2014 ജൂൺ 30, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....26

നിര്‍ത്താതെ തേങ്ങുന്ന ദേവുവിനെ എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ ബഷീര്‍ കുഴങ്ങി. ഒന്ന് മാത്രമവനറിയാം. ദേവു, അവളിപ്പോള്‍ നില്‍ക്കുന്നത് സങ്കടത്തിന്‍റെ അങ്ങേ അറ്റത്താണ്. ഇനി മുന്നോട്ടൊരു ജീവിതം ഇല്ല എന്ന ചെറിയൊരു തോന്നല്‍ മാത്രം മതി അവള്‍ക്ക് ഈ ജീവിതം ഉപേക്ഷിക്കാന്‍... ഓര്‍ത്തപ്പോള്‍ അവനു ഭീതി തോന്നി..... ജീവിതം എന്തെന്ന് തിരിച്ചറിയുന്നതിന് മുന്‍പേ അതിന് മുന്നില്‍ പകച്ചു നില്‍ക്കേണ്ടിവന്ന ഒരു ഹതഭാഗ്യ... ഇനിയുള്ള പ്രതീക്ഷകളെല്ലാം മുട്ടുകളില്‍ ഇഴയുന്ന ഒരു കുഞ്ഞിലും...

ബഷീര്‍ ആ ഇരുപ്പില്‍ ഒരു കാര്യം തീരുമാനിച്ചു. ഒരു കൂടപ്പിറപ്പ് എന്ന നിലയില്‍ എന്നും താന്‍ ദേവുവിന്റെ കൂടെ ഉണ്ടാകണം. ഇനി അവളുടെ കുടുംബക്കാരും ആയി സംസാരിക്കണം. എല്ലാപേരോടും അവളെ സഹായിക്കണം എന്ന് പറയണം... ചിന്തിച്ചുകൊണ്ടവന്‍ അവിടെനിന്നും എഴുന്നേറ്റു. പുറത്തേയ്ക്ക് വരുമ്പോള്‍ സലീമും നാട്ടിലെ ചില പ്രമാണിമാരും അവിടെ ഉണ്ടായിരുന്നു. കസേരകള്‍ അടുപ്പിച്ചിട്ട് അവര്‍ ഓരോരുത്തരും ചുറ്റി വളഞ്ഞു ഇരിക്കാന്‍ തുടങ്ങി. ഇല്ലാ കഥ മെനയുന്ന കാപാലികര്‍ക്ക് നാടൊട്ടുക്ക് നടന്നുപാടാന്‍ ഒരു അവിഹിതകഥ കൊടുക്കാതെ, അവിടെ രഘുവിന് എന്താണ് സംഭവിച്ചത് എന്ന് അവന്‍ വിശദീകരിച്ചു. ആകാംക്ഷരായി അവര്‍ ഇരുന്നു കഥ കേട്ടു. ഒടുവില്‍ സലീമിന്‍റെയും നാട്ടിലെ ചില ഗുരുക്കന്മാരേയും സാക്ഷി നിര്‍ത്തി രാമുവിനോടും, രവിയോടുമായി ബഷീര്‍ പറഞ്ഞു...

"രഘു പോയി. അതെല്ലാര്‍ക്കും അറിയാം. പരസഹായം ഇല്ലാതെ ഒരു നേരം പോലും ദേവൂനു ഇനി മുന്നോട്ടു ജീവിക്കാന്‍ കഴിയില്ല. ആദ്യം ഈ സങ്കടത്തില്‍ നിന്നും അവളൊന്ന് കരകയറട്ടെ. എന്നിട്ടാകാം അവളോട്‌ ചര്‍ച്ച ചെയ്യുന്നത്. സംസാരിച്ചുകൊണ്ട് അവന്‍ തോളില്‍ കിടന്ന കൈബാഗ് മടിയിലേയ്ക്ക് എടുത്തുവച്ചു. അതിന്‍റെ കുടുക്ക് നീക്കി അവനതു തുറന്നു. അതില്‍ നിന്നും ഒരു കവര്‍ അവന്‍ കൈയിലെടുത്തു. എന്നിട്ട് കൂടിയിരുന്നവരോടായി പറഞ്ഞു.

