2014 ജനുവരി 17, വെള്ളിയാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 8

അവള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. ഉടുമുണ്ടിന്റെ അഗ്രം കൊണ്ടവള്‍ കണ്ണീര്‍ തുടച്ചു. ഓടി പുറത്തേയ്ക്ക് ചെന്നു. കണ്ണനടുത്തു ചെന്ന് കുഞ്ഞിനെ വാങ്ങി. അവനവളെ രൂക്ഷമായി നോക്കുക മാത്രം ചെയ്തു. അവള്‍, ചിന്നമ്മു പാവം വേദനയോടെ തിരിച്ചും. 

അടുപ്പിലെ വെള്ളം മുക്കാലും തിളച്ചുതൂവിപ്പോയിരുന്നു. അവള്‍ ബാക്കിയുള്ളതില്‍ ചായയുണ്ടാക്കി. കണ്ണന്‍റെ കട്ടിലിനരുകില്‍ കൊണ്ട് വച്ചു. കുഞ്ഞിനെ ഇടുപ്പില്‍ ഇരുത്തി അവള്‍ കണ്ണനെ നോക്കി പതിയെ പറഞ്ഞു. "ചായ"
അവന്‍ അപ്പോഴും ഒന്ന് നോക്കുകമാത്രം ചെയ്തു.

അവള്‍ അടുക്കളയിലെ ഇരുട്ടില്‍ കരഞ്ഞുകൊണ്ടിരുന്നു. കണ്ണേട്ടന് എന്താ പറ്റിയതെന്നു ആ പാവത്തിന് ഊഹിക്കാന്‍ കൂടി കഴിയുന്നില്ല. സമയം വളരെ നേരം കഴിഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റ് കയര്‍കട്ടിലിനരുകില്‍ വന്നു. ചായ തണുത്തിരിക്കുന്നു. ആകെ നിശബ്ദത. അവള്‍ പുറത്തേയ്ക്ക് നോക്കി. തൂമ്പ കാണുന്നില്ല. വേഷവും മാറിയിരിക്കുന്നു. അവള്‍ പുറത്തേയ്ക്കിറങ്ങി. വാസുവിന്‍റെ വീടിലേയ്ക്ക്‌ നോക്കിയപ്പോള്‍, വാസു തൂമ്പയും തോളിലേറ്റി പുറത്തേയ്ക്ക് വരികയാണ്. കണ്ണന്‍റെ വീട്ടിലേയ്ക്ക് നോക്കിയ വാസുവിനെ അവള്‍ കൈകാട്ടി വിളിച്ചു. അടുത്തു വന്ന വാസുവിനോട് അവള്‍ കരഞ്ഞുകൊണ്ട്‌ അതുവരെ നടന്നതെല്ലാം പറഞ്ഞു. വാസു അവളെ സമാധാനിപ്പിച്ചുകൊണ്ട് താഴെ വയലേല ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.

ആര്‍ത്തലച്ചു വന്ന ഒരു കാറ്റില്‍ വയല്‍വരമ്പിലെ തെങ്ങോലകള്‍ ആടിയുലഞ്ഞു. അവിടെ, വയല്‍വരമ്പില്‍ നിന്ന് രണ്ടു കുട്ടികള്‍ പട്ടം പറത്തുന്നു. അവ ഉയരത്തിലേയ്ക്ക് പോകുന്നതിനനുസരിച്ച് കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. വയല്‍വരമ്പിലെ ഒരു തൈച്ചുവട്ടില്‍ കണ്ണന്‍ ഇരിക്കുകയാണ്. മറ്റു പണിക്കാരാരും തന്നെ എത്തിയിട്ടില്ല. അവന്‍ കൂടെ കൂടെ ചെറു കല്ലുകള്‍ വയലിലെ വെള്ളത്തിലേയ്ക്ക് എറിയുന്നുണ്ട്. കാറ്റില്‍ ആടിയുലയുന്ന വൃക്ഷങ്ങളുടെ ശബ്ദത്താലും , ആര്‍ത്തുവിളിയ്ക്കുന്ന കുട്ടികളുടെ ശബ്ദത്താലും മുഖരിതമാണ് ആ അന്തരീക്ഷം.

