2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 7

മുറ്റത്തെ ചില്ലകളില്‍ പക്ഷികള്‍ ചിലച്ചു തുടങ്ങി. ദേവതാക്ഷേത്രത്തില്‍ നിന്നും പ്രഭാതകീര്‍ത്തനം കേള്‍ക്കുന്നുണ്ട്. ചെറ്റക്കുടിലിലെ ചെറിയ ദ്വാരങ്ങളിലൂടെ സൂര്യപ്രകാശം അകത്തേയ്ക്ക് കടക്കുന്നു. ചിന്നമ്മു എഴുന്നേറ്റു. മുടി മാടിയൊതുക്കി. പിന്നെയത് കെട്ടിവച്ചു. കുഞ്ഞു ദീര്‍ഘമായ ഉറക്കത്തിലാണ്. അവള്‍ കണ്ണന്‍റെ കിടക്കയ്ക്കരുകില്‍ വന്നിരുന്നു. അവനെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടു. പിന്നവള്‍ കുളിപ്പുരയിലേയ്ക്ക് പോയി.

സമയം രാവിലെ 8.00 ആയി. ചിന്നന്‍ എഴുന്നേറ്റു. പിച്ചവച്ചു അടുക്കള പടിമേല്‍ പിടിച്ചുകൊണ്ടു അമ്മയെ വിളിക്കുകയാണ്‌. കണ്ണന്‍ വീണ്ടും തിരിഞ്ഞുകിടന്നു. തണുപ്പ് കൊണ്ടാവാം അവനൊരു പുതപ്പ് വലിച്ചു മൂടിയിട്ടുണ്ട്‌. കുഞ്ഞിന്റെ വിളികേട്ടു ചിന്നമ്മു കുളിമുറിയില്‍ നിന്നും ഓടി വന്നു. അവളുടെ മുടി തോര്‍ത്ത്‌ കൊണ്ട് കെട്ടി വച്ചിട്ടുണ്ട്. ശരീരത്തിലെ ജലാംശം അവളുടെ വസ്ത്രങ്ങളില്‍ പറ്റി അവ നനഞ്ഞിട്ടുണ്ട്. അവള്‍ കുഞ്ഞിനെ എടുത്തു അടുക്കളയിലേയ്ക്ക് പോയി.

സമയം നീങ്ങുകയാണ്. ചിന്നമ്മു ഒരു ഗ്ലാസില്‍ കാപ്പിയുമായി കണ്ണന്‍റെ അരുകില്‍ വന്നിരുന്നു. ഗ്ലാസ്‌ ഒരു വശത്തേയ്ക്ക് വച്ചിട്ടവള്‍ അവനരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. മെല്ലെ അവന്റെ ശരീരത്തില്‍ കൈവച്ചു, അവന്‍ കണ്ണു തുറന്നു.

"ദേ! സമയം എന്തായീന്നറിയാമോ? അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"ദാ കാപ്പി കുടിക്ക്"......അവള്‍ ഗ്ലാസ്‌ എടുത്തു അവനു നേരെ നീട്ടി.
അവന്‍ പതിയെ എഴുന്നേറ്റിരുന്നു. ചിന്നമ്മുവിനെ നോക്കുമ്പോഴെല്ലാം അവനെ പതിവില്ലാത്ത ഒരു സങ്കോചം പിടികൂടുന്നു. അവന്‍ ഒന്നും ഉരിയാടിയില്ല. കാപ്പി കുടിച്ചപ്പോള്‍ അവള്‍ ഗ്ലാസ്‌ വാങ്ങി അവിടെ നിന്നും പോയി. കണ്ണന്‍ വീണ്ടും കിടക്കയിലേയ്ക്ക് ചരിഞ്ഞു. പത്തു മിനിട്ടോളം അങ്ങിനെ കിടന്നിട്ടവന്‍ എഴുന്നേറ്റു പുറത്തേയ്ക്ക് പോയി. മുറ്റത്ത്‌ ഉലാത്തുകയാണിപ്പോള്‍,.....