"ഇത്... ഇത് കുറച്ച് പണമാണ്. കമ്പനി കൊടുത്തതല്ല. മൂന്നു മാസം മാത്രം ജോലി ചെയ്ത ഒരാള്‍ മരിച്ചു. അതിനപ്പുറം അവര്‍ക്കിതില്‍ ഒന്നുമില്ല..ഒരു സഹതാപവും അവരില്‍ നിന്നു പ്രതീക്ഷിക്കാനും കഴിയില്ല. ആയതിനാല്‍ ഇത് ഞങ്ങള്‍, രഘുവിന്‍റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് സ്വരുകൂട്ടിയതാണ്. ഈ മാസം നാട്ടിലയയ്ക്കേണ്ടിയിരുന്നതില്‍ കുറച്ചു മാറ്റി വച്ച് അവര്‍ രഘുവിനും കൊടുത്തു. അതാണീ ഡ്രാഫ്റ്റ്. രാമുവിന്റെയും രവിയുടെയും മുഖം ഒന്ന് തെളിഞ്ഞു. അവരുടെ മുഖം ഒന്ന് നോക്കി തിരിഞ്ഞ ബഷീര്‍ സലീമിനോട് പറഞ്ഞു. ഇത് ദേവൂട്ടിയെ ഏല്‍പ്പിക്കണം എനിക്ക്... അവളുടെ സങ്കടം തീരട്ടെ സലീമിക്കാ... ഞാന്‍ കാത്തിരിക്കാം. അവളെ ഇതേല്‍പ്പിക്കാതെ എനിക്കൊരു സമാധാനവും ഇല്ല....

ബഷീറിന്റെ വാക്കുകള്‍ കേട്ടു രവി എന്തോ പറയാന്‍ തുടങ്ങിയെങ്കിലും പുറത്തേയ്ക്ക് വന്ന വാക്കുകള്‍ അവന്‍ വിഴുങ്ങി.

അപ്പോഴേയ്ക്കും വീടിന്‍റെ പിന്നാമ്പുത്ത് നിന്നു ചില സ്ത്രീകള്‍ മുന്നിലേയ്ക്ക് വന്നു. അവര്‍ കൂടിനില്‍ക്കുന്നവരോടായി പറഞ്ഞു.

"ഈ കസേരയും മേശയും ഒക്കെ ഒന്നടുക്കി ഇട്ടാട്ടെ. കഞ്ഞി റെഡിയായി. ഒരു കവിള്‍ എല്ലാരും കുടിച്ചാട്ടെ....."

അപ്പോഴേയ്ക്കും കൂടി നിന്നവരില്‍ ചിലര് കൂടി അവിടം വിട്ടു. ബാക്കിയുണ്ടായിരുന്നവര്‍ എല്ലാവരും രഘുവിന് വേണ്ടി അവസാനമായി ഒരിറ്റ് കഞ്ഞി കുടിച്ചു ചടങ്ങ് തീര്‍ത്തു. കഞ്ഞി കുടിക്കാന്‍ ദേവുവും, വിജയമ്മയും കൂട്ടാക്കിയില്ല. അവരെ അങ്ങിനെ തന്നെ വിട്ടു മറ്റുള്ളവര്‍ എല്ലാവരും ആഹാരം കഴിച്ചു.. ആഹാരം കഴിച്ചതോടെ മറ്റു ചിലര്‍ കൂടി പിരിഞ്ഞുപോയി.... ഇനി ദേവുവിന്‍റെ കുടിലില്‍ ബാക്കി എന്ന് പറയാന്‍ ഏട്ടന്മാരും, ഏട്ടത്തിമാരും, അമ്മമാരും, രാജേശ്വരിയും സലീമും, നബീസുഉമ്മയും, ഒന്ന് രണ്ടു അയല്‍ക്കാരികളും, ബഷീറും മാത്രമായി......

