2014 ജൂൺ 22, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....19

രഘു ചിന്താമഗ്നനായി ഇരുന്നു. കുറച്ചു നേരം കഴിഞ്ഞ് ഓഫീസ്ബോയി തിരികെ എത്തി. അറബിയ്ക്ക് സുലൈമാനിയും ഗാവയും ഒക്കെ ഉണ്ടാക്കിക്കൊണ്ട് അവന്‍ തിരികെ ഓഫീസിന് അകത്തേയ്ക്ക് തന്നെ പോയി. രഘുവിന്‍റെ മനസ്സിന് കുറച്ചു ധൈര്യം സ്വയം ചിന്തകൊണ്ട് അപ്പോഴേയ്ക്കും ആര്‍ജ്ജിച്ചിരുന്നു. ഓഫീസ്ബോയ്‌ തിരികെ വന്നു രഘുവിനരുകില്‍ നിന്നു. എന്നിട്ട് പറഞ്ഞു...

"ങ്ങള് ഇതൊന്നും കാര്യമാക്കണ്ട.. അയാള് വല്ലപ്പോഴുമേ ഓഫീസില്‍ വരൂ... അല്ലെങ്കില്‍ തന്നെ ഇനി ഇവിടെ മൂപ്പര് വരുമ്പോള്‍ നിങ്ങള്‍ ഉണ്ടാവില്ലല്ലോ...? ഒന്നും ഇപ്പോള്‍ ചിന്തിക്കണ്ട.. ഇത് ഇന്ത്യയല്ല... അറബ് നാടാ... ഇവിടെ ഇവന്മാര് പറയുന്നത് തന്നാ നിയമം...!!!! അവന്‍ തുടര്‍ന്നു. ചിലപ്പോള്‍ ചിന്തിക്കും ഇത് തന്നാ നല്ലതെന്ന്. ചിലപ്പോള്‍ ചിന്തിക്കും എന്തിനിങ്ങനെ വല്ലവന്റേം ആട്ടു കേള്‍ക്കുന്നത് എന്ന്...പിന്നെ അമ്മേം പെങ്ങളേം അച്ഛനേം ഒക്കെ ഓര്‍ക്കുമ്പോള്‍...!!!" അവന്‍ പാതിയില്‍ നിര്‍ത്തി.

രഘു അവനെനോക്കി ഒന്ന് പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഒരു മണിക്കൂറിനകത്ത് ഓഫീസിലെ എഴുത്തുകുത്തുകള്‍ ഒക്കെ കഴിഞ്ഞു. രഘു അങ്ങിനെ ആ കമ്പനിയുടെ ഭാഗമായി. രഘുവിനെ സൈറ്റില്‍ എത്തിക്കുന്നതിനായി ആരോ ബഷീറിനെ വിളിച്ചുപറഞ്ഞു. കുറച്ചു കഴിയുമ്പോള്‍ ബഷീര്‍ എത്തി. കമ്പനിയുടെ ആവശ്യപ്രകാരം അവനെ സുലൈമാനിയയിലെ സൈറ്റില്‍ എത്തിച്ചു. നാട്ടില്‍ നിന്നു വിപരീതമായി മുഴുവന്‍ ശരീരവും മറയുന്ന (കവറാള്‍) വസ്ത്രവും ഷൂവും, ഗ്ലൌസ്സും കറുത്തഗ്ലാസ്സും ഒക്കെ ധരിച്ചു വന്ന രഘുവിനെ കണ്ടപ്പോള്‍ ബഷീര്‍ ആദ്യം ഒന്ന് ചിരിച്ചു. സൈറ്റിന് മുന്നിലെ കെട്ടിടത്തിന്‍റെ ഗ്ലാസിലേയ്ക്ക് നോക്കി തന്‍റെ രൂപം കണ്ട രഘുവിന് പോലും ചിരി വന്നു. സൈറ്റില്‍ കൊണ്ട് ചെന്ന് ടൈംകീപ്പറുടെ കൈയില്‍ രഘുവിനെ ഏല്‍പ്പിച്ചു ബഷീര്‍ മറ്റെവിടെയോ പോയി. രഘു സൈറ്റ് ഓഫീസില്‍ ചെന്ന് നിന്നു. സൈറ്റ് ഓഫീസിലെ ഓഫീസ്ബോയ്‌ ഒരു നേപ്പാളിയായിരുന്നു. രഘുവിനെ കണ്ട് അവന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി രഘു "അച്ചാ.." എന്ന വാക്ക് മാത്രം പറഞ്ഞു. ഒടുവില്‍ നേപ്പാളി തന്നെ ചിരിച്ചു പോയി. അവന്‍ രഘുവിനോട് ആ കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ഒരു മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും സൈറ്റിലെ മേല്‍നോട്ടക്കാരന്‍ (സൂപ്പര്‍വൈസര്‍) ഓഫീസില്‍ എത്തി. നേപ്പാളി അയാള്‍ക്ക്‌ കുടിക്കാന്‍ വെള്ളം കൊണ്ട് മേശമേല്‍ വച്ചിട്ട് അയാളോട് എന്തോ പറഞ്ഞു. രണ്ടുപേരും വല്ലാതെ ചിരിച്ചു.. രഘുവിന് തോന്നി അവര്‍ തന്നെക്കുറിച്ചാണ് പറയുന്നതെന്ന്..!!! അവനിങ്ങനെ ചിന്തിച്ചിരിക്കെ അയാള്‍ രഘുവിനെ കൈകാട്ടി വിളിച്ചു. രഘു ഭവ്യതയോടെ കൈയിലിരുന്ന പേപ്പര്‍ അദ്ദേഹത്തിനെ ഏല്‍പ്പിച്ചിട്ട് മുന്നിലായി നിന്നു. അയാള്‍ പേപ്പറിലൂടെ ഒന്ന് കണ്ണോടിച്ചു. എന്നിട്ട് ഗൗരവത്തോടെ രഘുവിനോട് ചോദിച്ചു.