ചെമ്മണ്‍പാതയിലൂടെ മുതലാളിയുടെ കാര്‍ അതിവേഗം വരുന്നുണ്ടായിരുന്നു. കണ്ണന്‍റെ വീടിനടുത്ത് എത്തിയതും അതു നിന്നു. അതില്‍ നിന്നും മുതലാളി ഇറങ്ങി. അയാള്‍ കണ്ണന്‍റെ കുടിയിലേയ്ക്ക് നോക്കി വിളിച്ചു. അവനില്‍ ആ വിളി ആദ്യം ചെറിയ ഒരു ഞെട്ടല്‍ ഉണ്ടാക്കി എങ്കിലും അവന്‍ അയാളുടെ അടുക്കല്‍ ചെന്നു. മുതലാളി നൂറിന്‍റെ രണ്ടു നോട്ടുകള്‍ അവനെ ഏല്‍പ്പിച്ചു. മെല്ലെ കാര്‍ നീങ്ങിത്തുടങ്ങി. അവന്‍ അവിടെ നിന്നും തിരികെ നടന്നു.

വാസു തൂമ്പയും തോളിലേറ്റി വരുന്നുണ്ടായിരുന്നു. എന്താടാ കണ്ണാ, ഇന്ന് പണിയില്ലേ? വാസുവേട്ടന്റെ ചോദ്യം പതിവുള്ളതാണ് എങ്കിലും ഇന്ന് പക്ഷെ, കണ്ണന് ആ ചോദ്യവും എന്തുകൊണ്ടോ ശരിയാണെന്ന് തോന്നിയില്ല. അവന്‍ വാസുവിനെ നോക്കി. പിന്നെ പറഞ്ഞു. "ഇന്നലെ രാത്രീല് മുതലാളീടെ പീടികേല് കുറച്ചു ജോലിയുണ്ടായിരുന്നു വാസുവേട്ടാ. വന്നപ്പോള്‍ നേരം പുലരാറായി. ദേ! ചിന്നമ്മു വിളിച്ചിട്ട് ഞാന്‍ ഇപ്പോഴാ എഴുന്നേറ്റത്. എന്താ ഇന്ന് വാസുവേട്ടന്‍ പെട്ടെന്ന് തിരികെ പോന്നത്? വെള്ളം ഒരുപാടുണ്ടോ പാടത്ത്?

"ഏയ്‌!അല്ല കണ്ണാ. ഒരു വശം ഞാന്‍ തിടമ്പ് പിടിച്ചിട്ടുണ്ട്. മറുവശം കുറച്ചു ഉയരക്കൂടുതല്‍ ഉണ്ടല്ലോ? അത് നാളെയാകട്ടെ കണ്ണാ. നാളെപ്പിന്നെ നീയും ഉണ്ടല്ലോ? വാസു പറഞ്ഞു.
കണ്ണനും വാസുവും കൂടി നടന്നു നീങ്ങി. കണ്ണന്‍ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നപ്പോള്‍ വാസു തൂമ്പയും തോളിലേറ്റി തിരികെപോയി.

മുതലാളിയുടെ കാര്‍ ചെമ്മണ്‍പാതയിലൂടെ വളരെവേഗം തിരിഞ്ഞ് മണിമാളികയുടെ കാര്‍പോര്‍ച്ചിലേയ്ക്ക് കയറി. തങ്കം പരിഭവത്തോടെ വാതിലിനരുകില്‍ വന്നു. എന്നിട്ട് പറഞ്ഞു.
"ഞാനിവിടെ കാത്തിരിപ്പുണ്ട്‌ എന്ന ഒരു തോന്നലും ഇല്ല്യ അല്ലെ? രാതീല് ഞാനുറങ്ങീട്ടില്ല. ഭക്ഷണം കഴിച്ചോ നിങ്ങള്‍? നിമിഷങ്ങള്‍ കൊണ്ടവര്‍ ഒരുപാട് ചോദ്യങ്ങള്‍ അയാള്‍ക്ക് നേരെയെറിഞ്ഞു.
മുതലാളി ചിരിച്ചു. പിന്നെ പതിയെ തങ്കത്തിന്റെ തോളില്‍ കൈയിട്ടു. അവര്‍ അകത്തേയ്ക്ക് കയറി പോയി.

