2014 ഏപ്രിൽ 5, ശനിയാഴ്‌ച



ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 12

ഗബില്‍ സൂക്ഷിച്ചു നോക്കി. അവളുടെ മാറ് ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു. തട്ടി വിളിക്കാനായി മെല്ലെ കൈയുയര്‍ത്തി മുന്നിലേയ്ക്ക് ചെന്ന അയാള്‍ എന്തോ ചിന്തിച്ചുകൊണ്ട് പിന്നിലേയ്ക്ക് മാറി. തിരികെ മുറി വിട്ട് ഗബില്‍ പുറത്തേയ്ക്കുപോയി.

കുടമുല്ലത്തോട്ടത്തില്‍ ചെടികളുടെ ചുവട് നനയ്ക്കുകയായിരുന്ന അലീനയെ അയാള്‍ക്കിപ്പോള്‍ കാണാം. ഗബിലിന്‍റെ മനസിന് അലീനയെ കണ്ടതോടെ വല്ലാത്തൊരു ഭാവം കൈവന്നു. അയാള്‍ മുറ്റം വിട്ട് കുടമുല്ലത്തോട്ടത്തിനരുകിലേയ്ക്ക് നീങ്ങി. അപ്പോഴേയ്ക്കും നടന്നരുകിലേയ്ക്ക് വരുന്ന ഗബിലിനെ അലീനയും കണ്ടിരുന്നു. തോട്ടത്തിനതിര്‍ത്തിയില്‍ എത്തി നിന്ന ഗബിലിനോട് അലീനയാണ് സംസാരിച്ചു തുടങ്ങിയത്

"ഉം...എന്തുവേണം.. നിങ്ങള്‍ക്കെന്താണ് വേണ്ടത്...??? അവള്‍ ദേഷ്യവും സങ്കടം കലര്‍ന്നൊരു ചോദ്യം ചോദിച്ചു.

"നിനക്കറിയില്ലേ...? അത് ചോദിക്കുമ്പോള്‍ ഗബിലിന്‍റെ കണ്ണുകളിലെ തീവ്രത അവള്‍ കണ്ടു. അയാള്‍ തുടര്‍ന്നു.

"അവന്‍ എന്‍റെ നാശത്തിനു ജന്മം കൊണ്ടവന്‍ ആണെന്ന് നിനക്കറിയില്ലേ..??? പോയ്‌മറഞ്ഞ ഓരോ രാവുകളും, ഓരോ പകലുകളും ഞാന്‍ കാത്തിരുന്നത് അവനു വേണ്ടിയാണ്... അവന്‍റെ മരണം അതാണെന്‍റെ ലക്‌ഷ്യം. ഇതുകേട്ട അലീന വല്ലാതെ കോപിതയായി പറഞ്ഞു.

"നിനക്ക് നാണമില്ലേ ഗബില്‍ ഇങ്ങനെ പറയാന്‍..?? അവന്‍ എങ്ങനെ നിന്‍റെ അന്തകനാകും. ഒന്നുമറിയാത്ത അവന്‍ എന്ത് പിഴച്ചു. വര്‍ഷങ്ങള്‍ ജീവിച്ചു വാര്‍ദ്ധക്യത്തിന്‍റെ പടുകുഴിയില്‍ ഒടുങ്ങാറായ നിനക്ക് എന്താ ജീവിച്ചു കൊതിതീര്‍ന്നില്ലേ?

