2014 ഏപ്രിൽ 7, തിങ്കളാഴ്‌ച

ലിയാത്തിന്‍റെ പെണ്മക്കള്‍

ഭാഗം 16

ഗബിലിന്‍റെ തിരോധാനം നിയയെ തീര്‍ത്തും ഒറ്റപ്പെടുത്തി. അതോടെ രാവും പകലും ലിയാത്തിനോടും അലീനയോടുമായി അവളുടെ ചങ്ങാത്തം. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഉള്ളു കൊണ്ട് അവളെ സ്നേഹിക്കാന്‍ അലീനയ്ക്കായി. ഒരമ്മയുടെ സ്നേഹവാല്‍സല്യങ്ങളില്‍ മയങ്ങാന്‍ അവള്‍ക്കും.

ഇപ്പോള്‍ പകലില്‍ ചില നേരങ്ങളില്‍ അലീനയ്ക്കൊപ്പവും രാവില്‍ മുഴുവന്‍ സമയവും ലിയാത്തിനൊപ്പവും ആകും നിയ. അതുകൊണ്ട് തന്നെ അവരുടെ കൂടിച്ചേരലുകളും വര്‍ദ്ധിച്ചു.

ഒരു നാള്‍, രാവിന്‍റെ മറപറ്റി ലിയാത്തിനെ പുണര്‍ന്നു നില്‍ക്കുകയായിരുന്നു നിയ. എന്തോ അവള്‍ക്കു അന്ന് വല്ലാതെ അസ്വസ്ഥത തോന്നി. ഏറെ സ്നേഹിച്ച കുടമുല്ലപ്പൂക്കള്‍, രാവിന്‍റെ തണുത്ത മണം... ലിയാത്തിന്‍റെ കൈകള്‍ക്കുള്ളില്‍ ചേര്‍ന്നുള്ള ഉറക്കം... അതിമനോഹരമായ രാവുകള്‍ അവള്‍ക്കു സമ്മാനിച്ച അവിടം അവള്‍ക്കെന്തോ അന്യമാകുന്നത്‌ പോലെ തോന്നി. ലിയാത്തിന്‍റെ നെഞ്ചില്‍ തലചായ്ച്ച് അവള്‍ പറഞ്ഞു.

"എനിക്കെന്തോ വല്ലാത്ത അസ്വസ്ഥത തോന്നുന്നു. നെഞ്ചിനുള്ളില്‍ ഒരു നീറ്റല്‍ പോലെ.. "

അവളുടെ മുഖം കൈകളില്‍ ചേര്‍ത്തവന്‍ ആകാംഷയോടെ അവളെ നോക്കി.

നിയ അവന്‍റെ കണ്ണുകളില്‍ നോക്കി പറഞ്ഞു.

"ഈ കുടമുല്ലപ്പൂക്കളുടെ സുഗന്ധം എന്നെ വല്ലാതെ വീര്‍പ്പുമുട്ടിക്കുന്നു. എനിക്ക് ശര്‍ദ്ദി തോന്നുന്നു. പറഞ്ഞുകൊണ്ടവള്‍ അസ്വസ്ഥതയോടെ അവന്‍റെ നെഞ്ചിലേയ്ക്ക് തളര്‍ന്നു ചാഞ്ഞു.

നിയയുടെ ഈ വാക്കുകള്‍ കേട്ടതോടെ ലിയാത്ത് ആകെ അസ്വസ്ഥനായി. അവന്‍ ആ രാവില്‍ അവളെയും കൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചു ചെന്നു. കതകില്‍ തട്ടി അവന്‍ അമ്മയെ വിളിച്ചുണര്‍ത്തി. അലീന വാതില്‍ തുറന്നു. തിരികെ വന്ന അവരെ നോക്കി അലീന ചോദിച്ചു.

"എന്തെ മക്കളെ...എന്തെ തിരിച്ചുപോന്നു...????

"അമ്മേ! അവള്‍ക്കു വല്ലാതെ അസ്വസ്ഥത തോന്നുന്നുവെന്ന്. അവള്‍ തളരുന്നപോലെയെന്ന്." ലിയാത്ത് അമ്മയെ നോക്കി പറഞ്ഞു.

"ശരി, ഞാന്‍ നോക്കിക്കൊള്ളാം ഇവളെ... നീ പൊയ്ക്കോള്ളൂ മോനെ. സമാധാനമായി പോയ്ക്കൊള്ളൂ...." അലീന അവനോടു പറഞ്ഞു.
അതോടെ ലിയാത്ത് തിരികെ കുടമുല്ലത്തോട്ടത്തിലേയ്ക്ക് പോയി.

