2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം..11

വേഗത്തില്‍ വന്നവള്‍ വാതില്‍ തുറന്നു. അവളുടെ കണ്ണുകള്‍ കണ്ണന്‍റെ കണ്ണുകളില്‍ ആര്‍ദ്രമായി ഉടക്കിനിന്നു. അവളുടെ കണ്‍പീലികള്‍ തുരുതുരെ വിറയ്ക്കാന്‍ തുടങ്ങി. മേല്‍ച്ചുണ്ടിനു മേല്‍ ഒരു കൂട്ടം വിയര്‍പ്പുകണങ്ങള്‍ ഉയര്‍ന്നെഴുന്നേറ്റു. കണ്‍കോണുകളില്‍ എവിടെയോ നീര്‍ പടര്‍ന്നു. അവ ഇളകി അങ്ങിനെ നിലത്തേയ്ക്ക് വീഴാന്‍ തുടങ്ങുകയായിരുന്നു. അവളുടെ അടുത്തേയ്ക്ക് അവന്‍ കുറച്ചുകൂടി നീങ്ങി നിന്നു. അവളറിയാതെ അവളുടെ വലതുകരം അവനു നേരെ നീങ്ങി.

കണ്ണന്‍ അവളുടെ നീട്ടിയ കൈവിരല്‍ ഒന്നില്‍ പിടിച്ചുകൊണ്ടു പതിയെ വിളിച്ചു...."തങ്കം"....ന്‍റെ പൊന്നെ!!!
അവള്‍ മിഴികളുയര്‍ത്തി അവനെ നോക്കി. അവളുടെ കണ്‍പീലികള്‍ നനഞ്ഞൊട്ടിയിരുന്നു. അവള്‍ മിഴികള്‍ കൊണ്ട് അവനെ അകത്തേയ്ക്ക് വരാന്‍ പറഞ്ഞു. കണ്ണന്‍ അകത്തേയ്ക്ക് കയറിയതും നേര്‍ത്തൊരു കരച്ചിലോടെ അവള്‍ അവനിലേയ്ക്കു ചേര്‍ന്നതും ഒരുമിച്ചായിരുന്നു. പരിസരബോധം മറന്നവര്‍ തമ്മില്‍ പുണര്‍ന്നുനിന്നു.

കണ്ണന്‍ അവളെ തന്നില്‍ നിന്നും പതിയെ അടര്‍ത്തിമാറ്റി അവളുടെ ഇരുകവിളുകളിലും അധരങ്ങളിലും തെരുതെരു ചുംബിച്ചു. തങ്കം കാല്‍വിരല്‍തുമ്പുകളില്‍ നിലംതൊട്ട് കോരിത്തരിച്ചുകൊണ്ട് മേലേയ്ക്കാഞ്ഞു അവന്‍റെ നെറ്റിയില്‍ ചുംബിച്ചു.

"കണ്ണന്‍ ചോദിച്ചു..."ഞാന്‍ കേട്ടതൊക്കെ ശെരിയാണോ തങ്കം"...?
അവളുടെ കവിളുകളില്‍ ശോണിമ പടര്‍ന്നു. "ഉം...അവള്‍ മൂളി.

"മുതലാളി...???? അവന്‍ അര്‍ദോക്തിയില്‍ നിര്‍ത്തി..
അവള്‍ വശ്യമായി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരിയില്‍ അവന് സന്തോഷം തോന്നി. അവനവളെ വീണ്ടും പുണര്‍ന്നു. അവള്‍ ജോലിക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍, കണ്ണന്‍ ഇന്നിനി വയ്യ നാളെയാകട്ടെ എന്ന് പറഞ്ഞു.

