2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 5

ഇങ്ങനെ സംസാരിച്ചുകൊണ്ട് അവര്‍ കുടികളിലേയ്ക്ക് അടുത്തു തുടങ്ങി. ചെമ്മണ്‍ പാത രണ്ടായി പിരിഞ്ഞപ്പോള്‍ കണ്ണനും വാസുവും രണ്ടു വഴികളിലായി തിരിഞ്ഞു അവരുടെ കുടികളിലേയ്ക്ക് പോയി.
കുടീടെ മുന്നില്‍ എത്തിയതും കണ്ണന്‍ അകത്തേയ്ക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു. "ചിന്നമ്മുവേ!!!".....ചിന്നമ്മുവിനറിയാം ആ വിളി എന്തിനെന്ന്. അവള്‍ വാതില്‍ക്കലേയ്ക്ക് എത്തി നോക്കി വിളിച്ചു പറഞ്ഞു.." സോപ്പ്,...ദേ! അതവിടെ എടുത്തു വച്ചിട്ടുണ്ട് കണ്ണേട്ടാ...
അവന്‍ ഒരു മൂളിപ്പാട്ടും പാടി കുളിപ്പുരയുടെ അകത്തേയ്ക്ക് കയറി. അവന്‍ കുളിച്ചു തീരാറായപ്പോള്‍ അവള്‍ അവന്റെ ഷര്‍ട്ടും, മുണ്ടും കൊണ്ടുവന്നു കുളിപ്പുരയുടെ വാതിലിന് മുകളില്‍ ഇട്ടതിനു ശേഷം മുറിക്കുള്ളിലേയ്ക്ക് പോയി.
കണ്ണന്‍ കുളി കഴിഞ്ഞ് പുത്തനുടുപ്പും മുണ്ടും ധരിച്ചു പുറത്തേയ്ക്ക് വന്നു. ഇത് അവന്റെ ഒരു ശീലമാണ്. എപ്പോഴും ഷര്‍ട്ട്‌ ധരിച്ചേ അവന്‍ നില്‍ക്കാറുള്ളൂ. ഇത് ചിന്നമ്മുവിനു നന്നായി അറിയാം. അതുകൊണ്ട് തന്നെയാണ് അത് മുന്‍കൂട്ടി അവള്‍ അവിടെ കൊണ്ട് വന്നു ഇട്ടത്.

അവിടെ കിണറിനു അരുകില്‍ നിന്നാല്‍ മുതലാളീടെ വീട് കാണാം. ഇപ്പോള്‍ ആ വീടിനു പിന്‍വശത്ത് മുതലാളിയുടെ ഭാര്യ നില്‍പ്പുണ്ട്. അവര്‍ കണ്ണനെ തന്നെ നോക്കി നില്‍ക്കുകയാണ്. അവനു അവരെ വല്ലാത്ത ബഹുമാനമാണ്. പലപ്പോഴും കണ്ണനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുടെ സഹായമനസ്ഥിതി അവനു വളരെ ഇഷ്ടമാണ്. അവന്‍, അവരെ കൊച്ചമ്മേ എന്നാണു വിളിക്കാറ്.

കുറേനേരം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ചിന്നമ്മു പുറത്തേയ്ക്ക് വന്നു. അവള്‍ അതീവസുന്ദരിയാണിന്ന്. കണ്ണുകളില്‍ മനോഹരമായി കരി വരച്ചിട്ടുണ്ട്. കണ്‍പീലികളില്‍ അതങ്ങനെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. പുരികത്തിന്റെ മനോഹാരിതയ്ക്കിടയില്‍ കുങ്കുമവര്‍ണം കൊണ്ടൊരു പൊട്ടു തൊട്ടിട്ടുണ്ടവള്‍, തലമുടിയില്‍ കൃഷ്ണതുളസ്സി ചൂടീട്ടുണ്ട്. ഒരു ദേവതയെപ്പോലെ അവള്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ കണ്ണന്‍ സ്ഥലകാലം മറന്നങ്ങിനെ നില്‍പ്പായി.

ഏയ്‌, എന്തായിത്?...അവളവനെ വന്നൊന്നു തോണ്ടി.

