2014 ജൂൺ 4, ബുധനാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....14

മകളുടെ മരണമുണ്ടാക്കിയ മുറിവ് അത്ര പെട്ടെന്ന് ഉണങ്ങുന്നതായിരുന്നില്ല. എന്നിട്ടും സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ രഘു ശ്രമിച്ചുകൊണ്ടേയിരുന്നു. സേതുലക്ഷ്മിയമ്മയോട് ആരും ഒന്നും ഉരിയാടിയില്ല. രഘു കണ്ട കാര്യങ്ങള്‍ അവന്‍റെ ഉള്ളില്‍ തന്നെ അവന്‍ കുഴിച്ചുമൂടി. സേതുലക്ഷ്മിയമ്മയുടെ കാര്യവും മറിച്ചായിരുന്നില്ല. രാജേശ്വരിയുടെ വാക്കുകള്‍ അതേപടി വിശ്വസിച്ചത് തന്നെയാണ് ഇന്നും അവരുടെ തെറ്റെന്ന് മാറ്റി ചിന്തിക്കാനും അവര്‍ക്കായില്ല. അമ്മയെന്ന ദേവുവിന്‍റെ സ്നേഹത്തിന് അവര്‍ കൊടുത്ത ശിക്ഷയും അതായിരുന്നല്ലോ.? ആയതിനാല്‍ തന്നെ ശിഖയുടെ മരണം കഴിഞ്ഞ നീണ്ട പതിനാറു ദിവസങ്ങളും അവള്‍ ആരോടും ഉരിയാടിയില്ല. സേതുലക്ഷ്മിയുടെ മുഖത്തേയ്ക്ക് നോക്കാന്‍ പോലും അവളുടെ മനസ്സ് അനുവദിച്ചതുമില്ല.

ഒടുവില്‍ ബന്ധുക്കള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. സന്ധ്യയ്ക്ക് വീട്ടില്‍ വന്നു നിറയുന്ന അന്ധകാരം മായ്ക്കാന്‍ ഒരിക്കല്‍ പോലും അവള്‍ വിളക്കിനടുത്തേയ്ക്ക് പോയതുമില്ല. സേതുലക്ഷ്മിയമ്മ തന്നെയാണ് അടുക്കളയിലും കയറിയത്. ആ വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ രഘുവിന്‍റെ ചിന്തകള്‍ അവനെയും മൂകനാക്കി. ഉമ്മറത്തിരുന്നാല്‍ എപ്പോഴും അവന്‍റെ കുഞ്ഞു ദേവദാരു അവനു കാണാം. ഇരുളില്‍ ഒരു കുഞ്ഞു ഫ്രോക്ക് അണിഞ്ഞപോലെയാകും അവളുടെ നില്‍പ്പ്. സങ്കടം തോന്നുമ്പോള്‍ ഓടിച്ചെന്നു കുഴിമാടത്തിനരുകില്‍ ഇരുന്നു വിതുമ്പും. മകളോട് മാപ്പിരക്കും... രഘുവിന്‍റെ മനസ്സിന് അതൊരു വേദന തന്നെയാണ്. എപ്പോഴും മനസ്സില്‍ കത്തിയെരിഞ്ഞ്‌ കൈകളില്‍ ഒരു നേര്‍ത്ത മൂളലോടെ തളര്‍ന്നുകിടന്ന അവന്‍റെ പൊന്നുമകളുടെ ഓര്‍മയാണ്. പിന്നെ അവളെ ഒന്ന് രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും. അതിലൂടെ മനസ്സ് നിറയുന്ന വേദനയും...

