2014 ജനുവരി 17, വെള്ളിയാഴ്‌ച

ചിന്നമ്മു അനാഥയാണ്

അദ്ധ്യായം..12

ചിന്നമ്മു പായിലേയ്ക്കും, കണ്ണന്‍ കട്ടിലിലേയ്ക്കും കിടന്നുകഴിഞ്ഞു. അല്‍പസമയത്തിനകം തന്നെ ചിന്നമ്മു ഉറക്കം പിടിച്ചു. അവളുടെ മനസ്സ് സ്വസ്ഥമാണ്. കണ്ണേട്ടന്‍ അടുത്തുള്ളപ്പോള്‍ എനിക്ക് എന്തിനാ ഭയം. ഇതവള്‍ സ്ഥിരം അവനോടു പറയുന്ന വാക്കുകള്‍ ആയിരുന്നു. പക്ഷെ, കണ്ണന്‍ അസ്വസ്ഥനായി. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നവന്‍ ഞെളിപിരികൊണ്ടു. സങ്കടക്കോലായില്‍ തലകുമ്പിട്ടവന്‍ ഉറങ്ങാതെ ആ രാവ് പുലര്‍ന്നുതുടങ്ങി.

പ്രഭാതത്തിന്‍റെ വരവറിയിച്ചുകൊണ്ട് മുറ്റത്ത്‌ നിന്നും ഒരു പൂവന്‍കോഴി കൂവി. കണ്ണന്‍ എഴുന്നേറ്റു വാച്ചിലേയ്ക്ക് നോക്കി. സമയം നാലാകുവാന്‍ പോകുന്നതെ ഉള്ളൂ. പുലരാന്‍ ഇനിയും സമയമേറെ ബാക്കി. എന്നാലും അവന്‍ പിന്നെ കിടക്കയിലേയ്ക്ക് പോയില്ല. ശബ്ദമുണ്ടാക്കാതെ വാതില്‍ തുറന്നവന്‍ പുറത്തേയ്ക്കിറങ്ങി. സിരയിലൂടെ തണുപ്പ് അരിച്ചുകയറുന്നു. അതുകൊണ്ട് തന്നെ പെട്ടെന്നവന്‍ അകത്തേയ്ക്ക് കയറി.

ചിന്നമ്മു സുഖനിദ്രയിലാണ്. കണ്ണന്‍ അവള്‍ക്കരികിലേയ്ക്ക് വന്നിരുന്നു. അവളെ കുറേനേരം ഇമകള്‍ അനക്കാതെ അവന്‍ നോക്കിയിരുന്നു. വെള്ളിക്കൊലുസുകള്‍ അണിഞ്ഞ അവളുടെ മൃദുപാദങ്ങളില്‍ കൈവിരല്‍ തൊട്ടവന്‍ അറിയാതെ പറഞ്ഞുപോയി.

"എന്‍റെ മോളെ, ഈ ഏട്ടനോട് നീ പൊറുക്ക്"...മാപ്പ് ...മാപ്പ്... അവന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഇതൊന്നുമറിയാതെ ചിന്നമ്മു ഉറക്കത്തില്‍ ഒന്നുകൂടി ചുരുണ്ടുകൂടി. പാവം തണുക്കുന്നുണ്ടാകാം. അവന്‍ ഇങ്ങനെ ചിന്തിച്ചുകൊണ്ടെഴുന്നേറ്റ് ഒരു പുതപ്പെടുത്ത് അവളെ മൂടി.

സമയം വേഗതകുറഞ്ഞൊരു തീവണ്ടിപോലെ നീങ്ങിക്കൊണ്ടിരുന്നു. അവന്‍ പുറത്തേയ്ക്കിറങ്ങി. അങ്ങു ദൂരെ വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. വയല്‍ക്കര ഗ്രാമത്തിലെ ഏക പള്ളിയില്‍ നിന്നും സുബ്ഹി കേള്‍ക്കുന്നു.."അല്ലാഹു അക്ബര്‍...... അല്ലാഹു അക്ബര്‍".,.." അവന്‍ സമയം നോക്കി. 5.27. താഴെ ഒരു ക്ഷേത്രത്തില്‍ നിന്നും പൂജാമണിയടി കേള്‍ക്കുന്നു. അവിടെ നിന്നെല്ലാമുയരുന്ന ഭക്തി സാന്ദ്രതയില്‍ ലയിച്ചങ്ങിനെ വൃക്ഷങ്ങള്‍ തലകുമ്പിട്ടു നില്‍ക്കുന്നു.