"അപ്പോള്‍ പോകുവാണോ ഇപ്പോള്‍??? അവള്‍ പരിഭവിച്ചു.
"ഇല്ല എന്‍റെ തങ്കത്തിനെ കണ്ടുകണ്ടിരിക്കാന്‍ വല്ലാത്ത കൊതിയായി ട്ടോ. അവന്‍ പറഞ്ഞു. ഈ ബന്ധം എത്രനാള്‍ ഇങ്ങനെ തുടരും തങ്കം. മുതലാളി അറിഞ്ഞാല്‍? ചിന്നമ്മുവിനു ഇപ്പോള്‍ തന്നെ ചെറിയ സംശയം തോന്നീട്ടുണ്ട്. അവള്‍ പാവമാ തങ്കം. ഇപ്പോഴെനിക്ക്‌ തോന്നുന്നുണ്ട്..ഞാനവളെ ചതിക്കുകയല്ലേ????

അവന്‍ വല്ലാതെ നൊമ്പരപ്പെടുന്നത് പോലെ തോന്നി തങ്കത്തിന്.
അത് മനസ്സിലാക്കി അവള്‍ പറഞ്ഞു..."ഇതാപ്പ നന്നായെ!!! ...ങ്ങളെ കാണാണ്ടിനി എന്നെകൊണ്ട്‌ പറ്റുന്നില്ല കണ്ണാ. അവള്‍ അവന്റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു.

ഞാന്‍ ആലോചിക്കുവാ....നമ്മുക്ക് ഈ കുഞ്ഞിനേം കൊണ്ട് എങ്ങടെങ്കിലും പോകാം.... ഇതുകേട്ട് കണ്ണന്‍ ഞെട്ടിയില്ല. പക്ഷെ, അവന്‍റെ മുഖം വാടി. മെല്ലെയവന്‍ ചോദിച്ചു.."അപ്പോള്‍ ചിന്നമ്മു...?
അവന്‍റെ മുഖത്തേയ്ക്കു നോക്കിയ അവളുടെ കണ്ണുകളില്‍ കണ്ട ഒരുതരം വന്യത അവനെ വല്ലാതെയാക്കി....

തിരികെ നടക്കുമ്പോള്‍ അവനെ ചിന്തകള്‍ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ഒരു വശത്തു ചിന്നമ്മു. മറുവശത്ത് തങ്കം. അവന്‍ അവന്റെ മനസ്സിനോട് തന്നെ ചോദിച്ചു..."ഇതില്‍ ആരെയാണ് താന്‍ ഒഴിവാക്കേണ്ടത്..?

അവന്‍ ചിന്തിച്ചു. ചിന്നമ്മു തന്‍റെ ഭാര്യയാണ്. തന്‍റെ കുഞ്ഞിനെ പ്രസവിച്ച്, തന്നെ ഒരുപാട് സ്നേഹിച്ച് ദൈവത്തെപ്പോലെ കാണുന്നവള്‍, അവളെയോ??? അവന്റെ മനസ്സില്‍ ഒരു നൊമ്പരം വന്നണഞ്ഞു. പിന്നീടവന്റെ ചിന്ത തങ്കത്തിനെ കുറിച്ചായിരുന്നു.

അപ്പോഴവന്‍ തിരിച്ചറിഞ്ഞു. അവളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം അവന്‍റെ ഹൃദയത്തിനു അവാച്യമായ ഒരനുഭൂതി പടരുന്നത്‌. അവളെ പിരിയുന്നത് ചിന്തിക്കുമ്പോള്‍ തന്നെ അടങ്ങാത്ത വേദന. എന്തായാലും, തുഴ കൈവിട്ട യാത്രക്കാരനെ പോലെയവന്‍ ജീവിതനടുക്കടലില്‍ നിസ്സഹായനായി നിന്നു.
അവന്‍റെ ചിന്തകള്‍ കാറ്റില്‍ പറക്കുന്ന നേര്‍ത്ത തുണിത്തുണ്ട് പോലെ നിയന്ത്രണമില്ലാതെ ആടിയൊഴുകാന്‍ തുടങ്ങി.