ദിവസങ്ങള്‍ പോകുംതോറും ദേവുവും സാധാരണ നിലയിലേയ്ക്ക് വന്നു തുടങ്ങി. രഘു ഇപ്പോള്‍ ജോലിയ്ക്ക് പോകുന്നുണ്ട്. ദിവസങ്ങള്‍ നീണ്ട സങ്കടം അവനെയും തളര്‍ത്തി. മറക്കാന്‍ കഴിഞ്ഞ നിമിഷങ്ങളില്‍ ഒക്കെ ചിലരെങ്കിലും വഴിയെ വന്നു വിളിച്ചുണര്‍ത്തി വേദനകള്‍ നിറയുന്ന ആ ഓര്‍മകളിലേയ്ക്ക് കൈപിടിച്ച് വിടും. അങ്ങിനെ ആദ്യമായി അവന്‍ ഈ നാട് വിട്ടു മാറി നില്‍ക്കണം എന്ന് ചിന്തിച്ചു. ഒടുവില്‍ ആ രാത്രി അവന്‍ ദേവുവിനോട് പറഞ്ഞു.

"ദേവൂ... കുറച്ചുകാലം ഇവിടെ നിന്നു എങ്ങോട്ടെങ്കിലും മാറി നില്‍ക്കണം... ന്നു തോന്നുന്നു."

അവന്‍റെ വാക്കുകള്‍ കേട്ട് അവള്‍ കുനിഞ്ഞിരുന്ന് കരയും. അവളുടെ നാസികതുമ്പിലൂടെ അടര്‍ന്നു വീഴുന്ന നീര്‍മണികള്‍ മടിയില്‍ ഉറങ്ങുന്ന അമറിന്‍റെ നെഞ്ചില്‍ വീണുടയും. ഒന്നുമറിയാതെ ഉറങ്ങുന്ന കുഞ്ഞിനെ മുത്തം നല്‍കി അവള്‍ ചുമരിലേയ്ക്കു ചാരിയിരിക്കും. പിന്നെ നീണ്ട നെടുവീര്‍പ്പോടെ അവള്‍ പറയും...

"രഘുവേട്ടാ.... ഏട്ടന്‍ എങ്ങടെങ്കിലും പോയാല്‍ ഈ സങ്കടം ഒന്നു മാറി നില്‍ക്കും. ഞാന്‍ ഇവിടെ നിന്നും എങ്ങട് പോകും... കണ്ണു തുറന്നാലും അടച്ചാലും അവള് മുന്നില്‍ വന്നു നിന്നു ചിണുങ്ങുന്ന പോലെ തോന്നും എനിക്ക്..."

രഘു ഒന്നും മിണ്ടാതെ കേട്ടിരിക്കും. കാരണം അവന്‍റെ വാക്കുകളില്‍ മകളെക്കുറിച്ചൊരു ധ്വനി ഉണ്ടായാല്‍ ദേവു പിന്നെ അന്ന് ജലപാനം പോലുമില്ലാതെ തള്ളിനീക്കും. അവളെ സമാധാനിപ്പിക്കാനും ജീവിതം പഴയകാലത്തിലേക്ക്‌ മടക്കി കൊണ്ടുവരുവാനും അവന്‍ നന്നേ കഷ്ടപ്പെട്ടു.

മാസം ഒന്ന് കഴിഞ്ഞിട്ടും സേതുലക്ഷ്മിയമ്മ അവളോട്‌ മിണ്ടാന്‍ കൂട്ടാക്കിയിട്ടും ഇല്ല. ഒടുവില്‍ സത്യദാസ് തിരികെ വിദേശത്തേയ്ക്ക് പോകുന്ന ദിവസം അവര്‍ പുലര്‍ച്ചെ തന്നെ വീട്ടില്‍ നിന്നും പോയി. ഇനിയവര്‍ തിരികെ വരുമ്പോള്‍ എന്താകും പുതിയതായി കൊണ്ടുവരുന്ന വിഷമം എന്ന് ചിന്തിച്ചു അവള്‍ക്കു വേവലാതിയായി.

