2014 ജൂൺ 13, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....18

സമയം പോകുന്തോറും രഘുവിന്‍റെ മനസ്സില്‍ പലതരം ചിന്തകള്‍ ഉണര്‍ന്നു. അവനെ കൂട്ടിക്കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ ബഷീര്‍ വരും. അത് മാത്രമാണ് അവന്‍റെ ആകെയുള്ള ആശ്വാസം. തനിക്ക് ഒന്നുമറിയാത്തൊരു നാട്. കേട്ട കേള്‍വികളില്‍ പെട്ട അവന്‍റെ മനസ് ഒന്ന് പിടഞ്ഞു. സ്വയം പ്രാര്‍ഥിച്ചു. അറിഞ്ഞുകൊണ്ടോ അറിയാതെയോ ഒരു തെറ്റും എന്‍റെ ഭാഗത്ത്‌ നിന്നും ഉണ്ടാകരുതേ.. ആരോടും, ഒന്നിനോടും വെറുപ്പോ വൈരാഗ്യമോ ഉണര്‍ത്തല്ലെ ഈശ്വരാ... എനിക്ക് ജീവിക്കണം മറ്റുള്ളവരെപ്പോലെ. എന്‍റെ ദേവുവും മകനും ആരുടേയും മുന്നില്‍ തലകുനിയ്ക്കേണ്ടി വരല്ലേ... ഇല്ല ഞാന്‍ ജീവിക്കും. ആരോടും തോല്‍ക്കില്ല... സീറ്റിലേയ്ക്ക് ചേര്‍ന്ന്‍ അവന്‍ കണ്ണുകള്‍ പൂട്ടിയിരുന്നു. പെട്ടെന്ന് വിമാനത്തിനുള്ളില്‍ അറിയിപ്പ് വന്നു. സൗദിയിലെ റിയാദില്‍ വിമാനം ലാന്‍ഡ്‌ ചെയ്യാറായി. എല്ലാരും സീറ്റ് ബെല്‍റ്റ്‌ ധരിക്കണം എന്ന അറിയിപ്പായിരുന്നു വന്നത്. എയര്‍ ഹോസ്റ്റസ്സുമാര്‍ ഓരോ സീറ്റിലേയ്ക്കും വന്നെത്തി നോക്കി. മറ്റുള്ളവര്‍ സീറ്റ് ബെല്‍റ്റ്‌ ഇടുന്നത് എങ്ങിനെ എന്ന് നോക്കി സ്വയം ഇടാന്‍ കഴിയില്ല എന്ന് തോന്നിയ, ഒരു വിവശതയോടെ ഇരുന്ന രഘുവിന് സഹയാത്രികന്‍ സഹായിയായി. രഘുവിന്‍റെ സീറ്റിനരുകില്‍ വന്നു രഘു ചാരിയിരുന്ന സീറ്റ് ഒന്നുകൂടി നിവര്‍ത്തിവച്ചിട്ട് എയര്‍ഹോസ്റ്റസ് പിന്നിലേയ്ക്ക് പോയി.

ഇപ്പോള്‍ അവനു കാണാം... താഴെ ഒരു ആകാശം പോലെ വര്‍ണ്ണപ്രപഞ്ചം. രഘു അടുത്തിരുന്നയാളോട് ചോദിച്ചു.

"നമ്മളെന്താ ഈ നക്ഷത്രങ്ങള്‍ക്കും മേലെയാണോ സഞ്ചരിക്കുന്നത്..."

അടുത്തിരുന്നയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ആദ്യായിട്ടാ... അല്ലെ...?

രഘു പുഞ്ചിരിയോടെ തലകുലുക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു.

"താഴെ കാണുന്നതെല്ലാം ഓരോ കെട്ടിടങ്ങളുടെ, പാര്‍ക്കുകളുടെ, തെരുവുകളുടെ ഒക്കെ വിളക്കുകളാണ്."

