2014 ജനുവരി 18, ശനിയാഴ്‌ച


പുഴയരുകിലൊരു പാരിജാതം

പൂമുഖത്തെ ചാരുകസേരയിലിരുന്ന് മുറ്റത്തേയ്ക്ക് നോക്കിയയാള്‍ നെടുവീര്‍പ്പിട്ടു. വാതായനതിന്‍റെ തുറന്നിട്ട ഇടനാഴികളിലൊന്നില്‍ മാതാവ് ഖിന്നയായിരിക്കുന്നു. കൂടെ കാല്‍മുട്ടുകളില്‍ മുഖമമര്‍ത്തി അഴിഞ്ഞ കൂന്തലുമായി ഒരു മകള്‍

ൂനിലാവില്‍ വിരിഞ്ഞുനില്‍ക്കുന്ന പാരിജാതങ്ങള്‍ക്ക് ഇത്രയേറെ സുഗന്ധമോ? ഉണ്ടാകാം. ഒരു വല്ലാത്ത പ്രണയസുഗന്ധമുണ്ടതിന്. കൂരിരുളില്‍ ആര്‍ത്തലച്ചു പാഞ്ഞൊരു പുഴയുടെ മടിത്തട്ടില്‍ മകള്‍ അഭയം കൊണ്ടപ്പോള്‍ അവരിരുവരും ഒരു പാഠം പഠിക്കുകയായിരുന്നു. അമിതവാത്സല്യങ്ങള്‍ കൊണ്ട്, അമിതമായ വിശ്വാസം കൊണ്ട് മകളെ നഷ്ടപ്പെട്ട പാഠം.

രാവും പകലും മകള്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയപ്പോഴും, സ്പെഷ്യല്‍ ക്ലാസ്സുകളുടെ സമയം ദീര്‍ഘം വച്ചപ്പോഴും അറിയാതെ വിശ്വസ്സിച്ചുപോയതിന്‍റെ ബാക്കിപത്രമാണ് മുറ്റത്തെ ആറടി നീണ്ടൊരു കുഴിമാടം....

പുഴയരുകിലെ പാരിജാതത്തിന്‍ ചുവട്ടിലെ വെള്ളാരം കല്ലുകള്‍ ഞെരിഞ്ഞമര്‍ന്നിരുന്നു പലതവണ. അവളുടെ ലോലമായ മനസ്സായിരുന്നു അവന്‍ ഇഷ്ടപ്പെട്ടത്. അതിനെക്കുറിച്ച് അവന്‍ പറയുമ്പോഴെല്ലാം അവന്‍ ഒരു ആരാധ്യനായി അവളുടെ മനസ്സില്‍ ഇടം നേടുകയായിരുന്നു. രാത്രിയില്‍ അടക്കം പിടിച്ച സ്വരങ്ങള്‍ കേട്ട് അച്ഛന്‍ വരുമ്പോള്‍ തുറന്നു വച്ച പുസ്തകം കാട്ടിയ അവള്‍ക്കു ചുംബനം നല്‍കിയയാള്‍ തിരികെ പോകും. ദൂരമറിയാതെ, ലക്ഷ്യമില്ലാതെ വിദൂരതയിലേയ്ക്കു പറന്നുപോകുന്ന ഒരു പക്ഷിയായിരുന്നു അവളെന്ന് അവരറിഞ്ഞിരുന്നതേയില്ല.

അന്നൊരു മഴക്കാലം. ശക്തിയായി പെയ്യുന്ന മഴനനഞ്ഞുകൊണ്ടാണവള്‍ വീട്ടിലേയ്ക്ക് ഓടിക്കയറിയത്. അത്താഴം വേണ്ടന്നവള്‍ പറയുമ്പോള്‍ മഴനഞ്ഞിരുന്നുവല്ലോ, ജലദോഷം കൊണ്ടാകും എന്ന് കരുതി അമ്മ നെറുകയില്‍ രാസ്നാദി തേച്ചുപിടിപ്പിച്ചു.
പിന്നെ പ്രകൃതിയുണര്‍ന്നപ്പോള്‍ മകള്‍ ക്ഷീണിതയായി നിലംപതിച്ചു. ആശുപത്രിയുടെ ഇടനാഴിയില്‍ കരളുരുകുന്ന വേദനയും കടിച്ചമര്‍ത്തി മകളുടെ കൈപിടിച്ചു വീട്ടിലേയ്ക്ക്. മുറിയ്ക്കുള്ളിലെ ഏകാന്തതയില്‍ മകളെ ഇരുത്തി കൂട്ടിരുന്ന ദിനങ്ങള്‍

പൂക്കളിറുക്കാന്‍ കൂടെക്കൂടിയിരുന്ന അച്ഛന്‍, വലുതായപ്പോഴും വാരിക്കൊടുത്ത് ഊട്ടുവാന്‍ തിരക്കിട്ടിരുന്ന അമ്മ....മതിയാകും വരെ കൂട്ട്കൂടി കളിക്കുവാന്‍ കൂട്ടിനൊരു കുഞ്ഞനുജത്തി. അവള്‍ എപ്പോഴാണ് ഇവരെയൊക്കെ മറന്നത്. പെണ്മക്കളെ അമ്മയെ ഏല്‍പ്പിച്ചു വിദേശത്തേയ്ക്ക് പോയ അയാള്‍ വരുന്നതോര്‍ത്ത്‌ അവള്‍ വ്യാകുലയായി. അച്ഛന്റെ മുന്നില്‍ എങ്ങനെ നില്‍ക്കും. കഴിയില്ല്യ എന്ന് തോന്നിയത് കൊണ്ടാകാം കൂരിരുള്‍ നിറഞ്ഞ പാതിരാവില്‍ ആ പുഴയില്‍ അവള്‍ അഭയം നേടിയത്.

ജീവിതം മുറിഞ്ഞൊരു പന്ഥാവ് പോലെ നില്‍ക്കുമ്പോള്‍ ഇളയവള്‍ കൈപിടിച്ചു. അവള്‍ തെളിച്ച വഴിയെയായിരുന്നു പിന്നീട് യാത്ര. ഉപദേശങ്ങള്‍ അവള്‍ക്കു അവശ്യത്തിലേറെ നല്‍കി. ഉദാത്തമായ ഉദാഹരണമായി ചേച്ചി അവളുടെ മുന്നില്‍ നിന്നു ചിരിച്ചു.
അച്ചനും അമ്മയും ഊറ്റം കൊണ്ടു. മകളുടെ ധൈര്യത്തില്‍ വല്ലാത്ത ആത്മവിശ്വാസവും. ഇവള്‍ അറിഞ്ഞുകൊണ്ട് തെറ്റിലേയ്ക്ക് നീങ്ങില്ല എന്നവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.

പക്ഷെ, അവളുടെ തന്റേടമായിരുന്നു അവനിപ്പോള്‍ ഏറെ ഇഷ്ടമായത്. അവന്‍റെ ഓരോ പുകഴ്ത്തലും അവളെ ആഹ്ലാദവതിയാക്കി. ഓരോരോ ദിനങ്ങള്‍ കഴിയുന്തോറും അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല എന്നവന്‍ പറഞ്ഞു. അവന്‍റെ രാവുകള്‍ നിദ്രവിഹീനങ്ങള്‍ എന്നറിഞ്ഞപ്പോള്‍ അവള്‍ അന്ന് രാവില്‍ കാണുവാന്‍ അനുവാദം നല്‍കി.


പുഴയരുകിലെ പാരിജാതത്തിന്‍ ചുവട്ടിലെ വെള്ളാരം കല്ലുകള്‍ വീണ്ടും ഞെരിഞ്ഞമര്‍ന്നു. ഇരുളില്‍ ജനലരുകില്‍ പതുങ്ങി നിന്ന അവനെ അവള്‍ പുഴയരുകിലേയ്ക്ക് ക്ഷണിച്ചു. സംശയം കൊണ്ട് നിന്ന അവന്‍റെ കാതില്‍ അവളോതി. അമ്മയും അച്ഛനും ഉണര്‍ന്നാല്‍,..... അത് ശെരിയെന്ന് അവനും തോന്നി.

പിറ്റേന്ന് പുഴയരുകില്‍ ആളുകള്‍ കൂടുമ്പോള്‍ അമ്മയെ ചേര്‍ത്തുപിടിച്ചവള്‍ കരയുകയായിരുന്നു. മകള്‍ കരയുന്നതിന്‍റെ പൊരുള്‍ അറിഞ്ഞോ അറിയാതെയോ എങ്കില്‍ കൂടി അവരും കരഞ്ഞുകൊണ്ടിരുന്നു. അപ്പോഴേയ്ക്കും മകളുടെ കുഴിമാടത്തില്‍ വിളക്ക് കൊളുത്തി വച്ച് അച്ഛനും അവരോടൊപ്പം കൂടിയിരുന്നു. അന്ന്, അവള്‍ മരിച്ചു ഒരാണ്ട് തികഞ്ഞിരുന്നു....

ശ്രീ വര്‍ക്കല
 

2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം..13


ദിവസങ്ങള്‍ പലത് ഓടിമറഞ്ഞു. തങ്കം ആശുപത്രിയില്‍ നിന്നും വരുന്ന ദിവസമായി. മുതലാളിയ്ക്ക് കടയില്‍ ഒരുപാട് ജോലിത്തിരക്കുണ്ടായിരുന്നതിനാല്‍, ആശുപതി കാര്യങ്ങള്‍ ഒക്കെ അയാള്‍ കണ്ണനെ ഏല്‍പ്പിച്ചു. അയാളുടെ വിശ്വസ്തനായ ഭ്രുത്യനെപ്പോലെ കണ്ണന്‍ എല്ലാം ഭംഗിയായി നിരവഹിക്കുകയും ചെയ്യുന്നുണ്ട്. അല്ലെങ്കില്‍ത്തന്നെ മുതലാളിയുടെ സാമീപ്യത്തെക്കാള്‍ ഏറെ അവളിന്ന് കൊതിയ്ക്കുന്നത് കണ്ണന്‍റെ സാമീപ്യമാണ്. അവര്‍ക്കിടയില്‍ എല്ലാത്തിനും വേലക്കാരി ഒരു തടസമായി നില്‍ക്കുകയാണ്. അവളെ ഒഴിവാക്കുവാനും തങ്കത്തിന് കഴിയില്ല. അവളുടെ, തികഞ്ഞ സ്നേഹാനുവര്‍ത്തിയായ ഭ്രുത്യയാണവള്‍

അങ്ങനെ തങ്കത്തെയും കൊണ്ട് കാര്‍ മണിമാളികയുടെ മുന്നിലെത്തി. കണ്ണന്‍, സാധനങ്ങള്‍ ഒക്കെ ഇറക്കി വച്ച് കാറിന്‍റെ വാടകയും കൊടുത്ത് തിരികെ എത്തുമ്പോള്‍ തങ്കവും വേലക്കാരിയും വീടിനകത്ത് പ്രവേശിച്ചിരുന്നു. കച്ചവടത്തിന്‍റെ തിരക്കിനിടയിലും മുതലാളി ആ നേരം അവിടെ പാഞ്ഞെത്തി. ആയതുകൊണ്ട് തന്നെ കണ്ണന്‍ പതിയെ അവിടെ നിന്നും പിന്മാറി.

നേരം ഒന്‍പതരയായി. പ്രഭാതഭക്ഷണമൊക്കെ ഒരുക്കിയിട്ട് പറമ്പിലൊക്കെ നടന്ന് കുഞ്ഞു ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുകയാണ് ചിന്നമ്മു. അകലെ നിന്നും കണ്ണന്‍ വരുന്നത് കണ്ട അവള്‍, കൈയിലെ പൊടിയെല്ലാം ഉടുമുണ്ടിന്റെ തുമ്പത്ത് തുടച്ചു. അവിടെ പിച്ചവച്ചു നടന്ന ചിന്നനെയും എടുത്തുകൊണ്ടവള്‍ കണ്ണന് അരികിലേയ്ക്ക് നടന്നു.

"എവിടെപോയി കണ്ണേട്ട....ഒരു വാക്ക് പോലും പറയാതെ... അവള്‍ പരിഭവം കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

"ആശുപത്രിയില്‍ പോയതാ ചിന്നമ്മു"...കണ്ണന്‍ പറഞ്ഞു.

"ങ്ങള്‍ക്ക് മാത്രേ തങ്കത്തിനെക്കുറിച്ച് ഇത്ര വേവലാതിയുള്ളൂ കണ്ണേട്ടാ...!!... അവള്‍ വീണ്ടും പറഞ്ഞു.

"ചിന്നമ്മു...അങ്ങിനെയല്ല ചിന്നമ്മു. ഞാനുണര്‍ന്നു നോക്കുമ്പോള്‍ നീ നല്ല ഉറക്കമായിരുന്നു. നിന്നെ വിളിച്ചുണര്‍ത്തി ശല്യപ്പെടുത്തണ്ട എന്ന് കരുതിയതാണോ തെറ്റ്????.. മുതലാളി പറയുമ്പോള്‍ എന്താ ഏതാന്ന് തിരക്കുക വേണ്ട എന്നാണോ നീ പറയുന്നത്.. ചോദ്യഭാവത്തില്‍ അവന്‍ അവളെ നോക്കി.

ചിന്നമ്മുവിനു ദേഷ്യമായി. അവള്‍ പറഞ്ഞു.."ഈ വയല്‍ക്കര ഗ്രാമത്തില്‍ കണ്ണേട്ടന്‍ മാത്രേയുള്ളൂ മണിമാളികക്കാരെ സഹായിക്കാനായി. അങ്ങിനെ ഒരുത്തീരേം വേലക്കാരനാകേണ്ട ങ്ങള്... അതെനിക്കിഷ്ടല്ല്യാ.....അവള്‍ മുഖം കുനിച്ചു.

"പിന്നേ....നിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കീട്ടല്ലേ ഞാനിവിടെ ഓരോന്നും ചെയ്യുന്നത്..? നീ വരുന്നുണ്ടോ അകത്തേയ്ക്ക്!.. എനിക്ക് വിശക്കുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ടവന്‍ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഓരോന്നായി ഇളക്കി കൊണ്ട് അകത്തേയ്ക്ക് നടക്കാന്‍ തുടങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ടവള്‍ അവനു പിന്നാലെ കൂടി. ഇതിനിടയില്‍ കൈയിലിരുന്നു എന്തോ കുറുമ്പ് കാട്ടിയ ചിന്നനെ അവള്‍ നുള്ളുക കൂടി ചെയ്തു. വേദന കൊണ്ട് കുഞ്ഞു കരഞ്ഞപ്പോള്‍ കണ്ണന്‍ ചിന്നമ്മുവിനെ നോക്കി. അവളുടെ മുഖത്തിന്‍റെ ഭാവം കണ്ട കണ്ണന്‍ പൊട്ടിച്ചിരിച്ചു.
ചിന്നമ്മു അതേ ദേഷ്യത്തില്‍ അമര്‍ത്തി ചവുട്ടി അകത്തേയ്ക്ക് കയറിപ്പോയി.

കണ്ണന്‍ ഉടുപ്പ് അയയിലേയ്ക്ക് ഇട്ടു. അടുക്കളയില്‍ നിന്നും പതിവില്‍ നിന്നും വിപരീതമായി പാത്രങ്ങളുടെ എടുക്കലും, വയ്ക്കലും ശബ്ദത്തോടെ കേള്‍ക്കുന്നു.
കണ്ണന്‍ അടുക്കളയില്‍ വന്നു ഒന്നും ഉരിയാടാതെ മേശയ്ക്കരുകിലെ ബഞ്ചില്‍ ഇരുന്നു. അവളുടെ ദേഷ്യം തീര്‍ന്നില്ല എന്ന് തോന്നുന്നു, ഒരു ചെറിയ ശബ്ദത്തോടെയാണവള്‍ അവന്റെ മുന്നിലേയ്ക്ക് പാത്രം വച്ചത്.

കണ്ണന് അവനോടു തന്നെ വല്ലാത്ത അവജ്ഞ തോന്നി. അവന്‍ ചിന്തിച്ചു. ഇന്നുവരെ ചിന്നമ്മു തന്റെ മുന്നില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പോലും സംസാരിച്ചിട്ടില്ല. ഞാനെന്ത് പറയുന്നുവോ അതവള്‍ അനുസരിക്കുകയെ ചെയ്തിട്ടുള്ളൂ. ഇന്നവള്‍ വിഷമം കൊണ്ടാണെങ്കിലും തന്നെ ചോദ്യം ചെയ്ത പോലെ തോന്നി കണ്ണന്. അവന് അവളോട്‌ അല്‍പ്പം ദേഷ്യം തോന്നി. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ അവന്‍ തൊട്ടതെയില്ല.

ഇതൊക്കെയാണെങ്കിലും, ഭക്ഷണത്തില്‍ സ്പര്‍ശിക്കാതെയുള്ള കണ്ണന്‍റെ ഇരുപ്പു കണ്ടപ്പോള്‍ ചിന്നമ്മുവിന്‍റെ ശരീരം തളര്‍ന്നു തുടങ്ങി. അവളവന്റെ അരുകില്‍ വന്നു. അവനെ ചേര്‍ന്ന് നിന്നു...കണ്ണന്‍ അനങ്ങിയില്ല. ചിന്നമ്മു അവന്റെ തോളില്‍ കൈ വച്ചു. കണ്ണന്‍ അവളുടെ കൈകള്‍ തട്ടി മാറ്റി മെല്ല എഴുന്നേറ്റു. അടുക്കളയില്‍ നിന്നും പുറത്തേയ്ക്ക് പോയവന്‍ തന്റെ കട്ടിലില്‍ പതിയെ കമിഴ്ന്നു കിടന്നു. ചിന്നമ്മു ശെരിക്കും തകര്‍ന്നുപോയി. അപ്പോഴാണ്‌ അവള്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങിയത്.

"അല്ല, എന്തിനാ ഞാന്‍ കണ്ണേട്ടനോട് കയര്‍ത്തത്‌...!! ശല്യപ്പെടുത്തെണ്ടാ, ഉറങ്ങിക്കോട്ടെ എന്ന് നിനച്ചിട്ടാണ് പറയാതെ പോയത് എന്ന് കണ്ണേട്ടന്‍ പറയുക കൂടി ചെയ്തു. എന്നിട്ടും ഞാന്‍ ഇതെന്താ ചെയ്തെ...? അവള്‍ വല്ലാതെ വീര്‍പ്പുമുട്ടാന്‍ തുടങ്ങി.

അവനരുകിലേയ്ക്ക് ചെന്നവള്‍ കട്ടിലില്‍ ചേര്‍ന്നിരുന്നു. മെല്ലെ മുതുകില്‍ കൈവച്ച് പതിഞ്ഞ സ്വരത്തില്‍ അവള്‍ വിളിച്ചു..."

"കണ്ണേട്ടാ..."

അവന്‍ അവളുടെ വിളിയ്ക്ക് കാതോര്‍ത്തതേ ഇല്ല. തലയ്ക്കു ഇരുവശങ്ങളിലൂടെ മുഖത്തേയ്ക്കു കൈ പിണച്ചു വച്ച് കിടന്നിരുന്ന അവനെ ചെറുതായൊന്നു തിരിക്കുവാന്‍ അവളൊരു വിഫല ശ്രമം നടത്തുകകൂടി ചെയ്തു.

എത്ര സമയം അവളവിടെ ഇരുന്നു വെന്ന് അവള്‍ക്കു തന്നെ നിശ്ചയം ഇല്ല. സമയം ഒരുപാട് കഴിഞ്ഞു. ചിന്നമ്മു കരഞ്ഞു തുടങ്ങി. അവളുടെ കരച്ചില്‍ പിന്നെ എങ്ങലായി. വയറു വിശന്നു ചിന്നന്‍ കരയാന്‍ തുടങ്ങി. അവള്‍ കുഞ്ഞിനെയെടുത്ത് താളം തട്ടി വീണ്ടും കണ്ണന്‍റെയരുകില്‍ വന്നിരുന്നു.

"ദേ! കണ്ണേട്ടാ...ഇത്രയ്ക്കും എന്നോട് പിണങ്ങാന്‍ ഞാനെന്താ പറഞ്ഞെ. ങ്ങളെ ചിന്നമ്മുവല്ലേ വിളിക്കുന്നത്‌. വാ കണ്ണേട്ടാ...വന്നു ഭക്ഷണം കഴിക്ക്...അവള്‍ അവനെ കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് പോലും കണ്ണന്‍ അനങ്ങിയില്ല.

അവളുടെ കരച്ചിന്റെ ശക്തി കൂടി വന്നു. അതുകേട്ടുകൊണ്ട് കണ്ണന്‍ ഒന്ന് തിരിഞ്ഞു. അവന്‍ അവളെ നോക്കി. അവളവന്റെ കൈകളെ ചേര്‍ത്ത് പിടിച്ചു. പിന്നെ മുഖത്തേയ്ക്ക് ഒരു മുത്തം നല്‍കി. അതോടെ കണ്ണന്‍ തളര്‍ന്നുപോയി. അവന് നന്നേ പ്രയാസം തോന്നി...അവന്‍ അവളെ നോക്കി ചിരിച്ചു....അവള്‍ കരച്ചിലും ചിരിയും ഇടകര്‍ന്നു അവന്‍റെ നെഞ്ചില്‍ പതിയെ ഇടിച്ചുകൊണ്ടായിരുന്നു സന്തോഷിച്ചത്‌..,....

ഇതെല്ലാം കണ്ട ചിന്നന്‍ മോണ കാട്ടി ചിരിച്ചു........അവരുടെ പിണക്കം ഉരുകിയൊലിച്ചു വീണു....

(തുടരും)

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം..12

ചിന്നമ്മു പായിലേയ്ക്കും, കണ്ണന്‍ കട്ടിലിലേയ്ക്കും കിടന്നുകഴിഞ്ഞു. അല്‍പസമയത്തിനകം തന്നെ ചിന്നമ്മു ഉറക്കം പിടിച്ചു. അവളുടെ മനസ്സ് സ്വസ്ഥമാണ്. കണ്ണേട്ടന്‍ അടുത്തുള്ളപ്പോള്‍ എനിക്ക് എന്തിനാ ഭയം. ഇതവള്‍ സ്ഥിരം അവനോടു പറയുന്ന വാക്കുകള്‍ ആയിരുന്നു. പക്ഷെ, കണ്ണന്‍ അസ്വസ്ഥനായി. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നവന്‍ ഞെളിപിരികൊണ്ടു. സങ്കടക്കോലായില്‍ തലകുമ്പിട്ടവന്‍ ഉറങ്ങാതെ ആ രാവ് പുലര്‍ന്നുതുടങ്ങി.