ഇടയ്ക്ക് സലീമും ബഷീറും അവരുടെ വീട്ടിലേയ്ക്ക് പോയി..... എങ്കിലും ഇടയ്ക്കിടെ അവര്‍ ദേവുവിന്‍റെ കുടിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. അങ്ങിനെ സങ്കടം ചൂടി നിന്ന പതിനഞ്ച് ദിനങ്ങള്‍ കഴിഞ്ഞുപോയി. ദേവുവും വിജയമ്മയും ഒഴികെ മറ്റെല്ലാപേരും സന്തോഷത്തോടെ തന്നെയാണ് ഇരുന്നത്. എന്നിരുന്നാലും ദേവുവും നടന്നത് എന്തെന്ന് മനസ്സിലാക്കാന്‍ സന്നദ്ധയായിരുന്നു. അവള്‍ക്കറിയാം തന്‍റെ എല്ലാമെല്ലാമായ രഘുവേട്ടന്‍ പോയി. തനിക്കെന്ന് പറയാനും, താലോലിക്കാനും ഒരു പൊന്നുമോനെ തന്നിട്ടാണ് രഘുവേട്ടന്‍ പോയത്. മോനെ നോക്കണം. അവനെ പഠിപ്പിക്കണം... അതാണിനി എന്‍റെ ജീവിതം.. അത് മാത്രമാണ് ഇനി എന്‍റെ ലക്‌ഷ്യം... അവള്‍ സ്വയം മനസ്സിന് ശക്തികൊടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... ഇടയ്ക്കിടെ തേങ്ങിപ്പോയെങ്കിലും.....

ഒടുവില്‍, പതിനാറാം ദിനം വന്നു. ദേവദാരുവിന്റെയരുകില്‍ രഘുവിന്‍റെ ഒത്ത നെഞ്ചത്തായി ഒരു തുളസിച്ചെടി വളരാന്‍ തുടങ്ങി... ചുറ്റും എള്ളിന്‍ചെടികള്‍, കടുക്, ജമന്തി തുടങ്ങിയ ചെടികളൊക്കെ മുളപൊട്ടി നില്‍ക്കാന്‍ തുടങ്ങി. ആദ്യം യാത്ര പറഞ്ഞത് സേതുലക്ഷ്മിയും രാജേശ്വരിയുമാണ്‌. പിന്നെ ഏട്ടന്മാരും ഏട്ടത്തിമാരും... വീട്ടിലേയ്ക്ക് ക്ഷണിച്ച രവിയോട് വിജയമ്മ പറഞ്ഞു...

"ഞാന്‍ വരുന്നില്ല. നിങ്ങള് പൊയ്ക്കോ. എന്‍റെ മോളെ ഇങ്ങനെ ഒറ്റയ്ക്ക് ഇവിടെ വിട്ടേച്ച്‌ ഞാനെങ്ങോട്ടും വരുന്നില്ല. ഇനി എന്‍റെ ജീവിതം ഇവളോട്‌കൂടിയാണ്... എന്‍റെ മരണം വരെ.."

ഇവരും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ അവിടെ സലിമും, ബഷീറും, നബീസു ഉമ്മയും മാത്രമായി. ബഷീര്‍ സലിമിന്‍റെ സാന്നിധ്യത്തില്‍ ദേവുവിന് നേരെ അവന്‍ കൊണ്ടുവന്ന ഡ്രാഫ്റ്റ്‌ വച്ച് നീട്ടി. അവള്‍ എന്തെന്ന ഭാവേന ബഷീറിനെ നോക്കി.

"കുറച്ചു പണമാ ദേവൂട്ടി. അങ്ങിനെ അങ്ങ് തള്ളിക്കളയാന്‍ പറ്റോ എനിക്ക് ന്‍റെ പൊന്നനിയത്തിയെ...."

അവള്‍ മടിച്ചു നിന്നു.