അയാളുടെ അരുകിലൂടെ വശത്തെ ജനാലയുടെ ഗ്ലാസ്സിലൂടെ രഘു താഴേയ്ക്ക് നോക്കി. അവന്‍ ചോദിച്ച സംശയം കേട്ടയാള്‍ മറുപടി പറഞ്ഞു.

"ആ കാണുന്നതാണോ..?? ആ നേര്‍രേഖയില്‍..???? അത് റോഡിലുള്ള വിളക്കുകളാണ്.. പിന്നെ റോഡിനെ ഓരോരോ ട്രാക്കുകള്‍ ആയി തിരിക്കുന്ന സ്റ്റഡ്കളും....

രഘുവിന് എല്ലാം ഒരത്ഭുതം ആയിരുന്നു. അവന്‍റെ മനസ്സ് പിടയാന്‍ തുടങ്ങി. താനും ഒരു ഗള്‍ഫ്‌കാരന്‍ ആകാന്‍ പോകുന്നു. വിമാനം മെല്ലെ താഴേയ്ക്ക് ചായാന്‍ തുടങ്ങി. അത് ചെറുതായൊന്ന് ഉലഞ്ഞു. ഇപ്പോള്‍ താഴെക്കണ്ടിരുന്ന വിളക്കുകള്‍ അവന്‍റെ കണ്മുന്നില്‍ എന്നപോലെ കാണാന്‍ തുടങ്ങി. കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ, പിന്നെ അവയെ പിന്നിലേയ്ക്ക് തള്ളി അവയ്ക്കിടയിലൂടെ താഴേയ്ക്ക്... അതോടെ നിരത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അവന്‍ വ്യക്തമായി കാണാന്‍ തുടങ്ങി. പിന്നെ മണ്ണും. ഭൂവാകെ പരന്ന വെളിച്ചം ഒക്കെ കണ്ട് രഘുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. വിമാനം അതിശക്തമായി കാറ്റിനെ ചെറുക്കാന്‍ തുടങ്ങി. ഭയാനകമായ വേഗതയോടെ ഓടിക്കൊണ്ടിരുന്ന അതിന്‍റെ വേഗം മെല്ലെമെല്ലെ കുറഞ്ഞു.... പിന്നീട് സാവധാനം സഞ്ചരിച്ചു, ഒരു വളവ് നിന്നുതിരിഞ്ഞു വിമാനത്താവളത്തിലെ ഏതോ ഒരു ടെര്‍മിനലില്‍ വന്നു നിന്നു. സീറ്റ് ബെല്‍റ്റ്‌ അഴിച്ച് മാറ്റി സഹയാത്രികരെപ്പോലെ അവനും തയ്യാറായി നിന്നു. പിന്നീട് അവര്‍ക്കൊപ്പം അവര്‍ക്ക് പിന്നാലെ അവന്‍ നടന്നു. അത്തറിന്‍റെ മനം മയക്കുന്ന സുഗന്ധം... പകലിനു പോലും ഇത്രയും വെളിച്ചം അവന്‍ കണ്ടിട്ടില്ല... ഇത് രാത്രിയോ പകലോ...??? അത്ഭുതത്തോടെ അവന്‍ നടന്നു.

