2014 ജൂൺ 7, ശനിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....16

"രഘുവേട്ടാ...." രഘുവിന്‍റെ നെഞ്ചില്‍ ചാരിയിരുന്നു അവള്‍ വിളിച്ചു.

"എന്താ ദേവൂ...." അവന്‍ ശാന്തമായി വിളികേട്ടു.

"എന്ന് പോകാന്നാ തീരുമാനിച്ചേ...??

"ഉടനെ പോണം ദേവൂ... ഉടനെ പോണം..." അവന്‍റെ വാക്കുകള്‍ ഒരു നെടുവീര്‍പ്പോട്കൂടിയാണ് അവസാനിച്ചത്‌. ഇരുവര്‍ക്കും ഇടയിലുള്ള നിശബ്ദത കാറ്റിന് തുണയായി. നേര്‍ത്ത ചില്ലകളില്‍ ചുംബനം തൊട്ടവള്‍ അവര്‍ക്കരുകിലൂടെ പാഞ്ഞു. ദേവുവിന്‍റെ മുടികള്‍ ആ കാറ്റില്‍ മെല്ലെപ്പാറി. അമര്‍ കഴുത്ത് മേല്‍പ്പോട്ടാക്കി കുഞ്ഞികൈകള്‍ രണ്ടും കുത്തി എഴുന്നേല്‍ക്കാന്‍ എന്നപോലൊരു ശ്രമം നടത്തി.

രഘുവിന്‍റെ സ്വപ്നങ്ങള്‍ അങ്ങകലെ മണലാരണ്യത്തില്‍ പൂക്കുവാന്‍ സമയമായി. അതവന്‍ ഒരു യാഥാര്‍ത്ഥ്യം പോലെ മുന്നില്‍ കാണുവാനും തുടങ്ങി. ദേവു രഘുവിന്‍റെ നെഞ്ചില്‍ തലചായ്ച്ച് തന്നെയിരുന്നു. ഇരുവരും ഒന്നും മിണ്ടിയില്ല. രഘു കണ്ണുകള്‍ പൂട്ടി മെല്ലെ ഉറക്കം ആരംഭിച്ചു. അവന്‍റെ നെഞ്ചിലെ കുറുകല്‍ കേട്ടവള്‍ മിഴികളുയര്‍ത്തി നോക്കി. ദേവു വലതുകരം ഉയര്‍ത്തി രഘുവിന്‍റെ മുടിയിഴകള്‍ തഴുകി. അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.

"പോകണ്ടേ രഘുവേട്ടാ... ഇവിടിങ്ങനെ ഇരുന്നാല്‍ മതിയോ..??? ദേ നോക്കിക്കേ... നേരം ഇരുണ്ടു..."

ദേവുവിന്‍റെ വാക്കുകള്‍ കേട്ട് രഘു എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഒപ്പം ദേവുവും. കുഞ്ഞിനേയും എടുത്ത് വാതില്‍ മെല്ലെ ചാരി അവര്‍ വീട്ടിലേയ്ക്ക് നടന്നു.

അന്നത്തെ രാവ് പുലരാന്‍ വല്ലാതെ സമയം എടുത്ത പോലെ. ആ രാത്രിയില്‍ ഉറക്കത്തില്‍ പലതവണ ഉറക്കം വിട്ട് ദേവു കണ്ണുകള്‍ തുറന്നു. എഴുന്നേറ്റവള്‍ ജനലിനരുകിലേയ്ക്ക് വന്നു നിന്നു. തുറന്നുകിടന്ന ജാലകവാതിലിലൂടെ അവള്‍ രാവിനെ നോക്കി. അന്ന്, ആകാശം നിറയെ നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നു. നിലാവ് ചുംബനം കൊടുത്തുണര്‍ത്തിയ പൂക്കളെല്ലാം കാറ്റിലാടി നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ സുഗന്ധം പേറിയ കാറ്റ് അവളുടെ മുന്നിലൂടെ അവളെ തഴുകിപൊയ്ക്കൊണ്ടിരുന്നു.

