2014 ജൂൺ 22, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....24

പിറ്റേന്ന് ജോലിസ്ഥലത്തിന് മുന്നിലുള്ള ബൂത്തില്‍ നിന്നു അവന്‍ സലീമിന് ഫോണ്‍ ചെയ്തു. അങ്ങേത്തലയ്ക്കലെ ഫോണ്‍ ബെല്ലിനൊപ്പമോ അതിലേറെ വേഗതയിലോ അവന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി. ഒടുവില്‍ ആരോ വന്നു ഫോണ്‍ എടുത്തു. സ്ത്രീശബ്ദം കേട്ട അവന്‍ ചോദിച്ചു... "സലിം... സലീമദ്ദേഹത്തെ ഒന്ന് കിട്ടുമോ?? നബീസു ഉമ്മാന്റെ വിളി..... ഒരു നിമിഷത്തെ നിശബ്ദതയ്ക്കൊടുവില്‍ ഒരു പുരുഷസ്വരം.... "ഹലോ.. ആരാണ്..???

"ഇക്കാ എന്നെ നിങ്ങള് അറിയണുണ്ടാവില്ല. ഞാന്‍ ബഷീര്‍. സൌദീന്നാ.. രഘുവിന്‍റെ ചങ്ങാതിയാ..... .......ഇരുവരും അഞ്ച് മിനിറ്റ് സംഭാഷം ചെയ്തുകാണും. ഫോണ്‍ താഴേയ്ക്ക് വയ്ക്കുമ്പോള്‍ സലിം തളര്‍ന്നു അരുകിലെ കസേരയിലേയ്ക്കിരുന്നു. അവിടിരുന്നുകൊണ്ട് അയാള്‍ ഉറക്കെവിളിച്ചു..

"നബീസു... ഞമ്മക്ക് ഒത്തിരി വെള്ളം താടീ..."

നബീസു ഉമ്മ പെട്ടെന്ന് തന്നെ വെള്ളവുമായി അയാളുടെ അരുകിലെത്തി. തളര്‍ന്നിരിക്കുന്ന സലീമിന്‍റെ നെഞ്ച് തടവി അവര്‍ ചോദിച്ചു.

"എന്താപ്പാ പറ്റിയെ... ആരാ ഫോണ്‍ വിളിച്ചേ???

"ഒന്നൂല്ലടീ... ഒന്നൂല്ലാ...."
*************
ദേവു മുടങ്ങാതെ അമ്പലത്തില്‍ പൊയ്ക്കൊണ്ടിരുന്നു. ഓരോ ദിവസവും അവള്‍ക്കു പ്രാര്‍ഥിക്കാന്‍ ഒരുപാട് ഉള്ളത് പോലെ. പ്രാര്‍ത്ഥിച്ചാലും പ്രാര്‍ത്ഥിച്ചാലും തീരാത്ത പോലെ... അവള്‍ അമ്പലത്തില്‍ നിന്നും മടങ്ങി വരുമ്പോള്‍ സലീം വീട്ടില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പതിവില്ലാതെ അയാളെ കണ്ട അവള്‍ ഓടി അരുകില്‍ ചെന്നു. അമറിനെ നിലത്തേയ്ക്ക് നിര്‍ത്തി അവള്‍ ചോദിച്ചു.

"എന്താ സലീംബാപ്പ... ഈ വഴിയ്ക്ക്.. വരൂ.. അകത്തേയ്ക്ക് വരൂ..."

"വേണ്ട മോളെ... ഞാനിവിടെ നിന്നോളാം...."

ദേവു മടിച്ചുമടിച്ചു നിന്നു... "എങ്കില്‍ ഞാന്‍... ഞാന്‍ ബാപ്പയ്ക്ക് ഒരു ചായയെടുക്കട്ടെ..."