"മലയാളിയാണല്ലേ...??? ഹും... ഒപ്പം ഇരുത്തംവന്ന ഒരു മൂളലും മൂളി.

"അതെ".. രഘു മറുപടി നല്‍കി. ജോലിയുടെ സ്വഭാവവും, സുരക്ഷാമാനദണ്ഡവും ഒക്കെ പറഞ്ഞുകൊടുത്ത അയാള്‍ സൈറ്റ് ഫോര്‍മാനെ വിളിച്ചു രഘുവിനെ ഏല്‍പ്പിച്ചു... രഘു അയാള്‍ക്കൊപ്പം നടന്നുനീങ്ങി. ആദ്യദിനം അധികം കടുത്ത ജോലിയൊന്നും ആരും രഘുവിന് കൊടുത്തില്ല. എങ്കിലും ആത്മാര്‍ത്ഥതയോടെ, പറഞ്ഞ ജോലികള്‍ എല്ലാം അവന്‍ ചെയ്തു തീര്‍ത്തു. കുറച്ചു നേരത്തെ ജോലികൊണ്ട് തന്നെ സൂപ്പര്‍വൈസര്‍ക്കും, ഫോര്‍മാനും ലീഡിനും ഒക്കെ രഘുവിനെ നന്നേ ബോധിച്ചു.

വൈകുന്നേരം ജോലി കഴിഞ്ഞു റൂമില്‍ ചെന്നപ്പോള്‍ കുളിക്കാനും കക്കൂസില്‍ പോകാനും ഒക്കെയുള്ള തിരക്ക് അവനില്‍ വിഷമം ഉണര്‍ത്തി. ജീവിതത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു അനുഭവം... എങ്കിലും വളരെ ബദ്ധപ്പെട്ട് അവന്‍ കുളിച്ചു. കുളി കഴിഞ്ഞ് റൂമില്‍ എത്തി കട്ടിലില്‍ കയറി ഇരുന്നപ്പോള്‍ അവന്‍ ദേവുവിനെ ഓര്‍ത്തു...