രാവ് കൂടുതല്‍ ഇരുണ്ടു സുന്ദരിയായി. തോട്ടത്തിന്‍റെ മുക്കിലും മൂലയിലും ചീവീടുകള്‍ മൂളിപ്പറന്നു. അവ സന്തോഷത്താല്‍ മതിമറന്ന് ഏതോ ഗാനം പാടുന്നത് പോലെ അവനു തോന്നി. പക്ഷെ, അവന്‍റെ മനസ്സില്‍ അതൊന്നുമായിരുന്നില്ല ആ നേരത്ത്. അവന്‍ ചിന്തിച്ചു.

"എന്താകും അവളിലെ അസ്വസ്ഥത. ഇങ്ങനെ തുടര്‍ച്ചയായി രാവില്‍ മഞ്ഞു നനഞ്ഞ്... ഒരുപക്ഷെ, അവള്‍ക്ക് വയ്യാണ്ടായിരിക്കുമോ? അവള്‍ക്കിതൊന്നും ശീലമില്ലാത്തതായിരുന്നുവല്ലോ? ഈ മഞ്ഞും മഴയും അവള്‍ നനയാന്‍ തുടങ്ങിയത് തന്നോടൊപ്പം കൂടിയപ്പോഴല്ലേ.

അര്‍ക്കനുണര്‍ന്നു കുടമുല്ലത്തോട്ടത്തില്‍ എത്തുമ്പോഴേയ്ക്കും ലിയാത്ത് ശേഖരിച്ച മുല്ലപ്പൂക്കളുമായി വീടെത്തിയിരുന്നു. ലിയാത്ത് എത്തുമ്പോള്‍ നിയ അലീനയുടെ കട്ടിലില്‍ പുതച്ചുമൂടി കിടപ്പാണ്. അമ്മ അടുക്കളയിലും. അവന്‍ ചെന്നവളുടെ ദേഹത്തേയ്ക്ക് ചേര്‍ന്നിരുന്നു.

ചരിഞ്ഞുറങ്ങുകയായിരുന്ന അവളുടെ ശരീരത്തെ മറികടന്നു ഇടതു കൈത്തലം കട്ടിലില്‍ വച്ചവന്‍ അവളുടെ ഇടതുകവിളില്‍ മുത്തം നല്‍കി. അതോടെ അവള്‍ കണ്ണുതുറന്നു. മെല്ലെ അവള്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നവനെ കെട്ടിപ്പിടിച്ചു. എന്നാല്‍ പൊടുന്നനെ നിയ അവനെ തള്ളിമാറ്റി. കട്ടിലില്‍ നിന്ന് എഴുന്നേറ്റ് അവള്‍ മുന്നിലെ വാതിലിലേയ്ക്ക് ഓടി. പടികടക്കും മുന്‍പേ അവള്‍ തളര്‍ന്നു. ഒരുവിധം പടിയിലേയ്ക്കിരുന്ന അവള്‍ മുന്നിലേയ്ക്ക് ശര്‍ദ്ദിച്ചു.

ലിയാത്ത് ഓടിവന്ന് അവളുടെ നെഞ്ച് തടവി. അവന്‍റെ സാമീപ്യം, മുല്ലപ്പൂക്കളുടെ മണം അവള്‍ക്കു പിന്നെയും മനംപുരട്ടി. അവനോടു അകന്നു നില്‍ക്കാന്‍ ഒരു കൈകൊണ്ടു അവള്‍ ആംഗ്യം കാട്ടി. അവനൊന്നും മനസ്സിലാകാതെ മാറിനിന്നു. അപ്പോഴേയ്ക്കും അലീന അവിടെ പാഞ്ഞെത്തി. അവളുടെ അരുകിലിരുന്നു അവളെ ചേര്‍ത്തുപിടിച്ച് അവര്‍ അവളുടെ മുതുകില്‍ തഴുകി. ഇടയില്‍ അലീന ലിയാത്തിനെ നോക്കി ചിരിച്ചു... എന്നിട്ട് അവനോടു പോയി കുളിച്ച് വസ്ത്രം മാറി വരുവാന്‍ പറഞ്ഞു... 

ലിയാത്ത് കുളിച്ചു വസ്ത്രം മാറി വരുമ്പോഴേയ്ക്കും നിയ മുഖമെല്ലാം കഴുകി വീണ്ടും കിടക്കയില്‍ വന്നിരുന്നു. ലിയാത്തിനെ കണ്ടപ്പോള്‍ അലീന അവളെ അവനെയേല്‍പ്പിച്ച് അടുക്കളയിലേയ്ക്ക് പോയി. ലിയാത്ത് അവളോട്‌ ചേര്‍ന്നിരുന്നു. അവള്‍ അവനരുകിലേയ്ക്കും.

