ലിയാത്തിന്‍റെ പെണ്മക്കള്‍
ഭാഗം 13
ശ്യാമക്കാറ്റ് അവിടമാകെ പടര്‍ന്നു പിടിച്ചു. ആ കാറ്റിന് വല്ലാത്തൊരു കുളിര്‍മ ഉണ്ടായിരുന്നു. അവന്‍റെ നെഞ്ചില്‍ ചേര്‍ന്ന് അപ്പോഴും നേര്‍ത്തു കരയുന്നുണ്ടായിരുന്ന നിയയുടെ മുഖം അവന്‍ മെല്ലെ ഉയര്‍ത്തി ചോദിച്ചു.
"നീയും പറയുന്നില്ല ഒന്നും... അതുപോലെ അമ്മയും."
അവള്‍ അവന്‍റെ മുഖത്ത് നോക്കി.
അവന്‍ പറഞ്ഞു..."തരളിതമായ ഈ രാവ് നമ്മുക്ക് ഇങ്ങനെ കളയാനുള്ളതാണോ... നിയാ???
പറഞ്ഞുകൊണ്ട് അവന്‍ അവളുടെ കണ്ണീരു തുടച്ചു. അവര്‍ കുടമുല്ലചെടിയുടെ ചുവട്ടിലേയ്ക്ക് ചേര്‍ന്നിരുന്നു. അവരുടെ ചുറ്റും പൂത്തു നിന്ന കുടമുല്ലകള്‍ സുഗന്ധം വിതറി. ലിയാത്തിന്‍റെ മടിയിലേയ്ക്കു ചാഞ്ഞ നിയ അവന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. മെല്ലെ ചോദിച്ചു.
"ലിയാത്ത്.... നീയിന്ന് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ആരെയാണ്."...???
അവന്‍റെ ചുണ്ടുകളില്‍ ചിരി വിടര്‍ന്നു.......
അവള്‍ ചോദിച്ചു..." എന്താ നീ ചിരിച്ചു കളഞ്ഞത്???
ലിയാത്തും പിന്മാറിയില്ല. അവനും ചോദിച്ചു... "ഇപ്പോള്‍ നിനക്കിങ്ങനെ തോന്നിയത് എന്ത് കൊണ്ട്..??" ഞാനൊന്നു ചോദിക്കട്ടെ...നിയാ??
"നീയിന്ന്... ഏറ്റവുമേറെ സ്നേഹിക്കുന്നത് ആരെ...?"
അവള്‍ ഒരു നിമിഷം പോലും മടികൂടാതെ ഉത്തരം പറഞ്ഞു. "നിന്നെത്തന്നെ... നിന്നെത്തന്നെ ലിയാത്ത്.. നീയാണെന്‍റെ എല്ലാം... എല്ലാം.
ലിയാത്ത് ആകെ വിഷമിച്ചു. അവള്‍ പറഞ്ഞത് പോലെ ഞാനും ഉത്തരം കൊടുക്കണം. അവന്‍ ഒരു നിമിഷം ചിന്തിച്ചു.
ലിയാത്തിന്‍റെ ഉത്തരത്തിനുണ്ടാകുന്ന താമസം അവളെ ആകുലയാക്കി. അതുകൊണ്ട് തന്നെ അവള്‍ തിടുക്കം കൂട്ടി.
"പറയൂ... ലിയാത്ത്..... പറയൂ. നിന്‍റെ നാവില്‍ നിന്നത് കേള്‍ക്കാന്‍ എനിക്ക് കൊതിയായി.
അതോടെ അവന്‍ പറഞ്ഞു.
"നിയാ... ഞാന്‍ ഇന്ന് ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്‍റെ അമ്മയെയാണ്. അമ്മയാണ് എന്‍റെ എല്ലാം. നാളെ നീ എന്റെതാകുമ്പോള്‍ ഒരുപക്ഷെ, അത് നീയായിരിക്കാം.