ഓര്‍മകള്‍ക്ക് ചൂട് പിടിച്ചപ്പോള്‍ അവന്‍റെ ശിരസ്സ്‌ അവനറിയാതെ തന്നെ അരുകിലെ ചുവരിലേയ്ക്ക് ചാരി. കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിന് അവന്‍റെ ചിന്തകളുടെ നോവുണ്ടായിരുന്നു. അവന്‍റെ ഓര്‍മ്മകള്‍ അവനു നല്‍കിയത് നൊമ്പരം മാത്രമായിരുന്നു. രഘുവിന് തോന്നി ദേവു ഒരു മാലാഖയാണ്... അവളായിരുന്നു എല്ലാം.. ഒന്ന് തുമ്മിയാല്‍, തല വേദനിക്കുന്നു എന്ന് പറഞ്ഞാല്‍ അന്തിയോളം അവനരുകില്‍ സങ്കടത്തോടെ ഇരിക്കുന്ന ദേവു... ആഹാരം കഴിച്ച് തീരും വരെ അവന്‍റെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന അവന്‍റെ ദേവു.. സങ്കടം വന്നാല്‍ നെഞ്ചില്‍ ചേര്‍ന്ന് നിന്നു കുലുങ്ങിക്കരയുന്ന ദേവൂ... അവളടുത്തില്ലാതെ 2 ദിനങ്ങള്‍... ഒരു യുഗം പോലെ തോന്നിയവന്... രഘു കണ്ണുകള്‍ പൂട്ടിയിരുന്നു. അപ്പോഴേയ്ക്കും ബഷീര്‍ റൂമിലേയ്ക്ക് എത്തിനോക്കി വിളിച്ചു.

"രഘു... ന്‍റെ ചങ്ങാതി എങ്ങനെയിരുന്നു ജോലിയെല്ലാം..." ചോദിച്ചു കൊണ്ട് പുറത്തെ ഒരു തടി ബോക്സില്‍ ഇരുന്നുകൊണ്ട് അവന്‍ വര്‍ക്കിംഗ്‌ ഷൂ ഊരി ബോക്സില്‍ വച്ചു. കാലുകഴുകി അകത്തേയ്ക്ക് വന്നു രഘുവിനോട് പറഞ്ഞു.

"ഞാനൊന്നു കുളിച്ച് വന്നു നമ്മുക്ക് പുറത്തേയ്ക്ക് പോകാം... ഞാന്‍ ഭക്ഷണം പുറത്തെ കാന്റീനില്‍ നിന്നാണ്. ഇന്നലെ പിന്നെ നീ വരുന്നത് കൊണ്ട് പുറത്തു നിന്നു വാങ്ങിവച്ചതാ.. ഇന്ന് മുതല്‍ നീയും അവിടെ രജിസ്റ്റര്‍ ചെയ്തോള്ളൂ... അതാവുമ്പോ ഒരീസം ഒത്തിരി തളര്‍ന്നു പോയാലും ഒന്നും പേടിക്കണ്ട. പട്ടിണി കിടക്കേണ്ട. ബഷീര്‍ കുളികഴിഞ്ഞ് വന്ന് ഇരുവരും പുറത്തു പോയി ആഹാരം കഴിച്ച് മുറിയിലേയ്ക്ക് വന്നപ്പോള്‍ രഘുവിന് തോന്നി അവന്‍ ശെരിക്കും ഒരു പ്രവാസിയായെന്ന്. പിന്നെ സ്വയം ഒരഭിമാനവും. അവന്‍ ദൈവത്തോടും മനസ്സുകൊണ്ട് ബഷീറിനോടും നന്ദി പറഞ്ഞു. ചിന്തിച്ചുകൊണ്ട്‌ രഘു കട്ടിലിലേയ്ക്കിരുന്നു. ബഷീര്‍ അവന്‍റെ ഷെല്‍ഫില്‍ എന്തോ തിരയുകയും ചെയ്തു. രഘു ചോദിച്ചു

"എന്താടാ... എന്താ നീയിത്ര ഉത്സാഹത്തോടെ തിരയുന്നത്,..?????

രഘുവിന്‍റെ ചോദ്യം കേട്ട് കൈയില്‍ ഒരു ലെറ്റര്‍പാഡ്മായി ബഷീര്‍ അവനരുകിലേയ്ക്ക് വന്നു. കട്ടിലില്‍ രഘുവിനരുകില്‍ ഇരുന്നുകൊണ്ടവന്‍ അത് രഘുവിന്‍റെ മടിയിലേയ്ക്കു വച്ചു. എന്നിട്ട് അവന്‍റെ തോളില്‍ കൈവച്ചുകൊണ്ട് പറഞ്ഞു.

