2014 ഏപ്രിൽ 5, ശനിയാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 11

രാപ്പാടികള്‍ രാവ് പടര്‍ന്ന വഴികളില്‍, ഇരുളില്‍ ഇണ തേടിയലഞ്ഞു. കൂടുകള്‍ക്കിടയില്‍ വെളുത്ത് തുടുത്ത ചിറകിനടിയില്‍ മോഹങ്ങള്‍ കുറുകിയുണര്‍ന്നു. ലിയാത്തും നിയയും തങ്ങളെ തന്നെ മറന്ന് പുണര്‍ന്നു നില്‍ക്കുകയാണ്.
മഴയൊഴുകി നിറഞ്ഞ പുഴപോലെ, ആരെയോ തേടിയലഞ്ഞു തളര്‍ന്ന ചുടുകാറ്റുപോലെ അവന്‍റെ നിശ്വാസം അവളുടെ ദേഹത്താകെ അലഞ്ഞുനടന്നു. അവളുടെ തോളിലൂടെ, കഴുത്തിലൂടെ, സുഗന്ധം പേറുന്ന മുടിയിഴകളിലൂടെ, നെറ്റിയിലൂടെ, നേര്‍ത്ത കവിളിണകളിലൂടെ അവന്‍റെ ചുണ്ടുകള്‍ ഒഴുകിനടന്നു.

അവള്‍, പ്രണയത്തിന്‍റെ പരകോടിയില്‍ അവനെ ചുറ്റിപ്പുണര്‍ന്നു. അവളുടെ വെളുത്തുകൊലുന്ന കൈകള്‍ ലിയാത്തിനെ ഇടംവലം തിരിയാതെ അമര്‍ത്തിപ്പിടിച്ചു. അതോടെ, തളര്‍ന്ന കണ്ണുകളോടെ അവന്‍റെ മുഖം അവളുടെ മാറിനിടയില്‍ തളര്‍ന്നുനിന്നു. അവന്‍റെ ശ്വാസഗതികള്‍ വല്ലാതെ ഉയര്‍ന്നു പൊങ്ങി. ലിയാത്ത് വിയര്‍ക്കാന്‍ തുടങ്ങി. അവളും. അവളെ ചേര്‍ത്ത് പിടിച്ചിരുന്ന അവന്‍റെ കൈകള്‍ മെല്ലെ അയഞ്ഞു. അവന്‍റെ ചുണ്ടുകള്‍ അവളുടെ മാറിലൂടെ ഉരഞ്ഞു നാഭീതടത്തിലെത്തി. ഒരു കുറുകലോടെ അവന്‍റെ കൈതട്ടി അവള്‍ പിന്നോക്കം മാറി.

മണ്ണിലേയ്ക്ക് മുഖം കുനിച്ച് കാല്‍മുട്ടുകളില്‍ നിന്നവന്‍ ദീര്‍ഘമായി ശ്വാസം കൊണ്ട്. അരുകിലെ കുടമുല്ലചെടിയുടെ ചുവട്ടില്‍ തളര്‍ന്ന് അവളിരുന്നു. ലിയാത്ത് അവളുടെ അരുകിലേയ്ക്ക് നീങ്ങി. അവളുടെ മടിയില്‍ മുഖം പൂഴ്ത്തി അവന്‍ കിടന്നു. നിലാവ് അവരെനോക്കി ഒളികണ്ണുകളെറിഞ്ഞു. നിയ അവനിലേയ്ക്കു മുഖം താഴ്ത്തി. അവളുടെ അഴിഞ്ഞു വീണ മുടികള്‍ അവരുടെ മുഖം പൊതിഞ്ഞു നിന്നു.

"ലിയാത്ത്... ന്‍റെ പ്രാണനായ ലിയാത്ത്..." അവള്‍ വിളിച്ചു. അവളുടെ ഓരോ വിളിയും കാതോര്‍ത്ത് അവന്‍ മൂളിക്കൊണ്ടിരുന്നു.

"നമ്മള്‍ ഇങ്ങനെ സ്നേഹിക്കാനാണോ ഞാന്‍ ഇവിടേയ്ക്ക് വന്നത്...? ഈ കുടമുല്ല തോട്ടത്തിലെ വണ്ടുകളെയും, നിശാശലഭങ്ങളെയും, ഈ പാടി നടക്കുന്ന കാറ്റിനെയും, ഒഴുകിനടക്കുന്ന നിലാവിനെയും അതിലുപരി നിന്‍റെ ശ്വാസങ്ങളിലെന്നും സുഗന്ധം നിറയ്ക്കുന്ന ഈ പൂക്കളെയും സ്നേഹിച്ച നിനക്ക്......" അവള്‍ പറഞ്ഞു നിര്‍ത്തി അല്‍പനേരം മൌനം പൂണ്ടു.