ഔസേപ്പിന്റെ ചായക്കടയില്‍ വൈകുന്നേരത്തെ തിരക്കിനു അല്‍പ്പമൊന്നു ശമനമുണ്ടായപ്പോള്‍ വാസു അകത്തേയ്ക്ക് കയറി. അയാള്‍ പുറത്തേയ്ക്ക് നീണ്ടു കിടന്നിരുന്ന ബഞ്ചിന്റെ ഒരു വശത്തു ഇരുപ്പുറപ്പിച്ചു. ഔസേപ്പ് മറ്റുള്ളവരോട് സംസാരിക്കുന്നുണ്ട്. എങ്കിലും അയാള്‍ വിദഗ്ദമായി ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ചായ പകര്‍ന്നുകൊണ്ടിരുന്നു. എന്നിട്ട് വളരെ വേഗത്തില്‍ പലരുടെയും മുന്നില്‍ ചായ എത്തിച്ചുകൊടുക്കുന്നു. ആദ്യം വന്ന ചിലര്‍ക്ക് ചായ നല്‍കിയശേഷം ഔസേപ് തോളില്‍ കിടന്ന തോര്‍ത്തില്‍ തന്റെ കൈ അമര്‍ത്തി തുടച്ചു. എന്നിട്ട് തിരിഞ്ഞു വാസുവിനോട് ചോദിച്ചു.
"എന്താ വാസുവേ ഒരു ചായ എടുക്കട്ടെ?
"എടുത്താട്ടെ ഔസേപ്പെട്ടാ....വാസു പറഞ്ഞു.
ഔസേപ് തുടര്‍ന്നു. ഇന്നലെ രാത്രീല് കണ്ണന്‍ മണിമാളികയില്‍ പോയതെന്തിനാ. എന്താ വിശേഷിച്ചു?
ഓ! അത് പീടികേല് ചരക്ക് വന്നാരുന്നു. മുതലാളി ആളെ വിട്ടു വിളിപ്പിച്ചതാ. എന്നിട്ട് അവനിന്ന് ഇവിടെ വന്നില്ലേ ഔസേപ്പേട്ടാ. വാസു ചോദിച്ചു. ഇല്ല വാസു ഇന്ന് ഞാനവനെ കണ്ടില്ല. ഔസേപ് മറുപടി പറഞ്ഞു.
വാസു പലകമേല്‍ കിടന്നിരുന്ന പത്രം കൈനീട്ടി എടുത്തു. അത് മറിച്ച് നോക്കികൊണ്ടയാള്‍ പറഞ്ഞു. പത്രത്തിലെന്നാ വാര്‍ത്ത ഇരിക്കാണ്. കുറച്ചു സിനിമാ പരസ്യങ്ങള്‍ അല്ലാതെ!!!
അവര്‍ക്കും കാശു കിട്ടണ്ടേ വാസുവേ. നടന്നു നടന്നു റിപ്പോര്‍ട്ടുണ്ടാക്കി മാത്രം പത്രത്തില്‍ കൊടുത്തോണ്ടിരുന്നാല്‍ പ്രസ്‌ ഓടണ്ടേ. അതിനു സിനിമാ പരസ്യവും സര്‍ക്കാര്‍ പരസ്യവും ഒക്കെ ഉണ്ടങ്കിലല്ലേ പത്രക്കാര്‍ക്ക് നിലനില്‍പ്പുള്ളന്നെ. ഇങ്ങനെ നീണ്ടു പോകുകയാണ് അവിടുത്തെ സംസാരം.