"നിനക്ക് ഇവിടുത്തെ വിശേഷങ്ങള്‍ ഒക്കെ നിന്‍റെ ദേവൂനോട് പറയണ്ടേ...??? എഴുതണം. നിന്‍റെ മനസ്സിലുള്ളത് മുഴുവന്‍ ഇതില്‍ എഴുതണം. എന്നിട്ട് ദേ ഈ കവറില്‍ ഇട്ട് താ... ഞാന്‍ നാളെ തന്നെ അത് പോസ്റ്റ്‌ ചെയ്തേക്കാം..."

ഒടുവില്‍ ബഷീര്‍ രഘുവിനോട് യാത്ര പറഞ്ഞ് അറബിയുടെ വീട്ടിലേയ്ക്ക് പോകുമ്പോള്‍, കൈയിലിരുന്ന ലെറ്റര്‍പാഡ് രഘു തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ പേജില്‍ മങ്ങിയ വര്‍ണങ്ങളോടെ കൊക്കുരുമ്മി ഇരുന്ന രണ്ടു വെള്ളരിപ്രാവിന്‍റെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അരുകിലെ കുഞ്ഞുമേശ തന്‍റെ അടുത്തേയ്ക്ക് വലിച്ചിട്ട് ലെറ്റര്‍പാഡ് അതിനു മുകളില്‍ വച്ച് അവന്‍ എഴുതാനായി അതിലേയ്ക്ക് കുനിഞ്ഞു. പേനയുടെ പിന്‍ഭാഗം കടിച്ചുകൊണ്ട് രഘു ആലോചിച്ചു. എന്തെഴുതണം...??? എങ്ങിനെ തുടങ്ങണം...എങ്ങിനെ എഴുതണം... ഒടുവില്‍ മനസ്സിലുറപ്പിച്ച ചില വാക്കുകള്‍ അവന്‍ ആ വര്‍ണ്ണപേപ്പറിലേയ്ക്ക് പകര്‍ന്നു... കുറച്ചു വരികള്‍ എഴുതുമ്പോഴെയ്ക്കും രഘുവിന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. കവിളുകളിലൂടെ ഒഴുകിവന്ന നീര്‍ത്തുള്ളികള്‍ അവന്‍റെ നാസികതുമ്പിലായ്‌ വന്നു നിന്നു. ഒടുവില്‍ മെല്ലെ മെല്ലെ അടര്‍ന്നു അത് ആ കടലാസുതാളില്‍ വീണ് തെറിച്ചു. ഉടുമുണ്ടിന്‍റെ അഗ്രം കൊണ്ടവന്‍ അത് മായ്ക്കുമ്പോള്‍ അവളോട്‌ പറഞ്ഞ ചില വാക്കുകള്‍ മഷിയും കണ്ണുനീരും കൂടിക്കലര്‍ന്നു മാഞ്ഞുപോയി... കുനിഞ്ഞിരുന്നു തളര്‍ന്നപ്പോള്‍ അവന്‍ കട്ടിലിലേയ്ക്ക് കിടന്നു. ഒടുവില്‍ ആ ലെറ്റര്‍പാഡ് നെഞ്ചിലമര്‍ത്തി രഘു ഉറക്കം പൂണ്ടു. രാത്രിയില്‍ മുറിയിലേയ്ക്ക് കയറി വന്ന ബഷീര്‍ രഘുവിന്‍റെ നെഞ്ചില്‍ നിന്നും അതെല്ലാം എടുത്തുമാറ്റി അരുകിലെ മേശമേല്‍ വച്ചു... പിന്നെയവന്‍ തന്‍റെ കിടക്കയില്‍ വന്നിരുന്നു. ഒടുവില്‍, ഒരു ദീര്‍ഘ നിശ്വാസത്തോടെ കിടക്കയിലേയ്ക്ക് ചാഞ്ഞു.
******************
രഘു ദേവുവിനെ വിട്ടുപോയിട്ട് ദിവസങ്ങള്‍ ഇരുപതോളം ആയി. അവനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ അവള്‍ കാത്തിരിക്കുകയായിരുന്നു. അവള്‍ക്കുമുണ്ട് രഘുവിനോട് പറയാന്‍ ഒരുപാട് കാര്യങ്ങള്‍. അതില്‍ പ്രധാനം രഘുവിന്‍റെ പൊന്നുമകന്‍ അമര്‍ പിടിച്ചിരുന്നു തുടങ്ങി എന്നത് തന്നെ... വീട്ടുജോലികള്‍ തീര്‍ത്ത്, സമയം പതിനൊന്ന് ആകുമ്പോഴേയ്ക്കും അവള്‍ക്കു പിന്നെ കാത്തിരിപ്പാണ് പ്രധാനജോലി. പോസ്റ്റ്‌ഓഫീസ് കുറച്ചേറെ അകലെയായതിനാല്‍ കുഞ്ഞിനേയും കൊണ്ട് അവിടെപോയി അന്വേഷിക്കുക അവള്‍ക്കത്ര എളുപ്പമായിരുന്നില്ല. ദിവസങ്ങള്‍ കടന്നുപോയ്ക്കൊണ്ടിരിക്കെ ഒരു ദിവസം പോസ്റ്റ്മാന്‍ ദേവുവിന്‍റെ കുടുംബവീടിന്‍റെ മുറ്റത്തെത്തി. ദേവു കുഞ്ഞിനേയും കൊണ്ട് പെട്ടെന്ന് എഴുന്നേറ്റു. പിന്നെ വേഗത്തില്‍ അയാളുടെ അരുകിലേയ്ക്ക് നടന്നു. അവള്‍ അടുത്തെത്തുന്നതിന് മുന്‍പേ തന്നെ രാജലക്ഷ്മി വന്നു കത്തുവാങ്ങി അകത്തേയ്ക്ക് കയറിപ്പോയി. ദേവു വിഷമത്തോടെ തിരികെ നടന്നു. പിന്നീടവള്‍ക്ക് വല്ലാത്ത വിഷമമായി. മാസം ഒന്ന് കഴിഞ്ഞിട്ടും രഘുവിന്‍റെ കത്ത് ഒന്നുപോലും ദേവുവിനെ തേടി വന്നില്ല. അവള്‍ സ്വയം ശപിക്കാന്‍ തുടങ്ങി. ഒന്നും വേണ്ടിയിരുന്നില്ല.. ഇങ്ങനെ അങ്ങ് ജീവിച്ചാല്‍ മതിയായിരുന്നു... ഈ ഒരു കുഞ്ഞിനെ മാത്രം വളര്‍ത്താന്‍ എന്‍റെ രഘുവേട്ടനെ എങ്ങും വിടേണ്ടിയിരുന്നില്ല. ചിന്തകള്‍ ദേവുവിനെ നന്നേ തളര്‍ത്തി. രഘുവിന്‍റെ വിവരങ്ങള്‍ ഒന്നും തന്നെ അറിയാന്‍ കഴിയാത്തത് ഒരു നൊമ്പരമായി അവളില്‍ അവശേഷിച്ചു.

