2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 6

അച്ഛന്‍ കിടപ്പിലായതോടെ ജനി തനിച്ചാണിപ്പോള്‍, അവള്‍ പാടത്ത് പണിയെടുക്കും.പിന്നെ മണിമാളികയില്‍ ഉച്ചതിരിഞ്ഞ നേരത്ത് പോകും. അവിടെ അവള്‍ക്കായി ചില ജോലികള്‍ തങ്കം ബാക്കി വച്ചിട്ടുണ്ടാകും. തങ്കത്തിന് അവളെ വലിയ ഇഷ്ടമാണ്. അവര്‍ അവള്‍ക്കു നല്ല സഹായങ്ങള്‍ ചെയ്തു കൊടുക്കും. മുതലാളി എപ്പോഴും രാത്രിയിലാകും വരവ്. ടൌണില്‍ പീടികയുണ്ടയാള്‍ക്ക്. സമ്പന്നനാണ് അയാള്‍, എന്നാല്‍ സ്നേഹശൂന്യനും.

ഒരു നാള്‍ തങ്കം ജനിയോടു പറഞ്ഞു. "കണ്ണനെ ഇത്രയിടം വരെ ഒന്ന് വരണം എന്ന് പറയ്‌.,." ജനിയ്ക്ക് അവനെ കാണുന്നത് സന്തോഷമാണ് എങ്കിലും, അവളുടെ ഉള്ളിന്റെയുള്ളില്‍ ഇപ്പോഴും ഭയമാണ്. അവന്‍റെ ജീവിതത്തെ ഓര്‍ത്ത്. അത് നശിക്കുവാന്‍ കാരണം താനായിരിക്കരുത് എന്ന് അവള്‍ക്കു നിര്‍ബന്ധമുണ്ട്. എന്നാലും കൊച്ചമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ അവള്‍ക്കു കഴിയില്ല. അങ്ങനെ, അന്നവള്‍ കണ്ണന്‍റെ വീട്ടില്‍ പോയി. ഉച്ചയുറക്കം കഴിഞ്ഞവന്‍ കുഞ്ഞിനോടൊത്ത്, ചിന്നമ്മുവിനോടൊപ്പം ഇരിക്കുകയാണ്. ജനിയെ കണ്ടതും കണ്ണന്‍ അത്ഭുതപ്പെട്ടു.

അവന്‍ ചോദിച്ചു." എന്താ പതിവില്ലാതെ ഈ വഴിക്ക്?
ചിന്നമ്മു അവളെ അകത്തേയ്ക്ക് ക്ഷണിച്ചു. പിന്നെ കുഞ്ഞിനേയും എടുത്തുകൊണ്ടു എഴുന്നേറ്റു. ജനിയെ അകത്തേയ്ക്ക് കൂട്ടികൊണ്ടുപോയി. കണ്ണന്‍ കയര്‍ കട്ടിലിന്‍റെ ഒരു വശത്തായി ഇരുന്നു. ജനി അവനെ നോക്കി മുന്നില്‍ വന്നു നിന്നു. എന്നിട്ട് കണ്ണന്‍റെ ചോദ്യത്തിന് അവള്‍ ഉത്തരം നല്‍കി. മണിമാളികയില്‍ പലപ്പോഴും അവന്‍ പോകാറുണ്ട്. അതെല്ലാം രാവിലെ ആയിരിക്കും. പാടത്ത് പണിയില്ലാതിരുന്നാല്‍, മാളികയില്‍ എന്തെങ്കിലും പണി കൊടുക്കും തങ്കം അവന്. തങ്കത്തിന് അവനെ വലിയ ഇഷ്ടം ആണ്. തങ്കം ചെറുപ്പമാണ്. കൊച്ചുമുതാലാളി എന്നാണു നാട്ടാര് വിളിക്കുന്നത്‌ എങ്കിലും, അയാള്‍ക്ക്‌ 40 നു മുകളില്‍ പ്രായം ഉണ്ട്. കണ്ണനോട് കാര്യങ്ങള്‍ പറഞ്ഞശേഷം ജനി പോകാനായി ഇറങ്ങി. ചിന്നമ്മുവും, കണ്ണനും അവളോടൊപ്പം പുറത്തേയ്ക്ക് വന്നു. ചിന്നമ്മുവിന്റെ കൈയില്‍ നിന്നും കുഞ്ഞിനെ വാങ്ങി ജനി മുത്തം നല്‍കി. പിന്നെ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചു, അവള്‍ നടന്നു നീങ്ങി.

