2014 ജനുവരി 17, വെള്ളിയാഴ്‌ച


ചിന്നമ്മു അനാഥയാണ്

അദ്ധ്യായം 9

തങ്കം പ്രഭാതത്തില്‍ എഴുന്നേറ്റു.വല്ലാത്ത ക്ഷീണത്താല്‍ അവര്‍ പരവേശപ്പെടുകയാണ്. അടുക്കളപ്പിറകിലെ ഭിത്തിയോട് ചേര്‍ന്നവള്‍ ശര്‍ദ്ദിച്ചു. വേലക്കാടി ഓടിവന്നു... അര്‍ത്ഥഗര്‍ഭമായ് ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടവര്‍ ചോദിച്ചു...

"എന്തുപറ്റി കൊച്ചമ്മേ???

"ഏയ്‌! ഒന്നുമില്ല"- പറഞ്ഞുകൊണ്ട് തങ്കം വായ തുടച്ചു. വേലക്കാരി ഒന്ന് മന്ദഹസ്സിച്ചു. തങ്കം ഗര്‍ഭിണിയാണ്. ഈ മുതലാളിയ്ക്ക് ഈ പ്രായത്തില്‍ ഇതെന്തിന്റെ ഏനക്കേടാണ്. ഇങ്ങനെ ചിന്തിച്ചുകൊണ്ട്‌ അവള്‍ അടുപ്പിലെന്തോ തിളച്ചുതൂവിയതിനാല്‍ അകത്തേയ്ക്ക് ഓടിപ്പോയി. തങ്കം അവിടെ നിന്നും എഴുന്നേറ്റു മുറിയിലേയ്ക്ക് പോയി.

കട്ടിലില്‍ ഗാഢനിദ്രയിലാണ് അവരുടെ പുരുഷന്‍,... അവര്‍ പതിയെ കട്ടിലിലിരുന്ന്‍ അയാളുടെ നെഞ്ചില്‍ ഒന്ന് കൈവച്ചു. അവളുടെ തണുത്ത കൈസ്പര്‍ശം കൊണ്ടയാള്‍ കണ്ണു തുറന്നു. ഒരു നിമിഷത്തെ നോട്ടത്തിനു ശേഷം അവളെ കെട്ടിപ്പിടിച്ചയാള്‍ തങ്കത്തിന് വേണ്ടതും അത് തന്നെയായിരുന്നു. അവള്‍ അയാളുടെ നെഞ്ചില്‍ തലചായ്ച്ച്കൊണ്ട് പതിയെ പറഞ്ഞു.

"ദേ! മൂന്നാമതൊരെണ്ണം ഉള്ളിലുണ്ട് കേട്ടോ".

അയാള്‍ പതിയെ അവളെ തള്ളിമാറ്റി എഴുന്നേറ്റു. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "വേണ്ടന്നെ, നമ്മുക്ക് രണ്ടു മക്കള്‍ പോരെ???

തങ്കം പറഞ്ഞു...." എനിക്കിത് കൂടി വേണം..." എന്‍റെ പൊന്നല്ലേ.

അവളുടെ സന്ദര്‍ഭോചിതമായ പെരുമാറ്റത്തില്‍ അയാള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ചിന്തിച്ചാല്‍ തന്നെ അയാള്‍ക്ക്‌ അറിയാന്‍ കഴിയില്ല. പക്ഷെ, തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് കണ്ണന്‍റെതാണ് എന്നതില്‍ അവള്‍ക്കു ഒട്ടും സംശയം ഇല്ല. അതുകൊണ്ടുതന്നെയാണ് അവള്‍ അതിവിദഗ്ദമായി അദ്ദേഹത്തെ പറ്റിച്ചത്.

പതിവിനു വിപരീതമായി പ്രഭാതത്തിനു നല്ല കുളിര്‍മ. വൃശ്ചികമാസത്തിന്‍റെ ആരംഭമാണ്. കണ്ണന്‍ ദേഹത്ത് കൂടി പുതപ്പ് വലിച്ചുമൂടി കിടന്നുറങ്ങുകയാണ്. ചിന്നമ്മു, കുളിച്ചീറനായി അടുക്കളയിലേയ്ക്ക് വന്നവള്‍ ചായയ്ക്ക് വെള്ളം വച്ച് തീകൊളുത്തി. അതിനുശേഷം പുറത്തെ വാതില്‍ക്കലെത്തി തോര്‍ത്തുകൊണ്ട് കേട്ടിവച്ചിരുന്ന മുടിയഴിച്ച് തോര്‍ത്തിലെ വെള്ളം അമര്‍ത്തിക്കളഞ്ഞ് വീണ്ടും അത് തലയില്‍ ചുറ്റി.