ഇതുകേട്ട് കൊണ്ട് നിയ അവന്‍റെ മടിയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. അവളുടെ മുഖം വല്ലാതെ വിവര്‍ണ്ണമായി. അരുകില്‍ ഇരുന്ന അവളുടെ അഴിഞ്ഞുവീണ കാര്‍കൂന്തലില്‍ കരമോടിച്ചുകൊണ്ട് ലിയാത്ത് പറഞ്ഞു.
"ഞാന്‍ പറഞ്ഞതിന്... നിന്നോട് സ്നേഹമില്ല എന്നൊരു അര്‍ഥമില്ല. ആരെയും സ്നേഹിക്കാതെ, അച്ഛന്‍റെ മരണശേഷം എന്നെ സ്നേഹിച്ചു വളര്‍ത്തിയ എന്‍റെ അമ്മയോളം വലുതാകുമോ നീയിന്ന്...? നിന്നെയെനിക്ക് ഇഷ്ടമാണ്. എന്‍റെ മനസ്സിന്‍റെ ഉള്‍ത്തുടികളില്‍ നീയുണ്ട്. അതെനിക്കറിയാം. അതിന്റെ സുഖം ഞാന്‍ അറിയുന്നുമുണ്ട്.... അവന്‍ പറഞ്ഞു നിര്‍ത്തി. അവര്‍ക്കിടയില്‍ മൗനം തളം കെട്ടി. പ്രകൃതി പോലും കണ്ണടച്ചു..ശ്വാസം പോലുമെടുക്കാതെ അവന്‍ പറയുന്നതും കേട്ടു നിന്നു. അത്രയ്ക്കും നിശബ്ദമായിരുന്നു അവിടം.
അവരുടെ മൗനത്തിലേയ്ക്ക്...പെട്ടെന്
"അപ്പോള്‍...ഞാന്‍ ഞാനാരുമല്ലേ ലിയാത്ത് നിനക്ക്..? നീ ഇപ്പോഴും വിശ്വസ്സിക്കുന്നുവോ അവര്‍ നിന്‍റെ അമ്മയാണെന്ന്..? നിന്നെയവര്‍ സ്നേഹിക്കുന്നുവെന്ന്... അതില്‍, ആ സ്നേഹത്തില്‍ ആത്മാര്‍ഥതയുണ്ടെന്ന്.. ???
അവളുടെ പൊടുന്നനെയുള്ള ചോദ്യം ലിയാത്തിനെ വട്ടം കറക്കി. അവനു അവളോട് വല്ലാത്ത നീരസം തോന്നി. അതുകൊണ്ട് തന്നെ മനസ്സില്‍ വന്നതൊന്നും മറയ്ക്കാതെ അവന്‍ അവളോട് പറഞ്ഞു.
"നിയാ...നീ എന്തുപറഞ്ഞു. ഞാന്‍.... എന്‍റെ അമ്മ തന്നെയെന്ന് വിശ്വസ്സിക്കുന്നുവോ എന്നോ..? എന്നെ എന്‍റെ അമ്മ സ്നേഹിക്കുന്നുവോ എന്നോ..? നീയും നിന്‍റെ അച്ഛനും തമ്മില്‍ എന്ത് വ്യത്യാസമാണിപ്പോള്‍ ഉള്ളത്. നിന്‍റെ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാനൊന്നു ചോദിക്കട്ടെ. നീ സ്നേഹിക്കുന്നത് എന്നെയല്ലേ നിയാ... ഞാനാരോ ആയിക്കൊള്ളട്ടെ... നിന്‍റെ സ്നേഹം എനിക്കുള്ളതല്ലേ..? അതില്‍ അമ്മയുടെ സ്ഥാനം നീ എന്തിനു നോക്കുന്നു. പ്രണയിക്കുന്നവര്‍ മനസ്സുകളെയല്ലേ കാണുന്നത്. നീയെന്‍റെ മനസ്സിനെയല്ലേ സ്നേഹിച്ചത്... അതിലൂടെയല്ലേ നീ എന്‍റെ പുറംമേനിയെ പ്രണയിച്ചത്... അതില്‍ അമ്മയുടെ സ്നേഹവും എന്‍റെ അമ്മയെയും നീ എന്തിനു വലിച്ചിഴയ്ക്കുന്നു.... ഹോ! അവന്‍ വല്ലാതെ വിഷമം കൊണ്ടു.