രഘു നല്ല ഉറക്കത്തിലാണ്. അവള്‍ അവനരുകില്‍ ചെന്നിരുന്നു. ശാന്തമായി ഉറങ്ങുന്ന അവന്‍റെ മുഖം അവളുടെ മിഴികളില്‍ നിറഞ്ഞു നിന്നു. വലതു കരം കിടക്കയില്‍ കുത്തി, വലതു തോളിലൂടെ തലചെരിച്ച് അവള്‍ അവന്‍റെ കിടപ്പും നോക്കിയങ്ങനെ ഇരുന്നു. എന്തോ ഇന്നവള്‍ക്ക്‌ വല്ലാത്തൊരു ആത്മസുഖം കിട്ടിയപോലെ. ആരോടൊക്കെയോ ജയിച്ച പോലെ... രഘുവിനെ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്താലോ എന്നവള്‍ കരുതി. പിന്നെ സ്വയം സമാധാനിച്ചു.
"വേണ്ട... പാവം ഉറങ്ങിക്കോട്ടെ..!!!!
ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ ദേവു അവിടെനിന്നും എഴുന്നേറ്റ് അമറിനരുകിലേയ്ക്ക് ചെന്ന് കിടന്നു. മെല്ലെ, കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചവള്‍ ഉറക്കം തുടങ്ങി.
************
നേരം പുലര്‍ന്നു. അവരുടേതെന്നു പറയാന്‍ അവിടെ എന്തുണ്ടോ.. അത് മാത്രം പെറുക്കി ദേവു നേരത്തേ അടുക്കി വച്ചിരുന്നു . രഘുവും ദേവുവും കുളിച്ചു വന്നു. അമറിനെയും കഴുകി എടുത്ത അവള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച്, പിന്നീട് സാധനങ്ങള്‍ ഓരോന്നോരോന്നായി ഇരുവരും ചേര്‍ന്ന് അവരുടെ പുതിയ ഗൃഹത്തിലേയ്ക്ക് കൊണ്ടുവച്ചു. ഒടുവില്‍ അവര്‍ മാത്രമായി. മുറിയുടെ വാതില്‍ പൂട്ടി താക്കോലുമായി ദേവു അമ്മയുടെ മുറിയുടെ മുന്നില്‍ വന്നു നിന്നു. ഒന്ന് മടിച്ച് നിന്ന അവള്‍ പിന്നെ മെല്ലെ വിളിച്ചു.

"അമ്മെ...."

വിളി കാത്തിരുന്ന പോലെ അവര്‍ വാതിലിലേയ്ക്ക് വന്നു. ദേവു അവരുടെ മിഴികളില്‍ നോക്കി. അവര്‍ അവളെ നോക്കാതെ തന്നെ നിന്നു. മനസ്സ് നിയന്ത്രിച്ചു ദേവു പറഞ്ഞു.

"ഞങ്ങളിറങ്ങുകാ...അമ്മെ... "

സേതുലക്ഷ്മിയമ്മ മിഴികള്‍ ഉയര്‍ത്തി അവളെ നോക്കി. അപ്പോള്‍ ദേവു തുടര്‍ന്നു. "അമ്മയെ വിട്ടു ദൂരേയ്ക്കൊന്നും പോണില്ല ഞങ്ങള്. എപ്പോഴെങ്കിലും അമ്മയ്ക്ക് വരണോന്നു തോന്നിയാല്‍ വരാം... അതിനു മടിക്കരുത്. കൈയിലിരുന്ന താക്കോല്‍ അവള്‍ അമ്മയുടെ നേരെ വച്ച് നീട്ടി. ഒരു മടിയോടെ അതവര്‍ വാങ്ങി. രഘുവും ദേവുവും പിന്നീടാരോടും യാത്ര പറഞ്ഞില്ല. അമ്മവീടിന്‍റെ പടികടന്ന് അവര്‍ അവരുടെ കുഞ്ഞുമാടത്തിന്‍റെ മുന്നിലെത്തി. രഘു കണ്ണുകള്‍ പൂട്ടി നിന്നു. ദേവു രഘുവിനെ തൊട്ടുണര്‍ത്തി കുഞ്ഞിനെ അവന്‍റെ കൈയില്‍ നല്‍കി. മുറ്റത്തിരുന്നവള്‍ മെല്ലെ ഒരു കൊച്ചുവിളക്കില്‍ തിരിയിട്ടു. സ്വയം അത് തെളിച്ചു. ഒപ്പം ഒരുപിടി ചന്ദനത്തിരി കൂടി കത്തിച്ചു. അത് രണ്ടായി പകുത്ത് ഒരു ഭാഗം ദേവദാരുവിന്നരുകില്‍ കുത്തിനിര്‍ത്തി. പിന്നീട് വിളക്ക്തട്ടം കൈയിലെടുത്ത് അവള്‍ തന്‍റെ വലതുകാല്‍ വീടിന്‍റെ മുന്‍ തിട്ടയിലേയ്ക്ക് വച്ചു.....