പ്രഭാതത്തിന്‍റെ വരവറിയിച്ചുകൊണ്ട് മുറ്റത്ത്‌ നിന്നും ഒരു പൂവന്‍കോഴി കൂവി. കണ്ണന്‍ എഴുന്നേറ്റു വാച്ചിലേയ്ക്ക് നോക്കി. സമയം നാലാകുവാന്‍ പോകുന്നതെ ഉള്ളൂ. പുലരാന്‍ ഇനിയും സമയമേറെ ബാക്കി. എന്നാലും അവന്‍ പിന്നെ കിടക്കയിലേയ്ക്ക് പോയില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നവന്‍ പുറത്തേയ്ക്കിറങ്ങി. സിരയിലൂടെ തണുപ്പ് അരിച്ചുകയറുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നവന്‍ അകത്തേയ്ക്ക് കയറി.

ചിന്നമ്മു സുഖനിദ്രയിലാണ്. കണ്ണന്‍ അവള്‍ക്കരികിലേയ്ക്ക് വന്നിരുന്നു. അവളെ കുറേനേരം ഇമകള്‍ അനക്കാതെ അവന്‍ നോക്കിയിരുന്നു. വെള്ളിക്കൊലുസുകള്‍ അണിഞ്ഞ അവളുടെ മൃദുപാദങ്ങളില്‍ കൈവിരല്‍ തൊട്ടവന്‍ അറിയാതെ പറഞ്ഞുപോയി.

"എന്‍റെ മോളെ, ഈ ഏട്ടനോട് നീ പൊറുക്ക്"...മാപ്പ് ...മാപ്പ്... അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഇതൊന്നുമറിയാതെ ചിന്നമ്മു ഉറക്കത്തില്‍ ഒന്നുകൂടി ചുരുണ്ടുകൂടി. പാവം തണുക്കുന്നുണ്ടാകാം. അവന്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടെഴുന്നേറ്റ് ഒരു പുതപ്പെടുത്ത് അവളെ മൂടി.

സമയം വേഗതകുറഞ്ഞൊരു തീവണ്ടിപോലെ നീങ്ങിക്കൊണ്ടിരുന്നു. അവന്‍ പുറത്തേയ്ക്കിറങ്ങി. അങ്ങു ദൂരെ വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. വയല്‍ക്കര ഗ്രാമത്തിലെ ഏക പള്ളിയില്‍ നിന്നും സുബ്ഹി കേള്‍ക്കുന്നു.."അല്ലാഹു അക്ബര്‍...... അല്ലാഹു അക്ബര്‍".,.." അവന്‍ സമയം നോക്കി. 5.27. താഴെ ഒരു ക്ഷേത്രത്തില്‍ നിന്നും പൂജാമണിയടി കേള്‍ക്കുന്നു. അവിടെ നിന്നെല്ലാമുയരുന്ന ഭക്തി സാന്ദ്രതയില്‍ ലയിച്ചങ്ങിനെ വൃക്ഷങ്ങള്‍ തലകുമ്പിട്ടു നില്‍ക്കുന്നു.

ചന്ദ്രഭഗവാന്‍ പടിഞ്ഞാറന്‍ മാനത്ത് മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ചിറയിലെ താമരമലരുകള്‍ അര്‍ക്കനെ വരവേല്‍ക്കുവാന്‍ പുഞ്ചിരിച്ചു തുടങ്ങി. തമാരയിലയില്‍ ഇരുന്നൊരു ദര്‍ദുരം വെള്ളത്തിലേയ്ക്ക് ചാടി. വെള്ളത്തിലെ ഓളങ്ങള്‍ തിക്കി തിരക്കി ഒന്നിന് പിറകെ മറ്റൊന്നായി കരയിലേയ്ക്ക് കയറി.

കണ്ണന്‍ പുലര്‍ച്ചെ തന്നെ പ്രഭാതകൃത്യങ്ങള്‍ നടത്തി. കുളിചീറനായി വന്നവന്‍ പുതുവസ്ത്രങ്ങള്‍ ധരിച്ചു. ചിന്നമ്മു ഇപ്പോഴും നല്ല ഉറക്കത്തിലാണ്. കണ്ണന്‍ പതിയെ പുറത്തേയ്ക്കിറങ്ങി വാതില്‍ ചാരി. അവന്‍ കവലയിലേയ്ക്ക് നടന്നു.

ചെറ്റക്കുടിലിലേയ്ക്ക് സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങി. ചിന്നമ്മു ഉണര്‍ന്നു. കിടക്കയിലേയ്ക്ക് ഒന്ന് നോക്കിയവള്‍, ചിന്നന്‍ നല്ല ഉറക്കത്തിലാണ്. കട്ടിലിലേയ്ക്ക് നോക്കിയപ്പോള്‍ കണ്ണനെ കണ്ടില്ല. മുടിമാടിയൊതുക്കിക്കൊണ്ടവള്‍ വന്ന് ചാരിയിട്ടിരുന്ന വാതില്‍ തുറന്നു. പ്രകാശം കൊണ്ടവളുടെ കണ്ണുകള്‍ മൂടിപ്പോയി. പുറത്തേയ്ക്കിറങ്ങി നോക്കിയപ്പോള്‍ അവിടെയെങ്ങും അവള്‍ കണ്ണനെ കണ്ടില്ല. പിന്നെ, കുളിച്ചീറനായി വന്ന്, അടുക്കളയില്‍ പ്രവേശിച്ച് പ്രഭാതഭക്ഷണം ഒരുക്കുവാന്‍ തുടങ്ങി.

ഇതേസമയം, കണ്ണന്‍ ആശുപത്രിയുടെ വരാന്തയിലൂടെ പായുകയായിരുന്നു. പ്രസവമുറിയുടെ സമീപമെത്തിയവന്‍ അവിടെകണ്ട ഒരു നഴ്സിനോട് തങ്കത്തിനെ കിടത്തിയിരിക്കുന്ന മുറി ചോദിച്ചു. അവര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്കവന്‍ ധൃതിയില്‍ നടന്നെത്തി. അടച്ചിട്ടിരുന്ന വാതിലിനു മുന്നില്‍ ഒരു നിമിഷം നിന്നവന്‍, പിന്നെ പതിയെ വാതിലില്‍ തള്ളി. ചെറിയൊരു ശബ്ദത്തോടെ മെല്ലെയത് തുറന്നു. കഴുത്ത് നീട്ടിയവന്‍ അകത്തേയ്ക്ക് ഒന്ന് നോക്കി. കട്ടിലിനു മുന്നിലെ കസേര ശൂന്യം. തങ്കം മച്ചിലേയ്ക്ക് മിഴികള്‍ നട്ട് കിടപ്പാണ്.
അവന്‍ പതുക്കെ അകത്തേയ്ക്ക് കയറി.

പാദപതനം കേട്ട തങ്കം അവിടെയ്ക്ക് മിഴികള്‍ പായിച്ചു. കണ്ണനെ കണ്ട അവളുടെ മുഖം പാതിരാവിലെ നക്ഷത്രത്തെപ്പോലെ തിളങ്ങുവാന്‍ തുടങ്ങി. ഒപ്പം സന്തോഷം കൊണ്ടവളുടെ അക്ഷികള്‍ അശ്രുവാല്‍ നിറഞ്ഞു. കണ്ണന്‍ അവള്‍ക്കരുകില്‍ കിടന്നിരുന്ന കുഞ്ഞിനു നേരെ മിഴികള്‍ അര്‍പ്പിച്ചു.

അരുമയായൊരു പെണ്‍കുഞ്ഞ്. അവന്‍റെ മിഴികള്‍ പാറി തങ്കത്തിലെത്തി. അവള്‍ ലജ്ജയോടെ മുഖം തിരിച്ചു. കണ്ണന്‍ അവളുടെ അടുത്തേയ്ക്ക് വന്നു. കണ്ണന്‍റെ കൈകളെ പുണര്‍ന്നവള്‍ ഉമ്മ വച്ചു. ഒപ്പം നേര്‍ത്തൊരു തേങ്ങലും.
കണ്ണന്‍ ഭയചകിതനായി. പെട്ടെന്നവന്‍ അവളോട്‌ പറഞ്ഞു.

"ഹേയ്! തങ്കം എന്തായിത്..? മുതലാളി പുറത്തെവിടെയെങ്കിലും കാണും. കയറി വന്നാലോ തങ്കം...?

അവള്‍ പൊടുന്നനെ മറുപടി പറഞ്ഞു..."ഇല്ല്യ.. അദ്ദേഹം ടൌണിലേയ്ക്ക് പോയി. വേലക്കാരി വീട്ടിലേയ്ക്കും.
പിന്നൊരു നിമിഷത്തെ നിശബ്ദതയായിരുന്നു. ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് തങ്കം പറഞ്ഞു.

"ദേ! നോക്കൂ നമ്മുടെ മോളെ..!! അവന്‍ കുഞ്ഞിനെ നോക്കി. അവനു സന്തോഷം പോലെ തന്നെ സങ്കടവും തോന്നി. ഒരു പെണ്‍കുഞ്ഞാണിത്. തന്റെയീ തെറ്റായ പ്രവൃത്തികൊണ്ട് ആ കുഞ്ഞിനി എന്തെല്ലാം വിഷമങ്ങള്‍ അനുഭവിക്കുന്നുവോ? ഇങ്ങനെ ചിന്തിച്ചവന്‍ തങ്കത്തിനോട് പറഞ്ഞു.

"നിനക്കറിയുമോ തങ്കം...ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് എനിക്കവളെ സ്നേഹിക്കാന്‍ കഴിയോ..? നിനക്കൊരിക്കലും അവളോട്‌ പറയാനും കഴിയില്ല ഞാനാണ് അവളുടെ അച്ഛനെന്നും...
അവന്‍റെ ചോദ്യം കേട്ട തങ്കം കരയുക മാത്രമാണ് ചെയ്തത്.

കുഞ്ഞിനെ നോക്കുന്തോറും അവനറിയാതെ അവന്‍റെ ഹൃദയം മുറിയുകയായിരുന്നു. അതിലൂടെ നിണമൊഴുകിയ ചൂട് അവന്‍റെയുള്ളില്‍ നീറാന്‍ തുടങ്ങി. അപ്പോഴാണ് അടഞ്ഞുകിടന്നിരുന്ന വാതില്‍ തുറന്നു തങ്കത്തിന്റെ വേലക്കാരി അകത്തേയ്ക്ക് വന്നത്. അവളുടെ കൈവശം തങ്കത്തിന് വേണ്ട ഭക്ഷണവും, തുണികളും ഉണ്ടായിരുന്നു. അത് മുറിയുടെ ഒരു കോണില്‍ വച്ചതിനുശേഷം കണ്ണനെ നോക്കി മന്ദഹസിച്ചുകൊണ്ടവള്‍ ചോദിച്ചു...

"ഒരുപാട് നേരായോ കണ്ണേട്ടാ ങ്ങള് വന്നിട്ട്..?

ഹേയ്, ഇപ്പോള്‍ വന്നതേയുള്ളൂ. എന്നിട്ടവന്‍ തുടര്‍ന്നു. ഇന്നലെ രാത്രി വന്നുപോയതല്ലേ...അമ്മയ്ക്കുംമോള്‍ക്കും സുഖാണോന്നറിയണ്ടെ..? അതുകൊണ്ട് രാവിലെ ഇങ്ങട് പോന്നു. ചിന്നമ്മു എഴുന്നേറ്റ് ഇപ്പോള്‍ തിരക്കുന്നുണ്ടാകും. അവളോട്‌ വരുന്ന കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. ഇനീപ്പോ ഇവിടെ ഇവളുണ്ടല്ലോ...പിന്നെയവന്‍ തങ്കത്തിനെ നോക്കി പറഞ്ഞു.

"ഞാനങ്ങട് പോട്ടെ??? ഇനിയെന്തേലും ആവശ്യമുണ്ടോ? ഇല്ലന്നവള്‍ തലകുലുക്കുമ്പോള്‍, എങ്കില്‍ ഞാനിനി പിന്നെ വരാം എന്ന് പറഞ്ഞുകൊണ്ടവന്‍ പതിയെ പുറത്തേയ്ക്കിറങ്ങി. തങ്കത്തിന്‍റെ ഉള്ളിന്‍റെയുള്ളില്‍ വേദന തോന്നി. അവള്‍ക്കു വേലക്കാരിയോട് അമര്‍ഷം തോന്നി. എങ്കിലും നിശബ്ദയായവള്‍ കിടന്നതേയുള്ളൂ...

(തുടരും)

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം..11

വേഗത്തില്‍ വന്നവള്‍ വാതില്‍ തുറന്നു. അവളുടെ കണ്ണുകള്‍ കണ്ണന്‍റെ കണ്ണുകളില്‍ ആര്‍ദ്രമായി ഉടക്കിനിന്നു. അവളുടെ കണ്‍പീലികള്‍ തുരുതുരെ വിറയ്ക്കാന്‍ തുടങ്ങി. മേല്‍ച്ചുണ്ടിനു മേല്‍ ഒരു കൂട്ടം വിയര്‍പ്പുകണങ്ങള്‍ ഉയര്‍ന്നെഴുന്നേറ്റു. കണ്‍കോണുകളില്‍ എവിടെയോ നീര്‍ പടര്‍ന്നു. അവ ഇളകി അങ്ങിനെ നിലത്തേയ്ക്ക് വീഴാന്‍ തുടങ്ങുകയായിരുന്നു. അവളുടെ അടുത്തേയ്ക്ക് അവന്‍ കുറച്ചുകൂടി നീങ്ങി നിന്നു. അവളറിയാതെ അവളുടെ വലതുകരം അവനു നേരെ നീങ്ങി.

കണ്ണന്‍ അവളുടെ നീട്ടിയ കൈവിരല്‍ ഒന്നില്‍ പിടിച്ചുകൊണ്ടു പതിയെ വിളിച്ചു...."തങ്കം"....ന്‍റെ പൊന്നെ!!!
അവള്‍ മിഴികളുയര്‍ത്തി അവനെ നോക്കി. അവളുടെ കണ്‍പീലികള്‍ നനഞ്ഞൊട്ടിയിരുന്നു. അവള്‍ മിഴികള്‍ കൊണ്ട് അവനെ അകത്തേയ്ക്ക് വരാന്‍ പറഞ്ഞു. കണ്ണന്‍ അകത്തേയ്ക്ക് കയറിയതും നേര്‍ത്തൊരു കരച്ചിലോടെ അവള്‍ അവനിലേയ്ക്കു ചേര്‍ന്നതും ഒരുമിച്ചായിരുന്നു. പരിസരബോധം മറന്നവര്‍ തമ്മില്‍ പുണര്‍ന്നുനിന്നു.

കണ്ണന്‍ അവളെ തന്നില്‍ നിന്നും പതിയെ അടര്‍ത്തിമാറ്റി അവളുടെ ഇരുകവിളുകളിലും അധരങ്ങളിലും തെരുതെരു ചുംബിച്ചു. തങ്കം കാല്‍വിരല്‍തുമ്പുകളില്‍ നിലംതൊട്ട് കോരിത്തരിച്ചുകൊണ്ട് മേലേയ്ക്കാഞ്ഞു അവന്‍റെ നെറ്റിയില്‍ ചുംബിച്ചു.

"കണ്ണന്‍ ചോദിച്ചു..."ഞാന്‍ കേട്ടതൊക്കെ ശെരിയാണോ തങ്കം"...?
അവളുടെ കവിളുകളില്‍ ശോണിമ പടര്‍ന്നു. "ഉം...അവള്‍ മൂളി.

"മുതലാളി...???? അവന്‍ അര്‍ദോക്തിയില്‍ നിര്‍ത്തി..
അവള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയില്‍ അവന് സന്തോഷം തോന്നി. അവനവളെ വീണ്ടും പുണര്‍ന്നു. അവള്‍ ജോലിക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, കണ്ണന്‍ ഇന്നിനി വയ്യ നാളെയാകട്ടെ എന്ന് പറഞ്ഞു.

"അപ്പോള്‍ പോകുവാണോ ഇപ്പോള്‍??? അവള്‍ പരിഭവിച്ചു.
"ഇല്ല എന്‍റെ തങ്കത്തിനെ കണ്ടുകണ്ടിരിക്കാന്‍ വല്ലാത്ത കൊതിയായി ട്ടോ. അവന്‍ പറഞ്ഞു. ഈ ബന്ധം എത്രനാള്‍ ഇങ്ങനെ തുടരും തങ്കം. മുതലാളി അറിഞ്ഞാല്‍? ചിന്നമ്മുവിനു ഇപ്പോള്‍ തന്നെ ചെറിയ സംശയം തോന്നീട്ടുണ്ട്. അവള്‍ പാവമാ തങ്കം. ഇപ്പോഴെനിക്ക്‌ തോന്നുന്നുണ്ട്..ഞാനവളെ ചതിക്കുകയല്ലേ????

അവന്‍ വല്ലാതെ നൊമ്പരപ്പെടുന്നത് പോലെ തോന്നി തങ്കത്തിന്.
അത് മനസ്സിലാക്കി അവള്‍ പറഞ്ഞു..."ഇതാപ്പ നന്നായെ!!! ...ങ്ങളെ കാണാണ്ടിനി എന്നെകൊണ്ട്‌ പറ്റുന്നില്ല കണ്ണാ. അവള്‍ അവന്റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു.

ഞാന്‍ ആലോചിക്കുവാ....നമ്മുക്ക് ഈ കുഞ്ഞിനേം കൊണ്ട് എങ്ങടെങ്കിലും പോകാം.... ഇതുകേട്ട് കണ്ണന്‍ ഞെട്ടിയില്ല. പക്ഷെ, അവന്‍റെ മുഖം വാടി. മെല്ലെയവന്‍ ചോദിച്ചു.."അപ്പോള്‍ ചിന്നമ്മു...?
അവന്‍റെ മുഖത്തേയ്ക്കു നോക്കിയ അവളുടെ കണ്ണുകളില്‍ കണ്ട ഒരുതരം വന്യത അവനെ വല്ലാതെയാക്കി....

തിരികെ നടക്കുമ്പോള്‍ അവനെ ചിന്തകള്‍ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഒരു വശത്തു ചിന്നമ്മു. മറുവശത്ത് തങ്കം. അവന്‍ അവന്റെ മനസ്സിനോട് തന്നെ ചോദിച്ചു..."ഇതില്‍ ആരെയാണ് താന്‍ ഒഴിവാക്കേണ്ടത്..?

അവന്‍ ചിന്തിച്ചു. ചിന്നമ്മു തന്‍റെ ഭാര്യയാണ്. തന്‍റെ കുഞ്ഞിനെ പ്രസവിച്ച്, തന്നെ ഒരുപാട് സ്നേഹിച്ച് ദൈവത്തെപ്പോലെ കാണുന്നവള്‍, അവളെയോ??? അവന്റെ മനസ്സില്‍ ഒരു നൊമ്പരം വന്നണഞ്ഞു. പിന്നീടവന്റെ ചിന്ത തങ്കത്തിനെ കുറിച്ചായിരുന്നു.

അപ്പോഴവന്‍ തിരിച്ചറിഞ്ഞു. അവളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന്‍റെ ഹൃദയത്തിനു അവാച്യമായ ഒരനുഭൂതി പടരുന്നത്‌. അവളെ പിരിയുന്നത് ചിന്തിക്കുമ്പോള്‍ തന്നെ അടങ്ങാത്ത വേദന. എന്തായാലും, തുഴ കൈവിട്ട യാത്രക്കാരനെ പോലെയവന്‍ ജീവിതനടുക്കടലില്‍ നിസ്സഹായനായി നിന്നു.
അവന്‍റെ ചിന്തകള്‍ കാറ്റില്‍ പറക്കുന്ന നേര്‍ത്ത തുണിത്തുണ്ട് പോലെ നിയന്ത്രണമില്ലാതെ ആടിയൊഴുകാന്‍ തുടങ്ങി.

തങ്കം ഗര്‍ഭിണിയാണ്. ഇനിയൊരു എട്ടു മാസം കൂടി കഴിയുമ്പോള്‍ അവള്‍ തന്‍റെ കുഞ്ഞിനെ പ്രസവിക്കും. ചിന്നമ്മുവിനെപ്പോലെ തന്നെ അക്കാര്യത്തില്‍ അവളും തന്‍റെ മുന്നില്‍ തുല്യയാകും. ചിന്തിക്കുന്തോറും കണ്ണന്‍റെ തലയിലൂടെ വിദ്യുത്പ്രവാഹമുണ്ടായി. അങ്ങനെ ചിന്തിച്ചുകൊണ്ടവന്‍ അവന്‍റെ കുടിലിനു മുന്നിലെത്തി.

ചാരിയിട്ടിരുന്ന വാതില്‍ തുറന്നവന്‍ അകത്തേയ്ക്ക് കയറി. രാവിലെത്തെ തണുപ്പിലും അവനെ വിയര്‍ക്കാന്‍ തുടങ്ങി. ഉടുപ്പ് ഊരി അയയിലേയ്ക്കിട്ടവന്‍ കട്ടിലിലേയ്ക്ക് ചരിഞ്ഞു. കട്ടില്‍ ഭാരത്താല്‍ ഞെരിഞ്ഞമര്‍ന്നു. അവന്‍ കൊണ്ട ദീര്‍ഘ നിശ്വാസത്തിന്റെ ചൂട് ഒരു ശബ്ദത്തോടെ പുറത്തുവന്നു.
നിശബ്ദതയെ മുറിച്ച ആ സ്വരം കേട്ടുകൊണ്ട് ചിന്നമ്മു അവനരുകിലേയ്ക്ക് വന്നു.