രഘു ജോലിയ്ക്ക് പോയതോടെ അവള്‍ വീട്ടുജോലികളില്‍ ഏര്‍പ്പെട്ടു. അതോടെ പഴയത് പോലെ മനസ്സ് ശാന്തമാകാനും തുടങ്ങി. ഉച്ചതിരിഞ്ഞ് വീട്ടില്‍ പരിചയം ഇല്ലാത്തൊരു അതിഥി വന്നപ്പോള്‍ പുറത്ത് അയയില്‍ കിടന്നിരുന്ന തോര്‍ത്തെടുത്ത് മാറിലിട്ട് കൊണ്ടവള്‍ അടുത്തേയ്ക്ക് വന്നു. കൈയിലെ ഈര്‍പ്പം തോര്‍ത്തിന്‍ തുമ്പില്‍ അമര്‍ത്തിതുടച്ചുകൊണ്ടവള്‍ ചോദിച്ചു.

"ആരാണ്...??? മനസ്സിലായില്ല...!!!!

വന്നയാള്‍ ചിരിച്ചു കൊണ്ട് ഉമ്മറത്തേയ്ക്ക് കയറി. അവള്‍ പറയാതെ തന്നെ ഇറയത്തെ കസേരയില്‍ ഇരുന്നു. എന്നിട്ടയാള്‍ കൈയിലിരുന്ന കവര്‍ അവളുടെ നേരെ നീട്ടി. മടിച്ചുമടിച്ച് അതവള്‍ വാങ്ങി ഭിത്തിയ്ക്കരുകില്‍ വച്ചിട്ട് വീണ്ടും ചോദിച്ചു.

"എനിക്കാളെ മനസ്സിലായില്ല...??

"എന്നെ ദേവു അറിയാന്‍ വഴിയില്ല. ഞാന്‍ ഈ നാട്ടുകാരന്‍ അല്ല. പക്ഷെ രഘു എന്നെ നന്നായി അറിയും. ഞങ്ങള്‍ ഒരുമിച്ചു ഒരേ ക്ലാസ്സില്‍ പഠിച്ചവരാ... കുഞ്ഞുനാള്‍ മുതലേ..." ഒരു പക്ഷെ, എന്‍റെ പേര് കേട്ടാല്‍ അറിയാന്‍ കഴിയും.. ഞാന്‍ ബഷീര്‍... "അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടു ദേവു സന്തോഷവതിയായി. പെട്ടെന്നവള്‍ പറഞ്ഞു.

"ബഷീറിക്കാ... സൗദിയില്‍ ആയിരുന്ന..... അതല്ലേ..???

"ഹാ... അത് തന്നെ. രഘൂനെ ഒന്ന് കാണാന്‍ എന്താ വഴി...? എപ്പോഴാ വരണേ??

"ചേട്ടന്‍ ആറു മണി കഴിയും എത്തുമ്പോള്‍...!!! അതിനെന്താ ഇക്കാ ഇരുന്നാട്ടെ. ഞാന്‍ ചായ എടുക്കാം."

ഇങ്ങനെ പറഞ്ഞുകൊണ്ടവള്‍ തിരിഞ്ഞ് അടുക്കളയിലേയ്ക്ക് നടന്നു. രണ്ടു ചുവട് വച്ചിട്ടവള്‍ പെട്ടെന്ന് നിന്നു. എന്നിട്ട് ബഷീറിനോട്‌ ചോദിച്ചു.

"ഇക്കാ... ക്ഷമിക്കണം. ചോറുണ്ടോന്നു ചോദിയ്ക്കാന്‍ ഞാന്‍ മറന്നു."

"അയ്യോ... ഞാന്‍ കഴിച്ചിട്ടാ ഇറങ്ങിയത് ദേവൂ... തല്‍ക്കാലം കുറച്ചു വെള്ളം തന്നാല്‍ മതി. ചായയെല്ലാം രഘു വന്നിട്ടാകാം."