അവിടെ രഘുവിന്‍റെ അവസ്ഥയും മറിച്ചായിരുന്നില്ല. അവനും ചിന്തിച്ചു. ഇവളെന്തേ മാസം രണ്ടായിട്ടും ഒരു മറുപടി പോലും അയയ്ക്കുന്നില്ല. ഇടയ്ക്കെപ്പോഴോ അവന്‍റെ ചിന്തയും കാട് കയറി. പണം കിട്ടിയപ്പോള്‍ എങ്കിലും അവള്‍ക്കൊരു മറുപടി അയയ്ക്കാമായിരുന്നു. ബഷീര്‍ അവനെ സമാധാനിപ്പിച്ചു. ചിലപ്പോഴൊക്കെ അങ്ങിനെ തന്നെയാടാ.. ഈ കത്തൊക്കെ കിട്ടാന്‍ കുറച്ചു താമസിക്കും... രഘു ബഷീറിന്‍റെ വാക്കുകളില്‍ സ്വയം സമാധാനം കണ്ടെത്തി. ഓരോ വ്യാഴാഴ്ചയും ക്യാമ്പ്‌ ബോസിന്‍റെ ഓഫീസിലെ മേശമെലെ തിക്കിത്തിരക്കുന്ന ജോലിക്കാര്‍ക്കിടയില്‍ അവനും തേടും ദേവുവിന്‍റെ ഒരു കത്ത്. അവനെ തേടി അവളുടെ ഒരു കത്ത് പോലും വന്നിരുന്നില്ല. രഘുവിന് ആകെ വെറുപ്പ്‌ തോന്നി. ജോലിയില്‍ അവന്‍റെ ശ്രദ്ധ കുറഞ്ഞുവന്നു.