മച്ചിലേയ്ക്ക് കണ്ണും നട്ട് കിടക്കുന്ന കണ്ണനെ കണ്ടവള്‍ അവനരുകില്‍ ഇരുന്നു. കണ്ണന്‍ അവളെ നോക്കി. കാതരമായ അവളുടെ മിഴികള്‍ കണ്ട അവനു കുറ്റബോധം തോന്നി. അവന്‍ സ്വയം ചിന്തിച്ചു. "ചിന്നമ്മുവാണിത് ചെയ്യുന്നതെങ്കില്‍ താന്‍ പൊറുക്കുമോ? ഒരു ഞെട്ടലോടെയവന്‍ എഴുന്നേറ്റിരുന്നു.

ചിന്നമ്മു അവനെത്തന്നെ നോക്കിയിരിപ്പാണ്. അവന്റെ മിഴികളിലെ മാറിമറയുന്ന ഭാവങ്ങള്‍ അവള്‍ക്കു മനസ്സിലായില്ല.
"ഇല്ല...ഇല്ല...കണ്ണന്‍ അറിയാതെ തലകുലുക്കി. അവനു അവനോടു തന്നെ പുച്ഛം തോന്നി. തങ്കത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ഇടയ്ക്ക് വന്നണഞ്ഞതോടെ നിസഹായനായ ഒരു വൃദ്ധനെപ്പോലവന്‍ കിതയ്ക്കുവാന്‍ തുടങ്ങി.

"എന്താ കണ്ണേട്ടാ...ങ്ങക്കിത് എന്നാ പറ്റി...അവള്‍ സങ്കടത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നിട്ട് ചോദിച്ചു." എന്താ ങ്ങളിന്നു ജോലിയ്ക്ക് പോകണില്ലേ..????
കണ്ണന്‍ ഒന്ന് ഞെട്ടി. "ങേ! ..ഇല്ല...ഇന്ന് പറ്റില്ല്യാന്നു ഞാന്‍ പറഞ്ഞു. ഞെട്ടല്‍ മറച്ചുവച്ചവന്‍ ഇത്രയും പറഞ്ഞു.
"ഞാന്‍ കാപ്പിയെടുക്കട്ടെ? ചിന്നമ്മു ചോദിച്ചു.
"വേണ്ട, ഇപ്പൊ വേണ്ട...ഞാനിച്ചിരി കിടക്കട്ടെ ചിന്നമ്മു. കണ്ണന്‍ പറഞ്ഞു.
ചിന്നമ്മു അല്‍പനേരം കൂടി അവനടുത്തിരുന്നിട്ട് എഴുന്നേറ്റുപോയി.

ദിവസങ്ങളും മാസങ്ങളും മെല്ലെമെല്ലെ കടന്നുപോയി. ഇതിനിടയില്‍ പലതവണ കണ്ണനും തങ്കവും സമാഗമിച്ചു...ഒരു കുഞ്ഞുപോലുമറിയാതെ!!!!

സന്ധ്യ മയങ്ങിയ നേരം. വയല്‍വരമ്പുകളില്‍ നിന്നും ചിവീടുകള്‍ തെരുതെരു ചിലയ്ക്കുന്നു. ചെടികള്‍ക്കിടയിലൂടെ ഒരെലി ഓടിപ്പോയ ശബ്ദം കേട്ട് ഒരു നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തു. ശബ്ദമുഖരിതമായ സന്ധ്യ. പൗര്‍ണമി ഉദിച്ചുയര്‍ന്നു കഴിഞ്ഞു. ആ പാല്‍വെളിച്ചത്തില്‍ പ്രകൃതി അങ്ങിനെ കുളിച്ചു നില്‍ക്കെ, മണിമാളികയില്‍ തങ്കം അസ്വസ്ഥയായി.

സമയം ഏഴു മണി ആയിട്ടേയുള്ളൂ. മാസം തികയാറായതിനാല്‍ മുതലാളി വേലക്കാരിയെ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. തങ്കം കട്ടിലില്‍ കാല്‍മുട്ടുകള്‍ വലിച്ചു മടക്കി അസഹ്യമായ വേദനയോടെ വേലക്കാരിയെ വിളിച്ചു. അവള്‍ വിളികേട്ട് ഓടിവന്നു. തങ്കത്തിന്റെ അവസ്ഥ കണ്ടവള്‍ ശെരിക്കും വിയര്‍ത്തു. ഈ രാത്രി ഇനീപ്പോ ആരെ വിളിക്കും...ഈശ്വരാ!!! ഒരു വഴികാട്ടണെ... അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

പെട്ടെന്ന് തങ്കം വേലക്കാരിയെ നോക്കി വിമ്മിട്ടത്തോടെ പറഞ്ഞു. നീയാ കണ്ണനെ വിളിക്ക്....
അവള്‍ അത് കേട്ടതോടെ, ആ രാത്രി കണ്ണന്‍റെ വീട് ലക്ഷ്യമാക്കി ഓടി. വീടിനു മുന്നിലെത്തിയ അവള്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി. അകത്തെ ചെറുമഞ്ഞവെളിച്ചം കണ്ടവള്‍ വിളിച്ചു..."കണ്ണേട്ടാ"..
വിളികേട്ടുകൊണ്ട് ചിന്നമ്മുവാണ് പുറത്തേയ്ക്ക് വന്നത്. അവള്‍ക്കു പിന്നാലെ കണ്ണനും. ചിന്നമ്മു ചോദിച്ചു.." എന്താ എന്തുപറ്റി...? എന്താ ഈ രാത്രീല്...??? അവള്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു.

കണ്ണന്‍ പിന്നെയവിടെ നിന്നില്ല. ആ വേഷത്തില്‍ തന്നെയവന്‍ കവലയിലേയ്ക്ക് പാഞ്ഞു. വണ്ടിവിളിച്ചവന്‍ മണിമാളികയിലെത്തി. തങ്കത്തിനെയും കയറ്റി ആ വാഹനം മണ്പാതയിലൂടെ പൊടികളുയര്‍ത്തി വളരെ വേഗം പോയി. ഇതിനിടയില്‍ അവന്‍ മുതലാളിയെ അറിയിച്ചിരുന്നു. ടൌണിലെ മുന്തിയ ഒരു ആശുപത്രിയിലെ പ്രസവമുറിയുടെ അകത്താണ് തങ്കം ഇപ്പോള്‍

നിമിഷങ്ങള്‍ കടന്നുപോയി. ആശുപത്രിയുടെ മരുന്ന് മണമുള്ള വരാന്തയില്‍ മുതലാളി തുടിയ്ക്കുന്ന ഹൃദയവുമായി ഇടംവലം നടക്കുകയാണ്. കണ്ണന്‍ ഓട്ടുമച്ചിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന കനമുള്ള തടി തൂണില്‍ കണ്ണുകള്‍ പൂട്ടി ചാരി നില്‍ക്കുകയാണ്. ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞു പ്രസവമുറിയുടെ കവാടത്തിലെ വാതിലില്‍ അരമുറി തുറന്നു പുറത്തേയ്ക്ക് തലയിട്ടൊരു നഴ്സ് ചോദിച്ചു..."ആരാ...ഇതിലാരാ തങ്കത്തിന്റെ ഭര്‍ത്താവ്..?

ഇതുകേട്ട കണ്ണനും മുതലാളിയും ഒരെവേഗത്തില്‍ വാതിലിനടുത്ത് ചെന്നു. എന്നാല്‍ കണ്ണന്‍ പൊടുന്നനെ പിന്നിലേയ്ക്ക് വലിഞ്ഞു. മുതലാളിയോടെന്തോ പറഞ്ഞുകൊണ്ട് നഴ്സ് അകത്തേയ്ക്ക് പോയി.

മുതലാളി തിരിഞ്ഞു കണ്ണനോട് പറഞ്ഞു. "കണ്ണാ, നേരം ഒത്തിരിയായല്ലോ.. ഇനീപ്പോ നീ വീട്ടിലേയ്ക്ക് പൊയ്ക്കോള്ളൂ. ഇവിടെ ഞാനുണ്ടല്ലോ. അവള്‍, ചിന്നമ്മു അവിടെ തനിച്ചല്ലേ?
വേണ്ട മുതലാളി അത് സാരമില്ല. ഇതൊന്നു കഴിയട്ടെ. കണ്ണന്‍ അയാളെ നോക്കി ഭവ്യതയോടെ പറഞ്ഞു. ഞാനൂടെ പോയാല്‍, മുതലാളി തനിച്ചാകില്ലേ? ഇവിടെ എന്തേലും ആവശ്യം വന്നാലോ? അവന്‍ ചോദിച്ചു.

കണ്ണന്‍റെ വാക്കുകളിലെ ആത്മാര്‍ഥത മുതലാളിയ്ക്ക് അതിയായ സന്തോഷം നല്‍കി. അയാളുടെ ശ്രദ്ധ വീണ്ടും താഴിട്ടിരിക്കുന്ന വാതിലിലെയ്ക്ക് തിരിഞ്ഞു. അവരുടെ മനസംഘര്‍ഷത്തിനു വിരാമമിട്ടുകൊണ്ട് കൈയില്‍ ഒരു ചോരക്കുഞ്ഞുമായി നഴ്സ് പുറത്തേയ്ക്ക് വന്നു. മുതലാളിയോടൊപ്പം കണ്ണനും ആകാംഷയോടെ നോക്കി.

കുഞ്ഞിനെ അയാളുടെ കൈയിലേയ്ക്ക് കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു.."അങ്ങേടെ ആഗ്രഹം പോലെ പെണ്‍കുഞ്ഞാ..!!!
കണ്ണന്‍ കുഞ്ഞിനെത്തന്നെ നിര്‍ന്നിമേഷനായി നോക്കി നിന്നു. അവന്‍റെയുള്ളില്‍ പൊട്ടിവിരിഞ്ഞ ആഹ്ലാദം ആരോടും പറയാന്‍ കഴിയാതെ അവന്‍ നിന്നു വീര്‍പ്പുമുട്ടി.

കുഞ്ഞിനെ തിരികെ വാങ്ങി നഴ്സ് അകത്തേയ്ക്കുപോയി. കണ്ണന്‍ മെല്ല പിന്‍വാങ്ങാന്‍ തുടങ്ങി. ഇനിയും മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമേ തങ്കത്തിനെ പുറത്തുകൊണ്ടുവരൂ. അവന്‍ മുതലാളിയോട് യാത്ര പറഞ്ഞു തിരിഞ്ഞുനടന്നു. പല വിധത്തിലുള്ള ചിന്തകള്‍ കൊണ്ടവന്റെ മനസ്സ് കലുഷിതമായിരുന്നു.

സമയം പതിനൊന്നിനോടടുത്തു. അവസാനത്തെ ബസില്‍ കയറിയവന്‍ കുടീലെത്തുമ്പോള്‍, കണ്ണനെ കാത്തിരുന്നുകാത്തിരുന്ന് ചിന്നമ്മു ഉറങ്ങിപ്പോയി.
മുറ്റത്തെത്തിയ കണ്ണന്‍ പതുക്കെ ആ ചെറ്റക്കുടിലിന്‍റെ വാതിലില്‍ മുട്ടി. ചെറിയ അനക്കം കേട്ട ചിന്നമ്മു ഞെട്ടിയുണര്‍ന്നു. അതേസമയം തന്നെ ചിന്നമ്മൂ എന്ന കണ്ണന്‍റെ വിളികേട്ടവള്‍ ഓടിവന്ന് ആ വാതില്‍ തുറന്നു. അവന്‍ അകത്തേയ്ക്ക് കയറിയപ്പോള്‍ അവള്‍ ചോദിച്ചു.

എന്തായി കണ്ണേട്ടാ!! തങ്കം പ്രസവിച്ചോ? കുഞ്ഞിനും അവള്‍ക്കും സുഖാണോ?

കണ്ണന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. "ഉം...പെണ്‍കുഞ്ഞ്. സുഖാ....അമ്മയ്ക്കും മോള്‍ക്കും....അവന്‍ എല്ലാം പറഞ്ഞു. കണ്ണന് നല്ല വിശപ്പ്‌ ഉണ്ടായിരുന്നിട്ടു പോലും അവനു ആഹാരത്തിന്റെ മുന്നില്‍ ഇരിക്കാനേ കഴിഞ്ഞുള്ളു. അവന്റെ മനസ്സപ്പോഴും അങ്ങകലെ ആ ആശുപത്രികെട്ടിടത്തിന്റെ നീണ്ട ഇടനാഴികളില്‍ ഓടിനടക്കുകയായിരുന്നു. കണ്ണന്‍ എഴുന്നേറ്റു കൈകഴുകി കട്ടിലില്‍ വന്നിരുന്നു. ചിന്നമ്മു അരികിലേയ്ക്ക് വന്ന് കുനിഞ്ഞിരിന്ന അവന്‍റെ മുഖം കൈവെള്ളയില്‍ തൊട്ടുയര്‍ത്തി ചോദിച്ചു..." എന്തുപറ്റി? വിശപ്പില്ലേ? ങ്ങള് കവലേന്നു വല്ലോം കഴിച്ചാരുന്നോ?
ഇല്ലന്നവന്‍ തലയാട്ടി. എന്നിട്ട് പറഞ്ഞു. എന്തോ എനിക്കറിയില്ല്യ ചിന്നമ്മു. വിശപ്പ്‌ തോന്നണില്ല്യ. നീ കഴിച്ചു കിടന്നോള്ളൂ....

(തുടരും)

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 10

കണ്ണന്‍റെ അതിശയത്തോടെയുള്ള ചോദ്യം കേട്ട വാസു ചിരിച്ചുകൊണ്ട് കണ്ണനെ നോക്കി പറഞ്ഞു. "കൊച്ചുമുതലാളീടെ ഭാര്യ തങ്കം ഗര്‍ഭിണിയാണെന്ന്!! മൂന്നാമത് എങ്കിലും ഒരു പെണ്‍കുട്ടി ആയിരിക്കും എന്നാ മുതലാളി പറയുന്നത്. എന്തായാലും തങ്കം മൂന്നാമതും അമ്മയാകാന്‍ പോകുന്നു.... ഒരു നിമിഷത്തെ ശക്തമായ മൌനം.... കണ്ണന് നില്‍ക്കുന്ന ഭൂമി ഇളകുംപോലെ തോന്നി. അവന്‍റെ കാലുകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി.

ഒരു ചെറിയ നിശ്വാസത്തോടെ വീണ്ടും വാസു..." ഒപ്പം കണ്ണന് രണ്ടാമതൊരു ഉണ്ണി കൂടി പിറക്കാന്‍ പോകുന്നു. അല്ലെ കണ്ണാ"...!! കണ്ണന് നേരെ തിരിഞ്ഞു വാസു ഇതുപറയുമ്പോള്‍ അവന്‍ ഞെട്ടിത്തരിച്ചുപോയി.

കണ്ണന്‍ വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു..." സത്യാണോ വാസുവേട്ടാ"??

ആ സ്വരത്തിലെ ഭീതി കണ്ട വാസു പൊട്ടിച്ചിരിച്ചു. " നീ പേടിക്കേണ്ട കണ്ണാ, തങ്കത്തിന് മാത്രേ അറിയൂ നീ ആണതിന്‍റെ അച്ഛനെന്ന്.. പാതിരാത്രി കയറി വരുന്ന മുതലാളിയുണ്ടോ ഇതൊക്കെ കണക്കു കൂട്ടുന്നു. എന്തായാലും തങ്കം ബുദ്ധിയുള്ളോളാ. അയാളെ അവള്‍ പറ്റിച്ചില്ലേ?

ഇത്രയും കേട്ടപ്പോള്‍ കണ്ണന് ചെറിയ സമാധാനം ആയി. അവന്‍ ചോദിച്ചു.." അപ്പോള്‍ തല്‍ക്കാലം പ്രശ്നമൊന്നും ഉണ്ടാകില്ല അല്ലെ വാസുവേട്ടാ...
അതെ. ഒരു പ്രത്യേക രീതിയില്‍ തലകുലുക്കി വാസു അത് സമ്മതിച്ചു. പിന്നീടു കുറച്ചുനേരം അവര്‍ ഒന്നും ഉരിയാടിയില്ല.
"ഇനിയെന്താ മുന്നോട്ടുള്ള പരിപാടി???...വാസുവിന്‍റെ ചോദ്യം കണ്ണനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.

"ഏ!!! എന്നൊരു സ്വരം മാത്രം വല്ലാത്തൊരു അന്ധാളിപ്പോട് കൂടി അവനില്‍ നിന്നും പുറത്തുവന്നു. എന്നിട്ടവന്‍ പറഞ്ഞു. തങ്കത്തെ ഒന്ന് കണ്ടാലോ വാസുവേട്ടാ..? അവന്‍റെ ഉള്ളിന്റെയുള്ളില്‍ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് വരും വരായ്കളെ ചിന്തിക്കാതെ അവനില്‍ നിന്നും അങ്ങനെ ഒരു ചോദ്യം ഉയര്‍ന്നു വന്നതെന്ന് വാസുവിന് മനസ്സിലായി. എങ്കില്‍തന്നെയും ഇനിയും വലിയ തെറ്റുകള്‍ക്ക് അവനെ വിടാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല.

വാസു അമര്‍ഷത്തോടെ ചോദിച്ചു.." കണ്ണാ! നീയെന്താ ഇനിയും ചിന്നമ്മുവിനെ കുറിച്ച് ഓര്‍ക്കാത്തെ? നീയിനി ആരെയും കാണാന്‍ പോകണ്ട. ഇനിയും വേണ്ടാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാം എന്നല്ലാതെ എന്ത് പ്രയോജനമാ നിനക്ക് അതുകൊണ്ട്? കാര്യങ്ങള്‍ ഇപ്പോള്‍ കൈവിട്ടു പോയിട്ടില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു കാര്യം നീ അറിഞ്ഞിട്ടില്ല. അറിഞ്ഞതായി നീയിനി അത് ഭാവിക്കുകയുമരുത്. വാസു അവനെ സ്നേഹപൂര്‍വ്വം ഉപദേശിച്ചു.

ഇത്രയും പറഞ്ഞുകൊണ്ടവര്‍ നടന്നു. നടന്നവര്‍ കവലയില്‍ എത്തി. അടുത്തുകണ്ട പീടികയില്‍ നിന്നും വാസു ബീഡി വാങ്ങി അതിലൊന്ന് പുകച്ചു കൊണ്ട്, ദൂരെ അങ്ങ് ആ പാതയുടെ അവസാനത്തിലേയ്ക്കു നോക്കി പറഞ്ഞു. "വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. അവര്‍ ബസ്‌ സ്ടോപ്പിന്റെ വശത്തേയ്ക്ക് മാറി നിന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വന്ന ബസ്സില്‍ കയറി കണ്ണനും വാസുവും ടൌണിലേയ്ക്ക് പോയി.

ദിവസങ്ങള്‍ മെല്ലെ കഴിഞ്ഞുപോയി. തങ്കത്തിനെ വല്ലാതെ ക്ഷീണം അലട്ടുന്നുണ്ട്. രണ്ടു ഗര്‍ഭകാലങ്ങള്‍ക്കും അവള്‍ക്കു ഇത്രയധികം ആലസ്യം ഉണ്ടായിട്ടില്ല എന്നവള്‍ക്ക് തോന്നി. "വല്ലാത്ത ക്ഷീണം തന്നെ".... അവള്‍ ഭര്‍ത്താവിനോട് പറഞ്ഞു. അവളോട്‌ വീട്ടു ജോലികളില്‍ ഒന്നും തന്നെ ചെയ്യണ്ട എന്നയാള്‍ സ്നേഹപൂര്‍വ്വം വിലക്കി.

പതിവുപോലെ മുതലാളി രാവിലെ കടയിലേയ്ക്ക് പോയി. പ്രഭാത ഭക്ഷണം ഒരുക്കി തീന്മേശയില്‍ വച്ചിട്ട് വേലക്കാരിയും പോയിരുന്നു. അവള്‍ ഇനി പത്തു മണിയോടുകൂടിയെ വരുകയുള്ളൂ. മൂത്തകുഞ്ഞിനെ നഴ്സറിയിലേയ്ക്ക് കൊണ്ടുപോയി. ഇളയവന്‍ ചുമരിലും, കൈ എത്തുന്നിടത്തുമെല്ലാം നടന്നുചെന്ന് കൈയില്‍ കിട്ടുന്നതെല്ലാം നിലത്തേയ്ക്ക് തള്ളിയിടുകയാണ്.

തങ്കം വിദൂരതയിലേയ്ക്കു കണ്ണും നട്ടിരിക്കുകയാണ്. മനസ്സില്‍ കണ്ണനെ ഒന്ന് കാണുവാന്‍ അവള്‍ക്കു അതിയായ ആഗ്രഹവും ഉണ്ട്. അവള്‍ മനസ്സിലോര്‍ത്തു. എങ്ങനെയാ ഇക്കാര്യം കണ്ണനെ ഒന്ന് അറിയിക്കുക. ആലോചിച്ച് അവളതിനു ഒരു ഉപാധി കണ്ടെത്തി. രാത്രിയില്‍ ഭര്‍ത്താവ് വരുമ്പോള്‍ അവര്‍ അത് അതിസമര്‍ത്ഥമായി അവതരിപ്പിക്കുകതന്നെ ചെയ്തു.

മുതലാളി വന്നു. വന്നയുടന്‍ തന്നെ അയാള്‍ തങ്കത്തിനടുത്തു വന്നു അവളെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. അവളുടെ ക്ഷേമം അന്വേഷിച്ചു. തങ്കം അദ്ദേഹത്തിന്‍റെ നെഞ്ചിലെ രോമക്കാടുകള്‍ക്കിടയിലൂടെ കൈവിരല്‍ കൊണ്ട് പരതി. എന്നിട്ടവള്‍ ആ നെഞ്ചിലേയ്ക്ക് ഒന്ന് കൂടി ചേര്‍ന്നു നിന്നു. എന്നിട്ട്, ഓരോരോ കാര്യങ്ങള്‍ പുലമ്പിക്കൊണ്ടിരുന്നു.