"നിനക്കറിയില്ല... നിനക്കൊന്നുമറിയില്ല. ഈ കുടമുല്ലപ്പൂക്കളല്ലാതെ.. കണ്മുന്നില്‍ കാണുന്ന ഈ ലോകമല്ലാതെ, വൈഗരയുടെ ഓളങ്ങളല്ലാതെ നിനക്കെന്തറിയാം. ഇതിനപ്പുറം ഒരു ലോകമുണ്ടെന്ന് പലപ്പോഴും മറക്കുന്ന നിനക്കെങ്ങനെ വിശ്വാസത്തിന്‍റെ മഹത്വം അറിയാന്‍ കഴിയും. നീയൊരു സ്ത്രീയാണോ? പുരുഷന്‍ എന്തെന്ന് നീയറിഞ്ഞിട്ടുണ്ടോ? നിന്റെതെന്നു നീ അഹങ്കരിക്കുന്ന നിന്‍റെ പൊന്നുമോന്‍ നാളെയിത് അറിയും. അറിഞ്ഞില്ല എങ്കില്‍ ഞാനവനെ അറിയിക്കും. അവന്‍ നിന്നെ വെറുക്കും. അവന്‍റെ കണ്മുന്നില്‍, നീ ഊട്ടിയ അവന്‍റെ നാവുകള്‍ നിന്നെ പുറംതള്ളുന്നത് ഞാന്‍ കാണും... ഒന്ന് നിര്‍ത്തി അയാള്‍ തുടര്‍ന്നു...

ഗത്യന്തരമില്ലാതെ നീയീ മണ്ണു വിടും. വൈഗരയുടെ ഓളങ്ങള്‍ നിന്നെ ആര്‍ത്തിയോടെ ഭക്ഷിക്കുന്നത് ഈ കണ്ണുകള്‍ കൊണ്ട് ഞാന്‍ കാണും. എന്‍റെ മകള്‍,... എന്‍റെ മകള്‍ നിയയെ ഞാനതിന് ചുമതലപ്പെടുത്തും. അവളുടെ സൗന്ദര്യത്തില്‍ മയങ്ങി നിന്‍റെ പൊന്നുമകന്‍ ലിയാത്ത് നിന്നെ വെറുക്കുന്ന ആ ദിവസം ഞാന്‍ സ്വപ്നം കണ്ടു തുടങ്ങി. പിന്നെ അവളിലൂടെ ഞാന്‍ അവനെ തകര്‍ക്കും... ആരുമറിയാതെ ഞാന്‍ അവനെ കൊന്നുതള്ളും. പിന്നെയീ കാണുന്നതെല്ലാം.... ഈ കാണുന്നതെല്ലാം എനിക്ക് മാത്രം സ്വന്തം. ഇത്രയും പറഞ്ഞു ഗബില്‍ നിന്നട്ടഹസ്സിച്ചു.

കേട്ടതെല്ലാം അവളുടെ നെഞ്ചം തളര്‍ത്തുന്ന വാക്കുകള്‍ തന്നെയായിരുന്നു. എങ്കിലും ഗബിലിനോട് തോറ്റ് പിന്മാറാന്‍ അവള്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ കരഞ്ഞുകൊണ്ട്‌ അവള്‍ പറഞ്ഞു.

"എന്‍റെ മകന്‍... എന്‍റെ മകനെ തളര്‍ത്താന്‍ നിനക്ക് കഴിയില്ല ഗബില്‍... അവനെ ഞാന്‍ സ്നേഹിച്ചു വളര്‍ത്തിയതാണ്. ഇന്ന് നീയെന്നെ കണ്ടതും കണ്ണീരണിയിപ്പിച്ചതും എന്‍റെ ലിയാത്തറിഞ്ഞാല്‍..!!! ഒരിക്കല്‍ നീയവന്‍റെ കൈക്കരുത്ത് അറിഞ്ഞതല്ലേ... നിനക്ക് ലജ്ജയില്ലേ ഇങ്ങനെ വീരവാദം മുഴക്കാന്‍... അവള്‍ അയാളെ പുശ്ചിച്ചു.

"അലീന നിനക്കറിയില്ല ഈ ഗബിലിനെ. എന്‍റെ ധൈര്യത്തെ. അന്നെനിക്ക് ഒരു വീഴ്ച പറ്റി. എന്നുമത് ഉണ്ടാകുകയുമില്ല. ലിയാത്തിനെ തോല്‍പ്പിക്കാന്‍ എനിക്കിനി ശക്തി ആവശ്യമില്ല. നിന്‍റെ പൊന്നുമകന്‍റെ കണ്ണുകളില്‍, എന്‍റെ മകളോട് കണ്ട സ്നേഹം, അവനു അവളില്‍ ഉണര്‍ന്ന കാമം ഞാന്‍ കണ്ടതാണ്. അതുമതി. എനിക്കത് മതി.. അവനെ ഒടുക്കാന്‍.. നിന്‍റെ കണ്മുന്നില്‍ ഞാനത് കാട്ടിത്തരും. കാത്തിരുന്നോള്ളൂ...
ഇത്രയും പറഞ്ഞുകൊണ്ട് ഗബില്‍ വെട്ടിത്തിരിഞ്ഞ് അവിടെ നിന്നും പിന്മാറി.