ബഷീറിന്‍റെ വാക്കുകള്‍ കേട്ടവള്‍ അകത്തേയ്ക്ക് പോയി. പിന്നീട് തിരികെ വരുമ്പോള്‍ ചായയും പ്ലേറ്റില്‍ കുറച്ച് ബിസ്ക്കറ്റുമായാണവള്‍ വന്നത്. ഒന്നും വേണ്ടിയിരുന്നില്ല എന്നവന്‍ പറഞ്ഞുവെങ്കിലും സന്തോഷത്തോടെ അത് വാങ്ങിക്കുടിച്ചുകൊണ്ട് ഇരുന്നു. അതിനിടയില്‍ രഘുവിനായി കൊണ്ടുവന്ന വിസയുടെ കാര്യം അവന്‍ പറഞ്ഞു. ബഷീറതു പറയുമ്പോള്‍ മുന്‍പ് രഘു സൂചിപ്പിച്ചിരുന്നത് അവള്‍ക്കോര്‍മ വന്നു. ദേവുവിന്‍റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ആ സമയം ഓടിച്ചെന്ന് രഘുവിനോടിത് പറയണം എന്നവള്‍ക്ക് തോന്നി. അവര്‍ സംസാരിച്ചുകൊണ്ടിരിന്നുവെങ്കിലും അവന്‍റെ അനുവാദത്തോടെ അവള്‍ പലവട്ടം കുഞ്ഞിനടുത്തേയ്ക്ക് പോയി. മഴക്കാറ് കണ്ട് അടുപ്പ് കത്തിക്കാന്‍ അവശ്യമുള്ളതൊക്കെ സ്വരുകൂട്ടി അകത്തേയ്ക്ക് വച്ചു. ഉണങ്ങിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ എടുത്തു മുറിയിലേയ്ക്കിട്ടു. ഒരു കുടുംബിനിയായ അവളുടെ തത്രപ്പാട് നോക്കിക്കൊണ്ടിരുന്ന ബഷീറിന് അവളെക്കുറിച്ച് ബഹുമാനം തോന്നി. വീട്ടിലെ ജോലികളൊക്കെ തീര്‍ത്തു അവള്‍ വരുന്നത് വരെ അവന്‍ ക്ഷമാപൂര്‍വ്വം അവിടെയിരുന്നു. റോഡിലെ കാഴ്ചകള്‍ അവന് സുഖം പകരുന്നത് തന്നെയായിരുന്നു. കാല്‍നടയാത്രക്കാരും, ചിലപ്പോള്‍ കടന്നുപോകുന്ന അംബാസ്സഡര്‍ കാറും കാളവണ്ടിയും ഒക്കെ അവന്‍റെ ഓര്‍മകളിലെ വളപ്പൊട്ടുകളായിരുന്നു. ഗള്‍ഫ് ജീവിതം കൊണ്ട് അവനു അന്യം നിന്നുപോയവ. മുറ്റത്തെ ചുവന്നപൂക്കള്‍ നിറഞ്ഞ ആ മരം പോലും അവന്‍റെ കാഴ്ചകളിലെ കുളിര്‍മയായിരുന്നു. അവന്‍ അവയെ തന്നെ നോക്കിയിരുന്നുപോയതിനാല്‍ സമയം പോയതും അറിഞ്ഞിരുന്നില്ല.

"ബഷീറിക്ക.... ഒറ്റയ്ക്കിരുന്നു മുഷിഞ്ഞുവല്ലേ..???

ദേവുവിന്‍റെ ചോദ്യം കേട്ടവന്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി.

"ഇല്ല ദേവൂ...ഒരു മുഷിവും ഉണ്ടായില്ല. വെറുതെ ഈ കാഴ്ചകള്‍ മാത്രം കണ്ടുകൊണ്ടിരിക്കാന്‍ തന്നെ എന്ത് സുഖാ... കുറച്ചു നേരം ഞാന്‍ എല്ലാം മറന്നു പോയി. കണ്ണിലെ മണല്‍തരികള്‍ ഒരുനിമിഷം ഒന്ന് മാറിനിന്നത് പോലെ."