ചന്ദ്രഭഗവാന്‍ പടിഞ്ഞാറന്‍ മാനത്ത് മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ചിറയിലെ താമരമലരുകള്‍ അര്‍ക്കനെ വരവേല്‍ക്കുവാന്‍ പുഞ്ചിരിച്ചു തുടങ്ങി. തമാരയിലയില്‍ ഇരുന്നൊരു ദര്‍ദുരം വെള്ളത്തിലേയ്ക്ക് ചാടി. വെള്ളത്തിലെ ഓളങ്ങള്‍ തിക്കി തിരക്കി ഒന്നിന് പിറകെ മറ്റൊന്നായി കരയിലേയ്ക്ക് കയറി.

കണ്ണന്‍ പുലര്‍ച്ചെ തന്നെ പ്രഭാതകൃത്യങ്ങള്‍ നടത്തി. കുളിചീറനായി വന്നവന്‍ പുതുവസ്ത്രങ്ങള്‍ ധരിച്ചു. ചിന്നമ്മു ഇപ്പോഴും നല്ല ഉറക്കത്തിലാണ്. കണ്ണന്‍ പതിയെ പുറത്തേയ്ക്കിറങ്ങി വാതില്‍ ചാരി. അവന്‍ കവലയിലേയ്ക്ക് നടന്നു.

ചെറ്റക്കുടിലിലേയ്ക്ക് സൂര്യകിരണങ്ങള്‍ അരിച്ചിറങ്ങി. ചിന്നമ്മു ഉണര്‍ന്നു. കിടക്കയിലേയ്ക്ക് ഒന്ന് നോക്കിയവള്‍, ചിന്നന്‍ നല്ല ഉറക്കത്തിലാണ്. കട്ടിലിലേയ്ക്ക് നോക്കിയപ്പോള്‍ കണ്ണനെ കണ്ടില്ല. മുടിമാടിയൊതുക്കിക്കൊണ്ടവള്‍ വന്ന് ചാരിയിട്ടിരുന്ന വാതില്‍ തുറന്നു. പ്രകാശം കൊണ്ടവളുടെ കണ്ണുകള്‍ മൂടിപ്പോയി. പുറത്തേയ്ക്കിറങ്ങി നോക്കിയപ്പോള്‍ അവിടെയെങ്ങും അവള്‍ കണ്ണനെ കണ്ടില്ല. പിന്നെ, കുളിച്ചീറനായി വന്ന്, അടുക്കളയില്‍ പ്രവേശിച്ച് പ്രഭാതഭക്ഷണം ഒരുക്കുവാന്‍ തുടങ്ങി.

ഇതേസമയം, കണ്ണന്‍ ആശുപത്രിയുടെ വരാന്തയിലൂടെ പായുകയായിരുന്നു. പ്രസവമുറിയുടെ സമീപമെത്തിയവന്‍ അവിടെകണ്ട ഒരു നഴ്സിനോട് തങ്കത്തിനെ കിടത്തിയിരിക്കുന്ന മുറി ചോദിച്ചു. അവര്‍ ചൂണ്ടിക്കാട്ടിയ ഇടത്തേയ്ക്കവന്‍ ധൃതിയില്‍ നടന്നെത്തി. അടച്ചിട്ടിരുന്ന വാതിലിനു മുന്നില്‍ ഒരു നിമിഷം നിന്നവന്‍, പിന്നെ പതിയെ വാതിലില്‍ തള്ളി. ചെറിയൊരു ശബ്ദത്തോടെ മെല്ലെയത് തുറന്നു. കഴുത്ത് നീട്ടിയവന്‍ അകത്തേയ്ക്ക് ഒന്ന് നോക്കി. കട്ടിലിനു മുന്നിലെ കസേര ശൂന്യം. തങ്കം മച്ചിലേയ്ക്ക് മിഴികള്‍ നട്ട് കിടപ്പാണ്.
അവന്‍ പതുക്കെ അകത്തേയ്ക്ക് കയറി.

പാദപതനം കേട്ട തങ്കം അവിടെയ്ക്ക് മിഴികള്‍ പായിച്ചു. കണ്ണനെ കണ്ട അവളുടെ മുഖം പാതിരാവിലെ നക്ഷത്രത്തെപ്പോലെ തിളങ്ങുവാന്‍ തുടങ്ങി. ഒപ്പം സന്തോഷം കൊണ്ടവളുടെ അക്ഷികള്‍ അശ്രുവാല്‍ നിറഞ്ഞു. കണ്ണന്‍ അവള്‍ക്കരുകില്‍ കിടന്നിരുന്ന കുഞ്ഞിനു നേരെ മിഴികള്‍ അര്‍പ്പിച്ചു.

അരുമയായൊരു പെണ്‍കുഞ്ഞ്. അവന്‍റെ മിഴികള്‍ പാറി തങ്കത്തിലെത്തി. അവള്‍ ലജ്ജയോടെ മുഖം തിരിച്ചു. കണ്ണന്‍ അവളുടെ അടുത്തേയ്ക്ക് വന്നു. കണ്ണന്‍റെ കൈകളെ പുണര്‍ന്നവള്‍ ഉമ്മ വച്ചു. ഒപ്പം നേര്‍ത്തൊരു തേങ്ങലും.
കണ്ണന്‍ ഭയചകിതനായി. പെട്ടെന്നവന്‍ അവളോട്‌ പറഞ്ഞു.

