2014 ഏപ്രിൽ 29, ചൊവ്വാഴ്ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 25

അലീന വീടിന് മുറ്റത്തെത്തി വിളിച്ചു.

"നിയാ...മോളെ നിയാ... ഈ വാതിലൊന്ന് തുറക്കൂ....."

മയക്കത്തിലായിരുന്ന നിയ പെട്ടെന്നുള്ള വിളി കേട്ടു ചാടിയെഴുന്നേറ്റു. വിളി അമ്മയുടെതാണെന്ന് തിരിച്ചറിഞ്ഞ അവള്‍ വന്നു വാതില്‍ തുറന്നു. വീട്ടിനുള്ളിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അലീനയ്ക്ക് പതിവില്ലാത്ത ഒരു സങ്കോചം തോന്നിയിരുന്നു. മുന്നില്‍ നില്‍ക്കുന്നവള്‍ അവളുടെ മനസ്സില്‍ ഒരുനിമിഷം ഒരു അന്യയെപ്പോലെ തോന്നുകയും ചെയ്തു. അലീന പിന്നെ ഒന്നും മിണ്ടാതെ അകത്തേയ്ക്ക് നടക്കുമ്പോള്‍ വാതില്‍ താഴിട്ടു നിയ പുറകില്‍ എത്തി.

"എന്താ അമ്മെ... ഇന്ന് പതിവിലും കൂടുതല്‍ താമസിച്ചത്...??? പൂക്കളെല്ലാം വിരിഞ്ഞു തുടങ്ങിയോ?? ജോലിക്കൂടുതല്‍ ആയിത്തുടങ്ങിയോ?

അലീന നിയ ചോദിക്കുന്നത് കേട്ടുവെങ്കിലും മറുപടി പറയാതെ അവള്‍ അടുക്കളയിലേയ്ക്ക് പോകുകയാണ് ചെയ്തത്... അതോടെ നിയ അവളുടെ പുറകെ കൂടി.

"എന്താ അമ്മെ....? എന്തുപറ്റി...? നിയ ചോദിച്ചു

അലീന അവളെ തിരിഞ്ഞു നോക്കി. അരുകില്‍ കിടന്നിരുന്ന ഇരിപ്പിടത്തിലേയ്ക്ക് മെല്ലെ ഇരുന്നവള്‍ മുഖവുരയില്ലാതെ നിയയോടു പറഞ്ഞു.

"മോളെ..!! ഈ വീട് ഒരു കാലത്ത് എന്‍റെ സ്വപ്നങ്ങളുടെ മാത്രം ലോകമായിരുന്നു. ആരുമില്ലാതെ അനാഥയായി വളര്‍ന്ന ഞാന്‍ മാത്രം നെയ്തെടുത്ത കുറെയേറെ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ഇതിനകത്ത്.... അവള്‍ ഒരു നെടുവീര്‍പ്പോടെ കുനിഞ്ഞിരുന്നു. നിയ അലീനയുടെ അരുകിലെത്തി. അവളുടെ ഇരിപ്പിടത്തിന്‍റെ ചുവട്ടില്‍ അലീനയ്ക്ക് മുന്നിലായി അവളിരുന്നു. അലീന തുടര്‍ന്നു.

"ലിയാത്തിന്‍റെ അമ്മ ലയാനയും ഞാനും കളിക്കൂട്ടുകാര്‍ ആയിരുന്നു. ഒടുവില്‍, ഗബിലിന്‍റെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അവള്‍ സ്വപ്നങ്ങള്‍ ഇട്ടെറിഞ്ഞുപോകുന്നത് എന്‍റെ കൂടി സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു. അവിവാഹിതയായ എനിക്ക് മുന്നില്‍ കുഞ്ഞുലിയാത്തിനെ ഏല്‍പ്പിച്ചാണ് അവള്‍ പോയത്. പിന്നെ അന്നുതൊട്ട് ഇന്നോളം എന്‍റെ സ്വപ്നങ്ങള്‍ക്ക് ഞാന്‍ യാതൊരുവിധ പരിഗണനയും കൊടുത്തിട്ടില്ല. ഗബിലിന്‍റെ കൈകളില്‍ പെട്ട് എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഒടുങ്ങാതെ അവന്‍റെ ജീവനെ കാത്തുകൊണ്ടൊരു ജീവിതം. ഒടുവില്‍, നീയെത്തും വരെ എന്റേത് മാത്രമായിരുന്നു ഇവിടം. ഇപ്പോള്‍ ഇവിടെ നിന്‍റെ കൂടി സ്വപ്നങ്ങള്‍ ഉണ്ടാകും എന്ന് ഞാന്‍ കരുതുന്നു. അതില്‍ എന്‍റെ മകന്‍റെ ജീവന് ഞാന്‍ നല്‍കിയ പ്രാധാന്യം നീ കൊടുക്കുന്നുണ്ടോ എന്നെനിക്ക് സംശയമായി....

"അമ്മെ... അമ്മ എന്താണീ പറയുന്നത്..? എനിക്കൊന്നും മനസ്സിലാകുന്നില്ല..." നിയ പെട്ടെന്ന് ചോദിച്ചു.

"ഗബില്‍ ഇന്നിവിടെ വന്നിരുന്നു അല്ലെ....?? അലീന പെട്ടെന്ന് ചോദിച്ചു. നിയയുടെ നാക്ക്‌ വരണ്ടുപോയി. എങ്കിലും തെറ്റിയോടിയ ചിന്തകള്‍ പിടിച്ചു നിര്‍ത്തി അവള്‍ പറഞ്ഞു...

"ഉവ്വ്... അമ്മെ..... വന്നിരുന്നു...."

"നിന്‍റെ അച്ഛന്‍ എന്തിനു വന്നു എന്ന് ഞാന്‍ ചോദിക്കുന്നില്ല.... കാരണം ഒരു മകള്‍ ജീവിക്കുന്നിടത്ത് അച്ഛന്‍ എന്തിനു വന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല... പക്ഷെ, നിന്‍റെ ഭര്‍ത്താവിന്‍റെ പരമശത്രുവും അതിലൂടെ എന്‍റെയും ശത്രുവായ ഗബില്‍ എന്തിന് വന്നു ഇവിടെ... ??? നീ ചിന്തിക്കുന്നുണ്ടോ മോളെ നിന്‍റെ നല്ലതിനായിരിക്കും അയാള്‍ ഇവിടെ വന്നതെന്ന്...???

നിയ മൌനം പൂണ്ടതല്ലാതെ അലീനയുടെ ചോദ്യത്തിന് ഒരു മറുപടിയും നല്‍കിയില്ല. അതുകൊണ്ട് തന്നെ അലീന വീണ്ടും ചോദിച്ചു.

"മോളെ... നിയാ... നീ ഇപ്പോഴും അയാളെ വിശ്വസ്സിക്കുന്നുവോ?

"ഉവ്വ്..... അച്ഛനിപ്പോള്‍ ആരോടും ശത്രുതയില്ല.... അത് പറയാനാ അച്ഛനിവിടെ വന്നത്...!!! മടിച്ചുമടിച്ചാണെങ്കിലും അലീനയോട് അവളതു പറയുക തന്നെ ചെയ്തു.

അലീന മെല്ലെ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. "മോളെ നിന്‍റെ വിശ്വാസത്തിനു ഞാനിനി മറുപടി പറയുന്നില്ല... പക്ഷെ, ഇനിമുതല്‍ ലിയാത്തിന്‍റെയും കുഞ്ഞുങ്ങളുടെയും സുരക്ഷ നിന്‍റെ ഉത്തരവാദിത്വമാണ്. ലിയാത്ത് ജീവിച്ചിരിക്കുക എന്നത് ഇന്ന് എന്നെക്കാളും നിന്‍റെ ആവശ്യമാണ്..... നിന്‍റെ ചിന്തകള്‍ക്ക് ഉതകുന്ന രീതിയില്‍ നീ ജിവിക്കുക..... ഈ അമ്മയ്ക്കിനി ഇതൊന്നു മാത്രമേ പറയാനുള്ളൂ... എന്‍റെ കുഞ്ഞുങ്ങളെ നീ പ്രത്യേകം നോക്കുക... ഗബിലിനെ വിശ്വസ്സിക്കുമ്പോഴും ആ കുഞ്ഞുങ്ങളുടെ മേല്‍ നിന്റെയൊരു കണ്ണുണ്ടാകണം.... അലീന കുളിപ്പുരയിലെയ്ക്ക് പോകുമ്പോള്‍ നിയ കുഞ്ഞുങ്ങളുടെ അരുകിലേയ്ക്ക് ചെന്നിരുന്നു....
************
ദിവസങ്ങള്‍ അതിവേഗം പോയ്മറഞ്ഞു. ലിയാത്തിന്‍റെ പെണ്മക്കള്‍ മെല്ലെ വളരാന്‍ തുടങ്ങി. അലീനയുടെ വീട്ടിനകത്ത് അവര്‍ ഇരിക്കാന്‍ തുടങ്ങി. കുടമുല്ലത്തോട്ടത്തില്‍ പൂക്കളുടെ ഉത്സവമായി. ആണ്ടറുതിയില്‍ ചില്ലകള്‍ ചുട്ടെരിയ്ക്കാന്‍ ലിയാത്ത് ഉണ്ടാക്കിയ കുഴി മഴയൊഴുകി മെല്ലെ മറഞ്ഞുകൊണ്ടിരുന്നു. എന്നിരുന്നാലും ഉണങ്ങിയ ഇലകളും ചില്ലകളും അവന്‍ അതിലേയ്ക്ക് നിറച്ചുകൊണ്ടേയിരുന്നു. അലീനയുടെ ചോദ്യങ്ങള്‍ക്ക് "കത്തിക്കാം അമ്മെ... ഞാന്‍ കത്തിയ്ക്കാം..." എന്ന മറുപടി മാത്രം നല്‍കി കൊണ്ടിരുന്നു അവന്‍.

ഗബില്‍ ഷിനായി ഗ്രാമം മറന്നത് പോലെ തോന്നി. അയാളുടെ പക അസ്തമിച്ചത് പോലെ. നിയയെ കണ്ടുപിരിഞ്ഞിട്ട്‌ പിന്നെ അയാള്‍ വൈഗരയുടെ തീരമണഞ്ഞിട്ടില്ല. വര്‍ഷം ഒന്ന് വന്നുപോയി മറഞ്ഞു. കുഞ്ഞുങ്ങള്‍ പിച്ചവച്ച് നടക്കുവാന്‍ തുടങ്ങി. മുല്ലപ്പൂക്കള്‍ വിരിഞ്ഞ് ചില്ലകള്‍ വീണ്ടും കരിഞ്ഞുതുടങ്ങി. ലിയാത്ത് പതിവ് പോലെ ഉണങ്ങിയ ചില്ലകള്‍ കുഴിയിലേയ്ക്ക് നിറച്ചു തുടങ്ങി. വക്കിടിഞ്ഞു വീണ മണ്ണു അവന്‍ കോരിയെടുത്തു. ശാന്തിയുടെ തീരത്തു മനോഹരമായ ഒരു ജീവിതമായിരുന്നു നിയയും ലിയാത്തും കെട്ടിപ്പടുത്തത്. അലീന കുഞ്ഞുങ്ങളുടെ അച്ചമ്മയായി സസന്തോഷം കഴിഞ്ഞിരുന്നു. അങ്ങിനെ ആരോടും യാത്രചോദിക്കാതെ വര്‍ഷം മൂന്നു പടികടന്ന് പോയി. ലിയാത്തിന്‍റെ പെണ്മക്കള്‍ കുടുകുടെ ചിരിച്ചുകൊണ്ട് ആ മുറ്റമാകെ ഓടിനടന്നു. അലീനയും ലിയാത്തും നിയയും അവരുടെ കളിചിരിയില്‍ മതിമറന്നു ജീവിച്ചു. ലിയാത്തിനെ പോലെ അവരും സ്നേഹിച്ചത് കുടമുല്ലപ്പൂക്കളെയും വണ്ടുകളെയും, ഓലകളില്‍ ഊയലാടുന്ന പറവകളെയും ഒക്കെ തന്നെയായിരുന്നു. അച്ഛന്‍റെ മക്കള്‍... അച്ഛന്റെ മാത്രം മക്കള്‍ എന്ന്‍ നിയ സ്ഥിരം അവരെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു... ലിയാത്തിന് അതൊരു നിര്‍വൃതിയുമായിരുന്നു.

രാത്രിയില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളെ നോക്കി ലിയാത്തിന്‍റെ മടിയില്‍ കിടന്നുകൊണ്ട് കിളികൊഞ്ചലുകളോടെ അവര്‍ ഉരിയാടുന്നത് കേള്‍ക്കുന്നത് തന്നെ ഒരു സുഖമായിരുന്നു. നിയയുടെ മനസ്സില്‍ ഗബിലിനെ കാണണം എന്ന ചിന്തപോലും ഉണ്ടായിരുന്നില്ല. അലീനയും പതിയെ പതിയെ നിയയുടെ വാക്കുകളെ വിശ്വസിച്ചു തുടങ്ങി. അവള്‍ പറഞ്ഞത് പോലെ ഗബിലിന് ആരോടും ഇപ്പോള്‍ പകയില്ല... ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ ഇങ്ങനെയായിരിക്കില്ല. മരണം മുന്നില്‍ കണ്ടാലും മുന്നോട്ട് പോകുന്ന ധീരനായ ഒരു പടയാളിയെപ്പോലെ അയാള്‍ ലക്ഷ്യത്തിലേയ്ക്ക് വന്നണഞ്ഞുകൊണ്ടേയിരിക്കും....

അന്നും പകല്‍ അസ്തമിച്ചു. ഇപ്പോള്‍ രാവില്‍ അലീനയാണ് പോകുന്നത്. വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ മെല്ലെ തളിരിട്ടു തുടങ്ങി. കുടമുല്ല മൊട്ടുകള്‍ ചെറിയ പച്ച വര്‍ണ്ണത്തോട് കൂടി ചില്ലയാകെ നിറഞ്ഞു തുടങ്ങി. ഇടയ്ക്കിടെ പെയ്യുന്ന മഴച്ചാറ്റലുകള്‍ ഭൂവ് തണുപ്പിച്ചിരുന്നു. മരചില്ലകളിലെ രാപ്പാടിക്കൂട്ടം നനഞ്ഞ ചില്ലകളിലിരുന്നു കൊക്കുരുമ്മി... മഴ പെയ്തൊഴിയവേ മറഞ്ഞു നിന്ന് നാണത്തില്‍ ഇന്ദു മുഖം കാട്ടി.

കുളികഴിഞ്ഞ് ലിയാത്ത് മുറിയ്ക്കുള്ളിലെത്തി. കിടക്കയില്‍ കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി കുഞ്ഞുങ്ങള്‍ കളിയ്ക്കുകയാണ്. തോട്ടത്തില്‍ നോക്കി ലിയാത്ത് മുന്നിലെ വാതില്‍പ്പടിയില്‍ വന്നിരുന്നു. തണുത്തു വീശുന്ന കാറ്റില്‍ വൈഗരയുടെ തീരത്ത് നിന്നുയര്‍ന്ന പൂക്കളുടെ സുഗന്ധം അവിടമാകെ പറന്നുനടന്നു. നിയ പതിയെ ലിയാത്തിനരുകില്‍ വന്നിരുന്നു. അവന്‍റെ തോളിലേയ്ക്ക്‌ ചാരി കണ്ണുകള്‍ പൂട്ടി അവളിരുന്നു.

"മക്കള്‍ക്ക്‌ ഭക്ഷണം കൊടുത്തോ നീയ്...? അവന്‍ പതിയെ ചോദിച്ചു.

"ഉവ്വ്... എന്നിട്ടാ അച്ഛന്‍റെ കിടക്കയില്‍ മറിയുന്നത്....!!! അവള്‍ അവനില്‍ ചേര്‍ന്നിരുന്ന് തന്നെ അത് പറഞ്ഞു...

ലിയാത്ത് കരം ചേര്‍ത്ത് അവളെ തന്നിലേയ്ക്കു കൂടുതല്‍ അടുപ്പിച്ചു. അവനെ ചേര്‍ന്നിരുന്ന് അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. ലിയാത്ത് അവളുടെ മിഴികളെ ചുംബിച്ചു... നക്ഷത്രക്കൂട്ടത്തില്‍ നിന്നൊരു നക്ഷത്രം വാനില്‍ നിന്നെരിഞ്ഞു താഴേയ്ക്ക് വീണു. ചിത്രകാരന്‍റെ ചായക്കൂട്ടിലെ വര്‍ണ്ണങ്ങള്‍ പോലെ ലിയാത്തിന്‍റെ മുന്നില്‍ വലിയൊരു ക്യാന്‍വാസ് ആയി പ്രകൃതി നിറഞ്ഞു നിന്നു. കാറ്റുവീണ് വൈഗരയുടെ ഓളങ്ങള്‍ തുള്ളിമറിയുമ്പോള്‍ നീറ്റിലേയ്ക്ക് പടര്‍ന്ന കൈതകൈകള്‍ ഇക്കിളി ഇട്ടപോലെ ചലിയ്ക്കാന്‍ തുടങ്ങും... ആ മനോഹരയാമത്തില്‍ അവളുടെ കണ്ണുകളില്‍ നോക്കി ലിയാത്ത് ചോദിച്ചു....

"പെണ്ണെ..... മുല്ലപ്പൂവ് പോലെ... ഒരു കുഞ്ഞു ലിയാത്തിനെ കൂടി നമ്മുക്ക് വേണ്ടേ...?

അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി. അവളുടെ ചുണ്ടുകള്‍ എന്തോ പ്രതീക്ഷിച്ചപോലെ വിറയ്ക്കാന്‍ തുടങ്ങി. ലിയാത്ത് പടിക്കെട്ടില്‍ ഇരുന്നു മെല്ലെ അവളുടെ മുഖത്തിന്‌ നേരെ തിരിഞ്ഞു. കൈകള്‍ ചേര്‍ത്തവളുടെ മുഖം പിടിച്ചവന്‍ ചുവന്ന അവളുടെ അധരങ്ങളില്‍ ആര്‍ത്തിയോടെ ചുംബിച്ചു. അവനെ ചേര്‍ത്ത് പിടിക്കുമ്പോഴും അവളുടെ കണ്ണുകള്‍ കിടക്കയിലേയ്ക്ക് പാഞ്ഞു. കുഞ്ഞുങ്ങള്‍ അപ്പോഴേയ്ക്കും ഉറങ്ങിയിരുന്നു.... നിയയുടെ കണ്ണുകള്‍ നിര്‍വൃതിയിലാണ്ട് മെല്ലെയടഞ്ഞു.... ലിയാത്തിന്‍റെ കൈകള്‍ നിയയെ പൊതിഞ്ഞു. അവന്‍ പതിയെ എഴുന്നേറ്റു. ഒപ്പം നിയയും. വാതില്‍ താഴിട്ട്, അവളെ ചേര്‍ത്തണച്ച് അവന്‍ മുറിയിലേയ്ക്ക് നടന്നു. മുറിയിലെത്തി നിയ കിടക്കയ്ക്ക് താഴെ പായ വിരിച്ച് കുഞ്ഞുങ്ങളെ എടുത്തു കിടത്തി.. ലിയാത്തിനോപ്പം കിടക്കയിലേയ്ക്ക് ചായുമ്പോള്‍ പുറത്തെ ഇരുളില്‍ നിന്ന് മെല്ലെയൊരു രൂപം അലീനയുടെ വീട്ടിനടുത്തേയ്ക്ക് വന്നു. ലിയാത്തിന്‍റെ ബലിഷ്ഠമായ കൈകള്‍ക്കുള്ളില്‍ നിയ ഞെരിഞ്ഞമരുമ്പോള്‍, ആ രൂപം കുടമുല്ലത്തോട്ടം ലക്ഷ്യമാക്കി നടന്നടുത്തു.

മുല്ലക്കൊടികളെ നനച്ചുകൊണ്ടിരുന്ന അലീനയുടെ പിറകില്‍ എത്തി അയാള്‍ മെല്ലെ വിളിച്ചു...

"അലീനാ......"

അലീന സ്വരം തിരിച്ചറിഞ്ഞ് മെല്ലെ തിരിഞ്ഞു നോക്കി. അവളുടെ ഉടലാകെ വിറയ്ക്കാന്‍ തുടങ്ങി. അയാള്‍ പതിയെപതിയെ അവളുടെ അരുകിലേയ്ക്ക് നടന്നു. പിന്നിലേയ്ക്ക് നടന്ന അവള്‍ പടര്‍ന്നു നിന്ന ഒരു കുടമുല്ല ചെടിയില്‍ തടഞ്ഞു നിന്നു. അവളുടെ മുന്നില്‍ വിശാലമായി നിന്നയാള്‍ ഉരുണ്ടു ചുവന്ന കണ്ണുകള്‍ കൊണ്ടവളെ ചൂഴ്ന്നു... എന്നിട്ടിങ്ങനെ പറഞ്ഞു.

"അന്‍പതിനോടടുത്തിട്ടും അഴകില്‍ നീയിന്നും ഒരു മാലാഖ തന്നെ..... നിന്‍റെ സൗന്ദര്യത്തില്‍ ഞാന്‍ ഭ്രമിച്ചിരുന്നു... നിന്നെ ഒന്ന് തലോടാന്‍ ഞാന്‍ കൊതിച്ചിരുന്നു. എന്നിട്ടും നിന്നെ കൊല്ലാനായിരുന്നു രണ്ടു തവണയും ഞാന്‍ ശ്രമിച്ചത്... ഇന്ന് അങ്ങിനെയല്ല. നിന്‍റെ മകനോട്‌ നീ ഇതെങ്ങിനെ പറയും എന്നെനിക്കറിയണം. അയാള്‍ അവളുടെ അരുകിലേയ്ക്ക് ഒന്നുകൂടി അടുത്തു.

"ഗബില്‍.... ഗബില്‍... നീയൊന്നു മറക്കുന്നു... നീയെന്‍റെ കൂടപ്പിറപ്പിന്‍റെ സ്ഥാനത്താണ്‌... നിന്‍റെ മകള്‍ എന്‍റെ മകന്‍റെ ഭാര്യയാണ്... " അവള്‍ വിറയാര്‍ന്ന സ്വരത്തില്‍ പറഞ്ഞു..

ഗബില്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. അവളുടെ നനുത്ത് നീണ്ട വിരലുകള്‍ അയാള്‍ വട്ടം ചേര്‍ന്ന് കൂട്ടിപ്പിടിച്ചു. ഇരുകവിളുകളിലും അയാള്‍ മാറിമാറി പ്രഹരിച്ചു. അവളുടെ നിലവിളി പുറത്തുവരാതെ തൊണ്ടയ്ക്കുള്ളില്‍ വീണുടഞ്ഞു. ഗബിലിന്‍റെ ശക്തമായ കരങ്ങള്‍ക്കിടയില്‍ കിടന്നവള്‍ തളര്‍ന്നു തുടങ്ങി. കുടമുല്ലത്തോട്ടത്തിലെ ഉള്‍ത്തടങ്ങളിലേയ്ക്ക് അയാള്‍ തളര്‍ന്നു വീണ അവളെ വലിച്ചിഴച്ചു കൊണ്ടുപോയി. വിശന്നു വലഞ്ഞ ഒരു സിംഹത്തിന്‍റെ മുന്നില്‍ പെട്ട ഒരു മാന്‍കിടാവിനെപ്പോലെ മെല്ലെ മെല്ലെ അവളുടെ കണ്ണുകള്‍ അടഞ്ഞു. അധരങ്ങളില്‍ ചോരപൊടിഞ്ഞു. മാറില്‍ ഗബിലിന്‍റെ നഖങ്ങള്‍ വരച്ച ചിത്രങ്ങള്‍ നീലിച്ചു കിടന്നു. ആദ്യമായൊരു പുരുഷനെ സ്വീകരിച്ച അവളുടെ ശരീരം ആ മണ്ണില്‍ അങ്ങിനെ വിറച്ചുകിടന്നു.