"പിന്നേ, ഒരു കാര്യം പറയാനുണ്ട്"...ഞാന്‍ അതങ്ങ് മറന്നു. ഇങ്ങനെ ചോദിച്ചുകൊണ്ടവള്‍ ഉയര്‍ന്ന് അയാളുടെ മുഖത്തേയ്ക്കു നോക്കി. എന്തെന്ന ചോദ്യത്തോടെ അയാളവളെ നോക്കി. തങ്കം പറഞ്ഞു."ദേ! എത്രനാളായീന്നറിയ്യോ? ആ തേയിക്കുഞ്ഞിവിടെ വിത്തും വളോം കൊണ്ട് വച്ചിരിക്കുന്നു. നാളെ ആ കണ്ണനെ വിളിച്ച് അതങ്ങ് മണ്ണിനടിയില്‍ വച്ചിരുന്നേല്‍ നന്നായിരുന്നു. ഇനീപ്പോ വയലില് പണി തുടങ്ങിയാല്‍ പിന്നെ കണ്ണനെ കിട്ടില്യ...!!

അതിനെന്താ നീ രാവിലെ ആരെയെങ്കിലും പറഞ്ഞുവിട്. ഇവിടെ പണിയുള്ളപ്പോള്‍ പിന്നെ അവന്‍ എങ്ങടും പോകില്ല. മുതലാളി പറഞ്ഞു.

തങ്കത്തിന് ഈ രാത്രിതന്നെ ആരെയെങ്കിലും വിട്ട് കണ്ണനോട് ഇത് പറയണം എന്നുണ്ട്. പിന്നെയവള്‍ മനസ്സിലോര്‍ത്തു. കൂടുതല്‍ വേഗം കാണിച്ച്, ഒടുവില്‍ എല്ലാം പുറത്തായാല്‍ എന്ത് ചെയ്യും...സ്വയം സമാധാനിച്ചു. എന്തിനും നേരം ഒന്ന് വെളുത്തോട്ടെ. ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ നിന്ന അവളോട്‌ അയാള്‍ ചോദിച്ചു. "എന്താ തങ്കം നീ എന്നെ മറന്നോ? ഇന്നെന്താ ഇവിടെ ഭക്ഷണം ഒന്നുമില്ലേ? ഹ ഹ..എന്നിട്ടയാള്‍ ചിരിച്ചു.

അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. സംയമനം കൈകൊണ്ടവള്‍ നാണം വരുത്തികൊണ്ട് പറഞ്ഞു. "എനിക്കൊന്ന് കണ്ണു നിറച്ചു കാണണ്ടേ ങ്ങളെ? എന്നിട്ട് പോരെ ഭക്ഷണം. ഓ! ഒരു ഭക്ഷണപ്രിയന്‍ വന്നിരിക്കുന്നു. അവള്‍ അയാളുടെ കുടവയറിലേയ്ക്ക് ഒന്ന് തടവി. എന്നിട്ട് മെല്ലെ അഴിഞ്ഞ മുടി മാടിയൊതുക്കി. പിന്നെയവള്‍ തിരികെ നടന്നപ്പോള്‍ അയാള്‍ പിന്നാലെ കൂടി.

പ്രഭാതത്തിന്‍റെ ഇളം തണുപ്പില്‍ സസ്യലതാദികള്‍ മന്ദമാരുതന്‍റെ തലോടലേറ്റ് അങ്ങിനെ ഇളകിയാടുന്നു. മുറ്റത്ത് നില്‍ക്കുന്ന തേന്മാവിന്റെ ചില്ലയില്‍ എവിടെയോ ഇരുന്നൊരു ആണ്‍കുയില്‍ നീട്ടിപ്പാടി. അവന്‍റെ പാട്ട് ഏറ്റു പാടാന്‍ ആരെയും കാണാത്തത്കൊണ്ടാണോ എന്നറിയില്ല അവനാ ചില്ലയില്‍ നിന്നും പറന്ന് തെക്കിനിയ്ക്കടുത്തെ കാഞ്ഞിരമരത്തിന്റെ ചില്ലയില്‍ വന്നിരുന്നു. കാഞ്ഞിരമരത്തിനെ ചുറ്റിപ്പടര്‍ന്നു നില്‍ക്കുന്ന വള്ളിപ്പടര്‍പ്പിലെ മധുരമായ ചെറുകനി നുകര്‍ന്നുകൊണ്ട് അവന്‍ നീട്ടിപ്പാടി. അവന്‍റെ പാട്ട് കേട്ടു ദൂരെയൊരു മരച്ചില്ലയില്‍ നിന്ന് ഒരു പെണ്‍കുയില്‍ അവനെ കളിയാക്കിപ്പാടികൊണ്ട് പറന്നുപോയി. ആ ദിശയിലേയ്ക്കവന്‍ വേഗം പറന്നപ്പോള്‍, ചില്ലകള്‍ ചെറുതായൊന്നുലഞ്ഞു.

ചിന്നമ്മു കുളിച്ചു വന്നു അടുക്കളവാതില്‍ തുറന്നു പുറത്തേയ്ക്കിറങ്ങി. പുറത്തെ ചുമരിനരുകില്‍ ഇരുന്ന മണ്‍പാത്രങ്ങളില്‍ ഒന്നെടുത്തവള്‍ നിവര്‍ന്നപ്പോള്‍ കണ്ടത് അവിടെയ്ക്ക് നടന്നു വരുന്ന കുഞ്ഞിയെയാണ്. ചിന്നമ്മു ചിരിച്ചുകൊണ്ടവരോട് ചോദിച്ചു. "എന്തേ, കുഞ്ഞിയേട്ടത്തിയെ ഈ വഴിയൊക്കെ അറിയ്യോ? എന്താ രാവിലെ തന്നെ ഈ വഴിയ്ക്ക്?

"ആവശ്യമുണ്ടെന്ന് തന്നെ കരുതിക്കോള്ളൂ ചിന്നമ്മുവേ!!.." ചിരിച്ചുകൊണ്ടവര്‍ മറുപടി പറഞ്ഞു.

കണ്ണനെന്തിയേ..? ഇതുവരെയവന്‍ ഉറക്കമുണര്‍ന്നില്ലിയോ അവന്‍ ? അവര്‍ വീണ്ടും ചോദിച്ചു.
"ഇല്ല്യ"...ചിന്നമ്മു പറഞ്ഞു.

കുഞ്ഞി അടുക്കളവാതിലിനടുത്ത് ചെന്ന് ചിന്നമ്മുവിനോട് പറഞ്ഞു. കണ്ണന് മണിമാളികയില്‍ കുറച്ചു പണിയുണ്ട്. മുതലാളി വരാന്‍ പറഞ്ഞു.
കയറ് കുഞ്ഞിയേട്ടത്തി. ചായ കുടിച്ചേച്ചു പോകാം...ചിന്നമ്മു ആതിഥ്യമര്യാദ കാട്ടി. "വേണ്ട ചിന്നമ്മു, പണീള്ളതാ . എല്ലാരും ദേ മണ്‍റോഡില്‍ നില്‍ക്കണുണ്ട്. ചിന്നമ്മു നോക്കിയപ്പോള്‍ അത് ശെരിയാണ്. എല്ലാപേരും കുഞ്ഞിയെ കാത്ത് അവിടെ നില്‍ക്കുന്നതവള്‍ക്ക് കാണാമായിരുന്നു. കുഞ്ഞി അവിടെനിന്നും പോയപ്പോള്‍ ചിന്നമ്മു അകത്തേയ്ക്ക് കയറി. അവള്‍ കണ്ണനടുത്ത് ചെന്ന് അവനരുകില്‍ ഇരുന്നു. പതിയെ കൈകള്‍ അവന്‍റെ ദേഹത്തേയ്ക്ക് വച്ചു. തണുപ്പുകൊണ്ടവന്‍ ഞെട്ടിയുണര്‍ന്നു.

ഉണര്‍ന്നപ്പോള്‍ അവന്‍ കണ്ടതു വശ്യമായ് ചിരിച്ചുകൊണ്ട് മുന്നിലിരിക്കുന്ന ചിന്നമ്മുവിനെയാണ്. അവള്‍ ചോദിച്ചു.."സമയം എന്തായീന്നറിയാമോ?"
അവന്‍ എഴുന്നേറ്റിരുന്നു. അവളവനോട് പറഞ്ഞു.. "ദേ! കുഞ്ഞിയേട്ടത്തി വന്നുവിളിച്ചു. മണിമാളികേല് ചെല്ലാന്‍ മുതലാളി പറഞ്ഞിട്ടുണ്ടത്രേ....!!

അവന്‍ പതിയെ നിവര്‍ന്നിരുന്നു. അവള്‍ എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയപ്പോള്‍ അവന്‍ കിടക്കവിട്ട് എഴുന്നേറ്റു. വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി.

പതിവുപോലെ കിണറ്റിന്‍കരയില്‍ നിന്നും അവന്‍ മണിമാളികയിലേയ്ക്ക് നോക്കി. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. കിണറ്റിന്‍കരയില്‍ നിന്നുതന്നെ മുഖം വൃത്തിയായികഴുകി അവന്‍ വീടിനകത്തേയ്ക്കു വന്നു. ചിന്നമ്മു നല്‍കിയ ചൂട് ചായ കുടിച്ചിട്ടവന്‍ ഷര്‍ട്ട്‌ എടുത്തിട്ട് പുറത്തേയ്ക്കിറങ്ങി. ഷര്‍ട്ടിന്‍റെ കൈകള്‍ മുകളിലേയ്ക്ക് മടക്കികൊണ്ടവന്‍ മെല്ലെ നടന്നുപോകുന്നത് നോക്കി നിന്നിട്ട് ചിന്നമ്മു അകത്തേയ്ക്ക് പോയി.

കണ്ണന്‍ മണിമാളികയുടെ മുന്‍വശത്ത് എത്തി. അവിടെ അടുത്തെങ്ങും ആരെയും കണ്ടില്ല. അകത്ത് മുറിയില്‍ നിന്നെവിടെയോ ഒഴുകിവരുന്ന ഭക്തിഗാനം. അവന്‍ മെല്ലെ പടിവാതില്‍ക്കലേയ്ക്കു കയറി. കണ്ണന് നെഞ്ചകം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ശരീരത്തിലെ പേശികള്‍ക്കെല്ലാം എന്തോ മുറുക്കം. മടിച്ചുമടിച്ചവന്‍ കാള്ളിംഗ്ബെല്ലിന്‍റെ സ്വിച്ചില്‍ വിരലമര്‍ത്തി. അകത്തെവിടെയോ ഒരു കുഞ്ഞുപക്ഷി മധുരമായി പാടി..."അതിഥിയുണ്ടേ!.... അതിഥിയുണ്ടേ!...

മണിനാദം കേട്ട തങ്കം കട്ടിലില്‍ നിന്നും പിടഞ്ഞെഴുന്നേറ്റു.

(തുടരും)



ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 9

തങ്കം പ്രഭാതത്തില്‍ എഴുന്നേറ്റു.വല്ലാത്ത ക്ഷീണത്താല്‍ അവര്‍ പരവേശപ്പെടുകയാണ്. അടുക്കളപ്പിറകിലെ ഭിത്തിയോട് ചേര്‍ന്നവള്‍ ശര്‍ദ്ദിച്ചു. വേലക്കാടി ഓടിവന്നു... അര്‍ത്ഥഗര്‍ഭമായ് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടവര്‍ ചോദിച്ചു...

"എന്തുപറ്റി കൊച്ചമ്മേ???

"ഏയ്‌! ഒന്നുമില്ല"- പറഞ്ഞുകൊണ്ട് തങ്കം വായ തുടച്ചു. വേലക്കാരി ഒന്ന് മന്ദഹസ്സിച്ചു. തങ്കം ഗര്‍ഭിണിയാണ്. ഈ മുതലാളിയ്ക്ക് ഈ പ്രായത്തില്‍ ഇതെന്തിന്റെ ഏനക്കേടാണ്. ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ അവള്‍ അടുപ്പിലെന്തോ തിളച്ചുതൂവിയതിനാല്‍ അകത്തേയ്ക്ക് ഓടിപ്പോയി. തങ്കം അവിടെ നിന്നും എഴുന്നേറ്റു മുറിയിലേയ്ക്ക് പോയി.

കട്ടിലില്‍ ഗാഢനിദ്രയിലാണ് അവരുടെ പുരുഷന്‍,... അവര്‍ പതിയെ കട്ടിലിലിരുന്ന്‍ അയാളുടെ നെഞ്ചില്‍ ഒന്ന് കൈവച്ചു. അവളുടെ തണുത്ത കൈസ്പര്‍ശം കൊണ്ടയാള്‍ കണ്ണു തുറന്നു. ഒരു നിമിഷത്തെ നോട്ടത്തിനു ശേഷം അവളെ കെട്ടിപ്പിടിച്ചയാള്‍ തങ്കത്തിന് വേണ്ടതും അത് തന്നെയായിരുന്നു. അവള്‍ അയാളുടെ നെഞ്ചില്‍ തലചായ്ച്ച്കൊണ്ട് പതിയെ പറഞ്ഞു.

"ദേ! മൂന്നാമതൊരെണ്ണം ഉള്ളിലുണ്ട് കേട്ടോ".

അയാള്‍ പതിയെ അവളെ തള്ളിമാറ്റി എഴുന്നേറ്റു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "വേണ്ടന്നെ, നമ്മുക്ക് രണ്ടു മക്കള്‍ പോരെ???

തങ്കം പറഞ്ഞു...." എനിക്കിത് കൂടി വേണം..." എന്‍റെ പൊന്നല്ലേ.

അവളുടെ സന്ദര്‍ഭോചിതമായ പെരുമാറ്റത്തില്‍ അയാള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ചിന്തിച്ചാല്‍ തന്നെ അയാള്‍ക്ക്‌ അറിയാന്‍ കഴിയില്ല. പക്ഷെ, തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് കണ്ണന്‍റെതാണ് എന്നതില്‍ അവള്‍ക്കു ഒട്ടും സംശയം ഇല്ല. അതുകൊണ്ടുതന്നെയാണ് അവള്‍ അതിവിദഗ്ദമായി അദ്ദേഹത്തെ പറ്റിച്ചത്.

പതിവിനു വിപരീതമായി പ്രഭാതത്തിനു നല്ല കുളിര്‍മ. വൃശ്ചികമാസത്തിന്‍റെ ആരംഭമാണ്. കണ്ണന്‍ ദേഹത്ത് കൂടി പുതപ്പ് വലിച്ചുമൂടി കിടന്നുറങ്ങുകയാണ്. ചിന്നമ്മു, കുളിച്ചീറനായി അടുക്കളയിലേയ്ക്ക് വന്നവള്‍ ചായയ്ക്ക് വെള്ളം വച്ച് തീകൊളുത്തി. അതിനുശേഷം പുറത്തെ വാതില്‍ക്കലെത്തി തോര്‍ത്തുകൊണ്ട് കേട്ടിവച്ചിരുന്ന മുടിയഴിച്ച് തോര്‍ത്തിലെ വെള്ളം അമര്‍ത്തിക്കളഞ്ഞ് വീണ്ടും അത് തലയില്‍ ചുറ്റി.

ചായ ഇട്ടതിനു ശേഷം അവള്‍ അതുമായി കണ്ണന്‍റെ അടുത്തേയ്ക്ക് എത്തി വിളിച്ചു. അവന്‍ പതിയെ എഴുന്നേറ്റ് കയര്‍ കട്ടിലിന്‍റെ ഒരു വശത്തായി ചേര്‍ന്നിരുന്നു. അവനോടു ചേര്‍ന്നൊട്ടി അവനരുകിലായ് അവളും. കുറേനേരം അവളുടെ കണ്ണുകളെ തന്നെ നോക്കിയിരുന്ന അവന്‍ ഒടുവില്‍ വല്ലാതെ ഒന്ന് പുഞ്ചിരിച്ചു. ചിരിയുടെ പൊരുള്‍ പിടികിട്ടിയ അവള്‍ അവള്‍ മെല്ലെ എഴുന്നേറ്റു. പിന്നെ പറഞ്ഞു..." തണുപ്പാണേല്‍ പുതച്ചുമൂടി കിടന്നോന്‍റെ ചെക്കാ, ഇന്നിപ്പോഴേ എനിക്ക് വയ്യാട്ടോ. ഇത് പറഞ്ഞുകൊണ്ടവള്‍ അടുക്കളയിലേയ്ക്ക് പോകുന്നത് നോക്കിയവന്‍ മന്ദഹസിച്ചു.

പുറത്ത് വീശുന്ന കാറ്റില്‍ വാതില്‍ ഒരു തവണ തുറന്നടഞ്ഞു. കണ്ണന്‍ എഴുന്നേറ്റു കതകിനടുത്തു ചെന്നത് മെല്ലെ തുറന്നു. പുറത്ത് പ്രഭാതത്തിന്‍റെ ചെറുമഞ്ഞ വെളിച്ചം. അവന്‍ കൈകള്‍ കൊണ്ടവന്റെ ഇടതൂര്‍ന്ന മുടിയിഴകളില്‍ തെരുപിടിച്ചു. ശരീരമാസകലം തണുപ്പ് അരിച്ചു കയറുന്നു.

കണ്ണന്‍ പതിയെ പുറത്തേയ്ക്കിറങ്ങി. കിണറ്റിനരുകിലെയ്ക്ക് ചെന്നവന്‍, അതില്‍ കുറേനേരം ചാരി നിന്നു. ഇപ്പോള്‍ അങ്ങ് മണിമാളികയുടെ പിന്നാംപുറം അവന് വ്യക്തമായി കാണാം. അവിടെ അടുക്കള വാതിലിന്‍റെ മറവില്‍ ചാരി തങ്കം കണ്ണന്‍റെ വീട് നോക്കി നില്‍പ്പാണ്. അപ്പോഴാണ്‌ ചിന്നമ്മു വാതില്‍ക്കലേയ്ക്കു വന്നത്. അവള്‍ കണ്ണനെ നോക്കി. അവന്‍ എവിടെയാണ് ഉറ്റുനോക്കുന്നതെന്ന് ശ്രദ്ധിച്ചു. അവള്‍ അങ്ങകലെ മണിമാളികയിലേയ്ക്ക് കണ്ണോടിച്ചു. അവിടെ തങ്കം നില്‍ക്കുന്നതവള്‍ കണ്ടു. കണ്ണന്‍റെ ശ്രദ്ധ തങ്കത്തിലാണെന്ന് തോന്നിയ ചിന്നമ്മുവിനു നെഞ്ചില്‍ എന്തോ കൊളുത്തി വലിയ്ക്കുന്നത് പോലെ തോന്നി.

അടുത്ത നിമിഷം... അന്ത്യന്തം അക്ഷമയോടെ അവള്‍ കണ്ണനെ ലക്ഷ്യമാക്കി നടന്നു. ചിന്നമ്മുവിന്റെ പാദപതനം കേട്ടവന്‍ തിരിഞ്ഞുനോക്കി. ചിന്നമ്മുവിന്റെ മുഖത്തിന്‍റെ കാര്‍നിറം കണ്ടതോടെ, ഉള്ളില്‍ വന്ന സങ്കോചം മറച്ചുവച്ചവന്‍ ഇളിഭ്യനായി ഒന്ന് ചിരിച്ചു.

ചിന്നമ്മു ചിരിച്ചില്ല. അവള്‍ ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു. എന്നിട്ട് അതിവേഗത്തില്‍ ആ ഓല വാതില്‍ തള്ളിതുറന്നുകൊണ്ടവള്‍ അകത്തേയ്ക്കുപോയി. കണ്ണനും അതേവേഗത്തില്‍ പിന്നാലെ അവളോടൊപ്പം കയറി. അവളുടെ അടുത്തുചെന്നവന്‍ തോളില്‍ കൈവച്ചു. അവള്‍ ആ കൈ തട്ടി മാറ്റിയില്ല. അവനു നേരെ ഒന്ന് തിരിഞ്ഞു. അവനിലേയ്ക്കു തിരിഞ്ഞ അവളുടെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞു നിന്നിരുന്നതവന്‍ കണ്ടു. അതിലൊന്ന് അടര്‍ന്നു വീണു അവന്‍റെ പാദങ്ങളിലൊന്നിനെ ചുംബിച്ചു നിലം പതിച്ചു.

കണ്ണന്‍റെ ഉള്ളില്‍ നിന്നും വ്യസനം ആര്‍ത്തിരമ്പി. മലയോളം ഉയരുന്ന തിരമാലയായ് അവന്‍റെ നെഞ്ചിന്‍ ഭിത്തികളില്‍ അവ ആഞ്ഞുപതിയ്ക്കുവാന്‍ തുടങ്ങി. വല്ലാത്തൊരു ഭാവത്തോടെ അവനവളെ കെട്ടിപ്പുണര്‍ന്നു. കൈകൊണ്ടു അവളുടെ മുഖമുയര്‍ത്തി കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ടവന്‍ എന്തോ പറയുവാന്‍ ഒരുങ്ങി. പക്ഷെ, പൊടുന്നനെ അവന്റെ മനസ്സവനെ വിലക്കി. " കൂര്‍ത്ത നഖം പേറി ആ ചിന്തകള്‍ അവന്‍റെ ദൃഷ്ടിക്ക് മുന്നില്‍ വന്യമായി ചിരിച്ചുകൊണ്ട് അവനെ വിലക്കി. ആ ഉള്‍വിളി അവനില്‍ ചിന്തകള്‍ ഉണര്‍ത്തി.

"അരുത് കണ്ണാ, അരുത്..... അവന്‍ ചിന്തിച്ചു. ചിന്നമ്മു പാവമാണ്. താന്‍ മാത്രമാണ് അവള്‍ക്കൊരു തുണ. ഇല്ല അത് പറയുവാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഒടുവില്‍ അത് പറയണ്ട എന്ന് തന്നെയവന്‍ കരുതി.

മുറ്റത്തെ കാല്‍പ്പെരുമാറ്റവും, കണ്ണേട്ടാ എന്ന വിളിയും അവരെ അടര്‍ത്തിമാറ്റി. ചിന്നമ്മു മുണ്ടിന്‍റെ തുമ്പുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു. ചിന്നന്‍ ഉണര്‍ന്നെഴുന്നേറ്റതിനാല്‍ അവനെ എടുത്തുകൊണ്ട് ചിന്നമ്മു കണ്ണനോടൊപ്പം പുറത്തേയ്ക്ക് വന്നു.

പുറത്ത് ജനിയാണ്. ചിന്നമ്മു അവളെ നോക്കി ചിരിച്ചു. അവള്‍ തിരിച്ചും. ഒരു നിമിഷത്തെ നിശബ്ദതയ്ക്കൊടുവില്‍ കണ്ണന്‍ ചോദിച്ചു .."എന്താ ജനി??"