ഒരു വായാടിക്കിളി വയലിന് മീതെ താണ് പറന്ന് കരയില്‍ നില്‍ക്കുന്ന ഒരു പാലമരത്തിന്‍റെ ചില്ലയില്‍ ചെന്നിരുന്നു. ഒരു അണ്ണാറക്കണ്ണന്‍ തെങ്ങിന്‍റെ ഓലയില്‍ നിന്നും ആ പാലമരത്തിലേയ്ക്ക് ചാടിയപ്പോള്‍, ചില്ലയുലഞ്ഞ ശബ്ദം കേട്ടുകൊണ്ട് ആ വായാടിക്കിളി ചിലച്ചുകൊണ്ട് പറന്നുപോയി.

പിന്നില്‍ കാല്‍പ്പെരുമാറ്റം കേട്ട കണ്ണന്‍ തിരിഞ്ഞുനോക്കി. വാസുവാണ്. ഒരു നേര്‍ത്ത ചിരികൊണ്ട് വാസു കണ്ണനെ നോക്കി.

"എന്താ കണ്ണാ, ജോലിയ്ക്ക് വരാന്‍ ഇപ്പോള്‍ സമയോം കാലോം ഇല്ലേ നിനക്ക്? എന്തെ നീ നേരത്തെ ഇങ്ങു പോന്നു??? വാസു ചോദിച്ചു.

ഏയ്! ഇവിടെ നല്ല കാറ്റുണ്ടല്ലോ.....അതാ... കണ്ണന്‍ പറഞ്ഞു.

അതൊന്നുമല്ലെടാ, ആ പെണ്‍കുട്ടീടെ കരച്ചില് കണ്ടിട്ടാ ഞാന്‍ വരണേ. നിന്‍റെ ചിന്നമ്മു, അവളെ ഞാനിന്നു കണ്ടു. എന്താടാ? എന്തുപറ്റി നിനക്ക്? നീയിങ്ങനെ ആയിരുന്നില്ലല്ലോ?...വാസു ചോദിച്ചു.

കണ്ണന്‍ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കാരണം ചിന്നമ്മു വാസുവേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും എന്ന് അവന് അറിയാം....

വാസു തുടരുകയാണ്. നീ കുറച്ചു ദിവസം മുന്‍പ് പീടികേല് പണിയ്ക്ക് പോയപ്പോള്‍ മുതല്‍ ഞാനും നിന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്താ...ന്നു വച്ചാല്‍ നീ പറയ്‌. വാസു ഇത് പറഞ്ഞുകൊണ്ട് അവനടുത്തായി ഇരുന്നു.
കണ്ണന്‍ വാസുവിനോട് ഇന്നേവരെ അവന്‍റെ കാര്യങ്ങള്‍ ഒന്നും തന്നെ മറച്ചുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ അവന്‍ അയാളോട് എല്ലാം പറഞ്ഞു. വാസു കുറച്ചുനേരം ഒന്നും പറയാനാകാതെ ഇരുന്നുപോയി. കണ്ണന്‍ കുനിഞ്ഞിരിക്കുകയാണ്‌.

അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം വാസു പറഞ്ഞു. "ഒക്കെ ശെരി. സംഭവിച്ചത് സംഭവിച്ചു. ഇനിയിപ്പോള്‍ ആ പാവം പെണ്ണിനെ എന്തിനാ വേദനിപ്പിക്കുന്നെ? നിന്‍റെയീ പെരുമാറ്റം തുടര്‍ന്നാല്‍ കാരണം അവള്‍ക്കുകൂടി മനസ്സിലാകും. ആ പിഞ്ചുകുഞ്ഞിനെയെങ്കിലും നീ ഓര്‍ക്കാത്തതെന്താ? വാ എഴുന്നേല്‍ക്ക്, വീട്ടില്‍ ചെല്ല്. ആ പെണ്‍കുട്ടീടെ കരച്ചില്‍ മാറട്ടെ.

കണ്ണന്‍ വീണ്ടും അവിടെത്തന്നെ ഇരുന്നു. പിന്നെയവന്‍ പറഞ്ഞു.
വാസുവേട്ടാ ഞാനങ്ങനെ അവളുടെ മുഖത്ത് നോക്കും. എനിയ്ക്കവളെ വെറുക്കാന്‍ കഴിയുന്നില്ല വാസുവേട്ടാ,...... ഒരിക്കലും. അവള്‍ ഇനി എന്നെ വെറുക്കണം. ഞാന്‍ അകപ്പെട്ടുപോയല്ലോ വാസുവേട്ടാ. കണ്ണന്‍റെ കണ്ണില്‍ നനവ്‌ പടര്‍ന്നു. അവന്‍ തോളത്തു കിടന്നിരുന്ന തോര്‍ത്തു മുണ്ടില്‍ കണ്ണു തുടച്ചു. എന്നിട്ട് പറഞ്ഞു. "വാസുവേട്ടാ, എന്തായാലും പണി നടക്കട്ടെ. വീട്ടില്‍ ഉച്ചയ്ക്ക് പോകാം. ഇത്രയിടം വരെ വന്നതല്ലേ. കണ്ണന്‍ ഇതുപറഞ്ഞുകൊണ്ട് തൂമ്പയുമെടുത്ത് പാടത്തേയ്ക്കിറങ്ങി. വാസുവും തോര്‍ത്തു തലയില്‍ കെട്ടി പാടത്തേയ്ക്കിറങ്ങി. അവന്‍ അതിര്‍വരമ്പിലേയ്ക്ക് ചെളി കോരിയിടുകയാണ്.