അവന്‍ അവളുടെ മടിയില്‍ കിടന്നുകൊണ്ട് അവന്‍റെ വലതുകരം കൊണ്ടവളുടെ കഴുത്തിലൂടെ കൈയിട്ട് അവളുടെ മുഖം അവന്‍റെ മുഖത്തേയ്ക്കു ചേര്‍ത്ത് കൊണ്ട് ചോദിച്ചു.

"ഉം....നിനക്ക്...? ഉം... പറയൂ... എന്താ പാതിയില്‍ നിര്‍ത്തിയത് നിയാ.....

"ന്നെ...ന്നെ സ്നേഹിക്കാന്‍, പൊന്നുപോലെ നോക്കാന്‍ കഴിയുമോ?" അവള്‍ ചോദിച്ചു.

അവളുടെ ചോദ്യം കേട്ട ലിയാത്ത് അവളുടെ മുഖം അവനിലേയ്ക്കു ചേര്‍ത്ത് ചുണ്ടുകളെ തെരുതെരെ ചുംബിച്ചു.

പതിയെ പതിയെ അവനെ സ്നേഹിച്ചു... തളര്‍ന്നവള്‍ അവനരുകിലേയ്ക്ക് ചേര്‍ന്ന് കിടന്നു. ആ രാവ് മുഴുവന്‍ അവളെ സ്നേഹിച്ച്... അവള്‍ അവനെ സ്നേഹിച്ചു കിടന്നു.
ആ ഇരുള്‍ മുഴുവന്‍ അവരുടെ പ്രണയം കണ്ട രാവിന്‍റെ മുഖം വല്ലാതെ സന്തോഷത്തിലായി. അവളുടെ ചുണ്ടുകളില്‍ ചെറു പുഞ്ചിരി വിടര്‍ന്നു. അത് അവിടമാകെ മെല്ലെ പടര്‍ന്നു. അപ്പോഴും നിയ ലിയാത്തിന്‍റെ നെഞ്ചില്‍ തളര്‍ന്നുകിടക്കുകയായിരുന്നു.

അവള്‍ക്കു എഴുന്നേല്‍ക്കാനേ തോന്നിയില്ല. പുലരിവെട്ടം ചോലകള്‍ക്കിടയില്‍ നിന്നും മെല്ലെ തലവെളിയിലേയ്ക്കിട്ടു. പുലര്‍കാലപറവകള്‍ കുടമുല്ല തോട്ടത്തിലൂടെ തലങ്ങും വിലങ്ങും ചിലച്ചുകൊണ്ട് പാറിപ്പറക്കാന്‍ തുടങ്ങി. അത് കേട്ട് ലിയാത്ത് ഞെട്ടിയുണര്‍ന്നു. അതോടെ നിയയും. അവര്‍ ചാടിയെഴുന്നേറ്റു. അഴിഞ്ഞുവീണ മുടികള്‍ പിന്നിലേയ്ക്ക് ഒതുക്കിയവള്‍ അമ്പരപ്പോടെ അവനെ നോക്കി. അപ്പോള്‍ ലിയാത്ത് കണ്ടു... അവളുടെ വെളുത്ത കപോലങ്ങളില്‍ അവിടവിടെ ചുവന്ന പൊട്ടുകള്‍. കീഴ്ചുണ്ടില്‍ ഒരിടത്ത് രക്തം നീലിച്ചിരുണ്ടിരിക്കുന്നു.

ഭയത്തോടെ അവള്‍ വാനത്തെ നോക്കി. പിന്നെ അവനെ നോക്കി പറഞ്ഞു..

"ലിയാത്ത് അച്ഛനിപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാകും... എനിക്കാകെ ഭയം തോന്നുന്നു ലിയാത്ത്...."