"എന്താടീ... നിനക്കെന്ത് പറ്റി..? അവളുടെ തളര്‍ന്ന കണ്ണുകളെ നോക്കി അത് ചോദിക്കുമ്പോള്‍ അവന്‍റെ മുഖത്ത് സങ്കടം ഇരച്ചെത്തി.
അവള്‍ അവനെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു..

"കൊള്ളാം... ഇത്രേം ആയിട്ടും മനസ്സിലായില്ലേ? പിന്നെയവള്‍ കുനിഞ്ഞു നിലത്ത് നോക്കി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"ബാക്കിയെല്ലാം നന്നായി അറിയാം... അതുമാത്രം അറിയില്ല. കള്ളന്‍..."

"എന്താടീ നീ എന്താ പറയുന്നത്..? അവന്‍ അവളുടെ മുഖം കൈകൊണ്ടു തിരിച്ച് അവളുടെ കണ്ണുകളില്‍ നോക്കി. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു... അവന്‍ കണ്ണുകള്‍ കൊണ്ടവളോട് ചോദിച്ചു..

"സത്യം...????

"ഉം.... നാണത്തോടെ അവള്‍ മൂളി...

പക്ഷെ, എനിക്ക് കുടമുല്ലപ്പൂക്കളുടെ സുഗന്ധം വല്ലാതെ വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കുന്നു. നിയയുടെ വാക്കുകള്‍ കേട്ടു ലിയാത്ത് പൊട്ടിച്ചിരിച്ചു. അവന്‍റെ പെട്ടെന്നുള്ള ചിരി കണ്ടു അവള്‍ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു.

ലിയാത്ത് അവളോട്‌ പറഞ്ഞു..

"അതങ്ങിനെയാടി... പെണ്ണുങ്ങള്‍  ഏറ്റവും കൂടുതല്‍ എന്ത് ഇഷ്ടപ്പെടുന്നുവോ... അതിനോട് അവര്‍ക്ക് ഇക്കാലത്ത് വെറുപ്പുണ്ടാകും... ഹ ഹ അവന്‍ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു...

"നീ എന്നെയും ഒരുപാട് സ്നേഹിച്ചതല്ലേ? അപ്പോള്‍ എന്നോടും വെറുപ്പ്‌ തോന്നുന്നുണ്ടോ?.... തോന്നുന്നുണ്ടോടീ...???

"അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു. അലസമായ കണ്ണുകളോടെ നിയ ലിയാത്തിന്‍റെ കണ്ണുകളെ നോക്കി. അവളുടെ കൃഷ്ണമണികള്‍ വല്ലാതെ വിടര്‍ന്നു.

"എന്‍റെ ലിയാത്ത്.." വിളിയോടെ അവള്‍ അവനെ കെട്ടിപ്പിടിച്ചു. ലിയാത്ത് ആവേശത്തോടെ അവളെയും...

അവന്‍റെ സ്നേഹത്തലോടലില്‍ അവള്‍ തളര്‍ന്നു നില്‍ക്കുമ്പോള്‍, വെളുത്ത് ഒട്ടിയ അവളുടെ വയറിനകത്ത്‌.. കുഞ്ഞു രണ്ടു കുടമുല്ലമൊട്ടുകള്‍ വിടരാനായി കൊതിച്ചു മെല്ലെ മെല്ലെ തുടിച്ചുകൊണ്ടിരുന്നു......

ഇതേസമയം, അടുക്കളയിലെ ജോലികള്‍ തീര്‍ത്ത് അലീന വൈഗരയുടെ തീരത്തെത്തി അതിലെ  ഓളങ്ങളിലേയ്ക്ക് മെല്ലെ ഇറങ്ങി ചെന്നു. അവള്‍ അങ്ങിനെയാണ് ഒരുപാട് സന്തോഷം വരുമ്പോഴും, ദുഃഖം വരുമ്പോഴും വൈഗരയുടെ തീരങ്ങളാണ് അവള്‍ക്കൊരു സാന്ത്വനം.. ലിയാത്തിനെ തീരത്തെ ഏല്‍പ്പിച്ച് ലയാന മറഞ്ഞതീ ഓളങ്ങളില്‍ ആണെന്ന് അവള്‍ക്കറിയാം... അതുകൊണ്ട് തന്നെ അവളോട്‌ പറയുന്നത് പോലെയാണ്  ആ ഓളങ്ങളോട് അവള്‍ പറഞ്ഞത്. നിയയുടെ വിശേഷം, അതിലുപരി ലിയാത്തിന്‍റെ സ്വപ്‌നങ്ങള്‍ ലയാനയോട് പറയുമ്പോള്‍ സന്തോഷത്താലോ, ദുഃഖത്താലോ...... അലീന പൊട്ടിക്കരഞ്ഞു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