അലീന തളര്‍ന്നു കുടമുല്ലചെടിയുടെ അരികിലേയ്ക്കിരുന്നു. അവളുടെ കണ്ണീര്‍ വീണു അതിന്റെ ചുവടു നനഞ്ഞു. ആ പകലൊടുങ്ങിയത് അലീനയുടെ കണ്ണുനീര്‍ മുഴുവനും ഒഴുക്കിക്കളഞ്ഞുകൊണ്ടായിരുന്നു.

സന്ധ്യ മയങ്ങുമ്പോഴേയ്ക്കും തോട്ടം വിട്ടവള്‍ വീടിലേയ്ക്ക്‌ നടന്നു. തളര്‍ന്നു വരുന്ന അമ്മയെ കണ്ട ലിയാത്ത് ആകെ വിഷണ്ണനായി. അവളുടെ അരികിലെത്തി അവളുടെ കൈകളില്‍ ഇരുന്ന പാത്രങ്ങള്‍ ഒക്കെ വാങ്ങി അവന്‍ ആരാഞ്ഞു.

"എന്താ അമ്മെ.. ഇത്രയും സങ്കടം അമ്മയുടെ കണ്ണുകളില്‍ എങ്ങിനെ വന്നു. എന്താ അമ്മെ...? ഇന്നും അയാള്‍ തോട്ടത്തില്‍ വന്നിരുന്നോ...??? അമ്മെ! ഇന്നും അയാള്‍ നമ്മുടെ തോട്ടത്തില്‍ വന്നിരുന്നോന്ന്... ലിയാത്തിന്റെ സ്വരം ഉയര്‍ന്നിരുന്നു. അലീന ഒന്ന് ഭയന്നു. അവള്‍ പെട്ടെന്ന് പറഞ്ഞു.

"ഇല്ല.. മോനെ, ഇല്ല.. അയാള്‍ വന്നില്ല."

പിന്നെ അമ്മയെന്തിനിങ്ങനെ സങ്കടപ്പെടണം. അമ്മയുടെ ഈ ഭയം പിന്നെ എന്തിനാണമ്മേ..? എന്നെയോര്‍ത്തിട്ടാണോ..? എന്‍റെ ജീവന്‍ ഓര്‍ത്താണോ അമ്മെ? അങ്ങിനെയെങ്കില്‍ അമ്മ ധൈര്യമായിരിക്കൂ.. എനിക്ക് ഒന്നും സംഭവിക്കില്ല. അയാളുടെ മകള്‍ നിയ, അവള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. അവള്‍ക്കു ഞാനും. അയാളുടെ ഒരു ചെറു ചലനം പോലും ഞാന്‍ അറിയും. ഞാനറിയുമമ്മേ...

ലിയാത്തിന്‍റെ ഈ വാക്കുകള്‍ കേട്ടതോടെ അവളൊന്ന് ഞെട്ടി. അവളോര്‍ത്തു. ഗബില്‍ പറഞ്ഞത് സത്യമാകുകയാണോ? എന്‍റെ മകന്‍ അവളെ സ്നേഹിച്ചു തുടങ്ങി. അവള്‍ അവനെ സ്നേഹിക്കുന്നുവെന്ന് അവന്‍ ധരിക്കുന്നത് സത്യമാണോ? അലീന ആകെ വിഷമിച്ചു. മനസ്സിനെ ഉറപ്പിച്ചു നിര്‍ത്തിയ പൊന്‍നൂലുകള്‍ അവിടവിടെ പൊട്ടി വീഴാന്‍ തുടങ്ങി.