അവന്‍ ചിരിച്ചുകൊണ്ടാണ് ഇത് പറഞ്ഞതെങ്കിലും അത് കേട്ട അവള്‍ ഒരു നിമിഷം മൂകയായി. രഘു വിദേശത്തേയ്ക്ക് പോകണം എന്ന് ആഗ്രഹിക്കുമ്പോള്‍ തന്നെ പലരും പറഞ്ഞുകേട്ട അറിവില്‍ അവളും ഒന്ന് ദുഃഖിച്ചു. അതൊരു നെടുവീര്‍പ്പായി പുറത്തേയ്ക്ക് വന്നു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യദാസിനെ യാത്രയാക്കാന്‍ പോയ സേതുലക്ഷ്മിയമ്മ അവിടെ തിരിച്ചെത്തി. അവര്‍ക്ക് പിന്നാലെ വലിയ ഒരു പെട്ടിയും തൂക്കി രാജേശ്വരിയും ഉണ്ടായിരുന്നു. ദേവു അവര്‍ക്കായി ഒഴിഞ്ഞ് നിന്ന് വഴിനല്കി. സേതുലക്ഷ്മിയമ്മ ബഷീറിനെയും ദേവുവിനെയും മാറി മാറി നോക്കി അകത്തേയ്ക്ക് കയറി. പിന്നാലെ സ്വന്തം മുറി തുറന്ന് രാജേശ്വരിയും. ആരും പരസ്പരം ഒന്നും ഉരിയാടിയില്ല. സ്വയം മനസ്സിലാക്കി എന്നോണം ബഷീര്‍ സ്വരം താഴ്ത്തി ദേവൂനോട് ചോദിച്ചതിന് മറുപടിയായി അമ്മയും അനുജത്തിയും ആണെന്ന് അവള്‍ മറുപടിയും നല്‍കി.

റോഡില്‍ നിന്നും വീട്ടിലേയ്ക്ക് നടന്നു വരുകയായിരുന്ന രഘു ബഷീറിനെ കണ്ട് നടത്തയുടെ വേഗം കൂട്ടി. അവന്‍ ചിരിയോടെ അകത്തേയ്ക്ക് വന്നു. ബഷീര്‍ എഴുന്നേറ്റു നിന്നവനെ കെട്ടിപ്പിടിച്ചു. ഒടുവില്‍ പിടിവിട്ട് രഘുവിന്‍റെ കരം പിടിച്ച ബഷീര്‍ ചോദിച്ചു.

"എന്ത് കോലമാടാ.. ഇത്..?? നീയെന്താ ഇങ്ങനെ..? നിനക്കെന്തെങ്കിലും വയ്യായ്കയുണ്ടോ?

"ഇല്ലടാ... കുടുംബം.. കുഞ്ഞുകുട്ടി പരാധീനതകള്‍ ഒക്കെയാടാ..." രഘു ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. അവരോട് അനുമതി ചോദിച്ചുകൊണ്ടവള്‍ ചായ എടുക്കാനായി അകത്തേയ്ക്ക് പോയി. അവള്‍ തിരിച്ചെത്തുന്നതിന് മുന്‍പ് രഘു കൂട്ടുകാരനോട് മോളുടെ മരണവും... അവന്‍റെ വീട്ടിലുണ്ടായ പ്രശ്നങ്ങളും ഇവിടെ ദേവുവിന്‍റെ വീട്ടിലുണ്ടായ സംഭവങ്ങളും ഒക്കെ ചുരുക്കിപ്പറഞ്ഞു.

ബഷീര്‍ പറഞ്ഞു... "എല്ലാം മാറുമെടാ... ഒരു നല്ല കാലം വരാതിരിക്കില്ല. അല്ലെങ്കില്‍ തന്നെ നീ ആര്‍ക്കും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോടാ..."

