2014 ഏപ്രിൽ 5, ശനിയാഴ്‌ച


ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 6

കുറച്ചകലെ, സ്വന്തം കൂരയ്ക്കുള്ളില്‍ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ അലീന ഒരുങ്ങുകയായിരുന്നു. ഇവളാണ് ലയാനയുടെ ആത്മസഖി. ഒരുക്കം കഴിഞ്ഞവള്‍, തന്‍റെ അരുമയായ കുതിരയ്ക്കരുകില്‍ വന്നു. അതിനെ തൊട്ടുതലോടി സ്നേഹിച്ചവള്‍, ഒടുവില്‍ തിളക്കമാര്‍ന്നൊരു പാത്രത്തിലേയ്ക്ക് പകര്‍ന്ന ദാഹജലവുമായി കുടമുല്ലപ്പൂക്കളുടെ ഇടയിലേയ്ക്ക് നടന്നു. കുടമുല്ലപ്പൂക്കളുടെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ അവള്‍ പുഴയരുകില്‍ എത്തി. അതവളുടെ പതിവാണ്. വൈഗരയിലെ കുളിരാര്‍ന്ന ജലം കൈകളില്‍ കോരിയവള്‍ ഒന്നുമ്മവയ്ക്കും. പുഴയരുകില്‍ എത്തിയ അവള്‍, നിലാവില്‍ കണ്ട പട്ടുവസ്ത്രത്തിലേയ്ക്ക് അത്ഭുതത്തോടെ മിഴികള്‍ അര്‍പ്പിച്ചു. അവിടെ കണ്ട കാഴ്ച അവളുടെ കരളലിയിച്ചു.
അവള്‍ ചിന്തിച്ചു...

"ഒരു പിഞ്ചു കുഞ്ഞാണല്ലോ ഇത്..!!! ആരീ പാതകം ചെയ്തു. വേട്ടനായ്ക്കള്‍ രാവിന്‍റെ മറപറ്റി വൈഗരയുടെ തീരത്തെത്തും. ഈ കുഞ്ഞിനെ അവ കണ്ടിരുന്നുവെങ്കില്‍!!!!!!,!!! "ഈശ്വരാ..." വിളിച്ചുകൊണ്ടവള്‍ ഓടി കുഞ്ഞിനരുകിലേയ്ക്ക് ചെന്നു. കുഞ്ഞിനെ അടുത്തുകണ്ട അവള്‍ അറിയാതെ പറഞ്ഞു.

"അയ്യോ... ഇത് ലിയാത്തല്ലെ?? ഇവനെങ്ങനെ ഇവിടെ..? ഇങ്ങനെ ചിന്തിച്ചുകൊണ്ടവള്‍ ലിയാത്തിനെ വാരിയെടുത്ത് മാറത്തേയ്ക്ക് ചേര്‍ത്തു. അലീന ചുറ്റുപാടും വീക്ഷിച്ചു.

"ഇവളീ കുഞ്ഞിനെ തനിച്ചാക്കി ഇതെവിടെപ്പോയി?? അവള്‍ക്ക് ആകാംഷയേറി.

അലീന കുഞ്ഞിനേയും ചേര്‍ത്ത് പിടിച്ചു കൊണ്ട് നടന്നു. കുടമുല്ലതോട്ടത്തിന്‍റെ മുക്കിലും മൂലയിലും വൈഗരയുടെ തീരങ്ങളിലും അവളലഞ്ഞു. ഉറക്കെ വിളിച്ചു.

"ലയാന... ലയാന.." എന്‍റെ ആത്മമിത്രമേ! നീയെവിടെയാണ്??

ഒടുവില്‍, തളര്‍ന്നവള്‍ വൈഗരയുടെ തീരത്ത് വന്നിരുന്നു. ഓരോ വിളിയുടെ അവസാനവും, വൈഗരനദിയുടെ ഓളങ്ങളില്‍ തട്ടി പ്രതിധ്വനിച്ചുകൊണ്ട് അവ അവളുടെ അരുകില്‍ ഓടിയണഞ്ഞത് ഭയമുണര്‍ത്തിയ നിശബ്ദത മാത്രമായായിരുന്നു. അവളുടെ നിരാശ ഒടുവില്‍ കണ്ണീരായി മാറി. ഒച്ചയില്ലാതെ കരഞ്ഞുകൊണ്ടവള്‍ ലിയാത്തിനെ മാറോടു ചേര്‍ത്തു.