വാസുവേട്ടന്‍ കണ്ണനെ അത്രയിടം വരെ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ പാടത്തേയ്ക്ക് പോകുവായിരുന്നു. ഇവിടെ വന്നു കണ്ണേട്ടനോട് പറയാന്‍ പറഞ്ഞു.

"എന്താ കാര്യം ജനി..? അത് വാസുവേട്ടന്‍ പറഞ്ഞില്ലേ?....കണ്ണന്‍ വീണ്ടും അവളോടായി ചോദിച്ചു.

"ഇല്ല്യ"....ഇത്രയും പറഞ്ഞുകൊണ്ടവള്‍ ചിന്നമ്മുവിന്റെ കൈയിലിരുന്ന ചിന്നനെ മുത്തം നല്‍കി.

"എന്താ ചിന്നമ്മു മുഖം വാടിയിരിക്കുന്നെ? സുഖമില്ലേ?... ജനിയുടെ ഈ ചോദ്യത്തിന് അതെയെന്ന് ചിന്നമ്മു മറുപടിയും നല്‍കി. ശെരി എങ്കില്‍ ഞാന്‍ പോകട്ടെ കണ്ണേട്ടാ. ജനി കണ്ണനെ നോക്കിയിത് പറഞ്ഞുകൊണ്ട് തിരികെ നടന്നു.

നടന്നകലുന്ന അവളെ നോക്കി അല്‍പനേരം നിന്നശേഷം കണ്ണന്‍ അകത്തേയ്ക്ക് കയറി. പുറകെ കുഞ്ഞിനേയും കൊണ്ട് ചിന്നമ്മുവും. കണ്ണന്‍ വേഗം ഉടുപ്പ് എടുത്തിട്ടു. പിന്നെയവന്‍ വേഗം പുറത്തേയ്ക്കിറങ്ങി. വാസുവിന്‍റെ വീട് ലക്ഷ്യമാക്കി അവന്‍ നടന്നു. വീടിനു മുന്നിലെത്തിയ അവന്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു. "വാസുവേട്ടാ".

"ആ വരുന്നു കണ്ണാ......, വാ നീ അകത്തേയ്ക്ക് കയറിയാട്ടെ... വാസു ഉള്ളിലെവിടെയോ നിന്നു വിളിച്ചു പറഞ്ഞു.
കണ്ണന്‍ പതിയെ ഉമ്മറത്തെ അരഭിത്തിയില്‍ കയറി ഇരുന്നു. അല്പനേരത്തിനു ശേഷം വാസു വന്നു. രണ്ടുപേരും കൂടി പുറത്തേയ്ക്കിറങ്ങി. സംസാരിച്ചുകൊണ്ടവര്‍ നടന്നുനീങ്ങി. വീടിനടുത്ത് നിന്നും മണ്‍റോഡിലേയ്ക്ക് കയറിയപ്പോള്‍ എതിരെ വന്ന ഒരാള്‍ ചോദിച്ചു.

"എവിടെയ്ക്കാ വാസുവേട്ടാ അതിരാവിലെ തന്നെ?"
ഓ! ടൌണ്‍ വരെ ഒന്ന് പോവുകാ...സുധാ ...വാസു മറുപടി പറഞ്ഞു.

കുറെ നേരം കണ്ണന്‍ ഒന്നും മിണ്ടാതെ നടന്നപ്പോള്‍ ആ നിശബ്ദതയെ മുറിച്ചുകൊണ്ട് വാസു ചോദിച്ചു. "നീയറിഞ്ഞില്ലേ കണ്ണാ...മണിമാളികയിലെ വിശേഷങ്ങള്‍,...!!!!

കണ്ണന്‍റെ മുഖം അതിശയത്താല്‍ വിടര്‍ന്നു. "അതിരറ്റ ആഹ്ലാദം കൊണ്ടവന്‍ അറിയാതെ കേട്ടു..."എന്താ, എന്തായിത്ര വിശേഷം വാസുവേട്ടാ....????

(തുടരും)
 

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 8

അവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഉടുമുണ്ടിന്റെ അഗ്രം കൊണ്ടവള്‍ കണ്ണീര്‍ തുടച്ചു. ഓടി പുറത്തേയ്ക്ക് ചെന്നു. കണ്ണനടുത്തു ചെന്ന് കുഞ്ഞിനെ വാങ്ങി. അവനവളെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു. അവള്‍, ചിന്നമ്മു പാവം വേദനയോടെ തിരിച്ചും. 

അടുപ്പിലെ വെള്ളം മുക്കാലും തിളച്ചുതൂവിപ്പോയിരുന്നു. അവള്‍ ബാക്കിയുള്ളതില്‍ ചായയുണ്ടാക്കി. കണ്ണന്‍റെ കട്ടിലിനരുകില്‍ കൊണ്ട് വച്ചു. കുഞ്ഞിനെ ഇടുപ്പില്‍ ഇരുത്തി അവള്‍ കണ്ണനെ നോക്കി പതിയെ പറഞ്ഞു. "ചായ"
അവന്‍ അപ്പോഴും ഒന്ന് നോക്കുകമാത്രം ചെയ്തു.

അവള്‍ അടുക്കളയിലെ ഇരുട്ടില്‍ കരഞ്ഞുകൊണ്ടിരുന്നു. കണ്ണേട്ടന് എന്താ പറ്റിയതെന്നു ആ പാവത്തിന് ഊഹിക്കാന്‍ കൂടി കഴിയുന്നില്ല. സമയം വളരെ നേരം കഴിഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റ് കയര്‍കട്ടിലിനരുകില്‍ വന്നു. ചായ തണുത്തിരിക്കുന്നു. ആകെ നിശബ്ദത. അവള്‍ പുറത്തേയ്ക്ക് നോക്കി. തൂമ്പ കാണുന്നില്ല. വേഷവും മാറിയിരിക്കുന്നു. അവള്‍ പുറത്തേയ്ക്കിറങ്ങി. വാസുവിന്‍റെ വീടിലേയ്ക്ക്‌ നോക്കിയപ്പോള്‍, വാസു തൂമ്പയും തോളിലേറ്റി പുറത്തേയ്ക്ക് വരികയാണ്. കണ്ണന്‍റെ വീട്ടിലേയ്ക്ക് നോക്കിയ വാസുവിനെ അവള്‍ കൈകാട്ടി വിളിച്ചു. അടുത്തു വന്ന വാസുവിനോട് അവള്‍ കരഞ്ഞുകൊണ്ട്‌ അതുവരെ നടന്നതെല്ലാം പറഞ്ഞു. വാസു അവളെ സമാധാനിപ്പിച്ചുകൊണ്ട് താഴെ വയലേല ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

ആര്‍ത്തലച്ചു വന്ന ഒരു കാറ്റില്‍ വയല്‍വരമ്പിലെ തെങ്ങോലകള്‍ ആടിയുലഞ്ഞു. അവിടെ, വയല്‍വരമ്പില്‍ നിന്ന് രണ്ടു കുട്ടികള്‍ പട്ടം പറത്തുന്നു. അവ ഉയരത്തിലേയ്ക്ക് പോകുന്നതിനനുസരിച്ച് കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. വയല്‍വരമ്പിലെ ഒരു തൈച്ചുവട്ടില്‍ കണ്ണന്‍ ഇരിക്കുകയാണ്. മറ്റു പണിക്കാരാരും തന്നെ എത്തിയിട്ടില്ല. അവന്‍ കൂടെ കൂടെ ചെറു കല്ലുകള്‍ വയലിലെ വെള്ളത്തിലേയ്ക്ക് എറിയുന്നുണ്ട്. കാറ്റില്‍ ആടിയുലയുന്ന വൃക്ഷങ്ങളുടെ ശബ്ദത്താലും , ആര്‍ത്തുവിളിയ്ക്കുന്ന കുട്ടികളുടെ ശബ്ദത്താലും മുഖരിതമാണ് ആ അന്തരീക്ഷം.

ഒരു വായാടിക്കിളി വയലിന് മീതെ താണ് പറന്ന് കരയില്‍ നില്‍ക്കുന്ന ഒരു പാലമരത്തിന്‍റെ ചില്ലയില്‍ ചെന്നിരുന്നു. ഒരു അണ്ണാറക്കണ്ണന്‍ തെങ്ങിന്‍റെ ഓലയില്‍ നിന്നും ആ പാലമരത്തിലേയ്ക്ക് ചാടിയപ്പോള്‍, ചില്ലയുലഞ്ഞ ശബ്ദം കേട്ടുകൊണ്ട് ആ വായാടിക്കിളി ചിലച്ചുകൊണ്ട് പറന്നുപോയി.

പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ട കണ്ണന്‍ തിരിഞ്ഞുനോക്കി. വാസുവാണ്. ഒരു നേര്‍ത്ത ചിരികൊണ്ട് വാസു കണ്ണനെ നോക്കി.

"എന്താ കണ്ണാ, ജോലിയ്ക്ക് വരാന്‍ ഇപ്പോള്‍ സമയോം കാലോം ഇല്ലേ നിനക്ക്? എന്തെ നീ നേരത്തെ ഇങ്ങു പോന്നു??? വാസു ചോദിച്ചു.

ഏയ്! ഇവിടെ നല്ല കാറ്റുണ്ടല്ലോ.....അതാ... കണ്ണന്‍ പറഞ്ഞു.

അതൊന്നുമല്ലെടാ, ആ പെണ്‍കുട്ടീടെ കരച്ചില് കണ്ടിട്ടാ ഞാന്‍ വരണേ. നിന്‍റെ ചിന്നമ്മു, അവളെ ഞാനിന്നു കണ്ടു. എന്താടാ? എന്തുപറ്റി നിനക്ക്? നീയിങ്ങനെ ആയിരുന്നില്ലല്ലോ?...വാസു ചോദിച്ചു.

കണ്ണന്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കാരണം ചിന്നമ്മു വാസുവേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് അവന് അറിയാം....

വാസു തുടരുകയാണ്. നീ കുറച്ചു ദിവസം മുന്‍പ് പീടികേല് പണിയ്ക്ക് പോയപ്പോള്‍ മുതല്‍ ഞാനും നിന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്താ...ന്നു വച്ചാല്‍ നീ പറയ്‌. വാസു ഇത് പറഞ്ഞുകൊണ്ട് അവനടുത്തായി ഇരുന്നു.
കണ്ണന്‍ വാസുവിനോട് ഇന്നേവരെ അവന്‍റെ കാര്യങ്ങള്‍ ഒന്നും തന്നെ മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവന്‍ അയാളോട് എല്ലാം പറഞ്ഞു. വാസു കുറച്ചുനേരം ഒന്നും പറയാനാകാതെ ഇരുന്നുപോയി. കണ്ണന്‍ കുനിഞ്ഞിരിക്കുകയാണ്‌.

അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം വാസു പറഞ്ഞു. "ഒക്കെ ശെരി. സംഭവിച്ചത് സംഭവിച്ചു. ഇനിയിപ്പോള്‍ ആ പാവം പെണ്ണിനെ എന്തിനാ വേദനിപ്പിക്കുന്നെ? നിന്‍റെയീ പെരുമാറ്റം തുടര്‍ന്നാല്‍ കാരണം അവള്‍ക്കുകൂടി മനസ്സിലാകും. ആ പിഞ്ചുകുഞ്ഞിനെയെങ്കിലും നീ ഓര്‍ക്കാത്തതെന്താ? വാ എഴുന്നേല്‍ക്ക്, വീട്ടില്‍ ചെല്ല്. ആ പെണ്‍കുട്ടീടെ കരച്ചില്‍ മാറട്ടെ.

കണ്ണന്‍ വീണ്ടും അവിടെത്തന്നെ ഇരുന്നു. പിന്നെയവന്‍ പറഞ്ഞു.
വാസുവേട്ടാ ഞാനങ്ങനെ അവളുടെ മുഖത്ത് നോക്കും. എനിയ്ക്കവളെ വെറുക്കാന്‍ കഴിയുന്നില്ല വാസുവേട്ടാ,...... ഒരിക്കലും. അവള്‍ ഇനി എന്നെ വെറുക്കണം. ഞാന്‍ അകപ്പെട്ടുപോയല്ലോ വാസുവേട്ടാ. കണ്ണന്‍റെ കണ്ണില്‍ നനവ്‌ പടര്‍ന്നു. അവന്‍ തോളത്തു കിടന്നിരുന്ന തോര്‍ത്തു മുണ്ടില്‍ കണ്ണു തുടച്ചു. എന്നിട്ട് പറഞ്ഞു. "വാസുവേട്ടാ, എന്തായാലും പണി നടക്കട്ടെ. വീട്ടില്‍ ഉച്ചയ്ക്ക് പോകാം. ഇത്രയിടം വരെ വന്നതല്ലേ. കണ്ണന്‍ ഇതുപറഞ്ഞുകൊണ്ട് തൂമ്പയുമെടുത്ത് പാടത്തേയ്ക്കിറങ്ങി. വാസുവും തോര്‍ത്തു തലയില്‍ കെട്ടി പാടത്തേയ്ക്കിറങ്ങി. അവന്‍ അതിര്‍വരമ്പിലേയ്ക്ക് ചെളി കോരിയിടുകയാണ്.

അല്പം സമയം കൂടി കഴിഞ്ഞിട്ടുണ്ടാകും. ജനിയുടെ ഉച്ചത്തില്‍ ഉള്ള നിലവിളി കേട്ടുകൊണ്ടവര്‍ മുഖാമുഖം നോക്കി. ഒരു നിമിഷത്തെ ചിന്തയില്‍ നിന്നും മുക്തരായ അവര്‍ ജനിയുടെ വീട് ലക്ഷ്യമാക്കി ഓടിയടുത്തു. തുറന്നു കിടന്ന വാതില്‍ക്കലൂടെ പാഞ്ഞുകയറിയ കണ്ണന്‍ കണ്ടതു മാഷിന്‍റെ നിര്‍ജീവമായ ദേഹത്തില്‍ കെട്ടിപ്പിടിച്ചുകരയുന്ന ജനിയെയാണ്. അവന്‍ അവളുടെ തോളത്തു കൈവച്ചു. കടലോളം കണ്ണീരുമായി ജനി അവനെ നോക്കി. അവിടെ അടുത്തുകിടന്നിരുന്ന ഒരു കുഞ്ഞു സ്റ്റാന്‍ഡിന്‍ മേല്‍ കുറെ ഗുളികകളും, ചായയും ഇരിപ്പുണ്ട്. മുറ്റം നിറയെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അടഞ്ഞ ജനല്പാളികള്‍ മലര്‍ക്കെ തുറന്നു ചിലര്‍ അകത്തേയ്ക്ക് നോക്കുന്നു. പുരുഷാരം മുറുമുറുപ്പോടെ മുറ്റം നിറയുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ആ വയല്‍ക്കര ഗ്രാമത്തില്‍ മാഷിന്റെ മരണ വാര്‍ത്ത ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേയ്ക്കു പാഞ്ഞു. മരണാന്തര കര്‍മങ്ങള്‍ മുറപോലെ നടക്കുന്നുണ്ട്. മുറ്റത്ത്‌ കുരുത്തോല കൊണ്ട് ഒരു പന്തല്‍ അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.അകത്തെ ചന്ദനത്തിരികളുടെ മണം പുറത്ത് ചിലരില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. ഇടയ്ക്കിടെ സ്ത്രീകളുടെ തേങ്ങലുകള്‍, രാമായണപാരായണത്തില്‍ മുഖരിതമാണ് ആ വീട്ടിലെ അന്തരീക്ഷം. മാഷിന്‍റെ ശവശരീരം പുറത്തെ പന്തലിലേയ്ക്ക് എടുത്തു. കര്‍മ്മങ്ങള്‍ നടത്തി ചിതയിലേയ്ക്ക് എടുത്തു. ജനി വാവിട്ടുകരഞ്ഞു. ചിത പടര്‍ന്ന്, ആര്‍ത്തിയോടെ ആ വൃദ്ധന്റെ ശരീരത്തെ പുല്‍കുമ്പോള്‍, കരഞ്ഞുകലങ്ങിയ കണ്ണുമായി വീടിന്‍റെ മരവാതിലില്‍ ചാരിയവള്‍ ഒരു നോക്കുകുത്തിയെപ്പോലെ ഇരിക്കുകയാണ്,.....ജനി.

മാഷിന്‍റെ മരണം മറ്റുള്ളവരില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയില്ല എങ്കിലും ജനിയെ സംബന്ധിച്ചിടത്തോളം അവള്‍ക്കു അനാഥത്വം അനുഭവപ്പെട്ടുതുടങ്ങി. എന്നിരുന്നാലും ദൈവത്തിന്‍റെ ആജ്ഞയില്‍ അവളിപ്പോള്‍ സംപ്രീതയാണ്.

(തുടരും)
 
ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 7

മുറ്റത്തെ ചില്ലകളില്‍ പക്ഷികള്‍ ചിലച്ചു തുടങ്ങി. ദേവതാക്ഷേത്രത്തില്‍ നിന്നും പ്രഭാതകീര്‍ത്തനം കേള്‍ക്കുന്നുണ്ട്. ചെറ്റക്കുടിലിലെ ചെറിയ ദ്വാരങ്ങളിലൂടെ സൂര്യപ്രകാശം അകത്തേയ്ക്ക് കടക്കുന്നു. ചിന്നമ്മു എഴുന്നേറ്റു. മുടി മാടിയൊതുക്കി. പിന്നെയത് കെട്ടിവച്ചു. കുഞ്ഞു ദീര്‍ഘമായ ഉറക്കത്തിലാണ്. അവള്‍ കണ്ണന്‍റെ കിടക്കയ്ക്കരുകില്‍ വന്നിരുന്നു. അവനെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നവള്‍ കുളിപ്പുരയിലേയ്ക്ക് പോയി.

സമയം രാവിലെ 8.00 ആയി. ചിന്നന്‍ എഴുന്നേറ്റു. പിച്ചവച്ചു അടുക്കള പടിമേല്‍ പിടിച്ചുകൊണ്ടു അമ്മയെ വിളിക്കുകയാണ്‌. കണ്ണന്‍ വീണ്ടും തിരിഞ്ഞുകിടന്നു. തണുപ്പ് കൊണ്ടാവാം അവനൊരു പുതപ്പ് വലിച്ചു മൂടിയിട്ടുണ്ട്‌. കുഞ്ഞിന്റെ വിളികേട്ടു ചിന്നമ്മു കുളിമുറിയില്‍ നിന്നും ഓടി വന്നു. അവളുടെ മുടി തോര്‍ത്ത്‌ കൊണ്ട് കെട്ടി വച്ചിട്ടുണ്ട്. ശരീരത്തിലെ ജലാംശം അവളുടെ വസ്ത്രങ്ങളില്‍ പറ്റി അവ നനഞ്ഞിട്ടുണ്ട്. അവള്‍ കുഞ്ഞിനെ എടുത്തു അടുക്കളയിലേയ്ക്ക് പോയി.

സമയം നീങ്ങുകയാണ്. ചിന്നമ്മു ഒരു ഗ്ലാസില്‍ കാപ്പിയുമായി കണ്ണന്‍റെ അരുകില്‍ വന്നിരുന്നു. ഗ്ലാസ്‌ ഒരു വശത്തേയ്ക്ക് വച്ചിട്ടവള്‍ അവനരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. മെല്ലെ അവന്റെ ശരീരത്തില്‍ കൈവച്ചു, അവന്‍ കണ്ണു തുറന്നു.

"ദേ! സമയം എന്തായീന്നറിയാമോ? അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ദാ കാപ്പി കുടിക്ക്"......അവള്‍ ഗ്ലാസ്‌ എടുത്തു അവനു നേരെ നീട്ടി.
അവന്‍ പതിയെ എഴുന്നേറ്റിരുന്നു. ചിന്നമ്മുവിനെ നോക്കുമ്പോഴെല്ലാം അവനെ പതിവില്ലാത്ത ഒരു സങ്കോചം പിടികൂടുന്നു. അവന്‍ ഒന്നും ഉരിയാടിയില്ല. കാപ്പി കുടിച്ചപ്പോള്‍ അവള്‍ ഗ്ലാസ്‌ വാങ്ങി അവിടെ നിന്നും പോയി. കണ്ണന്‍ വീണ്ടും കിടക്കയിലേയ്ക്ക് ചരിഞ്ഞു. പത്തു മിനിട്ടോളം അങ്ങിനെ കിടന്നിട്ടവന്‍ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി. മുറ്റത്ത്‌ ഉലാത്തുകയാണിപ്പോള്‍,.....

ചെമ്മണ്‍പാതയിലൂടെ മുതലാളിയുടെ കാര്‍ അതിവേഗം വരുന്നുണ്ടായിരുന്നു. കണ്ണന്‍റെ വീടിനടുത്ത് എത്തിയതും അതു നിന്നു. അതില്‍ നിന്നും മുതലാളി ഇറങ്ങി. അയാള്‍ കണ്ണന്‍റെ കുടിയിലേയ്ക്ക് നോക്കി വിളിച്ചു. അവനില്‍ ആ വിളി ആദ്യം ചെറിയ ഒരു ഞെട്ടല്‍ ഉണ്ടാക്കി എങ്കിലും അവന്‍ അയാളുടെ അടുക്കല്‍ ചെന്നു. മുതലാളി നൂറിന്‍റെ രണ്ടു നോട്ടുകള്‍ അവനെ ഏല്‍പ്പിച്ചു. മെല്ലെ കാര്‍ നീങ്ങിത്തുടങ്ങി. അവന്‍ അവിടെ നിന്നും തിരികെ നടന്നു.

വാസു തൂമ്പയും തോളിലേറ്റി വരുന്നുണ്ടായിരുന്നു. എന്താടാ കണ്ണാ, ഇന്ന് പണിയില്ലേ? വാസുവേട്ടന്റെ ചോദ്യം പതിവുള്ളതാണ് എങ്കിലും ഇന്ന് പക്ഷെ, കണ്ണന് ആ ചോദ്യവും എന്തുകൊണ്ടോ ശരിയാണെന്ന് തോന്നിയില്ല. അവന്‍ വാസുവിനെ നോക്കി. പിന്നെ പറഞ്ഞു. "ഇന്നലെ രാത്രീല് മുതലാളീടെ പീടികേല് കുറച്ചു ജോലിയുണ്ടായിരുന്നു വാസുവേട്ടാ. വന്നപ്പോള്‍ നേരം പുലരാറായി. ദേ! ചിന്നമ്മു വിളിച്ചിട്ട് ഞാന്‍ ഇപ്പോഴാ എഴുന്നേറ്റത്. എന്താ ഇന്ന് വാസുവേട്ടന്‍ പെട്ടെന്ന് തിരികെ പോന്നത്? വെള്ളം ഒരുപാടുണ്ടോ പാടത്ത്?