"അത് തന്നെയാടാ എന്‍റെ പേടിയും... രഘു പറഞ്ഞു ചിരിച്ചു. ഒടുവില്‍ അവരോടൊപ്പം കുറച്ചു സമയം കൂടി ചിലവിട്ട് രഘുവിനായി കൊണ്ടുവന്ന വിസ അവന്‍റെ കൈയിലേയ്ക്ക് നല്‍കി അതിനുശേഷം വേണ്ട കാര്യങ്ങള്‍ ഒക്കെ വിശദമായി പറഞ്ഞുകൊടുത്തിട്ടു അവന്‍ യാത്ര പറഞ്ഞിറങ്ങി.

ബഷീര്‍ പോയപ്പോള്‍... ദേവു പറഞ്ഞു .. "രഘുവേട്ടന്‍ കുളിച്ചിട്ട് വന്നാട്ടെ... ഞാനപ്പോഴേയ്ക്കും മോനെ ഒന്ന് നനച്ചെടുക്കട്ടെ. ബഷീറിക്ക വന്ന തിരക്കില്‍ അതൊഴികെ മറ്റെല്ലാ ജോലിയും തീര്‍ത്തു. രഘു കുളിക്കാനായി കുളിപ്പുരയിലേയ്ക്ക് പോകുമ്പോള്‍ സേതുലക്ഷ്മി മുറി വിട്ടു പുറത്തേയ്ക്ക് വന്നു. അവരുടെ ദേവൂന്നുള്ള വിളികേട്ടവള്‍ തിരിഞ്ഞു നിന്നു. അവള്‍ക്കല്ഭുതമായിരുന്നു. ഒരു മാസം കഴിഞ്ഞിരിക്കുന്നു അമ്മ തന്നോട് ഒന്ന് മിണ്ടിയിട്ട്. അവള്‍ എന്തെന്ന ഭാവത്തോടെ അവര്‍ക്ക് നേരെ നോക്കി. അവളുടെ അടുത്തേയ്ക്ക് വന്നവര്‍ അടക്കിയ സ്വരത്തില്‍ പറഞ്ഞു.

"വഴിയെ വരുന്നവനും പോവുന്നോന്നും വന്നു കയറി നിരങ്ങാന്‍ ഇത് സത്രമൊന്നും അല്ല. അല്ലങ്കില്‍ തന്നെ ഇതിപ്പോള്‍ നിന്‍റെ ആ നശിച്ച തന്തേടെ സ്വത്തും അല്ല."

അവരുടെ കണ്ണുകളിലെ ഭാവം പോലും അവളെ അത്ഭുതപ്പെടുത്തി. എന്നിട്ടും ഒരു കൂസലും ഇല്ലാതെ ദേവു പറഞ്ഞു.

"ഇങ്ങനെ എന്നും നിങ്ങടെ ആട്ടുകേട്ട് ഇവിടെ കഴിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവും ഇല്ല... പണക്കാരിയായ മോള് രാജേശ്വരി പറഞ്ഞു തന്ന ബുദ്ധിയാ അല്ലെ അമ്മെ... എന്തായാലും രഘുവേട്ടന്‍ ഒന്ന് വരട്ടെ. ഞങ്ങളൊന്ന് ചിന്തിക്കട്ടെ. എന്ത് ചെയ്യണോന്ന്..."

"ത്ഫൂ.... അവളുടെ ഒരു ഞെളിവ് കണ്ടാ... എന്ത് കാണാനാടി... നീയിനി എന്ത് ചെയ്യാനാടീ.....?? എരണമില്ലാത്തോള്... ഉണ്ടായിരുന്നൊരു മോളെ കൂടി കൊന്നിട്ട് നിന്നവള് പ്രസംഗിക്കുന്നു...!!!

"ദേ!.. തള്ളേ പെറ്റതാണെന്ന് കൂടി ഞാന്‍ നോക്കുകേല.. " ഉള്ളില്‍ നിന്നു പുറത്ത് വന്ന ദേഷ്യം കൊണ്ടവള്‍ അവരുടെ അടുത്തേയ്ക്ക് ചീറിക്കൊണ്ട് വന്നു. സേതുലക്ഷ്മിയമ്മ ഭയന്നു പിന്നോക്കം മാറി.