ചിന്നമ്മു കുളിച്ചീറനായി വന്നു. അവള്‍ തോര്‍ത്ത്‌ തലയില്‍ മുടിയോടൊപ്പം ചേര്‍ത്ത് ചുറ്റി കെട്ടി വച്ചിട്ടുണ്ട്. അവളുടെ നെറ്റിത്തടങ്ങളിലും, ചുണ്ടുകള്‍ക്ക് മീതെയും ജലാംശം പറ്റിപ്പിടിചിരിപ്പുണ്ട്. മെല്ലെയവള്‍ നിലവിളക്ക് കൊളുത്തുവാന്‍ തുടങ്ങി. ചിന്നന്‍ അവളുടെ വസ്ത്രത്തിന്‍റെ ഒരു കോണില്‍ പിടിച്ചു നില്‍പ്പുണ്ട്. കണ്ണന്‍ വൈകുന്നേരം പുറത്തേയ്ക്ക് പോയതാണ്. ഇതുവരെയും വന്നിട്ടില്ല, വിളക്ക് തെളിച്ചശേഷം കണ്ണുകള്‍ പൂട്ടി തൊഴുകൈയോടെ അവള്‍ എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു. പിന്നെ ചന്ദനത്തിരി കത്തിയ ചാരമെടുത്തവള്‍ നെറ്റിയില്‍ തൊട്ടു.

അല്‍പ സമയത്തിന് ശേഷം ചിന്നനെയും കൊണ്ടവള്‍ പുറത്തേയ്ക്ക് വന്നു. ആ വാതിലിനു മുന്നില്‍ നിന്നും കുറച്ചു നേരം പുറത്തേയ്ക്ക് നോക്കിയശേഷം അവള്‍ വന്നു റാന്തല്‍ എടുത്തു തിരികൊളുത്തി. എന്നിട്ട് മേല്‍ക്കൂരയില്‍ നിന്നും താഴേയ്ക്ക് ഞാണുകിടന്ന ഒരു കൊളുത്തില്‍ തൂക്കിയിട്ടു. ഇപ്പോള്‍ പുറത്തു നല്ല ഇരുള്‍ വ്യാപിച്ച് കഴിഞ്ഞു. വീണ്ടും അവള്‍ പടിവാതിലില്‍ നിന്നുകൊണ്ട് പുറത്തേയ്ക്ക് നോക്കുകയാണ്. കണ്ണന്‍ വന്നിട്ടില്ല.

ഇപ്പോള്‍ സമയം 9 മണിയോടടുത്തു. അവള്‍ വാതില്‍ ചാരിയിട്ടു. ചിന്നന്‍ ഉറക്കം പിടിച്ചു തുടങ്ങി. ചിന്നമ്മു ചെറ്റക്കുടിലിന്റെ ഒരു വശത്തെ മറയില്‍ ചാരി ചിന്തയില്‍ ആണ്ടിരിക്കുകയാണ്.
തങ്കത്തിന്റെ മുറിയില്‍ വൈദ്യുത ദീപം കെടുത്തിയിട്ടില്ല. കുഞ്ഞുങ്ങള്‍ ഉറക്കത്തിലാണ്. മുതലാളി വരുവാന്‍ ഇനിയും രണ്ടു മണിക്കൂര്‍ ബാക്കിയുണ്ട്. അവര്‍ ജന്നല്‍പ്പാളികള്‍ തുറന്നിട്ടു. ചെമ്മണ്‍പാതയിലേയ്ക്കാണ് അവരുടെ ശ്രദ്ധ. അവരുടെ കാത്തിരിപ്പിനെ സാധൂകരിക്കും വിധം അവിടെ അടുത്ത് കണ്ണന്‍ എത്തിക്കഴിഞ്ഞു. ചെമ്മണ്‍പാതയില്‍ നിന്നും മണിമാളികയുടെ മുറ്റത്തെയ്ക്കിറങ്ങും മുന്‍പേ അവന്‍ ഇരുവശങ്ങളിലെയ്ക്കും തിരിഞ്ഞു നോക്കുന്നുണ്ട്. പതിയെ അവന്‍ മുറ്റത്തേയ്ക്കിറങ്ങി. മുന്‍വശത്തെ കതകിനടുത്തു എത്തിയതും, അവനെ പ്രതീക്ഷിച്ചെന്നോണം ആ വാതില്‍ തുറക്കപ്പെട്ടു. കണ്ണന്‍ പെട്ടെന്ന് അകത്തേയ്ക്ക് കയറി. കതക് അടയ്ക്കപ്പെട്ടു. തങ്കത്തിന്റെ മുറിയിലെ വിളക്ക് അണഞ്ഞു. ഇപ്പോള്‍ ആ മുറിയില്‍ ഒരു അരണ്ടവെളിച്ചം നല്‍കുന്ന വിളക്ക് മാത്രം കത്തുന്നുണ്ട്. ആ നാല് ചുവരുകള്‍ക്കുള്ളില്‍ വീണ്ടും കണ്ണന്റെയും തങ്കത്തിന്റെയും ലോകമായിരുന്നു പിന്നീട്.