തങ്കം ഗര്‍ഭിണിയാണ്. ഇനിയൊരു എട്ടു മാസം കൂടി കഴിയുമ്പോള്‍ അവള്‍ തന്‍റെ കുഞ്ഞിനെ പ്രസവിക്കും. ചിന്നമ്മുവിനെപ്പോലെ തന്നെ അക്കാര്യത്തില്‍ അവളും തന്‍റെ മുന്നില്‍ തുല്യയാകും. ചിന്തിക്കുന്തോറും കണ്ണന്‍റെ തലയിലൂടെ വിദ്യുത്പ്രവാഹമുണ്ടായി. അങ്ങനെ ചിന്തിച്ചുകൊണ്ടവന്‍ അവന്‍റെ കുടിലിനു മുന്നിലെത്തി.

ചാരിയിട്ടിരുന്ന വാതില്‍ തുറന്നവന്‍ അകത്തേയ്ക്ക് കയറി. രാവിലെത്തെ തണുപ്പിലും അവനെ വിയര്‍ക്കാന്‍ തുടങ്ങി. ഉടുപ്പ് ഊരി അയയിലേയ്ക്കിട്ടവന്‍ കട്ടിലിലേയ്ക്ക് ചരിഞ്ഞു. കട്ടില്‍ ഭാരത്താല്‍ ഞെരിഞ്ഞമര്‍ന്നു. അവന്‍ കൊണ്ട ദീര്‍ഘ നിശ്വാസത്തിന്റെ ചൂട് ഒരു ശബ്ദത്തോടെ പുറത്തുവന്നു.
നിശബ്ദതയെ മുറിച്ച ആ സ്വരം കേട്ടുകൊണ്ട് ചിന്നമ്മു അവനരുകിലേയ്ക്ക് വന്നു.

മച്ചിലേയ്ക്ക് കണ്ണും നട്ട് കിടക്കുന്ന കണ്ണനെ കണ്ടവള്‍ അവനരുകില്‍ ഇരുന്നു. കണ്ണന്‍ അവളെ നോക്കി. കാതരമായ അവളുടെ മിഴികള്‍ കണ്ട അവനു കുറ്റബോധം തോന്നി. അവന്‍ സ്വയം ചിന്തിച്ചു. "ചിന്നമ്മുവാണിത് ചെയ്യുന്നതെങ്കില്‍ താന്‍ പൊറുക്കുമോ? ഒരു ഞെട്ടലോടെയവന്‍ എഴുന്നേറ്റിരുന്നു.

ചിന്നമ്മു അവനെത്തന്നെ നോക്കിയിരിപ്പാണ്. അവന്റെ മിഴികളിലെ മാറിമറയുന്ന ഭാവങ്ങള്‍ അവള്‍ക്കു മനസ്സിലായില്ല.
"ഇല്ല...ഇല്ല...കണ്ണന്‍ അറിയാതെ തലകുലുക്കി. അവനു അവനോടു തന്നെ പുച്ഛം തോന്നി. തങ്കത്തിന്റെ ഓര്‍മ്മകള്‍ വീണ്ടും ഇടയ്ക്ക് വന്നണഞ്ഞതോടെ നിസഹായനായ ഒരു വൃദ്ധനെപ്പോലവന്‍ കിതയ്ക്കുവാന്‍ തുടങ്ങി.

"എന്താ കണ്ണേട്ടാ...ങ്ങക്കിത് എന്നാ പറ്റി...അവള്‍ സങ്കടത്തിന്റെ വക്കോളമെത്തിയിരുന്നു. എന്നിട്ട് ചോദിച്ചു." എന്താ ങ്ങളിന്നു ജോലിയ്ക്ക് പോകണില്ലേ..????
കണ്ണന്‍ ഒന്ന് ഞെട്ടി. "ങേ! ..ഇല്ല...ഇന്ന് പറ്റില്ല്യാന്നു ഞാന്‍ പറഞ്ഞു. ഞെട്ടല്‍ മറച്ചുവച്ചവന്‍ ഇത്രയും പറഞ്ഞു.
"ഞാന്‍ കാപ്പിയെടുക്കട്ടെ? ചിന്നമ്മു ചോദിച്ചു.
"വേണ്ട, ഇപ്പൊ വേണ്ട...ഞാനിച്ചിരി കിടക്കട്ടെ ചിന്നമ്മു. കണ്ണന്‍ പറഞ്ഞു.
ചിന്നമ്മു അല്‍പനേരം കൂടി അവനടുത്തിരുന്നിട്ട് എഴുന്നേറ്റുപോയി.