വിമാനത്താവളത്തിലെ പരിശോധനകള്‍ എല്ലാം കഴിഞ്ഞു രഘു പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അവന്‍റെ വാച്ചില്‍ സമയം 9.30 ആയിരുന്നു. ബഷീര്‍ വാഹനവുമായി പുറത്ത് അവനെ കാത്തുനില്‍ക്കുണ്ടായിരുന്നു. രഘുവിനെക്കണ്ട ബഷീര്‍ അവനരുകിലേയ്ക്ക് വന്നു. പിന്നെ അവനെ കെട്ടിപ്പിടിച്ചു. ബാഗുകള്‍ എടുക്കാന്‍ അവന്‍ കൂടി സഹായിച്ചു. പിന്നീട് വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അവന്‍റെ സുഖവിവരങ്ങള്‍, നാട്ടിലെ വിശേഷങ്ങള്‍ ഒക്കെ ബഷീര്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍, അവരുടെ യാത്ര അവസാനിച്ചത്‌ ഒരുപാട് ഇടറോഡുകള്‍ താണ്ടിയായിരുന്നു. തൊഴിലാളികളുടെ ക്യാംപിലേയ്ക്ക് പ്രവേശിച്ച് വണ്ടി നിന്നു. രഘുവും ബഷീറും വാഹനത്തില്‍ നിന്നിറങ്ങി. ബഷീറിന്‍റെ മുറിയിലേയ്ക്ക് നടക്കുമ്പോള്‍ രഘു അത്ഭുതത്തോടെ ബഷീറിനോട് ചോദിച്ചു.

"എടാ... ഈ റോഡുകള്‍ ഒക്കെ നിനക്കറിയാമോ...??? എനിക്കാകെ ഒരു തലപുകച്ചില്‍ ആയിരുന്നു...

രഘുവിന്‍റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ബഷീര്‍ പറഞ്ഞു.

"ആദ്യമൊക്കെ പാടായിരുന്നു... പിന്നെ ഇപ്പോള്‍ എല്ലായിടവും അറിയാം... പത്തുപന്ത്രണ്ട് കൊല്ലായില്ലേടാ...."

അന്നത്തെ രാത്രി രഘു ബഷീറിന്‍റെ മുറിയിലായിരുന്നു. നാളെ പുലരുമ്പോള്‍ ഓഫീസില്‍ കൊണ്ടുപോകാം ഞാന്‍... പിന്നെ ഈ മുറി തന്നെ നിനക്ക് ഉപയോഗിക്കാം...ഞാന്‍ ബോസിനോട് ഒന്ന് പറഞ്ഞു നോക്കട്ടെ... ഈ കട്ടിലില്‍ ഉണ്ടായിരുന്നവന്‍ ഇവിടുന്ന് പോയി. ഞാന്‍ കഫീലിനോടും പറഞ്ഞിട്ടുണ്ട്... അന്ന് കിടക്കുംവരെ രഘുവിന് സംശയങ്ങള്‍ ആയിരുന്നു. സന്തോഷത്തോടെ ബഷീര്‍ അവന്‍റെ ഓരോ ചോദ്യത്തിനും മറുപടി കൊടുത്തുകൊണ്ടിരുന്നു. ഒടുവില്‍ കുളിച്ച്, ഭക്ഷണം ഒക്കെ കഴിച്ചു കിടക്കാന്‍ നേരം ചുവരില്‍ വച്ചിരുന്ന ഘടികാരത്തില്‍ നോക്കി ബഷീര്‍ പറഞ്ഞു.

"രഘൂ....നീ നിന്‍റെ വാച്ചിലെ സമയം... ദേ ഇത് നോക്കി മാറ്റി വചോള്ളൂ... നാളെ പുലര്‍ച്ചെ എനിക്ക് ആളുകളെ സൈറ്റില്‍ കൊണ്ട് വിട്ടിട്ടു വേണം നിന്നെക്കൊണ്ട് പോയി ഓഫീസില്‍ വിടാന്‍.... അവിടുത്തെ എഴുത്ത്കുത്തൊക്കെ പെട്ടെന്ന് കഴിയും. അവര് ചോദിച്ചാല്‍ സൈറ്റില്‍ പോവണം എന്ന് പറഞ്ഞേര്... കഴിയുമെങ്കില്‍ നാളെ തന്നെ നീ സൈറ്റില്‍ ഇറങ്ങണം. എന്തിനാടാ നാട് വിട്ടു വന്നിട്ട് ഒരു ദിവസം വെറുതെ വേസ്റ്റ് ആക്കുന്നെ...!!!!"