അതെ സമയം... "ദേവൂ..." എന്നുള്ള രഘുവിന്‍റെ വിളികേട്ടവള്‍ പൊടുന്നനെ നിശബ്ദയായി... ഒപ്പം നിശ്ചലയായി.

കുളിച്ചീറനായി.. നനഞ്ഞ തോര്‍ത്ത്‌ പുറത്തിട്ട്കൊണ്ട് രഘു അവളുടെ അടുത്തേയ്ക്ക് വന്നു. സേതുലക്ഷ്മിയുടെ മുറുമുറുപ്പ് കാര്യമാക്കാതെ അവന്‍ അവളെ ചേര്‍ത്ത് പിടിച്ചു അകത്തേയ്ക്ക് കൊണ്ടുപോയി. മുറിയ്ക്കകത്ത് എത്തിയ ദേവു പൊട്ടിപ്പൊട്ടിക്കരഞ്ഞു. വിതുമ്പുന്ന ചുണ്ടുകളോടെ അവള്‍ രഘുവിനെ നോക്കി പറഞ്ഞു.

"പോണം... രഘുവേട്ടാ... ഇവിടുന്ന് എവിടേലും പോണം.. എനിക്ക് വയ്യ ഇവിടെ. ഇങ്ങനെ ഇനി എന്നും നീറി നീറി ജീവിക്കാന്‍ എനിക്ക് വയ്യ രഘുവേട്ടാ..."

അവളെ ചേര്‍ത്ത് പിടിച്ചു അവളുടെ മുതുകില്‍ തട്ടി സമാധാനിപ്പിച്ചുകൊണ്ട് അവന്‍ പറഞ്ഞു..

"നീയൊന്നു സമാധാനിക്ക് ദേവൂ... ഞാനൊന്നു ചിന്തിക്കട്ടെ എന്ത് ചെയ്യണോന്നു.." അവളെ സമാധാനിപ്പിച്ച് പറഞ്ഞതല്ലാതെ മുന്നേ അവന്‍ പറഞ്ഞ വരുംവരായ്കകളെ ഇപ്പോള്‍ ഓര്‍മിപ്പിച്ചു അവളെ വിഷമിപ്പിക്കാന്‍ രഘു ഒരുക്കമായിരുന്നില്ല. എന്തോ മകളുടെ മരണം മുതല്‍ അവന്‍ എന്തൊക്കെയോ നിയന്ത്രിക്കാന്‍ പഠിച്ച പോലെ... ദേവുവിന്‍റെ മുറിയുടെ പുറത്ത് നിന്ന് അവരുടെ സംഭാഷണം ഒളിഞ്ഞു നിന്നു ചെവിയോര്‍ത്ത സേതുലക്ഷ്മിയമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഓടിയവര്‍ രാജേശ്വരിയുടെ മുറിയില്‍ ചെന്ന് അകത്തെ സംഭാഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ദുഃഖം നിറഞ്ഞു നില്‍ക്കുന്ന വീടിനു മുന്നിലും പൂത്തുലഞ്ഞ്.... കാറ്റിലാടി ഉണ്മാദിനികളായി നില്‍ക്കുന്ന പുഷ്പങ്ങള്‍ പോലെ.... മുറിയ്ക്കുള്ളില്‍ രാജേശ്വരിയ്ക്കൊപ്പം സേതുലക്ഷ്മിയും ഊറിയൂറിച്ചിരിച്ചു. എന്നിട്ട് അമ്മ സേതുലക്ഷ്മിയോടു രാജേശ്വരി പറഞ്ഞു.

"എന്ത് വന്നാലും അമ്മയ്ക്ക് ഞാനുണ്ടമ്മേ... അമ്മ ഒന്നുകൊണ്ടും വിഷമിക്കണ്ടാ..."

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