ദിവസങ്ങളും മാസങ്ങളും മെല്ലെമെല്ലെ കടന്നുപോയി. ഇതിനിടയില്‍ പലതവണ കണ്ണനും തങ്കവും സമാഗമിച്ചു...ഒരു കുഞ്ഞുപോലുമറിയാതെ!!!!

സന്ധ്യ മയങ്ങിയ നേരം. വയല്‍വരമ്പുകളില്‍ നിന്നും ചിവീടുകള്‍ തെരുതെരു ചിലയ്ക്കുന്നു. ചെടികള്‍ക്കിടയിലൂടെ ഒരെലി ഓടിപ്പോയ ശബ്ദം കേട്ട് ഒരു നായ കുരച്ചുകൊണ്ട് പാഞ്ഞടുത്തു. ശബ്ദമുഖരിതമായ സന്ധ്യ. പൗര്‍ണമി ഉദിച്ചുയര്‍ന്നു കഴിഞ്ഞു. ആ പാല്‍വെളിച്ചത്തില്‍ പ്രകൃതി അങ്ങിനെ കുളിച്ചു നില്‍ക്കെ, മണിമാളികയില്‍ തങ്കം അസ്വസ്ഥയായി.

സമയം ഏഴു മണി ആയിട്ടേയുള്ളൂ. മാസം തികയാറായതിനാല്‍ മുതലാളി വേലക്കാരിയെ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. തങ്കം കട്ടിലില്‍ കാല്‍മുട്ടുകള്‍ വലിച്ചു മടക്കി അസഹ്യമായ വേദനയോടെ വേലക്കാരിയെ വിളിച്ചു. അവള്‍ വിളികേട്ട് ഓടിവന്നു. തങ്കത്തിന്റെ അവസ്ഥ കണ്ടവള്‍ ശെരിക്കും വിയര്‍ത്തു. ഈ രാത്രി ഇനീപ്പോ ആരെ വിളിക്കും...ഈശ്വരാ!!! ഒരു വഴികാട്ടണെ... അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

പെട്ടെന്ന് തങ്കം വേലക്കാരിയെ നോക്കി വിമ്മിട്ടത്തോടെ പറഞ്ഞു. നീയാ കണ്ണനെ വിളിക്ക്....
അവള്‍ അത് കേട്ടതോടെ, ആ രാത്രി കണ്ണന്‍റെ വീട് ലക്ഷ്യമാക്കി ഓടി. വീടിനു മുന്നിലെത്തിയ അവള്‍ നിന്നു കിതയ്ക്കാന്‍ തുടങ്ങി. അകത്തെ ചെറുമഞ്ഞവെളിച്ചം കണ്ടവള്‍ വിളിച്ചു..."കണ്ണേട്ടാ"..
വിളികേട്ടുകൊണ്ട് ചിന്നമ്മുവാണ് പുറത്തേയ്ക്ക് വന്നത്. അവള്‍ക്കു പിന്നാലെ കണ്ണനും. ചിന്നമ്മു ചോദിച്ചു.." എന്താ എന്തുപറ്റി...? എന്താ ഈ രാത്രീല്...??? അവള്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു.