ഒരുനാള്‍ ഉച്ചയോടടുത്ത നേരം. വിശ്രമത്തിനായി കഷ്ടി മുപ്പതു മിനിറ്റോളം സമയം ബാക്കി നില്‍ക്കെ... രഘുവിന് ശരീരം ആകെ തളരുന്നത് പോലെ തോന്നി. അവന്‍ ചാരത്തില്‍ നിന്നും ശ്രമപ്പെട്ട്‌ താഴെയിറങ്ങി. അരുകിലിരുന്ന സിമെന്റ് കല്ലിന്‍റെ മുകളില്‍ ചെന്നിരുന്നു. മുന്നിലെല്ലാം രണ്ടു കറുപ്പുഗോളം ചുറ്റുന്നത്‌ പോലെ. അവന്‍റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി. അരുകില്‍ സിമന്റ്റ്മായി വന്ന ഒരു നേപ്പാളിയുടെ ട്രൌസറില്‍ പിടിക്കാന്‍ കൈനീട്ടി ശ്രമിച്ചുകൊണ്ട് അവന്‍ കുഴഞ്ഞു താഴെവീണു. രഘു വീഴുന്നത് കണ്ടു നേപ്പാളി ഉച്ചത്തില്‍ ഫോര്‍മാനോട് വിളിച്ചു പറഞ്ഞു.

"ജി... ആയിയേ സാബ്.. ഇതര്‍ ദേഖിയേ.... ഇസ്കോ കുച്ച് മുഷ്ഖില്‍ ഹോഗയാ ലഗ്താ ഹേ.... രഘുവിനെ കൈകൊണ്ടു താങ്ങി അവന്‍ വീണ്ടും വിളിച്ചു.. ആയിയേനാ സാബ് ഇസ്ക ഖോഷ് ഭി ചലാഗയാ..."

വിളികേട്ട ഭാഗത്തേയ്ക്ക് ഫോര്‍മാന്‍ ഓടിവന്നു. കുറച്ചുപേര്‍ ചേര്‍ന്ന് രഘുവിനെ സൈറ്റിലെ ഓഫീസ് റൂമിലേയ്ക്ക് കൊണ്ട് കിടത്തി. സൈറ്റ് സുരക്ഷാ ഓഫീസര്‍ മാര്‍ അവനരുകിലേയ്ക്ക് ഓടിയെത്തി. കൂട്ടമായി നിന്നവരോട് അകന്നു നില്‍ക്കാന്‍ പറഞ്ഞിട്ട് അവന്‍ വലത്തേയ്ക്ക് ചരിഞ്ഞുകിടന്ന രഘുവിന്‍റെ തല മെല്ലെ തിരിച്ചു. അവന്‍റെ വായുടെ വലതു കോണില്‍ മഞ്ഞകലര്‍ന്ന കുറച്ചു പത ഒലിച്ചിറങ്ങിയിരുന്നു... രഘുവിന് പ്രാഥമിക ശുശ്രൂഷ നല്‍കി സുലൈമാനിയയിലെ കിംഗ്‌ സൌദ്‌ ആശുപത്രിയിലേയ്ക്ക് കൊണ്ട് ചെന്നു. രഘുവിന്‍റെ അസുഖം അറിഞ്ഞ് എല്ലാ ജോലിത്തിരക്കുകളും മാറ്റിവച്ച് ബഷീര്‍ ആശുപത്രിയില്‍ എത്തി. രഘു അപ്പോഴും പ്രത്യേക പരിചരണ വിഭാഗതിനുള്ളില്‍ ആയിരുന്നു. അവിടേയ്ക്കും ആര്‍ക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ആയതിനാല്‍ വരാന്തയില്‍ മണിക്കൂറുകള്‍ അവന്‍ സങ്കടത്തോടെ കാത്തിരുന്നു......
**********************
പതിവില്ലാതെ മഴപെയ്തു. കഴുകിയിട്ടിരുന്ന തുണികള്‍ ഓടിനടന്ന് പെറുക്കുമ്പോഴേയ്ക്കും പെയ്ത മഴയെല്ലാം ദേവു നനഞ്ഞു. പുറത്ത് ഓടുമ്പോഴും അവളുടെ ശ്രദ്ധ വീടിനകത്തെ അമറിലായിരുന്നു. ഇരുന്ന ഇടത്ത് നിന്നും എപ്പോഴാണ് അവന്‍ പിടിച്ചെഴുന്നെല്‍ക്കുക എന്ന് പറയുക അസാധ്യം. അവള്‍ അകത്തേയ്ക്ക് കയറുമ്പോഴെയ്ക്കും മഴ പെയ്തൊഴിഞ്ഞിരുന്നു. ദേവു പിറുപിറുത്തു.

