2014 ജനുവരി 7, ചൊവ്വാഴ്ച


(10 മക്കളെ പ്രസവിച്ചു വളര്‍ത്തിയൊരമ്മയെ തെരുവില്‍ വലിച്ചെറിഞ്ഞ മക്കള്‍,....അമ്മയെ സ്നേഹിക്കുന്ന എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ആ വാര്‍ത്ത.....അതില്‍ നിന്നു ഞാന്‍ എഴുതിയതാണീ കുഞ്ഞു കാവ്യം......ഒരുപിടി കണ്ണീരുമായി ഞാന്‍ അര്‍പ്പിക്കുകയാണീ കവിത...അതിലൊരാളെങ്കിലും ആ അമ്മയെ സ്നേഹിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആശിച്ചു പോകുന്നു.....)


അമ്മ....ഒരഭയാര്‍ത്തി


യാത്രയായ് വഴിയരുകില്‍
വെയിലേറ്റുവീണ ചില വെണ്‍തരികള്‍
വേര്‍പിരിഞ്ഞതിലൊരു കൂട്ടം
ഒടുവില്‍ ഇരുളുമായ്
അകന്നുപോയൊരു മണ്‍കൂട്ടില്‍

പെരുമഴ വരുമെന്നോതി
കാറ്റു വന്നെന്നെയുണര്‍ത്തവേ
അരുകിലായ് ചേര്‍ത്തണച്ചുവെന്‍
അരുമയാം രണ്ടു പൂവിന്‍ ദളങ്ങള്‍

ശ്യാമാമ്പരം നിഴലിട്ടുവെന്‍
ചില്ല താണ മനക്കൂട്ടില്‍
ആഭയില്ലാ കപോലങ്ങളെ
അരുവിയാക്കിയെന്‍ കണ്ണുനീര്‍

അന്നകലങ്ങളിലെ നക്ഷത്രങ്ങളില്‍ ചിലത്
എന്നോട് കഥപറഞ്ഞൊരു കൂട്ടം
അതിലെരിഞ്ഞൊരു നക്ഷത്രം
ശരവേഗമീ നെഞ്ചം തകര്‍ക്കവേ

അറിഞ്ഞു ഞാന്‍ അതിലൊരലര്‍ച്ചയും
മരണമെടുത്തൊരെന്‍ പൈതലിന്‍
നോവുപേറി അലഞ്ഞവന്‍
എന്നെ തൊട്ടു നോക്കുന്നുണ്ടാവുമോ??

കീറിമുറിഞ്ഞൊരായിരം തുള വീണ
മന്ത്രകോടി ഞാന്‍ മാറത്തണച്ചുകൊണ്ട
ന്നുമാ കടത്തിണ്ണയില്‍ ചായവേ!!!
തെണ്ടികള്‍ക്കിടമില്ലയെന്നാക്രോശി
ച്ചാരോ നൊന്തു പെറ്റ്
മുലയുണ്ടൊരാള്‍ രൂപം....

തേങ്ങലോടെയെന്‍ ഭാണ്ഡവും പേറി
ആഴിയോടു ഞാനടുത്തീടവേ!!!
അന്നുമെന്നാത്മാവ് മന്ത്രിച്ചതൊരു
മന്ത്രം...എന്‍റെ മക്കള്‍ക്ക്‌ നല്‍കാനായൊരു
ശാന്തി തന്‍ ശുഭമന്ത്രം.

ശ്രീ വര്‍ക്കല
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