"വേണ്ട മോളെ... വേണ്ടാ..... ഞാനൊന്നു സേതുലക്ഷ്മിയെ കണ്ടിട്ട് വരട്ടെ.. "

സലിം ദേവുവിന്റെ കുടുംബവീട്ടിലേയ്ക്ക് നടന്നു. മുറ്റത്ത്‌ നിന്നയാള്‍ നീട്ടി വിളിച്ചു. വിളികേട്ട് ഇറയത്തേയ്ക്ക് വന്ന സേതുലക്ഷ്മിയമ്മ വളരെ സന്തോഷത്തോടെ അദ്ദേഹത്തെ അകത്തേയ്ക്ക് ക്ഷണിച്ചു. അവരുടെ ക്ഷണം സ്വീകരിച്ചു അകത്തേയ്ക്ക് കയറി അയാള്‍ അരഭിത്തിയില്‍ ഇരുന്നു. എങ്ങിനെ തുടങ്ങണം എന്നറിയാതെ അയാള്‍ ഒന്ന് കുഴങ്ങി... അപ്പോഴേയ്ക്കും വിജയമ്മയും രഘുവിന്‍റെ ഏട്ടന്മാരും ഏട്ടത്തിമാരും ഒക്കെ വീടിന്‍റെ മുന്‍വശത്തെ റോഡിലെത്തി. മുറ്റത്ത് വന്നു നിന്ന എല്ലാവരെയും സലിം അകത്തേയ്ക്ക് വിളിച്ചു. എല്ലാവരും അകത്തേയ്ക്ക് കയറി നിന്നു. ഏവരുടെയും മുഖത്ത് എന്താണെന്നറിയാനുള്ള ആകാംഷ പ്രകടമായിരുന്നു. ഒപ്പം ഇവരെല്ലാവരും കൂടി ഇവിടേയ്ക്ക് പെട്ടെന്ന് വന്നതിന്റെ പൊരുള്‍ അറിയാതെ സേതുലക്ഷ്മിയും മകള്‍ രാജേശ്വരിയും അന്തവിട്ടുനിന്നു. ഒടുവില്‍, രഘുവിന്‍റെ ഏട്ടന്‍ രാമു പറഞ്ഞു.

"സലിം ഇക്കാ... ങ്ങളീ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന ഒരാളായോണ്ടാ ങ്ങള് വിളിച്ചപ്പോള്‍ ഞങ്ങളെല്ലാരും കൂടി ഇവിടെ വന്നത്. ഇനി ങ്ങള് പറയാന്‍ പോകുന്നത് അവനെ പറ്റിയാണ് എങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും കേള്‍ക്കണ്ട.. എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള് വരുന്നുണ്ടല്ലോ..??? അത് തീരുമ്പോള്‍ ഞങ്ങള് പോകും.. ഇനി അവനുമായി അത്രേം സഹകരണം മതി ഞങ്ങള്‍ക്ക്...!!!

വിജയമ്മ ഒന്നും മിണ്ടിയില്ല. രാമുവിന്‍റെ വാക്കുകള്‍ക്ക്, എനിക്കും അത് തന്നെയാ പറയാനുള്ളത് എന്ന മട്ടില്‍ രവിയും നിന്നു. ഇവരുടെ വാക്കുകള്‍ കേട്ട സലിം ഒരു നിമിഷം കുനിഞ്ഞിരുന്നു. എന്നിട്ട് മുഖം ഉയര്‍ത്തി എല്ലാവരോടുമായി പറഞ്ഞു.

"മതി... എനിക്കത് മതി. നിങ്ങള് എല്ലാ കാര്യത്തിനും എങ്ങനെ അവനോടു സഹകരിക്കുന്നോ അതുപോലെ മതി ഇനിയും... അതേ വേണ്ടൂ...." എന്നിട്ട് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റിട്ട് പറഞ്ഞു. നിങ്ങള് പെണ്ണുങ്ങള് ഇവിടെ നിക്കീം... നിങ്ങള് രണ്ടുപേരും എന്റെകൂടെ വന്നാട്ടെ. പറഞ്ഞുകൊണ്ട് സലിം പുറത്തേയ്ക്കിറങ്ങി. സ്ത്രീകള്‍ പരസ്പരം കുശുകുശുത്തുകൊണ്ട് ഇറയത്ത്‌ തന്നെ നിന്നു. മുറ്റത്തെ ചുവന്നപൂക്കള്‍ നിറഞ്ഞ മരത്തിനരുകിലേയ്ക്ക് അവരെ കൊണ്ടുപോയി സലിം പറഞ്ഞു.

"നിങ്ങള്‍ക്കവനോട് ഇനി വിരോധം വേണ്ടാ... ഇനി വിരോധം വയ്ക്കണ്ട.. അവനുവേണ്ടി നിങ്ങളാരും ഇനി പിണങ്ങേം വേണ്ട."