ബഷീറിന്‍റെ വാക്കുകള്‍ക്കെല്ലാം രഘു തലകുലുക്കി. ലൈറ്റ് അണച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന്‍ കൈത്തണ്ടയില്‍ നോക്കി... സമയം 11.30. ബഷീര്‍ പറഞ്ഞ സമയം മനസ്സില്‍ കൂട്ടി അവന്‍ പിറുപിറുത്തു. നാട്ടില്‍ ഇപ്പോള്‍ 2.00 മണി.. "ന്‍റെ ദേവു... ന്‍റെ ദേവു ഇപ്പോള്‍ എന്തെടുക്കുകയോ ആവോ..??? അവള്‍ ഉറങ്ങീട്ടുണ്ടാകുമോ..??? അവളുടെ ചിന്തകളില്‍ അസ്വസ്ഥനായ രഘു തിരിഞ്ഞും മറിഞ്ഞും കിടന്നു... ഒടുവില്‍ എപ്പോഴോ അവന്‍ ഉറക്കം പിടിച്ചു.
*****************
രാത്രി പുതച്ചിരുന്ന കരിമ്പടം മാറ്റി വെണ്‍പട്ടുചേലയുടുത്ത്‌ പുലരിയെത്തി. രാത്രിലില്ലികള്‍ കൊഴിഞ്ഞുവീണു. മുറ്റത്തെ കിളിമരത്തില്‍ വര്‍ണ്ണക്കുരുവികള്‍ വാലാട്ടി നൃത്തമാടാന്‍ തുടങ്ങി. കിടക്ക വിട്ടെഴുന്നേറ്റ ദേവു വല്ലാത്തൊരു ആലസ്യത്തോടെ വന്നു വാതില്‍ തുറന്നു. കണ്ണുകളില്‍ വീണ വെളിച്ചം അവളുടെ കണ്ണുകളെ കുറുകിയടച്ചു. അവള്‍ മുറ്റത്തേയ്ക്കിറങ്ങി. പ്രകൃതിയ്ക്ക് വല്ലാത്തൊരു സുഗന്ധം പോലെ. അവള്‍ ദേവദാരുവിന്നരികത്ത് വന്നു നിന്നു. പിന്നെ കുടുംബവീട്ടിലേയ്ക്ക് വെറുതെ ഒന്ന് നോക്കി. പെട്ടെന്ന് ദേവുവിന്‍റെ കുഞ്ഞുവീട്ടിലേയ്ക്ക് കണ്ണും നട്ടിരുന്ന സേതുലക്ഷ്മിയമ്മ അവരുടെ മുറിയുടെ ജനാലയ്ക്കല്‍ നിന്നും തല അകത്തേയ്ക്ക് വലിച്ചു. ദേവു അറിയാതെ ചിരിച്ചുപോയി. തലമുടി വാരിക്കെട്ടി വീടിനകത്തേയ്ക്ക് തിരിച്ചു കയറുമ്പോള്‍ ഓലമേഞ്ഞ ചുവരില്‍, അവള്‍ക്കായി ഒടുവില്‍ രഘു ഫ്രെയിം ചെയ്തു വച്ച അവന്‍റെ ഫോട്ടോയിലേയ്ക്ക് അവളൊന്ന് നോക്കി. പിന്നെ മെല്ലെ അതിനരുകിലായി വന്നു നിന്നു. വലതുകരം ഉയര്‍ത്തി കണ്ണുകള്‍ പൂട്ടി ആ ഫോട്ടോയിലൂടെ അവള്‍ വിരലുകള്‍ ഓടിച്ചു. ദേവുവിന്‍റെ മനസ്സ് പിടഞ്ഞു.

"ന്‍റെ.. രഘുവേട്ടന്‍... ന്‍റെ രഘുവേട്ടന്‍ ഇപ്പോള്‍ എന്തെടുക്കുകയാണോ ആവോ..?? ഇങ്ങനെ ചിന്തിച്ചുകൊണ്ടവള്‍ നില്‍ക്കുമ്പോള്‍ പുറത്താരോ അവളുടെ പേരെടുത്തു വിളിച്ചു.