ചായ ഇട്ടതിനു ശേഷം അവള്‍ അതുമായി കണ്ണന്‍റെ അടുത്തേയ്ക്ക് എത്തി വിളിച്ചു. അവന്‍ പതിയെ എഴുന്നേറ്റ് കയര്‍ കട്ടിലിന്‍റെ ഒരു വശത്തായി ചേര്‍ന്നിരുന്നു. അവനോടു ചേര്‍ന്നൊട്ടി അവനരുകിലായ് അവളും. കുറേനേരം അവളുടെ കണ്ണുകളെ തന്നെ നോക്കിയിരുന്ന അവന്‍ ഒടുവില്‍ വല്ലാതെ ഒന്ന് പുഞ്ചിരിച്ചു. ചിരിയുടെ പൊരുള്‍ പിടികിട്ടിയ അവള്‍ അവള്‍ മെല്ലെ എഴുന്നേറ്റു. പിന്നെ പറഞ്ഞു..." തണുപ്പാണേല്‍ പുതച്ചുമൂടി കിടന്നോന്‍റെ ചെക്കാ, ഇന്നിപ്പോഴേ എനിക്ക് വയ്യാട്ടോ. ഇത് പറഞ്ഞുകൊണ്ടവള്‍ അടുക്കളയിലേയ്ക്ക് പോകുന്നത് നോക്കിയവന്‍ മന്ദഹസിച്ചു.

പുറത്ത് വീശുന്ന കാറ്റില്‍ വാതില്‍ ഒരു തവണ തുറന്നടഞ്ഞു. കണ്ണന്‍ എഴുന്നേറ്റു കതകിനടുത്തു ചെന്നത് മെല്ലെ തുറന്നു. പുറത്ത് പ്രഭാതത്തിന്‍റെ ചെറുമഞ്ഞ വെളിച്ചം. അവന്‍ കൈകള്‍ കൊണ്ടവന്റെ ഇടതൂര്‍ന്ന മുടിയിഴകളില്‍ തെരുപിടിച്ചു. ശരീരമാസകലം തണുപ്പ് അരിച്ചു കയറുന്നു.

കണ്ണന്‍ പതിയെ പുറത്തേയ്ക്കിറങ്ങി. കിണറ്റിനരുകിലെയ്ക്ക് ചെന്നവന്‍, അതില്‍ കുറേനേരം ചാരി നിന്നു. ഇപ്പോള്‍ അങ്ങ് മണിമാളികയുടെ പിന്നാംപുറം അവന് വ്യക്തമായി കാണാം. അവിടെ അടുക്കള വാതിലിന്‍റെ മറവില്‍ ചാരി തങ്കം കണ്ണന്‍റെ വീട് നോക്കി നില്‍പ്പാണ്. അപ്പോഴാണ്‌ ചിന്നമ്മു വാതില്‍ക്കലേയ്ക്കു വന്നത്. അവള്‍ കണ്ണനെ നോക്കി. അവന്‍ എവിടെയാണ് ഉറ്റുനോക്കുന്നതെന്ന് ശ്രദ്ധിച്ചു. അവള്‍ അങ്ങകലെ മണിമാളികയിലേയ്ക്ക് കണ്ണോടിച്ചു. അവിടെ തങ്കം നില്‍ക്കുന്നതവള്‍ കണ്ടു. കണ്ണന്‍റെ ശ്രദ്ധ തങ്കത്തിലാണെന്ന് തോന്നിയ ചിന്നമ്മുവിനു നെഞ്ചില്‍ എന്തോ കൊളുത്തി വലിയ്ക്കുന്നത് പോലെ തോന്നി.