എന്തെന്ന ഭാവത്തില്‍ നിന്ന അവരോട് സലിം പറഞ്ഞു.

"ഞാന്‍ നിങ്ങളോട് ഒന്നും മറച്ചുവയ്ക്കണില്ല. എങ്കി നിങ്ങള് കേട്ടോള്ളീം. രഘു പോയി... പടച്ചോന്‍ വിളിച്ചടത്തോട്ടു അവന്‍ പോയി.... അവനു വേണ്ടി തമ്മിലടിച്ച്‌ നിങ്ങളാരും ഇനി നിങ്ങളുടെ അഭിമാനം കളയണ്ട. നിങ്ങളാ... നിങ്ങളോരുത്തരുമാ ആ പാവം ചെക്കനെ കൊന്നെ." പറഞ്ഞു തീരുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ വിറച്ചു. രാമുവും രവിയും സ്തബ്ധരായി നിന്നു. എന്ത് പറയണം എന്നറിയാതെ അവര്‍ കുഴങ്ങി. ഉടന്‍ തന്നെ സലിം പറഞ്ഞു.

"സംഭവിച്ചത് സംഭവിച്ചു. ഇനീപ്പോ നിങ്ങള് നിയന്ത്രണം വിടരുത്. സ്ത്രീകള്‍ ആരും തല്‍ക്കാലം ഇതറിയരുത്. നാളെ പുലരുമ്പോള്‍ രഘുവിനെ കൊണ്ട് വരും... അറിയിക്കേണ്ടവരെ അറിയിക്കണം. എങ്കിലും ഇന്ന് രാത്രിയാകാതെ ഇവിടെ ആരും വരരുതെന്ന് ഓരോരുത്തരോടും പ്രത്യേകം പറയണം.... അത് പ്രത്യേകം ഓര്‍മിപ്പിക്കുകയും വേണം... പെണ്ണുങ്ങള്‍ ഒക്കെ ദേവൂനടുത്ത് പോട്ടെ. നിങ്ങള് പിണക്കം മാറാന്‍ വന്നതാണെന്ന് പാവം ഓള് കരുതിക്കോളും.....

ഒക്കെ കേട്ടിട്ടും രാമുവും രവിയും അവിടെ നിന്നും അനങ്ങിയില്ല. സലീമിനറിയാം അവര് രണ്ടുപേരുടെയും നെഞ്ച് വിങ്ങുകയാണ് എന്ന്... പിന്നെ അയാള്‍ ചിന്തിച്ചു. കുറച്ചു മണിക്കൂര്‍ മാത്രം കഴിഞ്ഞുകിട്ടിയാല്‍ മതിയായിരുന്നു.. ഒടുവില്‍ രണ്ടുപേരെയും കൂട്ടി സലിം വീടിനകത്തേയ്ക്ക് ചെന്നു. ചെന്നപാടെ രാമു സേതുലക്ഷ്മിയമ്മയുടെ മുറിയില്‍ കയറി. ഒപ്പം രവിയും. സ്ത്രീകള്‍ പരസ്പരം നോക്കി. കുറച്ചു നേരം നിന്നിട്ട് സാവിത്രിയും ശ്രീദേവിയും അവര്‍ക്കരുകിലേയ്ക്ക് ചെന്നു. രവിയോട് ശ്രീദേവി ചോദിച്ചു.

"എന്താ രവിയേട്ടാ... എന്താ സലിം ഇക്കാ നിങ്ങളോട് പറഞ്ഞത്...???

രവി അവളെ നോക്കിയില്ല. വിഷമത്തോടെ ഇരുന്ന അവന്‍റെ മുഖം പിടിച്ച് മെല്ലെ തിരിച്ച് അവള് ചോദിച്ചു..

"എന്തിനാ ഇത്രേം വിഷമിക്കണത്..??? അതിനു വേണ്ടി എന്തുണ്ടായി ഇവിടെ..???

അയാളൊന്നും പറഞ്ഞില്ല. രവി പതിയെ അവളുടെ മാറിലേയ്ക്ക് മുഖമമര്‍ത്തി. അപ്പോഴേയ്ക്കും അയാള്‍ പൊട്ടിക്കരഞ്ഞുപോയി. അതോടെ രാമു അയാള്‍ക്കരുകിലേയ്ക്ക് നീങ്ങി നിന്നു. എന്നിട്ട് ദുഖത്തോടെ പറഞ്ഞു.