അവളുടെ മാറില്‍ നിന്നുയര്‍ന്നയാള്‍ വിജയശ്രീലാളിതനായി മെല്ലെ കുനിഞ്ഞ് അവളോട്‌ പറഞ്ഞു.

"ചെന്ന് പറയടീ... നിന്‍റെ മോനോട്.... ഞാനൊന്നു കാണട്ടെ... നിന്‍റെ മഹത്തരം.. നീ പലപ്പോഴും മറന്നൊരു കാര്യമുണ്ട്.. നീയൊരു പെണ്ണെന്ന കാര്യം. ഒരാണിന്‍റെ കൈയൊപ്പ്‌ വീഴാത്ത നിന്‍റെയീ ശരീരം ഒരു പെണ്ണിന്‍റെയായിരുന്നില്ല ഇതുവരെ. ഇനി നിനക്ക് ജീവിക്കാം മതിവരുവോളം. എനിക്കിനി നിന്നോട് പകയില്ല. ആരോടും പകയില്ല. ഗബില്‍ പോകുകയാണ്.... നന്ദി അലീന നന്ദി... "

പറഞ്ഞുകൊണ്ട് ഗബില്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു. അലീന ആ കിടപ്പില്‍ കുടമുല്ലചെടികളെ നോക്കി. അവളുടെ കണ്ണുകളില്‍ നിന്നടര്‍ന്നു വീണ കണ്ണുനീരില്‍ ഗബിലിന്‍റെ നഖം കൊണ്ട് മുറിഞ്ഞ ഒരു തുള്ളി ചോരകൂടി ഒഴുകിമറഞ്ഞു. മണ്ണില്‍ കൈകുത്തി അലീന മെല്ലെ എഴുന്നേറ്റു. അവള്‍ക്കു താങ്ങാവുന്നതിലും അധികമായിരുന്നു അവളുടെ ശരീരത്തിന്‍റെ വേദന..... മുടന്തിയാണെങ്കിലും അവള്‍ എങ്ങിനെയോ വൈഗരയുടെ തീരത്തെത്തി. എല്ലാ ദുഖങ്ങളും മുങ്ങിമറയുന്ന വൈഗരയുടെ തീരത്തിരുന്നവള്‍ തേങ്ങി.

പാദങ്ങളില്‍ വന്നണഞ്ഞ കുഞ്ഞോളങ്ങളില്‍ നോക്കിയിരിക്കെ അകലങ്ങളില്‍ നിന്നു ലയാന അവളെ വൈഗരയിലേയ്ക്ക് മാടിവിളിച്ചു. തേങ്ങിപ്പിടഞ്ഞെഴുന്നേറ്റ അവള്‍ വൈഗരയിലേയ്ക്ക് ഇറങ്ങിച്ചെന്നു. പാദങ്ങള്‍ നനഞ്ഞുകുതിര്‍ത്തു തുടങ്ങിയ വൈഗര ഇപ്പോള്‍ അവളുടെ വസ്ത്രങ്ങളിലേയ്ക്ക് കയറി ചെന്നു. അരക്കെട്ടോളം വെള്ളം നിറയുമ്പോള്‍ അവളുടെ ശരീരം ഒന്നാകെ നീറാന്‍ തുടങ്ങി. അലീന കണ്ണുകള്‍ രണ്ടും മെല്ലെപൂട്ടി. അവളുടെ മുന്നില്‍ ലയാന വന്നു നില്‍ക്കുന്നത് പോലെ തോന്നിയവള്‍ക്ക്‌. അലീനയുടെ കൈകള്‍ ആരോ കവര്‍ന്നെടുത്തു. അവള്‍ അനുസരണയോടെ മുന്നോട്ടു നടന്നു... ഇപ്പോള്‍ അവളുടെ നെഞ്ചോളം വന്ന് വൈഗരയുടെ ഓളങ്ങള്‍ തഴുകിക്കൊണ്ടിരുന്നു. പിന്നീട്, ഉടല്‍ ഒന്നാകെ വൈഗരയില്‍ മുങ്ങുമ്പോള്‍ പോലും, ഒരു തവണ പോലും അവള്‍ കൈകള്‍ ഉയര്‍ത്തിയില്ല. പിരിഞ്ഞുപോകാന്‍ വൈഗര അവളെ കൈവെടിഞ്ഞിട്ട്‌ വേണ്ടേ.. വൈഗര അവളെ സ്നേഹിച്ചുസ്നേഹിച്ചു കൊണ്ടുപോയി... നിത്യതയുടെ, അന്ധകാരം നിറഞ്ഞ അവളുടെ താഴ്വാരങ്ങളില്‍, ഓളങ്ങളില്‍ തഴുകി നിന്ന കാട്ടുചെടികള്‍ക്കിടയിലൂടെ അലീന ഒഴുകിയൊഴുകി നടന്നു....

(തുടരും)
ശ്രീ വര്‍ക്കല
 
ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 24

ഗബിലിനെ നോക്കി നിയ ചോദിച്ചു.

"അച്ഛാ..!!! ഇനിയെങ്കിലും അച്ഛന്‍റെയുള്ളില്‍ നീറുന്ന ഈ അന്ധവിശ്വാസം ഒന്ന്‍ വലിച്ചെറിഞ്ഞുകൂടെ...?? എന്‍റെ ജീവിതത്തെ ഓര്‍ത്തെങ്കിലും...!!! ആരോടും പകയില്ലാതെ അച്ഛന് ജീവിക്കാന്‍ കഴിയില്ലേ?? ഷിനോയിയിലെ രാവുകളില്‍ ഒരാണ്‍തുണയില്ലാതെ ഇനി ഞാനെങ്ങിനെ ജീവിക്കാനാ..... അതും ഈ രണ്ടു പിഞ്ചുപൈതങ്ങളെയും പേറി..!! ഏതൊരച്ഛനെയും പോലെ മകളുടെ സുരക്ഷിതത്വം എന്‍റെ അച്ഛന്‍റെ സ്വപ്നങ്ങളില്‍ മാത്രം എന്തെ ഇല്ല.....??

ഗബില്‍ നിയയെ തിരിഞ്ഞുനോക്കുമ്പോഴും, അയാള്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.. എന്തുകൊണ്ടോ നിയയുടെ വാക്കുകള്‍ അയാളില്‍ ഒരു ഭാവഭേദവും വരുത്തിയില്ല. പകരം ഒരേമ്പക്കവും വിട്ടുകൊണ്ട് അയാള്‍ ഇരുന്നിടത്ത് നിന്നു കൈകഴുകാനായി എഴുന്നേറ്റു പോയി. കൈകഴുകി തിരികെ വരുമ്പോഴും അയാള്‍ നിര്‍വികാരനായി തന്നെ കാണപ്പെട്ടു.
***************
ലിയാത്ത് തോട്ടത്തിലെ രാത്രി ജോലികളില്‍ വ്യാപൃതനാകുമ്പോള്‍, അലീന അവിടെ നിന്നും വീട്ടിലേയ്ക്ക് തിരിച്ചു. മുറ്റത്തെത്തിയ അലീന അകത്തെ അടക്കിപ്പിടിച്ച സ്വരം കേട്ടു... വാതില്‍പ്പടിയില്‍ കയറിയ അവള്‍ നിയയെ വിളിക്കാതെ വീടിനു പുറകിലേയ്ക്ക് മാറി നിന്നു. അകത്തെ സംസാരം അവള്‍ക്കു വ്യക്തമായി കേള്‍ക്കാമായിരുന്നു.

"ഒന്നുറങ്ങണം എന്നുണ്ടായിരുന്നു... പക്ഷെ ഇവിടെയെനിക്കതിനാകില്ലല്ലോ??" ഗബില്‍ നിയയോടു പറഞ്ഞു.

ഗബിലിന്‍റെ ചോദ്യം കേട്ട് നിയയൊന്നു ഞെട്ടി. വിറയാര്‍ന്ന സ്വരത്താല്‍ അവള്‍ പെട്ടെന്ന് മറുപടി പറഞ്ഞു.

"യ്യോ!!! അത് പറ്റില്ല അച്ഛാ......ഇപ്പോള്‍ തന്നെ സമയം ഏറെയായി. അമ്മ വരേണ്ട സമയമായി.... അമ്മ കണ്ടാല്‍ പിന്നെ ഞാനെന്ത് മറുപടിയാ നല്‍കുക.. ലിയാത്തിനോട് മാത്രമല്ല അമ്മയോടും അച്ഛന്‍ ക്രൂരത കാട്ടിയിട്ടുണ്ട്. അതും ഒരു തവണയല്ല പലതവണ. ഞാനെപ്പോഴും പറയുമ്പോലെ, മകള്‍ എന്ന നിലയില്‍ ഒരുപക്ഷെ അച്ഛനോട് ക്ഷമിക്കാന്‍ എനിക്ക് കഴിഞ്ഞുവെന്ന് വരും. എന്നാല്‍ ലിയാത്തും അമ്മയും ഒരിക്കലും അച്ഛനോട് ക്ഷമിക്കില്ല. അല്ലെങ്കില്‍ തന്നെ ആരു കേട്ടാലും ചിരിക്കുന്നതല്ലേ, അറയ്ക്കുന്നതല്ലേ അച്ഛന്റെ ഉള്ളിലെ അന്ധവിശ്വാസങ്ങള്‍...???

ഗബില്‍ ഒരു നിമിഷത്തെ മൗനം തുടര്‍ന്നു. പുറത്ത് അലീന ഗബിലിന്‍റെ സ്വരം ഇതിനകം തന്നെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ നിയയുടെ വാക്കുകള്‍ക്കുള്ള അയാളുടെ മറുപടി കേള്‍ക്കാന്‍ അവള്‍ കാതോര്‍ത്തിരുന്നു...

"ഇല്ല... മോളെ ഇല്ലാ... എനിക്കിനി ആരോടും പകയില്ല. ചെയ്ത തെറ്റുകള്‍ക്ക് ഒക്കെ അലീനയോടും ലിയാത്തിനോടും മാപ്പ് പറയാന്‍ ഞാന്‍ ഒരുക്കമാണ്. പക്ഷെ, എന്നെ കാണുന്ന മാത്രയില്‍ തന്നെ ലിയാത്ത് അത് കേള്‍ക്കാന്‍ കൂട്ടാക്കി എന്ന് വരില്ല. അതുകൊണ്ട് നീ അവനെയും അലീനയെയും ഇത് പറഞ്ഞു മനസ്സിലാക്കണം. നിന്‍റെ വാക്കുകള്‍ വിശ്വസ്സിക്കാതിരിക്കാന്‍ അവന് കഴിയില്ല...

"എനിക്കാകെ ഭയമാകുന്നു അച്ഛാ.... അച്ഛന്റെയീ വരവ് തന്നെ അമ്മയോടോ, ലിയാത്തിനോടോ പറയാന്‍ തന്നെ എനിക്ക് ഭയമാകുന്നു... പിന്നെങ്ങിനെയാ അച്ഛന്റെയീ വാക്കുകള്‍...???" പറയുമ്പോള്‍ നിയ ആകെ അസ്വസ്ഥയായി.

ഗബില്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു. "നിനക്ക് ലിയാത്തിനെ മാത്രം ബോധിപ്പിച്ചാല്‍ പോരെ. മോളെ ആവശ്യത്തിലധികം സ്വാതന്ത്ര്യം നീ എന്തിനു അലീനയ്ക്ക് നല്‍കുന്നു.. നിനക്ക് ലിയാത്താണ് എല്ലാം. ഇവളുടെ അടിമയായി നീ എത്രകാലം കഴിയും. എത്രകാലം നിനക്ക് കഴിയാന്‍ പറ്റും. ഇവളുടെ വാക്കുകള്‍ കേട്ട് നാളെ ലിയാത്ത് നിന്നെ തള്ളിപ്പറയില്ല എന്ന് നിനക്ക് എങ്ങിനെ വിശ്വസിക്കാന്‍ കഴിയും. അല്ലെങ്കില്‍, അതെല്ലാം പോട്ടെ... നീ ലിയാത്തിന്‍റെ പെണ്ണെന്ന് അഹങ്കരിക്കുന്നുവല്ലോ??? നീ അവന്റെതെന്ന് ഉറപ്പിച്ചു പറയാന്‍ അവന്‍ നിന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ടുണ്ടോ? എപ്പോഴെങ്കിലും നിന്നോടങ്ങിനെ ഒരു കാര്യം ഇവരില്‍ ആരെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ?

ഇങ്ങനെ പറഞ്ഞുകൊണ്ട് ഗബില്‍ നിയയുടെ മുഖത്തേയ്ക്കു നോക്കി. ആകെ വിവശയായ അവളുടെ മുഖം ഗബിലിന്‍റെ ഉള്ളില്‍ സന്തോഷത്തിനു വക നല്‍കി. ആ അവസരം മുതലെടുത്ത്‌ കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു.

"ഒഴിവാക്കണം... അങ്ങിനെ ഉള്ളവരെ നമ്മുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക തന്നെ വേണം..!!!

നിയ അത്ഭുതത്തോടെ അയാളുടെ മിഴികളെ നോക്കി.... എന്നിട്ട് അടഞ്ഞ സ്വരത്തില്‍ അയാളോട് പറഞ്ഞു..

"ലിയാത്ത്... ലിയാത്തെന്‍റെ ജീവനാണ്. അദ്ദേഹത്തില്‍ നിന്നൊരു വേര്‍പാട് അത് നിയയുടെ മരണമാണ്.. എനിക്കദ്ദേഹത്തെ എന്റെതല്ലെന്നു ചിന്തിക്കാനെ കഴിയില്ല. അവള്‍ അസഹ്യമായൊരു വേദനയോടെ അരുകിലെ കിടക്കയിലേയ്ക്കിരുന്നു.

ഗബില്‍ തന്ത്രപൂര്‍വ്വം അവളുടെ അരുകില്‍ എത്തി. അവളുടെ ചുമലില്‍ തഴുകിക്കൊണ്ട്, കുനിഞ്ഞ് അവളുടെ കര്‍ണ്ണങ്ങളില്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ പറഞ്ഞു.

"അതിനാരു പറഞ്ഞു നീ ലിയാത്തിനെ ഒഴിവാക്കണം എന്ന്..??

നിയ മിഴികളുയര്‍ത്തി ആകാംഷയോടെ അച്ഛനെ നോക്കി. അയാള്‍ കൂസലന്യേ പറഞ്ഞു.

"അവളെ... അവളെ ഒഴിവാക്കണം... അവളെയാണ് നിന്‍റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടത്...!!!

പുറത്ത് അലീന ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്നു. ഗബിലിന്‍റെ ഈ വാക്കുകള്‍ക്കുള്ള നിയയുടെ മറുപടി കേള്‍ക്കാന്‍ അവള്‍ക്കു തിടുക്കമായി. അലീന ചിന്തിച്ചു. ക്ഷമിക്കുക തന്നെ. പുറത്തെ ഒരു ചെറുചലനം ഒരുപക്ഷെ ഇവരുടെ സംഭാഷണത്തിനു ഭംഗം വരുത്തിയേയ്ക്കാം.

ഒടുവില്‍ നിയ ഇങ്ങനെ പറഞ്ഞു. "അയ്യോ...!!!അമ്മയെയോ..?? എന്‍റെ അമ്മയെയോ?? ഒരമ്മയില്ലാത്ത സ്നേഹം തന്ന് എന്നെ പൊന്നുപോലെ നോക്കുന്ന അമ്മയെയോ... എനിക്ക് ഒന്നും കേള്‍ക്കണ്ടച്ഛാ... എനിക്കിനി ഒന്നും കേള്‍ക്കണ്ട... അവള്‍ ഇരുകൈകളും കൊണ്ട് ചെവികള്‍ പൊത്തിപ്പിടിച്ചു.

"മോളെ നീ ശരിക്കും ആലോചിക്ക്. മനസ്സിരുത്തി ആലോചിക്ക്. നിങ്ങളുടെ സന്തോഷത്തിനിടയില്‍ ഇങ്ങനെയൊരാള്‍ വേണോ?? ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ സന്തോഷം അവള്‍ കെടുത്തും. ലിയാത്തിനെ അവള്‍ നിന്നില്‍ നിന്നും അകറ്റും... ഗബില്‍ വീണ്ടും പറഞ്ഞു.

"എന്തിന്...??? അമ്മയെന്തിന് ഞങ്ങളെ പിരിക്കണം. അതുകൊണ്ട് അമ്മയ്ക്ക് എന്ത് നേട്ടം..?? അമ്മയ്ക്ക് അച്ഛനോടുള്ള വിദ്വേഷം അത് അച്ഛനായിട്ട് ഉണ്ടാക്കിയതല്ലേ? അല്ലെങ്കില്‍ തന്നെ ഇന്നുവരെ അമ്മ എന്നെ സ്നേഹിച്ചിട്ടേയുള്ളൂ... ലിയാത്തും. എനിക്കവരില്‍ അവിശ്വസനീയമായ ഒന്നും ഇതുവരെ തോന്നിയിട്ടും ഇല്ല... അപ്പോള്‍ പിന്നെ...??? അവള്‍ പറഞ്ഞു നിര്‍ത്തി.

അതോടെ ഗബിലിന്‍റെ സ്നേഹംഭാവം കുറേശ്ശെ മറഞ്ഞുതുടങ്ങി. എന്നാലും മനസ്സ് നിയന്ത്രിച്ചുകൊണ്ട് തന്നെ അയാള്‍ പറഞ്ഞു.

"നീ അനുഭവം കൊണ്ട് പഠിക്കും മോളെ. അന്ന് ഒരുപക്ഷെ, നിന്നെ കാത്തുകൊള്ളാന്‍ ഈ അച്ഛന്‍ ഉണ്ടായെന്ന് വരില്ല... ഉം... ഞാന്‍ പോകട്ടെ..... എല്ലാം നിന്‍റെ കൈയിലാണ്. എന്ത് വേണം എന്ന് നീ ചിന്തിക്ക്... ഇനി ഞാനിവിടെ ഉണ്ടാകില്ല... ഞാന്‍ ഒരു യാത്ര പോകുന്നു... മടങ്ങി വരുമ്പോള്‍ എന്‍റെ മോള്‍ അച്ഛനായി ഒരു സന്തോഷവാര്‍ത്തയുമായി നില്‍ക്കണം. എന്‍റെ മകള്‍ എന്ന സത്യം നിന്‍റെ പ്രവൃത്തികളില്‍ കൂടി നീ തെളിയിക്കണം.... പറഞ്ഞുകൊണ്ടയാള്‍ വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി.... നിയ അസഹ്യമായൊരു വേദനയോടെ കിടക്കയിലേയ്ക്കിരുന്നു.

പുറത്ത് അലീന വീടിനോട് ചേര്‍ന്ന മരത്തില്‍ ചാരി നിന്നു. അവള്‍ക്കു എന്ത് പറയണം എന്നറിയില്ല. എങ്ങിനെ ഇനി നിയയുടെ മുഖത്ത് നോക്കണം. അവളുടെ മനസ്സ് അലീനയ്ക്കറിയാം. പക്ഷെ, ഗബിലിന്‍റെ നിരന്തര സാന്നിധ്യം അവളെ അവളല്ലാതാക്കി മാറ്റാം... അതനുവദിച്ചു കൂടാ.. പക്ഷേ, എങ്ങിനെ നിയയോടു ഇതവതരിപ്പിക്കാന്‍ കഴിയും... അവളുടെ മനസ്സിലാകെ ചിന്തകള്‍ കുരുങ്ങി തുടങ്ങി. ഒന്ന് ചിന്തിച്ചവള്‍ വീട്ടിനുള്ളില്‍ പ്രവേശിക്കാതെ കുടമുല്ലത്തോട്ടത്തിലേയ്ക്ക് തന്നെ തിരിച്ചു പോയി.

നിയ കുറച്ചു നേരത്തെ ചിന്തയില്‍ നിന്നുണര്‍ന്നു. കുഞ്ഞുങ്ങള്‍ അപ്പോഴും ഉറക്കത്തിലാണ്. "അമ്മയെന്തേ ഇത്രേം താമസിക്കുന്നു.... അമ്മ എപ്പോഴെങ്കിലും എന്നെ അന്യതായിക്കണ്ടിട്ടുണ്ടോ? അവള്‍ അവളുടെ മനസ്സിനോട് തന്നെ ഗബില്‍ ചോദിച്ച ചോദ്യങ്ങള്‍ എല്ലാം ചോദിക്കാന്‍ തുടങ്ങി. ഇല്ലെന്ന ഉത്തരം മനസ്സ് പറയുമ്പോഴും ഇനിയങ്ങിനെ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്ന മറുചോദ്യവുമായി വീണ്ടും മനസ്സിലെവിടെയോ ഒരു മന്ത്രണം പോലെ. അവള്‍ക്കാകെ സംശയമായി. ഇത്രയും കാലം ഞാന്‍ ചിന്തിച്ചത് ഒരു മനസ്സുകൊണ്ട് മാത്രമാണ്.. ഇതെന്താ ഇങ്ങനെ..?? എന്‍റെയുള്ളില്‍ ഇനിയുമൊരു മനസ്സോ..?? ഒന്ന് വേണ്ടാന്ന് ചിന്തിക്കുമ്പോഴേയ്ക്കും വേണം എന്നിതാരാണ് എന്നോട് പറയുന്നത്. അവളറിയാതെ ചുവരിലെ ചിത്രത്തിലേയ്ക്ക് നോക്കി.

"ഭഗവാനെ കാത്തുകൊള്ളേണമേ...!!! ഉറക്കം തഴുകാത്ത കണ്ണുകളുമായി നിയ കിടക്കയിലേയ്ക്ക് ചാഞ്ഞു.
***************
അലീന തിരികെ തോട്ടത്തിലേയ്ക്ക് വരുന്നത് കണ്ട് ലിയാത്ത് ആകാംഷയോടെ അവള്‍ക്കരുകിലേയ്ക്ക് വന്നു.