വീട്ടിലേയ്ക്കവള്‍ കാലെടുത്തു വയ്ക്കുമ്പോള്‍ അവളുടെ മനസ്സ് നിറയെ അതുവരെ കാണാത്തൊരു വര്‍ണ്ണപ്രപഞ്ചമായിരുന്നു. സ്വപ്നത്തിലെന്നപോലെ അവള്‍ക്കു ചുറ്റും, അവളുടെ മനസ്സ് നിറയെ ആട്ടവിളക്കുകള്‍ കത്തിനിന്നിരുന്നു... ചുറ്റില്‍ നിന്നും കാതടപ്പിക്കുന്ന മണിയടി ഒച്ചയും അവള്‍ കേട്ടിരുന്നു. ആരോ അവള്‍ക്കായി കുരവയിട്ടത് പോലെ തോന്നിയവള്‍ക്ക്‌..... അകത്തേയ്ക്ക് കടന്ന ദേവു തട്ടം മുറിയുടെ ഒരു കോണില്‍ കൊണ്ട് വച്ചു. മുഖം തിരിഞ്ഞ അവളുടെ കവിളിണകളിലൂടെ പിടഞ്ഞു പിടഞ്ഞു കുറെ കണ്ണുനീര്‍ത്തുള്ളികള്‍ നിലത്തേയ്ക്ക് വീണു. രഘുവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു. ദേവു തേങ്ങലോടെ അവനെ പറ്റിച്ചേര്‍ന്നു നിന്നു..... അവളാത്മഗതം ചെയ്തു...

"നമ്മളാരും ഇല്ലാത്തോരായിപ്പോയല്ലോ രഘുവേട്ടാ... ആരും.... ഇല്ലാത്തോരു...!!!! കൈപിടിച്ച്, വിളക്ക് തന്നു കയറ്റുവാന്‍ അമ്മയുണ്ടായിട്ടും ഇല്ലാത്തവളെ പോലെ ഞാന്‍...." അവള്‍ തേങ്ങുവാന്‍ തുടങ്ങി.

ഒരു കൈയില്‍ കുഞ്ഞുമായി രഘു അവളെ ചേര്‍ത്ത് നിര്‍ത്തി തഴുകി. അവരുടെ കാല്‍പാദങ്ങള്‍ തണുത്തുറഞ്ഞു. നിലം ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. മുറിയുടെ ഓരം ചേര്‍ന്ന് കിടക്കയിലേയ്ക്ക് അവള്‍ അമറിനെ കിടത്തി. അവന്‍ ചുവന്ന വര്‍ണ്ണത്തിലുള്ള അവന്‍റെ വളകള്‍ വായിലാക്കാന്‍ വൃഥാശ്രമം നടത്തിക്കൊണ്ടിരുന്നു. രഘുവും ദേവുവും പുറത്തേയ്ക്ക് വന്നു. വീടിനോട് ചേര്‍ന്ന് ഓലകൊണ്ട് മറച്ചു ഒരു കൊച്ചു അടുക്കള കൂടി തീര്‍ക്കുന്ന തിരക്കിലായി പിന്നീട്. ആ ഒരു ദിനം മുഴുവന്‍ നല്ല നാളേയ്ക്കുവേണ്ടിയുള്ള ഒരുക്കലിലായിരുന്നു ഇരുവരും. സന്ധ്യ വന്നതുപോലും അവരരിഞ്ഞിരുന്നില്ല. ഒടുവില്‍, ആ രാവില്‍ നിലത്ത് ചമ്രണം പടിഞ്ഞിരുന്ന രഘുവിന്‍റെ മുന്നിലേയ്ക്ക് ദേവു കഞ്ഞി വിളമ്പി... സന്തോഷത്തോടെയാണ് അവനതു വാങ്ങിക്കുടിച്ചത്. അതിലേറെ സന്തോഷത്തോടെയാണ് ദേവു അവനതു പകര്‍ന്നു നല്‍കിയത്.