"പേടിക്കണ്ടാ... പൊയ്ക്കോള്ളൂ... ആരെങ്കിലും കാണും മുന്‍പ് പൊയ്ക്കോള്ളൂ.. അവന്‍ ഉള്ളിലുള്ള ഭയം മറച്ചുവച്ച് അവളോട്‌ പറഞ്ഞു. അതോടെ കുടമുല്ല തോട്ടത്തിലെ നേര്‍ത്ത വഴിയിലൂടെ തിരിഞ്ഞു നടന്നു, പതിയെ പതിയെ ഓടി അവള്‍ മറഞ്ഞു. ലിയാത്ത് ഒഴിഞ്ഞ പൂക്കൂടകളെ നോക്കി പറഞ്ഞു.

"പൂക്കളൊന്നും ഇറുത്തെടുത്തില്ല. പുലരിവെട്ടം വീണു. ഇനി പൂക്കള്‍ കാറ്റില്‍ പൊഴിഞ്ഞു തുടങ്ങും. എന്നെ കാണാതാകുമ്പോള്‍ അമ്മ തോട്ടത്തില്‍ തേടി വരും. അല്ലെങ്കില്‍ തന്നെ പകലില്‍ നടന്ന കാര്യങ്ങള്‍ കൊണ്ടുതന്നെ അമ്മ ആകെ വിഷമത്തിലാണ്. അപ്പോള്‍ പിന്നെ തന്നെ കണ്ടില്ലെങ്കില്‍ പിന്നെ അമ്മ ആകെ പരിഭ്രാന്തയാകും. ചിന്തിച്ചുകൊണ്ടവന്‍ പൂക്കൂടകള്‍ കൈകളില്‍ എടുത്തു വളരെ വേഗം പൂക്കള്‍ ഇറുക്കാന്‍ തുടങ്ങി.

അലീന എഴുന്നേറ്റ് കുളിച്ചു വൃത്തിയായി. ലിയാത്തിന് പ്രഭാതഭക്ഷണം ഒരുക്കി മേശപ്പുറത്ത് വച്ച്.... അവനെക്കാണാഞ്ഞ് പരിഭ്രാന്തിയോടെ പുറത്തേയ്ക്ക് വന്നു. അപ്പോഴാണ്‌ അവള്‍ കണ്ടത് മുറ്റത്ത് ചേര്‍ന്ന് നില്‍ക്കുന്ന ചെടികളില്‍ നിന്നു പോലും പൂക്കള്‍ ഇറുത്തിട്ടില്ല. കുറച്ചു പൂക്കള്‍ താഴെ വീണു കിടക്കുന്നു. അതോടെ അലീന ആകെ അസ്വസ്ഥയായി. വേഗത്തില്‍ പാഞ്ഞു ചെന്നവള്‍ കതകു ചാരി. എന്നിട്ട് കുടമുല്ല തോട്ടം ലക്ഷ്യമാക്കി പാഞ്ഞു.

"ലിയാത്ത്... ന്‍റെ പൊന്നുമോനെ ലിയാത്ത്... " അവള്‍ വിളിച്ചു.
അകലെയായിരുന്നത് കൊണ്ടും കാറ്റിലാടുന്ന ചെടികളുടെ മര്‍മ്മരത്താലും, കിളികളുടെ നേര്‍ത്ത കൊഞ്ചലുകള്‍ കൊണ്ടും അലീനയുടെ വിളി അവന്‍ കേട്ടില്ല. അതോടെ, അവന്‍റെ മറുപടി കേള്‍ക്കാതെയായത്‌ കൊണ്ട് അലീന പരിഭ്രമത്തിന്‍റെ പരകോടിയില്‍ എത്തി. സര്‍വശക്തിയും സംഭരിച്ചുകൊണ്ടവള്‍ ഉറക്കെ വിളിച്ചു.

"മോനെ.. ലിയാത്ത്.."

അപ്പോഴേയ്ക്കും അമ്മയുടെ വിളി അവന്‍റെ കാതുകളില്‍ എത്തി. അവന്‍ പൂക്കൂട നിലത്തേയ്ക്ക് വച്ച് വിളികേട്ടുകൊണ്ട് അമ്മയുടെ വിളിവന്ന ദിശയിലേയ്ക്ക് പാഞ്ഞു ചെന്നു. അവനെകണ്ട അലീന നേര്‍ത്ത കരച്ചിലൂടെ അവനെ കെട്ടിപ്പിടിച്ചു. അവള്‍ പറഞ്ഞു.