കണ്ണന്‍ പിന്നെയവിടെ നിന്നില്ല. ആ വേഷത്തില്‍ തന്നെയവന്‍ കവലയിലേയ്ക്ക് പാഞ്ഞു. വണ്ടിവിളിച്ചവന്‍ മണിമാളികയിലെത്തി. തങ്കത്തിനെയും കയറ്റി ആ വാഹനം മണ്പാതയിലൂടെ പൊടികളുയര്‍ത്തി വളരെ വേഗം പോയി. ഇതിനിടയില്‍ അവന്‍ മുതലാളിയെ അറിയിച്ചിരുന്നു. ടൌണിലെ മുന്തിയ ഒരു ആശുപത്രിയിലെ പ്രസവമുറിയുടെ അകത്താണ് തങ്കം ഇപ്പോള്‍

നിമിഷങ്ങള്‍ കടന്നുപോയി. ആശുപത്രിയുടെ മരുന്ന് മണമുള്ള വരാന്തയില്‍ മുതലാളി തുടിയ്ക്കുന്ന ഹൃദയവുമായി ഇടംവലം നടക്കുകയാണ്. കണ്ണന്‍ ഓട്ടുമച്ചിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന കനമുള്ള തടി തൂണില്‍ കണ്ണുകള്‍ പൂട്ടി ചാരി നില്‍ക്കുകയാണ്. ഏകദേശം ഒരുമണിക്കൂര്‍ കഴിഞ്ഞു പ്രസവമുറിയുടെ കവാടത്തിലെ വാതിലില്‍ അരമുറി തുറന്നു പുറത്തേയ്ക്ക് തലയിട്ടൊരു നഴ്സ് ചോദിച്ചു..."ആരാ...ഇതിലാരാ തങ്കത്തിന്റെ ഭര്‍ത്താവ്..?

ഇതുകേട്ട കണ്ണനും മുതലാളിയും ഒരെവേഗത്തില്‍ വാതിലിനടുത്ത് ചെന്നു. എന്നാല്‍ കണ്ണന്‍ പൊടുന്നനെ പിന്നിലേയ്ക്ക് വലിഞ്ഞു. മുതലാളിയോടെന്തോ പറഞ്ഞുകൊണ്ട് നഴ്സ് അകത്തേയ്ക്ക് പോയി.

മുതലാളി തിരിഞ്ഞു കണ്ണനോട് പറഞ്ഞു. "കണ്ണാ, നേരം ഒത്തിരിയായല്ലോ.. ഇനീപ്പോ നീ വീട്ടിലേയ്ക്ക് പൊയ്ക്കോള്ളൂ. ഇവിടെ ഞാനുണ്ടല്ലോ. അവള്‍, ചിന്നമ്മു അവിടെ തനിച്ചല്ലേ?
വേണ്ട മുതലാളി അത് സാരമില്ല. ഇതൊന്നു കഴിയട്ടെ. കണ്ണന്‍ അയാളെ നോക്കി ഭവ്യതയോടെ പറഞ്ഞു. ഞാനൂടെ പോയാല്‍, മുതലാളി തനിച്ചാകില്ലേ? ഇവിടെ എന്തേലും ആവശ്യം വന്നാലോ? അവന്‍ ചോദിച്ചു.

കണ്ണന്‍റെ വാക്കുകളിലെ ആത്മാര്‍ഥത മുതലാളിയ്ക്ക് അതിയായ സന്തോഷം നല്‍കി. അയാളുടെ ശ്രദ്ധ വീണ്ടും താഴിട്ടിരിക്കുന്ന വാതിലിലെയ്ക്ക് തിരിഞ്ഞു. അവരുടെ മനസംഘര്‍ഷത്തിനു വിരാമമിട്ടുകൊണ്ട് കൈയില്‍ ഒരു ചോരക്കുഞ്ഞുമായി നഴ്സ് പുറത്തേയ്ക്ക് വന്നു. മുതലാളിയോടൊപ്പം കണ്ണനും ആകാംഷയോടെ നോക്കി.