"ഇതെന്തിനാണാവോ ഇപ്പോള്‍ പെയ്തത്...???

ഉണങ്ങിയ തുണികള്‍ കട്ടിലിലേയ്ക്കും മറ്റുള്ളവ വീടിനുള്ളിലെ അയയിലേയ്ക്കും അവള്‍ വിരിച്ചിട്ടു. പിന്നീട് സാരിയുടുത്ത് അമറിനെയും ഒരുക്കി, വാതില്‍ താഴിട്ട് അവള്‍ പോസ്റ്റ്‌ ഓഫീസ് ലക്ഷ്യമാക്കി നടന്നു. സലിംബാപ്പയുടെ കൈയില്‍ നിന്നും വാങ്ങിയ രൂപയുമായി അവള്‍ ബസ്സിലേയ്ക്ക് കയറി. പോസ്റ്റ്‌ ഓഫീസിന് മുന്നില്‍ ബസ്സിറങ്ങുമ്പോള്‍ ദേവുവിന്‍റെ മനസ്സ് വിതുമ്പുകയായിരുന്നു. ചെന്ന പാടെ അപരിചിതയെ പോലെ അവള്‍ ചുറ്റും നോക്കി. പുറത്തു നിന്നു കണ്ടിട്ടുള്ളതല്ലാതെ ആദ്യമായാണ്‌ ഇവിടെ വരുന്നത്. പോലീസ്കാരന്‍റെ ഗമയോടെ അടുത്തു നിന്ന പോസ്റ്റ്‌മാനോട് അവള്‍ കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അവളോട്‌ മറുപടി പറയുമ്പോള്‍ ദേവുവിന്‍റെ മുഖം ചുവന്നു തുടുത്തു. അമറിനെയും തോളത്തിട്ട് കൊണ്ട് ഭ്രാന്തമായ വേഗതയില്‍ അവള്‍ പുറത്തേയ്ക്ക് നടന്നു. അപ്പോള്‍ അരുകിലേയ്ക്ക് വന്നു നിന്ന ബസ്സില്‍ കയറി അവള്‍ സേതുലക്ഷ്മിയമ്മയുടെ വീട്ടുപടിക്കല്‍ ഇറങ്ങി വേഗതയില്‍ നടന്നു. ആ വീടിന്‍റെ മുറ്റത്ത്‌ നിന്ന് അവള്‍ ഉറക്കെ വിളിച്ചു.

"അമ്മെ.......!!!!!!!!! ഇവിടെയാരും ഇല്ലേ..???

ദേവുവിന്റെ ഉച്ചത്തിലുള്ള വിളി കേട്ടു ആദ്യം സേതുലക്ഷ്മിയും അവള്‍ക്കു പിറകിലായി രാജേശ്വരിയും വന്നു നിന്നു. കോപത്തോടെ നിന്ന ദേവുവിനോട് അവര്‍ ചോദിച്ചു.

"ഉം... എന്ത് വേണം... ഈ വീടിന്‍റെ പടിക്കല്‍ വന്നു നീ എന്തിനാ നിന്‍റെ തൊള്ള തുറക്കുന്നത്...."

"രഘുവേട്ടന്‍ എന്‍റെ പേര്‍ക്ക് അയച്ച കത്തുക്കള്‍ ഒക്കെ എവിടെ..??? ചോദിച്ചുകൊണ്ട് അവള്‍ മുറ്റത്ത് നിന്നു ആദ്യത്തെ പടിക്കരുകില്‍ വന്ന് നിന്നു.

"ഹോ... അപ്പോള്‍ അതാണ്‌ കാര്യം..." സേതുലക്ഷ്മിയമ്മ മുകളിലേയ്ക്കും താഴേയ്ക്കും തലയാട്ടിക്കൊണ്ട് പറഞ്ഞു.