"എന്താ അമ്മെ... എന്താ തിരികെപ്പോന്നത്...??? ഇത് ചോദിക്കുമ്പോള്‍ അലീന ശ്രദ്ധിച്ചു. ലിയാത്തിന്‍റെ പുരികങ്ങള്‍ വളഞ്ഞിരുന്നു. അവള്‍ക്കറിയാം വളരെ ശാന്തനായി കാണുമ്പോഴും അവന്‍റെയുള്ളില്‍ തിളച്ചുമറിയുന്ന ചിന്തകള്‍ ഉണ്ടെന്ന്. ഒരിക്കലും മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ ഗബില്‍ അവനില്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ടല്ലോ..!! പിന്നെങ്ങനെ അവന്‍റെ ചിന്തകളില്‍ തീ പടരാതിരിക്കും. ലിയാത്തിന്‍റെ മുഖഭാവം ശ്രദ്ധിച്ച അലീന കുറച്ചു നേരം ചിന്തിയിലാണ്ട് പോയി. അവള്‍ ഓര്‍ത്തു.. "ലിയാത്തിനോട് ഇത് പറയണോ??? പറഞ്ഞില്ലെങ്കില്‍ എല്ലാം അടക്കിപ്പിടിച്ച് ഞാനിരിക്കുമ്പോള്‍, ഏതെങ്കിലും ഒരവസരത്തില്‍ അച്ഛന്റെ വാക്കുകള്‍ക്കു അവള്‍ അടിമപ്പെട്ടാല്‍ എന്‍റെ കുഞ്ഞിന്‍റെ അവസ്ഥ എന്താകും. അല്ലെങ്കില്‍ തന്നെ ആ വീട്ടില്‍ ഗബിലിപ്പോള്‍ നിയയോടു കാട്ടുന്ന സ്വന്തത്ര്യം.. ഒരുപക്ഷെ, ആ വീടിനകത്ത് തന്നെ ലിയാത്തിനായി ചതിക്കുഴികള്‍ ഒരുക്കാന്‍ ഗബിലിന് കഴിയും. അതൊരുപക്ഷേ, അവളറിയാതെ പോലും. ഇല്ല ഇവനിതെല്ലാം അറിഞ്ഞേ മതിയാകൂ. എന്‍റെ കണ്മുന്നില്‍ എന്‍റെ മകന്‍റെ പതനം എനിക്ക് സഹിക്കാന്‍ കഴിയില്ല. അവനോളം വലുതല്ല അവളെങ്കിലും... അവളും എനിക്ക് പ്രിയപ്പെട്ടതാണ്. പ്രായത്തിന്‍റെ പക്വതയില്ലായ്മയില്‍ ഒരുപക്ഷെ അവള്‍ക്ക് തെറ്റ് സംഭവിച്ചാല്ലോ...???

"എന്താ അമ്മെ..?? എന്തായിത്രേം ഗഹനമായ ഒരു ചിന്ത... എന്തുണ്ടായി അവിടെ...?

ചിന്തയില്‍ നിന്നുണര്‍ന്ന അലീന ലിയാത്തിന്റെ കരം കവര്‍ന്നു. "നീ വാ മോനെ.. നിന്നോടൊരു കാര്യം പറയട്ടെ..." പറഞ്ഞുകൊണ്ടവള്‍ തോട്ടത്തിലെ പടര്‍ന്ന മാവിന്‍ ചുവട്ടില്‍ ലിയാത്തിനെയും കൊണ്ടിരുന്നു. അവളുടെ വാക്കുകള്‍ അവന്‍ സശ്രദ്ധം കേട്ടു. എല്ലാം കേട്ടുകഴിഞ്ഞിട്ടും അവന്‍റെ മുഖത്തിന്‌ യാതൊരു വിധ ഭാവമാറ്റവും ഉണ്ടായില്ല എന്നത് അവളില്‍ അത്ഭുതമുണര്‍ത്തി. അതുകൊണ്ട് തന്നെ അലീന അവനോടു ചോദിച്ചു..

"എന്താ മോനെ... ഇത്രയും കേട്ടിട്ടും, ഈ കഥകളൊക്കെ അറിഞ്ഞിട്ടും നിന്നില്‍ യാതൊരു ഭാവമാറ്റം ഉണ്ടാകാത്തത്...??

ലിയാത്ത് ഒന്ന് ചിരിച്ചു. എന്നിട്ട് അലീനയോട് പറഞ്ഞു. "എനിക്കറിയാം അമ്മെ... ഗബിലിന്‍റെ ചിന്തകള്‍ക്ക് എത്രത്തോളം ഉയരാന്‍ കഴിയും എന്ന്... അതുപോലെ എനിക്ക് എത്രത്തോളം ക്ഷമിക്കാന്‍ കഴിയും എന്നും. അയാളുടെ ചിന്തകള്‍ ചതിയുടെ കുറുക്കുവഴികളാണ്. അയാളിപ്പോള്‍ സഞ്ചരിക്കുന്നതും ഞാന്‍ നിനച്ച പാതയിലൂടെയാണ്. നിയ അയാളെ സ്നേഹിക്കുമ്പോള്‍ അയാളെ എനിക്ക് ഒടുക്കാനാവില്ല. മരണത്തിന്‍റെ പടിവാതിലില്‍ കൂടിയാണിപ്പോള്‍ അയാളുടെ പാച്ചില്‍... അവളുടെ ഒരുതുള്ളി കണ്ണുനീരിന് പോലുമിപ്പോള്‍ അയാളുടെ ജന്മമെടുക്കാനാകും. ലിയാത്തിന്‍റെ വാക്കുകള്‍ ഒന്നും തന്നെ അലീനയ്ക്ക് മനസ്സിലായില്ല. അവന്‍റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്ന അവളുടെ താണ്ടിയില്‍ കൈവച്ച്‌ ലിയാത്ത് പറഞ്ഞു...

"അമ്മെ... കുഞ്ഞുങ്ങളെ..., കുഞ്ഞുങ്ങളുടെ മേല്‍ മാത്രം അമ്മയുടെ ഒരു കണ്ണു വേണം. ഗബിലിന്‍റെ ചതിയിലെ അവസാനത്തെ അദ്ധ്യായത്തിലെ കഥാപാത്രങ്ങള്‍ എന്‍റെ കുഞ്ഞുങ്ങളാകരുത്. ഗബില്‍ അവിടെ വന്നതും... അത് അമ്മയറിഞ്ഞതും നിയ അറിയുക തന്നെ വേണം... അല്ലെങ്കില്‍ ചടഞ്ഞിരുന്ന് ചിന്തിച്ചു ചിന്തിച്ച് അവള്‍ ഒരു മാനസ്സിക രോഗിയാകും... എനിക്കറിയാം അവളെ... നന്നായി...!! ലിയാത്ത് പറഞ്ഞു നിര്‍ത്തുമ്പോള്‍ അലീന മെല്ലെ അവിടെ നിന്നും എഴുന്നേറ്റു. ലിയാത്ത് വീണ്ടും ജോലികളിലേയ്ക്ക് തിരിയുമ്പോള്‍ അലീന വീട്ടിലേയ്ക്ക് തിരിച്ചു.

വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അലീനയുടെ ചിന്ത ലിയാത്ത് പറഞ്ഞ അവസാന വാക്കിലായിരുന്നു. "എനിക്കറിയാം അവളെ... നന്നായി".... അവന്‍റെയീ വിശ്വാസം അതവള്‍ വഴി ഗബില്‍ മുതലെടുക്കുമോ? ചതിയുടെ പാഠങ്ങള്‍ അറിയാത്ത അവള്‍ കൂട്ടുനില്‍ക്കുന്നത് അച്ഛന്‍റെ ചതിയില്‍ സ്വന്തം ഭര്‍ത്താവിനെ കുരുതി കൊടുക്കാനാകുമോ..?? അലീന ഭ്രാന്ത്പിടിച്ച ചിന്തകളോടെയാണ് തോട്ടത്തിന്‍റെ പടി കടന്നു പോയത്.

അവള്‍ തോട്ടം വിട്ട് അകലേയ്ക്ക് മറയുമ്പോള്‍ ലിയാത്ത് വല്ലാതെ വികാരാധീനനായി. മാവിന്‍ ചുവട്ടില്‍ ഉണങ്ങിക്കിടന്നിരുന്ന മരച്ചില്ലകളില്‍ ഒന്നവന്‍ പാഞ്ഞു വന്നു കൈക്കലാക്കി. അതിശക്തമായ ക്രോധത്തോടെ അവനാ ചില്ല മരത്തിലേയ്ക്ക്‌ ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തില്‍ അത് പൊട്ടിച്ചിതറി അന്തരീക്ഷത്തില്‍ തെറിച്ചുയര്‍ന്നു. മാഞ്ചില്ലകളില്‍ ഉറക്കം തൂങ്ങിയിരുന്ന കുഞ്ഞിപ്പറവകള്‍ ചിറകടിച്ചു പറന്നുയര്‍ന്നു. ആ ശബ്ദത്തിനൊടുവിലെ നിശബ്ദതയില്‍ കുറച്ചു ദൂരെയായി പൊട്ടിച്ചിതറിയ മരചില്ലയുടെ കഷണങ്ങളില്‍ ഒന്ന്, കുടമുല്ലയുടെ ചില്ലയില്‍ തട്ടിത്തട്ടി വന്നു വീണു... ആ ചില്ലകളില്‍ വിരിഞ്ഞുനിന്ന കുടമുല്ലപ്പൂക്കളില്‍ ചിലത് കൊഴിഞ്ഞ് താഴെ വീണു. കൈയില്‍ ബാക്കിയായിരുന്ന മരചില്ലയുടെ കഷണം ഉണങ്ങിയ മുല്ലക്കമ്പുകള്‍ കൂടിയിട്ടുരുന്ന കുഴിയിലേയ്ക്കവന്‍ വലിച്ചെറിഞ്ഞു...തോളറ്റം വരെ വളര്‍ന്നിറങ്ങിയ അവന്‍റെ മുടിയിഴകളില്‍ ചിലത് പാറി അവന്‍റെ മുഖത്തേയ്ക്ക് വീണു.

(തുടരും)
ശ്രീ വര്‍ക്കല

2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 23

വൈഗരയുടെ തീരത്തു നിന്ന് തന്‍റെ രഹസ്യസങ്കേതത്തില്‍ എത്തുമ്പോഴും ഗബിലിന്‍റെ നെഞ്ചിടിപ്പ് മാറിയിരുന്നില്ല. അരുകില്‍ കണ്ട പഴകിയ ബഞ്ചില്‍ ഇരിക്കുമ്പോഴും അവന്‍റെ കാല്‍മുട്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. കൂടെയുണ്ടായിരുന്നവന് എന്തുപറ്റി എന്ന് പോലും അറിയാന്‍ കഴിയുന്നില്ല. ആരോടും ഈ വിഷയം പറയാനും കഴിയില്ല. കാരണം അയാള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ താനും അകത്താവും. അത് ഗബിലിന് നന്നായറിയാം.

പൊട്ടിപ്പൊളിഞ്ഞു നിലംപതിയ്ക്കാറായ അതിന്‍റെ മേല്‍ക്കൂരയിലെ പുല്ലുപാളിയ്ക്കിടയിലൂടെ പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങിയിരുന്നു. ഗബില്‍ ആകെ അസ്വസ്ഥനായി. അയാള്‍ ചിന്തിച്ചു. ഇനി കൂട്ടാളിയെക്കുറിച്ച് അന്വേഷിക്കണം എങ്കില്‍ തന്നെ രാത്രിയാകണം. അത് ശ്രമകരം തന്നെ. ആരു ജയിച്ചാലും തോറ്റാലും അവരിലൊരാള്‍ തീര്‍ച്ചയായും വൈഗരയുടെ ആഴങ്ങളില്‍ മറഞ്ഞിട്ടുണ്ടാവും. വര്‍ഷങ്ങളായി ഒരു പാട് നിഗൂഡതകള്‍ അവള്‍ സൂക്ഷിക്കുന്നുണ്ട്. വെളിച്ചം കാണാത്ത അവളുടെ ഇരുളറകളില്‍ മോചനമില്ലാത്ത ഒരു ആത്മാവായി മാറാന്‍ ആര്‍ക്കാണാവോ യോഗം. ഗബില്‍ ദീര്‍ഘനിശ്വാസം കൊണ്ടു.

നേര്‍ക്കുനേരെ ലിയാത്തിനോട് പൊരുതി ജയിക്കാന്‍ തനിക്കു കഴിയില്ല എന്ന് ഇതിനകം തന്നെ അയാള്‍ മനസ്സിലാക്കി. വൈഗരയുടെ ഇപ്പോഴത്തെ ഒഴുക്കില്‍ മരണമടഞ്ഞത് ആരാണെങ്കിലും ശരീരം കിട്ടില്ല എന്ന് ഗബിലിന് ഉറപ്പുണ്ട്. അടിച്ചുതളര്‍ത്തി വൈഗരയില്‍ വലിച്ചെറിഞ്ഞ ലിയാത്ത് എങ്ങിനെ തിരികെ വന്നു... ആലോചിക്കുംതോറും ഗബില്‍ വിറയ്ക്കാന്‍ തുടങ്ങി. എന്തായാലും ഗബില്‍ ഒന്നുറപ്പിച്ചു. എന്ത് തന്നെ വന്നാലും ലിയാത്ത് ഒരിക്കലും തന്നെ ഇങ്ങോട്ട് വന്നു അക്രമിക്കില്ല. അപ്പോള്‍ പിന്നെ ചതിക്കുക തന്നെ. എന്തുവില കൊടുത്തും. അതിനിനി ഒരേ ഒരു വഴിയെ ഉള്ളൂ... അയാള്‍ ക്രൂരമായ മനസ്സിനെ ചുണ്ടിന്‍റെ കോണുകളില്‍ വന്നൊരു ചിരിയോടെ നിയന്ത്രിച്ചു. അയാളുടെ ചുവന്ന കണ്ണുകളെ തടിച്ച പോളകളാല്‍ മെല്ലെ മറച്ചു... കണ്ണടച്ചിരുന്ന് മനസ്സില്‍ ചതിക്കുഴി ഒന്ന് മെനെഞ്ഞെടുത്തു.... എന്നിട്ട് ദീര്‍ഘനിശ്വാസത്തോടെ സ്വയം പറഞ്ഞു...

"അതെ അതുതന്നെ ശരിയായ മാര്‍ഗം..." അന്ന് പകല്‍ മായും വരെ ഗബില്‍ ശാന്തമായി ഉറങ്ങി.

കുടമുല്ലത്തോട്ടത്തില്‍ വീണ്ടും സുഗന്ധം വിരിഞ്ഞിറങ്ങാന്‍ സമയമായി. വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ തളിര്‍ത്ത്‌ ഇലകള്‍ ഉറച്ചതോടൊപ്പം തന്നെ പൂമൊട്ടുകളും തളിരിട്ടു തുടങ്ങി. പകലിലെ ജോലി കഴിഞ്ഞ് സന്ധ്യയില്‍ വീട്ടിലേയ്ക്ക് കയറുമ്പോള്‍ ലിയാത്ത് അലീനയോടായി പറഞ്ഞു.

"അമ്മെ മുല്ലപ്പൂക്കള്‍ വിരിയാറായി. ഇനിമുതല്‍ രാവില്‍ ആളുണ്ടാവണം. ഞാനിനി മുതല്‍ രാത്രിയില്‍ കാവലിരിക്കാം."

അലീനയ്ക്ക് അതിനോട് എതിര്‍ അഭിപ്രായം ഉണ്ടായിരുന്നില്ല. കാരണം ഇനി മുതല്‍ രാവിലാണ് മുഴുവന്‍ ജോലിയും. നനയ്ക്കുന്നതും പൂവ് ശേഖരിയ്ക്കുന്നതും ഒക്കെ രാവിലാണ്. അതുപോലെ പക്ഷികളും മനുഷ്യരും ഒക്കെ മുല്ലപ്പൂക്കള്‍ കട്ട് കൊണ്ടുപോകുന്നതും രാവിലാണ്. അപ്പോള്‍ ലിയാത്തിന്റെ സാന്നിധ്യം അവിടെയുണ്ടാവേണ്ടത് വളരെ പ്രധാനമാണ്.

"അത് തന്നെയാണ് ശരി മോനെ. " അലീന ലിയാത്തിനോട് പറഞ്ഞു.

അലീനയുടെ വാക്കുകള്‍ നിയയുടെ ഉള്ളില്‍ സന്തോഷം നിറച്ചില്ല. അവള്‍ ചിന്തിച്ചു. മുന്‍പൊരിക്കല്‍ ഒന്ന് രാവാകാന്‍ വേണ്ടി ഞാന്‍ കാത്തിരുന്നിട്ടുണ്ട്. എന്‍റെ ലിയാത്തിനെ ഒരു നോക്കു കാണാന്‍. അവന്‍റെ വയലിന്‍റെ നാദം ഒന്ന് കേള്‍ക്കാന്‍. ഇപ്പോള്‍ എപ്പോഴും അവന്‍ എന്‍റെ അരുകില്‍ ഉണ്ടായിരുന്നുവെങ്കില്‍!!! അവളുടെ മനസ്സ് അല്‍പസമയം ആ ചിന്തകളും പേറി എങ്ങോ യാത്രയായി. ലിയാത്തിനോട് സംസാരിക്കുമ്പോഴും അലീനയുടെ കണ്ണുകള്‍ നിയയില്‍ പരതുകയായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ ചിന്തകളും അതുമൂലമുണ്ടാകുന്ന അവളുടെ ഭാവപകര്‍ച്ചകളും അലീനയ്ക്ക് വളരെ പെട്ടെന്ന് മനസ്സിലായി. അലീന ലിയാത്തിനോടും നിയയോടും മാറിമാറി പറഞ്ഞു.

"മക്കളെ!! നിങ്ങളുടെ സന്തോഷം. അതാണ്‌ അമ്മയുടെയും സന്തോഷം. ദിയയും സഹസ്രയും രാവില്‍ വല്ലാതെ അമ്മയെ ശല്യപ്പെടുത്താറെയില്ല. അല്ലെങ്കില്‍ തന്നെ രണ്ടു കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാലൊന്നും ഇവള്‍ക്കില്ലല്ലോ..!! "

അതുകൊണ്ട് തന്നെ കരഞ്ഞുവെന്നാലും അവരെ കുപ്പിപ്പാല്‍ നല്‍കി, തട്ടി ഉറക്കുക എന്നത് അലീനയ്ക്ക് ഒരു കടുത്ത ബുദ്ധിമുട്ടേ ആയിരുന്നില്ല. ആ ആത്മവിശ്വാസത്തോടെ അലീന നിയയോടു പറഞ്ഞു.

"മോളു കൂടി പൊയ്ക്കോള്ളൂ... രാവില്‍!!! " കുട്ടികളെ ഞാന്‍ നോക്കിക്കൊള്ളാം..."

അലീനയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയയ്ക്ക് വല്ലാതെ സന്തോഷം തോന്നി. അതവള്‍ അപ്പോള്‍ തന്നെ അലീനയെ കെട്ടിപ്പിടിച്ചു കവിളില്‍ മുത്തം നല്‍കി പ്രകടിപ്പിക്കുകയും ചെയ്തു.

നേരം സന്ധ്യയായി. മുറ്റത്തെ ചില്ലകളില്‍ ഒന്നില്‍ രാക്കിളികള്‍ ചേക്കേറി കലപില തുടങ്ങി. വാതിലിന് മുന്നിലെ ചവിട്ടുപടിയില്‍ ലിയാത്ത് ഇരുന്നു. അവനരുകിലായി നിയയും... കുഞ്ഞുങ്ങളും അലീനയും വീടിനകത്തും. അലീന പോകാനുള്ള ഒരുക്കത്തിലാണ്. ഒന്നുറങ്ങി ഇടയ്ക്ക് തോട്ടത്തിലേയ്ക്ക് വരാന്‍ ലിയാത്തിനോട് പറഞ്ഞുകൊണ്ടവള്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് ഇറങ്ങി.

രാവിരുണ്ടിട്ടും ലിയാത്തിന് ഉറക്കം വന്നതേയില്ല. അരുകില്‍ കിടന്ന നിയയോട് അവന്‍ പറഞ്ഞു.

"നിയാ... നാളെ മുതല്‍ ഇനി ഞാനീ നേരം ഇവിടുണ്ടാവില്ല. അമ്മ ഇന്നിനി തിരികെ വരുമ്പോഴേയ്ക്കും ഞാന്‍ തോട്ടത്തിലേയ്ക്ക് പോകും. ഓര്‍മയുണ്ടല്ലോ... രാവ്.. ആരു വന്നാലും നീയീ വാതിലിന്‍റെ താഴെടുക്കരുത്. ആ കാണുന്ന ജാലകത്തിലൂടെ തോട്ടത്തിലേയ്ക്ക് നോക്കി വിളിച്ചാല്‍ മതി. ഞാനിവിടെ ഓടിയെത്താം. ലിയാത്തിന്റെ വാക്കുകള്‍ മൂളികേട്ടുകൊണ്ട് അവള്‍ ലിയാത്തിനോട് ചേര്‍ന്നു കിടന്നു. ലിയാത്ത് അവളെ തഴുകിക്കിടന്നു. നിയ ഉറക്കത്തിലേയ്ക്കു വഴുതി വീണു.

വൈഗരയുടെ തീരത്തപ്പോള്‍ ഗബില്‍ ഒച്ചയുണ്ടാക്കാതെ നടക്കുകയായിരുന്നു. ആരുടേയും കണ്ണില്‍പ്പെടാതെ ഒരു അന്വേഷണം. ദീര്‍ഘനേരത്തെ തിരച്ചില്‍ നടത്തിയെങ്കിലും അവിടെ നിന്ന് ഗബിലിന് ഒന്നും കിട്ടിയില്ല. ഒരു പിടിവലി നടന്ന ലക്ഷണം പോലും അയാള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല. നദിക്കരയില്‍ പടര്‍ന്നു നില്‍ക്കുന്ന വന്മരത്തിന്റെ ചുവടില്‍ ഗബില്‍ ഇരിപ്പുറപ്പിച്ചു. അവിടെയിരുന്നാല്‍ അലീനയുടെ വീട്ടുമുറ്റം അയാള്‍ക്ക്‌ നന്നായിക്കാണാം. വൈഗരയുടെ തീരത്തെ വെണ്ണ്‍മണല്‍ കൈകളില്‍ വാരി താഴേയ്ക്ക് ചൊരിച്ചുകൊണ്ട് ഗബില്‍ ചിന്തിച്ചു.

"ആരാകും അവസാനിചിട്ടുണ്ടാകുക. അതിനുശേഷം രണ്ടുപേരെയും കണ്ടിട്ടില്ല. നേരം വൈകുന്തോറും അയാള്‍ ആകെ അസ്വസ്ഥനായി. ഭൂവാകെ പാല്‍നിലാവ് വാരിയൊഴിച്ചു ഇന്ദു വാനിന്‍റെ മറുകരയിലേയ്ക്കു പ്രയാണം തുടങ്ങിയിരുന്നു. ഗബിലിന്‍റെ കണ്ണുകളില്‍ ഉറക്കം തഴുകിക്കൊണ്ടിരുന്നു. ഇടയില്‍ മുഖം കുനിച്ചയാള്‍ ഒന്ന് മയങ്ങി. പെട്ടെന്ന് കൂമന്‍റെ കാലുകളില്‍ അകപ്പെട്ടൊരു ചെറുകിളിയുടെ വേദനയുടെ സ്വരം അയാളുടെ കാതില്‍ വന്നണഞ്ഞു. ചെറുകാറ്റില്‍ തെങ്ങോലകള്‍ ആടുമ്പോള്‍ ഇടയ്ക്കിടെ നിലാവ് മാറിമാറി താഴെ വെണ്ണ്‍മണലില്‍ പതിയ്ക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അലീനയുടെ വീടിന്‍റെ വാതില്‍ തുറന്നു ലിയാത്ത് പുറത്തേയ്ക്ക് ഇറങ്ങിയത്‌. ജീവനോടെ ലിയാത്തിനെ കണ്ട ഗബിലിന് ശ്വാസം നിലയ്ക്കുംപോലെ തോന്നി. മുറ്റത്ത് നിന്ന ലിയാത്ത് വൈഗരയുടെ തീരത്തേയ്ക്ക് വെറുതെ ഒരു നോട്ടമെറിഞ്ഞു. ചാടിപ്പിടഞ്ഞെഴുന്നേറ്റ ഗബില്‍ പെട്ടെന്ന് മരത്തിന്‍റെ വശങ്ങളിലെ ഇരുളിലേയ്ക്ക് മറഞ്ഞുനിന്നു. അതോടെ കണ്ണുകളില്‍ പെട്ടെന്നൊരു രൂപം മിന്നിമറഞ്ഞത് പോലെ ലിയാത്തിന് തോന്നി. അവന്‍ വീടിന്‍റെ മുറ്റത്ത്‌ നിന്നു തിരിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. പായുന്ന ഒരു അശ്വത്തെപ്പോലെ നദിക്കരയിലേയ്ക്കവന്‍ പാഞ്ഞെത്തി. ഇതിനകം ഗബില്‍ സുരക്ഷിതമായ ഒരിടത്തെത്തി മറഞ്ഞിരുന്നു.