നീ വല്ലാണ്ട് സുന്ദരിയായിരിക്കുന്നല്ലോ ഇന്ന്. അവന്‍ അടഞ്ഞസ്വരത്തോടെ പറഞ്ഞു.
സമയം എത്രായീന്നറിയ്യോ കണ്ണേട്ടാ. ദേ എനിക്ക് വിശന്നിട്ടു വയ്യാട്ടോ. അവള്‍ അത് പറഞ്ഞപ്പോള്‍ അവന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു അകത്തേയ്ക്ക് പോയി.
നിലക്കണ്ണാടിയുടെ മുന്നില്‍ നിന്നു അവന്‍,... ഒന്ന് നോക്കി. പിന്നെ മനോഹരമായി മുടി കോതിയൊതുക്കി. പിന്നെ തിരിഞ്ഞു ചിന്നമ്മുവിനെ നോക്കി. അവള്‍ അവനെ നോക്കി ഒന്ന് ചിരിച്ചു.

അടുക്കളയിലേയ്ക്ക് പോയ അവന്‍ അതിന്റെ മൂലയില്‍ ഇട്ടിരുന്ന ബഞ്ചില്‍ ഇരുന്നു. അവള്‍ പാത്രങ്ങളില്‍ ഭക്ഷണം വിളമ്പി അവനരുകില്‍ കൊണ്ട് വന്നു വച്ചിട്ട് അവനോടു ചേര്‍ന്നിരുന്നു. അവന്‍ ആഹാരം കഴിക്കുന്നത്‌ ഒരു കുഞ്ഞിനെപ്പോലെ അവള്‍ നോക്കിയിരുന്നു. കണ്ണന്‍ തന്റെ കൈയ് അവളുടെ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. അവരുടെ കിന്നാരം അങ്ങിനെ നീണ്ടുപോയി.

ഊണ് കഴിഞ്ഞാല്‍ പിന്നെ ചെറിയൊരുറക്കം അവനു പതിവാണ്. ആ നേരങ്ങളില്‍ ചിന്നമ്മു എന്തെങ്കിലും ചെറു ജോലികളിലേര്‍പ്പെടും. അങ്ങനെ ദിവസങ്ങളും, മാസങ്ങളും കഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു.

വയലേലകളില്‍ നെല്‍ക്കതിരുകള്‍ ഉരസ്സുമ്പോള്‍ ഉണ്ടാകുന്ന മര്‍മര ശബ്ദത്താല്‍ മുഖരിതമാണവിടം. വിളഞ്ഞു കിടക്കുന്ന നെല്‍ക്കതിര്‍ കണ്ടാലോ, ഒരു മഞ്ഞപ്പട്ട് വിരിച്ചപോലെ തോന്നും. വിളവെടുപ്പിനുള്ള സമയമായി. കുടികളില്‍ സന്തോഷത്തിന്റെ ദിവസങ്ങള്‍ ആണിനി. പുത്തനരിച്ചോറു കഴിക്കുവാന്‍ പോകുന്ന ആവേശത്തിലാണ് കുട്ടികള്‍

അവള്‍, ചിന്നമ്മു ഗര്‍ഭിണിയാണിന്ന്. അവളുടെ നിറവയര്‍ കൊണ്ടുള്ള നില്‍പ്പ് കാണുമ്പോള്‍ ആകെ സന്തോഷത്തിലാകും കണ്ണന്‍, അവന്‍ അവളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ നോക്കുകയാണ്. എല്ലാ കാര്യങ്ങളിലും ഉള്ള അവന്റെ ശ്രദ്ധ പലപ്പോഴും അവളെ അത്ഭുതപ്പെടുത്താറുണ്ട്. ഭക്ഷണം പാകം ചെയ്യലും, കുളിക്കാനുള്ള വെള്ളം...എന്നു വേണ്ട എല്ലാ കാര്യങ്ങളും അവന്‍ തന്നെയാണ് ചെയ്യാറ്. അവള്‍ ഒന്നും അവനോടു ആവശ്യപ്പെടാറില്ല. അവന്‍റെ കഷ്ടപ്പാടുകള്‍ അറിഞ്ഞു ജീവിക്കുന്ന ഒരു നല്ല ഭാര്യയാണവള്‍