"ഹേയ്! തങ്കം എന്തായിത്..? മുതലാളി പുറത്തെവിടെയെങ്കിലും കാണും. കയറി വന്നാലോ തങ്കം...?

അവള്‍ പൊടുന്നനെ മറുപടി പറഞ്ഞു..."ഇല്ല്യ.. അദ്ദേഹം ടൌണിലേയ്ക്ക് പോയി. വേലക്കാരി വീട്ടിലേയ്ക്കും.
പിന്നൊരു നിമിഷത്തെ നിശബ്ദതയായിരുന്നു. ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് തങ്കം പറഞ്ഞു.

"ദേ! നോക്കൂ നമ്മുടെ മോളെ..!! അവന്‍ കുഞ്ഞിനെ നോക്കി. അവനു സന്തോഷം പോലെ തന്നെ സങ്കടവും തോന്നി. ഒരു പെണ്‍കുഞ്ഞാണിത്. തന്റെയീ തെറ്റായ പ്രവൃത്തികൊണ്ട് ആ കുഞ്ഞിനി എന്തെല്ലാം വിഷമങ്ങള്‍ അനുഭവിക്കുന്നുവോ? ഇങ്ങനെ ചിന്തിച്ചവന്‍ തങ്കത്തിനോട് പറഞ്ഞു.

"നിനക്കറിയുമോ തങ്കം...ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് എനിക്കവളെ സ്നേഹിക്കാന്‍ കഴിയോ..? നിനക്കൊരിക്കലും അവളോട്‌ പറയാനും കഴിയില്ല ഞാനാണ് അവളുടെ അച്ഛനെന്നും...
അവന്‍റെ ചോദ്യം കേട്ട തങ്കം കരയുക മാത്രമാണ് ചെയ്തത്.

കുഞ്ഞിനെ നോക്കുന്തോറും അവനറിയാതെ അവന്‍റെ ഹൃദയം മുറിയുകയായിരുന്നു. അതിലൂടെ നിണമൊഴുകിയ ചൂട് അവന്‍റെയുള്ളില്‍ നീറാന്‍ തുടങ്ങി. അപ്പോഴാണ് അടഞ്ഞുകിടന്നിരുന്ന വാതില്‍ തുറന്നു തങ്കത്തിന്റെ വേലക്കാരി അകത്തേയ്ക്ക് വന്നത്. അവളുടെ കൈവശം തങ്കത്തിന് വേണ്ട ഭക്ഷണവും, തുണികളും ഉണ്ടായിരുന്നു. അത് മുറിയുടെ ഒരു കോണില്‍ വച്ചതിനുശേഷം കണ്ണനെ നോക്കി മന്ദഹസിച്ചുകൊണ്ടവള്‍ ചോദിച്ചു...

"ഒരുപാട് നേരായോ കണ്ണേട്ടാ ങ്ങള് വന്നിട്ട്..?

ഹേയ്, ഇപ്പോള്‍ വന്നതേയുള്ളൂ. എന്നിട്ടവന്‍ തുടര്‍ന്നു. ഇന്നലെ രാത്രി വന്നുപോയതല്ലേ...അമ്മയ്ക്കുംമോള്‍ക്കും സുഖാണോന്നറിയണ്ടെ..? അതുകൊണ്ട് രാവിലെ ഇങ്ങട് പോന്നു. ചിന്നമ്മു എഴുന്നേറ്റ് ഇപ്പോള്‍ തിരക്കുന്നുണ്ടാകും. അവളോട്‌ വരുന്ന കാര്യം ഞാന്‍ പറഞ്ഞിട്ടില്ല. ഇനീപ്പോ ഇവിടെ ഇവളുണ്ടല്ലോ...പിന്നെയവന്‍ തങ്കത്തിനെ നോക്കി പറഞ്ഞു.

"ഞാനങ്ങട് പോട്ടെ??? ഇനിയെന്തേലും ആവശ്യമുണ്ടോ? ഇല്ലന്നവള്‍ തലകുലുക്കുമ്പോള്‍, എങ്കില്‍ ഞാനിനി പിന്നെ വരാം എന്ന് പറഞ്ഞുകൊണ്ടവന്‍ പതിയെ പുറത്തേയ്ക്കിറങ്ങി. തങ്കത്തിന്‍റെ ഉള്ളിന്‍റെയുള്ളില്‍ വേദന തോന്നി. അവള്‍ക്കു വേലക്കാരിയോട് അമര്‍ഷം തോന്നി. എങ്കിലും നിശബ്ദയായവള്‍ കിടന്നതേയുള്ളൂ...

(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