"രവിയേട്ടാ... എന്തായിത്..??? സലിം ഇക്കാ പറഞ്ഞത് ഓര്‍മയുണ്ടല്ലോ..??? നമ്മള്... നമ്മള് വേണം ക്ഷമിക്കാന്‍... ശ്രീദേവിയുടെ മാറില്‍ നിന്നും മാറി രവി രാമുവിന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി രവി സങ്കടം ഉള്ളിലൊതുക്കാന്‍ നോക്കി. കഴിയുന്നില്ല. നെഞ്ചം തകര്‍ത്തുകൊണ്ട് അത് പുറത്തുചാടിക്കൊണ്ടിരുന്നു. ശ്രീദേവിയും സാവിത്രിയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. അപ്പോഴേയ്ക്കും രാജേശ്വരിയും വിജയമ്മയും സേതുലക്ഷ്മിയമ്മയും ആ മുറിയിലേയ്ക്ക് കടന്നുവന്നു. എന്താണുണ്ടായത് എന്നറിയാതെ അവര്‍ പരസ്പരം നോക്കി. അപ്പോഴേയ്ക്കും രാമുവിന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു.....

അരുകിലെ കിടക്കയിലും കസേരയിലും ഒക്കെയായി അവര്‍ ഇരുന്നു. രാമുവും രവിയും കരയുന്നത് നിര്‍ത്തി എഴുന്നേറ്റു. എന്നിട്ട് എല്ലാവരോടും ആയി രവി പറഞ്ഞു.

"നമ്മള് പിണങ്ങേണ്ടിയിരുന്നില്ല... അവനോട് പിണങ്ങേണ്ടിയിരുന്നില്ല... വന്നാട്ടെ എല്ലാരും വന്നാട്ടെ നമ്മുക്ക് ദേവൂന്‍റെയടുത്തേയ്ക്ക് പോകാം.. ഇനി പിണങ്ങിയിരിക്കാന്‍ എനിക്ക് കഴിയില്ല... അവളോട്‌ മാപ്പു പറയണം നമ്മുക്ക്... അവളോട്‌ മാപ്പ് പറയണം."

തന്‍റെ വീട്ടിലേയ്ക്ക് പ്രതീക്ഷിക്കാതെയുള്ള ഏവരുടെയും വരവ് ദേവുവില്‍ അത്ഭുതമുണര്‍ത്തി. അവള്‍ എഴുന്നേറ്റ് സന്തോഷത്തോടെ അവരെ സ്വീകരിച്ചു. സേതുലക്ഷ്മിയും രാജേശ്വരിയും ഏറ്റവും ഒടുവിലായാണ് നിന്നത്. ദേവുവിന്റെ കുടിലില്‍ അവരെ അത്രയും പേരെ ഉള്‍ക്കൊള്ളാനുള്ള സ്ഥലവും ഉണ്ടായിരുന്നില്ല. അവള്‍ക്കു ആകെ ഒരു പിടച്ചില്‍ ആയിരുന്നു. ദേവുവിന്‍റെ മുഖത്ത് നോക്കാനുള്ള ശക്തിയില്ലാതെ രാമു തലകുനിച്ചു നിന്നു. അതുകണ്ട ദേവു ചോദിച്ചു.

"എന്താ എല്ലാരുടേം മുഖത്ത് വല്ലാത്ത പ്രയാസം പോലെ. എവിടെ സലിംബാപ്പ...??? ദേവു ഇങ്ങനെ പറഞ്ഞുകൊണ്ട് അവര്‍ക്കെല്ലാം ഇടയിലൂടെ പുറത്തേയ്ക്ക് നോക്കി. സലിം അപ്പോള്‍ ദേവദാരുവിന്‍റെ അരുകില്‍ നില്‍പ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടു പുറത്തേയ്ക്ക് വന്ന് അവള്‍ ചോദിച്ചു.

"എന്താ സലിംബാപ്പ എല്ലാരുടേം മുഖത്ത് ഇത്ര സങ്കടം... എന്താ ആരും ഒന്നും പറയാത്തെ..???" ചോദിച്ചുകൊണ്ട് അവള്‍ അയാള്‍ക്കരുകിലേയ്ക്ക് ചെന്നു.