"പിന്നെ അതെന്താ കാര്യമല്ലേ..??? ദേവുവും വിട്ടു കൊടുത്തില്ല. ഞാന്‍ പോസ്റ്റ്‌ ഓഫീസില്‍ പോയേച്ചാ വരുന്നതിവിടെ..?? എനിക്ക് വന്ന കത്തുകള്‍ ഒക്കെ ഇവിടെ കൊണ്ട് വന്നു തന്നൂന്നാണല്ലോ അങ്ങേര് പറഞ്ഞത്...???

"ഇതെന്താ നിന്‍റെ രഘൂന്റെ വീടാണോ??? അതോ നീ സമ്പാദിച്ചതാണോ ഇത്.. ഇത്ര അധികാരത്തില്‍ ചോദിക്കാന്‍...!!! എന്നിട്ടവര്‍ തിരിഞ്ഞു രാജേശ്വരിയെ നോക്കി. രാജേശ്വരി അകത്തേയ്ക്ക് പോയി. പെട്ടെന്നവള്‍ കൈയില്‍ കുറെ കത്തുകളുമായി അമ്മയുടെ അരുകില്‍ വന്നു. ഒരു നിമിഷം രൂക്ഷമായി നോക്കിയിട്ട് അവള്‍ ദേവുവിന്‍റെ മുഖത്തേയ്ക്കു അത് വലിച്ചെറിഞ്ഞു. അവ മുറ്റത്ത് ചിതറിവീണു. ദേവുവിന്‍റെ നെഞ്ചം ആളിക്കത്തി. അവള്‍ രൂക്ഷമായി ഇരുവരേയും നോക്കിക്കൊണ്ട്‌ കത്തുകള്‍ ഓരോന്നും പെറുക്കിയെടുത്തു. കത്തുകള്‍ പെറുക്കിയെടുത്ത് അവള്‍ നിവരുമ്പോള്‍ സേതുലക്ഷ്മിയമ്മ പറഞ്ഞു.

"ദേ.. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം... ഇത് നിന്‍റെ അവന്‍റെ അവസാനത്തെ കത്തായിരിക്കണം. ഇനി മേലില്‍ നിനക്കുവേണ്ടിയെന്നു പറഞ്ഞ് ഒരു കത്തുപോലും എന്‍റെ മുറ്റത്ത്‌ വരരുത്. സ്വന്തമായി അഡ്രെസ്സ് ഇല്ലാത്തോര്‍ക്ക് കൊടുക്കാന്‍ സേതുലക്ഷ്മിയമ്മ ഇവിടെ സത്രം നടത്തുന്നില്ല. "

സേതുലക്ഷ്മിയമ്മയുടെ വാക്കുകള്‍ കേട്ടു അവള്‍ അമറിനെ മുറ്റത്തെ മണ്ണില്‍ ഇരുത്തി. പടികടന്ന് മുകളിലേയ്ക്ക് ചെന്നു. സേതുലക്ഷ്മിയമ്മ മെല്ലെ പിന്നിലേയ്ക്ക് ചുവട് വച്ചു. ഒപ്പം രാജേശ്വരിയും. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ദേവു രാജേശ്വരിയുടെ ചെകിടില്‍ വലിച്ചടിച്ചു. അരുകില്‍ നിന്ന സേതുലക്ഷ്മിയമ്മ കണ്ണുകള്‍ മുറുകെയടച്ച്‌ "അയ്യോ" എന്ന് വിളിച്ചു അവരുടെ ചെകിടില്‍ കൈപൊത്തിപിടിച്ചു. അടികൊണ്ട രാജേശ്വരി പിന്നിലേയ്ക്ക് മലക്കം മറിഞ്ഞു. ഒന്നും സംഭവിക്കാത്ത പോലെ ദേവു തിരിഞ്ഞ് പടികടന്ന് മുറ്റത്തെത്തി, അമറിനെയും കൈയിലെടുത്ത് വീട്ടിലേയ്ക്ക് നടന്നു. നടന്നകലുന്ന ദേവുവിനെ നോക്കി സേതുലക്ഷ്മിയമ്മ തലയില്‍ കൈവച്ചു വിളിച്ചു പറഞ്ഞു.

"നീ നശിച്ച് നാറാണക്കല്ല് പറിയുമെടീ... നാശം പിടിച്ചവളെ.... നീ നോക്കിക്കോടി സേതുലക്ഷ്മിയാ പറയുന്നത്.... "

ദേവു തിരിഞ്ഞുപോലും നോക്കാതെ വീട്ടിലേയ്ക്ക് തന്നെ നടന്നു.

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