2014 ജനുവരി 7, ചൊവ്വാഴ്ച

ദേവിയുടെ സ്വര്‍ണപൊട്ടു കാണാനില്ല. എന്‍റെ കൈകള്‍ പിടിച്ചാരോ ഓടുകയാണ്. ആ ഇടനാഴിയിലൂടെ ഓടുമ്പോള്‍ ഇരുവശങ്ങളിലുമുള്ള അരഭിത്തികളില്‍ നിറയെ വളരെ വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച
പെണ്‍കുട്ടികള്‍, ഓട്ടത്തിനിടയിലും അവള്‍ എന്നെ കാണല്ലേ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു.....

ഇപ്പോള്‍ ഞങ്ങള്‍ ഓടുന്നത് ഉയരക്കൂടുതലുള്ള ഇരുട്ടുപിടിച്ച രണ്ടു മതില്‍ക്കെട്ടുകള്‍ക്കിടയിലൂടെയാണ്. നന്നേ ക്ഷീണിച്ചു. അത് ചെന്നെത്തിയത് വളരെ താഴ്ചയുള്ള ഒരു കുളത്തിന്‍റെ കരയിലും. നാലുവശവും കരിങ്കല്ലുകൊണ്ടു കെട്ടിയ അതിനുള്ളിലേയ്ക്ക് ചൂണ്ടി ആരോ പറയുന്നു....."ഇവിടാ, ദേവിയുടെ സ്വര്‍ണപ്പൊട്ട് പോയത്."

ഞാന്‍ അതിനുള്ളിലേയ്ക്ക് എത്തി നോക്കി. ഒരു ചെമ്പ് താലം വെള്ളത്തില്‍ മുങ്ങി കിടപ്പുണ്ട്. അതില്‍ ഒരു കിണ്ടി, കുറെ ചുവന്ന തെച്ചി പൂക്കള്‍, പിന്നൊരു കുഞ്ഞു മണി, മഞ്ഞ നിറത്തിലുള്ള ചന്ദനവും. ഞാനാരോടെന്നില്ലാതെ പറഞ്ഞു. "ഉം....അതിനകത്തുണ്ട്." പറഞ്ഞു കൊണ്ടു ഞാന്‍ വെള്ളത്തിലേയ്ക്കിറങ്ങി. വെള്ളത്തില്‍ പരതി. എന്‍റെ ചൂണ്ടുവിരലില്‍ ദേവിയുടെ മുഖമുള്ളതുപോലൊരു കുഞ്ഞു പൊട്ട് ഒട്ടിപ്പിടിച്ചു. ഞാന്‍ കുളത്തിനുമുകളിലേയ്ക്ക് നോക്കി. നിറയെ ആളുകള്‍

പെട്ടെന്ന്, എനിക്ക് ചുറ്റും തീവെട്ടി തെളിച്ചു ആളുകള്‍ നിരന്നു. കാതടപ്പിക്കുന്ന മണിയടി ശബ്ദം. ഞാന്‍ ചെവികള്‍ പൊത്തിപ്പിടിച്ചു. എന്‍റെ കൈയിലെ കൂട പൊട്ടി മാതളപഴങ്ങള്‍ നിലത്തു വീണു. ആരൊക്കെയോ എന്നെ തള്ളിമാറ്റി അവ പെറുക്കിയെടുത്തു. ദേവിയുടെ സ്വര്‍ണപ്പൊട്ട് കൊണ്ടുപോകുന്ന തായമ്പകയുടെ മനോഹരസ്വരം ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കുളത്തിന് മുകളിലേയ്ക്ക് നോക്കി. ആരെയും കണ്ടില്ല....ഇല്ല, എന്‍റെ കൈപിടിച്ചു ആരോ ഓടുന്നുണ്ടായിരുന്നു അപ്പോഴും...കിതച്ചു കിതച്ചു ഞാനും....ദേവിചൈതന്യം ഏറ്റപോലെ.

Sree......Varkala


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