"ഒന്നൂല്ല മോളെ.. എന്തായാലും രഘു പോയി. ഇനീപ്പോ നിങ്ങള്, പരസ്പരം തുണയാകേണ്ട കുടുംബക്കാര്, ഇങ്ങനെ വിരോധപ്പെട്ട് ഇരുന്നാല്ലോ..??? എല്ലാം രഘൂന്റെ ആഗ്രഹം ആയിരുന്നു മോളെ.. പോണതിനു മുന്‍പ് ബാപ്പയോട് അവന്‍ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ടായിരുന്നു...." പറഞ്ഞുകൊണ്ട് അയാള്‍ മെല്ലെ മുഖം തിരിച്ചു..

"ഓ... അതാണോ കാര്യം. അപ്പോള്‍ സലിംബാപ്പ ഒത്തുതീര്‍ക്കാന്‍ വന്നതാണോ? എനിക്കാരോടും ഒരു വിരോധോം ഇല്ല സലിംബാപ്പ.. എന്തിനാ പിണങ്ങണെ? അതോണ്ട് എന്ത് നേട്ടാ നമ്മള്‍ക്കുണ്ടാവണെ....???

സലിം അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. എത്ര മനോഹരമാണ് അവളുടെ കണ്പീലികള്‍..!!! എത്ര അഴകുണ്ട് അവളുടെ കവിള്‍ത്തടങ്ങള്‍ക്ക്, അവളുടെ കണ്ണുകള്‍ക്ക്‌...!! സലീമിന്‍റെ നെഞ്ച് വേദനിക്കാന്‍ തുടങ്ങി. അവളെ നോക്കാന്‍ തന്നെ അയാള്‍ക്ക്‌ പ്രയാസം തോന്നി. അതുകൊണ്ട് തന്നെ അയാള്‍ പറഞ്ഞു.

"മോള്.. ചെന്നാട്ടെ. അവരെല്ലാം നിന്നെ കാണാനല്ലേ വന്നത്... നിങ്ങള് തമ്മില്‍ എല്ലാം പറഞ്ഞുതീര്‍ത്താട്ടെ...." അവളുടെ മുഖത്തേയ്ക്കു നോക്കാതെ സലിം പറഞ്ഞിട്ട് ദേവദാരുവിന് അരികത്തേയ്ക്ക് മാറി നിന്നു. ദേവു അകത്തേയ്ക്ക് പോയി. സേതുലക്ഷ്മിയമ്മ അകത്തേയ്ക്ക് കയറിയിരുന്നു. അമര്‍ വിജയമ്മയുടെ മടിയിലിരുന്നു കുസൃതികള്‍ കാട്ടി. ആരോടും മിണ്ടാതെ, പരസ്പരം ഒന്നിനെക്കുറിച്ചും ചര്‍ച്ച ചെയ്യാതെ പകല്‍ മെല്ലെമെല്ലെ മാഞ്ഞു. പടിഞ്ഞാറന്‍ ചക്രവാളം ചുവക്കാന്‍ തുടങ്ങി. സന്ധ്യാമാനത്ത് നരിച്ചീറുകള്‍ അതിവേഗം പാറിപ്പറന്നു. സലിം പറഞ്ഞത് പ്രകാരം കുഴിവെട്ടാന്‍ ആളെത്തി. അവര്‍ ദേവദാരുവിന്‍റെയരുകിലായി വന്ന് സ്ഥാനം കണ്ടു. സ്ഥലത്തെ ചില പ്രധാന പൗരന്മാരും അതോടെ അവിടെ എത്തി. അവരുടെ സാന്നിധ്യത്തില്‍, മണ്ണില്‍ ആദ്യത്തെ വെട്ടു വീണു. ശബ്ദം കേട്ട് ദേവു പുറത്തേയ്ക്ക് വന്നു. കൂടി നിന്ന അവരുടെ അടുക്കലേയ്ക്ക് അവള്‍ വന്നു.