അടുത്ത നിമിഷം... അന്ത്യന്തം അക്ഷമയോടെ അവള്‍ കണ്ണനെ ലക്ഷ്യമാക്കി നടന്നു. ചിന്നമ്മുവിന്റെ പാദപതനം കേട്ടവന്‍ തിരിഞ്ഞുനോക്കി. ചിന്നമ്മുവിന്റെ മുഖത്തിന്‍റെ കാര്‍നിറം കണ്ടതോടെ, ഉള്ളില്‍ വന്ന സങ്കോചം മറച്ചുവച്ചവന്‍ ഇളിഭ്യനായി ഒന്ന് ചിരിച്ചു.

ചിന്നമ്മു ചിരിച്ചില്ല. അവള്‍ ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു. എന്നിട്ട് അതിവേഗത്തില്‍ ആ ഓല വാതില്‍ തള്ളിതുറന്നുകൊണ്ടവള്‍ അകത്തേയ്ക്കുപോയി. കണ്ണനും അതേവേഗത്തില്‍ പിന്നാലെ അവളോടൊപ്പം കയറി. അവളുടെ അടുത്തുചെന്നവന്‍ തോളില്‍ കൈവച്ചു. അവള്‍ ആ കൈ തട്ടി മാറ്റിയില്ല. അവനു നേരെ ഒന്ന് തിരിഞ്ഞു. അവനിലേയ്ക്കു തിരിഞ്ഞ അവളുടെ കണ്ണുകളില്‍ കണ്ണീര്‍ നിറഞ്ഞു നിന്നിരുന്നതവന്‍ കണ്ടു. അതിലൊന്ന് അടര്‍ന്നു വീണു അവന്‍റെ പാദങ്ങളിലൊന്നിനെ ചുംബിച്ചു നിലം പതിച്ചു.

കണ്ണന്‍റെ ഉള്ളില്‍ നിന്നും വ്യസനം ആര്‍ത്തിരമ്പി. മലയോളം ഉയരുന്ന തിരമാലയായ് അവന്‍റെ നെഞ്ചിന്‍ ഭിത്തികളില്‍ അവ ആഞ്ഞുപതിയ്ക്കുവാന്‍ തുടങ്ങി. വല്ലാത്തൊരു ഭാവത്തോടെ അവനവളെ കെട്ടിപ്പുണര്‍ന്നു. കൈകൊണ്ടു അവളുടെ മുഖമുയര്‍ത്തി കവിളുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ടവന്‍ എന്തോ പറയുവാന്‍ ഒരുങ്ങി. പക്ഷെ, പൊടുന്നനെ അവന്റെ മനസ്സവനെ വിലക്കി. " കൂര്‍ത്ത നഖം പേറി ആ ചിന്തകള്‍ അവന്‍റെ ദൃഷ്ടിക്ക് മുന്നില്‍ വന്യമായി ചിരിച്ചുകൊണ്ട് അവനെ വിലക്കി. ആ ഉള്‍വിളി അവനില്‍ ചിന്തകള്‍ ഉണര്‍ത്തി.

"അരുത് കണ്ണാ, അരുത്..... അവന്‍ ചിന്തിച്ചു. ചിന്നമ്മു പാവമാണ്. താന്‍ മാത്രമാണ് അവള്‍ക്കൊരു തുണ. ഇല്ല അത് പറയുവാന്‍ പാടില്ല. അതുകൊണ്ടുതന്നെ ഒടുവില്‍ അത് പറയണ്ട എന്ന് തന്നെയവന്‍ കരുതി.

മുറ്റത്തെ കാല്‍പ്പെരുമാറ്റവും, കണ്ണേട്ടാ എന്ന വിളിയും അവരെ അടര്‍ത്തിമാറ്റി. ചിന്നമ്മു മുണ്ടിന്‍റെ തുമ്പുകൊണ്ട് മുഖം അമര്‍ത്തി തുടച്ചു. ചിന്നന്‍ ഉണര്‍ന്നെഴുന്നേറ്റതിനാല്‍ അവനെ എടുത്തുകൊണ്ട് ചിന്നമ്മു കണ്ണനോടൊപ്പം പുറത്തേയ്ക്ക് വന്നു.

പുറത്ത് ജനിയാണ്. ചിന്നമ്മു അവളെ നോക്കി ചിരിച്ചു. അവള്‍ തിരിച്ചും. ഒരു നിമിഷത്തെ നിശബ്ദതയ്ക്കൊടുവില്‍ കണ്ണന്‍ ചോദിച്ചു .."എന്താ ജനി??"