അന്ന് മകനെയും ചേര്‍ത്ത് രഘുവിനോട് ചേര്‍ന്നുറങ്ങുമ്പോള്‍ ദേവുവിനു വല്ലാത്തൊരു മാനസ്സിക സുഖം കിട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സ്വാതത്ര്യം കിട്ടിയത് പോലൊരു പ്രതീതി. പക്ഷെ, രഘുവിന്‍റെ മനസ്സിന്‍റെ ഉള്‍ത്തടങ്ങളില്‍ ആഞ്ഞടിച്ചത് ആസന്നമായ വേര്‍പാടിന്‍റെ വേദനകള്‍ ആയിരുന്നു. അവനറിയാം ഇന്നല്ലെങ്കില്‍ നാളെ ദേവുവിനെ പിരിയണം. പിന്നെ അവളിവിടെ ഒറ്റയ്ക്ക്. ആരും തുണയില്ലാതെ. എന്താണൊരു പോംവഴി. അവള്‍ക്കൊരു വീടൊരുക്കി. ഇനി കൂട്ടിനു ആരെ നിര്‍ത്തും. ഈ കൈക്കുഞ്ഞുമായി അവള്‍ എന്ത് ചെയ്യും... അവന്‍റെ മനസ്സാകെ വിഹ്വലപ്പെടാന്‍ തുടങ്ങി.

അരുകിലവള്‍ ശാന്തമായ് ഉറങ്ങുമ്പോള്‍ അവന്‍റെ മനസ്സ് വിറയ്ക്കുകയായിരുന്നു. ഉറക്കത്തില്‍ ദേവു കണ്ണുകള്‍ തുറന്നു. അവള്‍ക്കു വല്ലാതെ ഉഷ്ണം അനുഭവപ്പെട്ടു. കണ്ണുകള്‍ തുറന്ന അവള്‍ രഘുവിന്‍റെ മിഴികളില്‍ നോക്കി. അവ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവന്‍റെ നെറ്റിതടത്തില്‍ അവള്‍ കൈവച്ചു. പെട്ടെന്നവള്‍ കൈവലിച്ചു. അവളവനെ കുലുക്കിവിളിച്ചു.

"രഘുവേട്ടാ.... വല്ലാതെ പനിയ്ക്കുന്നുണ്ടല്ലോ...???

ദേവു കട്ടിലില്‍ നിന്ന് എഴുന്നേറ്റു നിലത്തേയ്ക്ക് വന്നു. അരുകിലിരുന്ന മേശവലിപ്പില്‍ നിന്നവള്‍ ബാം എടുത്തു അവന്‍റെ നെറ്റിയില്‍ പുരട്ടി. രഘു വല്ലാതെ വിറയ്ക്കാന്‍ തുടങ്ങി. ദേവു അവനിലേയ്ക്കു ചേര്‍ന്നു. അവളുടെ കവിള്‍ അവന്‍റെ കവിളിലേയ്ക്കു ചേര്‍ത്തു. അവളും കരയാന്‍ തുടങ്ങി. കരച്ചിലിന്‍റെ ശക്തിയില്‍ നിറഞ്ഞു നിന്ന അവളുടെ നെഞ്ച് കുലുങ്ങാന്‍ തുടങ്ങി. രഘു കൈകളെടുത്തു അവളുടെ മുടിയിഴകള്‍ തഴുകി. അവന്‍ അവളെ സമാധാനിപ്പിച്ചു.

"ഒന്നൂല്ല... ദേവു എനിക്കൊന്നുമില്ല. ചെറിയൊരു പനിയല്ലേ. അത് ഈ രണ്ടു ദിവസം വല്ലാതെ കഷ്ടപ്പെട്ടിട്ടാ... ഒക്കെ മഴയും നനഞ്ഞില്ലേ...അതുകൊണ്ടാവും..."