കുഞ്ഞിനെ അയാളുടെ കൈയിലേയ്ക്ക് കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു.."അങ്ങേടെ ആഗ്രഹം പോലെ പെണ്‍കുഞ്ഞാ..!!!
കണ്ണന്‍ കുഞ്ഞിനെത്തന്നെ നിര്‍ന്നിമേഷനായി നോക്കി നിന്നു. അവന്‍റെയുള്ളില്‍ പൊട്ടിവിരിഞ്ഞ ആഹ്ലാദം ആരോടും പറയാന്‍ കഴിയാതെ അവന്‍ നിന്നു വീര്‍പ്പുമുട്ടി.

കുഞ്ഞിനെ തിരികെ വാങ്ങി നഴ്സ് അകത്തേയ്ക്കുപോയി. കണ്ണന്‍ മെല്ല പിന്‍വാങ്ങാന്‍ തുടങ്ങി. ഇനിയും മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമേ തങ്കത്തിനെ പുറത്തുകൊണ്ടുവരൂ. അവന്‍ മുതലാളിയോട് യാത്ര പറഞ്ഞു തിരിഞ്ഞുനടന്നു. പല വിധത്തിലുള്ള ചിന്തകള്‍ കൊണ്ടവന്റെ മനസ്സ് കലുഷിതമായിരുന്നു.

സമയം പതിനൊന്നിനോടടുത്തു. അവസാനത്തെ ബസില്‍ കയറിയവന്‍ കുടീലെത്തുമ്പോള്‍, കണ്ണനെ കാത്തിരുന്നുകാത്തിരുന്ന് ചിന്നമ്മു ഉറങ്ങിപ്പോയി.
മുറ്റത്തെത്തിയ കണ്ണന്‍ പതുക്കെ ആ ചെറ്റക്കുടിലിന്‍റെ വാതിലില്‍ മുട്ടി. ചെറിയ അനക്കം കേട്ട ചിന്നമ്മു ഞെട്ടിയുണര്‍ന്നു. അതേസമയം തന്നെ ചിന്നമ്മൂ എന്ന കണ്ണന്‍റെ വിളികേട്ടവള്‍ ഓടിവന്ന് ആ വാതില്‍ തുറന്നു. അവന്‍ അകത്തേയ്ക്ക് കയറിയപ്പോള്‍ അവള്‍ ചോദിച്ചു.

എന്തായി കണ്ണേട്ടാ!! തങ്കം പ്രസവിച്ചോ? കുഞ്ഞിനും അവള്‍ക്കും സുഖാണോ?

കണ്ണന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. "ഉം...പെണ്‍കുഞ്ഞ്. സുഖാ....അമ്മയ്ക്കും മോള്‍ക്കും....അവന്‍ എല്ലാം പറഞ്ഞു. കണ്ണന് നല്ല വിശപ്പ്‌ ഉണ്ടായിരുന്നിട്ടു പോലും അവനു ആഹാരത്തിന്റെ മുന്നില്‍ ഇരിക്കാനേ കഴിഞ്ഞുള്ളു. അവന്റെ മനസ്സപ്പോഴും അങ്ങകലെ ആ ആശുപത്രികെട്ടിടത്തിന്റെ നീണ്ട ഇടനാഴികളില്‍ ഓടിനടക്കുകയായിരുന്നു. കണ്ണന്‍ എഴുന്നേറ്റു കൈകഴുകി കട്ടിലില്‍ വന്നിരുന്നു. ചിന്നമ്മു അരികിലേയ്ക്ക് വന്ന് കുനിഞ്ഞിരിന്ന അവന്‍റെ മുഖം കൈവെള്ളയില്‍ തൊട്ടുയര്‍ത്തി ചോദിച്ചു..." എന്തുപറ്റി? വിശപ്പില്ലേ? ങ്ങള് കവലേന്നു വല്ലോം കഴിച്ചാരുന്നോ?
ഇല്ലന്നവന്‍ തലയാട്ടി. എന്നിട്ട് പറഞ്ഞു. എന്തോ എനിക്കറിയില്ല്യ ചിന്നമ്മു. വിശപ്പ്‌ തോന്നണില്ല്യ. നീ കഴിച്ചു കിടന്നോള്ളൂ....

(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