സമയം 5.30 ആയി. അങ്ങകലെ ദേവതാ ക്ഷേത്രത്തില്‍ നിന്നും ഭക്തിസാന്ദ്രമായ ഗാനം ഒഴുകി വരുന്നു. സന്ധ്യയായാല്‍, അവിടെ എരിയുന്ന ചന്ദനത്തിരികളുടെയും, കര്‍പ്പൂരത്തിന്റെയും മനം കുളിര്‍പ്പിക്കുന്ന ഗന്ധം ആ കൊച്ചുകുടിലുകളില്‍ എത്തും. ഇപ്പോള്‍ സുഗന്ധപൂരിതമാണ് അവിടം. കണ്ണന്‍ മറ്റൊരു മുണ്ട് എടുത്തുടുത്തു. ചിന്നമ്മു കിണറ്റിന്നരുകില്‍ ഇരുന്നു വിളക്ക് വൃത്തിയാക്കുകയാണ്. ചിന്നന്‍ അവളുടെ അരുകില്‍ നില്‍പ്പുണ്ട്. അതുകൊണ്ടുതന്നെ അവളുടെ ശ്രദ്ധ മുഴുവന്‍ അവനിലാണ്. കണ്ണന്‍ പതിയെ പുറത്തിറങ്ങി. എന്നിട്ട് ചിന്നമ്മുവിനോട് പറഞ്ഞു." ചിന്നമ്മു, ഞാന്‍ പോയേച്ചും വരാം. ചിലപ്പോള്‍ ടൌണില്‍ പോകാന്‍ ആയിരിക്കും. ഞാന്‍ താമസ്സിച്ചാല്‍ നീ കുഞ്ഞിനേയും കൊണ്ട് ഭക്ഷണം കഴിച്ചു കിടന്നോള്ളൂ.

ചിന്നമ്മു എഴുന്നേറ്റു കുഞ്ഞിനേയും എടുത്തുകൊണ്ടു അവന്‍റെയരുകില്‍ വന്നു. ടൌണില്‍ പോകാനാണ് എങ്കില്‍ ഇന്നിനി പറ്റില്ലെന്ന് പറയ്‌ കണ്ണേട്ടാ. പെട്ടെന്നിങ്ങ് വന്നേക്കണം. ഞാനിവിടെ ഒറ്റക്കാണെന്നു അറിയാല്ലോ? അവന്‍ മൂളിക്കൊണ്ട് നടന്നുനീങ്ങി. ചിന്നന്‍ കുഞ്ഞികൈ വീശി. കണ്ണന്‍ തിരിച്ചും. ചിന്നമ്മു കുഞ്ഞിനേയും, വിളക്കും എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി. കണ്ണന്‍ നേരെ മണിമാളികയിലേയ്ക്കും.

അവനെ പ്രതീക്ഷിച്ചെന്നോണം തങ്കം പുറത്തു നില്‍പ്പുണ്ട്. തങ്കത്തിന് കുട്ടികള്‍ രണ്ടാണ്. അവര്‍ മുറ്റത്ത്‌ നിന്നു കളിക്കുന്നുണ്ട്. കണ്ണനെ കണ്ടതും തങ്കം പരാതിപോലെ പറഞ്ഞു. " എത്ര നേരായീന്നു അറിയോ കണ്ണന്‍ ഞാന്‍ നിന്നെ നോക്കുന്നു. " "എന്താ കൊച്ചമ്മേ " അവന്‍ തിരക്കി.
പീടികയില്‍ ലോഡ് ഇന്ന് വരണുണ്ട്. വെളുപ്പിന് എത്തേണ്ടതായിരുന്നു. പക്ഷെ, ഇപ്പോഴാ വന്നത്. അവിടുന്ന് ഇപ്പോള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു. രാത്രീല് തന്നെ ലോഡ് ഇറക്കി അവര്‍ക്ക് തിരിച്ചു പോണംത്രേ. കണ്ണന്‍ ടൌണ്‍ വരെ ഒന്ന് പോകണം. എന്നിട്ട്, ജോലി കഴിഞ്ഞു ഇങ്ങട് വരണം.
"ശെരി, കൊച്ചമ്മേ!! എങ്കില്‍ ഞാന്‍ പോകട്ടെ? അവന്‍ ഉടന്‍ തന്നെ അവിടെ നിന്നും പോയി.