അതോടെ അവള്‍ തുറന്നടിച്ചു.
"അപ്പോള്‍ പിന്നെ നമ്മുടെ പ്രണയത്തില്‍ നീയെന്തിന് ലിയാത്ത് നിന്‍റെ അമ്മയെ വലിച്ചിഴച്ചു. എന്‍റെ ചോദ്യങ്ങളില്‍...നിന്‍റെ മറുപടിയില്‍ ഞാനുണ്ടായിരുന്നില്ല. അതില്‍ നിന്‍റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം ചരിത്രം നീ അറിയുന്നില്ല. അറിഞ്ഞിരുന്നുവെങ്കില്‍ നീയിതു പറയില്ലായിരുന്നു. അതുറപ്പ്..."
"എന്ത് ചരിത്രം.... എന്ത് ചരിത്രമാടീ എനിക്കുള്ളത്..???
"നീയെന്തിനെന്നോട് കയര്‍ക്കുന്നു ലിയാത്ത്. നിന്‍റെ അമ്മ... നിന്‍റെ എല്ലാമെല്ലാമായ അമ്മ ജീവിച്ചിരിപ്പുണ്ടല്ലോ!! ഹും.. ചോദിക്കൂ അവരോട്. സൂര്യചന്ദ്രന്മാര്‍ സത്യമെന്ന് നിനക്ക് തോന്നുന്നില്ലേ. അതുപോലൊരു സത്യം നിന്‍റെ ജനനത്തിലും ജീവിതത്തിലും ഉണ്ട് ലിയാത്ത്. നീയത് തിരിച്ചറിയുക. സ്വയം അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ചോദിച്ചറിയുക. നിന്നോട് അത് പറയാന്‍ ഞാന്‍ ആളല്ല.
അവള്‍ തുടര്‍ന്നു.
എന്‍റെ ജന്മം മുതല്‍ ഇതുവരെയുള്ള കഥകളൊക്കെ എനിക്കറിയാം. എന്‍റെ അച്ഛന്‍ അതെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. അതിലെല്ലാം.. നീയുണ്ട്, നിന്‍റെ അമ്മയുണ്ട്, അച്ഛനുണ്ട്..ഈ കുടമുല്ലപ്പൂക്കളുണ്ട്, വൈഗരയിലെ ഓളങ്ങളുണ്ട്.. പിന്നെ നീയിന്ന് അമ്മയെപ്പോലെ സ്നേഹിക്കുന്ന ഇവരുണ്ട്......ഇവരുമുണ്ട് ലിയാത്ത്... നീ ചോദിച്ചറിയുക. അവരോടു തന്നെ ചോദിച്ചറിയുക. നിന്‍റെ ജീവിതത്തില്‍ അവരുടേത് എന്ത് സ്ഥാനം ആണെന്ന്... എന്നിട്ട് നീയെന്‍റെ ചോദ്യത്തിന് മറുപടി പറയൂ.. ലിയാത്ത്. ഞാന്‍ കാത്തിരിക്കാം, അതുവരെ ഞാന്‍ കാത്തിരിക്കാം. അവള്‍ ഇത് പറഞ്ഞുകൊണ്ട് അവനെ വിട്ടെഴുന്നേറ്റു.
അവളുടെ കൂരമ്പുകള്‍ പോലുള്ള ഈ വാക്കുകള്‍ കേട്ട് ലിയാത്ത് ഇതികര്ത്തവ്യതാമൂഡനായിരുന്
കതകില്‍ തെരുതെരെയുള്ള മുട്ടുകേട്ട് അലീന ഞെട്ടിയുണര്‍ന്നു. അവള്‍ക്കു തോന്നി. പുറത്തു മഴപെയ്യുകയാണ്. ഒരുനിമിഷത്തെ ചിന്ത. അവള്‍ ചാടിയെഴുന്നേറ്റു. എന്‍റെ മോനെ... എന്‍റെ പൊന്നുമോന്‍.. അയ്യോ! അവനിപ്പോള്‍ മഴനനയുന്നുണ്ടാവുമോ? അവള്‍ കതകിനടുത്തേയ്ക്ക് പാഞ്ഞു. കതകുതുറന്ന അവള്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന ലിയാത്തിനെ കണ്ട് ചോദിച്ചു.