വാസുവേട്ടന്‍ കണ്ണനെ അത്രയിടം വരെ ചെല്ലാന്‍ പറഞ്ഞു. ഞാന്‍ പാടത്തേയ്ക്ക് പോകുവായിരുന്നു. ഇവിടെ വന്നു കണ്ണേട്ടനോട് പറയാന്‍ പറഞ്ഞു.

"എന്താ കാര്യം ജനി..? അത് വാസുവേട്ടന്‍ പറഞ്ഞില്ലേ?....കണ്ണന്‍ വീണ്ടും അവളോടായി ചോദിച്ചു.

"ഇല്ല്യ"....ഇത്രയും പറഞ്ഞുകൊണ്ടവള്‍ ചിന്നമ്മുവിന്റെ കൈയിലിരുന്ന ചിന്നനെ മുത്തം നല്‍കി.

"എന്താ ചിന്നമ്മു മുഖം വാടിയിരിക്കുന്നെ? സുഖമില്ലേ?... ജനിയുടെ ഈ ചോദ്യത്തിന് അതെയെന്ന് ചിന്നമ്മു മറുപടിയും നല്‍കി. ശെരി എങ്കില്‍ ഞാന്‍ പോകട്ടെ കണ്ണേട്ടാ. ജനി കണ്ണനെ നോക്കിയിത് പറഞ്ഞുകൊണ്ട് തിരികെ നടന്നു.

നടന്നകലുന്ന അവളെ നോക്കി അല്‍പനേരം നിന്നശേഷം കണ്ണന്‍ അകത്തേയ്ക്ക് കയറി. പുറകെ കുഞ്ഞിനേയും കൊണ്ട് ചിന്നമ്മുവും. കണ്ണന്‍ വേഗം ഉടുപ്പ് എടുത്തിട്ടു. പിന്നെയവന്‍ വേഗം പുറത്തേയ്ക്കിറങ്ങി. വാസുവിന്‍റെ വീട് ലക്ഷ്യമാക്കി അവന്‍ നടന്നു. വീടിനു മുന്നിലെത്തിയ അവന്‍ അകത്തേയ്ക്ക് നോക്കി വിളിച്ചു. "വാസുവേട്ടാ".

"ആ വരുന്നു കണ്ണാ......, വാ നീ അകത്തേയ്ക്ക് കയറിയാട്ടെ... വാസു ഉള്ളിലെവിടെയോ നിന്നു വിളിച്ചു പറഞ്ഞു.
കണ്ണന്‍ പതിയെ ഉമ്മറത്തെ അരഭിത്തിയില്‍ കയറി ഇരുന്നു. അല്പനേരത്തിനു ശേഷം വാസു വന്നു. രണ്ടുപേരും കൂടി പുറത്തേയ്ക്കിറങ്ങി. സംസാരിച്ചുകൊണ്ടവര്‍ നടന്നുനീങ്ങി. വീടിനടുത്ത് നിന്നും മണ്‍റോഡിലേയ്ക്ക് കയറിയപ്പോള്‍ എതിരെ വന്ന ഒരാള്‍ ചോദിച്ചു.

"എവിടെയ്ക്കാ വാസുവേട്ടാ അതിരാവിലെ തന്നെ?"
ഓ! ടൌണ്‍ വരെ ഒന്ന് പോവുകാ...സുധാ ...വാസു മറുപടി പറഞ്ഞു.

കുറെ നേരം കണ്ണന്‍ ഒന്നും മിണ്ടാതെ നടന്നപ്പോള്‍ ആ നിശബ്ദതയെ മുറിച്ചുകൊണ്ട് വാസു ചോദിച്ചു. "നീയറിഞ്ഞില്ലേ കണ്ണാ...മണിമാളികയിലെ വിശേഷങ്ങള്‍,...!!!!

കണ്ണന്‍റെ മുഖം അതിശയത്താല്‍ വിടര്‍ന്നു. "അതിരറ്റ ആഹ്ലാദം കൊണ്ടവന്‍ അറിയാതെ കേട്ടു..."എന്താ, എന്തായിത്ര വിശേഷം വാസുവേട്ടാ....????

(തുടരും)
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