ദേവു ആ രാവ് മുഴുവന്‍ അവനരുകില്‍ ഉറങ്ങാതെയിരുന്നു. അവളുടെ കൈതലോടലില്‍ അവന്‍റെ ശരീര ഊഷ്മാവ് മെല്ലെ തണുക്കാന്‍ തുടങ്ങി. പത്തു മിനിട്ടിന്‍റെ ഇടവേളകളില്‍ അവന്‍റെ നെറ്റിയില്‍ ദേവു വച്ച നനഞ്ഞ പഞ്ഞി ഇപ്പോള്‍ ഉണങ്ങാതെയായതോടെ അവള്‍ അതെടുത്ത് അരുകിലിരുന്ന പാത്രത്തില്‍ വച്ചു. പുലരുമ്പോള്‍ രഘുവിന്‍റെ പനി നന്നേ കുറഞ്ഞിരുന്നു. എങ്കിലും വല്ലാത്തൊരു ആലസ്യം അവനില്‍ ഉണ്ടായിരുന്നു. അതൊന്നും പിന്നീടു അവന്‍ വകവച്ചില്ല. വിദേശത്തേയ്ക്ക് പോകാനുള്ള മെഡിക്കല്‍ ടെസ്റ്റ്‌ നു വേണ്ടി അവന്‍ രാവിലെ തന്നെ പുറപ്പെട്ടു. അതോടെ ദേവു തനിച്ചായി. വൈകുന്നേരം രഘു വീട്ടില്‍ എത്തുംവരെ അവള്‍ക്കു വല്ലാത്ത വിഷമം തന്നെയായിരുന്നു. അപ്പോഴാണ്‌ ശരിക്കും അവള്‍ ചിന്തിച്ചു തുടങ്ങിയത് തന്നെ. ഇനിയിപ്പോള്‍ രണ്ടു വര്‍ഷം പിരിഞ്ഞിരിക്കണം എന്നോര്‍ത്തപ്പോള്‍ അതിലേറെ പ്രയാസവും തോന്നി. അവള്‍ ചിന്തിച്ചു എന്ത് വന്നാലും ക്ഷമിക്കുക തന്നെ. എങ്ങിനെയെങ്കിലും ജീവിതം ഒന്ന് കരകയറ്റണം. ചിന്തകള്‍ സഞ്ചരിച്ച വഴികളിലെല്ലാം നീണ്ടു നില്‍ക്കുന്ന മുള്‍പ്പടര്‍പ്പുകള്‍ അവളുടെ മനസ്സില്‍ മുറിവുകള്‍ ഏല്‍പ്പിച്ചു കൊണ്ടിരുന്നു.
***********
ദിവസങ്ങള്‍ പത്തോളം കഴിഞ്ഞു. ഒടുവില്‍ രഘു വിദേശത്തേയ്ക്ക് പോകുന്ന ദിനം ആഗതമായി. പുലര്‍ച്ചെ രഘുവും ദേവുവും വിജയമ്മയെ കാണാന്‍ പോയി. ഏട്ടന്മാരോടും ഏട്ടത്തിമാരോടും അവന്‍ യാത്ര പറഞ്ഞു. സന്തോഷത്തോടെ കൈവീശി അവനെ അവര്‍ യാത്രയാക്കി. തിരികെ വന്നശേഷം സേതുലക്ഷ്മിയമ്മയുടെ അടുത്തേയ്ക്കായിരുന്നു അടുത്ത യാത്ര. ഉമ്മറത്തെ അരഭിത്തിയില്‍ കയറിയിരുന്നു അവന്‍ സേതുലക്ഷ്മിയെ വിളിച്ചു.

"അമ്മെ ദേവൂന്റമ്മേ..!!! "

വിളികേട്ടു സേതുലക്ഷ്മിയമ്മ പുറത്തേയ്ക്ക് വന്നു. രഘു അവരുടെ അരുകിലേയ്ക്ക് ചെന്നു. അവരുടെ കൈകള്‍ കവര്‍ന്നവന്‍ നെഞ്ചോട്‌ ചേര്‍ത്തുവച്ചു. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

"അമ്മെ... ഞാനിന്നു പോകുവാ... സൗദിയിലേയ്ക്ക്..."