കൊയ്ത്തുകാലമായി. പാടങ്ങളില്‍ ചിലതില്‍ നിന്നും നെന്മണികള്‍ കൊയ്ത്തുമാറ്റപ്പെട്ടു. ഇനി വരുന്നത് ചിങ്ങമാസമാണ്. ഓണക്കാലം. ഗ്രാമങ്ങളിലൊക്കെ ഉത്സവത്തിമര്‍പ്പാണ്. അങ്ങനെ ഉത്രാടം രാവിന്‍റെ വിശുദ്ധിയില്‍ ആ ഗ്രാമം നമിച്ചു നില്‍ക്കുകയാണ്.. പതിവില്‍ നിന്നും വിപരീതമായി ആകാശത്തില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ടുണ്ട്. കണ്ണന്‍ മുറ്റത്തില്‍ ഉലാത്തുകയാണ്. ചിന്നമ്മു ഇന്ന് വളരെ ക്ഷീണിതയാണ്. സമയം രാത്രി എട്ടിനോടടുത്തു തുടങ്ങി. ചിന്നമ്മുവിനു അസഹ്യമായ വേദന തോന്നി. അവള്‍ ആ പുല്‍പ്പായയില്‍ കിടന്നു കൊണ്ട് കണ്ണനെ വിളിച്ചു.

എന്‍റെ കണ്ണേട്ടാ, എനിക്ക് വയ്യാട്ടോ....അമ്മേ!!! അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകുവാന്‍ തുടങ്ങി.
കണ്ണന്‍ ഓടിവന്ന് അവളുടെ മുഖം കൈകളില്‍ താങ്ങി മാറി മാറി മുത്തം നല്‍കി. അവന്‍ ആ രാത്രി തന്നെ ഓടിയെത്തി കാര്‍ത്യായനിയമ്മയുടെ വീടിന്‍റെ കതകിനു മുട്ടി.
"കാര്‍ത്യായനിയമ്മേ, കാര്‍ത്യായനിയമ്മേ"...അവന്‍ വിളിച്ചു.
"എന്താ മോനെ, എന്ത് പറ്റി" ചോദിച്ചുകൊണ്ട് അവര്‍ കതകു തുറന്നു. കണ്ണനെ കണ്ടവര്‍ പറഞ്ഞു. ചിന്നമ്മുനു സുഖമില്ല അല്ലിയോ? മോന്‍ കുടീലോട്ടു പൊയ്ക്കോള്ളൂ. ഞാനിപ്പോള്‍ ആളിനെയും കൂട്ടി അങ്ങട് എത്താം. അവന്‍ വീണ്ടും ഓടി. എത്തി പുരയുടെ വാതിലില്‍ നിന്നു. പിന്നീട് ദീര്‍ഘമായി ഒന്ന് നിശ്വാസം കൊണ്ടു. ചിന്നമ്മുവിന്റെ നേര്‍ത്ത കരച്ചില്‍ കേള്‍ക്കുന്നുണ്ട്. അവന്‍ അതുകേട്ടുകൊണ്ട് മെല്ലെ തളര്‍ന്ന് നിലത്തെയ്ക്കിരുന്നു.

അല്പസമയത്തിനുള്ളില്‍ കാര്‍ത്യായനിയമ്മയും രണ്ടു സ്ത്രീകളും എത്തി. അവര്‍ മുറിയ്ക്കുള്ളിലേയ്ക്ക് കയറി കതകടച്ചു. അപ്പോഴേയ്ക്കും ഒരു കുഞ്ഞു റാന്തല്‍ വിളക്കുമായി വാസുവും എത്തി. അയാള്‍ കണ്ണനടുത്തേയ്ക്ക് വന്നിരുന്നു.
സമയം നീങ്ങുന്നതേ ഇല്ലെന്നു തോന്നിയവന്. അന്ധകാരത്തിലെ നിശബ്ദതതയെ അവന്‍ അന്ന് ആദ്യമായി ഭയന്നു. ചീവീടുകളുടെ കരച്ചില്‍ അവന്‍റെ കര്‍ണ്ണങ്ങളില്‍ കൂരമ്പുകളായി പതിയ്ക്കുവാന്‍ തുടങ്ങി. അവന്‍ വല്ലാത്ത വിഷമത്തോടെ കൈകള്‍ കൊണ്ട് കാതുകള്‍ രണ്ടും പൊത്തി.