"മോനെ..നീ വല്ലാതെ നനഞ്ഞിരിക്കുന്നു. ലിയാത്ത് പൂക്കൂടകള്‍ അകത്തേയ്ക്ക് വച്ചു. അവന്‍റെ നീണ്ടമുടിയിഴകളില്‍ നിന്നും മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്
"എന്താടാ... നീയിന്നിങ്ങനെ അമ്മയെ നോക്കുന്നത്..? അവള്‍ ചോദിച്ചു.
"ഞാനൊരു പുതിയ അമ്മയെ കാണുകയായിരുന്നു അമ്മെ. ഞാനറിയാത്ത, എന്നെ ഒന്നും അറിയിക്കാതെ വളര്‍ത്തിയൊരമ്മയെ..." അവന്‍ ഒന്ന് നിശ്വാസം കൊണ്ടു.
അലീന ആശ്ചര്യത്തോടെ അവനെ നോക്കി. എന്നിട്ട് പറഞ്ഞു.
"മോനെ.. നീയറിഞ്ഞത് എന്തുമായിക്കൊള്ളട്ടെ. അതില്‍ അമ്മയ്ക്ക് വിഷമമില്ല. പക്ഷെ, അമ്മയ്ക്കൊരു ചോദ്യം മാത്രം എന്‍റെ മോനോട് ചോദിക്കണം.
ലിയാത്ത് അലീനയുടെ അടുത്തേയ്ക്ക് ചേര്‍ന്ന് നിന്നു. അവള്‍ അവന്‍റെ കണ്ണുകളില്‍ നോക്കി ചോദിച്ചു.
"മോന്‍ അറിഞ്ഞ കഥകള്‍ക്കൊടുവില്‍... ഈ അമ്മയുണ്ടോ മോനെ..? ഒരു വേലക്കാരിയെപ്പോലെ ഈ വീടിന്‍റെ കോണിലെവിടെയെങ്കിലും ഈ അമ്മയ്ക്ക് സ്ഥാനമുണ്ടോ.. ..? മോനെ, ഇല്ലെങ്കില്‍ നീ പറയണം.. ഈ വൈഗരയുടെ തീരങ്ങളില്‍, അതിന്‍റെ ആഴങ്ങളില്‍ മുത്തു തേടി മറഞ്ഞവരില്‍ ഒരാളാകാന്‍ ഈ അമ്മയ്ക്ക് മടിയില്ല. അവള്‍ കരഞ്ഞുകൊണ്ട് അവന്‍റെ കാലുകളില്‍ തഴുകി താഴേയ്ക്കിരുന്നു. ആ വീഴ്ചയില്‍ അവളുടെ കൈകള്‍ അവന്‍റെ പാദങ്ങളെ സ്പര്‍ശിച്ചു. ലിയാത്ത് ഞെട്ടി പിന്നിലേയ്ക്ക് മാറി. വല്ലാത്തൊരു ഭാവപകര്‍ച്ചയോടെ അവന്‍ അമ്മയെ പിടിച്ചെഴുന്നെല്‍പ്പിച്ചു.