സമയം രാത്രി പത്തിനോടടുത്തു. ചിന്നമ്മു ഒരു റാന്തല്‍ വിളക്കിന്‍റെ വെളിച്ചത്തില്‍, കണ്ണനെയും കാത്തിരിപ്പാണ്. കുഞ്ഞു പുല്‍പ്പായയില്‍ കിടന്നു ഉറങ്ങുകയാണ്. പുറത്തു നായ്ക്കള്‍ തെളിഞ്ഞ ആകാശത്തിലെ നിലാവിനെ നോക്കി ഓരിയിടുന്നു. കൂടെക്കൂടെ, അവള്‍ ഉറക്കത്തിലേയ്ക്കു വീണുപോകും. പുറത്തു നല്ല തണുത്ത കാറ്റ്. തെങ്ങോലകള്‍ ആടിയുലയുന്നു. അവള്‍ക്കു ചെറിയ പേടി തോന്നി. അവള്‍ എഴുന്നേറ്റു വന്നു മുറിയുടെ വാതില്‍ അടച്ചു.

സമയം പതിനൊന്നിനോടടുത്തു. പീടികയിലെ ലോഡ് മുക്കാല്‍ ഭാഗത്തോളം ഇറക്കി തീര്‍ന്നപ്പോള്‍ മുതലാളി കണ്ണനെ വിളിച്ചു. കണ്ണന്‍ അടുത്തേയ്ക്ക് ചെന്നു. കണ്ണന്‍ ഇന്നിനി പൊയ്ക്കോള്ളൂ. കുടീല് ചിന്നമ്മു തനിച്ചല്ലേ? പിന്നെ ഒരു കാര്യം നീ മണിമാളികയില്‍ പോയി തങ്കത്തിനോട് പറയണം, എന്നെ ഇന്ന് നോക്കണ്ട എന്ന്. ഇവരുടെ കണക്കൊക്കെ തീര്‍ത്ത് ഞാന്‍ ഇതെല്ലാം ഒന്ന് ശെരിയാക്കി പുലര്‍ച്ചെ എത്താം എന്ന്. കണ്ണന്‍ ശെരി എന്ന് പറഞ്ഞു കൊണ്ട് വേഗം ഡ്രസ്സ്‌ എടുത്തിട്ടു. പിന്നെ അവിടെനിന്നും നടന്നകന്നു.

ടൌണില്‍ എത്തിയപ്പോഴാകട്ടെ, വാഹനങ്ങള്‍ ഒന്നും തന്നെയില്ല, ഒരു മഴയുടെ തുടക്കം എന്നപോലെ മഞ്ഞുത്തുള്ളികള്‍ മേലാകെ നനവ് പടര്‍ത്തുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു ചെറു പ്രകാശം കണ്ടവന്‍ റോഡിലേയ്ക്ക് കയറി നിന്ന് കൈകാട്ടി. ഭാഗ്യത്തിന് അവര്‍ നിര്‍ത്തി. ടൌണില്‍ സിനിമ കണ്ടു തിരികെ പോയിരുന്ന അവന്റെ ചില സുഹൃത്തുക്കള്‍ ആയിരുന്നു. അങ്ങനെ അവരോടൊപ്പം അവന്‍ മണിമാളികയുടെ മുന്നിലെ ചെമ്മണ്‍ പാതയില്‍ എത്തി.അവന്‍ നേരെ മുറ്റത്തെയ്ക്കിറങ്ങി. കൂട്ടില്‍ കിടന്ന നായ് ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. ഉടനെ അകത്തെ മുറിയില്‍ പ്രകാശം തെളിഞ്ഞു. മുന്‍വശത്തെ വാതില്‍ തുറന്നുകൊണ്ട് തങ്കം പറഞ്ഞു.
"എത്ര നേരായിരിക്കുന്നു കണ്ണാ. ഞാന്‍ നോക്കിയിരിക്കുവായിരുന്നു. എന്തേ ഇത്രേം താമസിച്ചത്? നീ ഭക്ഷണം കഴിച്ചുവോ? ഇനീപ്പോ, നീ കയറിവാ ഭക്ഷണം കഴിച്ചിട്ട് പോകാം.
"വേണ്ട കൊച്ചമ്മാ, കുടീല് ചിന്നമ്മു മാത്രേയുള്ളൂ. ഞാന്‍ പോകുന്നു. മുതാലാളി നാളെ പുലര്‍ച്ചെ എത്തൂ എന്ന് പറഞ്ഞു.