അല്പം സമയം കൂടി കഴിഞ്ഞിട്ടുണ്ടാകും. ജനിയുടെ ഉച്ചത്തില്‍ ഉള്ള നിലവിളി കേട്ടുകൊണ്ടവര്‍ മുഖാമുഖം നോക്കി. ഒരു നിമിഷത്തെ ചിന്തയില്‍ നിന്നും മുക്തരായ അവര്‍ ജനിയുടെ വീട് ലക്ഷ്യമാക്കി ഓടിയടുത്തു. തുറന്നു കിടന്ന വാതില്‍ക്കലൂടെ പാഞ്ഞുകയറിയ കണ്ണന്‍ കണ്ടതു മാഷിന്‍റെ നിര്‍ജീവമായ ദേഹത്തില്‍ കെട്ടിപ്പിടിച്ചുകരയുന്ന ജനിയെയാണ്. അവന്‍ അവളുടെ തോളത്തു കൈവച്ചു. കടലോളം കണ്ണീരുമായി ജനി അവനെ നോക്കി. അവിടെ അടുത്തുകിടന്നിരുന്ന ഒരു കുഞ്ഞു സ്റ്റാന്‍ഡിന്‍ മേല്‍ കുറെ ഗുളികകളും, ചായയും ഇരിപ്പുണ്ട്. മുറ്റം നിറയെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അടഞ്ഞ ജനല്പാളികള്‍ മലര്‍ക്കെ തുറന്നു ചിലര്‍ അകത്തേയ്ക്ക് നോക്കുന്നു. പുരുഷാരം മുറുമുറുപ്പോടെ മുറ്റം നിറയുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ആ വയല്‍ക്കര ഗ്രാമത്തില്‍ മാഷിന്റെ മരണ വാര്‍ത്ത ചുണ്ടുകളില്‍ നിന്നും ചുണ്ടുകളിലേയ്ക്കു പാഞ്ഞു. മരണാന്തര കര്‍മങ്ങള്‍ മുറപോലെ നടക്കുന്നുണ്ട്. മുറ്റത്ത്‌ കുരുത്തോല കൊണ്ട് ഒരു പന്തല്‍ അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നു.അകത്തെ ചന്ദനത്തിരികളുടെ മണം പുറത്ത് ചിലരില്‍ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. ഇടയ്ക്കിടെ സ്ത്രീകളുടെ തേങ്ങലുകള്‍, രാമായണപാരായണത്തില്‍ മുഖരിതമാണ് ആ വീട്ടിലെ അന്തരീക്ഷം. മാഷിന്‍റെ ശവശരീരം പുറത്തെ പന്തലിലേയ്ക്ക് എടുത്തു. കര്‍മ്മങ്ങള്‍ നടത്തി ചിതയിലേയ്ക്ക് എടുത്തു. ജനി വാവിട്ടുകരഞ്ഞു. ചിത പടര്‍ന്ന്, ആര്‍ത്തിയോടെ ആ വൃദ്ധന്റെ ശരീരത്തെ പുല്‍കുമ്പോള്‍, കരഞ്ഞുകലങ്ങിയ കണ്ണുമായി വീടിന്‍റെ മരവാതിലില്‍ ചാരിയവള്‍ ഒരു നോക്കുകുത്തിയെപ്പോലെ ഇരിക്കുകയാണ്,.....ജനി.

മാഷിന്‍റെ മരണം മറ്റുള്ളവരില്‍ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കിയില്ല എങ്കിലും ജനിയെ സംബന്ധിച്ചിടത്തോളം അവള്‍ക്കു അനാഥത്വം അനുഭവപ്പെട്ടുതുടങ്ങി. എന്നിരുന്നാലും ദൈവത്തിന്‍റെ ആജ്ഞയില്‍ അവളിപ്പോള്‍ സംപ്രീതയാണ്.

(തുടരും)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