ലിയാത്ത് ഒരു ചെന്നായയെപ്പോല്‍ അവിടമാകെ തേടിനടന്നു. ഗബിലില്‍ ഒളിച്ചിരുന്ന സൈകതക്കാടിനരുകില്‍ ലിയാത്ത് വന്നു നിന്നു. സിംഹത്തിന്‍റെ പിടിയില്‍ പെട്ട് മൃതിയടയാറായ മാന്‍കിടാവിനെപ്പോലെ ഗബിലിന്‍റെ ശ്വാസം ഉയര്‍ന്നുപൊങ്ങി. ഗബില്‍ കൈകള്‍കൊണ്ട് വായപൊത്തിപ്പിടിച്ചു. ലിയാത്ത് ചുറ്റും നോക്കി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി തിരികെ അതെ വേഗത്തില്‍ പാഞ്ഞുപോയി. ഇടയ്ക്കിടയ്ക്ക് അവന്‍ ആരെയോ തേടുന്നത് പോലെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. ലിയാത്ത് അകലേയ്ക്ക് മറഞ്ഞത് നോക്കി ഗബില്‍ വായപൊത്തിപ്പിടിച്ചിരുന്ന കൈകള്‍ സ്വതത്രമാക്കി. ഇരുന്ന അതെ ഇരുപ്പില്‍ അയാള്‍ ശക്തിയായി ശ്വാസം എടുത്തു നിശ്വസിച്ചു.... അയാള്‍ കണ്ണുകള്‍ പൂട്ടി തലകുടഞ്ഞു. പിന്നെ മെല്ലെ നിലാവെളിച്ചത്തിലേയ്ക്ക് ഇറങ്ങി വന്നു. പിന്നെ മന്ദഗതിയില്‍ അലീനയുടെ വീട് ലക്ഷ്യമാക്കി നടന്നടുത്തു. വാതിനരുകില്‍ എത്തിയ ഗബില്‍ വളരെ ശബ്ദം താഴ്ത്തി വിളിച്ചു.

"നിയ... മോളെ നിയ... കതകു തുറക്കൂ ഇത് നിന്‍റെ അച്ഛനാണ്...!!!

ഉറക്കത്തിലായിരുന്ന നിയ പെട്ടെന്ന് കണ്ണു തുറന്നു. പെട്ടെന്നവള്‍ ഇരുളില്‍ കിടക്കയില്‍ പരതി. അവളുടെ അരുകില്‍ ലിയാത്ത് ഉണ്ടായിരുന്നില്ല. അവള്‍ ഒന്നുകൂടി ചെവികള്‍ കൂര്‍പ്പിച്ചു. അതെ അച്ഛനാണ്. അവളുടെ ഉള്ളം ഒന്ന് കിടുങ്ങി. "എന്തിനാണാവോ ഇന്നിനി ഈ പുറപ്പാട്..." ഇങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ അവള്‍ ഓര്‍ത്തു. ലിയാത്ത് പോകുമ്പോള്‍ പുറത്തു നിന്നും കതകു താഴിട്ട് താക്കോല്‍ മുന്നിലെ ജാലകത്തിലൂടെ അകത്തേയ്ക്കിട്ടിരിക്കും. അല്ലെങ്കില്‍ അച്ഛന്‍ തന്‍റെ വിളിക്ക് കാതോര്‍ക്കില്ല. നേരെ കതകു തുറന്നു അകത്തേയ്ക്ക് കയറി വന്നിട്ടുണ്ടാകുമായിരുന്നു. ചിന്തിച്ചുകൊണ്ടവള്‍ കിടക്കയില്‍ നിന്നു ചാടിയെഴുന്നേറ്റു. നിലത്തുകിടന്ന താക്കോല്‍ കൈയിലാക്കി അത് മാറിനോട് ചേര്‍ത്ത് പിടിച്ചുകൊണ്ടു നിയ ശ്വാസമടക്കിപ്പിടിച്ചു നിന്നു. അപ്പോഴേയ്ക്കു വീണ്ടും ഗബിലിന്റെ വിളി വന്നു.

"മോളെ!!! നീ വാതില്‍ തുറക്ക്. അച്ഛന്‍ ഉപദ്രവിക്കാന്‍ വന്നതല്ല. എന്‍റെ മോളാണെ സത്യം...." പറഞ്ഞുകൊണ്ടയാള്‍ വാതില്‍ തുറക്കുന്നതും കാത്ത് നിന്നു. നിയയുടെ അനക്കമൊന്നും കാണാതെ വീണ്ടും ഗബില്‍ പറഞ്ഞു.

"ഞാന്‍ സത്യമാ പറയുന്നത് മോളെ. ചെയ്തതെല്ലാം തെറ്റെന്ന് മനസ്സിലാക്കാന്‍ ഞാന്‍ കുറെ വൈകി. മോള് അച്ഛന് മാപ്പു തരണം... എന്‍റെ കുഞ്ഞുമക്കളാണെ സത്യം. ആരെങ്കിലും വരും മുന്‍പ് ഒന്ന് കതകു തുറക്കൂ മോളെ. എന്‍റെ മക്കളെ ഞാന്‍ ഒരു നോക്കു കണ്ടോട്ടെ...!! ഗബിലിന്റെ വാക്കുകള്‍ കരച്ചിലിന്‍റെ വക്കോളം എത്തിയെന്ന് നിയയ്ക്ക് തോന്നി. അവള്‍ വാതിലിനരുകില്‍ വന്നു നിന്നു. എന്നിട്ട് ചോദിച്ചു.

"അച്ഛനെ എനിക്ക് വിശ്വസിക്കാമല്ലോ അല്ലെ???... മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍... മോളുടെ ജീവിതമാണ് അച്ഛനത് അറിയാല്ലോ???

പ്രതീക്ഷിച്ച വാക്കുകള്‍ കേട്ടതോടെ ഗബില്‍ ഉത്സാഹത്തോടെ പറഞ്ഞു... "ഒരിക്കലും ഇനിയൊരു തെറ്റ് സംഭവിക്കില്ല മോളെ... ഇത് സത്യം... എന്‍റെ പൊന്നുമോളാണെ... എന്‍റെ പുന്നാരമക്കളാണെ സത്യം."

ഗബിലിന്‍റെ വാക്കുകളില്‍ വിശ്വസിച്ചു നിയ വാതില്‍ തുറന്നു. ദുഃഖിതനായി അതിലേറെ ക്ഷീണിതനായി കാണപ്പെട്ടു ഗബില്‍. അയാള്‍ പതിയെ വീടിനകത്തേയ്ക്ക് കയറി. പിന്നാലെ കതകു ചാരി നിയയും. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞുമക്കളുടെ അടുത്തു ചെന്ന് കുഞ്ഞുങ്ങളെ നോക്കിയശേഷം ഗബില്‍ തിരിഞ്ഞു നിയയോട് പറഞ്ഞു.

"നാള് രണ്ടായി മോളെ ഒത്തിരി ഭക്ഷണം കഴിച്ചിട്ട്...!!!

നിയ അയാളുടെ തളര്‍ന്ന കണ്ണുകളിലേയ്ക്ക് നോക്കി. അവള്‍ക്കു വല്ലാതെ വിഷമം തോന്നി. അടുക്കളയിലേയ്ക്ക് ക്ഷണിച്ചു അയാള്‍ക്ക് ആഹാരം കൊടുത്ത് അയാള്‍ ആര്‍ത്തിയോടെ കഴിയ്ക്കുന്നതും നോക്കി അവളരുകിലിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

2014 ഏപ്രിൽ 23, ബുധനാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 22

രാവുകള്‍ ദിനങ്ങള്‍ക്ക്‌ വഴിമാറിക്കൊണ്ടിരുന്നു. മുല്ലക്കൊടികളുടെ വെട്ടിയൊതുക്കിയ ശിഖരങ്ങള്‍ മെല്ലെ തളിരിടാന്‍ തുടങ്ങി. ഇപ്പോള്‍ പഴയത് പോലെ തോട്ടത്തില്‍ പണിയുണ്ടാവില്ല. അതിനാല്‍ തന്നെ രാവില്‍ അലീനയും, പകലില്‍ ലിയാത്തും തോട്ടത്തിലും വീട്ടിലുമായി കഴിച്ചുകൂട്ടും. അങ്ങിനെ ഇരിക്കെ ഒരു ദിവസം അലീനയ്ക്കൊപ്പം തോട്ടത്തില്‍ നടക്കുകയായിരുന്നു ലിയാത്തും നിയയും. ദിയയും സഹസ്രയും അച്ചമ്മയുടെയും അമ്മയുടെയും കൈകളിലാണ്. വെട്ടി ഒതുക്കിയ ശിഖരങ്ങള്‍ തോട്ടത്തിനരുകില്‍ ലിയാത്ത് തീര്‍ത്ത കുഴിയില്‍ ഉണങ്ങി തീയിടാന്‍ പാകത്തിലായി കിടപ്പുണ്ട്. അത് കണ്ടു അലീന ലിയാത്തിനോട് ചോദിച്ചു.

"ലിയാത്ത്.. എന്തേ മോനെ ഇതുവരെയും ഇതൊന്ന് കത്തിച്ചു കളയാന്‍ തോന്നിയില്ലേ നിനക്ക്..??

"വേണ്ടമ്മേ.. അതവിടെ കിടക്കട്ടെ. ഞാന്‍ പിന്നീടൊരിക്കല്‍ കത്തിച്ചുകൊള്ളാം..." അവന്‍ അവളുടെ ചോദ്യത്തിന് മറുപടി നല്‍കി.

അലീന ... "ശെരി നിന്‍റെ ഇഷ്ടം" എന്ന് മറുപടി പറയുകയും ചെയ്തു.

മഴക്കാലം കഴിഞ്ഞതോടെ വൈഗര നദി നിറഞ്ഞൊഴുകാന്‍ തുടങ്ങി. തോട്ടത്തിന് ചുറ്റിലും ഗബിലിന്‍റെയും അലീനയുടെയും വീടിനു ചുറ്റും പിന്നെ നദിക്കരയിലും ഒക്കെ ആളോളം ഉയരത്തില്‍ പൂച്ചെടികളും കുറ്റിചെടികളും ഒക്കെ തഴച്ചുവളരാന്‍ തുടങ്ങി. തോട്ടം ചുറ്റി നടന്ന് ഒടുവില്‍ അവര്‍ വീടിനു മുന്നില്‍ മുറ്റത്തായി എത്തി. വീടിനരുകിലെ പറമ്പിലേയ്ക്ക് നോക്കി അലീന പറഞ്ഞു..

"ഇതിനിടയില്‍ ഒരാള്‍ ഇരുന്നാല്‍ കൂടി നാം അറിയില്ല.... നേര്‍ക്കുനേര്‍ പാഞ്ഞടുക്കുന്നവനെ നമ്മുക്ക് നിയന്ത്രിക്കാം... പക്ഷെ, ഒളിച്ചിരുന്ന് ആക്രമിക്കുന്നവനെ നാം എങ്ങിനെ നേരിടും..." പറഞ്ഞുകൊണ്ട് അലീന അര്‍ത്ഥഗര്‍ഭമായി ചിരിച്ചു. അലീനയുടെ വാക്കുകള്‍ സത്യമുള്ളതാണെങ്കില്‍ കൂടി നിയയ്ക്ക് വല്ലാതെ സങ്കോചം തോന്നി.... അമ്മയുടെ വാക്കുകളില്‍ എന്തോ ഒരു ധ്വനി ഇല്ലേ??? അവള്‍ ചിന്തിച്ചു. ഉണ്ടായാല്‍ തന്നെ അങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തന്‍റെ അച്ഛന്‍ അങ്ങിനെയൊക്കെയല്ലേ ലിയാത്തിനോടും അമ്മയോടും പെരുമാറിയിട്ടുള്ളത്. അവള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു....

അമ്മയുടെ വാക്കുകള്‍ കേട്ട് പക്ഷെ ലിയാത്ത് ഒന്ന് ദീര്‍ഘനിശ്വാസം കൊള്ളുകമാത്രം ചെയ്തു. അരയില്‍ കരുതിയിരുന്ന വാക്കത്തിയുമായി അവന്‍ ചുറ്റിലെ പടര്‍പ്പിലേയ്ക്ക് നടന്നു കയറി. അപ്പോഴേയ്ക്കും അലീനയും നിയയും തോളില്‍ കിടന്നു ഉറക്കം പിടിച്ച കുട്ടികളെയും കൊണ്ട് വീടിനകത്തേയ്ക്കും. കുഞ്ഞുങ്ങളെ തൊട്ടിലില്‍ കിടത്തി അലീന അടുക്കളയിലേയ്ക്കും നിയ മുറ്റത്തേയ്ക്കും വന്നു. കുറ്റിച്ചെടികള്‍ വെട്ടിയൊടിക്കുകായിരുന്ന ലിയാത്തിനരുകിലായി അവള്‍ വന്നു നിന്നു. ലിയാത്ത് ജോലിയ്ക്കിടയില്‍ നിയയെ തിരിഞ്ഞു നോക്കി. അവളുടെ മുഖത്ത് വല്ലാതെ മ്ലാനത പടര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അവന്‍ വാക്കത്തി തറയിലേയ്ക്കിട്ട് അവള്‍ക്കരുകില്‍ വന്നു.

"എന്താ നിയാ... പെട്ടെന്ന് നിന്‍റെ മുഖം ഇത്രയും വാടിയത്...???

നിയ ലിയാത്തിന്‍റെ കണ്ണുകളില്‍ നോക്കി. എന്നിട്ട് മെല്ലെ പറഞ്ഞു. "അമ്മ പറഞ്ഞ വാക്കുകള്‍ കേട്ട് എനിക്ക് വല്ലാതെ വിഷമമായി."

"അമ്മ എന്തു പറഞ്ഞൂന്ന നീയീ പറയുന്നത്..?" അവന്‍ ചോദിച്ചു.

"ഞാന്‍ ആരുമില്ലാത്തവള്‍ എന്ന തോന്നലാണോ.. ലിയാത്ത് അമ്മയെക്കൊണ്ടത് പറയിച്ചത്..??? അവളുടെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു.

"എന്ത് പറഞ്ഞൂന്നാ നീ പറയുന്നത്... എന്നോടിങ്ങനെ അറ്റവും മുറിയും പറയാതെ നീയൊന്ന് തെളിച്ചു പറയൂ നിയാ..." ലിയാത്തിന് വല്ലാതെ അസ്വസ്ഥത തോന്നി. അതവന്‍ വാക്കുകളിലും മുഖഭാവത്തിലും അവളെ അറിയിക്കുകയും ചെയ്തു.

"ഒളിച്ചിരുന്ന് ആക്രമിക്കുന്നത്".. എന്ന് പറഞ്ഞത്.. അതെന്താ ലിയാത്ത് അമ്മ പറഞ്ഞത് കൊണ്ടാണോ ലിയാത്തത് പെട്ടെന്ന് മറക്കാന്‍ തുടങ്ങിയത്..?? എന്‍റെ അച്ഛന്‍ അങ്ങിനെ ചെയ്യുന്നതിന് ഞാനെന്തു പിഴച്ചു ലിയാത്ത്.? അതിനിങ്ങനെ അമ്മയ്ക്ക് മുള്ളുവച്ചൊരു സംസാരത്തിന്‍റെ ആവശ്യമുണ്ടോ?

അവളുടെ വാക്കുകള്‍ കേട്ട് ലിയാത്തിന് അസ്വസ്ഥത കൂടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.!! അവന്‍ ഒന്ന് ചിന്തിച്ചു. നിയയുടെ മുഖത്തെ പരിഭവം, അത് നിസ്സാരമായി തള്ളിക്കളയാവുന്നതല്ല. അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയം തന്നെയാണ്. കാരണം നിയയും അമ്മയും രണ്ടു ധ്രുവങ്ങളിലായാല്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിയും. വീട്ടില്‍ ശാന്തിയുണ്ടാവില്ല. അതവന് അറിയാം.. അതുകൊണ്ട് തന്നെ അവന്‍ അവള്‍ക്കരുകില്‍ എത്തി.. അവളെ ചേര്‍ത്ത് നിര്‍ത്തി.

"നിയാ... അങ്ങിനെ നീ കരുതുന്നതില്‍ തെറ്റില്ല. അങ്ങിനെ ഒരു സംസാരം അമ്മ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. എന്നാല്‍, സംഭവിച്ചു പോയി എന്നത് ദൗര്‍ഭാഗ്യം തന്നെ. ആ പ്രശ്നം ഞാന്‍ കൈകാര്യം ചെയ്യാം. നീ അമ്മയോട് അതേപറ്റി ചോദിച്ചാല്‍ അതൊരുപക്ഷേ അമ്മ ക്ഷമയോടെ കേട്ടുവെന്നു വരില്ല. സ്നേഹം മാത്രമുള്ള നമ്മുടെ ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് നാമെന്തിന് വെറുപ്പിനും വിദ്വേഷത്തിനും വഴിയൊരുക്കണം..?? അതുകൊണ്ട് ഞാന്‍ പറയുന്നത് ക്ഷമയോടെ നീ കേള്‍ക്കുക. അതുപോലെ അനുസരിക്കുക. ബാക്കിയെല്ലാം തല്‍ക്കാലം നീ എനിക്ക് വിട്ടുതാ...

"ഉം... അവള്‍ അവന്‍ പറയുന്നത് അതുപോലെ മൂളി കേട്ടു കൊണ്ട് അവന്‍റെ നെഞ്ചില്‍ തലചേര്‍ത്തു നിന്നു.

തല്‍ക്കാലം കാറടങ്ങിയ സന്തോഷത്തില്‍ ലിയാത്ത് സന്തോഷവാനായി. അവര്‍ അവിടെ നിന്നു വീട്ടിലെത്തുമ്പോഴേയ്ക്കും അലീന കുളികഴിഞ്ഞ് കുഞ്ഞുമക്കള്‍ക്കൊപ്പം നിലത്ത് കളിച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു. നിയയും ലിയാത്തും കുളിച്ചു വരുമ്പോഴേയ്ക്കും അലീന വീണ്ടും തോട്ടത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായി.

ഇരുള്‍ വീണ ചില്ലകളില്‍ നിലാവെളിച്ചം ഒളികണ്ണിട്ടു നോക്കി. ഇതേസമയം കുത്തിയൊഴുകുകയായിരുന്ന വൈഗരയുടെ ഓളങ്ങളെ കീറിമുറിച്ച് നീന്തികൊണ്ടൊരാള്‍, നീണ്ട ദിവസങ്ങള്‍ക്കൊടുവില്‍ വീണ്ടും ഷിനായിയിലെ മണ്‍തരികളില്‍ കാലെടുത്ത് വച്ചു. അയാളോടൊപ്പം ടൌണില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നൊരു ശിങ്കിടിയും ഉണ്ടായിരുന്നു. വൈഗരയുടെ തീരത്തു നിന്നു ഗബില്‍ അലീനയുടെ വീട്ടിലേയ്ക്ക് വിരലുചൂണ്ടി ലക്‌ഷ്യം കാട്ടിക്കൊടുക്കുണ്ടായിരുന്നു... പടര്‍ന്നു പന്തലിച്ച് വണ്ണം വച്ച് നിന്ന മരത്തിന്‍റെ മറപറ്റി അലീനയുടെ വീട്ടിലേയ്ക്ക് നോക്കി നിന്നിരുന്ന അവരുടെ കണ്ണുകള്‍ കുറുകിവന്നു. നനഞ്ഞുകുതിര്‍ന്ന അവരുടെ വസ്ത്രങ്ങളില്‍ നിന്നും അടര്‍ന്നുവീണുകൊണ്ടിരുന്ന വെള്ളത്തുള്ളികള്‍ വൈഗരയുടെ തീരത്തെ മണല്‍ത്തരികളെ നനച്ചുകൊണ്ടിരുന്നു. ഗബിലിനൊപ്പം വന്നവന്‍ തലക്കെട്ടിന് മുകളില്‍ നനയാതെ തിരുകിവച്ചിരുന്ന ബീഡിയെടുത്ത് കത്തിച്ചു. ഒന്ന് പുകയെടുത്തശേഷം ചുണ്ടിലിരുന്ന ബീഡി കടിച്ചുപിടിച്ച് കൊണ്ട് തടിച്ചുരുണ്ട കണ്ണുകളോടെ ഗബിലിനെ നോക്കി ചോദിച്ചു.

"ആദ്യം ആരെയാണ് നിനക്ക് തീര്‍ക്കേണ്ടത്...? അവനെയോ, അതോ അവളെയോ?

"അത് നീ തന്നെ തീരുമാനിക്കുക. അവര്‍ രണ്ടുപേരും എനിക്ക് ശത്രുക്കള്‍ തന്നെയാണ്. അവരുടെ നാശം അതിനപ്പുറം എനിക്ക് മറ്റൊരു ലക്ഷ്യമില്ല. പിന്നെ ഇക്കണ്ടതെല്ലാം എനിക്ക്... അകലങ്ങളില്‍ പടര്‍ന്നു പച്ചപിടിച്ചു നില്‍ക്കുന്ന മുല്ലത്തോട്ടത്തെ കൈവിരിച്ച് കാട്ടി ഗബില്‍ നിന്നു ചിരിച്ചു. ഗബിലിന്‍റെ ചിരിയുടെ ഒടുവില്‍ അവന്‍റെ തോള്‍ ചേര്‍ന്ന് നിന്ന് കൂട്ടുകാരനും ചിരിച്ചു. പെട്ടെന്ന് ഗബില്‍ ചിരി നിര്‍ത്തി. എന്നിട്ട് കൂടെ നിന്ന ശിങ്കിടിയോട് പറഞ്ഞു.

"ചിരിക്കുന്നതൊക്കെ കൊള്ളാം.... നീ നിനയ്ക്കുന്നത് പോലെ അത്ര നിസ്സാരമല്ല അവനെ കൊല്ലുന്നത്... അതും നേര്‍ക്കുനേര്‍.. അത് സാധ്യമേയല്ല. അത് ഞാന്‍ പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആ അനുഭവസാക്ഷ്യം എനിക്ക് മുതല്‍ക്കൂട്ടാണ്. വളരെ ശ്രദ്ധയോടെ വേണം നാം അവനരുകില്‍ എത്താന്‍..

ഗബിലിന്‍റെ വാക്കുകള്‍ കേട്ട് കൂടെയുള്ളവന്‍ അട്ടഹസ്സിച്ചു. എന്നിട്ട് ഗബിലിന്‍റെ മുന്നില്‍ ഉരുണ്ടുതടിച്ച അയാളുടെ കൈമടക്കി ഉയര്‍ന്നു നില്‍ക്കുന്ന മസ്സിലുകള്‍ കൈകൊണ്ടു തട്ടി... പറഞ്ഞു...