"ദേവൂട്ടിയെ..."

അവള്‍ ആരാണെന്ന് അറിയാതെ വിളികേട്ട് കൊണ്ട് പുറത്തേയ്ക്ക് ചെന്നു. കുറച്ചകലെയുള്ള, അവള്‍ക്കു പരിചയം ഉള്ള ഒരു ജോലിക്കാരന്‍ ആയിരുന്നു. കൂടെ ഒരാളും. പോകുന്നതിന് മുന്‍പ് കിണറു കുഴിക്കാനായി രഘു ഏര്‍പ്പാട് ചെയ്തിരുന്നയാള്‍. മുന്നേ സ്ഥാനം കണ്ടിരുന്ന ഭാഗം കാട്ടിക്കൊടുക്കുക മാത്രമാണ് ദേവു ചെയ്തത്. അവരോടൊപ്പം നിന്ന അവള്‍ അവര്‍ ജോലി തുടങ്ങുമ്പോഴേയ്ക്കും അകത്തേയ്ക്ക് കയറി. പിന്നെ വീട്ടിലേയ്ക്ക് ആവശ്യമുള്ള വെള്ളത്തിനായി രണ്ട് ബക്കറ്റുമെടുത്ത് അയല്‍വാസിയായ ഒരു മുസ്ലിം വീടിന്‍റെ മുറ്റത്ത് ചെന്നു. ആരെയും പുറത്തു കാണാത്തത് കൊണ്ട് അവള്‍ മടിച്ചുമടിച്ച് വീടിനുള്ളിലേയ്ക്ക് നോക്കി. ആരെയെങ്കിലും വിളിക്കാം എന്ന് കരുതിയപ്പോള്‍ പ്രായമുള്ള ഒരാള്‍ പുറത്തേയ്ക്ക് വന്നു.

"ഇതെന്താ പടച്ചോനെ ഞമ്മള് കാണുന്നത്... ന്‍റെ ദേവൂട്ടിയാ... ന്താണ്‍ടീ... ജ്ജ് ഈ വഴിയ്ക്ക്. ഞമ്മളെയൊക്കെ അറിയ്യോ നീയ്..."

"അറിയാഞ്ഞിട്ടല്ല സലിം ബാപ്പ... ന്‍റെ മോള് മരിച്ചേ പിന്നെ ഞാനെങ്ങടും പോയിട്ടില്ല. എന്നിട്ടവള്‍ തുടര്‍ന്നു. അച്ഛന്‍ പോയേപ്പിന്നെ ഇവിടുത്തെ ഉപ്പും ചോറും തിന്നല്ലേ ഈ ദേവൂ വളര്‍ന്നത്.. അങ്ങിനെയങ്ങ് മറക്കാന്‍ പറ്റുമോ എല്ലാം... ഒന്നും മറന്നിട്ടില്ല സലിം ബാപ്പാ.."

ദേവുവിന്‍റെ വാക്കുകള്‍ കേട്ടുകൊണ്ട് അകത്തേയ്ക്ക് നോക്കി സലിം വിളിച്ചു.. "നബീസുവേ... ഒന്നിങ്ങട്‌ വാടീ... ഇതാരാ... മ്മടെ വീട്ടുപടിക്കലെന്നു കാണണുണ്ടോ..ജ്ജ്..."