"എന്തായിത്.... എന്തിനാ ഇവിടെ വെട്ടുന്നെ...??? " ദേവുവിന്‍റെ കണ്ണുകള്‍ കുറുകി. സലിം അവളുടെ മുഖത്തേയ്ക്കു നോക്കി. ആരും ഒന്നും മിണ്ടിയില്ല. ദേവു വീണ്ടും ചോദിച്ചു. "എന്തുണ്ടായി ഇവിടെ.. എന്തിനാ ഈ സന്ധ്യാസമയത്ത് ഇവിടെ കുഴിക്കുന്നെ..?? ഇങ്ങനെ മണ്ണില് വെട്ടാന്‍ പാടില്ല ബാപ്പാ... അതും ഈ സന്ധ്യാനേരത്ത്..!!! ബാപ്പയ്ക്കറിയോ വിളക്ക് വയ്ക്കണ സമയം ഇങ്ങനെയൊക്കെ ചെയ്യുന്നത് മരണവീട്ടിലാ.... വേണ്ട ഇവിടെ ഇപ്പോള്‍ വെട്ടണ്ടാ...!! ദേവു മുന്നോട്ടു ചെന്ന് വെട്ടുന്നവന്‍റെ തൂമ്പയില്‍ പിടിച്ചു. അതോടെ സലിം അവളെ കടന്നുപിടിച്ചു.

"വേണം... മോളെ ഇതിവിടെ വേണം..." അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

"ങേ..!! " ദേവു തിരിഞ്ഞു സലീമിനെ നോക്കി... എന്നിട്ട് പറഞ്ഞു "അതിന്... അതിനിപ്പോ ആരാ ഇവിടെ മരിച്ചേ...സലിംബാപ്പാ..???

ദേവുവിന്റെ സ്വരം ഉയര്‍ന്നപ്പോള്‍ അകത്തു നിന്നും രാമുവും രവിയും പുറത്തേയ്ക്ക് ഓടിവന്നു. അവര്‍ ദേവൂനെപ്പിടിച്ചു. അവള്‍ അവരുടെ പിടിയില്‍നിന്നും കുതറിമാറി. അപ്പോഴേയ്ക്കും ദേവുവിന്‍റെ കണ്ണുകളില്‍ ഭയം നിഴലിച്ചുതുടങ്ങി..

ചെറുകൂട്ടം കൂടി നിന്നവര്‍ എല്ലാം നിശബ്ദം നിന്നു. ദേവു പെട്ടെന്ന് തിരിഞ്ഞു. അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു. ആരാ ഇപ്പോള്‍...ഇവിടെ..??? അവള്‍ ചുറ്റും കണ്ണോടിച്ചു. വിജയമ്മ... സേതുലക്ഷ്മിയമ്മ.... രാജേശ്വരി, ഏട്ടത്തിമാര്‍... ഏട്ടന്‍മാര്‍... പിന്നെ, പിന്നെ ആരാ...??? തിരിഞ്ഞ് സലീമിനോട് ചോദിച്ചുകൊണ്ട് അവള്‍ ഒരു നിമിഷം പകച്ചുനിന്നു... പിന്നെ ഏട്ടന്മാരുടെ മുഖത്തേയ്ക്കു നോക്കി. രാമുവും രവിയും ഒന്നും പറഞ്ഞില്ല... സമനില തെറ്റിയവളെപ്പോലെ അവള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട്‌ ഓരോരുത്തരോടും പറഞ്ഞു.

"ആരെങ്കിലും ഒന്ന് പറയ്‌.... എന്താ ഉണ്ടായേന്ന്‍ ആരെങ്കിലും ഒന്ന് പറയ്‌..." കരഞ്ഞുകൊണ്ട്‌ അവള്‍ നിലത്തേയ്ക്കിരുന്നു. സ്ത്രീകള്‍ അവളുടെ അടുത്തേയ്ക്ക് ഓടിവന്നു. അവരും എന്തെന്നറിയാതെ പരിഭ്രാന്തരായി. എന്നിട്ടും, അവളെ വല്ലവിധേനയും അവര്‍ പിടിച്ചുയര്‍ത്തി. അതോടെ, സലിം അവളുടെ നേരെ പതിയെ നടന്നടുത്തു. പിന്നെ മടിച്ചു മടിച്ചു പറഞ്ഞു...

"മോളെ... നിന്നോടിനി പറയാതിരുന്നിട്ട് കാര്യമില്ല.... നമ്മുടെ രഘൂ... "

അയാളെ പറയാന്‍ മുഴുവിപ്പിക്കാതെ, പിടിച്ചിരുന്നവരുടെ കൈതട്ടി അവള്‍ സലീമിന്‍റെ ഉടുപ്പില്‍ പിടിച്ചു വലിച്ചു.... ഭീതി പൂണ്ട്, നിറഞ്ഞകണ്ണുകളോടെ ഭ്രാന്തിയെപ്പോലെ അവള്‍ പുലമ്പി...