അവള്‍ ചിന്തിച്ചു. എങ്ങിനെയെങ്കിലും ലിയാത്തിനെ ഈ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കണം. വീടിനുള്ളിലേയ്ക്ക് കയറിയ അവള്‍ വ്യസനത്തോടെ കിടക്കയിലേയ്ക്ക് ചാഞ്ഞു. ലിയാത്ത് അമ്മയുടെ അരുകില്‍ ഒത്തിരി നേരം ഇരുന്നു. ഒടുവില്‍ യാത്ര പറഞ്ഞവന്‍ തോട്ടത്തിലേയ്ക്ക് പോയി. പോകുമ്പോള്‍ ലിയാത്തിന്‍റെ കൈപിടിച്ചവള്‍ പതിവ് പോലെ പറഞ്ഞു.

"മോനെ സൂക്ഷിക്കണം. എന്‍റെ മോന്‍, ചുറ്റിലും സൂക്ഷിക്കണം. ആരെയും വിശ്വസിക്കരുത്. നടന്നകലുന്ന വഴികളില്‍, കണ്ണുകള്‍ മുന്നിലെങ്കിലും, നിന്‍റെ കാഴ്ച മുന്നിലും പിന്നിലും ഉണ്ടാകണം. ഇത് ചതിയുടെ ലോകമാണ് മോനെ. ചതിയും വഞ്ചനയും. അതില്‍ സ്നേഹത്തിന് ഇടമില്ല..."

"ഒന്നും ഭയപ്പെടാതെ അമ്മ വിശ്രമിച്ചോള്ളൂ...." എനിക്കൊന്നും സംഭവിക്കില്ല. ഒന്നും സംഭവിക്കില്ലമ്മേ... അവളുടെ നിറഞ്ഞ കണ്ണുകളെ നോക്കി, മുടിയിഴകളെ തഴുകി, തന്‍റെ പ്രിയപ്പെട്ട വയലിനും, പൂക്കൂടകളും തോളിലേറ്റി അവന്‍ യാത്രയായി.

രാത്രീഞ്ചരരായ തിങ്കളും, താരകളും കുളിര്‍ നിറച്ചുറങ്ങുന്ന മേഘക്കീറുകള്‍ക്കിടയില്‍ ചിരിതൂകി നിന്നു. പകലിനെക്കാള്‍ ഏറെ, അവയെപ്പോലെ നിയയും രാവിനെ സ്നേഹിച്ചു. തന്‍റെ എല്ലാമെല്ലാമായ ലിയാത്തിനെ കണ്കുളിര്‍ക്കെ അവള്‍ കാണുന്നത് ഈ രാവിലല്ലേ. പിന്നെ അവള്‍ക്കെങ്ങനെ അത് പ്രിയതരമല്ലാതാകും.

അവള്‍ മുറ്റത്തെ വെണ്‍മണലില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്ക്കിടെ കുടമുല്ലത്തോട്ടത്തിലേയ്ക്ക് കണ്ണുകള്‍ പായിച്ചു. അവന്‍റെ വയലിന്‍ നാദം കേള്‍ക്കാതിരുന്നപ്പോള്‍ അവള്‍ക്കാകെ പ്രയാസമായി. നേര്‍ത്ത കൈവിരലുകള്‍ തമ്മില്‍ ഞൊടിച്ചുകൊണ്ട് അവള്‍ വേപഥുവോടെ നടന്നു.

രാവ് നന്നേയിരുണ്ടു. അവള്‍ വീടിനുള്ളിലേയ്ക്ക് കയറി. ഗബില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നിയ മുറിയ്ക്കുള്ളില്‍ കയറി കതകടച്ചു. കട്ടിലില്‍ ഇരുന്നുകൊണ്ടവള്‍ കൈകളെടുത്തു പ്രാര്‍ഥിച്ചു.