"വാങ്ങിക്കോ മോളെ. മടിക്കണ്ട. ഇതെങ്കിലും അവനെക്കൊണ്ട്‌ കഴിഞ്ഞല്ലോ. സലീമിന്‍റെ വാക്കുകള്‍ കേട്ട ദേവു അതോടെ കരഞ്ഞുകൊണ്ട്‌ കൈനീട്ടി അത് വാങ്ങി. ആ കത്ത് അവളുടെ കൈയില്‍ ഇരുന്നു വിറയ്ക്കാന്‍ തുടങ്ങി. അവളെ സമാധാനിപ്പിച്ചുകൊണ്ട് ബഷീര്‍ പറഞ്ഞു.

"ദേവൂട്ടി പേടിക്കണ്ട. ഇത് ഇവിടം കൊണ്ട് തീരുന്നില്ല. എന്ത് സഹായം വേണമെങ്കിലും നിനക്ക് ചോദിക്കാം.. ഇക്കയെ കൊണ്ട് കഴിയുന്നതാണ് എങ്കില്‍ മരണം വരെ നിന്നെ സഹായിക്കാനും ഞാന്‍ ഒരുക്കമാണ്. രഘുവിന്‍റെ കൂട്ടുകാരന്‍ എന്ന നിലയില്‍ അതെന്‍റെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു...... "

അവള്‍ സങ്കടത്തോടെ തല കുലുക്കി. വിജയമ്മ ബഷീറിന്‍റെ മുഖത്ത് നോക്കി. പിന്നെ നിറഞ്ഞ കണ്ണുകളോടെ അവനരുകില്‍ വന്നു. ദയനീയമായി അവന്‍റെ മുഖത്തൊന്ന് നോക്കിയ അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ ഇരുകരങ്ങളും അവന്‍റെ കവിളുകളില്‍ ചേര്‍ത്ത്പിടിച്ചു. ആ അമ്മയുടെ പെട്ടെന്നുണ്ടായ വികാരക്ഷോഭത്തില്‍ അന്തവിട്ട ബഷീര്‍ തേങ്ങിക്കരഞ്ഞുപോയി. വിജയമ്മയുടെ ശരീരം വിറയ്ക്കാന്‍ തുടങ്ങി. ബഷീര്‍ അവരെ ചേര്‍ത്ത് അണച്ച് പിടിച്ചു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നു അവര്‍ പറഞ്ഞു.

"കൂടപ്പിറപ്പുകള്‍ക്ക് ഉണ്ടായില്ലല്ലോ എന്‍റെ ഈ മോന്‍റെ സ്നേഹം..." അവര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. "നിനക്ക് നല്ലതേ വരൂ മോനെ... നിനക്ക് നല്ലതേ വരൂ.... "

ബഷീര്‍ വീണ്ടും വീണ്ടും വിജയമ്മയെ ചേര്‍ത്തുപിടിച്ചു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് നിന്നവര്‍ ആവോളം കരഞ്ഞു. കണ്ടുനിന്ന സലീമും നബീസു ഉമ്മയും പൊട്ടിക്കരയാന്‍ തുടങ്ങി. നബീസു ഉമ്മ ദേവൂനെ അരുകിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. അതോടെ നെഞ്ചില്‍ നിറയെ തീയും കണ്ണില്‍ നിറയെ കണ്ണീരുമായി തേങ്ങിതേങ്ങി ഒരു കൂട്ടമായി അവര് നിന്നു....

ഒടുവില്‍ എല്ലാപേരും യാത്രയായി. അവര്‍ നടന്നകന്ന വീഥികള്‍ മൂകമായി. പതിനാറാം രാവ് മയങ്ങാന്‍ തുടങ്ങുമ്പോള്‍ ആ കൊച്ചു കുടിലില്‍ ദേവുവും, അമ്മയും കുഞ്ഞും സങ്കടത്തോടെ ചുരുണ്ടുകൂടി.....