" മോനെ അമ്മയാകെ ഭയന്നു... ന്‍റെ മോന്‍.. ന്‍റെ പൊന്നുമോന്‍..!! കരഞ്ഞുകൊണ്ടവള്‍ അവന്‍റെ മുഖത്തേയ്ക്ക് നോക്കി. വല്ലാത്ത ക്ഷീണം അവന്‍റെ മുഖത്ത് ഉണ്ടായിരുന്നു. അവള്‍ എന്തെങ്കിലും വീണ്ടും ചോദിക്കും മുന്‍പ് അവന്‍ തന്നെ പറഞ്ഞു.

"ഇന്നലെ പകലില്‍ ഉറക്കം മുറിഞ്ഞില്ലേ അമ്മെ... പിന്നീട് എല്ലാം കഴിഞ്ഞു എനിക്ക് ഉറങ്ങാനും കഴിഞ്ഞില്ല. അതുകൊണ്ട് ഞാന്‍ ഇടയ്ക്കെപ്പോഴോ ഉറങ്ങിപ്പോയി അമ്മെ...." ഇത് കേട്ടുകൊണ്ട് അലീന വാത്സല്യത്തോടെ അവനെ തഴുകിക്കൊണ്ട് പറഞ്ഞു.

"സാരോല്ലടാ..... അമ്മ ചെയ്തോളാം എല്ലാം. മോന്‍ വീട്ടിലേയ്ക്ക് പൊയ്ക്കോള്ളൂ. അമ്മയുടെ സ്നേഹം അവന് നന്നായി അറിയാം. എന്നിട്ടും അവന്‍ പറഞ്ഞു.

"ഇല്ല ഞാന്‍ പോകുന്നില്ല. ഈ പൂക്കളിറുത്ത് കഴിഞ്ഞേ ഞാന്‍ പോകുന്നുള്ളൂ."

അന്ന് അലീനയും ലിയാത്തും കൂടി പൂക്കള്‍ ഇറുത്ത്, നിറഞ്ഞ പൂക്കൂടകളുമായി വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ പൂക്കള്‍ വാങ്ങാറുള്ള വില്‍പ്പനക്കാരന്‍ അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക്‌ പൂക്കള്‍ ഏല്‍പ്പിച്ച്, ലിയാത്ത് കുളികഴിഞ്ഞ്, അവനു ഭക്ഷണം നല്‍കി അവന്‍ കിടക്കയില്‍ കിടന്നപ്പോള്‍ മാത്രമാണ് അലീന തിരിച്ച് തോട്ടത്തിലേയ്ക്ക് പോയത്.

ഗബില്‍ ഉണരുമ്പോഴേയ്ക്കും നിയ മുറിയ്ക്കുള്ളില്‍ എത്തി കിടക്കയില്‍ ഒന്നുമറിയാത്ത പോലെ കിടന്നിരുന്നു. പുതച്ചു മൂടിയ കച്ചയ്ക്കുള്ളിലെ ചുടുനിശ്വാസം പോലെ അവളുടെ മനസും ചുട്ടുപൊള്ളാന്‍ തുടങ്ങി. അവള്‍ വിയര്‍ക്കാനും. മാറും മുഖവും ഒക്കെ നീറുന്നു. എന്നാലും മനസ്സിന് ഒരു വല്ലാത്ത സുഖം. കഴിഞ്ഞ രാവ് ഒരു ലഹരിയായി അവളുടെ മനസ്സില്‍ പടര്‍ന്നു തുടങ്ങി. ഈ പകലൊന്നു കഴിഞ്ഞെങ്കിലെന്ന് അവള്‍ ആഗ്രഹിച്ചു... ഓര്‍മ്മച്ചിന്തുകള്‍ക്കിടയില്‍ പെട്ടുഴറിയ അവളെ ഉറക്കം മെല്ലെ തഴുകി ഉറക്കി.

കിടക്കയില്‍ എഴുന്നേറ്റിരുന്ന ഗബില്‍, പതിവ് പോലെ മകളെ കാണാത്തതുകൊണ്ട് കിടക്ക വിട്ട് എഴുന്നേറ്റു. ഒന്ന് നിവര്‍ന്നു ഉഷാറായ ഗബില്‍ "മോളെ, നിയാ... ന്നു വിളിച്ചുകൊണ്ട് അവളുടെ മുറിയിലേയ്ക്ക് കയറി. ഉറക്കത്തിന്‍റെ കാഠിന്യം കൊണ്ട് അവളാ വിളി കേട്ടില്ല.....


(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