"എന്‍റെയീ കൈതടുക്കാന്‍ അവന് ആരോഗ്യം ഉണ്ടെങ്കില്‍ ഞാനൊന്നു കാണട്ടെ..!!! ഒരുപക്ഷെ, അവനെ കൊല്ലാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വൈഗര തിരിച്ചു നീന്താന്‍ നിന്നോടൊപ്പം ഞാനുണ്ടാവില്ല.... സത്യം...

ഇരുളിന്‍റെ ശക്തി കൂടിവന്നു. അതുവരെ വൈഗരയുടെ കരയില്‍ ഒളിച്ചിരുന്ന അവര്‍ അലീനയുടെ വീട് ലക്ഷ്യമാക്കി നടന്നു. വീടിന്‍റെ പിന്നാമ്പുറത്ത് എത്തിയ ഗബില്‍ നാലുപാടും തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയ ഗബില്‍ അടക്കിപ്പിടിച്ച സ്വരത്തില്‍ കൂട്ടുകാരനോട് പറഞ്ഞു......

"ഇതുതന്നെ പറ്റിയ അവസരം... ഇനി കൂടുതല്‍ അമാന്തിച്ചുകൂടാ... രാവില്‍ തോട്ടം കാക്കുന്നത് അവനാണ് ലിയാത്ത്... ഇപ്പോള്‍ ഇവിടെ അവന്‍റെ അമ്മയുണ്ടാവും. അവളെങ്കില്‍ അവള്‍..!! അവന്‍റെ ശക്തിയും അവളാണ്.. അത് തന്നെ നടക്കട്ടെ ആദ്യം. ശബ്ദം കേള്‍ക്കാതെ വളരെ പതിയെയാണ് അയാള്‍ നടന്നത്. ഗബില്‍ വീടിനു പിന്നില്‍ തന്നെ മറഞ്ഞിരുന്നു.

നനഞ്ഞ മണ്ണിലെ പതിഞ്ഞ കാല്‍പ്പെരുമാറ്റം കേട്ടു ലിയാത്ത് ഉറക്കത്തില്‍ നിന്ന് മെല്ലെ കണ്ണുകള്‍ തുറന്നു. നിയ അരുകില്‍ നല്ല ഉറക്കത്തിലാണ്. ലിയാത്ത് കിടക്കയില്‍ നിന്നു മെല്ലെ എഴുന്നേറ്റു. അരുകില്‍ കരുതിയിരുന്ന വാക്കത്തി അവന്‍ കൈയിലെടുത്തു. ഇരുളില്‍ അവന്‍റെ കൈയിലിരുന്നു അത് തിളങ്ങി. ശബ്ദമുണ്ടാക്കാത്ത പാദചലനങ്ങളുമായി അവന്‍ മെല്ലെ കതകിന്‍റെ താഴെടുത്തു. പുറത്ത് നിന്ന് വാതില്‍ മെല്ലെ ചാരി ലിയാത്ത് മുറ്റത്തേയ്ക്കിറങ്ങി. അവിടെങ്ങും ആരെയും കണ്ടില്ല അവന്‍... അവന്‍റെ ചിന്തകള്‍ തോട്ടത്തിലേയ്ക്ക് യാത്രയായി..

മുറ്റം വിട്ട് മുന്നിലേയ്ക്ക് നടന്ന ലിയാത്ത് പിന്നിലെ പാദപതനം കേട്ട് പെട്ടെന്ന് തിരിഞ്ഞു. അജാനബാഹുവായൊരാള്‍ അവന്‍റെ അരയ്ക്കു ചുറ്റും പിടിത്തമിട്ടു. അപ്പോഴേയ്ക്കും വീടിനു പുറകില്‍ നിന്നും ഗബില്‍ അവന്‍റെ നേരെ പാഞ്ഞടുത്തു. ലിയാത്തിന് തൊട്ടുമുന്നില്‍ എത്തിയ ഗബില്‍ പെട്ടെന്ന് ഉയര്‍ന്നു പൊങ്ങിയ ലിയാത്തിന്‍റെ അതിശക്തമായ ചവുട്ടില്‍ വളരെദൂരം തെറിച്ചുവീണു. മണലില്‍ വീണ ഗബില്‍ അടിവയര്‍ പൊത്തിപ്പിടിച്ച് മണ്ണിലൂടെ ഇഴയാന്‍ തുടങ്ങി. ലിയാത്ത് സര്‍വശക്തിയും എടുത്ത് അരക്കെട്ടില്‍ പിടിച്ചിരുന്നവനെ ദൂരേയ്ക്ക് കുടഞ്ഞെറിഞ്ഞു.

വീണ്ടും ലിയാത്ത് ഗബിലിന് നേരെ പാഞ്ഞടുക്കുമ്പോള്‍ ഗബില്‍ ഉരുണ്ടുപിടഞ്ഞെഴുന്നേറ്റു വൈഗരയുടെ തീരത്തേയ്ക്ക് ഓടി. ലിയാത്തിന്‍റെ കരങ്ങള്‍ ഗബിലിനെ പിടിക്കും എന്നുറപ്പായ മാത്രയില്‍ ഗബില്‍ വൈഗരയിലേയ്ക്ക് എടുത്തുചാടി. പുറകെ വന്ന ഗബിലിന്റെ കൂട്ടാളി കൈയില്‍ നിവര്‍ത്തിപ്പിടിച്ചിരുന്ന കത്തി ലിയാത്തിന്‍റെ വയറിനു നേരെ ചലിപ്പിച്ചത് വളരെ പെട്ടെന്നായിരുന്നു. കറങ്ങിമാറി ലിയാത്ത് കൈയിലെ വാക്കത്തി ആഞ്ഞുവീശിയതും ഒരുമിച്ചായിരുന്നു. കഴുത്തില്‍ വെട്ടേറ്റു അയാള്‍ വൈഗരയുടെ ഓളങ്ങളില്‍ തെറിച്ചു വീണു. അയാള്‍ക്ക്‌ ചുറ്റും വെള്ളം ചുവന്നുകലങ്ങി. അപ്പോഴേയ്ക്കും ഗബില്‍ നീന്തി വൈഗരയുടെ മറുകരയെത്തിയിരുന്നു. തിരിഞ്ഞു നോക്കാതെ ഗബില്‍ അവിടെ നിന്ന് ഓടിയകന്നു.

വെള്ളത്തിലേയ്ക്കിറങ്ങിയ ലിയാത്ത് ദൃഡമായ അവന്‍റെ പാദം കൊണ്ട് അയാളുടെ ശിരസ്സ്‌ വെള്ളത്തിലേയ്ക്ക് ചവുട്ടിത്താഴ്ത്തി. ആദ്യം ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ചുവന്ന കുമിളകള്‍ മെല്ലെ മെല്ലെ നിലച്ചു. മരിച്ചുവെന്ന് ഉറപ്പാക്കിയ ലിയാത്ത് അയാളുടെ ചോരവാര്‍ന്നൊഴുകുന്ന ശരീരം തോളിലെടുത്ത് കൂടുതല്‍ ആഴത്തിലേയ്ക്കിറങ്ങി. അവനോളം വെള്ളം നിറഞ്ഞ വൈഗരയുടെ ഓളങ്ങളില്‍ അവനാ ശരീരം വലിച്ചെറിഞ്ഞു. വൈഗരയില്‍ ഒരു നീന്തിക്കുളി കഴിഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ ലിയാത്ത് വീട്ടിലേയ്ക്ക് നടന്നു. ചാരിയിട്ടിരുന്ന കതകു മെല്ലെ തുറന്നു അവന്‍ അകത്തേയ്ക്ക് കയറുമ്പോഴും നിയയ്ക്കരുകില്‍ കിടക്കയിലേയ്ക്ക് ചേര്‍ന്ന് കിടക്കുമ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

2014 ഏപ്രിൽ 22, ചൊവ്വാഴ്ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 21

കാറ്റ് വന്നു തണുത്ത് അലിയാന്‍ തുടങ്ങിയ ഒരു മേഘത്തുണ്ടു പോലെ ലിയാത്തിന്‍റെ കരങ്ങള്‍ക്കുള്ളില്‍ നിന്ന് നിയ അലിഞ്ഞു. രാപ്പാടികള്‍ പാടിയുണര്‍ത്തിയ വല്ലികളില്‍ വണ്ടുകള്‍ ഓരോ പൂവ് തോറും അഴകിന്‍റെ ആനന്ദനൃത്തം ചവിട്ടി. ലിയാത്ത് നിയയെ കൈകളില്‍ കോരിയെടുത്ത് കിടക്കയിലേയ്ക്ക് നടന്നു. അവളുടെ കണ്ണഴകുകള്‍ അവന്‍റെ ചുംബനമേറ്റ് അടഞ്ഞുതുറന്നു. അരുകിലെ തൊട്ടിലുകളില്‍ ഒന്നില്‍ ദിയ ഒച്ചയില്ലാതെ ഒന്ന് തിരിഞ്ഞു.

"ദേ...!!! കുഞ്ഞ്..." അപ്പോള്‍ അവളുടെ മുഖത്തിന്‌ നേരെ താഴ്ത്തിയ ലിയാത്തിന്‍റെ മുഖം ഒരു കൈപ്പത്തി കൊണ്ട് തടഞ്ഞുകൊണ്ട് നിയ പറഞ്ഞു.

"ഉം..... ഒരു മൂളലോടെ ലിയാത്ത് അവളെ വീണ്ടും വീണ്ടും ചുംബിച്ചു. ഇപ്പോള്‍ പുറത്ത് പുല്ലുമേഞ്ഞ മേല്‍ക്കൂരയില്‍ മെല്ലെമെല്ലെ മഴ പൊഴിയാന്‍ തുടങ്ങി. ലിയാത്ത് നിയയുടെ മേനിയില്‍ മഴയുടെ താളത്തിനൊത്ത് സ്നേഹിക്കാന്‍ തുടങ്ങി. മഴപെയ്യുമ്പോള്‍ മുറ്റത്തിറങ്ങി കളിയ്ക്കാന്‍ വെമ്പല്‍ കൊള്ളുന്നൊരു കൊച്ചു കുഞ്ഞിനെ പോലെ ലിയാത്തിന്‍റെ കണ്ണുകളില്‍ നോക്കി അവള്‍ കിടന്നു. ഒടുവില്‍, മഴയുടെ സ്വരം കൂടിവരവേ...ഒരു മൂളലോടെ അതിലേറെ സ്നേഹത്തോടെ അവള്‍ അവനെ ചുറ്റിപ്പുണര്‍ന്നു. ഇണചേരുന്ന നാഗങ്ങളെപ്പോലെ അവര്‍ ഒത്തുചേര്‍ന്നു.

കുറേനേരം കിടക്കയില്‍ അങ്ങിനെ കിടക്കവേ... ലിയാത്ത് മെല്ലെ കണ്ണുകള്‍ അടച്ചു. അവന്‍റെ നിശ്വാസം അവള്‍ക്കിപ്പോള്‍ കേള്‍ക്കാം... അവള്‍ മെല്ലെത്തിരിഞ്ഞു ഒരു കൈകൊണ്ടു തലതാങ്ങി അവനെ നോക്കിക്കിടന്നു. അവന്‍റെ നെഞ്ചില്‍ അവള്‍ മെല്ലെ തലചായ്ച്ചു. അത് ഉയരുന്ന താളത്തിനൊത്ത് അവളുടെ ശിരസ്സും മെല്ലെ ഉയര്‍ന്നു പൊങ്ങി. രാവിനു കനം വച്ചു. അവന്‍റെ നെഞ്ചില്‍ തലചായ്ച്ച് അവളും ഉറക്കമായി.

സമയം മെല്ലെ ഇഴഞ്ഞുനീങ്ങവേ... ഉറക്കത്തില്‍ നിയ ഭയാനകമായൊരു സ്വപ്നം കാണുകയായിരുന്നു. ശരവേഗത്തില്‍ പായുന്നൊരശ്വം. ഗബിലിന്റെ തലങ്ങും വിലങ്ങുമുള്ള ചാട്ടവാര്‍ അടിയില്‍ ഭ്രാന്തമായ വേഗതയില്‍ അത് പായുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന പൂഴിമണ്‍ ചുഴിയ്ക്കിടയില്‍ മേലാകെ മണ്ണു പൊതിഞ്ഞൊരു രൂപം. കുതിരയുടെ വേഗത്തിനൊപ്പം ആ രൂപവും ഇഴയുകയാണ്. സ്വപ്നത്തിന്‍റെ ഭീകരത്തില്‍ അവളുടെ അടഞ്ഞ കണ്ണുകള്‍ക്കിടയില്‍ കൃഷ്ണമണികള്‍ വേഗത്തില്‍ ചലിച്ചുകൊണ്ടിരുന്നു. ഇഴയുന്ന ആ രൂപം കണ്ടവള്‍ ഉറക്കത്തില്‍ ഞെട്ടിവിറച്ചു. മേലാകെ ചോരപുരണ്ട് ഒരു സ്ത്രീ രൂപം.

"യ്യോ!!! അമ്മയല്ലേ അത്... വേഗത്തില്‍ അവള്‍ കണ്ണുകള്‍ വലിച്ചുതുറന്നു. ഒരേങ്ങലോടെ അവള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. അരുകിലപ്പോഴും ലിയാത്ത് ഗാഡമായ ഉറക്കത്തിലാണ്. ചിന്തകള്‍ ചൂടുപിടിച്ച്‌ അവ നീര്‍ത്തുള്ളികളായി അവളുടെ നെറ്റിയുടെ ഇരുവശവും ഒലിച്ചിറങ്ങാന്‍ തുടങ്ങി. നിയ മെല്ലെ കട്ടിലില്‍ നിന്നു താഴേയ്ക്കിറങ്ങി. കുഞ്ഞുങ്ങള്‍ നല്ല ഉറക്കത്തിലാണ്. അവള്‍ മെല്ലെ വന്നു കതകു തുറന്നു. വല്ലാത്ത അന്ധകാരം. പുറത്ത് നല്ല തണുപ്പും. ചാറ്റല്‍മഴയും. മഴ തോര്‍ന്നൊഴിഞ്ഞ മരച്ചില്ലകള്‍ മുറ്റത്തേയ്ക്ക് തലകുനിച്ചു നില്‍ക്കുന്നു. ചാറ്റല്‍മഴത്തുള്ളികള്‍ ഇടയ്ക്കിടെ വീഴുന്ന സ്വരം മാത്രം കേള്‍ക്കാം. വാതില്‍ക്കലെ പടിക്കെട്ടില്‍ നിന്നവള്‍ ചിന്തിച്ചു.

"ഇത്രയും മഴയും, തണുപ്പും ഒക്കെ ഉണ്ടായിട്ടും അമ്മ തോട്ടത്തില്‍ എന്തെടുക്കുവാ..??? ഇങ്ങു പോരാമായിരുന്നില്ലേ അമ്മയ്ക്ക്...!!! അവള്‍ മുറിയ്ക്കുള്ളിലേയ്ക്ക്‌ വീണ്ടും നോക്കി. ലിയാത്ത് നല്ല ഉറക്കത്തിലാണ്. അവള്‍ ചിന്തിച്ചു. "ഒന്ന് വിളിച്ചാലോ...? വേണ്ടന്നവളുടെ മനസ്സ് പറഞ്ഞു. അവള്‍ മെല്ലെ കതകു പുറത്തുനിന്നു ചാരി. തോട്ടത്തിലേയ്ക്ക് നടന്നു. ചെറു മിന്നല്‍പ്പിണരുകള്‍ അവള്‍ക്കു വഴികാട്ടിയായി. നിയ തോട്ടത്തില്‍ എത്തുമ്പോഴേയ്ക്കും മുല്ലത്തോട്ടത്തിലേയ്ക്ക് ചാഞ്ഞുകിടന്ന മാഞ്ചോലയ്ക്കടിയില്‍ പെയ്ത മഴയില്‍ നനഞ്ഞൊട്ടിയ വസ്ത്രങ്ങളില്‍ തന്നെ അലീന നില്‍പ്പുണ്ടായിരുന്നു.

നിയയെ കണ്ടവള്‍ ആശ്ചര്യം കൊണ്ടു.... അലീന ചോദിച്ചു.

"എന്തിനാ മോളെ ഈ രാവില്‍ നീ തനിച്ച്..??? വേണ്ടിയിരുന്നില്ല.

"മഴപെയ്തപ്പോള്‍ അമ്മയ്ക്കങ്ങോട്ട്‌ വരാരുന്നില്ലേ..?? എന്തിനാ അമ്മെ അത്രത്തോളം ജോലിയില്ലായിരുന്ന സമയം... അമ്മയിങ്ങനെ മഴ നനഞ്ഞ്... എനിക്കാകെ വിഷമം തോന്നുന്നു. ഇപ്പോള്‍ തോന്നുന്നു അമ്മയെ രാവില്‍ ഇവിടെയ്ക്ക് വിടേണ്ടിയിരുന്നില്ല എന്ന്..." അവള്‍ അത് പറയുമ്പോള്‍ അറിയാതെ അവളുടെ ശിരസ്സ്‌ കുനിഞ്ഞു.

"മോള്.. അങ്ങിനെയൊന്നും ചിന്തിക്കേണ്ട. കണ്ണടയുന്ന കാലം വരെ മറ്റുള്ളോര്‍ക്ക് ഒരു ഭാരമാകാതെ കഴിയണം. അതാണാഗ്രഹം. അതൊക്കെപ്പോട്ടെ... ലിയാത്ത് ഉറക്കമാണോ?

"അതെ അമ്മെ. നമ്മുക്ക് പെട്ടെന്ന് പോകണം. വാതില്‍ ഞാന്‍ പുറത്തുനിന്ന് ചാരിയിട്ടേ ഉള്ളൂ.... കുഞ്ഞുങ്ങളും നല്ല ഉറക്കത്തിലാണ്."

ഇത് കേട്ട ഉടനെ.. നിയയുടെ കൈപിടിച്ച് അലീന വീട്ടിലേയ്ക്ക് ഓടാന്‍ തുടങ്ങിയിരുന്നു. ഓട്ടത്തിനിടയില്‍ അലീന നിയയോടു പറയുന്നുണ്ടായിരുന്നു..

"നിനക്കറിയില്ലേ നിയാ... അതും ഉറക്കത്തില്‍ ലിയാത്ത് ഒറ്റയ്ക്ക് ആ വീട്ടില്‍..!! വാതില്‍ താഴുപോലുമിടാതെ. ആ ഗബിലെങ്ങാനും അതിനകത്ത് കയറിയാലുള്ള അവസ്ഥയെക്കുറിച്ച് നീ ചിന്തിച്ചുവോ?

പ്രായത്തിന്‍റെ പക്വതയില്ലായ്മ കൊണ്ടോ എന്നറിയില്ല. അമ്മയെക്കുറിച്ചുള്ള ചിന്തയ്ക്കിടയില്‍ അവളെന്തോ അതോര്‍ത്തില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ ഇപ്പോള്‍ അവളുടെ ചിന്ത ലിയാത്തിനെക്കുറിച്ചായി. അതോടെ വേവലാതി പൂണ്ടവള്‍ പരവശയായി. വീടിനടുത്തേയ്ക്ക് അവര്‍ ഓടിയടുക്കുമ്പോഴേയ്ക്കും നിയയുടെ വേഗം അലീനയുടെ വേഗത്തേക്കാളും കൂടി. അതുകൊണ്ടുതന്നെ ചാരിക്കിടന്ന വാതില്‍ തള്ളിതുറന്നവള്‍ ആദ്യം വീട്ടിലേയ്ക്ക് പ്രവേശിച്ചു. മങ്ങിക്കത്തുന്ന റാന്തല്‍ വെളിച്ചത്തില്‍ അവള്‍ കണ്ടു. കൈയില്‍ നിവര്‍ത്ത് പിടിച്ചൊരു തിളങ്ങുന്ന കത്തിയുമായി ഒരാള്‍ രൂപം ലിയാത്തിന്‍റെ കിടക്കയ്ക്ക് തൊട്ടരുകില്‍. നിയയയാളെ തിരിച്ചറിഞ്ഞ വേഗം. അത്രയേ വേണ്ടിവന്നുള്ളൂ. പൊടുന്നനെ ഗബില്‍ ഇരുട്ടുവീണ കട്ടിലിനടിയിലേയ്ക്ക് നുഴഞ്ഞുകയറി.

അപ്പോഴേയ്ക്കും അലീനയും വീട്ടിനുള്ളിലേയ്ക്ക് കടന്നു. ഉറങ്ങുന്ന ലിയാത്തിനെയും കുഞ്ഞുങ്ങളെയും കണ്ടവള്‍ ദീര്‍ഘമായി നിശ്വാസം കൊണ്ടു. പക്ഷെ, നിയയുടെ ഉള്ളം അസ്വസ്ഥതയുടെ കൊടുംചൂടില്‍ വെന്തുരുകാന്‍ തുടങ്ങി. അവള്‍ നിന്നു കിതച്ചു. വിയര്‍ത്തു... പരവശയായി അവള്‍ അരുകിലെ കസേരയിലേയ്ക്കിരുന്നു.

പെട്ടെന്നുള്ള നിയയുടെ മാറ്റം കണ്ട അലീന ആധിപൂണ്ടു. അവള്‍ക്കരുകിലെത്തിയ അലീന നിയയുടെ അതിശക്തിയായി ഉയര്‍ന്നു പൊങ്ങുന്ന മാറിടത്തില്‍ കൈയമര്‍ത്തി. അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചു.

"ഒന്നും പറ്റിയില്ലല്ലോ മോളെ... നീ ഇങ്ങനെ വേദനിക്കാതെ..... സമാധാനപ്പെട്...

അതോടെ നിയ പാതിമുറിഞ്ഞ വാക്കുകളില്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു. "ശ്വാസം മുട്ടുന്നു... അമ്മെ..!!! കുടിക്കാന്‍ ഒത്തിരി വെള്ളം...

നിയയെ വിട്ടു അലീന അടുക്കളയിലേയ്ക്ക് വെള്ളത്തിനായി ഓടുമ്പോള്‍ ശരവേഗത്തില്‍ ഗബില്‍ കട്ടിനടിയില്‍ നിന്നു പുറത്തേയ്ക്ക് പാഞ്ഞു. പാതി തുറന്നുകിടന്ന വാതിലിലൂടെ അയാള്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു.

പുറത്തെ മഴയുടെ വേഗം അപ്പോഴേയ്ക്കും കൂടിയിരുന്നു. ഭൂമി തണുത്തുറഞ്ഞു. അലീന വെള്ളവുമായി നിയയുടെ അരുകിലെത്തുമ്പോഴേയ്ക്കും അവള്‍ സമനില വീണ്ടെടുത്തിരുന്നു. എഴുന്നേറ്റ് അലീനയുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചവള്‍ ഒരു തേങ്ങലോടെ അവളെ കെട്ടിപ്പിടിച്ചു.

"ഒരു തെറ്റ് പറ്റിപ്പോയമ്മേ..!! പറ്റിപ്പോയി... ഇനിയിങ്ങനെയുണ്ടാവില്ല. നിയയുടെ തേങ്ങലിന്‍റെ താളം കര്‍ണ്ണങ്ങളില്‍ പതിച്ച ലിയാത്ത് കിടക്കയില്‍ നിന്നെഴുന്നേറ്റു.

"എന്താ അമ്മെ... എന്തുപറ്റി..?? ഞാന്‍ നന്നേ ഉറങ്ങിപ്പോയി... ഇങ്ങനെ ചോദിച്ചുകൊണ്ടവന്‍ അലീനയുടെ അരുകിലേയ്ക്ക് ചെന്നു.