സമയം ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും. മുറിക്കുള്ളില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. കണ്ണന്‍ ജിജ്ഞാസുവായി. വാസു പതുക്കെ എഴുന്നേറ്റു. അപ്പോഴേയ്ക്കും ഒരാണ്‍കുഞ്ഞുമായി കാര്‍ത്യായനിയമ്മ പുറത്തേയ്ക്ക് വന്നു. അവരുടെ മുഖം സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയിരുന്നു. കണ്ണന്‍റെ കൈകളിലേയ്ക്ക് കുഞ്ഞിനെ നീട്ടികൊടുത്തു. അവന്‍ സന്തോഷത്തോടെ, എന്നാല്‍ അല്‍പ്പം ഭയത്തോടെ ആ കുഞ്ഞിനെ കൈകളിലേയ്ക്ക് സ്വീകരിച്ചു. എന്നിട്ട് മെല്ലെ ചോദിച്ചു... "അമ്മേ!!! ചിന്നമ്മു....."

അവള്‍, സുഖായിരിക്കുന്നു മോനെ. ഈശ്വരാനുഗ്രഹം ഉണ്ടെന്റെ കുട്ടിയ്ക്ക്. കണ്ണന്‍ കൈകളില്‍ ഇരിക്കുന്ന കുഞ്ഞിനെ നോക്കി നിന്നു. അവന്റെ കണ്ണുകള്‍ നിറഞ്ഞു. കാര്‍ത്യായനിയമ്മ കുഞ്ഞിനെ വാങ്ങി അകത്തേയ്ക്കുപോയി. ഇനിയിപ്പോള്‍ കണ്ണന് അകത്തേയ്ക്ക് കയറാം. അകത്തു നിന്നും വയറ്റാട്ടിയുടെ അറിയിപ്പ് കിട്ടിയതോടെ അവന്‍ അകത്തേയ്ക്ക് കയറി. അവനെ കണ്ടതോടെ ചിന്നമ്മു തേങ്ങിക്കരഞ്ഞുപോയി.

അവന്‍, അവളുടെ അരുകിലായി, ആ പുല്‍പ്പായയില്‍ ഇരുന്നു. അവളുടെ വലതുകരം അവന്‍റെ കൈവെള്ളയില്‍ അമര്‍ത്തി, അവന്‍റെ കവിളിനോട് ചേര്‍ത്തു. സന്തോഷത്താല്‍ ചിന്നമ്മുവും, കണ്ണനും തേങ്ങിത്തേങ്ങിക്കരഞ്ഞു. കുഞ്ഞാകട്ടെ, ഇതൊന്നുമറിയാതെ മനോഹരമായ ഉറക്കത്തിലുമാണ്.

ദിവസങ്ങള്‍ അങ്ങനെ കഴിഞ്ഞുപോയി. ചിന്നമ്മു പഴയത് പോലെ പ്രസന്നവതിയാണ്. കണ്ണന്‍ പണികഴിഞ്ഞാല്‍ പാഞ്ഞെത്തും. ചിന്നമ്മുവിനോട് അവനിപ്പോള്‍ അടക്കാനാവാത്ത സ്നേഹമാണ്. അവള്‍ മടിമേല്‍ കുഞ്ഞിനേയും വച്ചുകൊണ്ട് ഇരിക്കുന്നത് ഏറെനേരം അവന്‍ നോക്കിയിരിക്കും. കണ്ണന്‍റെ സ്നേഹത്തിന് മുന്നില്‍ അവളും എല്ലാം മറന്നിരിക്കും.

മാസങ്ങള്‍ കഴികെ, അവര്‍ ആ കുഞ്ഞിനു ശിവന്‍ എന്ന് പേരിട്ടു. കണ്ണന്‍ അവനെ സ്നേഹത്തോടെ "ചിന്നാ" എന്ന് വിളിക്കും. അവന്‍ പിച്ചവച്ചു നടക്കുന്നത് കാണുമ്പോള്‍ കണ്ണന്‍ നിര്‍ന്നിമേഷനായി നോക്കിയിരിക്കും. അവന്‍ വീഴുമ്പോള്‍ ഉള്ള ചിന്നമ്മുവിന്റെ പരിഭ്രമം കാണുമ്പോള്‍ അവന്‍ ആര്‍ത്തുചിരിക്കും. അതിലവള്‍ പരിഭവപ്പെടുമെങ്കിലും അത് നിമിഷനേരത്തേയ്ക്ക് മാത്രമായിരിക്കും.

(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