"ഏയ്‌!അല്ല കണ്ണാ. ഒരു വശം ഞാന്‍ തിടമ്പ് പിടിച്ചിട്ടുണ്ട്. മറുവശം കുറച്ചു ഉയരക്കൂടുതല്‍ ഉണ്ടല്ലോ? അത് നാളെയാകട്ടെ കണ്ണാ. നാളെപ്പിന്നെ നീയും ഉണ്ടല്ലോ? വാസു പറഞ്ഞു.
കണ്ണനും വാസുവും കൂടി നടന്നു നീങ്ങി. കണ്ണന്‍ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നപ്പോള്‍ വാസു തൂമ്പയും തോളിലേറ്റി തിരികെപോയി.

മുതലാളിയുടെ കാര്‍ ചെമ്മണ്‍പാതയിലൂടെ വളരെവേഗം തിരിഞ്ഞ് മണിമാളികയുടെ കാര്‍പോര്‍ച്ചിലേയ്ക്ക് കയറി. തങ്കം പരിഭവത്തോടെ വാതിലിനരുകില്‍ വന്നു. എന്നിട്ട് പറഞ്ഞു.
"ഞാനിവിടെ കാത്തിരിപ്പുണ്ട്‌ എന്ന ഒരു തോന്നലും ഇല്ല്യ അല്ലെ? രാതീല് ഞാനുറങ്ങീട്ടില്ല. ഭക്ഷണം കഴിച്ചോ നിങ്ങള്‍? നിമിഷങ്ങള്‍ കൊണ്ടവര്‍ ഒരുപാട് ചോദ്യങ്ങള്‍ അയാള്‍ക്ക് നേരെയെറിഞ്ഞു.
മുതലാളി ചിരിച്ചു. പിന്നെ പതിയെ തങ്കത്തിന്റെ തോളില്‍ കൈയിട്ടു. അവര്‍ അകത്തേയ്ക്ക് കയറി പോയി.

ഔസേപ്പിന്റെ ചായക്കടയില്‍ വൈകുന്നേരത്തെ തിരക്കിനു അല്‍പ്പമൊന്നു ശമനമുണ്ടായപ്പോള്‍ വാസു അകത്തേയ്ക്ക് കയറി. അയാള്‍ പുറത്തേയ്ക്ക് നീണ്ടു കിടന്നിരുന്ന ബഞ്ചിന്റെ ഒരു വശത്തു ഇരുപ്പുറപ്പിച്ചു. ഔസേപ്പ് മറ്റുള്ളവരോട് സംസാരിക്കുന്നുണ്ട്. എങ്കിലും അയാള്‍ വിദഗ്ദമായി ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചായ പകര്‍ന്നുകൊണ്ടിരുന്നു. എന്നിട്ട് വളരെ വേഗത്തില്‍ പലരുടെയും മുന്നില്‍ ചായ എത്തിച്ചുകൊടുക്കുന്നു. ആദ്യം വന്ന ചിലര്‍ക്ക് ചായ നല്‍കിയശേഷം ഔസേപ് തോളില്‍ കിടന്ന തോര്‍ത്തില്‍ തന്റെ കൈ അമര്‍ത്തി തുടച്ചു. എന്നിട്ട് തിരിഞ്ഞു വാസുവിനോട് ചോദിച്ചു.
"എന്താ വാസുവേ ഒരു ചായ എടുക്കട്ടെ?
"എടുത്താട്ടെ ഔസേപ്പെട്ടാ....വാസു പറഞ്ഞു.
ഔസേപ് തുടര്‍ന്നു. ഇന്നലെ രാത്രീല് കണ്ണന്‍ മണിമാളികയില്‍ പോയതെന്തിനാ. എന്താ വിശേഷിച്ചു?
ഓ! അത് പീടികേല് ചരക്ക് വന്നാരുന്നു. മുതലാളി ആളെ വിട്ടു വിളിപ്പിച്ചതാ. എന്നിട്ട് അവനിന്ന് ഇവിടെ വന്നില്ലേ ഔസേപ്പേട്ടാ. വാസു ചോദിച്ചു. ഇല്ല വാസു ഇന്ന് ഞാനവനെ കണ്ടില്ല. ഔസേപ് മറുപടി പറഞ്ഞു.
വാസു പലകമേല്‍ കിടന്നിരുന്ന പത്രം കൈനീട്ടി എടുത്തു. അത് മറിച്ച് നോക്കികൊണ്ടയാള്‍ പറഞ്ഞു. പത്രത്തിലെന്നാ വാര്‍ത്ത ഇരിക്കാണ്. കുറച്ചു സിനിമാ പരസ്യങ്ങള്‍ അല്ലാതെ!!!
അവര്‍ക്കും കാശു കിട്ടണ്ടേ വാസുവേ. നടന്നു നടന്നു റിപ്പോര്‍ട്ടുണ്ടാക്കി മാത്രം പത്രത്തില്‍ കൊടുത്തോണ്ടിരുന്നാല്‍ പ്രസ്‌ ഓടണ്ടേ. അതിനു സിനിമാ പരസ്യവും സര്‍ക്കാര്‍ പരസ്യവും ഒക്കെ ഉണ്ടങ്കിലല്ലേ പത്രക്കാര്‍ക്ക് നിലനില്‍പ്പുള്ളന്നെ. ഇങ്ങനെ നീണ്ടു പോകുകയാണ് അവിടുത്തെ സംസാരം.

ചിന്നമ്മു കുളിച്ചീറനായി വന്നു. അവള്‍ തോര്‍ത്ത്‌ തലയില്‍ മുടിയോടൊപ്പം ചേര്‍ത്ത് ചുറ്റി കെട്ടി വച്ചിട്ടുണ്ട്. അവളുടെ നെറ്റിത്തടങ്ങളിലും, ചുണ്ടുകള്‍ക്ക് മീതെയും ജലാംശം പറ്റിപ്പിടിചിരിപ്പുണ്ട്. മെല്ലെയവള്‍ നിലവിളക്ക് കൊളുത്തുവാന്‍ തുടങ്ങി. ചിന്നന്‍ അവളുടെ വസ്ത്രത്തിന്‍റെ ഒരു കോണില്‍ പിടിച്ചു നില്‍പ്പുണ്ട്. കണ്ണന്‍ വൈകുന്നേരം പുറത്തേയ്ക്ക് പോയതാണ്. ഇതുവരെയും വന്നിട്ടില്ല, വിളക്ക് തെളിച്ചശേഷം കണ്ണുകള്‍ പൂട്ടി തൊഴുകൈയോടെ അവള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു. പിന്നെ ചന്ദനത്തിരി കത്തിയ ചാരമെടുത്തവള്‍ നെറ്റിയില്‍ തൊട്ടു.

അല്‍പ സമയത്തിന് ശേഷം ചിന്നനെയും കൊണ്ടവള്‍ പുറത്തേയ്ക്ക് വന്നു. ആ വാതിലിനു മുന്നില്‍ നിന്നും കുറച്ചു നേരം പുറത്തേയ്ക്ക് നോക്കിയശേഷം അവള്‍ വന്നു റാന്തല്‍ എടുത്തു തിരികൊളുത്തി. എന്നിട്ട് മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്ക് ഞാണുകിടന്ന ഒരു കൊളുത്തില്‍ തൂക്കിയിട്ടു. ഇപ്പോള്‍ പുറത്തു നല്ല ഇരുള്‍ വ്യാപിച്ച് കഴിഞ്ഞു. വീണ്ടും അവള്‍ പടിവാതിലില്‍ നിന്നുകൊണ്ട് പുറത്തേയ്ക്ക് നോക്കുകയാണ്. കണ്ണന്‍ വന്നിട്ടില്ല.

ഇപ്പോള്‍ സമയം 9 മണിയോടടുത്തു. അവള്‍ വാതില്‍ ചാരിയിട്ടു. ചിന്നന്‍ ഉറക്കം പിടിച്ചു തുടങ്ങി. ചിന്നമ്മു ചെറ്റക്കുടിലിന്റെ ഒരു വശത്തെ മറയില്‍ ചാരി ചിന്തയില്‍ ആണ്ടിരിക്കുകയാണ്.
തങ്കത്തിന്റെ മുറിയില്‍ വൈദ്യുത ദീപം കെടുത്തിയിട്ടില്ല. കുഞ്ഞുങ്ങള്‍ ഉറക്കത്തിലാണ്. മുതലാളി വരുവാന്‍ ഇനിയും രണ്ടു മണിക്കൂര്‍ ബാക്കിയുണ്ട്. അവര്‍ ജന്നല്‍പ്പാളികള്‍ തുറന്നിട്ടു. ചെമ്മണ്‍പാതയിലേയ്ക്കാണ് അവരുടെ ശ്രദ്ധ. അവരുടെ കാത്തിരിപ്പിനെ സാധൂകരിക്കും വിധം അവിടെ അടുത്ത് കണ്ണന്‍ എത്തിക്കഴിഞ്ഞു. ചെമ്മണ്‍പാതയില്‍ നിന്നും മണിമാളികയുടെ മുറ്റത്തെയ്ക്കിറങ്ങും മുന്‍പേ അവന്‍ ഇരുവശങ്ങളിലെയ്ക്കും തിരിഞ്ഞു നോക്കുന്നുണ്ട്. പതിയെ അവന്‍ മുറ്റത്തേയ്ക്കിറങ്ങി. മുന്‍വശത്തെ കതകിനടുത്തു എത്തിയതും, അവനെ പ്രതീക്ഷിച്ചെന്നോണം ആ വാതില്‍ തുറക്കപ്പെട്ടു. കണ്ണന്‍ പെട്ടെന്ന് അകത്തേയ്ക്ക് കയറി. കതക് അടയ്ക്കപ്പെട്ടു. തങ്കത്തിന്റെ മുറിയിലെ വിളക്ക് അണഞ്ഞു. ഇപ്പോള്‍ ആ മുറിയില്‍ ഒരു അരണ്ടവെളിച്ചം നല്‍കുന്ന വിളക്ക് മാത്രം കത്തുന്നുണ്ട്. ആ നാല് ചുവരുകള്‍ക്കുള്ളില്‍ വീണ്ടും കണ്ണന്റെയും തങ്കത്തിന്റെയും ലോകമായിരുന്നു പിന്നീട്.

ഘടികാരത്തില്‍ മണിമുഴങ്ങിയപ്പോള്‍ ചിന്നമ്മു ഞെട്ടിത്തിരിഞ്ഞു നോക്കി. പത്ത് മണിയായിരിക്കുന്നു. അവള്‍ എഴുന്നേറ്റു വാതില്‍ മെല്ലെ തുറന്നു പുറത്തേയ്ക്ക് നോക്കി. ആ കഠിനമാം അന്ധകാരം അവളില്‍ ഭീതി ജനിപ്പിച്ചതിനാല്‍ അവള്‍ പെട്ടെന്ന് തന്നെ താഴിട്ടു പൂട്ടി. പായയില്‍ കുഞ്ഞിനരുകില്‍ വന്നിരുന്നവള്‍ ആത്മഗതം പറഞ്ഞു. "ഈ കണ്ണേട്ടന്‍ ഇതെവിടെപ്പോയി?

അപ്പോഴാണ്‌ പുറത്തു ഒരു കാല്‍പ്പെരുമാറ്റം അവള്‍ ശ്രദ്ധിച്ചത്. പിന്നവള്‍ പതിയെ ചോദിച്ചു." കണ്ണേട്ടനാണോ?"
ആ...പുറത്തുനിന്ന് പതിയെ കണ്ണന്‍റെ സ്വരം.

ചിന്നമ്മു വാതില്‍ തുറന്നു. അവളുടെ മുഖം പരിഭവം വിളിച്ചറിയിക്കുന്നുണ്ട്. അവന്‍ അവളെ ഒന്ന് നോക്കുകമാത്രം ചെയ്തു. അവന്‍ അകത്തേയ്ക്ക് കയറിയ ഉടനെ ചിന്നമ്മു വാതിലടച്ചു താഴിട്ടു. കണ്ണന്‍റെ നിര്‍ജീവമായ പെരുമാറ്റം അവളെ വിഷമിപ്പിക്കുക തന്നെ ചെയ്തു. അവന്‍ ഷര്‍ട്ട്‌ ഊരി അയയില്‍ ഇട്ട ശേഷം കയര്‍ കട്ടിലില്‍ ഇരുന്നു. ചിന്നമ്മു അവനരുകിലായി വന്നിരുന്നു. അവള്‍ അവന്‍റെ നെറ്റിത്തടത്തില്‍ കൈവച്ചു. എന്നിട്ട് ചോദിച്ചു...." എന്താ ഏട്ടാ സുഖമില്ലേ?

ഏയ്‌! ഒന്നുമില്ല, നീ ഉറങ്ങിക്കൊള്ളൂ.

"ങ്ങള് ഭക്ഷണം കഴിക്കണില്ലേ? ഞാനെത്ര നേരായി കാത്തിരിക്കണു. അവള്‍ പറഞ്ഞു.

"നിന്നോടാരു പറഞ്ഞു കാത്തിരിക്കാന്‍, നിനക്ക് ആഹാരം കഴിച്ചുകൂടായിരുന്നോ? കണ്ണന്‍ തെല്ലു ദേഷ്യത്തില്‍ വിളിച്ചു പറഞ്ഞു.
മുഖം പൊത്തി പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി.

കണ്ണന്‍റെ ഉച്ചത്തിലുള്ള ശകാരവും, ചിന്നമ്മുവിന്റെ പൊട്ടിക്കരച്ചിലും ചിന്നന്റെ ഉറക്കം കെടുത്തി. അവന്‍ ആ പുല്‍പ്പായയില്‍ എഴുന്നേറ്റിരുന്നു കരയുവാന്‍ തുടങ്ങി. കണ്ണന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ തിരിഞ്ഞുകിടന്നു. ചിന്നമ്മു നിലത്തെയ്ക്കിരുന്നു. കുഞ്ഞിനെ എടുത്തു മാറോടു ചേര്‍ത്തവള്‍, അവന്‍റെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ ആ പുല്‍പ്പായയുടെ ഒരു വശത്തായി, ആ ഓലച്ചുമരില്‍ ചേര്‍ന്നിരുന്നു. കണ്ണന്‍ ഉറക്കത്തിലായി. ചിന്നമ്മുവിന്റെ നെഞ്ച് ചേര്‍ന്ന് കുഞ്ഞു ഉറക്കത്തിലായി. രാത്രിയിലെപ്പോഴോ തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടവള്‍ ഉറക്കത്തിലേയ്ക്കു വീണു.

പ്രഭാതം ഏറെയായി. രാത്രിയിലെ ഉറക്കക്ഷീണം കൊണ്ടവള്‍ പതിവില്‍ കൂടുതല്‍ ഉറങ്ങിപ്പോയി. പെട്ടെന്നവള്‍ കണ്ണു തുറന്നു. കുഞ്ഞ് മടിയില്‍ തന്നെ കിടന്ന് ഉറക്കത്തിലാണ്. അവള്‍ ചിന്നനെ പായയില്‍ കിടത്തി. പതിയെ എഴുന്നേറ്റു. കിടക്കയില്‍ അവള്‍ കണ്ണനെ കണ്ടില്ല, ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അവള്‍ പുറത്തേയ്ക്കിറങ്ങി. കിണറ്റിന്‍ കരയില്‍ നില്‍ക്കുകയാണ് കണ്ണന്‍, എന്തോ വലിയ ആലോചനയില്‍ ആണെന്ന് മുഖം പറയുന്നുണ്ട്. ചിന്നമ്മുവിന് കണ്ണനോട് എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ, വല്ലാത്തൊരു ഭയം അവളെ പിടികൂടിയിട്ടുണ്ട്. രാത്രിയിലെ ശകാരം ഒരുപക്ഷെ ആവര്‍ത്തിച്ചാലോ? അതുകൊണ്ടവള്‍ മെല്ലെ അകത്തേയ്ക്ക് തന്നെ പോയി.

എന്നും അതിരാവിലെ കുളിക്കാറുള്ള അവള്‍ അന്ന് കുളിച്ചില്ല. അടുക്കളയിലെ വാതില്‍ ചാരിയിട്ടിട്ടുണ്ട്. അതിന്റെ ഒരു കോണിലായി അവള്‍ ഇരുപ്പുണ്ട്‌. കണ്‍കോണുകളില്‍ നിന്നും വീഴുന്ന കണ്ണീര്‍ തുടയ്ക്കുവാന്‍ പോലും മറന്നവള്‍ ഇരിക്കുകയാണ്. അടുപ്പിലെ പാത്രത്തില്‍ നിന്നും വെള്ളം തിളച്ചുതൂവി പുറത്തേയ്ക്ക് വീഴുന്നു.
ചിന്നന്‍ എഴുന്നേറ്റു. അവന്‍ അമ്മയെത്തിരക്കി കരഞ്ഞുതുടങ്ങി. അവന്‍റെ കരച്ചില്‍ അങ്ങ് ഉച്ചത്തിലായി. അതുകേട്ടുകൊണ്ടെന്നവണ്ണം ദേഷ്യത്തോടെ കണ്ണന്‍ വാതില്‍ തുറന്നു മുറിയിലേയ്ക്ക് വന്നു. കുഞ്ഞിനടുത്തേയ്ക്ക് വന്നുനിന്നവന്‍, ചിന്നമ്മുവിനെ കാണാതെ, അകത്തേയ്ക്ക് നോക്കി അലറിവിളിച്ചു...

"എടീ.....ചിന്നമ്മു".. നീ എവിടെപോയി തുലഞ്ഞെടി നാശം പിടിച്ചവളെ!!!!!!!

(തുടരും)


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 6

അച്ഛന്‍ കിടപ്പിലായതോടെ ജനി തനിച്ചാണിപ്പോള്‍, അവള്‍ പാടത്ത് പണിയെടുക്കും.പിന്നെ മണിമാളികയില്‍ ഉച്ചതിരിഞ്ഞ നേരത്ത് പോകും. അവിടെ അവള്‍ക്കായി ചില ജോലികള്‍ തങ്കം ബാക്കി വച്ചിട്ടുണ്ടാകും. തങ്കത്തിന് അവളെ വലിയ ഇഷ്ടമാണ്. അവര്‍ അവള്‍ക്കു നല്ല സഹായങ്ങള്‍ ചെയ്തു കൊടുക്കും. മുതലാളി എപ്പോഴും രാത്രിയിലാകും വരവ്. ടൌണില്‍ പീടികയുണ്ടയാള്‍ക്ക്. സമ്പന്നനാണ് അയാള്‍, എന്നാല്‍ സ്നേഹശൂന്യനും.

ഒരു നാള്‍ തങ്കം ജനിയോടു പറഞ്ഞു. "കണ്ണനെ ഇത്രയിടം വരെ ഒന്ന് വരണം എന്ന് പറയ്‌.,." ജനിയ്ക്ക് അവനെ കാണുന്നത് സന്തോഷമാണ് എങ്കിലും, അവളുടെ ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഭയമാണ്. അവന്‍റെ ജീവിതത്തെ ഓര്‍ത്ത്. അത് നശിക്കുവാന്‍ കാരണം താനായിരിക്കരുത് എന്ന് അവള്‍ക്കു നിര്‍ബന്ധമുണ്ട്. എന്നാലും കൊച്ചമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ അവള്‍ക്കു കഴിയില്ല. അങ്ങനെ, അന്നവള്‍ കണ്ണന്‍റെ വീട്ടില്‍ പോയി. ഉച്ചയുറക്കം കഴിഞ്ഞവന്‍ കുഞ്ഞിനോടൊത്ത്, ചിന്നമ്മുവിനോടൊപ്പം ഇരിക്കുകയാണ്. ജനിയെ കണ്ടതും കണ്ണന്‍ അത്ഭുതപ്പെട്ടു.

അവന്‍ ചോദിച്ചു." എന്താ പതിവില്ലാതെ ഈ വഴിക്ക്?
ചിന്നമ്മു അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. പിന്നെ കുഞ്ഞിനേയും എടുത്തുകൊണ്ടു എഴുന്നേറ്റു. ജനിയെ അകത്തേയ്ക്ക് കൂട്ടികൊണ്ടുപോയി. കണ്ണന്‍ കയര്‍ കട്ടിലിന്‍റെ ഒരു വശത്തായി ഇരുന്നു. ജനി അവനെ നോക്കി മുന്നില്‍ വന്നു നിന്നു. എന്നിട്ട് കണ്ണന്‍റെ ചോദ്യത്തിന് അവള്‍ ഉത്തരം നല്‍കി. മണിമാളികയില്‍ പലപ്പോഴും അവന്‍ പോകാറുണ്ട്. അതെല്ലാം രാവിലെ ആയിരിക്കും. പാടത്ത് പണിയില്ലാതിരുന്നാല്‍, മാളികയില്‍ എന്തെങ്കിലും പണി കൊടുക്കും തങ്കം അവന്. തങ്കത്തിന് അവനെ വലിയ ഇഷ്ടം ആണ്. തങ്കം ചെറുപ്പമാണ്. കൊച്ചുമുതാലാളി എന്നാണു നാട്ടാര് വിളിക്കുന്നത്‌ എങ്കിലും, അയാള്‍ക്ക്‌ 40 നു മുകളില്‍ പ്രായം ഉണ്ട്. കണ്ണനോട് കാര്യങ്ങള്‍ പറഞ്ഞശേഷം ജനി പോകാനായി ഇറങ്ങി. ചിന്നമ്മുവും, കണ്ണനും അവളോടൊപ്പം പുറത്തേയ്ക്ക് വന്നു. ചിന്നമ്മുവിന്റെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി ജനി മുത്തം നല്‍കി. പിന്നെ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചു, അവള്‍ നടന്നു നീങ്ങി.