"ന്‍റെ.. അമ്മെ... ന്‍റെ പൊന്നമ്മേ..!! അമ്മയ്ക്ക് സ്ഥാനമുള്ള ഒരിടം ഉണ്ട്. അത് ഈ പുല്ലുമേഞ്ഞ വീടിനുള്ളില്‍ അല്ല. എന്‍റെ മനസ്സിനുള്ളില്‍... എന്‍റെ മനസ്സിനുള്ളിലാ അമ്മെ അതിനു സ്ഥാനം. അമ്മ ഇതുവരെ പറയാത്ത കഥകള്‍ ഒന്നും കേള്‍ക്കാന്‍ ഇനി എനിക്ക് താല്‍പ്പര്യമില്ല. അത് ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ചോദിക്കുന്നവരുടെ മുഖത്ത് ഞാനവ വലിച്ചെറിഞ്ഞേനെ.... ഇനി അമ്മ അത് പറഞ്ഞാല്‍, ഒരു പക്ഷെ, ഞാന്‍ അമ്മയെ ഇനിയും...ഇതില്‍ കൂടുതല്‍ സ്നേഹിച്ചുവെന്ന് വരും... പറഞ്ഞുകൊണ്ട് ലിയാത്ത് അമ്മയെ കൂടുതല്‍ ചേര്‍ത്ത് പിടിച്ചു. പുറത്തു അപ്പോഴും മഴ ആര്‍ത്തു പെയ്യുകയായിരുന്നു.... ചുട്ടുപൊള്ളുന്ന മനസ്സുമായി അലീന മകന്‍റെ നെഞ്ചിലും.
അലീനയുടെ നെഞ്ചില്‍ എന്നോ തലയുയര്‍ത്തി നിന്ന സംശയം ഒന്ന് കൂടി ബലപ്പെട്ടു. അതെ.. അവളുറപ്പിച്ചു. ഇതവന്‍റെ കളി തന്നെ, ആ ഗബിലിന്‍റെ. ഒന്നുമറിയാതെ ഇതുവരെ ജീവിച്ച എന്‍റെ മകന്‍റെ മനസ്സില്‍ ദുഃഖത്തിന്‍റെ നീറുന്ന നോവു വലിച്ചെറിഞ്ഞ്...എന്നെ അവനില്‍ നിന്നും അടര്‍ത്തിയെടുത്ത്, അവനെ ചതിച്ച് കൊന്ന് ഇക്കണ്ടതെല്ലാം നേടിയെടുക്കാനുള്ള അവന്‍റെ ചതിക്കുഴി. ഒരു കൈക്കുഞ്ഞായിരുന്നപ്പോള്‍, ഞാന്‍ ആരുമറിയാതെ കൊണ്ടുവന്ന് സ്നേഹിച്ചു വളര്‍ത്തിയ എന്‍റെ ലിയാത്തിനെ കഥകള്‍ പറഞ്ഞു പ്രലോഭിച്ച് അവന്‍ വീഴ്ത്തും മുമ്പേ ഞാനതെല്ലാം അവനോടു പറയണം. ഇനിയത് പറഞ്ഞേ മതിയാകൂ. ദൃഡമായ മനസ്സോടെ മകന്‍റെ നെഞ്ചില്‍ നിന്നും അവള്‍ അടര്‍ന്നുമാറി. അവന്‍റെ കണ്ണുകളെ നോക്കി അവള്‍ പറഞ്ഞു.
"നീയറിയണം.. മോനെ. ഇതുവരെയുള്ള നിന്‍റെ ജീവിതം മുഴുവന്‍ നീയറിയണം. അത് പറയാതെ ഇപ്പോള്‍ അമ്മയ്ക്ക് മുന്നിലേയ്ക്കൊരു വഴിയില്ല.... അത് കഴിഞ്ഞ് എന്‍റെ മകന് തീരുമാനമെടുക്കാം... നിന്‍റെ ഏതു തീരുമാനം സ്വീകരിക്കാനും അമ്മ ഒരുക്കമാണ്.
അലീന ലിയാത്തിനെ കൈപിടിച്ച് കിടക്കയില്‍ ഇരുത്തി. അവന്‍റെ കാല്‍ക്കല്‍ ചേര്‍ന്ന് കട്ടിലിനരുകില്‍ അവളിരുന്നു. അലീന ഒന്നൊന്നായി പറഞ്ഞുതുടങ്ങിയപ്പോള്‍ ലിയാത്ത് ഒരു കഥ കേള്‍ക്കുന്ന കൊച്ചു കുട്ടിയുടെ കൌതുകത്തോടെ അമ്മയെ നോക്കിയിരുന്നു...
(തുടരും)
രചന: ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