ഘടികാരത്തില്‍ മണിമുഴങ്ങിയപ്പോള്‍ ചിന്നമ്മു ഞെട്ടിത്തിരിഞ്ഞു നോക്കി. പത്ത് മണിയായിരിക്കുന്നു. അവള്‍ എഴുന്നേറ്റു വാതില്‍ മെല്ലെ തുറന്നു പുറത്തേയ്ക്ക് നോക്കി. ആ കഠിനമാം അന്ധകാരം അവളില്‍ ഭീതി ജനിപ്പിച്ചതിനാല്‍ അവള്‍ പെട്ടെന്ന് തന്നെ താഴിട്ടു പൂട്ടി. പായയില്‍ കുഞ്ഞിനരുകില്‍ വന്നിരുന്നവള്‍ ആത്മഗതം പറഞ്ഞു. "ഈ കണ്ണേട്ടന്‍ ഇതെവിടെപ്പോയി?

അപ്പോഴാണ്‌ പുറത്തു ഒരു കാല്‍പ്പെരുമാറ്റം അവള്‍ ശ്രദ്ധിച്ചത്. പിന്നവള്‍ പതിയെ ചോദിച്ചു." കണ്ണേട്ടനാണോ?"
ആ...പുറത്തുനിന്ന് പതിയെ കണ്ണന്‍റെ സ്വരം.

ചിന്നമ്മു വാതില്‍ തുറന്നു. അവളുടെ മുഖം പരിഭവം വിളിച്ചറിയിക്കുന്നുണ്ട്. അവന്‍ അവളെ ഒന്ന് നോക്കുകമാത്രം ചെയ്തു. അവന്‍ അകത്തേയ്ക്ക് കയറിയ ഉടനെ ചിന്നമ്മു വാതിലടച്ചു താഴിട്ടു. കണ്ണന്‍റെ നിര്‍ജീവമായ പെരുമാറ്റം അവളെ വിഷമിപ്പിക്കുക തന്നെ ചെയ്തു. അവന്‍ ഷര്‍ട്ട്‌ ഊരി അയയില്‍ ഇട്ട ശേഷം കയര്‍ കട്ടിലില്‍ ഇരുന്നു. ചിന്നമ്മു അവനരുകിലായി വന്നിരുന്നു. അവള്‍ അവന്‍റെ നെറ്റിത്തടത്തില്‍ കൈവച്ചു. എന്നിട്ട് ചോദിച്ചു...." എന്താ ഏട്ടാ സുഖമില്ലേ?

ഏയ്‌! ഒന്നുമില്ല, നീ ഉറങ്ങിക്കൊള്ളൂ.

"ങ്ങള് ഭക്ഷണം കഴിക്കണില്ലേ? ഞാനെത്ര നേരായി കാത്തിരിക്കണു. അവള്‍ പറഞ്ഞു.

"നിന്നോടാരു പറഞ്ഞു കാത്തിരിക്കാന്‍, നിനക്ക് ആഹാരം കഴിച്ചുകൂടായിരുന്നോ? കണ്ണന്‍ തെല്ലു ദേഷ്യത്തില്‍ വിളിച്ചു പറഞ്ഞു.
മുഖം പൊത്തി പൊട്ടിക്കരച്ചിലായിരുന്നു അവളുടെ മറുപടി.