ഇരുളില്‍ നിലത്ത് വിരിച്ച പായയില്‍, ദേവു വിജയമ്മയെ ചേര്‍ന്ന് കിടന്നു. രാത്രിയുടെ കാഠിന്യം ഏറുമ്പോള്‍ അവര്‍ മെല്ലെ കണ്ണുകള്‍ പൂട്ടി. ഇടയ്ക്കെപ്പോഴോ കേട്ട നേര്‍ത്ത തേങ്ങല്‍ അവരുടെ കണ്ണുകള്‍ തുറപ്പിച്ചു. വിജയമ്മ മങ്ങിയ വെളിച്ചത്തില്‍ ദേവുവിന്‍റെ മുഖത്ത് കൈവിരലുകള്‍ ഓടിച്ചു. ദേവുവിന്റെ കണ്ണുനീര് കൊണ്ട് വിരല്‍ നനഞ്ഞ വിജയമ്മ മെല്ലെ പായയില്‍ എഴുന്നേറ്റിരുന്നു.

"മോളെ... എന്തായിത്... ഇങ്ങനെ സങ്കടപ്പെടല്ലേ...??

അതോടെ ദേവു അമ്മയുടെ മടിയിലേയ്ക്ക് തലചായ്ച്ചു. വിജയമ്മ അവളെ ചേര്‍ത്ത് തഴുകി. അമ്മയുടെ മടിയില്‍ മുഖം പൂഴ്ത്തി അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി.... കൂടെ കരഞ്ഞുകൊണ്ട്‌ വിജയമ്മ അവളുടെ മുതുകില്‍ തഴുകിക്കൊണ്ടിരുന്നു... അമ്മയുടെ മടിയില്‍ മുഖമമര്‍ത്തി അവള്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു...

"കഴിയണില്ല അമ്മെ... കണ്ണടയ്ക്കാന്‍ കഴിയണില്ല.. രഘുവേട്ടന്‍.... ന്‍റെ രഘുവേട്ടന്‍ മുന്നില്‍ വന്നു നില്‍ക്കുവാ... എന്നോട് കുളിക്കാന്‍ പോട്ടെ എന്ന് ചോദിക്കുന്നു... ആഹാരം തരുമോന്ന് ചോദിക്കുന്നു.... എന്‍റെ മുഖം തലോടുന്നു... എന്‍റെ അരുകില്‍ ചേര്‍ന്ന് കിടക്കുന്നു.... എനിക്കിപ്പോള്‍ തോന്നുകാ.. ന്‍റെ രഘുവേട്ടന്‍ എന്നെ വിട്ടു പോയിട്ടില്ലാന്നു.. ദേ ഇവിടെയൊക്കെ നില്‍ക്കുന്നു... ന്‍റെ ദേവൂട്ടി..ന്നു വിളിച്ചു ഇവിടെയൊക്കെ നില്‍ക്കുന്നു അമ്മെ... "

"മോളെ... ന്‍റെ പൊന്നുമോളെ.."

വിജയമ്മ അവളെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു. അവര്‍ നടുവ് കുനിച്ചു അവളുടെ തലയില്‍ കവിള്‍ ചേര്‍ത്തു.... ഒന്നുമറിയാതെ അവര്‍ക്കരുകില്‍ അമര്‍ നിദ്രയിലാണ്ട് കിടന്നു... വിജയമ്മയുടെ കവിളില്‍ നിന്നിറങ്ങിയ കണ്ണുനീര്‍ അവളുടെ മുടിയിഴകള്‍ നനച്ചുകൊണ്ടിരുന്നു. അമ്മയുടെ മടിയില്‍ തലചായ്ച്ച് ദേവു മെല്ലെ കണ്ണുകള്‍ അടച്ചു. മകളെ, നിധിപോലെ കാത്തുകൊണ്ട് മങ്ങിയ ഇരുള്‍വെളിച്ചത്തില്‍ കണ്ണുകള്‍ തുറന്ന് വച്ച് ആ അമ്മ കാവലിരുന്നു.....പിറ്റേന്ന് പുലരുവോളം....

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