അവരൊന്നും പറഞ്ഞില്ല. പകരം നെഞ്ചോട്‌ ചേര്‍ത്ത് അവന്‍ അടക്കിപ്പിടിച്ചിരുന്ന അവന്‍റെ കൈയില്‍ നിന്നും അവരുടെ കൈ വലിച്ചെടുത്തു. അവന്‍റെ സാമീപ്യം ഇഷ്ടപ്പെടാത്തത് പോലെ ഒരു വെറുപ്പോടെ അവര്‍ മുഖം തിരിച്ചു നിന്നു. പിന്നീട് അധികമൊന്നും സംസാരിക്കാതെ രഘു ആ വീടിന്‍റെ പടിയിറങ്ങി. മുറ്റത്ത്‌ നിന്നിരുന്ന ദേവു അവനു പിന്നാലെയും.
*************
രഘുവിന്‍റെ കുഞ്ഞുവീട് അവന്‍റെ കൂട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. കൊണ്ടുപോകേണ്ടതായ സാധനങ്ങള്‍ ഓരോന്നായി അവര് തന്നെ കെട്ടിവച്ചു. ഒടുവില്‍ അവന് ആശംസകളേകി അവരേവരും യാത്രയായി. വീട്ടില്‍ രഘുവും ദേവുവും തനിച്ചായി. രഘു ടിക്കറ്റ്‌ എടുത്തു ഒന്നു കൂടി നോക്കി. ഈ നാട് വിട്ടു പോകാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം ബാക്കി. അവന്‍റെ വിഷമം കണ്ട ദേവു ചോദിച്ചു.

"രഘുവേട്ടാ... എപ്പോഴാ ഏട്ടനെ കൊണ്ടുപോകാനായി വണ്ടി വരുന്നേ..???

"നാല് മണിയ്ക്ക്..." അവന്‍ മറുപടി നല്‍കി. ദേവു അവന്‍റെ കൈത്തണ്ടയിലെ വാച്ച് കൈപിടിച്ചു തിരിച്ചു നോക്കിക്കൊണ്ട്‌ പറഞ്ഞു ഇനി ഒരു മണിക്കൂറുകൂടിയേ ഉള്ളൂ അല്ലെ. ദേവു രഘുവിനെ കെട്ടിപ്പിടിച്ച് മുത്തം നല്‍കി. അവന്‍ തിരിച്ചും. ഇതിനിടയില്‍ കണ്ണുകള്‍ കൊണ്ടും അധരങ്ങള്‍ കൊണ്ടും മൂകമായി എത്രയോ തവണ അവന്‍ അവളോട്‌ യാത്ര പറഞ്ഞുകഴിഞ്ഞു. സമയം നീങ്ങിക്കൊണ്ടിരുന്നു. രഘു പുതിയ വസ്ത്രങ്ങള്‍ ധരിച്ചു. ദേവുവും ഒരുങ്ങി നിന്നു. യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ എല്ലാം ദേവു തന്നെ എടുത്തു അവന്‍റെ കൈയില്‍ കൊടുത്തു. അപ്പോഴേയ്ക്കും പുറത്ത് കാര്‍ വന്ന് ഹോണ്‍ അടിച്ചു. കുഞ്ഞിനേയും എടുത്ത് വീടിന്‍റെ വാതില്‍ താഴിട്ട് അവര്‍ പുറത്തേയ്ക്ക് വന്നു.

ദേവദാരുവിന്‍റെ അരുകിലെത്തി മൗനമായി ഒരു നിമിഷം നിന്ന അവന്‍ മോളോട് യാത്ര പറഞ്ഞു. പിന്നെ കാറിനരുകിലേയ്ക്ക് നടന്നു. ഒടുവില്‍ വിമാനത്താവളം ലക്ഷ്യമാക്കി ആ വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി. രഘു അവസാനമായി സേതുലക്ഷ്മിയമ്മയുടെ വീട്ടിലേയ്ക്ക് നോക്കി. നിറഞ്ഞ കണ്ണുകളില്‍ അവനു തെല്ല് കാഴ്ച മറഞ്ഞുവെങ്കിലും, അവരവിടെ ഉമ്മറത്ത്‌ പോലും ഇല്ലല്ലോയെന്നാലോചിച്ചു വേപധു പൂണ്ട രണ്ടശ്രുക്കള്‍ അവന്‍റെ മടിതലത്തില്‍ അടര്‍ന്നു വീണു. എന്നിട്ടും ആരോടെന്നില്ലാതെ അവന്‍ കൈ വീശി. കുഞ്ഞിനെ മടിയിലിരുത്തി ദേവു പൊട്ടിപൊട്ടിക്കരഞ്ഞു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