സമയം 5.30 ആയി. അങ്ങകലെ ദേവതാ ക്ഷേത്രത്തില്‍ നിന്നും ഭക്തിസാന്ദ്രമായ ഗാനം ഒഴുകി വരുന്നു. സന്ധ്യയായാല്‍, അവിടെ എരിയുന്ന ചന്ദനത്തിരികളുടെയും, കര്‍പ്പൂരത്തിന്റെയും മനം കുളിര്‍പ്പിക്കുന്ന ഗന്ധം ആ കൊച്ചുകുടിലുകളില്‍ എത്തും. ഇപ്പോള്‍ സുഗന്ധപൂരിതമാണ് അവിടം. കണ്ണന്‍ മറ്റൊരു മുണ്ട് എടുത്തുടുത്തു. ചിന്നമ്മു കിണറ്റിന്നരുകില്‍ ഇരുന്നു വിളക്ക് വൃത്തിയാക്കുകയാണ്. ചിന്നന്‍ അവളുടെ അരുകില്‍ നില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ അവളുടെ ശ്രദ്ധ മുഴുവന്‍ അവനിലാണ്. കണ്ണന്‍ പതിയെ പുറത്തിറങ്ങി. എന്നിട്ട് ചിന്നമ്മുവിനോട് പറഞ്ഞു." ചിന്നമ്മു, ഞാന്‍ പോയേച്ചും വരാം. ചിലപ്പോള്‍ ടൌണില്‍ പോകാന്‍ ആയിരിക്കും. ഞാന്‍ താമസ്സിച്ചാല്‍ നീ കുഞ്ഞിനേയും കൊണ്ട് ഭക്ഷണം കഴിച്ചു കിടന്നോള്ളൂ.

ചിന്നമ്മു എഴുന്നേറ്റു കുഞ്ഞിനേയും എടുത്തുകൊണ്ടു അവന്‍റെയരുകില്‍ വന്നു. ടൌണില്‍ പോകാനാണ് എങ്കില്‍ ഇന്നിനി പറ്റില്ലെന്ന് പറയ്‌ കണ്ണേട്ടാ. പെട്ടെന്നിങ്ങ് വന്നേക്കണം. ഞാനിവിടെ ഒറ്റക്കാണെന്നു അറിയാല്ലോ? അവന്‍ മൂളിക്കൊണ്ട് നടന്നുനീങ്ങി. ചിന്നന്‍ കുഞ്ഞികൈ വീശി. കണ്ണന്‍ തിരിച്ചും. ചിന്നമ്മു കുഞ്ഞിനേയും, വിളക്കും എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി. കണ്ണന്‍ നേരെ മണിമാളികയിലേയ്ക്കും.

അവനെ പ്രതീക്ഷിച്ചെന്നോണം തങ്കം പുറത്തു നില്‍പ്പുണ്ട്. തങ്കത്തിന് കുട്ടികള്‍ രണ്ടാണ്. അവര്‍ മുറ്റത്ത്‌ നിന്നു കളിക്കുന്നുണ്ട്. കണ്ണനെ കണ്ടതും തങ്കം പരാതിപോലെ പറഞ്ഞു. " എത്ര നേരായീന്നു അറിയോ കണ്ണന്‍ ഞാന്‍ നിന്നെ നോക്കുന്നു. " "എന്താ കൊച്ചമ്മേ " അവന്‍ തിരക്കി.
പീടികയില്‍ ലോഡ് ഇന്ന് വരണുണ്ട്. വെളുപ്പിന് എത്തേണ്ടതായിരുന്നു. പക്ഷെ, ഇപ്പോഴാ വന്നത്. അവിടുന്ന് ഇപ്പോള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. രാത്രീല് തന്നെ ലോഡ് ഇറക്കി അവര്‍ക്ക് തിരിച്ചു പോണംത്രേ. കണ്ണന്‍ ടൌണ്‍ വരെ ഒന്ന് പോകണം. എന്നിട്ട്, ജോലി കഴിഞ്ഞു ഇങ്ങട് വരണം.
"ശെരി, കൊച്ചമ്മേ!! എങ്കില്‍ ഞാന്‍ പോകട്ടെ? അവന്‍ ഉടന്‍ തന്നെ അവിടെ നിന്നും പോയി.

സമയം രാത്രി പത്തിനോടടുത്തു. ചിന്നമ്മു ഒരു റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍, കണ്ണനെയും കാത്തിരിപ്പാണ്. കുഞ്ഞു പുല്‍പ്പായയില്‍ കിടന്നു ഉറങ്ങുകയാണ്. പുറത്തു നായ്ക്കള്‍ തെളിഞ്ഞ ആകാശത്തിലെ നിലാവിനെ നോക്കി ഓരിയിടുന്നു. കൂടെക്കൂടെ, അവള്‍ ഉറക്കത്തിലേയ്ക്കു വീണുപോകും. പുറത്തു നല്ല തണുത്ത കാറ്റ്. തെങ്ങോലകള്‍ ആടിയുലയുന്നു. അവള്‍ക്കു ചെറിയ പേടി തോന്നി. അവള്‍ എഴുന്നേറ്റു വന്നു മുറിയുടെ വാതില്‍ അടച്ചു.

സമയം പതിനൊന്നിനോടടുത്തു. പീടികയിലെ ലോഡ് മുക്കാല്‍ ഭാഗത്തോളം ഇറക്കി തീര്‍ന്നപ്പോള്‍ മുതലാളി കണ്ണനെ വിളിച്ചു. കണ്ണന്‍ അടുത്തേയ്ക്ക് ചെന്നു. കണ്ണന്‍ ഇന്നിനി പൊയ്ക്കോള്ളൂ. കുടീല് ചിന്നമ്മു തനിച്ചല്ലേ? പിന്നെ ഒരു കാര്യം നീ മണിമാളികയില്‍ പോയി തങ്കത്തിനോട് പറയണം, എന്നെ ഇന്ന് നോക്കണ്ട എന്ന്. ഇവരുടെ കണക്കൊക്കെ തീര്‍ത്ത് ഞാന്‍ ഇതെല്ലാം ഒന്ന് ശെരിയാക്കി പുലര്‍ച്ചെ എത്താം എന്ന്. കണ്ണന്‍ ശെരി എന്ന് പറഞ്ഞു കൊണ്ട് വേഗം ഡ്രസ്സ്‌ എടുത്തിട്ടു. പിന്നെ അവിടെനിന്നും നടന്നകന്നു.

ടൌണില്‍ എത്തിയപ്പോഴാകട്ടെ, വാഹനങ്ങള്‍ ഒന്നും തന്നെയില്ല, ഒരു മഴയുടെ തുടക്കം എന്നപോലെ മഞ്ഞുത്തുള്ളികള്‍ മേലാകെ നനവ് പടര്‍ത്തുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു ചെറു പ്രകാശം കണ്ടവന്‍ റോഡിലേയ്ക്ക് കയറി നിന്ന് കൈകാട്ടി. ഭാഗ്യത്തിന് അവര്‍ നിര്‍ത്തി. ടൌണില്‍ സിനിമ കണ്ടു തിരികെ പോയിരുന്ന അവന്റെ ചില സുഹൃത്തുക്കള്‍ ആയിരുന്നു. അങ്ങനെ അവരോടൊപ്പം അവന്‍ മണിമാളികയുടെ മുന്നിലെ ചെമ്മണ്‍ പാതയില്‍ എത്തി.അവന്‍ നേരെ മുറ്റത്തെയ്ക്കിറങ്ങി. കൂട്ടില്‍ കിടന്ന നായ് ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഉടനെ അകത്തെ മുറിയില്‍ പ്രകാശം തെളിഞ്ഞു. മുന്‍വശത്തെ വാതില്‍ തുറന്നുകൊണ്ട് തങ്കം പറഞ്ഞു.
"എത്ര നേരായിരിക്കുന്നു കണ്ണാ. ഞാന്‍ നോക്കിയിരിക്കുവായിരുന്നു. എന്തേ ഇത്രേം താമസിച്ചത്? നീ ഭക്ഷണം കഴിച്ചുവോ? ഇനീപ്പോ, നീ കയറിവാ ഭക്ഷണം കഴിച്ചിട്ട് പോകാം.
"വേണ്ട കൊച്ചമ്മാ, കുടീല് ചിന്നമ്മു മാത്രേയുള്ളൂ. ഞാന്‍ പോകുന്നു. മുതാലാളി നാളെ പുലര്‍ച്ചെ എത്തൂ എന്ന് പറഞ്ഞു.

തങ്കത്തിന്റെ മുഖഭാവം പെട്ടെന്നാണ് മാറിയത്. "ഞാനല്ലേ വിളിക്കുന്നത്‌ എന്ന് പറഞ്ഞുകൊണ്ടവര്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ കൈയില്‍ പിടിച്ചു. അവനു തിരിച്ച് ഒന്നും പറയാന്‍ തോന്നിയില്ല. അവന്‍ അവരോടൊപ്പം അറിയാതെ അകത്തേയ്ക്ക് കയറി. കണ്ണന്‍ അകത്തു കയറിയതും അവര്‍ വാതിലടച്ചു കുറ്റിയിട്ടു.

വലിയഹാളില്‍ അലങ്കാര വസ്തുക്കള്‍ അവിടവിടെ വളരെ ഭംഗിയായി അടുക്കിവചിട്ടുണ്ട്. ഒരുവശത്ത് ഒരു മേശമേല്‍ ടെലിവിഷന്‍ ഇരിക്കുന്നുണ്ട്‌. അതിനു താഴെ വി.സി.ആറും. ഇടതു വശത്തായി ടെലഫോണ്‍.,. തങ്കം അവനെ വിളിച്ചു. ഹാളിനു കുറുകെയുള്ള കര്‍ട്ടന്‍ മാറ്റിയപ്പോള്‍ അകത്തു വിശാലമായ ഡൈനിങ്ങ്‌ ടേബിള്‍, അവര്‍ അവനെ അവിടെയ്ക്ക് ക്ഷണിച്ചു. കണ്ണന്‍ മടിച്ചുമടിച്ച് അതിനകത്തെയ്ക്ക് കയറി. തങ്കം പാത്രങ്ങളില്‍ ഭക്ഷണം വളരെ വേഗം വിളമ്പി കണ്ണന് കൊടുത്തു. അവന്‍ മനസ്സില്ലാമനസ്സോടെ അത് കഴിക്കുവാന്‍ തുടങ്ങി. തങ്കം അവനെതിരായി കസേരയില്‍ ഇരുന്നു. അവനെത്തന്നെ നോക്കിയിരിക്കുകയാണവര്‍

പുറത്ത് കാറ്റ് വീശുന്നു. കൊള്ളിയാനുകള്‍ ഇരുളില്‍ ആരെയോ തേടിയലയുന്നു. പെട്ടെന്ന് അതിശക്തമായി മഴപെയ്യുവാന്‍ തുടങ്ങി. കണ്ണന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. മഴ കൂടി വരുന്നതേ ഉള്ളൂ. തങ്കം എഴുന്നേറ്റു ജനല്‍പാളികള്‍ അടച്ചു. അവന് തണുക്കുന്നുണ്ട്. അവര്‍ക്കും. കണ്ണന്‍ ഭക്ഷണം കഴിച്ചിട്ട് എഴുന്നേല്‍ക്കാന്‍ വന്നപ്പോള്‍ തങ്കം ഓടിവന്നു. അവര്‍ പാത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. അവന്‍ കൈകഴുകി ഹാളിലേയ്ക്ക് എത്തി. പുറത്തു മഴ പെയ്യുന്നത് അവന്‍ ജനല്‍ വിരിപ്പ് മാറ്റി നിന്നു നോക്കുകയാണ്. പുറകില്‍ നിന്നും ഒരു തണുത്ത കൈത്തലം അവനില്‍ സ്പര്‍ശിച്ചപ്പോള്‍ അവന്‍ പെട്ടെന്ന് തിരിഞ്ഞു. പിന്നെ ഭിത്തിയോട് ചേര്‍ന്നു. പെട്ടെന്നവന്‍ പറഞ്ഞു..."കൊച്ചമ്മാ ഞാന്‍ പോകുന്നു.

പക്ഷേ, തങ്കം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ മുഖഭാവം പാടെ മാറിയിരുന്നു. തങ്കം കണ്ണനെ ഇറുകെപ്പുണര്‍ന്നു. അവരുടെ ശരീരത്തിന്‍റെ താപം അവനെ വല്ലാതെ തളര്‍ത്തി. അവന്‍ വല്ലാതെ എതിര്‍ത്തുവെങ്കിലും അത് നിമിഷനേരത്തേയ്ക്കായിരുന്നു. കണ്ണന്‍റെ കൈകള്‍ തങ്കത്തിന്റെ മേനിയെ ഒരു നാഗത്തെ പ്പോലെ ഇറുകെ ചുറ്റി വരിഞ്ഞു. ജനാലയുടെ വിരികള്‍ പുറത്തെ തണുത്ത കാറ്റില്‍ മെല്ലെ യുലഞ്ഞു. തങ്കത്തിന്റെ കവിളുകളിലും, ചെമ്മലര്‍ ചുണ്ടിണകളിലും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. കണ്ണന്‍ അവളില്‍ യുദ്ധക്കൊതിപൂണ്ട ഒരു യോദ്ധാവിനെപ്പോലെ പടവാള്‍ വീശി.

സമയം ഒന്നായി എന്നറിയിക്കാന്‍ ചുവരില്‍മേല്‍ ഘടികാരം മണിമുഴക്കി. കണ്ണന്‍ പതിയെ എഴുന്നേറ്റു. തങ്കം തളര്‍ന്നു കിടപ്പാണ്. അവന്‍ വസ്ത്രം ധരിച്ചു പോകാന്‍ ഇറങ്ങിയപ്പോള്‍ തങ്കം എഴുന്നേറ്റ് അവനെ അനുഗമിച്ചു. അപ്പോള്‍ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അവനെ നോക്കുന്നു. കണ്ണന്‍ പുറത്തേയ്ക്കിറങ്ങി. മുറ്റമാകെ മഴവെള്ളം. അവന്‍ ഒന്ന് തിരിഞ്ഞുനോക്കി. തങ്കം വാതിലിന്‍റെ മറവില്‍ നിന്നു സാകൂതം അവനെ നോക്കുകയാണ്.

വാതിലില്‍ തുടരെയുള്ള മുട്ടു കേട്ടാണ് ചിന്നമ്മു കണ്ണു തുറന്നത്. "ആരാ കണ്ണേട്ടനാണോ? അവള്‍ ആരാഞ്ഞു.
"അതെ ചിന്നമ്മു" കണ്ണന്‍ ഉത്തരം നല്‍കി.
അവന്റെ ശബ്ദം കേട്ടതും അവള്‍ പിടഞ്ഞെഴുന്നേറ്റു. ഓടിവന്നവള്‍ കതകു തുറന്നു. അവന്‍ നനഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ ഓടിച്ചെന്നു തോര്‍ത്തെടുത്ത് കൊണ്ടുവന്നു. അവന്‍ അത് വാങ്ങി. ഷര്‍ട്ടും, മുണ്ടും മാറി പുതിയവ ധരിച്ചു. പിന്നെ തല തുവര്‍ത്തി. ചിന്നമ്മു റാന്തലിന്റെ തിരി വീണ്ടും നീട്ടി വച്ച്.
എന്നിട്ടവള്‍ ചോദിച്ചു." ചോറ് വിളമ്പട്ടെ ഏട്ടാ".
"വേണ്ട ഞാന്‍ കഴിച്ചു". കണ്ണന്‍റെ മറുപടി. നീ കിടന്നോള്ളൂ. അവന്‍ പറഞ്ഞു.
അവള്‍ കുഞ്ഞിനടുത്ത് ചേര്‍ന്ന് കിടന്നു. കണ്ണന്‍ കയര്‍ കട്ടിലിലും.

ചിന്നമ്മു കുറച്ചു സമയം കൊണ്ട് ഉറക്കം പിടിച്ചു. കണ്ണന്‍ കിടക്കയില്‍ നിന്നും ചരിഞ്ഞ് അവളുടെ നിഷ്കളങ്കമായ മുഖം നോക്കി കിടന്നു. അവനു എന്തെന്നില്ലാത്ത വിഷമം തോന്നി. അവന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. ആ രാത്രി ഉറക്കമില്ലാതൊരു രാത്രിയായി മാറി കണ്ണന്. എന്നാലും പുലര്‍ച്ചക്കോഴികളുടെ കൂകലില്‍ എപ്പോഴോ അവന്‍ മിഴികള്‍ അടച്ചു.

(തുടരും)


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 5

ഇങ്ങനെ സംസാരിച്ചുകൊണ്ട് അവര്‍ കുടികളിലേയ്ക്ക് അടുത്തു തുടങ്ങി. ചെമ്മണ്‍ പാത രണ്ടായി പിരിഞ്ഞപ്പോള്‍ കണ്ണനും വാസുവും രണ്ടു വഴികളിലായി തിരിഞ്ഞു അവരുടെ കുടികളിലേയ്ക്ക് പോയി.
കുടീടെ മുന്നില്‍ എത്തിയതും കണ്ണന്‍ അകത്തേയ്ക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു. "ചിന്നമ്മുവേ!!!".....ചിന്നമ്മുവിനറിയാം ആ വിളി എന്തിനെന്ന്. അവള്‍ വാതില്‍ക്കലേയ്ക്ക് എത്തി നോക്കി വിളിച്ചു പറഞ്ഞു.." സോപ്പ്,...ദേ! അതവിടെ എടുത്തു വച്ചിട്ടുണ്ട് കണ്ണേട്ടാ...
അവന്‍ ഒരു മൂളിപ്പാട്ടും പാടി കുളിപ്പുരയുടെ അകത്തേയ്ക്ക് കയറി. അവന്‍ കുളിച്ചു തീരാറായപ്പോള്‍ അവള്‍ അവന്റെ ഷര്‍ട്ടും, മുണ്ടും കൊണ്ടുവന്നു കുളിപ്പുരയുടെ വാതിലിന് മുകളില്‍ ഇട്ടതിനു ശേഷം മുറിക്കുള്ളിലേയ്ക്ക് പോയി.
കണ്ണന്‍ കുളി കഴിഞ്ഞ് പുത്തനുടുപ്പും മുണ്ടും ധരിച്ചു പുറത്തേയ്ക്ക് വന്നു. ഇത് അവന്റെ ഒരു ശീലമാണ്. എപ്പോഴും ഷര്‍ട്ട്‌ ധരിച്ചേ അവന്‍ നില്‍ക്കാറുള്ളൂ. ഇത് ചിന്നമ്മുവിനു നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അത് മുന്‍കൂട്ടി അവള്‍ അവിടെ കൊണ്ട് വന്നു ഇട്ടത്.

അവിടെ കിണറിനു അരുകില്‍ നിന്നാല്‍ മുതലാളീടെ വീട് കാണാം. ഇപ്പോള്‍ ആ വീടിനു പിന്‍വശത്ത് മുതലാളിയുടെ ഭാര്യ നില്‍പ്പുണ്ട്. അവര്‍ കണ്ണനെ തന്നെ നോക്കി നില്‍ക്കുകയാണ്. അവനു അവരെ വല്ലാത്ത ബഹുമാനമാണ്. പലപ്പോഴും കണ്ണനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുടെ സഹായമനസ്ഥിതി അവനു വളരെ ഇഷ്ടമാണ്. അവന്‍, അവരെ കൊച്ചമ്മേ എന്നാണു വിളിക്കാറ്.

കുറേനേരം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ചിന്നമ്മു പുറത്തേയ്ക്ക് വന്നു. അവള്‍ അതീവസുന്ദരിയാണിന്ന്. കണ്ണുകളില്‍ മനോഹരമായി കരി വരച്ചിട്ടുണ്ട്. കണ്‍പീലികളില്‍ അതങ്ങനെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. പുരികത്തിന്റെ മനോഹാരിതയ്ക്കിടയില്‍ കുങ്കുമവര്‍ണം കൊണ്ടൊരു പൊട്ടു തൊട്ടിട്ടുണ്ടവള്‍, തലമുടിയില്‍ കൃഷ്ണതുളസ്സി ചൂടീട്ടുണ്ട്. ഒരു ദേവതയെപ്പോലെ അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണന്‍ സ്ഥലകാലം മറന്നങ്ങിനെ നില്‍പ്പായി.

ഏയ്‌, എന്തായിത്?...അവളവനെ വന്നൊന്നു തോണ്ടി.

നീ വല്ലാണ്ട് സുന്ദരിയായിരിക്കുന്നല്ലോ ഇന്ന്. അവന്‍ അടഞ്ഞസ്വരത്തോടെ പറഞ്ഞു.
സമയം എത്രായീന്നറിയ്യോ കണ്ണേട്ടാ. ദേ എനിക്ക് വിശന്നിട്ടു വയ്യാട്ടോ. അവള്‍ അത് പറഞ്ഞപ്പോള്‍ അവന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു അകത്തേയ്ക്ക് പോയി.
നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു അവന്‍,... ഒന്ന് നോക്കി. പിന്നെ മനോഹരമായി മുടി കോതിയൊതുക്കി. പിന്നെ തിരിഞ്ഞു ചിന്നമ്മുവിനെ നോക്കി. അവള്‍ അവനെ നോക്കി ഒന്ന് ചിരിച്ചു.

അടുക്കളയിലേയ്ക്ക് പോയ അവന്‍ അതിന്റെ മൂലയില്‍ ഇട്ടിരുന്ന ബഞ്ചില്‍ ഇരുന്നു. അവള്‍ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പി അവനരുകില്‍ കൊണ്ട് വന്നു വച്ചിട്ട് അവനോടു ചേര്‍ന്നിരുന്നു. അവന്‍ ആഹാരം കഴിക്കുന്നത്‌ ഒരു കുഞ്ഞിനെപ്പോലെ അവള്‍ നോക്കിയിരുന്നു. കണ്ണന്‍ തന്റെ കൈയ് അവളുടെ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. അവരുടെ കിന്നാരം അങ്ങിനെ നീണ്ടുപോയി.

ഊണ് കഴിഞ്ഞാല്‍ പിന്നെ ചെറിയൊരുറക്കം അവനു പതിവാണ്. ആ നേരങ്ങളില്‍ ചിന്നമ്മു എന്തെങ്കിലും ചെറു ജോലികളിലേര്‍പ്പെടും. അങ്ങനെ ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു.

