2014 ജനുവരി 8, ബുധനാഴ്‌ച

അവകാശികള്‍

തന്‍റെ മുന്നില്‍ കണ്ട വെളുത്ത താളുകളില്‍, അവസാന വാചകവും എഴുതി ചേര്‍ത്തയാള്‍
തൂക്കം തൂങ്ങിയ കണ്ണുകളെ, കുനിഞ്ഞു നിലത്തേയ്ക്കായുന്ന മുഖത്തെ വിറയാര്‍ന്ന കൈത്തണ്ട കൊണ്ട് താങ്ങി നിര്‍ത്താന്‍ ഒരു വിഫലശ്രമം. നിറങ്ങള്‍ ചാലിച്ച ഒരുപാട് കഥകള്‍ അയാള്‍ അതിനകം എഴുതിക്കഴിഞ്ഞിരുന്നു....അതും ഈശ്വരചൈതന്യം കരങ്ങളില്‍ നിറച്ചു കുഞ്ഞികൈകള്‍ കുത്തി മണ്ണിലേയ്ക്കു ഊര്‍ന്നിറങ്ങിയ രചനകള്‍

അഭിനന്ദന പ്രവാഹങ്ങള്‍ക്കിടയിലൂടെ എഴുത്തിനെ നിരൂപിച്ചവര്‍, വിമര്‍ശിച്ചവര്‍ ഒപ്പം നഖശിഖാന്തം എതിര്‍ത്തവര്‍,... തിളച്ചുതൂവിയ വറ്റിനെ, ഭഷിപ്പാന്‍ കൊടുക്കാതെ ഉള്ളം കൈയില്‍ വച്ച് അമ്മാനമാടി തറയില്‍ ചിതറിച്ച വിധി വൈപരീത്യം.

തീക്ഷ്ണമായ നോട്ടങ്ങളായിരുന്നു ചുറ്റിലും. ജനലരുകിലെ ചാരുകസേരയിലെ വടി ആരോ വലിച്ചൂരി എറിഞ്ഞിരിക്കുന്നു. ഭക്ഷണത്തിനായ്‌ വേച്ചുവേച്ച്‌ എത്തിയ ഊണ് മേശയ്ക്കരുകില്‍ തകരപാത്രങ്ങളുടെ പതിവില്ലാത്ത ഉറഞ്ഞുതുള്ളല്‍
കാതുകള്‍ പൊത്തി കുറേനേരം. മുറിയിലേയ്ക്കുള്ള വഴിയില്‍ വീഴാതെ ചേര്‍ന്ന് നടക്കാന്‍ സഹായിക്കുന്ന മണ്‍ഭിത്തിയിലെ അടര്‍ന്നുവീണ മണ്‍പാളികള്‍ക്കിടയില്‍ കൈവെള്ളയില്‍ രക്തം പടര്‍ത്തിയ കൂര്‍ത്ത കല്ലുകള്‍

തട്ടി വിളിച്ചപ്പോള്‍ കണ്ണുകള്‍ തുറന്നു. തറയില്‍ പടര്‍ന്ന് നനഞ്ഞൊട്ടിയ കണ്ണുനീരില്‍ നിന്നും കുഞ്ഞനുറുമ്പുകള്‍ ശേഖരിയ്ക്കുന്നതെന്താണ്? ചുറ്റുമുള്ള രൂപങ്ങളില്‍ ചുറ്റമ്പലം ചുറ്റി വന്ന് ഭഗവാനെ നോക്കുന്ന അതെ കണ്ണുകളിലെ ആകാംഷ. ഇരുട്ട് പടര്‍ന്നു തുടങ്ങിയ അയാളുടെ കണ്ണുകള്‍ക്കു മുന്നില്‍ ചില വെളുത്ത കടലാസുകള്‍ മിന്നി മറഞ്ഞു....

അടക്കാനാവാത്ത സന്തോഷത്തോടെ അയാള്‍ പേനയ്ക്കായി തിരഞ്ഞു. മൂത്തമകന്‍ മഷി നിറച്ച ഒരു പേന അയാളുടെ നേരെ നീട്ടി. ഉത്സാഹത്തോടെയാണവന്‍ അയാളുടെ കൈകളിലേയ്ക്കതേല്‍പ്പിച്ചത്.

മകള്‍ സന്തോഷത്തോടെ പറഞ്ഞു...

"അച്ഛന് ഇനി എഴുതാന്‍ കഴിയില്ല്യാന്ന്‍ ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞങ്ങള്‍ തന്നെ എഴുതിയതാ!!!!". അച്ഛന്‍റെതെന്ന് എല്ലാര്‍ക്കും ഉറപ്പിക്കാന്‍ ഒരു വാക്ക് കൂടി എഴുതി ചേര്‍ക്കണം....

അയാളുടെ വിറയാര്‍ന്ന കൈകള്‍ പിടിച്ചവള്‍ പറഞ്ഞു..

"ഇവിടെ....ദേ! ഇവിടെ...."

അവള്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്ക് അയാള്‍ എഴുതിച്ചേര്‍ത്തു. അതയാളുടെ ജീവനായിരുന്നു...ഒടുവിലത്തെ രചനയും.
കുഞ്ഞനുറുമ്പുകള്‍ പിന്നെയും അരിച്ചരിച്ചു നടന്നു. വിറയാര്‍ന്ന ചുണ്ടുകളിലെ നനവിനിടയില്‍ അവ മധുരം നുണഞ്ഞിരുന്നുവോ.........?

ഉണ്ടാകാം. അല്ലെങ്കില്‍ കണ്ണുകള്‍ക്കിടയിലൂടെ, മൂക്കിലൂടെ, പാദങ്ങളിലും, നെഞ്ചിലും, നെറ്റിത്തടത്തിലും, ഒടുവില്‍ മാംസം തുളച്ച് ഉണങ്ങിയ മാംസതുണ്ടുകള്‍ക്കിടയിലൂടെ, എല്ലിന്‍ തുണ്ടുകളിലെ മജ്ജയ്ക്കിടയിലൂടെ അവയ്ക്കെങ്ങിനെ കൂട്ടമായി പോകാന്‍ കഴിയും.......അവ ശേഖരിച്ച ഭക്ഷണപ്പൊതികളില്‍ അയാള്‍ നിറയുകയായിരുന്നു ഇരുണ്ടണഞ്ഞ മണ്‍കൂനകള്‍ക്കിടയില്‍,.... ഈ പ്രപഞ്ചം മുഴുവനും.....

തേങ്ങി നിലച്ചൊരു കാറ്റ് മച്ചിലൊളിച്ചിരുന്നത് ആദ്യമായ് അയാള്‍ കണ്ടില്ല....

ശ്രീ വര്‍ക്കല


1 അഭിപ്രായം:

  1. അല്ലെങ്കില്‍ കണ്ണുകള്‍ക്കിടയിലൂടെ, മൂക്കിലൂടെ, പാദങ്ങളിലും, നെഞ്ചിലും, നെറ്റിത്തടത്തിലും, ഒടുവില്‍ മാംസം തുളച്ച് ഉണങ്ങിയ മാംസതുണ്ടുകള്‍ക്കിടയിലൂടെ, എല്ലിന്‍ തുണ്ടുകളിലെ മജ്ജയ്ക്കിടയിലൂടെ അവയ്ക്കെങ്ങിനെ കൂട്ടമായി പോകാന്‍ കഴിയും.......

    മറുപടിഇല്ലാതാക്കൂ