അകത്ത് മൃദുലമായ ഒരു സ്വരം. പിന്നെ മെല്ലെയത് പുറത്തേയ്ക്ക് വന്നു. വെള്ള മുണ്ട് വാരിച്ചുറ്റി പിന്നെ തലയിലൊരു വെളുത്ത തുണിയിട്ട, വളരെ ഭംഗിയുള്ള ഒരുമ്മ... അറ്റുപോകാറായ കാതിലെ കമ്മല്‍ അവരുടെ ഭംഗിയ്ക്ക് വീണ്ടും പകിട്ടേകി. ദേവുവിനെ കണ്ട അവര്‍ അത്യന്തം സ്നേഹത്തോടെ പടികള്‍ ഇറങ്ങി മെല്ലെ മുറ്റത്തേയ്ക്ക് വന്നു. ദേവു ഉമ്മയെ നോക്കി മനോഹരമായി ചിരിച്ചു. ദേവൂനെ ചേര്‍ത്തണച്ച് അവര്‍ പറഞ്ഞു.

"എത്ര നാളായടാ...ഞമ്മളൊന്നു കണ്ടിട്ട്... എന്നിട്ടവളുടെ മുഖം മെല്ലെ തഴുകി ചോദിച്ചു... "എന്ത് പറ്റിയെടാ... നീയെന്താ വല്ലാണ്ടിരിക്കണത്..??? നന്നായി ക്ഷീണിച്ച് ട്ടാ...നീയ്... അവളെ ചേര്‍ത്ത് പിടിച്ചു അകത്തേയ്ക്ക് നടക്കുമ്പോഴേയ്ക്കും സലിം കൈയില്‍ ഇരുന്ന വടിക്കുടയും കുത്തി പുറത്തേയ്ക്ക് നടന്നു. നടക്കുന്നതിനിടയില്‍ അയാള്‍ വിളിച്ചു പറഞ്ഞു...

"നബീസുവേ... മോക്ക് കഴിക്കാന്‍ വയറു നിറച്ച് കൊടുക്കണേ നീയ്..."

അവര്‍ അയാളെ നോക്കി ചിരിച്ചുകൊണ്ട് ദേവൂനെയും കൂട്ടി അകത്തേയ്ക്ക് പോയി. പടിക്കെട്ടില്‍ ബക്കറ്റ് വച്ചിട്ടാണ് അവള്‍ അകത്തേയ്ക്ക് പോയത്. ഉമ്മയോട് പെട്ടെന്ന് തന്നെ അവള്‍ ഇതുവരെയുള്ള കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഒടുവില്‍, ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച അവരോട് കുഞ്ഞു ഉറങ്ങുന്ന കാര്യം പറഞ്ഞ്, ബക്കറ്റ്കളില്‍ വെള്ളവും നിറച്ച് ദേവു വീട്ടിലേയ്ക്ക് നടക്കാന്‍ തുടങ്ങി. ദേവു മടങ്ങുമ്പോള്‍ അവള്‍ക്കരുകിലായി നിന്ന്‍ രണ്ടു കൈയും മേല്‍പ്പോട്ടുയര്‍ത്തി നബീസു ഉമ്മ പറഞ്ഞു...

"അള്ളാ... കാത്തോളണേന്‍റെ കുട്ടിയെ...!!!
***********
ഓഫിസില്‍ എത്തിയ രഘു കഫീല്‍ വരാനായി കാത്തിരുന്നു. നേരം കുറച്ച് വൈകി.. അവന് തണുക്കാന്‍ തുടങ്ങി. അവനിരുന്ന ഹാളിനു നടുവിലായി ഒരു മേശയിട്ട്, അതിന്‍റെ കസേരയില്‍ ഇരുന്ന മലയാളിയായ ഓഫീസ് ബോയിയോട് അവന്‍ പറഞ്ഞു.

"എനിക്ക് വല്ലാണ്ട് തണുക്കുന്നു... ഈ തണുപ്പൊന്നു കുറയ്ക്കാന്‍ കഴിയ്യോ..."