കണ്ണന്‍റെ ഉച്ചത്തിലുള്ള ശകാരവും, ചിന്നമ്മുവിന്റെ പൊട്ടിക്കരച്ചിലും ചിന്നന്റെ ഉറക്കം കെടുത്തി. അവന്‍ ആ പുല്‍പ്പായയില്‍ എഴുന്നേറ്റിരുന്നു കരയുവാന്‍ തുടങ്ങി. കണ്ണന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ തിരിഞ്ഞുകിടന്നു. ചിന്നമ്മു നിലത്തെയ്ക്കിരുന്നു. കുഞ്ഞിനെ എടുത്തു മാറോടു ചേര്‍ത്തവള്‍, അവന്‍റെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ ആ പുല്‍പ്പായയുടെ ഒരു വശത്തായി, ആ ഓലച്ചുമരില്‍ ചേര്‍ന്നിരുന്നു. കണ്ണന്‍ ഉറക്കത്തിലായി. ചിന്നമ്മുവിന്റെ നെഞ്ച് ചേര്‍ന്ന് കുഞ്ഞു ഉറക്കത്തിലായി. രാത്രിയിലെപ്പോഴോ തേങ്ങിത്തേങ്ങി കരഞ്ഞുകൊണ്ടവള്‍ ഉറക്കത്തിലേയ്ക്കു വീണു.

പ്രഭാതം ഏറെയായി. രാത്രിയിലെ ഉറക്കക്ഷീണം കൊണ്ടവള്‍ പതിവില്‍ കൂടുതല്‍ ഉറങ്ങിപ്പോയി. പെട്ടെന്നവള്‍ കണ്ണു തുറന്നു. കുഞ്ഞ് മടിയില്‍ തന്നെ കിടന്ന് ഉറക്കത്തിലാണ്. അവള്‍ ചിന്നനെ പായയില്‍ കിടത്തി. പതിയെ എഴുന്നേറ്റു. കിടക്കയില്‍ അവള്‍ കണ്ണനെ കണ്ടില്ല, ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അവള്‍ പുറത്തേയ്ക്കിറങ്ങി. കിണറ്റിന്‍ കരയില്‍ നില്‍ക്കുകയാണ് കണ്ണന്‍, എന്തോ വലിയ ആലോചനയില്‍ ആണെന്ന് മുഖം പറയുന്നുണ്ട്. ചിന്നമ്മുവിന് കണ്ണനോട് എന്തൊക്കെയോ പറയണം എന്നുണ്ട്. പക്ഷെ, വല്ലാത്തൊരു ഭയം അവളെ പിടികൂടിയിട്ടുണ്ട്. രാത്രിയിലെ ശകാരം ഒരുപക്ഷെ ആവര്‍ത്തിച്ചാലോ? അതുകൊണ്ടവള്‍ മെല്ലെ അകത്തേയ്ക്ക് തന്നെ പോയി.

എന്നും അതിരാവിലെ കുളിക്കാറുള്ള അവള്‍ അന്ന് കുളിച്ചില്ല. അടുക്കളയിലെ വാതില്‍ ചാരിയിട്ടിട്ടുണ്ട്. അതിന്റെ ഒരു കോണിലായി അവള്‍ ഇരുപ്പുണ്ട്‌. കണ്‍കോണുകളില്‍ നിന്നും വീഴുന്ന കണ്ണീര്‍ തുടയ്ക്കുവാന്‍ പോലും മറന്നവള്‍ ഇരിക്കുകയാണ്. അടുപ്പിലെ പാത്രത്തില്‍ നിന്നും വെള്ളം തിളച്ചുതൂവി പുറത്തേയ്ക്ക് വീഴുന്നു.
ചിന്നന്‍ എഴുന്നേറ്റു. അവന്‍ അമ്മയെത്തിരക്കി കരഞ്ഞുതുടങ്ങി. അവന്‍റെ കരച്ചില്‍ അങ്ങ് ഉച്ചത്തിലായി. അതുകേട്ടുകൊണ്ടെന്നവണ്ണം ദേഷ്യത്തോടെ കണ്ണന്‍ വാതില്‍ തുറന്നു മുറിയിലേയ്ക്ക് വന്നു. കുഞ്ഞിനടുത്തേയ്ക്ക് വന്നുനിന്നവന്‍, ചിന്നമ്മുവിനെ കാണാതെ, അകത്തേയ്ക്ക് നോക്കി അലറിവിളിച്ചു...

"എടീ.....ചിന്നമ്മു".. നീ എവിടെപോയി തുലഞ്ഞെടി നാശം പിടിച്ചവളെ!!!!!!!

(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