തങ്കത്തിന്റെ മുഖഭാവം പെട്ടെന്നാണ് മാറിയത്. "ഞാനല്ലേ വിളിക്കുന്നത്‌ എന്ന് പറഞ്ഞുകൊണ്ടവര്‍ പുറത്തേയ്ക്കിറങ്ങി. അവന്‍റെ കൈയില്‍ പിടിച്ചു. അവനു തിരിച്ച് ഒന്നും പറയാന്‍ തോന്നിയില്ല. അവന്‍ അവരോടൊപ്പം അറിയാതെ അകത്തേയ്ക്ക് കയറി. കണ്ണന്‍ അകത്തു കയറിയതും അവര്‍ വാതിലടച്ചു കുറ്റിയിട്ടു.

വലിയഹാളില്‍ അലങ്കാര വസ്തുക്കള്‍ അവിടവിടെ വളരെ ഭംഗിയായി അടുക്കിവചിട്ടുണ്ട്. ഒരുവശത്ത് ഒരു മേശമേല്‍ ടെലിവിഷന്‍ ഇരിക്കുന്നുണ്ട്‌. അതിനു താഴെ വി.സി.ആറും. ഇടതു വശത്തായി ടെലഫോണ്‍.,. തങ്കം അവനെ വിളിച്ചു. ഹാളിനു കുറുകെയുള്ള കര്‍ട്ടന്‍ മാറ്റിയപ്പോള്‍ അകത്തു വിശാലമായ ഡൈനിങ്ങ്‌ ടേബിള്‍, അവര്‍ അവനെ അവിടെയ്ക്ക് ക്ഷണിച്ചു. കണ്ണന്‍ മടിച്ചുമടിച്ച് അതിനകത്തെയ്ക്ക് കയറി. തങ്കം പാത്രങ്ങളില്‍ ഭക്ഷണം വളരെ വേഗം വിളമ്പി കണ്ണന് കൊടുത്തു. അവന്‍ മനസ്സില്ലാമനസ്സോടെ അത് കഴിക്കുവാന്‍ തുടങ്ങി. തങ്കം അവനെതിരായി കസേരയില്‍ ഇരുന്നു. അവനെത്തന്നെ നോക്കിയിരിക്കുകയാണവര്‍

പുറത്ത് കാറ്റ് വീശുന്നു. കൊള്ളിയാനുകള്‍ ഇരുളില്‍ ആരെയോ തേടിയലയുന്നു. പെട്ടെന്ന് അതിശക്തമായി മഴപെയ്യുവാന്‍ തുടങ്ങി. കണ്ണന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. മഴ കൂടി വരുന്നതേ ഉള്ളൂ. തങ്കം എഴുന്നേറ്റു ജനല്‍പാളികള്‍ അടച്ചു. അവന് തണുക്കുന്നുണ്ട്. അവര്‍ക്കും. കണ്ണന്‍ ഭക്ഷണം കഴിച്ചിട്ട് എഴുന്നേല്‍ക്കാന്‍ വന്നപ്പോള്‍ തങ്കം ഓടിവന്നു. അവര്‍ പാത്രങ്ങള്‍ എടുത്തുകൊണ്ടുപോയി. അവന്‍ കൈകഴുകി ഹാളിലേയ്ക്ക് എത്തി. പുറത്തു മഴ പെയ്യുന്നത് അവന്‍ ജനല്‍ വിരിപ്പ് മാറ്റി നിന്നു നോക്കുകയാണ്. പുറകില്‍ നിന്നും ഒരു തണുത്ത കൈത്തലം അവനില്‍ സ്പര്‍ശിച്ചപ്പോള്‍ അവന്‍ പെട്ടെന്ന് തിരിഞ്ഞു. പിന്നെ ഭിത്തിയോട് ചേര്‍ന്നു. പെട്ടെന്നവന്‍ പറഞ്ഞു..."കൊച്ചമ്മാ ഞാന്‍ പോകുന്നു.