"ഒന്നുമില്ല മോനെ. ഒന്നും പറ്റിയില്ല. നന്നായി മഴപെയ്തു. തോട്ടത്തില്‍ നില്‍ക്കാന്‍ കഴിയാതെ ഞാനിങ്ങട് പോന്നു. അത്രതന്നെ...

അലീനയുടെ വാക്കുകള്‍ കേട്ട് നിയ ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടു.

നിയയെ ഒന്ന് നോക്കി ലിയാത്ത് അമ്മയോട് പറഞ്ഞു. "എന്ത് പറ്റി അമ്മെ ഇവള്‍ക്ക്... ഇവളെന്താ വല്ലാതെ ഭയപ്പെട്ടപോലുണ്ടല്ലോ..???

"ഹേ!!! ഇല്ല ലിയാത്ത്.. ഇല്ല.. എനിക്കൊന്നും ഇല്ല.. ഞാന്‍ ഒന്നും കണ്ടില്ല... അവള്‍ പറഞ്ഞൊപ്പിച്ചു.

പുറത്ത് പെരുമഴയുടെ താളം.. അലീന തിമിര്‍ത്തുപെയ്യുന്ന മഴയിലേയ്ക്ക്‌ നോക്കി ലിയാത്തിനോട് പറഞ്ഞു.

"ഈയൊരു മഴ മതി മോനെ.. വൈഗര നിറഞ്ഞൊഴുകാന്‍... "

അലീന സ്വന്തം കിടക്കയിലേയ്ക്ക് പോകുമ്പോള്‍ ലിയാത്ത് നിയയെ ചേര്‍ത്തുപിടിച്ച് വാതില്‍ക്കലേയ്ക്കു പോയി. വാതില്‍പ്പടിയില്‍ ഇരുന്ന ലിയാത്തിനെ ചേര്‍ന്ന് നിയ ഇരുന്നു. അവളുടെ വലതുകരം ലിയാത്തിന്‍റെ ഇടതുകൈയിലൂടെ ഇട്ടവള്‍ അവനിലേയ്ക്കു ചേര്‍ന്നിരുന്നു. മഴയുടെ താളം ആസ്വദിച്ചവന്‍ അകലങ്ങളിലേയ്ക്ക് മിഴിപാറിച്ചു. അവനിലേയ്ക്കു ചേര്‍ന്ന് കിടന്നുകൊണ്ട് തന്നെ അവള്‍ അവനോടു ചോദിച്ചു.

"ലിയാത്ത്...!!! എപ്പോഴെങ്കിലും എന്നോട് വെറുപ്പ്‌ തോന്നിയിട്ടുണ്ടോ? അങ്ങ് ശത്രുവായി കരുതുന്ന ഗബിലിന്‍റെ മോളായത് കൊണ്ട്..???

"ഇല്ല... ഒരിക്കലും ഇല്ല നിയാ... അതുമല്ല നിന്‍റെ അച്ഛനോട് എനിക്കിപ്പോള്‍ ഒരു വിരോധവും ഇല്ല. ഞാനെല്ലാം അറിഞ്ഞുകൊണ്ട് മറക്കുകയാണ്. അല്ല മറന്നേ പറ്റൂ.. എന്‍റെ ഈ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി. നാളെ അവര്‍ വലുതാകുമ്പോള്‍ അവര്‍ക്ക് കേള്‍ക്കാന്‍ അവരുടെ അച്ഛന്‍റെ ദുര്‍മരണത്തിന്‍റെ കഥയുണ്ടാകരുത്." അവന്‍ അപ്പോഴും അകലങ്ങളിലേയ്ക്ക് നോക്കിയാണത് പറഞ്ഞത്...

ഒരു മൌനം അവര്‍ക്കിടയില്‍ ഉണ്ടായി. അതുടച്ചു കൊണ്ട് ലിയാത്ത് തന്നെ ചോദിച്ചു.

"നിനക്കാഗ്രഹം ഇല്ലേ നിയാ... നിന്‍റെ അച്ഛന്‍ ജീവിച്ചിരിക്കണം എന്ന്...?

"ഉം... അവള്‍ മൂളി..... അതിലുപരി എന്‍റെ ലിയാത്തിന് ഒന്നും പറ്റരുത്‌. മരണം ഒരുതരം വേദനയല്ലേ ലിയാത്ത്. അത് ശത്രുവിന്‍റെതാണെങ്കിലും മിത്രത്തിന്റെതാണെങ്കിലും..!!!

"ഉം... എത്ര ശെരിയാണ് നിയാ... നീ പറയുന്നത് എത്ര ശെരിയാണ്. നിന്‍റെ ചിന്തകള്‍ എത്ര സുന്ദരമാണ്. നീ എന്റേതായ അന്നുമുതല്‍ ഞാന്‍ നിന്‍റെ അച്ഛന്‍ എന്നോട് ചെയ്തതെല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. വീണ്ടും എന്നെ ഓര്‍മിപ്പിക്കാന്‍ നിന്‍റെ അച്ഛന്‍ ശ്രമിച്ചു. ഇപ്പോള്‍ എന്‍റെ പെണ്മക്കള്‍ക്കായി ഞാന്‍ ഇതും പൊറുക്കാന്‍ ശ്രമിക്കുന്നു...

"ഇല്ല നിയാ... എന്‍റെ കരങ്ങള്‍ക്കൊണ്ട് നിന്‍റെ അച്ഛന്‍ മരണപ്പെടുകയില്ല. അവളുടെ നേര്‍ത്ത കൈപ്പത്തി ഗ്രഹിച്ചുകൊണ്ടവന്‍ പറഞ്ഞു നിര്‍ത്തി."

പ്രതീക്ഷിക്കാതെ കിട്ടിയ ആ മഴയില്‍ ഭൂവ് തണുത്തപോലെ നിയയുടെ മനസ്സും ലിയാത്തിന്റെ വാക്കുകള്‍ കേട്ടു തണുത്തു. അവളെ ചേര്‍ത്തണച്ച് ഇതൊക്കെ പറയുമ്പോഴും.... മറുവശം അവന്‍റെ ചിന്തകള്‍ ഉയരത്തിലേയ്ക്ക് പറന്നു. ആ ചിന്തകളില്‍ ഗബില്‍ മാത്രമായിരുന്നു അവന്‍റെ ലക്‌ഷ്യം.....

സമാധാനമായി കണ്‍ പൂട്ടിയിരുന്ന നിയ അതറിഞ്ഞതേയില്ല.

(തുടരും)
ശ്രീ വര്‍ക്കല

2014 ഏപ്രിൽ 20, ഞായറാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 20

കുടമുല്ലത്തോട്ടത്തില്‍ ഇത് പഞ്ഞകാലം. പൊതുവേ ആണ്ടറുതിയില്‍ വല്ലാതെ അസ്വസ്ഥനാകാറുള്ള ലിയാത്ത്, പക്ഷെ ഇത്തവണ സന്തോഷത്തില്‍ ആണ്.. അതിനു കാരണം ആ കുഞ്ഞിക്കുരുന്നുകള്‍ തന്നെ. നിയ കുട്ടികളെ അലീനയ്ക്കായി കൊടുത്തിരിക്കുകയാണ്. ദിയയ്ക്കും സഹസ്രയ്ക്കും അങ്ങിനെ തന്നെയാണ്. നിയയെക്കാളും സ്നേഹം അച്ഛമ്മയോട്‌ തന്നെ.

രാവുകളില്‍ ലിയാത്ത് മുല്ലച്ചെടികളുടെ ശിഖരങ്ങള്‍ മുറിച്ച് കുഴിയിലേയ്ക്ക് നിറച്ചുകൊണ്ടിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ ചെടികളുടെ ശിഖരങ്ങളും അവന്‍ മുറിച്ചു മാറ്റി. പിന്നെ ചുവട് നനയ്ക്കുക മാത്രമായിരുന്നു പ്രധാനജോലി. ലിയാത്ത് രാവില്‍ തോട്ടത്തില്‍ പോകുമ്പോള്‍ നിയ ഒറ്റയ്ക്കാകും. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അലീനയ്ക്ക് വല്ലാതെ വിഷമം തോന്നി. എങ്ങിനെയാ ലിയാത്തും നിയയും ഒന്ന് സ്നേഹിക്കുന്നത്..? അവള്‍ ചിന്തിച്ചു. അതിനു ഒരു വഴിയേ ഉള്ളൂ.. ഇനിമുതല്‍ ഇരവില്‍ ഞാന്‍ പോവുക തന്നെ. അലീന മനസ്സില്‍ തോന്നിയത് മറച്ചു വയ്ക്കാതെ ലിയാത്തിനോട് പറഞ്ഞു.

"ലിയാത്ത്... മോനെ ഇനി മുതല്‍ രാവില്‍ തോട്ടത്തില്‍ അമ്മ പോകാം. മോന്‍ രാവില്‍ ഇവള്‍ക്ക് കൂട്ടായി, ഈ കുട്ടികളോടൊപ്പം സന്തോഷമായി കഴിയണം."

"അതെങ്ങിനെ ശരിയാകാനാ അമ്മെ.....?? " രാവില്‍ അമ്മ ഒറ്റയ്ക്കോ...? അത് സാധ്യമല്ല. ലിയാത്ത് ഉറപ്പിച്ചുപറഞ്ഞു.

"സാധ്യമാകണം. അങ്ങിനെയാണ് വേണ്ടത്. നിങ്ങള്‍ സ്നേഹിച്ചു ജീവിക്കുന്നത് കാണാനാണ് അമ്മയ്ക്കിഷ്ടം."

പക്ഷെ, അമ്മയുടെ വാക്കുകള്‍ നിയയെ വല്ലാതെ സന്തോഷപ്പെടുത്തി. അതവളുടെ മുഖത്ത് പ്രകടമായിരുന്നു. അവള്‍ ചിന്തിച്ചു. "കള്ളനെപ്പോലെയാ ഇപ്പോള്‍ ലിയാത്ത് എന്നരുകില്‍ വരാറ്. വന്നാല്‍ തന്നെ അമ്മയുണ്ടാകും, കുട്ടികള്‍ ഉണ്ടാകും. ഇതിപ്പോള്‍ ആരുമില്ല. ഞാനും എന്‍റെ ലിയാത്തും മാത്രം.. അവള്‍ക്കു ഓര്‍ക്കുന്തോറും ശരീരം ഒന്നാകെ കുളിര് കോരുന്നത് പോലെ തോന്നി. സ്ഥലകാലം മറന്നവള്‍ പെട്ടെന്ന് പറഞ്ഞു.

"അതെ ലിയാത്ത്, അമ്മ പറയുന്നതാണ് ശരി."

അലീന ലിയാത്തിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"മോനെ ഞാനുമൊരു പെണ്ണാണ്... ഒരു പെണ്ണിന്‍റെ മനസ്സ് എനിക്കറിയാം.." അലീനയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ലിയാത്തിന് അത് സമ്മതിക്കേണ്ടി വന്നു.

രാവില്‍ അലീന മുല്ലത്തോട്ടത്തില്‍ പോകുമ്പോള്‍ ലിയാത്തും നിയയും കുഞ്ഞുങ്ങളും മാത്രമായി. ഇരുട്ട് വീണു വഴികള്‍ മറയുമ്പോള്‍ ലിയാത്ത് ആകെ അസ്വസ്ഥനായി. നിയയോട് പറഞ്ഞ് റാന്തല്‍ വിളക്കുമായി അവന്‍ പുറത്തേയ്ക്കിറങ്ങി. അമ്മ ആദ്യമായ് ഇരവില്‍ ഒറ്റയ്ക്ക്. അവനാകെ വിഷമവും തോന്നി. തോട്ടത്തിലേയ്ക്ക് നടക്കുമ്പോള്‍ അവന്‍ ഇങ്ങനെയൊന്നും വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചു....

നടന്നവന്‍ കുടമുല്ലത്തോട്ടത്തില്‍ എത്തുമ്പോള്‍ അലീന ചെടികള്‍ നനയ്ക്കുകയായിരുന്നു. ലിയാത്തിനെ കണ്ട മാത്രയില്‍ അലീന അവനെ ശകാരിച്ചു.

"എന്താ മോനെ ഇത്? രാവില്‍ ആ കുട്ടികളെയും അവളെയും തനിച്ചാക്കി നീ വരേണ്ടിയിരുന്നില്ല. ഞാന്‍ പറയാതെ തന്നെ കാര്യങ്ങള്‍ നിനക്ക് ഗ്രഹിക്കാനുള്ള കഴിവുണ്ട്. നമ്മുക്ക് ചുറ്റും ഒരു ശത്രുവുണ്ട്. അത് മറന്നൊരു ജീവിതം. വേണ്ട മോനെ വേണ്ട. അമ്മ ഈ കുടമുല്ലച്ചെടി പോലെയാണ്..... !! ഒന്ന് നിര്‍ത്തി അവള്‍ തണ്ടു തളിര്‍ത്ത ചെടിയില്‍ ഒന്നില്‍ മെല്ലെ തലോടി... മക്കളുടെ സന്തോഷം അത് മാത്രമാണ് അമ്മയുടെ സന്തോഷം..." പറയുമ്പോള്‍ അലീനയുടെ കണ്ണില്‍ നനവ്‌ പടര്‍ന്നു.

ഇതേ സമയം അലീനയുടെ വീടും, അവരുടെ നീക്കങ്ങളും നിരന്തരം ഒളിഞ്ഞിരുന്ന്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഗബില്‍ ആ മുറ്റത്തെത്തി. അയാള്‍ കതകില്‍ തെരുതെരെ മുട്ടി. കുഞ്ഞുങ്ങളെ രണ്ടു തൊട്ടിലിലായി ഉറക്കുകയായിരുന്ന നിയ കതകില്‍ മുട്ടുന്ന സ്വരം കേട്ടു ചിന്തിച്ചു.

"ങ്ങേ!! ഇത്ര പെട്ടെന്ന് ലിയാത്ത് തിരിച്ചെത്തിയോ? അവള്‍ ചെന്ന് കതകു തുറന്നു. മുന്നില്‍ നില്‍ക്കുന്ന ഗബിലിനെ കണ്ടവള്‍ വല്ലാതെ പരിഭ്രമിച്ചു. അയാളുടെ വസ്ത്രങ്ങളില്‍ അഴുക്കു പുരണ്ടിരുന്നു. ചിരിക്കുമ്പോള്‍ പല്ലുകള്‍ ചെമ്മണ്‍ നിറം കാട്ടി നിരന്നു നിന്നു. അവളോട്‌ ഒന്നും ചോദിക്കാന്‍ നില്‍ക്കാതെ അയാള്‍ അകത്തേയ്ക്ക് കയറി. അവള്‍ ഒരു നിമിഷത്തെ ഭയപ്പാടില്‍ നിശ്ചലം നിന്നു. കുഞ്ഞുങ്ങളുടെ തൊട്ടിലിനരുകില്‍ ചെന്ന അയാളുടെ അടുത്തു പെട്ടെന്നവള്‍ ഓടി ചെന്നു. ഒരു നിമിഷം കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്ത നിയ ചിന്തിച്ചു. അത് വാക്കുകളായി പുറത്തേയ്ക്ക് വീണു.

"അച്ഛാ... അച്ഛനിത് എന്ത് ഭാവിച്ചാ.....?? തോട്ടം വിട്ട് ഇവിടേം ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കില്ല എന്നാണോ?

അവളുടെ പരുഷമായ ചോദ്യം കേട്ട ഗബില്‍ കുഞ്ഞുങ്ങളെ വിട്ട് അവളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് സ്വരം താഴ്ത്തിപ്പറഞ്ഞു.

"എനിക്ക് വേണം അവനെ....? മനസ്സില്‍ മായാതെ കിടക്കുകാ അവന്‍റെ ചിത്രം. അവനെന്‍റെ കാലനാ....!!

ഇത് കേട്ടതും നിയയുടെ ഭാവം മാറി. അവള്‍ ഗബിലിനോട് തുറന്നടിച്ചു.

"ശേ... കാലനാണ് പോലും. നിങ്ങള്‍ക്ക് നാണമില്ലേ വീണ്ടും വീണ്ടും ഇത് തന്നെ പറയാന്‍..!!! നിങ്ങളെ പോലൊരു ബുദ്ധിഭ്രമം ബാധിച്ചവനെ അച്ഛനായി കിട്ടിയ ഞാനിന്ന് ലജ്ജിക്കുന്നു. ലിയാത്ത് നിങ്ങളുടെ അന്തകനായിരുന്നുവെങ്കില്‍ അതെന്നെ സംഭവിച്ചേനെ. മരണം മാടി വിളിക്കുന്ന ഈ സമയത്തും നിങ്ങള്‍ക്കിങ്ങനെ മറ്റൊരാളില്‍ അതിനെ പഴിചാരാന്‍ മനസ്സ് വരുന്നല്ലോ? ലിയാത്ത് എന്‍റെ സ്വര്‍ഗമാണ്. അതുപോലെ ഇന്നീ വീടും എന്‍റെ സ്വര്‍ഗമാണ്. ഇവിടെ സ്നേഹം ഞാനറിയുന്നു. എന്‍റെ കുഞ്ഞുങ്ങളും. നിങ്ങളിപ്പോള്‍ എന്‍റെ മനസ്സിലേയില്ല. അവള്‍ ചിറികോട്ടുമ്പോള്‍ ഗബില്‍ ശക്തിയായി ചിരിച്ചു.

"നിനക്കറിയില്ല പഴയതൊന്നും. അവന്‍റെ അമ്മ ലയാന ആദ്യം എന്നെ വഞ്ചിച്ചു. അവള്‍ക്കിഷ്ടമുള്ള ഒരുവനെ തേടി അവളിറങ്ങി. അത് വെറും ഒരു കുടമുല്ലത്തോട്ട കാവല്‍ക്കാരന്‍റെകൂടെ. സ്വന്തം സഹോദരിയ്ക്ക് അങ്ങിനെ ഒരുവനെ ഭര്‍ത്താവായി കാണാന്‍ കഴിയാത്ത എനിക്ക് സ്വന്തം മോളും ആ വഴിയ്ക്ക് നീങ്ങുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ, അത് നിനക്കറിയില്ല. അതിനു നീ ഇനിയും വര്‍ഷങ്ങള്‍ ജീവിക്കണം. നിന്‍റെ കുഞ്ഞുങ്ങള്‍ നിന്നോടിതു ചെയ്യണം...

അയാള്‍ തുടര്‍ന്നു.

"അന്നും ഞാന്‍ ലയാനയോട് പലവുരു പറഞ്ഞു. വേണ്ട... നമ്മുക്ക് വേണ്ടാന്ന്. അന്നവള്‍ കേട്ടില്ല. ഇതുപോലെ... ഇന്ന് നീ പറയുന്നത് പോലെ. ഒടുവില്‍, എന്‍റെ കൈകള്‍ തന്നെ വേണ്ടി വന്നു. അവളുടെ കാവല്‍ക്കാരന്‍ വൈഗരയില്‍ എന്‍റെ കൈകൊണ്ട് മുങ്ങിത്താഴുമ്പോള്‍.. ഞാന്‍ ജയിച്ചു. വിചാരിക്കുന്നത് ഞാന്‍ നേടിയെടുക്കും. ഇവള്‍... നിന്‍റെ ഇപ്പോഴത്തെ അമ്മ അലീന അവളാണ് ഇവനെ രക്ഷപ്പെടുത്തിയത്. വിട്ടുകൊടുക്കില്ല ഞാന്‍. അയാള്‍ നിയയുടെ മുന്നില്‍ നിന്നു വിറച്ചു.

ഇതേ സമയം ലിയാത്ത് മുല്ലത്തോട്ടത്തില്‍ നിന്നും തിരികെ എത്തി. അകത്തെ സംസാരം കേട്ട അവന്‍ പുറത്തെ ചുമരിനു സമീപം ഒളിച്ചു നിന്നു.

നിയ വിഷമത്തോടെ ഗബിലിനോട് പറഞ്ഞു.
"നിങ്ങളോട് എതിര്‍ക്കാന്‍ ഞാനാളല്ല. പക്ഷെ, എനിക്ക് ജീവിക്കണം. എന്‍റെ ലിയാത്തിനൊപ്പം. ലിയാത്തില്ലാതെ ഒരു നിമിഷം ഞാന്‍ ജീവിക്കില്ല. എന്‍റെ ലിയാത്തിനു എന്തെങ്കിലും ഇനി സംഭവിച്ചാല്‍.. ആ നിമിഷം നിങ്ങളുടെ കണ്മുന്നില്‍ ഒരുപിടി ചാരമായി ഞാന്‍ നിലംപതിക്കും.

"ഹ ഹ ഹ ഹ..." ഗബില്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"മോളെ നീ എന്ത് വിഡ്ഢിത്തമാണ് ഈ പറയുന്നത്. ചിന്തിക്ക്.. നല്ല വണ്ണം ചിന്തിക്ക്... നീയൊരു മകളാണോ? സ്വന്തം അച്ഛനെ ശത്രുവായി കരുതുന്നവന്‍റെ കൂടെ നിനക്കെങ്ങിനെ ജീവിക്കാന്‍ കഴിയുന്നു. അവനെ ഉപേക്ഷിച്ച് നീ വാ.. ഈ കുട്ടികളെയും നമ്മുക്ക് വേണ്ടാ.... അച്ഛന്‍ ഇതിലും നല്ലൊരു ബന്ധം നിനക്കായി കണ്ടിട്ടുണ്ട്.

"നിയയുടെ സമനില തെറ്റുന്നത് പോലെ തോന്നി. അവള്‍ പാഞ്ഞുചെന്നു മുറിയുടെ മൂലയില്‍ കരുതിയിരുന്ന, മുല്ലച്ചെടികള്‍ വെട്ടാന്‍ ഉപയോഗിക്കുന്ന വെട്ടുകത്തി വലിച്ചെടുത്തു. അതുമായി ഗബിലിന് നേരെയവള്‍ പാഞ്ഞടുത്തു. പക്ഷെ, നിസ്സാരമായി അയാള്‍ നിയയുടെ കത്തിയേന്തിയ കൈയില്‍ പിടിച്ചു. എന്നിട്ട് മുന്നില്‍ നില്‍ക്കുന്നത് കാല്‍ച്ചുവട്ടിലെ കുഞ്ഞുറുമ്പിനെ പോലെ നിസ്സാരമായി കണ്ട് അവളോട്‌ പറഞ്ഞു.

"അടങ്ങടീ.... അടങ്ങ്‌. നിനക്കിത്രയും ഹുങ്ക് എങ്ങിനെ വന്നെന്ന് എനിക്കറിയാം. നീ ഒന്നോര്‍ത്തോ ഇന്നല്ലെങ്കില്‍ നാളെ അവനെ ഞാന്‍ യമപുരിയിലയയ്ക്കും..... അതിനു സാക്ഷിയാകാന്‍ നീ ഒരുങ്ങിയിരുന്നോ.... പറഞ്ഞുകൊണ്ട് ഗബില്‍ അവളുടെ കൈ ശക്തിയോടെ പിടിച്ചു തിരിച്ചു. അവളുടെ കൈയിലെ കത്തി നിലത്ത് വീണു. അത് വീണ സ്വരം കേട്ടു കുഞ്ഞുങ്ങള്‍ ഞെട്ടിയുണര്‍ന്നു. കൊടുങ്കാറ്റുപോലെ ഗബില്‍ വാതില്‍ തുറന്നു പുറത്തേയ്ക്ക് പോയി. നിയ തലമുടി പിടിച്ചു വലിച്ചു കരഞ്ഞുകൊണ്ട് നിലത്തേയ്ക്കിരുന്നു. അവളുടെ മുഖമാകെ തലമുടി ചിതറിവീണു.