അപ്പോള്‍ അവന്‍ പറഞ്ഞു..... "അയ്യോ...ഇത് സെന്‍ട്രല്‍ എ.സിയാ... ഇതിപ്പോള്‍ കുറച്ചാല്‍ ആ പോത്തിപ്പോള്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങും... അരുകിലെ ഗ്ലാസ് കാബിനില്‍ ഇരുന്ന തടിച്ചുരുണ്ട ഒരു പാലസ്തീനിയെ അവന്‍ ചൂണ്ടിക്കാട്ടി. രഘു പിന്നെയും പഴയസ്ഥാനത്ത് ചെന്നിരുന്നു. അവനെ കിടുകിടാ വിറയ്ക്കാന്‍ തുടങ്ങി. സമയം മെല്ലെ നീങ്ങിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരു വിറയലോടെ രഘു തളര്‍ന്നുവീണു. അവനരുകിലേയ്ക്ക് ഓടിയെത്തിയ ചിലര്‍ അവനെ താങ്ങിയെടുത്ത് അടുക്കളയിലേയ്ക്ക് കൊണ്ടുവന്നു. അവിടത്തെ കസേരയില്‍ പിടിച്ചിരുത്തി മുഖത്തേയ്ക്ക് വെള്ളം തളിച്ചു. രഘു കണ്ണുകള്‍ തുറന്നു കൂടിനിന്നവരെ നോക്കി. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി. ആരോ അവന് ഒരു ചൂട് ചായ പകര്‍ന്നു നല്‍കി. അവന്‍ ആശ്വാസത്തോടെ അത് മൊത്തിക്കുടിച്ചു. അപ്പോഴേയ്ക്കും കമ്പനിയുടെ മുതലാളി എത്തി. കൂടി നില്‍ക്കുന്ന ഓഫീസര്‍മാരെക്കണ്ട് അയാള്‍ തെല്ലുച്ചത്തില്‍ വിളിച്ചു ചോദിച്ചു....

"ലേഷ്... ഖുല്ലൂ.. നഫര്‍ ഇനാക്..." (എന്താ എല്ലാവരും കൂടി ഇവിടെ..???)

അതില്‍ കൂടിനിന്ന കുറച്ചു അറബ് അറിയാവുന്ന ഒരാള്‍ പെട്ടെന്ന് പറഞ്ഞു.. "അതാ ജദീദ് നഫര്‍ ഫി മുഷ്കില്‍... ഷോയ്..." (ഈ പുതിയ ആള്‍ക്ക് കുറച്ചു പ്രശ്നം ഉണ്ട്)

"യേള്ളാ... റോ.. ഇബ്ന ഹിലാല്‍.." ( ഓക്കേ.. പെട്ടെന്ന് പോകൂ എല്ലാരും) എന്നിട്ടയാള്‍ അടുക്കള വാതിലില്‍ വന്നു നിന്നു. ആറടി പൊക്കം ഉണ്ടായിരുന്ന അയാളെ കണ്ടു ഭയന്ന് രഘു മെല്ലെ എഴുന്നേറ്റു. രഘുവിനെ ഒന്ന് നോക്കി പിന്നെ ഓഫീസിന് ചുറ്റും നോക്കി അയാള്‍ വിളിച്ചു പറഞ്ഞു...

"അന മായ്ബ്ഗ മസ്ക്കര.... " (എനിക്ക് ഈ അലസത വേണ്ട) എന്നിട്ട് ഓഫീസ് ബോയിയെ നോക്കി പറഞ്ഞു.

"യെള്ളാ താള്‍ ഇനാക് ഹബീബീ..." (വാ ഇങ്ങോട്ട് വാ ..) ഓഫീസ് ബോയി അയാളുടെ പുറകെ ഓടുമ്പോള്‍ രഘു ഒന്നും മനസ്സിലാകാതെ ഭയപ്പാടോടെ ഇരിക്കുകയായിരുന്നു... അവന്‍റെ മനസ്സ് പറഞ്ഞു... "വേണ്ടിയിരുന്നില്ല... ഇതൊന്നും വേണ്ടിയിരുന്നില്ല..."

(തുടരും)
ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