രാത്രിയുടെ യാമങ്ങള്‍ കറുത്തിരുണ്ട് തടിച്ചുകൂടവേ, അലീനയുടെ മിഴികളില്‍ ശോണിമ പടര്‍ന്നു. കനല്‍ പടര്‍ന്ന കണ്ണുകളോടെ അവള്‍ ലയാനയുടെ കൂടാരത്തില്‍, കുഞ്ഞു ലിയാത്തിനെയും കൈകളിലേന്തി അകംപുറം ചുറ്റി തിരിഞ്ഞു. അവളെ കണ്ടെത്താനായില്ല. ദിവസങ്ങള്‍ കടന്നുപോകെ, ലയാന ഒരോര്‍മയായി മാറുകയായിരുന്നു.

ലിയാത്തിപ്പോള്‍ അലീനയുടെ കൈകളില്‍ വളരുകയാണ്. സുരക്ഷിതനായി.
ഗബില്‍, അനുജത്തിയുടെ തിരോധാനത്തില്‍ അതീവ ദുഃഖിതനാണ്. എന്നാല്‍ ലിയാത്ത് നശിക്കുന്നതിനായി അയാള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ഗബിലിന്‍റെ കൈകളില്‍ പെടാതെ ലിയാത്തിനെ കാത്ത് സൂക്ഷിക്കുക എന്നത് അലീനയ്ക്ക് ഒരു വെല്ലുവിളി തന്നെയായിരുന്നു. അവള്‍ക്കറിയാം, ലയാനയുടെ നൊമ്പരകഥകള്‍ ഒടുങ്ങാത്ത കണ്ണീരായി അലീനയുടെ മനസ്സില്‍ ഉള്ളപ്പോള്‍ തന്നെയാണ് ലയാനയുടെ തിരോധാനവും. ഒരുവേള അവള്‍ ഗബിലിനെ സംശയിക്കുക കൂടി ചെയ്തു.

ലയാനയെ തിരഞ്ഞു എല്ലാ ദിവസവും ഗബില്‍ കുറേനേരം നടക്കും. ഒടുവില്‍ അയാള്‍ വൈഗരയുടെ തീരത്തു വന്നിരിക്കും. ഓളങ്ങള്‍ തീരത്തണഞ്ഞു അയാളുടെ പാദങ്ങളെ നനയ്ക്കുമ്പോഴെല്ലാം, മുഖം കാല്‍മുട്ടിലമര്‍ത്തി അയാള്‍ ആ കുഞ്ഞോളങ്ങളെ നോക്കിയിരിക്കും. അപ്പോഴും, അയാള്‍ അറിഞ്ഞില്ല തന്‍റെ കുഞ്ഞുപെങ്ങളെ വൈഗരയുടെ ആഴങ്ങളില്‍ മത്സ്യങ്ങള്‍ ഭക്ഷിച്ചു തീര്‍ത്തത്.
അവസാനമായ് ഒരുനാള്‍ കൂടി ഗബില്‍ ലയാനയെ തേടിയെത്തി. ഒടുവില്‍, അവിടെ നിന്നും മടങ്ങുമ്പോള്‍ അയാള്‍ അലീനയുടെ വീട്ടുമുറ്റത്തെത്തി. ഒരു മാറാപ്പുമായി വീടിന്‍റെ മുറ്റത്തെത്തിയ ഗബില്‍ അലീനയോടു യാത്ര പറഞ്ഞ് ആ ദേശം വിട്ടു പോയി. അപ്പോഴും കുഞ്ഞു ലിയാത്ത് ഇതൊന്നും അറിയാതെ നിദ്രയിലായിരുന്നു.

വര്‍ഷങ്ങള്‍ പോയ്മറഞ്ഞു. ലയാനയുടെയും, അലീനയുടെയും കുടമുല്ലത്തോട്ടത്തിന്‍റെ കാവല്‍ക്കാരനാണ്‌ ലിയാത്തിപ്പോള്‍,.. അതെ, അവന്‍ വളര്‍ന്നിരിക്കുന്നു. നനുത്ത സ്വര്‍ണവര്‍ണ്ണത്തോട് കൂടിയ മീശയും, കുഞ്ഞു താടിരോമങ്ങളും, കറുത്ത കണ്പീലികളും, നീലക്കണ്ണുകളും അവന്‍റെ അഴകിന് മാറ്റുകൂട്ടി. വെളുത്തുതുടുത്ത അവന്‍റെ മുഖവും, നീണ്ട് വളര്‍ന്ന് തോളൊപ്പം എത്തിയ തലമുടികളും അവനെ അതീവ സുന്ദരനാക്കി.