"ദൈവമേ! എന്‍റെ എല്ലാമെല്ലാമായ ലിയാത്ത് എവിടെയാണ്. എന്‍റെ കണ്ണുകളില്‍ നിന്ന്‍ നീയവനെ എവിടെയൊളിപ്പിച്ചു. നിനക്കറിയില്ലേ.. അവനെ പിരിഞ്ഞിരിക്കാന്‍ എനിക്ക് കഴിയില്ല എന്ന സത്യം. രാവില്‍, ഈ ലോകം മുഴുവനുറങ്ങുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അവനു വേണ്ടിയാണ്. അവനോടുള്ള എന്‍റെ അടങ്ങാത്ത സ്നേഹം , അതും നിനക്കറിയില്ലേ.?? എന്നോ എന്‍റെ ഉറക്കം നഷ്ടപ്പെട്ടു. എന്‍റെ അച്ഛന്റെ വാക്കുകളില്‍ തളര്‍ന്ന് അമ്മയെ നഷ്ടപെട്ട അവന്‍ എനിക്കിന്ന് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. അവനില്ലാതെ ഒരു നിമിഷം... ഒരു നിമിഷം പോലും ജീവിക്കാന്‍ ഈ നിയയെക്കൊണ്ടാവില്ല....നിറകണ്ണുകളോടെ, തൊഴുകൈയോടെ അവള്‍ ഇരുന്നു....

ജനല്‍ വിരികള്‍ കാറ്റിലാടി. കുടമുല്ലപ്പൂക്കളുടെ സുഗന്ധം അവിടമാകെ പടര്‍ന്നു തുടങ്ങി. രാവിന്‍റെ കോണുകളില്‍ എവിടെനിന്നോ ഒരു നേര്‍ത്ത നാദം കാറ്റിലൊഴുകി വന്നത് പോലെ തോന്നിയവള്‍ക്ക്‌. നിയയുടെ കണ്ണുകള്‍ വിടര്‍ന്നു. കിടക്കയില്‍ നിന്നവള്‍ ചാടിയെഴുന്നേറ്റു. അടക്കാനാവാത്ത സന്തോഷത്തോടെ അവള്‍ ആത്മഗതം കൊണ്ട്.

"വന്നു...എന്‍റെ ലിയാത്ത് വന്നു. ചാരിക്കിടന്ന വാതില്‍ മെല്ലെത്തുറന്നവള്‍ പുറത്തേയ്ക്ക് വന്നു. അച്ഛന്റെ മുറിയില്‍ എത്തിനോക്കി. ഗബില്‍ നല്ല ഉറക്കം പിടിച്ചു കഴിഞ്ഞു. ഒച്ചയുണ്ടാക്കാതെ അവള്‍ കുടമുല്ലത്തോട്ടത്തിലേയ്ക്ക് പാഞ്ഞു.

തോട്ടത്തിനുള്ളില്‍ എവിടെയും അവള്‍ ലിയാത്തിനെ കണ്ടില്ല. നേര്‍ത്ത വഴികളിലൂടെ മെല്ലെ... ഒച്ചയില്ലാതെ നടന്നുചെന്ന്‍ അവനെ കാണുക, സ്നേഹിക്കുക ഇതായിരുന്നു അവളുടെ ലക്‌ഷ്യം. പെട്ടെന്ന് തിങ്കള്‍ മേഘക്കൂട്ടത്തിനുള്ളിലേയ്ക്ക് ഒളികണ്ണുകളെറിഞ്ഞു. അവിടമാകെ ഒരു നിമിഷം ഇരുള്‍ പരന്നു. ചെടികളുടെ ഇടയിലൂടെ ഒച്ചയില്ലാതെ നടന്നു വന്ന നിയയുടെ വസ്ത്രത്തില്‍ പെട്ടെന്ന് പിന്നില്‍ നിന്നൊരു പിടിവീണു. ലിയാത്താകും എന്ന് കരുതി അവള്‍ സന്തോഷത്തോടെ തിരിഞ്ഞു നോക്കി.

"എന്താണ്... ഈ അര്‍ദ്ധരാത്രിയില്‍!!! നീയിവിടെ. ലോകമുറങ്ങുന്ന ഈ നേരം നീയെന്തിനെന്‍റെ കുടമുല്ലത്തോട്ടത്തില്‍ വന്നു...???