പക്ഷേ, തങ്കം അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവരുടെ മുഖഭാവം പാടെ മാറിയിരുന്നു. തങ്കം കണ്ണനെ ഇറുകെപ്പുണര്‍ന്നു. അവരുടെ ശരീരത്തിന്‍റെ താപം അവനെ വല്ലാതെ തളര്‍ത്തി. അവന്‍ വല്ലാതെ എതിര്‍ത്തുവെങ്കിലും അത് നിമിഷനേരത്തേയ്ക്കായിരുന്നു. കണ്ണന്‍റെ കൈകള്‍ തങ്കത്തിന്റെ മേനിയെ ഒരു നാഗത്തെ പ്പോലെ ഇറുകെ ചുറ്റി വരിഞ്ഞു. ജനാലയുടെ വിരികള്‍ പുറത്തെ തണുത്ത കാറ്റില്‍ മെല്ലെ യുലഞ്ഞു. തങ്കത്തിന്റെ കവിളുകളിലും, ചെമ്മലര്‍ ചുണ്ടിണകളിലും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു. കണ്ണന്‍ അവളില്‍ യുദ്ധക്കൊതിപൂണ്ട ഒരു യോദ്ധാവിനെപ്പോലെ പടവാള്‍ വീശി.

സമയം ഒന്നായി എന്നറിയിക്കാന്‍ ചുവരില്‍മേല്‍ ഘടികാരം മണിമുഴക്കി. കണ്ണന്‍ പതിയെ എഴുന്നേറ്റു. തങ്കം തളര്‍ന്നു കിടപ്പാണ്. അവന്‍ വസ്ത്രം ധരിച്ചു പോകാന്‍ ഇറങ്ങിയപ്പോള്‍ തങ്കം എഴുന്നേറ്റ് അവനെ അനുഗമിച്ചു. അപ്പോള്‍ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അവനെ നോക്കുന്നു. കണ്ണന്‍ പുറത്തേയ്ക്കിറങ്ങി. മുറ്റമാകെ മഴവെള്ളം. അവന്‍ ഒന്ന് തിരിഞ്ഞുനോക്കി. തങ്കം വാതിലിന്‍റെ മറവില്‍ നിന്നു സാകൂതം അവനെ നോക്കുകയാണ്.

വാതിലില്‍ തുടരെയുള്ള മുട്ടു കേട്ടാണ് ചിന്നമ്മു കണ്ണു തുറന്നത്. "ആരാ കണ്ണേട്ടനാണോ? അവള്‍ ആരാഞ്ഞു.
"അതെ ചിന്നമ്മു" കണ്ണന്‍ ഉത്തരം നല്‍കി.
അവന്റെ ശബ്ദം കേട്ടതും അവള്‍ പിടഞ്ഞെഴുന്നേറ്റു. ഓടിവന്നവള്‍ കതകു തുറന്നു. അവന്‍ നനഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ ഓടിച്ചെന്നു തോര്‍ത്തെടുത്ത് കൊണ്ടുവന്നു. അവന്‍ അത് വാങ്ങി. ഷര്‍ട്ടും, മുണ്ടും മാറി പുതിയവ ധരിച്ചു. പിന്നെ തല തുവര്‍ത്തി. ചിന്നമ്മു റാന്തലിന്റെ തിരി വീണ്ടും നീട്ടി വച്ച്.
എന്നിട്ടവള്‍ ചോദിച്ചു." ചോറ് വിളമ്പട്ടെ ഏട്ടാ".
"വേണ്ട ഞാന്‍ കഴിച്ചു". കണ്ണന്‍റെ മറുപടി. നീ കിടന്നോള്ളൂ. അവന്‍ പറഞ്ഞു.
അവള്‍ കുഞ്ഞിനടുത്ത് ചേര്‍ന്ന് കിടന്നു. കണ്ണന്‍ കയര്‍ കട്ടിലിലും.

ചിന്നമ്മു കുറച്ചു സമയം കൊണ്ട് ഉറക്കം പിടിച്ചു. കണ്ണന്‍ കിടക്കയില്‍ നിന്നും ചരിഞ്ഞ് അവളുടെ നിഷ്കളങ്കമായ മുഖം നോക്കി കിടന്നു. അവനു എന്തെന്നില്ലാത്ത വിഷമം തോന്നി. അവന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. ആ രാത്രി ഉറക്കമില്ലാതൊരു രാത്രിയായി മാറി കണ്ണന്. എന്നാലും പുലര്‍ച്ചക്കോഴികളുടെ കൂകലില്‍ എപ്പോഴോ അവന്‍ മിഴികള്‍ അടച്ചു.

(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