കാറ്റും, മഴയും, പൂക്കളും, കിളികളും, പൂമ്പാറ്റകളും എന്തിനേറെ കുടമുല്ലത്തോട്ടത്തില്‍ പറന്നു നടക്കുന്ന കാര്‍വണ്ടുകള്‍ വരെ അവന്‍റെ ചങ്ങാതിമാരായി. എപ്പോഴും അവന്‍റെ കൈവശം ഒരു വയലിന്‍ ഉണ്ടാകും. വെളുത്തുതുടുത്ത കുടമുല്ലപ്പൂക്കളെ സ്നേഹിക്കുമ്പോഴും, അവന്‍റെ മനസ്സ് നിറയെ വയലറ്റ് നിറങ്ങളും നിറഞ്ഞിരുന്നു. വയലിന്‍റെ നാദം ചുറ്റിയൊഴുകുമ്പോള്‍ പൂക്കള്‍ അതിന്‍റെ ലഹരിയില്‍ ആണ്ടുകിടക്കും. പക്ഷികള്‍ മരച്ചില്ലകളില്‍ ഊയലാടും. കാറ്റ് വീശിയടിക്കുന്ന മലഞ്ചെരുവുകളില്‍ നിന്ന് ആട്ടിന്‍കൂട്ടങ്ങളുടെ കരച്ചിലും ഇടയച്ചെക്കന്‍മാരുടെ വിളിയൊച്ചകളും കാതോര്‍ത്താല്‍ നമുക്ക് കേള്‍ക്കാം...

പകലില്‍ തോട്ടങ്ങള്‍ നോക്കുക അലീനയാണ്. ലിയാത്ത് അപ്പോഴെല്ലാം ഉറക്കമായിരിക്കും. രാത്രിയിലാണ് അവന്‍ കാവല്‍നില്‍ക്കുക. കാരണം, ഇരുളിലാണ് കുടമുല്ലപ്പൂക്കള്‍ വിരിയുക. അതുകൊണ്ട് തന്നെ ശല്യക്കാരും രാവുകളിലായിരുന്നു. അവന്‍ ഓരോ രാവുകളിലും ഇമകള്‍ അനങ്ങാതെ കാവല്‍ നില്‍ക്കും. എന്നിട്ടും, ഒരുനാള്‍ അവന്‍റെ കുടമുല്ലപ്പൂക്കളില്‍ ചിലത് ആരോ കട്ടെടുക്കുകയുണ്ടായി.

പുലരുമ്പോഴേയ്ക്കും അവന്‍ പൂക്കള്‍ നുള്ളി കൂടകളില്‍ നിറയ്ക്കും. ഓരോ ചെടികളുടെയും പൂമൊട്ടുകള്‍ പോലും അവന് നിശ്ചയമാണ്. അവയെ തൊട്ടുതലോടി, സ്നേഹിക്കുകയെന്നത് അവന്‍റെ കൌതുകങ്ങളില്‍ ഒന്നും. കാരണം അവ അവന്‍റെ തലോടലില്‍ വല്ലാതെ ചലിക്കുമായിരുന്നു. പുലരുമ്പോള്‍, പൂക്കള്‍ നിറച്ച കൂടകളുമായി കുടിയിലേയ്ക്ക് ചെന്നവന്‍ അലീനയോട് പറഞ്ഞു.

"അമ്മെ.... രാവില്‍ പൂക്കളില്‍ ചിലത് ആരോ കട്ടെടുക്കുന്നു."

അലീന ആശ്ചര്യത്തോടെ അവനെ നോക്കി. എന്നിട്ടവള്‍ ചോദിച്ചു...

"ലിയാത്ത്.... എത്രത്തോളം, എത്രത്തോളം പൂക്കളാണ് കട്ട് പോയത്??

അവന്‍ പറഞ്ഞു..."അമ്മെ ഒരു കൈക്കുടന്നയോളം"

അലീന ചിരിച്ചുകൊണ്ട് അവന്‍റെ കവിളിണകളെ തഴുകി. എന്നിട്ടവള്‍ പറഞ്ഞു...

" എങ്കില്‍, മുടിയിഴകളെ അലങ്കരിയ്ക്കുവാന്‍ ആരോ എടുക്കുന്നതാകും അവയെല്ലാം".. അവള്‍ അവനെ തഴുകി കൊണ്ട് കുടമുല്ലത്തോട്ടത്തിലേയ്ക്ക് നടന്നു.

ലിയാത്ത് ചിന്തിച്ചു. "ആരാണാകും അത്..? ചിന്തിച്ചുകൊണ്ടവന്‍ പതുക്കെപ്പതുക്കെ നിദ്രയിലേയ്ക്ക് വീണു.

(തുടരും)
രചന: ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