അലീനയായിരുന്നു അത്. ലിയാത്തിനെ ഏതു വിധമെങ്കിലും ഗബില്‍ ചതിക്കും എന്ന് മനസ്സിലാക്കിയ അവളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു. അകലെയായിരുന്ന ലിയാത്ത് ഇതൊന്നും അറിഞ്ഞതേയില്ല. അലീന പറഞ്ഞു.

"നീയെന്‍റെ മകനെ സ്നേഹിക്കുന്നുവോ? അതോ അവനോട്
സ്നേഹം നടിച്ചു നിന്‍റെ അച്ഛന് അവനെ ബലി നല്‍കാന്‍ ഇറങ്ങി പുറപെട്ടതാണോ നീയ്...?

മുഖം പൊത്തി ഒരു പൊട്ടിക്കരച്ചിലായിരുന്നു നിയ. എന്നിട്ട് പറഞ്ഞു.

"അമ്മയ്ക്കെങ്ങിനെ ഇതെന്നോട് പറയാന്‍ കഴിഞ്ഞു. ഞാന്‍... അമ്മെ!! എന്‍റെ ജീവനാണ് ലിയാത്ത്. അവനില്ലാതെ ഒരു നിമിഷം എന്നെക്കൊണ്ട് ജീവിക്കാന്‍ കഴിയില്ല. സത്യായും അമ്മെ..." നിറഞ്ഞ കണ്ണുകളോടെ അലീനയെ നോക്കി ദയയര്‍ഹിക്കുന്ന കണ്ണുകളോടെ അവള്‍ പറഞ്ഞു.
അപ്പോഴേയ്ക്കും അകലെ നിന്ന് അവരുടെയരുകിലേയ്ക്ക് ലിയാത്ത് വന്നു. അമ്മയെയും നിയയെയും കണ്ട ലിയാത്ത് അത്ഭുതത്തോടെ ചോദിച്ചു.

"അമ്മെ... നിയാ എന്തായിത് രണ്ടുപേരും ഈ സമയത്ത് ഇവിടെ? അതോടെ നിയ അവനരുകിലേയ്ക്ക് വന്നു. അവന്‍റെ കൈകളില്‍ കൈചേര്‍ത്ത്‌, "ലിയാത്ത്... എന്‍റെ പൊന്നുലിയാത്ത് !! എന്ന് വിളിച്ചു കരഞ്ഞുകൊണ്ടവള്‍ അവന്‍റെ ദേഹത്തോട് ചേര്‍ന്നു നിന്നു. അലീന അവരെ തന്നെ നോക്കി നിന്നു.

"എന്താ അമ്മെ ,.. എന്ത് പറ്റി.??? ലിയാത്ത് വിഷമത്തോടെ അമ്മയെ നോക്കി ചോദിച്ചു.

"ഒന്നുമില്ല ലിയാത്ത്... ഒന്നുമില്ല" ... ഇങ്ങനെ പറഞ്ഞുകൊണ്ടവള്‍ അവിടെ നിന്നും നടന്നുപോയി. ലിയാത്ത് നിയയെ ചേര്‍ത്തുപിടിച്ചു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് അവള്‍ തളര്‍ന്നുനിന്നു. അവളുടെ മുഖമുയര്‍ത്തി അവന്‍ ചോദിച്ചു..

"നിയാ... എന്താ.. ന്തു പറ്റി..? " നീയെങ്കിലും ഒന്ന് പറയ്‌..!!

അവന്‍ സങ്കടത്തോടെയാണ് അത് ചോദിച്ചത്. അതവളെ കൂടുതല്‍ ദുഃഖിതയാക്കി. നേര്‍ത്ത ഒരു കരച്ചിലായിരുന്നു അതിനു മറുപടി. പിന്നെ ലിയാത്ത് ഒന്നും ചോദിച്ചില്ല. അവന്‍റെ നെഞ്ചിലൂടെ അവളുടെ കണ്ണീര്‍ ഒഴുകി വരുന്നത് അവനറിയാമായിരുന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