ലിയാത്ത് അപ്പോള്‍ അകത്തേയ്ക്ക് കടന്നു, അവന്‍റെ പാദപതനസ്വരം കേട്ടവള്‍ തലതിരിച്ചു നോക്കി. മുന്നില്‍ ലിയാത്തിനെ കണ്ടവള്‍ ചാടിയെഴുന്നേറ്റു. ഭയമോടെ അവന്‍റെ മിഴികളില്‍ നോക്കി നിയ നില്‍ക്കവേ ലിയാത്ത് അവളുടെ അരുകിലെത്തി അവളുടെ കരം ഗ്രഹിച്ചു. കരഞ്ഞുകൊണ്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ലിയാത്തിന്‍റെ ഹൃദയമിടിപ്പിന് യാതൊരു മാറ്റവും ഉണ്ടായില്ല. നിയ മെല്ലെ ഉയര്‍ന്നു അവന്‍റെ കണ്ണുകളെ നോക്കിപ്പറഞ്ഞു.

"ഞാനൊന്നും അറിഞ്ഞില്ല.... ഇവിടെ കയറി വരുകയായിരുന്നു.... "

അവളുടെ പുറത്ത് മെല്ലെ തഴുകിക്കൊണ്ട് ലിയാത്ത് പറഞ്ഞു.

"ഞാനെല്ലാം കേട്ടു നിയ. ഞാനെല്ലാം കേട്ടു. ഞാനും കാത്തിരിക്കുകയാണ് നിന്‍റെ അച്ഛനെ. പക്ഷെ, അതിവിടെ വച്ച് വേണ്ട. അവനായി ഞാനൊരിടം ഒരുക്കിയിട്ടുണ്ട്. അവിടെ വരും അവന്‍. വന്നില്ലങ്കില്‍ അവനെ ഞാന്‍ അവിടെ കൊണ്ടുവരും... ഇരുട്ടിന്‍റെ മറവിലല്ലാതെ നേര്‍ക്ക്‌ നേര്‍ വരട്ടെ അവന്‍ എന്‍റെ മുന്നില്‍...!!!

നിയയുടെ നോട്ടം ലിയാത്തിന്‍റെ കണ്ണുകളില്‍ പതിച്ചു. ആ നോട്ടത്തില്‍ അവള്‍ അവന്‍റെ കണ്ണുകള്‍ക്കുള്ളില്‍ കൃഷ്ണമണികള്‍ കുറുകിയിരിക്കുന്നത് കണ്ടു. അവളെ തഴുകിയിരുന്ന അവന്‍റെ കരങ്ങള്‍ക്ക് അത് പറയുമ്പോള്‍ വല്ലാതെ ശക്തി കൂടിയപോലെ... അവള്‍ക്കു തലചുറ്റുന്ന പോലെ തോന്നി. പ്രപഞ്ചം മുഴുവന്‍ നിന്നു കറങ്ങി. തലകുടഞ്ഞവള്‍ ഒന്ന് കൂടി ലിയാത്തിലേയ്ക്ക് മിഴികള്‍ പായിച്ചു. ലിയാത്ത് അവളെ ചേര്‍ത്തുപിടിച്ചു. നിയ കണ്ണുകള്‍ മെല്ലെയടച്ചു.....

നടുക്കടലില്‍ തോണിക്കാരനെ നഷ്ടമായൊരു തോണിപോലെ അലകളില്‍ അവള്‍ നിന്നാടി. ചിന്തകള്‍ അവളെ ശ്വാസം മുട്ടിച്ചു.

"ഭര്‍ത്താവോ..? അച്ഛനോ? ആരെ ഏല്‍ക്കണം. ആരെ തള്ളണം. അവള്‍ക്കു സംശയമേയില്ല.... എന്‍റെ ലിയാത്തിനെ വേണം എനിക്ക് എന്നും... അവള്‍ ലിയാത്തിനെ ചുറ്റിപ്പിടിച്ചിരുന്ന കൈകള്‍ ഒന്നുകൂടി മുറുക്കി. അതോടെ ലിയാത്ത് അവളെ ഗാഡമായി പുണര്‍ന്നു. അവന്‍റെ ചുംബനത്തില്‍ നിയ ഒരേങ്ങലോടെ മുകളിലേയ്ക്കുയര്‍ന്നു. തള്ളവിരലുകളില്‍ നിലയുറപ്പിച്ചവള്‍ ലിയാത്തിന്‍റെ അധരങ്ങളില്‍ അവള്‍ അമര്‍ത്തിച്ചുംമ്പിച്ചു.....

(തുടരും)
ശ്രീ വര്‍ക്കല

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 19

അലീനയുടെ ക്ഷണപ്രകാരം ഷിനോയിയിലെ പ്രഗല്‍ഭനായ വൈദ്യന്‍ തന്നെ ലിയാത്തിന്‍റെ അരുകില്‍ എത്തി. സൂക്ഷ്മമായ പരിശോധന നടത്തി അയാള്‍ അലീനയോട് പറഞ്ഞു.

"മുറിവിന്‍റെ ആഴം അത്ര വലുതല്ല. പക്ഷെ, നെറുകയില്‍ ആയതിനാല്‍ പെട്ടെന്ന് ബോധക്ഷയം ഉണ്ടായതാണ്. ഈ മുറിവ് കൊണ്ടിനി പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇവന് ഉണ്ടാകില്ല. പിന്നെ ശരിയായ മരുന്നും വിശ്രമവും ആവശ്യമാണ്".

ഏറ്റവും ഉചിതമായ ചികിത്സ തന്നെ അയാള്‍ ലിയാത്തിന് ചെയ്തു. പതിന്നാല് ദിവസങ്ങള്‍ നീണ്ട മരുന്നും വിശ്രമവും കൊണ്ട് ലിയാത്തിന്‍റെ മുറിവ് ഏറെക്കുറെ ഭേദമായി... ലിയാത്ത് കിടപ്പായത്തോടെ രാവും പകലും കുടമുല്ലത്തോട്ടത്തില്‍ ജോലി ചെയ്ത അലീന നന്നേ ക്ഷീണിച്ചു. നിയ പൂര്‍ണഗര്‍ഭാവസ്ഥയിലായിരുന്നതിനാല്‍ അവളും തീരെ അവശയായി തന്നെ കാണപ്പെട്ടു. എന്നിട്ടും നിയ എല്ലാ സമയവും അവനരുകില്‍ ഉണ്ടാകാന്‍ ശ്രമിച്ചിരുന്നു.

ലിയാത്തിനെ ഗബില്‍ മുറിവേല്‍പ്പിച്ചത് മുതല്‍ അലീന ആകെ അസ്വസ്ഥയായിരുന്നു. രാവും പകലും അവള്‍ കുടമുല്ലത്തോട്ടത്തില്‍ പോകുന്നുവെന്നെ ഉള്ളൂ. അവളുടെ മനസ്സ് എപ്പോഴും ആകുലമായിരുന്നു. അവള്‍ ചിന്തിച്ചു.

"ആദ്യം എന്നെ. പിന്നെ ലിയാത്തിനെ. വൈഗരയുടെ ഓളങ്ങള്‍ക്ക് അവനെ കൊടുക്കാതെ വളര്‍ത്തിയതല്ലേ ഞാന്‍ ചെയ്ത തെറ്റ്..???? അത് തന്നെയല്ലേ ഗബിലിന് എന്നോട് ഇത്രയേറെ പകയുണ്ടാകാന്‍ കാരണം."

ഓരോന്നും ചിന്തിക്കുന്തോറും അവള്‍ക്കാകെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. എങ്കിലും ഒന്നുമാത്രം അവള്‍ തീരുമാനിച്ചു. എങ്ങിനെയായിരുന്നാലും എന്‍റെ മകനെ എനിക്ക് രക്ഷിക്കണം. അതിനു വേണ്ടി എന്‍റെ ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍ തന്നെ. അസ്വസ്ഥമായ കുറെ ദിനങ്ങള്‍ അവളങ്ങിനെ തള്ളി നീക്കി. പിന്നീട് പതിവ് പോലെ തന്നെ ഗബിലിനെക്കുറിച്ച് വിവരം ഒന്നും ഉണ്ടായില്ല. അതോടെ വീണ്ടും അലീനയുടെ വീടിനും മനസ്സിനും മുകളില്‍ പെയ്തുതോരാതെ പടര്‍ന്നു കിടന്നിരുന്ന കാര്‍മേഘങ്ങള്‍ മാറി. നീണ്ട ചികിത്സയ്ക്കൊടുവില്‍ ലിയാത്ത് പൂര്‍ണആരോഗ്യവാനായി. അവന്‍ വീടിന് പുറത്തേയ്ക്ക് ഒക്കെ നടന്നു തുടങ്ങി.

അന്നൊരു സന്ധ്യ. ലിയാത്തിന്‍റെ മടിയില്‍ തലചായ്ച്ച് നിയ ആകാശത്തില്‍ നക്ഷത്രങ്ങള്‍ തെളിയുന്നതും നോക്കി കിടന്നു. ലിയാത്ത് നിറഞ്ഞ അവളുടെ വയറിനെ തഴുകിക്കൊണ്ടിരുന്നു. ഇടയിലെപ്പോഴോ അവളുടെ തുടയെല്ലുകള്‍ക്കുള്ളില്‍ അസഹ്യമായൊരു വേദന വന്ന് നിറഞ്ഞു. അവള്‍ വേദനയാല്‍ ആകെ ഞെളിപിരി കൊണ്ടു. കണ്ണുകള്‍ ഇറുക്കിയടച്ച്‌ കൊണ്ട് ലിയാത്തിനോടവള്‍ പറഞ്ഞു.

"ലിയാത്ത്... എന്‍റെ ഉദരം വല്ലാതെ വേദനിക്കുന്നു. നട്ടെല്ല് ഒടിഞ്ഞുതൂങ്ങുന്നത് പോലെ."

അതോടെ, ലിയാത്ത് അക്ഷമയോടെ, അവളുടെ തല ഉയര്‍ത്തി അരുകില്‍ നിലത്തേയ്ക്ക് വച്ചു. അവിടെ നിന്നും എഴുന്നേറ്റ് തോട്ടത്തിലേയ്ക്ക് നോക്കി അമ്മയെ വിളിക്കാന്‍ തുടങ്ങുകയായിരുന്നു അവന്‍. അപ്പോഴേയ്ക്കും പകലിലെ ജോലിയെല്ലാം തീര്‍ത്ത് ചെറിയ ഇരുളിന്‍റെ മറപറ്റി അലീന അവര്‍ക്കരുകിലേയ്ക്ക് നടന്നടുത്തു. ലിയാത്ത് കാര്യങ്ങള്‍ അവളോട്‌ പറഞ്ഞപ്പോള്‍ തന്നെ അലീന നിയയെ വീടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പോഴേയ്ക്കും ലിയാത്ത് ഷിനോയ് ഗ്രാമത്തിലേയ്ക്ക് ഓടി. പ്രസവമെടുപ്പിനായ് അവന്‍ ആളെക്കൂട്ടി എത്തുമ്പോഴേയ്ക്കും അലീനയുടെ വീടിനുള്ളില്‍ കുടമുല്ലപ്പൂക്കള്‍ ഇറുത്ത് പൂക്കൂടകളില്‍ കൂട്ടിയിടാറുള്ള മൂലയിലായ് നിയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അലീന കുഞ്ഞിനെ വൃത്തിയാക്കി എടുക്കുമ്പോഴേയ്ക്കും നിയ വീണ്ടും അസ്വസ്ഥയായി. അവള്‍ വേദനയോടെ അമ്മയുടെ കൈകളില്‍ മുറുകെ പിടിച്ചു.

"അമ്മെ... വല്ലാണ്ട് വേദനിക്കുന്നു അമ്മെ... ശരീരമാകെ ഇളക്കിമറിക്കുന്നതു പോലെ".

അലീനയും ആകെ വിഷമത്തിലായി. അവള്‍ നിയയ്ക്കരുകിലേയ്ക്ക് ചേര്‍ന്നിരുന്നു. അവളുടെ വിയര്‍ത്തുനനഞ്ഞ മുടിയിഴകളെ തഴുകിക്കൊണ്ട് പറഞ്ഞു.

"സമാധാനമായി ഇരിക്കൂ.. മോളെ. എല്ലാം ശരിയാവും.. എല്ലാം.." എന്നിട്ട് സ്വയം പറഞ്ഞു.

"ഈശ്വര എന്തിനീ പരീക്ഷണം..? എന്‍റെ കുഞ്ഞിനോട്?

അലീന നിയയുടെ വയറിലേയ്ക്ക് നോക്കി. അവള്‍ ചിന്തിച്ചു.

"പ്രസവം കഴിഞ്ഞിട്ടും പെണ്ണിന്‍റെ വയറെന്തേ വീര്‍ത്തു തന്നെ ഇരിക്കുന്നു. അലീന നിയയുടെ വയര്‍ നന്നായി തടവി. അപ്പോഴേയ്ക്കും വയറ്റാട്ടിയും അകത്തേയ്ക്ക് ചെന്നു. നിയയുടെ നോവു കണ്ടവര്‍ തീര്‍ച്ചപ്പെടുത്തി. അവര്‍ പതിഞ്ഞ സ്വരത്തില്‍ അലീനയോടു പറഞ്ഞു.

"പ്രസവം കഴിഞ്ഞിട്ടില്ല. ഇവളുടെ വയറ്റില്‍ ഒരു കുഞ്ഞുകൂടി ഉണ്ട്... !!!

അലീന അത്ഭുതത്തോടെയാണത് കേട്ടത്. അവര്‍ പറഞ്ഞത് സത്യമെന്ന് അവള്‍ വിശ്വസിക്കാന്‍ വീണ്ടും അഞ്ച് മിനിറ്റ് കൂടി എടുത്തു. ഈ സമയമെല്ലാം ലിയാത്ത് പുറത്ത് പരവശനായി തലങ്ങും വിലങ്ങും നടക്കുകയായിരുന്നു. ഒടുവില്‍ അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ നിയ ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കി. അതോടെ അലീന അതീവ സന്തോഷവതിയായി. അവള്‍ ചിന്തിച്ചു.

"വിരുന്നുകാരനെപ്പോലെ തന്‍റെ ജീവിതത്തിലേയ്ക്ക് വന്ന പൊന്നുമകന്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മയ്ക്ക് സമ്മാനിച്ചിരിക്കുന്നു. അവള്‍ക്കു സന്തോഷം അടക്കാനായില്ല. അവള്‍ നിയയെ വയറ്റാട്ടിയെ ഏല്‍പ്പിച്ചു പുറത്തേയ്ക്കോടി. വേപധുവോടെ നടക്കുകയായിരുന്ന ലിയാത്തിനോടവള്‍ അതിരറ്റ സന്തോഷത്തോടെ അത് പറയുമ്പോള്‍ നക്ഷത്രങ്ങള്‍ അവനെ നോക്കി ചിരിച്ചു. ലിയാത്ത് സന്തോഷത്തോടെ ചുറ്റും കണ്ണോടിച്ചു. വൃക്ഷങ്ങള്‍ അവനു മുന്നില്‍ നിന്ന് ആഹ്ലാദത്തോടെ തലകുലുക്കി. തേന്‍ വണ്ടുകള്‍ തേന്‍കുടി മതിയാക്കി പൂക്കളില്‍ നിന്നും തല വെളിയിലേയ്ക്കിട്ടു ലിയാത്തിനെ നോക്കി. അവരും സന്തോഷം അവനോടൊപ്പം പങ്കിടും പോലെ. ഒന്ന് ചിന്തിച്ചവന്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് ഓടി. മുല്ലചെടികള്‍ക്കിടയിലൂടെയുള്ള ചെറുവഴികളിലൂടെ അവയെ തൊട്ടു തലോടിയാണ് അവന്‍ ഓടിയിരുന്നത്. തിരികെ മുറിയിലെത്തി കുഞ്ഞുങ്ങളെ കാണുമ്പോഴും തളര്‍ന്നുറങ്ങുന്ന നിയയെ കാണുമ്പോഴും എന്തൊക്കെയോ വെട്ടിപ്പിടിച്ച സന്തോഷത്താല്‍ അവന്‍ മതിമറന്നു.

ഈ സമയം അങ്ങകലെ ഇരുളിന്‍റെ മറപറ്റി രണ്ടു കണ്ണുകള്‍ അവനെ വീക്ഷിച്ചുകൊണ്ടിരുന്നു. പ്രകാശത്തിലേയ്ക്ക് വരാന്‍ ഗബില്‍ നന്നേ ഭയന്നു. അയാള്‍ ചിന്തിച്ചു.

"ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചു വരവാണ് ലിയാത്തിന്റേതു. ഇനി ഞാന്‍ സൂക്ഷിക്കണം. കാരണം ഇരുളിന്‍റെ മറപറ്റിയായിരുന്നുവെങ്കിലും ലിയാത്ത് എന്നെ കണ്ടിട്ടുണ്ട്. അത് തീര്‍ച്ചയാണ്. അവന്‍റെ അമ്മയോട് ചെയ്തതിനും ഉപരി മരണത്തിന്‍റെ വക്കില്‍ നിന്നവന്‍ പിടിച്ചു കയറിയതാണ്. ഇല്ല അവനെ അങ്ങിനെ വിടില്ല ഞാന്‍. ശക്തമായ ചില കൂട്ടിക്കുറയ്ക്കലുമായി അയാള്‍ എഴുന്നേറ്റു. അലീനയുടെ വീട്ടുമുറ്റം ഇപ്പോള്‍ ഗബിലിന് കാണാം. വീടിനടുത്തായി ഇരുളിന്‍റെ മറപറ്റി നിന്നു ഗബില്‍ അവിടം വീക്ഷിച്ചു. നിയ പ്രസവിച്ചുവെന്ന് അയാള്‍ക്ക്‌ മനസ്സിലായി. എങ്കിലും ആ അസുരജന്മം അവിടെനിന്ന് എന്തൊക്കെയോ വ്യക്തമായി കണക്കു കൂട്ടി. അയാള്‍ സ്വയം പിറുപിറുത്തു.

"എത്രയൊക്കെയായാലും അവള്‍ എന്‍റെ മോളല്ലേ. അവളെ എന്തുവില കൊടുത്തും എന്നോടൊപ്പം കൊണ്ടുപോകണം. അതിന് ലിയാത്ത് ജീവനോടെ ഇരിക്കാന്‍ പാടില്ല. അവന്‍ ഇല്ലാണ്ടായാല്‍ പിന്നെ അവള്‍ക്കു എന്നോട് കൂടി വരാനല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല. വേണ്ടിവന്നാല്‍ അവന്‍റെ ചോരയില്‍ ജനിച്ച ആ വിഷവിത്തുകളെയും കൊല്ലണം. തക്കതായ ഒരു മാര്‍ഗം കിട്ടുന്നത് വരെ ഒളിഞ്ഞുനില്‍ക്കുക തന്നെ. അയാള്‍ തീരുമാനിച്ചു. ദിവസങ്ങള്‍ മെല്ലെ നീങ്ങി. നിയ പതിയെപതിയെ ആരോഗ്യവതിയായി മാറി. അലീന അവളെ അത്ര നന്നായി നോക്കി എന്ന് പറയുന്നതാകും ശെരി. അലീനയോട് നിയയ്ക്ക് വല്ലാത്തൊരു ആത്മബന്ധവും ഉടലെടുത്തു. കുഞ്ഞുങ്ങളെ അമ്മയ്ക്കായി അവള്‍ നല്‍കി. പാലു കൊടുക്കാനല്ലാതെ അവള്‍ അവരെ എടുക്കാറില്ല. അലീനയുടെ വീട് സ്വര്‍ഗതുല്യമാകുകയായിരുന്നു. വിശേഷങ്ങള്‍ ഏറെ ലിയാത്തിനും ഉണ്ടായിരുന്നു. ആദ്യമായി കുഞ്ഞുങ്ങളെ എടുത്ത ലിയാത്ത് എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു. അവന്‍ കുഞ്ഞുങ്ങളെ എടുക്കുന്നത് കാണേണ്ട കാഴ്ച തന്നെ. പൂക്കൂടകളില്‍ നിറഞ്ഞു വരുന്ന മുല്ലപൂക്കളെ ലിയാത്ത് മറന്നുപോയത്പോലെ. അവന്‍റെ സന്തതസഹചാരിയായ വയലിന്‍ വീടിനകത്തിരുന്നു മാറാല പിടിച്ചു. അലീനയുടെ മനസ്സിലും ഈ കുഞ്ഞുങ്ങള്‍ അല്ലാതെ വേറൊരു ചിന്ത ഉണ്ടായിരുന്നില്ല.

ഒടുവില്‍, ലിയാത്ത് പഴയത് പോലെ കുടമുല്ലത്തോട്ടത്തില്‍ പോകാന്‍ തുടങ്ങി. എന്നും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അലീന അവനെ ഓര്‍മിപ്പിക്കും.

"മോനെ.. സൂക്ഷിക്കണം..രാവിന് സുന്ദരിയെപ്പോലെ തന്നെ മറ്റൊരു ഭീകരതയുടെ മുഖം കൂടിയുണ്ട്."

അവന്‍ അമ്മയെ നോക്കി തലകുലുക്കി പുഞ്ചിരിച്ചുകൊണ്ട് നടന്നകലും. അവന്‍റെ രൂപം ദൃഷ്ടിയില്‍ നിന്നും മറയും വരെ അലീനയും നിയയും ഓരോ കുഞ്ഞുങ്ങളെ കൈയിലേന്തി ഉമ്മറത്ത് ഉണ്ടാവും.

അങ്ങിനെ പൂക്കളുടെ വിളവെടുപ്പിന് ഒരു താല്‍ക്കാലിക അവസാനമായി. വര്‍ഷംതോറും വിളവെടുപ്പ് ഒരു പരിധി കഴിഞ്ഞാല്‍ പിന്നെ കുടമുല്ലചെടികളുടെ ഏറെ മുറ്റിയ ശിഖരങ്ങള്‍ മുറിക്കുന്ന പതിവുണ്ട്. അതിങ്ങനെ വെട്ടിയെടുത്ത് കൂട്ടിയിട്ട് കത്തിച്ചു കളയും. പിന്നീടു ആ ചാരം തണുക്കുമ്പോള്‍ ലിയാത്ത് ബക്കറ്റുകളില്‍ നിറച്ച് ചെടികളുടെ ചുവട്ടില്‍ കൊണ്ടിടും. അതാണ്‌ പതിവ്. മുന്‍പത്തെ പോലെ കുടമുല്ലച്ചെടികള്‍ നനച്ചുകഴിഞ്ഞാല്‍ പിന്നെ അവന്‍ ഇപ്പോള്‍ മയങ്ങാറില്ല. ആ സമയം മുറിച്ചു മാറ്റുന്ന ശിഖരങ്ങള്‍ ശേഖരിച്ചിടാന്‍ അവന്‍ തോട്ടത്തിന്‍റെ അരുകിലായ് ചേര്‍ന്നൊരു കുഴി കുറേശ്ശെയായി തയ്യാറാക്കി വന്നു. ഒടുവില്‍, ഒരുദിവസം അലീന ചോദിച്ചു.

