുടെ കവിളുകളില്‍ ഒഴുകി സ്ഥാനം പിടിച്ചിരുന്നു.
(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