"എന്താ സലിംബാപ്പാ... എന്താ ങ്ങള് പറഞ്ഞത്...???

അവളുടെ പിടിയില്‍ സലിം ഒന്ന് പതറിയെങ്കിലും സംയമനം വിടാതെ കുലുങ്ങിക്കൊണ്ട് നിന്ന് അയാള്‍ പറഞ്ഞു... "പോയീ മോളെ... നമ്മളെ എല്ലാരേം വിട്ടു രഘു പോയീ...."

ഇത് കേട്ടയുടനെ ഒരു തളര്‍ച്ച ദേവുവിന്‍റെ പാദങ്ങളിലൂടെ ക്ഷണനേരം കൊണ്ട് പാഞ്ഞുകയറി. തലയ്ക്കകത്ത് ചുറ്റിത്തിരിഞ്ഞത് അവളെ അത് ചുഴറ്റിയടിച്ചു. നിലത്തേയ്ക്ക് വീണ ദേവു മയക്കത്തില്‍ നിന്നെന്നപോലെ ഒന്നുയര്‍ന്നുപൊങ്ങി. പിന്നെ, കര്‍ണം പൊട്ടുമാറുച്ചത്തില്‍ അവള്‍ നിലവിളിച്ചു....

"ന്‍റെ രഘുവേട്ടാ.....!!!!!! ഞാന്‍ വിശ്വസ്സിക്കൂല്ല.... ഞാന്‍ വിശ്വസ്സിക്കൂല്ല..." പിന്നെ തേങ്ങിക്കൊണ്ട്‌ വീണ്ടും അവള്‍ തളര്‍ന്നു വീണു... സ്തബ്ധരായി നിന്ന വിജയമ്മയും സേതുലക്ഷ്മിയും ഏട്ടത്തിമാരും രാജേശ്വരിയും കരഞ്ഞുകൊണ്ട്‌ അവളുടെ നേരെ പാഞ്ഞടുത്തു. പെട്ടെന്നുള്ള കൂട്ടക്കരച്ചില്‍ കേട്ട് അയല്‍വക്കത്തെ ജനാലകളിലും വാതില്‍പ്പടികളിലും ആകാംഷയോടെ ചില മുഖങ്ങള്‍ അവിടെയ്ക്ക് എത്തിനോക്കി. ഒന്നറച്ചുനിന്ന അവരുടെ പാദങ്ങള്‍ ദേവുവിന്‍റെ കുഞ്ഞുവീടിന്റെ മുറ്റത്തേയ്ക്ക് പാഞ്ഞടുത്തു. കുടിലിനുള്ളില്‍ ഒറ്റയ്ക്കായ അമര്‍ ഭയന്ന് അലറിക്കരഞ്ഞു. കുഞ്ഞിന്‍റെ കരച്ചിലില്‍ ഞെട്ടിയുണര്‍ന്ന ദേവു ചാടിയെഴുന്നേറ്റു. ചുറ്റും പകച്ചു നോക്കിയ അവള്‍ ആരും നിനച്ചിരിക്കാത്ത വേഗത്തില്‍ കുടിനിലുള്ളിലേയ്ക്ക് പാഞ്ഞുകയറി. പിന്നാലെ ഓടി മറ്റുള്ളവര്‍ അരുകിലെത്തും മുന്നേ മുറിയുടെ മൂലയിലായി ഇരുന്ന മണ്ണെണ്ണനിറച്ച കന്നാസ് അവള്‍ കൈയിലെടുത്തു. രാമുവും രവിയും അത് അവള്‍ മേലേയ്ക്കൊഴിയ്ക്കാന്‍ സമ്മതിക്കാതെ പിടിച്ചുവാങ്ങി.... അതോടെ, അവരുടെ കൈകള്‍ക്കിടയിലൂടെ ദേവു മുറിയുടെ മൂലയില്‍ തളര്‍ന്നുവീണു.... നിലത്തിരുന്ന അമര്‍, ഒന്നുമറിയാതെ, ഏവരുടെയും മുഖത്തേയ്ക്ക് മാറിമാറി നോക്കി വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു...

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