"മോനെ! കുഴി ഏറെക്കുറെ പൂര്‍ത്തിയായല്ലോ??? ഇനി നമ്മുക്ക് ശിഖരങ്ങള്‍ വെട്ടി നിറച്ചുകൂടെ...???

"വേണം.. അമ്മെ വേണം. അതെല്ലാം ഞാന്‍ ചെയ്തോളാം. അമ്മ കുഞ്ഞുങ്ങളെ നോക്കി സന്തോഷത്തോടെ ഇരുന്നോള്ളൂ... അവന്‍റെ സ്നേഹത്തിന് മുന്നില്‍ അലീന പതിവായി തോറ്റ് കൊടുക്കാറുള്ളതു പോലെ തന്നെ അതും തോറ്റ് കൊടുത്തു. ലിയാത്ത് രാവില്‍ കുറേശ്ശെയായി അവ അതില്‍ നിറയ്ക്കാന്‍ തുടങ്ങി. അങ്ങിനെയിരിക്കെ കുഞ്ഞുങ്ങള്‍ക്ക്‌ പേരിടീല്‍ ദിവസമെത്തി. കുഞ്ഞുങ്ങളെ കുളിപ്പിച്ച് പൊട്ടുകുത്തി സുന്ദരിമാരാക്കി നിയ അലീനയുടെ കൈയിലേയ്ക്ക് നല്‍കി. നിയയും ലിയാത്തും അരുകിലേയ്ക്ക് മാറി നിന്നു. നിറഞ്ഞു കത്തുന്ന നിലവിളക്കിന് മുന്നില്‍ അലീന ആ പെണ്‍കുട്ടികളുടെ കാതില്‍ മാറി മാറി പേര് ചൊല്ലി. മൂന്ന് തവണ അവളതു ഏറ്റു ചൊല്ലി...

"ദിയ..... സഹസ്ര...." അവര്‍ കുഞ്ഞികൈകാലിളക്കി അലീനയെ നോക്കി കൊഞ്ചിച്ചിരിച്ചു. സന്തോഷം കൊണ്ട് ലിയാത്ത് നിയയുടെ നെറുകയില്‍ അമര്‍ത്തിയൊരു ചുംബനം നല്‍കി..... സന്തോഷം ആവോളം കളിയാടി, അവര്‍ ഇരുവരും ആ വീട്ടില്‍ മെല്ലെ വളര്‍ന്നു അച്ഛന്റെയും അമ്മയുടെയും അതിലുപരി അച്ഛമ്മയുടെയും ഓമനകളായി.......

(തുടരും)
ശ്രീ വര്‍ക്കല
 

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 18

ഓടിക്കിതച്ച് നിയ അമ്മയുടെ അരുകിലെത്തി. അടിവയറ്റില്‍ നിന്നുയര്‍ന്ന ശക്തമായ വേദന അവളുടെ ഞരമ്പുകളെ പിടിച്ചുലച്ചു. അവള്‍ തേങ്ങലോടെ അലീനയുടെ അരുകിലേയ്ക്ക് മുട്ടുകുത്തി. നിറഞ്ഞു നിന്നിരുന്ന അവളുടെ ഉദരം തുടകളില്‍ തട്ടി നിന്നു.

കൈകള്‍കൊണ്ട് അലീനയുടെ മുഖം തിരിച്ചവള്‍ പറഞ്ഞു...

"ഒന്നും സംഭവിക്കില്ലമ്മേ!! നമ്മുടെ ലിയാത്തിന്.... പറയുമ്പോള്‍ ചുണ്ടുകളില്‍ വന്നണഞ്ഞ തേങ്ങല്‍ അവള്‍ കടിച്ചമര്‍ത്തി. ഒന്ന് ചിന്തിച്ച ശേഷം അവള്‍ ചോദിച്ചു.

"തോട്ടത്തില്‍ അമ്മ ലിയാത്തിനെ തേടിയോ?

അലീന നിയയുടെ നേരെ മിഴികളുയര്‍ത്തി.

"ഇല്ല... മോളെ... ഇല്ല.. അവനെന്‍റെ വിളിക്ക് മറുവിളി കേട്ടില്ല. പിന്നൊന്നും ചിന്തിക്കാന്‍ എനിക്ക് തോന്നിയില്ല. എന്‍റെ പൊന്നുമകന് എന്തോ ആപത്തു സംഭവിച്ചു എന്നെന്‍റെ മനസ്സ് പറഞ്ഞു. മോളെ ഞാനെന്തിനീ തീരത്തു വന്നു. എന്നെ ആരാണിവിടെ കൊണ്ട് വന്നത്... ഞാനെന്ത് കൊണ്ട് കുടമുല്ലത്തോട്ടത്തില്‍ പോയില്ല. എന്‍റെ മോന്‍... എന്‍റെ മോനെവിടെ? നിയയെ പിടിച്ചുലച്ച് കരഞ്ഞുകൊണ്ട്‌ അലീന ചോദിച്ചു.

പരസ്പരബന്ധമില്ലാതെ അലീന പുലമ്പാന്‍ തുടങ്ങി. നിയ മനസ്സില്‍ ധൈര്യം സംഭരിച്ചു. ഇല്ല ഞങ്ങള്‍ രണ്ടാളും തളര്‍ന്നാല്‍ പിന്നെ എന്‍റെ ലിയാത്തിന് ആരുണ്ട്‌..? അവള്‍ അലീനയെ പിടിച്ച് അടുത്തുകണ്ട വൃക്ഷച്ചുവട്ടില്‍ ഇരുത്തി. നിറഞ്ഞ വയറുമായി അവള്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് നടന്നു. ഇരുള്‍ അവള്‍ക്കു വഴിമാറിയത് പോലെ. അവളുടെ പാദം പതിച്ചിടത്തെല്ലാം ഇന്ദു വഴികാട്ടി. തോട്ടത്തിലേയ്ക്കവള്‍ പ്രവേശിച്ചതും ഇരുളില്‍ നിന്നൊരു രൂപം അവള്‍ക്കരുകിലേയ്ക്ക് പാഞ്ഞെത്തി.

"മോളെ! നിയാ...

"അച്ഛാ.. അച്ഛനിവിടെ..??? ഈ രാവില്‍ എന്തെടുക്കുവാ ഇവിടെ? എവിടായിരുന്നു അച്ഛന്‍ ഇതുവരെ?

"അതൊക്കെപ്പറയാം.. മോള് വന്നാട്ടെ.!!!" സ്വരമടക്കി പറഞ്ഞുകൊണ്ട് ഗബില്‍ വന്നവളുടെ കരം കവര്‍ന്നു.

അവള്‍ ആ കരം തട്ടിയെറിഞ്ഞു. ചീറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് അയാളുടെ നേരെ അവള്‍ തിരിഞ്ഞു.

"എവിടെ എന്‍റെ ലിയാത്ത്..? നിങ്ങളറിയാതെ എന്‍റെ ലിയാത്ത് എവിടെയും മറയില്ല. എവിടെ എന്‍റെ ലിയാത്ത്..??

"മോളെ... ഞാന്‍ നിന്‍റെ അച്ഛനാണ്. കോപത്താല്‍ നീയത് മറക്കുന്നു. ഞാന്‍ ലിയാത്തിനെ എന്ത് ചെയ്യാന്‍. ഞാനവനെ കണ്ടിട്ടില്ല. അല്ലെങ്കില്‍ തന്നെ എന്‍റെ മകളോട് ഞാനത് ചെയ്യുമോ? നിന്നെപ്പോലെ തന്നെ ലിയാത്ത് ഇന്നെനിക്കും പ്രിയപ്പെട്ടതാണ്.

എനിക്കൊന്നും കേള്‍ക്കണ്ട. നിങ്ങളറിയാതെ എന്‍റെ ലിയാത്തിന് ഒന്നും സംഭവിക്കില്ല. മറിച്ച്, എന്‍റെ ലിയാത്തിന് എന്തെങ്കിലും സംഭവിച്ചാല്‍... അതിനുത്തരവാദി നിങ്ങളാണെന്നു ഞാനറിഞ്ഞാല്‍..!!! അവള്‍ അര്‍ത്ഥഗര്‍ഭമായി വാക്കുകള്‍ നിറുത്തി.

അതുവരെ ശാന്തനായിരുന്നു ഗബില്‍ അതോടെ കോപം കൊണ്ട് വിറച്ചു. അയാള്‍ അവളുടെ നേരെ ചെന്നു. ഗബിലിന്‍റെ ശ്വാസം അവളുടെ മുഖത്ത് പതിച്ചു. ചുവന്ന കണ്ണുകള്‍ ഉരുട്ടി അവന്‍ ചോദിച്ചു.

"അങ്ങിനെയാണെങ്കില്‍...?? അങ്ങിനെയാണെങ്കില്‍ നീ എന്നെ എന്ത് ചെയ്യുമെടീ... എന്‍റെ ചോര തിന്നു വളര്‍ന്ന നീ എന്നെ ഭരിക്കുന്നോ? ഒരുമ്പിട്ടോളെ. ഗബിലിന് ഇതൊന്നും പുത്തരിയല്ല. ചോരത്തിളപ്പുള്ളോരാണിനെ കണ്ടപ്പോള്‍ സ്വന്തം തന്തയെ നീ മറന്നു അല്ലെ... നീ ചെല്ല്... ചെന്ന് വൈഗരയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പ്... ഗബിലിന്‍റെ കൈക്കരുത്ത് ഭേദിക്കാന്‍ അവനു കഴിവുണ്ടെങ്കില്‍.. അവനൊരു ആണാണെങ്കില്‍..!!! കാണട്ടെ.. ഞാനവന്‍റെ ഹുങ്ക്...വരട്ടെ അവന്‍ എന്‍റെ മുന്നില്‍.... മുങ്ങിത്താണടിഞ്ഞ വൈഗരയില്‍ നിന്നും.. ഹും...

"ങേ..!! അവളൊന്നു തേങ്ങി... എന്നാലും ധൈര്യം സംഭരിച്ചവള്‍ പറഞ്ഞു.

"ത്ഫൂ... നിങ്ങളുടെ കൈക്കരുത്ത്... നിങ്ങളുടെ കരുത്ത് ഇരുളിലല്ലേ..? ഒളിഞ്ഞിരുന്ന് വേട്ടയാടുന്ന വേട്ടപ്പട്ടിയല്ലെ നിങ്ങള്...!!!! എന്‍റെ ലിയാത്ത് ആണാണ്. നേര്‍ക്ക്‌ നേരെ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് ഒരു പുല്ലും ചെയ്യാന്‍ കഴിയില്ലെന്‍റെ ലിയാത്തിനെ. ഒരു പുല്ലും...

അവളുടെ പുച്ഛം നിറഞ്ഞ ചിറികോട്ടല്‍ കണ്ടുകൊണ്ടയാള്‍ ഒരു വേട്ടപ്പട്ടിയെപ്പോലെ തന്നെ മുരണ്ടു...

"എങ്ങിനെയോ ആകട്ടെ... ചത്തു തുലഞ്ഞ അവനുവേണ്ടി നീയെന്നോട്‌ വാദിക്കുന്നോ.. നാശം പിടിച്ചവളെ..!!!

പറഞ്ഞുകൊണ്ടയാള്‍ അവളുടെ മുടികള്‍ ചുറ്റിപ്പിടിച്ചു. നിയ വേദനകൊണ്ട് പുളഞ്ഞു. അവള്‍ വലതുകരം കൊണ്ട് പുറകില്‍ വസ്ത്രങ്ങളില്‍ തട്ടി നിന്നിരുന്ന കുടമുല്ലചെടികളില്‍ ഒന്നില്‍ പിടിച്ചു. ഗബിലിന്‍റെ പിടി മുറുകുമ്പോള്‍ അസഹ്യമായ വേദനയോടെ അവള്‍ ആ ചെടി പിഴുതെടുത്തു. അശക്തയായ അവള്‍ ഗബിലിന് മുന്നില്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. അതോടെ ഗബില്‍ അവളുടെ മുടിക്കെട്ടില്‍ നിന്ന് കൈയെടുത്തു.

"സൂക്ഷിച്ചോ.. നീയ്..." അവളുടെ നേരെ വിരല്‍ ചൂണ്ടി അയാള്‍ ഇരുളിലേയ്ക്കു ഓടിമറഞ്ഞു.

വേദന കൊണ്ട് നിയ ഇരുകൈകളും കൊണ്ട് തലയുടെ പിന്‍ഭാഗം പൊത്തിപ്പിടിച്ചു. എന്നിട്ടവള്‍ കുടമുല്ലത്തോട്ടത്തിന്‍റെ ചുറ്റും നോക്കി നിലവിളിച്ചു..

"ലിയാത്ത്.... എന്‍റെ പൊന്നെ... നീയെവിടെയാണ്. ..??? അതിങ്ങനെ മരചില്ലകളിലും ചെടികളിലും തട്ടി പ്രകമ്പനം കൊണ്ടതല്ലാതെ ആരും വിളികേട്ടില്ല. അവള്‍ തളര്‍ന്നു താഴേയ്ക്കിരുന്നു. അവള്‍ക്കരുകിലൂടെ പറന്ന കാര്‍വണ്ടുകള്‍ കരഞ്ഞിരുന്നു. കാരണം അവളുടെ ദേഹത്ത് വന്നണഞ്ഞ നിശാശലഭങ്ങളുടെ, വണ്ടുകളുടെ ദേഹത്ത് നിന്നെല്ലാം കണ്ണീരിന്‍റെ നനവ്‌ പോലെ ജലം പൊടിഞ്ഞ് അവളുടെ ദേഹത്ത് പറ്റിയിരുന്നു.

ആ ഇരുളില്‍ അവളൊറ്റപ്പെട്ടത് പോലെ തോന്നി അവള്‍ക്ക്. ആ കുടമുല്ലത്തോട്ടം ഒന്നാകെ ചുറ്റിനടക്കുമ്പോള്‍ അവളുടെ തോളില്‍ ലിയാത്ത് ചേര്‍ന്നുറങ്ങുന്നപോലെ തോന്നി അവള്‍ക്ക്. ഒടുവില്‍ തളര്‍ന്ന് അവള്‍ വൈഗരയുടെ തീരത്തു തന്നെ തിരികെ ചെന്നു. കാല്‍മുട്ടുകളില്‍ തലചായ്ച്ച് അപ്പോഴും തേങ്ങിക്കരയുകയായിരുന്ന അലീന നിയയുടെ കാല്‍പ്പെരുമാറ്റം കേട്ടു തലയുയര്‍ത്തി. അവളുടെ ദയയോടുള്ള നോട്ടം കണ്ട നിയ കരഞ്ഞുകൊണ്ട് അലീനയുടെ അരുകിലിരുന്നു.

"മോളെ! ഈ മണ്ണില്‍... ഈ തീരത്തുനിന്നാണ് ഇവളെനിക്ക് അവനെ തന്നത്... ഇവള് തന്നെ എന്‍റെ മോനെ തിരിച്ചെടുത്തുവോ? എങ്കില്‍, വൈഗരേ നീ അബലയായ എന്നെയും എടുത്തോളൂ. ഷിനായിയിലെ സ്നേഹങ്ങളുടെ ചോര കണ്ട് അവള്‍ക്കു മതിയായില്ലന്നു തോന്നുന്നു... അലീന പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു.

"മോനെ... ലിയാത്ത് അമ്മയെ വിട്ടു നീ എവിടെപ്പോയെടാ... ലിയാത്ത് ന്‍റെ പൊന്നുമോനെ.. ന്‍റെ പൊന്നുമോനെ...

അകലെ പുലരിവെട്ടം പൂത്തുലഞ്ഞു നിന്ന ചില്ലകളെ ചേര്‍ന്ന് നിന്നു ചുംബിച്ചു. വികാരപരവശയായ അവളുടെ നിശ്വാസം കാറ്റായി തഴുകി പാഞ്ഞു. അപ്പോള്‍ അലീനയും നിയയും ഇരിക്കുന്ന വൃക്ഷച്ചുവട്ടില്‍ നിന്നും ഏറെ അകലെയല്ലാതെ, വൈഗരയുടെ തീരത്ത് നിന്ന് വെള്ളത്തിലേയ്ക്ക് പടര്‍ന്നു നിന്ന കൂറ്റന്‍ വൃക്ഷത്തിന്‍റെ വേരുകളില്‍ ഒന്നില്‍പ്പിടിച്ച് ലിയാത്ത് കരയിലേയ്ക്ക് ചേര്‍ന്ന് കിടന്നു. തലയിലേറ്റ മുറിവില്‍ രക്തം കട്ടപിടിച്ചു. കണ്ണുകള്‍ മയക്കത്തിലാണ്ട പോലെ തുറന്ന് ചിമ്മിയടഞ്ഞു. അതിനിടയില്‍ എപ്പോഴോ അവന്‍റെ കാതുകളില്‍ നേര്‍ത്ത സ്വരം പോലെ അമ്മയുടെ വിളി വന്നണഞ്ഞു. ആ വിളി കേട്ടവന്‍ എങ്ങിനെയോ തപ്പിത്തടഞ്ഞു എഴുന്നേറ്റ് നിന്നു. കണ്ണുകള്‍ വെട്ടിത്തുറന്ന് തല ചെറുതായൊന്നു കുടഞ്ഞു. വലതുകരം കൊണ്ടവന്‍ അടിയേറ്റിടത്ത് മെല്ലെ പരതി. കൈ ചോര കൊണ്ട് നനഞ്ഞു. ആ നനുത്ത പുലരിയില്‍ വേച്ചുവേച്ച് ലിയാത്ത് നടന്നു.

അമ്മയെ മടിയില്‍ കിടത്തി അകലങ്ങളില്‍ കണ്ണുകള്‍ പായിച്ചിരുന്ന നിയയുടെ ദൃഷ്ടിയില്‍ അങ്ങു ദൂരെ ലിയാത്തിന്‍റെ രൂപം പതിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ആഹ്ലാദം കൊണ്ടവള്‍ വീര്‍പ്പുമുട്ടി.

"അമ്മെ... എഴുന്നേല്‍ക്കു അമ്മെ... ദേ!! നോക്കിയെ എന്‍റെ ലിയാത്ത്... എന്‍റെ ലിയാത്ത്. ചാടിയെഴുന്നേറ്റ അലീനയെ പിന്നിലേയ്ക്കാക്കി, തളര്‍ന്ന കണ്ണുകളോടെ അഴിഞ്ഞുലഞ്ഞ മുടികളോടെ, വേദനിച്ചുകൊണ്ടിരുന്ന ഉദരം മറന്നവള്‍ പിടഞ്ഞെഴുന്നേറ്റു വൈഗരയുടെ തീരത്തു കൂടി ഓടി. ലിയാത്തിന്‍റെ അരുകിലെത്തിയ അവള്‍ ഒരു തളര്‍ച്ചയോടെ അവനിലേയ്ക്കു വീണു. അവളെ കെട്ടിപ്പിടിച്ച് ലിയാത്ത് നിന്നാടി. അവന്‍റെ ചുവടുകള്‍ ഉറച്ചിരുന്നില്ല. ഊര്‍ന്നിറങ്ങിയ രക്തത്തുള്ളികള്‍ ഉണങ്ങിപ്പിടിച്ചിരുന്ന അവന്‍റെ കപോലങ്ങളില്‍ കൂടി കണ്ണുകള്‍ അടച്ചവള്‍ കരമോടിച്ചു. അപ്പോഴേയ്ക്കും ലിയാത്തിന്‍റെ മറുവശത്ത് വന്ന് അലീന അവനിലേയ്ക്കു പറ്റിച്ചേര്‍ന്നു.

"മോനെ.. എന്‍റെ പൊന്നുമോനെ ലിയാത്ത്... എന്ത് പറ്റിയതാടാ നിനക്ക്...?? ആരാടാ മോനെ നിന്നോടീ ചതി ചെയ്തത്.. ????

ലിയാത്ത് അമ്മയുടെ നെറുകയില്‍ ചുംബിച്ചു. അവന്‍റെ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ തുള്ളികള്‍ തുള്ളിപ്പിടഞ്ഞു അലീനയുടെ മുടിയിഴകളിലൂടെ ഒലിച്ചു താഴേയ്ക്കൊഴുകി.

"അവനാ അമ്മെ... അവന്‍. എന്‍റെ നേരമ്മാവന്‍.. ഗബില്‍...!! ലിയാത്ത് ഒരു വിധം പറഞ്ഞൊപ്പിച്ചു. അലീനയുടെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. നിയയുടെ ഉള്ളില്‍ നിന്നു ഒരു തേങ്ങല്‍ മാത്രം ഒഴുകി. അവളുടെ കണ്ണുകളില്‍ ഇരുട്ടുകയറി. ലിയാത്തിന്‍റെ നെഞ്ച് തലോടി അവള്‍ തളര്‍ന്നു താഴേയ്ക്ക് ഒഴുകിയിരുന്നു. അറിയാത്ത പോലവള്‍ അവന്‍റെ പാദങ്ങളില്‍ ചുംബിച്ചു. അച്ഛന് വേണ്ടി മാപ്പു പറയുകയായിരുന്നു അവള്‍.... അവന്‍റെ പാദങ്ങളിലൂടെ പാഞ്ഞു കയറി ആ സന്ദേശം അവന്‍റെ സിരകളില്‍ എത്തിയപ്പോള്‍ അവനതു തിരിച്ചറിഞ്ഞു.

നിയയെ പിടിച്ചെഴുന്നേല്‍പ്പിച്ചു അമ്മയെയും ചേര്‍ത്തണച്ച് ലിയാത്ത് വീട്ടിലേയ്ക്ക് നടന്നു. കുഞ്ഞിക്കുരുവികള്‍ അവനു ചുറ്റും വട്ടമിട്ടു പറന്നുയര്‍ന്നു. വിടര്‍ന്നു നിന്ന കുടമുല്ലപ്പൂക്കള്‍ മുഴുവന്‍ ആരും ശേഖരിക്കാനില്ലാതെ അന്നാദ്യമായ്‌ പൊഴിഞ്ഞുവീഴാന്‍ തുടങ്ങി. വീട്ടിലെത്തിയ ലിയാത്ത് അലീനയുടെ കിടക്കയിലേയ്ക്ക് ചാഞ്ഞു. അലീന വസ്ത്രം പോലും മാറാതെ ഷിനോയിയിലെ പ്രഗല്‍ഭനായ വൈദ്യന്‍റെ അരുകിലേയ്ക്ക് പാഞ്ഞു. നിയ ലിയാത്തിനെ കെട്ടിപ്പിടിച്ചു. ലിയാത്ത് തളര്‍ന്ന കരം കൊണ്ട് അവളെയും.... അവനില്‍ നിന്നും മുഖമുയര്‍ത്തി കൈകള്‍ കൂപ്പി അവള്‍ തേങ്ങി. അവളുടെ കൂപ്പുകൈയില്‍ മുറുകെപ്പിടിച്ചവന്‍ നെഞ്ചോട്‌ ചേര്‍ത്ത് കണ്ണുകള്‍ പൂട്ടി. അവനിലേയ്ക്കു പറ്റിചേര്‍ന്നവള്‍ തേങ്ങിക്കിടന്നു.... പുറത്തെ ചില്ലകളില്‍ ഓടിയണഞ്ഞ കാറ്റ് ഒച്ചവയ്ക്കാതെ ചോര പിടിച്ചുണങ്ങിത്തണുത്ത അവന്‍റെ മുടികളില്‍ തഴുകി കിതച്ചുനിന്നു.

(തുടരും)
ശ്രീ വര്‍ക്കല