വയലേലകളില്‍ നെല്‍ക്കതിരുകള്‍ ഉരസ്സുമ്പോള്‍ ഉണ്ടാകുന്ന മര്‍മര ശബ്ദത്താല്‍ മുഖരിതമാണവിടം. വിളഞ്ഞു കിടക്കുന്ന നെല്‍ക്കതിര്‍ കണ്ടാലോ, ഒരു മഞ്ഞപ്പട്ട് വിരിച്ചപോലെ തോന്നും. വിളവെടുപ്പിനുള്ള സമയമായി. കുടികളില്‍ സന്തോഷത്തിന്റെ ദിവസങ്ങള്‍ ആണിനി. പുത്തനരിച്ചോറു കഴിക്കുവാന്‍ പോകുന്ന ആവേശത്തിലാണ് കുട്ടികള്‍

അവള്‍, ചിന്നമ്മു ഗര്‍ഭിണിയാണിന്ന്. അവളുടെ നിറവയര്‍ കൊണ്ടുള്ള നില്‍പ്പ് കാണുമ്പോള്‍ ആകെ സന്തോഷത്തിലാകും കണ്ണന്‍, അവന്‍ അവളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ നോക്കുകയാണ്. എല്ലാ കാര്യങ്ങളിലും ഉള്ള അവന്റെ ശ്രദ്ധ പലപ്പോഴും അവളെ അത്ഭുതപ്പെടുത്താറുണ്ട്. ഭക്ഷണം പാകം ചെയ്യലും, കുളിക്കാനുള്ള വെള്ളം...എന്നു വേണ്ട എല്ലാ കാര്യങ്ങളും അവന്‍ തന്നെയാണ് ചെയ്യാറ്. അവള്‍ ഒന്നും അവനോടു ആവശ്യപ്പെടാറില്ല. അവന്‍റെ കഷ്ടപ്പാടുകള്‍ അറിഞ്ഞു ജീവിക്കുന്ന ഒരു നല്ല ഭാര്യയാണവള്‍

കൊയ്ത്തുകാലമായി. പാടങ്ങളില്‍ ചിലതില്‍ നിന്നും നെന്മണികള്‍ കൊയ്ത്തുമാറ്റപ്പെട്ടു. ഇനി വരുന്നത് ചിങ്ങമാസമാണ്. ഓണക്കാലം. ഗ്രാമങ്ങളിലൊക്കെ ഉത്സവത്തിമര്‍പ്പാണ്. അങ്ങനെ ഉത്രാടം രാവിന്‍റെ വിശുദ്ധിയില്‍ ആ ഗ്രാമം നമിച്ചു നില്‍ക്കുകയാണ്.. പതിവില്‍ നിന്നും വിപരീതമായി ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ടുണ്ട്. കണ്ണന്‍ മുറ്റത്തില്‍ ഉലാത്തുകയാണ്. ചിന്നമ്മു ഇന്ന് വളരെ ക്ഷീണിതയാണ്. സമയം രാത്രി എട്ടിനോടടുത്തു തുടങ്ങി. ചിന്നമ്മുവിനു അസഹ്യമായ വേദന തോന്നി. അവള്‍ ആ പുല്‍പ്പായയില്‍ കിടന്നു കൊണ്ട് കണ്ണനെ വിളിച്ചു.

എന്‍റെ കണ്ണേട്ടാ, എനിക്ക് വയ്യാട്ടോ....അമ്മേ!!! അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുവാന്‍ തുടങ്ങി.
കണ്ണന്‍ ഓടിവന്ന് അവളുടെ മുഖം കൈകളില്‍ താങ്ങി മാറി മാറി മുത്തം നല്‍കി. അവന്‍ ആ രാത്രി തന്നെ ഓടിയെത്തി കാര്‍ത്യായനിയമ്മയുടെ വീടിന്‍റെ കതകിനു മുട്ടി.
"കാര്‍ത്യായനിയമ്മേ, കാര്‍ത്യായനിയമ്മേ"...അവന്‍ വിളിച്ചു.
"എന്താ മോനെ, എന്ത് പറ്റി" ചോദിച്ചുകൊണ്ട് അവര്‍ കതകു തുറന്നു. കണ്ണനെ കണ്ടവര്‍ പറഞ്ഞു. ചിന്നമ്മുനു സുഖമില്ല അല്ലിയോ? മോന്‍ കുടീലോട്ടു പൊയ്ക്കോള്ളൂ. ഞാനിപ്പോള്‍ ആളിനെയും കൂട്ടി അങ്ങട് എത്താം. അവന്‍ വീണ്ടും ഓടി. എത്തി പുരയുടെ വാതിലില്‍ നിന്നു. പിന്നീട് ദീര്‍ഘമായി ഒന്ന് നിശ്വാസം കൊണ്ടു. ചിന്നമ്മുവിന്റെ നേര്‍ത്ത കരച്ചില്‍ കേള്‍ക്കുന്നുണ്ട്. അവന്‍ അതുകേട്ടുകൊണ്ട് മെല്ലെ തളര്‍ന്ന് നിലത്തെയ്ക്കിരുന്നു.

അല്പസമയത്തിനുള്ളില്‍ കാര്‍ത്യായനിയമ്മയും രണ്ടു സ്ത്രീകളും എത്തി. അവര്‍ മുറിയ്ക്കുള്ളിലേയ്ക്ക് കയറി കതകടച്ചു. അപ്പോഴേയ്ക്കും ഒരു കുഞ്ഞു റാന്തല്‍ വിളക്കുമായി വാസുവും എത്തി. അയാള്‍ കണ്ണനടുത്തേയ്ക്ക് വന്നിരുന്നു.
സമയം നീങ്ങുന്നതേ ഇല്ലെന്നു തോന്നിയവന്. അന്ധകാരത്തിലെ നിശബ്ദതതയെ അവന്‍ അന്ന് ആദ്യമായി ഭയന്നു. ചീവീടുകളുടെ കരച്ചില്‍ അവന്‍റെ കര്‍ണ്ണങ്ങളില്‍ കൂരമ്പുകളായി പതിയ്ക്കുവാന്‍ തുടങ്ങി. അവന്‍ വല്ലാത്ത വിഷമത്തോടെ കൈകള്‍ കൊണ്ട് കാതുകള്‍ രണ്ടും പൊത്തി.

സമയം ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. മുറിക്കുള്ളില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കണ്ണന്‍ ജിജ്ഞാസുവായി. വാസു പതുക്കെ എഴുന്നേറ്റു. അപ്പോഴേയ്ക്കും ഒരാണ്‍കുഞ്ഞുമായി കാര്‍ത്യായനിയമ്മ പുറത്തേയ്ക്ക് വന്നു. അവരുടെ മുഖം സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. കണ്ണന്‍റെ കൈകളിലേയ്ക്ക് കുഞ്ഞിനെ നീട്ടികൊടുത്തു. അവന്‍ സന്തോഷത്തോടെ, എന്നാല്‍ അല്‍പ്പം ഭയത്തോടെ ആ കുഞ്ഞിനെ കൈകളിലേയ്ക്ക് സ്വീകരിച്ചു. എന്നിട്ട് മെല്ലെ ചോദിച്ചു... "അമ്മേ!!! ചിന്നമ്മു....."

അവള്‍, സുഖായിരിക്കുന്നു മോനെ. ഈശ്വരാനുഗ്രഹം ഉണ്ടെന്റെ കുട്ടിയ്ക്ക്. കണ്ണന്‍ കൈകളില്‍ ഇരിക്കുന്ന കുഞ്ഞിനെ നോക്കി നിന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. കാര്‍ത്യായനിയമ്മ കുഞ്ഞിനെ വാങ്ങി അകത്തേയ്ക്കുപോയി. ഇനിയിപ്പോള്‍ കണ്ണന് അകത്തേയ്ക്ക് കയറാം. അകത്തു നിന്നും വയറ്റാട്ടിയുടെ അറിയിപ്പ് കിട്ടിയതോടെ അവന്‍ അകത്തേയ്ക്ക് കയറി. അവനെ കണ്ടതോടെ ചിന്നമ്മു തേങ്ങിക്കരഞ്ഞുപോയി.

അവന്‍, അവളുടെ അരുകിലായി, ആ പുല്‍പ്പായയില്‍ ഇരുന്നു. അവളുടെ വലതുകരം അവന്‍റെ കൈവെള്ളയില്‍ അമര്‍ത്തി, അവന്‍റെ കവിളിനോട് ചേര്‍ത്തു. സന്തോഷത്താല്‍ ചിന്നമ്മുവും, കണ്ണനും തേങ്ങിത്തേങ്ങിക്കരഞ്ഞു. കുഞ്ഞാകട്ടെ, ഇതൊന്നുമറിയാതെ മനോഹരമായ ഉറക്കത്തിലുമാണ്.

ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. ചിന്നമ്മു പഴയത് പോലെ പ്രസന്നവതിയാണ്. കണ്ണന്‍ പണികഴിഞ്ഞാല്‍ പാഞ്ഞെത്തും. ചിന്നമ്മുവിനോട് അവനിപ്പോള്‍ അടക്കാനാവാത്ത സ്നേഹമാണ്. അവള്‍ മടിമേല്‍ കുഞ്ഞിനേയും വച്ചുകൊണ്ട് ഇരിക്കുന്നത് ഏറെനേരം അവന്‍ നോക്കിയിരിക്കും. കണ്ണന്‍റെ സ്നേഹത്തിന് മുന്നില്‍ അവളും എല്ലാം മറന്നിരിക്കും.

മാസങ്ങള്‍ കഴികെ, അവര്‍ ആ കുഞ്ഞിനു ശിവന്‍ എന്ന് പേരിട്ടു. കണ്ണന്‍ അവനെ സ്നേഹത്തോടെ "ചിന്നാ" എന്ന് വിളിക്കും. അവന്‍ പിച്ചവച്ചു നടക്കുന്നത് കാണുമ്പോള്‍ കണ്ണന്‍ നിര്‍ന്നിമേഷനായി നോക്കിയിരിക്കും. അവന്‍ വീഴുമ്പോള്‍ ഉള്ള ചിന്നമ്മുവിന്റെ പരിഭ്രമം കാണുമ്പോള്‍ അവന്‍ ആര്‍ത്തുചിരിക്കും. അതിലവള്‍ പരിഭവപ്പെടുമെങ്കിലും അത് നിമിഷനേരത്തേയ്ക്ക് മാത്രമായിരിക്കും.

(തുടരും)



ചിന്നമ്മു അനാഥയാണ്....

അദ്ധ്യായം 4

സൂര്യന്‍ കത്തിജ്വലിച്ചു കൊണ്ട് തലയ്ക്കു നേര്‍ മുകളിലാണ്. തലേദിവസത്തെ മഴയുടെ ഒരു ലക്ഷണവും കാണിക്കാതെ പ്രകൃതി സൂര്യതാപമേറ്റ് തല കുമ്പിട്ടു നില്‍ക്കുന്നു. ഒരു നവോഢയെപ്പോലെ.

പാടത്ത് പണിയെടുക്കുന്ന പണിക്കാരെല്ലാം തന്നെ വിയര്‍ത്തു നില്‍ക്കുകയാണ്. ചൂടിന്റെ കാഠിന്യം കൊണ്ടവരുടെ കണ്ണുകള്‍ തളര്‍ന്നിട്ടുണ്ട്. മുഖം ക്ഷീണിതമാണ്. ഇപ്പോള്‍ സമയം ഒന്നായി. ഓരോരുത്തരായി പണി നിര്‍ത്തി കരയിലേയ്ക്ക് കയറിത്തുടങ്ങി. കണ്ണന്‍ തന്റെ തൂമ്പയും എടുത്തു കരയിലേയ്ക്ക് കയറി. പിന്നവന്‍ അകലെ നില്‍ക്കുന്ന ജനിയെ നോക്കി. അപ്പോഴെല്ലാം അവള്‍ അവനെത്തന്നെ സാകൂതം നോക്കി നില്‍ക്കുകയാണ്. അവന്‍ കുളക്കരയിലേയ്ക്ക് ചെന്ന് മെല്ലെ കുളത്തിലേയ്ക്ക് ഇറങ്ങി. മേലാകെ പുരണ്ടിരുന്ന ചെളി കഴുകിക്കളഞ്ഞ് അവന്‍ കരയിലേയ്ക്ക് കയറി. അപ്പോള്‍ കുളക്കരയില്‍ ജനി നില്‍ക്കുന്നുണ്ടായിരുന്നു.അവള്‍ എന്തോ അവനോടു പറയാന്‍ തുടങ്ങിയതും കണ്ണന്‍ അവളോട്‌ ചോദിച്ചു.

"അച്ഛനെങ്ങനുണ്ട്...ജനി? ഭേദമുണ്ടോ ഇപ്പോള്‍?

ഇല്ല. അതുപോലെ തന്നെ. എങ്ങനാ ഒന്ന് കുറയുന്നെ! ദിവസോം വലിച്ചുകൂട്ടണ ബീഡിയ്ക്ക് ഒരു കണക്കില്ലല്ലോ. ഞാനെന്തു ചെയ്യാനാ കണ്ണേട്ടാ. ഞാനെപ്പോഴും അച്ഛനോട് പറയും. അച്ഛനങ്ങ് കണ്ണടച്ചാല്‍ പിന്നെ കുടീല് ഞാന്‍ മാത്രേ ഉള്ളൂവെന്ന്. കാല്‍ക്കാശിനു ഗതിയില്ലാതെ എന്നെ ഞാന്‍ ഇഷ്ടപ്പെടണ ആളുകൂടി കളഞ്ഞതല്ലേ? എന്റേതു ഒരു ശാപം പിടിച്ച ജന്മമായിപ്പോയല്ലോ കണ്ണേട്ടാ!!- ഇത്രയും പറഞ്ഞു കൊണ്ടവള്‍ കരഞ്ഞുതുടങ്ങി.

ഏയ്‌, കരയാതെ. ആള്‍ക്കാരൊക്കെ കാണും. ഞാനിന്നു നീ ഇഷ്ടപ്പെടുന്ന കണ്ണനല്ല. മറിച്ച്, ഞാന്‍ താലി കെട്ടിയ ഒരു പെണ്ണുണ്ട് എന്‍റെ കുടീല്. ഇന്ന് അവളെയാണ് ഞാന്‍ സ്നേഹിക്കുന്നത്, സ്നേഹിക്കേണ്ടതും. നീ എന്നെ സ്നേഹിച്ചത് കുറ്റമാണെന്ന് ഞാന്‍ പറയില്ല. നിന്നെ എനിക്കും ഇഷ്ടാ ജനി. പക്ഷെ, ഒന്നും ചെയ്യാനിനി എന്നെക്കൊണ്ട് കഴിയില്ല - കണ്ണന്‍ പറഞ്ഞു.

കണ്ണേട്ടനെല്ലാം പെട്ടെന്നങ്ങ് പറയുകേം, മറക്കുകേം ഒക്കെ ചെയ്യാം. സ്നേഹിച്ച പെണ്ണിന് ആ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന നിങ്ങളാണുങ്ങള്‍ക്ക് മനസ്സിലാവില്യ. കണ്ണേട്ടനെവിടെ, ഈ പാവപ്പെട്ട ഞാനെവിടെ? അല്ലെങ്കില്‍, കല്യാണം തരപ്പെടുന്നുണ്ട് എന്നൊരു വാക്ക് പറഞ്ഞോ കണ്ണേട്ടന്‍, എന്തിനാ അല്ലെ കണ്ണേട്ടാ, ങ്ങക്ക് ഈ പാവം പെണ്ണിനെ?

കണ്ണനവളെ തുറിച്ചുനോക്കി. പിന്നെ പറഞ്ഞു. നീ എന്നോട് ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ? ഞാനെങ്ങനെ അറിയും നിനക്കെന്നോട് സ്നേഹായിരുന്നുവെന്ന്.
നീയൊരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാനീ കല്യാണം വേണ്ടാന്നു വച്ചേനെ. ഇനി എന്തിനാ ഇതെല്ലാം പറയുന്നത്. ഒക്കെ കഴിഞ്ഞതല്ലേ? എനിക്കിനി ഒന്നേ നിന്നോട് പറയാനുള്ളൂ. എല്ലാം മറക്കണം നീയ്...ആതാ വേണ്ടതിപ്പോ. അത് രണ്ടാള്‍ക്കും നല്ലതിന് വേണ്ടീട്ടാ......

പറ്റുമോ, കണ്ണേട്ടാ എനിക്ക്? ഇല്ല ഞാനൊരിക്കലും മറക്കില്ല. എന്‍റെ ഹൃദയത്തില്‍ കണ്ണേട്ടന്‍ ഇപ്പോഴുമുണ്ട്. ഉണ്ണുമ്പോഴും, ഉറങ്ങുംമ്പോഴും ഒക്കെ ഞാന്‍ കാണണ ഒരു രൂപം ങ്ങളെതാ കണ്ണേട്ടാ. കാവിലെ കല്‍വിളക്ക്‌പോലെ എന്‍റെ നെഞ്ചില്‍ അതിങ്ങനെ കത്തിനില്‍ക്കുവാ. മരണം വരെ ഞാനത് മറക്കില്ല. മറക്കാന്‍ എന്നെക്കൊണ്ട് പറ്റണില്ല്യ കണ്ണേട്ടാ....അവള്‍ മുഖം പൊത്തി കരഞ്ഞു.

അപ്പോഴാണ്‌ കാര്‍ത്യായനിയമ്മ അവിടേയ്ക്കു ശ്രദ്ധിച്ചത്. ജനിയുടെ കരച്ചില്‍ കണ്ടവര്‍ അവളുടെ അരുകിലേയ്ക്ക് വന്നു. പിന്നെ പതിയെ ചോദിച്ചു.
"എന്ത് പറ്റി മോളെ, എന്താ ജനി നിനക്ക് പറ്റിയെ"...?

അവള്‍ പെട്ടെന്ന് മുഖം തുടച്ചു. പിന്നെ പറഞ്ഞു. " ഏയ്‌, ഒന്നുല്ല്യ..കാര്‍ത്യായനിയമ്മേ...

അല്ല, എന്തോ ഉണ്ട്. എന്താ കണ്ണാ? അവര്‍ കണ്ണനെ നോക്കി ചോദിച്ചു.

ഏയ്‌, ഒന്നുമില്ല അമ്മെ. അച്ഛന്റെ കാര്യം പറഞ്ഞു കരയുകാ അവള്. സഹായിക്കാന്‍ ആരൂല്ലാല്ലോ ആ കുട്ടിയ്ക്ക്. കാര്‍ത്യായനിയമ്മാ, നമ്മുടെ അപ്പുണ്ണിമാഷുടെ മകനില്ലേ...ആ രഘു. അവന്‍ നല്ല പയ്യനല്ലിയോ? ജനീടെ അച്ഛനും മാഷല്ലായിരുന്നോ. ഇനിയിപ്പോ കിടപ്പിലായെങ്കിലും അപ്പുണ്ണി മാഷുടെ ഒരു നല്ല സുഹൃത്തല്ലേ ജനീടച്ഛന്‍, ആ സ്ഥിതിയില്‍ ചിലപ്പോള്‍ അപ്പുണ്ണി മാഷ് സമ്മതിയ്ക്കും. ആ ചെക്കനെ നമ്മുക്കൊന്ന് ആലോചിച്ചാലോ ഇവള്‍ക്ക് വേണ്ടി?

ജനി മുഖമുയര്‍ത്തി കണ്ണനെ ഒന്ന് നോക്കി. പിന്നവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവിടെ നിന്നും ഓടിയകന്നു.

ഓരോരുത്തരായി കുടികളിലെയ്ക്ക് പോയിത്തുടങ്ങി. കണ്ണന്‍ തൂമ്പയെടുത്ത് പണിപ്പുരയില്‍ വച്ച്. എന്നിട്ടവന്‍ വാസുവുമൊത്ത് കുടിയിലേയ്ക്ക് നടന്നു.

അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം വാസു സംസാരിച്ചു തുടങ്ങി. " എന്താ കണ്ണാ എന്തുപറ്റി ആ പെങ്കൊച്ചിനു. കുറച്ചീസായി ഞാന്‍ ശ്രദ്ധിക്കണു, ആ കുട്ടീടെ കണ്ണില്‍ കണ്ണീര്‍ ഒഴിഞ്ഞ സമയോല്ല. ഇങ്ങനെയായിരുന്നില്ലല്ലോ അവള്‍!!! അല്ല നിങ്ങള് തമ്മില്‍ എന്താ പ്രശ്നം.

ഏയ്‌, ഒന്നുല്ലാ വാസുവേട്ടാ. ജനീടച്ഛന്റെ അസുഖം കൂടുതലാ. അത് പറഞ്ഞാ അവള്‍ കരയുന്നത്. കണ്ണന്‍ പറഞ്ഞു.

ശെരി, നിന്നെയെനിക്ക് വിശ്വാസാ കണ്ണാ. പക്ഷെ, ഒന്നോര്‍മ വേണം നിനക്ക്. ഒരു പെണ്‍കുട്ടീടെ ശാപം പെയ്തൊഴിയാത്ത കാര്‍മേഘമാണ്. അത് എപ്പോഴും കറുത്ത് കട്ടപിടിച്ചങ്ങനെ തലയ്ക്കു മുകളില്‍ തന്നെ കാണും....വാസു പറഞ്ഞു.

വാസുവേട്ടന്‍ എന്താ ഈ പറയണെ!! ഞാനും, ജനിയും തമ്മില്‍ അത്തരം ഒരു ബന്ധമില്ലല്ലോ. പിന്നെങ്ങനാ അവളെന്നെ ശപിക്കണേ??

ഒക്കെ എനിക്കറിയാം. എന്നാലും നീ തെറ്റുകാരന്‍ എന്ന് ഞാന്‍ പറയില്ല. അതാ ഇത്രേം നാളും ഞാന്‍ മിണ്ടാണ്ടിരുന്നതും. പക്ഷെ, ഇനി വെറുതെയാണ് എങ്കില്‍ പോലും ഇതിലൊന്നിനും നീ ചെവികൊടുക്കരുത്. നിനക്ക് ഒരു പെണ്ണുണ്ട്. ആ കുട്ടീടെ കണ്ണീര്‍ ആ കുടീല് വീഴരുത്!!!

(തുടരും)
Tag PhotoAdd L